images/hugo-34.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.12.1
കാര്യത്തിന്റെ മുകൾഭാഗം

ലഹള എന്തുകൊണ്ടുള്ളതാണ്? ഒന്നുകൊണ്ടുമല്ല. എല്ലാം കൊണ്ടുംതന്നെ. കുറേശ്ശക്കുറേശ്ശയായി പിടുത്തംവിട്ട ഒരു വിദ്യുച്ഛക്തികൊണ്ടു പെട്ടെന്നു കത്തിജ്ജ്വലിച്ച ഒരു തീനാളംകൊണ്ട്, ഒരു സഞ്ചരിക്കുന്ന ശക്തികൊണ്ട്, ഒരു പോകുന്ന നിശ്വാസംകൊണ്ട്. ഈ നിശ്വാസം സംസാരിക്കുന്ന തലകളേയും, മനോരാജ്യം വിചാരിക്കുന്ന തലച്ചോറുകളേയും, ദുഃഖിക്കുന്ന ആത്മാക്കളേയും, എരിയുന്ന വികാരങ്ങളേയും നിലവിളികൂട്ടുന്ന കഷ്ടപ്പാടിനേയും കണ്ടുമുട്ടുകയും അവയേയും കൊണ്ടു പാഞ്ഞുകളകയും ചെയ്യുന്നു.

എവിടേക്ക്?

ചെന്നപാട്, ഭരണാധികാരത്തിന്റെ, നിയമത്തിന്റെ, വിലങ്ങനെ; സമൃദ്ധിക്കും മറ്റുള്ളവരുടെ ധൃഷ്ടതയ്ക്കും വിലങ്ങനെ.

ശുണ്ഠിപിടിച്ച ദൃഢബോധങ്ങൾ, മുഷിഞ്ഞുപോയ ആവേശങ്ങൾ, സംഭ്രമിച്ച ശുണ്ഠികൾ, അമർത്തിയിട്ടിരുന്ന യുദ്ധവാസനകൾ, മേനികേറ്റപ്പെട്ട യുവധൈര്യം, കുലീനമായ അന്ധത, ഉൽക്കണ്ഠ, മാറ്റത്തിനുള്ള വാസന, അപ്രതീക്ഷിതത്തോടുള്ള തൃഷ്ണ, പുതിയ നാടകത്തെക്കുറിക്കുന്ന പരസ്യങ്ങൾ വായിക്കുന്നതിൽ ഉത്സാഹവും നാടകശാലയിലെ അഭിനയസൂചകന്റെ ചൂളംവിളിയോടു സ്നേഹവും തോന്നിക്കുന്ന ആ ഒരു രസം; അസ്പഷ്ടങ്ങളായ ദ്വേഷങ്ങൾ, വൈരങ്ങൾ, ആശാഭംഗങ്ങൾ, ദുർവിധി കടന്നു ദീപാളി പിടിപ്പിച്ചു എന്നു വിചാരിക്കുന്ന ഓരോ ഡംഭും; അസുഖം, പൊള്ളമനോരാജ്യങ്ങൾ. ചുറ്റും വേലിയുള്ള അതിമോഹങ്ങൾ, അധഃപതനത്തിനു നില്ക്കുന്ന ആരും, ചുരുക്കിപ്പറഞ്ഞാൽ, നന്നേ അടിയിൽ, പുരുഷാരം, തീപ്പിടിക്കുന്ന ആ ചളിക്കട്ട—ഇതൊക്കെയാണ് ലഹളയുടെ കൂട്ട്. ഏറ്റവും മഹത്തും ഏറ്റവും നികൃഷ്ടവും; ഒരു തഞ്ചം നോക്കി എല്ലാ അതിർത്തികൾക്കപ്പുറത്തും പതുങ്ങിനടക്കുന്ന സത്ത്വങ്ങൾ, തെണ്ടികൾ, തെമ്മാടികൾ, നാൽക്കൂട്ടകളിലെ തെണ്ടിപ്പെറുക്കികൾ, ആകാശത്തിലെ കുളിർമേഘങ്ങളല്ലാതെ മറ്റൊരു മേല്പുരയും കൂടാതെ ഒരു ഭവനമരുഭൂമിയിൽ രാവുറങ്ങുന്നവർ, പ്രയത്നശീലത്തോടല്ലാതെ യദൃച്ഛാസംഭവത്തോട് ഓരോ ദിവസവും ഭക്ഷണമാവശ്യപ്പെടുന്നവർ, വെറുംകൈയർ, വെറുംകാലുകാർ—ഇവരൊക്കെ ലഹളയ്ക്കുള്ളവരാണ്. ഭരണാധികാരത്തിന്റേയോ ജീവിതത്തിന്റേയോ ഈശ്വരവിധിയുടേയോ എന്തെങ്കിലും ഒരു പ്രവൃത്തിയോട് ഉള്ളിൽ ഗൂഢമായി ശുണ്ഠിവെച്ചിരിക്കുന്നവരാരുംതന്നെ ലഹളയ്ക്ക് പാകമാണ്; അതു പുറപ്പെട്ടുകണ്ട ഉടനെ ആ മനുഷ്യൻ തുള്ളാനും ആ കൊടുങ്കാറ്റിൽ അടിപറിയാനും തുടങ്ങും.

