images/hugo-17.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.1.1
പിഞ്ചുകുട്ടി

പാരിസ്സിനു് ഒരു കുട്ടിയുണ്ടു്; കാട്ടിനു് ഒരു പക്ഷിയുമുണ്ടു്; പക്ഷിക്കു പേർ കുരുകിൽ; കുട്ടിക്കു പേർ തെമ്മാടിച്ചെക്കൻ.

ഒന്നിൽ ചൂളപ്പുര മുഴുവനും മറ്റേതിൽ പ്രഭാതം മുഴുവനും അടങ്ങിയ ഈ രണ്ടു സങ്കല്പങ്ങളേയും കൂട്ടിയിണക്കുക; ഈ രണ്ടു തീപ്പൊരികളെ-പാരിസ്സും കുട്ടിപ്രായവും-കൂട്ടിയിണക്കുക; അതാ പുറത്തു ചാടുന്നു, അവയിൽനിന്നു് ഒരു ചെറു സത്ത്വം. കുട്ടിച്ചാത്തൻ പ്ലൗത്തുസ് [1] പറഞ്ഞേക്കും.

ഈ ചെറുസത്ത്വത്തിനു് ആഹ്ലാദമേ ഉള്ളൂ. ഒരു ദിവസവും അവന്നു ഭക്ഷണമില്ല; നന്നെന്നു കണ്ടാൽ, എല്ലാ ദിവസവും അവൻ നാടകത്തിനു പോവും. അവന്നു ദേഹത്തിൽ ഉൾക്കുപ്പായമില്ല. കാലിൽ പാപ്പാസ്സില്ല. തലയ്ക്കു മുകളിൽ മേല്പുരയില്ല; ഈ പറഞ്ഞവയൊന്നുമില്ലാത്ത ആകാശത്തിലെ തേനീച്ചകളെപ്പോലെയാണു് അവൻ. അവന്നു് ഏഴു മുതൽ പതിമ്മൂന്നുവരെയായിരിക്കും പ്രായം. അവൻ സംഘം ചേർന്നു ജീവിക്കുന്നു, തെരുവുകളിൽ അലയുന്നു, തുറസ്സു സ്ഥലത്തു താമസിക്കുന്നു; അച്ഛന്റെ രണ്ടു പഴയ കാലുറകളിടുന്നു-അവ ഞെരിയാണികൾക്കു താഴെ കിടക്കും; മറ്റൊരച്ഛന്റെ ഒരു പഴയ തൊപ്പിവെക്കുന്നു-അതു ചെവിക്കു താഴെ ഇറങ്ങിയിരിക്കും; മഞ്ഞച്ച തൊങ്ങലോടുകൂടിയ ഒരൊറ്റച്ചുമൽപ്പട്ടയേ ഉണ്ടാവൂ; അവൻ പായുന്നു, പതുങ്ങിയിരിക്കുന്നു, കണ്ടതൊക്കെ വലിച്ചിട്ടു നോക്കുന്നു, സമയം കളയുന്നു, പുകയിലക്കുഴൽ കറുപ്പിക്കുന്നു, ഒരു തടവുപുള്ളിയെപ്പോലെ ആണയിടുന്നു, വീഞ്ഞുപീടികയിൽ കൂടക്കൂടെ കയറിച്ചെല്ലുന്നു, കള്ളന്മാരെ കണ്ടുപിടിക്കുന്നു, തേവിടിശ്ശികളെ നീ എന്നു വിളിക്കുന്നു, കന്നഭാഷ സംസാരിക്കുന്നു, ആഭാസപ്പാട്ടു പാടുന്നു; മനസ്സിൽ ഒരു കളങ്കവുമില്ല. ഇതിനു കാരണം, അവന്റെ ഹൃദയത്തിൽ ഒരു മുത്തുമണിയുള്ളതാണ്-നിർദ്ദോഷത; മുത്തുകൾ ചളിയിൽക്കിടന്നു ദ്രവിക്കാറില്ല. മനുഷ്യൻ കുട്ടിയായിരിക്കുന്നേടത്തോളം കാലം നിഷ്കളങ്കനാവട്ടെ എന്നാണു് ഈശ്വരന്റെ മതം.

ആ വമ്പിച്ച നഗരിയോടു് ആരെങ്കിലും ‘ഇതാരാണു്?’ എന്നു ചോദിക്കുന്ന പക്ഷം, അവൾ മറുപടി പറയും: ‘അതെന്റെ കുട്ടിയാണു്.’

കുറിപ്പുകൾ

[1] പ്ലൗത്തൂസു് റോമിലെ ഒരു പ്രസിദ്ധനാടകകർത്താവാണു്. ഇദ്ദേഹം ഗ്രീക്കുഭാഷയിലെ നാടകങ്ങളെ അനുകരിച്ചു ലാറ്റിൻ ഭാഷയിൽ വളരെ ഗ്രന്ഥങ്ങളുണ്ടാക്കിയിട്ടുണ്ടു്.

3.1.2
അവന്നു മാത്രമായുള്ള ചില മട്ടുകൾ

പാരിസ്സിന്റെ തെമ്മാടിചെക്കൻ-തെരുവുതെണ്ടി-കൂറ്റന്റെ മുണ്ടനാണു്.

ഞങ്ങൾ കൂട്ടിപ്പറയാതിരിക്കട്ടെ. ഓവുചാലിന്റെ ഈ ഓമനക്കുട്ടന്നു ചിലപ്പോൾ ഒരുൾക്കുപ്പായമുണ്ടായിരിക്കും-പക്ഷേ, ആ ഒന്നുമാത്രം; അവന്നു ചിലപ്പോൾ പാപ്പാസ്സുണ്ടാവും-എന്നാൽ അവയ്ക്കു മടമ്പില്ല; അവന്നു ചിലപ്പോൾ ഒരു വീടുണ്ടായിരിക്കും; അതവന്നിഷ്ടവുമാണ്-അവിടെ അവന്റെ അമ്മയെ കാണാം; എന്നാൽ അതിലുമിഷ്ടം അവന്നു തെരുവാണ്-അവിടെ അവൻ സ്വാതന്ത്ര്യം കാണുന്നു. അവന്നു സ്വന്തം കളികളുണ്ടു്; സ്വന്തം വികൃതിത്തങ്ങളുണ്ട്-അവയുടെ അടിസ്ഥാനമൊക്കെ പ്രമാണികളോടുള്ള ദ്വേഷ്യമാണു്; സ്വന്തം അലങ്കാര പ്രയോഗങ്ങളുണ്ടു്. മരിക്കുക മേത്തോന്നിച്ചെടി വേരോടുകൂടി തിന്നുകയാണു്; സ്വന്തം ജോലികളുണ്ട്-കൂലിവണ്ടി വിളിച്ചുവരുത്തുക, വണ്ടിക്കോണി താഴ്ത്തിയിടുക, പേമഴയത്തു തെരുവിന്റെ രണ്ടുവശത്തേക്കും ഗതാഗതമാർഗമുണ്ടാക്കുക-ഇതിനു കലാകൗശലപ്പാലം കെട്ടൽ എന്നാണു് അവൻ പേരിട്ടിട്ടുള്ളത്-ഫ്രാൻസിലെ പൊതുജനങ്ങളുടെ ഗുണത്തിനു ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ഉറക്കെപ്പറയുക, കൽവിരികളിലെ വിടവുകൾ വൃത്തിപ്പെടുത്തുക; സ്വന്തം നാണ്യമടിക്കലുണ്ട്-തെരുവുകളിൽ കാണപ്പെടുന്ന ചെമ്പുതകിടുകളുടെ ചെറുകഷ്ണങ്ങളാണു് അവന്റെ നാണ്യം. ‘പപ്രച്ചൻ’ എന്നു പേരുള്ള ഈ അപൂർവനാണ്യത്തിനു കുട്ടികളുടെ ചെറുരാജ്യത്തു മാറ്റമില്ലാത്തതും തികച്ചും വ്യവസ്ഥിതവുമായ ഒരു പ്രചാരമുണ്ടു്.

പിന്നെ, അവന്നു സ്വന്തം ജീവികളുമുണ്ട്-അവയെ ഓരോ മൂലകളിൽ അവൻ നോക്കിക്കാണുന്നു; വണ്ടു്. ചെള്ള്, ഊറാമ്പുലി, ‘ചേട്ട’-രണ്ടു കൊമ്പുകളോടു കൂടിയ വാൽ വളച്ചുകുത്തി പേടിപ്പെടുത്തുന്ന ഒരു കറുത്ത പ്രാണി. അവന്നു സ്വന്തം ഇമ്പാച്ചിയുണ്ട്-വയറ്റിനു താഴെ അടരുകളുണ്ടെങ്കിലും അതൊരു ഗൗളിയല്ല; അതു പഴയ ചുണ്ണാമ്പുചൂളകളുടേയും വെള്ളം വറ്റിയ കിണറുകളുടേയും മൂലകളിൽ താമസിക്കുന്നു; അതു കറുത്തു, തൊപ്പ നിറഞ്ഞ്, ഒട്ടലോടുകൂടി, ചിലപ്പോൾ വേഗത്തിലും ചിലപ്പോൾ പതുക്കെയും അരിച്ചുനടക്കുന്ന ഒന്നാണു്; അതിനു് ഒച്ചയില്ലെങ്കിലും ആരും ഒരിക്കലും നോക്കിക്കണ്ടിട്ടില്ലാത്തവിധം അത്രയും പേടി തോന്നിക്കുന്ന ഒരു നോട്ടമുണ്ടു്; ആ ഇമ്പാച്ചിയെ അവൻ ‘ചെകിടുപൊട്ടൻ’ എന്നു വിളിക്കുന്നു. ഈ ‘ചെകിടുപൊട്ടന്മാരെ’ കല്ലുകൾക്കിടയിൽ അന്വേഷിക്കുക എന്നതു് അവന്നു് ഒരു വമ്പിച്ച നേരംപോക്കാണു്. മറ്റൊരു വിനോദം ഒരു പാതവിരിക്കല്ലു് പെട്ടെന്നു പൊക്കി മരച്ചെള്ളിനെ ഒരു നോട്ടം നോക്കുകയാണു്. പാരിസ്സിന്റെ ഓരോ ഭാഗവും, അവിടവിടെ കാണുന്ന രസംപിടിച്ച നിക്ഷേപങ്ങൾക്കു പ്രസിദ്ധി നേടിയതത്രേ. ഉൽസുലെങ്ങിലെ മരപ്പണിസ്ഥലങ്ങളിൽ ചികിടുകളുണ്ടു്; പങ്തിയോവിൽ തേരട്ട (ചേരട്ട) കളുണ്ടു്; ഷാംപു് ദു് മറിലെ ഓവുചാലുകളിൽ തവളപ്പൊട്ടിലുണ്ടു്.

സുഭാഷിതങ്ങളാണെങ്കിൽ, താലിറാങ്ങി [1] നെപ്പോലെതന്നെ അത്രയധികം ഈ കുട്ടിക്കും പറയാനുണ്ടു്. സർവപുച്ഛം അവന്നും കുറവില്ല; പക്ഷേ, മര്യാദകൂടും. അനിർവചനീയവും അപ്രതീക്ഷിതവുമായ ഒരുതരം ആഹ്ലാദംകൊണ്ടു് അവൻ അനുഗൃഹീതനാണു്; ലഹളപിടിച്ച പൊട്ടിച്ചിരികൊണ്ടു കച്ചവടക്കാരന്റെ സ്വസ്ഥതയെ അവൻ തകരാറാക്കുന്നു. മേത്തരം ഹാസ്യനാടകത്തിൽനിന്നു പുറാട്ടുനാടകത്തിലേക്ക് അവൻ കൂസൽകൂടാതെ ചേരിമാറുന്നു.

ഒരു ശവവും കൊണ്ടു പോകയാണു്. കൂട്ടത്തിൽ ഒരു വൈദ്യനുണ്ടു്. ‘ഹേ, ഇതാ!’ ഒരു തെരുവുതെണ്ടി കൂക്കിവിളിക്കുന്നു, ‘എത്ര കാലമായി വൈദ്യന്മാർ തങ്ങളുടെ പണിത്തരത്തെ വീട്ടിലേക്കു കടത്തുക പതിവായിട്ടു്?’

ഒരു കൂട്ടത്തിൽ മറ്റൊരാളുണ്ടു്. കണ്ണടകൊണ്ടും ചില്ലറ ആഭരണങ്ങൾകൊണ്ടും അലങ്കരിച്ച ആ ഗൗരവക്കാരൻ ദ്വേഷ്യപ്പെട്ടു തിരിഞ്ഞുനിന്നു പറയുന്നു: എടാ, കൊള്ളരുതാത്തവനേ, നിയ്യെന്തിനു് എന്റെ ഭാര്യയുടെ അരക്കെട്ടു പിടിച്ചു!’-‘ഞാനോ, സേർ! എന്റെ കൈ നോക്കൂ!’

കുറിപ്പുകൾ

[1] ഒരു സുപ്രസിദ്ധ ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ഫലിതക്കാരനും.

3.1.3
അവൻ രസികനാണ്

വൈകുന്നേരം-കുറച്ചു സു നാണ്യത്തോടു നാം നന്ദി പറയുക; അതു കൈയിലാക്കാൻ എപ്പോഴും അവൻ വഴി കാണും-തെമ്മാടിച്ചെക്കൻ നാടകശാലയിൽ കടന്നുകൂടും. ആ ഇന്ദ്രജാലസ്ഥലത്തു കടന്നാൽ, അവൻ തരംമാറി. അവൻ തെരുവുതെണ്ടിയായിരുന്നു; ഇപ്പോൾ കോഴിക്കുട്ടിയായി. അടിത്തട്ടു് ആകാശത്താകുമാറു കീഴുമേൽ മറിഞ്ഞ ഒരുതരം കപ്പലാണു് നാടകശാല. ആ അടിത്തട്ടിലാണു് കോഴിക്കുട്ടികൾ കെട്ടിമറിഞ്ഞു കിടക്കുക. ചിതലും പാറ്റയും എങ്ങനെയോ, അങ്ങനെയാണു് തെമ്മാടിച്ചെക്കനും കോഴിക്കുട്ടിയും. ഒറ്റ വസ്തുതന്നെ, ചിറകുവെച്ചു, പറക്കുന്നു. അവന്നു തനിക്കുള്ള ആഹ്ലാദത്തോടും, ഉത്സാഹത്തിന്റേയും ഉന്മേഷത്തിന്റേയും ലഹളയോടും, ഒരു ചിറകടിയുടെ മട്ടിലുള്ള കൈകൊട്ടലോടുകൂടി അവിടെ കൂടിയാൽ മതി; നാറി, വൃത്തികെട്ടു്, സുഖമില്ലാത്ത, അറയ്ക്കുന്ന ആ കപ്പലടിത്തട്ടിനു സ്വർഗം എന്നു പേരിടാൻ അവർ തയ്യാറാണു്.

ഒരുവന്നു് ആവശ്യമില്ലാത്തതു കൊടുത്തു് ആവശ്യമുള്ളതു് എടുത്തുകളയുക-അതാ, ഒരു തെമ്മാടിച്ചെക്കനായി.

സാഹിത്യപ്രതിഭയും ഒരു തെമ്മാടിച്ചെക്കനു് ഇല്ലായ്കയില്ല. എന്നാൽ അവന്റെ നില- ഇതു ഞങ്ങൾ വേണ്ടേടത്തോളം പശ്ചാത്താപത്തോടുകൂടിത്തന്നെയാണു് പറയുന്നത്-സാഹിത്യവാസനയ്ക്കു യോജിച്ചതല്ല. പ്രകൃത്യാ അവൻ പഠനശീലനല്ല. അങ്ങനെ, ഒരുദാഹരണം പറകയാണെങ്കിൽ, ഈ ലഹളകൂട്ടിക്കൊണ്ടുള്ള കുട്ടികളുടെ സദസ്സിൽ മദാംവ്വസേല്ല് മാറിനുള്ള [1] പ്രസിദ്ധി കുറച്ചു നിന്ദാസ്തുതികൊണ്ടു രുചിപിടിക്കപ്പെട്ടതാണു്. തെമ്മാടി ആ പ്രഭ്വിയെ മദാംവ്വസേല്ല് മുഷ്-‘ഒളിച്ചുകളയുക’-എന്നാണു് വിളിക്കാറു്.

ഈ സത്ത്വം ആർപ്പുവിളിക്കുന്നു, കളിയാക്കുന്നു, പരിഹസിക്കുന്നു, ശണ്ഠകൂടുന്നു; അവൻ ഒരു പിഞ്ചുകുട്ടിയെപ്പോലെ കീറക്കുപ്പായങ്ങളും ഒരു തത്ത്വജ്ഞാനിയെപ്പോലെ പിഞ്ഞിപ്പൊടിഞ്ഞ ഉടുപ്പുമിടുന്നു; ഓവുചാലിൽനിന്നു മത്സ്യം പിടിക്കുന്നു; കുപ്പകൂണ്ടിൽ വേട്ടയാടുന്നു; അസഭ്യത്തിൽനിന്നു വിനോദത്തെ പിഴിഞ്ഞെടുക്കുന്നു; ഫലിതംകൊണ്ടു തല്ലിത്തല്ലി ശണ്ഠയുണ്ടാക്കുന്നു; ഇളിച്ചുകാട്ടുന്നു; കുടിക്കുന്നു, ചൂളവിളിക്കുന്നു. പാട്ടു പാടുന്നു, ഒച്ചയിടുന്നു, നിലവിളികൂട്ടുന്നു; കീർത്തനം മുതൽ ‘ഭരണിപ്പാട്ടു’ വരെ ഉറക്കെപ്പാടുന്നു; തിരഞ്ഞു നോക്കാതെ കണ്ടുപിടിക്കുന്നു; അവന്നറിഞ്ഞുകൂടാത്തതെന്തെന്നു കണ്ടിരിക്കുന്നു; കക്കത്തക്കവണ്ണം അവൻ ധീരനാണു്; ഭ്രാന്തുപിടിക്കത്തക്കവണ്ണം ജ്ഞാനിയാണു്; അസഭ്യങ്ങൾ പാടത്തക്കവണ്ണം സംഗീതവാസനക്കാരനാണു്; സ്വർഗത്തിൽ പതുങ്ങിക്കിടക്കും; ചാണകക്കുന്നിൽ കിടന്നുരുളും; അതിൽനിന്നു നക്ഷത്രങ്ങളെക്കൊണ്ടു മൂടി പുറത്തേക്കു വരും. പാരിസ്സിലെ തെമ്മാടിച്ചെക്കൻ ചെറുപ്പത്തിലെ രബെലെ [2] യാണു്.

ഗഡിയാൾക്കീശയില്ലാഞ്ഞാൽ കാലുറകളെക്കൊണ്ടു് അവന്നു തൃപ്തിയില്ല.

