images/hugo-16.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.8.1
ഒരു കന്യകാമഠത്തിൽ കടന്നുചെല്ലുന്ന രീതിയെ വിവരിക്കുന്നത്

ഈ ഭവനത്തിലേക്കാണു് ഴാങ്ങ് വാൽഴാങ്ങ്, ഫൂഷൽവാങ്ങ് പറഞ്ഞതുപോലെ, ‘സ്വർഗത്തിൽനിന്നു വീണതു്.’

റ്യു പൊലോങ്ങ്സോവിലെ മൂലകൊണ്ടുണ്ടാകുന്ന തോട്ടമതിലാണു് അയാൾ കയറിക്കടന്നതു്. അർദ്ധരാത്രിയ്ക്ക് അയാൾ കേട്ട ദേവസ്ത്രീകളുടെ കീർത്തനം, കന്യകാമഠസ്ത്രീകൾ പാടിയ പ്രാർത്ഥനാഗാനമാണു്; മങ്ങലിന്നുള്ളിലൂടെ അയാൾ ഒരു നോക്കു കണ്ട ശാല ചെറുപള്ളിയാണു്. നിലത്തു കമിഴ്‌ന്നുകിടന്നിരുന്നതായിക്കണ്ട പ്രേതസ്വരൂപം പാപപ്രായശ്ചിത്തം ചെയ്യുന്ന കന്യകയാണു്; അയാളെ അസാമാന്യമായി അത്ഭുതപ്പെടുത്തിയ ആ ഒരു നാദം പുറപ്പെടുവിച്ച മണി ഫാദർ ഫൂഷൽവാങ്ങിന്റെ കാൽമുട്ടിന്മേൽ കെട്ടിയിട്ട തോട്ടക്കാരൻമണിയാണു്.

കൊസെത്തിനെ കിടത്തിയതിനുശേഷം, നമ്മൾ കണ്ടതുപൊലെ ഴാങ്ങ് വാൽഴാങ്ങും ഫൂഷൽവാങ്ങുംകൂടി, തെളിഞ്ഞു പടപടെ കത്തിയെരിയുന്ന തിയ്യിനടുത്തിരുന്നു് ഒരു ഗ്ലാസ്സു് വീഞ്ഞും ഒരു കഷ്ണം പാൽക്കട്ടിയും കൊണ്ടു് അത്താഴം കഴിച്ചു; എന്നിട്ടു്, ആ കുടിലിൽ ആകെയുള്ള കിടക്ക കൊസെത്തു് ഉപയോഗിച്ചിരുന്നതുകൊണ്ടു രണ്ടുപേരും ഓരോ വയ്ക്കോൽക്കെട്ടിന്മേൽച്ചെന്നു വീണു.

കണ്ണടയ്ക്കുന്നതിനു മുൻപേ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു: ‘ഇനിമേൽ എനിക്കിവിടെത്തന്നെ താമസമാക്കണം.’ ഈ അഭിപ്രായം അന്നത്തെ രാത്രി മുഴുവനും ഫൂഷൽവാങ്ങിന്റെ തലയിലൂടെ നടസ്സവാരി ചെയ്തു. വാസ്തവം പറഞ്ഞാൽ, രണ്ടുപേരും ഉറങ്ങിയില്ല.

തന്നെ കണ്ടുപിടിച്ചുപോയെന്നും, ഴാവേർ അന്വേഷിക്കുന്നുണ്ടെന്നും ബോധ്യപ്പെട്ടതുകൊണ്ടു്, ഇനി താനും കൊസെത്തുംകൂടി പാരിസ്സിലേക്കു മടങ്ങിച്ചെന്നാൽ അപകടമാണെന്നു ഴാങ്ങ് വാൽഴാങ്ങ് തീർച്ചയാക്കി. അങ്ങനെ, ഈ അടിച്ചു കയറിയ കൊടുങ്കാറ്റു് അയാളെ സന്ന്യാസിമഠത്തിൽ കൊണ്ടുവന്നു തള്ളി. ഴാങ്ങ് വാൽഴാങ്ങിനു മേലാൽ ഒരു വിചാരം മാത്രമായി-അവിടെ കൂടണം. അപ്പോൾ അയാലുടെ നിലയിലുള്ള ഒരു ഭാഗ്യഹീനന്നു് ഏറ്റവും രക്ഷയും ഏറ്റവും അപകടവുമുള്ള സ്ഥലമാണു് കന്യകാമഠം; ഏറ്റവും അപകടമുള്ള സ്ഥലമാകുന്നതെങ്ങനെയെന്നാൽ, അവിടെ പുരുഷന്മാർക്കാർക്കും ചെല്ലാൻ പാടില്ലാത്തതുകൊണ്ടു്, അവിടെവെച്ചു കാണപ്പെട്ടാൽ, അതുതന്നെ ഒരു കൊടുംകുറ്റമാണ്—ആ കന്യകാമഠത്തിൽ നിന്നു് ഒരു കാൽ വെച്ചാൽ മതി. ഴാങ്ങ് വാൽഴാങ്ങ് തടവിലായി; ഏറ്റവും രക്ഷയുള്ള സ്ഥലമാകുന്നതെങ്ങനെയെന്നാൽ, അവിടെ കൂടുവാനനുവാദം കിട്ടി അങ്ങനെ ചെയ്യുന്നതാണെങ്കിൽ, ആവക സ്ഥലത്തു് ആരെങ്കിലും അയാളെ വന്നന്വേഷിക്കുമോ? ഒരസാധ്യസ്ത്ഥലത്തു താമസിക്കുന്നതു രക്ഷതന്നെയാണു്.

ഫൂഷൽവാങ്ങാണെങ്കിൽ അയാൾ തലച്ചോറിനെ ഇട്ടു് ആഞ്ഞടിക്കുകയായിരുന്നു. ഈ കാര്യത്തിൽ യാതൊന്നും തനിക്കു മനസ്സിലായിട്ടില്ലെന്നു തുറന്നു സമ്മതിച്ചുകൊണ്ടു് അയാളാരംഭിച്ചു. മതിലുകളെല്ലാം അങ്ങനെതന്നെ നില്ക്കെ മൊസ്സ്യു മദലിയെൻ എങ്ങനെ ഉള്ളിൽക്കടന്നു? സന്ന്യാസിമഠത്തിലെ മതിൽ കവച്ചുകടക്കാനുള്ളതല്ല. എങ്ങനെ ഉള്ളിൽക്കടന്നു? എങ്ങനെ അദ്ദേഹം ഒരു കുട്ടിയേയുംകൊണ്ടു കടന്നു? ഒരു കുട്ടിയെ കൈക്കുടന്നയിലെടുത്തു, കുത്തനെ നില്‍ക്കുന്ന ഒരു മതിൽ ആർക്കും കയറിക്കടക്കാൻ വയ്യാ. ആ കുട്ടി ഏതാണു്? അവർ രണ്ടുപേരും എവിടെനിന്നു വന്നു? ഫൂഷൻ വാങ്ങ് കന്യകാമഠത്തിൽ താമസമായതുകൊണ്ടു്, എം പട്ടണത്തെപ്പറ്റി യാതൊന്നും കേട്ടിട്ടില്ല; അവിടെ കഴിഞ്ഞതൊന്നും അയാളറിഞ്ഞില്ല. ചോദിക്കാൻ ഉത്സാഹം തോന്നിക്കാത്ത ഒരു മട്ടുണ്ടു് മൊസ്സ്യു മദലിയെന്നു്. എന്നല്ല, ഫൂഷൻവാങ്ങ് തന്നത്താൻ പറഞ്ഞു: ഒരു ഋഷിയെ ആരും വിചാരണ ചെയ്യാറില്ല.’ ഫൂഷൽവാങ്ങിന്റെ കണ്ണിൽ മൊസ്സ്യു മദലിയെന്നു മുൻപുണ്ടായിരുന്ന ‘അവസ്ഥ’ യെല്ലാം അങ്ങനെതന്നെ നില്‍ക്കുന്നുണ്ടു്. ഴാങ്ങ് വാൽഴാങ്ങിൽനിന്നു പുറപ്പെട്ട ചില വാക്കുകളിൽനിന്നു, കാലത്തിന്റെ ചീത്തത്തംകൊണ്ടു് അദ്ദേഹം ദീപാളി പിടിച്ചുപോയിരിക്കുന്നു എന്നും, കടക്കാൻ പിന്നാലെ കൂടിയിട്ടുണ്ടന്നും മാത്രം തോട്ടക്കാരൻ ഊഹിച്ചു; അല്ലെങ്കിൽ അദ്ദേഹം രാജ്യഭരണവിഷയമായ എന്തോ ഒരപകടത്തിൽ പെട്ടിരിക്കുന്നു എന്നും ഇപ്പോൾ ഒളിവിലാണെന്നും വരാം; ഈ ഊഹം ഫൂഷല്‍ വാങ്ങിനെ മുഷിപ്പിച്ചില്ല. എന്തുകൊണ്ടെന്നാൽ വടക്കൻ പ്രദേശങ്ങളിലെ മിക്ക കൃഷീവലന്മാരിലുമെന്നലോലെ, അയാളിലും പണ്ടത്തെ ബോനാപ്പാർത്തു് കക്ഷിത്തത്തിന്റെ തുക നിലനിന്നിരുന്നു. ഒളിച്ചുനടക്കുന്ന കൂട്ടത്തിൽ, ഒരു രക്ഷാസ്ഥലമായി കന്യകാമഠത്തെ അദ്ദേഹം തിരഞ്ഞെടുത്തിരിക്കാം; അവിടെ താമസിക്കണമെന്നാഗ്രഹിക്കുന്നതിൽ, അപ്പോൾ അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷേ, തീരെ മനസ്സിലാകാത്ത ഭാഗം-മൊസ്സ്യു മദലിയെൻ എങ്ങനെ അവിടെയെത്തിയെന്നും, ആ പെൺകുട്ടി കൂടെയുണ്ടായതെങ്ങിനെയെന്നുമുള്ളതാണു്. ഫൂഷൽവാങ്ങ് അവരെ കണ്ടു, അവരെ തൊട്ടു, അവരുമായി സംസാരിച്ചു; എങ്കിലും അതു സംഭാവ്യമാണെന്നു് അയാൾക്കു വിശ്വാസം വന്നില്ല. ഫൂഷൽവാങ്ങിന്റെ കുടിലിലേക്ക് അതാ അജ്ഞേയവസ്തു കടന്നു. ഊഹപരമ്പരയുടെ ഇടയിൽ അയാൾ അങ്ങുമിങ്ങും തപ്പിത്തടഞ്ഞു; ഇതല്ലാതെ മറ്റൊന്നും ഫൂഷൽവാങ്ങിനെക്കൊണ്ടു കണ്ടുപിടിപ്പിക്കാൻ കഴിഞ്ഞില്ല: ‘മൊസ്സ്യു മദലിയെൻ എന്റെ ജീവനെ രക്ഷിച്ചു.’ ഈ ഒരു നിശ്ചയം മാത്രം മതി; അയാൾ ചെയ്യേണ്ടതെന്തെന്നു് അതു തീർച്ചപ്പെടുത്തി. അയാൾ തന്നത്താൻ പറഞ്ഞു:‘ഇനി ഞാനാണു് ചെയ്യേണ്ടതു്.’ അയാൾ തന്റെ അന്ത:കരണത്തിൽ തുടർന്നു പറഞ്ഞു: ‘എന്നെ വലിച്ചുനീക്കുവാൻവേണ്ടി വണ്ടിയുടെ ചുവട്ടിലേക്കു തന്നത്താൻ കുത്തിത്തിരുകേണ്ടിവന്നപ്പോൾ മൊസ്സ്യു മദലിയെൻ ആലോചിക്കാൻ നിന്നില്ല.’ മൊസ്സ്യു മദലിയെനെ രക്ഷിക്കാൻ അയാൾ തീർച്ചയാക്കി.

എന്തായാലും, അയാൾ സ്വയമേവ പല ചോദ്യങ്ങൾ ചോദിക്കുകയും പല പ്രകാരത്തിലുള്ള മഠുപടിയുണ്ടാക്കുകയും ചെയ്തു. ‘അദ്ദേഹം എന്നോടു ചെയ്തിട്ടുള്ളതിരിക്കെ, ഒരു കള്ളനാണെന്നു വന്നാൽ ഞാനദ്ദേഹത്തെ രക്ഷിക്കുമോ! ഒന്നുതന്നെ. അദ്ദേഹം ഒരു കൊലപാതകിയാണെങ്കിൽ ഞാനദ്ദേഹത്തെ രക്ഷിക്കുമോ? ഒന്നുതന്നെ. അദ്ദേഹം ഒരു ഋഷിയായിരിക്കെ ഞാനദ്ദേഹത്തെ രക്ഷിക്കുമോ? ഒന്നുതന്നെ.’

പക്ഷേ, അദ്ദേഹത്തെ കന്യകാമഠത്തിൽ താമസിപ്പിക്കാറാക്കുന്ന കാര്യം എന്തു ഞെരുക്കമുള്ളതാണു്? ഏതാണ്ടു് അസാധ്യമായ ഈ പ്രവൃത്തിയുടെ മുൻപിലും ഫൂഷൽവാങ്ങ് ചൂളുകയുണ്ടായില്ല. തന്റെ ആത്മപ്രശ്രയവും സത്സ്വഭാവവും, ആ പഴയ നാടൻസൂത്രവുമല്ലാതെ മറ്റു് ഏണിയൊന്നും കൈയിലില്ലാത്ത ഈ പിക്കാർദിയിലെ സാധുകൃഷിക്കാരൻ, ഒരു സമര്യാദമായ ഉദ്യമത്തിൽ താൻ ഭടനായിച്ചേർന്ന ഈ ഘട്ടത്തിൽ, സന്ന്യാസിമഠത്തിലെ ബുദ്ധിമുട്ടുകളെയും സാങ്ങ്—ബെന്വാവിന്റെ ആശ്രമനിയമങ്ങളായ കടുംതുക്കങ്ങളേയും കയറിക്കടക്കാൻ സന്നദ്ധനായി. ജീവിതകാലം മുഴുവനും ഒരു സ്വാർത്ഥിയായിരുന്ന ഒരു വയസ്സനാണു് ഫാദർ ഫൂഷൽവാങ്ങ്. വയസ്സായതോടുകൂടി ഉത്സാഹം നിന്നു, രോഗിയായി. ലോകത്തിൽ തനിയ്ക്കു രസമുള്ള യാതൊരു ഭാഗവും ബാക്കിയില്ലെന്നു വന്നപ്പോൾ കൃതജ്ഞനാകുന്നതു് സുഖപ്രദമായ ഒന്നാണെന്നു് അയാൾ കണ്ടു; അതിനാൽ ഒരു നല്ല കാര്യം പ്രവർത്തിക്കാനുണ്ടെന്നു കണ്ടപ്പോൾ, മരിക്കാനടുത്തിരിക്കെ, അതേവരെ സ്വാദറിഞ്ഞിട്ടിലാത്ത ഒരു ഗ്ലാസു് ഒന്നന്തരം വീഞ്ഞ് അടുക്കൽ കണ്ടാൽ അതു കടന്നു് ആർത്തിയോടുകൂടി ഇറക്കിക്കളയുന്ന ഒരുവനെപ്പോലെ, അയാൾ അതിന്മേൽ ചെന്നു പിരണ്ടുവീണു. ഈ കന്യകാമഠത്തിലുള്ള അനവധി കാലത്തെ താമസം അയാളിൽനിന്നു സ്വാർത്ഥത്തെ മുഴുവനും ഊറ്റിക്കളയുകയും എന്തെങ്കിലും ഒരു പുണ്യകർമം ചെയ്യുന്നതു് തനിക്ക് കൂടിയേ കഴിയൂ എന്നാക്കിത്തീർക്കുകയും ചെയ്തു.

അതിനാൽ അയാൾ ഉറച്ചു; മൊസ്സ്യു മദലിയനെ രക്ഷിക്കണം.

ഇപ്പോൾത്തന്നെ ഞങ്ങൾ അയാളെ പിക്കാർദിയിലെ ഒരു സധുകൃഷിക്കാരൻ എന്നു വിളിക്കുകയുണ്ടായി. ആ വിവരണം ശരിയാണു്. പക്ഷേ, അപൂർണം. ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന കഥാഭാഗത്തേക്കു, ഫൂഷൽവാങ്ങിന്റെ ജീവപ്രകൃതിജ്ഞാനം അല്പം ഉണ്ടായിരിക്കുന്നതു് ആവശ്യമാണു്. അയാൾ ഒരു കൃഷിക്കാരനാണു്; എങ്കിലും ആധാരങ്ങൾ സാക്ഷിപ്പെടുത്തുന്ന ഒരുദ്യോഗസ്ഥനായിരുന്നു പണ്ടു്. അതു് അയാലുടെ ബുദ്ധികൗശലത്തോടു വഞ്ചനാസാമർത്ഥ്യത്തേയും, നിഷ്കപടതയോടു വിവേകത്തേയും കൂട്ടിച്ചേർത്തു. പലേ കാരണങ്ങൾകൊണ്ടും തൊഴിൽ തോല്‍മ പറ്റിയതിനുശേഷം, അയാൾ വണ്ടിക്കാരനും കൂലിപ്പണിക്കാരനുമായി. എന്നാൽ കുതിരകൾക്കാവശ്യമാണെന്നു തോന്നുന്ന ആണയിടലുകളും ചമ്മട്ടിവീക്കുകളും ഇടയ്ക്കു കടന്നുകൂടിയെങ്കിലും പണ്ടത്തെ ഉദ്യോഗസ്ഥനില അയാളിൽ പിന്നേയും പറ്റിപ്പിടിച്ചു നിന്നു. അയാൾക്കു ചില പ്രകൃതിസിദ്ധമായ ഫലിതമുണ്ടു്; അയാൾ നല്ല വ്യാകരണപ്രകാരം സംസാരിക്കും; അയാൾ ആരെയും കാര്യം പറഞ്ഞു മനസ്സിലാക്കും—ഒരു ഗ്രാമത്തിൽ ഇതപൂർവമാണു്. മറ്റു കൃഷിക്കാർ അയാളെപ്പറ്റി പറഞ്ഞിരുന്നു: ‘അയാൾ ഏകദേശം ഒരു തൊപ്പിയോടുകൂടിയ മാന്യനെപ്പോലെ സംസാരിക്കുന്നു.’ അധികപ്രസംഗത്തോടും വായാടിത്തത്തോടുംകൂടിയ കഴിഞ്ഞ നൂറ്റാണ്ടത്തെ ശബ്ദകോശം ‘പകുതി പ്രമാണി,’ ‘പകുതിയിരപ്പാളി’ എന്നു് പേരിട്ടുവന്നതും, പ്രഭുമന്ദിരം വയ്ക്കോൽപ്പുരയുടെമേൽ വാരിച്ചൊരിയുന്ന അലങ്കാരപ്രയോഗങ്ങൾ ഇടത്തരക്കാരന്റെ അറയ്ക്കുമുൻപിൽ, ‘ഏതാണ്ടു് നാടൻ, ഏതാണ്ടു് പരിഷ്കാരി-മുളകും ഉപ്പും’ എന്നു് നറുക്കു കെട്ടുന്നതുമായ ആ ഒരു വർഗത്തിൽ, വാസ്തവമായി, ഫൂഷൽവാങ്ങും ഉൾപ്പെട്ടു. ഈശ്വരവിധിയാൽ നിർദ്ദയം പിടിച്ചു കുടയപ്പെട്ടു തളർന്നു് ഒരുതരം പിഞ്ഞിപ്പൊടിഞ്ഞ ആത്മാവായിത്തീർന്നിരുന്നുവെങ്കിലും, ഫൂഷൽവാങ്ങ് എന്തുതന്നെയായിട്ടും, ഒരുശിരുള്ളവനും പ്രവൃത്തികളിൽ തികച്ചും ചുറുചുറുക്കുകാരനുമായിരുന്നു—എന്നും ദുഷ്ടനായിപ്പോവാൻ സമ്മതിക്കാതെ നിർത്തുന്ന ഒരു വിലയുള്ള ഗുണം. അയാളുടെ കുറവുകളും ദുശ്ശീലങ്ങളും-അയാൾക്കു ചിലതുണ്ടായിരുന്നു—പുറംഭാഗത്തെ മാത്രം സംബന്ധിച്ചവയാണ്.ചുരുക്കിപ്പറഞ്ഞാല്‍,അയാളുടെ മുഖലക്ഷണം, സൂക്ഷിച്ചു നോക്കുന്നവരുടെ മനസ്സിനെ കൈവശപ്പെടുത്തുന്നഒന്നാണ്. അയാളുടെ പ്രായം ചെന്ന മുഖത്തു നെറ്റിക്കു മുകളിൽ ദ്രോഹബുദ്ധിയോ പൊട്ടത്തരമോ കാണിക്കുന്ന ആ അസുഖകരങ്ങളായ ചുളിവുകൾ ഒന്നുംതന്നെയില്ല.

രാവിലെ, ഒരു പരപ്പാലോചന കഴിഞ്ഞതിനുശേഷം, ഫൂഷൽവാങ്ങ് കണ്ണുമിഴിച്ചു. മൊസ്സ്യു മദലിയെൻ വയ്ക്കോൽക്കെട്ടിന്മേൽ എഴുന്നേറ്റിരുന്നു കൊസെത്തിന്റെ ഉറക്കം നോക്കിക്കാണുന്നതു കണ്ടു. ഫൂഷൽവാങ്ങും എണീറ്റിരുന്നു പറഞ്ഞു: ‘ഇപ്പോൾ നിങ്ങളിവിടെയായി. ഇനി അകത്തേക്കു കടക്കാനെന്താണു് വഴിയാലോചിച്ചിട്ടുള്ളത്?

ഈ വാക്ക് കാര്യം മുഴുവനും സംക്ഷിപ്തമായി കാണിച്ചു. ഴാങ്ങ് വാൽഴാങ്ങിനെ മനോരാജ്യത്തിൽനിന്നുണർത്തി.

രണ്ടുപേരുംകൂടി ആലോചിച്ചു.

‘ഒന്നാമതു്, ഫൂഷൽവാങ്ങ് പറഞ്ഞു; ‘നിങ്ങളോ നിങ്ങളുടെ കുട്ടിയോ ഈ അകത്തുനിന്നു പുറത്തേക്കു കാലെടുത്തു കുത്താതിരിക്കണം, ആദ്യംതന്നെ. തോട്ടത്തിലേക്കു ഒരു കാൽവെച്ചാൽ മതി, നമ്മുടെ കഥ തീർന്നു.’

‘വാസ്തവം.’

‘മൊസ്സ്യു മദലിയെൻ,’ ഫൂഷൽവാങ്ങ് വീണ്ടും തുടങ്ങി, ‘നിങ്ങൾ വന്നതു വളരെ നല്ല മുഹൂർത്തത്തിലാണ്— വളരെ ചീത്ത മുഹൂർത്തത്തിലെന്നാണു് പറയേണ്ടതു്. ഇവിടെയുള്ള മാന്യസ്ത്രീകളിൽ ഒരുവൾ അത്യാസന്നദീനത്തിൽ കിടക്കുന്നു ഇതുകാരണം അവർ ഈ ഭാഗത്തേക്ക് അധികമൊന്നും നോക്കുകയില്ല. ആ സ്ത്രീ മരിക്കാറായിയെന്നു തോന്നുന്നു. നാല്പതു മണിക്കൂർ നേരത്തെ ഈശ്വര പ്രാർത്ഥന നടക്കുന്നുണ്ടു്. എല്ലാവരും പരിഭ്രമത്തിലായിരിക്കുന്നു. അവർക്ക് ആ പണിയാണു്. യാത്ര പറയാൻ തുടങ്ങുന്ന സ്ത്രീ ഒരു സന്ന്യാസിനിയാണു്. വാസ്തവത്തിൽ, ഇവിടെയുള്ള ഞങ്ങളെല്ലാം സന്ന്യാസമെടുത്തവരാണു്. അവരും ഞാനുമായി ഒന്നേ വ്യത്യാസമുള്ളൂ. അവർ ‘ഞങ്ങളുടെ ചെറുമുറി’ എന്നും, ഞാൻ ‘എന്റെ ചെറുവീടു്’ എന്നും പറയും, നമുക്ക് ഇന്നു സമാധാനത്തോടു കൂടിയിരിക്കാം നാളത്തെ കാര്യം ഞാനേല്‍ക്കില്ല.’

എങ്കിലും ഴാങ്ങ് വാൽഴാങ്ങ് അഭിപ്രായപ്പെട്ടു: ‘ഈ കുടിൽ മതിലിന്റെ ഭിത്തിമാടത്തിലാണു്. ഒരുതരം ഇടിഞ്ഞുപൊളിയൽകൊണ്ടു് ഇതൊളിഞ്ഞുനില്‍ക്കുന്നു. പിന്നെ മരങ്ങളുണ്ടു്. കന്യകാമഠത്തിൽനിന്നു നോക്കിയാൽ ഇങ്ങോട്ടു കാണില്ല.’

‘എന്നല്ല, കന്യകാമഠസ്ത്രീകൾ ഇതിന്റെ അടുക്കലേക്കു വരികയുമില്ല’ ‘ആ?’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു.

ഈ ‘ആ’ എന്നതിലെ ഉറപ്പിച്ച ചോദ്യചിഹ്നത്തിന്റെ സാരം ഇതാണെന്നു തോന്നി: ‘ഇവിടെ ഒളിച്ചുപാർക്കാമെന്നനിക്കു തോന്നുന്നു?’

ഈ ചോദ്യചിഹ്നത്തിനാണു് ഫൂഷൽവാങ്ങ് മറുപടി പറഞ്ഞതു്: ‘പെൺകുട്ടികളുണ്ടു്.’

‘എന്തു പെൺകുട്ടികൾ?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു.

താൻ പറഞ്ഞ വാക്കുകളുടെ അർത്ഥം വിവരിക്കുവാൻവേണ്ടി ഫൂഷൽവാങ്ങ് വായ തുറന്നതോടുകൂടി, ഒരു മണിയടി കേട്ടു.

‘ആ സന്ന്യാസിനി മരിച്ചു.’ അയാൾ പറഞ്ഞു. ‘അതു് ആ മണിമുട്ടലാണു്.’

ഴാങ്ങ് വാൽഴാങ്ങോടു ചെവിയോർത്തിരിക്കുവാൻ അയാൾ ആംഗ്യം കാണിച്ചു.

ഒരിക്കൽക്കൂടി മണിയടിച്ചു.

‘അതു മരിച്ചാലത്തെ മണിമുട്ടലാണു്. ശവം പള്ളിയിൽനിന്നു കൊണ്ടുപോകുന്നതുവരെയ്ക്ക്, ഇരുപത്തിനാലു മണിക്കൂർ നേരം, ഓരോ നിമിഷംതോറും ഓരോ മണിയടി കേൾക്കാം!—നോക്കൂ, അവർ കളിക്കുകയാണു്. കളിസ്സമയത്തു് ഒരു പന്തു് ഉരുണ്ടുവന്നാൽ മതി, പാടില്ലെന്നു നിയമമുണ്ടെങ്കിലും, ഇവിടെയെല്ലാം ഓടി നടന്നു തിരഞ്ഞുനോക്കുവാൻവേണ്ടി അവർ മുഴുവനുമെത്തും. ആ ചന്തമുള്ള കുട്ടികൾ ശുദ്ധപിശാചുക്കളാണു്.’

‘ആരു്?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു.

‘ചെറിയ പെൺകിടാങ്ങൾ. നിങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കപ്പെട്ടുപോവും. അവർ ഉറക്കെ നിലവിളിക്കും: ‘ഹാ! ഒരു പുരുഷൻ!’ ഇന്നു പേടിക്കാനില്ല. ഇന്നു് കളിസ്സമയമുണ്ടാവില്ല. ഇന്നു് മുഴുവനും ഈശ്വരപ്രാർത്ഥനയായിരിക്കും. മണിയടി കേട്ടില്ലേ? ഞാൻ പറഞ്ഞതുപോലെ ഇങ്ങനെ ഓരോ നിമിഷവും ഓരോ മണിയടി കേൾക്കും. മരിച്ചാലത്തെ മണിയടിയാണു്.

‘എനിക്കു മനസ്സിലായി. വിദ്യാർത്ഥിനികളുണ്ടു്.’

ഴാങ്ങ് വാൽഴാങ്ങ് സ്വയം വിചാരിച്ചു: ‘കൊസെത്തിന്റെ പഠിപ്പിനുള്ള വഴി ഇവിടെ തയ്യാറുണ്ടു്.’

ഫൂഷൽവാങ്ങ് ഉച്ചത്തിൽ പറഞ്ഞു: ‘അതല്ലല്ലോ! ചെറുകിടാങ്ങളുണ്ടു്. അവർ നിങ്ങളുടെ ചുറ്റും നിന്നു നിലവിളിക്കും, അവർ പാഞ്ഞുകളയും! ഒരു പുരുഷൻ ഉണ്ടാവുക എന്നുവെച്ചാൽ അതിവിടെ ‘പ്ലേഗാ’ണു്. ഞാൻ ഒരു കാട്ടുമൃഗമാണെന്നവിധം അവർ എന്റെ കാൽമുട്ടിന്മേൽ ഒരു മണി കെട്ടിയിരിക്കുന്നതു കണ്ടില്ലേ?’

ഴാങ്ങ് വാൽഴാങ്ങ് അധികമധികം അഗാധമായ മനോരാജ്യത്തിൽ മുങ്ങി. ‘ഈ കന്യകാമഠം ഞങ്ങളുടെ രക്ഷാസ്ഥാനമായിരിക്കും.’ അയാൾ മന്ത്രിച്ചു.

പിന്നീടു് അയാൾ ഒച്ച പൊന്തിച്ചു: ‘അതേ, ഇവിടെ താമസിച്ചുകൊള്ളാനാണു് പണി.’

‘അല്ല.’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘പുറത്തേക്കു കടക്കാനാണു്.’

തന്റെ രക്തം ഹൃദയത്തിലേക്കുതന്നെ തിരിച്ചുചെല്ലുന്നുണ്ടെന്നു് ഴാങ്ങ് വാൽഴാങ്ങിനു തോന്നി.

‘പുറത്തേക്കു കടക്കാൻ!’

‘അതേ, മൊസ്സ്യു മദലിയെൻ, ഇങ്ങോട്ടു മടങ്ങിവരാൻ ഒരിക്കൽ പുറത്തേക്കു കടക്കണമല്ലോ.’

മണിയടി ഒന്നുകൂടി കഴിയുന്നതുവരെ കാത്തതിനുശേഷം, ഫൂഷൽവാങ്ങ് പറയാൻ തുടങ്ങി: ‘നിങ്ങളെ ഈ നിലയിൽ ഏതായാലും ഇവിടെ കാണാൻ പാടില്ല. നിങ്ങൾ എവിടെനിന്നു വന്നു? എന്നെസ്സംബന്ധിച്ചേടത്തോളം, നിങ്ങൾ സ്വർഗത്തിൽനിന്നു് വീണതാണു്; എന്തുകൊണ്ടു്? ഞാൻ നിങ്ങളെ അറിയും; പക്ഷേ, കന്യകാമഠസ്ത്രീകൾക്കു ആരും പടികടന്നുതന്നെ വരണം.’

പെട്ടന്നു മറ്റൊരു മണിയിൽനിന്നു് ലഹളപിടിച്ച ഒരൊച്ച കേട്ടു.

‘ഓ!’ ഫൂഷൽവാങ്ങ് പറഞ്ഞു: ‘അവർ മഠനായികമാരെ വിളിച്ചുകൂട്ടുകയാണു് അവർ യോഗം കൂടുന്നു. ആരെങ്കിലും മരിച്ചാൽ അവർ യോഗം കൂടും. ആ സ്ത്രീ രാവിലെ മരിച്ചു. പുലർച്ചയ്ക്കാണു് ആളുകൾ മരിക്കാറു്. അല്ലാ, നിങ്ങൾക്കു കടന്നു വന്ന വഴിയിലൂടെ പുറത്തേക്കും പോയ്ക്കൂടേ? ആട്ടെ, ഞാൻ നിങ്ങളെ വിചാരണ ചെയ്യാനല്ല, അപ്പോൾ നിങ്ങൾ എങ്ങനെ അകത്തു കടന്നു?

ഴാങ്ങ് വാൽഴാങ്ങ് വിളർത്തു; ആ ഭയങ്കരത്തെരുവിലേക്ക് ഒരിക്കൽകൂടി ഇറങ്ങുക എന്നു വിചാരിച്ചപ്പോൾത്തന്നെ അയാൾ ആകെ വിറച്ചു. നരികൾ നിറഞ്ഞ ഒരു കാട്ടിൽനിന്നു നിങ്ങൾ പുറത്തു കടന്നു; പുറത്തെത്തിയതിനുശേഷം, അങ്ങോട്ടുതന്നെ മടങ്ങിച്ചെല്ലാന്‍ ഒരു സ്നേഹിതൻ ഉപദേശിക്കുന്നതായാലോ! ആ പ്രദേശത്തു മുഴുവനും പൊല്ലീസ്സാളുകൾ കൂട്ടംകൂടിയിരിക്കുന്നതായും അവരുടെ ആൾക്കാർ കാത്തുനില്‍ക്കുന്നതായും, എല്ലായിടത്തും ഭടന്മാർ പാറാവുള്ളതായും, ഭയങ്കരങ്കളായ മുഷ്ടികൾ തന്റെ കഴുത്തുപട്ടയിലേക്കെത്തുന്നതായും, ഒരുസമയം ഴാവേർ തന്നെ തെരുവുകളുടെ കൂടിച്ചേരലിൽ, മൂലയ്ക്കു നില്‍ക്കുന്നതായും ഴാങ്ങ് വാൽഴാങ്ങ് ഉള്ളുകൊണ്ടു കണ്ടു.

‘അസാധ്യം!’ അയാൾ പറഞ്ഞു: ‘ഫാദർ ഫൂഷൽവാങ്ങ്, ഞാൻ ആകാശത്തു നിന്നു വീണതാണെന്നു പറഞ്ഞേക്കൂ.’

‘പക്ഷേ, ഞാനതു വിശ്വസിക്കുന്നു. ഞാനതു വിശ്വസിക്കുന്നു.’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അതെന്നോടു നിങ്ങൾ പറയേണ്ടതില്ല. നിങ്ങളെ ഒന്നു നല്ലവണ്ണം അടുത്തു നോക്കിക്കാണാൻവേണ്ടി ഈശ്വരൻ നിങ്ങളെ കൈയിലെടുത്തു, പിന്നീടു് താഴത്തേക്കിട്ടിരിക്കണം. ഒന്നുമാത്രം; അവിടുന്നു നിങ്ങളെ ഒരു പുരുഷന്മാരുടെ സന്ന്യാസിമഠത്തിലാക്കാനാണു് ഉദ്ദേശിച്ചിരിക്കുക; പക്ഷേ, തെറ്റിപ്പോയി. ആട്ടെ, അതാ മറ്റൊരു മണിയടി, വാതില്‍ക്കാവല്‍ക്കാരൻ പോയി ശവചികിത്സക്കാരൻ വൈദ്യനെ ശവം നോക്കിപ്പരിശോധിക്കുവാൻ കൂട്ടിക്കൊണ്ടുവരണമെന്നാണു് അതിന്റെ സാരം. മരിക്കുന്നവർക്കുവേണ്ടി ചെയ്യാനുള്ള കർമങ്ങളാണിതൊക്കെ. ഈ നല്ലവരായ മാന്യസ്ത്രീകൾക്ക് അയാളുടെ വരവു് അത്ര ഇഷ്ടമല്ല യാതൊന്നിലും വിശ്വാസമില്ലാത്ത ഒരാളാണു് വൈദ്യൻ. അയാൾ മൂടുപടം നീക്കുന്നു. ചിലപ്പോൾ അയാൾ മറ്റൊന്നും നീക്കിക്കളയും. ഇത്തവണ എത്രവേഗത്തിൽ അവർ വൈദ്യനെ വരുത്തി? എന്തേ പറഞ്ഞതു? നിങ്ങളുടെ കുട്ടി ഇനിയും ഉണർന്നിട്ടില്ല;എന്താണവളുടെ പേർ?’

‘കൊസെത്തു്’

‘നിങ്ങളുടെ മകളാണോ? നിങ്ങൾ അവളുടെ മുത്തച്ഛനായിരിക്കണം, അങ്ങനെയാണു്?’ ‘അതേ.’

അവൾക്ക് ഇവിടെനിന്നു പോവാൻ പ്രയാസമില്ല. മുറ്റത്തേക്കുള്ള വാതിൽ ഞാൻ ഉപയോഗിക്കുന്നതാണു്. ഞാൻ ചെന്നു മുട്ടും. കാവല്‍ക്കാരൻ വാതിൽ തുറക്കും; മുന്തിരിങ്ങക്കൊട്ട എന്റെ മുതുകത്തുണ്ടു്; അവൾ അതിന്നകത്തും; ഞാൻ പുറത്തേക്കു പോവും. ഫാദർ ഫൂഷൽവാങ്ങ് കൊട്ടയുംകൊണ്ടു പുറത്തേക്കു പോവുന്നു. അതു വെറും സാധാരണമാണു്. അനങ്ങാതെ കിടക്കാൻ നിങ്ങൾ അവളെ പറഞ്ഞേല്പിക്കണം. അവൾ മറശ്ശീലയ്ക്കുള്ളിലായിരിക്കും ആവശ്യമുള്ളേടത്തോളം കാലം ഞാനവളെ എന്റെ ഒരു കൊള്ളാവുന്ന സ്നേഹിതൻവശമേല്പിക്കും; അയാൾ റ്യു ഷെമെങ്ങ് വെറിൽ ഞാനറിയുന്ന ഒരു പഴക്കച്ചവടക്കാരനാണു്. അയാൾക്കു ചെവി കേൾക്കില്ല; അയാൾക്ക് ഒരു ചെറിയ കിടക്കയുണ്ടു്. അവൾ എന്റെ ഒരു മരുമകളാണെന്നു ഞാൻ ആ പഴക്കച്ചവടക്കാരന്റെ ചെകിട്ടിൽ കൂക്കും; എനിക്കുവേണ്ടി അവളെ നാളെവരെ അവിടെ സൂക്ഷിക്കണമെന്നും ഞാനേല്പിക്കും. പിന്നെ അവൾക്കു നിങ്ങളുടെ കൂടെ അകത്തേക്കു വരാം; നിങ്ങൾക്കു വരാനുള്ള സൂത്രം ഞാനുണ്ടാക്കിക്കൊള്ളാം? അതു വേണം. പക്ഷേ, നിങ്ങളെങ്ങനെ പുറത്തേക്കു കടക്കുന്നു?’

