images/hugo-33.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.11.1
ഉത്പത്തി

പിഗ്രിസിയ (Pigritia = അലസത) ഒരു ഭയങ്കരവാക്കാണ്.

അതിൽ ഒരു പ്രപഞ്ചം മുഴുവനുമുണ്ട്; ല പെഗൃ (La pegre) എന്നതിനു മോഷണം എന്നും നരകമെന്നും വായിക്കുക; ല പെഗൃന്ന് (La pegrenne) എന്നതിനു വിശപ്പ് എന്നു വായിക്കുക.

അപ്പോൾ അലസത അമ്മയാണ്.

അവൾക്ക് ഒരു മകനുണ്ട്, മോഷണം; ഒരു മകളുമുണ്ട്, ക്ഷുത്ത്.

നാമിപ്പോൾ എവിടെയാണ്? കന്നഭാഷയുടെ രാജ്യത്ത്.

എന്താണ് കന്നഭാഷ? അത് ഒരേസമയത്ത് ഒരു ജനസമുദായവുമാണ്, ഒരു ഭാഷയുമാണ്; അത് അതിന്റെ രണ്ടു മട്ടിലും മോഷണമത്രേ—ജനങ്ങൾ എന്ന നിലയ്ക്കും, ഭാഷ എന്ന നിലയ്ക്കും.

മുപ്പത്തിനാലു കൊല്ലം മുൻപു സഗൗരവവും ദുഃഖമയവുമായ ഈ ചരിത്രം പറയുന്ന ആൾ ഇതേ ഉദ്ദേശത്തോടുകൂടി എഴുതിയ ഒരു കൃതിയിൽ [1] കന്നഭാഷ സംസാരിക്കുന്ന ഒരു കള്ളനെ കഥാപാത്രമാക്കി അവതരിപ്പിച്ച സമയത്തു വലിയ ലഹളയും അമ്പരപ്പുമുണ്ടായി: ‘എന്ത്! ഏത്! കന്നഭാഷ! എന്താണിത്! അസഭ്യഭാഷവല്ലാത്തതാണ്! അതു കാരാഗൃഹങ്ങളിലെ, തണ്ടുവലിശ്ശിക്ഷസ്ഥലങ്ങളിലെ, തടവു പുള്ളികളുടെ സമുദായത്തിൽ ഏറ്റവും നികൃഷ്ടമായിട്ടുള്ള സകലത്തിന്റേയും ഭാഷയാണ്!’ മറ്റും മറ്റും.

ഈയൊരുതരം ആക്ഷേപങ്ങളുടെ അർത്ഥം ഞങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

അതിനുശേഷം രണ്ടു കരുത്തുകൂടിയ കഥാകാരന്മാർ—ഒരാൾ മനുഷ്യഹൃദയത്തെ അറ്റംവരെ നോക്കിയറിഞ്ഞിട്ടുള്ള ആളാണ്. മറ്റേ ആൾ കൂസലറ്റ ഒരു പൊതുജനസുഹൃത്താണ്—ബൽസാക്കും യൂഷാങ്സ്യുവും 1828-ൽ മരണശിക്ഷ വിധിക്കപ്പെട്ട ഒരുവന്റെ അവസാനദിവസം എന്ന ഗ്രന്ഥത്തിന്റെ കർത്താവു ചെയ്തതുപോലെ, തങ്ങളുടെ ഘാതുകന്മാരെക്കൊണ്ട് സ്വന്തം സഹജഭാഷയിൽ സംസാരിപ്പിച്ചു. കാണിച്ചപ്പോഴും ഇതേ ആക്ഷേപങ്ങൾ പുറപ്പെടുകയുണ്ടായി. ആളുകൾ ആവർത്തിച്ചു: ‘ഈ അറയ്ക്കുന്ന ഭാഷകൊണ്ട് എന്താണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത്? കന്നഭാഷ സഹിച്ചുകൂടാ. കന്നഭാഷ ആളുകളെ പേടിപ്പെടുത്തുന്നു.’

ആരതില്ലെന്നു പറഞ്ഞു? നിശ്ചയമായും, ഉവ്വ്.

ഒരു വ്രണത്തെ, ഒരഗാധക്കുഴിയെ, ഒരു ജനസമുദായത്തെ, ശസ്ത്രമിറക്കിപ്പരീക്ഷണം ചെയ്യുക എന്നു വരുമ്പോൾ, എവിടെനിന്നു ദൂരത്തേക്കു കടക്കുന്നതാണ്, അടിയിലേക്കു ചെല്ലുന്നതാണ്, അബദ്ധമായിത്തീരുന്നത്? അതു ചിലപ്പോൾ ഒരു ധീരകൃത്യമാണെന്ന്, അല്ലെങ്കിൽ ചുമതല സ്വീകരിച്ചു വേണ്ടവിധം നിറവേറ്റിക്കാണുമ്പോൾ ഉണ്ടാകേണ്ടിയിരിക്കുന്ന സസന്തോഷശ്രദ്ധയെ അർഹിക്കുന്ന സാധാരണവും പ്രയോജനകരവുമായ പ്രവൃത്തിയാണ് എന്നെങ്കിലും, ഞങ്ങൾ വിചാരിക്കുന്നു. എന്തുകൊണ്ട് ഒരാൾക്ക് സർവ്വവും ചികഞ്ഞുനോക്കിക്കൂടാ, സകലവും മനസ്സിലാക്കിക്കൂടാ? ഇടയ്ക്കു നിന്നുകൊള്ളണം എന്നെന്താണ്? നില്ക്കൽ അളവു കയറിന്റെ പണിയാണ്, അല്ലാതെ ആഴമളക്കുന്ന ആളുടെയല്ല.

നിശ്ചയമായും സാമുദായികവ്യവസ്ഥയുടെ അടിത്തട്ടിലേക്കു, മണ്ണു തീർന്നു ചേറു തുടങ്ങുന്നേടത്തേക്കു, പരീക്ഷണത്തെ കൊണ്ടുചെല്ലുന്നത്, ആ ഇരുട്ടു കെട്ടി ചളിനിറഞ്ഞ തിരകൾക്കുള്ളിൽക്കുത്തിയിളക്കി, കൈയിട്ടു തപ്പി, പിടികൂടി, വെളിച്ചത്തേയ്ക്കു കൊണ്ടുവരുമ്പോൾ ചേറിറ്റുവീഴുന്ന ആ ആഭാസഭാഷയെ—ഓരോ വാക്കും ചളിയിലേയും നിഴലുകളിലേയുമായ ഒരു രാക്ഷസന്റെ കൈയിൽ നിന്നു പിടിച്ചുപറിച്ച വൃത്തികെട്ട മോതിരംപോലുള്ള ആ പൊള്ളനിഘണ്ടുവെ—അപ്പോഴും വിറച്ചുംകൊണ്ടിരിക്കെ, കൽവിരിയിലേക്കു വലിച്ചെറിയുന്നത് ഒട്ടും രസമുള്ളതോ ഒട്ടും എളുപ്പമുള്ളതോ ആയ പണിയല്ല. ആലോചനയുടെ പച്ചപകലിൽവെച്ച് ആ കന്നഭാഷയുടെ എന്തെന്നില്ലാത്ത കൂട്ടത്തെ ഈവിധം നഗ്നമായ നിലയിൽ നോക്കിക്കാണുന്നതിലധികം വ്യസനകരമായി മറ്റൊന്നില്ല. വാസ്തവത്തിൽ അതു, രാത്രിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരുതരം വല്ലാത്ത ജന്തുവെ അതിന്റെ ചേറ്റുകുണ്ടിൽനിന്ന് അപ്പോൾ വലിച്ചെടുത്തതാണെന്നു തോന്നും. വിറയ്ക്കുകയും, തുള്ളുകയും, ചാഞ്ചാടുകയും, ഇരുട്ടിലേക്കുതന്നെ മടങ്ങുകയും, പേടി കാട്ടുകയും, തുറിച്ചുനോക്കുകയും ചെയ്യുന്ന നഒരു വല്ലാത്തതും, ജീവനുള്ളതും, രോമമെടുത്തുപിടിച്ചതുമായ കുറ്റിക്കാടാണ് അതെന്നു തോന്നിപ്പോകും ഒരു വാക്ക് ഒരു നഖംപോലെ; മറ്റൊന്നു ജീവസ്സറ്റതും ചോരയൊഴുകുന്നതുമായ ഒരു കണ്ണ്; ഇന്നയൊരു പദം ഒരു ഞെണ്ടിന്റെ ഇറുക്കക്കാലുപോലെ നീങ്ങുന്നുണ്ടെന്നു തോന്നു. അവ്യവസ്ഥിതത്വത്തിൽനിന്നു വ്യവസ്ഥപ്പെടുത്തിയെടുത്തവയ്ക്കെല്ലാമുള്ള ഭയങ്കര പ്രസരിപ്പോടുകൂടി ഇവയൊക്കെ ഉയിർകൊള്ളുന്നു.

അപ്പോൾ എന്നാണ് ഭയങ്കരത്വം പഠിപ്പിനെ തടഞ്ഞിട്ടുള്ളത്? എന്നാണ് രോഗം മരുന്നിനെ നാടുകടത്തിയിട്ടുള്ളത്? അണലിപ്പാമ്പിനേയോ, കടവാതിലിനേയോ തേളിനേയോ പഴുതാരയേയോ ഊറാമ്പുലിയേയോ നോക്കിപ്പഠിക്കാൻ കൂട്ടാക്കാത്ത, ‘ആവൂ, എന്തറയ്ക്കുന്ന ജന്തു!’ എന്നു പറഞ്ഞ് അവയെ അവയ്ക്കുള്ള അന്ധകാരത്തിലേക്കുതന്നെ നീക്കിയിടുന്ന, ഒരു പ്രകൃതിശാസ്ത്രജ്ഞനുണ്ടോ? കന്നഭാഷയിൽനിന്നു മുഖം തിരിക്കുന്ന ആലോചനാശീലൻ ഒരു വ്രണമോ ഒരു പാലുണ്ണിയോ കണ്ടു പിൻതിരിയുന്ന ഒരു ശാസ്ത്രവൈദ്യനെപ്പോലെയാണ് അയാൾ ഭാഷയിലുള്ള ഒരു തത്ത്വത്തെ പരീക്ഷണം ചെയ്യാൻ കൂട്ടാക്കാത്ത ഒരു ഭാഷാശാസ്ത്രജ്ഞനേപ്പോലിരിക്കും; മനുഷ്യത്വത്തിലുള്ള ഒരു തത്ത്വത്തെ സൂക്ഷിച്ചുനോക്കാൻ ശങ്കിക്കുന്ന ഒരു തത്ത്വജ്ഞാനി. എന്തുകൊണ്ടെന്നാൽ. ആഭാസഭാഷ സാഹിത്യസംബന്ധിയായ ഒരപൂർവ്വക്കാഴ്ചയും സാമുദായികമായ ഒരു വ്യവസ്ഥാഫലവും, രണ്ടും, ആണെന്ന് അതിനെപ്പറ്റി അറിവില്ലാത്തവരോടു പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. ശരിക്കു പറയുമ്പോൾ, കന്നഭാഷ എന്താണ്? അതു കഷ്ടസ്ഥിതിയുടെ ഭാഷയാണ്.

ഞങ്ങളെ തടഞ്ഞേക്കാം; വാസ്തവസ്ഥിതിയെ ഒട്ടു സാധാരണമാക്കിപ്പറഞ്ഞു എന്നുവരാം—അത് അതിന്റെ കനംകുറയ്ക്കുന്ന പണിയാണ്; എല്ലാ വ്യവസായങ്ങൾക്കും എല്ലാ ഉദ്യോഗങ്ങൾക്കും, ഒന്നുകൂടി പറയാം. സാമുദായികമായ മതാധ്യക്ഷവാഴ്ചയിലെ എല്ലാ അസംഗതികൾക്കും, ബുദ്ധിയുടെ എല്ലാ രൂപഭേദങ്ങൾക്കും, വെവ്വേറെ കന്നഭാഷയുണ്ടെന്നു ഞങ്ങളോടു പറഞ്ഞേക്കാം. ‘മൊങ്പെല്ലിയേ മന്ദിച്ചിരിക്കുന്നു,’ ‘മാർസേൽസ് അസ്സൽ’ എന്നു പറയുന്ന കച്ചവടക്കാരനും, ആകെയൊക്കെ മാസാന്തത്തിൽ’ എന്നു പറയുന്ന ഉണ്ടികവ്യാപാരിയും, ‘കേട്ടു, കൊടുത്തു’ എന്നു പറയുന്ന ശീട്ടുകളിക്കാരനും, ‘പണയത്തിലുള്ള വസ്തുവിന്റെ ആദായം പണയത്തിൽക്കിടക്കുന്നേടത്തോളം കാലം വസ്തുതീരുകാരന് അനുഭവിച്ചുകൂടാ’ എന്നു പറയുന്ന നോർമൻദ്വീപിലെ നഗരാധികാരിയും, ‘അരങ്ങു പിടിച്ചില്ല’ എന്നു പറയുന്ന നാടകമെഴുത്തുകാരനും, ‘അരങ്ങേറ്റം ഭംഗിയായി’ എന്നുപറയുന്ന വേഷക്കാരനും, ‘സത്ത്വരജസ്തമോഗുണങ്ങൾ’ എന്നു പറയുന്ന തത്ത്വജ്ഞാനിയും ‘കടവിരിക്കുക’ എന്നു പറയുന്ന നായാട്ടുകാരനും, ‘എന്റെ വെടിക്കുന്തം’ എന്നുപറയുന്ന പട്ടാളക്കാരനും ‘എന്റെ തുർക്കിക്കോഴി’ എന്നു പറയുന്ന കുതിരപ്പട്ടാളക്കാരനും, ‘കടകം ഓതിരം’ എന്നു പറയുന്ന തല്ലാശാനും, ‘കോട്, ഗാലി’ എന്നു പറയുന്ന അച്ചടിവേലക്കാരനും എല്ലാവരും—അച്ചടിവേലക്കാരനും തല്ലാശാനും കുതിരപ്പട്ടാളക്കാരനും പട്ടാളക്കാരനും നായാട്ടുകാരനും തത്ത്വജ്ഞാനിയും വേഷക്കാരനും നാടകമെഴുത്തുകാരനും ശീട്ടുകളിക്കാരനും ഉണ്ടികവ്യാപാരിയും കച്ചവടക്കാരനും എല്ലാം—കന്നഭാഷ സംസാരിക്കുന്നു. ‘എന്റെ കൂച്ച്’ എന്നു പറയുന്ന ചിത്രമെഴുത്തുകാരനും, ‘എന്റെ മുക്ത്യാർ’ എന്നു പറയുന്ന നോട്ടറിയും ‘എന്റെ കല്ല്’ എന്നു പറയുന്ന ക്ഷുരകനും, കന്നഭാഷ സംസാരിച്ചു. ശരിക്കു പറയുമ്പോൾ, ഒരാൾ അങ്ങനെ തിരിക്കിക്കൂടുകയാണെങ്കിൽ, വലത്ത് ഇടത്ത് എന്നർത്ഥം കാണിക്കുന്ന പല ജാതി വാക്കുകളും—വഞ്ചിക്കാരന്റെ അണിയവും അമരവും, പള്ളിക്കോല്ക്കാരന്റെ എൻഗർത്തഭാഗവും എവൻഗെലിയോൻ ഭാഗവും—കന്നഭാഷയാണ്. ധാടിക്കാരിയായ പ്രഭ്വിയുടേയും ധാടിക്കാരിയായ സാമാന്യസ്ത്രീയുടേയും വക പ്രത്യേകം കന്നഭാഷയുണ്ട്. ‘അത്ഭുതകൊട്ടാര’ത്തിന്റെ ഏതാണ്ടടുത്തുതന്നെയുണ്ട് പൊതുകെട്ടിടം. രാജ്ഞിമാരുടെ വക ഒരു കന്നഭാഷയുണ്ട്; രാജത്വ പുനഃസ്ഥാപനകാലത്ത് അത്യുന്നതപദസ്ഥയും അതിസുന്ദരിയുമായിരുന്ന ഒരു മാന്യ എഴുതിയ കാമലേഖനത്തിലെ ഈ വാചകം നോക്കുക: ‘ഞാൻ രണ്ടുംകെട്ടവളായതിന് അസംഖ്യം കാരണങ്ങൾ ഈ നുണവർത്തമാനത്തിൽ അങ്ങു കാണും.’ ഭരണനയത്തിന്റെ ഗൂഢഭാഷ കന്നഭാഷയാണ്. റോമിന് 26 എന്ന അക്കം പകരമുപയോഗിക്കുന്ന പാപ്പാവിന്റെ പ്രധാന ന്യായസ്ഥാനം കന്നഭാഷ പറയുന്നു. കഷായം, ക്വാഥം, പൊടി എന്നൊക്കെ പറയുന്ന വൈദ്യന്മാർ കന്നഭാഷ സംസാരിക്കുന്നു. ‘വെള്ള, ചുകപ്പൻ, പൊടിയൻ, തരിയൻ’ എന്നു പറയുന്ന പഞ്ചസാരപ്പണിക്കാരൻ—അതേ, ആ സത്യവാനായ വ്യവസായി—കന്നഭാഷ സംസാരിക്കുന്നു. ‘ഷേക്സ്പിയറുടെ കൃതികളിൽ പകുതി വക്രോക്തികളും ശ്ശേഷോക്തികളുമാണെ’ന്നു പറയാറുണ്ടായിരുന്ന ആ ഇരുപതു കൊല്ലം മുൻപത്തെ നിരുപണപ്രസ്ഥാനം കന്നഭാഷ സംസാരിച്ചു. കവിതകളുടേയും കൊത്തു പണികളുടേയും ഗുണദോഷജ്ഞനല്ലെങ്കിൽ, ‘മൊസ്യു ദ് മൊങ്മൊറൻസി’ [2] ‘ഒരു നാട്ടുപ്രമാണി’യാണെന്ന് അഗാധമായ പാണ്ഡിത്യത്തോടുകൂടി നാമകരണം ചെയ്ത കവിയും കൊത്തുപണിക്കാരനും കന്നഭാഷ സംസാരിച്ചു. പുഷ്പങ്ങളെ ‘വസന്തലക്ഷ്മി’ എന്നും, ഫലസമൃദ്ധിയെ ‘വനദേവത’ എന്നും, സമുദ്രത്തെ ‘വരുണൻ’ എന്നും, അനുരാഗത്തെ ‘കാമദേവൻ’ എന്നും, സൗന്ദര്യത്തെ ‘സൗഭാഗ്യദേവത’ എന്നും, കുതിരയെ ‘പന്തയക്കുതിര’ എന്നും, മുമ്മൂലത്തൊപ്പിയെ ‘ചൊവ്വയുടെ ത്രികോണപത്മം’ എന്നും പറയുന്ന മഹാപണ്ഡിതൻ കന്നഭാഷ സംസാരിക്കുന്നു. ബീജഗണിതം, വൈദ്യശാസ്ത്രം, സസ്യശാസ്ത്രം—ഈ ഓരോന്നിനും പ്രത്യേകം കന്നഭാഷയുണ്ട്. അത്രമേൽ പരിപൂർണ്ണവും മനോഹരവുമായ കപ്പൽ ബ്ഭാഷ, ആ അത്യത്ഭുതകരമായ സമുദ്രഭാഷ, ഴാങ്ബാർ, [3] ദ്യുക്കിൻ, [4] ദ്യുപ്പെറെ [5] എന്നിവർ സംസാരിച്ചുപോന്ന ഭാഷ, കപ്പൽപ്പായ്ക്കോപ്പിന്റെ ചൂളവിളിയോടും, ഉച്ചവാദിനീയന്ത്രങ്ങളുടെ ഒച്ചയോടും, പലകത്തട്ടുചങ്ങലയുടെ മുട്ടലോടുംകൂടി സമുദ്രത്തിരകളുടേയും കാറ്റിന്റേയും പിശറിന്റേയും പീരങ്കിയുടേയും ശബ്ദത്തെ കൂട്ടിയിണക്കുന്ന ആ ഭാഷ, തികച്ചും ഉശിരുകൂടിയതും അഞ്ചിപ്പിക്കുന്നതുമായ ഒരു കന്നഭാഷയാണ്; ആ ഭാഷയ്ക്കും കള്ളന്മാരുടെ നിഷ്ഠുരമായ കന്നഭാഷയ്ക്കും തമ്മിലുള്ള വ്യത്യാസം സിംഹത്തിനും കുറുനരിക്കും ശരിയാണ്.

