images/hugo-22.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.6.1
പരിഹാസപ്പേർ കുടുംബപ്പേരുകളുണ്ടാകുന്ന രീതി

ഇക്കാലത്തു മരിയുസു് ഇടത്തരം ഉയരത്തിൽ ഇടതൂർമയും കറുകറപ്പുമുള്ള തലമുടിയോടും, ഉയർന്നതും ബുദ്ധി കാണിക്കുന്നതുമായ നെറ്റിയോടും, നല്ലവണ്ണം തുറന്നവയും വികാരാവേഗം സൂചിപ്പിക്കുന്നവയുമായ നാസാദ്വാരങ്ങളോടും, ശാന്തതയും ഗൗരവവും നിറഞ്ഞ ഭാവത്തോടും, മുഖത്തു് ആകപ്പാടെ അനിർവചനീയമാംവിധം അഭിമാനവും ആലോചനാശീലവും നിഷ്കളങ്കതയും കൂടിക്കലർന്ന എന്തോ ഒന്നോടുംകൂടി ഒരു സുഭഗനായ ചെറുപ്പക്കാരനായിരുന്നു. രേഖകളെല്ലാം ഉരുളിച്ചയോടുകൂടിയും എന്നാൽ അതുകൊണ്ടു ദൃഢതയ്ക്കു കുറവുതട്ടാതെയുമിരുന്ന അയാളുടെ മുഖാകൃതിയിൽ ആൽസസ്സും ലൊറൈനും വഴി ഫ്രാൻസിലേക്കു കടന്നുകൂടിയ ജർമൻ മുഖത്തിലെ ഒരുതരം ഓമനത്തമുണ്ടായിരുന്നു; റോംകാരുടെ കൂട്ടത്തിൽനിന്നു സികംബ്യകാരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഉപയോഗപ്പെട്ടിരുന്നവയും സിംഹലക്ഷണമുള്ള വർഗക്കാരെ കഴുകിൻലക്ഷണമുള്ള വർഗക്കാരിൽനിന്നു വേർതിരിക്കുന്നവയുമായ കോണുകൾ തീരെ അതിലുണ്ടായിരുന്നുമില്ല. ആലോചിക്കുന്ന മനുഷ്യരുടെ മനസ്സു് അഗാധതയും നിഷ്കപടതയുമാകുന്ന രണ്ടെണ്ണം ഏതാണ്ടു് സമം കൂടിയതായിത്തീരുന്ന ആ ജീവിതഘട്ടത്തിലായിരുന്നു അയാൾ. ഒരു സഗൗരവസ്ഥിതിയിൽ പിടിച്ചിട്ടാൽ, വങ്കനായിത്തീരാൻ വേണ്ട സകലവും അയാളിൽ തയ്യാറുണ്ടായിരുന്നു; താക്കോൽ ഒന്നുകൂടി തിരിക്കുക, അയാൾ മഹാനായേയ്ക്കാം. അയാളുടെ മട്ടുകൾ ഒതുങ്ങിയവയും പ്രസരിപ്പുറ്റവയും സുപരിഷ്കൃതങ്ങളുമാണു്; അത്രയധികം പ്രസന്നങ്ങളല്ല. അയാളുടെ വായ നല്ല ചന്തമുള്ളതും, ചുണ്ടുകൾ ഏറ്റവും തുടുത്തവയും, പല്ലുകൾ ലോകത്തിൽവെച്ചധികം വെളുത്തവയുമായതുകൊണ്ടു്, ആകപ്പാടെ മുഖത്തിനുള്ള സഗൗരവത്വത്തെ പുഞ്ചിരി ശക്തിപ്പെടുത്തിയിരുന്നു. ചില സമയത്തു് ആ പരിശുദ്ധമായ നെറ്റിയും വിഷയലമ്പടത്വം കാണിക്കുന്ന പുഞ്ചിരിയുംകൂടി ഒരപൂർവമായ വിരുദ്ധതയെ പ്രകടിപ്പിക്കും. അയാളുടെ കണ്ണുകൾ ചെറുതാണെങ്കിലും, നോട്ടം വലുതായിരുന്നു.

അയാളുടെ അതികഠിനമായ കഷ്ടപ്പാടുകാലത്തു ചെറുപ്പക്കാരിപ്പെണ്ണുങ്ങൾ താൻ കടന്നുപോകുന്നതിനെ തിരിഞ്ഞുനോക്കുന്നതു് അയാൾ കണ്ടിട്ടുണ്ടു്. ഉടനെ അയാൾ ആത്മാവിൽ മരണവുംകൊണ്ടു് പറപറക്കുകയോ പാഞ്ഞൊളിക്കുകയോ ചെയ്യും. ആ പെണ്ണുങ്ങൾ തന്റെ പഴയ ഉടുപ്പു കണ്ടു തുറിച്ചുനോക്കുകയാണെന്നും അവർ അതിനെപ്പറ്റി പരിഹസിക്കുകയാണെന്നും അയാൾ വിചാരിക്കും. വാസ്തവമെന്തെന്നാൽ, അയാളുടെ അന്തസ്സുകാരണം അവർ നോക്കിനില്ക്കുകയായിരുന്നു; അയാളെപ്പറ്റി അവർ സ്വപ്നം കണ്ടിരുന്നു.

അയാളും ആവിധം വഴിയേ പോകുന്ന സുന്ദരിമാരും തമ്മിലുണ്ടായ ഈ മൗനപരമായ തെറ്റിദ്ധാരണ അയാളെ നാണംകുണുങ്ങിയാക്കി. അവരെല്ലാവരിൽ നിന്നും അയാൾ പാഞ്ഞൊഴിഞ്ഞിരുന്നു എന്ന ഒന്നാന്തരം കാരണത്തിന്മേൽ അവരിലാരിലും അയാൾ മനസ്സുപതിച്ചില്ല. ഇങ്ങനെ അയാൾ വളരെക്കാലം കഴിഞ്ഞു-വിഡ്ഢിയായിക്കഴിഞ്ഞു എന്നാണു് കുർഫെരാക്കിന്റെ അഭിപ്രായം.

കുർഫെരാക് അയാളോടു് ഇങ്ങനെയും പറയുകയുണ്ടായി: ‘വന്ദ്യനായിത്തീരാൻ ആഗ്രഹിക്കരുതു്.’ [അവർ അന്യോന്യം നീ എന്നു വിളിച്ചു; ഇത്തരം സംബോധനത്തിലേക്കിറങ്ങാനാണു് ചെറുപ്പത്തിലെ സൗഹാർദ്ദത്തിന്റെ പോക്ക്]. ‘എന്റെ ചങ്ങാതി, ഞാൻ ഒരു കാര്യം പറഞ്ഞുതരട്ടെ, അത്രയധികം പുസ്തകം വായിക്കരുതു് കുറച്ചുകൂടിയധികം പെൺകുട്ടികളെ നോക്കു. മരിയുസു്, പെണ്ണുങ്ങൾക്കും ചില ഗുണങ്ങളുണ്ട്! കണ്ടാൽ പായുകയും നാണംകുണുങ്ങുകയും ഏറെച്ചെയ്താൽ നിങ്ങൾ ക്രൂരനായിത്തീരും.’

മറ്റു ചിലപ്പോൾ കുർഫെരാക് അയാളുടെ കൈപിടിച്ചുപറയും; ‘ഹേ, മതാചാര്യ നവർകൾ, നിങ്ങൾക്കു വന്ദനം.’

ഇത്തരം എന്തെങ്കിലും കുർഫെരാക് ഒരഭിപ്രായം പുറപ്പെടുവിച്ചാൽപ്പിന്നെ ഒരാഴ്ചയ്ക്കു മരിയുസു് പെണ്ണുങ്ങളുടെതന്നെ അടുക്കലൂടെ പോവില്ല-ചെറുപ്പക്കാരികളുടേയും കിഴവികളുടേയും രണ്ടും, പോരാത്തതിനു കുർഫെരാക്കിനേയും അയാൾ ഒഴിഞ്ഞുവെക്കും.

എന്തായാലും, ഈശ്വരസൃഷ്ടിയുടെ അനന്തതയിലെല്ലാംകൂടി മരിയുസു് കണ്ടാൽ പാഞ്ഞുപോക പതിവില്ലാതെ രണ്ടു സ്ത്രീകളുണ്ടു്; അവരുടെ കാര്യത്തിൽ അയാൾ തീരെ ശ്രദ്ധവെക്കാറില്ല. വാസ്തവത്തിൽ, ആ രണ്ടുപേരും പെണ്ണുങ്ങളാണെന്നു് അയാളോടു പറഞ്ഞുകൊടുത്താൽ, അയാൾ വല്ലാതെ പരിഭ്രമിച്ചുപോവും. ഒന്നു് അയാളുടെ മുറി അടിച്ചുവാരുന്ന മീശക്കാരിയാണു്; അയാൾ കുർഫെരാക്കിനെക്കൊണ്ടു് ഇങ്ങനെ പറയിച്ചു; ‘തന്റെ വേലക്കാരി മീശ വെച്ചു വരുന്നുണ്ടെന്നു കണ്ടു മരിയുസു് മീശ വേണ്ടെന്നു വെച്ചു’. മറ്റവർ, അയാൾ പലപ്പോഴും കാണാറുള്ള ഒരു പെൺകുട്ടിയാണു്; അവളുടെ മുഖത്തേക്ക് അയാൾ ഇതുവരെ നോക്കിയിട്ടില്ല.

ലുക്സെംബുറിലെ നടവഴികളിലൊന്നിൽ, പെപിനിയെറിന്റെ ആൾമറയ്ക്ക് അരുവെച്ചുകൊണ്ടു് പോകുന്ന ആ ഒന്നിൽ, ഒരു പുരുഷനും വളരെ ചെറിയ ഒരു പെൺകുട്ടിയുംകൂടി ഏതാണ്ടു് മിക്കസമയത്തും ഒരേ ഒരു ബഞ്ചിൽന്മേൽ റ്യു ദു് ലുവെയുടെ ആ ഭാഗത്തു് ഏറ്റവും ജനസഞ്ചാരം കുറഞ്ഞ ഒരു മൂലയ്ക്കൽ അടുത്തടുത്തിരിക്കുന്നതു് ഒരു കൊല്ലമായി മരിയുസു് കണ്ടുവരുന്നു. അന്തർമുഖന്മാരുടെ ലാത്തലിന്മേൽ വികൃതിത്തം കാട്ടുന്ന യദൃച്ഛാസംഭവം മരിയുസ്സിനെ ആ നടവഴിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഓരോരിക്കലും-അതു ദിവസംപ്രതിയുണ്ടാകാറുണ്ട്-ആ രണ്ടു പേരെയും അയാൾ അവിടെ കാണും ആ പുരുഷന്നു് ഏകദേശം അറുപതു വയസ്സായെന്നു തോന്നി; അയാൾ സഗൗരവനും ദുഃഖിതനുമായിരുന്നു; പണിയിൽ നിന്നു പിരിഞ്ഞ പട്ടാളക്കാർക്കു സവിശേഷമായി കാണുന്ന ആദേഹശക്തിയും മനഃകുണ്ഠിതവും അയാളിൽ വെളിപ്പെട്ടിരുന്നു അയാൾ വല്ല മുദ്രയും ധരിച്ചിരുന്നുവെങ്കിൽ മരിയുസു് പറഞ്ഞേനേ: ‘അയാൾ ഒരു പെൻഷ്യൻ വാങ്ങിയ പട്ടാള മേലുദ്യോഗസ്ഥനാണു്.’ അയാൾ കാഴ്ചയിൽ ദയാലുവും എന്നാൽ ആരെയും അടുപ്പിക്കാത്തവനുമാണു്; ആരുടെ മുഖത്തും അയാൾ സൂക്ഷിച്ചുനോക്കുക പതിവില്ല. നീലച്ച കാലുറയും നീലച്ച കറുംകുപ്പായവും, വക്കു പരന്ന തൊപ്പിയും-ഇതെപ്പോഴും പുതുതായിരിക്കും-കറുത്ത കണ്ഠവസ്ത്രവും, ഒരു ‘മിത്രസഭ’ക്കാരന്റെ പുറംകുപ്പായവും-എന്നുവെച്ചാൽ കണ്ണഞ്ചിക്കുന്നവിധം വെളുത്തതു്, പക്ഷേ, നിശ്ചയമായും പരുത്തിത്തുണിതന്നെ-ഇതാണു് അയാളുടെ വേഷം ഒരു ദിവസം അയാളുടെ അടുക്കലൂടെ പോയ ഒരു മോടിക്കാരിപ്പെണ്ണു് പറഞ്ഞു: ‘ഭാര്യ മരിച്ചുപോയ ഒരു നല്ല വൃത്തിയുള്ള മനുഷ്യൻ.’ അയാളുടെ തലമുടി വളരെ വെളുത്തിട്ടാണു്.

തങ്ങൾ ദത്തെടുത്തതുപോലെയുള്ള ആ ബെഞ്ചിന്മേൽ അയാളും അയാളുടെ കൂടെയുള്ള പെൺകുട്ടിയുംകൂടി ഒന്നാമതായി ചെന്നുകൂടിയ കാലത്തു്, അവൾ പതിമ്മൂന്നോ പതിന്നാലോ വയസ്സു പ്രായമുള്ള ഒരു കുട്ടിയാണു്; സാധാരണവും വികൃതവും നിസ്സാരവുമായി തോന്നത്തക്കവണ്ണം അവളുടെ ദേഹം അത്ര മെലിഞ്ഞിരുന്നു; അവളുടെ കണ്ണുകൾ ഒരുകാലത്തു് സുഭഗങ്ങളായിത്തീരുമെന്നു തോന്നും ഒന്നുമാത്രം, സുഖമില്ലാതാക്കുന്ന ഒരുതരം ധൃഷ്ടതയോടുകൂടിയതാണു് എപ്പോഴും അവയുടെ നോട്ടം. കന്യകാമഠത്തിലെ വിദ്യാർഥിനികളുടെ ഉടുപ്പുപോലെ, അവളുടെ ഉടുപ്പിൽ വാർദ്ധക്യത്തിന്റേയും കുട്ടിത്തത്തിന്റേയും ഒരു മട്ടു കൂടിക്കലർന്നിരുന്നു ഭംഗിയില്ലാതെ വെട്ടിത്തുന്നിയ ഒരു കറുത്ത ‘മെറിനോ’ തുണിയുടുപ്പായിരുന്നു അതു്. അവർ അച്ഛനും മകളുമാണെന്നു കാഴ്ചയിൽ തോന്നും.