ചില ശീതോഷണസ്ഥിതികളിൽ പെട്ടെന്നുണ്ടാവുകയും, ആ ചുഴന്നുവരുന്നതോടുകൂടി, മഹത്തരങ്ങളായ പ്രകൃതികളേയും അതുപോലെ നികൃഷ്ടതരങ്ങളേയും, ശക്തനേയും അശക്തഹൃദയനേയും, മരത്തടിയേയും വൈയ്ക്കോൽക്കൊടിയേയും കൂടെ എടുത്തുകൊണ്ട് പൊങ്ങുകയും താഴുകയും അലറുകയും പിളരക്കുകയും ഇടിക്കുകയും ചതയ്ക്കുകയും തകർക്കുകയും കടപുഴക്കുകയുംചെയ്യുന്ന ഒരുതരം സാമുദായിക വായുമണ്ഡലത്തിലെ നീർച്ചുഴിസ്തംഭമാണ് ലഹള. അതിന്റെ പിടിയിൽപ്പെട്ടവന്റേയും അതിന്റെ അടികൊള്ളുന്നവന്റേയും കഥകഷ്ടംതന്നെ! അത് ഒരാളെക്കൊണ്ട് മറ്റെയാളെ തകർക്കുന്നു.

അതിന്റെ പിടിയിൽപ്പെട്ടവരിലേക്ക് അത് ഒരനിർവചനീയവും അസാധാരണവുമായ ശക്തിയെ വ്യാപിപ്പിക്കുന്നു. ആദ്യം വന്നവനെ അത് സംഭവപരമ്പരയുടെശക്തിയെക്കൊണ്ട് നിറയ്ക്കുന്നു, അതു സർവ്വത്തേയും വെടിയുണ്ടകളാക്കിമാറ്റുന്ന. അത് ഒരു മുരട്ടുകല്ലിനെക്കൊണ്ടു പീരങ്കിയുണ്ടാക്കുന്നു; ഒരു ഭൃത്യനെക്കൊണ്ട് ഒരു സേനാപതിയേയും.

മഹാനിപുണങ്ങളായ ചില രാഷ്ട്രീയാഭിപ്രായങ്ങളെ വിശ്വസിക്കയാണെങ്കിൽ, അധികാരശക്തിയുടെ ഭാഗത്തേക്ക് ഒരു ചെറിയ ലഹള പ്രയോജനകരമാണ്. ലഹളകൊണ്ട് കീഴുമേൽ മറിയാത്ത ഭരണാധികാരങ്ങൾക്ക് അത് ശക്തികൂട്ടുന്നു. അത് സൈന്യത്തെ മാറ്റുരച്ചുനോക്കുന്നു; അതു നാടുവാഴികളെ ആരാധ്യരാക്കുന്നു, അതുപൊല്ലീസ് സൈന്യത്തിന്റെ മാംസപേശികളെ പുറത്തേക്കു വലിക്കുന്നു, അതു സാമുദായികപ്പണിക്കൂട്ടിന്റെ ബലം കാണിക്കുന്നു. അത് കായികാഭ്യാസത്തിലെ ഒരു പയറ്റുമുറയാണ്. ഒരു നല്ല ഉഴിച്ചിൽ കഴിഞ്ഞാൽ ഒരു മനുഷ്യന്നെന്നപോലെ, ഒരു ലഹളയ്ക്കു ശേഷം അധികാരശക്തിക്ക് ആരോഗ്യം ഒന്നുകൂടും.

മുപ്പതു കൊല്ലം മുൻപ് ലഹളയെപ്പറ്റി വേറെയും പല അഭിപ്രായങ്ങളുണ്ടായിരുന്നു.

‘കാര്യബോധം’ എന്നു സ്വയം ഘോഷിക്കുന്ന ഒരു ജ്ഞാനശാസ്ത്രം എല്ലാറ്റിനുമുണ്ട്, അവാസ്തവത്തോടും വാസ്തവത്തോടുംകൂടി മധ്യസ്ഥത പറയൽ, ഒരു പറഞ്ഞുതീർക്കൽ, ഗുണദോഷം ഉപദേശിക്കൽ, അധിക്ഷേപവും ഞായവും തമ്മിൽ കൂടിക്കലർന്നിട്ടുള്ളതുകൊണ്ട് താൻ വിവേകമാണെന്നു കരുതിവരുന്നതും പലപ്പോഴും പകിട്ടുവിദ്യ മാത്രവുമായിട്ടുള്ള ആ അധികപ്രസംഗത്തോടു കൂടിയ പതംവെപ്പിക്കൽ. ‘വിശിഷ്ടമായ മിതവാദം’ എന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം മുഴുവനും ഇതിന്റെ ഫലമാണ്. പച്ചവെള്ളത്തിന്റെയും ചൂടുവെള്ളത്തിന്റെയും നടുക്കുള്ള കാഞ്ഞ വെള്ളക്കക്ഷിയാണിത്. ആഴമുണ്ടെന്നു തോന്നിച്ചുകൊണ്ട്, സർവ്വവും മുകൾഭാഗത്തായി, ആദികാരണങ്ങളിലേക്കൊന്നും മടങ്ങിച്ചെല്ലാതെ, ഉണ്ടായ കാര്യങ്ങളെ മാത്രം കീറിനോക്കുന്ന ഈ ഗ്രസ്ഥാന വിശേഷം ഒരർദ്ധ പ്രകൃതിശാസ്ത്രത്തിന്റെ മുകളിൽ കയറിനിന്നു പൊതുസ്ഥലത്തുള്ള ലഹളയെ ശാസിക്കുന്നു.