അവൻ വേഗത്തിൽ അത്ഭുതപ്പെടില്ല; അത്ര വേഗത്തിൽത്തന്നെ ഭയപ്പെടില്ല. അന്ധവിശ്വാസങ്ങളെപ്പറ്റി അവൻ പാട്ടുകെട്ടും; അതിശയോക്തികളിൽനിന്നു പൊള്ളപ്പു കളയും; നിഗൂഢവിദ്യകളെ ശകാരിക്കും; പ്രേതങ്ങളെ കൊഞ്ഞനം കാട്ടും; നാട്യങ്ങളിൽനിന്നു കവിത കളയും; പുരാണങ്ങളിലെ അതിശയോക്തികളിലേക്ക് അവൻ ഹാസ്യചിത്രങ്ങൾ പ്രവേശിപ്പിക്കും. അവൻ അരസികനാണെന്നല്ല; നേരെമറിച്ച്; പക്ഷേ, വിശിഷ്ടക്കാഴ്ചയുടെ സ്ഥാനത്തു് അവൻ പുറാട്ടുനാടകത്തിലെ മിഥ്യാരൂപങ്ങളെ മാറ്റിവെക്കും. ആ അദമസ്തൊ [3] തന്നെ മുൻപിൽ പ്രത്യക്ഷനായാൽ ഒരു തെരുവുതെണ്ടി പറയും: ‘ഇതാ, ഇതാ! ഇമ്പാച്ചി!’

കുറിപ്പുകൾ

[1] ഒരാട്ടക്കാരത്തി.

[2] ഫ്രാൻസിലെ ഒരു പ്രസിദ്ധ ഫലിതക്കാരനും പരിഹാസകവനക്കാരനും, ഇദ്ദേഹത്തിന്റെ കൃതികൾ അതിശയോക്തിപരമായ കഥാഘടനകൊണ്ടും ആഭാസതരമായ നേരംപോക്കുംകൊണ്ടും മര്യാദ കുറഞ്ഞ പരിഹാസംകൊണ്ടും നിറഞ്ഞവയാണു് (1483-1553).

[3] ഈസ്റ്റു് ഇൻഡിസ്സിലേയ്ക്കുള്ള യാത്രയിൽ വാസ്കോഡിഗാമയുടെ മുൻപിൽ ആവിർഭവിച്ചതായി പോർച്ചുഗീസു് മഹാകവി വിവരിച്ചിട്ടുള്ള ഭയങ്കര രാക്ഷസൻ.

3.1.4
അവനെക്കൊണ്ടാവശ്യമുണ്ടാവാം

പാരിസ്സു് മടിയനോടുകൂടിത്തുടങ്ങി തെരുവുതെണ്ടിയോടുകൂടി അവസാനിക്കുന്നു. മറ്റൊരു നഗരത്തെക്കൊണ്ടുണ്ടാക്കാൻ കഴിയാത്ത രണ്ടു സത്ത്വങ്ങൾ; സൂക്ഷിച്ചു നോക്കിയതുകൊണ്ടു തൃപ്തിപ്പെടുന്ന ഉദാസീനമായ സ്വീകാരവും, അക്ഷയ്യമായ പ്രാരംഭശക്തിയും; പാരിസ്സിന്റെ പ്രകൃതിചരിത്രത്തിൽ മാത്രമേ ഇങ്ങനെയൊന്നുള്ളു. രാജത്വം മുഴുവനും മടിയനിൽ അടങ്ങിയിരിക്കുന്നു; അരാജകത്വം മുഴുവനും തെമ്മാടിച്ചെക്കനിലും.

പാരിസു് നഗരവിഭാഗങ്ങളുടെ ഈ വിളർത്ത കുട്ടി ജീവിക്കുന്നു, വളരുന്നു, ചാർച്ചകളുണ്ടാക്കുന്നു, സാമുദായികങ്ങളായ യാഥാർഥ്യങ്ങളുടേയും മനുഷ്യ സംബന്ധിയായ സകലത്തിന്റേയും മുൻപിൽ-ഒരാലോചനാശീലനായ സാക്ഷി-ദുഃഖമനുഭവിച്ചു ‘പതപ്പെടുന്നു.’ നിഷ്കർഷയില്ലാത്തവനാണു് താൻ എന്നു് അവൻ കരുതുന്നു; അങ്ങനെയല്ല. അവൻ നോക്കുന്നു, പൊട്ടിച്ചിരിക്കാനുള്ള ഭാവമായി; വേറെയൊന്നിനുംകൂടി അവൻ ഭാവിക്കുന്നുണ്ടു്. നിങ്ങളാരായാലും ശരി, നിങ്ങളുടെ പേർ പക്ഷപാതമോ ശകാരമോ കഥയില്ലായ്മയോ ദ്രോഹമോ ദുഷ്ടതയോ താന്തോന്നിത്തമോ അനീതിയോ മതഭ്രാന്തോ ദുഷ്പ്രഭുത്വമോ എന്തെങ്കിലുമൊന്നാണെങ്കിൽ, കൊഞ്ഞനം കാട്ടുന്ന തെമ്മാടിച്ചെക്കനെ സൂക്ഷിക്കണം.

ആ ചെറുചെക്കൻ വളർന്നുവരും.

എന്തു മണ്ണുകൊണ്ടാണു് അവനെ ഉണ്ടാക്കിയിട്ടുള്ളതു? കൈയിൽ കിട്ടിയ ആദ്യത്തെ ചളികൊണ്ടു്. ഒരുപിടി ചേറും, ഒരൂത്തും-അതാ, മനുഷ്യൻ. ഒരീശ്വരന്നു കടന്നുപോവാൻ അതു മതി. തെരുവുതെണ്ടിക്കു മീതേ എപ്പോഴും ഒരീശ്വരൻ പോയിട്ടുണ്ടു്. ‘ഭാഗ്യം’ ഈ നിസ്സാരവസ്തുവിൽ പണിയെടുക്കുന്നു. ‘ഭാഗ്യം’ എന്ന വാക്കിനു ഞങ്ങൾ അർഥമാക്കിയിട്ടുള്ളതു് ഏതാണ്ടു് യദൃച്ഛാസംഭവം എന്നാണു്. സാധാരണമണ്ണുകൊണ്ടു പീച്ചിക്കുഴച്ചുണ്ടാക്കിയ ആ മുണ്ടൻ അജ്ഞനാണ്-അക്ഷരം തിരിയാത്തവൻ, കമ്പക്കാരൻ, ആഭാസൻ, നീചൻ. അവൻ ഒരു പരമപരിഷ്കാരിയോ ഒരു പെരുംമന്തനോ ആയിത്തീരുമോ? നിൽക്കൂ, പാരിസ്സിന്റെ ദേവത, യദൃച്ഛാസംഭവത്തിന്റെ കുട്ടികളേയും അദൃഷ്ടത്തിന്റെ വകയായ മുതിർന്നവരേയും സൃഷ്ടിച്ചുവിടുന്ന ആ പിശാച്, പണ്ടത്തെ കുശവന്റെ വിദ്യ മറിച്ച്, ഒരു പിടിപ്പാത്രം കൊണ്ടു് ഒരു പിടിമൊന്തയുണ്ടാക്കുന്നു.

3.1.5
അവന്റെ അതിർത്തികൾ

തെമ്മാടിച്ചെക്കന്നു പട്ടണം ഇഷ്ടമാണു്; അവനിൽ ഋഷിത്വത്തിന്റെ ഒരു ഭാഗമുള്ളതുകൊണ്ടു്, അവന്നു വിജനവും ഇഷ്ടമാണു്, ഫുസ്കസ്സിനെ [1] പ്പോലെ നഗരം ഇഷ്ടപ്പെടുന്നവൻ; ഫ്ളാക്കുസ്സി [2] നെപ്പോലെ നാട്ടുപുറം ഇഷ്ടപ്പെടുന്നവൻ.

ആലോചനയോടുകൂടി സഞ്ചരിക്കുക, എന്നുവെച്ചാൽ മടിയനാവുക, തത്ത്വജ്ഞാനിയുടെ കണ്ണിൽ ഒരു കൊള്ളാവുന്ന പണിയാണ്-വിശേഷിച്ചും കഴിച്ചുകൂട്ടാവുന്ന വിധംമാത്രം വിരൂപമാണെങ്കിലും അവലക്ഷണം പിടിച്ചതും ഇരട്ടപ്രകൃതികളാൽ ഉണ്ടാക്കപ്പെട്ടതുമായി ചില വലിയ നഗരങ്ങളുടെ, വിശേഷിച്ചും പാരിസ്സിന്റെ, ചുറ്റുമുള്ള ആ ഒരുതരം സമ്പ്രദായമല്ലാത്ത മൈതാനത്തിൽ ചുറ്റിത്തിരിയുക എന്നതു്. ഉപഗ്രാമങ്ങളെ നോക്കിപ്പഠിക്കുന്നതും, കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ജന്തുവിനെ നോക്കിപ്പഠിക്കലാണു്. മരങ്ങളുടെ അവസാനം, മേല്പുരകളുടെ ആരംഭം; പുല്ലിന്റെ അവസാനം, കൽവിരികളുടെ ആരംഭം; ഉഴവുചാലുകളുടെ അവസാനം, കച്ചവടസ്ഥലങ്ങളുടെ ആരംഭം, ചക്രച്ചാലുകളുടെ അവസാനം, വികാരാവേഗങ്ങളുടെ ആരംഭം; ദൈവികമായ മന്ത്രിക്കലിന്റെ അവസാനം, മാനുഷികമായ ഇരമ്പലിന്റെ ആരംഭം. അതുകൊണ്ടാണു് എന്തെന്നില്ലാത്ത ഒരു രസം.

അതുകൊണ്ടാണു് പ്രത്യക്ഷത്തിൽ ഉദ്ദേശ്യരഹിതങ്ങളായ മനോരാജ്യക്കാരന്റെ ലാത്തലുകളെല്ലാം, വഴിപോക്കരാൽ കുണ്ഠിതം എന്ന വാക്കു മായാത്തവിധം കൊത്തിയിടപ്പെട്ട ഈ അത്ര വളരെ ഹൃദയാകർഷകങ്ങളല്ലാത്ത സ്ഥലങ്ങളിലൂടെയാവുന്നതു്.

ഈ വരികളെഴുതുന്നാൾ പാരിസ്സിന്റെ അയൽപ്രദേശത്തു് അനവധി കാലം ഒരു സഞ്ചാരിയായിരുന്നു; അതയാളുടെ ഹൃദയപൂർവകങ്ങളായ സ്മരണകൾക്ക് ഒരുറവാണു്. ആ പറ്റെവെച്ചു മുടി വെട്ടിയ പുല്പറമ്പു്, ആ ചരലുള്ള വഴികൾ, ആ കൽച്ചുണ്ണാമ്പു്, ആ പൊട്ടക്കുളങ്ങൾ, തരിശും കൃഷി ചെയ്യാത്തതുമായ ഭൂമികളിലെ ഒരു രസമില്ലാത്ത ഐകരൂപ്യം, പെട്ടെന്നു് ഒരു കുണ്ടിൽ പുറപ്പെട്ടു കാണുന്ന ആ വില്പനസാധനങ്ങളടങ്ങിയ തോട്ടത്തിലെ ചെടികൾ, ആ കാടന്റേയും നാഗരികന്റേയും കൂടിയുള്ള സങ്കലനം, പട്ടാളത്താവളങ്ങളിലെ ചെണ്ടകൾ ഉച്ചത്തിൽ കൊട്ടഭ്യസിക്കുന്നവയും യുദ്ധത്തെ ഒരുവിധത്തിൽ കൊഞ്ചിപ്പറയുന്നവയുമായ ആ വിസ്താരമേറിയ മരുപ്രദേശമൂലകൾ, ആ പകലത്തെ സന്ന്യാസികളും രാത്രിയിലെ കഴുത്തുമുറിയന്മാരും, ആ കാറ്റത്തു തിരിയുന്ന പോത്തൻചക്ക്, കല്ലുവെട്ടു കുഴികളിലെ പൊന്തിനില്ക്കുന്ന ചക്രങ്ങൾ, ശവപ്പറമ്പുകളുടെ മൂലയിലുള്ള ചായത്തോട്ടങ്ങൾ; മഹത്ത്വത്തിന്റെ നിഗൂഢാകർഷണം; അവധിയറ്റതിനെക്കൊണ്ടു ചതുരക്കള്ളി മുറിക്കുന്ന ഇരുണ്ട മതിൽക്കെട്ടുകൾ, വെയിൽനാളം കിടന്നു് ഓളം വെട്ടുന്നവയും തേനീച്ചകളെക്കൊണ്ടു നിറഞ്ഞവയുമായ കൂറ്റൻപറമ്പുകൾ-ഇതൊക്കെ അയാളെ ആകർഷിച്ചിരുന്നു.

ഗ്ലാസിയേർ, കുനേതു്, ഗോളങ്ങളെക്കൊണ്ടു് മുഴുക്കെ പുള്ളികുത്തിയ ഗ്രെനലിലെ ഭയങ്കരമതിലുകൾ, മൊങ്പർനാസു്, ഫോസോലൂപു്, മാർൻനദീതീരത്തുള്ള ഓബിയെർ, മൊങ്സൂരിസു്, തുംബ് ഇസ്വാർ, ഇപ്പോൾ കൂൺ മുളപ്പിക്കുവാനല്ലാതെ മറ്റൊന്നിനും ഉപയോഗപ്പെടാത്തതും തുരുമ്പുപിടിച്ച പലകകളെക്കൊണ്ടുള്ള തട്ടുവാതിലുകളാൽ നിലത്തിന്റെ നിരപ്പിൽവെച്ചടയ്ക്കപ്പെട്ടതുമായ ഒരു പഴയ കൽക്കുഴിയുള്ള പിയേർപ്ലാതു് ഷായോങ് എന്നീ അപൂർവസ്ഥലങ്ങളുമായി പരിചയപ്പെടാതെ ഭൂമിയിൽ ആരെങ്കിലുമുണ്ടോ എന്നു സംശയമാണു്. റോമിലെ മൈതാനം ഒരു തരം, പാരിസ്സിലേതു മറ്റൊരു തരം; കണ്ണിൻമുൻപിൽ കിടക്കുന്ന ഒരു പ്രദേശത്തു മുഴുവനും വയലുകളോ വീടുകളോ മരങ്ങളോ മാത്രം കാണുക എന്നതു കാഴ്ചപ്പുറത്തുള്ള നില്പാണു്. ഓരോന്നിന്റേയും എല്ലാവിധമുള്ള കാഴ്ചകളും ഈശ്വരവിചാരങ്ങളാണു്. ഒരു വെളിമ്പറമ്പു് ഒരു നഗരത്തോടുകൂടി സന്ധി ചെയ്യുന്ന സ്ഥലം ഹൃദയത്തിലേക്കു ചുഴിഞ്ഞിറങ്ങുന്ന ഒരു കുണ്ഠിതംകൊണ്ടു മുദ്രിതമാണു്. അവിടെവെച്ചു പ്രകൃതിയും മനുഷ്യത്വവും രണ്ടും നിങ്ങളെ വിളിക്കുന്നു. അതാതു ദിക്കുകളിലെ അപൂർവതകൾ അവിടെ പ്രത്യക്ഷമാകുന്നു.

നമ്മുടെ നഗരപ്രാന്തങ്ങളോടു തൊട്ടവയും പാരിസ്സിന്റെ പ്രേതലോകം എന്നു നാമകരണം ചെയ്യാവുന്നവയുമായ ഈ ഏകാന്തതകളിൽ, ഞങ്ങളെപ്പോലെ ചുറ്റിസഞ്ചരിച്ചിട്ടുള്ള ആരുംതന്നെ അവിടവിടെ, ഏറ്റവും വിജനമായ സ്ഥലത്തു്, ഏറ്റവും അപ്രതീക്ഷിതമായ സമയത്തു്, ഒരു മെലിഞ്ഞ വേലിയുടെ പിന്നിലോ ഒരു ദുഃഖിതമായ മതിലിന്റെ മൂലയ്ക്കലോ, നാറി ചളിപിടിച്ചു പൊടിപുരണ്ടു കീറിപ്പറിഞ്ഞ ഉടുപ്പിട്ടു, തലമുടി പാറിപ്പരത്തിയിട്ടു, ചോളപ്പൂങ്കുലകൊണ്ടു കിരീടമണിഞ്ഞു, കുട്ടികൾ ലഹളകൂടി കൂട്ടംകൂടി ഒളിച്ചുകളിക്കുന്നതു കണ്ടിട്ടുണ്ടാവണം. അവരൊക്കെ ദരിദ്രകുടുംബങ്ങളിൽനിന്നു ചാടിപ്പോന്ന ചെറുപിള്ളരാണു്. നഗരബഹിർഭാഗത്തുള്ള വെളിമ്പറമ്പുകൾ അവർക്കു ശ്വാസം കഴിക്കാനുള്ള പഴുതാണു്. നഗരപ്രാന്തങ്ങളെല്ലാം അവരുടെ വകയാണു്. അവിടെ അവർ കാലാകാലത്തോളം കളിച്ചുനടക്കുന്നു. അവിടെവെച്ച് അവർ തങ്ങളുടെ ആഭാസപ്പാട്ടുകളുടെ പട്ടിക മുഴുവനും പാടിക്കഴിക്കുന്നു. ആരുടെ ദൃഷ്ടിയിൽ നിന്നും ദൂരത്തു, മെയ്മാസത്തിലെയോ ജൂൺമാസത്തിലെയോ മനോഹരമായ വെളിച്ചത്തിൽ, നിലത്തു് ഒരു പൊത്തിനുമുൻപിൽ മുട്ടുകുത്തി, കൈയിന്റെ പെരുവിരലുകളാൽ ചരലുടച്ചുകൊണ്ടു്, അരക്കാശിനെപ്പറ്റി ശണ്ഠകൂടിക്കൊണ്ടു്, ഒരുത്തരവാദിത്വമില്ലാതെ, തോന്നിയതു പറഞ്ഞുംകൊണ്ടു, സ്വാതന്ത്ര്യത്തോടും സന്തോഷത്തോടുംകൂടി അവരവിടെയുണ്ടാവും, അല്ലെങ്കിൽ അവരവിടെക്കഴിയും; നിങ്ങളെ ഒരു നോട്ടം കണ്ടാൽത്തീർന്നു, തങ്ങൾക്കൊരു വ്യവസായമുണ്ടെന്നും ഉപജീവനത്തിനുള്ളതു സമ്പാദിക്കണമെന്നും അവർക്കോർമ വരും; ഉത്തരക്ഷണത്തിൽ, വണ്ടുകളെക്കൊണ്ടു നിറഞ്ഞ ഒരു പഴയ ഉൾക്കാലുറയോ ഒരു പൂച്ചെണ്ടോ അവർ വില്പാൻ കൊണ്ടു വരികയായി. ഈ അസാധാരണക്കുട്ടികളെ കണ്ടുമുട്ടുന്നതു പാരിസ്സിന്റെ അയൽ പ്രദേശങ്ങളിലെ മനോഹരങ്ങളും അപ്പോൾത്തന്നെ മർമഭേദകങ്ങളുമായ വിശേഷതകളിൽ ഒന്നാണു്.

