images/hugo-33.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.11.1
ഉത്പത്തി

പിഗ്രിസിയ (Pigritia = അലസത) ഒരു ഭയങ്കരവാക്കാണ്.

അതിൽ ഒരു പ്രപഞ്ചം മുഴുവനുമുണ്ട്; ല പെഗൃ (La pegre) എന്നതിനു മോഷണം എന്നും നരകമെന്നും വായിക്കുക; ല പെഗൃന്ന് (La pegrenne) എന്നതിനു വിശപ്പ് എന്നു വായിക്കുക.

അപ്പോൾ അലസത അമ്മയാണ്.

അവൾക്ക് ഒരു മകനുണ്ട്, മോഷണം; ഒരു മകളുമുണ്ട്, ക്ഷുത്ത്.

നാമിപ്പോൾ എവിടെയാണ്? കന്നഭാഷയുടെ രാജ്യത്ത്.

എന്താണ് കന്നഭാഷ? അത് ഒരേസമയത്ത് ഒരു ജനസമുദായവുമാണ്, ഒരു ഭാഷയുമാണ്; അത് അതിന്റെ രണ്ടു മട്ടിലും മോഷണമത്രേ—ജനങ്ങൾ എന്ന നിലയ്ക്കും, ഭാഷ എന്ന നിലയ്ക്കും.

മുപ്പത്തിനാലു കൊല്ലം മുൻപു സഗൗരവവും ദുഃഖമയവുമായ ഈ ചരിത്രം പറയുന്ന ആൾ ഇതേ ഉദ്ദേശത്തോടുകൂടി എഴുതിയ ഒരു കൃതിയിൽ [1] കന്നഭാഷ സംസാരിക്കുന്ന ഒരു കള്ളനെ കഥാപാത്രമാക്കി അവതരിപ്പിച്ച സമയത്തു വലിയ ലഹളയും അമ്പരപ്പുമുണ്ടായി: ‘എന്ത്! ഏത്! കന്നഭാഷ! എന്താണിത്! അസഭ്യഭാഷവല്ലാത്തതാണ്! അതു കാരാഗൃഹങ്ങളിലെ, തണ്ടുവലിശ്ശിക്ഷസ്ഥലങ്ങളിലെ, തടവു പുള്ളികളുടെ സമുദായത്തിൽ ഏറ്റവും നികൃഷ്ടമായിട്ടുള്ള സകലത്തിന്റേയും ഭാഷയാണ്!’ മറ്റും മറ്റും.

ഈയൊരുതരം ആക്ഷേപങ്ങളുടെ അർത്ഥം ഞങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

അതിനുശേഷം രണ്ടു കരുത്തുകൂടിയ കഥാകാരന്മാർ—ഒരാൾ മനുഷ്യഹൃദയത്തെ അറ്റംവരെ നോക്കിയറിഞ്ഞിട്ടുള്ള ആളാണ്. മറ്റേ ആൾ കൂസലറ്റ ഒരു പൊതുജനസുഹൃത്താണ്—ബൽസാക്കും യൂഷാങ്സ്യുവും 1828-ൽ മരണശിക്ഷ വിധിക്കപ്പെട്ട ഒരുവന്റെ അവസാനദിവസം എന്ന ഗ്രന്ഥത്തിന്റെ കർത്താവു ചെയ്തതുപോലെ, തങ്ങളുടെ ഘാതുകന്മാരെക്കൊണ്ട് സ്വന്തം സഹജഭാഷയിൽ സംസാരിപ്പിച്ചു. കാണിച്ചപ്പോഴും ഇതേ ആക്ഷേപങ്ങൾ പുറപ്പെടുകയുണ്ടായി. ആളുകൾ ആവർത്തിച്ചു: ‘ഈ അറയ്ക്കുന്ന ഭാഷകൊണ്ട് എന്താണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത്? കന്നഭാഷ സഹിച്ചുകൂടാ. കന്നഭാഷ ആളുകളെ പേടിപ്പെടുത്തുന്നു.’

ആരതില്ലെന്നു പറഞ്ഞു? നിശ്ചയമായും, ഉവ്വ്.

ഒരു വ്രണത്തെ, ഒരഗാധക്കുഴിയെ, ഒരു ജനസമുദായത്തെ, ശസ്ത്രമിറക്കിപ്പരീക്ഷണം ചെയ്യുക എന്നു വരുമ്പോൾ, എവിടെനിന്നു ദൂരത്തേക്കു കടക്കുന്നതാണ്, അടിയിലേക്കു ചെല്ലുന്നതാണ്, അബദ്ധമായിത്തീരുന്നത്? അതു ചിലപ്പോൾ ഒരു ധീരകൃത്യമാണെന്ന്, അല്ലെങ്കിൽ ചുമതല സ്വീകരിച്ചു വേണ്ടവിധം നിറവേറ്റിക്കാണുമ്പോൾ ഉണ്ടാകേണ്ടിയിരിക്കുന്ന സസന്തോഷശ്രദ്ധയെ അർഹിക്കുന്ന സാധാരണവും പ്രയോജനകരവുമായ പ്രവൃത്തിയാണ് എന്നെങ്കിലും, ഞങ്ങൾ വിചാരിക്കുന്നു. എന്തുകൊണ്ട് ഒരാൾക്ക് സർവ്വവും ചികഞ്ഞുനോക്കിക്കൂടാ, സകലവും മനസ്സിലാക്കിക്കൂടാ? ഇടയ്ക്കു നിന്നുകൊള്ളണം എന്നെന്താണ്? നില്ക്കൽ അളവു കയറിന്റെ പണിയാണ്, അല്ലാതെ ആഴമളക്കുന്ന ആളുടെയല്ല.