ഴാങ്ങ് വാൽഴാങ്ങ് തല കുലുക്കി. ‘ഒരാളും എന്നെ കാണരുതു്; കാര്യം കിടക്കുന്നതു മുഴുവനും അതിലാണു്. കൊസെത്തിനെപ്പോലെ എന്നെയും ഒരു ചാക്കിട്ടു മൂടി വല്ലവിധത്തിലും ഒരു കൊട്ടയിലിട്ടു പുറത്താക്കിത്തരൂ.’

ഇടത്തേ കൈയിന്റെ നടുവിരൽകൊണ്ടു ഫൂഷൽവാങ്ങ് കാതിൻതട്ടയൊന്നു ചൊറിഞ്ഞു—കലശലായ പരിഭ്രമത്തിന്റെ ഒരു ചിഹ്നം.

മൂന്നാമത്തെ ഒരു മണിയടി സംഭാഷണവിഷയത്തെ ഒരിക്കൽക്കൂടി മാറ്റി.

‘വൈദ്യൻ മടങ്ങിപ്പോകുന്നതാണു് ആ കേട്ടതു്.’ ഫൂഷൽവാങ്ങ് പറഞ്ഞു: ‘അയാൾ ഒന്നു നോക്കിപ്പറഞ്ഞിരിക്കും: ‘അവൾ മരിച്ചുകഴിഞ്ഞു.’ നന്നായി, സ്വർഗത്തിലേക്കുള്ള യാത്രാനുവാദപത്രം വൈദ്യൻ ഒപ്പിട്ടു കഴിഞ്ഞാൽ, ശവംമറവുകാരുടെ ആൾ ശവമഞ്ചം കൊടുത്തയ്ക്കുകയായി. മഠനായികയാണെങ്കിൽ, മറ്റു മറനായികമാർ അവളെ അതിലാക്കും; കന്യകയാണെങ്കിൽ കന്യകമാർ അവളെ അതിലാക്കും. അതു കഴിഞ്ഞാൽ ഞാൻ ആണിയുറപ്പിക്കും. എന്റെ തോട്ടപ്രവൃത്തിയിൽ അതൊരു ഭാഗമാണു്. ഒരു തോട്ടക്കാരൻ ഏതാണ്ടു് ഒരു ശവം മറവുകരാനുമാണു്. തെരുവോടുകൂടിച്ചേർന്ന ശാലയിൽ അവളെ കിടത്തിയിരിക്കും; വൈദ്യനല്ലാതെ മറ്റാർക്കും അങ്ങോട്ടു കടപ്പാൻ പാടില്ല. ശവം മറവുകാരുടെ ആൾക്കാർ വന്നു് അതെടുത്തു വണ്ടിയിൽ വെക്കും; ഹേ, വണ്ടിക്കാരൻ! ചാട്ടവാർ ഒന്നു വീശൂ; ഇങ്ങനെയാണു് ആളുകളുടെ സ്വർഗത്തിലേക്കുള്ള യാത്ര, യാതൊന്നും ഉള്ളിലില്ലാത്ത ഒരു പെട്ടി അകത്തേക്കു കൊണ്ടുവരുന്നു; അതിൽ ഒരു സാധനം വെച്ചു വീണ്ടും പുറത്തേക്കു കൊണ്ടുപോകുന്നു; ഇതാണു് ശവസംസ്കാരം എന്നുവെച്ചാൽ അഹോ, അഗാധം!’

ഉറങ്ങുന്ന കൊസെത്തിന്റെ മൂഖത്തു് ഒരു വെയിൽനാളം പതുക്കെ തൊട്ടു; അവൾ വായ അല്പമൊന്നു തുറന്നാണു് കിടന്നിരുന്നതു്; അതു കണ്ടാൽ വെളിച്ചത്തെ നുകരുന്ന ഒരു ദേവസ്ത്രീയുടെ ഛായ തോന്നും. ഴാങ്ങ് വാൽഴാങ്ങ് അവളെ ഇരുന്നു നോക്കിക്കണ്ടു. അയാൾ ഫൂഷൽവാങ്ങിന്റെ പ്രസംഗം കേൾക്കാതായി. ആരും കേൾക്കുന്നില്ലെന്നുള്ളതു മിണ്ടാതിരിക്കാൻ കാരണമല്ല. ആ കൊള്ളാവുന്ന കിഴവൻ തോട്ടക്കാരൻ തന്റെ വായാടിത്തത്തെ സാവധാനമായി പിന്നേയും വെളിപ്പെടുത്തി; ‘വോഗിരാർ ശ്മശാനത്തിലാണു് ശവക്കുഴി കുത്തുക. ആ വോഗിരാർ ശ്മശാനം അടയ്ക്കാൻ ഭാവമുണ്ടെന്നു കേൾക്കുന്നു. അതു പണ്ടത്തെ ഒരു ശ്മശാനമാണു്; അതു നിയമാതിർത്തികളിൽനിന്നു പുറത്താണു്, അതിനു് ഉദ്യോഗസംബന്ധിയായ ഉടുപ്പില്ല; അതു പണിയിൽനിന്നു പിരിയാൻ പോകുന്നു. അതു നാണക്കേടുതന്നെ; എന്തുകൊണ്ടെന്നാൽ, അതു സൗകര്യമുള്ളതാണു്. എനിക്കവിടെ ഒരു സ്നേഹിതനുണ്ട്—ഫാദർ മെസ്തിന്നു്, ശവക്കുഴിക്കുത്തുകാരൻ. ഇവിടെയുള്ള കന്യകാമഠസ്ത്രീകൾക്ക് അവിടെ ഒരവകാശമുണ്ടു്; രാത്രിയായാൽ അവരുടെ ശവമഞ്ചം അങ്ങോട്ടു കൊണ്ടുപോവാം. അവരുടെ കാര്യത്തിൽ പൊല്ലീസ്സധികാരത്തിൽനിന്നു് ഒരു സവിശേഷസമ്മതം കൊടുത്തിരിക്കയാണു്. അപ്പോൾ ഇന്നെലെക്കു ശേഷം എന്തെല്ലാം സംഭവങ്ങളുണ്ടായി. ഫാദർ ക്രൂസിഫിക്ഷ്യൻ മരിച്ചു; ഫാദർ മദലിയെൻ-’

‘സംസ്കരിക്കപ്പെട്ടു.’വ്യസനപൂർവമായ പുഞ്ചിരിയോടുകൂടി ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു.

ഫൂഷൽവാങ്ങ് ആ വാക്കു മനസ്സിലാക്കി.

‘ഈശ്വര! നിങ്ങൾ ഇവിടെ വന്നതു ഭാഗ്യത്തിനാണെങ്കിൽ, അതൊരു യത്ഥാർത്ഥ ശവസംസ്കാരമാവും.’

നാലാമത്തെ ഒരു മണിയടി കേട്ടു. ഫൂഷൽവാങ്ങ് ക്ഷണത്തിൽ ആണിയിൽനിന്നു തന്റെ കാൽമുട്ടുമണിയെടുത്തു കാലിന്മേൽ കൊളുത്തി. ഇപ്പോഴത്തെ വിളി എനിക്കൂള്ളതാണു്. മഠാധ്യക്ഷയ്ക്ക് എന്നെ കാണേണ്ട ആവശ്യമുണ്ടു്. ശരി, ഇനി എന്റെ പട്ടപ്പൂട്ടിന്റെ നാക്കുകൊണ്ടു ഞാൻ എന്നെത്തെന്നെ ഓടിക്കുകയായി. മൊസ്സ്യു മദലിയെൻ, നിങ്ങൾ ഇവിടെനിന്നിളകരുതു്; ഞാൻ തിരിച്ചുവരുന്നതു കാത്തിരിക്കണം. എന്തോ പുതുതായിട്ടൊന്നുണ്ടായിരിക്കുന്നു. വിശക്കുന്നുണ്ടെങ്കിൽ, അതാ അവിടെ വീഞ്ഞുണ്ടു്, അപ്പമുണ്ടു്, പാല്‍ക്കട്ടിയുണ്ടു്.’

അയാൾ ആ കുടിലിൽനിന്നു് ഇങ്ങനെ പറഞ്ഞുകൊണ്ടു് പാഞ്ഞു: ‘വരുന്നു! വരുന്നു!’

പോകുംവഴിക്കു മത്തക്കണ്ടത്തെ ഉപായത്തിൽ ഒന്നു നോക്കി, തന്റെ മുടന്തിയ കാൽ അനുവദിക്കുന്ന വേഗത്തിൽ, അയാൾ തോട്ടത്തിൽ പായുന്നതു ഴാങ്ങ് വാൽഴാങ്ങ് നോക്കികണ്ടു.

പത്തു നിമിഷത്തിനുള്ളിൽ, തന്റെ മണിയൊച്ചകൊണ്ടു വഴിക്കുള്ള കന്യകാമഠസ്ത്രീകളെയെല്ലാം പറപറപ്പിച്ചു ഫൂഷൽവാങ്ങ് ഒരു വാതിലിന്നടുത്തു ചെന്നു പതുക്കെ മുട്ടി; ഒരു സൗമ്യശബ്ദം മറുപടി പറഞ്ഞു: ‘എന്നെന്നേക്കും! എന്നെന്നേക്കും!’ എന്നുവെച്ചാൽ, ‘അകത്തേക്കു വരൂ.’

കാര്യവശാൽ തോട്ടക്കാരനെ വരുത്തിക്കാണുവാൻ ഒഴിച്ചിട്ടുള്ള ഇരിപ്പു മുറിയിലേക്കു കടക്കുന്ന വാതിലാണു്. ഈ മുറി പ്രാർത്ഥനാമുറിയോടു തൊട്ടതായിരുന്നു. ആ അകത്തു് ആകെയുള്ള ഒരു കസാലയിൽ മഠാധ്യക്ഷ ഫൂഷൽവാങ്ങിന്റെ വരവു കാത്തിരിക്കുന്നു.

2.8.2
ഫൂഷൽവാങ്ങ് ഒരു ബുദ്ധിമുട്ടിന്റെ മുൻപിൽ

അസാധാരണസന്ദർഭങ്ങളിൽ സഗൗരവവും സംഭ്രമയുക്തവുമായ ഒരു ഭാവം അവലംബിക്കുന്നതു ചില ആളുകൾക്കും ചില ഉദ്യോഗങ്ങൾക്കും, വിശേഷിച്ചു മതാചാര്യന്മാർക്കും കന്യകാമഠസ്ത്രീകൾക്കുമുള്ള ഒരു വിശേഷതയാണു് ഫൂഷൽവാങ്ങ് ചെന്ന സമയത്തു മഠാധ്യക്ഷയുടെ മുഖത്തു് എതിരഭിപ്രായത്തോടുള്ള മുൻകരുതലിന്റെ ഈ രണ്ടു രൂപവും പതിഞ്ഞിരുന്നു; ആസ്ത്രീ അറിവുള്ളവളും സൗഭാഗ്യവതിയുമായ മദാംവ്വസേല്ലു് ദു് ബ്ലെമെയാണ്-അതായതു് മദർ ഇൻനൊസെന്തു്; സാധാരണസമയങ്ങളിൽ അവൾ ആഹ്ലാദശീലയാണു്.

തോട്ടക്കാരൻ പേടിച്ചുകൊണ്ടു വന്ദിച്ചു: ആ ചെറുമുറിയുടെ വാതില്‍ക്കൽത്തന്നെ നിന്നു മാലയെടുത്തു ജപിച്ചുകൊണ്ടിരുന്ന മഠാധ്യക്ഷ തിരിഞ്ഞുനോക്കി പറഞ്ഞു: ‘ഹോ! നിങ്ങളാണു്, ഫാദർ ഫൂവാങ്ങ്?’

ഈ ചുരുക്കപ്പേരാണു് കന്യകാമഠത്തിൽ ഉപയോഗിക്കാറു് ഫൂഷൽവാങ്ങ് ഒരിക്കൽക്കൂടി വന്ദിച്ചു.

‘ഫാദർ ഫൂവാങ്ങ്, ഞാൻ നിങ്ങളെ വിളിപ്പിച്ചു.’

‘ഇതാ ഞാൻ.’

‘എനിക്കു നിങ്ങളോടു് ഒരു കാര്യം പറയാനുണ്ടു്.’

‘എനിക്കുമുണ്ടു്,’ ഒരു ധൈര്യത്തോടുകൂടി—അതു് അയാളെ ഉള്ളുകൊണ്ടു നടുങ്ങിച്ചു—ഫൂഷൽവാങ്ങ് പറഞ്ഞു, ‘എനിക്ക് ഇവിടുത്തോടും ഒരു കാര്യം പറയാനുണ്ടു്.’

മഠാധ്യക്ഷ അയാളുടെ നേരെ തുറിച്ചുനോക്കി.

‘ഹാ! നിങ്ങൾക്കെന്നോടൊരു കാര്യം പറയാനുണ്ടു്?’

‘ഒരപേക്ഷ.’

‘ആവട്ടെ, പറയൂ.’ നല്ലവനായ ഫൂഷൽവാങ്ങ്, മുമ്പുദ്യോഗസ്ത്ഥനായിരുന്നാൾ, പ്രമാണിത്തമുള്ള കൃഷീവലന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഒരുതരം സമർത്ഥനായ അജ്ഞത ഒരുശക്തിയാണു്; അതിനെ നിങ്ങൾ അവിശ്വസിക്കുകയില്ല; നിങ്ങൾ അതിൽ കുടുങ്ങിപ്പോകുന്നു. അയാൾ കന്യകാമഠത്തിൽ എത്തിയിട്ടു് ഇപ്പോൾ രണ്ടുകൊല്ലത്തിലധികമായല്ലോ. ആ കാലംകൊണ്ടു ഫൂഷൽവാങ്ങ് ഒരു നല്ല പേരെടുത്തിരുന്നു. സദാ തനിച്ചും തന്റെ തോട്ടംപണിയിലേർപ്പെട്ടുമിരുന്ന അയാൾക്കു ജിജ്ഞാസതീർക്കലല്ലാതെ പണിയില്ല. അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്ന മൂടുപടക്കാരികളിൽനിന്നെല്ലാം താൻ ദൂരത്തായതുകൊണ്ടു്, ഒരുകൂട്ടം നിഴലുകളുടെ പരക്കം പാച്ചിൽ മാത്രമേ അയാൾ കണ്ടിരുന്നുള്ളൂ. ശ്രദ്ധകൊണ്ടും നോട്ടത്തിനുള്ള കൂർമകൊണ്ടും ആ പ്രേതങ്ങൾക്കൊക്കെ ദേഹം വെപ്പിക്കാൻ അയാളെക്കൊണ്ടു കഴിഞ്ഞു; ആ ശവങ്ങളെല്ലാം അയാൾക്കു ജീവനുള്ളവയായി. നോട്ടത്തിനുകൂർമകൂടി വരുന്ന ഒരു ചെവിപൊട്ടന്റേയും, ശ്രവണശക്തിക്കു കൂർമ കൂടിവരുന്ന ഒരു കണ്ണുപൊട്ടന്റേയും മാതിരിയിലായിരുന്നു അയാൾ. പലതരമുള്ള മണിമുട്ടലുകളുടെ അർത്ഥം വെവ്വേറെ തിരിച്ചറിയുന്നതിനു് അയാൾ ശ്രമിച്ചു; സാധിക്കുകയും ചെയ്തു; അങ്ങനെ ഈ നിശ്ശബ്ദവും ദുർഗ്രഹവുമായ സന്ന്യാസിമഠത്തിൽ തന്നെസ്സംബന്ധിച്ചേടത്തോളം യാതൊരു ഗൂഢസംഗതിയുമില്ലെന്നായി; എല്ലാ ഗൂഢകാര്യങ്ങളും അയാളുടെ ചെകിട്ടിൽ മന്ത്രിക്കപ്പെട്ടു. ഫൂഷൽവാങ്ങ് എല്ലാമറിഞ്ഞു; എല്ലാം മറച്ചുവെച്ചു; അയാളുടെ സാമർത്ഥ്യം അതാണു്. കന്യകാമഠത്തിന്റെ മുഴുവനും ധാരണ അയാൾ ഒരു വങ്കനാണെന്നാണു്. മതത്തിന്റെ ദൃഷ്ടിയിൽ ഒരു വലിയ ഗുണം. മഠനായികമാർ ഫൂഷൽവാങ്ങിനെക്കൊണ്ടു പലതും നടത്തി. അയാൾ ഒരപൂർവമട്ടിലുള്ള ഊമയാണു്. അയാൾ വിശ്വാസം ജനിപ്പിച്ചു. അത്രമാത്രമല്ല, അയാൾ കണിശക്കാരനാണു്; തോട്ടത്തെസ്സംബന്ധിച്ച് എന്തെങ്കിലും സർവസമ്മതങ്ങളായ ആവശ്യങ്ങൾക്കല്ലാതെ അയാൾ ഒരിക്കലും പുറത്തേക്കു പോവുകയില്ല. ഈ വിവേകപൂർവമായ പ്രകൃതി അയാൾക്കു ഗുണം കിട്ടി.എന്നല്ല, അയാൾ രണ്ടുപേരെക്കൊണ്ടു് ഓരോന്നൊക്കെ സംസാരിപ്പിച്ചു. കന്യകാമഠത്തിലെ പടിക്കാവല്ക്കാരൻ, ഒന്ന്—ആ മനുഷ്യന്നു് അവിടത്തെ സൽക്കാരമുറിയിൽ കഴിയുന്ന സവിശേഷ വിവരങ്ങളൊക്കെയറിയാം; ശ്മശാനസ്ഥലത്തുള്ള ശവം മറവുകാരൻ, രണ്ട്-ആ മനുഷ്യന്നു മറവുസ്ഥലത്തു കഴിയുന്ന സവിശേഷ വിവരങ്ങളൊക്കെയറിയാം; ഇങ്ങനെ ആ കന്യകാമഠസ്ത്രീകളുടെ കാര്യത്തിൽ അയാൾ രണ്ടു വിളക്കു കൊളുത്തി. ഒന്നു് അവരുടെ ജീവിതസ്സംബധിച്ചതും, മറ്റേതു് അവരുടെ മരണത്തെസ്സംബന്ധിച്ചതും. പക്ഷേ, അയാൾ ആ അറിവൊന്നും ദുരുപയോഗപ്പെടുത്തിയില്ല. കന്യകാമഠക്കാർക്ക് അയാളെപ്പറ്റി വളരെ നല്ല അഭിപ്രായമാണു്. വയസ്സൻ, മുടന്തൻ, യാതൊന്നും കാണാത്തവൻ, പോരാത്തതിനു കുറച്ചു ചെകിടുപൊട്ടനും—എന്തു ഗുണങ്ങൾ! അയാൾ പോയാൽ അങ്ങനെയൊരാളെ കിട്ടാൻ ഞെരുങ്ങും.

തന്നെപ്പറ്റി നല്ല അഭിപ്രായമാണുള്ളതെന്നു ബോധപ്പെട്ട ഒരുവന്റെ ധൈര്യത്തോടുകൂടി ആ കൊള്ളാവുന്ന ആൾ വന്ദ്യമായ മഠാധ്യക്ഷയോടു് വലുതും ആഴമേറിയതുമായ ഒരു നാടൻപ്രസംഗം തുടങ്ങി. തന്റെ പ്രായം, ശക്തിക്കുറവു്, മേലാൽ ഒരു കൊല്ലംകൊണ്ടുണ്ടാകാവുന്ന രണ്ടു കൊല്ലത്തിന്റെ ക്ഷീണം, കൂടിക്കൂടിവരുന്ന പണിത്തിരക്ക്, തോട്ടത്തിന്റെ വലുപ്പം, കഴിച്ചുകൂട്ടേണ്ടിവരുന്ന നിലാവു കാരണം മത്തങ്ങകൾക്കു വൈക്കോൽവിരി ഇട്ടുകൊടുക്കേണ്ടിവരുന്ന തലേദിവസത്തെപ്പോലുള്ള രാത്രിസമയം എന്നിവയെപ്പറ്റി വളരെ നേരം സംസാരിച്ചതിനുശേഷം, അയാൾ ഇങ്ങനെ അവസാനിപ്പിച്ചു. ‘തനിക്കൊരു സഹോദരനുണ്ടു്’— (മഠാധ്യക്ഷ ഒന്നനങ്ങി)—‘ഒട്ടും ചെറുപ്പക്കാരനല്ലാത്ത ഒരു സഹോദരൻ’—(മഠാധ്യക്ഷ ഒന്നുകൂടിയനങ്ങി, പക്ഷേ, അതു ധൈര്യപ്പെടുത്തുന്ന ഒന്നായിരുന്നു)-‘അയാളെക്കൂടി കൂട്ടാൻ സമ്മതിക്കുന്നപക്ഷം, ആ സഹോദരൻ തന്റെ കൂടെ വന്നു താമസിച്ചുകൊള്ളും; തന്നെ സഹായിക്കും; അയാൾ ഒരൊന്നാന്തരം തോട്ടം പണിക്കാരനാണു്; തന്നെക്കാളധികം അയാളെക്കൊണ്ടായിരിക്കും സംഘത്തിനുപകാരം; അല്ല, ആ സഹോദരനെ വരാൻ അനുവദിക്കുന്നില്ലെങ്കിൽ, തനിക്കു ദേഹത്തിനു ശക്തിയില്ലാതായി പണിക്കു പോരാതെ വന്നുതുടങ്ങിയതുകൊണ്ടു് എത്രതന്നെ വ്യസനമുണ്ടെങ്കിലും, തനിക്കു താമസം മാറ്റി, തിരിച്ചുപോകാതെ നിർവാഹമില്ല; പിന്നെ, ആ സഹോദരന്നു് ഒരു മകളുണ്ടു്; അവളേയും അയാൾ കൂട്ടിക്കൊണ്ടുവരും; അവളേയും ഈ കന്യകാമഠത്തിൽ വളർത്തി ഈശ്വരന്നു് സമർപ്പിക്കാം; ഒരു സമയം-ആർക്കറിയാം? അവളും ഒരു കാലത്തു സന്ന്യാസം സ്വീകരിച്ചു എന്നു വരാം.’

ഈ പ്രസംഗം അവസാനിച്ചതോടുകൂടി, തൂങ്ങിക്കിടക്കുന്ന മാല കൈവിരലുകൾക്കിടയിലാക്കി മഠാധ്യക്ഷ പറഞ്ഞു: ‘ഇന്നു വൈകുന്നേരത്തിനുള്ളിൽ നിങ്ങൾക്ക് ഒരു ബലമുള്ള ഇരുമ്പഴി കൊണ്ടുവരാൻ സാധിക്കുമോ?’

‘എന്താവശ്യത്തിനു്?’

‘ഒരു വീണ്ടിയിടാനാണു്.’

‘കൊണ്ടുവരാം,’ ഫൂഷൽവാങ്ങ് പറഞ്ഞു.

പിന്നെ ഒന്നും പറയാതെ മഠാധ്യക്ഷ എഴുന്നേറ്റു് അടുത്ത മുറിയിലേക്കു കടന്നു;

അതു യോഗം കൂടാനുള്ളമുറിയാണു്; അവിടെ ഒരു സമയം മഠനായികമാർ യോഗം കൂടിയിട്ടുണ്ടാവാം. ഫൂഷൽവാങ്ങ് അവിടെ തനിച്ചായി.

2.8.3
മദർ ഇൻനൊസെന്ത്

ഏകദേശം ഒരു കാൽമണിക്കൂർ കഴിഞ്ഞു; മഠാഷ്യക്ഷ തിരിച്ചെത്തി, ആ കസാലയിൽ ഒരിക്കൽക്കൂടി ഇരുന്നു.

ആ രണ്ടുപേരും മറ്റെന്തോ കാര്യത്തിൽ മനസ്സു വെച്ചിരുന്നതുപോലെ തോന്നി അവിടെ നടന്ന സംഭാഷണത്തിന്റെ ഒരു സംക്ഷിപ്തക്കുറിപ്പു്. ഞങ്ങളെക്കൊണ്ടു കഴിയുന്ന വിധത്തിൽ, ഇവിടെ കൊടുക്കാം.

‘ഫാദർ ഫൂവാങ്ങ്!’

‘വന്ദ്യനായ മാതാവേ!’

‘ചെറുപള്ളി നിങ്ങൾക്കറിയാമോ?’

‘എനിക്കവിടെ ഒരു കൂടുണ്ടു്; അതിലിരുന്നു ഞാൻ പള്ളിയിൽ നടക്കുന്ന പ്രാർത്ഥന കേൾക്കാറുണ്ടു്.’

‘നിങ്ങളുടെ ജോലിയനുസരിച്ചു നിങ്ങൾ അവിടെ ഈശ്വരവന്ദനത്തിനു വന്നിട്ടുണ്ടു്?’

‘രണ്ടോ മൂന്നോ തവണ.’ ‘ഒരു കല്ലു പൊന്തിക്കാനുണ്ടു്.’ ‘കനമുള്ളതോ?’ ‘തിരുവത്താഴമേശയുടെ ഒരു വശത്തുള്ള കൽവിരിയിലെ ഒരു കല്ലു്.’ ‘നിലവറ മൂടുന്ന കല്ലോ?’ ‘അതേ.’ ‘അതെടുക്കാൻ രണ്ടുപേരുണ്ടാകുന്നതാണു് നല്ലതു്.’ ‘നല്ലവണ്ണം ഒരു പുരുഷന്റെ ശക്തിയുള്ള മദർ അസ്സെൻഷ്യൻ നിങ്ങളെ സഹായിക്കും.’

‘ഒരു സ്ത്രീ ഒരിക്കലും ഒരു പുരുഷനല്ല.’

‘നിങ്ങൾക്കു സഹായത്തിനു തരാൻ ഇവിടെ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. ഓരോരുത്തരും കഴിയുന്നതു ചെയ്യുന്നു. സാങ്ങ്ബേർനാറെപ്പറ്റി മബിലോ [1] നാനൂറ്റെഴുപതു ലേഖനഗ്രന്ഥങ്ങൾ തരുമ്പോൾ, മെർലോനുസു് ഹോർസ്റ്റിയൂസ് [2] മുന്നൂറ്ററുപത്തേഴേ തരുന്നുള്ളൂ എന്നുവെച്ച് ഞാൻ മെർലോനുസു് ഹോർസ്റ്റിയൂസ്സിനെ പുച്ഛിക്കുന്നില്ല.’

‘ഞാനുമില്ല.’ ‘അവരവരുടെ ശക്തിക്കൊത്തു പ്രവർത്തിക്കുക, അതാണു് നന്മ, ഒരു സന്ന്യാസി മഠം ഒരു കപ്പൽപ്പണിസ്ഥമല്ല.’ ഒരു സ്ത്രീ ഒരു പുരുഷനുമല്ല. എന്റെ സഹോദരൻ നല്ല ശക്തിയുള്ളയാളാണു താനും!’ ‘അപ്പോൾ നിങ്ങൾക്ക് ഒരു വീണ്ടി കൊണ്ടുവരാമോ?’ ‘അത്തരം ഒരു വാതിലിനു് അത്തരം ഒരു താക്കോലേ പറ്റൂ.’ ‘കല്ലിന്മേൽ ഒരു വട്ടക്കണ്ണിയുണ്ടു്.’ ‘ഞാൻ അതിലൂടെ ഇരിമ്പഴിയോടിക്കും.’ ‘ആ കല്ലു് ഒരു തിരികുറ്റിമേൽ തിരിയും; അങ്ങനെയാണു് അതു വെച്ചിട്ടുള്ളതു്.’ ‘അതു നന്നായി. ഞാൻ ആ നിലവറ തുറക്കും.’ ‘ഗായകസംഘത്തിലെ നാലു മാതാക്കന്മാർ നിങ്ങളെ സഹായിക്കും.’ ‘എന്നിട്ടു, നിലവറ തുറന്നാൽ?’ ‘അതു വീണ്ടും അടയ്ക്കണം.’ ‘അത്രയേ വേണ്ടൂ?’ ‘പോരാ.’ ‘ഞാനെന്താണു് ചെയ്യേണ്ടതെന്നു കല്പിക്കൂ.’ ഫൂവാങ്ങ്, നിങ്ങളെ ഞങ്ങൾക്കു വിശ്വാസമാണു്.’ ‘നിങ്ങൾക്ക് എന്താവശ്യമുണ്ടോ അതു ചെയ്യനാണു് ഞാനിവിടെ.’ ‘യാതൊന്നും പുറത്തു പറയാതിരിക്കാനും.’ ‘അങ്ങനെ തന്നെ.’ ‘നിലവറ തുറന്നാൽ-’ ‘ഞാനതു വീണ്ടും അടയ്ക്കും.’

‘പക്ഷേ, അതിനുമുമ്പ്-’ ‘എന്തു വേണം?’ ‘ഒരു സാധനം അതിലിറക്കണം.’ ഒരു നിശബ്ദത വ്യാപിച്ചു. ശങ്കയെ കാണിക്കുന്നതായ ചുവട്ടിലെ ചുണ്ടിന്റെ ഒരു പിളുത്തൽ കഴിഞ്ഞു. മതാധ്യക്ഷ പറഞ്ഞു: ‘ഫാദർ ഫൂവാങ്ങ്!’ ‘വന്ദ്യയായ മാതാവേ!’ ‘ഇന്നു രാവിലെ ഒരു മഠനായിക മരിച്ചു എന്നു് നിങ്ങൾക്കറിയാമല്ലോ?’ ‘ഇല്ല.’ ‘നിങ്ങൾ മണിയടി കേട്ടില്ലേ!’ ‘തോട്ടത്തിന്റെ ആ മുക്കിലേക്കു യാതൊന്നും കേൾക്കില്ല.’ ‘നേരു്?’ ‘എന്നെ വിളിക്കുന്നതു് കേട്ടറിയാൻതന്നെ ഞെരുക്കം.’ ‘അവർ രാവിലെ മരിച്ചു.’ ‘പിന്നെ, ഇന്നു രാവിലത്തെ കാറ്റു് എന്റെ ഭാഗത്തേക്കല്ലതാനും.’ ‘മദർ ക്രൂസിഫിക്ഷ്യനാണതു്, ഒരു പുണ്യവതി.’ മഠാധ്യക്ഷ സംസാരം നിർത്തി; പ്രാർത്ഥിക്കുന്നതുപോലെ ചുണ്ടനക്കി. പിന്നേയും പറഞ്ഞു: ‘മൂന്നു കൊല്ലം മുമ്പു് മദാം ദു് ബെത്തൂർ. മനഃസ്വാതന്ത്ര്യനിഷേധവാദത്തിൽ ചേർന്നവൾ, മദർ ക്രൂസിഫിക്ഷ്യൻ ഈശ്വരവന്ദനം ചെയ്യുന്നതു് കണ്ടതുകൊണ്ടുമാത്രം മതനിഷ്ഠയുള്ളവളായിത്തീർന്നു.’ ‘ഓ! ശരി, ഇപ്പോൾ ഞാൻ മണിയടി കേട്ടു.’ ‘മഠനായികമാർ ആ പുണ്യവതിയെ ശവമുറിയിലേക്കു കൊണ്ടുപോയി; അതു പള്ളിക്കു തൊട്ടതാണു്.’ ‘എനിക്കറിയാം.’ ‘നിങ്ങൾക്കല്ലാതെ മറ്റൊരു പുരുഷന്നും ആ മുറിയിലേക്കു കടക്കാൻ വയ്യാ. പാടില്ല. അതു നോക്കണം. ശവമുറിയിലേക്ക് ഒരു പുരുഷൻ കടന്നുചെല്ലുന്നതു കണ്ടാൽ നന്നായി.’ ‘അതിലധികം പ്രാവശ്യം!’ ‘ഏ?’ ‘അതിലധികം പ്രാവശ്യം!’ ‘എന്താണു് നിങ്ങൾ പറയുന്നതു?’ ‘അതിലധികം പ്രാവശ്യം എന്നു്.’ ‘എന്തിലധികം പ്രാവശ്യം?’ ‘വന്ദ്യയായ മാതാവേ, എന്തിലധികം പ്രാവശ്യമെന്നു് ഞാൻ പറഞ്ഞില്ലേ; അതിലധികം പ്രാവശ്യം എന്നാണു് പറഞ്ഞതു്.’ ‘എനിക്കു നിങ്ങൾ പറയുന്നതു് മനസ്സിലാവുന്നില്ല. എന്തിനാണു് അതിലധികം പ്രാവശ്യമെന്നു പറഞ്ഞതു?’ ‘ഇവിടുന്നു പറയുംപോലെ പറയാൻ.’ ‘പക്ഷേ, ‘അതിലധികം പ്രാവശ്യ’മെന്നു ഞാൻ പറഞ്ഞില്ലല്ലോ.’ ആ സമയത്തു് ഒമ്പതു മണിയടിച്ചു. ‘രാവിലെ ഒമ്പതു മണിസ്സമയത്തും മറ്റെല്ലാസ്സമയത്തും തിരുവത്താഴസ്ഥലത്തുള്ള വിശുദ്ധകർമം സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ,’ മഠാധ്യക്ഷ പറഞ്ഞു.

‘തഥാസ്തു,’ ഫൂഷൽവാങ്ങ് പറഞ്ഞു.

മണിയടിച്ചതു നല്ല മുഹൂർത്തത്തിനാണു്. അതു് ‘അതിലധികം പ്രാവശ്യത്തെ നിർത്തിക്കളഞ്ഞു. അതുണ്ടായില്ലെങ്കിൽ മതാധ്യക്ഷയും ഫൂഷൽവാങ്ങുംകൂടി ആ നൂൽക്കൈ ഒരിക്കലും ചുറ്റഴിക്കുമായിരുന്നില്ല. ഫൂഷൽവാങ്ങ് തന്റെ നെറ്റിത്തടം അടിച്ചുവാരി.

മഠാധ്യക്ഷ മറ്റെന്തോ ഒന്നുകൂടി ഉള്ളിൽവെച്ചു മന്ത്രിച്ചു-പരിശുദ്ധജപമായിരിക്കാം; എന്നിട്ടു വീണ്ടും തുടങ്ങി: ‘ജീവിച്ചിരിക്കുമ്പോൾ മദർ ക്രൂസിഫിക്ഷ്യൻ പലരേയും ‘മാർഗംകൂടി’ച്ചു; മരിച്ചതിനുശേഷം പല അത്ഭുതകർമങ്ങളും അവർ ചെയ്യും.’

‘ഉവ്വു്,ചെയ്യും!’ വഴിയിലേക്കു മടങ്ങിച്ചെന്നും മേലാൽ തെറ്റിവെക്കില്ലെന്നുറപ്പിച്ചും ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു.

‘ഫാദർ ഫൂവാങ്ങ്, മദർ ക്രൂസിഫിക്ഷ്യനെ കിട്ടിയതു സംഘത്തിന്റെ ഭാഗ്യമാണു്. കർദിനാൽ ദു് ബെരൂലെപ്പോലെ പ്രാർത്ഥന ചെയ്യുന്നതിനിടയ്ക്ക്, ഈ ത്യാഗങ്ങൾ ചെയ്യപ്പെട്ടു എന്ന വാക്കുകൾ ഉച്ചരിക്കുന്നതോടുകൂടി, തങ്ങളുടെ ആത്മാക്കളെ ഈശ്വരനിലേക്ക് ഊതിച്ചേർക്കുവാനുള്ള യോഗം എല്ലാവർക്കും കിട്ടുകയില്ല. തീർച്ചയാണു്. എങ്കിലും. അത്ര വലിയ ഭാഗ്യമില്ലെങ്കിലും, മദർ ക്രൂസിഫിക്ഷ്യന്റെ മരണവും വളരെ വൈശിഷ്ട്യമുള്ളൊന്നായിരുന്നു. ഒടുവിലത്തെ നിമിഷം വരെ തന്റേടം വിട്ടിരുന്നില്ല. അവർ ഞങ്ങളോടു സംസാരിച്ചു; എന്നിട്ടു ദൈവദൂതമാരോടു സംസാരിച്ചു. ഞങ്ങൾക്കുള്ള ഒടുവിലത്തെ ആജ്ഞകൾ തന്നു. നിങ്ങൾക്കു കുറേക്കൂടി വിശ്വാസമുണ്ടായിരുന്നുവെങ്കിൽ, അവരുടെ ചെറുമുറിയിൽ കടക്കാൻ നിങ്ങൾക്കു സാധിച്ചിരുന്നുവെങ്കിൽ, ആ നിലം തൊട്ടതുകൊണ്ടു മാത്രം നിങ്ങളുടെ കാലിന്റെ തകരാറു് അവർ ഭേദപ്പെടുത്തിയേനേ. അവർ പുഞ്ചിരിയിട്ടു് ഈശ്വരനിൽ അവർ വീണ്ടും ഉയിർത്തെഴുന്നേല്ക്കുകയാണെന്നു ഞങ്ങൾക്കു തോന്നി. ആ മരണത്തിൽ സ്വർഗത്തെസ്സംബന്ധിച്ച എന്തോ ഒന്നുണ്ടായിരുന്നു.’