പ്രായക്കാരനായിക്കഴിഞ്ഞിട്ടില്ലാത്ത ഈ വയസ്സനേയും ഒരു സ്ത്രീയായിക്കഴിഞ്ഞിട്ടില്ലാത്ത ഈ പെൺകുട്ടിയേയും മരിയുസു് കുറേ ദിവസം നോക്കിക്കണ്ടു, പിന്നെ അവരെപ്പറ്റി ശ്രദ്ധിക്കാതായി. അവരാകട്ടേ, അയാളെ കാണുകതന്നെ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. അവർ ശാന്തവും ഉദാസീനവുമായി തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കും. ആ പെൺകുട്ടി ഇളവില്ലാതെയും ആഹ്ലാദത്തോടുകൂടിയും ഓരോന്നു പിറുപിറെ പറയും. വയസ്സൻ വളരെക്കുറച്ചേ സംസാരിക്കാറുള്ളൂ. ചിലപ്പോൾ ഒരനിർവചനീയമായ പിതൃവാത്സല്യത്തോടുകൂടി അയാൾ അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കും.

താനറിയാതെത്തന്നെ ആ വഴിയിലേക്കു ലാത്തിച്ചെല്ലുന്നതു മരിയൂസ്സിനു് ഒരു പതിവായി ദിവസംപ്രതി അവരെ അവിടെ കാണാം.

ഇങ്ങനെയാണു് പതിവു് അവരുടെ ബെഞ്ചിന്റെ എതിർവശത്തു നടക്കാവിന്റെ അങ്ങേ അറ്റത്തൂടെയാണു് മരിയുസു് ചെല്ലാറു്; അയാൾ അതിലേ നേരേ ചെല്ലും, അവരിരിക്കുന്നതിനു മുൻപിലൂടെ പോവും; എന്നിട്ടു താൻ പോന്ന വഴിയിലൂടെ തന്നെ അറ്റംവരെ തിരിച്ചുപോവും, പിന്നേയും ചെല്ലും; തന്റെ ലാത്തലിനിടയിൽ ഇതയാൾ അഞ്ചോ ആറോ തവണ ചെയ്യും; അയാൾക്കാവട്ടേ അവർക്കാവട്ടേ അന്യോന്യമൊന്നു കുശലം ചോദിക്കാൻ തോന്നാതെ, അയാൾ ഈ ലാത്തൽ ഒരാഴ്ചയിൽ അഞ്ചോ ആറോ തവണ ആവർത്തിക്കും ആ മനുഷ്യനും ആ പെൺകുട്ടിയും ആരുടേയുംതന്നെ നോട്ടത്തിൽനിന്നൊഴിഞ്ഞിട്ടാണു് അവിടെ ഇരിക്കാറെങ്കിലും-ഒരു സമയം ആ ഒഴിഞ്ഞിരിക്കലാവാം കാരണം-ഇടയ്ക്കിടയ്ക്കു പെപിനിയർ വഴിക്കു കടന്നുപോവാറുള്ള അഞ്ചോ ആറോ വിദ്യാർഥികളുടെ —പഠിക്കുന്നവർ പാഠം കഴിഞ്ഞും പഠിക്കാത്തവർ ബില്ലിയേർഡ് കളി കഴിഞ്ഞും—ശ്രദ്ധയെ അവരാകർഷിച്ചു. ആ രണ്ടാമതു പറഞ്ഞവരിൽപ്പെട്ട കുർഫെരാക്ക് ആ വൃദ്ധനേയും പെൺകുട്ടിയേയും പലപ്പോഴും സൂക്ഷിച്ചുനോക്കിയിട്ടുണ്ടു്; പക്ഷേ, ആ പെൺകുട്ടി ഒരു സാധാരണക്കാരിയാണെന്നു കണ്ടപ്പോൾ, അയാൾ വേഗത്തിലും മനഃപൂർവമായും അവരെ വിട്ടൊഴിഞ്ഞു. പോകുന്ന പോക്കിലെ ഒരു കല്ലേറുപോലെ, ഒരു പരിഹാസപ്പേരും അവരുടെ മേലേക്കിട്ടു്, അയാൾ ഒരു നട. കുട്ടിയുടെ ഉടുപ്പും കിഴവന്റെ തലമുടിയും കണ്ടു്, അയാൾ മകൾക്കു മദാംവ്വസേല്ലു് ലന്വാർ എന്നും അച്ഛന്നു മൊസ്സ്യു ലെബ്ലാങ് എന്നും പേരിട്ടു; അവരെ മറ്റു പേരിൽ ആരും അറിയാത്തതുകൊണ്ടു്. വേറെ പേരില്ലാത്ത സ്ഥിതിക്ക്, ഈ ശകാരപ്പേർ സ്ഥിരമായി. വിദ്യാർഥികൾ പറയും: ‘ഹാ! മൊസ്സ്യു ലെബ്ലാങ് തന്റെ ബെഞ്ചിലെത്തി.’ മറ്റുള്ളവരെപ്പോലെ മരിയുസ്സും ആ അജ്ഞാതമാന്യനെ മൊസ്സ്യു ലെബ്ലാങ് എന്നു വിളിക്കുന്നതാണു് സൗകര്യമെന്നു കണ്ടു.

നമുക്കും അവരെ അനുവർത്തിക്കുക; ഈ കഥ നടക്കാൻവേണ്ടി ഞങ്ങളും അയാളെ മൊസ്സ്യു ലെബ്ലാങ് എന്നു വിളിക്കട്ടെ.

അങ്ങനെ അക്കൊല്ലം മുഴുവനും ദിവസംപ്രതി ആ കണിശസമയത്തു് അവരെ മരിയൂസു് കണ്ടു, ആ പുരുഷനെ അയാൾക്കു പിടിച്ചു; പെൺകുട്ടി തീരെ രുചിച്ചില്ല.

3.6.2
‘വെളിച്ചമുണ്ടായി’

പിറ്റേക്കൊല്ലം ഈ ചരിത്രത്തിൽ വായനക്കാർ ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ള ആ ഘട്ടത്തിൽത്തന്നെ ലുക്സംബൂറിലെ ഈ നടപടി മരിയുസ്സിന്റെ അറിവോടു കൂടാതെ, സംഗതിവശാൽ; തടയപ്പെട്ടു; അങ്ങനെ ഏകദേശം ആറുമാസം കഴിഞ്ഞു, അതിലിടയ്ക്ക് അയാൾ ആ നടക്കാവിൽ കാലെടുത്തുകുത്തുകയുണ്ടായിട്ടില്ല. ഒടുവിൽ ഒരു ദിവസം ഒരിക്കൽക്കൂടി അയാൾ അങ്ങോട്ടു ചെന്നു; അതൊരു കൊള്ളാവുന്ന വേനൽക്കാലത്തെ രാവിലെനേരമാണു്; നല്ല ആഹ്ലാദം തോന്നിയിരുന്നു. അയാൾ കേട്ടിട്ടുള്ള എല്ലാ പക്ഷികളുടെ പാട്ടും ഇലകൾക്കിടയിലൂടെ ഓരോരോ നോക്കു കണ്ടിട്ടുള്ള നീലനഭസ്സിന്റെ എല്ലാ കഷ്ണങ്ങളും ഹൃദയത്തിൽ പതിഞ്ഞുകിടപ്പാണെന്നു തോന്നി.

അയാൾ നേരെ ‘തന്റെ നടക്കാവിലേക്ക്’ ചെന്നു. അതിന്റെ അറ്റത്തെത്തിയപ്പോൾ, ആ പ്രസിദ്ധി കേട്ട വൃദ്ധനും കുട്ടിയും, ആ ബെഞ്ചിന്മേൽത്തന്നെ ഇരിക്കുന്നതു കണ്ടു. ഒന്നുമാത്രം-അടുത്തുചെന്നപ്പോൾ, ആ പുരുഷൻ അതുതന്നെയായിരുന്നു; പക്ഷേ, ആ പെൺകുട്ടി പണ്ടത്തേതായിരുന്നില്ലെന്നു് അയാൾക്കു തോന്നി. അയാൾ അപ്പോൾ കണ്ട സ്ത്രീ നീണ്ടു, തുലോം നിഷ്കളങ്കമായ ബാല്യരാമണീയകം വിട്ടിട്ടില്ലാതെ, ഏറ്റവും ഹൃദയാകർഷങ്ങളായിരിക്കുന്ന ഒരു സ്ത്രീയുടെ സൗഭാഗ്യങ്ങൾ ചേർന്നിണങ്ങിയ ഒരു സുന്ദരിയാണു്; ആ പ്രായവിഷശേഷം പരിശുദ്ധവും പാഞ്ഞുപോകുന്നതുമായ ഒരു ജീവിതഘട്ടമാണു്; ഈ രണ്ടു വാക്കുകൊണ്ടുമാത്രമേ അതു പറഞ്ഞൊപ്പിക്കാൻ സാധിക്കൂ-പതിനഞ്ചു വയസ്സു്. ‘അവളുടെ തലമുടി സ്വർണക്കമ്പികളെക്കൊണ്ടു നിഴലിട്ട ഒരത്ഭുതകരമായ തവിട്ടുനിറത്തിലുള്ളതും, നെറ്റിത്തടം വെണ്ണക്കല്ലുകൊണ്ടുണ്ടാക്കിയതോ എന്നു തോന്നിക്കുന്നതും, കവിളുകൾ പനിനീർപ്പൂവിന്റെ ഇതളുകളെക്കൊണ്ടുണ്ടാക്കിയതെന്നു തോന്നിക്കുന്നവയുമായിരുന്നു; വിളർത്തതുടപ്പു്, ഒന്നിളകിയ വെളുപ്പു്, ഒരു കൗതുകരമായ വായ-അതിൽനിന്നു പുഞ്ചിരികൾ വെയിൽനാളംപോലെയും, വാക്കുകൾ സംഗീതം പോലെയും പുറപ്പെടുന്നു. ഴാങ് ഗുഴോങ് വീനസ്സിന്റെ പ്രതിമയ്ക്കു കൊടുത്തേക്കാവുന്ന ഒരു കഴുത്തിൻമീതെ രഫേൽ മറിയത്തിനു കൊടുത്തേക്കാവുന്ന ഒരു ശിരസ്സു്. ഈ കൺമയക്കുന്ന മുഖത്തിനു യാതൊന്നും പോരാതെ വരാതിരിക്കാൻവേണ്ടി, അവളുടെ മൂക്കു സുഭഗമായിരുന്നില്ല-മനോഹരം: അതു ചൊവ്വുള്ളതും വളഞ്ഞതുമല്ല; ഇറ്റലിക്കാരുടേതോ ഗ്രീസ്സുകാരുടേതോപോലല്ല; അതു പാരിസ്സിനു ചേർന്നതായിരുന്നു-എന്നുവെച്ചാൽ, ദിവ്യവും മോഹനവും അസാധാരണവും പരിശുദ്ധവും, ചിത്രമെഴുത്തുകാരെ നിരാശതയിൽപ്പെടുത്തുന്നതും കവികളെ കമ്പം പിടിപ്പിക്കുന്നതുമായ ഒന്നു്.

അവളുടെ അടുക്കലൂടെ പോയപ്പോൾ കണ്ണു നോക്കി കാണാൻ മരിയുസ്സിനു കഴിഞ്ഞില്ല; അതെപ്പോഴും കീഴ്പോട്ടു ചാഞ്ഞിരിക്കും. നീണ്ടു പൊൻനിറത്തിൽ ദുഃഖവും ലജ്ജയും മുഴുക്കെ വ്യാപിച്ച പോളകൾ മാത്രമേ അയാൾ കണ്ടുള്ളൂ.

ആ നരച്ച വൃദ്ധൻ പറഞ്ഞുകൊടുത്തിരുന്നതു ശ്രദ്ധിച്ചു കേട്ടു പുഞ്ചിരിയിടുന്നതിൽ ആ സുന്ദരിയായ പെൺകുട്ടിയെ ഇതു തടയുകയുണ്ടായില്ല; ആ കീഴ്പോട്ടു നോക്കുന്ന നോട്ടങ്ങളോടു കൂടിക്കലർന്ന ആ പുതുപുഞ്ചിരിയെക്കാൾ മനോഹരമായി മറ്റൊന്നും ഉണ്ടാവാൻ വയ്യാ.

അവൾ ആ വൃദ്ധന്റെതന്നെ മറ്റൊരു മകളായിരിക്കണം. നിശ്ചയമായും ആദ്യം കണ്ടിരുന്നവളുടെ ജ്യേഷ്ഠത്തിയാവണം, എന്നു മരിയൂസു് കുറച്ചിട വിചാരിച്ചു അയാൾ, തന്റെ ഒഴിച്ചുകൂടാത്ത ശീലമായിത്തീർന്ന ലാത്തലിൽ, രണ്ടാമത്തെത്തവണ ബെഞ്ചിന്റെ അടുത്തെത്തി. അവളെ സശ്രദ്ധം സൂക്ഷിച്ചുനോക്കിയപ്പോൾ അതു പണ്ടത്തെ പെൺകുട്ടി തന്നെയാണെന്നു ബോധപ്പെട്ടു. ആറുമാസം കൊണ്ടു് അന്നത്തെ ചെറുപെൺകുട്ടി ഒരു മുതിർന്ന കന്യകയായിത്തീർന്നു; അത്രയേ ഉള്ളൂ ഇതിലധികം സാധാരണമായിട്ടു മറ്റൊന്നില്ല. ഒരു ഘട്ടമുണ്ടു്, അതാ ഒരു ഞൊടിയിടകൊണ്ടു പെൺകുട്ടികൾ വലുതായി; ഒരു ക്ഷണനേരംകൊണ്ടു് പനിനീർപ്പൂവുകളായിത്തീർന്നു. ഇന്നലെ പിരിയുമ്പോൾ അവർ കുട്ടികളാണു്; ഇന്നേക്ക് അവർ വികാരങ്ങളെ നിലതെറ്റിക്കുന്നവരായി.

ഈ കുട്ടി മുതിരുകമാത്രമല്ല ചെയ്തുള്ളു; അവർ ആദർശീഭവിച്ചു. ചില വൃക്ഷങ്ങളെ പൂവുകൊണ്ടു മൂടാൻ ഏപ്രിൽ മാസത്തിലെ ഒരു മൂന്നു് ദിവസം മതിയാകുന്നതുപോലെ, ഇവളെ സൗന്ദര്യംകൊണ്ടു് ഉടുപ്പിടുവിക്കാൻ ആറു മാസമേ വേണ്ടിവന്നുള്ളു. അവളുടെ വസന്തം വന്നു.

ദരിദ്രരും മോശക്കാരുമായ ചിലർ ഉറക്കമുണർന്നതോടുകൂടി, ദാരിദ്ര്യത്തിൽ നിന്നു സമ്പന്നതയിലേക്കു പെട്ടെന്നു കടന്നു്, എല്ലാത്തരം അധികച്ചെലവുകളിലും ഏർപ്പെട്ടു് ഒരു ക്ഷണനേരംകൊണ്ടു് ആളുകളെ അമ്പരപ്പിക്കുന്നവരും, വലിയ ധാരാളികളും, പ്രമാണികളുമായിത്തീരുന്നതു കാണാം. അതു് ഒരു സമ്പാദ്യം പെട്ടെന്നുണ്ടായതിന്റെ ഫലമാണു്; ഇന്നലെ ഒരു നോട്ടു് പണമായി കിട്ടി. ആ ചെറുപ്പക്കാരിക്കും ഒരു വർഷാശനഭാഗം കൈയിൽ വന്നു.