ഈ പ്രസ്ഥാനത്തിനു നാം ചെവികൊടുക്കുന്ന പക്ഷം—‘1830-ലെ സ്ഥിതിയെ മുഴുവനും കുഴച്ചുമറിച്ച ലഹളകൾ ആ മഹാസംഭവത്തിനുള്ള പരിശുദ്ധിയുടെ ഒരംശത്തെ ഇല്ലാതാക്കി. ഉത്തരക്ഷണത്തിൽ ആകാശത്തിനു തെളിവു കൂട്ടിയ ഒരു കൊള്ളാവുന്ന പൊതുജനക്ഷോഭമാണ് ജൂലായി വിപ്ലവം. ലഹളക്കാർ വീണ്ടും ദുർദ്ദിനമുണ്ടാക്കി. ഐകമത്യംകൊണ്ട് ആദ്യത്തിൽ അത്രമേൽ എണ്ണപ്പെട്ടിരുന്ന ആ ഭരണപരിവർത്തനത്തെ അവർ ഒരു ശണ്ഠകൂടലിലേക്കു് ഇടിച്ചുകളഞ്ഞു അപ്പപ്പോഴായി കാര്യമൊപ്പിച്ച എല്ലാ അഭ്യുദയത്തിലുമുള്ളതുപോലെ, ജൂലായ് വിപ്ലവത്തിൽ നിഗൂഢമുറിവുകളുണ്ടായിരുന്നു; ഈ ലഹളകൾ അവയെ വേർപ്പെടുത്തി, ഇങ്ങനെ പറയാറായി: ’ഹാ! ഇതിന്നുടവുണ്ട്!’ ജൂലായ് വിപ്ലവം കഴിഞ്ഞപ്പോൾ ആളുകൾക്കു സ്വാതന്ത്ര്യത്തെപ്പറ്റിയേ തോന്നിയിരുന്നുള്ളു; ലഹള കഴിഞ്ഞപ്പോൾ ഒരത്യാപത്തു ബോധപ്പെട്ടു.

‘എല്ലാ ലഹളകളും പീടികകളടയ്ക്കുന്നു, കെട്ടിയിരുപ്പു കുറയ്ക്കുന്നു, പണമിടപാടു തകരാറാക്കുന്നു, കച്ചവടം നിർത്തുന്നു, ജോലി തടയുന്നു, ആലോചിക്കാതിരിക്കെ അപജയം വരുത്തുന്നു; പണമില്ലാതായി, ഓരോരുത്തന്റേയും ധനസ്ഥിതി കുഴഞ്ഞു, വ്യാപാരവിശ്വാസം ഇളകി, വ്യവസായം തിരിഞ്ഞു,വ്യാപാരമുലധനം തിരിച്ചുവാങ്ങപ്പെട്ടു, പ്രവൃത്തി കുറഞ്ഞു, എല്ലായിടത്തും ഭയമായി; ഏതു പട്ടണത്തിലും എതിർക്ഷോഭങ്ങൾ. അപ്പോഴാണ് അഗാധക്കുണ്ടുകൾ വരുന്നത്. ഫ്രാൻസിന് ഒരു ലഹളയുടെ ആദ്യത്തെ ദിവസം രണ്ടു കോടിയും, രണ്ടാമത്തെ ദിവസം നാലുകോടിയും, മൂന്നാമത്തെ ദിവസം ആറു കോടിയും—ഇങ്ങനെ മൂന്നു ദിവസത്തെ ലഹളകൊണ്ട് പ്രന്ത്രണ്ടു കോടി ഫ്രാങ്ക്: ചെലവായിട്ടുണ്ടെന്നാണ് കണക്കു് എന്നുവെച്ചാൽ, ധനനഷ്ടം മാത്രം നോക്കുന്നപക്ഷം, ഒരു ഗ്രഹപ്പിഴയോ, ഒരു കപ്പൽത്തകർച്ചയോ, അറുപതു കപ്പലുള്ള ഒരു കപ്പൽസൈന്യത്തെ തകർത്തുകളഞ്ഞ ഒരു യുദ്ധത്തോല്മയോ ഉണ്ടായതിനു സമം.