ചിലപ്പോൾ ആ ആൺകുട്ടികളുടെ കൂട്ടത്തിൽ ചെറിയ പെൺകുട്ടികളുണ്ടാവും-അവർ സഹോദരിമാരായിരിക്കുമോ?-അവർ മെലിഞ്ഞു, വരണ്ടു, കരുവാളിച്ച കൈപ്പടങ്ങളോടുകൂടി, കാക്കപ്പുള്ളി നിറഞ്ഞ് അവീൻചെടികൊണ്ടും ചെറുകോതമ്പത്തിന്റെ കതിരുകൾകൊണ്ടും കിരീടം ചൂടി, കൂത്തടിച്ചുകൊണ്ടു വിരൂപകളായി, വെറുംകാലോടുകൂടി, ചെറുപ്പക്കാരികളായ ഏതാണ്ടു പെൺകിടാങ്ങളായിരിക്കും. അവർ കോതമ്പച്ചെടികൾക്കിടയിലുള്ള ചില പഴം വിഴുങ്ങുന്നതു കാണാം. വൈകുന്നേരം അവർ പൊട്ടിച്ചിരിക്കുന്നതു കേൾക്കാം. നട്ടുച്ചയ്ക്കുള്ള വെയിലത്തു മിന്നിയോ, അല്ലെങ്കിൽ സന്ധ്യാസമയത്തു മങ്ങിയോ കാണപ്പെടുന്ന ഈ സംഘങ്ങൾ ഒരാലോചനാശീലന്നു വളരെ നേരത്തേക്കുള്ള പ്രവൃത്തി കൊടുക്കുന്നു. ഈ കാഴ്ചകൾ അയാളുടെ സ്വപ്നങ്ങളുമായി കൂടിക്കലരുന്നു.

പാരിസ്സു് കേന്ദ്രം, അയൽപ്രദേശങ്ങൾ അതിന്റെ വൃത്തം; ഈ കുട്ടികൾക്കു ഭൂമി മുഴുവനും ഇതിലടങ്ങി. അവർ ഒരിക്കലും അവിടെനിന്നപ്പുറത്തേക്കു കടക്കില്ല. മത്സ്യത്തിനു വെള്ളത്തിൽനിന്നു പുറത്തു കടക്കാവുന്നതിലേറെ, ഈ കുട്ടികൾക്ക് പാരിസു് വായുമണ്ഡലത്തിൽനിന്നു പുറത്തു പോവാൻ വയ്യ. അവർക്ക് നഗരത്തിന്റെ പുറത്തു് രണ്ടു കാതം കഴിഞ്ഞാൽപ്പിന്നെ യാതൊന്നുമില്ല; ഇവ്രി, യാങ്തിലി, അർക്വി, ബെൽവിൽ, ഒറബർവിയേർ, മെനിൽമോങ്തങ്, ഷ്വാസില്ര്വാ, ബില്ലങ്കുർ, മെദൊ, ഇസി, വാങ്വൃ, സെവ്ര, പുതെ, നുയി,ഴെൻ വില്ലിയെർ, രൊമാവിൽ, ഷതു, അനിയർ, ബുഗവ, നൻതെർ, ന്വാസി ല്സെക്, നൊഴാങ്, ഗുർനെ, ദ്രാങ്സി, ഗൊനെസു്; ബ്രഹ്മാണ്ഡം ഇവിടെവെച്ചവസാനിക്കുന്നു.

കുറിപ്പുകൾ

[1] അത്ര പ്രസിദ്ധനല്ല.

[2] ഒരു റോമൻകവി.

3.1.6
ഒരു കഷ്ണം ചരിത്രം

ഈ ഗ്രന്ഥത്തിൽപ്പറയുന്ന കഥ നടന്ന കാലത്തു്, ഇന്നത്തെ മാതിരി ഓരോ തെരുവിന്റേയും മൂലയ്ക്കൽ ഓരോ പൊല്ലീസ്സുകാരൻ നിന്നിരുന്നില്ല. (ഇതുകൊണ്ടുള്ള ഗുണത്തെപ്പറ്റി ഇപ്പോൾ വിവരിക്കുവാൻ ഇടയില്ല; തെണ്ടിക്കുട്ടികൾ പാരിസ്സിൽ ധാരാളമായിരുന്നു. വേലിയില്ലാത്ത സ്ഥലങ്ങളിലും, പണി കഴിയാത്ത വീടുകളിലും, പാലങ്ങളുടെ കമാനങ്ങൾക്കു ചുവട്ടിലുമായി പൊല്ലിസ്സുപാറാവുകാർ കൊല്ലംതോറും അക്കാലത്തു് ഇരുനൂറ്ററുപതു വീടില്ലാക്കുട്ടികളെ ശരാശരിക്കു കണ്ടുപിടിച്ചിരുന്നു എന്നാണു് രേഖ. പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ള ഈ കൂടുകളിൽ ഒന്നാണു് ‘ആർക്കോളാപ്പാലത്തിലെ കുരുകിൽപ്പക്ഷികളെ’ ഉണ്ടാക്കിയതു്. എന്നല്ല, സാമുദായികരോഗനിദാനങ്ങളിൽ ഏറ്റവുമധികം അപകടം പിടിച്ചതു് ഇതാണു്. മനുഷ്യന്റെ എല്ലാ ദുഷ്പ്രവൃത്തികളും കുട്ടിയുടെ അലച്ചിലിൽനിന്നു് ആരംഭിക്കുന്നു.

ഏതായാലും പാരിസ്സിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്നു ഞങ്ങൾ പറയട്ടെ, മറ്റു നഗരങ്ങളോടു തട്ടിച്ചുനോക്കുമ്പോൾ, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞ പൂർവസ്മരണയിരുന്നാലും, ഈ വ്യത്യസ്തന്യായമാണു്. മറ്റു് ഏതു വലിയ നഗരങ്ങളിലെ തെണ്ടിച്ചെക്കനും നന്നാവുമെന്നുള്ളതില്ല എന്നിരുന്നാലും, ഏതാണ്ടു് എല്ലായിടത്തുംതന്നെ തോന്നിയതു കാട്ടാൻ വിട്ട കുട്ടി മര്യാദയേയും, മനസ്സാക്ഷിയേയും വിഴുങ്ങിക്കളയുന്ന എല്ലാത്തരം പൊതുദോഷങ്ങളിലും അപായകരമായവിധം ആണ്ടുമുങ്ങുവാൻ ഉഴിഞ്ഞിട്ടവനും വലിച്ചെറിയപ്പെട്ടവനുമാണു് എന്നു വന്നാലും, പാരിസ്സിലെ തെരുവുതെണ്ടി-ഇതു ഞങ്ങൾ ഊന്നിപ്പറയുന്നു-പുറത്തു് എത്രതന്നെ വൈകൃതപ്പെട്ടും, എത്രതന്നെ പരിക്കേറ്റുമിരുന്നാലും, അകത്തു് ഏതാണ്ടു് യാതൊരു കേടും പറ്റാതിരിക്കുന്നുണ്ടു്. സമുദ്രത്തിലെ വെള്ളത്തിൽ ഉപ്പുപോലെ, പാരിസ്സിലെ വായുമണ്ഡലത്തിൽ ഒരു ബോധമുള്ളതിന്റെ ഫലമായി ഒരക്ഷയത്വമുണ്ടാകുന്നുണ്ടെന്നു രേഖപ്പെടുത്തുന്നതു് ഒരു വിശിഷ്ടകർമമാണു്; അതു് നമ്മുടെ പൊതുജനസംബന്ധികളായ ഭരണപരിവർത്തനങ്ങൾക്കുള്ള മഹത്തരമായ യാഥാർഥ്യത്തിൽ ഉദിച്ചു പ്രകാശിക്കുകയും ചെയ്യുന്നു. പാരിസ്സിനെ ശ്വസിക്കൽ ആത്മാവിനെ നിലനിർത്തുന്നു.

ഒരു പൊട്ടിപ്പൊളിഞ്ഞ കുടുംബത്തിന്റെ നൂലുകൾ ചുറ്റും പാറിക്കളിക്കുന്നുണ്ടെന്നു തോന്നപ്പെടുന്ന ഇത്തരം കുട്ടികളിൽ ഒരുവനെ ഓരോരിക്കലും കണ്ടെത്തുമ്പോൾ ഒരാൾക്കുണ്ടാകുന്ന മനോവേദനയെ ഞങ്ങൾ ഈ പറഞ്ഞതു് ഒട്ടും തന്നെ ഇല്ലാതാക്കുന്നില്ല. ഇപ്പോഴും അപൂർണമായിത്തന്നെയിരിക്കുന്ന ഇന്നത്തെ പരിഷ്കാരത്തിനു്, ഈ തകർന്നുപോയ കുടുംബങ്ങൾ, തങ്ങളുടെ സന്താനങ്ങൾക്ക് എന്തു പറ്റി എന്നു് നല്ലവണ്ണം മനസ്സിലാക്കാതെയും തങ്ങളുടെതന്നെ കുടർമാലകളെ പൊതുവഴിയിൽ കിടന്നിഴയുവാനനുവദിച്ചും അന്ധകാരത്തിലേക്കൊഴുകിപ്പോകുന്നതു് അത്ര വളരെ അപൂർവമായ ഒരു കാഴ്ചയല്ല. ഇങ്ങനെ ഈ നിസ്സാരങ്ങളായ ജീവിതങ്ങൾ ഉണ്ടായിത്തീരുന്നു. ഇതിന്നത്രേ-ഈ വ്യസനകരമായ സംഭവവും ഒരു ചൊല്ലുണ്ടാക്കിയിട്ടുണ്ട്- ‘പാരിസ്സിലെ കൽവിരികളിലേക്കെറിയൽ’ എന്നു പേർ.

കൂട്ടത്തിൽപ്പറയട്ടെ, കുട്ടികളെ ഈവിധം വലിച്ചെറിയുന്നതിനെ പണ്ടത്തെ രാജവാഴ്ച വിലക്കിയിരുന്നില്ല. കീഴ്‌നിലകളിൽ കുറേശ്ശ തെണ്ടിത്തിരിയൽ ഉണ്ടാകുന്നതു് മേൽനിലകൾക്കാവശ്യമാണു്; അതു് അധികാരികളുടെ ഉദ്ദേശ്യങ്ങളെ ശരിപ്പെടുത്തുന്നു. പൊതുജനങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനോടുള്ള ദ്വേഷം ഒരു വേദസിദ്ധാന്തമായിരുന്നു. ‘പകുതി വെളിച്ചം’ കൊണ്ടു് എന്താണാവശ്യം? ഇങ്ങനെയായിരുന്നു മേലൊപ്പു്. അപ്പോൾ, അബദ്ധം പ്രവർത്തിക്കുന്ന കുട്ടി അറിഞ്ഞു കൂടാത്ത കുട്ടികളുടെ ഒരു ‘വാലാ’ണു്.

ഇതിനു പുറമെ, രാജവാഴ്ചയ്ക്കു ചിലപ്പോൾ കുട്ടികൾ വേണ്ടിവരും; എന്നാൽ അവർ തെരുവുകളുടെ പാട കൂട്ടുകയായി.

പതിന്നാലാമൻ ലൂയിയുടെ കാലത്ത്-അതിലും അപ്പുറത്തേക്കു പോകേണ്ട-രാജാവു് ന്യായമായി ഒരു കപ്പൽസ്സൈന്യമുണ്ടാക്കാൻ തീർച്ചപ്പെടുത്തി. ആ വിചാരം നന്നു്. പക്ഷേ, അതിനു കണ്ടുപിടിച്ച വഴി നമുക്കാലോചിക്കുക. കാറ്റുകളുടെ കളിപ്പാട്ടമായ പായക്കപ്പലിനു പുറമെ, ആവശ്യം വരുമ്പോൾ വലിച്ചുകൊണ്ടു പോവാൻ വേണ്ടി, തണ്ടുകൾകൊണ്ടോ ആവിപ്രയോഗംകൊണ്ടോ ഇഷ്ടമുള്ളേടത്തേക്കു പോകുന്ന പത്തേമാരിയില്ലെങ്കിൽ, കപ്പൽസ്സൈന്യം എന്നൊന്നില്ല; ഇന്നു തീക്കപ്പലുകൾപോലെയായിരുന്നു അന്നു നാവികഭരണത്തിനു പടക്കപ്പൽത്തോണികൾ: അതിനാൽ പടക്കപ്പൽത്തോണികളെക്കൊണ്ടു് ആവശ്യം വന്നു; പക്ഷേ, തണ്ടുവലിശ്ശിക്ഷക്കാരനുണ്ടെങ്കിലേ പടക്കപ്പൽത്തോണി നീങ്ങൂ; അപ്പോൾ തണ്ടുവലിശ്ശിക്ഷയിൽപ്പെട്ട ചില തടവുപുള്ളികൾ വേണ്ടതായി, കൊൽബേർ [1] സംസ്ഥാനഭരണാധികാരികളെക്കൊണ്ടും നിയമനിർമാണസഭകളെക്കൊണ്ടും കഴിയുന്നേടത്തോളം തടവുപുള്ളികളെ ഉണ്ടാക്കിച്ചു. ഈ കാര്യത്തിൽ വിധികർത്താക്കന്മാരും ധാരാളം ഒത്താശചെയ്തിട്ടുണ്ടു്. ഒരു ഘോഷയാത്ര പോകുമ്പോൾ ഒരുവൻ തൊപ്പി തലയിൽത്തന്നെ വെച്ചു-അതു് ഒരരാജകകക്ഷിക്കാരന്റെ നിലയാണു്; അവനെ തണ്ടുവലിശ്ശിക്ഷാസ്ഥലത്തേക്കയച്ചു. ഒരു കുട്ടിയെ തെരുവിൽവെച്ച് എത്തിമുട്ടി; അവന്നു പതിനഞ്ചു വയസ്സും എവിടെയാണു് കിടന്നുറങ്ങേണ്ടതെന്നു നിശ്ചയമില്ലായ്കയും ഒത്തിട്ടുണ്ടെങ്കിൽ, അവനും നടന്നു തണ്ടുവലിശ്ശിക്ഷാസ്ഥലത്തേക്ക്, ഉത്തമമായ രാജവാഴ്ച; ഉത്തമമായ ശതാബ്ദം.

പതിനഞ്ചാമൻ ലൂയിയുടെ കാലത്തു പാരിസ്സിലെങ്ങും കുട്ടികളില്ലാതായി. എന്തു നിഗൂഢപ്രയോഗത്തിനോ, പൊല്ലീസ്സുകാർ അവരെ കൊണ്ടുപോയി. രാജാവിന്റെ ചോരനീരാട്ടിനെപ്പറ്റി ഭയങ്കരങ്ങളായ ഊഹങ്ങൾ ആളുകൾ പേടിച്ചും കൊണ്ടു് മന്ത്രിച്ചു. ഇവയെപ്പറ്റി ബർബിയെ [2] ബുദ്ധിപൂർവം പ്രതിപാദിക്കുന്നുണ്ടു്. രക്ഷിസൈന്യത്തിലെ സവിശേഷസ്വാതന്ത്ര്യക്കാർ, തെണ്ടിക്കുട്ടികൾക്കു ദുർഭിക്ഷം കണ്ടാൽ, ചിലപ്പോൾ അച്ഛനുള്ളവരെ പിടിച്ചു എന്നുവരും. അച്ഛന്മാർ നിരാശതയോടുകൂടി അവരെ എതിർക്കും. അങ്ങനെ വന്നാൽ നിയമനിർമാണസഭ ഇടയിൽക്കടന്നു് ഒരു കൂട്ടരെ തൂക്കിമരത്തിലേറ്റും. ആരെ? ആ പട്ടാളക്കാരെ? അല്ല, അച്ഛന്മാരെ.

കുറിപ്പുകൾ

[1] ഫ്രാൻസിലെ ഒരു പ്രസിദ്ധ ഭരണശാസ്ത്രജ്ഞൻ.

[2] ഫ്രാൻസിലെ ഒരു മാഹാനായ ഗ്രന്ഥകാരൻ.

3.1.7
ഇന്ത്യയിലെ ജാതിവിഭാഗത്തിൽ തെമ്മാടിച്ചെക്കന്നു് ഒരു സ്ഥാനം വേണം

പാരിസ്സിലെ തെരുവുതെണ്ടിസ്സംഘം ഏതാണ്ടു് ഒരു ജാതിയാണു്. ഇതേകദേശം പറയാം. ചേരണമെന്നുള്ളവർക്കെല്ലാം ചേരാൻ സാധിക്കില്ല.

ഗമിങ് (=തെമ്മാടിച്ചെക്കൻ) എന്ന വാക്ക് ഒന്നാമതായി അച്ചിൽപ്പെട്ടു, സാഹിത്യഭാഷയിലൂടെ പ്രസംഗപീഠത്തിലെത്തിയതു് 1834-ലാണു്. ക്ലൊദ്ഗ്വെ എന്ന ഒരു ചെറു കൃതിയിലാണു് ഈ വാക്കു രംഗപ്രവേശം ചെയ്തതു്. ലഹള കേമമായി. വാക്കിനു പ്രചാരം വന്നു.

തെമ്മാടിച്ചെക്കന്മാർക്കു തമ്മിൽത്തമ്മിൽ ‘അവസ്ഥ’ കിട്ടുവാനുള്ള വഴി പലതാണു്. മണിമാളികയുടേയോ നോത്തൃദാംപള്ളിയുടേയോ മുകളിൽനിന്നു് ഒരാൾ താഴത്തേക്കു വീഴുന്നതു കണ്ടു എന്ന കാരണംകൊണ്ടു വളരെയധികം ബഹുമാനിക്കപ്പെടുകയും പരക്കെ അഭിനന്ദിക്കപ്പെടുകയും ചെയ്തുവെന്ന ഒരുവനെ ഞങ്ങൾക്കറിയാമെന്നല്ല, പരിചയമുണ്ടു്; മറ്റൊരുവൻ അനാഥപ്പുരയിലെ ഗോപുരത്തിലുള്ള പ്രതിമകളെ തൽക്കാലം കൊണ്ടുവെച്ചിരുന്ന ഒരു പിൻഭാഗത്തെ മുറ്റത്തേക്കു കടന്നുചെന്നു് അവയിൽനിന്നു കുറച്ച് ഈയം ‘കുത്തിയടർത്താൻ’ സാധിച്ചതുകൊണ്ടാണു്; മൂന്നാമതൊരുവൻ, ഒരു നാലുരുൾവണ്ടി തലകീഴ്മറിഞ്ഞതു കണ്ടതുകൊണ്ടാണു്; പിന്നെയുമൊരുവൻ, ഒരു പൗരന്റെ കണ്ണുതെറിപ്പിച്ചു എന്ന നിലയ്ക്കാക്കിയ ഒരു പട്ടാളക്കാരനെ അറിയുന്നതുകൊണ്ടാണു്.

ഒരു പാരിസ്കാരൻ തെമ്മാടിച്ചെക്കന്റേതായ ഈ പ്രസിദ്ധവാക്ക്-ഒരു സംഭാഷണാവസാനത്തിലെ അഗാധവാക്യം; അർഥം മനസ്സിലാകാതെ ആഭാസന്മാർ കേട്ടു ചിരിക്കുന്ന ഒന്ന്-ഇതുകൊണ്ടു് സുഗ്രഹമാകുന്നു-എടടാ! ഞാൻ എന്തു ഭാഗ്യം കെട്ടവനാണ്! അഞ്ചാംനിലയിൽ ഒരു ജനാലയിൽനിന്നു് ഒരുവൻ തലകുത്തി മറിയുന്നതു് ഇതുവരെ കണ്ടില്ലല്ലോ’ (ഭാഗ്യം എന്നതിനു പാക്യമെന്നും നില എന്നതിനു നെല എന്നുമാണു് ഉച്ചാരണം).