നിശ്ചയമായും സാമുദായികവ്യവസ്ഥയുടെ അടിത്തട്ടിലേക്കു, മണ്ണു തീർന്നു ചേറു തുടങ്ങുന്നേടത്തേക്കു, പരീക്ഷണത്തെ കൊണ്ടുചെല്ലുന്നത്, ആ ഇരുട്ടു കെട്ടി ചളിനിറഞ്ഞ തിരകൾക്കുള്ളിൽക്കുത്തിയിളക്കി, കൈയിട്ടു തപ്പി, പിടികൂടി, വെളിച്ചത്തേയ്ക്കു കൊണ്ടുവരുമ്പോൾ ചേറിറ്റുവീഴുന്ന ആ ആഭാസഭാഷയെ—ഓരോ വാക്കും ചളിയിലേയും നിഴലുകളിലേയുമായ ഒരു രാക്ഷസന്റെ കൈയിൽ നിന്നു പിടിച്ചുപറിച്ച വൃത്തികെട്ട മോതിരംപോലുള്ള ആ പൊള്ളനിഘണ്ടുവെ—അപ്പോഴും വിറച്ചുംകൊണ്ടിരിക്കെ, കൽവിരിയിലേക്കു വലിച്ചെറിയുന്നത് ഒട്ടും രസമുള്ളതോ ഒട്ടും എളുപ്പമുള്ളതോ ആയ പണിയല്ല. ആലോചനയുടെ പച്ചപകലിൽവെച്ച് ആ കന്നഭാഷയുടെ എന്തെന്നില്ലാത്ത കൂട്ടത്തെ ഈവിധം നഗ്നമായ നിലയിൽ നോക്കിക്കാണുന്നതിലധികം വ്യസനകരമായി മറ്റൊന്നില്ല. വാസ്തവത്തിൽ അതു, രാത്രിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരുതരം വല്ലാത്ത ജന്തുവെ അതിന്റെ ചേറ്റുകുണ്ടിൽനിന്ന് അപ്പോൾ വലിച്ചെടുത്തതാണെന്നു തോന്നും. വിറയ്ക്കുകയും, തുള്ളുകയും, ചാഞ്ചാടുകയും, ഇരുട്ടിലേക്കുതന്നെ മടങ്ങുകയും, പേടി കാട്ടുകയും, തുറിച്ചുനോക്കുകയും ചെയ്യുന്ന നഒരു വല്ലാത്തതും, ജീവനുള്ളതും, രോമമെടുത്തുപിടിച്ചതുമായ കുറ്റിക്കാടാണ് അതെന്നു തോന്നിപ്പോകും ഒരു വാക്ക് ഒരു നഖംപോലെ; മറ്റൊന്നു ജീവസ്സറ്റതും ചോരയൊഴുകുന്നതുമായ ഒരു കണ്ണ്; ഇന്നയൊരു പദം ഒരു ഞെണ്ടിന്റെ ഇറുക്കക്കാലുപോലെ നീങ്ങുന്നുണ്ടെന്നു തോന്നു. അവ്യവസ്ഥിതത്വത്തിൽനിന്നു വ്യവസ്ഥപ്പെടുത്തിയെടുത്തവയ്ക്കെല്ലാമുള്ള ഭയങ്കര പ്രസരിപ്പോടുകൂടി ഇവയൊക്കെ ഉയിർകൊള്ളുന്നു.

അപ്പോൾ എന്നാണ് ഭയങ്കരത്വം പഠിപ്പിനെ തടഞ്ഞിട്ടുള്ളത്? എന്നാണ് രോഗം മരുന്നിനെ നാടുകടത്തിയിട്ടുള്ളത്? അണലിപ്പാമ്പിനേയോ, കടവാതിലിനേയോ തേളിനേയോ പഴുതാരയേയോ ഊറാമ്പുലിയേയോ നോക്കിപ്പഠിക്കാൻ കൂട്ടാക്കാത്ത, ‘ആവൂ, എന്തറയ്ക്കുന്ന ജന്തു!’ എന്നു പറഞ്ഞ് അവയെ അവയ്ക്കുള്ള അന്ധകാരത്തിലേക്കുതന്നെ നീക്കിയിടുന്ന, ഒരു പ്രകൃതിശാസ്ത്രജ്ഞനുണ്ടോ? കന്നഭാഷയിൽനിന്നു മുഖം തിരിക്കുന്ന ആലോചനാശീലൻ ഒരു വ്രണമോ ഒരു പാലുണ്ണിയോ കണ്ടു പിൻതിരിയുന്ന ഒരു ശാസ്ത്രവൈദ്യനെപ്പോലെയാണ് അയാൾ ഭാഷയിലുള്ള ഒരു തത്ത്വത്തെ പരീക്ഷണം ചെയ്യാൻ കൂട്ടാക്കാത്ത ഒരു ഭാഷാശാസ്ത്രജ്ഞനേപ്പോലിരിക്കും; മനുഷ്യത്വത്തിലുള്ള ഒരു തത്ത്വത്തെ സൂക്ഷിച്ചുനോക്കാൻ ശങ്കിക്കുന്ന ഒരു തത്ത്വജ്ഞാനി. എന്തുകൊണ്ടെന്നാൽ. ആഭാസഭാഷ സാഹിത്യസംബന്ധിയായ ഒരപൂർവ്വക്കാഴ്ചയും സാമുദായികമായ ഒരു വ്യവസ്ഥാഫലവും, രണ്ടും, ആണെന്ന് അതിനെപ്പറ്റി അറിവില്ലാത്തവരോടു പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. ശരിക്കു പറയുമ്പോൾ, കന്നഭാഷ എന്താണ്? അതു കഷ്ടസ്ഥിതിയുടെ ഭാഷയാണ്.