എന്നല്ല, അവൾ ശീലത്തൊപ്പിയും, ‘മെറിനോ’ ഉടുപ്പും, വിദ്യാർഥിനിപ്പാപ്പാസും, ചുകന്ന കൈത്തലങ്ങളുമുള്ള പണ്ടത്തെ വിദ്യാർഥിനിയല്ലാതായി, സൗന്ദര്യത്തോടുകൂടി അവൾക്കു മോടിയും വന്നു; അവൾ യാതൊരു കൃത്രിമനാട്യവുമില്ലാതെ, ഭംഗിയിലും അന്തസ്സിലും ഉടുപ്പിട്ട ഒരുവളായി. അവൾ കറുത്ത പൂമ്പട്ടുകൊണ്ടുള്ള ഒരുടുപ്പും, അതേ വസ്ത്രംകൊണ്ടുള്ള ഒരുടൽമറയും, വെളുത്ത പട്ടു ചുരുൾത്തുണികൊണ്ടു് ഒരു തൊപ്പിയും ധരിച്ചിരുന്നു. കൊത്തുപണിയുള്ള ഒരാനക്കൊമ്പിൻചീനക്കുടക്കാൽകൊണ്ടു കളിക്കുന്ന കൈപ്പടത്തിന്റെ ചന്തത്തെ അവളുടെ വെളുത്ത കൈയുറകൾ വെളിപ്പെടുത്തി; അവളുടെ പട്ടുപാപ്പാസ്സുകൾ കാലടികളുടെ വലുപ്പക്കുറവു് കുറച്ചുകാണിച്ചു. അവളുടെ അരികിലൂടെ പോകുമ്പോൾ, ആഹ്ലാദകരവും ഹൃദയാകർഷകവുമായ ഒരു പരിമളം അവളിൽനിന്നു പുറപ്പെടുന്നതായി തോന്നി.

കൂടെയുള്ള പുരുഷനാണെങ്കിൽ, അയാൾ പതിവുപോലെതന്നെ.

രണ്ടാമത്തെ തവണ മരിയുസു് അടുത്തു ചെന്നപ്പോൾ ആ പെൺകുട്ടി ഒന്നു മേല്പോട്ടു നോക്കി; അവളുടെ കണ്ണുകൾക്ക് അഗാധവും ദിവ്യവുമായ ഒരു നീലനിറമുണ്ടായിരുന്നു. പക്ഷേ, ആ ആകാശത്തിനുള്ളിൽ അതേവരെ ഒരു കുട്ടിയുടെ നോട്ടമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കാട്ടത്തിമരങ്ങളുടെ ചുവട്ടിൽ പാഞ്ഞുകളിക്കുന്ന ചെക്കനേയോ ആ ബെഞ്ചിന്മേലേക്കു നിഴൽ പതിപ്പിച്ച വെണ്ണക്കൽ പ്രതിമയേയോ നോക്കുന്നതുപോലെ, അവൾ മരിയുസ്സിനേയും ഉദാസീനമായി ഒന്നു നോക്കി. മരിയുസ്സാകട്ടെ തന്റെ ലാത്തൽ ശരിക്കു തുടർന്നു; മറ്റെന്തോ ഒന്നിനെപ്പറ്റി ആലോചിച്ചു.

ആ പെൺകുട്ടി ഇരിക്കുന്ന ബെഞ്ചിന്റെ അടുക്കലൂടെ അയാൾ അഞ്ചോ ആറോ കുറി നടന്നുപോയി; പക്ഷേ, അവളുടെ മേലേക്ക് അയാൾ തിരിഞ്ഞുനോക്കുകതന്നെയുണ്ടായില്ല.

പിന്നെയും ദിവസം പ്രതി അയാൾ പതിവനുസരിച്ചു ലുക്സെംബൂറിലേക്കു ചെന്നു; പതിവുപോലെ എപ്പോഴും ‘ആ അച്ഛനേയും മകളേയും’ അവിടെ കണ്ടു; പക്ഷേ, അയാൾ അവരെപ്പറ്റി തീരെ ശ്രദ്ധിച്ചില്ല. ആദ്യത്തിൽ അവളെ ഒരു സാധാരണക്കാരിയായി കരുതിയിരുന്നപ്പോൾ എത്രയോ അതിലൊട്ടുമധികം അവളെ സുന്ദരിയായിക്കണ്ടിട്ടും അയാൾ ശ്രദ്ധിച്ചില്ല. അവൾ ഇരിക്കുന്നതിനുതന്നെ സമീപത്തൂടെ അയാൾ പോയി; അതയാളുടെ പതിവായിരുന്നുവല്ലോ.

3.6.3
വസന്തത്തിന്റെ ഫലം

ഒരു ദിവസം വായുമണ്ഡലത്തിനു ചൂടുണ്ടായിരുന്നു; ലുക്സെംബുർ മുഴുവൻ വെളിച്ചംകൊണ്ടും നിഴൽകൊണ്ടും നിറഞ്ഞു; ദേവന്മാർ അന്നു രാവിലെ കഴുകിവെടിപ്പാക്കിയതുപോലെ, ആകാശം ശുദ്ധമായി; ‘ചെസ്നട്ടു്’ മരങ്ങളുടെ ഇലപ്പടർപ്പുകൾക്കുള്ളിൽ ഇരുന്നു കുരുകില്പക്ഷികൾ ചിലയ്ക്കുന്നു. മരിയുസു് തന്റെ ആത്മാവു മുഴുവൻ പ്രകൃതിക്കായി തുറന്നുവെച്ചു; അയാൾ യാതൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല; അയാൾ ജീവിക്കുകയും ശ്വാസം കഴിക്കുകയും മാത്രം ചെയ്തിരുന്നു. അയാൾ ബെഞ്ചിന്റെ അരികിലൂടെ പോയി; ആ ചെറുപ്പക്കാരി മേല്പോട്ടു നോക്കി; അവരുടെ നോട്ടങ്ങൾ രണ്ടും കൂട്ടിമുട്ടി.

ഇക്കുറി ആ കന്യകയുടെ നോട്ടത്തിൽ എന്തായിരുന്നു വിശേഷിച്ച്? മരിയുസ്സിനു പറയാൻ വയ്യാ. ഒന്നുമുണ്ടായിരുന്നില്ല; എല്ലാമുണ്ടായിരുന്നു. അതൊരത്ഭുതകരമായ മിന്നലായിരുന്നു.’

അവൾ കീഴ്പോട്ടു നോക്കി; അയാൾ നേരെ പോയി.

അയാൾ അപ്പോൾ കണ്ടതു് ഒരു കുട്ടിയുടെ വെറും നിഷ്കളങ്ക നോട്ടമല്ല; അതു പകുതി തുറന്നു, അപ്പോൾത്തന്നെ മുഴുവനുമടഞ്ഞ ഒരു നിഗൂഢ ഗുഹയായിരുന്നു.

പെൺകിടാങ്ങൾ ഇത്തരം നോട്ടം നോക്കുന്ന ചില ദിവസമുണ്ടു്. അപ്പോൾ അതിന്റെ മുൻപിൽ പെടുന്നവരുടെ കഥ കഷ്ടമാണ്!

അതേവരെ തന്നെത്താൻ അറിഞ്ഞിട്ടില്ലാത്ത ഒരാത്മാവിന്റെ ആദ്യ നോട്ടം ആകാശത്തിൽ പ്രഭാതംപോലെയാണു്. അത്ഭുതകരവും പ്രകാശമാനവുമായ എന്തോഎന്നിന്റെ ഉണർച്ചയാണതു്. ആ അപ്രതീക്ഷിതമായ പ്രകാശനാളത്തിന്റെ-പൂജനീയങ്ങളായ നിഴല്പാടുകളിൽനിന്നു പെട്ടെന്നു് അസ്പഷ്ടമായി മിന്നിക്കളയുന്നതും വർത്തമാനകാലത്തിലെ എല്ലാ നിഷ്കളങ്കതയും ഭാവികാലത്തിലെ എല്ലാ വികാരാവേഗവും കൂടിക്കലർന്നുണ്ടായതുമായ ആ നോട്ടത്തിന്റെ—അപായകരമായ ഹൃദയാകർഷകത്വം ഒന്നുകൊണ്ടും വിവരിച്ചൊപ്പിക്കാൻ വയ്യാ യാദൃച്ഛികമായി വെളിപ്പെടുന്നതും പിന്നീടു കാത്തുനില്ക്കുന്നതുമായ ഒരുതരം നിലക്കൊള്ളാത്ത മനസ്സലിവാണതു്. കളങ്കമില്ലാത്ത കന്യക താനറിയാതെ തൊടുത്തുവെക്കുന്ന ഒരു കെണിയാണതു്, ആഗ്രഹിക്കുകയോ അറിയുകയോ ചെയ്യാതെ അവൾ ഹൃദയങ്ങളെ അതിൽ കുടുക്കുന്നു. ഒരു പ്രൗഢയെപ്പോലെ നോക്കുന്ന ഒരു കന്യകയാണതു്.

ആ നോട്ടം എവിടെ ചെന്നു വീഴുന്നുവോ അവിടെനിന്നു് ഒരഗാധമായ മനോരാജ്യം പുറപ്പെടാതിരിക്കുക അപൂർവമാണു്. അടവുകളൊക്കെ നോക്കി തേവിടിശ്ശികളാൽ പ്രയോഗിക്കപ്പെടുന്ന പ്രണയകടാക്ഷങ്ങളെക്കാളെല്ലാം ആത്മാവിന്റെ അഗാധതകൾക്കുള്ളിൽ സുഗന്ധംകൊണ്ടും വിഷംകൊണ്ടും നിറഞ്ഞ് അനുരാഗം എന്നു പറയപ്പെടുന്നതായ ആ ഇരുണ്ട പുഷ്പത്തെ പെട്ടെന്നു വികസിപ്പിക്കുവാൻ അത്ഭുതകരമായ സാമർഥ്യമടങ്ങിയ ആ ദിവ്യവും അപായകരവുമായ നോട്ടത്തിൽ എല്ലാ പരിശുദ്ധികളും എല്ലാ നിഷ്കപടതകളും ഒത്തുകൂടുന്നു.

അന്നു വൈകുന്നേരം, താമസസ്ഥലത്തു തിരിച്ചെത്തിയ ഉടനെ മരിയുസു് തന്റെ ഉടുപ്പുകളൊക്കെ ഒന്നു പരീക്ഷിച്ചു; ആ ‘പതിവുവേഷ’ത്തിൽ-അതായതു് ഒരു ചതഞ്ഞ തൊപ്പിയും, വണ്ടിക്കാരന്റെ പരുക്കൻബൂട്ടുസ്സും മുട്ടിന്മേൽ വെള്ളി പുറപ്പെട്ട കറുപ്പുകാലുറയും കൈമുട്ടുകളിൽ വെളുപ്പു കയറിയ കറുപ്പു കുപ്പായവുമായി-ലുക്സെംബൂറിലേക്കു നടക്കാൻ പോകത്തക്കവണ്ണം താൻ അത്രമേൽ വൃത്തികെട്ടവനും മര്യാദയില്ലാത്തവനും പെരുവങ്കനുമായിപ്പോയല്ലോ എന്നു് അയാൾ അന്നൊന്നാമതായാലോചിച്ചു.

3.6.4
ഒരു മഹാരോഗത്തിന്റെ ആരംഭം

പിറ്റേ ദിവസം പതിവുസമയത്തു്, മരിയുസു് തന്റെ അളുമാറിയിൽനിന്നു പുതിയ പുറംകുപ്പായവും പുതിയ കാലുറയും പുതിയ തൊപ്പിയും പുതിയ ബൂട്ടൂസ്സുകളും പുറത്തേക്കെടുത്തു; ഈ സർവായുധവർഗവും ദേഹത്തിൽ ധരിച്ച്, തന്റെ കൈയുറകൾ എടുത്തിട്ടു് —ഒരു വല്ലാത്ത ധാരാളിത്തം — അയാൾ ലുക്സെംബുറിലേക്കിറങ്ങി.

പോകുംവഴിക്ക് അയാൾ കൂർഫെരാക്കിനെ കണ്ടു, കണ്ടില്ലെന്നും ഭാവിച്ചു നടന്നു. കുർഫെരാക്ക് വീട്ടിൽ തിരിച്ചെത്തിയ ഉടനെ, ചങ്ങാതിമാരോടു പറഞ്ഞു; ‘ഞാനിതാ ഇപ്പോൾ മരിയുസ്സിന്റെ പുതിയ തൊപ്പി പുതിയ കുപ്പായവും അവയ്ക്കുള്ളിൽ മരിയുസ്സിനേയും കണ്ടെത്തി. അയാൾ ഒരു പരീക്ഷയിൽച്ചേർന്നു ജയിക്കാനുള്ള യാത്രയാണു്, സംശയമില്ല. കാഴ്ചയിൽ തികച്ചും വിഡ്ഢിയായി തോന്നി’

ലുക്സെംബുറിൽ എത്തിയ ഉടനെ, ഉറവുകുഴലിന്റെ ചുറ്റും ഒന്നു നടന്നു; അരയന്നങ്ങളെ സൂക്ഷിച്ചുനോക്കി; പിന്നെ, തല പൂപ്പൽ കയറി കറുത്തിരുണ്ടതും അരക്കെട്ടിൽ ഒരു ഭാഗം കാണാതായതുമായ ഒരു പ്രതിമയെ വളരെ നേരം നോക്കിക്കൊണ്ടുനിന്നു. ആ ഉറവുകുഴൽത്തറയുടെ അടുത്തു് അഞ്ചു വയസ്സുള്ള ഒരു ചെറുക്കന്റെ കൈയും പിടിച്ചു നാല്പതു വയസ്സുള്ള ഒരു നാടുവാഴി നിന്നിരുന്നു; ആ നാടുവാഴി കുട്ടിയോടു പറഞ്ഞു: ‘എന്റെ മകനേ, അതിയായതിനെ ഉപേക്ഷിക്കൂ; സ്വേച്ഛാധികാരത്തിൽനിന്നും അരാജകത്വത്തിൽനിന്നും ഒരേ അകലത്തേക്കു മാറി നിന്നേക്കൂ.’ ഈ നാടുവാഴിയുടെ സംസാരം മരിയുസു് നിന്നുകേട്ടു. എന്നിട്ടു ഒരിക്കൽക്കൂടി ആ പ്രദേശം വട്ടംവെച്ചു. ഒടുവിൽ അയാൾ പതുക്കെ, പശ്ചാത്താപത്തോടു കൂടിയെന്നപോലെ, തന്റെ നടക്കാവിലേക്കു തിരിച്ചു. അയാളെ ആരോ അങ്ങോട്ടു ചെല്ലാൻ നിർബന്ധിക്കുന്നുണ്ടെന്നും പിന്നോക്കം പിടിച്ചു വലിക്കുന്നുണ്ടെന്നും തോന്നിപ്പോവും. അയാൾ അതു മനസ്സിലാക്കിയില്ല; എന്നും ചെയ്യാറുള്ളതുപോലെ അന്നും ചെയ്യുകയാണെന്നു വിചാരിച്ചു.