മഠാധ്യക്ഷ എന്തോ ഒരീശ്വരപ്രാർത്ഥന ചൊല്ലിത്തീർക്കുകയാണെന്നു ഫൂഷൽ വാങ്ങ് വിചാരിച്ചു. ‘തഥാസ്തു.’ അയാൾ പറഞ്ഞു. ‘ഫാദർ ഫൂവാങ്ങ്, മരിക്കുന്നവരുടെ ആഗ്രഹമെന്തോ അതു സാധിപ്പിക്കണം.’ മഠാധ്യക്ഷ തന്റെ ജപമാലയിലെ കുറേ മണികൾ എണ്ണിക്കഴിച്ചു. ഫൂഷൽവാങ്ങ് മിണ്ടാതെ നിന്നു.

അവൾ വീണ്ടും തുടങ്ങി: ‘നമ്മുടെ നാഥനെ അനുകരിക്കുന്നതിൽ യത്നിക്കുന്നവരും മതാചാര്യജീവിതത്തിലെ ചുമതലകളിൽ മാത്രം ഏർപ്പെട്ടു കഴിയുന്നവരും അത്ഭുതങ്ങളായ സിദ്ധികളുള്ളവരുമായ പലരോടും ഞാൻ ചോദിച്ചു നോക്കിയിട്ടുണ്ടു്’ ‘ഇവിടെ തോട്ടത്തിലെക്കാളധികം വ്യക്തമായി മണിയടി കേൾക്കാം.’ ‘എന്നല്ല, അവർ ഒരു മൃതവനിതയാണെന്നു വെച്ചാൽ പോരാ, അവർ ഋഷിത്വത്തിൽ ചേർന്നു.’ ‘ഇവിടുത്തെപ്പോലെ.’ ‘ഏഴാമൻ പിയുസ്സായ പോപ്പു് തിരുമനസ്സിലെ ഉത്തരവുപ്രകാരം, അവർ ഇരുപതു കൊല്ലമായി ശവമഞ്ചത്തിൽ കിടന്നുറങ്ങുന്നു-’ ‘എന്നുവെച്ചാൽ, ചക്ര-ബോനാപ്പാർത്തിനെ പട്ടാഭിഷേകം ചെയ്ത അദ്ദേഹം.’

സമർത്ഥനായ ഫൂഷൽവാങ്ങിന്റെ മുഖത്തുനിന്നു് ഈ വാക്കു പുറപ്പെട്ടതു് അത്ര നന്നായില്ല. ഭാഗ്യത്തിനു, സ്വന്തം മനോരാജ്യങ്ങളിൽ തികച്ചും മുങ്ങിയിരുന്നതു കൊണ്ടു മഠാധ്യക്ഷ അതു കേൾക്കുകയുണ്ടായില്ല. അവൾ തുടർന്നു: ‘ഫാദർ ഫൂവാങ്ങ്.’

‘വന്ദ്യനായ മാതാവേ?’

‘കമ്പദേശായിലെ പ്രധാനമെത്രാനായ ദിദൊരുസ്സു് തന്റെ ശവകുടീരത്തിന്മേൽ ഈ ഒരൊറ്റ വാക്കു കൊത്തിയിടണമെന്നാവശ്യപ്പെട്ടു: അകരുസ്സ്-ഭൂമിയിലെ ഒരു പുഴു എന്നർത്ഥം; ഇതു ചെയ്തു. വാസ്തവമാണോ?’ ‘അതേ, വാസ്തവം.’ ‘ആക്വിലയിലെ സഭാപതിയായ മഹാത്മാ മെസ്സാകനെ തൂക്കുമരത്തിനു ചുവട്ടിൽ സംസ്കരിക്കപ്പെടണമെന്നാവശ്യപ്പെട്ടു; അതു പ്രകാരം ചെയ്തു.’ ‘അതു വാസ്തവമാണു്.’ ‘ടൈബർനദി ചെന്നു സമുദ്രത്തിൽ ചേരുന്നേടമായ പോറിലെ മെത്രാനായ തെരെൻഷിയുസ്സു് തന്റെ ശവകുടീരത്തിന്മേൽ, അതിന്നടുക്കലൂടെ കടന്നുപോകുന്നവർ അതിന്മേൽ തുപ്പിക്കൊള്ളുമെന്നുവെച്ചു, പിതൃഹത്യക്കാരുടെ സംസ്കാരസ്ഥലത്തു വെക്കാറുള്ള അടയാളം കൊത്തിയിടണമെന്നപേക്ഷിക്കുകയുണ്ടായി. അതുപ്രകാരം ചെയ്തു. മരിക്കുന്നവരുടെ ആവശ്യം നിറവേറ്റിയേ കഴിയൂ.’ ‘അങ്ങനെതന്നെ.’ ‘ഫ്രാൻസിൽ റോഷ്-അബെയ് പ്രദേശത്തിനടുത്തു ജനിച്ച വെർനാർ ഗ്വിദോനിയുടെ ശരീരം അദ്ദേഹത്തിന്റെ ആജ്ഞപോലെ, കാസ്തിലിലെ രാജാവു പാടില്ലെന്നു മുടക്കിയിട്ടുംകൂടി. അദ്ദേഹം സ്പെയിനിൽ ത്വീയിലെ മെത്രാനായിരുന്നുവെങ്കിലും, ലിമോഷിൽ ദോമിനിക്കക്കാരുടെ പള്ളിയിൽ കൊണ്ടുപോയി മറവു ചെയ്തു. ഇതില്ലെന്നു സാധിക്കാൻ കഴിയുമോ? ‘കഴിയില്ല.’ ‘ആ വാസ്തവസംഭവത്തിനു പ്ലന്തവിതു് ദു് ല ഫോസു് സാക്ഷിയാണു്.’

പിന്നെയും നിശ്ശബ്ദമായി ജപമാലയിലെ പല മണികളും എണ്ണിക്കഴിഞ്ഞു. മഠാധ്യക്ഷ വീണ്ടും തുടങ്ങി: ‘ഫാദർ ഫൂവാങ്ങ്, മദർ ക്രൂസിഫിക്ഷ്യൻ ഇരുപതു കൊല്ലമായി കിടന്നുറങ്ങിപ്പോന്ന ആ ശവമഞ്ചത്തിൽത്തന്നെ സംസ്കരിക്കപ്പെടും.’ ‘അതു വേണ്ടതാണു്.’ ‘അതവരുടെ ഉറക്കത്തിന്റെ ഒരു തുടർച്ചയാണു്.’ ‘അപ്പോൾ, ആ ശവമഞ്ചം ഞാൻ ആണി തറയ്ക്കണം.’ ‘അതേ.’ ‘ശവംമറവുകാരന്റെ മഞ്ചം നാം ഉപേക്ഷിക്കുക?’ ‘അതുതന്നെ.’ ‘ഞാൻ എന്നും ഈ വന്ദ്യമായ സംഘത്തിന്റെ ചൊല്പടിക്കാണു്.’ ‘ഗായകസംഘത്തിലെ നാലു മാതാക്കന്മാരും നിങ്ങളെ സഹായിക്കും.’ ‘ശവമഞ്ചത്തിനു് ആണി തറയ്ക്കാനോ? എനിക്കാവശ്യമില്ല.’ ‘അല്ല, ശവമഞ്ചം കീഴ്പോട്ടിറക്കാൻ.’ ‘എവിടെ?’ ‘നിലവറയിലേക്ക്.’ ‘ഏതു നിലവറ?’ ‘തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ളതു്.’

ഫൂഷൽവാങ്ങ് ഞെട്ടി.

‘തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയോ?’

‘തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ളതു്.’

‘പക്ഷേ-’

‘നിങ്ങൾ ഇരുമ്പഴിയുണ്ടാക്കണം.’

‘വേണം, പക്ഷേ-’

‘വട്ടക്കണ്ണിയിൽ ഇരിമ്പഴിയിട്ടു നിങ്ങൾ കല്ലു പൊന്തിക്കണം.’

‘പക്ഷേ-’

‘മരിച്ചവരുടെ ആവശ്യം നടത്തണം. ചെറുപള്ളിയിലെ തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയിൽ സംസ്കരിക്കപ്പെടുക, നികൃഷ്ടമായ ഭൂമിയിലേക്കു പോകാതിരിക്കുക. ജീവിച്ചിരുക്കുമ്പോൾ താൻ പ്രാർത്ഥന കഴിച്ചുപോന്നിട്ടുള്ള സ്ഥലത്തുതന്നെ മരിച്ചിട്ടും ഉണ്ടായിരിക്കുക—മദർ ക്രൂസിഫിക്ഷ്യന്റെ മരിക്കുമ്പോഴത്തെ ആഗ്രഹം ഇതായിരുന്നു. ഇതവർ ഞങ്ങളോടു് ചെയ്യാനാവശ്യപ്പെട്ടു; എന്നുവെച്ചാൽ, ഞങ്ങളോടു കല്പിച്ചു.’

‘പക്ഷേ, അതു പാടില്ലല്ലോ.’

‘മനുഷ്യൻ പാടില്ലെന്നുവെച്ചു; ചെയ്യണമെന്നു് ഈശ്വരനും.’

‘അതറിഞ്ഞുപോയാലത്തെ സ്ഥിതിയെന്താണു്?’

‘ഞങ്ങൾക്കു നിങ്ങളെ വിശ്വാസമാണു്.’

‘ഹോ! ഞാൻ നിങ്ങളുടെ ചുമരുകളിലെ ഒരു കല്ലാണു്.’

‘യോഗം കൂടി. ഞാൻ ഇപ്പോൾതന്നെ പോയി അഭിപ്രായം ചോദിച്ചവരും ഇപ്പോഴും ഇരുന്നാലോചിക്കുന്നവരുമായ മഠനായികമാർ തീർച്ചപ്പെടുത്തിയതു മദർ ക്രൂസിഫിക്ഷ്യൻ, അവരുടെ ആഗ്രഹപ്രകാരം സ്വന്തം ശവമഞ്ചത്തിൽ, തിരുവത്താഴമേശയ്ക്കു ചുവട്ടിൽ സംസ്കരിക്കണപ്പെടണമെന്നു തന്നെയാണു്. ആലോചിച്ചു നോക്കൂ, ഫാദർ ഫൂവാങ്ങ്. അവർ അവിടെനിന്നു് അത്ഭുതകർമങ്ങൾ നടത്തിത്തുടങ്ങിയാലോ! സംഘത്തിനു് എന്തു ഭാഗ്യമായി! അത്ഭുതകർമ്മങ്ങൾ പുറപ്പെടാറുള്ളതു സംസ്കാരസ്ഥലങ്ങളിൽനിന്നാണു്.’

‘പക്ഷേ, നഗരശുചീകരണക്കാരുടെ ആൾ-’

‘ശവക്കല്ലറയുടെ കാര്യത്തിൽ രണ്ടാമൻ സാങ്ങ്-ബെന്വാ കൊൻസ്താൻതീൻ പൊഗൊനത്തൂസ്സോടു് എതിർനിന്നു.’

‘പക്ഷേ, പൊല്ലീസ്സുകാർ-’

‘കൊൻസ്താൻഷിയുസ്സിന്റെ [3] സാമ്രാജ്യത്തിൻകീഴിൽ പഴയ ഫ്രാൻസിൽ കടന്ന ജർമൻ രാജക്കന്മാർ ഏഴു പേരിൽ ഒരളായ ഷൊനൊദ്മെർ സന്ന്യാസിനിമാർക്കു മതത്തിൽ, അതായതു് തിരുവത്താഴമേശയ്ക്കു ചുവട്ടിൽ, സംസ്കരിക്കപ്പെടുന്നതിലുള്ള അധികാരത്തെ സമ്മതിക്കയാണു് ചെയ്തതു്.

‘പക്ഷേ, പൊലീസു് സൈന്യത്തിൽനിന്നു് ഇൻസ്പെക്ടർ-’

‘കുരുശിനു മുമ്പിൽ ലോകം സാരമില്ല. കർതൂഷ്യാൻകാരുടെ പതിനൊന്നാമത്തെ സേനാപതിയായ മർതെങ്ങ് സംഘത്തിനു് ഈ മുദ്രാവാചകം കൊടുത്തു; ലോകം മാറിമറിയുമ്പോൾ കുരിശു നിലനില്ക്കുന്നു.’ [4]

‘തഥാസ്തു, ലാറ്റിൻഭാഷയിൽ എന്തു കേട്ടാലും ആ ഗ്രഹപ്പിഴയിൽനിന്നു് എപ്പോഴും ഈ ഒരു വിദ്യകൊണ്ടു യാതൊരു പരിഭ്രമവും കൂടാതെ രക്ഷപ്പെട്ടു പേരാറുള്ള ഫൂഷൽവങ്ങ് പറഞ്ഞു.

വളരെക്കാലമായി മിണ്ടാതിരുന്നിട്ടുള്ള ഒരാൾക്ക് ഇന്നവിധമുള്ള ശ്രോതാക്കളെത്തന്നെ കിട്ടിയേ മതിയാവൂ എന്നില്ല. അനവധി പൂർവപക്ഷങ്ങളും പലേ അനുമാനങ്ങളും ദേഹത്തിൽ വെച്ചുപിടിപ്പിച്ചുകൊണ്ടു താർക്കികൻ ഗിംനസ്തൊരാസു് തടവിൽനിന്നു വിട്ടുപോന്ന ദിവസം ആദ്യമായി കണ്ടുമുട്ടിയ ഒരു മരത്തിനു മുൻപിൽച്ചെന്നു നിന്നു കേമമായി ഒരു പ്രസംഗം പ്രസംഗിക്കുകയും അതിനെ സമ്മതിപ്പിക്കുവൻ വളരെ അധ്വാനിക്കുകയുമുണ്ടായി. മിണ്ടാൻ പടില്ലെന്നുള്ള നിർബന്ധത്തെ പതിവായനുസരിച്ചുനില്ക്കുന്നവളും തന്റെ കലവറ മുഴുവനും നിറഞ്ഞുവഴിയാൻ തുടങ്ങിയിട്ടുള്ളവളുമായ മഠാധ്യക്ഷ എഴുന്നേറ്റു, വരമ്പു പൊട്ടിപ്പോയ ഒരണക്കെട്ടിന്റെ വായാടിത്തത്തോടുകൂടി കുറച്ചുച്ചത്തിൽ തുടങ്ങി;

‘എനിക്ക് എന്റെ വലതുവശത്തുള്ള സാങ്ങ്-ബെന്വാവും ഇടത്തുവശത്തു ബേർനാറുമുണ്ടു്. ബേർനാർ ആരായിരുന്നു? ക്ലെർവോവിലെ ആദ്യത്തെ സഭാധ്യക്ഷൻ. ബെർഗൺദിയിലെ ഫോങ്ങ്താങ്ങ് ഭാഗ്യമേറിയതുതന്നെ; അവിടെയാണു് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ അച്ഛന്നു തെസ്ലെങ്ങ് എന്നായിരുന്നു പേർ; അമ്മയ്ക്ക് അലെത്തെന്നും, ക്ലെർവോവിൽവെച്ചവസാനിക്കാൻവേണ്ടി അദ്ദേഹം സിത്തിയോവിൽനിന്നു തുടങ്ങി; ഷലൊങ്ങ്-സൂർ-സ്വൊങ്ങില്വു് മെത്രാനാണു് അദ്ദേഹത്തിനു സ്ഥാനം കൊടുത്തതു്; അദ്ദേഹത്തിനു കീഴിൽ എഴുന്നൂറു മഠപ്രവേശാർത്ഥിനിമാരുണ്ടായിരുന്നു; നൂറ്ററുപതു മഠങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1140-ൽ സാങ്ങിൽവെച്ചു കൂടിയ സഭയിൽ അബെലാറേയും ഫിയർ ദു് ബ്വിയേയും ശിഷ്യൻ ആങ്ങ്റിയേയും അപ്പോസ്തൊലിക് എന്നു പേരായ ഒരു പാപിയേയും അദ്ദേഹം വാദത്തിൽ തോല്പിച്ചു; ആർനൊദു് ബ്രെഷിയയെ തല കുത്തിച്ചു; യഹൂദന്മാരെ കൊലപ്പെടുത്തിയ റൂലിലെ മതാചാര്യന്നു നേർക്കു മിന്നൽ ചാട്ടി; 1148-ൽ രീമിൽവെച്ചു കൂടിയ സഭയ്ക്ക് അധ്യക്ഷയും സ്വീകരിച്ചു; പ്വാതിയേറിലെ മെത്രാനായ ഗിൽബർ ദു് പോരയയെ ശിക്ഷിപ്പിച്ചു; എയെ ദു് ലെത്വാലിനെ ശിക്ഷിപ്പിച്ചു; രാജാകന്മാരുടെ തർക്കം തീർത്തു; ലൂയിരാജാവിനു മനഃസംസ്കാരമുണ്ടാക്കി; പോപ്പു് മൂന്നാമൻ ഴൂഴാങ്ങിനു് ഉപദേശം കൊടുത്തുപോന്നു; പള്ളിക്കാര്യം നടത്തി; കുരിശുയുദ്ധത്തെപ്പറ്റി പ്രസംഗിച്ചു; ജീവകാലത്തിനുള്ളിൽ ഇരുനൂറ്റമ്പതു് അത്ഭുതകർമ്മങ്ങൾ നടത്തി, ഒരു ദിവസത്തിൽ മുപ്പത്തൊമ്പതെണ്ണം കാണിച്ചു. സാങ്ങ്-ബെന്വാ ആരായിരുന്നു? അദ്ദേഹം മൊങ്ങ്—കസെങ്ങിലെ പത്രയാർക്കീസായിരുന്നു, സാങ്ങ്തെതു് ക്ലോസ്ടേൽ ആശ്രമത്തിന്റെ രണ്ടാമത്തെ പ്രതിഷ്ഠാപകൻ; പടിഞ്ഞാറൻ പ്രദേശങ്ങളിലെ സഭാപതി. അദ്ദേഹത്തിന്റെ സംഘത്തിൽനിന്നു നാല്പതു പോപ്പുമാരും, ഇരുനൂറു കർദിനാൽമാരും, അമ്പതു പത്രിയർക്കീസ്സുമാരും, ആയിരത്തറുനൂറു പ്രധാന മെത്രാന്മാരും, നാലായിരത്തറുനൂറു മെത്രാന്മാരും, നാലു ചക്രവർത്തിമാരും, പന്ത്രണ്ടു ചക്രവർത്തിനിമാരും, നാല്പത്താറു രാജാക്കന്മാരും നാല്പത്തൊന്നു രാജ്ഞിമാരും മുവ്വായിരത്തറുനൂറു മെത്രാന്മാരും ഋഷിമാരും ഉണ്ടായിട്ടുണ്ടു്; ആയിരത്തിനാനൂറു കൊല്ലമായി അതു നിലനിന്നു വരുന്നു. ഒരു ഭാഗത്തു ബേർനാർ, മറ്റെ ഭാഗത്തു നഗരശുചീകരണവകുപ്പിലെ ഉദ്യോഗസ്ഥൻ! ഒരു ഭാഗത്തു സാങ്ങ്-ബെന്വാവും, മറ്റേ ഭാഗത്തു പൊതുവഴി പരിശോധകനും! രാജ്യഭരണം, നിരത്തു പരിശോധിക്കുന്നവർ, ശ്മശാന കാര്യഭാരവാഹി, നിയമങ്ങൾ, ഭരണസമ്പ്രദായം ഇവയെപ്പറ്റിയെല്ലാം ഞങ്ങൾക്കെന്തറിയാം? ഞങ്ങളെക്കൊണ്ടു കാട്ടുന്ന മട്ടു് ഏതു വെറും വഴിപോക്കന്നുപോലും കണ്ടാലു് ശുണ്ഠി വരും. യേശുക്രിസ്തുവിനു ഞങ്ങളുടെ മണ്ണുമൂടി കൊടുക്കുവാൻ ഞങ്ങൾക്കധികാരമില്ല. നിങ്ങളുടെ നഗരശുചീകരണ വകുപ്പു് ഭരണപരിവർത്തനകാലത്തിന്റെ ഒരു കണ്ടുപിടിത്തമാണു്. പൊലീസ്സു് സൈന്യത്തിനു് ഈശ്വരൻ കീഴ്‌നില്ക്കണം. ഇതാണു് കാലം. മിണ്ടാതിരിക്കൂ, ഫൂവാങ്ങ്!’

ഈ ധാരാസ്നാനത്തിൽ ഫൂഷൽവാങ്ങ് ഞെളിഞ്ഞുപിരിഞ്ഞു. മഠാധ്യക്ഷ തുടർന്നു:

‘സന്ന്യാസിമഠത്തിനു ശ്മശാനത്തിന്മേലുള്ള അധികാരം ആരും സംശയിക്കുകയില്ല. മതഭ്രാന്തന്മാരും പാപികളും മാത്രമേ അതിനെ വിസംവദിക്കൂ. നമ്മൾ ജീവിച്ചിരിക്കുന്നതു് സകലവും കീഴുമേൽ മറിഞ്ഞ ഒരു കാലത്താണു്. അറിഞ്ഞേ കഴിയൂ എന്നുള്ളതൊന്നും നമുക്കറിഞ്ഞുകൂടാ; അറിയാൻ പാടില്ലെന്നുള്ളതെല്ലാം നമുക്കറിയാം. മൂഢത്വവും ദൈവദൂഷകത്വവുമാണു് നമുക്കുള്ളതു്. വലിയ മഹർഷിയായ ബേർനാറേയും പതിമ്മൂന്നാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കൊള്ളാവുന്ന മതാചാര്യനായ സ്വാങ്ങ്-ബെന്വാവേയും വേർതിരിച്ചറിയാത്ത ആളുകൾ ഇന്നുണ്ടു്. വേറെ ചിലർ പതിനാറാമൻ ലൂയിയുടെ തൂക്കുമരത്തിലെ മരണവും യേശുക്രിസ്തുവിന്റെ കുരിശാരോഹണവും തമ്മിൽ കൂട്ടിച്ചേർക്കാൻ മാത്രം ഈശ്വരനിന്ദക്കാരാണു്. പതിനാറാമൻ ലൂയി ഒരു രാജാവു മാത്രമാണു്. നമുക്ക് ഈശ്വരനെ പേടിക്കുക. വേണ്ടതെന്നും വേണ്ടാത്തതെന്നും ഇല്ലാതായി. വോൾത്തെയറുടെ പേർ എല്ലാവർക്കുമറിയാം; സെസർ ദു് ബൂവിനെ ആർക്കും അറിഞ്ഞുകൂടാ. എന്തായാലും സെസർ ദു് ബൂ ഒരു പുണ്യവാനും വോൾത്തെയർ ഒരു പാപിയുമായിരുന്നു. ബെരുലിനു ശേഷം സ്ഥാനാരോഹണം ചെയ്തതു ഷാർൽ ദു് ഗോദ്രാങ്ങാണെന്നും, ഗോദ്രാങ്ങിനു ശേഷം ഫ്രാങ്ങ്സ്വാ ബൂർഴ്‌വാങ്ങാണെന്നും, ബൂർഴ്‌വാങ്ങിനു ശേഷം ഫ്രാൻസ്വാഴാങ്ങ്—ഫ്രാങ്ങ്സ്വാനൊലിനു ശേഷം ഫാദർ സാങ്ങ്മെത്തെങ്ങാണെന്നും, കർദ്ദിനൽ ദു് പെരിഗോറായ ഒടുവിലത്തെ പ്രധാന മെത്രാനെന്നറിഞ്ഞുകൂടാ. ഫാദർ കൊതൊങ്ങിന്റെ പേർ പ്രസിദ്ധമാണു്. അതു്, പ്രാർത്ഥനമുറി ക്ഷണത്തിൽ പണി തീർപ്പിക്കുവാൻ യത്നിച്ച മൂന്നുപേരിൽ ഒരാൾ അദ്ദേഹമാണെന്നുള്ളതുകൊണ്ടല്ല; ‘ഫ്യൂജിനോട്ടു് രാജാവായ ഹെന്ദ്രി നാലാമന്നു് ഒരാണയിടാനുള്ള സാമഗ്രികൾ ശേഖരിച്ചുകൊടുത്തു എന്നതുകൊണ്ടാണു്. ലൗകികന്മാരുടെ കണ്ണിനു സാങ്ങ്ഫ്രാങ്ങ്സ്വാ ദു് സാൽ നല്ലാളായതു്, അദ്ദേഹം കളിയിൽ വഞ്ചന ചെയ്തിരുന്നു എന്നതുകൊണ്ടാണു്. എന്നല്ല, മതത്തിനോടു് ആളുകൾ ശണ്ഠയിടുന്നു. എന്തുകൊണ്ടു്? കൊള്ളരുതാത്ത മതാചാര്യന്മാരുള്ളതുകൊണ്ടു്, ഗപ്പിലെ മെത്രാനായ സഴിത്തെർ അംബ്രൂവിലെ മെത്രാനായ സലോങ്ങിന്റെ സഹോദരനായതുകൊണ്ടും രണ്ടുപേരും മൊമ്മോലിനെ പിൻതുടർന്നതുകൊണ്ടും കാര്യത്തിലേക്ക് അതിനെന്തു സംബന്ധമാണു്? അതുകൊണ്ടു മർതെങ്ങ് ദു് തൂർ ഋഷിയല്ലാതാവുകയും അദേഹം തന്റെ പുറംകുപ്പായത്തിൽനിന്നു് പകുതി ഒരു യാചകനു കൊടുത്തതു് ഇല്ലാതാകുകയും ചെയ്യുന്നുണ്ടോ? ആളുകൾ ഋഷികളെ ഉപദ്രവിക്കുന്നു. ആളുകൾ സത്യത്തിനു മുൻപിൽ കണ്ണുചിമ്മുന്നു. ഇരുട്ടായിരിക്കുന്നു എല്ലായിടത്തും. കണ്ണു കാണാത്ത ജന്തുക്കളാണു് ഏറ്റവും ക്രൗര്യമേറിയ ജന്തുക്കൾ. നരകം വാസ്തവമാണെന്നു് ആരും വിചാരിക്കുന്നില്ല. ഹാ! ആളുകൾ എന്തു ദുഷ്ടന്മാരാണു്. രാജാവിന്റെ കല്പനപ്രകാരം എന്നുവെച്ചാൽ ഭരണപരിവർത്തനത്തിന്റെ കല്പന പ്രകാരമെന്നായിരിക്കുന്നു ഇന്നത്തെ അർത്ഥം. ജീവിച്ചിരിക്കുന്നവരോടൊ മരിച്ചവരോടൊ ചെയ്യേണ്ടതിന്നതെന്നു് ഒരാൾക്കും അറിവില്ലാതായി. പരിശുദ്ധമായ മരണം പാടില്ലെന്നു വെച്ചിരിക്കുന്നു. ശവസംസ്കാരം രാജ്യഭരണസംബന്ധിയായ ഒരു കാര്യമാണു്. ഭയങ്കരംതന്നെ, മരിച്ചവരെസ്സംബന്ധിച്ച് രാജപ്രതിനിധിക്കുള്ള അധികാരത്തേയും ചക്രവർത്തിക്കുള്ള മേന്മയേയും എതിർത്തും നിരസിച്ചും രണ്ടാമൻ ലിയോ രണ്ടു കത്തുകൾ, ഒന്നു പിയെർനൊത്തെർക്കും മറ്റൊന്നു വിസിഗോത്ത്കാരുടെ രാജാവിന്നും അയയ്ക്കുകയുണ്ടായി. ഷലൊവിലെ മെത്രാനായ ഗോത്തിയെ ഈ കാര്യത്തിൽ ബർഗൺദിയിലെ ഡ്യുക്കായ ഒത്തോവോടു് എതിർത്തു നിന്നു. പണ്ടത്തെ ഭരണാധികാരികൾ അദ്ദേഹത്തോടു യോജിച്ചു. മുൻകാലങ്ങളിൽ മതാചാര്യസംഘത്തിനു രാജ്യഭരണവിഷയത്തിലും അധികാരമുണ്ടായിരുന്നു. സംഘാധ്യക്ഷനായ സിത്തിയോ സഭാധിപതി ബർഗൺദിയിലെ രാജ്യഭരണാധികാരിസഭയിൽ ജന്മാവകാശംവഴിക്ക് ഒരംഗമായിരുന്നു. ഞങ്ങളുടെ ഇടയിൽനിന്നു മരിച്ചവരെക്കൊണ്ടു ഞങ്ങൾ ഞങ്ങൾക്കു തോന്നിയതു ചെയ്യുന്നു.സാങ്ങു്-ബെന്വാവിന്റെ ദേഹംതന്നെ. അദ്ദേഹം ക്രിസ്താബ്ദം 543-ൽ മാർച്ച് മാസം 2-ആം തീയതി ശനിയായ്ച ഇറ്റലിയിൽ മൊങ്ങ്-കസെങ്ങിൽവെച്ചാണു് മരിച്ചതെങ്കിലും, ഫ്രാൻസിൽ ഫ്ളെരിയിലെ സന്ന്യാസിമഠത്തിലല്ലേ? ഇതൊക്കെ നിസ്തർക്കമാണു്. എനിക്കു വേദസങ്കീർത്തന ഗായകന്മാരോടു വെറുപ്പാണു്; എനിക്കു മഠാധിപന്മാരോടു ദ്വേഷ്യമാണു്; എനിക്കു മതദ്രോഹികളോടു് വല്ലാത്ത ശുണ്ഠിയാണു്; ഈ പറഞ്ഞതെങ്കിലും അല്ലെന്നു സിദ്ധാന്തിക്കുന്നവരുണ്ടെങ്കിൽ അവരെ ഞാൻ ഈ എല്ലാവരെക്കാളുമധികം വെറുക്കും. അർനുവിയോ, ഗബ്രിൽ ബൂസ്ലെങ്ങ്, ത്രിതെമുസ്സു്, മൊരാലിക്, ദൊംലുക് ദു് ഷെരി എന്നിവരുടെ ഗ്രന്ഥങ്ങൾ മാത്രം വായിച്ചൽ മതി.’

മഠാധ്യക്ഷ ഒന്നു ശ്വാസം കഴിച്ചു; എന്നിട്ടു ഫൂഷൽവാങ്ങിന്റെ നേരെ നോക്കി.

‘ഫാദർ ഫൂവാങ്ങ്, തീർച്ചപ്പെട്ടില്ലേ?’

‘തീർച്ചയായി.’

‘ഞാൻ നിങ്ങളെ വിശ്വസിക്കട്ടേ?’

‘ഞാൻ കല്പനപ്രകാരം ചെയ്യാം.’

‘ശരി.’

‘ഞാൻ കന്യകാമഠത്തിനു തികച്ചും ചൊല്പടിയിലുള്ളവാനാണു്.’

‘അതറിയാം. നിങ്ങൾ ശവമഞ്ചമടയ്ക്കും. സഹോദരിമാർ അതിനെ ചെറുപള്ളിയിലേക്കു കൊണ്ടുപോവും. മരിച്ചവരെക്കുറിച്ചുള്ള പ്രാർത്ഥന അവിടെവെച്ചു ചൊല്ലും. എന്നിട്ടു ഞങ്ങൾ മഠത്തിലേക്കു മടങ്ങിപ്പോരും. പതിനൊന്നു മണികഴിഞ്ഞു പാതിരയാവുന്നതിനിടയ്ക്കു നിങ്ങൾ ഇരുമ്പഴിയുംകൊണ്ടും വരണം. എല്ലാം വളരെ ഗൂഢമായി കഴിയണം. ഗായകസംഘത്തിലെ നാലു മാതാക്കന്മാരും മദർ അസ്സെൻഷ്യനും നിങ്ങളും മാത്രമേ അവിടെയുണ്ടാവൂ.’

‘വാതില്ക്കലുള്ള സഹോദരിയോ?’

‘അവൾ തിരിഞ്ഞുനോക്കില്ല.’

‘പക്ഷേ, കേൾക്കുമല്ലോ.’

‘അവൾ ചെവിയോർക്കില്ല. പിന്നെ സന്ന്യാസിമഠം അറിയുന്നതു പുറമേയുള്ളവർ മനസ്സിലാക്കുകയില്ല.’

കുറച്ചിട ആരും മിണ്ടിയില്ല. മഠാധ്യക്ഷ തുടർന്നു പറഞ്ഞു: ‘നിങ്ങൾ നിങ്ങളുടെ മണി അഴിച്ചുവെക്കണം. നിങ്ങൾ വന്നിട്ടുണ്ടെന്നു വാതില്ക്കലുള്ള സഹോദരി അറിയണമെന്നില്ല.’ ‘അപ്പോൾ?’ ‘എന്താണു്?’

‘മരിച്ചവരെ പരിശോധിക്കാൻ വരുന്ന വൈദ്യൻ എത്തിക്കഴിഞ്ഞുവോ?’ ‘അയാൾ ഇന്നു നാലു മണിക്കു വരും. വൈദ്യനോടു വരാൻ പറയുന്ന മണിയടി കഴിഞ്ഞു, അപ്പോൾ നിങ്ങൾ മണിയടിയൊന്നും മനസ്സിലാക്കുന്നില്ല?’ ‘ഞാൻ എന്റെ മണിയടിയെ വിട്ടു മറ്റൊന്നിനെപ്പറ്റിയും മനസ്സിരുത്താറില്ല.’ ‘അതു നന്നു്.’ ‘ചുരുങ്ങിയതു് ആറടി നീളമുള്ള ഒരിമ്പഴി വേണ്ടിവരും.’ ‘അതെവിടെനിന്നു കിട്ടും?’ ‘ജനാലയഴികൾക്കു ദുർഭിക്ഷമില്ലാത്തേടത്തു്, ഇരിമ്പുവടിക്കും ഞെരുക്കമില്ല തോട്ടത്തിന്റെ അറ്റത്തു, പഴയ ഇരിമ്പുകഷ്ണങ്ങൾ എന്റെ പക്കൽ ധാരളമുണ്ടു്.’ ‘പാതിരയ്ക്ക് ഏകദേശം മുക്കാൽ മണിക്കൂർ മുമ്പു്; മറക്കരുതു്.’ ‘അപ്പോൾ?’ ‘എന്താണു്?’ ‘ഇനി ഇങ്ങനെ വല്ല ആവശ്യങ്ങളും വേണ്ടിവരുമ്പോൾ, എന്റെ സഹോദരൻ അതിനു പറ്റിയ ആളാണു്. ഒന്നാന്തരം തുർക്കിക്കാരൻ!’ ‘നിങ്ങൾ അതു ക്ഷണത്തിൽ കഴിക്കണം.’ ‘എനിക്കു വേഗം വയ്യാ. ഞാൻ ദേഹസുഖമില്ലാത്തവനാണു്. അതുകൊണ്ടാണു്. എനിക്കു തുണക്കാരൻ വേണം. എന്റെ കാലിനു മുടന്തലുണ്ടു്.’ ‘മുടന്തൽ ഒരു ദോഷമല്ല; അതൊരു സമയം ഭാഗ്യമാണെന്നു വരാം. പോപ്പിനു വിരോധിയായ ഗ്രിഗറിയോടു യുദ്ധം ചെയ്ത ബെന്വാ എട്ടാമനെ വീണ്ടും സ്ഥാനത്തിരുത്തിയ ഏഴാമൻ ആങ്ങ്റി ചക്രവർത്തിക്കു രണ്ടു വിശേഷപ്പേരുണ്ടായിരുന്നു. ഋഷിയെന്നും കാൽമുടന്തനെന്നും.’

‘രണ്ടു പുറങ്കുപ്പായം നല്ലതാണു്.’ ഫൂഷൽവാങ്ങ് പിറുപിറുത്തു; അയാൾക്കു കേട്ടു കേട്ടു വാസ്തവത്തിൽ ഏതാണ്ടു മുഷിഞ്ഞിരുന്നു.

‘അപ്പോൾ, എനിക്കാലോചിച്ചിട്ടു്, ഒരു മണിക്കൂർ നല്ലവണ്ണം വേണമെന്നു തോന്നുന്നു; അതത്ര അധികമല്ല. പതിന്നൊന്നു മണിക്കു പ്രധാനമായിട്ടുള്ള തിരുവത്താഴമേശയ്കടുത്തു് ഇരിമ്പുവടിയുംകൊണ്ടു് നിങ്ങൾ തയ്യാറാവണം, പാതിരയായാൽ പ്രാർത്ഥനയാരംഭിക്കും.’ അതിനു് ഒരു കാൽമണിക്കൂർ മുൻപു് സകലവും ശരിപ്പെടുത്തണം.

‘എനിക്കു സംഘത്തോടുള്ള ഭക്തി കാണിപ്പാൻ ഞാൻ എന്തുതന്നെയും ചെയ്യും. ഇവയാണു് എനിക്കുള്ള ആജ്ഞകൾ. ഞാനാണു് ശവമഞ്ചം ആണിയിടേണ്ടതു്. ശരിക്കു പതിനൊന്നുമണിസ്സമയത്തു ഞാൻ ചെറുപള്ളിയിലുണ്ടാവനം. ഗായകസംഘത്തിലെ നാലു മാതാക്കന്മാരും അവിടെയുണ്ടായിരിക്കും. മദർ അസ്സെൻഷ്യൻ അവിടെ ഉണ്ടാവും. രണ്ടു പുരുഷന്മാരായിരുന്നു ഭേദം. ആട്ടെ, തരക്കേടില്ല! ഞാൻ എന്റെ വീണ്ടി കൊണ്ടുവരാം. ഞങ്ങൾ നിലവറ തുറക്കും. ശവമഞ്ചം താഴത്തിറക്കും. വീണ്ടും നിലവറയടയ്ക്കും. അതു കഴിഞ്ഞാൽപ്പിന്നെ അതിന്റെ അടയാളമൊന്നും അവിടെയുണ്ടാവില്ല. ഭരണാധികാരികൾക്കു സംശയമൊന്നും കിട്ടില്ല. അപ്പോൾ എല്ലാം ഏർപ്പാടായിക്കഴിഞ്ഞു?’ ‘ഇല്ല!’ ‘ഇനിയെന്താണു് ബാക്കി?’ ‘ഒഴിഞ്ഞ ശവമഞ്ചം ബാക്കിയുണ്ടു്.’ ഇതു കുറച്ചിടയ്ക്ക് ആരേയും മിണ്ടാതാക്കി. ഫൂഷൽവാങ്ങ് ധ്യാനിച്ചു. മഠാധ്യക്ഷ ധ്യാനിച്ചു.