നിശ്ചയമായും ഒരു കൃഷീവലന്റെ ഈ വാക്കു രസമുണ്ടു്; ‘ഫാദർ ഇന്നാളേ, നിങ്ങളുടെ ഭാര്യ അവരുടെ ദീനംകൊണ്ടു മരിച്ചു; എന്തേ നിങ്ങൾ വൈദ്യന്നാളെയയയ്ക്കാഞ്ഞതു?’ ‘സേർ, നിങ്ങളെന്തോ പറയുന്നു, ഞങ്ങൾ, സാധുക്കൾ, ഞങ്ങളെക്കൊണ്ടുതന്നെയാണു് മരിക്കുന്നതു്.’ കൃഷീവലന്റെ ഉശിരില്ലായ്മ മുഴുവനും ഈ വാക്കിലുണ്ടെങ്കിൽ, നഗരപ്രാന്തങ്ങളിലെ ചെക്കന്റെ സ്വതന്ത്രാലോചനയോടുകൂടിയ അരാജകത്വം മുഴുവൻ, നിശ്ചയമായും, ഈ മറ്റൊരു ചൊല്ലിൽ അടങ്ങിയിരിക്കുന്നു. മരണശിക്ഷ വിധിക്കപ്പെട്ട ഒരുവൻ കൊലസ്ഥലത്തേക്കുള്ള വണ്ടിയിലിരുന്നു മതാചാര്യന്റെ പ്രസംഗം ശ്രദ്ധിക്കുകയാണു്. പാരിസിന്റെ കുട്ടി ഉച്ചത്തിൽ പറയുന്നു; ‘അയാൾ തന്റെ കരുംതൊപ്പിയോടു സംസാരിക്കുകയാണ്! ഹാ! ആഭാസൻ!’

മതവിഷയത്തിലുള്ള ഒരുതരം ധൃഷ്ടത തെമ്മാടിച്ചെക്കന്റെ ലക്ഷണമാണു്. മനശ്ശക്തി ഒരു പ്രാധാനസംഗതിയാണു്.

മരണശിക്ഷാസ്ഥലത്തെത്തുക ഒരു ചുമതലയാണു്. അവൻ തൂക്കുമരത്തിനടുക്കൽ ഹാജർ കൊടുക്കുന്നു; അവൻ ചിരിക്കുകയും ചെയ്യുന്നു; അതിനെ അവൻ എല്ലാത്തരം ഓമനപ്പേരുകൾകൊണ്ടും വിളിക്കുന്നു. ‘സൂപ്പിന്റെ അവസാനം, ‘നാലുരുൾവണ്ടി,’ ‘മാന (ആകാശ)ത്തുള്ളമ്മ,’ ‘ഒടുവിലത്തെ ഇറക്കൽ,’ മറ്റു മറ്റും. അക്കാര്യത്തിൽ ഒന്നും വിട്ടുപോകാതിരിപ്പാൻവേണ്ടി, അവൻ മതിലുകളുടെ മീതെ പൊത്തിപ്പിടിച്ചു കയറും, ജനാലപ്പുറന്തട്ടുകളിലേക്കു തന്നത്താൻ ‘കുത്തിക്കൊടുക്കും,’ മരത്തിന്മേൽ കേറും, ഇരുമ്പഴികളിൽ ഞാന്നുകിടക്കും. പുകക്കുഴലുകളോടു പറ്റിനില്ക്കും. ജന്മനാ ഒരു കപ്പലോട്ടക്കാരനാണെന്നപോലെത്തന്നെ തെമ്മാടിച്ചെക്കൻ ജനനാൽ ഒരോടുമേച്ചിൽക്കാരനുമാണു്. ഒരു കപ്പൽപ്പായ കണ്ടാലത്തേതിൽ ഒട്ടുമധികം ഒരു മേല്പുര കണ്ടാൽ അവനു പേടിയില്ല. ഒരു മരണശിക്ഷ നടക്കുന്നതിനൊത്ത ഒരുത്സവം അവനില്ല. പ്രോത്സാഹിപ്പിക്കുവാൻവേണ്ടി ആ കൊല്ലപ്പെടുന്നവനെ അവൻ പുച്ഛിച്ചാർക്കുന്നു. അവൻ ചിലപ്പോൾ അയാളെ അഭിനന്ദിക്കും. ലാസെനേർ [1] ഒരു തെമ്മാടിച്ചെക്കനായിരുന്ന കാലത്തു് ആ വല്ലാത്തവനായ ദൊതെ [1] ഒരു കൂസലില്ലാതെ മരിക്കുന്നതു കണ്ടു് ഒരു ഭാവി മുഴുവനുമടങ്ങിയ ഈ വാക്കുകൾ ഉച്ചരിക്കയുണ്ടായി: ‘എനിക്കയാളെപ്പറ്റി അസൂയതോന്നി.’ തെമ്മാടിച്ചെക്കന്മാരുടെ കൂട്ടത്തിൽ ആർക്കും വൊൾത്തെയരുടെ പേരറിവില്ല; പക്ഷേ, പപവ്യാങ് [1] അങ്ങനെയല്ല. ഓരോരുത്തന്റെയും ഒടുവിലത്തെ വേഷത്തെപ്പറ്റി അവർക്ക് ഓരോ ഐതിഹ്യമുണ്ടു്. തൊല്രോങ്ങിനു് [1] ഒരു ജലയന്ത്രക്കാരന്റെ തൊപ്പിയുണ്ടായിരുന്നു എന്നും, അവ്രിലിനു് [1] ഒരു നീർനായത്തൊപ്പിയാണെന്നും, ലൊവെ [1] ഒരു വട്ടത്തൊപ്പിവെച്ചിരുന്നു എന്നും, കിഴവൻ ദെലപൊർതു് [1] കഷണ്ടിത്തലയനും വെറുംതലയനുമായിരുന്നു എന്നും, കസ്താങ് ആകെ ചുവന്നിരുന്നു എന്നും കണ്ടാൽ സുഭഗനാണെന്നും, ബൊരിയെയ്ക്ക് [1] ഒരു ഭംഗിയുള്ള ചെറുതാടിയുണ്ടായിരുന്നു എന്നും, ഴാങ്മർതെങ് [1] അപ്പോഴും തന്റെ ചുമൽപ്പട്ടയോടുകൂടിയായിരുന്നു എന്നും, ലെക്കുഫെയും [1] അമ്മയും കൂടി ശണ്ഠയിട്ടു എന്നും അവർക്കു വിവരമുണ്ടു്. ആ കലശൽകൂട്ടുന്നവരോടു് ഒരു തെമ്മാടിച്ചെക്കൻ കൂക്കിപ്പറഞ്ഞു: ‘നിങ്ങളുടെ കോട്ടയ്ക്കുവേണ്ടി തമ്മിൽ കൊഞ്ഞനം കാട്ടാതിരിക്കിൻ.’ മറ്റൊരുവൻ, കൂട്ടത്തിൽ കുറേ നീളം കുറഞ്ഞവനായിരുന്നതുകൊണ്ടു, ദെബകെ [1] പോകുമ്പോൾ ഒരു നോട്ടം കാണാൻ വേണ്ടി പാതാറിലെ ഒരു വിളക്കുകാൽ പിടിച്ച് അതിന്മേൽ കയറി. അതിന്നപ്പുറത്തു നില്ക്കുന്ന പട്ടാളക്കാരൻ നെറ്റി ചുളിച്ചു. ‘ആട്ടെ, ഞാനൊന്നും കയറി നോക്കിക്കോട്ടെ,’ ആ തെമ്മാടിച്ചെക്കൻ പറഞ്ഞു. ഭരണാധികാരികളെ സമാധാനിപ്പിക്കാൻവേണ്ടി അവൻ തുടർന്നു: ‘ഞാൻ വീഴില്ല.’ ‘നിയ്യു വീണാൽ എനിക്കെന്താണ്!’ ആ പട്ടാളക്കാരൻ എതിർത്തു പറഞ്ഞു.

തെമ്മാടിച്ചെക്കന്മാരുടെ വർഗത്തിൽ സ്മരണീയമായ ഒരപകടസംഭവം വളരെ വിലയുള്ളൊന്നാണു്. ‘എല്ലാ കാണത്തക്കവണ്ണം’ ആഴത്തിൽ ഒരു മുറിവു പറ്റിയാൽ അതു് എന്തെന്നില്ലാത്ത ഒരവസ്ഥയാണു്.

ദേഹത്തിന്റെ കെല്പു് ഒട്ടും നിസ്സാരമായ ഒരു ബഹുമതിയല്ല. തെമ്മാടിച്ചെക്കന്നു് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചൊല്ലിതാണു്: ‘എനിക്കിപ്പോൾ നല്ല ശക്തിയും ഉശിരുമുണ്ടു്. ഒന്നു പിടിച്ചുനോക്കൂ.’ ‘ഇടവൻകയ്യ’നായാൽ അവനോടു് എല്ലാവർക്കും അസൂയയാണു്. കോങ്കണ്ണൻ വലിയ ബഹുമാനപാത്രമത്രേ.

കുറിപ്പുകൾ

[1] അത്ര പ്രസിദ്ധന്മാരല്ല.

3.1.8
ഒടുവിലത്തെ രാജാവിന്റെ ഒരു രസകരമായ ചൊല്ലു് ഇതിൽ വായനക്കാർക്കു കാണാം

വേനല്ക്കാലത്തു് അവൻ ഒരു തവളയായി വേഷം മാറുന്നു; വൈകുന്നേരം, സന്ധ്യയായാൽ, ഓസ്തെർലിത്സ്പാലത്തിന്റേയും യെനാപാലത്തിന്റേയും മുൻപിൽവെച്ചു കല്ക്കരിവണ്ടികളുടേയും അലക്കുകാരികളുടെ വഞ്ചികളുടേയും മുകളിൽനിന്നു സയിൻ നദിയിലേക്കും മര്യാദയുടേയും പൊല്ലീസ്സിന്റേയും വക നിയമങ്ങൾക്കെല്ലാം അപ്പുറത്തേക്കും അവൻ ‘മുതലക്കൂപ്പുകുത്തും.’ എന്തായാലും പൊല്ലീസ്സിന്റെ കണ്ണു് എപ്പോഴും അവനിലുണ്ടു്; അതിന്റെ ഫലമാണു് സ്മരണീയവും സഹോദരത്വത്തെ കാണിക്കുന്നതുമായ ഒരു നിലവിളി പുറപ്പെടുവാൻ മാത്രം അസാധാരണമായ ഈയൊരു സംഭവം; ഏകദേശം 1830-ൽ പ്രസിദ്ധമായിരുന്ന ആ നിലവിളി തെമ്മാടിച്ചെക്കന്മാർക്കു തമ്മിൽത്തമ്മിൽ പറഞ്ഞുകൊടുക്കുവാനുള്ള ഒരു ബുദ്ധിപൂർവമായ മുന്നറിവുവാക്കായി; മന്ത്രംപോലെ അർഥം തിരിയാത്ത ഒരു ഗണിതസംജ്ഞയോടുകൂടി ഹോമറുടെ ഒരു പദ്യശകലം വായിക്കുന്ന വിധമാണു് അതു കേട്ടാൽ. അതിതാ: ‘ഏഹേ, കോഴിക്കുട്ടി, അതാ വരുന്നു, തീപ്പെട്ടിക്കോൽ. അതാ വരുന്നു, നിങ്ങളുടെ കീറത്തുണിയും തപ്പിയെടുത്തു പറന്നോളിൻ. ഓവുചാലിലൂടെ പാഞ്ഞോളിൻ.’

ചിലപ്പോൾ ഈ കൊതുവിന്ന്-ഇതാണു് അവൾ-തന്നത്താൻ വിളിക്കുന്ന പേർ-വായിക്കാനറിയാം; ചിലപ്പോൾ എഴുതാനറിയാം; എപ്പോഴും കുത്തിവരയ്ക്കാനറിയാം. പൊതുജനങ്ങൾക്കുപയോഗപ്പെടുന്ന എല്ലാ വിദ്യകളും-അന്യോന്യം പഠിപ്പിക്കുവാനുള്ള എന്തു നിഗൂഢസാമർഥ്യംവഴിക്കെന്നറിഞ്ഞുകൂടാ-അവൻ സമ്പാദിച്ചുവെക്കും; 1815 മുതൽ 1830 വരെ അവൻ ചുമരിന്മേൽ ‘സബർജൽ’പ്പഴം കുത്തിവരച്ചിരുന്നു. വേനല്ക്കാലത്തു് ഒരു ദിവസം വൈകുന്നേരം ലൂയി ഫിലിപ്പു് കാൽ നടയായി അരമനയിലേക്കു തിരിച്ചുപോരുംവഴിക്ക്, അവിടുത്തെ കാൽമുട്ടുകളോളം മാത്രം വലിപ്പമുള്ള ഒരു ചെക്കൻ, നുയിയിലെ പടിക്കലുള്ള തൂണുകളിലൊന്നിൽ ഒരു കൂറ്റൻ ‘സബർജൽ’പ്പഴം വരയ്ക്കാൻവേണ്ടി വിയർത്തു മുങ്ങി കയറിപ്പോകുന്നതു കണ്ടു; നാലാമൻ ആങ്റിയിൽനിന്നു കിട്ടിയ സൗശീല്യത്തോടുകൂടി രാജാവു് ആ തെമ്മാടിച്ചെക്കനെ സഹായിച്ചു. സബർജൽപ്പഴം വരച്ചു മുഴുമിപ്പിച്ചു; ഇങ്ങനെ പറഞ്ഞുകൊണ്ടു് ഒരു ലൂയി നാണ്യം അവന്നു കൊടുത്തു; ‘അതിലുമുണ്ടു് ‘സബർജൽ’പ്പഴം. [1] തെമ്മാടിച്ചെക്കന്നു ലഹള രസമാണു്. ഒരു തരത്തിലുള്ള കയ്യേറ്റം അവനെ രസിപ്പിച്ചുകളയുന്നു. ‘മതാചാര്യന്മാരോടു്’ അവന്നു വെറുപ്പാണു്. ഒരു ദിവസം, ദ്യു ദു് ലുനിവേർസിനെ എന്ന സ്ഥലത്തു്, 69-ആം നമ്പർ വീട്ടിന്റെ വണ്ടിപ്പടിക്കൽവെച്ച് ഈ തെണ്ടികളിൽ ഒരുവൻ മൂക്കുചീറ്റുകയായിരുന്നു. ‘എന്തിനാണു് പടിക്കൽവെച്ച് ഇതു ചെയ്യുന്നതു?’ ഒരു വഴിപോക്കൻ ചോദിച്ചു. ആ കുട്ടി മറുപടി പറഞ്ഞു: ‘ഇവിടെ ഒരു മതാചാര്യനാണു് താമസം.’ വാസ്തവത്തിൽ അവിടെയാണു് പോപ്പിന്റെ പ്രതിനിധി താമസിച്ചിരുന്നതു്.

എന്തായാലും ചെറിയ തെമ്മാടിച്ചെക്കന്നുള്ള വോൾത്തെയർത്തം എന്തുതന്നെയായാലും, പള്ളിയിൽ ഗായകനാകാനുള്ള സൗകര്യം മുൻപിൽപ്പെട്ടാൽ, അവൻ അതു സ്വീകരിക്കുകയാണു് പതിവു്. എന്നാൽ അവൻ മര്യാദയ്ക്കു കുർബ്ബാന നടത്തും. രണ്ടു കാര്യത്തിലാണു് അവൻ കിടന്നു ചക്രശ്വാസം വലിക്കുന്നത്-അതു രണ്ടും ആഗ്രഹിക്കുകയല്ലാതെ ഒരിക്കലും അവന്നു സാധിക്കുന്നില്ല: ഭരണാധികാരത്തെ അടിച്ചുടയ്ക്കാനും, കാലുറകൾ പിന്നേയും തുന്നിക്കുത്താനും.

ഒരു തികവെത്തിയ തെമ്മാടിച്ചെക്കനിൽ പാരിസ്സിലെ പൊല്ലീസ്സു് സൈന്യം മുഴുവനുമുണ്ടു്; തന്റെ മുൻപിൽപ്പെടുന്ന ആരുടേയുംതന്നെ മുഖത്തു നോക്കി പേരിന്നതാണെന്നു പറവാൻ അവന്നു സാധിക്കും. അതൊക്കെ അവർ വിരലുകൊണ്ടു കണക്കു പിടിച്ചു പറയും. അവൻ ആളുകളുടെ സമ്പ്രദായങ്ങളെ നോക്കിപ്പഠിക്കുന്നു; ഓരോന്നിനെക്കുറിച്ചും അവന്റെ വക സവിശേഷക്കുറിപ്പുകളുണ്ടായിരിക്കും. ഒരു തുറന്ന പുസ്തകംപോലെ പൊല്ലീസ്സുകാരുടെ ആത്മാക്കളെ അവൻ നോക്കി വായിക്കുന്നു. അവൻ തപ്പുകൂടാതെയും കൂസലില്ലാതെയും നിങ്ങൾക്കു പറഞ്ഞുതരും: ‘ആ ഒരുവൻ രാജ്യദ്രോഹിയാണു്; മറ്റവൻ ദുഷ്ടനാണു്; മറ്റവൻ വലിയാളാണു്; മറ്റവൻ കൊള്ളരുതാത്തവനാണു്.’ (രാജ്യദ്രോഹി, ദുഷ്ടൻ, വലിയാൾ, കൊള്ളരുതാത്തവൻ എന്നീ എല്ലാ വാക്കുകൾക്കും അവന്റെ വായിൽനിന്നു വരുമ്പോൾ അർഥം അസാധാരണമാണു്); ആ ഒരാൾ പൊങ്നെപ്രദേശം മുഴുവനും തന്റേതാണെന്നു വിചാരിക്കുന്നു-ആൾമറയ്ക്കു പുറത്തുള്ള വളരിന്മേലൂടെ ആളുകളെ നടക്കാൻ അയാൾ സമ്മതിക്കുകയില്ല. ആ മറ്റവന്നു കണ്ടവരുടെ ചെവി പിടിച്ചു തിരിക്കുന്നതിൽ ഒരു കമ്പമാണു്; മറ്റും, മറ്റും.

കുറിപ്പുകൾ

[1] അന്നത്തെ കാലത്തു ഹാസ്യരസപ്രധാനങ്ങളായ ചിത്രങ്ങളിൽ ഒരു സബർജൽപ്പഴത്തിന്റെ ഛായയിലുള്ള തലയോടുകൂടി പതിനെട്ടാമൻ ലൂയിയെ വരയ്ക്കുക പതിവായിരുന്നു.