നടവഴിയിലേക്കു തിരിഞ്ഞപ്പോൾ മൊസ്സ്യു ലെബ്ളാങ്ങും ആ ചെറുപ്പക്കാരി പെൺകുട്ടിയുംകൂടി അങ്ങേ അറ്റത്തു് ‘അവരുടെ ബെഞ്ചി’ന്മേൽ ഇരിക്കുന്നതുകണ്ടു. അയാൾ കുപ്പായം മുകൾബ്ഭാഗംവരെ മുറുക്കിക്കുടുക്കിട്ടു; ഒരു ചുളിവുമില്ലാതിരിക്കാൻവേണ്ടി അതു പിടിച്ചു കീഴ്പോട്ടു വലിച്ചു; ഒരുതരം തൃപ്തിയോടു കൂടി കാലുറകളുടെ ഒളിയുന്ന മിന്നിച്ച പരീക്ഷിച്ചു; എന്നിട്ടു ബെഞ്ചിന്റെ നേർക്കുള്ള പുറപ്പാടായി. ആ പുറപ്പാടു് ഒരു യുദ്ധത്തിനുള്ള മട്ടിലായിരുന്നു; നിശ്ചയമായും കീഴടക്കണമെന്നുള്ള ഒരാശയോടുകൂടിയും. അതുകൊണ്ടാണു് ‘ഹാനിബോൾ റോമിന്റെ നേർക്കുള്ള പുറപ്പാടായി’ എന്നു പറയുന്നതുപോലെ, ഞാൻ അയാൾ ബെഞ്ചിന്റെ നേർക്കുള്ള പുറപ്പാടായി എന്നു പറഞ്ഞതു്.

എന്തായാലും, അയാൾ ചെയ്യുന്നതൊക്കെ ഒരു യന്ത്രപ്പണിപോലെയായിരുന്നു; തന്റെ മനസ്സിലുള്ള പതിവു വിചാരങ്ങളേയും പ്രവൃത്തികളേയുമൊന്നും അയാൾ തടഞ്ഞിരുന്നില്ല. അസ്സമയത്തു് അയാൾ മട്രിക്കുലേഷൻ പാഠ്യപുസ്തകം ഒരു കൊള്ളരുതാത്ത പുസ്തകമാണെന്നും, മനുഷ്യബുദ്ധിയിൽനിന്നു പുറപ്പെട്ടിട്ടുള്ള ഏറ്റവും പ്രധാനകൃതികളായി റസീന്റെ മൂന്നു ദുഃഖപര്യവസായി നാടകങ്ങളും മോളിയരുടെ ഒരു നാടകംമാത്രവും എടുത്തുചേർത്തപ്പോൾ അതു് ഏതോ ചില ശുദ്ധമന്തന്മാർ കെട്ടിയുണ്ടാക്കിയതാവണമെന്നും ആലോചിക്കുകയായിരുന്നു. അയാളുടെ ചെക്കിട്ടിൽ ഒരു തുളഞ്ഞുകടക്കുന്ന ചൂളംവിളി നടന്നിരുന്നു. ബെഞ്ചിന്റെ അടുത്തെത്തിയപ്പോൾ, അയാൾ തന്റെ കുപ്പായഞെറികളെ മുറുക്കിപ്പിടിച്ചുകൊണ്ടു്, ആ പെൺകുട്ടിയെ ശ്രദ്ധിച്ചുനോക്കി. അവ്യക്തവും നീലവർണവുമായ ഒരു വെളിച്ചംകൊണ്ടു് അവൾ ആ നടക്കാവിന്റെ അറ്റം മുഴുവനും നിറച്ചിട്ടുള്ളതായി അയാൾക്കു തോന്നി.

അടുത്തടുത്തു ചെല്ലുംതോറും, അയാളുടെ നടത്തം അധികമധികം പതുക്കെയായി ബെഞ്ചിൽനിന്നു കുറച്ചകലെ, തന്റെ പതിവു നടത്തത്തിന്റെ ദൂരം കഴിയുന്നതിന്നു വളരെ മുൻപായി, അയാൾ നിന്നു; എന്തേ പിന്നാക്കംതന്നെ തിരിച്ചുപോയതെന്നു് അയാൾക്കുതന്നെ ആലോചിച്ചിട്ടു കിട്ടിയില്ല. അവസാനം വരെ നടക്കില്ലെന്നു് അയാൾ വിചാരിക്കുകകൂടി ചെയ്തിട്ടില്ല. ആ ചെറുപ്പക്കാരിക്ക് ആ ദൂരത്തുവെച്ച് അയാളെ കണ്ടു മനസ്സിലാക്കാനും പുതിയ ഉടുപ്പിൽ അയാൾക്കുള്ള സൗഭാഗ്യം നോക്കിയറിയാനും സാധിച്ചതു ഞെരുങ്ങിയിട്ടു മാത്രമാണു്. എന്തായിട്ടും, പിന്നിൽനിന്നു് ആരെങ്കിലും നോക്കിക്കണ്ടെങ്കിലോ എന്നു കരുതി അയാൾ നല്ല വണ്ണം നിവർന്നുനിന്നു. അയാൾ എതിർഭാഗത്തേക്ക് അങ്ങേ അറ്റംവരെ നടന്നു; എന്നിട്ടു പിന്നോക്കം മടങ്ങി; ഇക്കുറി അയാൾ ബെഞ്ചിന്റെ കൂറേക്കൂടി അടുത്തു ചെന്നു. മൂന്നു മരങ്ങളുടെ ഇടമാത്രമേ ഇനിയുള്ളു എന്ന ദിക്കുവരേയും അയാൾ നടന്നുചെന്നു; പക്ഷേ, അവിടെനിന്നു മുന്നോട്ടു പോകുന്ന കാര്യം എന്തോ അനിർവാച്യമായ ഒരസാധ്യകർമമായി അയാൾക്കു തോന്നി; അയാൾ ശങ്കിച്ചു. ആ പെൺകിടാവിന്റെ നോട്ടം അയാളുടെ നേർക്കു ചാഞ്ഞിട്ടുള്ളതായി കണ്ടു എന്നു തോന്നി. എങ്കിലും അയാൾ ഒരു പൗരുഷവും ബലാല്ക്കാരവും പ്രയോഗിച്ച്, തന്റെ ശങ്കയമർത്തി, ശരിക്കു മുന്നോട്ടു നടന്നു. ഒരു നിമിഷംകൂടി കഴിഞ്ഞു; നിവർന്നു് ഉറപ്പിച്ചുപിടിച്ചു, ചെവിവരെ ഉടുപ്പു കയറ്റികൊണ്ടു്, വലത്തോട്ടോ ഇടത്തോട്ടോ ഒന്നു തിരിഞ്ഞുനോക്കാൻ ധൈര്യപ്പെടാതെ, അയാൾ, ഒരു രാജ്യതന്ത്രജ്ഞനെപ്പോലെ കൈ രണ്ടും കുപ്പായക്കീശയിൽ തിരുകി, ബെഞ്ചിന്റെ മുൻപിലൂടെ ഒരൊറ്റ നട കൊടുത്തു. ആ പോയ സമയത്ത്-അവിടെയുള്ള ആ പീരങ്കിയുടെ മുൻപിലൂടെ കടന്നപ്പോൾ-തന്റെ ഹൃദയം കലശയായി മിടിക്കുന്നുണ്ടെന്നു് അയാൾക്കു തോന്നി തലേദിവസത്തെപ്പോലെതന്നെ, അന്നും അവൾ പനിനീർപ്പൂമ്പട്ടുകൊണ്ടുള്ള ഉടുപ്പും, പട്ടുചുരുൾത്തുണികൊണ്ടുള്ള തൊപ്പിയുമാണു് ധരിച്ചിരുന്നതു്. അയാൾ അനിർവചനീയമായ ഒരു സ്വരവിശേഷം കേട്ടു; അതു് ‘അവളുടെ ഒച്ച’യായിരിക്കണം അവൾ ശാന്തമായി സംസാരിക്കുകയാണു്. അവൾ വളരെ സുന്ദരിയായിരുന്നു അവളെ നോക്കിക്കാണാൻ ഒരു ശ്രമം ചെയ്തിട്ടില്ലെങ്കിലും, അതയാൾക്കുള്ളിൽ തോന്നി. ‘എന്തായാലും,’ അയാൾ വിചാരിച്ചു, ‘മൊസ്സ്യു ഫ്രാങ്സ്വ ദു് നെഷെതൊ. തന്റെ സ്വന്തമാണെന്ന നിലയിൽ, ‘ജിൽ ബ്ലാസു്’ പുസ്തകത്തിന്റെ പുതുപതിപ്പിൽ ആദ്യമായി കൊടുത്തിട്ടുള്ള മർക്കോസു് ഒബ്രെ ഗോൻങ് ദു് ല രോങ്ദിനെപ്പറ്റിയുള്ള നിരൂപണത്തിന്റെ വാസ്തവത്തിലുള്ള കർത്താവു് ഞാനാണെന്നറിഞ്ഞാൽ അവൾക്ക് എന്റെ മേൽ ഇഷ്ടവും ബഹുമാനവും തോന്നാതിരിക്കാൻ വയ്യാ.’ അയാൾ ബെഞ്ചു വിട്ടുകടന്നു നടവഴിയുടെ അറ്റംവരെ പോയി-അതു നന്നെ അടുത്തായിരുന്നു; എന്നിട്ടും പിന്നോക്കം തിരിഞ്ഞ് ഒരിക്കൽക്കൂടി ആ ഓമനപ്പെൺകുട്ടിയുടെ മുൻപിലൂടെ തിരിച്ചുപോന്നു. ഈ സമയത്തു് അയാൾ വളരെ വിളർത്തിരുന്നു, എന്നല്ല അയാളുടെ വികാരങ്ങളെല്ലാം അസുഖകരങ്ങളുമായിരുന്നു. ആ ബെഞ്ചിൽനിന്നും ആ ചെറുപ്പക്കാരിയിൽനിന്നും വിട്ടുപോന്നു. പുറം അവൾക്കു നേരെ തിരിഞ്ഞുംകൊണ്ടായപ്പോൾ, അവൾ തന്റെ പോക്കു നോക്കിക്കാണുകയാണെന്നു് അയാൾ ഊഹിച്ചു; അതോടുകൂടി കാലിടറി

പിന്നെ ആ ബെഞ്ചിന്റെ അടുക്കലേക്കു പോവാൻ അയാൾ ശ്രമിച്ചിട്ടില്ല; അയാൾ ആ നടവഴിയുടെ നടുക്കു ചെന്നു നിന്നു; അവിടെ-അതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സംഭവം-അയാൾ ഇരുന്നു; എവരുടെ വെളുത്ത തൊപ്പിയും കറുത്ത ഉടുപ്പും താൻ അഭിനന്ദിച്ചുവോ അവർക്കു തന്റെ മേത്തരം കാലുറയും തന്റെ പുതിയ കുപ്പായവും കണ്ടിട്ടു യാതൊരു ഭാവഭേദവുമുണ്ടാവാതിരുന്നതു് കഷ്ടമായി എന്നു് അന്തഃകരണത്തിന്റെ ഏറ്റവും അഗാധമായ അസ്പഷ്ടഭാഗത്തുവെച്ച് അയാൾ ആലോചിച്ചു.

ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു പരിധിയാൽ ചൂഴപ്പെട്ട ആ ബെഞ്ചിന്റെ നേർക്കു വീണ്ടും പുറപ്പെടാനുള്ള ഒരുക്കമാണെന്നു് തോന്നുമാറു്, അയാൾ എഴുന്നേറ്റു. പക്ഷേ, അവിടെ അനങ്ങാതെ നിന്നതേ ഉള്ളൂ. മകളോടു കൂടി ദിവസംപ്രതി അവിടെ ഇരിക്കുന്നതു കാണാറുള്ള ആ മാന്യനു തന്റെ മേൽ ശ്രദ്ധ പതിഞ്ഞിരിക്കുന്നുവെന്നും, തന്റെ ശുഷ്കാന്തി കുറേ അസാധാരണമായി അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവാമെന്നും ആ പതിനഞ്ചു മാസത്തിനുള്ളിൽ അന്നു് ഒന്നാമതായി അയാൾ തന്നത്താൻ പറഞ്ഞു.

എന്നല്ല, ആ അപരിചിതനെ, നിഗൂഢങ്ങളായ മനോരാജ്യങ്ങളിൽവെച്ചാണെങ്കിലും, മൊസ്സ്യു ലെബ്ലാങ് എന്ന പരിഹാസപ്പേർകൊണ്ടു സംബോധനം ചെയ്യുന്നതു് ഏതാണ്ടു് അനാദരമാണെന്നും അന്നൊന്നാമതായി അയാൾക്കു തോന്നി.

തലതാഴ്ത്തി, കൈയിലുള്ള വടികൊണ്ടു മണ്ണിൽ ഓരോ രൂപം വരച്ചുകൊണ്ടു് അയാൾ അങ്ങനെ പല നിമിഷങ്ങളോളം നിന്നു.

എന്നിട്ടു പെട്ടെന്നു് ആ ബെഞ്ചും മൊസ്സ്യു ലെബ്ലാങ്ങും അയാളുടെ മകളും ഉള്ളതിന്റെ എതിർവശത്തേക്കു തിരിഞ്ഞ്, അയാൾ വീട്ടിലേക്കു നടന്നു.

ആ ദിവസം അയാൾ ഭക്ഷണം കഴിക്കാൻ മറന്നു. വൈകുന്നേരം എട്ടു മണിക്ക് ഈ കാര്യം അയാൾക്ക് ഓർമവന്നു; പക്ഷേ, ദ്യു-സാങ്-ഴാക്കിലേക്കു പോവാൻ നേരം വൈകിപ്പോയി എന്നു കണ്ടപ്പോൾ അയാൾ പറഞ്ഞു: ‘സാരമില്ല.’ അയാൾ ഒരു കഷ്ണം അപ്പം തിന്നു.

കുപ്പായം പൊടി തുടച്ച് വളരെ നിഷ്കർഷയോടുകൂടി മടക്കിവെച്ചതിനു ശേഷമേ അയാൾ ഉറങ്ങാൻ കിടന്നുള്ളൂ.