സംശയമില്ല, പക്ഷേ, ഞങ്ങളെന്തു പറഞ്ഞാലും, കന്നഭാഷ എന്ന വാക്കിനെ ഈ വിധത്തിൽ മനസ്സിലാക്കുന്നത് എല്ലാവരും ഒരിക്കലും സമ്മതിക്കാത്ത ഒരു വലിച്ചുനീട്ടലാണ്. ഞങ്ങളാണെങ്കിൽ അതിന് അതിന്റെ പുരാതനവും സൂക്ഷ്മവും നിശ്ചിതവും നിഷ്കൃഷ്ടവുമായ അർത്ഥത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളു. ഞങ്ങൾ കന്നഭാഷയായിട്ടു കന്നഭാഷമാത്രമേ എടുക്കുന്നുള്ളു. ശരിക്കുള്ള കന്നഭാഷ, മേലേക്കിടയിലുള്ള കന്നഭാഷ—ഈ രണ്ടു വാക്കുകളെ ഈവിധം കൂട്ടിച്ചേർക്കാൻ പാടുണ്ടെങ്കിൽ—ഒരു സ്വതന്ത്രരാജ്യമായിരുന്ന പുരാതനക്കന്നഭാഷ, ഞങ്ങൾ ആവർത്തിക്കുന്നു. കഷ്ടസ്ഥിതയുടെ മോശവും അസ്വസ്ഥവും, നിപുണവും വഞ്ചനാപരവും വിഷയമയവും ക്രൂരവും അർത്ഥബഹുലവും നികൃഷ്ടവും അഗാധവും അപായകരവുമായ ഭാഷയല്ലാതെ മറ്റൊന്നുമല്ല. എല്ലാ നികൃഷ്ടസ്ഥിതിയുടേയും എല്ലാ കഷ്ടപ്പാടുകളുടേയും അറ്റത്തു ഭാഗ്യമുള്ള വാസ്തവാവസ്ഥകളുടേയും വാഴ്ചകൊള്ളുന്ന അധികാരങ്ങളുടേയും ആകത്തുകയോട് എതിരിടുകയും യുദ്ധംവെട്ടാൻ ഒരുങ്ങുകയും ചെയ്യുന്ന ഒരവസാനദുഃഖമുണ്ട്. ഇടയ്ക്ക് ഉപായവും ഇടയ്ക്ക് അക്രമവും കാണിച്ചുകൊണ്ട്, ഒരേസമയത്ത്, അസുഖകരവും അതിഭയങ്കരവുമായിക്കാണുന്ന കൊള്ളരുതാത്തതും കൊടുംക്രൂരവുമായ ആ ഭയങ്കരശണ്ഠയിൽ അതു സാമുദായികവ്യവസ്ഥയെ ദുസ്സ്വഭാവങ്ങളിലൂടെ മൊട്ടുസൂചികൊണ്ടു കുത്തുകയും ദുഷ്കർമ്മങ്ങളിലൂടെ പന്തീരാൻതല്ലു തല്ലുകയും ചെയ്യുന്നു, ഈ യുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി കഷ്ടപ്പാട് ഒരു യുദ്ധഭാഷയുണ്ടാക്കിയിട്ടുണ്ട്; അതാണ് കന്നഭാഷ

മനുഷ്യൻ ഉപയോഗിച്ചുവരുന്നതും ഇങ്ങനെയൊന്നു ചെയ്തുവയ്ക്കാത്ത പക്ഷം നശിച്ചുപോകാവുന്നതുമായ ഏതെങ്കിലും ഭാഷയുടെ ഒരു കഷ്ണം മാത്രമാണെങ്കിൽ—അതായതു നല്ലതായാലും ചീത്തയായാലും പരിഷ്കാരത്തെ ഉണ്ടാക്കിത്തീർത്ത, അല്ലെങ്കിൽ അതിനെ വിഷമമാക്കിയ, മൂലപ്രകൃതികളിലൊന്നുമാത്രമാണെങ്കിൽ—അതിനെ മുങ്ങാനയയ്ക്കാതെ വിസ്മൃതിയിൽനിന്നു രക്ഷപ്പെടുത്തുന്നത്, അഗാധതയുടെമീതെ പൊക്കിപ്പിടിക്കുന്നതു, സാമുദായിക നിരീക്ഷണത്തിന്റെ രേഖകൾക്കു വ്യാപ്തി കൂട്ടുന്നതു, പരിഷ്കാരത്തെത്തന്നെ സഹായിക്കുകയാണ്. കാർത്തേജ്കാരായ രണ്ടു ഭടന്മാരെക്കൊണ്ടു ഫെനീഷ്യൻ ഭാഷ [6] സംസാരിപ്പിച്ചതിൽ പ്ലൗത്തൂസ് അറിഞ്ഞോ അറിയാതെയോ ഈ ഉപകാരം ചെയ്തു; പല നാടകപാത്രങ്ങളെക്കൊണ്ടും ലെവൻതീൻ ഭാഷയും [7] ദേശ്യഭാഷകളും സംസാരിപ്പിച്ചതിൽ മോളിയെ ആ ഉപകാരം ചെയ്തു. ഇവിടെ പുതുതായി ആക്ഷേപങ്ങൾ പൊന്തുന്നു; ഫെനിഷ്യൻ, വളരെ നല്ലത്! ലെവന്തീൻ, വളരെ ശരി! ദേശ്യഭാഷയും, ആവട്ടെ! അവ രാജ്യക്കാർക്കും ദേശത്തിനും ചേർന്നവയാണ്; പക്ഷേ, കന്നഭാഷ! കന്നഭാഷയെ സൂക്ഷിച്ചുവെച്ചിട്ടെന്താണ് പ്രയോജനം? കന്നഭാഷയെ ‘പുനരുജ്ജീവിപ്പിച്ചിട്ടുള്ള’ ഗുണമെന്ത്?

ഞങ്ങൾ ഇതിന് ഒരു വാക്കുമാത്രംകൊണ്ടു മറുപടി പറയുന്നു. ഒരു രാജ്യക്കാരോ ഒരു ദേശക്കാരോ സംസാരിക്കുന്ന ഭാഷ ശ്രദ്ധാർഹമാണെങ്കിൽ, നിശ്ചയമായും ഒരു കഷ്ടസ്ഥിതി സംസാരിക്കുന്ന ഭാഷ കുറെക്കൂടി ശ്രദ്ധാർഹവും അധ്യയനയോഗ്യവുമാണ്.

ഉദാഹരണത്തിനു, ഫ്രാൻസിൽ നാലു നൂറ്റാണ്ടിലധികമായി, ഒരു കഷ്ടപ്പാടല്ല, മനുഷ്യസംബന്ധിയായ എല്ലാത്തരം കഷ്ടപ്പാടും സംസാരിച്ചുപോന്ന ഭാഷ അതാണ്.

പിന്നെ, സാമുദായികങ്ങളായ വൈകൃതങ്ങളും വൈരൂപ്യങ്ങളും നോക്കിപ്പഠിക്കലും നിവാരണമാർഗ്ഗമുദ്ദേശിച്ച് അവയെ ചൂണ്ടിക്കാണിക്കലും ഇഷ്ടം നോക്കാൻ നിവൃത്തിയുള്ള ഒരു കാര്യമല്ല; സംഭവങ്ങളുടെ ചരിത്രകാരന്റേതിൽ ഒട്ടും ഗൗരവം നിറഞ്ഞ ജോലിയല്ല ആചാരങ്ങളുടേയും ആലോചനകളുടേയുമായ ചരിത്രകാരന്റേതും. ആദ്യത്തെ ആൾക്കുള്ളത്, പരിഷ്കാരത്തിന്റെ മുകൾബ്ഭാഗമാണ്—രാജവാഴ്ചകളുടെ ശണ്ഠകൾ, രാജകുമാരന്മാരുടെ ജനനങ്ങൾ, രാജാക്കന്മാരുടെ വിവാഹങ്ങൾ, യുദ്ധങ്ങൾ, ആലോചനസഭകൾ, മഹാന്മാരായ നേതാക്കന്മാർ, പകൽനേരത്തുള്ള ഭരണപരിവർത്തനങ്ങൾ, സകലവും പുറംഭാഗത്തുള്ളത്; മറ്റേ ചരിത്രകാരന്റേത് അന്തർഭാഗമാണ്—അഗാധതകൾ, അദ്ധ്വാനിക്കുന്നവരും കഷ്ടപ്പെടുന്നവരും കാത്തുകിടക്കുന്നവരുമായ പൊതുജനങ്ങൾ, ദ്രോഹിക്കപ്പെടുന്ന സ്ത്രീ, മരണവേദന തട്ടുന്ന കുട്ടി, മനുഷ്യരും മനുഷ്യനുമായുള്ള നിഗുഢ യുദ്ധം, ആരുമറിയാത്ത കഠിനക്രിയകൾ, പക്ഷപാതങ്ങൾ, ആലോചിച്ചുണ്ടാക്കുന്ന ദുഷ്പ്രവൃത്തികൾ, തുരങ്കപ്പണികൾ, ജനസംഘങ്ങളുടെ അവ്യക്തക്ഷോഭങ്ങൾ, വിശന്നു ചാകൽ, നിയമത്തിന്റെ മറുതല്ലുകൾ, ആത്മാക്കളുടെ നിഗൂഢപരിണാമം, വെറുംകാലടി, നിരായുധർ, വീടില്ലാതായവർ, അനാഥക്കുട്ടികൾ, ഭാഗ്യംകെട്ടവർ, ദുഷ്പേരുള്ളവർ, അന്ധകാരത്തിലൂടെ അലയുന്ന രൂപങ്ങൾ മുഴുവനും. ഉള്ളു നിറയെ ദയയോടും അതോടൊപ്പംതന്നെ നിഷ്ഠുരതയോടുംകൂടി ഒരു സഹോദരനെയും, ഒരു ന്യായാധിപനെയുംപോലെ, അയാൾക്കു ചോര ചാടുന്നവരും, വെട്ടു വെട്ടിയവരും, കരയുന്നവരും, ശുണ്ഠിയെടുത്തവരും പട്ടിണി കിടക്കുന്നവരും, എടുത്തുവിഴുങ്ങുന്നവരും, ദുഷ്ടതയനുഭവിക്കുന്നവരും, ദുഷ്ടത പ്രവർത്തിക്കുന്നവരും, കെട്ടിമറിഞ്ഞിഴയുന്ന ആ ദുർഗ്ഗക്കുണ്ടറകളിലേക്ക് ഇറങ്ങിച്ചെല്ലണം. ബാഹ്യ സംഭവങ്ങളുടെ ചരിത്രകാരന്മാർക്കുള്ളതിൽനിന്ന് താഴ്‌ന്ന ചുമതലയാണോ ഹൃദയങ്ങളുടേയും ആത്മാക്കളുടേയുമായ ഈ ചരിത്രകാരന്മാരുടേത്? മാക്കിയ വെല്ലിയെക്കാൾ കുറേ കുറച്ചുമാത്രമേ ദാന്തെയ്ക്കു പറയാനുള്ളുവെന്ന് ആരെങ്കിലും വിചാരിക്കുമോ? കുറെക്കൂടി അഗാധവും അന്ധകാരമയവുമാണെന്നുള്ളതുകൊണ്ടു മാത്രം പരിഷ്കാരത്തിന്റെ കീഴ്ബ്ഭാഗം മുകൾബ്ഭാഗത്തേക്കാൾ പ്രാധാന്യം കുറഞ്ഞതാവുമോ? ഗുഹയെപ്പറ്റി അറിവില്ലാതിരിക്കെ നമുക്കെങ്ങനെ മലയെപ്പറ്റി അറിവെല്ലാമാവുന്നു?

എന്നല്ല, ഒരാവരണവാക്യമായി ഞങ്ങൾ പറയട്ടെ, മുൻപറഞ്ഞ ചില വാക്കുകളിൽനിന്ന് ഈ രണ്ടുതരം ചരിത്രകാരന്മാർക്കും തമ്മിൽ ഞങ്ങൾ വിചാരിച്ചിട്ടില്ലാത്തവിധം, ഒരെണ്ണംപറഞ്ഞ വ്യത്യാസമുള്ളതായി ഊഹിക്കപ്പെട്ടേയ്ക്കാം. ജനങ്ങളുടെ അഗാധവും നിഗുഢവുമായ ജീവിതത്തെക്കുറിച്ചുകൂടി ഒരു വിധമെങ്കിലും ചരിത്രകാരനായിട്ടില്ലെങ്കിൽ, അങ്ങനെയുള്ള ആരും അവരുടെ പ്രത്യക്ഷവും ദൃശ്യവും ഹൃദയസ്പൃക്കുമായ ബാഹ്യജീവിതത്തിന്റെ ഒരു യഥാർത്ഥചരിത്രകാരനല്ല; അതുപോലെ ആവശ്യം വരുമ്പോൾ, പുറംഭാഗത്തിന്റേയും ചരിത്രകാരനാവേണ്ടതെങ്ങനെ എന്നറിയാത്ത ആരും അന്തർഭാഗത്തിന്റെ ഒരു യഥാർത്ഥ ചരിത്രകാരനല്ല, ആചാരങ്ങളുടേയും ആലോചനകളുടേയും ചരിത്രം സംഭവങ്ങളുടെ ചരിത്രത്തിൽ വ്യാപിച്ചുകിടക്കുന്നു; അത് അങ്ങോട്ടുമിങ്ങോട്ടും ശരിയാണ്. അന്യോന്യം സംബന്ധിക്കുന്നവയും എപ്പോഴും കൂടിപ്പിണഞ്ഞവയും പലപ്പോഴും ഫലപ്രദങ്ങളുമായ രണ്ടുതരം സംഗതികളെക്കൊണ്ടാണ് അവയുണ്ടാകുന്നത്. ഒരു ജനസമുദായത്തിന്റെ മകൾബ്ഭാഗത്ത് ഈശ്വരൻ വരയ്ക്കുന്ന എല്ലാ മുഖച്ഛായകൾക്കും, ഇരുണ്ടവയെങ്കിലും സ്പഷ്ടങ്ങളായ പ്രതിച്ഛായകൾ അവയുടെ അടിയിലുണ്ട്; ആ അടിയിലെ ക്ഷോഭങ്ങളെല്ലാം മുകൾബ്ഭാഗത്തു പതയുണ്ടാക്കുന്നു. യഥാർത്ഥചരിത്രം സകലത്തിന്റേയും ഒരു സങ്കലനമായതുകൊണ്ട് യഥാർത്ഥ ചരിത്രകാരൻ എല്ലാറ്റിലും കൂടിച്ചേരുന്നു.

ഒരൊറ്റ വൃത്തത്തോടുകൂടിയ ഒരു കേന്ദ്രമല്ല മനുഷ്യൻ; അവൻ ഇരട്ട പ്രകാശ കേന്ദ്രത്തോടുകൂടിയ ഒരണ്ഡവൃത്തമാണ്. സംഭവങ്ങളാണ് അവയിലൊന്ന്, മറ്റേത് ആലോചനകളും.

കന്നഭാഷ, നാവിന് എന്തോ ഒരു ചീത്തത്തം പ്രവർത്തിക്കാനുള്ളതുകൊണ്ട് അതു ചെന്നു വേഷം മാറ്റുന്ന ഒരണിയറയല്ലാതെ മറ്റൊന്നുമല്ല. അവിടെ അതു വാക്കുമോന്തകൾ കെട്ടുന്നു, അലങ്കാരക്കീറലുകൾ ഉടുക്കുന്നു. ഈ വേഷത്തിൽ അതു ഭയങ്കരമായിത്തീരുന്നു.

കണ്ടാൽ അറിയില്ല, അതു വാസ്തവത്തിൽ ഫ്രഞ്ചാണോ, ആ മഹത്തായ മനുഷ്യഭാഷയാണോ? അതാ, അതരങ്ങത്തു ചെന്നു ദുഷ്കർമ്മത്തിന്മേൽ ചുരുണ്ടു പറ്റാൻ തെയ്യാറായി; ദുഷ്പ്രവൃത്തിയുടെ പാണ്ടികശാലയിലുള്ള എല്ലാത്തരം വേലകൾക്കും അതൊരുങ്ങിക്കഴിഞ്ഞു. അതു നടക്കൽ മാറി, നൊണ്ടുകയായി; ഊന്നുവടിയിൽ ഒരു മുണ്ടൻവടിയായി രൂപാന്തരപ്പെടുന്ന ഒരൂന്നുവടിയിൽ, അതു കൊക്കിച്ചാടുന്നു; അതിന് ആഭാസത്തം എന്നു പേർ പറയുന്നു; അതിനെ വേഷം കെട്ടിക്കുന്നവയായ എല്ലാത്തരം പ്രേതരൂപങ്ങളും അതിന്റെ മുഖത്തു ചുട്ടികുത്തിയിട്ടുണ്ട്; അത് ഇഴയുകയും പിൻകാലിന്മേൽ നില്ക്കുകയും ചെയ്യുന്നു—ഇഴജന്തുവിന്റെ ഇരട്ട നടത്തം. ഇനി അതെന്തഭിനയത്തിനു, പറ്റും; കള്ളനാണ്യമടിക്കുന്നവൻ അതിനെ സംശയജനകമാക്കുന്നു; കള്ളാധാരക്കാരൻ അതിനെ ക്ലാവുകൊണ്ടു മൂടുന്നു; പുരചൂടുകാരൻ കരികൊണ്ടു കറുപ്പിക്കുന്നു; കൊലപാതകിയാകട്ടെ അതിന്മേൽ ചുകപ്പുചായം തേയ്ക്കുന്നു.