‘ചരിത്രം മുൻനിർത്തി നോക്കുമ്പോൾ ലഹളകൾക്കും, നിശ്ചയമായും അവയുടെ ഒരു ഭംഗിയുണ്ട്; കുറ്റിക്കാടുകളിൽവെച്ചുള്ള യുദ്ധത്തെക്കാൾ പാതവിരികളിൽ വെച്ചുള്ള യുദ്ധത്തിന് ഒട്ടും ഗൗരവക്കുറവില്ല. ഒട്ടും വ്യസനകരത്വത്തിനുകുറവില്ല; ഒന്നിൽ കാട്ടുപുറങ്ങളുടെ ആത്മാവുണ്ട്. മറ്റേതിൽ നഗരങ്ങളുടെ ഹൃദയമുണ്ട്; ഒന്നിൽ ഴാങ് ഷുവാങ്ങാണ് [1] മറ്റേതിൽ ഒരു ഴാന്നാണ്. രാജ്യകലഹങ്ങൾ പാരിസ്സിന്റെ സ്വഭാവത്തിലുള്ള എല്ലാ സവിശേഷഭാഗങ്ങളേയും—മര്യാദ, ഭക്തി, ശുണ്ഠിയോടു കൂടിയ ആഹ്ലാദശീലം, ബുദ്ധിശക്തിയുടെ അംശമാണ് ധൈര്യം എന്നു തെളിയിക്കുന്ന വിദ്യാർത്ഥികൾ, അജയ്യരായ രാഷ്ട്രീയരക്ഷിഭടന്മാർ, കച്ചവടക്കാരുടെ രാപ്പാറാവുകൾ, തെരുവുതെണ്ടിച്ചെക്കന്മാരുടെ ദുർഗ്ഗങ്ങൾ, മരണത്തോടുള്ള വഴിപോക്കരുടെ അവജ്ഞ എന്നിവ—ഒരു തുടുത്ത മിന്നൽനിറം കൊണ്ടു മിന്നിച്ചിട്ടുണ്ട്. വിദ്യാലയങ്ങളും സേനാസമൂഹങ്ങളും തമ്മിൽ കൂടിമറിയുന്നു. ആകപ്പാടെ പോരാളികൾ തമ്മിൽ പ്രായത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ; തരം ഒന്ന്; സ്വന്തം അഭിപ്രായങ്ങൾക്കുവേണ്ടി ഇരുപതാമത്തെ വയസ്സിലും, സ്വന്തം കുടുംബങ്ങൾക്കു വേണ്ടി നാല്പതാമത്തെ വയസ്സിലും മരിച്ച ഒരൊറ്റത്തരം വിരക്തന്മാർ. സൈന്യം അഹങ്കാരത്തിനു വിവേകത്തെ എതിർനിർത്തി- പൗരയുദ്ധങ്ങളിൽ എപ്പോഴും കാണുന്ന ഒരു വ്യസനകരസ്ഥിതി. പൊതുജനങ്ങളുടെ കൂസലില്ലായ്മയെ തെളിയിക്കുന്നതോടുകുടി ലഹളകൾ നാടുവാഴികളെ ധൈര്യം പഠിപ്പിക്കുന്നു.

‘ഇതു നന്ന്, പക്ഷേ, ഇതുകൊണ്ടൊക്കെ ചോരക്കളിയുടെ നഷ്ടം തീർന്നുവോ? ആ ചോരക്കളിയോടു പിന്നത്തെ അന്ധകാരവും, തകരാറായ അഭിവൃദ്ധിയും, ഉത്തമന്മാരുടെ അസ്വസ്ഥതയും, മര്യാദക്കാരായ നവീകരണവാദികളുടെ നിരാശതയും, ഭരണപരിവർത്തനം താൻതന്നെ ഈ മുറിവുകളുണ്ടാക്കിയതിൽ വിദേശീയരുടെ ഏകച്ഛത്രാധിപത്യത്തിനുണ്ടാകുന്ന സുഖവും, 1830-ലെ പരാജിതർ വിജയം നേടലും, അവരുടെ ‘ഞങ്ങൾ അപ്പോൾത്തന്നെ പറഞ്ഞു!’ എന്നുള്ള പറയലും, കൂട്ടിനോക്കുക; ഒരു സമയം പാരിസ് വലുപ്പം വെച്ചിരിക്കാമെങ്കിലും, നിശ്ചയമായും ഇടുങ്ങിപ്പോയ,ഫ്രാൻസിനേയും കൂട്ടിനോക്കുക, എല്ലാം പറയേണ്ടതാകകൊണ്ട്, ഭ്രാന്തുപിടിച്ചു സ്വാതന്ത്ര്യത്തിനുമേൽ നിഷ്ഠുരമായിത്തീർന്ന ഭരണവ്യവസ്ഥയ്ക്കു കിട്ടുന്ന ജയത്തെ പലപ്പോഴും ചീത്തപ്പെടുത്തുന്ന കൂട്ടക്കൊലകളും കൂട്ടിനോക്കുക. എല്ലാം കൂടിയാൽ ലഹളകൾ ആപൽക്കരങ്ങളാണ്.’

പൊതുജനങ്ങളോടുള്ള ആ അടുത്തുനില്പായ നാടുവാഴിക്കൂട്ടം സന്തോഷത്തോടെ കൈക്കൊള്ളുന്ന വിവേകത്തിന്റെ അടുത്തുനില്പായ ഇങ്ങനെയാണ് പറയുന്നത്.