ഞങ്ങളെ തടഞ്ഞേക്കാം; വാസ്തവസ്ഥിതിയെ ഒട്ടു സാധാരണമാക്കിപ്പറഞ്ഞു എന്നുവരാം—അത് അതിന്റെ കനംകുറയ്ക്കുന്ന പണിയാണ്; എല്ലാ വ്യവസായങ്ങൾക്കും എല്ലാ ഉദ്യോഗങ്ങൾക്കും, ഒന്നുകൂടി പറയാം. സാമുദായികമായ മതാധ്യക്ഷവാഴ്ചയിലെ എല്ലാ അസംഗതികൾക്കും, ബുദ്ധിയുടെ എല്ലാ രൂപഭേദങ്ങൾക്കും, വെവ്വേറെ കന്നഭാഷയുണ്ടെന്നു ഞങ്ങളോടു പറഞ്ഞേക്കാം. ‘മൊങ്പെല്ലിയേ മന്ദിച്ചിരിക്കുന്നു,’ ‘മാർസേൽസ് അസ്സൽ’ എന്നു പറയുന്ന കച്ചവടക്കാരനും, ആകെയൊക്കെ മാസാന്തത്തിൽ’ എന്നു പറയുന്ന ഉണ്ടികവ്യാപാരിയും, ‘കേട്ടു, കൊടുത്തു’ എന്നു പറയുന്ന ശീട്ടുകളിക്കാരനും, ‘പണയത്തിലുള്ള വസ്തുവിന്റെ ആദായം പണയത്തിൽക്കിടക്കുന്നേടത്തോളം കാലം വസ്തുതീരുകാരന് അനുഭവിച്ചുകൂടാ’ എന്നു പറയുന്ന നോർമൻദ്വീപിലെ നഗരാധികാരിയും, ‘അരങ്ങു പിടിച്ചില്ല’ എന്നു പറയുന്ന നാടകമെഴുത്തുകാരനും, ‘അരങ്ങേറ്റം ഭംഗിയായി’ എന്നുപറയുന്ന വേഷക്കാരനും, ‘സത്ത്വരജസ്തമോഗുണങ്ങൾ’ എന്നു പറയുന്ന തത്ത്വജ്ഞാനിയും ‘കടവിരിക്കുക’ എന്നു പറയുന്ന നായാട്ടുകാരനും, ‘എന്റെ വെടിക്കുന്തം’ എന്നുപറയുന്ന പട്ടാളക്കാരനും ‘എന്റെ തുർക്കിക്കോഴി’ എന്നു പറയുന്ന കുതിരപ്പട്ടാളക്കാരനും, ‘കടകം ഓതിരം’ എന്നു പറയുന്ന തല്ലാശാനും, ‘കോട്, ഗാലി’ എന്നു പറയുന്ന അച്ചടിവേലക്കാരനും എല്ലാവരും—അച്ചടിവേലക്കാരനും തല്ലാശാനും കുതിരപ്പട്ടാളക്കാരനും പട്ടാളക്കാരനും നായാട്ടുകാരനും തത്ത്വജ്ഞാനിയും വേഷക്കാരനും നാടകമെഴുത്തുകാരനും ശീട്ടുകളിക്കാരനും ഉണ്ടികവ്യാപാരിയും കച്ചവടക്കാരനും എല്ലാം—കന്നഭാഷ സംസാരിക്കുന്നു. ‘എന്റെ കൂച്ച്’ എന്നു പറയുന്ന ചിത്രമെഴുത്തുകാരനും, ‘എന്റെ മുക്ത്യാർ’ എന്നു പറയുന്ന നോട്ടറിയും ‘എന്റെ കല്ല്’ എന്നു പറയുന്ന ക്ഷുരകനും, കന്നഭാഷ സംസാരിച്ചു. ശരിക്കു പറയുമ്പോൾ, ഒരാൾ അങ്ങനെ തിരിക്കിക്കൂടുകയാണെങ്കിൽ, വലത്ത് ഇടത്ത് എന്നർത്ഥം കാണിക്കുന്ന പല ജാതി വാക്കുകളും—വഞ്ചിക്കാരന്റെ അണിയവും അമരവും, പള്ളിക്കോല്ക്കാരന്റെ എൻഗർത്തഭാഗവും എവൻഗെലിയോൻ ഭാഗവും—കന്നഭാഷയാണ്. ധാടിക്കാരിയായ പ്രഭ്വിയുടേയും ധാടിക്കാരിയായ സാമാന്യസ്ത്രീയുടേയും വക പ്രത്യേകം കന്നഭാഷയുണ്ട്. ‘അത്ഭുതകൊട്ടാര’ത്തിന്റെ ഏതാണ്ടടുത്തുതന്നെയുണ്ട് പൊതുകെട്ടിടം. രാജ്ഞിമാരുടെ വക ഒരു കന്നഭാഷയുണ്ട്; രാജത്വ പുനഃസ്ഥാപനകാലത്ത് അത്യുന്നതപദസ്ഥയും അതിസുന്ദരിയുമായിരുന്ന ഒരു മാന്യ എഴുതിയ കാമലേഖനത്തിലെ ഈ വാചകം നോക്കുക: ‘ഞാൻ രണ്ടുംകെട്ടവളായതിന് അസംഖ്യം കാരണങ്ങൾ ഈ നുണവർത്തമാനത്തിൽ അങ്ങു കാണും.’ ഭരണനയത്തിന്റെ ഗൂഢഭാഷ കന്നഭാഷയാണ്. റോമിന് 26 എന്ന അക്കം പകരമുപയോഗിക്കുന്ന പാപ്പാവിന്റെ പ്രധാന ന്യായസ്ഥാനം കന്നഭാഷ പറയുന്നു. കഷായം, ക്വാഥം, പൊടി എന്നൊക്കെ പറയുന്ന വൈദ്യന്മാർ കന്നഭാഷ സംസാരിക്കുന്നു. ‘വെള്ള, ചുകപ്പൻ, പൊടിയൻ, തരിയൻ’ എന്നു പറയുന്ന പഞ്ചസാരപ്പണിക്കാരൻ—അതേ, ആ സത്യവാനായ വ്യവസായി—കന്നഭാഷ സംസാരിക്കുന്നു. ‘ഷേക്സ്പിയറുടെ കൃതികളിൽ പകുതി വക്രോക്തികളും ശ്ശേഷോക്തികളുമാണെ’ന്നു പറയാറുണ്ടായിരുന്ന ആ ഇരുപതു കൊല്ലം മുൻപത്തെ നിരുപണപ്രസ്ഥാനം കന്നഭാഷ സംസാരിച്ചു. കവിതകളുടേയും കൊത്തു പണികളുടേയും ഗുണദോഷജ്ഞനല്ലെങ്കിൽ, ‘മൊസ്യു ദ് മൊങ്മൊറൻസി’ [2] ‘ഒരു നാട്ടുപ്രമാണി’യാണെന്ന് അഗാധമായ പാണ്ഡിത്യത്തോടുകൂടി നാമകരണം ചെയ്ത കവിയും കൊത്തുപണിക്കാരനും കന്നഭാഷ സംസാരിച്ചു. പുഷ്പങ്ങളെ ‘വസന്തലക്ഷ്മി’ എന്നും, ഫലസമൃദ്ധിയെ ‘വനദേവത’ എന്നും, സമുദ്രത്തെ ‘വരുണൻ’ എന്നും, അനുരാഗത്തെ ‘കാമദേവൻ’ എന്നും, സൗന്ദര്യത്തെ ‘സൗഭാഗ്യദേവത’ എന്നും, കുതിരയെ ‘പന്തയക്കുതിര’ എന്നും, മുമ്മൂലത്തൊപ്പിയെ ‘ചൊവ്വയുടെ ത്രികോണപത്മം’ എന്നും പറയുന്ന മഹാപണ്ഡിതൻ കന്നഭാഷ സംസാരിക്കുന്നു. ബീജഗണിതം, വൈദ്യശാസ്ത്രം, സസ്യശാസ്ത്രം—ഈ ഓരോന്നിനും പ്രത്യേകം കന്നഭാഷയുണ്ട്. അത്രമേൽ പരിപൂർണ്ണവും മനോഹരവുമായ കപ്പൽ ബ്ഭാഷ, ആ അത്യത്ഭുതകരമായ സമുദ്രഭാഷ, ഴാങ്ബാർ, [3] ദ്യുക്കിൻ, [4] ദ്യുപ്പെറെ [5] എന്നിവർ സംസാരിച്ചുപോന്ന ഭാഷ, കപ്പൽപ്പായ്ക്കോപ്പിന്റെ ചൂളവിളിയോടും, ഉച്ചവാദിനീയന്ത്രങ്ങളുടെ ഒച്ചയോടും, പലകത്തട്ടുചങ്ങലയുടെ മുട്ടലോടുംകൂടി സമുദ്രത്തിരകളുടേയും കാറ്റിന്റേയും പിശറിന്റേയും പീരങ്കിയുടേയും ശബ്ദത്തെ കൂട്ടിയിണക്കുന്ന ആ ഭാഷ, തികച്ചും ഉശിരുകൂടിയതും അഞ്ചിപ്പിക്കുന്നതുമായ ഒരു കന്നഭാഷയാണ്; ആ ഭാഷയ്ക്കും കള്ളന്മാരുടെ നിഷ്ഠുരമായ കന്നഭാഷയ്ക്കും തമ്മിലുള്ള വ്യത്യാസം സിംഹത്തിനും കുറുനരിക്കും ശരിയാണ്.