3.6.5
മദാം ബുഴൊങിന്റെ മേൽ പലതരം ഇടിവെട്ടു കൊള്ളുന്നു

പിറ്റെ ദിവസം മദാം ബുഴൊങ്-പടികാവല്ക്കാരിയും പ്രധാന പാർപ്പുകാരിയുമായ കിഴവിക്ക്, ഗോർബോഗുഹയിലെ തറവാട്ടമ്മയ്ക്ക്, ഇങ്ങനെയാണെല്ലൊ കുർഫെരാക് പേരിട്ടിട്ടുള്ളതു്; വാസ്തവത്തിൽ അവളുടെ പേർ നമ്മൾ കണ്ടു പിടിച്ചിട്ടുള്ളതുപോലെ മദാം ബുർഴുവാങ് എന്നായിരുന്നു; പക്ഷേ, ഈ ബിംബാരാധനനി ഷേധി, കുർഫെരാക്, യാതൊന്നിനേയും ബഹുമാനിക്കില്ല-അതേ, മദാം ബുഴൊങ് നമ്മുടെ മൊസ്സ്യു മരിയുസു് പിന്നേയും പുതിയ കുപ്പായമിട്ടു പുറത്തേക്കിറങ്ങുന്നതു് അമ്പരപ്പോടുകൂടി കണ്ടു.

അയാൾ പിന്നെയും ലുക്സെംബുറിലേക്കു പോയി; പക്ഷേ, നടവഴിയുടെ നടുക്കുള്ള തന്റെ ബെഞ്ചുവിട്ടപ്പുറത്തേക്ക് അയാൾ നടന്നില്ല. തലേ ദിവസത്തെപ്പോലെ അയാൾ അവിടെ ഇരുന്നു; ദൂരത്തുനിന്നു നോക്കി ആ വെളുത്ത തൊപ്പിയും കറുത്ത ഉടുപ്പും എല്ലാറ്റിനും മീതേ ആ നീലച്ച വെളിച്ചവും നല്ലവണ്ണം നോക്കിക്കണ്ടു. അയാൾ അവിടെനിന്നനങ്ങിയില്ല; ലുക്സെംബുർതോട്ടത്തിന്റെ വാതിൽ അടയ്ക്കാറായപ്പോഴേ വീട്ടിലേക്കു മടങ്ങിയുള്ളു. മൊസ്സ്യു ലെബ്ലാങ്ങും മകളും അവിടെനിന്നു പോയതു് അയാളറിഞ്ഞില്ല. അവർ ദ്യു ദു് ലുവെയിലേക്കുള്ള പടി കടന്നു പോയിരിക്കണമെന്നു് അയാൾ തീർച്ചയാക്കി. പിന്നീടു്, കുറേ ആഴ്ചകൾക്കുശേഷം, അന്നത്തെക്കുറിച്ചാലോചിച്ചപ്പോൾ, എവിടെയാണു് വൈകുന്നേരം ഭക്ഷണം കഴിച്ചതെന്നു് അയാളെക്കൊണ്ടു് ഓർമിക്കാൻ സാധിച്ചില്ല.

പിറ്റേ ദിവസം, അതായതു് മൂന്നാംദിവസം, മദാം ബുഴൊങ് ഇടിവെട്ടു കൊണ്ടതുപോലെയായി, മരിയുസു് പുതിയ കുപ്പായമിട്ടു പുറത്തേക്കിറങ്ങി. ‘വഴിക്കുവഴിയേ മൂന്നു ദിവസം!’ അവൾ ഉച്ചത്തിൽ പാഞ്ഞു.

അവൾ പിന്നാലെ ചെല്ലാൻ നോക്കി; പക്ഷേ, മരിയുസു്, കാൽ വല്ലാതെ വലിച്ചുവെച്ച്, ക്ഷണത്തിൽ നടന്നുകളഞ്ഞു. അതു് ഒരു ചെറുമാനിന്റെ പാച്ചലിനെ ഒരു നീർക്കുതിര പിന്തുടരുകയായിരുന്നു. രണ്ടു നിമിഷംകൊണ്ടു് അയാൾ കണ്ണിൽ നിന്നു മറഞ്ഞു; അവൾ ശ്വാസംമുട്ടി-മുക്കാൽ ഭാഗവും ശ്വാസരോഗംകൊണ്ടാണു് -ശുണ്ഠിയെടുത്തു തിരിച്ചു പോന്നു. അവൾ മുരണ്ടു: ‘ദിവസംപ്രതി മേത്തരം ഉടുപ്പെടുത്തിട്ടു് ഇങ്ങനെ ആളുകളെ ഓടിപ്പിക്കുന്നതിൽ വല്ല അർഥവുമുണ്ടോ!’

മരിയുസു് നേരെ ലുക്സെംബുറിലേക്കു നടന്നു.

ആ ചെറുപ്പക്കാരി മൊസ്സ്യു ലെബ്ലാങ്ങോടുകൂടി അവിടെയുണ്ടു്. മരിയുസു് ഒരു പുസ്തകം കൊണ്ടുപിടിച്ചു വായിക്കുകയാണെന്ന നാട്യത്തിൽ കഴിയുന്നതും അടുത്തു ചെന്നു, പക്ഷേ, കുറച്ചടുത്തപ്പോൾ അയാൾ നിന്നു. പിന്നോക്കം മടങ്ങി തന്റെ ബെഞ്ചിന്മേൽത്തന്നെ ചെന്നിരിപ്പായി; അവിടെ ഇരുന്നു് അയാൾ ആ വഴിയിലൂടെ പാറിനടക്കുന്ന നാട്ടുകരുകില്പക്ഷികളെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് നാലു് മണിക്കൂർ ചെലവാക്കി; ആ പക്ഷികൾ തന്നെ പരിഹസിക്കുകയാണെന്നു് അയാൾക്കു തോന്നി.

ഇങ്ങനെ ഒരു പതിനഞ്ചു ദിവസം കഴിഞ്ഞു. മരിയുസ്സിന്റെ ലുക്സെംബുറിലേക്കുള്ള യാത്ര അതിൽപ്പിന്നെ ലാത്തുവാൻ വേണ്ടിയല്ലാതായി; അതു് എപ്പോഴും ആ അതേ ബെഞ്ചിന്മേൽച്ചെന്നിരിക്കാനായി; അതെന്തിനെന്നു് അയാൾക്കറിഞ്ഞുകൂടാ. ഒരിക്കൽ അവിടെ എത്തിച്ചേർന്നാൽപ്പിന്നെ അയാൾ അനങ്ങുകയില്ല. തന്നെ കണ്ടറിയിക്കാതിരിക്കാൻവേണ്ടി ദിവസംപ്രതി രാവിലെ അയാൾ ആ പുതിയ കുപ്പായം എടുത്തിടും; അതൊക്കെത്തന്നെ പിറ്റേ ദിവസവും ആവർത്തിക്കും.

തീർച്ചയായും അവൾ ഒരസാധാരണസുന്ദരിയായിരുന്നു. അല്പമൊരു ദോഷം പറയാനുണ്ടെങ്കിൽ അതു് ആ കുണ്ഠിതം കാട്ടുന്ന നോട്ടവും ആഹ്ലാദം നിറഞ്ഞ പുഞ്ചിരിയും തമ്മിലുള്ള വിരുദ്ധത അവളുടെ മുഖത്തിനു് ഒരു വല്ലായ്മയുണ്ടാക്കിയിരുന്നു എന്നുള്ളതു മാത്രമാണു്; അതു് ആ ഓമനമുഖത്തു്, അതിന്നുള്ള ഹൃദയാകർഷകത്വം ഇല്ലാതാക്കാതെ, ഒരസാധാരണത്വമുണ്ടാക്കിത്തീർത്തു.

3.6.6
തടവിലായി

രണ്ടാമത്തെ ആഴ്ചയിൽ ഒടുവിലെ ഒരു ദിവസം മരിയുസു് പതിവുപോലെ കൈയിൽ ഒരു തുറന്ന പുസ്തകവും വെച്ചു തന്റെ ബെഞ്ചിന്മേൽ ഇരിക്കുകയാണു്; അയാൾ രണ്ടു മണിക്കൂറിനിടയ്ക്ക് ആ പുസ്തകത്തിന്റെ ഒരേടും മറിക്കുകയുണ്ടായിട്ടില്ല. പെട്ടെന്നു് അയാൾ ഞെട്ടി. നടവഴിയുടെ അങ്ങേ അറ്റത്തു് ഒരു കാര്യം നടന്നിരുന്നു. ലെബ്ലാങ്ങും മകളുംകൂടി ആ ഇരിപ്പിടത്തിൽനിന്നു് അതാ എഴുന്നേറ്റിറങ്ങി; മകൾ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നു; രണ്ടുപേരുംകൂടി മരിയുസു് ഇരിക്കുന്ന നടവഴിയുടെ മധ്യത്തിലേക്കു പതുക്കെ നടന്നുവരികയാണു്. മരിയുസു് പുസ്തകമടച്ചു, വീണ്ടും തുറന്നു. കല്പിച്ചുകൂട്ടി പിന്നെയും വായ ആരംഭിച്ചു; അയാൾ വിറച്ചു; ആ തേജഃപരിധി അയാളുടെ നേരിട്ടുവരികയാണു്. ‘ഹാ! എന്റെ ഈശ്വരാ!’ അയാൾ വിചാരിച്ചു, ‘എനിക്കു വേണ്ടപോലെ ഒന്നു കരുതിയിരിക്കാൻ ഇട കിട്ടില്ല.’ ആ നരച്ചാളും പെൺകുട്ടിയും മുൻപോട്ടുതന്നെ വരുന്നുണ്ടു്. ഈ വരവു് ഒരു നൂറ്റാണ്ടിലേക്കു മുഴുവൻ ഉണ്ടായിയെന്നു് അയാൾക്കു തോന്നി; ഒരു നിമിഷമേ ഉണ്ടായുള്ളുതാനും. ‘എന്തിനാണു് അവരിങ്ങോട്ടു വരുന്നതു?’ അയാൾ സ്വയം ചോദിച്ചു. ‘എന്ത്! അവൾ ഇതിലെ കടന്നു പോവും? ഈ മണലിലൂടെ, ഈ വഴിയിലൂടെ, ഞാനിരിക്കുന്നതിനു രണ്ടടിയടുക്കലൂടെ, അവൾ കാൽവെച്ചുപോവും?’ അയാൾ തികച്ചും മലച്ചു; അയാൾക്കു വളരെ സുന്ദരനായിരുന്നാൽ കൊള്ളാമെന്നു തോന്നി; വലിയ പദവി ചിഹ്നമുണ്ടായിരുന്നാൽ കൊള്ളാമെന്നു് അയാൾ ആഗ്രഹിച്ചു. അടുത്തു വരുന്ന അവരുടെ മൃദുലവും ക്രമാനുഗതവുമായ കാൽപ്പെരുമാറ്റം അയാൽ കേട്ടു. മൊസ്സ്യു ലെബ്ലാങ് തന്റെ മേൽ ശുണ്ഠിയെടുത്തു നോക്കുന്നുണ്ടെന്നു് അയാൾ വിചാരിച്ചു. ‘അദ്ദേഹം എന്നോടു വല്ലതും പറയാൻ ഭാവമുണ്ടോ?’ അയാൾ സ്വയം വിചാരിച്ചു. അയാൾ തല കുനിച്ചു; പിന്നീടു തല പൊന്തിച്ചപ്പോഴേക്ക് അവർ നന്നെ അടുത്തെത്തിയിരിക്കുന്നു. ആ ചെറുപ്പക്കാരി കടന്നു; ആ കടന്നുപോകുംവഴിക്ക് അവൾ അയാളെ ഒന്നു നോക്കി. ഒരു കുണ്ഠിതത്തോടുകൂടിയ ഓമനത്തം കലർന്നു് അവൾ അയാളെ സശ്രദ്ധം ഒന്നു നോക്കിക്കണ്ടു; ആ നോട്ടം അയാളിൽ ആപാദചൂഡം വ്യാപിച്ചു. അവൾ ഇരിക്കുന്നേടത്തേക്ക് അടുത്തു ചെല്ലാതെ അത്രയും കാലം കളഞ്ഞതിനു് അയാളെ ശകാരിക്കുന്നതുപോലെയും, ‘ആട്ടെ, ഞാനങ്ങോട്ടു വരാം’ എന്നു് അയാളോടു പറയുന്നതുപോലെയും തോന്നി. പ്രകാശനാളങ്ങളും അന്ധകാരകുണ്ഡങ്ങളും ഇടതൂർന്നു് കലർന്ന ആ കണ്ണുകൾ കണ്ടു മരിയുസു് അഞ്ചിപ്പോയി.

അയാൾക്കു തന്റെ തലച്ചോറിനു തീപ്പിടിച്ചതായി തോന്നി. അവൾ തന്റെ അടുക്കലേക്കു വന്നു, എന്താനന്ദം! പിന്നെ, അവൾ തന്നെ എങ്ങനെ നോക്കിക്കണ്ടു; അതേവരെ കണ്ടിട്ടുള്ളതിലെല്ലാമധികം അന്നു് അവൾ സുന്ദരിയായി കാണപ്പെട്ടു. തികച്ചും ദിവ്യവും സ്ത്രീജനോചിതവുമായ ഒരു സൗന്ദര്യത്തോടുകൂടി, പെട്രാക്കിനെക്കൊണ്ടു പാടിപ്പിക്കുന്നതും ദാന്തെയെക്കൊണ്ടു മുട്ടുകുത്തിക്കുന്നതുമായ ഒരു പരിപൂർണസൗന്ദര്യത്തോടുകൂടി, അവൾ അതിസുന്ദരിയായി കാണപ്പെട്ടു നീലച്ച ആകാശത്തിൽ സ്വതന്ത്രമായി താൻ പൊന്തിനില്ക്കുകയാണെന്നു് അയാൾക്കു തോന്നി. ആ സമയത്തുതന്നെ ബൂട്ടൂസുകളിൽ പൊടിയുള്ളതുകൊണ്ടു് അയാൾക്ക് എന്തെന്നില്ലാത്ത മുഷിച്ചലുണ്ടായി.

അവൾ തന്റെ ബൂട്ടൂസുകളിലേക്കും നോക്കിയിരിക്കുന്നു, തീർച്ചയാണെന്നു് അയാൾക്ക് തോന്നി.

മറയുന്നതുവരെ അവളെ അയാൾ നോക്കിക്കണ്ടു. എന്നിട്ടു് അവിടെ നിന്നെണീറ്റു; ഒരു ഭ്രാന്തനെപ്പോലെ ലുക്സെംബുർതോട്ടത്തിൽ ചുറ്റിനടന്നു. ചില സമയത്തു് അയാൾ തന്നെത്താൻ ചിരിച്ചു എന്നും ഉച്ചത്തിൽ സംസാരിച്ചു എന്നും വരാം. കുട്ടികളുടെ പോറ്റമ്മമാർക്കടുത്തെത്തിയപ്പോൾ അവരിൽ ഓരോരുത്തിയും അയാൾ തന്നെ ഭ്രമിച്ചിരിക്കയാണെന്നു കരുതിപ്പോകുമാറു് മരിയുസു് അത്രമേൽ മനോരാജ്യത്തിൽ മുങ്ങിയിരുന്നു.