3.1.9
പഴയ ഫ്രാൻസിന്റെ പഴയ ജീവൻ

മത്സ്യച്ചന്തയുടെ സന്താനമായ പൊക്കലെങ്ങിൽ [1] ആ കുട്ടിയുടെ ഏതാണ്ടൊന്നുണ്ടു്; ബൊമെർഷെയ്ക്ക് [2] അവന്റെ ഒരു ഭാഗമുണ്ടു്. പണ്ടത്തെ ഫ്രാൻസിന്റെ ഒരു നിഴലാണു് തെമ്മാടിത്തം. ബുദ്ധിയോടു കൂടിച്ചേർന്നാൽ, അതു വീഞ്ഞിനു റാക്കെന്നപോലെ, ഫ്രാൻസിന്റെ ഉശിരിനു ശക്തി കൂട്ടുന്നു. ചിലപ്പോൾ അതൊരു കേടായി എന്നും വരും. ഹോമർ എന്നെന്നും തന്നെത്താനാവർത്തിക്കുന്നു. സമ്മതം; വോൾത്തെയർ തെമ്മാടിച്ചെക്കന്റെ വേഷമാടുന്നു എന്നു പറയാം. കമിൽ ദെമുലെങ് [3] ഉപനഗരങ്ങളിലെ ഒരു താമസക്കാരനാണു്. ക്രിസ്തുവിന്റേയും മറ്റും അത്ഭുതകർമങ്ങളെ നിർദ്ദയം അധിക്ഷേപിച്ചുവിട്ട ഷാംപിയോനെ [4] കൽവിരികളിൽ നിന്നാണു് പൊന്തിവന്നതു്; ഒരു ചെറുകുട്ടിയായിരുന്ന കാലത്തു് അയാൾ സാങ്ഴാങ് ദു് ബൊവെയുടെയും സാങ് എതിയെൻദ്യുമോങ്ങിന്റെയും പൂമുഖങ്ങളിൽ പാഞ്ഞു നടന്നിരുന്നു; ഴനൂറിയുവിന്റെ കുപ്പിക്ക് ആവശ്യപ്പെടുവാൻ അവർ അതിപരിചയത്തോടുകൂടി സാംങ് ഗെനെവിയെവു് പള്ളിയിൽ ചെന്നു പറയും. പാരിസ്സിലെ തെമ്മാടിച്ചെക്കൻ മാന്യനും നിന്ദാസ്തുതിക്കാരനും അധികപ്രസംഗിയുമാണു്. അവന്റെ പല്ലുകൾ വികൃതിപ്പല്ലുകളാണ്-എന്തുകൊണ്ടെന്നാൽ, അവന്റെ ഭക്ഷണം മോശവും വയറു തകരാറിലുമത്രേ; അവന്റെ കണ്ണുകൾ സുഭഗങ്ങളാണ്-എന്തുകൊണ്ടെന്നാൽ, അവന്നു ഫലിതം കൂടും.

സർവ്വേശ്വരൻതന്നെ മുൻപിലുണ്ടെങ്കിലും, അവൻ സ്വർഗത്തിലേക്കുള്ള കോണിപ്പടികൾ ഒറ്റക്കാലിന്മേൽ കൊക്കിച്ചാടിക്കയറും. അവൻ കയ്യാംകളിയിൽ സമർഥനാണു്. എല്ലാ വിശ്വാസങ്ങളും അവന്നാവാം. അവൻ ഓവുചാലിൽ കളിക്കും; ചുണയോടുകൂടി നിവർന്നു നില്ക്കും; വെടിയുണ്ടകൾക്കു മുൻപിലും അവന്റെ ധിക്കാരം എതിർത്തുനില്ക്കും; അതേവരെ അവൻ ആഭാസനായിരുന്നു, അതാ അപ്പോൾ അവൻ ധീരോദാത്തനാവുന്നു; തീബ്സ്കാരൻ [5] കുട്ടിയെ പ്പോലെ, അവൻ സിംഹത്തിന്റെ മേൽനിന്നു തൊലി പിടിച്ചു വലിക്കുന്നു; പട്ടാളച്ചെണ്ടകൊട്ടുകാരൻ ബാര [6] പാരിസ്സിലെ ഒരു തെമ്മാടിച്ചെക്കനായിരുന്നു; വേദപുസ്തകത്തിലെ കുതിര ‘ബോ!’ എന്നു പറയുംപോലെ, അവൻ കൂക്കിവിളിക്കുന്നു: ‘മുമ്പോട്ട്!’ ഉത്തരക്ഷണത്തിൽ അവൻ ചെറുചെക്കനിൽനിന്നു കടന്നു, ഒരു രാക്ഷസനായി.

ഈ ചേറ്റുകുണ്ടിന്റെ കുട്ടി ആദർശത്തിന്റേയും കുട്ടിയാണു്. മോളിയെറിൽനിന്നു ബാരയിലോളം നീണ്ടുനില്ക്കുന്ന ചിറകുകളുടെ ആ പരപ്പു് ഒന്നളന്നു നോക്കുക.

എല്ലാംകൂടി ഒരു വാക്കുകൊണ്ടു് പറകയാണെങ്കിൽ, എപ്പോഴും കളിച്ചു നടന്നു കഴിയുന്ന ഒരുവനത്രേ തെമ്മാടിച്ചെക്കൻ. എന്തുകൊണ്ടു? അവൻ ദുഃഖിതനാണു്.

കുറിപ്പുകൾ

[1] അത്ര പ്രസിദ്ധനല്ല.

[2] ഫ്രാൻസിലെ ഒരു പ്രസിദ്ധ ധനശാസ്ത്രജ്ഞനും നാടകകർത്താവും.

[3] ഒരു ഫ്രഞ്ച് ഭരണപരിവർത്തകൻ, ഗ്രന്ഥകാരൻ, ഒടുവിൽ മരണശിക്ഷ വിധിക്കപ്പെട്ടു.

[4] ഒരു ഫ്രഞ്ചു സേനാപതി.

[5] തീബ്സു് യവനപുരാണങ്ങളിൽ ധൈര്യത്തിന്റേയും സാഹസത്തിന്റേയും ആവാസഭൂമിയായി വർണ്ണിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന നഗരമാണ്.

[6] അത്ര പ്രസിദ്ധനല്ല.

3.1.10
പാരിസ്സില്ല, മനുഷ്യനുമില്ല

എല്ലാം ഒന്നുകൂടി അടിച്ചുകൂട്ടിപ്പറയുന്നപക്ഷം, ഇന്നത്തെ പാരിസ്സുകാരൻ തെമ്മാടിച്ചെക്കൻ, പണ്ടു റോമിലുണ്ടായിരുന്ന അങ്ങാടിപ്പിള്ളരെപ്പോലെ, നെറ്റിത്തടത്തിൽ വൃദ്ധലോകത്തിന്റെ ജരയോടുകൂടിയ ജനക്കൂട്ടപ്പിഞ്ചുകുട്ടിയാണു്.

തെമ്മാടിച്ചെക്കൻ ജനസമുദായത്തിനു് ഒരു മോടിയാണു് - അതോടുകൂടിത്തന്നെ ഒരു രോഗവുമാണു്; മാറ്റിക്കളയേണ്ടുന്ന ഒരു രോഗം-എങ്ങനെ? വെളിച്ചം കൊണ്ടു്.

വെളിച്ചം ആരോഗ്യത്തെയുണ്ടാക്കുന്നു.

വെളിച്ചം കത്തുന്നു.

ശ്രേഷ്ഠങ്ങളായ എല്ലാ സാമുദായികദീപ്തികളും പ്രകൃതിശാസ്ത്രത്തിൽ നിന്നു, സാഹിത്യത്തിൽനിന്നു, കലാവിദ്യകളിൽനിന്നു, വിദ്യാഭ്യാസത്തിൽനിന്നു് ഉദിച്ചുവരുന്നു. മനുഷ്യരെയുണ്ടാക്കുക. മനുഷ്യരെയുണ്ടാക്കുക. അവർ നിങ്ങൾക്കുണർവുണ്ടാക്കുന്നതിനു നിങ്ങൾ അവർക്കു വെളിച്ചം കൊടുക്കുക. പരമസത്യത്തിന്റെ അപ്രതിഹതാധികാരത്തോടുകൂടി, സാർവജനീനമായ വിദ്യാഭ്യാസം എന്ന ഉൽക്കൃഷ്ടവിഷയം ഇന്നല്ലെങ്കിൽ നാളെ മനുഷ്യബുദ്ധിക്കു മുൻപിൽ പ്രത്യക്ഷമാവും; അപ്പോൾ, ഫ്രാൻസുകാരുടെ ജീവിതസിദ്ധാന്തത്തെ അനുസരിച്ചു രാജ്യഭരണം ചെയ്യുന്നവർക്ക് ഇവയിൽ ഒന്നു തിരഞ്ഞെടുക്കേണ്ടിവരും-ഫ്രാൻസിലെ കുട്ടികളേയോ, പാരിസ്സിലെ തെമ്മാടിച്ചെക്കന്മാരെയോ; വെളിച്ചത്തിലെ നാളങ്ങളേയോ, ഇരുട്ടിലെ പൊട്ടിച്ചൂട്ടുകളേയോ.

തെമ്മാടിച്ചെക്കൻ പാരിസ്സിനെകാണിക്കുന്നു, പാരിസ്സു് ലോകത്തേയും.

എന്തുകൊണ്ടെന്നാൽ, പാരിസ്സു് ഒരാകെത്തുകയാണു്. മനുഷ്യജാതിയുടെ മേൽപ്പുരത്തട്ടാണു് പാരിസ്സു്. ഈ കൂറ്റൻ നഗരം മുഴുവനുംകൂടി മരിച്ചുപോയ ആചാരങ്ങളുടേയും ജീവിച്ചിരിക്കുന്ന ആചാരങ്ങളുടേയും ഒരു ചുരുക്കമാണു്. പാരിസ്സിനെ കാണുന്നവർ, ഇടയ്ക്കിടയ്ക്കെല്ലാം സ്വർഗത്തോടും നക്ഷത്രമണ്ഡലത്തോടുംകൂടി സർവചരിത്രത്തിന്റേയും അടിത്തട്ടു താൻ കാണുന്നതായി വിചാരിക്കുന്നു. പാരിസ്സിനു് ഒരു തലസ്ഥാനമുണ്ടു്. ടൗൺഹാൾ; ഒരു പാർത്തനൊ [1] വുണ്ടു്, നോത്തൃദാംപള്ളി; ഒരു അവെൻതീൻകുന്നുണ്ടു്, അങ്ത്വാങ് പ്രദേശം; ഒരു സർവദേവമണ്ഡപമുണ്ടു്, പങ്തിയൊ [2] ഒരു കാറ്റുകളുടെ അമ്പലമുണ്ടു്, അഭിപ്രായം; ഗെമോണിയെയുടെ [3] സ്ഥാനത്തു് അതു പരിഹാസത്തെയാക്കിയിരിക്കുന്നു. മറ്റെവിടെയുള്ള എന്തൊന്നും പാരിസ്സിലുണ്ടു്. ദ്യുമെർസേയുടെ [4] മീൻപിടുത്തക്കാരിക്കു യൂരിപ്പിഡിസ്സിന്റെ [5] കിഴങ്ങുകച്ചവടക്കാരനോടു പകരം പറയാം. പകിടകളിക്കാരനായ വെയാനുസ്സു് കമ്പക്കൂത്താട്ടക്കാരനായ ഫോറിയോസോവിൽ വീണ്ടും ജീവിച്ചിരിക്കുന്നു. പയിനുവാണിഭക്കാരൻ ദമസിപ്പുസ്സിനു് അപൂർവവസ്തു വ്യാപാരികളുടെ ഇടയിൽ സുഖമായിക്കൂടാം; അഗോറായ്ക്കു [6] ദിദെരോവിനെ തുറുങ്കിലിടാൻ കഴിയുന്നതുപോലെ, വിൻസന്നു [7] സോക്രട്ടിസ്സിനേയും പിടിയിലൊതുക്കാൻ സാധിയ്ക്കും; കുർത്തിലുസു് [8] പൊരിച്ച മുള്ളമ്പന്നി മാംസമുണ്ടാക്കിയതുപോലെ, ഗ്രിമോ ദു് ലരെയിഞ്യേർപ്രദേശം വൃത്തിപ്പെടുത്തിപ്പൊരിച്ച മൂരിയിറച്ചിയും കണ്ടുപിടിച്ചു; പ്ലൗത്തുസ്സിന്റെ കൃതികളിലുള്ള വിഷമചതുഷ്കോണക്ഷേത്രത്തെ നാം വീണ്ടും ലെത്വാലിലെ കമാനത്തിനു ചുവട്ടിൽ വെളിവായി കാണുന്നു; അപുലെയുസ്സിനാൽ എതിർക്കപ്പെട്ട പൊയ്കിലുസ്സിലെ വാൾതീനി പൊങ്നെകുന്നിന്മേലുള്ള ഒരു വാൾ വിഴുങ്ങിയാണു്; റോമിലെ നാലു സുന്ദരവിഡ്ഢികൾ - ആ അൽകെസി മാർകുസു്, ഫീദ്രോമുസു്, ദിയബോലൂസു്, ആർഗിരിപുസു് എന്നിവർ-ലബതുവിന്റെ കുതിരവണ്ടിയിൽനിന്നു കുതല്യേയിൽ വന്നിറങ്ങുന്നതു കാണാം; പുഞ്ചിനെല്ലോവിനു മുൻപിൽ നൊദിയൊ [9] എത്രകണ്ടു നില്ക്കുമോ അതിലധികമൊന്നും കോൺഗ്രിയോവിന്നു [10] മുൻപിൽ ഗെലിയുസ് [11] നിന്നിരിക്കില്ല; നേരമ്പോക്കുകാരനായ പന്തൊലബുസ് [12] കഫെ ആൻഗ്ലെയിൽ (=ഇംഗ്ലീഷ് കാപ്പിഹോട്ടൽ) വെച്ചു ബദ്ധപ്പാടുകൂടിയ നൊമൻതനുസ്സിനെ [12] ഇളിച്ചു കാട്ടുന്നു; ഹെർമോഗെനുസ്സാകട്ടെ [13] ഷാംസെലിസെയിലെ ഒരാർപ്പുവിളിയാണു്; അയാൾക്കു ചുറ്റും ബോബെഷോവിനെ [12] പ്പോലെ ഉടുപ്പിട്ട യാചകൻ ത്രാസ്യുസ് [12] ധർമം വാങ്ങിക്കൂട്ടുന്നു; തുലെരിയിൽവെച്ചു നിങ്ങളുടെ പുറംകുപ്പായക്കുടുക്കിന്മേൽ പിടികൂടി നിർത്തുന്ന ‘സ്വൈരംകൊല്ലി’ രണ്ടായിരം കൊല്ലങ്ങൾക്കുശേഷം നിങ്ങളെക്കൊണ്ടു തെസ്പ്രിയോന്റെ [12] ഈ സംബോധനാലങ്കാരത്തെ ആവർത്തിപ്പിക്കുന്നു: ‘എന്റെ കുപ്പായത്തിന്മേൽ ആർ പിടികൂടുന്നു?’ സുരേനിലെ വീഞ്ഞ് ആൽബിയിലെ വീഞ്ഞിന്റെ ഒരനുകരണവിശേഷമാണു്; ദെസൊഗിയെറിലെ ചുകന്ന അതിർവരമ്പുകൾ ബലത്രോവിലെ വലിയ വിള്ളലിനു കിടനില്ക്കുന്നു; എസ്ക്വിലിയായെ [14] പ്പോലെ, രാത്രിയിലെ മഴയത്തു പെർലഷെസ്സും അതേ പ്രകാശനാളങ്ങളെ പുറപ്പെടുവിക്കുന്നു; എന്നല്ല, അഞ്ചുകൊല്ലത്തേക്കായി വാങ്ങിയിട്ടുള്ള സാധുക്കളുടെ ശ്മശാനസ്ഥലം നിശ്ചയമായും അടിമയുടെ ശവമഞ്ചക്കടുന്നൽക്കൂടിനു സമാനമാണു്.

പാരിസ്സിലില്ലാത്ത ഒന്നിനെ തിരഞ്ഞുനോക്കുക. ത്രൊഫോനിയുസ്സിന്റെ അരിപ്പത്തൊട്ടിയിൽ [15] മെസ്മരുടെ [16] തൊട്ടിക്കുള്ളിൽ കാണാത്ത യാതൊന്നുമില്ല; ബ്രാഹ്മണരുടെ അമ്പലം കൊന്തു് ദു് സാങ് ഴെർമാങ്ങിൽ [17] വീണ്ടും അവതരിച്ചിരിക്കുന്നു; സാങ്മൊദാറിലെ ശ്മശാനസ്ഥലം ഡമാസ്കസ്സിലുള്ള ഉമുമിയെ മുഹമ്മദീയ പള്ളിയെപ്പോലെ എല്ലാത്തരം അത്ഭുതകർമങ്ങളും കാണിക്കുന്നുണ്ടു്.

പാരിസ്സിനു് ഒരു ഈസോപ്പും [18] ഒരു കനിദിയയു [19] മുണ്ടു്, മാംസെൽ ലെനോർമാൻ [20] മിന്നലാട്ടങ്ങളെപ്പോലുള്ള സ്വപ്നക്കാഴ്ചയുടെ യാഥാർഥ്യങ്ങളെപ്പറ്റി ദെൽഫൊസ്സ് [21] പട്ടണംപോലെ, അതു ഭയപ്പെടുന്നു; ദൊദോന [22] ഇട്ടു മുക്കാലികളെ തിരിച്ചിരുന്നതുപോലെ അതു മേശകളേയും തിരിക്കുന്നു. സിംഹാസനത്തിന്മേൽ റോം സാമ്രാജ്യം വേശ്യയെ എടുത്തുവെച്ചതുപോലെ അവിടെ അതു ദാസിപ്പെണ്ണിനെ കേറ്റിവെക്കുന്നു; എന്നല്ല, എല്ലാം എടുത്തുപറകയാണെങ്കിൽ, പതിനഞ്ചാമൻ ലൂയി ക്ലോദിയസ്സിനെ [23] ക്കാൾ കൊള്ളരുതാത്തവനാണെങ്കിൽ, മദാം ദ്യു ബാറി മെസ്സലിനിയെ [24] ക്കാൾ ഭേദമാണു്. ഇപ്പോഴും നിലനിൽക്കുന്നതും നമ്മൾ തിരക്കിക്കൊണ്ടുപോകുന്നതുമായ ഒരപൂർവരീതിയിൽ ഗ്രീസ്സിലെ നഗ്നതയേയും ഹീബ്രുക്കാരുടെ ദുർന്നടപ്പിനേയും ഗാസ്കണിയിലെ കടംകഥയേയും പാരിസു് നഗരം കൂട്ടിച്ചേർക്കുന്നു. അതു ഡയോജെനിസ്സിനേയും യോബിനേയും [25] ചക്കപ്പലഹാരത്തേയും കൂട്ടിച്ചേർക്കുുകയും ‘കോന്സ്തിത്യുസിയെനെ’ പത്രത്തിന്റെ പഴയ കോപ്പികളിൽ ഒരു പ്രേതരൂപത്തെ കെട്ടിച്ചമയിക്കുകയും ചെയ്തു, ദ്യുക്ലോവിനെ [26] നിർമിക്കുന്നു.