സംശയമില്ല, പക്ഷേ, ഞങ്ങളെന്തു പറഞ്ഞാലും, കന്നഭാഷ എന്ന വാക്കിനെ ഈ വിധത്തിൽ മനസ്സിലാക്കുന്നത് എല്ലാവരും ഒരിക്കലും സമ്മതിക്കാത്ത ഒരു വലിച്ചുനീട്ടലാണ്. ഞങ്ങളാണെങ്കിൽ അതിന് അതിന്റെ പുരാതനവും സൂക്ഷ്മവും നിശ്ചിതവും നിഷ്കൃഷ്ടവുമായ അർത്ഥത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളു. ഞങ്ങൾ കന്നഭാഷയായിട്ടു കന്നഭാഷമാത്രമേ എടുക്കുന്നുള്ളു. ശരിക്കുള്ള കന്നഭാഷ, മേലേക്കിടയിലുള്ള കന്നഭാഷ—ഈ രണ്ടു വാക്കുകളെ ഈവിധം കൂട്ടിച്ചേർക്കാൻ പാടുണ്ടെങ്കിൽ—ഒരു സ്വതന്ത്രരാജ്യമായിരുന്ന പുരാതനക്കന്നഭാഷ, ഞങ്ങൾ ആവർത്തിക്കുന്നു. കഷ്ടസ്ഥിതയുടെ മോശവും അസ്വസ്ഥവും, നിപുണവും വഞ്ചനാപരവും വിഷയമയവും ക്രൂരവും അർത്ഥബഹുലവും നികൃഷ്ടവും അഗാധവും അപായകരവുമായ ഭാഷയല്ലാതെ മറ്റൊന്നുമല്ല. എല്ലാ നികൃഷ്ടസ്ഥിതിയുടേയും എല്ലാ കഷ്ടപ്പാടുകളുടേയും അറ്റത്തു ഭാഗ്യമുള്ള വാസ്തവാവസ്ഥകളുടേയും വാഴ്ചകൊള്ളുന്ന അധികാരങ്ങളുടേയും ആകത്തുകയോട് എതിരിടുകയും യുദ്ധംവെട്ടാൻ ഒരുങ്ങുകയും ചെയ്യുന്ന ഒരവസാനദുഃഖമുണ്ട്. ഇടയ്ക്ക് ഉപായവും ഇടയ്ക്ക് അക്രമവും കാണിച്ചുകൊണ്ട്, ഒരേസമയത്ത്, അസുഖകരവും അതിഭയങ്കരവുമായിക്കാണുന്ന കൊള്ളരുതാത്തതും കൊടുംക്രൂരവുമായ ആ ഭയങ്കരശണ്ഠയിൽ അതു സാമുദായികവ്യവസ്ഥയെ ദുസ്സ്വഭാവങ്ങളിലൂടെ മൊട്ടുസൂചികൊണ്ടു കുത്തുകയും ദുഷ്കർമ്മങ്ങളിലൂടെ പന്തീരാൻതല്ലു തല്ലുകയും ചെയ്യുന്നു, ഈ യുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി കഷ്ടപ്പാട് ഒരു യുദ്ധഭാഷയുണ്ടാക്കിയിട്ടുണ്ട്; അതാണ് കന്നഭാഷ