‘ഫാദർ ഫൂവാങ്ങ്, ആ ശവമഞ്ചത്തെക്കൊണ്ടു് എന്തുവേണം?’ ‘അതു ഭൂമിയുടെ അടിയിലാക്കണം.’ ‘ഒഴിഞ്ഞോ?’ പിന്നെയും നിശ്ശബ്ദത. ഒരസ്വാസ്ഥ്യകരമായ വിഷയത്തെ തള്ളിക്കളയുമ്പോൾ ചെയ്യുന്ന അത്തരം ആംഗ്യം ഫൂഷൽവാങ്ങ് തന്റേ ഇടത്തേ കൈകൊണ്ടു കാണിച്ചു.

‘പള്ളിക്കുമ്മറത്തുവെച്ചു ഞാനാണു് ശവമഞ്ചം ആണിയിടേണ്ടതു്; മറ്റാരും അങ്ങോട്ടു കടന്നുവരാൻ നിവൃത്തിയില്ല; ഞാൻ അതിന്റെ മീതെ സംസ്കാരത്തുണിയിട്ടു മൂടും.’ ‘ഉവ്വു്, പക്ഷേ, ശവവണ്ടിയിൽ കേറ്റുമ്പോഴും പിന്നീടു് കുഴിയിലേക്കിറക്കുമ്പോഴും ശവമഞ്ചമെടുക്കുന്നവർ തീർച്ചയായും അതിലൊന്നുമില്ലെന്നു മനസ്സിലാക്കും.’ ‘എട, ചെകു-!’ ഫൂഷൽവാങ്ങ് ഉറക്കെപ്പറഞ്ഞുപോയി. മഠാധ്യക്ഷ കുരിശടയാളമിടാൻ ആരംഭിച്ചു; അവൾ തോട്ടക്കാരനു നേരെ സൂക്ഷിച്ചുനോക്കി. ‘-ത്താനേ എന്ന അവശേഷം അയാളുടെ തൊണ്ടയിൽ തറച്ചു നിന്നു. താൻ ആണയിട്ടുപോയി എന്നതു് അവൾ മറന്നുകളയാൻവേണ്ടി, അയാൾ ക്ഷണത്തിൽ ഒരു സൂത്രം ചെയ്തു. ‘ഞാൻ അതിന്നുള്ളിൽ മണ്ണു നിറയ്ക്കും. ശവമുണ്ടെന്നാലത്തെ ഫലം അതുകൊണ്ടുണ്ടാവും.’ ‘ശരിതന്നെ. മണ്ണും മനുഷ്യനും ഒന്നാണു്. അപ്പോൾ ആ ഒഴിഞ്ഞ ശവമഞ്ചത്തിന്റെ കാര്യം നിങ്ങളേറ്റൂ?’ ‘അതു ഞാൻ നേരെയാക്കിക്കൊള്ളാം.’ അതേവരെ ക്ഷോഭിച്ചതും നിറംകെട്ടതുമായിരുന്ന മഠാധ്യക്ഷയുടെ മുഖഭാവം ഒരിക്കൽക്കൂടി സഗൗരവമായി. പ്രമാണിത്തമേറിയ ഒരാൾ കീഴിലുള്ള ഒരാളെ പറഞ്ഞയയ്ക്കുമ്പോൾ കാണിക്കാറുള്ള ആംഗ്യം അവൾ കാട്ടി. ഫൂഷൽവാങ്ങ് വാതില്ക്കലേക്കു നടന്നു. പുറത്തേക്കു കടക്കുന്നതിനുമുൻപായി മഠാധ്യക്ഷ പതുക്കെ പറഞ്ഞു: ‘ഫാദർ ഫൂവാങ്ങ്, എനിക്കു നിങ്ങളെപ്പറ്റി സന്തോഷമുണ്ടു്; ശവസംസ്കാരം കഴിഞ്ഞു നാളെ നിങ്ങളുടെ സഹോദരനെ ഇങ്ങോട്ടു കൊണ്ടുവരാം, അയാൾ മകളേയും കൊണ്ടുപോന്നാട്ടെ.’

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ച് ചരിത്രകാരനും വെനെദിക്തു് കക്ഷിക്കാരനായ സന്ന്യാസിയും.

[2] അത്ര പ്രസിദ്ധനല്ല.

[3] റോമൻ ചക്രവർത്തി.

[4] മൂലത്തിൽ ഈ വാചകം ലാറ്റിനിലാണ്.

2.8.4
ഴാങ്ങ് വാൽഴാങ്ങിന്റെ മട്ടുകൊണ്ടു് അയാൾ ഒസ്തെങ്ങ് കസ്തിലെയൊവിന്റെ ഗ്രന്ഥങ്ങൾ വായിച്ചുനോക്കിയിട്ടുണ്ടെന്നു തോന്നും

ഒറ്റക്കണ്ണന്റെ കടാക്ഷവീക്ഷണങ്ങൾപോലെയാണു് ഒരു മുടന്തന്റെ കാൽവെപ്പുകൾ; ചെല്ലേണ്ട ദിക്കിൽ അവ വളരെ ജാഗ്രതയോടുകൂടിയൊന്നും എത്തില്ല. എന്നല്ല, ഫൂഷൽവാങ്ങ് ഒരു കുഴപ്പത്തിലായിരുന്നു. തോട്ടത്തിലുള്ള കുടിലിലേക്കു തിരിച്ചെത്താൻ അയാൾക്ക് ഏതാണ്ടു് മുക്കാൽ മണിക്കൂർ വേണ്ടിവന്നു. കൊസെത്തു് ഉണർന്നിരിക്കുന്നു. ഴാങ്ങ് വാൽഴാങ്ങ് അവളെ തിയ്യിനടുക്കൽ കൊണ്ടിരുത്തി. ഫൂഷൽവാങ്ങ് ചെല്ലുമ്പോൾ ചുമരിന്മീതെയുള്ള ആ വീഞ്ഞുകച്ചവടക്കാരന്റെ കൊട്ടയെ ചൂണ്ടിക്കാട്ടി ഴാങ്ങ് വാൽഴാങ്ങ് അവളോടു് ഇങ്ങനെ പറഞ്ഞുകൊടുക്കുയാണു്; ‘എന്റെ കൊസെത്തുകുട്ടി, ഞാൻ പറയുന്നതു ശ്രദ്ധവെച്ചു കേൾക്കണം. നമുക്ക് ഈ വീട്ടിൽനിന്നു പോകേണ്ടിയിരിക്കുന്നു; പക്ഷേ, നമുക്കു വീണ്ടും മടങ്ങി വന്നു് ഇവിടെ സുഖമായി താമസിക്കാം. ഇവിടെ താമസിക്കുന്ന ആ നല്ലനാൾ നിന്നെ അതിലാക്കി പുറത്തേറ്റിയിട്ടാണു് ഇവിടെനിന്നു കൊണ്ടുപോവാൻ ഭാവം. ഞാൻ വരുന്നതുവരെ നിയ്യൊരു മാന്യസ്ത്രീയുടെ വീട്ടിൽ താമസിക്കണം ഞാൻ നിന്നെ കൂട്ടിക്കൊണ്ടുപോരാൻ അവിടെ വരും. പറഞ്ഞതു കേൾക്കണം, മറ്റെല്ലാറ്റിനും മീതെ, ഒരു ശബ്ദവും മിണ്ടിപ്പോകരുതു്; മദാം തെനാർദിയെരുടെ കൈയിൽ ഇനിയും പെടേണ്ടെന്നുണ്ടെങ്കിൽ, ഇപ്രകാരം ചെയ്തോളൂ!’ കൊസെത്തു് സഗൗരവമായി തല കുലുക്കി. ഫൂഷൽവാങ്ങ് വാതിൽ തുറന്ന ശബ്ദം കേട്ടു് ഴാങ്ങ് വാൽഴാങ്ങ് തിരിഞ്ഞുനോക്കി. ‘ശരിയായോ?’ ‘എല്ലാം ശരിയായി, ഒന്നും ശരിയായിട്ടില്ല.’ ഫൂഷൽവാങ്ങ് പറഞ്ഞു. ‘നിങ്ങളെ കൊണ്ടുപോരാൻ എനിക്കു സമ്മതം കിട്ടി; പക്ഷേ, നിങ്ങളെ അകത്തേക്കു കൊണ്ടു പോരുന്നതിനുമുൻപു് നിങ്ങൾ പുറത്തായിക്കിട്ടണം. അവിടെയാണു് ദുർഘടമൊക്കെ. കുട്ടിയുടെ കാര്യം സാരമില്ല.’ ‘അവളെ നിങ്ങൾ കൊണ്ടുപോയ്ക്കൊള്ളും?’ ‘അവൾ ശബ്ദിക്കാതിരിക്കും?’ ‘അതു ഞാനേറ്റു.’ ‘പക്ഷേ, നിങ്ങൾ?’ ഉൽക്കണ്ഠകൊണ്ടു നിറഞ്ഞ കുറച്ചുനേരത്തെ മൗനത്തിനുശേഷം, ഫൂഷൽ വാങ്ങ് ഉറക്കെപ്പറഞ്ഞു: ‘എന്തിനു്, വന്ന വഴിയേ നിങ്ങൾ പുറത്തേക്കു പോവണം!’ ആദ്യത്തെ പ്രാവശ്യം ചെയ്തതുപോലെ, ഴാങ്ങ് വാൽഴാങ്ങ് ഇപ്പോഴും ‘അസാധ്യം’ എന്നു പറഞ്ഞു തൃപ്തിപ്പെട്ടു. ഫൂഷൽവാങ്ങ് പിറുപിറുത്തു—അധികവും തന്നോടായിട്ടാണു്, ഴാങ്ങ് വാൽഴാങ്ങോടല്ല; ‘മറ്റൊരു ഗ്രഹപ്പിഴയുണ്ഠ്. മണ്ണിട്ടുകൊള്ളാമെന്നു ഞാൻ പറഞ്ഞു. പിന്നെ ആലോചിക്കുമ്പോൾ, ശവത്തിനുപകരം മണ്ണായാൽ ശരിയാവില്ല, അതു പറ്റില്ല; അതു താഴത്തു വീഴും; അങ്ങോട്ടുമിങ്ങോട്ടും നീങ്ങും. ആളുകൾ അതറിയും, നോക്കണേ, ഫാദർ മദലിയെൻ, ഭരണാധികാരികൾ അതു് കണ്ടെത്തും.’ ഴാങ്ങ് വാൽഴാങ്ങ് അയാളുടെ കണ്ണിലേക്ക് ഇമവെട്ടാതെ നോക്കി; ആ മനുഷ്യൻ ഭ്രാന്തു പറകയാണെന്നു തോന്നി. ഫൂഷൽവാങ്ങ് തുടരുന്നു: ‘എന്തു ഗ്രഹപ്പിഴയിലൂടെയാണു് നിങ്ങൾ പുറത്തു ചാടുന്നത്? നാളെ രാവിലേക്ക് ഒക്കെ കഴിയണം. നാളെയാണു് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുവരേണ്ടതു്. മഠാധ്യക്ഷ നിങ്ങളെ കാത്തിരിക്കുന്നു.’

എന്നിട്ടു് അയാൾ ഴാങ്ങ് വാൽഴാങ്ങിനെ കാര്യം മനസ്സിലാക്കി, താൻ ഫൂഷൽവാങ്ങ്, സംഘത്തിലേക്കു ചെയ്തുകൊടുക്കുന്ന ഒരു സഹായത്തിനു പ്രതിഫലമായിട്ടാണു് ആ സമ്മതം കിട്ടിയതു്. അയാളുടെ ജോലികളിൽ ഒന്നു് അവരുടെ സംസ്കാരത്തിനു കൂടുകയാണു്; ശവമഞ്ചം ആണിയിടാനും കുഴിവെട്ടുകാരനെ സംസ്കാരത്തിനു സഹായിക്കാനും അയാളാണു്. അന്നു രാവിലെ മരിച്ചുപോയ സന്ന്യാസിനി താൻ അതുവരെ കിടന്നുപോന്ന ശവമഞ്ചത്തിൽത്തന്നെ മറവുചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുന്നു; എന്നല്ല, അവളെ പള്ളിയിലെ തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയിൽത്തന്നെ കുഴിച്ചുമൂടുകയും വേണം. പൊല്ലീസ്സുനിയമം ഇതു വിരോധിച്ചിട്ടുണ്ടു്; പക്ഷേ, ആ സ്ത്രീ മരിച്ചുപോയല്ലോ, അവളുടെ ആവശ്യം സാധിപ്പിക്കാതെ നിവൃത്തിയില്ല, മഠാധ്യക്ഷയും മഠനായികമാരുംകൂടി ആ മരിച്ചു പോയവളുടെ ആഗ്രഹം നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു. ഭരണാധികാരികളുടെ വല്ലാത്ത ഗ്രഹപ്പിഴ, താൻ ഫൂഷൽവാങ്ങ്, ചെറുമുറിയിൽവെച്ചു ശവമഞ്ചം ആണിയിട്ടു്, പള്ളിയിലുള്ള കല്ലു പൊക്കി. ശവം നിലവറയിലേക്ക് ഇറക്കിക്കൊടുക്കണം. അതിനുള്ള ഒരു നന്ദിയായി, മഠാധ്യക്ഷ അയാളുടെ സഹോദരനെ തോട്ടക്കാരനായിട്ടും മരുമകളെ വിദ്യാർഥിനിയായിട്ടും മഠത്തിലേക്കെടുത്തുകൊള്ളാമെന്നേറ്റിട്ടുണ്ടു്. ആ സഹോദരൻ മൊസ്സ്യു മദലിയെനാണു്; മരുമകൾ കൊസെത്തും. നാളെ രാവിലെ ആ കള്ളസംസ്കാരം കഴിഞ്ഞതിനുശേഷം സഹോദരനെ കൂട്ടിക്കൊണ്ടുവന്നുകൊള്ളാൻ മഠാധ്യക്ഷ പറഞ്ഞിരിക്കുന്നു. പക്ഷേ, മൊസ്സ്യു മദലിയെൻ പുറത്തുണ്ടെങ്കിലല്ലാതെ മൊസ്സ്യു മദലിയെനെ പുറത്തുനിന്നു കൂട്ടിക്കൊണ്ടു പോരാൻ നിവൃത്തിയില്ലല്ലോ. അതാണു് ഒന്നാമത്തെ ദുർഘടം. പിന്നെ, വേറെയൊന്നുണ്ടു്; ‘ഒഴിഞ്ഞ ശവമഞ്ചം.’

‘എന്താണു് ആ ഒഴിഞ്ഞ ശവമഞ്ചം?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘ഭരണാധികാരികളുടെ ശവമഞ്ചം.’ ‘എന്തു ശവമഞ്ചം? എന്തു ഭരണാധികാരികൾ?’ ‘ഒരു സന്ന്യാസിനി മരിക്കുന്നു.’ നഗരവൈദ്യൻ വന്നു പറയുന്നു, ‘ഒരു സന്ന്യാസിനി മരിച്ചു.’ ഭരണാധികാരികൾ ഉടനെ ഒരു ശവമഞ്ചമയയ്ക്കും. പിറ്റേ ദിവസം രാവിലെ അവർ ആ ശവമഞ്ചം ശ്മശാനത്തിലെത്തിക്കുവാൻ ഒരു ശവവണ്ടിയും മറവുചെയ്യാനുള്ള ആളുകളേയും അയയ്ക്കും. ശവം മറവുകാരുടെ ആൾ വന്നു ശവമെടുക്കും; അപ്പോൾ അതിലൊന്നുമുണ്ടാവില്ല.’ ‘അതിലെന്തെങ്കിലും വെക്കണം.’ ‘ഒരു ശവത്തെയോ? എന്റെ കൈയിലില്ലല്ലോ.’ ‘അല്ല.’ ‘പിന്നെ?’ ‘ഒരു ജീവനുള്ളാളെ.’ ‘ഏതാളെ?’ ‘എന്നെ!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ഇരിക്കുകയായിരുന്ന ഫൂഷൽവാങ്ങ്, തന്റെ കസാലയ്ക്കു ചുവട്ടിൽ ഒരു തിയ്യുണ്ട വീണു പൊട്ടിയാലത്തെപ്പോലെ, ഞെട്ടിത്തെറിച്ചു. ‘നിങ്ങളെ!’ ‘എന്തുകൊണ്ടു വയ്യാ?’ ആകാശത്തുനിന്നു മഴക്കാലത്തുണ്ടാകാറുള്ള മിന്നൽപോലെ, മുഖം മുഴുവനും തിളങ്ങുന്ന അഭൂതപൂർവമായ പുഞ്ചിരികളിൽ ഒന്നു് ഴാങ്ങ് വാൽഴാങ്ങിന്റെ മുഖത്തുണ്ടായി. ‘നിങ്ങൾ പറയുകയുണ്ടായല്ലോ, ഫൂഷൽവാങ്ങ്, ‘മദർ ക്രൂസിഫിക്ഷ്യൻ മരിച്ചു’ എന്നു്; ഞാൻ അതിനോടു കൂട്ടുന്നു, ‘ഫാദർ മദലിയെൻ സംസ്കരിക്കപ്പെട്ടു.’ ‘ഹാ, അതേ, നിങ്ങൾക്കു ചിരിക്കാം; നിങ്ങൾ കാര്യമായി പറകയല്ല.’ ‘വളരെ കാര്യമായിട്ടു്; എനിക്കിവിടെനിന്നു പുറത്തു ചാടണം.’ ‘നിശ്ചയമായും.’ ‘ഒരു കൊട്ടയും മൂടുതുണിയും എനിക്കും ഉണ്ടാക്കിത്തരാൻ ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.’ ‘എന്നിട്ടു്?’ ‘കൊട്ട ചവോക്കുമരംകൊണ്ടാവണം; മൂടുതുണി കറുത്തതും.’

‘ഒന്നാമതു, വെളുത്ത തുണിയായിരിക്കും. സന്ന്യാസിനിമാർ വെള്ളത്തുണിയിലാണു് സംസ്ക്കരിക്കപ്പെടാറു്.; ‘എന്നാൽ, വെളുത്ത തുണിയാവട്ടെ.’ ‘ഫാദർ മദലിയെൻ, നിങ്ങൾ സാധാരണജനങ്ങളുടെ മട്ടല്ല.’ തണ്ടുവലിശിക്ഷാസ്ഥലങ്ങളിലെ പൈശാചികങ്ങളും സാഹസമയങ്ങളുമായ കണ്ടുപിടുത്തങ്ങളല്ലാതെ മറ്റൊന്നുമല്ലാത്ത ഇത്തരം സൂത്രപ്പണി, തന്റെ ചുറ്റുമുള്ള സമാധാനയുക്തങ്ങളായ സംഗതികളിൽനിന്നു പൊന്തിവരികയും, അയാൾ പറഞ്ഞപോലെ, ‘ഒരു കന്യകാമഠത്തിലെ നിസ്സാരമായ ജീവിതഗതി’ യോടുകൂടിച്ചേരുകയും ചെയ്തുകണ്ടപ്പോൾ, റ്യു സാങ്ങ്ദെനിയിലെ ഓവിൽനിന്നു കടല്ക്കാക്ക മത്സ്യം പിടിക്കുന്നതു കണ്ടാൽ ഒരു വഴിപോക്കന്നുണ്ടാകാവുന്ന അമ്പരപ്പു് ഫൂഷൽ വാങ്ങിനേയും ബാധിച്ചു.

ഴാങ്ങ് വാൽഴാങ്ങ് തുടർന്നു: ‘ആരും കാണാതെ ഇവിടെനിന്നു പുറത്തു ചാടിക്കിട്ടുകയാണല്ലോ നമുക്കു വേണ്ടതു്. ഇതു് അതിന്നുള്ള വഴി കാട്ടിത്തന്നു. അപ്പോൾ ഒന്നാമതായി ഒരു വിവരം എനിക്കു പറഞ്ഞുതരൂ എങ്ങനെയാണു് അതിന്റെ മട്ടു്? ഈ ശവമഞ്ചം എവിടെയുണ്ടു്?’ ‘ഒഴിഞ്ഞതോ?’ ‘അതേ.’ ‘താഴത്തു, മരണമച്ച് എന്നു പറയുന്നേടത്തു്. ശ്മശാനത്തുണിക്കുള്ളിൽ അതു രണ്ടു നാല്ക്കാലികൾക്കു മീതെയിരിക്കുന്നു’ ‘ഈ ശവമഞ്ചം നീളമെന്തുണ്ടു്?’ ‘ആറടി’ ‘ഈ മരണമച്ചേതാണു്?’ ‘അതു താഴത്തേ നിലയിൽ, തോട്ടത്തിലേക്കഭിമുഖമായി, ഇരിമ്പഴിയിട്ട ഒരു ജനാലയോടുകൂടിയ മച്ചാണു്; ആ ജനാല ഒരഴിവാതിൽകൊണ്ടു പുറത്തുനിന്നു് അടച്ചിട്ടിരിക്കും. അതിനു രണ്ടു വാതിലുണ്ടു്; ഒന്നു കന്യകാമഠത്തിലേക്കും, മറ്റൊന്നു പള്ളിയിലേക്കും.’ ‘ഏതു പള്ളി?’ ‘തെരുവിലേക്കുള്ള പള്ളി, ആർക്കും കടന്നുവരാവുന്ന പള്ളി.’ ‘ആ രണ്ടു വാതിലിന്റേയും താക്കോൽ നിങ്ങളുടെ വശമുണ്ടോ?’ ‘ഇല്ല; കന്യകാമഠത്തിലേക്കുള്ള വാതിലിന്റെ താക്കോൽ എന്റെ പക്കലുണ്ടു്; പള്ളിയിലേക്കുള്ള വാതിലിന്റെ താക്കോൽ പടിക്കാവല്ക്കാരന്റെ കൈയിലാണു്.’ ‘പടിക്കാവല്ക്കാരൻ ആ വാതിൽ എപ്പോഴാണു് തുറക്കുക?’ ‘ശവമഞ്ചം കൊണ്ടുപോകുവാൻ ശവംമറവുകാരുടെ ആളുകൾ വരുമ്പോൾ, അവരെ അകത്തേക്കു കടത്താൻമാത്രം. ശവമഞ്ചം കൊണ്ടുപോയ്ക്കഴിഞ്ഞാൽ, വാതിൽ വീണ്ടും പൂട്ടപ്പെടും.’ ‘ശവമഞ്ചത്തിനു് ആരാണി തറയ്ക്കും?’ ‘ഞാൻതന്നെ.’ ശ്മശാനത്തുണി ആർ നിവർത്തിയിടും?’ ‘ഞാൻതന്നെ.’ ‘നിങ്ങൾ തനിച്ചേ ഉണ്ടാവു?’ ‘മറ്റാരുമില്ല; മരിച്ചുകിടക്കുന്നേടത്തേക്കു ഞാനും വൈദ്യനുമല്ലാതെ, വേറെയാരും കടക്കില്ല. അതു ചുമരിൽ എഴുതിവെച്ചിട്ടുകൂടിയുണ്ടു്.’

‘എല്ലാവരും ഉറക്കമായതിനുശേഷം, എന്നെ നിങ്ങൾക്ക് ആ മുറിയിൽ ഒളിച്ചു നിർത്താൻ സാധിക്കുമോ?’ ‘ഇല്ല. പക്ഷേ, ആ മരണമച്ചിലേക്കു കടക്കുന്ന പഴുതിന്റെ ഒരു ചെറിയ ഇരുട്ടു മുക്കിൽ നിങ്ങളെ ഞാൻ നിർത്താം; ശവസംസ്കാരത്തിനു വേണ്ട സാമാനങ്ങൾ അതിലാണു് ഞാൻ സൂക്ഷിക്കുന്നതു്; അതിന്റെ താക്കോൽ എന്റെ കൈയിലാണു്.’ ‘നാളെ ഏതു സമയത്താണു് ശവത്തെ കൊണ്ടുപോവാനുള്ള വണ്ടിയെത്തുക?’ ‘ഉച്ച തിരിഞ്ഞ് ഏകദേശം മൂന്നു മണിക്ക്. വോഗിരാർ ശവപ്പറമ്പിൽ സന്ധ്യയാവുന്നതിനു കുറച്ചു മുമ്പായി, ശവം മറവുചെയ്യും. അതത്ര അടുത്തല്ല.’ ‘രാത്രി മുഴുവനും രാവിലെനേരവും ഞാൻ നിങ്ങളുടെ സാമാനസ്സൂക്ഷിപ്പറയിൽ ഒളിച്ചിരുന്നുകൊള്ളാം. അപ്പോൾ ഭക്ഷണത്തിനോ? എനിക്കു വിശക്കുമല്ലോ.’ ‘എന്തെങ്കിലും ഞാൻ കൊണ്ടുവന്നു തരും.’ ‘രണ്ടു മണിയോടുകുടി നിങ്ങൾക്കു വന്നു് എന്നെ ശവമഞ്ചത്തിലിട്ടു് ആണി മേടാം.’ ഫൂഷൽവാങ്ങ് ഒന്നു പിന്നോക്കം ചൂളി, കൈവിരലുകളുടെ സന്ധികൾ പിടിച്ചു പൊട്ടിച്ചു. പക്ഷേ, അതു സധ്യമല്ല.’ ‘എന്ത്! ഒരു ചുറ്റികയെടുത്തു് ഒരു പലകമേൽ ചില ആണി മേടിത്തറയ്ക്കുന്നതു് അസാധ്യമോ?’ ഞങ്ങൾ ആവർത്തിക്കട്ടെ, ഫൂഷൽവാങ്ങിനു് അപൂർവമായി തോന്നിയതു ഴാങ്ങ് വാൽഴാങ്ങിനു് ഒരു നിസ്സാരസംഗതിയായിരുന്നു. ഇതിലും വലിയ അപകടങ്ങളിൽ ഴാങ്ങ് വാൽഴാങ്ങ് പെട്ടുകഴിഞ്ഞിട്ടുണ്ടു്. രക്ഷാമാർഗത്തിന്റെ വ്യാസരേഖയ്ക്കു പാകത്തിൽ ഒതുങ്ങിച്ചുരുളേണ്ടതെങ്ങിനെയെന്നു തടവുകാരനായിട്ടുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാവും, ജീവിപ്പിക്കുകയോ കൊന്നുകളയുകയോ രണ്ടിലൊന്നു ചെയ്യുമെന്നു തീർച്ചയുള്ള ഒരു മഹാപത്തിനു രോഗി വശംവദനായിരിക്കുന്നതുപോലെ, ഒളിച്ചുച്ചാടലിനു തടവുപുള്ളിയും വശംവദനാണു്. ഒളിച്ചുച്ചാടൽ രോഗം മാറലാണു്. ഒരു രോഗം മാറാൻവേണ്ടി മനുഷ്യൻ എന്തുതന്നെ ചെയ്യുകയില്ല? ഒരു പെട്ടിക്കുള്ളിലിട്ടു് ആണി തറയ്ക്കപ്പെട്ടു്, ഒരു സാമാനക്കെട്ടുപോലെ,കൊണ്ടുപോകപ്പെടുക; ഒരു പെട്ടിയിൽ വളരെനേരം കഴിച്ചുകൂട്ടുക; കാറ്റു കിട്ടാത്തേടത്തു ശ്വാസം അടക്കിനിർത്താനറിയുക—ദുഃഖമയങ്ങളായ ഴാങ്ങ് വാൽഴാങ്ങിന്റെ ബുദ്ധിസാമർത്ഥ്യങ്ങളിൽ ഒന്നാണിതു്.

അത്രമാത്രമല്ല, ഒരു ജിവനോടുകൂടിയ ശവമഞ്ചം—തടവുപുള്ളിയുടെ ആ ഉപായം—ഒരു രാജകീയപ്രഭാവത്തോടുകൂടിയ ഉപായപ്പണിയാണു്. ഒസ്തെങ്ങ് കസ്തിലെയൊ മതാചാര്യനെ നമുക്കു വിശ്വസിക്കാമെങ്കിൽ, രാജഭ്രഷ്ടനയതിനുശേഷം അഞ്ചാമൻ ഷാർൽ പ്ലൊബിനെ ഒടുവിലത്തെ ഒരു നോക്കു കാണാൻ വേണ്ടി പ്രയോഗിച്ച വിദ്യ ഇതായിരുന്നുവല്ലോ.

അദ്ദേഹം ഈ നിലയിൽ അവളെ സാങ്ങ്യുസ്തു് സന്ന്യാസിമഠത്തിൽനിന്നു വരുത്തി തിരികെയയച്ചു. കുറച്ചു സ്വബോധം വീണ്ടുകിട്ടിയതിനുശേഷം ഫൂഷൽവാങ്ങ് ഉച്ചത്തിൽപ്പറഞ്ഞു: ‘അപ്പോൾ നിങ്ങളെങ്ങിനെ ശ്വാസം കഴിക്കും?’ ‘ഞാൻ ശ്വാസം കഴിച്ചുകൊള്ളും.’ ‘ആ പെട്ടിയിൽ! അതു വിചാരിക്കുമ്പോൾത്തന്നെ എനിക്കു ശ്വാസം മുട്ടുന്നു.’

‘നിങ്ങളുടെ കൈയിൽ ഒരു തുരപ്പനുളി വേണം; എന്റെ വായയ്ക്കു ചുറ്റുമായി അവിടവിടെ കുറച്ചു സുഷിരങ്ങളുണ്ടാക്കണം; മുകളിലെ മൂടിക്കു കുറച്ചവിട്ടേ ആണി തറയ്ക്കാവൂ.’

‘ശരി, അപ്പോൾ നിങ്ങൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തുപോയാൽ?’ ‘ഒളിച്ചുചാടി രക്ഷപ്പെടാൻ നോക്കുമ്പോൾ ചുമയ്ക്കുകയോ തുമ്മുകയൊ പതിവില്ല.’ ഴാങ്ങ് വാൽഴാങ്ങ് തുടർന്നു: ‘ഫാദർ ഫൂഷൽവാങ്ങ്, നമ്മൾ ഒന്നു തീർച്ചയാക്കണം; ഞാൻ ഇവിടെവെച്ചു പിടിക്കപ്പെടണം; അല്ലെങ്കിൽ ശവവണ്ടിയിലൂടെയുള്ള ഈ രക്ഷാമാർഗം സ്വീകരിക്കണം.’ പകുതിയടയ്കപ്പെട്ട രണ്ടു വാതിൽകീറുകളുടെ ഇടയിൽ ശങ്കിച്ചുനില്ക്കുകയും മിനക്കെടുകയും ചെയുവാൻ പൂച്ചകൾകുള്ള വാസന എല്ലാവരും നോക്കിയിരിക്കും. ഒരു പൂച്ചയോടു, ‘കടക്കാം’ എന്നു പറഞ്ഞിട്ടില്ലാത്ത ആൾ ആരാണ്! ഒരു കാര്യം പകുതി തുറക്കപ്പെട്ടു മുൻപിൽ നില്ക്കേ, ആ ആകസ്മികസംഭവത്തെ കർമഗതി പെട്ടന്നു കടന്നടച്ച് അതിനുള്ളിൽക്കിടന്നു ചതഞ്ഞാലുമാവട്ടെ എന്നുവെച്ചു രണ്ടു തീർപ്പുകൾക്കിടയിൽ ശങ്കിച്ച് അനങ്ങാതെ നില്ക്കാൻ അതേ ഒരു വാസനയോടുകൂടിയ മനുഷ്യരുണ്ടു്. പൂച്ചകളായിട്ടും, പൂച്ചകളായതുകൊണ്ടും, ദീർഘസൂത്രക്കാർ ചിലപ്പോൾ സാഹസികളെക്കാളധികം അപകടത്തിൽപ്പെടാറുണ്ടു്. ഫൂഷൽവാങ്ങ് ഇത്തരം ദുശ്ശങ്കക്കാരിൽ ഒരാളാണു്. പക്ഷേ, അതെന്തായിട്ടും ഴാങ്ങ് വാൽഴാങ്ങിന്റെ പരിഭ്രമമില്ലായ്ക അയാളെ കീഴടക്കിക്കളഞ്ഞു. അയാൾ പിറുപിറുത്തു: ‘ഉം, വേറെ മാർഗ്ഗമില്ലാത്ത സ്ഥിതിക്ക്.’ ഴാങ്ങ് വാൽഴാങ്ങ് തുടർന്നു. ശ്മശാനസ്ഥലത്തെത്തിയാൽ പിന്നത്തെ കഥയെന്താണെന്നു മാത്രമേ എനിക്കു ഭയമുള്ളൂ.’ അതുമാത്രമാണു് ഭയപ്പെടാനില്ലാത്തതു്.’ ഫൂഷൽവാങ്ങ് ഉറക്കെപ്പറഞ്ഞു. ‘ശവമഞ്ചത്തിൽനിന്നു തരക്കേടൊന്നും കൂടാതെ നിങ്ങൾക്കു പുറത്തേക്കു വരാമെന്നുണ്ടെങ്കിൽ, ശവക്കുഴിയിൽനിന്നു ഞാൻ നിങ്ങളെ പുറത്താക്കാം, തീർച്ചയാണു്. കുഴിവെട്ടുകാരൻ കുടിയനാണു്. എന്റെ സ്നേഹിതനുമാണു്. അയാളെ ഫാദർ മെസ്തിന്നു് എന്നു പറയും. പഴയമട്ടിലുള്ള ഒരു വയസ്സൻ. കുഴിവെട്ടുകാരൻ ശവങ്ങളെ കുഴിയിലിടുന്നു; ഞാൻ കുഴിവെട്ടുകാരനെ എന്റെ കുപ്പായകീശയിലുമിടുന്നു. ഉണ്ടാവുന്നതു ഞാൻ പറയാം. അവർ സന്ധ്യയ്ക്കു കുറച്ചുമുന്പായി വരും—ശ്മശാനത്തിന്റെ പടിയടയ്ക്കുന്നതിനു് ഒരു മുക്കാൽ മണിക്കൂർ മുമ്പു് വണ്ടി നേരെ ശവക്കുഴി വക്കത്തെയ്ക്കടുക്കും. ഞാൻ കൂടെയുണ്ടാവും; അതെന്റെ പ്രവൃത്തിയാണു്. ഒരു ചുറ്റികയും ഒരുളിയും ചില ചവണകളും എന്റെ കീശയിലുണ്ടാകും. വണ്ടി ചെന്നുനില്ക്കും. ശവംമറവുകാരുടെ ആളുകൾ നിങ്ങളുടെ ശവമഞ്ചത്തിനു് ഒരു കുടുക്കിട്ടു, നിങ്ങളെ താഴത്തേക്കിറക്കും. മതാചാര്യൻ പ്രാർത്ഥനകൾ ചൊല്ലും, കുരിശടയാളമിടും, പരിശുദ്ധജലം തളിക്കും, അയാളുടെ പാട്ടിൽ പോവും. ഞാനും ഫാദർ മെസ്തിന്നും അവിടെ തനിച്ചാവും. ഞാൻ പറഞ്ഞുവല്ലോ, അയാൾ എന്റെ സ്നേഹിതനാണു്. രണ്ടിലൊന്നു വരും; ഒന്നുകിൽ അയാൾക്കു ബോധമുണ്ടാവും, അല്ലെങ്കിൽ ബോധമുണ്ടാവില്ല. അയാൾ കുടിച്ചിട്ടില്ലെങ്കിൽ, ഞാൻ പറയും: ‘വരൂ, നല്ല പഴം (ചാരായക്കട) അടയ്ക്കുന്നതിനു മുമ്പു നമുക്കൊരുപാത്രം കുടിക്കുക.’ ഞാൻ അയാളേയും കൊണ്ടുപോവും; ഞാൻ അയാളെക്കൊണ്ടു നല്ല കുടി കുടിപ്പിക്കും—ഫാദര്‍ മെസ്തീന്നെ തന്റേടം മറപ്പിക്കാൻ വലിയ താമസമൊന്നും വേണ്ടാ; അയാൾക്ക് ഏതു സമയത്തും അതിന്റെ പുറപ്പാടേ ഉള്ളൂ—അയാളെ ഒരു മേശച്ചുവട്ടിലിട്ടു് അയാളുടെ ശീട്ടു ഞാൻ കൈയിലാക്കും; ശീട്ടുണ്ടായാൽ എനിക്കു വീണ്ടും ശ്മശാനത്തിലേക്കുതന്നെ വരാമല്ലോ; അങ്ങനെ ഞാനയാളെ കൂടാതെ പോരും. അപ്പോൾ എന്നോടല്ലാതെ മറ്റാരോടും നിങ്ങൾക്കു കാര്യം പറയാനില്ല. അല്ല, അയാൾ കുടിച്ചിട്ടാണു് വന്നിട്ടുള്ളതെങ്കിൽ, ഞാൻ പറയും: ‘പൊയ്ക്കോളൂ, തന്റെ പണി ഞാനിവിടെ കഴിച്ചോളാം.’ അയാൾ ഒരു നട നടക്കും; ഞാൻ നിങ്ങളെ കുഴിയിൽനിന്നു വലിച്ചുകേറ്റും.’ ‘ഴാങ്ങ് വാൽഴാങ്ങ് കൈ നീട്ടി; ഒരു കൃഷീവലന്റെ ഹൃദയം നിറഞ്ഞ വികാരാവേഗത്തോടുകൂടി ഫൂഷൽവാങ്ങ് അതിന്റെ മീതെ വീണു.

‘അപ്പോൾ അതു തീർച്ചപ്പെട്ടു. എല്ലാം ശരിയാവും.’ ‘തരക്കേടൊന്നും വന്നില്ലെങ്കിൽ,’ ഫൂഷൽവാങ്ങ് വിചാരിച്ചു. ‘വന്നാലോ, ഇതിലും മീതെ ഒരാപത്തില്ല.’