ഞങ്ങളാണെങ്കിൽ, വേണ്ടതിലധികം വലുപ്പമുള്ളതും അതുമൂലം വേണ്ടതിലധികം സൗകര്യമുള്ളതുമായ ലഹള എന്ന ഈ വാക്കെടുക്കുന്നില്ല ഞങ്ങൾ ഒരു പൊതുജനചേഷ്ടയെ മറ്റൊരു പൊതുജനചേഷ്ടയുമായി കൂട്ടിമറിക്കുന്നില്ല ഒരു ലഹളയ്ക്കു ഒരു യുദ്ധത്തോളംതന്നെ ചെലവു വരുന്നുണ്ടോ എന്നു ഞങ്ങൾ അന്വേഷിക്കുന്നില്ല. യുദ്ധം എന്തിനാണ്, ഒന്നാമത്? ഇവിടെ യുദ്ധം എന്ന വിഷയം വരുന്നു. ലഹള ഒരാപത്താകുന്നതിലും കുറവായിട്ടേ യുദ്ധം ഒരു കഷ്ടപ്പാടാകുന്നുള്ളു എന്നുണ്ടോ? പിന്നെ, എല്ലാ ലഹളകളും ആപത്തുകളാണോ എന്നല്ല, ജൂലായിലെ ലഹളകൊണ്ടു പന്ത്രണ്ടു കോടി ഫ്രാങ്ക് ചെലവായാൽത്തന്നെ എന്താണു്. സ്പെയിനിൽ അഞ്ചാം ഫിലിപ്പിനെ പ്രതിഷ്ഠിക്കുവാൻ ഫ്രാൻസിന്ന് ഇരുനൂറു കോടി ചെലവുണ്ട്. അത്രയും ചെലവു വന്നാൽക്കൂടി ജൂലായി 14-ാംന്-യാണ് ഞങ്ങൾക്ക് അതിലും ഭേദം ഏതായാലും ന്യായങ്ങളെപ്പോലിരിക്കുന്നവയും വാസ്തവത്തിൽ വെറുംവാക്കുകൾ മാത്രവുമായ ഈ അക്കങ്ങളെ ഞങ്ങൾ എടുക്കുന്നില്ല. ഒരു ലഹള കൈയിൽ വന്നാൽ ഞങ്ങൾ അതിനെ ലഹളയെന്ന നിലയ്ക്കേ നോക്കു. മുൻപു പറഞ്ഞിട്ടുള്ള നൂതനോപദേശികളുടെ ആക്ഷേപത്തിലെല്ലാം കാര്യമേ ഉള്ളു. ഞങ്ങൾ അതിന്റെ കാരണമാണന്വേഷിക്കുന്നത്.

ഞങ്ങൾ വിവരിക്കാം.

കുറിപ്പുകൾ

[1] പ്രജാധിപത്യത്തിനുനേരെ അപ്പപ്പോൾ ലഹകളകൂട്ടിയിരുന്ന രാജസംഘത്തിലെ ഒരംഗം.