മനുഷ്യൻ ഉപയോഗിച്ചുവരുന്നതും ഇങ്ങനെയൊന്നു ചെയ്തുവയ്ക്കാത്ത പക്ഷം നശിച്ചുപോകാവുന്നതുമായ ഏതെങ്കിലും ഭാഷയുടെ ഒരു കഷ്ണം മാത്രമാണെങ്കിൽ—അതായതു നല്ലതായാലും ചീത്തയായാലും പരിഷ്കാരത്തെ ഉണ്ടാക്കിത്തീർത്ത, അല്ലെങ്കിൽ അതിനെ വിഷമമാക്കിയ, മൂലപ്രകൃതികളിലൊന്നുമാത്രമാണെങ്കിൽ—അതിനെ മുങ്ങാനയയ്ക്കാതെ വിസ്മൃതിയിൽനിന്നു രക്ഷപ്പെടുത്തുന്നത്, അഗാധതയുടെമീതെ പൊക്കിപ്പിടിക്കുന്നതു, സാമുദായിക നിരീക്ഷണത്തിന്റെ രേഖകൾക്കു വ്യാപ്തി കൂട്ടുന്നതു, പരിഷ്കാരത്തെത്തന്നെ സഹായിക്കുകയാണ്. കാർത്തേജ്കാരായ രണ്ടു ഭടന്മാരെക്കൊണ്ടു ഫെനീഷ്യൻ ഭാഷ [6] സംസാരിപ്പിച്ചതിൽ പ്ലൗത്തൂസ് അറിഞ്ഞോ അറിയാതെയോ ഈ ഉപകാരം ചെയ്തു; പല നാടകപാത്രങ്ങളെക്കൊണ്ടും ലെവൻതീൻ ഭാഷയും [7] ദേശ്യഭാഷകളും സംസാരിപ്പിച്ചതിൽ മോളിയെ ആ ഉപകാരം ചെയ്തു. ഇവിടെ പുതുതായി ആക്ഷേപങ്ങൾ പൊന്തുന്നു; ഫെനിഷ്യൻ, വളരെ നല്ലത്! ലെവന്തീൻ, വളരെ ശരി! ദേശ്യഭാഷയും, ആവട്ടെ! അവ രാജ്യക്കാർക്കും ദേശത്തിനും ചേർന്നവയാണ്; പക്ഷേ, കന്നഭാഷ! കന്നഭാഷയെ സൂക്ഷിച്ചുവെച്ചിട്ടെന്താണ് പ്രയോജനം? കന്നഭാഷയെ ‘പുനരുജ്ജീവിപ്പിച്ചിട്ടുള്ള’ ഗുണമെന്ത്?

ഞങ്ങൾ ഇതിന് ഒരു വാക്കുമാത്രംകൊണ്ടു മറുപടി പറയുന്നു. ഒരു രാജ്യക്കാരോ ഒരു ദേശക്കാരോ സംസാരിക്കുന്ന ഭാഷ ശ്രദ്ധാർഹമാണെങ്കിൽ, നിശ്ചയമായും ഒരു കഷ്ടസ്ഥിതി സംസാരിക്കുന്ന ഭാഷ കുറെക്കൂടി ശ്രദ്ധാർഹവും അധ്യയനയോഗ്യവുമാണ്.

ഉദാഹരണത്തിനു, ഫ്രാൻസിൽ നാലു നൂറ്റാണ്ടിലധികമായി, ഒരു കഷ്ടപ്പാടല്ല, മനുഷ്യസംബന്ധിയായ എല്ലാത്തരം കഷ്ടപ്പാടും സംസാരിച്ചുപോന്ന ഭാഷ അതാണ്.

പിന്നെ, സാമുദായികങ്ങളായ വൈകൃതങ്ങളും വൈരൂപ്യങ്ങളും നോക്കിപ്പഠിക്കലും നിവാരണമാർഗ്ഗമുദ്ദേശിച്ച് അവയെ ചൂണ്ടിക്കാണിക്കലും ഇഷ്ടം നോക്കാൻ നിവൃത്തിയുള്ള ഒരു കാര്യമല്ല; സംഭവങ്ങളുടെ ചരിത്രകാരന്റേതിൽ ഒട്ടും ഗൗരവം നിറഞ്ഞ ജോലിയല്ല ആചാരങ്ങളുടേയും ആലോചനകളുടേയുമായ ചരിത്രകാരന്റേതും. ആദ്യത്തെ ആൾക്കുള്ളത്, പരിഷ്കാരത്തിന്റെ മുകൾബ്ഭാഗമാണ്—രാജവാഴ്ചകളുടെ ശണ്ഠകൾ, രാജകുമാരന്മാരുടെ ജനനങ്ങൾ, രാജാക്കന്മാരുടെ വിവാഹങ്ങൾ, യുദ്ധങ്ങൾ, ആലോചനസഭകൾ, മഹാന്മാരായ നേതാക്കന്മാർ, പകൽനേരത്തുള്ള ഭരണപരിവർത്തനങ്ങൾ, സകലവും പുറംഭാഗത്തുള്ളത്; മറ്റേ ചരിത്രകാരന്റേത് അന്തർഭാഗമാണ്—അഗാധതകൾ, അദ്ധ്വാനിക്കുന്നവരും കഷ്ടപ്പെടുന്നവരും കാത്തുകിടക്കുന്നവരുമായ പൊതുജനങ്ങൾ, ദ്രോഹിക്കപ്പെടുന്ന സ്ത്രീ, മരണവേദന തട്ടുന്ന കുട്ടി, മനുഷ്യരും മനുഷ്യനുമായുള്ള നിഗുഢ യുദ്ധം, ആരുമറിയാത്ത കഠിനക്രിയകൾ, പക്ഷപാതങ്ങൾ, ആലോചിച്ചുണ്ടാക്കുന്ന ദുഷ്പ്രവൃത്തികൾ, തുരങ്കപ്പണികൾ, ജനസംഘങ്ങളുടെ അവ്യക്തക്ഷോഭങ്ങൾ, വിശന്നു ചാകൽ, നിയമത്തിന്റെ മറുതല്ലുകൾ, ആത്മാക്കളുടെ നിഗൂഢപരിണാമം, വെറുംകാലടി, നിരായുധർ, വീടില്ലാതായവർ, അനാഥക്കുട്ടികൾ, ഭാഗ്യംകെട്ടവർ, ദുഷ്പേരുള്ളവർ, അന്ധകാരത്തിലൂടെ അലയുന്ന രൂപങ്ങൾ മുഴുവനും. ഉള്ളു നിറയെ ദയയോടും അതോടൊപ്പംതന്നെ നിഷ്ഠുരതയോടുംകൂടി ഒരു സഹോദരനെയും, ഒരു ന്യായാധിപനെയുംപോലെ, അയാൾക്കു ചോര ചാടുന്നവരും, വെട്ടു വെട്ടിയവരും, കരയുന്നവരും, ശുണ്ഠിയെടുത്തവരും പട്ടിണി കിടക്കുന്നവരും, എടുത്തുവിഴുങ്ങുന്നവരും, ദുഷ്ടതയനുഭവിക്കുന്നവരും, ദുഷ്ടത പ്രവർത്തിക്കുന്നവരും, കെട്ടിമറിഞ്ഞിഴയുന്ന ആ ദുർഗ്ഗക്കുണ്ടറകളിലേക്ക് ഇറങ്ങിച്ചെല്ലണം. ബാഹ്യ സംഭവങ്ങളുടെ ചരിത്രകാരന്മാർക്കുള്ളതിൽനിന്ന് താഴ്‌ന്ന ചുമതലയാണോ ഹൃദയങ്ങളുടേയും ആത്മാക്കളുടേയുമായ ഈ ചരിത്രകാരന്മാരുടേത്? മാക്കിയ വെല്ലിയെക്കാൾ കുറേ കുറച്ചുമാത്രമേ ദാന്തെയ്ക്കു പറയാനുള്ളുവെന്ന് ആരെങ്കിലും വിചാരിക്കുമോ? കുറെക്കൂടി അഗാധവും അന്ധകാരമയവുമാണെന്നുള്ളതുകൊണ്ടു മാത്രം പരിഷ്കാരത്തിന്റെ കീഴ്ബ്ഭാഗം മുകൾബ്ഭാഗത്തേക്കാൾ പ്രാധാന്യം കുറഞ്ഞതാവുമോ? ഗുഹയെപ്പറ്റി അറിവില്ലാതിരിക്കെ നമുക്കെങ്ങനെ മലയെപ്പറ്റി അറിവെല്ലാമാവുന്നു?