അവളെ വീണ്ടും തെരുവിൽവെച്ചു കാണാമെന്നു കരുതി അയാൾ ലുക്സെംബുറിൽനിന്നു പോയി.

ഒദെയോങ്ങിലെ അണിത്തോരണങ്ങളുടെ ചുവട്ടിൽവെച്ച് അയാൾ കുർഫെരാക്കിനെ കണ്ടു. അയാൾ പറഞ്ഞു: ‘വരൂ നമുക്കിന്നു് ഒരുമിച്ചു ഭക്ഷണം കഴിക്കാം.’ അവർ റൂസ്സോവിന്റെ ഹോട്ടലിൽ പോയി ആറു ഫ്രാങ്ക് ചെലവഴിച്ചു. മരിയുസു് ഒരു രാക്ഷസനെപ്പാലെ സാപ്പിട്ടു. അയാൾ ഭൃത്യന്നു് ആറു സൂ കൊടുത്തു. പലഹാരം കഴിക്കുന്ന സമയത്തു്, അയാൾ കുർഫെരാക്കോടു പറഞ്ഞു: ‘നിങ്ങൾ വർത്തമാന പത്രം നോക്കിയോ? ഒദ്രിദ്പ്വിരവൊ എത്ര ഭംഗിയിൽ സംസാരിച്ചു!’

അയാൾ പിടിച്ചാൽ കിട്ടാത്തവിധം അനുരാഗത്തിൽ മുങ്ങിയിരിക്കുന്നു.

ഭക്ഷണം കഴിഞ്ഞതിനുശേഷം, അയാൾ കുർഫെരാക്കോടു പറഞ്ഞു. ‘ഞാൻ നിങ്ങളെ നാടകത്തിന്നു കൊണ്ടുപോവാം.’ അവർ പൊർതു് സാങ് മർതെങ്ങിൽ ‘ലൊബരഷ് ദെസു് അദ്രെ’ എന്ന നാടകത്തിലെ ഫ്രെദരിക്കിനെ കാണാൻ പോയി മരിയുസു് കലശലായി രസിച്ചു.

അതോടൊപ്പംതന്നെ, അയാൾക്കു ശക്തികൂടിയ ഒരു ലജ്ജയും ബാധിച്ചു. നാടകശാലയിൽനിന്നു പുറത്തേക്കു കടന്നപ്പോൾ ഒരോവുചാലു കവച്ചുകടക്കുന്ന ഒരു ശൃംഗാരവേഷക്കാരിയുടെ കാലുറക്കെട്ടിലേക്കു നോക്കാൻ അയാൾ കൂട്ടാക്കിയില്ല; എന്നല്ല; ‘ആ സ്ത്രീയെ ഞാനെന്റെ കണക്കിൽ വെക്കും’ എന്നു പറഞ്ഞ് കുർഫെരാക്ക് അയാളെ ഏതാണ്ടു പേടിപ്പിച്ചു.

പിറ്റേദിവസം രാവിലെ പ്രാതലിനു കുർഫെരാക്ക് അയാളെ വോൾത്തെയർ കാപ്പിപ്പീടികയിലേക്കു ക്ഷണിച്ചു. മരിയുസു് അങ്ങോട്ടു പോയി; അന്നു്, തലേദിവസം വൈകുന്നേരത്തെക്കാളധികം ഭക്ഷിച്ചു. അയാൾ ആലോചനയിൽ മുങ്ങിയും അത്യന്തം ഉന്മേഷം കയറിയുമിരുന്നു. ഉറക്കെ പൊട്ടിച്ചിരിക്കാൻ എപ്പോഴാണു് തരംകിട്ടുന്നതെന്നു് അയാൾ നോക്കിയിരിക്കയാണോ എന്നു തോന്നിപ്പോകും നാട്ടുപുറത്തുകാരായ ആരെയെല്ലാമാണോ അയാളുമായി പരിചയപ്പെടുത്തിയതു്, അവരെയെല്ലാം അയാൾ സ്നേഹപൂർവം ആലിംഗനം ചെയ്തു. മേശയ്ക്കു ചുറ്റു ഒരുകൂട്ടം വിദ്യാർഥികൾ വന്നുകൂടി, അവർ സൊർബൊന്നിലെ പ്രസംഗപീഠത്തിൽനിന്നു രാജ്യക്കാരുടെ ചെലവിന്മേൽ പുറപ്പെട്ട വങ്കത്തരത്തെപ്പറ്റി സംസാരിച്ചു; അതു കഴിഞ്ഞ് അവരുടെ സംഭാഷണം ഗിഷെരോവിന്റെ നിഘണ്ടുകളിലും വ്യാകരണങ്ങളിലുള്ള കുറ്റങ്ങളിലേക്കും കുറവുകളിലേക്കും കടന്നു. മരിയുസു് അവരുടെ വാദപ്രതിവാദം തടഞ്ഞു പറഞ്ഞു: ‘എന്തായാലും കുരിശു കയറുന്നതു് ഒരു രസമുള്ളതാണു്.’

‘അതു നേരമ്പോക്കുണ്ടു്,’ കുർഫെരാക്ക് ഴാങ് പ്രുവെരുടെ ചെകിട്ടിൽ മന്ത്രിച്ചു

‘അല്ല,’ പ്രുവെർ ഉത്തരം പറഞ്ഞു, ‘അതു ഗൗരവമുള്ളതാണു്.’

അതു ഗൗരവമുള്ളതായിരുന്നു; മരിയുസു് വാസ്തവത്തിൽ മഹത്തരങ്ങളായ മനഃക്ഷോഭങ്ങൾ പുറപ്പെടുന്ന ആ ആദ്യത്തെ കഠിനവും കൗതുകകരവുമായ ഘട്ടങ്ങളിൽ എത്തിയിരുന്നു.

ഒരു നോട്ടമാണു് ഇതൊക്കെ വരുത്തിത്തീർത്തതു്.

വെടിക്കുഴിയെല്ലാം മരുന്നിട്ടടിച്ചു കഴിഞ്ഞു. വെടിവെക്കാൻ വേണ്ടതെല്ലാം തയ്യാറായാൽ, പിന്നെ പ്രയാസമൊന്നുമില്ല. ഒരു നോട്ടം ഒരു തീപ്പൊരിയാണു്.

അയാളുടെ കാര്യം കഴിഞ്ഞു. മരിയുസു് ഒരു സ്ത്രീയെ സ്നേഹിച്ചു. അയാളുടെ കർമഗതി അജ്ഞാനത്തിലേക്കു കടന്നു.

കാഴ്ചയിൽ ശാന്തങ്ങളാണെങ്കിലും ഭയങ്കരങ്ങളായ ചില ചക്രങ്ങളുടെ കൂട്ടിയിണക്കലുകൾപോലെയാണു് സ്ത്രീകളുടെ നോട്ടം. സമാധാനത്തോടുകൂടിയും തകരാറില്ലാതെയും യാതൊരു ശങ്കയ്ക്കും വഴിയില്ലാതെയും നിങ്ങൾ ദിവസം പ്രതി അവയ്ക്കടുക്കലൂടെ കടന്നുപോകുന്നു. അങ്ങനെയൊന്നവിടെ ഉണ്ടെന്നു തന്നെ നിങ്ങൾ ഓർമിക്കാത്ത സമയമുണ്ടു്. നിങ്ങൾ പോകുന്നു, വരുന്നു, മനോരാജ്യം വിചാരിക്കുന്നു, സംസാരിക്കുന്നു, ചിരിക്കുന്നു. പെട്ടെന്നു് എന്തോ ഒന്നു നിങ്ങളെ ഇറുക്കിയതായി തോന്നുന്നു; കാര്യം കഴിഞ്ഞു. ചക്രങ്ങൾ നിങ്ങളെ മുറുകെപ്പിടിച്ചു; നോട്ടം നിങ്ങളെ കെണിച്ചുകഴിഞ്ഞു, എവിടെവെച്ചായാലും എങ്ങനെയായാലും അവിടവിടെ പാറിപ്പറന്നിരുന്ന നിങ്ങളുടെ വിചാരത്തിന്റെ ഒരു ഭാഗം കൊണ്ടു, നിങ്ങളെ ബാധിച്ചിരുന്ന എന്തോ ഒരു നോട്ടക്കുറവുകൊണ്ടു് അതു നിങ്ങളെ പിടിച്ചു. നിങ്ങൾ കുടുങ്ങി. നിങ്ങൾ ആകെ ആ കെണിയിലായി. നിഗൂഢശക്തികളുടെ ഒരു ചങ്ങല നിങ്ങളെ പിടികൂടി, നിങ്ങൾ വൃഥാവിൽ വിട്ടുപോരാൻ നോക്കുന്നു. ഇനി മനുഷ്യനെക്കൊണ്ടു നിങ്ങളെ വിടുവിക്കാൻ സാധിക്കില്ല. ചക്രപ്പല്ലിൽനിന്നു ചക്രപ്പല്ലിലേക്കും, മരണവേദനയിൽനിന്നു് മരണവേദനയിലേക്കും, കഠിനദണ്ഡനത്തിൽനിന്നു കഠിനദണ്ഡനത്തിലേക്കുമായി നിങ്ങൾ മറിഞ്ഞുമറിഞ്ഞു പോകുകതന്നെ-അതേ, നിങ്ങൾ —നിങ്ങളുടെ മനസ്സു്, നിങ്ങളുടെ ഭാഗ്യം, നിങ്ങളുടെ ഭാവി, നിങ്ങളുടെ ആത്മാവു്; ഒരു ദുഷ്ടജന്തുവിന്റെ പിടിയിലോ ഒരു വിശിഷ്ട ഹൃദയത്തിന്റെ കൈയിലോ നിങ്ങൾ പെട്ടിട്ടുള്ളതെന്നുവെച്ചാൽ അതനുസരിച്ച്, ഒന്നുകിൽ അവമാനത്താൽ വൈകൃതപ്പെട്ടിട്ടോ അല്ലെങ്കിൽ ദുഃഖാനുഭവത്താൽ രൂപാന്തരപ്പെട്ടിട്ടോ അല്ലാതെ ആ ഭയങ്കരയന്ത്രത്തിൽനിന്നു വിട്ടുപോരുക നിങ്ങളെക്കൊണ്ടു സാധിക്കുന്നതല്ല.

3.6.7
ഊഹാപോഹങ്ങൾക്കായി വിട്ടുകൊടുക്കപ്പെട്ട ‘ഉ’ എന്ന അക്ഷരത്തിന്റെ അപൂർവകഥകൾ

ഒറ്റപ്പെടൽ, എല്ലാറ്റിൽനിന്നും വിട്ടുനില്ക്കൽ, അഭിമാനം, സ്വാതന്ത്ര്യം, പ്രകൃതിയെ ആസ്വദിക്കൽ; ദൈനന്ദിനവും ലൗകികവുമായ പ്രവൃത്തിയുടെ അഭാവം, ആന്തരമായ ജീവിതം, ചാരിത്രത്തിന്റെ നിഗൂഢശണ്ഠകൾ, എല്ലാ സമസൃഷ്ടികളേയും കുറിച്ചു ദയാപരമായുള്ള സന്തോഷാധിക്യം-ഇതുകളെല്ലാംകൂടി കാമവികാരമെന്നു പേരായ ബാധയ്ക്കാവശ്യമുള്ള ഒരുക്കങ്ങളെയെല്ലാം മരിയുസ്സിനെക്കൊണ്ടു ചെയ്യിച്ചുവെച്ചിരുന്നു. അച്ഛനെയുള്ള ആരാധനം പതുക്കെക്കൊണ്ടു് ഒരു മതമായി; അതു്, എല്ലാ മതങ്ങളേയുംപോലെ, ആത്മാവിന്റെ അഗാധതകളിലേക്കു വാങ്ങിനിന്നു. മകൾഭാഗത്തേക്ക് എന്തെങ്കിലുമൊന്നു വേണം. അനുരാഗം വന്നു.

ഒരു മാസം കഴിഞ്ഞു; ദിവസംപ്രതി മരിയുസു് ലുക്സെംബുറിലേക്കു പോയിരുന്നു. ആ സമയമെത്തിയാൽ അയാളെ പിന്നെ യാതൊന്നിനും തടയാൻ വയ്യാ. ‘അയാൾക്കു പ്രവൃത്തിയുണ്ടു്,’ കുർഫെരാക് പറഞ്ഞു. മരിയുസു് ഒരതരം ആനന്ദത്തിൽ കഴിഞ്ഞു. ആ ചെറുപ്പക്കാരി അയാളുടെ നേരെ നോക്കി, തീർച്ചയാണു്.

ഒടുവിൽ അയാൾക്കു ധൈര്യംവെച്ചു; ബെഞ്ചിനടുത്തു ചെന്നു. എങ്കിലും കാമുകസാധാരണമായ ലജ്ജകൊണ്ടും കരുതൽകൊണ്ടും, പിന്നെ ഒരിക്കലും അയാൾ ആ ബെഞ്ചിന്റെ മുൻപിലൂടെ പോയിട്ടില്ല. ‘അച്ഛന്റെ ശ്രദ്ധയെ’ ആകർഷിക്കാതിരിക്കുന്നതാണു് അധികം ഗുണമെന്നു് അയാൾ കരുതി. ഒരഗാധമായ ബുദ്ധി കൗശലത്തോടുകൂടി മരങ്ങളുടേയും പ്രതിമകൾക്കുള്ള പീഠങ്ങളുടേയും ചുവട്ടിൽ അയാൾ നിൽപ്പുറപ്പിച്ചു; അങ്ങനെയായാൽ ആ പെൺകുട്ടി അയാളെ വേണ്ടിടത്തോളം കാണാനും ആ വയസ്സൻ അയാളെ തീരെ കാണാതെ കഴിയാനും സൗകര്യമുണ്ടു്. ചിലപ്പോൾ, ഒരു ലിയോണിദാസ്സിന്റേയോ ഒരു സ്പാർട്ടാക്യുസ്സിന്റേയോ പ്രതിമയുടെ തണലിൽ, കൈയിൽപ്പിടിച്ചിട്ടുള്ള പുസ്തകത്തിനു് മുകളിലൂടെ പതുക്കെ ആ സുന്ദരിയായ പെൺകിടാവിനെ നോക്കിക്കണ്ടുകൊണ്ടു് അയാൾ അരമണിക്കൂർനേരം മുഴുവനും അനങ്ങാതെ നില്ക്കും; അവളോ അസ്പഷ്ടമായ ഒരു പുഞ്ചിരിയോടുകൂടി തന്റെ മനോഹരമുഖം അയാളുടെ നേർക്കു തിരിക്കും വെറും സാധാരണമട്ടിൽ യാതൊരു ഭാവഭേദവും കൂടാതെ ആ നരച്ച മനുഷ്യനുമായി ഓരോന്നു സംസാരിക്കുന്നതിനിടയ്ക്ക്, കന്യകോചിതവും വികാരപരവുമായ ഒരു നോട്ടത്തിലെ എല്ലാ മനോരാജ്യങ്ങളും അവൾ മരിയുസ്സിന്റെ നേർക്കു ചായ്ച്ചുവിട്ടു ലോകത്തിന്റെ ആദ്യകാലം മുതൽക്ക് ഈവിന്നു മനസ്സിലായിട്ടുള്ളതും ജീവിതത്തിന്റെ ആരംഭത്തോടുകൂടി ഓരോ സ്ത്രീക്കും അറിവുള്ളതുമായ ആ പുരാതനവും കാലപ്പഴക്കത്താൽ ബഹുമാന്യവുമായ പടപ്പയറ്റ്! അവൾ വായകൊണ്ടു് ഒരാളോടു മറുപടി പറഞ്ഞു, നോട്ടംകൊണ്ടു് മറ്റൊരാളോടു മറുപടി പറഞ്ഞു.