4.12.2
കാര്യത്തിന്റെ മുരട്

ലഹള എന്നൊന്നുണ്ട്; രാജ്യകലഹം എന്നുമൊന്നുണ്ട്; ശുണ്ഠിയുടെ രണ്ടു ഭിന്നരൂപങ്ങളാണിവ; ഒന്നു ന്യായ്യമാണ്, മറ്റേത് അന്യായ്യമാണ് പ്രജാവാഴ്ചകളിൽ, നീതിന്യായത്തിന്മേൽ സ്ഥാപിക്കപ്പെട്ടവയായി ആകെയുള്ള രാജ്യഭരണങ്ങളിൽ, ‘ഭിന്നിത’ സംഖ്യ രാജസ്ഥാനമെടുത്തു എന്നു ചിലപ്പോൾ വന്നേക്കും, അപ്പോൾ മുഴുവൻ സംഖ്യ ശുണ്ഠിയെടുക്കുകയും അതിന്ന് ആവശ്യമുള്ള അവകാശബലം ആയുധമെടുത്തു എന്നുതന്നെയാവുകയും ചെയ്തേക്കാം സംഘബലത്തിന്റെ ഭരണാധികാരത്തിൽനിന്നു പുറപ്പെടുന്നവയിലെല്ലാം ഭിന്നിതസംഖ്യയോടുള്ള മുഴുവൻ സംഖ്യയുടെ യുദ്ധം രാജ്യകലഹമാണ്; മുഴുവൻ സംഖ്യയോടുള്ള ഭിന്നിത സംഖ്യയുടെ ശണ്ഠ ലഹളയും; തുലെരിരാജധാനിയിലുള്ളതു രാജാവോ ജനപ്രതിനിധിയോഗമോ എന്നതനുസരിച്ച് ആ ശണ്ഠയിടൽ ന്യായ്യമോ അന്യായ്യമോ ആവും. ഒറ്റ പീരങ്കിതന്നെ ആഗസ്ത് 10-ാംന് പൊതുജനങ്ങൾക്കു നേരെ ചൂണ്ടപ്പെട്ടപ്പോൾ അന്യായ്യവും. വാങ്ദെമിയർ [1] 14-ാംനു യായപ്പോൾ ന്യായ്യവുമായി കാഴ്ചയിൽസമം, വാസ്തവത്തിൽ കേവലം വിഭിന്നം; സ്വീഡൻകാർ അവാസ്തവത്തെ പിന്താങ്ങി; ബോനാപ്പാർത്ത് വാസ്തവത്തെ പിന്താങ്ങി. സർവ്വജനസമ്മതിയിൽ സ്ഥാപിക്കപ്പെട്ട തനതു സ്വാതന്ത്ര്യത്തേയും തനതു ഭരണാധികാരത്തേയും തെരുവീഥിയെക്കൊണ്ട് ഇളക്കിമറിക്കാൻ കഴിയുന്നതല്ല. പരിഷ്കാരത്തെ ശരിയായി സംബന്ധിക്കുന്ന സകലത്തിലും ഇങ്ങനെത്തന്നെയാണ്; ഇന്നു സൂക്ഷമത കൂടിയിട്ടുള്ള പൊതുജനത്തിന്റെ ദൃഷ്ടി നാളെയ്ക്കു തകരാറാവും. ഒരേ ശുണ്ഠി തെറെയുടെ നേരെയായപ്പോൾ വേണ്ടതും തുർഗോവിനുനേരെയായപ്പോൾ വങ്കത്തവുമായി. യന്ത്രങ്ങളെ അടിച്ചുതകർക്കുക, കലവറപ്പുരകളെ കൊള്ളയിടുക, തീവണ്ടിപ്പാതയിലെ ഇരിമ്പുവാളങ്ങളെ മുറിച്ചുനീക്കുക, കപ്പൽക്കോതികളെ നശിപ്പിക്കുക, പുരുഷാരങ്ങൾ വഴിതെറ്റി വെയ്ക്കുക, ന്യായാധിപതികൾ അഭിവൃദ്ധിയെ കൂട്ടാക്കാതിരിക്കുക, വിദ്യാർത്ഥികൾ രമുസ്സിനെ [2] കൊലപ്പെടുത്തുക. റൂസ്സോവിനെ സ്വിറ്റ്സർലാണ്ടിൽനിന്ന് ആട്ടിയോടിക്കുകയും കല്ലെറിയുകയും—ഇതും ലഹളയാണ്. മോസ്സറസ്സറോട് ഇസ്രേൽ എതിർക്കുക, ഫോഷിയെനോട് [3] ആതെൻസ് എതിർക്കുക, സിസറോവോടു റോം–ഇതു രാജ്യകലഹമാണ്; ബസ്തീലിന്നുനേരെ പാരിസ് ചെല്ലുക—ഇതു രാജ്യകലഹമാണ്. അലെക്സാണ്ടരുടെ നേർക്കു പട്ടാളങ്ങളും, കൊളംബസ്സിനു നേർക്കു നാവികസൈന്യങ്ങളും തിരിഞ്ഞുനിൽക്കുക—ഇതും അതേ ലഹളതന്നെ; മര്യാദകെട്ട ലഹള; എന്തുകൊണ്ട്? കൊളംബസ് വടക്കുനോക്കിയന്ത്രംകൊണ്ട് അമേരിക്കയ്ക്കുവേണ്ടി എന്തുചെയ്യുന്നുവോ അതുതന്നെയാണ് അലെക്സാണ്ടർ ഏഷ്യയ്ക്കുവേണ്ടി വാളുകൊണ്ടു ചെയ്തത്. കൊളംബസ്സിനെപ്പോലെത്തന്നെ അലക്സാണ്ടറും ലോകം കണ്ടുപിടിച്ചു. പരിഷ്കാരത്തിനുള്ളവയായ ലോകത്തിന്റെ ഈ സമ്മാനങ്ങൾ, വെളിച്ചത്തിന്റെ അത്തരം ചില വലുപ്പംവെപ്പിക്കലുകളാണ്; അവിടെ ഏതൊരെതിർനിൽപ്പും ശിക്ഷാർഹമായിത്തീരുന്നു. ചിലപ്പോൾ ജനക്കൂട്ടം അതിനോടുതന്നെയുള്ള വിശ്വസ്തതയെ കളവായി അടിച്ചുണ്ടാക്കുന്നു. പൊതുജനങ്ങൾ ജനസമുദായത്തിനു ദ്രോഹികളാണ്. ഉദാഹരണത്തിനു് ചുങ്കമടയ്ക്കാതെ ഉപ്പുകച്ചവടം ചെയ്തിരുന്നവർ ദീർഘകാലമായി ബുദ്ധിമുട്ടി യുദ്ധംവെട്ടി നിന്നിട്ട്—ഒരു ന്യായ്യമായ ശണ്ഠ– ആ വേണ്ട സമയത്തു, നിവൃത്തി കിട്ടി എന്നായപ്പോൾ, പൊതുജനങ്ങൾ ജയിച്ചു എന്നായപ്പോൾ, ഒരു തിരിച്ചിൽ തിരിഞ്ഞു രാജാവിന്റെ ഭാഗം ചേർന്നു, രാജഭക്തസംഘമായി മാറി, കഥയില്ലായ്മയുടെ വ്യസനകരങ്ങളായ പ്രധാനകൃതികളോടെതിർക്കുക എന്നതുപോയിട്ട് അവയുടെ നിലനില്പിനുവേണ്ടി ശണ്ഠയിടുന്നവർ എന്ന നിലയിലേക്കു കടന്നു എന്നുവെച്ചാൽ ഇതിലധികം അത്ഭുതകരമായിട്ടെന്താണുള്ളത്! കുള്ളച്ചരക്കുപ്പുകച്ചവടക്കാരൻ രാജശിക്ഷയുടെ തൂക്കുമരത്തിൽ നിന്നിറങ്ങിപ്പോന്നു. കഴുത്തിൽ ഒരു ചരട്ടുതുമ്പോടുകൂടി, പട്ടാളപ്പരിചാരകരുടെ വെള്ളനാടയണിഞ്ഞു. ‘ഉപ്പുചുങ്കം കഴുവേറട്ടെ’ എന്നതിൽനിന്നു മഹാരാജാവിനു ദീർഘായുസ്സ് എന്നതു പുറപ്പെട്ടു. ബർത്തെലോമിയുവിലെ പാതകികൾ. സെപ്തംബറിലെ കഴുത്തുമുറിയന്മാർ, അവിഞോങ്ങിലെ ആളെക്കൊല്ലികൾ, കൊലിഞിയിലെ കൊലപാതകികൾ, മദാംലംബല്ലിന്റെ [4] കൊലയാളികൾ. ബ്രൂണിന്റെ [5] കൊലയാളികൾ, തട്ടിപ്പറിസ്സംഘക്കാർ, ബ്രസ്സാറിലെ വീരപുരുഷന്മാർ— ഇതാ ഒരു ലഹള. ല വൻദി അന്തസ്സുകൂടിയ മേത്തരം ലഹളയാണ്. നടന്നു പോകുന്ന അധികാരത്തിന്റെ ശബ്ദം കേട്ടാലറിയാം; കലങ്ങിമറിഞ്ഞ പൊതുജനക്കൂട്ടത്തിൽനിന്ന് എപ്പോഴും അതു പുറപ്പെടുകയില്ല; ഭ്രാന്തുപിടിച്ച ചീറ്റലുകളുണ്ട്. ഉടഞ്ഞുതകർന്ന മണികളുണ്ട്, എല്ലാ ആപൽസൂചകമണിയടികളും ഓടിന്റെനാദം പുറപ്പെടുവിക്കുകയില്ല. ശുണ്ഠിയുടേയും അജ്ഞതയുടേയും മുരളിച്ച അഭിവൃദ്ധിയുടെ ക്ഷോഭത്തിൽനിന്നു തികച്ചും ഭിന്നമാണ്. നിങ്ങൾ ഏതു ഭാഗത്തെക്കാണ് നടക്കുന്നതെന്നു ഞാൻ കാണട്ടെ. വേണമെങ്കിൽ എഴുന്നേൽക്കുക; പക്ഷേ, അതു നിങ്ങൾ മഹാനാവാനായിരിക്കട്ടെ. മുൻപോട്ടായിട്ടല്ലാതെ രാജ്യകലഹമില്ല മറ്റേതൊരുതരം ലഹളയും ചീത്തയാണ്, പിന്നിലേക്കുള്ള ഏതുറച്ച കാൽവെപ്പും ലഹളയാണ്; പിൻവാങ്ങൽ മനുഷ്യസമുദായത്തോട് ഒരക്രമപ്രവൃത്തി ചെയ്യുകയാണ്. സത്യത്തിന്റെ ഒരു ശുണ്ഠിയെടുക്കലാണ് രാജ്യകലഹം! രാജ്യകലഹത്താൽ പുഴക്കപ്പെടുന്ന പാതവിരികൾ അവകാശത്തിന്റെ തീപ്പൊരികളെ പുറപ്പെടുവിക്കുന്നു. ആ പാതവിരികൾ ലഹളയ്ക്കു തങ്ങളുടെ ചളി മാത്രമേ കൊടുക്കുന്നുള്ളു. പതിനാലാമൻ ലൂയിയുടെ നേർക്ക് ദന്തോങ്— ഇതു രാജ്യകലഹമാണ്, ദന്തോങ്ങിനു നേർക്ക് എബെർ—ഇതു ലഹള