2.8.5
അനശ്വരകീർത്തിമാനാവാൻ കുടിച്ചേ പറ്റു എന്നില്ല

പിറ്റേ ദിവസം, സൂര്യൻ അസ്തമിക്കാറായതോടുകൂടി ബുൽവാർദ്യുമേൻ നടക്കാവിലൂടെ നടന്നുപോകുന്ന ചുരുക്കം ചില വഴിപോക്കരുള്ളവർ, തലയോടുകളാലും എല്ലുകളാലും കണ്ണുനീരുകളാലും ചിത്രിതമായ ഒരു പഴയതരം ശവവണ്ടിയെ ഉപചരിച്ചു തലയിൽനിന്നു തൊപ്പിയെടുത്തു. ഈ വണ്ടിയിൽ, കൈകൾ തൂക്കിയിട്ട ഒരു വലിയ ശവത്തെപ്പോലെ, ഒരു വലിയ കറുത്ത കുരിശു വരച്ചിട്ടുള്ള ഒരു വെള്ളത്തുണിയാൽ മൂടപ്പെട്ട ഒരു ശവമഞ്ചമുണ്ടായിരുന്നു, വെള്ളനിലയങ്കിയിട്ട ഒരു മതാചാര്യനേയും ചുകന്ന തൊപ്പി വെച്ച ഒരു ഗായകക്കുട്ടിയേയും വഹിക്കുന്ന ഒരു ദുഃഖോചിതവാഹനം പിന്നാലെയുണ്ടു്. നരച്ച നിറത്തിലുള്ളതും കറുപ്പുശീലകൊണ്ടു വക്കുവെച്ചതുമായ ഉടുപ്പിട്ട ശവംമറവുകാരുടെ ആൾക്കാർ രണ്ടു പേർ ശവവണ്ടിയുടെ ഇടത്തും വലത്തുമായി നടക്കുന്നു. അതിനു പിന്നിൽ ഒരു കൂലിക്കാരന്റെ ഉടുപ്പിട്ട ഒരു കിഴവനുമുണ്ടായിരുന്നു; അയാൾ മുടന്തുകയാണു്. ആ ഘോഷയാത്രയുടെ പോക്കു വോഗിരാർ ശ്മശാനത്തിനു നേർക്കായിരുന്നു.

ഒരു ചുറ്റികയുടെ പിടിയും, ഒരു മൂർച്ചയുള്ള ഉളിയുടെ അലകും ഒരു ജോടി ചവണയുടെ കൊമ്പുകളും ആ മനുഷ്യന്റെ കുപ്പായക്കീശയിൽനിന്നു തുറിച്ചു നില്ക്കുന്നുണ്ടു്.

വോഗിരാർ ശ്മശാനം പാരിസ്സിലെ മറ്റു ശ്മശാനങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു. അതിന്റെ വണ്ടിപ്പടയും പടിവാതിലും വേറെയായിരുന്നതുപോലെ, അതിന്നുള്ളിലെ നടപടികൾക്കൊക്കെയും വ്യത്യാസമുണ്ടു്. ഞങ്ങൾ മുൻപു തന്നെ പറഞ്ഞിട്ടുള്ളതുപോലെ റ്യു പെത്തിക്പ്യുവിലെ കന്യകാമഠസംഘക്കാർ ഒരു കാലത്തു തങ്ങളുടേതായിരുന്ന ആ സ്ഥലത്തിന്റെ ഒരറ്റത്തു് ഒരൊഴിഞ്ഞ മൂലയിൽ രാത്രിസമയത്തു ശവസംസ്കാരം ചെയ്യാനുള്ള അനുവാദം മേടിച്ചിട്ടുണ്ടായിരുന്നു. അതുകാരണം, വേനല്ക്കാലത്തു വൈകുന്നേരവും വർഷകാലത്തു രാത്രിയും ആ ശ്മശാനത്തിൽ ശവക്കുഴി വെട്ടുകാർക്കു പണിയുണ്ടായിരുന്നതുകൊണ്ടു്, അവർ ഒരു നിയമവിശഷേമനുസരിച്ചു പ്രവർത്തിച്ചുകൊള്ളണമെന്നു വെച്ചിരുന്നു. അക്കാലത്തു സന്ധ്യയോടുകൂടി പാരിസ്സിലുള്ള ശ്മശാനങ്ങളുടെ പടിവാതിലുകൾ അടയ്ക്കപ്പെടും; അതു മുനിസിപ്പാലിറ്റി നിയമമായതുകൊണ്ടു, വോഗിരാർ ശ്മശാനവും അക്കാര്യത്തിൽ മറ്റുള്ളവയുടെ കൂട്ടത്തിൽ കൂടേണ്ടിയിരുന്നു. വണ്ടിപ്പടയും പടിവാതിലും, പണ്ടു പെരോനെ എന്ന ആശാരിയാൽ, പണിചെയ്യപ്പെട്ടതും വാതില്ക്കാവല്ക്കാരൻ പാർത്തുവരുന്നതുമായ ഒരു മണ്ഡപപ്പുരയ്ക്കടുത്തു് ഇരിമ്പഴിപ്പടികളോടുകൂടിയ രണ്ടെണ്ണമാണു്. സൂര്യൻ ആസ്പത്രിയുടെ കുംഭഗോപുരത്തിനു പിന്നിൽ മറഞ്ഞാൽ ആ രണ്ടു പടിവാതിലുകളും തിരികുറ്റികളിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുകൂടും. അതിനുശേഷം വല്ല ശവക്കുഴി വെട്ടുകാരും ആ ശവപ്പറമ്പിനുള്ളിൽ പെട്ടുപോയെങ്കിൽ അവർക്കു പുറത്തേക്കു കടക്കാൻ ഒരു മാർഗം മാത്രമേ ഉള്ളു—ഭരണാധികാരികൾ ശവസംസ്കാരവകുപ്പിൽനിന്നു കൊടുത്തിട്ടുള്ള ശീട്ടു കാണിച്ചുകൊടുക്കുക. പടികാവല്ക്കാരന്റെ ജനാല്ക്കൽ ഒരുതരം കത്തുപെട്ടിയുണ്ടാക്കിയിട്ടുണ്ടു്. ശവക്കുഴിവെട്ടുകാരൻ അതിൽ ശീട്ടിടുന്നു; അതു വീഴുന്നതു കാവല്ക്കാരൻ കേൾക്കും; ഉടനെ കയർ പിടിച്ചുവലിക്കപ്പെടും; വാതിൽ തുറക്കപ്പെടും. ശീട്ടു കൈയിലില്ലെങ്കിൽ, ആ കുഴിവെട്ടുകാരൻ പേർ പറഞ്ഞുകൊടുക്കണം. എന്നാൽ, കിടന്നുറങ്ങുകയായിരിക്കാവുന്ന കാവല്ക്കാരൻ എഴുന്നേറ്റു പുറത്തേക്കു വന്നു്, ആളെ നോക്കി മനസ്സിലാക്കി, തന്റെ താക്കോൽകൊണ്ടു പടി തുറന്നുകൊടുക്കും; ശവക്കുഴിവെട്ടുകാരന്നു പുറത്തേക്കു പോവം; പക്ഷേ, പതിനഞ്ച് ഫ്രാങ്ക് പിഴ കൊടുക്കണം.

സാധാരണനിയമങ്ങളിൽനിന്നു വിട്ടു പല നിബന്ധനകൾക്കും കീഴ്പ്പെട്ടിട്ടുള്ള ഈ ശ്മശാനം ഭരണാധികാരികളെ ബുദ്ധിമുട്ടിച്ചു. 1830 കഴിഞ്ഞ് അധികം താമസിക്കാതെ അവർ അതടച്ചുകളഞ്ഞു. പൗരസ്ത്യശ്മശാനം എന്നു പറയപ്പെട്ടിരുന്ന മൊങ്ങ്പർനാസ്സിലെ ശ്മശാനമാണു് ആ സ്ഥാനമെടുത്തതു്. ഒരു പഴത്തിന്റെ ചിത്രം വരച്ചിട്ടുള്ള ഒരു പലക തൂങ്ങിക്കിടക്കുന്നതും ഒരു വശത്തു മദ്യപന്മാരുടെ മേശകളാലും മറുവശത്തു ശവകുടീരങ്ങളാലും ഒരു കോണുണ്ടാക്കപ്പെട്ടതുമായി വോഗിരാർ ശ്മശാനത്തിന്നടുത്തുണ്ടായിരുന്ന ആ പ്രസിദ്ധ ചാരായക്കടയും അവകാശപ്രകാരം അങ്ങോട്ടു നീങ്ങി.

വോഗിരാറിലെ ശ്മശാനം ഒരു മങ്ങിപ്പോയ ശ്മശാനമാണെന്നു പറയാം. അതുപയോഗിക്കാതായിത്തുടങ്ങി. അവിടെ മൂടൽ വ്യാപിച്ചു; അതിനെ പുഷ്പങ്ങൾ ഉപേക്ഷിച്ചു. വോഗിരാറിൽ മറവുചെയ്യപ്പെടുന്നതു പ്രമാണികൾക്ക് അത്ര പ്രിയമില്ലെന്നായി; അതു ദാരിദ്രത്ത്യത്തെ സൂചിപ്പിച്ചു. പെർലഷെസ്സിലാവണം! പെർലഷെസ്സിൽ മറവുചെയ്യപ്പെടുന്നതു ചേലവീട്ടികൊണ്ടു വീട്ടുസാമാനങ്ങളുണ്ടാക്കിക്കുന്നതിനു സമമാണു്. അതൊരു ധാടിയാണെന്നു വെച്ചിരിക്കുന്നു. വോഗിരാർ ശ്മശാനം പണ്ടത്തെ ഒരു ഫ്രഞ്ച് തോട്ടത്തിന്റെ ഛായയിൽ മരം വെച്ചുപിടിപ്പിച്ച ഒരു ബഹുമാന്യസ്ഥലമാണു്. നേർക്കുള്ള നടവഴികളും കാവൽപ്പുരയും മരങ്ങളും, പരിശുദ്ധവും പുരാതനവുമായ ശവകുടീരപരമ്പരയും, നീളമേറിയ പുല്ലുകളും. വൈകുന്നേരമായാൽ അവിടം ഭയങ്കരമാണു്. അതിലെങ്ങും ദുഃഖമയങ്ങളായ നിഴല്പാടുകൾ ചിന്നും.

വെളുത്ത ശ്മശാനത്തുണിയും കറുത്ത കുരിശുമുള്ള ശവവണ്ടി വോഗിരാർ ശ്മശാനത്തിൽ നടക്കാവിലെത്തിയപ്പോൾ സൂര്യൻ അസ്തമിച്ചുകഴിഞ്ഞിട്ടില്ല. അതിന്റെ പിന്നാലെ നടന്നിരുന്ന മുടന്തൻ ഫൂഷൽവാങ്ങല്ലാതെ മറ്റാരുമല്ല. തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയിൽ മദർ ക്രൂസിഫിക്ഷ്യനെ മറവുചെയ്യുക, കൊസെത്തു് പുറത്തെത്തുക, ഴാങ്ങ് വാൽഴാങ്ങ് മരണമച്ചിൽ എത്തിക്കൂടുക—ഇതൊക്കെ പ്രയാസമില്ലാതെ കഴിഞ്ഞുകൂടി; അതിന്റെയൊന്നും ഇടയ്ക്കു കമ്പുണ്ടായിരുന്നില്ല. കൂട്ടത്തിൽ പറഞ്ഞുവെക്കട്ടെ, കന്യകാമഠത്തിലെ തിരുവത്താഴമേശയ്ക്കു ചുവട്ടിൽ മദർ ക്രൂസിഫിക്ഷ്യനെ മറവുചെയ്തു എന്നുള്ളതു ഞങ്ങളുടെ കണ്ണിനു തികച്ചും ക്ഷന്തവ്യമായ ഒരപരാധമാണു്. ഒരു ചുമതലയെപ്പോലുള്ള തെറ്റുകളിൽ ഒന്നാണതു്. സന്ന്യാസിനിമാർ പ്രയാസമൊന്നുമില്ലാത, എന്നല്ല മനസ്സാക്ഷിയുടെ അഭിനന്ദനത്തോടുകൂടിത്തന്നെ, അതു ചെയ്തുകഴിച്ചു. സന്ന്യാസിമഠത്തിൽനിന്നു നോക്കുമ്പോൾ ‘രാജ്യഭരണം’ എന്നതു് അധികാരത്തോടുകൂടിയുള്ള ഒരനാവശ്യപ്രവേശം മാത്രമാണു്; എപ്പോഴും മര്യാദയ്ക്കു വിരുദ്ധമായുള ഒരലട്ടൽ. ഒന്നാമതു മഠനിയമം, ഭരണനിയമം, പിന്നെ, ഹേ മനുഷ്യരേ, നിങ്ങൾക്കു വേണ്ടിടത്തോളം നിയമങ്ങൾ ഉണ്ടാക്കിക്കൊൾവിൻ; പക്ഷേ, അവ നിങ്ങളുടെ അടുക്കൽത്തന്നെ വെച്ചാൽ മതി. ഈശ്വരന്നുള്ള കപ്പങ്ങളൊക്കെക്കൊടുത്തിട്ടു ബാക്കിയുള്ളതു ചക്രവർത്തിക്ക്. ഒരു ധർമനിഷ്ഠയുടെ മുൻപിൽ ഒരു രാജാവെന്നുവെച്ചാൽ ഒന്നുമില്ല. ശവവണ്ടിയുടെ പിന്നിൽ ഫൂഷൽവാങ്ങ് മനസ്സമാധാനത്തോടുകൂടി നൊണ്ടി, അയാളുടെ രണ്ടു യുക്തികളും, ഒന്നു സന്ന്യാസിനികളോടെടുത്തതും—അതേ, കന്യകാമഠത്തിനുവേണ്ടി ചെയ്തത്—മറ്റൊന്നു കന്യകാമഠത്തിനെതിരായി ചെയ്തതും—അതേ, മൊസ്സ്യു മദലിയെന്നു വേണ്ടിയുള്ളത്—രണ്ടും നല്ല കുറിക്കു കൊണ്ടിട്ടുണ്ടെന്നുതന്നെ തോന്നി. ഴാങ്ങ് വാൽഴാങ്ങിന്റെ ശാന്തത നാലുപുറത്തും പരന്നു പിടിക്കുന്ന അത്തരം ശക്തിമത്തുക്കളായ മനശ്ശാന്തതകളിൽ ഒന്നായിരുന്നു. താൻ ജയിക്കുമോ എന്ന കാര്യത്തിൽ ഫൂഷൽവാങ്ങിനു സംശയമില്ലാതായി.

ഇനി ചെയ്യാനുള്ളതു് ഒരു സാരവുമില്ല. കഴിഞ്ഞ രണ്ടു കൊല്ലത്തിന്നുള്ളിൽ അയാൾ ഒരു ‘ചിരിച്ചിക്കവിള’ നായ ആ ഫാദർ മെസ്തിന്നെക്കൊണ്ടു ചുരുങ്ങിയതു പത്തുതവണ കള്ളുകുടിപ്പിച്ചിട്ടുണ്ടു്. അയാൾ ഫാദർ മെസ്തിന്നെക്കൊണ്ടു കളിയാടി; തനിക്കു വേണ്ടതെല്ലാം അയാളെക്കൊണ്ടു ചെയ്യിച്ചുപോന്നു. ഇഷ്ടംപോലെയെല്ലാം അയാൾ ആ ശവകുഴിവെട്ടുകാരനെക്കൊണ്ടു പാവകളിപ്പിക്കും. ഫൂഷൽവാങ്ങിന്റെ ഇഷ്ടത്തിനൊത്ത ഏതു തൊപ്പിക്കും മെസ്തിന്നിന്റെ തല പാകമായി നിന്നിരുന്നു. ഫൂഷൽവാങ്ങിനു് ഒരു ശങ്കയുമില്ല.

ആ വാഹനം ശ്മശാനത്തിലേക്കുള്ള നടക്കാവിലെത്തിയപ്പോൾ ഫൂഷൽ വാങ്ങ് ആഹ്ലാദത്തോടുകൂടി ശവവണ്ടിയിലേക്കൊന്നു നോക്കി, തന്റെ വലുപ്പമുള്ള കൈ രണ്ടും കൂട്ടിയുരുമ്മിക്കൊണ്ടു പകുതിയുച്ചത്തിൽ പറഞ്ഞു. ‘ഇതാ, ഒരു രസമുള്ള പൊറാട്ടുകളി.’ ഉത്തരക്ഷണത്തിൽ വണ്ടി നിന്നു; അതു പടിവാതില്ക്കലെത്തി. അകത്തേക്കു കടപ്പാനുള്ള അനുവാദപത്രം കാട്ടിക്കൊടുക്കണം. ശവംമറവുകാരുടെ ആൾ ശ്മശാനപ്പടിക്കലെ കാവൽക്കാരനോടു വിവരം പറഞ്ഞു. ഈ സംഭാഷണത്തിനിടയിൽ—ഇങ്ങനെയുള്ളതിനെല്ലാം, എപ്പോഴും ഒന്നുരണ്ടു നിമിഷനേരം പിടിക്കും—ഒരാൾ, ഒരപരിചിതൻ, വന്നു വണ്ടിയുടെ പിന്നിൽ, ഫൂഷൽവാങ്ങിന്റെ അടുക്കൽ, കൂടി. അയാൾ ഒരുതരം ‘മുകറും വീർപ്പിച്ചു’ കൊണ്ടുള്ളാളാണു്; വലിയ കീശകളോടുകൂടിയ ഒരു കുപ്പായമിട്ടിട്ടുണ്ടു്. കക്ഷത്തിൽ കൈക്കോട്ടുമുണ്ടായിരുന്നു.

ഫൂഷൽവാങ്ങ് ഈ അപരിചിതനെ നോക്കിക്കണ്ടു. ആ മനുഷ്യൻ മറുപടി പറഞ്ഞു: ‘ശവക്കുഴിവെട്ടുകാരൻ.’ ഒരു പീരങ്കിയുണ്ട മുഴുവനും മാറത്തു വന്നിടിച്ചിട്ടു് ഒരാൾക്കു ജിവിച്ചിരിക്കാമെങ്കിൽ, ഫൂഷൽവാങ്ങിന്റെ അപ്പോഴത്തെ മുഖഭാവം അയാളിൽ കാണാം. ‘ശവക്കുഴിവെട്ടുകാരൻ?’ ‘അതേ.’ ‘നിങ്ങളോ?’

‘ഞാൻ.’ ‘ഫാദർ മെസ്തിന്നാണു് ശവക്കുഴിവെട്ടുകാരൻ.’ ‘അയാളായിരുന്നു?’ ‘എന്ത്! അയാളായിരുന്നു?’ ‘അയാൾ മരിച്ചുപോയി.’ മറ്റെന്തും ഫൂഷൽവാങ്ങ് കരുതിയിരുന്നു—ഒരു ശവക്കുഴിവെട്ടുകാരൻ മരിക്കുക! എന്തായാലും, ശവക്കുഴിവെട്ടുകാർ മരിക്കും എന്നതു വാസ്തവമാണു് മറ്റുള്ളവർക്കു കുഴി വെട്ടിവെട്ടി ഒരുവൻ തന്റെ കുഴിക്കു മണ്ണെടുക്കുന്നു.

ഫൂഷൽവാങ്ങ് അവിടെ വായുംപൊളിച്ചു നിലവായി. അയാൾ ഒരു വിധത്തിൽ വിക്കിപ്പറഞ്ഞു: ‘പക്ഷേ, അതിനു നിവൃത്തിയില്ല.’ ‘അതു പറ്റി’ ‘അപ്പോൾ,’ അയാൾ പതുക്കെ ശാഠ്യംപിടിച്ചു. ‘ഫാദർ മെസ്തിന്നാണല്ലോ ശവക്കുഴിവെട്ടുകാരൻ?’ ‘നെപ്പോളിയൻ കഴിഞ്ഞിട്ടു, പതിനെട്ടാമൻ ലൂയി; മെസ്തിന്നു് കഴിഞ്ഞിട്ടു, ഗ്രിബിയെ, ഹേ നാടൻ, എന്റെ പേർ ഗ്രിബിയെ എന്നാണു്.’ ശവംപോലെ വിളർത്തിരുന്ന ഫൂഷൽവാങ്ങ് ഈ ഗ്രിബിയെയെ തുറിച്ചുനോക്കി.

ആ മനുഷ്യൻ നീണ്ടു, മെലിഞ്ഞു കരുവാളിച്ചു, തികച്ചും മുകറുവീർപ്പിച്ചു കൊണ്ടുള്ള ഒരാളാണു്. പണം കിട്ടാത്ത ഒരു വൈദ്യൻ ശവക്കുഴിവെട്ടുകാരനായി മാറിയപോലെയാണു് അയാൾ കണ്ടാൽ. ഫൂഷൽവാങ്ങ് പൊട്ടിച്ചിരിച്ചു.

‘ഹാ!’ അയാൾ പറഞ്ഞു, ‘എന്തൊക്കെ നേരമ്പോക്കുകളുണ്ടാവുന്നു! ഫാദർ മെസ്തിന്നു് മരിച്ചുപോയി; ഫാതർ ലെന്വക്കു ദീർഘായസ്സുണ്ടാവട്ടെ. ആരാണു് മുണ്ടനായ ഫാദർ ലെന്വാ, നിങ്ങൾക്കറിയാമോ? അയാൾ ഒരു ചോപ്പുവീഞ്ഞുഭരണിയാണു്. അതൊരു നല്ല ‘സുറിൻ’ വീഞ്ഞുഭരണി; അതേ ഒന്നാന്തരം പാരിസ്സു ‘സുറിൻ’! ഹാ! അപ്പോൾ കിഴവൻ മെസ്തിന്നു് മരിച്ചു! ഞാൻ വ്യസനിക്കുന്നു; അയാൾ ഒരു നേരംപോക്കുകാരനായിരുന്നു. പക്ഷേ, നിങ്ങളും ഒരു നേരംപോക്കുകാരനാണല്ലോ. അല്ലേ ചങ്ങാതി? നമുക്കിപ്പോൾ പോയി ഒരു കുടി കുടിക്കണം.’

ആ മനുഷ്യൻ മറുപടി പറഞ്ഞു: ‘ഞാൻ ഒരു വിദ്യാർഥിയായിരുന്നു. നാലാം തരം ജയിച്ചു. ഞാൻ കുടിക്കാറില്ല.’ ശവവണ്ടി വീണ്ടും പോയിത്തുടങ്ങി, അതു് ആ ശ്മശാനത്തിലെ വലിയ നടവഴിയിലേക്ക് ഉരുണ്ടുചെന്നു.

ഫൂഷൽവാങ്ങ് നടത്തത്തിന്റെ വേഗം കുറച്ചു. കാൽമുടന്തലുകൊണ്ടെന്നതിലധികം ഉൽക്കണ്ഠകൊണ്ടായി, അയാളുടെ നൊണ്ടൽ. ശവക്കുഴിവെട്ടുകാരൻ മുൻപേ നടന്നു. ആ അപ്രതീക്ഷിതമായി വന്നുചേർന്ന ഗ്രിബിയെയെ ഫൂഷൽവാങ്ങ് ഒരിക്കൽക്കൂടി നോക്കിക്കണ്ടു.

വളരെ ചെറുപ്പക്കാരനാണെങ്കിലും കിഴവനും, വളരെ കൃശനാണെങ്കിലും നല്ല കരുത്തനുമായ ഒരു തരക്കാരനായിരുന്നു അയാൾ. ‘ചങ്ങാതി!’ ഫൂഷൽവാങ്ങ് നിലവിളിച്ചു. ആ മനുഷ്യൻ തിരിഞ്ഞുനോക്കി. ‘ഞാനാണു് കന്യകാമഠത്തിലെ ശവക്കുഴിവെട്ടുകാരൻ.’ ‘എന്റെ കൂട്ടാളി,’ ആ മനുഷ്യൻ പറഞ്ഞു.

എഴുത്തറിയാത്തവനെങ്കിലും ബഹുബുദ്ധിമാനായ ഫൂഷൽവാങ്ങിനു് ഒരു ഭയങ്കരവർഗത്തിൽപെട്ട മനുഷ്യനോടാണു് തനിക്കു പെരുമാറേണ്ടതെന്നും ആ മനുഷ്യൻ ഒരു വലിയ വാഗ്മിയാണെന്നും മനസ്സിലായി. അയാൾ മന്ത്രിച്ചു; ‘അപ്പോൾ ഫാദർ മെസ്തിന്നു് മരിച്ചു.’ ആ മനുഷ്യൻ പറഞ്ഞു: ‘തികച്ചും, സമയമായാൽ അറിയിക്കുന്ന കുറിപ്പു പുസ്തകം നല്ലവനായ ഈശ്വരൻ എടുത്തു മലർത്തിനോക്കി. ഫാദർ മെസ്തിന്നിന്റെ മുറയായിരിക്കുന്നു. ഫാദർ മെസ്തിന്നു് മരിച്ചു.’ ഫൂഷൽവാങ്ങ് ഒരു യന്ത്രംപോലെ ആവർത്തിച്ചു: ‘നല്ലവനായ ഈശ്വരൻ-’ ‘നല്ലവനായ ഈശ്വരൻ,’ ആ മനുഷ്യൻ അധികാരത്തോടുകൂടി പറഞ്ഞു. ‘തത്ത്വജ്ഞാനികളുടെ അഭിപ്രായത്തിൽ, ശാശ്വതപിതാവു്; ജാക്കോവിൻകാരുടെ പക്ഷത്തിൽ, വിശിഷ്ടസത്ത്വം.’ ‘നമുക്കു തമ്മിൽ പരിചയപ്പെടുക?’ ഫൂഷൽവാങ്ങ് വിക്കിനോക്കി. ‘അതു കഴിഞ്ഞു. നിങ്ങൾ ഒരു നാടനാണു്; ഞാൻ പാരിസ്സുകാരനാണു്.’ ‘ഒരുമിച്ചുകൂടി ഒരു കുടികുടിച്ചതിനുശേഷമല്ലാതെ ആളുകൾ തമ്മിൽ പരിചയപ്പെടാറില്ല. ആർ തന്റെ ഗ്ലാസ്സൊഴിക്കുന്നുവോ അയാൾ തന്റെ ഹൃദയവുമൊഴിക്കുന്നു, നിങ്ങൾ എന്റെ കൂടെ വന്നു് ഒരു കുടി കുടിക്കണം. അങ്ങനെയൊരു കാര്യം ഉപേക്ഷിക്കാൻ പാടില്ല.’ ‘ആദ്യം ജോലി.’ ഫൂഷൽവാങ്ങ് വിചാരിച്ചു; ‘ഞാൻ ചത്തു.’ സന്ന്യാസിമാരെ മറവുചെയ്യുന്ന സ്ഥലത്തേക്കുള്ള നടവഴിയിലെത്താൻ വണ്ടിയുടെ ചക്രം ഉരുളേണ്ടതുള്ളു. ആ ശവക്കുഴിവെട്ടുകാരൻ തുടർന്നു: ‘ഹേ നാടൻ, എനിക്ക് ഏഴു കുട്ടികളുണ്ടു്. ചെലവിനു്, അവർക്കു ഭക്ഷണം വേണ്ടതുകൊണ്ടു്, എനിക്കു കുടിക്കാൻ പാടില്ല.’ ഒരു ഫലിതം ഭംഗിയിൽ പറയുന്ന ഒരാളുടെ സംതൃപ്തിയോടുകൂടി അയാൾ തുടർന്നു: ‘അവരുടെ വിശപ്പു് എന്റെ ദാഹത്തിന്റെ വിരോധിയാണു്.’

ശവവണ്ടി മരക്കൂട്ടത്തിനു് ഒരു വക്കുകരയിട്ടു. നടവഴിയിൽനിന്നു വിട്ടു്, ഒരിടുങ്ങിയ വഴിയിലൂടെ തിരിഞ്ഞു, തരിശുസ്ഥലത്തെത്തി ഒരു കുറ്റിക്കാട്ടിലേക്ക് ഊളിയിട്ടു. ശവസംസ്കാരത്തിന്നുള്ള സ്ഥലത്തെത്തി എന്നു് അതു സൂചിപ്പിച്ചു. ഫൂഷൽവാങ്ങ് നടത്തത്തിന്റെ വേഗം കുറച്ചു; പക്ഷേ, അയാളെക്കൊണ്ടു ശവവണ്ടി നിർത്താൻ കഴിഞ്ഞില്ല. ഭാഗ്യത്താൽ, കുട്ടിത്തം കുറഞ്ഞതും മഴക്കാലത്തു വർഷംകൊണ്ടു് ഈറനായതുമായ മണ്ണിൽ ചക്രങ്ങൾ പൂഴ്‌ന്നു, വണ്ടിയുടെ വേഗം കുറഞ്ഞു.

അയാൾ ശവക്കുഴിവെട്ടുകാരന്റെ അടുത്തു ചെന്നു. അവരുടെ പക്കൽ ഒന്നാന്തരം ‘അർഷ്വാൻത്വെ’ വീഞ്ഞുണ്ടു്. ഫൂഷൽവാങ്ങ് മന്ത്രിച്ചു.

‘ഹേ, ഗ്രാമീണൻ,’ ആ മനുഷ്യൻ മറുപടി പറഞ്ഞു, ‘ഞാൻ ശവക്കുഴിവെട്ടുകാരനാവേണ്ടവനല്ല. എന്റെ അച്ഛൻ ടൗൺഹാളിലെ പടിക്കാവല്ക്കാരനായിരുന്നു അദ്ദേഹം എന്നെ സാഹിത്യകാരനാക്കണമെന്നുദ്ദേശിച്ചു. പക്ഷേ, ഗ്രഹപ്പിഴ പറ്റി അദ്ദേഹത്തിനു ദ്രവ്യനഷ്ടം വന്നു. ഞാൻ ഗ്രന്ഥകാരന്റെ ഉദ്യോഗം വിട്ടു എങ്കിലും ഇപ്പോഴും ഞാൻ ആളുകൾക്കാവശ്യമുള്ളതെഴുതിക്കൊടുക്കുന്നുണ്ടു്.’ ‘അപ്പോൾ നിങ്ങൾ ശവക്കുഴിവെട്ടുകാരനല്ല?’ ശക്തിയറ്റതെങ്കിലും ആ ചില്ലയിൽ പിടികൂടി, ഫൂഷൽവാങ്ങ് ചോദിച്ചു. ‘ഒന്നുകൊണ്ടു മറ്റതു പാടില്ലെന്നില്ല. ഞാൻ വർദ്ധിപ്പിക്കുകയാണു്.’

ഫൂഷൽവാങ്ങിനു് ആ ഒടുവിലത്തെ വാക്കിന്റെ സാരം മനസ്സിലായില്ല. ‘വരൂ, നമുക്കൊന്നു കുടിക്കുക.’ അയാൾ പറഞ്ഞു. ഇവിടെ ഒരു കാര്യം പറഞ്ഞുവെയ്ക്കേണ്ടതുണ്ടു്. ഫൂഷൽവാങ്ങിന്റെ മനോവേദന എന്തുതന്നെയായാലും, കുടിക്കുക എന്നു ക്ഷണിച്ചതല്ലാതെ, ഒരു ഭാഗത്തെപ്പറ്റി അയാൾ യാതൊന്നും ഇതേവരെ പറഞ്ഞില്ല; ചെലവാരു ചെയ്യും. സാധാരണയായി ഫൂഷൽവാങ്ങ് ക്ഷണിക്കും. ഫാദർ മെസ്തിന്നു് പണം കൊടുക്കും; കുടിക്കാനുള്ള ക്ഷണം പുതിയ ശവക്കുഴിവെട്ടുകാരനാൽ ഉണ്ടാക്കപ്പെട്ട അപൂർവസ്ഥിതിയുടെ ഫലമാണു്; എന്നല്ല ആ ക്ഷണം ആവശ്യമായിരുന്നു; പക്ഷേ, ആ കിഴവൻ തോട്ടക്കാരൻ, മറ്റേക്കാര്യം അവിടെ പൂഴ്ത്തിയിട്ടതേയുള്ളു; അതു മനഃപൂർവമല്ലായ്കയില്ല. തന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, പണം കൊടുക്കുവാൻ ഫൂഷൽവാങ്ങിനു വലിയ രസമില്ലായിരുന്നു; അയാൾ തല്ക്കാലം കുറേ ബുദ്ധിമുട്ടിലാണു്. ശവക്കുഴിവെട്ടുകാരൻ ഒരു വിശിഷ്ടസ്മിതത്തോടുകൂടി പിന്നേയും തുടങ്ങി; ‘ഭക്ഷണം കൂടാതെ കഴില്ല. ഞാൻ ഫാദർ മെസ്തിന്നിന്റെ പിന്തുടർച്ചാവകാശം കൈയേറ്റു. പഠിപ്പേതാനും അവസാനിച്ചാൽ ആളുകൾ തത്ത്വജ്ഞാനികളാവാൻ പോകുന്നു. ഞാൻ കരത്തിന്റെ ജോലിയോടു ഭുജത്തിന്റെ ജോലി കൂട്ടിച്ചേർത്തു. എന്റെ എഴുത്തുപണിയാപ്പീസു് റ്യു ദു് സെവ്രിലെ ചന്തസ്ഥലത്താണു്. നിങ്ങളറിയുമല്ലോ? കൂടച്ചന്ത. പട്ടാളത്താവളങ്ങളിലെ വെപ്പുകാരികളൊക്കെ എന്റെ അടുക്കൽ വരും. പച്ചവിടാത്ത പട്ടാളക്കാർക്കുള്ള അവരുടെ അനുരാഗപ്രസ്താവങ്ങളെല്ലാം ഞാൻ കുറിച്ചുകൊടുക്കുന്നു. രാവിലെ ഞാൻ കാമലേഖനങ്ങളെഴും; വൈകുന്നേരം ശവക്കുഴി കുത്തും. ഇതാണു് ജീവിതം. നാടൻ, കേട്ടോളൂ’ ശവവണ്ടി പിന്നേയും മുൻപോട്ടു പോവുകയാണു്. അസ്വാസ്ഥ്യത്തിന്റെ അങ്ങേ അറ്റത്തെത്തിയ ഫൂഷൽവാങ്ങ് നാലു പുറത്തേക്കും പകച്ചുനോക്കുകയായി; നെറ്റിത്തടത്തിൽനിന്നു വലിയ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീണു. ‘പക്ഷേ,’ ശവക്കുഴിവെട്ടുകാരൻ തുടർന്നു, ‘ഒരാൾക്കു രണ്ടെജമാനത്തിമാരെ സേവിക്കാൻ വയ്യാ. തൂവലോ കൈക്കോട്ടോ രണ്ടിലൊന്നു തിരഞ്ഞെടുക്കണം കൈക്കോട്ടു് എന്റെ കൈ കേടുവരുത്തുന്നു.’ ശവവണ്ടി നിന്നു. ആദ്യം ഗായകക്കുട്ടിയും പിന്നെ പുരോഹിതനും വാഹനത്തിൽനിന്നിറങ്ങി ശവവണ്ടിയുടെ മുൻവശത്തുള്ള ചെറുചക്രങ്ങളിൽ ഒന്നു് ഒരു മണ്ണു കൂട്ടിയേടത്തു മുട്ടി;’ അതിനപ്പുറത്തു് ഒരു വായ് തുറന്ന ശവക്കുഴി കാണായി. ‘എന്തൊരു പെറോട്ടുകളിയാണിത്!’ ഫൂഷൽവാങ്ങ് സംഭ്രമിച്ചാവർത്തിച്ചു.

2.8.6
നാലു പലകകൾക്കിടയിൽ

ശവമഞ്ചത്തിലാരായിരുന്നു? വായനക്കാർക്കറിയാം ഴാങ്ങ് വാൽഴാങ്ങ്. അതിന്നുള്ളിൽ കഴിച്ചുകൂട്ടുകയും അവിടെ കിടന്നു ശ്വാസം കഴിക്കുകയും ചെയ്യുവാൻ വേണ്ട ഏർപ്പാടുകളെല്ലാം ഴാങ്ങ് വാൽഴാങ്ങ് ചെയ്തുവെച്ചിരുന്നു.

അന്ത:കരണത്തിന്റെ സമാധാനം എത്രകണ്ടു മറ്റു സകലത്തിനും സമാധാനമുണ്ടാക്കുന്നു എന്നുള്ളതു് അത്ഭുതകരമാണു്. ഴാങ്ങ് വാൽഴാങ്ങ് ആലോചിച്ചുണ്ടാക്കിയതിനെല്ലാം വിജയം കാണുന്നു; തലേദിവസം മുതൽ സകലവും നേരെയായിട്ടേ വരുന്നുള്ളു. ഫൂഷൽവാങ്ങിനെപ്പോലെ അയാളും ഫാദർ മെസ്തിന്നെ കരുതി. അക്കാര്യത്തിൽ അയാൾക്കു സംശയമുണ്ടായിരുന്നില്ല. ഇതിലധികം ഒരു ദുർഘടസ്ഥിതി വരാനില്ല; ഇതിലധികം പരിപൂർണമായ സമാധാനവും ഉണ്ടായിട്ടില്ല.

ശവമഞ്ചത്തിന്റെ നാലു പലകകളുടെ ഉള്ളിൽനിന്നു് ഭയങ്കരമായ സ്വാതന്ത്ര്യം പുറപ്പെട്ടുകൊണ്ടിരുന്നു. മരിച്ചവർക്കുള്ള വിശ്രമസുഖം ഴാങ്ങ് വാൽഴാങ്ങിന്റെ സമാധാനത്തിൽ കടന്നുവോ എന്നു തോന്നി;

മരണവുമായി താൻ കളിക്കുന്ന ഭയങ്കരനാടകത്തിലെ ഓരോ ഭാഗവും അയാൾക്കു ശവമഞ്ചത്തിന്റെ ഉള്ളിൽക്കിടന്നു പിന്തുടരുവാൻ സാധിച്ചിരുന്നു; അയാൾ പിന്തുടർന്നിരുന്നുതാനും.