പ്രജാദ്രോഹിക്ക് ഒരിക്കലും വയസ്സാവുന്നില്ലെന്നു് പ്ലുത്താർക്ക് [27] അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഡൊമീഷിയന്റെ [28] യെന്നപോലെ സില്ലയുടെ [29] കീഴിൽ റോം വശം കെട്ടു ധാടിയൊന്നു കുറച്ചു. വാരുസു് വിബിസ്ക്കൂസ് [30] ഉണ്ടാക്കിയ ഈ ഉപദേശരൂപമായ സ്തുതിവാക്യത്തെ-ഗ്രീസ്സുകാരോടെതിർക്കാൻ നമുക്കു ടൈബർനദിയുണ്ടു്; വെള്ളം കുടിക്കാൻ നമുക്കു ടൈബർനദിയുണ്ടു്; ടൈബർനദിതന്നെ രാജ്യദ്രോഹത്തേയും ഘോഷിക്കുന്നു-വിശ്വസിക്കാമെങ്കിൽ ടൈബർ ഒരു ലീത്തി [31] യായിരുന്നു. പാരിസ്സു് ഒരു ദിവസം പത്തുലക്ഷം കുപ്പിവെള്ളം കുടിക്കുന്നുണ്ടു്; എങ്കിലും ഇടയ്ക്കിടയ്ക്കു നിലവിളികൂട്ടുന്നതിനും ആപൽസൂചകമായ മണിയടിക്കുന്നതിനും അതിന്നു് ഇടകിട്ടായ്കയില്ല.

അതൊഴിച്ചാൽ, പാരിസ്സു് സൗമ്യമാണു്, എന്തിനേയും പാരിസ്സു് അന്തസ്സിൽ സ്വീകരിക്കുന്നു; അതിനു തന്റെ കാമദേവത ഇന്നതരത്തിലായിരിക്കണമെന്നു സിദ്ധാന്തമില്ല; അതിന്റെ സുഭഗപൃഷ്ടത കാടന്റേതാണു്; അതു ചിരിക്കുവാൻ വേണ്ടിയുണ്ടാക്കപ്പെട്ടതാണെന്നേ ഉള്ളു-അതു സർവവും ക്ഷമിക്കുന്നു; വൈരൂപ്യം അതിനെ ആഹ്ലാദിപ്പിക്കുന്നു, വഷളത്തം അതിനെ പൊട്ടിച്ചിരിപ്പിക്കുന്നു, ദുഃസ്വഭാവം അതിനെ രസിപ്പിക്കുന്നു; കമ്പക്കാരനാവുക, നിങ്ങൾക്കു കമ്പക്കാരനായി കഴിയാം; ആ മഹത്തായ നികൃഷ്ടശീലം, കള്ളത്തരംപോലും, അതിനെ വെറുപ്പിക്കുന്നില്ല; ബാസിലിനു [32] മുൻപിൽ മൂക്കുപിടിക്കാതിരിക്കാൻ മാത്രം അതിനു സാഹിത്യകുശലതയുണ്ടു്; എന്നല്ല, പ്രിയാപസ്സിന്റെ ‘ചുമ’കൊണ്ടു് ഫോറസു് എത്ര കണ്ടു് പിന്നോക്കം തെറിച്ചുവോ അതിലൊട്ടുമധികം തർത്തുഫിന്റെ പ്രാർഥനകൊണ്ടു് അതു നാണംകെടുകയില്ല. പാരിസ്സിന്റെ മുഖാകൃതിയിൽ പ്രപഞ്ചമുഖത്തിന്റെ ഒരംശവും കാണാതെ കണ്ടില്ല. മബൈൽ കളി ഒരിക്കലും ജനിക്യുലത്തിലെ ‘പാട്ടും കളിയു’മല്ല-പക്ഷേ, വ്യഭിചാരത്തിനു ഏർപ്പാടുചെയ്തുകൊടുക്കുന്ന സ്റ്റാഫിയ ലോകപരിചയമില്ലാത്ത പ്ലാനീസിയത്തെ പിടികൂടാൻവേണ്ടി പതിയിരിക്കുന്നതുപോലെതന്നെ, ഇവിടത്തെ പെണ്ണുങ്ങളുടെ ഉടുപ്പുവില്പനക്കാരി തേവടിശ്ശിപ്പെണ്ണിനെ തന്റെ നോട്ടങ്ങൾകൊണ്ടു് ആകെ വിഴുങ്ങിക്കളയാറുണ്ടു്. ബരിയർ ദ്യുകൊംബെ എന്ന പ്രദേശം ഒരിക്കലും കൊല്ലൊസിയ [33] മല്ല-പക്ഷേ, സീസർ ചക്രവർത്തി നോക്കുന്നുണ്ടോ എന്നു തോന്നുമാറു് അവിടെയുള്ള ആളുകൾക്ക് അത്രയും കൊടുംക്രൂരത കാണുന്നു. സിറിയയിലെ ചാരായക്കടക്കാരിക്കു മദർസഗ്വേക്കാൾ അന്തസ്സുണ്ട്-പക്ഷേ, വെർജിൽ റോമിലെ വീഞ്ഞുകടകളിൽ തെണ്ടിയിരുന്നുവെങ്കിൽ, ബൽസാക് [34] ഷാർലെ [35] എന്നിവർ പാരിസ്സിലെ ചാരായക്കടകളിലെ കുടിസ്ഥലത്തു് കൂട്ടംകൂടിയിട്ടുണ്ടു്. പാരിസു് ലോകം ഭരിക്കുന്നു. അപൂർവബുദ്ധിമാന്മാർ അവിടെനിന്നു് ഉദിച്ചുവരുന്നു. ഇടിയും മിന്നലുമാകുന്ന പന്ത്രണ്ടു ചക്രങ്ങളോടുകൂടിയ തന്റെ രഥത്തിൽ അദോനെ [36] എഴുന്നള്ളുന്നു; സിലെനുസ് [37] തന്റെ കഴുതമേൽ കയറി അങ്ങോട്ടു വരുന്നു. സിലെനുസ്സിനുപകരം റാംപൊന [38] എന്നു വായിക്കുക.

പാരിസ്സു് പ്രപഞ്ചത്തിന്റെ പര്യായമാണു്; പാരിസ്സു് അതെൻസാണ്-സിബരിസ്സു്, [39] യെരുസലം, [40] പന്തിൻ [41] എല്ലാ പരിഷ്കാരങ്ങളും സംക്ഷിപ്തരൂപത്തിൽ അവിടെയുണ്ടു്; എല്ലാ കാടത്തരങ്ങളും, പാരിസ്സു് തനിയ്ക്കൊരു തൂക്കുമരം ഇല്ലായിരുന്നുവെങ്കിൽ വല്ലാതെ കുണ്ഠിതപ്പെട്ടേയ്ക്കും.

പ്ലാസു് ദു് ഗ്രേവു് തെരുവിന്റെ ഒരു കഷ്ണം ഒരു നല്ല കാര്യമാണു്. ഈ ഒരു രസം പിടിപ്പിക്കലില്ലെങ്കിൽ, ആ ശാശ്വതോത്സവം എന്തിനു കൊള്ളാം? നമ്മുടെ രാജ്യനിയമങ്ങൾ ബുദ്ധിപൂർവം ഏർപ്പെടുത്തപ്പെട്ടവയാണു്; ഈ കത്തിയലക് നോൽമ്പിൻ തലേന്നാൾ ചോരയൊഴുകുന്നതിനു നാം അവയോടു നന്ദി പറയുക.

കുറിപ്പുകൾ

[1] അതെൻസിലെ ഈ സുപ്രസിദ്ധ യവനക്ഷേത്രം പുരാതന ശില്പവിദ്യയുടെ ഒരു മഹാസ്മാരകമായി ഇന്നും വിജയിക്കുന്നു.

[2] റോം പണിചെയ്യപ്പെട്ട ഏഴു കുന്നുകളുള്ളതിൽ ഒന്ന്.

[3] പണ്ടത്തെ റോമിൽ ജയിലിൽനിന്നു തടവുപുള്ളികളുടെ ശവം പുഴയിലേയ്ക്കെത്തിക്കുവാൻ ഇറക്കിക്കൊണ്ടു പോകുന്ന കൽക്കോണി.

[4] ഒരു ഫ്രഞ്ച് തത്ത്വജ്ഞാനിയും എഴുത്തുകാരനും പ്രാസംഗികനും.

[5] ഗ്രീസ്സിലെ ഒരു പ്രസിദ്ധ മഹാകവി.

[6] പണ്ടത്തെ ഗ്രീസ്സിലെ പൊതുജനസഭ രാഷ്ട്രീയകാര്യങ്ങൾ നടത്താനും മറ്റുമായി ഇതു കൂടുന്നു.

[7] പാരിസ്സിനടുത്തുള്ള ഒരു പ്രധാന പട്ടാളത്താവളം.

[8] അതെൻസിലെ സുപ്രസിദ്ധതത്ത്വജ്ഞാനി ഈശ്വരവിശ്വാസിയല്ലെന്നനിലയിൽ മരണശിക്ഷ വിധിക്കപ്പെട്ടു ഒടുവിൽ ജയിലിൽവെച്ചു വിഷം കുടിച്ചു മരിച്ചു.

[9] റോമിലെ ഒരു പരിഹാസകവനകാരനും തത്ത്വജ്ഞാനിയും ലോകസഞ്ചാരിയും.

[10] ഒരു ഫ്രഞ്ച് യക്ഷിക്കഥാകാരൻ.

[11] ഔലൂസു് ഗെലിയൂസു് ക്രിസ്ത്വാബ്ദത്തിനു് ഒരുനൂറിലധികം കൊല്ലം മുൻപു് റോമിലുണ്ടായിരുന്ന ഒരെഴുത്തുകാരനാണ്.

[12] അത്ര പ്രസിദ്ധിയില്ല.

[13] ക്രി.മു 450-ന്നടുത്ത കാലത്തുണ്ടായിരുന്ന അതെൻസിലെ ഒരു തത്ത്വജ്ഞാനി.

[14] റോം പണിചെയ്യപ്പെട്ട ഏഴു കുന്നുകളിൽവെച്ച് ഏറ്റവും ഉയരമേറിയതു്. റോം സാമ്രാജ്യത്തിന്റെ കാലത്തു പരിഷ്കാരികളെല്ലാം ഇവിടെയായിരുന്നു താമസം.

[15] ഗ്രീസ്സുകാരുടെ ഇതിഹാസങ്ങളിൽ വർണ്ണിക്കപ്പെടുന്ന ദിവ്യശില്പി ഇദ്ദേഹത്തിനു ദേവമുഖേന കിട്ടിയ തൊട്ടി ശില്പവിഷയത്തിൽ പല അത്ഭുതങ്ങളും കാണിച്ചിരുന്നു.

[16] ‘മെസ്മരവിദ്യ’യുടെ ആദികർത്താവ്.

[17] പാരിസ്സിന്റെ ഒരുപനഗരം അവിടെ ഒരു പരിഷ്കൃത പ്രഭുമന്ദിരവും, കാഴ്ചബംഗ്ലാവുമുണ്ടു് പ്രമാണികൾ സുഖമനുഭവിക്കാൻ അവിടെ ചെന്നുകൂടുന്നു.

[18] ഗ്രീസ്സിലെ സുപ്രസിദ്ധനായ കെട്ടുകഥക്കാരൻ. (ക്രി.മു 619-645).

[19] റോമൻ പുരാതന ചരിത്രത്തിലെ മന്ത്രവാദിനി.

[20] ഫ്രാൻസിലെ ഒരു സുപ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞ; നെപ്പോളിയനും മറ്റും ഇവരോടു പല കാര്യങ്ങളിലും അഭിപ്രായം ചോദിച്ചിരുന്നുവത്രേ.

[21] അമേരിക്കയിൽ അപരിഷ്കൃതർ താമസിക്കുന്ന അല്ലെൻജില്ലയിലുള്ളത്.

[22] ഗ്രീസ്സിലെ ഒരു പുരാതനനഗരം സസു് എന്ന ഗ്രീസ്സുകാരുടെ പണ്ടത്തെ മുഖ്യദേവന്റെ അമ്പലവും ഏറ്റവും പഴയ കൂടിയ വെളിച്ചപ്പാടിന്റെ പാർപ്പിടവും ഇവിടെയാണ്.

[23] പ്രസിദ്ധനായ ഒരു റോമൻ ചക്രവർത്തി.

[24] ക്ലോദിയസു് ചക്രവർത്തിയുടെ പട്ടമഹിഷി.

[25] ബൈബിളിലെ ഒരു കഥാപാത്രമായ ഇദ്ദേഹം ക്ഷമാശിലന്മാർക്ക് ഒരാദർശപുരുഷനാണ്.

[26] ഒരു ഫ്രഞ്ചു ചരിത്രകാരനും ധർമ്മോപദേശക്കാരനും.

[27] സുപ്രസിദ്ധനായ യവനഗ്രന്ഥകാരൻ.

[28] ഡേർസിയക്കാരോടു കീഴ്‌വണങ്ങിനിന്നതിനാലും അത്യധികം കള്ളത്തരങ്ങൾ കാണിച്ചതിനാലും ചരിത്രപ്രസിദ്ധി കിട്ടിയ ഒരു റോമൻ ചക്രവർത്തി.

[29] റോം ഭരിച്ചുപോന്ന ഒരു പ്രസിദ്ധ സൈന്യാധിപൻ.

[30] അത്ര പ്രസിദ്ധനല്ല.

[31] സ്വർഗ്ഗത്തിലേക്കു കടക്കുന്നതിന്നുമുൻപായി ആത്മാക്കൾ ഐഹികദുഃഖങ്ങളെല്ലാം മറക്കാൻവേണ്ടി കുടിക്കുന്ന നരകത്തിലെ വിസ്മൃതി നദി.

[32] പ്രസിദ്ധനല്ല.

[33] റോംകാർക്കു വിനോദക്കാഴ്ചകൾക്കുള്ള സ്ഥലം 87,000 പേർക്ക് ഇരുന്നു കാണത്തക്കവണ്ണം വലുപ്പമുള്ളതാണു് അവിടെവെച്ച് ദ്വന്ദ്വയുദ്ധങ്ങളും അന്നത്തെ മറ്റു ക്രൂരവിനോദങ്ങളും നടക്കും.

[34] മഹാനായ ഫ്രഞ്ച് നോവൽകാരൻ.

[35] ഫ്രാൻസിലെ ഒരു ചിത്രകാരൻ.

[36] ബൈബിളിൽ ഈശ്വരന്റെ ഒരു പേർ.

[37] ഗ്രീക്ക് പുരാണങ്ങളിൽ പറയപ്പെടുന്ന ഒരു കൂമ്പക്കാരനും ചിടയനും കഴുതസ്സവാരിക്കാരനുമായ കുടിയൻതന്ത.

[38] അത്ര പ്രസിദ്ധനല്ല.

[39] ഇറ്റലിയിലെ ഒരു പുരാതന യവനനഗരം.

[40] യഹൂദന്മാരുടെ തലസ്ഥാനനഗരി യേശുക്രിസ്തുവിന്റെ ചരിത്രത്തിലെ പല ഭാഗങ്ങളും ഇവിടെ വെച്ചാണു് നടന്നിട്ടുള്ളത്.

[41] ഫ്രാൻസിലെ ഒരു പ്രധാനനഗരം.

3.1.11
പുച്ഛിക്കുക കീഴടക്കുകയാണ്

പാരിസ്സിനു അതിരില്ല. കീഴടക്കപ്പെട്ടവരെ ചിലപ്പോൾ പുച്ഛിക്കുന്നതായ ആ ഒരാധിപത്യം ഒരു നഗരത്തിനുമില്ല. ‘അല്ലയോ അതെൻസ്കാരേ, നിങ്ങളെ സന്തോഷിപ്പിക്കുവാൻവേണ്ടി,’ അലെക്സാൻഡർ പറയുകയുണ്ടായി. പാരിസു് നിയമത്തേക്കാൾ വലുതായ ഒന്നിനെയുണ്ടാക്കുന്നു-അതു പരിഷ്കാരത്തെയുണ്ടാക്കുന്നു; പാരിസ്സു് പരിഷ്കാരത്തെക്കാൾ വലുതായ ഒന്നിനെ ക്രമപ്പെടുത്തുന്ന-അതു ദിനസരിയെ ക്രമപ്പെടുത്തുന്നു. വേണമെന്നു തോന്നിയാൽ, പാരിസ്സു് വിഡ്ഢിത്തം പ്രവർത്തിച്ചേയ്ക്കാം; ഈ ധാരാളിത്തം അതു ചിലപ്പോൾ കാണിക്കാറുണ്ടു്; എന്നാൽ ലോകം മുഴുവനും അതിന്റെ കൂട്ടത്തിൽക്കൂടി, വിഡ്ഢിത്തം പ്രവർത്തിക്കയായി; ഉത്തരക്ഷണത്തിൽ പാരിസ്സു് ഞെട്ടിയുണരും; കണ്ണും തുടച്ചു പറയും. ‘ഞാനെന്തു വിഡ്ഢിയാണ്!’ അതു മനുഷ്യജാതിയുടെ മുഖത്തു നോക്കി പൊട്ടിച്ചിരിക്കും. ഇങ്ങനെയുള്ള ഒരു നഗരം എന്തൊരത്ഭുതവസ്തു! ഈ ഗാംഭീര്യവും ഈ പരിഹാസമട്ടും യോജിപ്പുള്ള രണ്ടയൽപക്കക്കാരായിരിക്കുന്നതും, ഈ വികടകവിതകളെക്കൊണ്ടൊന്നും ആ രാജകീയപ്രാഭവത്തിനു തകരാറില്ലാതിരിക്കുന്നതും, ധർമരാജസന്നിധിയിലെ വിധിപറയൽകാലത്തുള്ള കാഹളംവിളിയെ ഇന്നും, വെറും ഓടക്കുഴൽ നാദത്തെ നാളെയും, ഒറ്റ വായതന്നെ പുറപ്പെടുവിക്കുക എന്നുള്ളതും വിസ്മയജനകംതന്നെ! പാരിസ്സിനു് അന്തസ്സുകൂടിയ ഒരു വിനോദശീലമുണ്ടു്. അതിന്റെ ആഹ്ലാദം മേഘഗർജ്ജനത്തിന്റേതാണു്; അതിന്റെ പൊറാട്ടുകളി ചെങ്കോൽ ധരിക്കുന്നു.