മര്യാദക്കാരുടെ അടുക്കൽ, സമുദായത്തിന്റെ പൂമുഖത്തു, നിന്നു ചെവിയോർക്കുമ്പോൾ ഒരാൾ ആ പുറത്തുള്ളവരുടെ സംഭാഷണങ്ങൾ കേൾക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും വേർതിരിച്ചറിയാം. ഏതാണ്ട് മനുഷ്യസ്വരങ്ങളെപ്പോലുള്ളതും എന്നാൽ ഒരു സാക്ഷരശബ്ദത്തോടുള്ളതിനേക്കാൾ ഒരു മുരളിച്ചയോടടുപ്പമുള്ളതുമായ ഒരു വല്ലാത്ത മന്ത്രിക്കൽ, ഇന്നതെന്നു മനസ്സിലാകാതെ അയാൾ കേൾക്കുന്നു. അതു കന്നഭാഷയാണ്. വാക്കുകൾ വിരൂപങ്ങളും അനിർവചനീയവും വികൃതരൂപവുമായ ഒരു മൃഗത്വംകൊണ്ടു മുദ്രിതങ്ങളുമാണ്, കേൾക്കുന്നവർക്കു കഴുതപ്പുലികൾ സംസാരിക്കുകയാണെന്നു തോന്നും.

ഇരുട്ടത്ത് അതാർക്കും മനസ്സിലാവില്ല. അന്ധകാരത്തെ നിഗൂഢതയാൽ മുഴുമിപ്പിച്ചുകൊണ്ട് അതു പല്ലിറുമ്മുകയും പിറുപിറുക്കയും ചെയ്യുന്നു. അതു കഷ്ടതയിൽ കറുത്തതാണ്; ദുഷ്പ്രവൃത്തിയിൽ കുറേക്കൂടി കറുക്കും; ഈ രണ്ടു കറുപ്പുകളും കൂടിക്കലർന്നാൽ കന്നഭാഷയായി. അന്തരീക്ഷത്തിൽ അസ്പഷ്ടത, പ്രവൃത്തിയിൽ അസ്പഷ്ടത, ശബ്ദങ്ങളിൽ അസ്പഷ്ടത. മഴകൊണ്ടും രാത്രികൊണ്ടും വിശപ്പുകൊണ്ടും ദുർന്നടപ്പുകൊണ്ടും കള്ളത്തരംകൊണ്ടും അനീതികൊണ്ടും നഗ്നതകൊണ്ടും വീർപ്പുമുട്ടൽകൊണ്ടും പാവങ്ങളുടെ നട്ടുച്ചനേരമായ മഴക്കാലം കൊണ്ടുമുള്ള ആ എന്തെന്നില്ലാത്ത നരയൻ മൂടൽമഞ്ഞിൽ പിശാചമട്ടിൽ സഞ്ചരിക്കുകയും ചാടുകയും ഇഴയുകയും തുപ്പലൊലിപ്പിക്കുകയും ഉഴയ്ക്കുകയും ചെയ്യുന്ന ഒരു വല്ലാത്ത പോക്കാച്ചിഭാഷ.

ശിക്ഷിക്കപ്പെട്ടവന്റെമേൽ നമുക്കു ദയവേണം. കഷ്ടം! നമ്മൾതന്നെ ആരാണ്? ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്ന ഞാനാരാണ്? ഞാൻ പറുയുന്നതിനു ചെവിതരുന്ന നിങ്ങളാരാണ്? നിങ്ങൾ ജനിച്ചതിനു മുൻപ് യാതൊന്നും ചെയ്തിട്ടില്ലെന്നു നല്ല തീർച്ചയുണ്ടോ? ഭൂമിക്ക് ഒരു കാരാഗൃഹത്തിന്റെ സാദൃശ്യമില്ലായ്കയില്ല. ഈശ്വരന്റെ നീതിന്യായത്തിനെതിരായി പ്രവർത്തിച്ചു വീണ്ടും പിടിക്കപ്പെട്ട ഒരു കുറ്റക്കാരനല്ല മനുഷ്യൻ എന്ന് ആർക്കറിയാം? ജീവിതത്തെ സൂക്ഷിച്ചുനോക്കൂ. എല്ലായിടത്തും നാം ഒരു ശിക്ഷയിലാണെന്നു തോന്നുമാറ് അങ്ങനെയാണതുണ്ടാക്കിയിട്ടുള്ളത്.

നിങ്ങൾ ഭാഗ്യവാൻ എന്നു പറയപ്പെടുന്ന ഒരാളാണോ? ആവട്ടെ! നിങ്ങൾ ഓരോ ദിവസവും ദുഃഖിക്കുന്നുണ്ട്. ഓരോ ദിവസത്തിന്റേയും വക വമ്പിച്ച ദുഃഖമോ ചില്ലറ അലട്ടോ നിങ്ങൾക്കുണ്ട്. ഇന്നലെ നിങ്ങൾ പ്രിയപ്പെട്ട ഒരാളുടെ ആരോഗ്യത്തെക്കുറിച്ചു ഭയപ്പെടുകയായിരുന്നു; ഇന്നു നിങ്ങളുടേതിനെപ്പറ്റി; നാളെ പണത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ്; മറ്റന്നാൾ ഒരുവന്റെ ശകാരത്തെപ്പറ്റിയാവും; പിന്നത്തെ ദിവസം ഏതോ സുഹൃത്തിന്റെ ഗ്രഹപ്പിഴയെപ്പറ്റി; പിന്നെ അപ്പോഴത്തെ കാലാവസ്ഥയെപ്പറ്റി, പിന്നെ ഏതോ മുറിവു തട്ടുകയോ കൈമോശം വരികയോ ചെയ്ത എന്തോ ഒന്നിനെപ്പറ്റി, പിന്നെ നിങ്ങളുടെ മനസ്സാക്ഷിയും നിങ്ങളുടെ നട്ടെല്ലും നിങ്ങളെ ശകാരിക്കുന്ന ഒരു സുഖത്തെപ്പറ്റി; അതുകഴിഞ്ഞു, രാജ്യകാര്യമായി, ഇതു മനസ്സിന്റെ അസ്വാസ്ഥ്യം കണക്കാക്കാതെയാണ്, അങ്ങനെ കഴിയുന്നു. ഒരു മേഘം പോയി, മറ്റൊന്ന് അടിഞ്ഞുകൂടി. തികച്ചും സന്തോഷവും തെളിവുമുള്ളതായിട്ടു നൂറ്റുക്ക് ഒരു ദിവസമെങ്കിലുമില്ല. അപ്പോൾ നിങ്ങൾ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഒരാളാണ്! ബാക്കിയുള്ള മനുഷ്യർക്കാണെങ്കിൽ, അവരുടെ മീതേ രാത്രികാലം കെട്ടിനില്ക്കുന്നു.

വിചാരശീലരാവട്ടെ, ഭാഗ്യവാൻമാർ ഭാഗ്യഹീനൻമാർ എന്നീ വാക്കുകൾ ഉപയോഗിക്കാറില്ല. ശരിക്കു മറ്റൊരു ലോകത്തിന്റെ പൂമുഖമായ ഈ ലോകത്തിൽ ഭാഗ്യവാനില്ല.

വാസ്തവത്തിൽ മനുഷ്യവിഭാഗം വെളിച്ചത്തുള്ളവർ, ഇരുട്ടത്തുള്ളവർ എന്നീ രണ്ടായിട്ടാണ്. ഇരുട്ടത്തുള്ളവരുടെ എണ്ണം കുറയ്ക്കുക, വെളിച്ചത്തുള്ളവരുടെ എണ്ണം കൂട്ടുക—ഇതാണാവശ്യം. അതാണ് ഞങ്ങൾ നിലവിളിച്ചുപറയുന്നത്; വിദ്യാഭ്യാസം! പ്രകൃതിശാസ്ത്രം വായിക്കാൻ പഠിക്കുക എന്നുവെച്ചാൽ വിളക്കുകൊളുത്തുക എന്നർത്ഥം, ഉച്ചരിക്കപ്പെടുന്ന ഓരോ അക്ഷരവും മിന്നിത്തിളങ്ങുന്നു.

എന്തായാലും വെളിച്ചം എന്നു പറയുന്നവൻ, ആവശ്യം നോക്കിയിട്ടുതന്നെ. സുഖം എന്നു പറയുന്നില്ല. ജനങ്ങൾ വെളിച്ചത്തുനിന്നു കഷ്ടപ്പെടുന്നു; അതിയായാൽ കത്തും. തീജ്വാല ചിറകിനു വിരോധിയാണ്. പറക്കൽ അവസാനിക്കാതെ കത്തുക—ഇതിലാണ് അതിബുദ്ധിയുടെ മാഹാത്മ്യം.

അറിയാനും സ്നേഹിക്കാനും പഠിച്ചാൽ പിന്നെയും നിങ്ങൾ ദുഃഖിക്കും. ദിവസം പിറക്കുന്നത് കണ്ണുനീരിൽ മുങ്ങിയിട്ടാണ്. ഇരുട്ടത്തുള്ളവരെപ്പറ്റി മാത്രമാണെങ്കിലും, വെളിച്ചത്തുള്ളവർ കരയുന്നു.

കുറിപ്പുകൾ

[1] The Last day of a Condemned Man.

[2] ഒരു ഫ്രഞ്ചുഭടൻ: പിന്നീടു ലഹളക്കാരനായി, മരണശിക്ഷ വിധിക്കപ്പെട്ടു.

[3] ഒരു സുപ്രസിദ്ധനായ ഫ്രഞ്ചുകപ്പൽസ്സൈന്യാധിപൻ.

[4] ഡെൻമാർക്കുകാരുടേയും ഹോളണ്ടുകാരുടേയും സ്പെയിൻകാരുടെയും പല പടക്കപ്പലുകളും തകർത്തിട്ടുള്ള ഒരു ഫ്രഞ്ചുകപ്പൽസ്സേനാപതി.

[5] ഇംഗ്ലണ്ടോടു യുദ്ധം ചെയ്ത് 1830-ൽ ആൽജിയേഴ്സ് പിടിച്ചെടുത്തിട്ടുള്ള ഫ്രഞ്ചുകപ്പൽപ്പടനായകൻ.

[6] ഹിബ്രുഭാഷയുടെ ഒരു വകഭേദം.

[7] ഇറ്റലിയുടേയും യൂഫ്രട്ടീസ് നദിയുടേയും നടുക്കുള്ള കിഴക്കൻ യൂറോപ്പിന്നാണ് ലെവന്ത് എന്നു പേർ. അവിടുത്തെ പുരാതനഭാഷയാണ് ലെവൻതീൻ.

4.11.2
വേരുകൾ

അന്ധകാരത്തിലിരിക്കുന്നവരുടെ ഭാഷയാണ് കന്നഭാഷ.

അത്രമേൽ ശുഷ്കവും കലഹപരവുമായ ആ ദുർഗ്രഹഭാഷയുടെ മുൻപിൽ, ആലോചന അതിന്റെ ഏറ്റവും ഇരുണ്ട അഗാധതകളിലോളം ഇളകിത്തീരുകയും സാമുദായികതത്ത്വജ്ഞാനം അതിന്റെ ഏറ്റവുമധികം രൂക്ഷങ്ങളായ മനോരാജ്യങ്ങളിലോളം വിളിച്ചുവരുത്തപ്പെടുകയും ചെയ്യുന്നു. അവിടെയാണ് ദൃശ്യമായിത്തീർന്ന ശിക്ഷ കിടക്കുന്നത്. ഓരോ അക്ഷരത്തിനും അടയാളമുള്ളതുപോലെ തോന്നും. ആഭാസഭാഷയിലെ വാക്കുകൾ കൊലയാളിയുടെ പഴുത്ത ഇരിമ്പുതട്ടിയിട്ടെന്നപോലെ ചുരുണ്ടും ചുക്കിച്ചുളിഞ്ഞും കാണപ്പെടുന്നു. ചിലത് അപ്പോഴും പുകയുന്നുണ്ടെന്നു തോന്നും. ചില വാക്യങ്ങൾ സ്ഥാനമുദ്രച്ചുടിട്ടിട്ടുള്ള ഒരു കള്ളന്റെ ചുമൽ പെട്ടെന്നു നഗ്നമായാലത്തെ മട്ടുണ്ടാക്കും. നീതിന്യായത്തിന്റെ മുൻപിൽ നിന്നു ചാടിപ്പോന്ന ഈ ക്രിയാധാതുക്കളിലൂടെ തങ്ങളെ വെളിപ്പടുത്തിക്കുവാൻ ആലോചനകൾ പ്രായേണ കൂട്ടാക്കുന്നില്ല. കഴുത്തിൽ ഇരിമ്പുവട്ടക്കണ്ണിയിട്ടിട്ടുണ്ടെന്നവിധം രൂപകാതിശയോക്തി ചിലപ്പോൾ അത്ര നാണംകെട്ടതാണ്.

എന്നല്ല, ഇതെല്ലാമിരുന്നിട്ടും ഇതെല്ലാം കാരണമായിട്ടും, തുരുമ്പുപിടിച്ച ചെമ്പുതുട്ടിനെന്നപോലെ സ്വർണ്ണംകൊണ്ടുള്ള ബിരുദമുദ്രയ്ക്കും ഇടമുള്ള ആ മഹത്തും പക്ഷപാതരഹിതവുമായ കള്ളറക്കൂട്ടിൽ, സാഹിത്യമെന്നു പറയപ്പെടുന്നതിൽ, ഈ അസാധാരണഭാഷയ്ക്കും സ്വന്തം അറയുണ്ട്. ജനങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും, കന്നഭാഷയ്ക്ക് അതിന്റെ വക വാക്യരചനാശാസ്ത്രവും അതിന്റെവക കവിതയുമുണ്ട്. അതൊരു ഭാഷയാണ്. അതേ,ചില വാക്കുകളുടെ വൈരൂപ്യംകൊണ്ടു മാൻദ്രാങ് അതിനെ ചവച്ചിട്ടുണ്ടെന്ന വാസ്തവം നമുക്കു മനസ്സിലാവുകയും, ചില അജഹല്ലക്ഷണകളുടെ അന്തസ്സുകൊണ്ടു വിയോങ് അതു സംസാരിച്ചിട്ടുണ്ടെന്നു നമുക്കു ബോധപ്പെടുകയും ചെയ്യുന്നു:

ആ മനോഹരവും സുപ്രസിദ്ധവുമായ വരി

‘എങ്കിലും പോയ കൊല്ലങ്ങളിലെത്തൂമഞ്ഞെങ്ങു?’

കന്നഭാഷയിലെ ഒരു കവിതാശകലമാണ്. ഇതിലെ ‘പോയ കൊല്ലങ്ങൾ’ മൂന്നാണ്ടുകൾ എന്നർത്ഥത്തിലുള്ളതാണെങ്കിലും ലക്ഷണകൊണ്ടു പണ്ടത്തെ എന്നാവുന്നു, മുപ്പത്തഞ്ചുകൊല്ലം മുൻപ്, ആ വമ്പിച്ച തണ്ടുവലിശ്ശിക്ഷപ്പുള്ളികളുടെ കൂട്ടത്തിന്റെ യാത്രാകാലത്ത്, ബിസെത്തൃകാരാഗൃഹത്തിലെ കുണ്ടറകളിൽ ഒന്നിന്റെ ചുമരിന്മേൽ തണ്ടുവലിശ്ശിക്ഷ വിധിക്കപ്പെട്ട ത്യൂണിലെ ഒരു രാജാവ് നഖംകൊണ്ടു കൊത്തിയിട്ട ഈ പ്രമാണം നോക്കിവായിക്കാമായിരുന്നു: ‘കഴിഞ്ഞു പോയ കാലങ്ങളിൽ രാജാക്കന്മാർ എന്നും ചെന്നു തങ്ങളെ അഭിഷേകം കഴിപ്പിക്കൽ തണ്ടുവലിശ്ശിക്ഷയിൽ കിടക്കലാണ്.

കനംകൂടിയ വാഹനങ്ങളുടെ വേഗത്തിലുള്ള പാച്ചിൽ കാണിക്കുന്ന ദെകരാദ് (Decarade) എന്ന വാക്കു വിയോങ്ങിന്റേയായിട്ടാണ് വെപ്പ്; അതദ്ദേഹത്തിനു യോജിച്ചതുമാണ്. നാലു കാലുകൊണ്ടും തീപ്പറപ്പിക്കുന്ന ഈ വാക്കു ലഫോങ് തേങ്ങിന്റെ. [1]

‘ശക്തിയുള്ളാറശ്വങ്ങൾ വലിച്ചിതൊരു വണ്ടി.’

എന്ന കവിതാവരിയെ മുഴുവനും ഒരു മേലേക്കിടയിലുള്ള അനുകരണരൂപണത്തിനുള്ളിൽ ഒതുക്കിയിരിക്കുന്നു.

വെറും സാഹിത്യത്തെപ്പറ്റിമാത്രം ആലോചിച്ചാൽ, കന്നഭാഷ പഠിക്കുന്നതിലധികം രസപ്രദവും പ്രയോജനകരവുമായി മറ്റൊന്നില്ല. അതൊരു ഭാഷയുടെ ഉള്ളിൽ ഒരു ഭാഷയാണ്; ഒരു തരം അസുഖകരമായ മുഴ; ഒരു സസ്യപ്രകൃതിയെ ഉണ്ടാക്കിത്തീർത്ത ഒരു കൊള്ളരുതാത്ത ഒട്ടുമരം; പണ്ടത്തെ പരന്ത്രീസ്സുഭാഷത്തടിയിൽ വേരൂന്നിയതും വല്ലാത്ത ഇലപ്പടർപ്പോടുകൂടി ഭാഷയുടെ ഒരു ഭാഗം മുഴുമനും ഇഴഞ്ഞുകയറിയതുമായ ഒരിത്തിക്കണ്ണി, ഇതാണ് കന്നഭാഷയുടെ ആദ്യത്തെ ആഭാസസ്ഥിതി. പക്ഷേ, ഭാഷയെ പഠിക്കേണ്ടവിധത്തിൽ, അതായതു ഭൂപ്രകൃതിശാസ്ത്രജ്ഞന്മാർ ഭൂമിയെപ്പറ്റി പഠിക്കുന്നവിധത്തിൽ, പഠിക്കുന്നവർക്ക് കന്നഭാഷ ശരിക്ക് ആറ്റുകരവെപ്പിനുള്ള ഒരു ഊറൽക്കൂട്ടുപോലെ തോന്നും. അതിൽ കുഴിക്കുന്നതിന്റെ ആഴവ്യത്യാസമനുസരിച്ചു പഴയ നാടോടിഭാഷയുടെ അടിയിൽ ദേശ്യഭാഷയും സ്പാനിഷ് ഭാഷയും ഫ്രഞ്ചുഭാഷയും ഗ്രീക്കു ഭാഷയും ഒടുവിൽ ബസ്ക് ഭാഷയും കണ്ടെത്തുന്നു. അഗാധവും അദ്വിതീയവുമായ ഒരു നിർമ്മാണം. എല്ലാ പാവങ്ങളുംകൂടി പൊതുവിലുള്ള ഉപയോഗത്തിനുവേണ്ടി കെട്ടിയുണ്ടാക്കിയ ഒരു തുരങ്കക്കോട്ട, ഓരോ നികൃഷ്ടവർഗ്ഗവും അതിന്റെ അട്ടിയെ അതിൽ കുഴിച്ചിട്ടുണ്ട്; ഓരോ കഷ്ടപ്പാടും അതിന്റെ കല്ലിനെ അതിലിട്ടിട്ടുണ്ട്; ഓരോ ഹൃദയവും അതിന്റെ പളുങ്കുകല്ലിനെ അതിനു വരി കൊടുത്തിട്ടുണ്ട്. ജീവിതം മുഴുവനും പിന്നിട്ടു ശാശ്വതത്വത്തിൽച്ചെന്നുമറഞ്ഞ നീചമോ നികൃഷ്ടമോ ക്രുദ്ധമോ ആയ ഒരുകൂട്ടം ആത്മാക്കളെല്ലാം ഏതോ ഒരു പൈശാചികവാക്കിന്റെ അടിയിൽ ഇപ്പോഴും ഏതാണ്ടു തികച്ചും കാണാവുന്നവിധം പതുങ്ങിനില്ക്കുന്നുണ്ട്.