മുകളിലത്തെ മൂടിപ്പലകയ്ക്കു ഫൂഷൽവാങ്ങ് ആണി തറച്ചുകഴിഞ്ഞിട്ടു് അധികം താമസിക്കാതെ ഴാങ്ങ് വാൽഴാങ്ങിനു, തന്നെ എടുത്തു വണ്ടിയിലേറ്റി കൊണ്ടു പോകുന്നുണ്ടെന്നു മനസ്സിലായി. ഇളക്കത്തിന്റെ കുറവുകൊണ്ടു കൽവിരിപ്പാത കടന്നു വെറും നിരത്തുവഴിയിലെത്തിയെന്നു് അയാളറിഞ്ഞു. ഒരു ചെറിയ ശബ്ദത്തിൽനിന്നു് അവരെല്ലാം ഓസ്തെർലിസ്തു് പാലം കടക്കുകയാണെന്നു് അയാൾ ഊഹിച്ചു. ആദ്യത്തെ നിൽപ്പുകൊണ്ടു് അവർ ശ്മശാനത്തിൽ കടക്കുകയാണെന്നു മനസ്സിലയി; രണ്ടാമത്തെ നിൽപ്പു കണ്ടപ്പോൾ., അയാൾ സ്വയം പറഞ്ഞു: ‘ഇവിടെയാണു് ശവക്കുഴി.’ പെട്ടന്നു ശവമഞ്ചത്തിന്മേൽ ആളുകൾ പിടികൂടി; പലകകൾ ഒന്നു ശക്തിയിൽ കിരുകിരുത്തു. ആ പെട്ടി കുഴിയിലേക്കിറക്കുവാൻവേണ്ടി ചുറ്റും കയറിട്ടതായിരിക്കണം ആ ശബ്ദമെന്നു് അയാൾ വ്യാഖ്യാനിച്ചു. ഉടനെ ഒരു തലതിരിച്ചൽ തോന്നി.

ശവംമറവുകാരുടെ കൂലിക്കാരനും കുഴിവെട്ടുകാരനുംകൂടി പക്ഷേ, മഞ്ചമൊന്നു ചെരിച്ചിട്ടുണ്ടാവാം; കാലിറങ്ങുന്നതിനുമുൻപു് അവർ തല കീഴ്പോട്ടിറക്കിയിരിക്കാം. മഞ്ചം നേരെയായി, വീണ്ടും, അയാൾ അനങ്ങാതെ ശരിക്കു കിടപ്പായപ്പോൾ, അതു മാറി. അയാൾ കുഴിയുടെ അടിയിലെത്തി. ഒരുതരം തണുപ്പു തോന്നി. മുകളിൽനിന്നു സഗൗരവവും ഉറച്ചു കട്ടിയായതുമായ ഒരു ശബ്ദം കേട്ടു. അയാൾക്കു മനസ്സിലാവാത്ത ചില ലാറ്റിൻവാക്കുകൾ, ഓരോന്നും വ്യക്തമായി കേൾക്കാവുന്നവിധം നിർത്തിനിർത്തി, ഉച്ചരിക്കപ്പെടുന്നുണ്ടു്: ‘ക്വിയോർമിയണ്ടു്...സെംപർ’ (ഭൂമിയിലെ മണ്ണിൽ ഉറങ്ങുന്നവർ ഉയിർത്തെഴുന്നേല്ക്കും; എപ്പോഴും കാണാറൂള്ളതുപോലെ, ചിലർ ശാശ്വതജീവിതത്തിലേക്കും, ചിലർ ദണ്ഡനത്തിലേക്കും.) ഒരു കുട്ടിയുടെ ശബ്ദം ഉച്ചരിച്ചു: ‘ഡി പ്രൊഫൺഡിസു്.’ (അഗാധതകളിൽ നിന്നു). ആദ്യത്തെ സഗൗരവശബ്ദം പിന്നെയും തുടങ്ങി: ‘റിക്വിയം...ഡോമിൻ.’ (അഹോ, ജഗദ്ദീശ്വര, അവർക്കു നിത്യശാന്തി കൊടുക്കണേ).

കുട്ടിയുടെ ശബ്ദം മറുപടി പറഞ്ഞു: ‘എറ്റു്...ഏയ്.’ (ശാശ്വതപ്രകാരം അവരെ തെളിയിക്കുകയും ചെയ്യട്ടെ!) തന്നെ മൂടിയിട്ടുള്ള പലകമേൽ കുറേയധികം മഴത്തുള്ളികൾ വീണതുപോലെ എന്തോ ഒരൊച്ച കേട്ടു. അതു പക്ഷേ, പരിശുദ്ധജലമായിരിക്കാം. അയാൾ വിചാരിച്ചു: ‘ഇതിപ്പോൾ വേഗത്തിൽ കഴിയും. കുറച്ചുനേരംകൂടി ക്ഷമിക്കണം. പുരോഹിതൻ ഇപ്പോൾ പോവും. ഫൂഷൽവാങ്ങ് ഉടനെതന്നെ മെസ്തിന്നെ ചാരായക്കടയിലേക്കു കൊണ്ടുപോവും. ഞാൻ തനിച്ചാവും. എന്നിട്ടു ഫൂഷൽവാങ്ങ് തനിച്ചു മടങ്ങിവരും. ഒക്കെക്കൂടി നല്ലവണ്ണം ഒരു മണിക്കൂർ വേണം. ആ സഗൗരവശബ്ദം തുടർന്നു: ‘റെക്വിസു് കാറ്റു് ഇൻപെയ്സു്.’ (അവന്നു ശാന്തി കൈവരട്ടേ!) കുട്ടിയുടെ ശബ്ദം പറഞ്ഞു: ‘എമെൻ’ (തഥാസ്തു) ഴാങ്ങ് വാൽഴാങ്ങ് ചെവികൂർപ്പിച്ചു; ആളുകൾ നടന്നുപോകുന്ന ശബ്ദം കേട്ടു. ‘ആട്ടെ, അവർ പോവുകയായി,’ അയാൾ വിചാരിച്ചു. ‘ഞാൻ തനിച്ചായി’ പെട്ടന്നു തലയ്ക്കു മീതെയായി ഒരൊച്ച കേട്ടു; ഒരിടിവെട്ടാണെന്നു് അയാൾക്കു തോന്നി. ശവമഞ്ചത്തിൽ വന്നുവീണ ഒരു കൈക്കോട്ടു മണ്ണയിരുന്നു അതു്. രണ്ടാമതൊരു കൈക്കോട്ടു മണ്ണു വീണു. അയാൾക്കു ശ്വാസം കിട്ടിയിരുന്ന ഒരു സുഷിരം അടഞ്ഞു. മൂന്നാമതൊരു കൈക്കോട്ടു മണ്ണുകൂടി വീണു. നാലാമതൊന്നു്. ഏറ്റവും വലിയ ശക്തനും സഹിക്കാൻ വയ്യാത്ത ചിലതുണ്ടു്. ഴാങ്ങ് വാൽഴാങ്ങ് ബോധംകെട്ടു.

2.8.7
‘ശീട്ടു കളയരുതു്’ എന്ന പഴഞ്ചൊല്ലിന്റെ ആഗമനം കാണിക്കുന്നത്

ഴാങ്ങ് വാൽഴാങ്ങ് കിടക്കുന്ന ശവമഞ്ചത്തിന്റെ മുകളിൽവെച്ചുണ്ടായതിതാണു്. ശവവണ്ടി മടങ്ങിയപ്പോൾ, പുരോഹിതനും ഗായകക്കുട്ടിയും വണ്ടിയിലേറിപ്പോയതിനുശേഷം, ശവക്കുഴിവെട്ടുകാരന്റെ മേൽനിന്നു കണ്ണെടുക്കാതിരുന്ന ഫൂഷൽവാങ്ങ്, ആ മനുഷ്യൻ കുനിഞ്ഞു ചളിയിൽ കുത്തിനിർത്തിയിരുന്ന കൈക്കോട്ടടുക്കുന്നതു കണ്ടു. ഫൂഷൽവാങ്ങ് ഒടുവിലത്തെ കൈയെടുത്തു. ശവക്കുഴിവെട്ടുകാരന്റെയും ശവക്കുഴിയുടേയും ഇടയ്ക്കു ചെന്നു കൈകെട്ടി നിന്നു് അയാൾ പറഞ്ഞു: ‘ഞാനാണു് പണം കൊടുക്കുന്നത്!’ ശവക്കുഴിവെട്ടുകാരൻ അയാളെ അമ്പരന്നു നോക്കി ചോദിച്ചു: ‘എന്താണു് പറയുന്നത്? ഫൂഷൽവാങ്ങ് എടുത്തു പറഞ്ഞു: ‘ഞാനാണു് പണം കൊടുക്കുന്നത്! ‘എന്തിനു്?’ ‘വീഞ്ഞു വാങ്ങുന്നതിനു്.’ ‘എന്തു വീഞ്ഞ്?’ ‘അർഷാങ്ങ്ത്വെ’ വീഞ്ഞു.’ ‘എവിടെയത്?’ ‘നല്ല പഴം ചാരായക്കടയിൽ.’ ‘മണ്ണാങ്കട്ട!’ ശവക്കുഴിവെട്ടുകാരൻ പറഞ്ഞു. ശവമഞ്ചത്തിനുമീതെ അയാൾ ഒരു കൈക്കോട്ടു മണ്ണു വെട്ടിയിട്ടു. ശവമഞ്ചം ഒരു മുഴങ്ങുന്ന ഒച്ച പുറപ്പെടുവിച്ചു: ഫൂഷൽവാങ്ങ് ചാഞ്ചാടിപ്പോയി; അയാൾതന്നെ ശവക്കുഴിയിലേക്കു തലകീഴായി മറിയാൻ ഭാവിച്ചു. ഊർദ്ധ്വം വലിയിലെ കെറകെറശ്ശബ്ദം കൂടിക്കലരാൻ തുടങ്ങിയ ഒരൊച്ചയിൽ അയാൾ നിലവിളിച്ചു; ‘ചങ്ങാതി! ചാരായക്കടയടയ്ക്കുന്നതിനുമുമ്പ്!’ ശവക്കുഴിവെട്ടുകാരൻ കൈക്കോട്ടിൽ കുറേക്കൂടി മണ്ണെടുത്തു. ഫൂഷൽവാങ്ങ് തുടർന്നു പറഞ്ഞു: ‘ഞാൻ കൊടുക്കാം പണം.’ അയാൾ ആ ശവക്കുഴിവെട്ടിയുടെ കൈ കടന്നുപിടിച്ചു. ‘ചങ്ങാതി, ഞാൻ പറയുന്നതു് കേൾക്കൂ. ഞാൻ കന്യകാമഠത്തിലെ ശവക്കുഴിവെട്ടുകാരനാണു്; ഞാൻ നിങ്ങളെ സഹായിക്കാൻ വന്നു. രാത്രി ചെയ്തുതീർക്കാവുന്ന ഒരു പണിയാണിതു്. അതുകൊണ്ടു നമുക്ക് ഒരു കുടി കഴിഞ്ഞിട്ടാവാം.’ ഇങ്ങനെ പറയുന്നതിനിടയ്ക്ക്, ഈ നിരാശമായ ശാഠ്യത്തിന്മേൽ തൂങ്ങിക്കൂടുന്നതോടുകൂടി, ഈ വ്യസനമയമായ വിചാരം അയാൾക്കുദിച്ചു: ‘അയാൾ കുടിച്ചു എന്നു വെച്ചാൽത്തന്നെ, തന്റേടം വിടുമോ?’ ‘ആട്ടെ.’ ആ മനുഷ്യൻ പറഞ്ഞു, ‘നിങ്ങൾ ഇത്രമേൽ ശാഠ്യംപിടിക്കയാണെങ്കിൽ, ഞാൻ സമ്മതിക്കുന്നു. നമുക്കു കുടിക്കാം. ജോലി കഴിഞ്ഞിട്ടു്. അതിനു മുമ്പില്ല.’ അയാൾ കൈക്കോട്ടു് ആഞ്ഞു പൊന്തിച്ചു. ഫൂഷൽവാങ്ങ് അയാളെ പിടിച്ചു നിർത്തി. ‘അതു്, ‘അർഷാങ്ങ്ത്വെ’ വീഞ്ഞാണു്.’ ‘നില്ക്കൂ, ശവക്കുഴിവെട്ടുകാരൻ പറഞ്ഞു, ‘നിങ്ങൾ മണിയടിക്കാരനാണു്. ണ്ണോം, ണ്ണോം; ഇതേ നിങ്ങൾക്കറിഞ്ഞുകൂടൂ, കടന്നുപോവൂ.’ അയാൾ രണ്ടാമതൊരു കൈക്കോട്ടുകൂടി വെട്ടിയിട്ടു. ഫൂഷൽവാങ്ങിനു് എന്താണു് പറയുന്നതെന്നു ബോധമില്ലാത്ത നിലയായി. ‘വരൂ, നമുക്കു കുടിക്കുക,’അയാൾ നിലവിളിച്ചു; ‘ഞാനാണല്ലോ പണം കൊടുക്കുന്നതു്.’ ‘കുട്ടിയെ ഉറക്കിക്കിടത്തിയതിനുശേഷം,’ ശവക്കുഴിവെട്ടുകാരൻ പറഞ്ഞു. മൂന്നാമത്തെ കൈക്കോട്ടു വെട്ടിയിട്ടു. അയാൾ പിന്നേയും കൈക്കോട്ടു മണ്ണിൽ അഴ്ത്തി, തുടർന്നു പറഞ്ഞു: ‘കണ്ടില്ലേ, ഇന്നു തണുപ്പു കൂടും; ഒരു പുതപ്പുകൂടി കൊടുക്കാതെ വെറുതെ ഇട്ടു പോയാൽ ശവം നിലവിളിക്കും.’ ആ സമയത്തു, കൈക്കോട്ടു മണ്ണിൽ ആഴ്ത്തി, തുടർന്നു പറഞ്ഞു: ‘കണ്ടില്ലേ, ഇന്നു തണുപ്പു കൂടും; ഒരു പുതപ്പുകൂടി കൊടുക്കാതെ വെറുതെ ഇട്ടുപോയാൽ ശവം നിലവിളിക്കും.’ ആ സമയത്തു, കൈക്കോട്ടു നിറയ്ക്കുവാൻവേണ്ടി കുഴിവെട്ടുകാരൻ കുനിഞ്ഞപ്പോൾ, അയാളുടെ മാർക്കുപ്പാശക്കീശ വായ പൊളിച്ചു. ഫൂഷൽവാങ്ങിന്റെ ഭ്രാന്തുപിടിച്ച നോട്ടം ആ കുപ്പായക്കീശയിൽ അറിയാതെ പതിഞ്ഞു; അതവിടെ നിലവായി. സൂര്യൻ ചക്രവാളത്തിനു പിന്നിൽ മറഞ്ഞിട്ടില്ല; ആ കോട്ടുവായിടുന്ന കുപ്പായക്കീശക്കിടയിൽ എന്തോ വെളുത്തിട്ടൊന്നുള്ളതു കണ്ടറിയാൻ മാത്രം വെളിച്ചമുണ്ടായിരുന്നു. പിക്കാർദിയിലെ ഒരു കൃഷിക്കാരന്റെ നോട്ടത്തിലുണ്ടാകാവുന്ന മിന്നല്പിണരുകളുടെ ആകത്തുക ഫൂഷൽവാങ്ങിന്റെ കൃഷ്ണമണികളിൽ പാഞ്ഞു. അയാൾക്ക് യുക്തി തോന്നി. മണ്ണു വെട്ടിയെടുക്കുന്ന തിരക്കിൽ തികച്ചും മുങ്ങിയിരുന്ന കുഴിവെട്ടുകാരൻ അറിയാതെ, അയാൾ പിന്നിലൂടെ കുപ്പായക്കീശയിൽ കൈയിട്ടു് അതിനെ അടിയിൽകിടക്കുന്ന ആ വെളുത്ത സാധനം വലിച്ചെടുത്തു.

ആ മനുഷ്യൻ നാലാമതൊരു കൈക്കോട്ടു മണ്ണുകൂടി ശവക്കുഴിയിലേക്കുരിച്ചു.

അഞ്ചാമത്തെ കൈക്കോട്ടു വെട്ടാൻ തിരിയുന്നതോടുകൂടി ഫൂഷൽവാങ്ങ് അയാളെ ശാന്തമായി സൂക്ഷിച്ചു നോക്കിപ്പറഞ്ഞു: ‘കൂട്ടത്തിൽ ചോദിക്കട്ടെ, ഹേ പുതിയ മനുഷ്യൻ, നിങ്ങളുടെ ശീട്ടു കൈയിലുണ്ടോ?’ കുഴിവെട്ടുകാരൻ ശങ്കിച്ചു നിന്നു. ‘എന്തു ശീട്ടു്? ‘സൂര്യൻ അസ്തമിക്കുകയായി.’ ‘നല്ലതു്, അതു് അതിന്റെ രാത്തൊപ്പിയിടാൻ ഭാവിക്കുന്നു.’ ‘ശ്മശാനപ്പടിവാതിൽ ഇപ്പോളടച്ചുകളയും.’ ‘ശരി, എന്നിട്ടു്?’ ‘നിങ്ങളുടെ ശീട്ടു കൈയിലുണ്ടോ?’ ‘ഹാ!എന്റെ ശീട്ടോ?’ കുഴിവെട്ടുകാരൻ ചോദിച്ചു. അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി. ഒരു കീശയിലെല്ലാം തപ്പിക്കഴിഞ്ഞതിനുശേഷം, മറ്റൊന്നിൽ തിരയാൻ തുടങ്ങി. ഗഡിയാൾക്കീശയിലേക്കു കടന്നു; ആദ്യത്തേതു കഴിഞ്ഞു. പിന്നത്തേതായി. ‘എന്തു്, ഇല്ലല്ലോ.’ അയാൾ പറഞ്ഞു, എന്റെ കൈയിൽ ശീട്ടില്ല. ഞാനതു മറന്നിരിക്കണം.’ ‘പതിനഞ്ചു ഫ്രാങ്ക് പിഴ,’ ഫൂഷൽവാങ്ങ് പറഞ്ഞു. ശവക്കുഴിവെട്ടുകാരൻ പച്ചച്ചുപോയി. കരുവാളിപ്പുകാർക്കുള്ള വിളർപ്പുനിറം പച്ചയാണു്. ‘ഹാ! എന്റെ യേശോ!’ അയാൾ പരിഭ്രമിച്ചു നിലവിളിച്ചു. ‘പതിനഞ്ചു ഫ്രാങ്ക് പിഴ!’ ‘നൂറു സു നാണ്യം മൂന്നെണ്ണം.’ ഫൂഷൽവാങ്ങ് പറഞ്ഞു. ശവക്കുഴിവെട്ടുകാരന്റെ കൈക്കോട്ടു താഴെ വീണു. ഫൂഷൽവാങ്ങിന്റെ മുറയായി. ‘ഹാ, ആട്ടെ, വരൂ,’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘ഈ പരിഭ്രമമൊന്നും വേണ്ടാ. ആത്മഹത്യചെയ്തു ശവക്കുഴി ലാഭമുണ്ടാക്കിക്കൊടുക്കേണ്ട കാര്യമൊന്നുമില്ല. പതിനഞ്ചു ഫ്രാങ്ക്, പതിനഞ്ചു ഫ്രാങ്കാണു്; എന്നല്ല, അതു കൊടുക്കാൻ നിങ്ങളെക്കൊണ്ടു സാധിക്കില്ലായിരിക്കും. ഞാൻ ഒരു പഴയ ആളാണു്; നിങ്ങൾ ഇപ്പോൾ വന്നിട്ടേ ഉള്ളൂ. എല്ലാ കെട്ടുകളും മുറിവുകളും എനിക്കറിയാം. ഞാൻ നിങ്ങൾക്കു സൂത്രം പറഞ്ഞുതരാം. ഒന്നു തീർച്ചയാണു്; സൂര്യൻ അസ്തമിക്കാനുള്ള ഭാവമായി; അതു കുംഭഗോപുരത്തിൽ തൊട്ടുതുടങ്ങി, അഞ്ചു നിമിഷത്തിനുള്ളിൽ പടിവാതിലടയും.’ ‘വാസ്തവം,’ ആ മനുഷ്യൻ മറുപടി പറഞ്ഞു. ‘ഇനി അഞ്ചു നിമിഷമുണ്ടായാൽ കുഴി തൂർക്കുവാൻ നിങ്ങളെക്കൊണ്ടാവില്ല, ഈ ശവക്കുഴി ഒരു പിശാചിനെപ്പോലെ പൊള്ളയാണു്. ഏതായാലും അതു കഴിഞ്ഞു പടിയടയ്ക്കുന്നതിനുമുമ്പു് പാകത്തിൽ അവിടെ ചെല്ലുകയും വേണം.’ ‘വാസ്തവം.’ ‘ഇല്ലെങ്കിൽ പതിനഞ്ചു ഫ്രാങ്കാണു് പിഴ.’ ‘പതിനഞ്ചു ഫ്രാങ്ക്,’ ‘പക്ഷേ, ഇടയുണ്ടു്. എവിടെയാണു് താമസം?’ ‘ഇവിടെനിന്നു കാൽമണിക്കൂർ നടക്കണം. റ്യു ദു് വോഗിരാറിൽ നമ്പർ 87.’

‘ക്ഷണത്തിൽ പാഞ്ഞാൽ പുറത്തു കടക്കാൻ സമയം കിട്ടും.’

‘ശരിയാണു്.’ ‘പടിക്കു പുറത്തായിക്കിട്ടിയാൽ വേഗത്തിൽ വീട്ടിൽച്ചെന്നു്, ശീട്ടെടുത്തു, മടങ്ങിവരാം; പടിക്കാവല്ക്കാരൻ നിങ്ങളെ അകത്തേക്കു കടത്തും. കൈയിൽ ശീട്ടുള്ളതുകൊണ്ടു് പിഴയൊന്നും നിങ്ങൾ കൊടുക്കേണ്ടതില്ല. നിങ്ങൾക്കു ശവവും മറവുചെയ്യാം. ആയിടയ്ക്കു ഞാനിവിടെ നിങ്ങൾക്കുവേണ്ടി കാവൽ നില്ക്കും; ശവം എണീറ്റ് പാഞ്ഞുപോയിക്കൂടല്ലോ.’ എന്റെ ജീവൻ തിരിച്ചുതരുന്നതിനു ഞാൻ നിങ്ങൾക്കു കടപ്പെട്ടിരിക്കുന്നു.’ ‘പായൂ!’ ഫൂഷൽവാങ്ങ് പറഞ്ഞു. കൃതജ്ഞതയാൽ മൂടപ്പെട്ടുപോയ ശവക്കുഴിവെട്ടുകാരൻ കൈ കുടഞ്ഞ് ഒരു പാച്ചിൽ കൊടുത്തു. ആ മനുഷ്യൻ കുറ്റിക്കാട്ടിനുള്ളിൽ മറഞ്ഞു എന്നു കണ്ടപ്പോൾ, അയാളുടെ കാൽവെപ്പുകൾ ദൂരത്തെത്തി കേൾക്കാനില്ലാതായി എന്നു ചെവിയോർത്തു തീർച്ചപ്പെടുത്തിയത്തിന്നുശേഷം, ഫൂഷൽവാങ്ങ് ശവക്കുഴിയിലേക്കു കുനിഞ്ഞു പതുക്കെ വിളിച്ചു: ‘ഫാദർ മദലിയെൻ!’ ഉത്തരമില്ല. ഫൂഷൽവാങ്ങിനു് ആകെ ഒരു വിറ കയറി. അയാൾ ശവക്കുഴിയിലേക്കിറങ്ങുകയല്ല ഉണ്ടായതു്. തട്ടിത്തടഞ്ഞു വീണു; മഞ്ചത്തിന്റെ തലയ്ക്കൽഭാഗത്തു ചാടി നിന്നു നിലവിളിച്ചു; ‘അവിടെയുണ്ടോ?’ ശവമഞ്ചത്തിൽ നിശ്ശബ്ദത. വിറയ്ക്കുവാൻപോലും ശ്വാസം കിട്ടാതെ ഫൂഷൽവാങ്ങ് തന്റെ തണുത്ത ഉളിയും ചുറ്റികയും കടന്നെടുത്തു ശവമഞ്ചത്തിന്റെ മുകളിലെ മൂടി പൊന്തിച്ചു. ഴാങ്ങ് വാൽഴാങ്ങിന്റെ മുഖം ആ സന്ധ്യാവെളിച്ചത്തിൽ കാണപ്പെട്ടു; അതു വിളർത്തിരുന്നു; കണ്ണു രണ്ടും അടഞ്ഞിരിക്കുന്നു. ഫൂഷൽവാങ്ങിന്റെ തലരോമം നിവർന്നു; അയാൾ ചാടിയെണീറ്റു; ഉടനെ ശവമഞ്ചത്തിൽ മോഹാലസ്യപ്പെട്ടു വീഴാൻ തയ്യാറായി. കുഴിയുടെ ഒരറ്റത്തേക്കു തെറിച്ചു. അയാൾ ഴാങ്ങ് വാൽഴാങ്ങിനെ തുറിച്ചുനോക്കി. വിളർത്തും അനക്കമില്ലാതെയും ഴാങ്ങ് വാൽഴാങ്ങ് അവിടെക്കിടക്കുന്നു. ഒരു നെടുവീർപ്പോളം ക്ഷീണിച്ച സ്വരത്തിൽ ഫൂഷൽവാങ്ങ് മന്ത്രിച്ചു: ‘അദ്ദേഹം മരിച്ചു!’ ഉടനെ നീണ്ടു നിവർന്നുനിന്നു, മുഷ്ടികൾ ചുമലുകളില്‍ വന്നലയ്ക്കുമാറു് അത്രയും ശക്തിയോടുകൂടി കൈകെട്ടിക്കൊണ്ടു്, അയാൾ നിലവിളിച്ചു, ‘അപ്പോൾ, ഇങ്ങനെയാണു് ഞാൻ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്!’ എന്നിട്ടു് ആ സാധുമനുഷ്യൻ തേങ്ങിത്തേങ്ങി കരയാൻ തുടങ്ങി. ആയിടയ്ക്ക് അയാൾ പലതും ആത്മഗതമായി പറയുന്നുണ്ടു്; എന്തുകൊണ്ടെന്നാൽ, ആത്മഗതം പ്രകൃതിവിരുദ്ധമാണെന്നു വിചാരിക്കുന്നതു് അബദ്ധമാണു്. ശക്തിമത്തായ വികാരം പലപ്പോഴും ഉച്ചത്തിൽ പറയുന്നു. ‘ഇതു് ഫാദർ മെസ്തിന്നു് പറ്റിച്ചതാണു്. എന്തിനേ ആ കഴുത ചത്തത്? ഒരാളും സംശയിക്കാതിരിക്കുമ്പോൾ ജീവൻ കളയേണ്ട ആവശ്യം അയാൾക്കെന്തായിരുന്നു? അയാളാണു് മൊസ്സ്യു മദലിയെനെ കൊന്നതു്. ഫാദർ മദലിയെൻ! അയാൾ ശവമഞ്ചത്തിലുണ്ടു്. അതു നല്ല പാകം. ഒക്കെക്കഴിഞ്ഞു. അപ്പോൾ, ഇതിലൊക്കെ വല്ല അർത്ഥവുമുണ്ടോ? ഹാ! എന്റെ ഈശ്വര! അദ്ദേഹം മരിച്ചു ആട്ടെ! അപ്പോൾ അദ്ദേഹത്തിന്റെ ചെറിയ പെൺകുട്ടി, ഞാൻ അവളെക്കൊണ്ടെന്തു കാണിക്കും? പഴക്കച്ചവടക്കാരനെന്തു പറയും? അങ്ങനെയിരിക്കുന്ന ഒരാൾ ഈ നിലയിൽ മരിച്ചു പോവാമെന്നുവെച്ചാൽ! അന്നദ്ദേഹം ആ വണ്ടിയുടെ ചുവട്ടിൽക്കിടന്നതെനിക്കാലോചിക്കുമ്പോൾ! ഫാദർ മദലിയെൻ! ഫാദർ മദലിയെൻ! ഈശ്വര! അദ്ദേഹം ശ്വാസംമുട്ടി മരിച്ചു; ഞാനപ്പോൾത്തന്നെ പറഞ്ഞു. അദ്ദേഹം എന്റെ വാക്കു വിശ്വസിച്ചില്ല. ആട്ടെ! ഇവിടെ ഒരു നല്ല വിദ്യ കാട്ടാനുണ്ട്! അദ്ദേഹം മരിച്ചു. ആ നല്ല മനുഷ്യൻ, നല്ലവനായ ഈശരന്റെ നല്ല കൂട്ടരിൽവെച്ച് ഏറ്റവും നല്ലാൾ പിന്നെ അദ്ദേഹത്തിന്റെ ചെറിയ പെൺകുട്ടി! ഹാ! ഒന്നാമതു് ഞാൻതന്നെ ഇനിയങ്ങോട്ടു പോവില്ല ഞാനിവിടെ താമസിക്കും. ഇങ്ങനെയൊരു കാര്യം ചെയ്തതുംകളഞ്ഞ്! ഇങ്ങനെ രണ്ടു തന്തക്കഴുതകളാണു് ഞങ്ങളെങ്കിൽ, ഇത്ര വയസ്സാവുംവരെ എന്തിനു ഞങ്ങൾ ജീവിച്ചിരുന്നു? പക്ഷെ, ആദ്യംതന്നെ അദ്ദേഹം എങ്ങനെ കടന്നുവന്നു കന്യകാമഠത്തിൽ? അതിൽനിന്നാണു് ഒക്കെയുണ്ടായതു്. ആരും അങ്ങനത്തേതൊന്നും ചെയ്യരുതു്. ഫാദർ മദലിയെൻ! മദലിയെൻ! മൊസ്സ്യു മദലിയെൻ! മൊസ്സ്യു മെയർ! ഞാൻ വിളിക്കുന്നതദ്ദേഹം കേൾക്കുന്നില്ല. ആട്ടെ. കഴിയുമെങ്കിൽ ഈ കെണിയിൽനിന്നു പുറത്തു ചാടൂ!’

അയാൾ തലമുടി പിടിച്ചു ചീന്തി. ദൂരത്തുനിന്നു മരങ്ങൾക്കുള്ളിലൂടെ കെറകെറകെറശ്ശബ്ദം കേൾക്കാറായി അതു ശ്മശാനപ്പടിവാതിൽ അടയുകയായിരുന്നു.

ഫൂഷൽവാങ്ങ് വാങ്ങ് വാൽഴാങ്ങിന്റെ മുഖത്തേക്കു കുനിഞ്ഞുനോക്കി; പെട്ടന്നു് അയാൾ പിന്നോക്കം ചാടി, ഒരു ശവക്കുഴിയിൽ എത്രകണ്ടും ദൂരത്തേക്കാവാമോ, അത്ര കണ്ടും ദൂരത്തേക്കു വാങ്ങി. ഴാങ്ങ് വാൽഴാങ്ങിന്റെ കണ്ണു തുറന്നിരിക്കുന്നു. അതയാളെ സൂക്ഷിച്ചു നോക്കുകയാണു്. ഒരു ശവത്തെ കണ്ടാൽ ഭയം തോന്നും; ഒരു ശവത്തിനു ജീവൻ വരുന്നതു കണ്ടാലും ഏതാണ്ടു് അതുപോലെയാണു്. ഫൂഷൽവാങ്ങ് കല്ലുപോലെയായി, വിളർത്തു, കണ്ണു നട്ടു, വികാരാവേഗങ്ങളെക്കൊണ്ടു കുഴങ്ങി; ഒരു മരിച്ചാളോടോ ജീവനുള്ളാളോടോ പെരുമാറേണ്ടതെന്നു് അയാൾക്കു നിശ്ചയമില്ലാതായി; തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടു നില്ക്കുന്ന ഴാങ്ങ് വാൽഴാങ്ങിനെ അയാൾ തുറിച്ചു നോക്കി. ‘ഞാനുറങ്ങിപ്പോയി,’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. അയാൾ എണീറ്റിരുന്നു. ഫൂഷൽവാങ്ങ് മുട്ടു കുത്തി. ‘ആവൂ, എന്റെ മറിയേ! നിങ്ങൾ എന്നെ എങ്ങനെ പേടിപ്പിച്ചുകളഞ്ഞു!’ അയാൾ ചാടിയെഴുന്നേറ്റു് ഉറക്കെ വിളിച്ചുപറഞ്ഞു: ‘നന്ദി പറയുന്നു, ഫാദർ മദലിയെൻ!’ ഴാങ്ങ് വാൽഴാങ്ങ് ഒന്നു മോഹാലസ്യപ്പെട്ടിരുന്നതേ ഉള്ളു. ശുദ്ധവായു അയാൾക്കു ജീവനുണ്ടാക്കി. ആഹ്ലാദമാണു് ഭയത്തിന്റെ വേലിയിറക്കം. ഴാങ്ങ് വാൽഴാങ്ങിന്നെന്നപോലെ തന്നെ ഫൂഷൽവാങ്ങിനും സ്വബോധം വരാൻ വളരെ ഞെരുക്കമുണ്ടായി. ‘അപ്പോൾ നിങ്ങൾ മരിച്ചിട്ടില്ല. ഹാ! എന്തു ബുദ്ധിമാനാണു് നിങ്ങൾ! ഞാൻ അത്രയും കൂക്കിവിളിച്ചു. അപ്പോൾ നിങ്ങൾ വന്നു. നിങ്ങളുടെ കണ്ണടഞ്ഞുകണ്ടപ്പോൾ ഞാൻ പറഞ്ഞു: ‘ശരി! അതാ, അദ്ദേഹത്തിനു ശ്വാസംമുട്ടി.’ ഞാൻ ഭ്രാന്തു പിടിച്ചു പറഞ്ഞിരുന്നു—അതേ, ഭ്രാന്തശാലയിലേക്കു പോകേണ്ടിവന്നേനേ. എന്നെ ആളുകൾ പിടിച്ചു ബിസെത്തൃ ഭ്രാന്താശുപത്രിയിൽ കൊണ്ടിട്ടടയ്ക്കുമായിരുന്നു. നിങ്ങൾ മരിച്ചുപോയിരുന്നുവെങ്കിൽ, ഞാനെന്തു ചെയ്യുമെന്നാണു് വിചാരം? എന്നല്ല, നിങ്ങളുടെ ആ ചെറിയ പെൺകുട്ടി? ആ പഴക്കച്ചവടക്കാരൻ പിന്നെ—അവൾക്ക് ഒരു വസ്തുവും മനസ്സിലാവില്ല! കുട്ടി നിങ്ങളുടെ കൈയിൽ വന്നുപെട്ടു, എന്നിട്ടോ—മുത്തച്ഛൻ മരിച്ചുപോയി! എന്തു കഥ! സ്വർഗത്തിലുള്ള എന്റെ വിശുദ്ധ പുരുഷന്മാരേ, എന്തൊരു വർത്തമാനം! ഹാ! നിങ്ങൾ മരിച്ചിട്ടില്ല, അതാണൊന്നാന്തരമായത്!’ ‘എനിക്കു തണുക്കുന്നു’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ഈ വാക്കു ഫൂഷൽവാങ്ങിനെ തികച്ചും ഭൂമിയിലേക്കുതന്നെ വരുത്തി; അതുകൊണ്ടു വലിയ ആവശ്യവുമുണ്ടായിരുന്നു. സ്വബോധം വീണ്ടുകിട്ടിയിട്ടുകൂടി-അവർ അതു മനസ്സിലാക്കിയിരുന്നില്ലെങ്കിലും—ആ രണ്ടു മനുഷ്യരുടേയും ആത്മാക്കൾക്കു സ്വസ്ഥത വന്നിട്ടില്ലായിരുന്നു. അവരുടെ ചുറ്റും എന്തോ ഗ്രഹപ്പിഴപിടിച്ച ഒന്നുണ്ടായിരുന്നു—അതു് ആ പ്രദേശംകൊണ്ടുണ്ടാകുന്ന ഒരപകടസംഭ്രമമാണു്.

‘നമുക്കിവിടെനിന്നു ക്ഷണത്തിൽ പുറത്തുചാടുക,’ ഫൂഷൽവാങ്ങ് പരിഭ്രമിച്ചു പറഞ്ഞു. അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി, അതിൽ മുമ്പേക്കൂട്ടി കരുതി വെച്ചിരുന്ന ഒരു കുപ്പി വലിച്ചെടുത്തു. ‘ആട്ടെ, ആദ്യംതന്നെ ഒരു തുള്ളി അകത്തേക്കാവട്ടെ,’ അയാൾ പറഞ്ഞു. ശുദ്ധവായു തുടങ്ങിവെച്ചതിനെ ആ പാത്രം മുഴുമിപ്പിച്ചു, ഴാങ്ങ് വാൽഴാങ്ങ് ഒരു വായ മദ്യം കുടിച്ചു. അയാളുടെ മനശ്ശക്തികളൊക്കെ തികച്ചും വീണ്ടുകിട്ടി. അയാൾ ശവമഞ്ചത്തിൽനിന്നു പുറത്തു കടന്നു, മുകൾമൂടി ആണിയിട്ടുറപ്പിക്കുന്നതിൽ ഫൂഷൽവാങ്ങിനെ സഹായിച്ചു. മൂന്നു നിമിഷം കഴിഞ്ഞു, അവർ രണ്ടുപേരും കുഴിയിൽനിന്നു പുറത്തെത്തി. എന്നല്ല, ഫൂഷൽവാങ്ങിനു തികച്ചും സ്വസ്ഥത വന്നു, അയാൾക്കതിനു് ഇട കിട്ടി. പടിയടച്ചിരിക്കുന്നു. ശവക്കുഴിവെട്ടുകാരൻ തിരിയെ വന്നെങ്കിലോ എന്നു പേടിക്കാനില്ല. അയാളിപ്പോൾ വീട്ടിൽ കൊണ്ടുപിടിച്ചു ശീട്ടു തിരയുകയായിരിക്കും; അതു ഫൂഷൽവാങ്ങിന്റെ കുപ്പായക്കീശയിലായതുകൊണ്ടു്, വീട്ടിൽ നിന്നു കിട്ടാൻ കുറേ പ്രയാസപ്പെടുകയും ചെയ്യും. ശീട്ടില്ലാതെ അയാൾക്ക് ശ്മശാനസ്ഥലത്തേക്കു തിരിച്ചുവരാൻ നിവൃത്തിയില്ല.