എന്നല്ല, ഒരാവരണവാക്യമായി ഞങ്ങൾ പറയട്ടെ, മുൻപറഞ്ഞ ചില വാക്കുകളിൽനിന്ന് ഈ രണ്ടുതരം ചരിത്രകാരന്മാർക്കും തമ്മിൽ ഞങ്ങൾ വിചാരിച്ചിട്ടില്ലാത്തവിധം, ഒരെണ്ണംപറഞ്ഞ വ്യത്യാസമുള്ളതായി ഊഹിക്കപ്പെട്ടേയ്ക്കാം. ജനങ്ങളുടെ അഗാധവും നിഗുഢവുമായ ജീവിതത്തെക്കുറിച്ചുകൂടി ഒരു വിധമെങ്കിലും ചരിത്രകാരനായിട്ടില്ലെങ്കിൽ, അങ്ങനെയുള്ള ആരും അവരുടെ പ്രത്യക്ഷവും ദൃശ്യവും ഹൃദയസ്പൃക്കുമായ ബാഹ്യജീവിതത്തിന്റെ ഒരു യഥാർത്ഥചരിത്രകാരനല്ല; അതുപോലെ ആവശ്യം വരുമ്പോൾ, പുറംഭാഗത്തിന്റേയും ചരിത്രകാരനാവേണ്ടതെങ്ങനെ എന്നറിയാത്ത ആരും അന്തർഭാഗത്തിന്റെ ഒരു യഥാർത്ഥ ചരിത്രകാരനല്ല, ആചാരങ്ങളുടേയും ആലോചനകളുടേയും ചരിത്രം സംഭവങ്ങളുടെ ചരിത്രത്തിൽ വ്യാപിച്ചുകിടക്കുന്നു; അത് അങ്ങോട്ടുമിങ്ങോട്ടും ശരിയാണ്. അന്യോന്യം സംബന്ധിക്കുന്നവയും എപ്പോഴും കൂടിപ്പിണഞ്ഞവയും പലപ്പോഴും ഫലപ്രദങ്ങളുമായ രണ്ടുതരം സംഗതികളെക്കൊണ്ടാണ് അവയുണ്ടാകുന്നത്. ഒരു ജനസമുദായത്തിന്റെ മകൾബ്ഭാഗത്ത് ഈശ്വരൻ വരയ്ക്കുന്ന എല്ലാ മുഖച്ഛായകൾക്കും, ഇരുണ്ടവയെങ്കിലും സ്പഷ്ടങ്ങളായ പ്രതിച്ഛായകൾ അവയുടെ അടിയിലുണ്ട്; ആ അടിയിലെ ക്ഷോഭങ്ങളെല്ലാം മുകൾബ്ഭാഗത്തു പതയുണ്ടാക്കുന്നു. യഥാർത്ഥചരിത്രം സകലത്തിന്റേയും ഒരു സങ്കലനമായതുകൊണ്ട് യഥാർത്ഥ ചരിത്രകാരൻ എല്ലാറ്റിലും കൂടിച്ചേരുന്നു.

ഒരൊറ്റ വൃത്തത്തോടുകൂടിയ ഒരു കേന്ദ്രമല്ല മനുഷ്യൻ; അവൻ ഇരട്ട പ്രകാശ കേന്ദ്രത്തോടുകൂടിയ ഒരണ്ഡവൃത്തമാണ്. സംഭവങ്ങളാണ് അവയിലൊന്ന്, മറ്റേത് ആലോചനകളും.

കന്നഭാഷ, നാവിന് എന്തോ ഒരു ചീത്തത്തം പ്രവർത്തിക്കാനുള്ളതുകൊണ്ട് അതു ചെന്നു വേഷം മാറ്റുന്ന ഒരണിയറയല്ലാതെ മറ്റൊന്നുമല്ല. അവിടെ അതു വാക്കുമോന്തകൾ കെട്ടുന്നു, അലങ്കാരക്കീറലുകൾ ഉടുക്കുന്നു. ഈ വേഷത്തിൽ അതു ഭയങ്കരമായിത്തീരുന്നു.