അപ്പോൾ ചില ഘട്ടത്തിൽ രാജ്യകലഹം, ലഫയേത്ത് പറയുമ്പോലെ, ധർമ്മങ്ങളിൽവെച്ച് ഏറ്റവും ദിവ്യമായ ഒന്നാണെങ്കിൽ, ലഹള ദുഷ്കർമ്മങ്ങളിൽവെച്ച് ഏറ്റവും അപായകരമായ ഒന്നാണ്.

പുകച്ചിലിന്റെ ശക്തിക്കുമുണ്ട് വൃത്യാസം: രാജ്യകലഹം പലപ്പോഴും ഒരഗ്നിപർവ്വതമാണ്; ലഹള പലപ്പോഴും ഒരു വൈക്കോല്ക്കുണ്ട തീപ്പിടിക്കൽ മാത്രം.

ഞങ്ങൾ പറഞ്ഞതുപോലെ, ലഹള ചിലപ്പോൾ ഭരണാധികാരത്തിന്നുള്ളിലും കാണും. പൊലിന്യാക് ഒരു ലഹളക്കാരനാണ്; കമിൽ ദെമുലെങ് ഭരണാധികാരികളിൽ ഒരാളാണ്.

രാജ്യകലഹം ചിലപ്പോൾ രാജ്യോദ്ധാരണമാണ്.

സർവ്വരുടേയും അനുമതിയോടുകൂടി എല്ലാം പ്രവർത്തിക്കുക എന്നതു തികച്ചും അർവാചീനമായ ഒരേർപ്പാടായതുകൊണ്ടും, അതിനുമുൻപ് നാലായിരം കൊല്ലത്തോളമായി, ചരിത്രങ്ങളെല്ലാം അവകാശത്തെ അതിക്രമിക്കലും പൊതുജനങ്ങൾ കഷ്ടപ്പെടലും മാത്രമായതുകൊണ്ടും, ഓരോ ചരിത്രാംശവും അതിനെക്കൊണ്ടു കഴിയുന്നേടത്തോളം എതിരഭിപ്രായവും കൊണ്ടുവന്നെത്തുന്നു സീസർചക്രവർത്തിമാരുടെ കാലത്തു രാജ്യകലഹമുണ്ടായിട്ടില്ല; പക്ഷേ, ജുവെനെൽ ഉണ്ടായിരുന്നു.

പ്രവൃത്തിയുടെ സ്ഥാനം വാക്കു നിവർത്തിച്ചു.