ഒടുവിൽ മൊസ്സ്യു ലെബ്ലാങ്ങിനു് എന്തോ മനസ്സിലായി എന്നൂഹിക്കണം: എന്തു കൊണ്ടെന്നാൽ പലപ്പോഴും മരിയുസു് ചെന്ന ഉടനെ ആ വൃദ്ധൻ എഴുന്നേറ്റു ലാത്താൻ തുടങ്ങും. അയാൾ പതിവുസ്ഥലം വിട്ടു. മരിയുസു് അവരെ തിരഞ്ഞ് അങ്ങോട്ടും ചെല്ലുമോ എന്നറിയാൻവേണ്ടിയിട്ടെന്നപോലെ, നടവഴിയുടെ ഏതാണ്ടു മറ്റേ അറ്റത്തുള്ള ബെഞ്ചിന്മേൽ ഇരിപ്പാക്കി. മരിയുസു് അതു മനസ്സിലാക്കിയില്ല; ആ അബദ്ധം പ്രവർത്തിച്ചു. ‘അച്ഛൻ’ ചിലപ്പോൾ കണിശക്കേടു കാട്ടിത്തുടങ്ങി ദിവസംപ്രതി ‘തന്റെ മകളെ’ കൂടെ കൊണ്ടുവരാതായി. ചിലപ്പോൾ അയാൾ തനിച്ചുവരും. എന്നാൽ മരിയുസു് പിന്നെ താമസിക്കുകയില്ല. മറ്റൊരബദ്ധം

ഈ രോഗനിദാനങ്ങളെ മരിയുസു് വിലവെച്ചില്ല പ്രകൃത്യനുസൃതവും അപായകരവുമായ അഭിവൃദ്ധിയാൽ അയാൾ ലജ്ജയിൽനിന്നു വിട്ടു് അന്ധത്വത്തിലേക്കു കടന്നു. അയാളുടെ അനുരാഗം വർദ്ധിച്ചു. ദിവസംപ്രതി രാത്രി അയാൾ അതിനെപ്പറ്റി സ്വപ്നം കണ്ടു. അങ്ങനെ ഒരിക്കൽ ഒരപ്രതീക്ഷിതമായ ആനന്ദം അയാൾ അനുഭവിച്ചു-തിയ്യിൽ എണ്ണ, കണ്ണിന്മുൻപിലുള്ള നിഴല്പാടുകളുടെ ഒരിരട്ടിപ്പു്. ഒരു ദിവസം വൈകുന്നേരം, സന്ധ്യയോടുകൂടി, ‘മൊസ്സ്യു ലെബ്ലാങ്ങും മകളും’ അപ്പോൾത്തന്നെ വിട്ടുപോയ ബെഞ്ചിൻന്മേൽ ഒരു കൈലേസു്, യാതൊരു തുന്നൽപ്പണിയും കൂടാത്ത ഒരു വെറും സാധാരണക്കൈലേസ്—പക്ഷേ, വെളുത്തതും ഭംഗിയുള്ളതും അനിർവചനീയമായ ഒരു പരിമളത്തെ പുറപ്പെടുവിക്കുന്നതായി അയാൾ കരുതിയതുമായ ഒന്ന്-മരിയൂസു് കണ്ടെത്തി. അയാൾ അത്യാഹ്ലാദത്തോടുകൂടി അതെടുത്തു ഈ കൈലേസ്സിൽ രണ്ടക്ഷരം തുന്നിപ്പിടിപ്പിച്ചിരുന്നു. ഉ. ഫ. മരിയുസ്സിനു് ആ സുന്ദരിയായ പെൺകിടാവിന്റെ കുടുംബപ്പേരാവാവട്ടെ. താമസസ്ഥലമാവട്ടെ, യാതൊന്നും അറിഞ്ഞുകൂടാ; ഈ രണ്ടക്ഷരമാണു് അയാൾക്ക് ആദ്യമായി അവളെപ്പറ്റി കൈയിൽകിട്ടിയത്— പൂജനീയങ്ങളായ രണ്ടക്ഷരങ്ങൾ; അതുകളിന്മേൽ അയാൾ ക്ഷണത്തിൽ തന്റെ തൂക്കുമരത്തിണ്ണ പണിചെയ്തു. ‘ഉ’ പ്രത്യക്ഷത്തിൽ അവളുടെ ക്രിസ്ത്യൻ വ പേരാണു്. ‘ഉർസുൽ,’ അയാൾ വിചാരിച്ചു. ‘എന്തൊരു രസമുള്ള പേര്!’ അയാൾ ആ കൈലേസു് ചുംബിച്ചു. അതു നൊട്ടിയിറക്കി നെഞ്ഞത്തു വെച്ചു, പകൽനേരം മേൽവെച്ചമർത്തി, രാത്രി അതിന്മേൽ കിടന്നുറങ്ങാൻവേണ്ടി ചുണ്ടുകൾക്കു ചുവട്ടിൽ വെച്ചു.

‘ഇതിനുള്ളിൽ അവളുടെ ആത്മാവു മുഴുവനുമുണ്ടെന്നു് എനിക്കു തോന്നുന്നു!’ അയാൾ ഏതാണ്ടുച്ചത്തിൽ പറഞ്ഞു. ഈ കൈലേസു് ആ മാന്യവൃദ്ധന്റേതായിരുന്നു. അതയാൾ കീശയിൽനിന്നു സംഗതിവശാൽ താഴെയിട്ടു.

ഈ നിധി കണ്ടെത്തിയതിനു ശേഷമുള്ള ദിവസങ്ങളിലൊക്കെ ലുക്സെംബുറിൽ ചെന്നാൽ തന്റെ മനസ്സു തുറന്നു കാണിക്കാൻവേണ്ടി അയാൾ കൈലേസ്സു ചുംബിക്കുകയും മാറത്തടുപ്പിച്ചുവെക്കുകയും ചെയ്തുപോന്നു. ആ സുന്ദരിയായ പെൺകിടാവിനു് അതിന്റെയൊന്നിന്റെയും സാരം മനസ്സിലായിരുന്നില്ല; അവൾ അതയാൾക്കു ചില അസ്പഷ്ടാംഗ്യങ്ങളെക്കൊണ്ടു സൂചിപ്പിച്ചുകൊടുത്തു.

‘നാണം!’ മരിയുസു് പറഞ്ഞു.

3.6.8
വൃദ്ധഭടന്മാർക്കുതന്നെയും സുഖമാവാം

നാണം എന്ന വാക്കു ഞങ്ങൾ ഉച്ചരിച്ച സ്ഥിതിക്കും യാതൊന്നും മറച്ചുവെക്കുന്നില്ലാത്ത സ്ഥിതിക്കും അയാളുടെ ആനന്ദാധിക്യങ്ങളെല്ലാമിരുന്നാലും, എന്തായിട്ടും, ഒരിക്കൽ അയാളുടെ ഉർസുൽ അയാളെ വല്ലാതെ വ്യസനിപ്പിച്ചു എന്നു ഞങ്ങൾ പറയേണ്ടിയിരിക്കുന്നു. ബെഞ്ചിന്മേൽനിന്നെഴുന്നേറ്റു നടവഴിയിലൂടെ ലാത്തുവാൻ അവൾ മൊസ്സ്യു ലെബ്ലാങ്ങോടാവശ്യപ്പെട്ട ദിവസങ്ങളിൽ ഒന്നാണതു്. ഒരുശിരുള്ള മെയ്മാസക്കാറ്റടിക്കുന്നു. അതു് വാഴകളുടെ തലയിട്ടുലച്ചു. അച്ഛനും മകളുംകൂടി കൈകോർത്തുപിടിച്ചു മരിയൂസ്സിന്റെ ബെഞ്ച് കഷ്ടിച്ചു കടന്നു അപ്പോഴത്തെ നിരാശത പിടിച്ച മനസ്സിന്റെ സ്ഥിതിക്ക് യോജിച്ചവിധം മരിയൂസു് അവരുടെ പിന്നിൽ എഴുന്നേറ്റു നിന്നു മുൻപോട്ടു പോകുന്ന ആ രണ്ടുപേരെ നോക്കിക്കാണുകയായിരുന്നു.

പെട്ടെന്നു് അതുവരത്തേതിലെല്ലാം വെച്ച് അധികം ഉന്മേഷം കലർന്നതും വസന്തത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുവാൻ പക്ഷേ, ചുമതലപ്പെട്ടതുമായ ഒരു കാറ്റ് ബാലഗൃഹത്തിൽനിന്നു പാഞ്ഞിറങ്ങി നടവഴിയിലൂടെ പറന്നുവന്ന് ആ പെൺകിടാവിനെ വേർജിലിന്റെ വനദേവതമാർക്കും തിയോക്രിറ്റസ്സിന്റെ മാൻകുട്ടികൾക്കും യോജിച്ച ഒരു രസം പിടിച്ച വിറയൽകൊണ്ടു മൂടി; ഐസിസ്സിന്റെ [1] വസ്ത്ര വിശേഷത്തെക്കാൾ പരിശുദ്ധമായ അവളുടെ ഉടുപ്പ് ഏകദേശം കാലുറക്കെട്ടുവരെ പിടിച്ചു പൊക്കി. അതിമനോഹരാകൃതിയിലുള്ള ഒരു കാൽ വെളിപ്പെട്ടു. മരിയൂസു് അതു കണ്ടു. അയാൾക്ക് ദേഷ്യം വന്നു, വല്ലാതെ ശുണ്ഠികയറി.

ആ ചെറുപ്പക്കാരി ഒരു ദൈവികമായ സംഭ്രമവിശേഷത്തോടുകൂടി ക്ഷണത്തിൽ ഉടുപ്പു താഴത്തേക്കിട്ടു; പക്ഷേ, അതെന്തായിട്ടും അയാളുടെ ശുണ്ഠിനിന്നില്ല. അയാൾ തനിച്ചേ ആ നടവഴിയിലുള്ളു. വാസ്തവമാണു്. പക്ഷേ, ആരെങ്കിലും അവിടെ ഉണ്ടായി എന്നു വരാം. അവിടെ ആരെങ്കിലും ഉണ്ടായിരുന്നല്ലോ! ആർക്കെങ്കിലും അതു മനസ്സിലാകുമോ? അവൾ ഇപ്പോൾ ചെയ്തതു് എന്തു ഭയങ്കരമാണ്-! കഷ്ടം. ആ സാധുകുട്ടി യാതൊന്നും ചെയ്തിട്ടില്ല. ആരെങ്കിലും കുറ്റക്കാരനുണ്ടെങ്കിൽ അതു കാറ്റാണു്; പക്ഷേ, സർവശങ്കിയായ അനുരാഗം ഇളകിത്തീർന്നിട്ടുള്ള മരിയുസു് മുഷിയാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു, സ്വന്തം നിഴലിനെപ്പറ്റിത്തന്നെ അയാൾക്കു ശങ്കയാണു്. വാസ്തവത്തിൽ ഇങ്ങനെയാണു് യാതൊരവകാശവുമില്ലാത്തപ്പോൾ കഠിനവും ചപലവുമായ ജാരശങ്ക മനുഷ്യഹൃദയത്തിൽ അങ്കുരിച്ച് അതിനെ കീഴ്പ്പെടുത്തുന്നതു്. എന്നല്ല, ആ ശങ്ക പോട്ടെ എന്നു വെച്ചാലും, ആ ഹൃദയാകർഷകമായ കാലിന്റെ കാഴ്ചയിൽ അയാൾക്കു സുഖകരമായ യാതൊന്നും ഉണ്ടായിരുന്നില്ല; യദൃച്ഛയാ കണ്ടെത്തിയ ആദ്യത്തെ സ്ത്രീയുടെ വെളുത്ത കീഴ്ക്കാലുറ ഇതിലധികം അയാളെ സന്തോഷിപ്പിച്ചേനേ.

‘തന്റെ ഉർസുൽ’ നടവഴിയുടെ അറ്റത്തെത്തി. മൊസ്സ്യു ലെബ്ലാങ്ങോടുകൂടി വീണ്ടും പിന്നോക്കം തിരിഞ്ഞു. മരിയുസു് പിന്നേയും ഇരിപ്പുറപ്പിച്ച ബെഞ്ചിന്റെ മുൻപിലൂടെ കടന്നുപോയപ്പോൾ, അയാൾ ദേഷ്യവും കുണ്ഠിതവും കൂടിക്കലർന്ന ഒരു നോട്ടത്തെ അവളുടെ നേർക്കുകാട്ടി. ‘ആട്ടെ, എന്താണു് കാര്യം?’ എന്നർഥമുള്ള ആ ഒരു തല പൊന്തിച്ച നോട്ടത്തോടുകൂടി ആ പെൺകിടാവു് ഒന്നു പിന്തിരിഞ്ഞ്, ആ അല്പം നിവർന്നുകൊണ്ടുള്ള നിലയ്ക്ക് അറിയാതെ വശപ്പെട്ടു.