സ്പാനിഷ് വേണമോ? പണ്ടത്തെ പരന്ത്രീസ് കന്നഭാഷയിൽ അതു ധാരാളമുണ്ട്. ഇനി, ബൊഫെത്തോങ് എന്നതിൽനിന്നുണ്ടായ ചെകിട്ടത്ത് ഒരടി എന്നർത്ഥത്തിലുള്ള ബോഫത്ത്; വൻതാനയിൽ നിന്നുണ്ടായ വൻതാൻ, ജനാല; ഗതോ എന്നതിന്റെ രൂപാന്തരമായ ഗത്, പൂച്ച ഇറ്റാല്യൻ വേണമോ? ഇതാ, സ്പദാ എന്നതിൽനിന്നു വന്ന സ്പദ്, വാൾ; കരവല്ലായിൽനിന്നുണ്ടായ കരവെൽ, വഞ്ചി. ഇംഗ്ലീഷു വേണമോ? ഇതാ, ബിഷോപ്പിൽനിന്നു വന്ന ബിഷോ, മെത്രാൻ; റാസ്കൽ എന്നതിൽനിന്നുണ്ടായ റെയിൽ, ഒറ്റുകാരൻ ജർമ്മൻ വേണമോ? ഇതാ, കെൽനെറിൽനിന്നു വന്ന കലെർ, ഭൃത്യൻ; എരസോഗി (Herazo =പ്രഭു)ൽനിന്നുള്ള എർ, എജമാനൻ. ലത്തീൻഭാഷ വേണമോ? ഇതാ, ഫ്രൻഗിയറിൽനിന്നു ഫ്രങ്ങിർ, പൊട്ടിക്കുക;’ ഫൂറിൽനിന്നു അഫുറെ, കക്കുക; കറ്റെനയിൽനിന്നു കദെൻ, ചങ്ങല. യൂറോപ്പിലെ എല്ലാ ഭാഷകളിലും ഒരത്ഭുതകരമായ ശക്തിയോടും അധികാരത്തോടുംകൂടി മുളച്ചുപൊന്തിയിട്ടുള്ള ഒരു വാക്കുണ്ട്, മാഗ്നസ് = മഹത്ത്; സ്കോട്ലണ്ടുകാരൻ അതിനെക്കൊണ്ടു മാക് എന്ന വാക്കുണ്ടാക്കി—നാടുവാഴിക്ക് അതു സ്ഥാനപ്പേരായിത്തീർന്നു; മാക്ഫർലേൻ, മാക് കല്ലുമോർ—മഹാനായ ഫർലേൻ, മഹാനായ കല്ലുമോർ; [2] ഫ്രഞ്ച് കന്നഭാഷ അതിനെ മെക് എന്നും പിന്നീട് ല്മെഗ് എന്നുമാക്കിത്തീർത്തു—എന്നുവെച്ചാൽ ഈശ്വരൻ എന്നാക്കി. ബസ്ക് ഭാഷ ഇഷ്ടമുണ്ടോ? ഇതാ, പാവം എന്ന അർത്ഥമുള്ള ഗെസ്തോ എന്നതിൽനിന്നുണ്ടായ ഗയിസ്തോ, ചെകുത്താൻ. കെൽറ്റിക് ആവശ്യമുണ്ടോ? ഇതാ, വെള്ളത്തള്ളിച്ച എന്നർത്ഥമുള്ള ബ്ളവെത് എന്നതിൽനിന്നു വന്ന ബ്ളവാങ്, കൈയറുമാൽ. ഒടുവിൽ ചരിത്രം വേണമോ ഇനി? മാൽറ്റദ്വീപിലെ തണ്ടുവലിശ്ശിക്ഷസ്ഥലങ്ങളിൽ പ്രചരിച്ചിരുന്ന ഒരു നാണ്യത്തിന്റെ സ്മാരകമായ കന്നഭാഷ കിരീടങ്ങളെ വാൽക്കോതമ്പങ്ങൾ എന്നുവിളിക്കുന്നു.

ഈ സൂചിപ്പിച്ച വ്യാകരണസംബന്ധികളായ ഉത്പത്തികൾക്കു പുറമേ, കന്ന ഭാഷയിൽ വേറേയും കുറേക്കൂടി പ്രകൃത്യനുകൂലങ്ങളായ ധാതുക്കളുണ്ട്; അവ മനുഷ്യന്റെ മനസ്സിൽനിന്നുതന്നെ പുറപ്പെടുന്നവയാണെന്നു പറയാം.

ഒന്നാമതായി, വാക്കുകളുടെ ഋജുവായ നിർമ്മാണം. അതിലാണ് ഭാഷകളുടെ ഗൂഢഭാഗം കിടക്കുന്നത്. എങ്ങനെയുണ്ടായി എന്നോ എന്തിനുണ്ടായി എന്നോ ആർക്കും അറിഞ്ഞുകൂടാത്ത രൂപങ്ങളായ വാക്കുകളെക്കൊണ്ടു ചിത്രമെഴുതുകയാണ് എല്ലാ മനുഷ്യഭാഷകളുടേയും അസ്തിവാരം; അതിനെ അവയുടെ കരിങ്കല്ലെന്നു പറയാം.

ഈവിധത്തിലുള്ള വാക്കുകൾ, അപ്രതീക്ഷിതങ്ങളായ വാക്കുകൾ, എവിടെ വെച്ചുണ്ടാക്കിയെന്നോ ആരുണ്ടാക്കിയെന്നോ ആർക്കും നിശ്ചയമില്ലാതെ, ശബ്ദ ശാസ്ത്രമില്ലാതെ, മറ്റൊന്നിനോടും ആനുരൂപ്യമില്ലാതെ, ഉത്പന്നപദങ്ങളില്ലാതെ, പെട്ടെന്നു സൃഷ്ടിക്കപ്പെട്ടവയായ വാക്കുകൾ, ഏകാന്തങ്ങളും അപരിഷ്കൃതങ്ങളും ചിലപ്പോൾ ഭയങ്കരങ്ങളുമായ വാക്കുകൾ, ഏകാന്തങ്ങളും അപരിഷ്കൃതങ്ങളും ചിലപ്പോൾ ഭയങ്കരങ്ങളുമായ വാക്കുകൾ, ഏകാന്തങ്ങളിൽ അപരിഷ്കൃതങ്ങളും ചിലപ്പോൾ ഭയങ്കരങ്ങളുമായ വാക്കുകൾ, ചില സമയത്ത് അർത്ഥം വെളിവാക്കുന്നതിൽ ഒരസാധാരണ ശക്തിയുള്ളവയും ജീവനുള്ളവയുമായ വാക്കുകൾ, കന്നഭാഷയിൽ ധാരാളമാണ്. Lesabrl = കാട്, Taf = ഭയം, Larabouin = ചെകുത്താൻ എന്നും മറ്റും. പാഴ്മോന്ത വെയ്ക്കുകയും എടുത്തുകളയുകയും ചെയ്യുന്ന ഈ വാക്കുകളെക്കാളധികം അത്ഭുതകരമായി മറ്റൊന്നില്ല. ചിലത് ഉദാഹരണത്തിനു La rabouin = ചെകുത്താൻ—ഒരേസമയത്തു വികൃതവും ഭയങ്കരവുമായിരിക്കുന്നു; ഒരതിഭയങ്കരമായ ഇളിച്ചുകാട്ടൽ നിങ്ങൾക്കനുഭവപ്പെടുത്തുന്നു.

രണ്ടാമതു, രൂപകാതിശയോക്തി, എല്ലാം പറയുന്നതിനും എന്നാൽ എല്ലാം ഒളിച്ചുവെയ്ക്കുന്നതിനും ആഗ്രഹിക്കുന്ന ഒരു ഭാഷയുടെ സവിശേഷത അതിൽ അലങ്കാരങ്ങൾ കൂടിയിരിക്കുമെന്നുള്ളതാണ്. രൂപകാതിശയോക്തി ഒരു കടങ്കഥയാണ്. ഒരു കളവുനടത്തിപ്പോരാൻ നോക്കുന്ന കള്ളനും ചാടിപ്പോരാനുള്ള വഴിയെടുക്കുന്ന തടവുപുള്ളിയും അതിന്നുള്ളിൽച്ചെന്നു രക്ഷപ്രാപിക്കുന്നു. കന്നഭാഷയെക്കാളധികം ഒരു ഭാഷാശൈലിയും രൂപകാതിശയോക്തിമയമല്ല; ചെപ്പു തിരിച്ചെടുക്കുക, കഴുത്തു പിടിച്ചു പിരിക്കുക; ഞെളിയുക, മതിയാവോളം തിന്നുക, എലി, അപ്പക്കള്ളൻ. ചിലപ്പോൾ കന്നഭാഷ ഒന്നാമത്തെ ഘട്ടത്തിൽനിന്നു രണ്ടാമത്തെ ഘട്ടത്തിലേക്കു കടക്കുന്നതോടുകൂടി, ആദ്യകാലത്തെ അപരിഷ്കൃതാർത്ഥത്തിൽനിന്നു വാക്കുകൾ രൂപകാതിശയോക്തിയിലേക്കു കടക്കുന്നു. ചെകുത്താൻ എന്നർത്ഥമുള്ള വാക്കു കന്നഭാഷയിൽ അപ്പക്കാരൻ, അടുപ്പിലെക്ക് അപ്പമിടുന്നവൻ, എന്നർത്ഥമുള്ള ല്ബുലാംഗെർ എന്നായിത്തീരുന്നു. ഇതിനു കുറച്ചധികം ഫലിതം കൂടുമെങ്കിലും മഹത്ത്വം കുറയും; കൊർണീലിക്കുശേഷം ജനിച്ച റസീൻ, എസ്കിലസ്സിനു ശേഷം ജനിച്ച യൂറിപ്പിഡിസ്. രണ്ടു ഘട്ടത്തിലേയും മട്ടുകൾ കൂടിയിട്ടുള്ള—ഒരേസമയത്ത് അപരിഷ്കൃതവും രൂപകാതിശയോക്തിപരവുമായിട്ടുള്ള —ചില കന്നഭാഷാവാക്യങ്ങൾക്ക് ഒരു ചലച്ചിത്രദർശനത്തിന്റെ ഛായയുണ്ട്. ‘പതുങ്ങിക്കള്ളന്മാർ രാത്രി കുതിരകളെ കക്കാൻ ഭാവമുണ്ട്’ എന്നർത്ഥത്തിലുള്ള ഈയൊരു വാചകം (Les Sorgulners…) ഒരു പ്രേതസംഘംപോലെ, മനസ്സിൻ മുൻപിലൂടെ പോകുന്നു. കാണുന്നതെന്താണെന്നു മനസ്സിലാകാതാവുന്നു.

മൂന്നാമതു പ്രയോജനകരത്വം. കന്നഭാഷ സാഹിത്യത്തിന്മേൽ ഉപജീവിക്കുന്നു. അത് അതിൽ ഇടയ്ക്കിടയ്ക്കു മുങ്ങുന്നു; തരംകിട്ടുമ്പോൾ അതിനെ വികൃതമാക്കാൻവേണ്ടി പലപ്പോഴും അതു ചടഞ്ഞുകൂടുന്നു. ചിലപ്പോൾ ശരിക്കുള്ള കന്നഭാഷയുമായി കൂടിമറിഞ്ഞ് ഈവിധം വൈകൃതപ്പെട്ട സാധാരണവാക്കുകളിൽനിന്നു മനോഹരങ്ങളായ ചൊല്ലുകൾ ഉണ്ടായിവരുന്നു; അവയിൽ മുൻ പറഞ്ഞ രണ്ടു പ്രധാന ഗുണങ്ങളും, ഋജുനിർമ്മാണവും അലങ്കാരവും കാണാം; നായ കുരയ്ക്കുന്നു, പാരിസ്സിലെ നാലുരുൾ വണ്ടി കാട്ടിലൂടേ പായുന്നുണ്ടെന്നു തോന്നുന്നു. ശ്രോതാക്കളെ വഴിപിഴപ്പിക്കാൻവേണ്ടി, സാധാരണമായി, ഭാഷയിലെ എല്ലാ വാക്കുകൾക്കും, വ്യത്യാസം കൂടാതെ, കന്നഭാഷ ഒരു നികൃഷ്ടമായ വാൽ വെച്ചുവിടുന്നു—ഔർഗ്യു, എയിൽ, ഉഷ് എന്നീ ഓരോ പ്രത്യയം. ആ ആട്ടിൻകാൽ നന്നായിട്ടുണ്ടോ? (വോസി യേർഗ്യുത്രുവേൽ...)—ഈ വാചകം, കർത്തുഷ് തനിക്ക് ഒളിച്ചുചാടുവാൻ വേണ്ടുന്ന സാഹായ്യം ചെയ്തുതരുവാൻ വേണ്ടി ഒരു കാരാഗൃഹഭൃത്യന്നു കൊടുത്ത കൈക്കൂലി അവന്നു തൃപ്തിപ്പെട്ടുവോ എന്നറിവാൻ ഉപയോഗിച്ചുനോക്കിയതാണ്.

കന്നഭാഷ വഷളത്തിന്റെ ഭാഷയായതുകൊണ്ടു ക്ഷണത്തിൽ അതുതന്നെ വഷളായിത്തീരുന്നു. പിന്നെ, എപ്പോഴും ഒളിക്കാൻ നോക്കുന്ന ഒന്നാകകൊണ്ട്, അതിനെ മനസ്സിലായി എന്നു കണ്ട മാത്രയിൽ, അതു തന്റെ ആകൃതി മാറ്റിക്കളയുന്നു, മറ്റേതു സ്ഥാവരത്തിലും കാണുന്നതിന്നെതിരായി, അതിന്മേൽത്തട്ടുന്ന ഏതു പ്രകാശനാളവും, അതിനെ നശിപ്പിക്കുന്നു. അങ്ങനെ എപ്പോഴും നശിക്കുകയും മുളയ്ക്കുകയും ചെയ്തുകൊണ്ടാണ് കന്നഭാഷ; ഒരിക്കലും ഇളവില്ലാത്ത ഒരു ദ്രുതവും നിഗൂഢവുമായ ജോലി. ഒരു ഭാഷ പത്തു നൂറ്റാണ്ടുകൾകൊണ്ടു കടന്നിട്ടില്ലാത്ത സ്ഥലത്തെ അത് പത്തു കൊല്ലംകൊണ്ടു പിന്നിടുന്നു. പതിനേഴാം നൂറ്റാണ്ടിൽ യുദ്ധം ചെയ്ക എന്നുവെച്ചാൽ ‘അന്യോന്യം പൊടി കൊടുക്കുക’യായിരുന്നു; പത്തൊമ്പതാംനൂറ്റാണ്ടിൽ അത് ‘അന്യോന്യം കഴുത്തു ചവച്ചിറക്കുക’യായി. ഈ രണ്ടറ്റങ്ങൾക്കിടയിൽ ഒരിരുപതു വാക്യങ്ങളുണ്ട്. കർത്തൂഷിന്റെ സംസാരം ലസിനേർക്കു [3] ഹിന്തുസ്ഥാനിയായിരിക്കും. ഈ ഭാഷയിലുള്ള എല്ലാ വാക്കുകളും, അവയെ ഉച്ചരിക്കുന്ന മനുഷ്യരെപ്പോലെതന്നെ, എപ്പോഴും പാഞ്ഞുനടക്കുകയാണ്.

എങ്കിലും, ഇടയ്ക്കിടയ്ക്ക്, ഈ പാച്ചലിന്റെ ഫലമായി, പണ്ടത്തെ കന്നഭാഷ പിന്നെയും മുളച്ചുവരികയും വീണ്ടും പുതുതാവുകയും ചെയ്യുന്നു. ചില തലസ്ഥാനങ്ങളുണ്ട്, അവിടങ്ങളിൽ അതു പൂർണ്ണാധികാരം നടത്തുന്നു. തെംപ്ല് പതിനേഴാം നൂറ്റാണ്ടിലെ കന്നഭാഷ സൂക്ഷിച്ചുപോരുന്നുണ്ട്. ജെയിൽസ്ഥലമായിരുന്നപ്പോൾ ബിസൊത്ത്രാകട്ടെ ത്യൂണിലെ കന്നഭാഷ കരുതിവെച്ചു. പണ്ടത്തെ ത്യൂൺകാരന്റെ വാക്കുകളിലെ പ്രത്യയം (Anche എന്നത്) അവിടെ പറഞ്ഞുകേൾക്കാം. എന്തായാലും ഇളവില്ലാത്ത ചലനമാണ് അതിന്റെ ശാശ്വതനിയമം.

ഇളവില്ലാതെ ആവിയായിപ്പോകുന്ന ഈയൊരു ഭാഷയെ ഒരു നിമിഷനേരത്തേക്കു നോക്കിപ്പഠിക്കാൻവേണ്ടി ഒന്നു പിടിച്ചുനിർത്തുവാൻ തത്ത്വജ്ഞാനിക്കു കഴിയുന്നപക്ഷം, അയാൾ ഉടനെ വ്യസനമയവും പ്രയോജനകരവുമായ മനോരാജ്യത്തിൽ പെട്ടുപോകുന്നു. മറ്റൊരു പഠിപ്പിലും, അറിവുണ്ടാക്കുന്ന കാര്യത്തിൽ, ഇതിലധികം ഫലസിദ്ധിയും സന്താനവൃദ്ധിയുമില്ല. ഒരു പാഠം അന്തർഭവിച്ചിട്ടില്ലാത്ത ഒരു രൂപകാതിശയോക്തിയോ ഒരുപമയോ കന്നഭാഷയിലില്ല. ഈ ഭാഷക്കാർക്കിടയിൽ അടിക്കുക സൂത്രത്തിൽക്കയ്യിലാക്കുകയാണ്; അവൻ പണമടിച്ചു; ഉപായമാണ് അവരുടെ ശക്തി.

അവർക്കിടയിൽ, മനുഷ്യനെപ്പറ്റിയുള്ള വിചാരം ഇരുട്ടിനെപ്പറ്റിയുള്ള വിചാരത്തിൽനിന്നു ഭിന്നമല്ല; രാത്രിയെ അവർ ലസോർഗെ എന്നു വിളിക്കുന്നു; മനുഷ്യനെ ലോർഗെ എന്നും. മനുഷ്യൻ രാത്രിയിൽനിന്നുണ്ടായ ഒരു പദമാണ്.