കണ്ടാൽ അറിയില്ല, അതു വാസ്തവത്തിൽ ഫ്രഞ്ചാണോ, ആ മഹത്തായ മനുഷ്യഭാഷയാണോ? അതാ, അതരങ്ങത്തു ചെന്നു ദുഷ്കർമ്മത്തിന്മേൽ ചുരുണ്ടു പറ്റാൻ തെയ്യാറായി; ദുഷ്പ്രവൃത്തിയുടെ പാണ്ടികശാലയിലുള്ള എല്ലാത്തരം വേലകൾക്കും അതൊരുങ്ങിക്കഴിഞ്ഞു. അതു നടക്കൽ മാറി, നൊണ്ടുകയായി; ഊന്നുവടിയിൽ ഒരു മുണ്ടൻവടിയായി രൂപാന്തരപ്പെടുന്ന ഒരൂന്നുവടിയിൽ, അതു കൊക്കിച്ചാടുന്നു; അതിന് ആഭാസത്തം എന്നു പേർ പറയുന്നു; അതിനെ വേഷം കെട്ടിക്കുന്നവയായ എല്ലാത്തരം പ്രേതരൂപങ്ങളും അതിന്റെ മുഖത്തു ചുട്ടികുത്തിയിട്ടുണ്ട്; അത് ഇഴയുകയും പിൻകാലിന്മേൽ നില്ക്കുകയും ചെയ്യുന്നു—ഇഴജന്തുവിന്റെ ഇരട്ട നടത്തം. ഇനി അതെന്തഭിനയത്തിനു, പറ്റും; കള്ളനാണ്യമടിക്കുന്നവൻ അതിനെ സംശയജനകമാക്കുന്നു; കള്ളാധാരക്കാരൻ അതിനെ ക്ലാവുകൊണ്ടു മൂടുന്നു; പുരചൂടുകാരൻ കരികൊണ്ടു കറുപ്പിക്കുന്നു; കൊലപാതകിയാകട്ടെ അതിന്മേൽ ചുകപ്പുചായം തേയ്ക്കുന്നു.

മര്യാദക്കാരുടെ അടുക്കൽ, സമുദായത്തിന്റെ പൂമുഖത്തു, നിന്നു ചെവിയോർക്കുമ്പോൾ ഒരാൾ ആ പുറത്തുള്ളവരുടെ സംഭാഷണങ്ങൾ കേൾക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും വേർതിരിച്ചറിയാം. ഏതാണ്ട് മനുഷ്യസ്വരങ്ങളെപ്പോലുള്ളതും എന്നാൽ ഒരു സാക്ഷരശബ്ദത്തോടുള്ളതിനേക്കാൾ ഒരു മുരളിച്ചയോടടുപ്പമുള്ളതുമായ ഒരു വല്ലാത്ത മന്ത്രിക്കൽ, ഇന്നതെന്നു മനസ്സിലാകാതെ അയാൾ കേൾക്കുന്നു. അതു കന്നഭാഷയാണ്. വാക്കുകൾ വിരൂപങ്ങളും അനിർവചനീയവും വികൃതരൂപവുമായ ഒരു മൃഗത്വംകൊണ്ടു മുദ്രിതങ്ങളുമാണ്, കേൾക്കുന്നവർക്കു കഴുതപ്പുലികൾ സംസാരിക്കുകയാണെന്നു തോന്നും.

ഇരുട്ടത്ത് അതാർക്കും മനസ്സിലാവില്ല. അന്ധകാരത്തെ നിഗൂഢതയാൽ മുഴുമിപ്പിച്ചുകൊണ്ട് അതു പല്ലിറുമ്മുകയും പിറുപിറുക്കയും ചെയ്യുന്നു. അതു കഷ്ടതയിൽ കറുത്തതാണ്; ദുഷ്പ്രവൃത്തിയിൽ കുറേക്കൂടി കറുക്കും; ഈ രണ്ടു കറുപ്പുകളും കൂടിക്കലർന്നാൽ കന്നഭാഷയായി. അന്തരീക്ഷത്തിൽ അസ്പഷ്ടത, പ്രവൃത്തിയിൽ അസ്പഷ്ടത, ശബ്ദങ്ങളിൽ അസ്പഷ്ടത. മഴകൊണ്ടും രാത്രികൊണ്ടും വിശപ്പുകൊണ്ടും ദുർന്നടപ്പുകൊണ്ടും കള്ളത്തരംകൊണ്ടും അനീതികൊണ്ടും നഗ്നതകൊണ്ടും വീർപ്പുമുട്ടൽകൊണ്ടും പാവങ്ങളുടെ നട്ടുച്ചനേരമായ മഴക്കാലം കൊണ്ടുമുള്ള ആ എന്തെന്നില്ലാത്ത നരയൻ മൂടൽമഞ്ഞിൽ പിശാചമട്ടിൽ സഞ്ചരിക്കുകയും ചാടുകയും ഇഴയുകയും തുപ്പലൊലിപ്പിക്കുകയും ഉഴയ്ക്കുകയും ചെയ്യുന്ന ഒരു വല്ലാത്ത പോക്കാച്ചിഭാഷ.

ശിക്ഷിക്കപ്പെട്ടവന്റെമേൽ നമുക്കു ദയവേണം. കഷ്ടം! നമ്മൾതന്നെ ആരാണ്? ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്ന ഞാനാരാണ്? ഞാൻ പറുയുന്നതിനു ചെവിതരുന്ന നിങ്ങളാരാണ്? നിങ്ങൾ ജനിച്ചതിനു മുൻപ് യാതൊന്നും ചെയ്തിട്ടില്ലെന്നു നല്ല തീർച്ചയുണ്ടോ? ഭൂമിക്ക് ഒരു കാരാഗൃഹത്തിന്റെ സാദൃശ്യമില്ലായ്കയില്ല. ഈശ്വരന്റെ നീതിന്യായത്തിനെതിരായി പ്രവർത്തിച്ചു വീണ്ടും പിടിക്കപ്പെട്ട ഒരു കുറ്റക്കാരനല്ല മനുഷ്യൻ എന്ന് ആർക്കറിയാം? ജീവിതത്തെ സൂക്ഷിച്ചുനോക്കൂ. എല്ലായിടത്തും നാം ഒരു ശിക്ഷയിലാണെന്നു തോന്നുമാറ് അങ്ങനെയാണതുണ്ടാക്കിയിട്ടുള്ളത്.