അതിന്റെ കൊടുങ്കാറ്റു ചിലപ്പോൾ ഒരു മുഖം കറക്കലിൽനിന്നു പുറപ്പെടുന്നു. അതിന്റെ വെടിപൊട്ടലുകൾ, അതിന്റെ വിശേഷദിവസങ്ങൾ, അതിന്റെ പ്രധാന കൃതികൾ, അതിന്റെ അത്ഭുതകർമങ്ങൾ, അതിന്റെ മഹാകാവ്യങ്ങൾ, ബ്രഹ്മാണ്ഡത്തിന്റെ അതിർക്കിടങ്ങുകൾവരെ തള്ളിയലയ്ക്കുന്നു; അതുപോലെതന്നെ അതിന്റെ പൊട്ടക്കഥകളും. ഭൂമിയിലെങ്ങും ചളി തെറിപ്പിക്കുന്ന ഒരഗ്നിപർവതമുഖമാണു് അതിന്റെ ചിരി. അതിന്റെ നേരംപോക്കുകൾ തീപ്പൊരികളാണു്. അതു തന്റെ ആദർശത്തെ എന്നപോലെ ഹാസ്യചിത്രങ്ങളേയും ആളുകളെക്കൊണ്ടു് പിടിപ്പിക്കുന്നു; മാനുഷപരിഷ്കാരത്തിന്റെ അത്യുന്നതങ്ങളായ സ്മാരകസ്തംഭങ്ങൾ പാരിസ്സിന്റെ കപടനാട്യങ്ങളെ സ്വീകരിക്കുകയും തങ്ങളുടെ ശാശ്വതത്വത്തെ അതിന്റെ വികൃതിത്തം കൂടിയ തുള്ളിക്കളികൾക്കു കടം കൊടുക്കുകയും ചെയ്യുന്നു. അതു വിശിഷ്ടമാണു്; മഹത്തരമായ അതിന്റെ ഒരു ജൂലായി 14-ാം നു് ഭൂമണ്ഡലത്തെ മുഴുവനും സ്വതന്ത്രമാക്കിത്തീർക്കുന്നു. വലപ്പന്തുകളിയിലെ പ്രതിജ്ഞയെടുക്കുവാൻ അതു സകല രാജ്യങ്ങളെയും നിർബന്ധിക്കുന്നു; പരസ്സഹസ്രവർഷങ്ങളായിട്ടുള്ള കുടിയായ്മയെ അതിന്റെ ഒരാഗസ്തു് നാലാംതിയ്യതി [1] മൂന്നുമണിക്കൂറിടകൊണ്ടു തകർത്തുകളയുന്നു; ഏകീകൃതമായ ഇച്ഛാശക്തിയുടെ മാംസപേശിയെ അതു തന്റെ ന്യായസിദ്ധാന്തംകൊണ്ടു നിർമിക്കുന്നു; ഉൽകൃഷ്ടതയുടെ എല്ലാത്തരം ആകൃതിഭേദങ്ങളിലും അതവതരിക്കുന്നു; വാഷിങ്ടൻ, [2] കൊഷ്യസ്കോ [3] ബൊലിവർ, [4] ബൊസ്സാരിസു്, [5] ബെം, [6] മാനിൻ, [7] ലോപ്പസു്, [8] ജോൺബ്രൗൺ, [9] ഗരിബാൽദി എന്നിവരെയെല്ലാം അതു തന്റെ അറിവുകൊണ്ടു നിറച്ചു. ഭാവി തെളിയാനിരിക്കുന്ന എല്ലായിടത്തും അതുണ്ട്-ബോസ്റ്റണിൽ 1779-ലും [10] യോനിൽ 1820-ലും [11] പെസ്തിൽ 1848-ലും [12] പാലെർമോവിൽ 1860-ലും [13] ഹാർപെസു് ഫെറിയിലെ [14] ഓടിക്കു ചുറ്റും ഒത്തുകൂടിയ അമേരിക്കൻ അടിമവ്യാപാര നാശകന്മാർക്കു ചെകിട്ടിലും, ഇരുട്ടത്തു യോഗം കൂടിയ ആൻകോണയിലെ [15] സ്വരാജ്യസ്നേഹികളുടെ ചെകിട്ടിലും അതു തന്റെ ശക്തിമത്തായ മോലൊപ്പിനെ മന്ത്രിച്ചു-സ്വാതന്ത്ര്യം; കാനറിസ്സിനെ [16] അതു സൃഷ്ടിച്ചു; ഭൂമിയിലെ എല്ലാ മഹാന്മാരേയും അതാണു് ജ്വലിപ്പിക്കുന്നതു്; അതിന്റെ ഉച്ഛ ്വാസത്താൽ തള്ളിയയയ്ക്കപ്പെടുന്നേടത്തേക്കു പോകുമ്പോഴാണു് മിസ്സലോൺഗിയിൽ [17] വെച്ചു ബയറൻ മൃതനായതും ബാർസെലോണയിൽവെച്ചു മസെബ് [6] മരിച്ചതും; മിറബോവിന്റെ [18] കാൽച്ചുവട്ടിലെ പ്രസംഗപീഠവും, റൊബെപിയരുടെ കാൽച്ചുവട്ടിലെ അഗ്നിപർവതപ്പിളർപ്പും, അതാണു്; അതിന്റെ പുസ്തകങ്ങൾ, അതിന്റെ നാടകശാല, അതിന്റെ സുകുമാരകലകൾ, അതിന്റെ പ്രകൃതിശാസ്ത്രം, അതിന്റെ സാഹിത്യം, അതിന്റെ തത്ത്വശാസ്ത്രം-ഇവയൊക്കെ മനുഷ്യജാതിയുടെ സംക്ഷിപ്തഗ്രന്ഥങ്ങളാണു്; അതിനു പാസ്കലുണ്ടു് [19] രെഞ്യെ [20] യുണ്ടു്, കോർണീലിയുണ്ടു്, ദെക്കാർത്തെയുണ്ടു്, രുസ്സൊവുണ്ടു്. അതിനു് ഏതു നിമിഷത്തേക്കുമായി വോൾത്തെയറും എല്ലാ നൂറ്റാണ്ടുകളിലേക്കുമായി മൊളിയെറുമുണ്ടു്; അതു തന്റെ ഭാഷയെ പ്രപഞ്ചമുഖത്തെക്കൊണ്ടു സംസാരിപ്പിക്കുകയും, ആ ഭാഷയെയാവട്ടെ പ്രണവമാക്കുകയും ചെയ്യുന്നു. അതു സർവഹൃദയത്തിലും അഭിവൃദ്ധിയെപ്പറ്റിയുള്ള വിചാരം ജനിപ്പിക്കുന്നു; അതുണ്ടാക്കുന്ന സ്വാതന്ത്ര്യസിദ്ധമന്ത്രങ്ങൾ പുരുഷാന്തരങ്ങൾക്കുള്ള വിശ്വസ്തസുഹൃത്തുക്കളാണു്; 1789 മുതല്ക്ക് എല്ലാ രാജ്യത്തിലേയും മഹാന്മാർ അതിന്റെ തത്ത്വജ്ഞാനികളുടേയും അതിന്റെ മഹാകവികളുടേയും ആത്മാവുകൊണ്ടാണു് ഉണ്ടാകുന്നതു്; ഇതു തെണ്ടിനടപ്പിനെ തടയുന്നില്ല; എന്നല്ല, പാരിസ്സെന്നു പറയപ്പെടുന്ന ആ മഹത്തായ അതിബുദ്ധി സ്വന്തം പ്രകാശംകൊണ്ടു് ലോകത്തെ മുഴുവനും രൂപാന്തരപ്പെടുത്തുന്നതിനിടയ്ക്കു തെസിയുസ്സിന്റെ [21] അമ്പലച്ചുമരിന്മേൽ ബൂഴിഞെയുടെ [6] മുക്കു കരിക്കട്ടകൊണ്ടു വരയ്ക്കുകയും ‘പിറമിഡ്ഡിമേൽ ക്രെദെവിൽ കള്ളൻ എന്നു കുറിക്കുകയും ചെയ്യുന്നു.

പാരിസ്സു് എപ്പോഴും പല്ലു കാട്ടിക്കൊണ്ടാണു്; ഇളിച്ചുകാട്ടുകയല്ലാത്തപ്പോൾ അതു ചിരിക്കുകയാണു്.

ഇതാണു് പാരിസ്സു്. അതിന്റെ മേല്പുരകളിൽനിന്നുള്ള പുക ലോകത്തിന്റെ വിചാരങ്ങളെ രൂപപ്പെടുത്തുന്നു. നിങ്ങൾക്കങ്ങനെയാണിഷ്ടമെങ്കിൽ, കല്ലും ചളിയുകൊണ്ടുള്ള ഒരു കുന്നു്; പക്ഷേ, എല്ലാറ്റിനും മുകളിൽ, ധർമാധർമവിവേകമുള്ള ഒരു സ്വന്തം. അതു മഹത്തിലും അധികമാണ്-അപരിമേയം. എന്തുകൊണ്ടു്? അതുശിരുള്ളതാണു്.

ഉശിർ കാണിക്കുക; അഭിവൃദ്ധിക്കുള്ള മൂല്യം അതാണു്.

എല്ലാ ഉൽക്കൃഷ്ടവിജയങ്ങളും ഏതാണ്ടു് ഉശിരിനുള്ള സമ്മാനങ്ങളാണു്. ഭരണപരിവർത്തനമുണ്ടാകണമെങ്കിൽ, മൊങ്തെസ്ക്യു [22] അതു മുൻകൂട്ടി കണ്ടതുകൊണ്ടും, ദിദരോ അതു പ്രസംഗിച്ചതുകൊണ്ടും, ബൊമാർഷെ [23] അതു വിളിച്ചു പറഞ്ഞതുകൊണ്ടും, കൊങ്ദൊർസെ [24] അതു കണക്കുകൂട്ടിയതുകൊണ്ടും, അരുവെ [6] അതു തയ്യാറാക്കിയതുകൊണ്ടും രുസ്സൊ അതു മുൻകൂട്ടി കണ്ടതുകൊണ്ടുമായില്ല; ദാന്തോ ഉശിരോടുകൂടി അതിന്നിറങ്ങുകതന്നെ വേണം.

ധൃഷ്ടത! എന്ന നിലവിളി ‘വെളിച്ചമുണ്ടാകട്ടെ’ എന്ന ഈശ്വരകല്പനയാണു്. മനുഷ്യസമുദായത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് അഭിമാനജനകങ്ങളായ ധൈര്യപാഠങ്ങൾ എന്നെന്നും മുകൾഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാവശ്യമാണു് ഉശിരോടുകൂടിയ പ്രവൃത്തികൾ ചരിത്രത്തെ അമ്പരപ്പിക്കുന്നു; മനുഷ്യന്റെ ജ്ഞാനലബ്ധിക്കുള്ള മഹാപഥങ്ങളിൽ അതൊന്നാണു്. ഉദിച്ചുവരുന്ന സമയത്തു പ്രഭാതം ഉശിർ കാണിക്കുന്നു. ശ്രമിക്കുക, മാറിടുക, ശഠിക്കുക, കൊണ്ടുപിടിക്കുക, ആത്മാവിനെ വിശ്വസിക്കുക, വിധിയുമായി ഗുസ്തിപിടിക്കുക, നമുക്കുണ്ടായിക്കാണുന്ന ഭയക്കുറവുകൊണ്ടു കഷ്ടപ്പാടിനെ സംഭ്രമിപ്പിക്കുക, നീതിവിരുദ്ധമായ അധികാര ശക്തിയോടു മാറിടുക, ലഹരിപിടിച്ച വിജയത്തെ വീണ്ടും അധിക്ഷേപിക്കുക, നിലവിടാതിരിക്കുക, ചുവടു മാറാതിരിക്കുക-ജനസമുദായങ്ങൾക്കത്യാവശ്യമായ സാധനപാഠം ഇതാണു്; ഇതാണു് അവയിൽ വിദ്യുച്ഛക്തി കടത്തുന്ന പ്രകാശനാളം. ഇതേ അപ്രതിഹതമായ മിന്നല്പിണരാണു് പ്രൊമൊത്തിയുസ്സിന്റെ ചൂട്ടിൽനിന്നു കംബ്രോന്നിന്റെ പുകയിലക്കുഴലിലേക്കു പാഞ്ഞുകടക്കുന്നതു്.

കുറിപ്പുകൾ

[1] 1789 ആഗസ്തു് 4-നു് യാണു് ഫ്രാൻസിൽ സ്ഥാന വലുപ്പങ്ങളെല്ലാം ഒരടിയായി നശിപ്പിച്ചു കളഞ്ഞത്.

[2] അമേരിക്കയെ സ്വതന്ത്രമാക്കിയ മഹാൻ ‘സ്വരാജ്യത്തിന്റെ അച്ഛൻ’ എന്ന സ്ഥാനം സമ്പാദിച്ച രാജ്യസ്നേഹി (1732-1799).

[3] അമേരിയ്ക്കയിലെ ഭരണപരിവർത്തനത്തിൽ പേരെടുത്ത ഈ പോളണ്ടുകാരൻ സ്വരാജ്യാഭിമാനി സ്വരാജ്യത്തു 1794-ലുണ്ടായ വിപ്ലവത്തിൽ നേതൃത്വം വഹിച്ചു (1746-1817).

[4] ‘തെക്കേ അമേരിക്കയെ സ്വതന്ത്രമാക്കിയ മഹാൻ’ എന്നു സുപ്രസിദ്ധൻ (1783-1830).

[5] ഗ്രീസ്സിലെ ഒരു മഹാനായ സ്വരാജ്യസ്നേഹി, തുർക്കികളുമായുള്ള യുദ്ധത്തിൽ കൊലപ്പെട്ടു (1788-1823).

[6] ഒരു പ്രസിദ്ധനായ പോളണ്ടുകാരൻ സൈന്യാധിപൻ, (1795-1850).

[7] ഇറ്റലിക്കാരൻ ദേശാഭിമാനി, 1849-ലെ വെനീസു് ആക്രമണത്തിൽ ഭരണാധികാരിയായിരുന്നു (1804-1857).

[8] ക്യൂബക്കാരൻ ഭരണപരിവർത്തകൻ ക്യൂബ കീഴടക്കാൻ മൂന്നുതവണ സൈന്യശേഖരത്തോടുകൂടി ചെന്നു ഒടുവിൽ മരണശിക്ഷ വിധിയ്ക്കപ്പെട്ടു (1790-1862).

[9] അടിമക്കച്ചവടം നിർത്തൽ ചെയ്വാൻവേണ്ടി അത്യധ്വാനം ചെയ്തു് ഒടുവിൽ തൂക്കിക്കൊല്ലപ്പെട്ടുപോയ അമേരിക്കൻ സ്വരാജ്യസ്നേഹി (1800-1859).

[10] സ്പെയിൻ ഇംഗ്ലണ്ടോടു യുദ്ധം തുടങ്ങി.

[11] സ്പെയിനിലെ ഭരണപരിവർത്തനം 1820 ജനുവരി 1-ാം നു് യാണു് ആരംഭിച്ചത്.

[12] ഹങ്കറിയിൽ ലഹള തുടങ്ങിയ വർഷം.

[13] ഗരിബാൾദി സിസിലിയുടെ തലസ്ഥാനമായ പാലെർമോവിൽ കടന്നതു് 1860 മെയ് 27-ആംനു് യാണ്.

[14] ജോൺബ്രൌണിനെ ഇവിടെവെച്ചാണു് തൂക്കിക്കൊന്നത്.

[15] ഇറ്റലിയിലെ ഒരു സംസ്ഥാന നഗരം.

[16] 1822-1827-ൽ നടന്ന ഗ്രീസ്സിലെ ഭരണപരിവർത്തനത്തിൽ പ്രധാനനായിരുന്ന മഹാൻ, പിന്നീടു് ഗ്രീസ്സിലെ പ്രധാനമന്ത്രിയായി (1790-1877).

[17] തുർക്കികൾ ഗ്രീസ്സിലേതായ ഈ പട്ടണം കൈയേറിയ കാലത്തു് ഗ്രീസ്സിന്റെ ഭാഗത്തു യുദ്ധം ചെയ്യുമ്പോഴാണു് ഇംഗ്ലീഷ് മഹാകവി ബയറൻ മരിച്ചുപോയതു്.

[18] ഫ്രാൻസിലെ സുപ്രസിദ്ധ രാജ്യഭരണതന്ത്രജ്ഞൻ ഇദ്ദേഹം ഫ്രാൻസിലെ വാഗ്മികളിൽ ഒന്നാമനായി കരുതപ്പെട്ടുവരുന്നു.

[19] ഫ്രാൻസിലെ മഹാനായ ഗണിതശാസ്ത്രജ്ഞൻ.

[20] ഫ്രാൻസിലെ പ്രസിദ്ധ വൈയാകരണനും നിഘണ്ടുകാരനും.

[21] ഗ്രീസ്സുകാരുടെ ഒരു പ്രധാന പുരാണകഥാപാത്രം.

[22] ഒരു പ്രസിദ്ധനായ ഫ്രഞ്ച് രാജ്യനിയമജ്ഞൻ.

[23] ഒരു പേരുകേട്ട ഫ്രഞ്ച് നാടകകർത്താവും ധനശാസ്ത്രജ്ഞനും.

[24] ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും.