സമുദായത്തെ അവർ തങ്ങളെ നശിപ്പിച്ചുകളയുന്ന, അപായകരമായ, ഒരു വായുമണ്ഡലമായി കരുതിപ്പോരുന്നു; മറ്റുള്ളവർ ആരോഗ്യത്തിൽപ്പറ്റി പറയും പോലെയാണ് അവർ സ്വാതന്ത്ര്യത്തെപ്പറ്റി പറയാറ്. പൊല്ലീസ്സിന്റെ പിടിയിൽപ്പെട്ട ആൾ രോഗക്കാരനാണ്; ശിക്ഷിക്കപ്പെട്ടവൻ മരിച്ചവനും.

ഒരു തടവുപുള്ളിക്കു താൻ കുഴിച്ചുമൂടപ്പെട്ടിട്ടുള്ള അറയ്ക്കുള്ളിൽക്കിടക്കുമ്പോഴത്തെ പരമസങ്കടം ഒരുതരം കട്ടപ്പിടിച്ച ചാരിത്രമാണ്; അവൻ കുണ്ടറത്തടവിനെ ഉടയെടുക്കലെന്നു പറയുന്നു. ആ ശ്മശാനസ്ഥലത്തിരിക്കുമ്പോൾ പുറമെയുള്ള ജീവിതം തികച്ചും പുഞ്ചിരിക്കൊണ്ടുനില്ക്കുന്നു. തടവുപുള്ളിയുടെ കാലിന്മേൽ ചങ്ങലയുണ്ട്; കാലുകൊണ്ടു നടക്കാമല്ലോ എന്നാവും അവന്റെ ആലോചനയെന്നു, പക്ഷേ, നിങ്ങൾ കരുതുന്നു? അല്ല; കാലുകൊണ്ടു നൃത്തം വെക്കാമല്ലോ എന്നാണ് അവന്റെ ആലോചന; അതുകൊണ്ട്, കാലിലുള്ള ചങ്ങല പൊട്ടിച്ചുകളയാൻ കഴിഞ്ഞാൽ ഉടനെ അവന്നു തോന്നുന്നത്, ഇനി നൃത്തം വെക്കാമല്ലോ എന്നാണ്; അതിനാൽ ഈർച്ചവാളിന് അവൻ ചാരായക്കടനൃത്തം എന്നു പേരിട്ടു. ഒരു പേർ ഒരു കേന്ദ്രമാണ്; തികഞ്ഞ ദഹനം. ഒരു ഘാതകന്നു രണ്ടു തലയുണ്ട്—അവന്റെ പ്രവൃത്തികളെപ്പറ്റി ആലോചിക്കുകയും ജീവിതയാത്രയിൽ അവനെകൊണ്ടുനടക്കുകയും ചെയ്യുന്ന ഒന്നും, വധസമയത്ത് അവന്റെ ചുമലിൽക്കാണാറുള്ള മറ്റൊന്നും; ദുഷ്പ്രവൃത്തികൾക്കു വേണ്ട ഉപദേശം കൊടുക്കുന്ന തലയ്ക്കു മുഖ്യസർവ്വകലാശാല എന്നും അവയ്ക്കു പരിഹാരം ചെയ്യുന്ന തലയ്ക്കു പീപ്പപ്പണിമുട്ടി എന്നും അവൻ പേരിട്ടു. ഒരാൾക്കു ദേഹത്തിൽ കീറത്തുണികളും ഹൃദയത്തിൽ ദുഷ്ടതകളുമല്ലാതെ മറ്റൊന്നുമില്ലെന്നായാൽ, തെമ്മാടി എന്ന വാക്കുകൊണ്ടു സൂചിപ്പിക്കുന്ന സാമ്പത്തികമായും സദാചാരപരമായുള്ള രണ്ടധഃപതനത്തിലും ഒരാൾ എത്തിക്കഴിഞ്ഞാൽ, അവൻ ദുഷ്പ്രവൃത്തികൾക്ക് അർഹനായി; അവൻ നല്ലവണ്ണം ഊട്ടുചെന്ന ഒരു കത്തിപോലെയായി; അവന്നു മൂർച്ചയുള്ള രണ്ടു വക്കുണ്ട്—കഷ്ടപ്പാടും ദ്രോഹബുദ്ധിയും; അതുകൊണ്ടു കന്നഭാഷ ഒരിക്കലും തെമ്മാടി എന്നു പറയില്ല, കത്തിയലക് എന്നേ പറയൂ. തണ്ടുവലിശ്ശിക്ഷസ്ഥലം എന്താണ്? ശിക്ഷാവിധിത്തീച്ചട്ടി, ഒരു നരകം. തടവുപുള്ളി അവനെ ഒരു ചുള്ളൽ എന്നു പറയുന്നു. ഒടുവിൽ പറയട്ടെ, ദുഷ്പ്രവൃത്തിക്കാർ തങ്ങളുടെ കാരാഗൃഹത്തിന്ന് എന്തു പേർ വിളിക്കുന്നു? ‘കോളേജ്.’ ആ വാക്കിൽനിന്ന് ഒരു കാരാഗൃഹനിയമം മുഴുവനും ഉണ്ടാക്കാം.

തണ്ടുവലിശ്ശിക്ഷാസ്ഥലങ്ങളിലെ പാട്ടുകൾ മിക്കതും എവിടെനിന്നാണുത്ഭവിച്ചതെന്നു വായനക്കാർക്കു അറിയണമെന്നുണ്ടോ?

അവർ ഇതൊന്നു മനസ്സിരുത്തി വായിക്കട്ടെ; പാരിസ്സിൽ ഷാത്തലെ എന്ന സ്ഥലത്തു നീണ്ടതും വിസ്താരമേറിയതുമായ ഒരു കുണ്ടറയുണ്ടായിരുന്നു. സെയിൻനദിയുടെ അടിയിൽനിന്ന് എട്ടടി ചുവട്ടിലാണ് ഈ കുണ്ടറ. അതിനു ജനാലകളാവട്ടെ കാറ്റിൻപഴുതുകളാവട്ടെ ഇല്ല; ആകെയുള്ള ഒരു ദ്വാരം വാതിലാണ്; മനുഷ്യർക്ക് അങ്ങോട്ടു കടന്നുചെല്ലാം; വായുവിനു വയ്യാ. ഈ നിലവറയ്ക്കു തട്ടായി ഒരു കല്ലുകമാനവുമുണ്ട്; നിലമായി പത്തിഞ്ചു ചേറും. അതിൽ കല്ലുപാവിയിട്ടുണ്ട്; പക്ഷേ, ആ കൽവിരി വെള്ളം കിനിഞ്ഞു ദ്രവിച്ചു വിണ്ടിരിക്കുന്നു. നിലത്തു നിന്ന് എട്ടടി മുകളിൽ ഒരു നീണ്ടു കനത്ത തുലാം ഈ ഭുഗർഭഗുഹയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ മുട്ടിനില്ക്കുന്നു; ഈ തുലാത്തിൽനിന്ന് അടുത്തടുത്തായി, മൂന്നടിനീളത്തിലുള്ള ചങ്ങലകൾ തൂങ്ങിക്കിടപ്പുണ്ട്; ഓരോ ചങ്ങലയുടെയും തുമ്പത്തു കഴുത്തിന്റെ വട്ടത്തിൽ ഓരോ വട്ടക്കണ്ണിയും. ഈ നിലവറക്കുണ്ടിൽ തണ്ടുവലിശ്ശിക്ഷ വിധിക്കപ്പെട്ടവരെ, തുലോങ്ങിലെക്കു കൊണ്ടുപോകുന്നതിനുമുൻപ് തടവിലിടുന്നു. അവരെ ഈ തുലാത്തിന്റെ ചുവട്ടിലേക്ക് ഉന്തിയാക്കും; അവിടെ ഓരോരുത്തനും തനിക്കുള്ള ചങ്ങല ഇരുട്ടത്ത് ആടിക്കളിച്ചുകൊണ്ട് കാത്തുനില്ക്കുന്നതു കാണാം.

ചങ്ങലകളും—ആ തൂങ്ങിക്കിടക്കുന്ന കൈകൾ—കഴുത്തുവട്ടക്കണ്ണികളും—ആ തുറന്ന കൈപ്പടങ്ങൾ— അവിടെക്കെത്തുന്ന നിർഭാഗ്യസത്ത്വങ്ങളെ കഴുത്തിൽ പിടികൂടുന്നു. അവിടെ അവരെ ആണിക്കിട്ടുകളയും. ചങ്ങല നീളം പോരാത്തതുകൊണ്ട് അവർക്കു കിടക്കാൻ വയ്യാ. അവർ അനങ്ങാതെ ആ ഗുഹയിൽ, ആ അന്ധകാരത്തിൽ, ആ തുലാത്തിനു ചുവട്ടിൽ, ഏതാണ്ടു തൂങ്ങിക്കൊണ്ടു, തങ്ങൾക്കുള്ള അപ്പമോ വെള്ളപ്പാത്രമോ തലയ്ക്കു മുകളിലെ കമാനത്തട്ടോ, തൊടാൻ ആരും കേൾക്കാത്ത യത്നങ്ങളെല്ലാം ചെയ്യാൻ നിർബന്ധരായി, ചളി പകുതിക്കാൽവരെയായി, കാൽച്ചണ്ണകളിലെക്കുതന്നെ ഒലിച്ചുകേറുന്ന ചേറോടുകൂടി, ക്ഷീണം കൊണ്ടു തകർന്നു, തുടകളും കാൽമുട്ടുകളും കഴച്ചു വേറിട്ടു, കുറച്ചൊരു വിശമം കിട്ടാൻ കൈകൊണ്ടു ചങ്ങല മുറുകെപ്പിടിച്ചു, നിവർന്നുനിന്നുംകൊണ്ടല്ലാതെ ഉറങ്ങാൻ വയ്യാതെ, കഴുത്തുപട്ടയുടെ ഇറുക്കംകൊണ്ട് ഓരോ നിമിഷത്തിലും ഞെട്ടിയുണർന്ന്—ചിലർ ഇനി ഉണരില്ലെന്നാവും—അങ്ങനെ നില്ക്കുക. ചുളിയിലേക്ക് എറിഞ്ഞുകൊടുക്കപ്പെടുന്ന അപ്പം ഭക്ഷിക്കുവാൻ പതുക്കെ കയ്യേറ്റത്തിന്റെ ഉയരത്തേക്കു കാൽമടമ്പുകൊണ്ടു നീക്കിനീക്കി കാലിന്മേലൂടെ പൊന്തിക്കണം.

ഇങ്ങനെ അവർ എത്ര കാലം നില്ക്കും? ഒരു മാസം. രണ്ടു മാസം, ചിലപ്പോൾ ആറുമാസം; ഒരാൾ ഒരു കൊല്ലം നിന്നു. ഇതു തണ്ടുവലിശ്ശിക്ഷസ്ഥലത്തിന്റെ പുറത്തളമാണ്. രാജാവിന്റെ ഒരു മുയലിനെ മോഷ്ടിച്ചതിന്ന് ആളുകളെ ഇതിൽ പിടിച്ചിടുന്നു. ഈ ശവക്കുഴിനരകത്തിൽ അവർ എന്തു കാണിക്കും? ശവക്കുഴിയിൽ മനുഷ്യന്ന് എന്തുചെയ്യാൻ കഴിയുമോ അത്—അവർ മരണവേദനകളെ അനുഭവിച്ചുതീർക്കും; നരകത്തിൽ മനുഷ്യന്നു എന്തു ചെയ്യാൻ കഴിയുമോ അതും—അവർ പാട്ടുപാടും; എന്തുകൊണ്ടെന്നാൽ, ഒരാശയും ഇല്ലാതായേടത്തു പാട്ടു പറ്റി നില്ക്കുന്നു. മാൽറ്റയിലെ കടലിലൂടെ ഒരു തണ്ടുവലിശ്ശിക്ഷത്തോണി വന്നിരുന്നപ്പോൾ, തണ്ടുവലികളുടെ ശബ്ദത്തിനും മീതെയായി പാട്ടിന്റെ ഒച്ചകേട്ടു. ഷാത്തെലെയിലെ തടവുകുണ്ടറയിൽ പോയിപ്പോന്നിട്ടുള്ള ആ ഒളിവേട്ടക്കാരൻ സാധു സുർവാങ്സാങ് പറയുകയുണ്ടായി: ‘പാട്ടാണ് എന്നെ നിലനിർത്തിയത്.’ കവിതയുടെ പ്രയോജനശൂന്യത, പദ്യംകൊണ്ട് എന്തുകാര്യം?

ഈ കുണ്ടറയിലാണ് ഏതാണ്ട് എല്ലാ ആഭാസപ്പാട്ടുകളുടേയും ജനനം. പാരിസ്സിലെ ഗ്രാങ്ഷാത്തെലയിലെ കുണ്ടറത്തടവിൽനിന്നാണ് മോങ് ഗോമറിയിലെ തണ്ടുവലിശ്ശിക്ഷസ്ഥലത്തു നടപ്പുള്ള (…) ഈ വ്യസനമയമായ പല്ലവി പുറപ്പെട്ടത്. ഈ പാട്ടുകളിൽ അധികഭാഗവും വ്യസനമയമാണ്; ചിലതു നേരംപോക്കുള്ളതായിട്ടുണ്ട്; ഒന്ന് അനുരാഗപരവും:

‘പുഷ്പചാപന്നിതേ കേളീരംഗം.’

എന്തുതന്നെ ചെയ്താലും മനുഷ്യഹൃദയത്തിലുള്ള ആ ശാശ്വതമായ സ്മാരകവസ്തുവെ, അനുരാഗത്തെ, ഇല്ലാതാക്കാൻ നിങ്ങൾക്കു ത്രാണിയില്ല.

ഈ ദുഷ്പ്രവൃത്തികളുടെ ലോകത്തിൽ, ആളുകൾ തങ്ങളുടെ ഗോപ്യങ്ങളെ സൂക്ഷിക്കുന്നു. ഗോപ്യമാണ് മറ്റെല്ലാറ്റിനും മീതെയുള്ളത്. ഈ ദുഷ്ടന്മാരുടെ കണ്ണിൽ ഗോപ്യം ഐകമത്യമാണ്; അത് ഐകമത്യത്തിനുള്ള ഒരസ്തിവാരമായി ഉപയോഗപ്പെടുന്നു. ഒരു ഗോപ്യത്തെ പുറത്താക്കുന്നത് ഈ ഭയങ്കരവർഗ്ഗത്തിന്റെ ഒരംഗത്തിൽനിന്നു തനതു വ്യക്തിവിശേഷത്തിന്റേതായ എന്തോ ഒന്നിനെ അടർത്തിയെടുക്കുകയാണ്. ഉന്മേഷമയമായ കന്നഭാഷയിൽ, രഹസ്യം പുറത്താക്കുക എന്നതിനു പേർ ‘കഷ്ണം തിന്നുകയാണ്.’ ആ കള്ളിവെളിച്ചത്താക്കുന്നവൻ എല്ലാവർക്കുംകൂടിയുള്ളതിന്റെ ഒരംശം കൈയിലാക്കുകയും ഓരോരുത്തന്റേയും മാംസത്തിന്റെ ഒരു കഷ്ണം തിന്നു നന്നാവാൻ നോക്കുകയുമാണെന്നാവാം അതിന്റെ സാരം

ചെകിട്ടത്ത് ഒരടികൊള്ളുക എന്നുവെച്ചാൽ എന്താണർത്ഥം? സാധാരണ രൂപകാതിശയോക്തി മറുപടി പറയുന്നു; ‘അതു മുപ്പത്താറു മെഴുതിരിവെളിച്ചം കാണുകയാണ്.’ ഇവിടെ കന്നഭാഷ ഇടയിൽക്കടന്ന് അതു കൈയിലാക്കുന്നു; മെഴുതിരി, കമുഫ്ള്, അതു പിടിച്ചു, സാധാരണ ഭാഷ സുഫ്ളെ (മുഖത്ത് അടി) എന്നതിന്റെ പര്യായമായി കമൂഫ്ളെ [4] സമ്മാനിക്കുന്നു. ഇങ്ങനെ, ചുവട്ടിൽനിന്നു മുകളിലേക്കുള്ള ഒരുതരം അരിച്ചെടുക്കൽകൊണ്ടു രൂപകാതിശയോക്തിയുടെ സാഹായ്യത്തോടുകൂടി, ആ അഗണ്യമായ വളയൻ കന്നഭാഷ ചാരായക്കടയിൽനിന്നു പണ്ഡിതയോഗത്തിലേക്കു കയറിച്ചെല്ലുന്നു. ‘ഞാൻ എന്റെ മെഴുതിരി കത്തിക്കുന്നു’ എന്നു പുലെയെ പറഞ്ഞതു കാരണം, വോൾത്തെയർ എഴുതി: ‘ലാംഗ്ല്വിയെ ലബോമെൽ ഒരു നൂറു പുകയൂത്തിനെ (കമുഫ്ളെയെ) അർഹിക്കുന്നുണ്ട്.

കന്നഭാഷയിൽ നടത്തുന്ന അന്വേഷണം ഓരോ അടിവെപ്പിലും പുതുവസ്തുക്കളെ കണ്ടുപിടിക്കലാണ്. ഈ അത്ഭുതകരമായ ഭാഷാശൈലി പഠിക്കുകയും അന്വേഷിച്ചറിയുകയും ചെയ്യുന്നതുകൊണ്ട് സാധാരണ ജനസമുദായവും ആ ശപിക്കപ്പെട്ട ജനസമുദായവുംകൂടിയുള്ള നിഗൂഢമായ വിലങ്ങുമുറിവിൽ എത്തിച്ചേരുന്നു.

കന്നഭാഷ എന്നതു ഭാഷ തടവുപുള്ളിയായതാണ്.

മനുഷ്യന്റെ ആലോചനാശക്തിക്ക് അത്രമേൽ താഴാമല്ലോ എന്നത്, ദൈവഗതിയുടെ നിഗൂഢമായ ദ്രോഹശീലത്തിന് അതിനെ അത്രത്തോളം വലിച്ചുകൊണ്ടുപോയി അവിടെ തളച്ചിടാൻ കഴിയുന്നുവല്ലോ എന്നത്, ആ അന്ധകാരകുണ്ഡത്തിൽ അതിനെ എന്തു ചങ്ങലകളെക്കൊണ്ടോ കെട്ടിയിടാറാകുന്നുവല്ലോ എന്നത്, ആരേയും അമ്പരപ്പിക്കത്തക്കതാണ്.

ഹാ, നിർഭാഗ്യസത്ത്വങ്ങളുടെ മോശവിചാരം!