ഇതായിരുന്നു ‘അവരുടെ ഒന്നാമത്തെ പ്രണയകലഹം’

മരിയുസ്സു് കണ്ണുകൊണ്ടു് ഈ കലശൽ കൂട്ടിയപ്പോഴേക്ക് ആരോ ഒരാൾ അതിലേ വന്നു. അതു നന്നെ കുനിഞ്ഞു. വല്ലാതെ ചുളിവു കയറി. വിളർത്തു, ലൂയിപതിനഞ്ചാമന്റെ രീതിയിലുള്ള ഉടുപ്പിട്ടു. മാറത്തു ചുകപ്പുശീലകൊണ്ടു് അണ്ഡാകൃതിയിലുള്ള അലങ്കാരമുദ്രയോടും സാങ്ലൂയിയുടെ പട്ടാളക്കുരിശ് എന്ന വാൾക്കുരിശുചിഹ്നത്തോടുംകൂടി, ഉള്ളിൽക്കയ്യില്ലാത്ത കുപ്പായക്കൈകളാലും ഒരു വെള്ളിക്കവിളാലും ഒരു മരക്കാലാലും അലങ്കരിക്കപ്പെട്ട ഒരു വൃദ്ധഭടനായിരുന്നു. ഈ മനുഷ്യന് ഏറ്റവുമധികം സംതൃപ്തിയോടുകൂടിയ ഒരു നിലയുണ്ടെന്നു മരിയൂസു് വിചാരിച്ചു. ആ വൃദ്ധനായ സുഖവിരക്തൻ മരിയൂസ്സിനെ വിട്ടു കടന്നുപോയപ്പോൾ, യദൃച്ഛയായി അവർ തമ്മിൽ ഒരു പരിചയം വന്നിട്ടുള്ളതുപോലെയും. എന്തോ ഒരു ഭാഗ്യം അവർ രണ്ടുപേരും ഒരുമിച്ചനുഭവിച്ചിട്ടുള്ളതുപോലെയും, വളരെ സൗഭ്രാത്രത്തോടും വളരെ ആഹ്ലാദത്തോടുംകൂടിയ ഒരു കടാക്ഷം കടാക്ഷിച്ചു. ആ മനുഷ്യാംശം അത്രമേൽ സംതൃപ്തി കാണിക്കുന്നതിന്റെ അർഥമെന്താണു്? ആ മരക്കാലും മറ്റവരും കൂടി എന്തേ ഉണ്ടായതു്? മരിയുസ്സിനു് ഒരു വല്ലാത്ത ശങ്കാഭ്രാന്തുകയറി-ഒരു സമയം അയാൾ കണ്ടു!’ -ആ വൃദ്ധഭടനെ നശിപ്പിച്ചുകളയാൻമാത്രം അയാൾക്കു ദേഷ്യം തോന്നി.

കാലത്തിന്റെ സാഹായംകൊണ്ടു് എല്ലാ മുനകൾക്കും മൂർച്ചകെടുന്നു. മരിയുസ്സിനു് ഉർസുലോടുള്ള ദേഷ്യം, വേണ്ടതും അവകാശപൂർവവുമായിരുന്നാലും, ക്രമേണ മാഞ്ഞുപോയി ഒടുവിൽ അയാൾ അവൾക്കു മാപ്പുകൊടുത്തു; പക്ഷേ, അതിനു് അയാൾ വളരെ അധ്വാനിച്ചു; മൂന്നു ദിവസത്തിനു് അയാൾ മുഖം വീർപ്പിച്ചു.

എന്തായിട്ടും, ഇങ്ങനെയൊക്കെയിരുന്നാലും, എന്നല്ല ഇതുകൊണ്ടൊക്കെ കൂടി, അയാളുടെ അനുരാഗം വർദ്ധിച്ചു; ഒരു ഭ്രാന്തായി

കുറിപ്പുകൾ

[1] ഈജിപ്തുകാരുടെ പണ്ടത്തെ പ്രധാനദേവി.

3.6.9
ഗ്രഹണം

അവൾക്കു പേർ ഉർസുൽ എന്നാണെന്നു് എങ്ങനെ മരിയുസു് കണ്ടുപിടിച്ചു എന്നു്, അല്ലെങ്കിൽ കണ്ടുപിടിച്ചതായി അയാൾ വിചാരിച്ചു എന്നു്, വായനക്കാർ കണ്ടുകഴിഞ്ഞുവല്ലോ.

സ്നേഹിക്കുന്നതോടുകൂടി രുചി കൂടുന്നു. അവളുടെ പേർ ഉർസുൽ എന്നാണെന്നറിയുന്നതു് ഒരു വലിയ കാര്യമാണു്; ഒരു സാരവുമില്ല. മൂന്നുനാലു ദിവസം കൊണ്ടു് ഈ ആനന്ദം അയാൾ വിഴുങ്ങിക്കഴിഞ്ഞു. അയാൾക്കു മറ്റൊന്നു കിട്ടണം അവൾ എവിടെ താമസിക്കുന്നു എന്നു മനസ്സിലാക്കണം.

ബെഞ്ചു മാറിയിട്ടുള്ള പതിയിരിപ്പിൽ ചെന്നുചാടി അയാൾ ഒന്നാമത്തെ അബദ്ധം പ്രവർത്തിച്ചു. മൊസ്സ്യു ലെബ്ലാങ് തനിച്ചു ചെന്നപ്പോഴൊന്നും അയാൾ ലുക്സെംബുറിൽ താമസിക്കാതിരുന്നതു് രണ്ടാമത്തെ അബദ്ധം. അയാൾ ഇതാ, മൂന്നാമതൊരബദ്ധംകൂടി പ്രവർത്തിച്ചു; കൂറ്റനൊന്നു്. അയാൾ ഉർസുലിനെ പിന്തുടർന്നു.

ഏറ്റവുമധികം ആൾപ്പെരുമാറ്റം കുറഞ്ഞ റ്യു ദു് ലുവെ എന്ന പ്രദേശത്തു കാഴ്ചയിൽ സാധാരണമായ ഒരു പുതിയ മൂന്നുനില വീട്ടിലാണു് അവൾ താമസിച്ചിരുന്നതു്.

അതു മുതല്ക്ക് ലൂക്സെംബറിൽ വെച്ച് അവളെ കാണുന്നതിനോടു് അവളെ വീട്ടിലേക്കു പിന്തുടരുന്ന സുഖംകൂടി അയാൾ കൂട്ടിച്ചേർത്തു.

അയാളുടെ വിശപ്പു വർദ്ധിക്കുകയാണു്. അയാൾക്കു ചുരുക്കത്തിൽ അവളുടെ ആദ്യപ്പേരെങ്കിലും മനസ്സിലായി-ഒരു മനോഹരമായ പേർ. സ്ത്രീകൾക്ക് ഏറ്റവും ശരിയായി യോജിക്കുന്ന ഒരു പേർ; പിന്നെ അവൾ എവിടെയാണു് താമസിക്കുന്നതെന്നറിഞ്ഞു; ഇനി അവൾ ആരാണെന്നു കണ്ടുപിടിക്കണം.

ഒരു ദിവസം അയാൾ അവരുടെ പിന്നാലെ വീട്ടിലോളം ചെന്നതിനുശേഷം, അവർ വണ്ടിപ്പടിയിലൂടെ അകത്തേക്കു കടന്നുപോയതിൽപ്പിന്നെ, അവരുടെ കൂട്ടത്തിൽ കടന്നുചെന്നു പടികാവല്ക്കാരനോടു ധൈര്യംപിടിച്ചു ചോദിച്ചു: ‘ഇപ്പോൾ കടന്നുപോയ അദ്ദേഹമാണോ ഒന്നാംനിലയിൽ താമസിക്കുന്നതു്?’

‘അല്ല.’ ഭൃത്യൻ മറുപടി പറഞ്ഞു. ‘അദ്ദേഹമാണു് മൂന്നാം നിലയിൽ താമസം.’

ഒരടികൂടി വെക്കാൻ പറ്റി. ഈ ജയം മരിയുസ്സിനെ ധൈര്യം പിടിപ്പിച്ചു.

‘മുമ്പുറത്തോ?’ അയാൾ ചോദിച്ചു.

‘എന്റെ ദൈവമേ!’ ഭൃത്യൻ പറഞ്ഞു. ‘വീടിനു തെരുവിലേക്കു മാത്രമേ മുഖമുള്ളു.’

‘എന്താണു് ആ മാന്യന്റെ പ്രവൃത്തി?’ മരിയുസു് പിന്നെയും തുടങ്ങി.

സേർ, അദ്ദേഹം സ്വത്തുള്ളാളാണു്, വലിയ സമ്പന്നനല്ലെങ്കിലും പാവങ്ങൾക്കു വളരെ ഉപകാരം ചെയ്യുന്ന ഒരു വലിയ ദയയുള്ള മനുഷ്യൻ.’

‘അദ്ദേഹത്തിന്റെ പേരെന്താണു്?’ മരിയുസു് തുടങ്ങി.

ഭൃത്യൻ ഒന്നു തലയുയർത്തി നോക്കി പറഞ്ഞു: ‘സേർ, നിങ്ങൾ ഒരു പൊല്ലീസ്സൊറ്റുകാരനാണോ?’

മരിയുസു് തികച്ചും വിഡ്ഢിയായി, ഒരു നട കൊടുത്തു; എങ്കിലും അയാൾക്കു സന്തോഷം തോന്നി. താൻ മുൻപോട്ടു പോകുന്നുണ്ടു്.

‘ശരി,’ അയാൾ വിചാരിച്ചു. ‘അവളുടെ പേർ ഉർസുലാണെന്നും അവൾ സ്വന്തം വരവുകൊണ്ടു കഴിയുന്ന ഒരു മാന്യന്റെ മകളാണെന്നും അവളുടെ താമസം റ്യു ദു് ലുവെയിൽ ആ ഒരു വീട്ടിൽ മൂന്നാമത്തെ നിലയിലാണെന്നും ഞാനറിഞ്ഞു’

പിറ്റേ ദിവസം മൊസ്സ്യു ലെബ്ലാങ്ങും മകളും കുറച്ചുനേരം മാത്രമേ ലുക്സെംബുറിൽ നിന്നുള്ളു, സന്ധ്യയാകുന്നതിനു മുൻപായി അവർ അവിടെനിന്നുപോയി. മരിയുസു് തന്റെ പതിവനുസരിച്ച് അവരെ റ്യു ദു് ലുവെവരെ പിന്തുടർന്നു. വണ്ടിപ്പടിക്കൽ എത്തിയ ഉടനെ, മൊസ്സ്യു ലെബ്ലാങ് മകളെ മുൻപെ അകത്തേക്കയച്ചു; എന്നിട്ടു അവിടെ നിന്നു് പടി കടക്കുന്നതിനു മുമ്പായി, മരിയുസ്സിനെ ഒന്നു സശ്രദ്ധം സൂക്ഷിച്ചുനോക്കി.

പിറ്റേ ദിവസം അവർ ലുക്സെംബുറിലേക്കു വരികയുണ്ടായില്ല. പകൽ കഴിയുന്നതുവരെ മരിയുസു് അവരെ കാത്തുനിന്നു.

സന്ധ്യയോടുകൂടി, അയാൾ റ്യു ദു് ലുവെയിലേക്ക് ചെന്നു; മൂന്നാംനിലയിൽ നിന്നു് ഒരു വെളിച്ചം കണ്ടു.

ആ വെളിച്ചം കെടുന്നതുവരെ അയാൾ ആ ജനാലയുടെ ചുവട്ടിൽ ലാത്തി.

പിറ്റേ ദിവസവും ലുക്സെംബുറിൽ ആരുമില്ല. പകൽ കഴിയുന്നതുവരെ മരിയുസു് കാത്തു; പിന്നീടു് അവരുടെ ജനാലയുടെ ചുവട്ടിൽ പാറാവു നടന്നു.

ഭക്ഷണം അതിന്റെ പാടുനോക്കി. ദീനക്കാരന്നു പനി ഭക്ഷണം കൊടുക്കുന്നു, കാമുകന്നു് അനുരാഗവും.

ഇങ്ങനെ ഒരാഴ്ച കഴിഞ്ഞു. മൊസ്സ്യു ലെബ്ലാങ് ലുക്സെംബുറിൽ വരികയുണ്ടായില്ല.

മരിയുസു് ദുഃഖമയങ്ങളായ ഊഹങ്ങൾ തുടങ്ങി; പകൽ വീട്ടുപടിക്കൽ ചെന്നു നിൽക്കാൻ ധൈര്യപ്പെട്ടില്ല; രാത്രി ജനാലകളിലെ ചുകന്ന വെളിച്ചം സൂക്ഷിച്ചു നോക്കിയതുകൊണ്ടു് അയാൾ തൃപ്തിപ്പെട്ടു. ചിലപ്പോൾ ചില നിഴലുകൾ അവയ്ക്കു വിലങ്ങത്തിൽ നടക്കുന്നതു കാണാം, അയാളുടെ ഹൃദയം കിടന്നു മിടിച്ചു തുടങ്ങും.

എട്ടാംദിവസം, അയാൾ ജനാലയ്ക്കലെത്തിയപ്പോൾ, അവിടെ വെളിച്ചം കണ്ടില്ല.

‘അല്ലാ!’ അയാൾ പറഞ്ഞു, ‘വിളക്ക് ഇനിയും കത്തിച്ചിട്ടില്ല. പക്ഷേ, നേരം ഇരുട്ടായി. അവർ പുറത്തു പോയിരിക്കുമോ?’ അയാൾ പത്തു മണിവരെ കാത്തു അർദ്ധരാത്രിവരെ, ഒരു മണിവരെ. മൂന്നാംനിലയിലെ ജനാലകളിലൂടെ ഒരു വെളിച്ചവും കണ്ടില്ല; ഒരാളും അകത്തേക്കു പോയില്ല.

ഒരു കനത്ത കുണ്ഠിതത്തോടുകൂടി അയാൾ തിരിച്ചുപോന്നു.

പിറ്റേ ദിവസം-അയാൾ ജീവിച്ചിരുന്നതു് നാളെനാളെയായിട്ടാണു്; പറഞ്ഞുവന്നാൽ, അയാൾക്ക് ഇന്നു് എന്നൊന്നില്ലായിരുന്നു-പിറ്റേ ദിവസം ലുക്സംബുറിൽ ആരെയും കണ്ടില്ല; അയാൾ അതു കരുതിയിരുന്നു. സന്ധ്യയോടുകൂടി അയാൾ ആ വീട്ടിലേക്കു നടന്നു.

ജനാലകളിൽ വെളിച്ചമില്ല; മറകൾ വിരുത്തിയിട്ടിരിക്കുന്നു; മൂന്നാംനില തികച്ചും ഇരുട്ടായി കിടക്കുന്നു.

മരിയുസു് വീട്ടുപടിക്കൽ ചെന്നു മുട്ടി, അകത്തു കടന്നു, വാതില്ക്കാവൽക്കാരനോടു ചോദിച്ചു: ‘മൂന്നാംനിലയിലെ മാന്യനോ?’

‘പോയി,’ ഭൃത്യൻ പറഞ്ഞു.

മരിയുസു് ഒന്നു ചാഞ്ചാടി; പതുക്കെ ചോദിച്ചു; ‘എത്ര ദിവസമായി?’

‘ഇന്നലെ.’

‘ഇപ്പോൾ അദ്ദേഹം എവിടെത്താമസിക്കുന്നു?

‘എനിക്കതിനെപ്പറ്റി ഒന്നുമിറിഞ്ഞുകൂടാ.’

‘അപ്പോൾ അദ്ദേഹത്തിന്റെ മേൽവിലാസം തന്നിട്ടില്ലേ?’

‘ഇല്ല.’

ഉടനെ ഭൃത്യൻ ഒന്നു സൂക്ഷിച്ചുനോക്കി, മരിയുസ്സിനെ കണ്ടറിഞ്ഞു.

‘ആ! നിങ്ങളാണ്!’ അയാൾ പറഞ്ഞു; ‘അപ്പോൾ നിങ്ങൾ തീർച്ചയായും ഒരൊറ്റു കാരനാണല്ലോ?’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.