ഫൂഷൽവാങ്ങ് കൈക്കോട്ടെടുത്തു, ഴാങ്ങ് വാൽഴാങ്ങ് ‘പിക്കാസ്സും;’ രണ്ടുപേരും കൂടി ആ ഒഴിഞ്ഞ ശവമഞ്ചത്തിന്റെ സംസ്കാരം കഴിച്ചു. കുഴി തൂർന്നുകഴിഞ്ഞപ്പോൾ, ഫൂഷൽവാങ്ങ് ഴാങ്ങ് വാൽഴാങ്ങോടു പറഞ്ഞു: ‘നമുക്ക് പോവുക. കൈക്കോട്ടു ഞാനെടുത്തുകൊള്ളാം; പിക്കാസ്സു നിങ്ങളെടുക്കണം.’

രാത്രി കൂടിക്കൂടി വരുന്നു. കാലിളക്കുവാനും നടക്കുവാനും ഴാങ്ങ് വാൽഴാങ്ങിനു കുറച്ചു ഞെരുക്കമുണ്ടായി. ആ ശവമഞ്ചത്തിൽ കിടന്നിട്ടു് അയാളുടെ ദേഹം വെറുങ്ങലിച്ചിരുന്നു; അതേതാണ്ടു് ഒരു ശവംപോലെത്തന്നെയായി. ആ നാലു പലകക്കൂടുകളുടെ ഇടയിൽവെച്ചു മരണത്തിന്റെ മരവിക്കൽ അയാളെ പിടികൂടിയിരുന്നു. ശവക്കുഴിയിൽവെച്ച് അയാൾക്ക് ഒരുമാതിരി അലിയേണ്ടിവന്നു.

‘നിങ്ങൾ തരിച്ചിരിക്കുന്നു.’ ഫൂഷൽവാങ്ങ് പറഞ്ഞു. ‘എന്റെ കാൽ മുടന്തിപ്പോയല്ലോ എന്നു ഞാൻ വ്യസനിക്കുന്നു; ഇല്ലെങ്കിൽ നമുക്കു രണ്ടുപേർക്കുംകൂടി നല്ല ചുറുചുറുക്കിൽ ഒരു നടത്തം നടക്കാമായിരുന്നു.’ ‘ഹാ!’ ഴാങ്ങ് വാൽഴാങ്ങ് മറുപടി പറഞ്ഞു, ‘നാലു പ്രാവശ്യം എടുത്തുവെച്ചാൽ എന്റെ കാലുകൾക്ക് ഒരിക്കൽക്കൂടി ജീവൻ വെക്കും.’ ശവവണ്ടി പോയ നടവഴിയിലൂടെതന്നെ അവർ നടന്നു. അടഞ്ഞ പടിയുടേയും കാവല്ക്കാരന്റെ മണ്ഡപപ്പുരയുടേയും അടുത്തെത്തിയപ്പോൾ, ശവക്കുഴിവെട്ടുകാരന്റെ ശീട്ടു കൈയിൽപ്പിടിച്ചിരുന്ന ഫൂഷൽവാങ്ങ് അതു പെട്ടിയിലിട്ടു; കാവല്ക്കാരൻ കയർ വലിച്ചു, പടി തുറന്നു, അവർ പുറത്തു കടന്നു. ‘എത്ര ശരി ആയി നടക്കുന്നു കാര്യം!’ ഫൂഷൽവാങ്ങ് പറഞ്ഞു; ‘ഫാദർ മദലിയെൻ, നിങ്ങളുടെ ആ യുക്തി എന്തെണ്ണം പറഞ്ഞത്?’ ലോകത്തിൽവെച്ച് ഏറ്റവും സാധാരണമട്ടിൽ അവർ വോഗിരാർ ശ്മശാനത്തിൽനിന്നു പുറത്തു കടന്നു. ശ്മശാനസ്ഥലത്തിനടുത്ത പ്രദേശങ്ങളിൽ, ഒരു കൈക്കോട്ടും പിക്കാസ്സും രണ്ടു യാത്രാനുവാദപത്രങ്ങൾക്കു തുല്യമാണു്. ദ്യു വോഗിരാറിലെങ്ങും ആരുമില്ല.

‘ഫാദർ മദലിയെൻ,’ പോകുന്ന വഴിക്കു വീടുകളുടെ മുകളിലേക്കു നോക്കിക്കൊണ്ടു ഫൂഷൽവാങ്ങ് പറഞ്ഞു, ‘നിങ്ങളുടെ കണ്ണു് എന്റേതിനെക്കാൾ നന്നു്. 87-ആം നമ്പർ കാണിക്കൂ.’ ‘ഇതുതന്നെ,’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘തെരുവിൽ ഒരാളുമില്ല’ ഫൂഷൽവാങ്ങ് പറഞ്ഞു: ‘നിങ്ങളുടെ പിക്കാസ്സിങ്ങോട്ടു തന്നിട്ടു്, എനിക്കുവേണ്ടി രണ്ടു നിമിഷം ഇവിടെ നില്ക്കണം.’ ഫൂഷൽവാങ്ങ് 87-ആം നമ്പർ വീട്ടിൽക്കടന്നു. തട്ടിൻപുറത്തേക്കു സാധുക്കളെ എപ്പോഴും കൂട്ടിക്കൊണ്ടുപോകുന്ന സഹജജ്ഞാനത്താൽ നയിക്കപ്പെട്ടു. നേരെ കോണി കയറി. ഇരുട്ടത്തു് ഒത്തമുകളിലെ വാതില്ക്കൽ ചെന്നു മുട്ടി. ഒരു ശബ്ദം മറുപടി പറഞ്ഞു: ‘അകത്തേക്കു വരൂ.’ അതു ഗ്രിബിയെയുടേതായിരുന്നു.

ഫൂഷൽവാങ്ങ് വാതിൽ തുറന്നു. എല്ലാം മോശം താമസസ്ഥലങ്ങളേയും പോലെ, ശവക്കുഴിവെട്ടുകാരന്റെ പാർപ്പിടവും ഉപകരണങ്ങളൊന്നുമില്ലാതെ പല സാധങ്ങളും കൂടിമറിഞ്ഞുകിടക്കുന്ന ഒരു തട്ടിൻപുറമാണു്. ഒരു ചെറുപെട്ടി—ഒരു സമയം ശവമഞ്ചം—വലിപ്പുപെട്ടിയുടെ സ്ഥാനമെടുത്തിരിക്കുന്നു; ഒരു തൊണ്ടാണു് വെള്ളക്കുഴലിന്റെ സ്ഥാനത്തു്; ഒരു വയ്ക്കോൽവിരികൊണ്ടു കഴിഞ്ഞു കട്ടിലും കിടക്കയും; മേശകൾക്കും കസാലകൾക്കും പകരം നിലം. ഒരു മുക്കിൽ, ഒരു പഴയ കരിമ്പടത്തിന്റെ കഷ്ണമായിരുന്ന ഒരു കീറത്തുണിയുടെ മീതെ, മെലിഞ്ഞ ഒരു സ്ത്രീയും ഒരുപടി കുട്ടികളും കുന്നുകൂടി കിടക്കുന്നു. ഈ ദാരിദ്ര്യംപിടിച്ച സ്ഥലത്തു മുഴുവനും അതൊന്നു കീഴുമേൽ മറിഞ്ഞുപോയതിന്റെ ചിഹ്നങ്ങളാണു് ‘ഒരാൾക്കു മാത്രമായി’ ഒരു ഭൂമികുലുക്കമുണ്ടായിരിക്കണമെന്നു് ആരും പറഞ്ഞു പോവും. പുതപ്പുകളൊക്കെ നീങ്ങിയിരിക്കുന്നു; കീറത്തുണികൾ ചിന്നിക്കിടക്കുന്നു; ഭരണി പൊട്ടിയിട്ടുണ്ടു്; ആ സ്ത്രീ കരയുകയാണു്; കുട്ടികൾക്കു പക്ഷേ, തല്ലു കിട്ടിയിട്ടുണ്ടാവാം— ഊക്കോടുകൂടിയും ശുണ്ഠിയെടുത്തുമ്നുള്ള ഒരു പരിശോധനയുടെ അടയാളങ്ങൾ. നിശ്ചയമായും ആ ശവക്കുഴിവെട്ടുകാരൻ അയാളുടെ ശീട്ടു് അവിടെയൊക്കെ എന്തെന്നില്ലാതെ ഇളക്കിമറിച്ചു തിരഞ്ഞിരിക്കുന്നു. ഭരണി തുടങ്ങി ഭാര്യവരെ ആ തട്ടിൻപുറത്തുള്ള സർവത്തിനേയും ആ ശീട്ടു കാണാതായതിനു് അയാൾ ഉത്തരവാദിയാക്കിയിട്ടുണ്ടു്. അയാളെ കണ്ടാൽത്തന്നെ ഒരു നിരാശതയുടെ മൂർത്തിയായിരിക്കുന്നു.

തന്റെ വിജയത്തിനുള്ള ഈ വ്യസനകരമായ ഭാഗത്തെ നോക്കിക്കാണാൻ ഇടയില്ലാത്തവിധം അന്നത്തെ സംഭവത്തെ ഒരു കുറ്റിയിൽക്കൊണ്ടു തറയ്ക്കുവാൻ അത്രമേൽ ബദ്ധപ്പെട്ടുകൊണ്ടായിരുന്നു ഫൂഷൽവാങ്ങിന്റെ നില. അയാൾ അകത്തേക്കു കടന്നു, പറഞ്ഞു: ‘ഞാൻ നിങ്ങളുടെ കൈക്കോട്ടും പിക്കാസ്സും കൊണ്ടുവന്നിട്ടുണ്ടു്.’ ഗ്രിബിയെ പകച്ചുംകൊണ്ടു് അയാളെ മിഴിച്ചുനോക്കി. ‘ഹേ, നാടൻ, ഇതു നിങ്ങളാണോ?’ ശ്മശാനത്തിലെ പടിക്കാവല്ക്കാരൻവശം നിങ്ങളുടെ ശീട്ടുണ്ടെന്നു നാളെ രാവിലെക്കാണാം.’ അയാൾ ആ കൈക്കോട്ടും പിക്കാസ്സും നിലത്തു വെച്ചു. ‘എന്താണിതിന്റെ സാരം?’ ഗ്രിബിയെ കല്പിച്ചുചോദിച്ചു. ‘സാരം ഇതുതന്നെ; നിങ്ങൾ കുപ്പായക്കീശയിൽനിന്നു് ശീട്ടു താഴത്തിട്ടു; നിങ്ങൾ പോന്നുകഴിഞ്ഞതിനുശേഷം ഞാനതു നിലത്തു കിടക്കുന്നതു കണ്ടു; ശവം ഞാൻ മറവുചെയ്തു; കുഴി ഞാൻ തൂർത്തു; നിങ്ങളുടെ ജോലി ഞാൻ ചെയ്തു; പടിക്കാവല്ക്കാരൻ നാളെ നിങ്ങളുടെ ശീട്ടു മടക്കിത്തരും; നിങ്ങൾ പതിനഞ്ചു ഫ്രാങ്ക് പിഴയടയ്ക്കേണ്ടിവരില്ല. ഇപ്പോൾ മനസ്സിലായല്ലോ.’ ‘ഞാൻ നന്ദി പറയുന്നു!’ ഗ്രിബിയെ തെളിഞ്ഞു തെല്ലുച്ചത്തിൽ പറഞ്ഞു. ‘ഇനിയത്തെത്തവണ കുടിക്കുന്നതിന്റെ പണം ഞാൻ കൊടുക്കും.’

2.8.8
വിജയത്തോടുകൂടിയ അന്വേഷണം

ഒരു മണിക്കുർ കഴിഞ്ഞു, രാത്രിയിലെ ഇരുട്ടത്തു, രണ്ടു പുരുഷന്മാരും ഒരു കുട്ടിയുംകൂടി റ്യു പെത്തി പിക്പ്യൂവിൽ 62-ആം നമ്പർ ഭവനത്തിൽച്ചെന്നു. അവരിൽ മൂന്നാമത്താൾ ‘ദ്വാരതാഡനി’ പൊക്കി മുട്ടിവിളിച്ചൂ. അവർ ഫൂഷൽവാങ്ങും ഴാങ്ങ് വാൽഴാങ്ങും കൊസെത്തുമായിരുന്നു. കൊസെത്തിനെ തലേദിവസം ഫൂഷൽവാങ്ങ് സൂക്ഷിപ്പാൻ കൊടുത്തിരുന്ന റ്യു ദു് ഷെമെങ്ങ് വെറിലെ പഴക്കച്ചവടക്കാരന്റെ കൈയിൽനിന്നു കൂട്ടിക്കൊണ്ടുപോരാൻ അവർ രണ്ടുപേരുംകൂടി പോയി. കൊസെത്തു് ആ ഇരുപത്തിനാലു മണിക്കുർനേരം നിശ്ശബ്ദമായി വിറച്ചുകൊണ്ടും, ഒന്നും മനസ്സിലാകാതെയും കഴിച്ചു. കരഞ്ഞുപോകത്തക്കവണ്ണം അവൾ അത്രയും പേടിച്ചു വിറച്ചു. അവൾ ഉണ്ണുകയാവട്ടെ, ഉറങ്ങുകയാവട്ടെ ചെയ്തില്ല. ദുഃഖമയവും ഏകരൂപവുമായ ഒരു നോട്ടമൊഴിച്ചു മറ്റൊരുത്തരവും കിട്ടാതെ, ആ പഴക്കച്ചവടക്കാരൻ അവളെ ഒരു നൂറു ചോദ്യങ്ങൾകൊണ്ടു ബുദ്ധിമുട്ടിച്ചു. കഴിഞ്ഞ രണ്ടുദിവസം കണ്ടതും കേട്ടതുമായ യാതൊന്നും അവൾ പുറത്താക്കിയില്ല. അവർ ഒരപകടഘട്ടത്തെ കടക്കുകയായിരിക്കണെമെന്നു് അവളൂഹിച്ചു. അതു ‘നല്ല’ തിനാവണമെന്നു് അവൾക്കു ദൃഢബോധമുണ്ടായിരുന്നു. പേടിച്ചമ്പരന്ന ഒരു ചെറുകുട്ടിയുടെ ചെവിട്ടിൽ ഒരു സവിശേഷസ്വരത്തിൽ ഉച്ചരിക്കപ്പെട്ട ഈ വാക്കിന്റെ അധികാരശക്തി ആരാണനുഭവിച്ചിട്ടില്ലാത്തത്—മിണ്ടരുതു്. ഭയം ഊമയാണു്. എന്നല്ല, ഒരു കുട്ടിയെപ്പോലെ ആരും ഒരു ഗൂഡസംഗതി സൂക്ഷിക്കുകയില്ല. ഈ വ്യസനമയങ്ങളായ ഇരുപത്തിനാലു മണിക്കൂറുകൾ കഴിച്ചുകൂട്ടിയതിന്നു ശേഷം, വീണ്ടും ഴാങ്ങ് വാൽഴാങ്ങിനെ കണ്ടപ്പോൾ അവൾ ഒരു സന്തോഷശബ്ദം പുറപ്പെടുവിക്കയുണ്ടായി; കുറച്ചു ബുദ്ധിയുള്ള ഒരാൾ അതു കേൾക്കാൻ സംഗതിവന്നുവെങ്കിൽ., ഒരഗാധതയിൽനിന്നാണ് അതുണ്ടായതെന്നു് ഊഹിക്കാതിരിക്കില്ല. ഫൂഷൽവാങ്ങ് കന്യകാമഠത്തിലെ ഒരാളായതുകൊണ്ടു് അവിടെ കടന്നുചെല്ലാനാവശ്യമുള്ള വാക്കുകൾ അയാൾക്കറിയാം. എല്ലാ വാതിലും തുറന്നു. എങ്ങനെയാണു് പുറത്തേക്ക് പോകേണ്ടതു്, എങ്ങനെയാനു് അകത്തേക്കു വരേണ്ടതു് എന്ന ദുർഘടം പിടിച്ച ഇരട്ടസ്സംശയം ഇങ്ങനെ നീങ്ങി. കല്പനപ്രകാരം പടിക്കാവല്ക്കാരൻ ഭൃത്യന്മാരുടെ ചെറുവാതിൽ തുറന്നു; തോട്ടത്തേയും മുറ്റത്തേയും കൂട്ടിച്ചേർക്കുന്ന ആ വാതിൽ, വണ്ടിപ്പടിക്കെതിരായുള്ള മുറ്റത്തിന്റെ അറ്റത്തുള്ള മതിലിനുള്ളിലായി, ഒരിരുപതുകൊല്ലം മുൻപു വരെയുള്ള തെരുവിൽനിന്നു നോക്കിയാൽ കാണാമായിരുന്നു.

പടിക്കാവല്ക്കാരൻ മൂന്നുപേരെയും ആ വാതിലിലൂടെ അകത്തേക്കു കടത്തി; അവിടെനിന്നു തലേദിവസം ഫൂഷൽവാങ്ങിനു മഠാധ്യക്ഷയുടെ ആജ്ഞകൾ കിട്ടുകയുണ്ടായ ആ അകത്തേക്ക് അവർ കടന്നു.

മഠാധ്യക്ഷ കൈയിൽ ജപമാലയുമായി അവരെ കാത്തിരുന്നു. മൂടുപടം താഴ്ത്തിയിട്ടു് ഒരു മഠനായിക അവളുടെ അടുത്തു നില്ക്കുന്നുണ്ടു്. കൊളുത്തപ്പെട്ട ഒരു ബുദ്ധിമാനായ മെഴുകുതിരി ആ സൽക്കാരമുറിയെ തെളിയിക്കുന്ന ഒരു മോടിവിദ്യ കാട്ടുന്നുണ്ടായിരുന്നു എന്നു പറയട്ടെ. മഠാധ്യക്ഷ ഴാങ്ങ് വാൽഴാങ്ങിനെ ഒരു പരിശോധന കഴിച്ചു. കീഴ്പോട്ടു തൂങ്ങിയ ഒരു നോട്ടംപോലെ നോക്കിപ്പരിശോധിക്കുന്ന മറ്റൊന്നില്ല. എന്നിട്ടു് അവളയാളോടു ചോദ്യം തുടങ്ങി: ‘നിങ്ങളാണു് സഹോരദരൻ?’ ‘വന്ദ്യയായ മാതാവേ, അതേ,’ ഫൂഷൽവാങ്ങ് പറഞ്ഞു. ‘നിങ്ങളുടെ പേർ?’ ‘ഉൽത്തെം ഫൂഷൽവാങ്ങ്.’ അയാൾക്കു വാസ്തവത്തിൽ ഉൽത്തെം എന്ന പേരിൽ ഒരു സഹോദരനുണ്ടായിരുന്നു; മരിച്ചുപോയി. ‘നിങ്ങളുടെ താമസം എവിടെയായിരുന്നു?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അമീയങ്ങിനടുത്തു പിക്വിഞ്ഞിയിൽ.’ ‘നിങ്ങൾക്കെത്ര വയസ്സായി?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അമ്പതു്.’ ‘നിങ്ങളുടെ പ്രവൃത്തി?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘കുടുംബത്തിലുള്ള എല്ലാവരും.’ ‘ഇതാണോ നിങ്ങളുടെ പെൺകുട്ടി?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അതേ.’ ‘നിങ്ങൾ അവളുടെ അച്ഛനാണു്?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘മുത്തച്ഛൻ.’ മഠനായിക ഒരു താന്ന സ്വരത്തിൽ മഠാധ്യക്ഷയോടു പറഞ്ഞു: ‘അയാൾ നന്നായി മറുപടി പറയുന്നു.’ ഴാങ്ങ് വാൽഴാങ്ങ് ഒരക്ഷരം മിണ്ടിയിട്ടില്ല. മഠാധ്യക്ഷ കൊസെത്തിനെ സശ്രദ്ധം സൂക്ഷിച്ചുനോക്കി. പകുതിയുറക്കെ മഠനായികയോടു പറഞ്ഞു: ‘അവൾ വിരൂപയായി വളർന്നുവരും.’

രണ്ടമ്മാരും കൂടി സൽക്കാരമുറിയുടെ അറ്റത്തു ചെന്നുനിന്നു് ഒരു താന്നസ്വരത്തിൽ കുറച്ചുനേരം തമ്മിലാലോചിച്ചു; എന്നിട്ടു മഠാധ്യക്ഷ തിരിഞ്ഞുനിന്നു പറഞ്ഞു: ‘ഫാദർ ഫൂവാങ്ങ്, നിങ്ങൾ മറ്റൊരു കാൽമുട്ടുപട്ടയും ഒരു മണിയും മേടിക്കണം. ഇനി രണ്ടെണ്ണം ആവശ്യമാവും.’ അങ്ങനെ പിറ്റേ ദിവസം രാവിലെ തോട്ടത്തിൽനിന്നു രണ്ടു മണികളുടെ ശബ്ദം കേൾക്കാറായി; സന്ന്യാസിനിമാർക്കു തങ്ങളുടെ മുഖപടമൂല ഒന്നു പൊന്തിച്ചു നോക്കാതിരിപ്പാൻ നിവൃത്തിയില്ലെന്നായി. തോട്ടത്തിന്റെ അങ്ങേ അറ്റത്തു മരച്ചുവട്ടിൽ, രണ്ടുപേർ, ഫൂവാങ്ങും മറ്റൊരാളും അടുത്തടുത്തുനിന്നു് കുഴി കുത്തുന്നതു കണ്ടു. ഒരസാമാന്യസംഭവം. ഇങ്ങനെ അന്യോന്യം പറയത്തക്കവിധം അവരുടെ മൗനവ്രതം ഉടഞ്ഞുപോയി; ‘അയാൾ ഒരു കൂട്ടുതോട്ടക്കാരനാണു്.’ മഠനായികമാർ തുടർന്നു: ‘അതു ഫാദർ ഫൂവാങ്ങിന്റെ അനുജനാണു്.’ ഴാങ്ങ് വാൽഴാങ്ങ് അവിടത്തെ ഒരാൾ തന്നെയായി; മണി കെട്ടിയ തോൽപ്പട്ട കാൽമുട്ടിന്മേൽ തൂങ്ങി; അയാൾ അന്നുമുതൽ ഉദ്യോഗസ്ഥനായി. അയാളുടെ പേർ ഉൽത്തെം ഫൂഷൽവാങ്ങ് എന്നാണു്. അയാളെ കന്യകാമഠത്തിൽ ചേർക്കാമെന്നു തീർച്ചപ്പെടുത്തുവാൻ ഏറ്റവും ശക്തിമത്തായ കാരണം മഠാധ്യക്ഷ കൊസെത്തിനെപ്പറ്റി പുറപ്പെടുവിച്ച ഈ അഭിപ്രായമാണു്; ‘അവൾ വിരൂപയായി വളർന്നുവരും.’ മഠാധ്യക്ഷയ്ക്ക്, ആ പേരുകേട്ട ദൈവജ്ഞയ്ക്കു, ക്ഷണത്തിൽ കൊസെത്തിന്റെ പേരിൽ ഒരിഷ്ടം തോന്നി, അവളെ വിദ്യാലയത്തിൽ ഒരു ‘ധർമ’ വിദ്യാർഥിനിയായിച്ചേർത്തു. ഇതിൽ ന്യായവിരുദ്ധമായി യാതൊന്നുമില്ല.

കന്യകാമഠത്തിൽനിന്നു കണ്ണാടിയെ നാടുകടത്തിയതുകൊണ്ടു ഫലമുണ്ടായില്ല, സ്ത്രീകൾക്കു താന്താങ്ങളുടെ മുഖങ്ങളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു; അപ്പോൾ സൗഭാഗ്യത്തെപ്പറ്റി ബോധമുള്ള പെൺകിടാങ്ങളാരും അത്ര എളുപ്പത്തിൽ സന്ന്യാസിനിമാരാവാറില്ല; സൗന്ദര്യത്തിനു എത്രകണ്ടും കുറവുണ്ടൊ അത്രകണ്ടുമധികം പ്രവൃത്തി ഹൃദയപൂർവമായിരിക്കെ, സൌഭാഗ്യത്തിൽനിന്നുള്ളതിലേറെ വൈരൂപ്യത്തിൽനിന്നാണു് ആശയ്ക്കു വഴിയുള്ളതു്. അതുകൊണ്ടു സാമാന്യസ്ത്രീകൾക്ക് ഈവക ഭക്തിവിഷയത്തിൽ വാസന കൂടിക്കാണുന്നു. ഇതൊക്കെ സുശീലനും വയസ്സനുമായ ഫൂഷൽവാങ്ങിന്റെ പ്രാമാണ്യത്തെ വർദ്ധിപ്പിച്ചു; അയാൾക്കു മൂന്നു വിധത്തിലുള്ള വിജയം കിട്ടി; അയാൾ സഹായിക്കുകയും രക്ഷിക്കുകയും ചെയ്ത ഴാങ്ങ് വാൽഴാങ്ങിന്റെ ദൃഷ്ടിയിൽ ഒന്നു്; ശവക്കുഴിവെട്ടുകാരന്റെ നോട്ടത്തിൽ മറ്റൊന്ന്—ആ ഗ്രിബിയെ സ്വയം വിചാരിച്ചു; ‘അയാളാണു് ആ പിഴയെനിക്ക് ഇല്ലാതാക്കിത്തന്നതു്; കന്യകാമഠത്തെ സംബന്ധിച്ചേടത്തോളം വേറെയൊന്നും-അയാളുടെ സഹായത്താൽ മദർ ക്രൂസിഫിക്ഷ്യന്റെ ശവമഞ്ചം തിരുവത്താഴമേശച്ചുവട്ടിൽ സൂക്ഷിക്കുവാൻ സാധിച്ചതുകൊണ്ടു് അതു ചക്രവർത്തിയെ തോല്പിച്ച് ഈശ്വരനെ സന്തോഷിപ്പിച്ചു. ശവത്തോടുകൂടിയ ഒരു ശവമഞ്ചം പെത്തി പിക്പ്യുവിലും ഒരു ശവമില്ലാത്ത ഒരു ശവമഞ്ചം വോഗിരാർ ശ്മാശനത്തിലുമുണ്ടു്; രാജ്യനിയമത്തെ ഇതു കഠിനമായി കീഴുമേൽ മറിച്ചു; പക്ഷേ, ആരും ആ കഥ മനസ്സിലാക്കിയില്ല.

കന്യകാമഠത്തെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, ഫൂഷൽവാങ്ങിന്റെ നേരെ അതിന്നുള്ള നന്ദി വളരെയധികമായിരുന്നു. ഫൂഷൽവാങ്ങ് ആശ്രിതജനങ്ങളിൽ വെച്ച് ഏറ്റവും കൊള്ളാവുന്നവനും തോട്ടക്കാരിൽവെച്ച് ഏറ്റവും വിലപിടിച്ചാളുമായിത്തീർന്നു. പ്രധാനമെത്രാന്റെ പിന്നത്തെ വരവിൽ, മഠാധ്യക്ഷ ആ വിവരം തിരുമനസ്സറിയിച്ചു; വാസ്തവം ഏതാണ്ടു് തുറന്നുപറകതന്നെ ചെയ്തു; എങ്കിലും അതവളുടെ പ്രവൃത്തിയെപ്പറ്റി ഒരു മേനിയോടുകൂടിയായിരുന്നു കന്യകാമഠത്തിൽനിന്നു പോയതിന്നുശേഷം, പ്രധാന മെത്രാൻ, അദ്ദേഹത്തിനു പാപസമ്മതം ചെയ്യാനുള്ളാളായ മൊസ്യു ദു് ലാത്തിയോട്—രീമിലെ പ്രധാന മെത്രാനും കർദിനാലും—ഒരു മന്ത്രിക്കലായി അതിനെ താങ്ങിപ്പറഞ്ഞു. ഫൂഷൽവാങ്ങിനെപ്പറ്റിയുള്ള ഈ അഭിനന്ദനം നാടൊക്കെപ്പരന്നു. അതു റോമിലേക്കുതന്നെ കടന്നു. അന്നു സ്ഥാനത്തുണ്ടായിരുന്ന പോപ്പു്, പന്ത്രണ്ടാമൻ ലിയോ, തന്റെ ഒരു ചാർച്ചക്കാരന്നു—പാരിസ്സിലുള്ള പോപ്പിന്റെ പ്രതിനിധിയുടെ കീഴിൽ ഒരുദ്യോഗസ്ഥനും, അദ്ദേഹത്തെപ്പോലെത്തന്നെ, ദെല്ല ഗെൻക എന്ന പേർ വഹിക്കുന്നാളുമായ ഒരാൾക്ക് എഴുതിയിട്ടുള്ള ഒരു കത്തു് ഞങ്ങൾ കണ്ടിട്ടുണ്ടു്; അതിൽ ഈ വരികളുണ്ടായിരുന്നു, ‘പാരിസ്സിലെ ഒരു കന്യകാമഠത്തിൽ ഫൂവാങ്ങ് എന്നു പേരുമായി ഒരു കൊള്ളാവുന്ന തോട്ടക്കാരനുണ്ടത്രേ. അയാൾ ഒരു പരിശുദ്ധഭക്തനുമാണു്.’ സ്വന്തം കുടിലിലിരിക്കുന്ന ഫൂഷൽവാങ്ങിന്റെ അടുക്കലേക്ക് ഈ വിജയാഘോഷമൊന്നും തന്നെ ചെന്നില്ല; തന്റെ സാമർത്ഥ്യങ്ങളെപ്പറ്റിയും പരിശുദ്ധതയെക്കുറിച്ചും ലേശമെങ്കിലും സംശയിക്കാതെ, അയാൾ ഒട്ടുമരങ്ങൾ പിടിപ്പിച്ചും പുല്ലു് പറിച്ചും മത്തത്തടങ്ങളെ പുതപ്പിച്ചും കഴിഞ്ഞു അതേ, ലണ്ടൻ ഇല്ലസ്ട്രേറ്റഡ് ന്യൂസു് പത്രത്തിൽ, ‘കന്നുകാലി പ്രദർശനത്തിൽ സമ്മാനം നേടിയ കാള’ എന്നു ചുവട്ടിൽ കുറിപ്പോടുകൂടി ഛായ ചേർക്കപ്പെട്ട ഒരു ഡൽഹാംകാളയോ സറികാളയോ ചെയ്തേക്കാവുന്നതിൽ ഒട്ടുമധികം അയാളും തന്റെ പ്രശസ്തിയെപ്പറ്റി സംശയിച്ചില്ല.

2.8.9
മഠത്തിലായി

കൊസെത്തു് കന്യകാമഠത്തിൽ ഒന്നും മിണ്ടാതെതന്നെ കഴിച്ചു. താൻ ഴാങ്ങ് വാൽഴാങ്ങിന്റെ മകളാണെന്നാണു് കൊസെത്തു് വിശ്വസിച്ചിരുന്നതു്. അതിൽ അത്ഭുതപ്പെടാനില്ലല്ലോ. എന്നല്ല, മറ്റൊന്നും തനിക്കറിവില്ലാതിരുന്നതുകൊണ്ടു്, അവളെക്കൊണ്ടൊന്നും പറവാനും സാധിക്കില്ല. ഇനി സാധിക്കുമെങ്കിൽത്തന്നെ അവൾ പറയില്ല. ഞങ്ങൾ മുൻപു പറഞ്ഞതുപോലെ, ദൗർഭാഗ്യത്തെപ്പോലെ കുട്ടികളെക്കൊണ്ടു മിണ്ടാതാക്കുന്ന മറ്റൊന്നില്ല. കൊസെത്തു് അത്രമേൽ ദുഃഖമനുഭവിച്ചിരുന്നതുകൊണ്ടു സർവത്തെക്കുറിച്ചും അവൾ ഭയപ്പെട്ടു—അതേ, മിണ്ടുവാനോ ശ്വാസം കഴിക്കുവാനോകൂടി അവൾക്കു ഭയമായിരുന്നു. ഒരൊറ്റവാക്കുകൊണ്ടു പലപ്പോഴും ഒരു മല മുഴുവനും അവളുടെ മേൽ പൊളിഞ്ഞുവീണിട്ടുണ്ടു്. ഴാങ്ങ് വാൽഴാങ്ങിന്റെ കൂടെയായതിന്നുശേഷവും അവൾക്കൊരു സമാധാനം കിട്ടിത്തുടങ്ങിയില്ല. ക്ഷണത്തിൽ അവൾ കന്യകാമഠത്തിലെ ജീവിതത്തോടിണങ്ങി. ഒന്നുമാത്രം, കാതറീനെ കൊണ്ടുവന്നില്ലല്ലോ എന്നവൾ പശ്ചാത്തപിച്ചു; പക്ഷേ, അതു പറയാൻ അവൾക്കു ധൈര്യമുണ്ടായില്ല. എന്തായാലും ഒരിക്കൽ അവൾ ഴാങ്ങ് വാൽഴാങ്ങിനോടു പറഞ്ഞു: അച്ഛാ, ഞാനിതറിഞ്ഞിരുന്നുവെങ്കിൽ, എന്റെ കാതറീനെ കൈയിലെടുത്തേനേ.’ കന്യകാമഠത്തിൽ പഠിക്കാൻ തുടങ്ങിയപ്പോൾ അവിടത്തെ വിദ്യാർഥിനികളുടെ ഉടുപ്പു് അവളും ധരിക്കേണ്ടിവന്നു. അവൾ കളഞ്ഞ ഉടുപ്പ്, കുട്ടികളോടു പറഞ്ഞു, ഴാങ്ങ് വാൽഴാങ്ങ് കൈയിലാക്കി. തെനാർദിയെർമാരുടെ ചാരായക്കടയിൽനിന്നു പോരുമ്പോൾ അയാൾ കൊസെത്തിനെക്കൊണ്ടു ധരിപ്പിച്ച അതേ ദു:ഖോചിതമായ ഉടുപ്പായിരുന്നു അതു്. അപ്പോഴും അതു വല്ലാതെ പിഞ്ഞിക്കഴിഞ്ഞിട്ടില്ല. ആ ഉടുപ്പുസാമാനങ്ങളെ, കീഴ്ക്കാലുറകളും പാപ്പാസുകളും കൂട്ടി, കന്യകാമഠങ്ങളിൽ ധാരാളമായുണ്ടാകുന്ന കർപ്പൂരവും മറ്റെല്ലാ സുഗന്ധപ്പൊടികളും ധാരാളാം വിതറി, എങ്ങനെയോ അയാൾ സമ്പാദിച്ച ഒരു ചെറിയ യാത്രപ്പെട്ടിയിലിട്ടു പൂട്ടി, ഈ യാത്രപ്പെട്ടി അയാൾ തന്റെ കട്ടിലിനടുത്തു് ഒരു കസാലയിൽ സൂക്ഷിച്ചു; അതിന്റെ താക്കോൽ എപ്പോഴും അയാളുടെ കൈയിലായിരിക്കും. ‘അച്ഛാ,’ ഒരു ദിവസം കൊസെത്തു് അയാളോടു ചോദിച്ചു. ‘അത്രയും നല്ല വാസനയുള്ള ആ പെട്ടിയിലെന്താണു്?’

ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതും തനിക്കു യാതൊരറിവുമില്ലാതിരുന്നതുമായ പ്രശസ്തിക്കു പുറമേ, ഫൂഷൽവാങ്ങിനു് അയാളുടെ സല്കർമത്തിന്റെ ഫലമായി വേറെയും ചില ഗുണങ്ങൾ കിട്ടി; ഒന്നാമതു്, അയാൾക്കു സുഖമയി; പിന്നെ ഒരാൾകൂടിയുണ്ടായതുകൊണ്ടു് മൊസ്സ്യു മദലിയെന്റെ സഹവാസം വളരെ ഉപകാരത്തിലായി. പണം മൊസ്സ്യു മദലിയെൻ കൊടുത്തുവന്നതിനാൽ, അയാൾ മുൻപുണ്ടായിരുന്നതിൽ മൂന്നിരട്ടിയിലധികം പ്രാവശ്യം പൊടി വലിച്ചു; അതു തന്നെ ഓരോരിക്കലും അത്രമേൽ ധാരാളിത്തത്തോടുകൂടിയും. സന്ന്യാസിമാർ ഉൽത്തെം എന്ന പേർ സ്വീകരിച്ചില്ല; അവർ ഴാങ്ങ് വാൽ ഴാങ്ങിനെ മറ്റേ ഫൂവാങ്ങ് എന്നു വിളിച്ചു.

ഈ പരിശുദ്ധസ്ത്രീകൾക്കു ഴാവേറുടെ സൂക്ഷ്മനോട്ടമുണ്ടായിരുന്നുവെങ്കിൽ, തോട്ടത്തില ആവശ്യത്തിലേക്ക് വല്ലപ്പോഴും പുറത്തേക്ക് പോകേണ്ട ആവശ്യം നേരിട്ടാൽ, അതെപ്പോഴും കിഴവനും ക്ഷീണനും മുടന്തനുമായ ഫൂഷൽവാങ്ങല്ലാതെ, മറ്റേയാൾ ആയിരുന്നില്ലെന്നു് അവർ കുറേക്കഴിഞ്ഞാലെങ്കിലും നോക്കിയറിഞ്ഞേനേ; എന്നാൽ എപ്പോഴും ഈശ്വരനിൽ ഊന്നിയിരിക്കുന്ന ദൃഷ്ടികൾക്ക് ഒറ്റുനില്ക്കാൻ അറിഞ്ഞുകൂടാഞ്ഞിട്ടോ, അതോ അവയെ ആവശ്യമുള്ളതെന്നു വെച്ചിട്ടോ, അക്കാര്യത്തിൽ അവർ യാതൊരു ശ്രദ്ധയും പതിച്ചില്ല.