ഹാ, ആ കൂരിരുട്ടിൽപ്പെട്ട മനുഷ്യാത്മാവിനെ സഹായിക്കാൻ ആരും വരില്ലെന്നുണ്ടോ? മനസ്സിനെ, മോചനമരുളുന്ന ആ ദേവനെ, ആകാശത്തുനിന്നു രണ്ടു ചിറകുകളോടുകൂടി ഇറങ്ങിവരുന്ന ആ ദിവ്യപരാക്രമിയെ, പ്രകാശമാനനായ ആ ഭാവിഭടനെ, എന്നെന്നും ഇങ്ങനെ കാത്തിരിക്കണമെന്നാണോ അതിന്റെ ഈശ്വരവിധി? ആദർശപുരുഷന്റെ തേജോമയമായ കുന്തത്തെ തുണയ്ക്കു കിട്ടാൻവേണ്ടി അത് എന്നെന്നും നിന്നു കെഞ്ചുകതന്നെയെന്നോ? പാതാളത്തിന്റെ ഇരുട്ടിലൂടെയുള്ള ദൗർഭാഗ്യത്തിന്റെ ഭയങ്കരമായ പാഞ്ഞുവരവ് എന്നെന്നും നിന്നുകേൾക്കുകയും, ഭയങ്കരമായ പുഴവെള്ളത്തിന്റെ അടിയിൽ ആ ഘോരസർപ്പത്തിന്റെ തലയും വെള്ളപ്പതകൊണ്ടു വരയിട്ട ആമാശയവും നഖങ്ങളുടേയും അലകളുടേയും മണ്ഡലങ്ങളുടേയും ഞെളിഞ്ഞുപിരിയുന്ന ഓളംമറിച്ചിലുകളും പിന്നെയും പിന്നെയും അടുക്കുന്നതായി ഇടയ്ക്കിടക്കു കാണുകയും ചെയ്തുകൊണ്ടിരിക്കണമെന്നോ? ഇങ്ങനെ അത് ഒരു വെളിച്ചത്തിന്റെ നാളവുമില്ലാതെ, ആശയ്ക്കു വഴിയില്ലാതെ, ആ ഭയങ്കരാപത്തിന്നുഴിഞ്ഞിടപ്പെട്ടു. പേടിച്ചുതുള്ളി, മുടിചിന്നി, കൈ തിരുമ്മിക്കൊണ്ടു, രാത്രിയാകുന്ന പാറയോട് എന്നെന്നും ചങ്ങലക്കിടപ്പെട്ടു, നിഴല്പാടുകൾക്കുള്ളിൽ വെളുത്തു നഗ്നമായി ഒരു വ്യസനകരമായ ആൻഡ്രോമിഡിയായി [5] അങ്ങനെ കിടന്നുകൊള്ളണമെന്നോ?

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ചു കവിയും കഥാകാരനും.

[2] ഇതിന്നു കെൽറ്റിക്ഭാഷയിൽ മകൻ എന്നർത്ഥം.

[3] അർവ്വാചീനനായ ഫ്രഞ്ചു തട്ടിപ്പറിക്കാരൻ.

[4] ഉറങ്ങുന്ന ആളുടെ മുഖത്തേയ്ക്കൂതിയ ഒരൂത്തുപുക.

[5] ഒരിതിഹാസകഥാപാത്രം. ഈ സുന്ദരിയെ ഒരു രാക്ഷസൻ വളരെക്കാലം ഒരു പാറമേൽ ചങ്ങലയ്ക്കിട്ടു.

4.11.3
കരയുന്ന കന്നഭാഷയും ചിരിക്കുന്ന കന്നഭാഷയും

വായനക്കാർ കണ്ടവിധം എല്ലാ കന്നഭാഷയിലും, ഇന്നത്തെ കന്നഭാഷയിലെന്നപോലെ നാനൂറു കൊല്ലം മുൻപിലത്തെ കന്നഭാഷയിലും, വാക്കുകൾക്കൊക്കെ വ്യസനമയമായും പേടികാട്ടുന്നതായും ഒരു മോന്തയുണ്ടാക്കുമാറ് ആ അപ്രസന്നമായ പരമാർത്ഥഭാവവിശേഷം പരക്കെ വ്യാപിച്ചിരിക്കുന്നു. ‘അത്ഭുതക്കൊട്ടാരത്തി’ൽ സ്വന്തം കളിശ്ശീട്ടുകെട്ടുകളെക്കൊണ്ട് ഒളിച്ചിരുന്ന തെണ്ടികളുടെ പണ്ടത്തെ വല്ലാത്ത സങ്കടസ്ഥിതി അതിൽ നാം കണ്ടുപോകുന്നു; ആ കളിശ്ശീട്ടുകളിൽ ചിലത് ഇന്നുമുണ്ട്. ഉദാഹരണത്തിന് ക്ലാവർ എട്ടാംകൂലി, എട്ടു കൂറ്റൻ മൂവിലച്ചെടിയിലകളോടുകൂടിയ ഒരു വമ്പിച്ച മരമാണ് —കാടിന്റെ ഒരുതരം വികൃതസ്വരൂപം. ഈ മരത്തിനു ചുവട്ടിൽ ഒരു തിയ്യിട്ടിട്ടുണ്ട്; അതിൽക്കാട്ടി മൂന്നു മുയലുകളെ ഒരു നായാട്ടുകാരൻ ഇരിമ്പുകുന്തത്തിൽ കോർത്തു പൊരിച്ചെടുക്കുന്നു; അയാൾക്കു പിന്നിലായി മറ്റൊരടുപ്പത്ത് ഒരു തിളപ്പാത്രം തൂങ്ങിനില്ക്കുന്നതിൽ നിന്ന് ഒരു നായയുടെ തല പുറത്തേക്ക് കാണാനുണ്ട്. കള്ളച്ചരക്കുകാരെ പൊരിക്കുവാനുള്ള വധസ്തംഭങ്ങളുടേയും കള്ളനാണ്യമടിക്കുന്നവരെ ഇട്ടു തിളപ്പിക്കുവാനുള്ള ഇരിമ്പുചരക്കിന്റേയും മുൻപിൽവെച്ച് ഒരു കൂട്ടു കളിശ്ശീട്ടു കാണിക്കുന്ന ചിത്രപ്പണിയുടെ ഈ പ്രതിക്രിയകളെക്കാൾ വ്യസനകരമായി മറ്റൊന്നും ഉണ്ടാവാൻ വയ്യാ. കന്നഭാഷാലോക്ത്തിൽ ആലോചനയെടുക്കുന്ന ഈ നാനാരൂപങ്ങളെല്ലാം— പാട്ടും ശകാരവും ഭയപ്പെടുത്തലും സകലവും—ഈ അശക്തിയും ആശാഭംഗവും കൂടിക്കലർന്നവയാണ്. എല്ലാ പാട്ടുകളും—ചിലതിന്റെ രാഗങ്ങൾ പുസ്തകത്തിലായിട്ടുണ്ട്—കണ്ണുനീർ പുറപ്പെടുവിക്കത്തക്കവിധം വിനീതങ്ങളും ദയനീയങ്ങളുമാണ്. പാട്ടുകാരൻ എപ്പോഴും സാധുവാണ്; അവൻ എപ്പോഴും ഒളിക്കുന്ന മുയലോ, പാഞ്ഞുകളയുന്ന എലിയോ പറക്കുന്ന പക്ഷിയോ ആയിരിക്കും. അവൻ ആവലാതി പറകയില്ല, നെടുവീർപ്പിടുക മാത്രം ചെയ്തു തൃപ്തിപ്പെടും; അവന്റെ ഒരു ഞെരക്കം നമ്മുടെ കാലത്തും കേൾക്കാനുണ്ട്; ‘മനുഷ്യരുടെ ഏകപിതാവായ ഈശ്വരൻ താൻ യാതൊരു സങ്കടവും അനുഭവിക്കാതെ, തന്റെ പുത്രന്മാരെയും പൗത്രന്മാരെയും ഇട്ടു മരണവേദന അനുഭവിപ്പിക്കുകയും അവരുടെ നിലവിളി കേൾക്കുകയും ചെയ്യുന്നതെങ്ങനെ എന്നെനിക്കു മനസ്സിലാവുന്നില്ല.’ ആ സാധു, ആലോചിക്കാൻ ഇട കിട്ടുമ്പോഴെല്ലാം നിസ്സാരന്മാരുടെ മുൻപിൽ ചെറുതാവുകയും സമുദായത്തിനു മുൻപിൽ പേടിച്ചുതുള്ളുകയും ചെയ്യുന്നു; അവൻ സാഷ്ടാംഗം നമസ്കരിക്കുന്നു. അവൻ അപേക്ഷിക്കുന്നു, അവൻ ദയയ്ക്കുവേണ്ടി കെഞ്ചിനോക്കുന്നു; അവന്നു താൻ കുറ്റക്കാരനാണെന്നു ബോധപ്പെട്ടതായി തോന്നും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഒരു മാറ്റം സംഭവിച്ചു; തടവുപുള്ളികളുടെ പാട്ടുകളും കള്ളന്മാരുടെ ചൂളവിളികളും ആകപ്പാടെ ഒരധിക പ്രസംഗമയവും ആഹ്ലാദപരവുമായ മുഖാകൃതിയെ കൈക്കൊണ്ടു. ആവലാതിപോയി, അധികാരമായി. പതിനെട്ടാംനൂറ്റാണ്ടിൽ, തണ്ടുവലിശ്ശിക്ഷസ്ഥലത്തും കാരാഗൃഹങ്ങളിലും നടപ്പുള്ള മിക്ക പാട്ടുകളിലും പൈശാചികവും ദുർഗ്രഹവുമായ ഒരാഹ്ലാദശീലം കാണുന്നു. ഒരു മിന്നിച്ചുകൊണ്ടു മിന്നുന്നതും കുഴൽവിളിക്കുന്ന ഒരു തീപ്പൊട്ടി കാട്ടിനുള്ളിലേക്കു വലിച്ചെറിഞ്ഞതുമായ ഒരു കർക്കശ ശബ്ദത്തിലുള്ളതും തുള്ളിച്ചാടിനടക്കുന്നതുമായ പല്ലവി നാം കേൾക്കുകയായി

ഈ പാട്ടുകൾ കുണ്ടറത്തടവിനുള്ളിലോ ഒരു മനുഷ്യന്റെ കഴുത്തരിയുന്ന സമയത്തു കാട്ടിൽ ഒരു മൂലയ്ക്കലോ വെച്ചു പാടിയവയാണ്.

ഒരു സഗൗരവസൂചകം. ആശകെട്ടവരുടെ പണ്ടത്തെ ദുഃഖമയത്വം പതിനെട്ടാം നൂറ്റാണ്ടായപ്പോൾ മറഞ്ഞുകഴിഞ്ഞു. അവർ ചിരിക്കാൻ തുടങ്ങി. വലിയ വമ്പൻ എന്നും വലിയ സമർത്ഥൻ എന്നുമുള്ള പാട്ടുകൾ അവർ പെറുക്കിക്കൂട്ടി. പതിനഞ്ചാമൻ ലൂയിയെ കൊടുത്താൽ അവർ ഫ്രാൻസിലെ രാജാവിനെ ‘പങ്താങ്ങിലെ [1] പ്രഭു’ എന്നു വിളിക്കും. എന്നല്ല നോക്കണേ, അവർക്കു നേരംപോക്കേ ഉള്ളൂ. അവരുടെ അന്തഃകരണം വീണുകിടക്കാതായെന്നു തോന്നുമാറ് ഒരുതരം പ്രകാശനാളം ആ നികൃഷ്ടജീവികളിൽനിന്നു പുറപ്പെടുന്നു. അന്ധകാരത്തിലേക്കു ചേർന്ന ഈ ദയനീയവർഗ്ഗങ്ങൾക്കു പ്രവൃത്തിയിലേ ധൃഷ്ടതയുള്ളൂ എന്നല്ലാതായി, മനസ്സിലും ധൃഷ്ടത വന്നു. അവർ ദുഷ്പ്രവൃത്തിക്കാരാണെന്നുള്ള സ്മരണ സ്വയമേവ ഇല്ലാതാകയും, വിചാരശീലന്മാരുടേയും മനോരാജ്യക്കാരുടേയും ഇടയിൽനിന്ന് അങ്ങനെയുള്ളവർതന്നെ അറിഞ്ഞിട്ടില്ലാത്ത എന്തോ ഒരനിർവചനീയ സാഹായ്യം തങ്ങൾക്കുണ്ടാകുന്നുണ്ടെന്നു ബോധപ്പെടുകയും ചെയ്തതിന്റെ ഒരടയാളം. കളവിന്റേയും തട്ടിപ്പറിയുടേയും വൈരൂപ്യം അതിന്റെ ഒരു വലിയ ഭാഗത്തെ യുക്ത്യാഭാസങ്ങളിലും വിശ്വാസങ്ങളിലും ചെലുത്തി, ഈട്ടം കുറച്ചുകൊണ്ടു, കളവുകളും തട്ടിപ്പറികളും വിശ്വാസങ്ങളിലേക്കും യുക്ത്യാഭാസങ്ങളിലേക്കും ഊറിയിറങ്ങാൻ തുടങ്ങുന്നുണ്ടെന്നതിന്റെ ഒരടയാളം. ചുരുക്കിപ്പറഞ്ഞാൽ, ഏതെങ്കിലും ഒരു സവിശേഷമാറ്റം സംഭവിക്കാത്തപക്ഷം, എന്തോ ഒരു മഹാക്ഷോഭം അടുത്തുണ്ടാവാൻ പോകുന്നുണ്ടെന്നതിന്റെ ഒരടയാളം.

ഞങ്ങൾ ഒരു നിമിഷനേരം നില്ക്കട്ടെ. ആരെയാണ് ഞങ്ങളിവിടെ കുറ്റപ്പെടുത്തുന്നത്? പതിനെട്ടാംനൂറ്റാണ്ടിനെയാണോ? തത്ത്വജ്ഞാനത്തെയാണോ? ഒരിക്കലുമല്ല. പതിനെട്ടാംനൂറ്റാണ്ടിന്റെ പ്രവൃത്തി നല്ലതും വേണ്ടതും കൊള്ളാവുന്നതുമാണ്. സർവ്വജ്ഞാനനിധികാരന്മാർ, അവരുടെ തലവനായി ദിദരൊ; ശക്തി വാദികൾ, അവരുടെ തലവനായി തുർഗോ; തത്വജ്ഞാനികൾ, അവരുടെ തലവനായി വോൾത്തെയർ; മനോരാജ്യക്കാർ, അവരുടെ തലവനായി റൂസ്സോ—ഇവരാണ് നാലു ദിവ്യസൈന്യങ്ങൾ. ഇവർ കാരണമാണ് മനുഷ്യസമുദായത്തിനു വെളിച്ചത്തിലേക്കുണ്ടായ മഹത്തായ ഉദ്ഗതി. ഇവർ അഭിവൃദ്ധിയുടെ നാലു പ്രധാന ഭാഗങ്ങളിലേക്കും നടന്നുചെല്ലുന്ന മനുഷ്യജാതിയുടെ നാലു മുന്നണിപ്പടകളാണ്. ദിദരൊ സുഭഗതയിലേക്കും, തുർഗോ പ്രയോജനകരത്വത്തിലേക്കും, വോൾത്തെയർ സത്യസ്ഥിതിയിലേക്കും, റൂസ്സോ ന്യായത്തിലേക്കും. പക്ഷേ, തത്ത്വജ്ഞാനികളുടെ അടുത്തും മീതെയും യുക്ത്യാഭാസക്കാരുണ്ട്—കൊള്ളാവുന്ന ചെടിക്കൂട്ടത്തോടു കൂടിക്കലർന്ന ഒരു കൊള്ളരുതാത്ത സസ്യപ്പടർപ്പ്; ശുദ്ധമായ കാട്ടിനുള്ളിലെ വിഷച്ചെടി. ആ നൂറ്റാണ്ടിലെ മനുഷ്യവർഗ്ഗോദ്ധാരകന്മാരുടെ മഹാഗ്രന്ഥങ്ങളെ മരണശിക്ഷാവിധി നടത്തുന്നവൻ കോടതിയെടുപ്പിന്റെ കോണിത്തട്ടിൽ വെച്ചു തിയ്യിടുന്ന സമയത്ത്, ഇന്നു വിസ്തൃതരായ എഴുത്തുകാർ, രാജാവിന്റെ ഉത്തരവോടുകൂടി, നിർഭാഗ്യന്മാർ ആർത്തിയോടുകൂടി വായിക്കുന്ന എന്തോ ആർക്കുമറിഞ്ഞുകൂടാത്ത ഓരോ തകരാറു പിടിപ്പിക്കുന്ന ഗ്രന്ഥങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഒരു രാജാവിന്റെ രക്ഷയിൻകീഴിലുള്ള— പറയാൻ കൊള്ളില്ല—ഈ പ്രസിദ്ധീകരണങ്ങളിൽ ചിലതു ‘ഗൂഢവായനശാല’യിൽ ഇന്നും കാണാം. ശ്രദ്ധേയങ്ങളെങ്കിലും അജ്ഞാതങ്ങളായ ഈ വാസ്തവാവസ്ഥകൾ മുകൾ ഭാഗത്തൊന്നും നോക്കിയാൽ കണ്ടിരുന്നില്ല. ചിലപ്പോൾ ഒരു വാസ്തവാവസ്ഥയുടെ വെറും നിഗൂഢതയിൽത്തന്നെ അതിന്റെ അപായകരത്വം പതുങ്ങിക്കിടക്കുന്നുണ്ടാവും. ഈ എഴുത്തുകാരിലെല്ലാംവെച്ചു പൊതുജനങ്ങൾക്കിടയിൽ ഏറ്റവും അപകടം പിടിച്ച തട്ടിരിപ്പിടങ്ങളെ ഒരു സമയം അന്നു കുഴിച്ചുണ്ടാക്കിയിരുന്ന ആൾ രെസ്ഥിഫ് ദ് ബ്രിത്തോന്നായിരുന്നു.

യൂറോപ്പിൽ മുഴുവനുമുണ്ടായിരുന്ന ഈ വിദ്യ മറ്റെവിടെയുമുള്ളതിലധികം തകരാറുണ്ടാക്കിയതു ജർമ്മനിയിലാണ്. ജർമ്മനിയിൽ, ഷില്ലെർ തന്റെ ‘തട്ടിപ്പറിക്കാർ’ എന്ന പ്രസിദ്ധനാടകമെഴുതിയിട്ടു കുറച്ചുകാലത്തേക്കു കളവും തട്ടിപ്പറിയും വസ്തുമുതലിന്റേയും തൊഴിലിന്റേയും എതിരായി പുറപ്പെട്ടു. കാഴ്ചയിൽ ന്യായ്യങ്ങളെങ്കിലും, വാസ്തവത്തിൽ വിഡ്ഢിത്തങ്ങളായ ചില സവിസ്തരങ്ങളും അയഥാർത്ഥങ്ങളുമായ ആശയങ്ങളെ കൈയിലാക്കി, ആ ആശയങ്ങളെക്കൊണ്ടു താന്താങ്ങളെ മൂടിക്കെട്ടി, അവയ്ക്കുള്ളിൽ, ഒരു വിധത്തിൽ, മറഞ്ഞുനിന്നു, മറ്റൊരു പേരെടുത്തു, പ്രമാണത്തിന്റെ നിലയിലേക്കു കടക്കുകയും, ആ രൂപത്തിൽത്തന്നെ തൊഴിലാളികളും ദുഃഖശീലരും സത്യവാന്മാരുമായ പൊതുജനങ്ങൾക്കിടയിൽ, ആ ഔഷധക്കൂട്ടിന്റെ നിർമ്മാതാക്കളായ മൂഢരസായനശാസ്ത്രക്കാർപോലും അറിയാതെ, ആ ഔഷധത്തെ കൈക്കൊണ്ട പൊതുജനങ്ങൾകൂടി അറിയാതെ, പെരുമാറുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു വാസ്തവാവസ്ഥ വെളിപ്പെടുമ്പോളെല്ലാം കാര്യം കുറെ സഗൗരവമാണ്. കഷ്ടപ്പാടിൽനിന്നു ശുണ്ഠിയുണ്ടാവുന്നു; ഐശ്വര്യമുള്ള വർഗ്ഗക്കാർ സ്വയം അന്ധരാവുകയോ കിടന്നുറങ്ങുകയോ ചെയ്യുമ്പോൾ—അതും കണ്ണടയ്ക്കുകയും ഒന്നു തന്നെ— ദൗർഭാഗ്യമേറിയ വർഗ്ഗക്കാരുടെ വേഷം, ഒരു മുക്കിലിരുന്നു മനോരാജ്യം വിചാരിക്കുന്നു. ഏതെങ്കിലും ദുഃഖിതമോ ദുഃസ്വഭാവിയോ ആയ ആത്മാവിൽക്കാണിച്ചു തന്റെ ചൂട്ടു കത്തിക്കുകയും സമുദായത്തെ സൂക്ഷിച്ചുനോക്കിക്കാണാൻ നില്ക്കുകയും ചെയ്യുന്നു. ദ്വേഷത്തിന്റെ സൂക്ഷ്മനോട്ടം ഒരു ഭയങ്കരവസ്തുവാണ്.