നിങ്ങൾ ഭാഗ്യവാൻ എന്നു പറയപ്പെടുന്ന ഒരാളാണോ? ആവട്ടെ! നിങ്ങൾ ഓരോ ദിവസവും ദുഃഖിക്കുന്നുണ്ട്. ഓരോ ദിവസത്തിന്റേയും വക വമ്പിച്ച ദുഃഖമോ ചില്ലറ അലട്ടോ നിങ്ങൾക്കുണ്ട്. ഇന്നലെ നിങ്ങൾ പ്രിയപ്പെട്ട ഒരാളുടെ ആരോഗ്യത്തെക്കുറിച്ചു ഭയപ്പെടുകയായിരുന്നു; ഇന്നു നിങ്ങളുടേതിനെപ്പറ്റി; നാളെ പണത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ്; മറ്റന്നാൾ ഒരുവന്റെ ശകാരത്തെപ്പറ്റിയാവും; പിന്നത്തെ ദിവസം ഏതോ സുഹൃത്തിന്റെ ഗ്രഹപ്പിഴയെപ്പറ്റി; പിന്നെ അപ്പോഴത്തെ കാലാവസ്ഥയെപ്പറ്റി, പിന്നെ ഏതോ മുറിവു തട്ടുകയോ കൈമോശം വരികയോ ചെയ്ത എന്തോ ഒന്നിനെപ്പറ്റി, പിന്നെ നിങ്ങളുടെ മനസ്സാക്ഷിയും നിങ്ങളുടെ നട്ടെല്ലും നിങ്ങളെ ശകാരിക്കുന്ന ഒരു സുഖത്തെപ്പറ്റി; അതുകഴിഞ്ഞു, രാജ്യകാര്യമായി, ഇതു മനസ്സിന്റെ അസ്വാസ്ഥ്യം കണക്കാക്കാതെയാണ്, അങ്ങനെ കഴിയുന്നു. ഒരു മേഘം പോയി, മറ്റൊന്ന് അടിഞ്ഞുകൂടി. തികച്ചും സന്തോഷവും തെളിവുമുള്ളതായിട്ടു നൂറ്റുക്ക് ഒരു ദിവസമെങ്കിലുമില്ല. അപ്പോൾ നിങ്ങൾ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഒരാളാണ്! ബാക്കിയുള്ള മനുഷ്യർക്കാണെങ്കിൽ, അവരുടെ മീതേ രാത്രികാലം കെട്ടിനില്ക്കുന്നു.

വിചാരശീലരാവട്ടെ, ഭാഗ്യവാൻമാർ ഭാഗ്യഹീനൻമാർ എന്നീ വാക്കുകൾ ഉപയോഗിക്കാറില്ല. ശരിക്കു മറ്റൊരു ലോകത്തിന്റെ പൂമുഖമായ ഈ ലോകത്തിൽ ഭാഗ്യവാനില്ല.

വാസ്തവത്തിൽ മനുഷ്യവിഭാഗം വെളിച്ചത്തുള്ളവർ, ഇരുട്ടത്തുള്ളവർ എന്നീ രണ്ടായിട്ടാണ്. ഇരുട്ടത്തുള്ളവരുടെ എണ്ണം കുറയ്ക്കുക, വെളിച്ചത്തുള്ളവരുടെ എണ്ണം കൂട്ടുക—ഇതാണാവശ്യം. അതാണ് ഞങ്ങൾ നിലവിളിച്ചുപറയുന്നത്; വിദ്യാഭ്യാസം! പ്രകൃതിശാസ്ത്രം വായിക്കാൻ പഠിക്കുക എന്നുവെച്ചാൽ വിളക്കുകൊളുത്തുക എന്നർത്ഥം, ഉച്ചരിക്കപ്പെടുന്ന ഓരോ അക്ഷരവും മിന്നിത്തിളങ്ങുന്നു.

എന്തായാലും വെളിച്ചം എന്നു പറയുന്നവൻ, ആവശ്യം നോക്കിയിട്ടുതന്നെ. സുഖം എന്നു പറയുന്നില്ല. ജനങ്ങൾ വെളിച്ചത്തുനിന്നു കഷ്ടപ്പെടുന്നു; അതിയായാൽ കത്തും. തീജ്വാല ചിറകിനു വിരോധിയാണ്. പറക്കൽ അവസാനിക്കാതെ കത്തുക—ഇതിലാണ് അതിബുദ്ധിയുടെ മാഹാത്മ്യം.

അറിയാനും സ്നേഹിക്കാനും പഠിച്ചാൽ പിന്നെയും നിങ്ങൾ ദുഃഖിക്കും. ദിവസം പിറക്കുന്നത് കണ്ണുനീരിൽ മുങ്ങിയിട്ടാണ്. ഇരുട്ടത്തുള്ളവരെപ്പറ്റി മാത്രമാണെങ്കിലും, വെളിച്ചത്തുള്ളവർ കരയുന്നു.

കുറിപ്പുകൾ

[1] The Last day of a Condemned Man.

[2] ഒരു ഫ്രഞ്ചുഭടൻ: പിന്നീടു ലഹളക്കാരനായി, മരണശിക്ഷ വിധിക്കപ്പെട്ടു.

[3] ഒരു സുപ്രസിദ്ധനായ ഫ്രഞ്ചുകപ്പൽസ്സൈന്യാധിപൻ.

[4] ഡെൻമാർക്കുകാരുടേയും ഹോളണ്ടുകാരുടേയും സ്പെയിൻകാരുടെയും പല പടക്കപ്പലുകളും തകർത്തിട്ടുള്ള ഒരു ഫ്രഞ്ചുകപ്പൽസ്സേനാപതി.

[5] ഇംഗ്ലണ്ടോടു യുദ്ധം ചെയ്ത് 1830-ൽ ആൽജിയേഴ്സ് പിടിച്ചെടുത്തിട്ടുള്ള ഫ്രഞ്ചുകപ്പൽപ്പടനായകൻ.

[6] ഹിബ്രുഭാഷയുടെ ഒരു വകഭേദം.

[7] ഇറ്റലിയുടേയും യൂഫ്രട്ടീസ് നദിയുടേയും നടുക്കുള്ള കിഴക്കൻ യൂറോപ്പിന്നാണ് ലെവന്ത് എന്നു പേർ. അവിടുത്തെ പുരാതനഭാഷയാണ് ലെവൻതീൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 11; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.