അത്രമാത്രമല്ല, ഴാങ്ങ് വാൽഴാങ്ങ് വീട്ടിൽത്തന്നെ അടച്ചുകൂടുകയും പുറത്തേക്കു കടക്കാതിരിക്കുകയും ചെയ്തതു നന്നായിതാനും. ഒരു മാസത്തോളം കാലം ഴാവേർ ആ പ്രദേശത്തുനിന്നു കണ്ണെടുക്കാതെ നിന്നിരുന്നു.

ഗുഹകളാൽ ചുറ്റപ്പെട്ട ഒരു ദ്വീപുപോലെയായിരുന്നു ഴാങ്ങ് വാൽഴാങ്ങിനു് ആ കന്യകാമഠം. മേലാൽ ആ നാലു മതിലുകൾക്കകമായി അയാളുടെ ലോകം. അവിടെ അയാൾക്കു തന്റെ പ്രശാന്തമഹിമയെ നിലനിർത്താൻ വേണ്ടിടത്തോളം ആകാശത്തേയും, സുഖമായിരിക്കാൻ കൊസെത്തിനേയും കാണാനുണ്ടായിരുന്നു.

അയാൾ ഒരു സുഖമായ ജീവിതം ആരംഭിച്ചു.

തോട്ടത്തിന്റെ അറ്റത്തുള്ള പഴയ കുടിലിൽ അയാൾ ഫൂഷൽവാങ്ങോടുകൂടി താമസമായി. പഴയ ഓരോന്നെടുത്തു കൂട്ടിയുണ്ടാക്കിയതും 1845 വരെ നിലനിന്നിരുന്നതുമായ ഈ ചെറ്റപ്പുര, വായനക്കാർക്കറിവുള്ളതുപോലെ, മൂന്നു മുറികളോടു കൂടിയതാണു്; ആ മൂന്നിലും ചുമരുകളല്ലാതെ മറ്റു യാതൊന്നുമില്ല. അവയിൽ പ്രധാനമായ മുറി, ഴാങ്ങ് വാൽഴാങ്ങ് വെറുതെ ശാഠ്യംപിടിച്ചുനോക്കിയെങ്കിലും, മൊസ്സ്യു മദലിയെനെക്കൊണ്ടു ബലാൽക്കാരമായി ഫൂഷൽവാങ്ങ് ഒഴിച്ചുവാങ്ങിച്ചു. ഈ മുറിയുടെ ചുമരുകൾക്ക് ആഭരണമായി കാൽമുട്ടുപട്ടയും കൊട്ടയും തൂങ്ങിക്കിടക്കുന്ന രണ്ടാണിക്കു പുറെമെ, അടുപ്പിൻതിണ്ണയ്ക്കു മുകളിൽ ചുമരിന്മേലായി 1793-ലെ രാജവാഴ്ചക്കാലത്തുള്ള ഒരു നോട്ടുകൂടി പതിച്ചിട്ടുണ്ടായിരുന്നു, താഴെക്കാണുന്നതു് അതിന്റെ ഒരു തത്തുല്യപകർപ്പാണ്-

ഈ നോട്ടു ചുമരിന്മേൽ തറച്ചിരുന്നതു മുൻപത്തെ തോട്ടക്കാരനാണു്. അയാൾ കന്യകാമഠത്തിൽ കിടന്നു മരിച്ചു, ആ സ്ഥാനമാണു് ഫൂഷൽവാങ്ങിനു കിട്ടിയതു്.

ഴാങ്ങ് വാൽഴാങ്ങ് ദിവസംപ്രതി തോട്ടത്തിൽ പണിയെടുത്തു, അയാളെക്കൊണ്ടു വളരെ ഉപകാരമുണ്ടായി; പണ്ടൊരു കാലത്തു് അയാൾക്കു തൂപ്പു വെട്ടി നന്നാക്കലായിരുന്നു പണി. ഇപ്പോൾ ഒരിക്കൽക്കൂടി അയാൾ സന്തോഷപൂർവം തോട്ടക്കാരനായി കൃഷിശാസ്ത്രസംബന്ധികളായ എല്ലാ ഗൂഢപ്രയോഗങ്ങളും അയാൾക്കറിയാമായിരുന്നു. ഇതയാൾ ഉപയോഗപ്പെടുത്തി. തോട്ടത്തിലെ മരങ്ങളൊക്കെ വേണ്ടവിധം വെട്ടിനന്നാക്കാതെ കാട്ടുമരങ്ങളെപ്പോലെ നിന്നിരുന്നു. അയാൾ അവയെ പരിഷ്കരിച്ചു ഫലവത്തുക്കളാക്കി

ദിവസംതോറും ഓരോ മണിക്കൂർ നേരം അയാളൊരുമിച്ചിരിക്കാൻ കൊസെത്തിനനുവാദമുണ്ടയിരുന്നു. കന്യകാമഠസ്ത്രീകളൊക്കെ ദുഃഖശീലത്തോടു കൂടിയവരും അയാൾ ദായാലുവായിരുന്നതുകൊണ്ടു്, അവൾ അവരെ തമ്മിൽ ത്തട്ടിച്ചുനോക്കി, അയാളെ മനസ്സുകൊണ്ടു പൂജിച്ചു ആ നിശ്ചിതസമയത്തു് അവൾ കുടിലിലേക്കു പറന്നു ചെല്ലും ആ ചെറ്റപ്പുരയിൽ കടന്നുവന്നാൽ ഉടനെ അവൾ അവിടമെങ്ങും സ്വർഗമാക്കും. ഴാങ്ങ് വാൽഴാങ്ങിനു് ആഹ്ലാദം തോന്നി; കൊസെത്തിന്നുണ്ടാക്കിക്കൊടുക്കുന്ന സുഖംകൊണ്ടു് അയാൾക്കും സുഖംവർദ്ധിച്ചു. നാം ഉണ്ടാക്കിക്കൊടുക്കുന്ന സുഖത്തിനു് ഈ ഹൃദയംഗമായ ഒരു സവിശേഷതയുണ്ടു്. എല്ലാ പ്രതിബിംബങ്ങളെയുംപോലെ അതു മങ്ങിപ്പോകാതെ, പൂർവാധികം പ്രകാശത്തോടുകൂടി മടങ്ങിവരുന്നു. കളിസ്സമയങ്ങളിൽ അവൾ ഓടുന്നതും കളിക്കുന്നതും അയാൾ ദൂരത്തുനിന്നു നോക്കിക്കാണും, മറ്റുള്ളവരുടെ ചിരികളിൽ നിന്നു് അവളുടെ ചിരി അയാൾക്കു തിരിച്ചറിയാം കൊസെത്തു് ഇപ്പോൾ ചിരിച്ചുതുടങ്ങിയിരിക്കുന്നു കൊസെത്തിന്റെ മുഖത്തിനുതന്നെ ഏതാണ്ടൊരു മാറ്റം വന്നിരുന്നു അതിലെ മങ്ങിച്ച കാണാതായി ഒരു പുഞ്ചിരി, ഒരു വെയിൽനാളംപോലെയാണു്; അതു മനുഷ്യമുഖത്തുനിന്നു ദുർദ്ദിനത്തെ ആട്ടിപ്പായിക്കുന്നു.

കളിസ്സമയം കഴിഞ്ഞ് കൊസെത്തു് വീട്ടിലെക്കുതന്നെ മടങ്ങിപ്പോയി, ഴാങ്ങ് വാൽഴാങ്ങ് അവളെ പഠിപ്പുമുറിയിലൂടെ നോക്കിക്കാണും; അവളെ ഉറക്കറയിലെ ജനാലകളിലൂടെ നോക്കുന്നതിനു് അയാൾ രാത്രിയെണീക്കും. എന്നല്ല, ഈശ്വരന്നു ചില സവിശേഷതസമ്പ്രദായങ്ങളുണ്ടു്; മെത്രാൻ ഴാങ്ങ് വാൽഴാങ്ങിൽ തുടങ്ങിവെച്ച പ്രവൃത്തിയെ, കൊസെത്തിനെ എന്നപോലെ, കന്യകാമഠം ഏറ്റെടുക്കുകയും മുഴുമിപ്പിക്കുകയും ചെയ്തു. സൗശീല്യം അഭിമാനത്തിന്റെ ഒരു ഭാഗത്തു തൊട്ടുനില്ക്കുന്നു എന്നു തീർച്ചയാണു്. പിശാചിനാൽ ഉണ്ടാക്കപ്പെട്ട ഒരു പാലം അവിടെയുണ്ടു്. പെത്തി പിക്യുവിലെ കന്യകാമഠത്തിൽ ഈശ്വരൻ അയാളുടെ വിധിയെ തള്ളിമറിച്ചപ്പോൾ, ഴാങ്ങ് വാൽഴാങ്ങ് ഒരു സമയം താനറിയാതെതന്നെ, ആ ഭാഗത്തിനും ആ പാലത്തിനും നല്ലവണ്ണം അടുത്തെത്തിയിടുണ്ടായിരുന്നു; തന്നെ മെത്രാനുമായി മാത്രം താരതമ്യപ്പെടുത്തി നോക്കുന്നേടത്തോളം കാലം, അയാൾ നിസ്സാരനാണെന്നു തീർച്ചപ്പെടുകയും വിനീതനായിത്തന്നെയിരിക്കുകയും ചെയ്യും; എന്നാൽ കുറച്ചുകാലം മുൻപു മുതൽ അയാൾ സാമാന്യജനങ്ങളുമായി സ്വയം തട്ടിച്ചുനോക്കുകയും അഭിമാനം അയാളിൽ അങ്കുരിക്കുകയും ചെയ്യാൻ തുടങ്ങി. ആർക്കറിയാം? പതുക്കെക്കൊണ്ടു് അയാൾ ദ്വേഷത്തിൽത്തന്നെ തിരിച്ചു ചെന്നു എന്നു വരാം.

കന്യകാമഠം അയാളെ ആ അധ:പതനത്തിൽനിന്നു തടഞ്ഞുനിർത്തി.

അയാൾക്കനുഭവിക്കേണ്ടിവന്ന രണ്ടാമത്തെ കാരാഗൃഹവാസമാണിതു്. ചെറുപ്പത്തിൽ—അതായതു് അയാളുടെ ജീവിതാരംഭത്തിൽ—പിന്നെ ഇയ്യിടെയിലുമായി, മറ്റൊരു കാരാഗൃഹം—അതേ, നീതിന്യായത്തിന്റെ ദുഷ്ടതയും രാജ്യനിയമത്തിന്റെ ആ കൃത്യവുമായി അയാൾക്കു തോന്നിയിട്ടുള്ള പലേ നിഷ്ഠൂരതകളോടു കൂടിയ ഒരു ഭയങ്കരസ്ഥലം-അയാൾ കണ്ടിട്ടുണ്ടു്. ഇപ്പോൾ, തണ്ടുവലിശിക്ഷാസ്ഥലത്തിനുശേഷം, അയാൾ സന്ന്യാസിമഠം കണ്ടു; തണ്ടുവലിശിക്ഷാസ്ഥലങ്ങളിൽ താൻ എങ്ങനെ ഒരംഗമായിരുന്നു എന്നും, ഇപ്പോൾ ഒരു സന്ന്യാസിമഠത്തെ താൻ എങ്ങനെ നോക്കിക്കണ്ടുകൊണ്ടിരിക്കുന്നു എന്നും ആലോചിച്ചപ്പോൾ, ആ രണ്ടും വ്യാകുലതയോടുകൂടി അയാളുടെ മനസ്സിൽ മുൻപിൽ വന്നുമുട്ടി.

ചിലപ്പോൾ കൈ രണ്ടും കെട്ടി അയാൾ തൂമ്പമേൽ ചാരിനിന്നു മനോരാജ്യത്തിന്റെ അവസാനരഹിതങ്ങളായ പിരിയൻകോണികളിലൂടെ ഇറങ്ങിപ്പോവും.

അയാൾ പണ്ടത്തെ കൂട്ടുകാരെ ഓർമിക്കും; അവർ എന്തു കഷ്ടസ്ഥിതിയിലായിരുന്നു; പുലർന്നാൽ എഴുന്നേറ്റു, രാത്രിയാവുന്നതുവരെ അധ്വാനിക്കും; ഉറങ്ങുവാൻതന്നെ അവർക്കു സമയം കിട്ടിയിരുന്നില്ല; ഊക്കൻ വേനല്ക്കാലത്തല്ലാതെ മറ്റൊരിക്കലും ചൂടു തട്ടാത്ത മുറികളിൽ, രണ്ടിഞ്ചു കനമുള്ള വിരികളല്ലാതെ മറ്റൊന്നും പാടില്ലെന്നുള്ള പാളയക്കിടക്കകളിൽ അവർ കിടക്കും; ചുകന്ന ഭയങ്കരങ്ങളായ കുറുങ്കുപ്പായങ്ങളെക്കൊണ്ടു വസ്ത്രധാരണം കഴിക്കും; ഒരു വലിയ ദയയായി, ഏറ്റവും ചൂടുള്ള കാലത്തു പരുത്തിത്തുണിക്കാലുറകളും വല്ലാത്ത തണുപ്പുകാലത്തു് രോമംകൊണ്ടുള്ള വണ്ടിക്കാരൻമുറിക്കുപ്പായവും ധരിക്കുവാൻ അവർക്കനുവാദം കിട്ടിയിരുന്നു; അവർ വീഞ്ഞു കുടിച്ചിരുന്നില്ല; ‘ക്ഷീണപ്പണിയെടുക്കുന്ന കാലത്തല്ലാതെ മാംസം തിന്നിരുന്നുമില്ല. അവർക്കു പേരില്ല. ഓരോ നമ്പർ മാത്രമേ ഉള്ളൂ; എന്നല്ല, കീഴ്പോട്ടു തൂങ്ങിയ ദൃഷ്ടികളോടും താഴ്ത്തപ്പെട്ട ഒച്ചകളോടും കത്തിരിച്ചുകളഞ്ഞ തലമുടിയോടുംകൂടി അവമാനത്തിലും പൊന്തൻ വടികൊണ്ടുള്ള തല്ലുകൾക്കിടയിലും ആകപ്പാടെ അവർതന്നെ ഓരോ സുന്നങ്ങളായി മാറിയിരിക്കുന്നു എന്നു പറയാം.

ഉടനെ അയാളുടെ മനസ്സു് ആ മുൻപിൽക്കാണുന്ന സത്ത്വങ്ങളുടെ മേലേക്കു തിരിഞ്ഞു.

ഇവരും കത്തിരിച്ചുകളഞ്ഞ തലമുടികളോടും കീഴ്പ്പോട്ടു തൂങ്ങിയ ദൃഷ്ടികളോടും താഴ്ത്തപ്പെട്ട ഒച്ചകളോടും കൂടി, അവമാനത്തിലല്ല, ലോകത്തിന്റെ പരിഹാസങ്ങൾക്കിടയിൽ, പൊന്തൻവടികൊണ്ടുള്ള തല്ലുകൊണ്ടു തോലുരിഞ്ഞ പുറത്തോടുകൂടിയല്ല, തങ്ങളുടെ തപോനിഷ്ടകൾകൊണ്ടു വേദനപ്പെടുന്ന ചുമലുകളോടുകൂടി കഴിഞ്ഞുവരുന്നു. മനുഷ്യരുടെ ഇടയിൽനിന്നു് ഇവരുടെ പേരുകളും അറിയപ്പെടുന്നില്ല ഇവർ ഒരിക്കലും വീഞ്ഞു കുടിക്കില്ല, മാംസം തിന്നില്ല; വൈകുന്നേരമാവുന്നതുവരെ പലപ്പോഴും ഇവർ ഉപവാസംകൊള്ളും; ഇവർ ധരിക്കുന്നതു, ചുവന്ന മുറിക്കുപ്പായമല്ല, വേനല്ക്കാലത്തു കനം കൂടിയതും മഴക്കാലത്തു കനം കുറഞ്ഞതുമായി കറുത്ത രോമംകൊണ്ടുള്ള ഒരു മറത്തുണിയാണ്—അതിൽ യാതൊന്നും കൂട്ടുവാനോ കുറയ്ക്കുവാനോ അധികാരമില്ല; എന്നല്ല, കാലത്തെ അനുസരിച്ചു പരുത്തിത്തുണിപ്പുറം കുപ്പായമോ രോമത്തുണിനിലയങ്കിയോ ധരിക്കുവാനും പാടില്ല. കൊല്ലത്തിൽ ആറുമാസവും കമ്പിളിത്തുണികൊണ്ടുള്ള ഉൾക്കുപ്പായമിടുന്നതുകൊണ്ടു് പനി പിടിക്കുകയും ചെയ്യുന്നു. കഠിനമായ മഴക്കാലത്തുമാത്രം തിയ്യിടുന്ന മുറികളിലല്ല ഇവരുടെ താമസം; ഒരിക്കലും തിയ്യിടാത്ത ചെറുഗുഹകളിലാണു്; ഇവർ രണ്ടിഞ്ചു കനമുള്ള വൈക്കോൽവിരിയിൽക്കിടന്നല്ല ഉറങ്ങുന്നതു്; വെറും വൈക്കോലിൽ. ഇതൊന്നും പോരാ, ഇവരെ ഉറങ്ങാൻതന്നെ സമ്മതിക്കുന്നില്ല; ഓരോ രാത്രിയിലും, പകൽ മുഴുവൻ അധ്വാനിച്ചു കഴിഞ്ഞതിനുശേഷം, ആദ്യത്തെ ഒരു മയക്കത്തിന്റെ ക്ഷീണം തീരുന്നതിനു മുൻപേ, കഷ്ടിച്ചു ഗാഢനിദ്രയിലായി എന്നും കുറച്ചു ചൂടുപിടിച്ചു എന്നും വരുമ്പോഴേക്കു വീണ്ടും ഉണർന്നു, കാൽമുട്ടുകളെ കല്ലിന്മേലൂന്നി മഞ്ഞിൻകട്ടപോലെ തണുത്തതും ഇരുട്ടടഞ്ഞതുമായ ഒരു ചെറുപള്ളിയിൽ പോയിരുന്നു് പ്രാർത്ഥിക്കുവാൻവേണ്ടി ഇവർക്കെഴുന്നേല്ക്കേണ്ടിയിരിക്കുന്നു.

ചില ദിവസങ്ങളിൽ ഇവരിലോരോരുത്തർക്കും വഴിക്കുവഴിയായി പന്ത്രണ്ടു മണിക്കൂർനേരം മുട്ടുകുത്തിയോ അല്ലെങ്കിൽ മുഖം കൽവിരിയോടു ചേർത്തു നിലത്തു കൈകൊണ്ടു് കുരിശുണ്ടാക്കുമാറു് നീട്ടി സാഷ്ടാംഗം കിടന്നോ കഴിച്ചു കൂട്ടിക്കൊള്ളണമെന്നുണ്ടു്.

മറ്റേക്കൂട്ടർ പുരുഷന്മാരാണു്; ഇവർ സ്ത്രീകൾ.

ആ പുരുഷന്മാർ എന്തു ചെയ്തു? അവർ മോഷ്ടിച്ചു, അക്രമം കാണിച്ചു, കുത്തിക്കവർന്നു; കഴുത്തു മുറിച്ചു; വെടിവച്ചുകൊന്നു. അവർ തട്ടിപ്പറിക്കാരാണു്, ആൾമാറ്റക്കാരനാണു്, വിഷം കൊടുക്കുന്നവരാണു്, പുരചൂടുകാരനാണു്, കൊലപാതകികളാണു്, പിതൃഹത്യക്കാരാണു്. ഈ സ്ത്രീകൾ എന്തു കാണിച്ചു? അവർ യാതൊന്നും ചെയ്തിട്ടില്ല. ഒരു ഭാഗത്തു തട്ടിപ്പറി, ചതി, കള്ളപ്പണി, അക്രമപ്രവൃത്തി, തോന്നിവാസം, കൊലപാതകം, എല്ലാതരത്തിലും ദുഷ്കർമം, എല്ലാ വിധത്തിലും കുറ്റം. മറ്റേ ഭാഗത്തു് ഒന്നുമാത്രം—നിർദ്ദോഷത.

ഒരു നിഗൂഢമായ ധാരണയിന്മേൽ സ്വർഗത്തിലേക്കു കൂട്ടിക്കൊളുത്തപ്പെട്ടും, സൗശീല്യത്താൽ ഭൂമിയിലേക്കു ബന്ധിക്കപ്പെട്ടും, പരിശുദ്ധികൊണ്ടു സ്വർഗത്തിലെ ഏതാനും ഭാഗം ഇപ്പോൾത്തന്നെ അനുഭവിച്ചും കഴിയുന്ന പരിപൂർണ നിർദ്ദോഷത.

ഒരു ഭാഗത്തു ദുഷ്ടപ്രവർത്തികളെക്കുറിച്ചു വിശ്വാസപൂർവമായ സംസാരം—ഇതന്യോന്യം താഴ്‌ന്ന സ്വരത്തിൽ മന്ത്രിക്കപ്പെടുന്നു; മറ്റേ ഭാഗത്തു തെറ്റുകളെപ്പറ്റി ഉറക്കെ സമ്മതിച്ചു പറയൽ. എന്നല്ല, എന്തു ദുഷ്ടപ്രവൃത്തികൾ! എന്തു തെറ്റുകൾ!

ഒരു ഭാഗത്തു വിഷവായുക്കൾ; മറ്റേ ഭാഗത്തു് അനിർവചനീയമായ ഒരു പരിമളം. ഒരു ഭാഗത്തു ലോകദൃഷ്ടിയിൽനിന്നു മറയ്ക്കപ്പെട്ടതും പീരങ്കിനിരകളാൽ പൂട്ടിയിടപ്പെട്ടതും സ്വന്തം പ്ലേഗുരോഗത്താൽ ബാധിക്കപ്പെട്ടവരെ മുഴുവനും വാസ്തവമായി വിഴുങ്ങിക്കളയുന്നതുമായ ഒരു മാനസികവിഷൂചിക; മറ്റേ ഭാഗത്തു് ഒരേ അടുപ്പിൽ കത്തുന്ന എല്ലാ ആത്മാക്കളുടേയും കൂടിയ തെളിഞ്ഞ നാളം. അവിടെ, ഇരുട്ടു്; ഇവിടെ നിഴല്-പക്ഷേ, വെളിച്ചത്തിന്റെ നാളങ്ങളെക്കൊണ്ടും പ്രകാശപൂർണങ്ങളായ ദീപ്തികളെക്കൊണ്ടും നിറഞ്ഞ ഒരു നിഴൽ.

അടിമത്തിന്റെ രണ്ടു താവളങ്ങൾ; പക്ഷേ, ഒന്നിൽനിന്നു് ഒരു കാലത്തു നിശ്ചയമായും മുക്തിയുണ്ട്— നിയമസംബന്ധിയായ ഒരതിർത്തി എപ്പോഴും മുൻപിൽ നില്ക്കുന്നു; അതു കഴിഞ്ഞാൽ പുറത്തു കടക്കാം. രണ്ടാമത്തേതിൽ ശാശ്വതത്വം, ഭാവിയുടെ അങ്ങേ അറ്റത്തു മനുഷ്യൻ മരണം എന്നു പറയുന്ന ആ മങ്ങിയ സ്വാതന്ത്ര്യപ്രകാശം മാത്രമാണു് ഒരാശ്വാസം.

ആദ്യത്തേതിൽ മനുഷ്യരെ ചങ്ങലകളെക്കൊണ്ടു കെട്ടിയിടുന്നതേയുള്ളു; പിന്നത്തേതിൽ, വിശ്വാസംകൊണ്ടു് അവർ ശൃംഖലിതരാകുന്നു.

ഒന്നാമത്തേതിൽ എന്തൊന്നു പ്രവഹിക്കുന്നു? ഒരു മഹത്തായ ശാപം, പല്ലുകടി, ദ്വേഷം, നിരാശമായ പക, മനുഷ്യസമുദായത്തിന്റെ നേർക്ക് ഒരു ശുണ്ഠി പിടിച്ച നിലവിളി, ഈശ്വരന്റെ നേരെ ഒരു പുച്ഛം.

രണ്ടാമത്തേതിൽനിന്നു് എന്തെല്ലാം പ്രവഹിക്കുന്നു? അനുഗ്രഹങ്ങളും സ്നേഹവും.

അപ്പോൾ, അത്രമേൽ യോജിപ്പുള്ളവയും എന്നാൽ കേവലം വ്യത്യാസപ്പെട്ടവയുമായ ഈ രണ്ടു സ്ഥലങ്ങളിൽവെച്ച്, അത്രമേൽ വ്യത്യാസപ്പെട്ടവയായ ഈ രണ്ടു സത്ത്വവിശേഷങ്ങൾ ഒരേ പ്രവൃത്തി നടത്തുന്നു —പാപപരിഹാരം.

ആദ്യത്തേതിലെ പ്രായശ്ചിത്തപ്രവൃത്തി ഴാങ്ങ് വൽഴാങ്ങിനു തികച്ചും മനസ്സിലായിട്ടുണ്ടു്; താൻതാൻ ചെയ്ത പാപകർമങ്ങൾക്കുള്ള പ്രായശ്ചിത്തം, ആത്മീയപാപങ്ങളുടെ പ്രായശ്ചിത്തം പക്ഷേ, ഈ പിന്നത്തേതിൽവെച്ചു യാതൊരു ദോഷവുമില്ലാത്തവരും യാതൊരു കളങ്കവുമില്ലാത്തവരുമായ ഈ സാധുക്കൾ എന്തു ചെയ്യുന്നു എന്നയാൾക്കു മനസ്സിലായില്ല; ഇങ്ങനെ സ്വയം ചോദിക്കുമ്പോൾ അയാൾ വിറച്ചു:—‘എന്തിന്റെ പ്രായശ്ചിത്തം? എന്തു പ്രായശ്ചിത്തം’

ഇവിടെ ഞങ്ങളെസ്സംബന്ധിക്കുന്നതെല്ലാം നിർത്തിക്കളയുന്നു; ഞങ്ങൾ കഥ പറയുന്നു എന്നുമാത്രമേ ഉള്ളൂ; ഞങ്ങൾ ഴാങ്ങ് വാൽഴാങ്ങിന്റെ അഭിപ്രായത്തിനുള്ളിൽച്ചെന്നുനിന്നു്, അവിടെ പതിഞ്ഞുകാണുന്നവയെ തർജ്ജമചെയ്യുക മാത്രം ചെയ്യുന്നു.

അയാളുടെ കണ്ണിന്മുൻപിൽ അതാ, മഹത്തരമായ ആത്മത്യാഗത്തിന്റെ അങ്ങേഅറ്റം, സൗശീല്യത്തിന്റെ ഏറ്റവും ഉയർന്ന നില; മനുഷ്യരുടെ തെറ്റുകളെ ക്ഷമിക്കുന്നതും അവർക്കുവേണ്ടി പാപപ്രായശ്ചിത്തം ചെയ്യുന്നതുമായ നിർദ്ദോഷത, സ്വയം അംഗീകരിക്കപ്പെട്ട അടിമത്തം, സ്വീകരിക്കപ്പെട്ട ദണ്ഡനം, യാതൊരു പാപകർമ്മവും ചെയ്യാത്ത ആത്മാക്കൾ അധ:പതിച്ചുപോയ ആത്മാക്കൾക്കു ശിക്ഷ തട്ടാതിരിക്കാൻവേണ്ടി അനുഭവിക്കുന്ന ശിക്ഷ; ഈശ്വരഭക്തിയിൽ മുഴുകിപ്പോയിയെങ്കിലും അവിടെയും ആത്മവ്യക്തിയെ വേറിട്ടും മധ്യത്തിലായും നിലനിർത്തിപ്പോരുന്ന മനുഷ്യസമുദായസ്നേഹം; ദണ്ഡിക്കപ്പെട്ടവരുടെ കഷ്ടപ്പാടും രക്ഷ കിട്ടിയവരുടെ സന്തോഷവുമുള്ള അശക്തങ്ങളും നിഷ്കപടവുമായ സത്ത്വങ്ങൾ.

അപ്പോൾ, അയാൾ പിറുപിറുക്കുകയുണ്ടായി എന്നോർമവന്നു.

പലപ്പോഴും, അർദ്ധരാത്രിക്കു, കഠിനങ്ങളായ തപോനിഷ്ഠകളെക്കൊണ്ട് കൂന്നിരിക്കുന്ന ആ നിഷ്കപടസത്ത്വങ്ങളുടെ നന്ദിപൂർവങ്ങളായ പാട്ടുകൾ കേൾപ്പാൻ അയാൾ ഉണർന്നെണീയ്ക്കും; ഉചിതമായ ദണ്ഡനങ്ങളേല്ക്കുന്നവർ ഈശ്വരനെ ദുഷിക്കുകയേ ചെയ്യുന്നുള്ളു എന്നും, ദുഷ്ടനായ താൻകൂടി ഈശ്വരന്റെ നേരെ മുഷ്ടിചുരുട്ടിക്കാട്ടിയിട്ടുണ്ടെന്നും വിചാരിക്കുമ്പോൾ അയാളുടെ സിരകളിൽ രക്തം ഉറച്ചു കട്ടിയായിപ്പോവും.

ഈശ്വരനിൽനിന്നുതന്നെയുള്ള ഒരുപദേശംപോലെ, അയാളെക്കൊണ്ടു ഗാഢമായി മനോരാജ്യം വിചാരിപ്പിക്കുന്ന ഒരു സംഗതിയുണ്ടായിരുന്നു; ആ മതിൽ കയറിക്കടക്കൽ, ആ തടസ്സങ്ങളെ കവച്ചുകടക്കൽ മരിച്ചാലും ശരിയെന്നുവെച്ചു ചെയ്ത സാഹസപ്രവൃത്തി, വേദനാപ്രദവും മഹാപ്രയാസവുമായ പിടിച്ചുകയറൽ, ആ മറ്റേ പാപപരിഹാരസ്ഥലത്തുനിന്നു പുറത്തു ചാടാൻവേണ്ടി അയാൾ ചെയ്തിട്ടുള്ള എല്ലാ ശ്രമങ്ങൾപോലും, ഈ ഒന്നിൽ കടന്നുകൂടുവാൻവേണ്ടി ചെയ്യപ്പെട്ടവയായിരുന്നു. ഇതു് അയാളുടെ ശിരോരേഖയുടെ ഒരു ചിഹ്നമായിരുന്നുവോ? അയാൾ പാഞ്ഞുപോന്ന ആ മറ്റൊരു സ്ഥലത്തോടു ദുഃഖമയമായ ഒരു സാദൃശ്യമുള്ളതും ആ വിധംതന്നെ ഒരു തുറങ്കായതുമാണു് ഈ സ്ഥലവും; എങ്കിലും അതു പോലുള്ള മറ്റൊന്നുണ്ടാവുമെന്നു് അയാൾ വിചാരിച്ചതേ ഇല്ല.

പിന്നേയും, അയാൾ അഴിച്ചുമരുകളും സാക്ഷകളും ഇരുമ്പുവടികളും കണ്ടു ആരെച്ചൊല്ലി പാറാവു നില്ക്കാൻ? ദേവസ്ത്രീകളെ.

നരികളുടെ ചുറ്റും അയാൾ കണ്ടിട്ടുള്ള ഉയർന്ന മതിലുകൾ, ആടുകളുടെ ചുറ്റുമായി ഒരിക്കൽക്കൂടി കണ്ടു.

ഇതു പാപപ്രായശ്ചിത്തത്തിനുള്ള സ്ഥലമാണു്. ദണ്ഡനത്തിനുള്ളതല്ല; എങ്കിലും ഇതു മറ്റേതിനേക്കാളധികം നിഷ്ഠൂരവും നിർദ്ദയവും വ്യസനമയവുമാണു്.

ഈ കന്യകമാർ തടവുപുള്ളികളെക്കാളധികം കഷ്ടപ്പാടനുഭവിക്കുന്നു. തണുത്തു നിഷ്ഠൂരമായ ഒരു കാറ്റു്, അയാളുടെ യൗവനത്തെ മരവിപ്പിച്ചു കളഞ്ഞ ആ ഒരു കാറ്റു്, സാക്ഷിയിടപ്പെട്ടതും പൂട്ടിയിടപ്പെട്ടതുമായ കഴുകുകളുടെ അഴിച്ചുമരിനുള്ളിൽ ചുറ്റിയടിച്ചു; അതിലും തണുപ്പു കൂടിയതും അതിലുമധികം മുറുകെക്കടിക്കുന്നതുമായ ഒരു മന്ദമാരുതൻ ഈ പ്രാവുകളുടെ കൂട്ടിലും സഞ്ചരിക്കുന്നു.

എന്തുകൊണ്ടു്?

ഇവയെപ്പറ്റി ആലോചിച്ചപ്പോൾ, ഈ ഉൽകൃഷ്ടതയുടെ നിഗൂഢതയ്ക്കു മുൻപിൽ അയാളുടെ ഉള്ളിലുള്ളതെന്തും അമ്പരപ്പിൽ മുങ്ങിപ്പോയി.

ഈ ആലോചനകൾക്കിടയിൽ അയാളുടെ അഹംഭാവം മറഞ്ഞുകളഞ്ഞു. എല്ലാ വിധത്തിലും അയാളുടെ ഹൃദയത്തെ സൂക്ഷിച്ചു പരിശോധിച്ചു. അയാളുടെ നിസ്സാരത ബോധപ്പെട്ടു. പലപ്പോഴും അയാൾ കരഞ്ഞു. കഴിഞ്ഞ ആറുമാസമായി അയാളുടെ ജീവിതത്തിൽ കടന്നതെല്ലാംകൂടി അയാളെ മെത്രാന്റെ ദിവ്യോപദേശങ്ങളിലേക്കു വീണ്ടും നയിച്ചു; കൊസെത്തു് സ്നേഹത്തിലൂടെയും, കന്യകാമഠം വിനീതത്വത്തിലൂടെയും.

ചിലപ്പോൾ വൈകുന്നേരം, സന്ധ്യയ്ക്കു, തോട്ടത്തിൽ ആരുമില്ലാതിരിക്കുന്ന സമയത്തു ചെറുപുള്ളിയെ കരയിട്ടുപോകുന്ന വഴിയുടെ നടുക്കു, താൻ വന്ന ദിവസം രാത്രി അകത്തേക്കു സൂക്ഷിച്ചു നോക്കുകയുണ്ടായതും, പിന്നീടു മനസ്സിലായതു പോലെ ആ കന്യകാമഠസ്ത്രീ നമസ്കരിച്ചു കിടന്നു പാപപരിഹാരം ചെയ്തിരുന്ന സ്ഥലത്തുള്ളതുമായ ജനാലയുടെ മുൻപിലായി മുട്ടുകുത്തി അയാൾ ഈശ്വരവന്ദനം ചെയ്തു.

നേരെ ഈശ്വരന്റെ മുൻപിൽ മുട്ടുകുത്തുവാൻ അയാൾക്കു ധൈര്യമില്ലെന്നു തോന്നി.

ആ ശാന്തമായ തോട്ടം, ആ സുഗന്ധമുള്ള പുഷ്പങ്ങൾ, സന്തോഷപൂർവങ്ങളായ ഒച്ചകളെ പുറപ്പെടുവിക്കുന്ന ആ കുട്ടികൾ, ആ ഗൗരവത്തോടു കൂടിയവരും ധാടിയില്ലാത്തവരുമായ സ്ത്രീകൾ, ആ നിശ്ശബ്ദമായ സന്ന്യാസിമഠം എന്നീ ചുറ്റുമുള്ള സകലവും അയാളിൽ കിനിഞ്ഞിറങ്ങുകയും, കുറച്ചു കുറച്ചായി അയാളുടെ ആത്മാവിൽ സന്ന്യാസിമഠത്തിലെന്നപ്പോലെ നിശ്ശബ്ദതയും, പുഷ്പങ്ങളിലെപ്പോലെ പരിമളവും, സ്ത്രീകളെപ്പോലെ സരളതയും, കുട്ടികളെപ്പോലെ സന്തോഷവും കൂടിച്ചേരുകയും ചെയ്തു. തന്റെ ജീവിതത്തിലെ രണ്ടു സവിശേഷ സന്ദർഭങ്ങളിൽ വഴിക്കു വഴിയെ അയാളെ സ്വീകരിച്ച ആ രണ്ടു ഭവനം ഈശ്വരന്റെ രണ്ടു സ്ഥലങ്ങളാണെന്നു് അയാൾ ആലോചിച്ചു. ആദ്യത്തേതു്, അയാളുടെ മുൻപിൽ സകല വീട്ടുവാതിലുകളും കൊട്ടിയടയ്ക്കപ്പെടുകയും മനുഷ്യസമുദായം അയാളെ ഉപേക്ഷിക്കുകയും ചെയ്തപ്പോൾ, പിന്നത്തതു് മനുഷ്യസമുദായം അയാളെ തേടിപ്പിടിപ്പിക്കുവാൻ പിന്നാലെ വരുകയും തണ്ടുവലിശിക്ഷാസ്ഥലം പിന്നേയും വായ പിളർത്തി നില്ക്കുകയും ചെയ്തപ്പോൾ; ഒന്നാമത്തെതു് ഇല്ലായിരുന്നുവെങ്കിൽ അയാൾ വീണ്ടും ദുർവൃത്തികളിലേക്കും രണ്ടാമത്തെതു് ഇല്ലായിരുന്നുവെങ്കിൽ അയാൾ വീണ്ടും കഷ്ടപ്പാടിലേക്കും വഴുതി വീഴുമായിരുന്നു എന്നും അയാൾ ആലോചിച്ചു.

അയാളുടെ ഹൃദയം മുഴുവനും കൃതജ്ഞതയിൽ അലിഞ്ഞുപോയി; അയാളുടെ ഭക്തി പിന്നെയും വർദ്ധിച്ചു.

ഈ നിലയിൽ അനവധി കൊല്ലങ്ങൾ കഴിഞ്ഞു; കൊസെത്തു് വളർന്നു പോന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.