അതാതുകാലത്തെ ദൗർഭാഗ്യത്തിന്റെ ഇഷ്ടംപോലെ, അതിൽനിന്നു പണ്ടത്തെ മാതിരിയുള്ള കൃഷീവലലഹളകൾ പുറപ്പെടുന്നു—അവയുടെ അടുത്തു നിർത്തുമ്പോൾ ശരിക്കുള്ള രാഷ്ട്രീയവിപ്ലവങ്ങളെല്ലാം വെറും കുട്ടിക്കളിയാണ്; അവ ഉപദ്രവിക്കുന്നവരും ഉപദ്രവിക്കപ്പെടുന്നവരും തമ്മിലുള്ള ശണ്ഠകളല്ലാതാവുന്നു. സുഖവും സുഖമില്ലായ്മയും കൂടിയുള്ള പോരാട്ടമായിത്തീരുന്നു. അപ്പോൾ സകലവും തകരുന്നു.

കൃഷീവലലഹളകൾ പൊതുജനങ്ങളുടെ വക ഭൂമികുലുക്കങ്ങളാണ്.

പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഏതാണ്ട് അടുത്തെത്തിപ്പോയ ഈ അത്യാവശ്യത്തിനെയാണ് ഫ്രാൻസിലെ ഭരണപരിവർത്തനം—ആ സത്യാവസ്ഥയുടെ വമ്പിച്ച പ്രവൃത്തി— അടക്കിക്കളഞ്ഞത്.

വാളെടുത്ത ആലോചനയല്ലാതെ മറ്റൊന്നുമല്ലാതെ ഫ്രാൻസിലെ ഭരണപരിവർത്തനം നിവർന്നുനിന്ന്, അതേവിധം അപ്രതീക്ഷിതമായി, തിന്മയുടെ വാതിൽ കൊട്ടിയടയ്ക്കുകയും നന്മയുടെ വാതിൽ തുറന്നിടുകയും ചെയ്തു. അതു ഭേദ്യം ചെയ്യലിനെ തടഞ്ഞു. സത്യത്തെ വിളംബരപ്പെടുത്തി ശതാബ്ദത്തിന്റെ കേടൊക്കെ തീർത്തു. പൊതുജനസംഘത്തെ പട്ടാഭിഷേകം ചെയ്തു.

അതു രണ്ടാമതൊരാത്മാവിനെ, ശരിയായിട്ടുള്ളതിനെ, മനുഷ്യന്നു കൊടുത്ത്. അവനെ രണ്ടാമതൊരിക്കൽക്കൂടി സൃഷ്ടിച്ചു എന്നു പറയാം.

പത്തൊമ്പതാം നൂറ്റാണ്ടിന് അതു പിന്തുടർച്ചാവകാശപ്രകാരം കിട്ടുകയും അതുകൊണ്ടു ഗുണമുണ്ടാവുകയും ചെയ്തു; ഞങ്ങൾ മുൻപു സൂചിപ്പിച്ചവിധമുള്ള സാമുദായികവിപത്ത് ഇനി ഒരിക്കലും ഉണ്ടാവാൻ വയ്യെന്നായി. അതു ഘോഷിക്കുന്നവൻ അന്ധനാണ്! അതു പേടിക്കുന്നവൻ വങ്കനാണ്! ഭരണപരിവർത്തനം കൃഷീവലലഹള കുത്തിവെയ്ക്കുന്ന മരുന്നാണ്.

ഭരണപരിവർത്തനത്തോടു നാം നന്ദി പറയുക, സാമുദായികസ്ഥിതികളെല്ലാം മാറിപ്പോയി. ജന്മികുടിയായ്മയേയും രാജവാഴ്ചയേയും സംബന്ധിച്ചുള്ള രോഗങ്ങളൊന്നും നമ്മുടെ രക്തത്തിൽ ഇല്ലാതായി. ഇടക്കാലം നമ്മുടെ കൂട്ടിലേ ഇല്ലെന്നായി അകത്തുള്ള ഭയങ്കരപ്രാണികൾ പുറത്തേക്കുന്തിക്കടക്കുകയും, കാല്ക്കൽനിന്ന് ഒരു വമ്പിച്ച മുഴക്കത്തിന്റെ നിഗൂഢപ്പുറപ്പാടു കേൾക്കുകയും, നിലം പൊട്ടിപ്പിളർന്നു ഗുഹകളുടെ മുകൾബ്ഭാഗം കോട്ടുവായിട്ടു ഭൂമിക്കുള്ളിൽനിന്നു പൊന്തിവരുന്ന പൈശാചികശിരസ്സുകൾ പെട്ടെന്നു കാണപ്പെടുമാറു പരിഷ്കാരത്തിന്റെ മുകൾ നിലയിൽ ചിതൽപ്പുറ്റുപോലുള്ള തുരങ്കങ്ങളിൽനിന്ന് അനിർവചനീയങ്ങളായ കുന്നുകൾ വെളിപ്പെടുകയും ചെയ്യുന്ന കാലങ്ങളിലല്ലാതായി നാം ഇന്ന്.

ഭരണപരിവർത്തനബോധം ഒരു സദാചാരബോധമാണ്. ഒരിക്കൽ ഉണ്ടായിവന്നാൽ അവകാശബുദ്ധി ധർമ്മബുദ്ധിയെ ഉണ്ടാക്കുന്നു. എല്ലാവർക്കും അവകാശപ്പെട്ടതു സ്വാതന്ത്ര്യമാണ്; റൊബെപിയരുടെ അഭിനന്ദനീയമായ വിവരണമനുസരിച്ചു, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നേടത്തുവെച്ച് അതവസാനിക്കുന്നു. 1789 മുതൽ ജനസമുദായം ഒന്നിച്ച് ഒരു വിശിഷ്ടസത്ത്വമായി വലുപ്പം വെച്ചുവരികയാണ്. സ്വാധികാരത്തോടുകൂടിയ ഏതൊരു ദരിദ്രന്നും ഒരു പ്രകാശനാളം കൈയിലില്ലാതെയില്ല; വിശന്നുചാകൽ ഫ്രാൻസിന്റെ മര്യാദയെ അവനിൽകണ്ടെത്തുന്നു; പൗരന്റെ അന്തസ്സ് ആന്തരമായ ഒരു പടച്ചട്ടയാണ്; സ്വതന്ത്രനാരോ അവൻ കണിശക്കാരനാണ്; ‘സമ്മതിദായക’നാരോ അവൻ രാജ്യം ഭരിക്കുന്നു. അതിൽനിന്നാണ് സത്യസന്ധത; അതിൽനിന്നാണ് പ്രലോഭനകളുടെ മുൻപിലുള്ള ആ സധൈര്യമായ മുഖംതാഴ്ത്തൽ. ഭരണപരിവർത്തനത്തിന്റെ ഗണം അങ്ങനത്തതാണ്. ഒരു മോചനദിവസത്തിൽ, ഒരു ജൂലായി 14-ാംനു-യോ ഒരു ആഗസ്ത് 10-ാം തിയ്യതിയോ വന്നാൽ, പൊതുജനസംഘം എന്നത് ഇല്ലാതാകുന്നു. പരിഷ്കൃതവും വർദ്ധിച്ചുവരുന്നതുമായ പുരുഷാരങ്ങളുടെ ഒന്നാമത്തെവാക്ക് ഇതാണ്; കള്ളന്മാരൊക്കെ പോവട്ടെ! അഭ്യുദയം ഒരു സത്യവാനാണ്; ആദർശവും കേവലത്വവും കൈലേസ്സുകളെ കട്ടെടുക്കയില്ല. തൂലെരി രാജധാനിയിലെ സമ്പത്തു കയറ്റിയ വണ്ടികളെ 1848-ൽ ആരാണ് കൊണ്ടുപോയിരുന്നത്? കീറത്തുണികൾ ഭണ്ഡാരത്തിനു കാവൽനിന്നു. സൗശീല്യം ഈ ഇരപ്പാളികളെ പ്രകാശമാനന്മാരാക്കി. ആ വണ്ടികളിൽ അടയ്ക്കാതെയുള്ള— ചിലതു പകുതി തുറന്നുമിരുന്നു—പെട്ടികളിൽ കണ്ണഞ്ചിക്കുന്ന അളുക്കുകൾക്കിടയിൽ, വൈരങ്ങൾ പതിച്ചതും, മുകളിൽ മൂന്നുകോടി ഫ്രാങ്ക് വിലപിടിച്ച പള്ളിമാണിക്യം പതിച്ചതുമായ ഫ്രാൻസിന്റെ പഴയ കിരീടമുണ്ടായിരുന്നു. വെറുംകാലോടുകൂടി അവർ ആ കിരീടത്തിനു കാവൽനിന്നു.

അങ്ങനെ കൃഷീവലലഹളകൾ ഇല്ലാതായി. കൗശലക്കാർക്കുവേണ്ടി ഞാനതിൽ പശ്ചാത്തപിക്കുന്നു; പണ്ടത്തെ പേടി അത്തരക്കാരിൽ പിന്നെയും അങ്കുരിച്ചു; പക്ഷേ, അതിനെ ഇനി രാഷ്ട്രീയകാര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ വയ്യാ. ചെമ്പൻഭൂതത്തിന്റെ പ്രധാനകമ്പി പൊട്ടിപ്പോയി. അതിപ്പോൾ ആർക്കുമറിയാം. ഇമ്പാച്ചി പേടിപ്പെടുത്താതായി. പക്ഷികൾ അസ്ഥികൂടമാതൃകയെക്കൊണ്ട് എന്തും കാണിക്കുന്നു. ദുഷ്ടജീവികൾ അതിന്മേൽ വന്നുപൊതിയുന്നു; പ്രമാണികൾ അതു കണ്ടു ചിരിക്കുന്നു.

കുറിപ്പുകൾ

[1] ഫ്രാൻസിലെ ഒരു വ്യവസായ സമൃദ്ധമായ പട്ടണം.

4.11.4
രണ്ടു മുറകൾ: കാത്തിരിക്കുകയും ആശിക്കുകയും

ഈസ്ഥിതിക്ക് എല്ലാ സാമുദായികവിപത്തുകളും അവസാനിച്ചുവോ? ഒരിക്കലുമില്ല. കൃഷീവലലഹളകളില്ല; അക്കാര്യത്തിൽ സമുദായത്തിനു ശങ്കയേ വേണ്ടാ; ചോര ഇനിമേൽ അതിന്റെ തലയിലേക്കു പാഞ്ഞുകേറില്ല. രക്തമൂർച്ഛയെപ്പറ്റി ഇനി പേടിക്കേണ്ടാ; പക്ഷേ, ക്ഷയരോഗം. സാമുദായിക ക്ഷയരോഗത്തിനാണ് കഷ്ടപ്പാടെന്നു പേർ.

ഇടിവെട്ടു കൊണ്ടിട്ടെന്നപോലെത്തന്നെ മെലിഞ്ഞുമെലിഞ്ഞിട്ടും ഒരാൾ ചത്തേക്കാം.

രാഷ്ട്രീയങ്ങളായ അത്യാവശ്യങ്ങളിൽവെച്ചു പ്രധാനം മുതലവകാശമില്ലാതാക്കപ്പെട്ടവരും ദുഃഖിച്ചുകഴിയുന്നവരുമായ ആൾക്കൂട്ടങ്ങളെക്കുറിച്ച് ഒന്നാമതായാലോചിക്കുകയും, അവരെ ആശ്വസിപ്പിക്കുകയും, കാറ്റു കൊള്ളിക്കുകയും പരിഷ്കരിക്കുകയും, സ്നേഹിക്കുകയും, അവരുടെ ദിഗന്തരത്തെ ഒരു മഹത്തായ അതിരുവരെ വലുതാക്കുകയും, എല്ലാ രൂപത്തിലുമുള്ള വിദ്യാഭ്യാസത്തെ അവർക്കു വിതറിക്കൊടുക്കുകയും പ്രയത്നശീലത്തെ അവർക്കു കാണിച്ചുകൊടുക്കുകയും, മടിയൻ മട്ട് ഒരിക്കലും കാട്ടാതിരിക്കുകയും, സാർവ്വജനീനമായ—ഉദ്ദേശ്യത്തെ വലുപ്പം വെപ്പിച്ചിട്ടു വ്യക്തിപരമായ—ഭാരത്തെ കുറയ്ക്കുകയും, സമ്പത്തിനു യാതൊരതിർത്തിയും വെയ്ക്കാതെ ദാരിദ്യത്തിന്ന് അതിർത്തിയിടുകയും, തനിച്ചും പൊതുവായും ചെയ്വാനുള്ള പ്രവൃത്തിക്ക് അനന്തമായ മാർഗ്ഗപരമ്പരയെ നിർമ്മിക്കുകയും, ദ്രോഹിക്കപ്പെടുന്നവരുടേയും ദുർബ്ബലരുടേയും, സാഹായ്യത്തിന്നായി നീട്ടിക്കൊടുക്കുവാൻ ബ്രിയാറിയുസ്സി [1] ന്നെന്നപോലെ ഒരു നൂറു കൈയുണ്ടായിരിക്കയും; എല്ലാ കൈകൾക്കും പണിപ്പുരകളും എല്ലാ വാസനകൾക്കും വിദ്യാലയങ്ങളും എല്ലാ സ്ഥിതിയിലുള്ള ബുദ്ധികൾക്കും വിദ്യാപരീക്ഷണശാലകളും തുറക്കുകയാകുന്ന ആ ഉത്കൃഷ്ടധർമ്മം നിറവേറ്റാൻ സഞ്ചിതശക്തിയെ ഉപയോഗിക്കുകയും, ശമ്പളം കൂട്ടുകയും, ബുദ്ധിമുട്ടു കുറയ്ക്കുകയും, വേണ്ടതിനേയും ഉള്ളതിനേയും ഒരേ നിലയ്ക്കാക്കുകയും—എന്നുവെച്ചാൽ, പ്രയത്നത്തിനു ശരിയായ സുഖാനുഭവത്തേയും, ആവശ്യത്തിനു ശരിയായ ഭക്ഷണത്തേയും ക്രമപ്പെടുത്തുകയും, ചുരുക്കിപ്പറഞ്ഞാൽ, ദുഃഖിക്കുന്നവർക്കും അറിവില്ലാത്തവർക്കും സാമുദായികയന്ത്രപ്പണിയിൽനിന്ന് അധികം സുഖവും അധികം അറിവും പുറപ്പെടുവിക്കുകയും ചെയ്കയാണെന്നു സ്വാർത്ഥപരങ്ങളായ ഹൃദയങ്ങൾ മനസ്സിലാക്കണമെന്നും ഇതാണ് സാഹോദര്യധർമ്മങ്ങളിൽ ഒന്നാമത്തേതെന്ന് അനുകമ്പയുള്ള ആത്മാക്കൾ വിസ്മരിക്കാതിരിക്കണമെന്നും, എത്ര ആവർത്തിച്ചാലും ഞങ്ങൾ ക്ഷീണിക്കാതിരിക്കട്ടെ.

എന്നല്ല, ഞങ്ങൾ പറയുന്നു, ഇത് ആരംഭംമാത്രമേ ആയിട്ടുള്ളു. ഇതാണ് ശരിക്കുള്ള കാര്യം. ഒരധികാരമായിട്ടല്ലാതെ തൊഴിൽ ഒരു നിയമമാവാൻ വയ്യാ.

ഇക്കാര്യത്തിൽ ഞങ്ങൾ ശാഠ്യം പിടിക്കുകയില്ല; അതിനുള്ള ശരിയായ സന്ദർഭം ഇതല്ല.

പ്രകൃതി, അതിനെ ദൈവമെന്നു വിളിക്കുന്നുണ്ടെങ്കിൽ, സമുദായം അതിനെ മുൻകരുതൽ എന്നു വിളിക്കണം.

സാമ്പത്തികമായ അഭിവൃദ്ധിപോലെത്തന്നെ ഒട്ടും ഒഴിച്ചുകൂടാത്ത ഒന്നാണ് ബുദ്ധിപൂർവ്വവും സദാചാരപരവുമായ വളർച്ച. അറിയുന്നത് ഒരു വിശുദ്ധസംസ്കാരമാണ്; ആലോചിക്കുന്നത് പ്രധാനാവശ്യമാണ്! സത്യം ധാന്യമെന്നതുപോലെതന്നെ പോഷകവുമാണ്. പ്രകൃതിശാസ്ത്രവും ജ്ഞാനവുമില്ലാതെ പട്ടിണികിടക്കുന്ന ബുദ്ധി ക്രമത്തിൽ മെലിഞ്ഞുപോകുന്നു. ഭക്ഷണം കഴിക്കാത്ത വയറിനേയും മനസ്സിനേയും പറ്റി നമുക്ക് ഒപ്പം ആവലാതിപ്പെടുക. ഭക്ഷണം കിട്ടാഞ്ഞു നശിച്ചുപോകുന്ന ഒരു ശരീരത്തെക്കാൾ ഹൃദയഭേദകമായ മറ്റൊന്നുണ്ടെങ്കിൽ, അതു വെളിച്ചംകിട്ടാതെ ചാവുന്ന ഒരാത്മാവാണ്.

അഭിവൃദ്ധി മുഴുവനും ചെല്ലുന്നത് പരിഹാരത്തിനു നേർക്കാണ്. ഒരു ദിവസം നമ്മൾ അമ്പരന്നുപോകും. മനുഷ്യജാതി മേല്പോട്ടു കയറുന്തോറും, കഷ്ടപ്പാടിന്റെ പ്രദേശത്തുനിന്നു കനമേറിയ അടുക്കുകൾ പുറത്തേക്കു പുറപ്പെടുന്നു നിരപ്പിനെ വെറുതെ പൊന്തിക്കുന്നതിൽനിന്നു കഷ്ടപരിഹാരം തനിയെ സാധിക്കും.

ഈ അനുഗൃഹീതമായ നിവൃത്തിയെ അവിശ്വസിക്കുന്നുവെങ്കിൽ അതുതെറ്റാണ്.