3.1.12
പൊതുജനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള ഭാവി

പാരിസ്സിലെ പൊതുജനക്കൂട്ടമാണെങ്കിൽ, ഒരു മുതിർന്നാളായാൽക്കൂടി, എപ്പോഴും അതൊരു തെരുവുതെണ്ടിയാണു്; കുട്ടിയെ കുറിച്ചു കാണിക്കുക എന്നതു നഗരത്തെ കുറിച്ചു കാണിക്കുകയാണു്; അതുകൊണ്ടത്രേ ഈ വെറും കുരുകില്പക്ഷിയിൽ ഞങ്ങൾ കഴുകിനെ നോക്കിപ്പഠിച്ചതു്. എല്ലാറ്റിലുംവെച്ച് ഉപനഗരങ്ങളിലാണു് പാരിസ്സുകാരൻ അധികമായി വെളിപ്പെടുന്നതെന്നു ഞങ്ങൾ തീർത്തു പറയുന്നു; അവിടെയാണു് ആ പരിശുദ്ധരക്തം; അവിടെയാണു് ആ ശരിക്കുള്ള മുഖം; അവിടെ വെച്ചാണു് ആ പൊതുജനങ്ങൾ അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത്-അധ്വാനിക്കലും കഷ്ടപ്പെടലും മനുഷ്യന്റെ രണ്ടു മുഖങ്ങളാണു്. അജ്ഞാതങ്ങളായ അനവധി സത്വങ്ങൾ അവിടെ കഴിഞ്ഞുകൂടുന്നു; ലരിപെയിലെ പടികാവല്ക്കാരൻ മുതൽ മൊങ്ഫൊസൊവിലെ കളിക്കോപ്പു പണിക്കാരൻവരെയുള്ള എല്ലാ അപൂർവസത്ത്വങ്ങളും അവയ്ക്കിടയിൽ കൂട്ടംകൂടുന്നു. തീപ്പിടിക്കുന്ന ഇഷ്ടക, സിസറോ ഉച്ചത്തിൽ പറയുന്നു; ലഹളക്കൂട്ടം, ബർക്ക് ശുണ്ഠിപിടിച്ചു തുടർന്നു പറയുന്നു; ആൾക്കൂട്ടം, പുരുഷാരം, പൊതുജനസംഘം ഇതൊക്കെ വാക്കുകളാണു്; ക്ഷണത്തിൽ പറഞ്ഞുകഴിഞ്ഞു. എന്നാൽ അങ്ങനെയാവട്ടെ, അതുകൊണ്ടെന്താണു്? അവർ വെറുംകാലൊടുകൂടിയാണു് നടക്കുന്നതെങ്കിൽ, എനിയ്ക്കെന്ത്! അവർക്ക് അക്ഷരമറിഞ്ഞുകൂടാ; അത്രയും ചീത്ത. അതുകൊണ്ടു നിങ്ങൾ അവരെ ഉപേക്ഷിക്കുമോ? അവരുടെ കഷ്ടപ്പാടിനെക്കൊണ്ടു നിങ്ങൾ ഒരു ശാപമാക്കിത്തീർക്കുമോ? ഈ പൊതുജനസംഘത്തിനുള്ളിലേക്കു വെളിച്ചത്തിനു പ്രവേശിക്കാൻ സാധിക്കില്ലേ? നമുക്ക് ഈ ഒരു നിലവിളിതന്നെ ആവർത്തിക്കുക; വെളിച്ചം! നമുക്കു പിന്നെയും പിന്നെയും അതുതന്നെ ഊന്നിപ്പറയുക! വെളിച്ചം! വെളിച്ചം! ഈ അസ്വച്ഛതകൾ സ്വച്ഛങ്ങളായിത്തീരില്ലെന്നു് ആർക്കറിയാം? ഭരണപരിവർത്തനങ്ങൾ രൂപമാറ്റങ്ങളല്ലയോ? വരുവിൻ, ഹേ തത്ത്വജ്ഞാനികളെ, പഠിപ്പിക്കുവിൻ, അറിവുണ്ടാക്കുവിൻ, പ്രകാശിപ്പിക്കുവിൻ, ഉറക്കെ ആലോചിക്കുവിൻ, ഉറക്കെ സംസാരിക്കുവിൻ, മഹത്തായ സൂര്യനിലേക്ക് ആഹ്ലാദപൂർവം പാഞ്ഞുചെല്ലുവിൻ, പൊതുസ്ഥലവുമായി സഹോദരത്വം കൈക്കൊള്ളുവിൻ, നല്ല വർത്തമാനങ്ങളെ വിളിച്ചുപറയുവിൻ, നിങ്ങളുടെ അക്ഷരമാലകളെ കയ്യഴച്ചു വിതറിക്കൊടുക്കുവിൻ, അധികാരങ്ങളെ ഘോഷിക്കുവിൻ, രാഷ്ട്രീയഗാനങ്ങളെ പാടുവിൻ, ഉത്സാഹബീജങ്ങളെ പരക്കെപ്പാകുവിൻ, ഓക്കുമരങ്ങളിൽനിന്നു പച്ചച്ചില്ലകളെ പറിച്ചിടുവിൻ, സങ്കല്പത്തെക്കൊണ്ടു് ഒരു കൊടുങ്കാറ്റുണ്ടാക്കുവിൻ! ഈ ആൾക്കൂട്ടത്തെ വിശിഷ്ടമാക്കിത്തീർക്കാം. ചില സന്ദർഭങ്ങളിൽ മിന്നിത്തിളങ്ങുകയും കത്തിപ്പുറപ്പെടുകയും തുള്ളിയിളകുകയും ചെയ്യുന്ന ആ ധർമനിഷ്ഠകളുടേയും മനോഗുണങ്ങളുടേയും മഹത്തരമായ അഗ്നിപ്രളയത്തെ എങ്ങനെയാണുപയോഗപ്പെടുത്തേണ്ടതെന്നു നമുക്കു പഠിക്കുക. ഈ നഗ്നങ്ങളായ കാലടികളെ, ഈ നഗ്നങ്ങളായ കൈകളെ, ഈ കീറത്തുണികളെ, ഈ അജ്ഞതകളെ, ഈ നികൃഷ്ടതകളെ, ഈ അന്ധകാരങ്ങളെ, ഒരു സമയം ആദർശസിദ്ധിക്കുപയോഗപ്പെടുത്താം. ഈ പൊതുജനസംഘത്തിന്റെ അപ്പുറത്തേക്കു സൂക്ഷിച്ചു നോക്കുക; നിങ്ങൾ സത്യത്തെ കണ്ടെത്തും. നിങ്ങൾ കാൽകൊണ്ടു ചവിട്ടിപ്പോകുന്ന ആ നിസ്സാരമണലിനെ തീക്കുണ്ഡത്തിലേക്കു മറിക്കുക; അതവിടെക്കിടന്നു് ദ്രവിച്ചു തിളച്ചുമറിയട്ടെ; അതൊരു വിശിഷ്ടമായ സൂര്യകാന്തക്കല്ലാവും; ഗലീലിയോവും ന്യൂട്ടനും നക്ഷത്രങ്ങളെ കണ്ടുപിടിക്കുന്നു എന്നതു്, അതിനോടുള്ള നന്ദി പറയലാണു്.

3.1.13
ഗവ്രോഷ് കുട്ടി

ഈ കഥയുടെ രണ്ടാംഭാഗത്തു പറഞ്ഞ സംഭവങ്ങൾ കഴിഞ്ഞ് എട്ടോ ഒമ്പതോ കൊല്ലത്തിനുശേഷം ബുൽവാർ ദ്യു തെംപ്ലിലും ഷാതൊദൊ എന്ന പ്രദേശത്തും വെച്ച് ആളുകൾ പതിനൊന്നോ പന്ത്രണ്ടോ വയസ്സുള്ള ഒരാൺകുട്ടിയെ കണ്ടെത്തിയിരുന്നു; അവന്റെ പ്രായത്തിനു ചേർന്ന ചിരി ചുണ്ടത്തുള്ളതോടുകൂടി, തികച്ചും ഇരുണ്ടതും ശൂന്യവുമായ ഒരു ഹൃദയം അവനില്ലായിരുന്നുവെങ്കിൽ, ഇതിനു മുൻപേ കുറിച്ചു കാണിച്ച തെമ്മാടിച്ചെക്കന്റെ മാതൃകയെ ആ കുട്ടി ഒരുവിധം ശരിയായി അനുഭവപ്പെടുത്തിത്തന്നേനേ. ഈ കുട്ടി പ്രായംചെന്നാളുടെ ഒരു ജോടി കാലുറകൊണ്ടും-പക്ഷേ, അതവന്നു തന്റെ അച്ഛന്റെ കൈയിൽനിന്നു കിട്ടിയിട്ടുള്ളതല്ല-ഒരു സ്ത്രീയുടെ ഉൾക്കുപ്പായംകൊണ്ടും-പക്ഷേ, അതവന്നു് തന്റെ അമ്മയിൽനിന്നു കിട്ടിയിട്ടുള്ളതല്ല-മൂടിപ്പുതച്ചിട്ടുണ്ടു്. ധർമമായി ഏതോ ചിലർ അവനെ ആ കീറത്തുണികൊണ്ടു പൊതിഞ്ഞു. എങ്കിലും അവന്നൊരച്ഛനും അമ്മയുമുണ്ടു്. പക്ഷേ, അച്ഛൻ അവനെപ്പറ്റി ചിന്തിച്ചിട്ടില്ല; അമ്മ അവനെ സ്നേഹിച്ചിട്ടില്ല.

എല്ലാവരിലുംവെച്ച് ഏറ്റവുമധികം അനുകമ്പയെ അർഹിക്കുന്ന കുട്ടികളിൽ ഒരുവനാണു് അവൻ; അച്ഛനുമമ്മയുമുണ്ടായിട്ടും അനാഥരായിരിക്കുന്ന കുട്ടികളിൽ ഒരുവൻ.

തെരുവിലാകുമ്പോഴത്തെപ്പോലെ സുഖം അവന്നൊരിക്കലുമില്ല. അവനെ അമ്മയുടെ ഹൃദയത്തെക്കാൾ കുറച്ചേ കൽവിരികൾ അവന്നു കഠിനങ്ങളായിരുന്നുള്ളു.

അവന്റെ മാതാപിതാക്കന്മാർ അവനെ ജീവിതത്തിലേക്ക് ഒരുചവിട്ടു ചവിട്ടി

അവൻ ഒരൊറ്റ പാച്ചിൽ കൊടുത്തു.

അവൻ ഒച്ചയിട്ടുകൊണ്ടു, വിളർത്തു, ചുണയോടുകൂടി, ആരോഗ്യവാനെങ്കിലും കാഴ്ചയിൽ ശക്തി കുറഞ്ഞു, തന്റേടമുള്ള ഒരു പരപുച്ഛക്കാരൻ കുട്ടിയാണു്, അവൻ അങ്ങോട്ടും ഇങ്ങോട്ടും പായും. പാട്ടു പാടും, ‘വട്ടു കളിക്കും,’ ഓവുചാലുകളിൽ തപ്പും, ചിലതു കക്കും-എന്നാൽ പൂച്ചകളേയും കുരുകില്പക്ഷികളേയും പോലെ. വികൃതി എന്നു വിളിച്ചാൽ അവൻ പൊട്ടിച്ചിരിക്കുകയും കള്ളൻ എന്നു വിളിച്ചാൽ ശുണ്ഠിയെടുക്കുകയും ചെയ്യും. അവന്നു വീടില്ല. ഭക്ഷണമില്ല, തിയ്യില്ല, സ്നേഹമില്ല; പക്ഷേ, സ്വതന്ത്രനായതുകൊണ്ടു്, എപ്പോഴും ആഹ്ലാദമേയുള്ളൂ.

ഈ സാധുജന്തുക്കൾ ആൾക്കുമാത്രം പോന്നാൽ സാമുദായികവ്യവസ്ഥയുടെ അരകല്ലുകൾ അവയെ പിടികൂടി ചമ്മന്തിയരയ്ക്കും; എന്നാൽ കുട്ടികളായിരിക്കുന്നേടത്തോളം കാലം, ചെറുപ്പം കാരണം, അവർ രക്ഷപ്പെടുന്നു. എത്ര ചെറിയ പൊത്തും അവയെ രക്ഷിക്കുന്നു.

എന്തായാലും, ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എങ്കിലും, രണ്ടോ മൂന്നോ മാസം കൂടുമ്പൊഴൊക്കെ അവൻ ഇങ്ങനെ പറയാറുണ്ടു്, ‘ആട്ടെ, ഞാൻ പോയി അമ്മയെ ഒന്നു കാണട്ടെ!’ എന്നാൽ അവൻ നഗരം കടന്നു, പൊർത്സാങ്-മർതെങ് കടന്നു, പാതാറിലിറങ്ങി, പാലം കടന്നു, കോട്ടപ്പുറത്തെത്തി, സൽപെത്രിയേറിൽ ചെന്നു് ഒരിടത്തു നില്ക്കും-എവിടെ? വായനക്കാർക്കറിവുള്ള ആ ഇരട്ട നമ്പർ സ്ഥലത്തുതന്നെ-ഗൊർബോചെറ്റപ്പുരയിൽ.

അക്കാലത്തു, സാധാരണമായി ആരുമില്ലാതിരിക്കുന്നതും ‘വാടകയ്ക്കുകൊടുപ്പാൻ മുറികൾ’ എന്നെഴുതിയിട്ടുള്ള പലകകൊണ്ടു് ഏതുകാലത്തും അലങ്കരിച്ചിരിക്കുന്നതുമായ 50-58 നമ്പർ ചെറ്റപ്പുര, പാരിസ്സിൽ എന്നും പതിവുള്ളതുപോലെ, അന്യോന്യം യാതൊരു സംബന്ധവുമില്ലാത്ത പലരുംകൂടി താമസിച്ചുവരുന്ന ഒരു സ്ഥലമായിത്തീർന്നു. ദീപാളി പിടിച്ചുപോയ ആ ഏറ്റവും മോശക്കാരായ പ്രമാണികളിൽനിന്നു വിട്ടുപിരിയാൻ തുടങ്ങിയതും, ചളി വാരിക്കൂട്ടുന്ന ഓവുചാല്ക്കാരനും തുണിക്കഷ്ണങ്ങൾ പെറുക്കിക്കൂട്ടുന്ന കീറത്തുണിപ്പെറുക്കിക്കൂട്ടുന്ന പരിഷ്കാരത്തിന്റെ അവസാനപ്പടികളിലെ രണ്ടു സത്ത്വങ്ങളിൽ ചെന്നുമുട്ടുന്നതുവരെയ്ക്ക് സമുദായത്തിന്റെ അങ്ങേ അറ്റത്തെ അടിത്തട്ടിലേക്കു, കഷ്ടപ്പാടിൽ നിന്നു കഷ്ടപ്പാടിലേക്കായി, വ്യാപിച്ചു നില്ക്കുന്നതുമായ ആ ദരിദ്രവർഗത്തിൽ ഉൾപ്പെട്ടവരാണു് അവിടെയുള്ളവരെല്ലാം.

ഴാങ് വാൽഴാങ്ങിന്റെ കാലത്തുണ്ടായിരുന്ന ‘പ്രധാനപ്പാർപ്പുകാരി’ മരിച്ചു, ആ മാതിരിയിൽത്തന്നെയുള്ള മറ്റൊരുവൾ ആ സ്ഥാനത്തായി ‘കിഴവികൾക്ക് ഒരു കാലത്തും ദുർഭിക്ഷമില്ല’ എന്നു പറഞ്ഞതു് ഏതു തത്ത്വജ്ഞാനിയാണെന്നു് എനിക്കോർമയില്ല.

ഈ പുതിയ കിഴവിയുടെ പേർ മദാം ബൂർഴോങ് എന്നാണു്. മൂന്നു മുളന്തത്തകളടങ്ങിയ ഒരു രാജവംശം അവളുടെ ആത്മാവിൽ വഴിക്കു വഴിയേ രാജ്യഭരണം ചെയ്തുപോന്നു എന്നല്ലാതെ, അവളുടെ ജീവദശയിൽ എടുത്തുപറയത്തക്കതായി വേറെ യാതൊന്നുമില്ല.

ആ ചെറ്റപ്പുരയിൽ പാർത്തുപോന്നിരുന്നവരുടെ കൂട്ടത്തിൽവെച്ച് ഏറ്റവും ദാരിദ്ര്യം പിടിച്ചതു്, ഒരച്ഛനും അമ്മയും നല്ലവണ്ണം മുതിർന്ന രണ്ടു പെൺമക്കളും കൂടി നാലുപേരടങ്ങിയ ഒരു കുടുംബമാണു്; ആ നാലുപേരുംകൂടി ഞങ്ങൾ ഇതിനു മുൻപേ വിവരിച്ചു കഴിഞ്ഞ തട്ടിൻപുറത്തുള്ള ഗുഹകളിലൊന്നിൽ താമസിക്കുന്നു.

പ്രഥമദൃഷ്ടത്തിൽ, മഹാദാരിദ്ര്യമല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വിശേഷതയായി പറയാനില്ല; ആ മുറി വാടകയ്ക്കെടുത്ത അച്ഛൻ തന്റെ പേർ ഴൊൻദ്രെതു് എന്നാണെന്നേ പറഞ്ഞതു്. ഴൊൻദ്രെതു് അവിടെ പെരുമാറാൻ തുടങ്ങിയിട്ടു് - പ്രധാന പാർപ്പുകാരിയുടെ സ്മരണീയമായ അഭിപ്രായത്തെ കടം വാങ്ങുന്നപക്ഷം, ആ പെരുമാറ്റത്തിനു യാതൊന്നും അവിടെ കടന്നുവന്നിട്ടില്ലാഞ്ഞാലുള്ള നിലയുമായി ഒരസാധാരണസാദൃശ്യമുണ്ട്-കുറച്ചു കഴിഞ്ഞതിനുശേഷം, അയാൾ, അവിടെ മുൻപുണ്ടായിരുന്നവളെപ്പോലെ ഒരുമിച്ചുതന്നെ പടിക്കാവല്ക്കാരിയും അടിച്ചു തളിയുമായിരുന്ന ആ സ്ത്രീയോടു പറഞ്ഞു: ‘ഹേ, അമ്മേ-എന്താ പേര്!-ഇവിടെ പോളണ്ടുകാരനെയോ, ഇറ്റലിക്കാരനെയോ, ഒരു സമയം സ്പെയിൻകാരനേയോ ആവട്ടെ, സംഗതിവശാൽ ആരെങ്കിലും അന്വേഷിച്ചുവന്നാൽ അതു ഞാനാണു്.’

ഈ കുടുംബമായിരുന്നു ആ വെറുംകാലോടുകൂടിയ നേരമ്പോക്കുകാരൻ കുട്ടിയുടേതു്. അവൻ അവിടെ വന്നു കഷ്ടപ്പാടു കണ്ടു: അതിലും കഷ്ടം, പുഞ്ചിരി കണ്ടില്ല; ആ തണുത്ത അടുപ്പും കുറേ തണുത്ത ഹൃദയങ്ങളുമുണ്ടു്. അവൻ അകത്തേക്കു കടന്നപ്പോൾ ആരോ ചോദിച്ചു: ‘നിയ്യെവിടുന്നു വരുന്നു?’ അവൻ മറുപടി പറഞ്ഞു: ‘തെരുവിൽനിന്നു്.’ അവൻ പോകുമ്പോൾ അവർ ചോദിച്ചു: ‘നിയ്യെവിടേക്കു പോകുന്നു?’ അവൻ മറുപടി പറഞ്ഞു: ‘തെരുവുകളിലേക്ക്.’ അവന്റെ അമ്മ അവനോടു ചോദിച്ചു: ‘നിയ്യെന്തിനു് ഇങ്ങോട്ടു പോന്നു?’

കുണ്ടറകളിൽ മുളച്ചുണ്ടാകുന്ന ചില വിളർത്ത ചെടികളെപ്പോലെ ഈ കുട്ടി ഈ സ്നേഹഭാവത്തിൽ ജീവിച്ചു. അതവനെ ദുഃഖിപ്പിച്ചില്ല. അവൻ ആരെയും കുറപ്പെടുത്തിയതുമില്ല. ഒരച്ഛനും അമ്മയും ഏതു നിലയിലായിരിക്കുമെന്നു് അവൻ ശരിക്കറിഞ്ഞിട്ടില്ല.

എന്തായാലും അവന്റെ അമ്മ അവന്റെ സഹോദരിമാരെ സ്നേഹിച്ചിരുന്നു.

ബുൽവാർ ദ്യു തെംപ്ലു് എന്ന പ്രദേശത്തു് ഈ കുട്ടിയെ ആളുകൾ ഗവ്രോഷ്കുട്ടി എന്നാണു് വിളിച്ചുവന്നിരുന്നതെന്നു പറയാൻ ഞങ്ങൾ വിട്ടുപോയി. എന്തുകൊണ്ടാണു് അവനെ ഗവ്രോഷ്കുട്ടി എന്നു വിളിച്ചുവന്നിരുന്നതു?

ഒരു സമയം അവന്റെ അച്ഛന്റെ പേർ ഴൊൻദ്രെതു് എന്നായതുകൊണ്ടു്.

പാരമ്പര്യച്ചരടു പൊട്ടിക്കുന്നതു് ചില ദരിദ്രകുടുംബങ്ങളുടെ സഹജബുദ്ധിയാണെന്നു തോന്നുന്നു.

ഴൊൻദ്രെതു് കുടുംബക്കാർ ഗൊർബോചെറ്റപ്പുരയിൽ അധിവസിച്ചിരുന്ന മുറി ഇടനാഴിയുടെ അറ്റത്തുള്ള ഒടുവിലത്തേതാണു്. അതിനു തൊട്ടടുത്തുള്ള ഗുഹയിൽ മൊസ്സ്യു മരിയുസു് എന്നു പേരുള്ള ഒരു മഹാദരിദ്രയുവാവായിരുന്നു താമസം.

ഈ മൊസ്സ്യു മരിയുസു് ആരാണെന്നു ഞങ്ങൾ വിവരിക്കട്ടെ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.