കഴിഞ്ഞത് ഇപ്പോൾ വളരെ ശക്തിമത്തായിട്ടുണ്ടെന്നുള്ളതു വാസ്തവം തന്നെ. അതു പരിഹസിക്കുന്നു. ഒരു ശവത്തെ ജീവിപ്പിക്കൽ അത്ഭുതകരമാണ്. നോക്കൂ, അതു നടക്കാനും മുന്നോട്ടു വരാനും തുടങ്ങിയിരിക്കുന്നു. അത് ഒരു വിജയിയാണെന്നു തോന്നും; ഈ ശവം ഒരു ജയശാലിയാണ്. അദ്ദേഹം തന്റെ സൈന്യങ്ങളോടും— അന്ധവിശ്വാസങ്ങൾ -, തന്റെ വാളോടും—സ്വേച്ഛാധിപത്യം-,തന്റെ കൊടിയടയാളത്തോടും—അജ്ഞത—,കൂടി വന്നെത്തുന്നു; കുറച്ചു മുൻപ് അദ്ദേഹം പത്തു യുദ്ധം ജയിച്ചു. അദ്ദേഹം അടുത്തെത്തി. അദ്ദേഹം ഭയപ്പെടുത്തുന്നു, അദ്ദേഹം ചിരിക്കുന്നു, അദ്ദേഹം അതാ, വാതില്ക്കലായി. നമ്മൾ നിരാശരാവാതിരിക്കുക. ഹാനിബാൾ പാളയമടിച്ചിട്ടുള്ള യുദ്ധക്കളം നമുക്കു വില്ക്കുക.

വിശ്വാസികളായ നമുക്ക് എന്താണ് പേടിക്കാനുള്ളത്?

ഒരു പുഴ പുറപ്പെട്ടേടത്തേക്കുതന്നെ തിരിച്ചെത്തുക എത്രകണ്ടുണ്ടോ അതിൽ ഒട്ടുമധികം ആലോചനകൾ പിന്നോട്ടൊഴുകുകയില്ല.

ഭാവിക്ഷേമത്തെ ആഗ്രഹിക്കാത്തവർ ഇതിനെപ്പറ്റി ആലോചിക്കട്ടെ. അഭിവൃദ്ധിയോടു ‘പാടില്ല’ എന്നു പറയുന്നവർ ഭാവിയെയല്ല തങ്ങളെത്തന്നെയാണ് അധിക്ഷേപിക്കുന്നത്. അവർ ഒരു വ്യസനകരമായ രോഗത്തെ എടുത്തു കുടിക്കുകയാണ്. അവർ ഭൂതകാലത്തെക്കൊണ്ടു താന്താങ്ങളെ കുത്തിവെയ്ക്കയാണ്. നാളെയെ ഉപേക്ഷിക്കുവാൻ ഒരൊറ്റ വഴിയേ ഉള്ളു; അതു മരിക്കുകയാണ്.

അപ്പോൾ മരിക്കായ്ക—ദേഹത്തെസ്സംബന്ധിച്ചേടത്തോളം കഴിയുംവിധം വൈകിയിട്ട്, ആത്മാവിനെസ്സംബന്ധിച്ചേടത്തോളം ഒരിക്കലും ഇല്ലായ്മ- ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

അതേ, കടങ്കഥയുടെ ഉത്തരം കിട്ടും; മിണ്ടാപ്പൂതം സംസാരിക്കും; കാര്യം നിവർത്തിക്കും.

അതേ, പതിനെട്ടാംനൂറ്റാണ്ടിനാൽ കുത്തിക്കുറിക്കപ്പെട്ട ജനസമുദായം പത്തൊമ്പതാം നൂറ്റാണ്ടുകൊണ്ട് അസ്സലെഴുതിത്തീരും. ഇതാരവിശ്വസിക്കുന്നുവോ അവൻ കഴുതയാണ്! ഭാവിക്ഷേമം ഉദിച്ചുവരിക. സാർവ്വജനീനമായ യോഗക്ഷേമം അടുത്ത ഭാവിയിൽത്തന്നെ ഉദിച്ചുവരിക—ഇതു കൂടാതെ കഴിയില്ലെന്നുള്ള ഒരു ദിവ്യക്കാഴ്ചയാണ്.

വമ്പിച്ച തള്ളലുകൾ ഒന്നിച്ചുചേർന്നു മനുഷ്യരുടെ കാര്യങ്ങളെ കൊണ്ടുനടത്തുകയും, അവയെ ക്ലിപ്തസമയത്തിനുള്ളിൽ ഒരു ന്യായമായ സ്ഥിതിയിലേക്ക്, അതായതു സമനിലയിലേക്ക്, എന്നുവെച്ചാൽ ധർമ്മത്തിലേക്ക് കൊണ്ടുചെല്ലുകയും ചെയ്യുന്ന മനുഷ്യത്വത്തിൽനിന്നു ഭൂമിയും സ്വർഗ്ഗവും അടങ്ങിയ ഒരു ശക്തി പുറപ്പെടുകയും അതിനെ ഭരിക്കുകയും ചെയ്യുന്നു; ഈ ശക്തി അത്ഭുതകർമ്മങ്ങളെ നിർമ്മിച്ചുപോരുന്നു. അസാധാരണങ്ങളായ പരിണാമങ്ങളെക്കാൾ ഒട്ടും ദുഷ്കരങ്ങളല്ല അതിന്ന് അത്ഭുതകരങ്ങളായ സംഭവങ്ങൾ. ഒരാളിൽനിന്നു വരുന്ന പ്രകൃതി ശാസ്ത്രത്തിന്റേയും മറ്റൊരാളിൽനിന്നു വരുന്ന സംഭവത്തിന്റേയും സാഹായ്യമുള്ള അതിന്നു, സാധാരണക്കാരായ അപരിഷ്കൃതർക്ക് അസാധ്യങ്ങളായിത്തോന്നുന്ന വിഷമതകളുടെ ഈ പരസ്പരവിരുദ്ധതകൊണ്ട് അത്രയധികമൊന്നും സംഭ്രമമില്ല. വാസ്തവാവസ്ഥകളുടെ യോജിപ്പിൽനിന്ന് ഒരു പാഠമുണ്ടാക്കുന്നതിൽ ഒട്ടും കുറച്ചല്ല, അതിന്ന് ആലോചനകളുടെ യോജിപ്പിൽനിന്ന് ഒരു പരിഹാരം ഉണ്ടാക്കിയെടുക്കാനുള്ള സാമർത്ഥ്യം; ഒരു ശവക്കുഴിയുടെ അഗാധതയിൽവെച്ച് ഒരു ശുഭദിവസത്തിൽ പൗരസ്ത്യരാജ്യത്തേയും പാശ്ചാത്യരാജ്യത്തേയും മുഖത്തോടു മുഖമാക്കി കൂട്ടിമുട്ടിച്ചതും, മഹത്തായ ‘പിറമിഡ്ഡി’ന്റെ അന്തർഭാഗത്തുവെച്ചു മുഹമ്മദീയമതാചാര്യരെക്കൊണ്ടു നെപ്പോളിയനുമായി സംസാരിപ്പിച്ചതുമായ ആ അഭിവൃദ്ധിയുടെ നിഗൂഢശക്തിയിൽനിന്ന് എന്തുതന്നെയും നമുക്കാശിക്കാവുന്നതാണ്.

അതിനിടയ്ക്കു മനസ്സുകളുടെ മഹത്തരമായ പുരോഗതിക്കു യാതൊരു തടസ്സവും ഇടർച്ചയും നില്പും ഇല്ലാതിരിക്കട്ടെ. സാമുദായികതത്ത്വജ്ഞാനം പ്രധാനമായി പ്രകൃതിശാസ്ത്രത്തിലും സമാധാനത്തിലുമാണ് നിലനില്ക്കുന്നത്. അതിന്റെ ഉദ്ദേശ്യം പ്രാതികൂല്യങ്ങളെ നോക്കിപ്പഠിക്കുന്നതുകൊണ്ടു കോപത്തെ ഇല്ലാതാക്കുകയാണ്; അതിന്റെ ഫലവും അതുതന്നെയായിരിക്കണം. അതു ചികഞ്ഞു നോക്കുന്നു; അതു സൂക്ഷ്മമായി നോക്കിക്കാണുന്നു; അതു വിഗ്രഹിച്ചു നോക്കുന്നു; പിന്നെ അത് ഒരിക്കൽക്കൂടി ഒന്നിച്ചുകൂട്ടുന്നു; ദ്വേഷത്തെ മുഴുവനും തള്ളിക്കളഞ്ഞു ചുരുക്കൽ വഴിക്കു കാര്യം ആരംഭിക്കുന്നു.

മനുഷ്യസമുദായത്തിലേക്ക് അഴിച്ചുവിട്ട കാറ്റടിക്കു മുൻപിൽ ഒരു സമുദായം തകർന്നുപോകുന്നതായി ഒന്നിലധികം തവണ കണ്ടിട്ടുണ്ട്; ജനസമുദായങ്ങളും സാമ്രാജ്യയോഗങ്ങളും തകർന്നുപോയ കഥകളാണ് ചരിത്രം മുഴുവനും; ആചാരങ്ങൾ, നടപടികൾ, നിയമങ്ങൾ, ധർമ്മശാസ്ത്രങ്ങൾ—അങ്ങനെ ഒരു ദിവസം ആ അജ്ഞാതശക്തി, കൊടുങ്കാറ്റ്, അതിലെ കടന്നുപോകുന്നു; സകലത്തേയും അതു കൊണ്ടുപോയി. ഇന്ത്യയിലേയും കാൽഡിയയിലേയും പേർഷ്യയിലേയും സിറിയയിലേയും ഈജിപ്തിലേയും പരിഷ്കാരങ്ങൾ ഓരോന്നായി എല്ലാം മറഞ്ഞു കഴിഞ്ഞു എന്തുകൊണ്ട്? ഞങ്ങൾക്കറിഞ്ഞുകൂടാ. ഈ ആപത്തുകൾക്കെല്ലാം കാരണമെന്താണ്? ഞങ്ങൾക്കറിവില്ല. ഈ ജനസമുദായങ്ങളെയെല്ലാം രക്ഷിക്കാമായിരുന്നുവോ? ഇത് അവരുടെ കുറ്റമായിരുന്നുവോ? അവരെ നശിപ്പിച്ചുകളഞ്ഞ ആ അപായകരമായ ദുർവൃത്തി അവർ വിടാതെ പിടിച്ചു എന്നുണ്ടോ? ഒരു ജാതിക്കാരുടേയും ഒരു രാജ്യക്കാരുടേയും ഭയങ്കരമരണത്തിൽ ആത്മഹത്യയുടെ തുകയെത്രയാണ്? ഉത്തരമില്ലാത്ത ചോദ്യങ്ങൾ. ശപിക്കപ്പെട്ട പരിഷ്കാരവിശേഷങ്ങളെ അന്ധകാരം മൂടിക്കളയുന്നു. അവർ ഒരോട്ടയുണ്ടാക്കുന്നു. ഉടനെ മുങ്ങുന്നു ഞങ്ങൾക്കു മറ്റൊന്നും പറയാനില്ല; ഭൂതകാലമെന്ന സമുദ്രത്തിന്റെ അടിയിലേക്ക്. ആ വമ്പിച്ച തിരമാലയുടെ പിന്നിലേക്കു, ബാബിലോൺ, നിനെവെ, താർസൂസ്, തീബ്സ്, റോം എന്നീ പടുകൂറ്റൻ കപ്പലുകളുടെ പൊളിഞ്ഞുതകരലിലേക്കു, നിഴല്പാടുകളുടെ എല്ലാ വായകളിൽനിന്നുംകൂടി പുറപ്പെടുന്ന ഘോരക്കൊടുങ്കാറ്റുകളുടെ ചുവട്ടിലേക്ക് ഞങ്ങൾ ഒരുതരം ഭയപ്പാടോടുകൂടിയാണ് നോക്കുന്നത് പക്ഷേ, അവിടെ നിഴലുകളാണ്. ഇവിടെ വെളിച്ചവും, ആ പുരാതന പരിഷ്കാരങ്ങളുടെ രോഗങ്ങൾ ഞങ്ങൾക്കു പരിചിതങ്ങളല്ല; നമ്മുടേതിനുള്ള കുറവുകളെ ഞങ്ങൾക്കറിഞ്ഞുകൂടാ. അതിൽ എവിടേയും വെളിച്ചം കണ്ടെടുക്കാൻ ഞങ്ങൾക്കധികാരമുണ്ട്; ഞങ്ങൾ അതിന്റെ സൌഭാഗ്യം നോക്കിക്കാണുന്നു; അതിന്റെ കുറവുകളെ ഞങ്ങൾ തുറന്നുകാട്ടുന്നു; അതിന്നു രോഗം എവിടെയാണെന്നു ഞങ്ങൾ ചുഴിഞ്ഞുനോക്കുന്നു; രോഗം കണ്ടുപിടിച്ചുകഴിഞ്ഞാൽ, അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള പരീക്ഷണം ഔഷധത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. നമ്മുടെ പരിഷ്കാരം, ഇരുപതാംനൂറ്റാണ്ടിലെ പ്രയത്നഫലം, അതിന്റെ നിയമവും വൈശിഷ്യവുമാണ്; അതിനെ രക്ഷപ്പെടുത്തുന്നതിൽ നഷ്ടമില്ല. അതു രക്ഷപ്പെടും. അതിൽ ആശ്വസനാർഹമായി വളരെയുണ്ട്. അതിന്റെ സംസ്കാരവിശേഷം മറ്റൊരു സംഗതിയാണ്. സാമുദായികങ്ങളായ എല്ലാ നവീനതത്ത്വജ്ഞാനങ്ങളും ഈ ഒരു കാര്യത്തിനായി ഒത്തുകൂടണം. ഇന്നത്തെ വിചാരശീലന്ന് ഒരു മഹത്തായ ചുമതലയുണ്ട്—പരിഷ്കാരത്തെ ‘കുഴൽവെച്ചു’ നോക്കുക.

ഞങ്ങൾ എടുത്തുപറയുന്നു, ഈ കുഴൽവെച്ചുനോക്കൽ പ്രോത്സാഹനമുണ്ടാക്കുന്നു; പ്രോത്സാഹനത്തെപ്പറ്റി ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഈ ഭാഗങ്ങളെ, ഒരു ദുഃഖമയമായ നാടകത്തിലെ നിഷ്ഠൂരതരമായ വിഷ്കംഭത്തെ, ഞങ്ങൾ അവസാനിപ്പിക്കാൻ വിചാരിക്കുന്നത്. സാമുദായികമായ മരണത്തിന്നടിയിൽ ഞങ്ങൾ മാനുഷമായ അമരത്വം കാണുന്നു. ഭൂഗോളം നശിച്ചുപോകുന്നില്ല—എന്തുകൊണ്ട്? അതിന്റെ ഈ വ്രണങ്ങളും അഗ്നിപർവ്വതമുഖങ്ങളും അഗ്നിപ്രവാഹങ്ങളും ഗന്ധകക്കുഴികളും അവിടവിടെ ഉള്ളതുകൊണ്ട്; അല്ലാതെ, ദുഷ്ടിനെ പുറത്തേക്കുതള്ളുന്ന ഒരഗ്നിപർവ്വതമുള്ളതുകൊണ്ടല്ല. ജനങ്ങളുടെ രോഗങ്ങൾ മനുഷ്യനെ കൊല്ലുന്നില്ല.

എങ്കിലും, സാമുദായികചികിത്സാഭ്യാസരീതിയെ നോക്കിപ്പഠിക്കുന്ന ആരും തന്നെ ചിലപ്പോൾ തലയിളക്കിപ്പോകുന്നു. ഏറ്റവും ശക്തിയുള്ളവർ ഏറ്റവും ദയാശീലമുള്ളവർ, ഏറ്റവും ബുദ്ധികൂർമ്മ കൂടിയവർ, വശംകെട്ടുപോകുന്ന ചില ഘട്ടങ്ങളുണ്ട്.

നല്ല ഭാവി ഉണ്ടാകുമോ? അത്രമേൽ ഭയങ്കരമായ അന്ധകാരം കാണുമ്പോൾ ഈ ചോദ്യം ചോദിക്കാൻതന്നെ ഞങ്ങൾക്കേതാണ്ട് തോന്നിപ്പോകുന്നു. സ്വാർത്ഥികളുടേയും കടപ്പാടുകാരുടേയും കൂടിയുള്ള വ്യസനകരമായ അഭിമുഖയുദ്ധം. സ്വാർത്ഥികളുടെ ഭാഗത്തു തെറ്റിദ്ധാരണകൾ, ചെലവുകൂടിയ വിദ്യാഭ്യാസത്തിന്റെ നിഴലുകൾ, ലഹരികൊണ്ടു വർദ്ധിച്ച രുചി, മന്ദിപ്പിക്കുന്ന ഐശ്വര്യംകൊണ്ടുള്ള തലചുറ്റൽ, ചിലരെസ്സംബന്ധിച്ചേടത്തോളം കഷ്ടപ്പാടോട് ഒരു വെറുപ്പ് എന്നാകുമാറുള്ള കഷ്ടപ്പാടിനെപ്പറ്റിയുള്ള ഭയം, ശമിക്കാത്ത ഒരു സംതൃപ്തി, ആത്മാവിനെ തടഞ്ഞുനിർത്തത്തക്കവണ്ണം, വീർത്തുപോയ ഞാൻ; കഷ്ടപ്പാടുകാരുടെ ഭാഗത്തു ദുര, അസൂയ. മറ്റുള്ളവർ സുഖിക്കുന്നതു കാണുമ്പോഴുള്ള ദ്വേഷം, സ്വന്തം ആഗ്രഹങ്ങളെ നിവർത്തിക്കുവാനുള്ള മനുഷ്യമൃഗത്തിന്റെ എന്തെന്നില്ലാത്ത പ്രേരണകൾ, മൂടൽകൊണ്ടു നിറഞ്ഞ ഹൃദയം, വ്യസനം, ആവശ്യം, ഗ്രഹപ്പിഴ, ചളി കൂടിയ വെറും അജ്ഞത.

നമ്മൾ ഇനിയും മേല്പോട്ടു നോക്കി കൈമലർത്തുകതന്നെയോ? അവിടെ നാം വേറെ കാണുന്ന ആ തേജോവിശേഷം മാഞ്ഞുപോകുന്ന കൂട്ടത്തിൽത്തന്നെയുള്ള ഒന്നാണോ? ആവിധം അഗാധതകളിൽ ആണ്ടുമുങ്ങി, ചെറുതായി, ഒറ്റപ്പെട്ടു, കാണാൻ വയ്യാതെ തിളങ്ങിക്കൊണ്ടെങ്കിലും എന്തെന്നില്ലാതെ കുന്നുകൂടിയ ഇരുണ്ട ഭയപ്പെടുത്തലുകളാൽ ചുറ്റപ്പെട്ട്, ആപദ്ദശയിൽ മേഘങ്ങളാകുന്ന കുടർപ്പാമ്പുകെട്ടിന്നുള്ളിൽ ഒരു നക്ഷത്രമെന്നതിൽ ഒട്ടും അധികമില്ലാതെയുള്ള ആദർശം കണ്ടാൽ പേടി തോന്നും.

കുറിപ്പുകൾ

[1] യവനേതിഹാസപ്രകാരം യുറിയാനിഡ്ഡെന്നു പേരുള്ള നൂറുകൈയന്മാരായ രാക്ഷസന്മാരിൽ പ്രമുഖൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 11; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.