സീസർമാരുടെ കാലത്തു സയേനിലേക്കുള്ള നാടുകടത്തലുണ്ട്; വർഷവൃത്താന്തംകുറിച്ചുവെയ്ക്കുന്ന ആളുമുണ്ട്. പത്തമോസ്സിലെയ്ക്കു നാടുകടത്തപ്പെട്ട ആ വർഷവൃത്താന്തനിർമ്മാതാവിനെപ്പറ്റി ഞങ്ങൾ ഒന്നും പറയുന്നില്ല— അദ്ദേഹവും ആദർശലോകത്തിന്റെ പേരിലുള്ള ഒരു മഹത്തായ ആക്ഷേപംകൊണ്ടു വാസ്തവലോകത്തെ സംഭ്രമിപ്പിക്കുകയും തന്റെ മനോരാജ്യദൃഷ്ടികൊണ്ട് ഒരു മഹത്തായ ആക്ഷേപകവിതയുണ്ടാക്കുകയും, റോം-നിനെവെനഗരബന്ധത്തിലേക്കു. റോം-ബാബിലോൺ നഗര ബന്ധത്തിലേക്കു, റോം-സൊഡോം നഗരബന്ധത്തിലേക്കു, വഴിപാടുപുസ്തകത്തിന്റെ ഒരെരിയുന്ന പ്രതിഫലനത്തെ വ്യാപരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം പാറയിലിരിക്കുന്ന ജോൺ [6] സ്വന്തം പീഠത്തിലിരിക്കുന്ന രാക്ഷസിയാണ്; [7] നമുക്കദ്ദേഹത്തെ മനസ്സിലാവും—അദ്ദേഹം യഹൂദനാണ്; അതു ഹീബ്രുവാണ്; പക്ഷേ, വർഷവൃത്താന്തം എഴുതിയ ആൾ ലത്തീൻ ജാതിക്കാരനാണ്—അല്ലെങ്കിൽ ഞങ്ങൾ പറയട്ടെ, അദ്ദേഹം റോംകാരനാണ്.

നീറോചക്രവർത്തിമാർ ഒരിരുണ്ടമട്ടിൽ രാജ്യഭരണം ചെയ്തിരുന്നതുകൊണ്ടു് അവരെ അനുസരിച്ചുതന്നെ എഴുതിക്കാണിക്കേണ്ടതാണ്. കപ്പലണ്ടി ചുരണ്ടുന്ന പണിയായുധത്തിന്റെ പ്രവൃത്തി തനിച്ചായാൽ അതു വല്ലാതെ വിളർത്തുംകൊണ്ടിരിക്കും. ആ ചാലിലേക്കു പറ്റിക്കടിക്കുന്ന ഒരു കട്ടിക്കീൽഗ്ഗദ്യം ഒഴുക്കിക്കൊടുക്കണം.

തത്ത്വജ്ഞാനികളുടെ നിലയിൽ നോക്കുമ്പോൾ ഉച്ഛൃംഖല ഭരണാധികാരികൾക്ക് അല്പം വിലയുണ്ട്. ചങ്ങലയ്ക്കിട്ട ഒരു വാക്ക് ഒരു ഭയങ്കരവാക്കാണ്. രാജാവ് ഒരു രാജ്യത്തെ മുഴുവനും മിണ്ടാതാക്കിയാൽ എഴുത്തുകാരൻ തന്റെ വാചകരീതിയെ രണ്ടിരട്ടിയും മൂന്നിരട്ടിയും കനംവെപ്പിക്കുന്നു. ആ മൗനത്തിൽനിന്ന് ഒരു തരം അത്ഭുതകരമായ പരിപൂർണ്ണത പുറപ്പെട്ട് ആലോചനയിലേക്ക് ഊറിയിറങ്ങി അവിടെവെച്ചു കട്ടിയായി ഓടാവുന്നു. ചരിത്രത്തെ അമർത്തിയിടൽ ചരിത്രകാരനിൽ അർത്ഥപുഷ്ടി വർദ്ധിപ്പിക്കുന്നു. ഏതെങ്കിലും ഒരു പ്രസിദ്ധഗദ്യത്തിലെ കരിങ്കല്ക്കട്ടിത്തം രാജ്യദ്രോഹിയാൽ ഉണ്ടാക്കപ്പെട്ട വാസ്തവസ്ഥിതിപ്പെരുപ്പമല്ലാതെ മറ്റൊന്നുമല്ല.

ശക്തിയുടെ വലുപ്പംവെപ്പിക്കലുകളാകുന്ന ഗുഡുസ്സുകളിലേക്കു രാജ്യദ്രോഹംചരിത്രകാരനെ ഞെരുക്കിക്കടത്തുന്നു. വേറിന്നു [8] മതിയാകാതെ പോയ സിസറോവിന്റെ കാലം കാലിഗുലയിൽ മൂർച്ച കളയുകയേ ഉള്ളു. വാക്യങ്ങളിൽ കെട്ടിക്കൊടുക്കുന്ന പായയുടെ വിസ്താരം കുറയുന്തോറും കാറ്റടിയുടെ കനം വർദ്ധിക്കുന്നു. താസിതുസ് തന്റെ ശക്തിയൊക്കെയെടുത്ത് ആലോചിക്കുന്നു.

സത്യത്തിലും നീതിയിലും ഉറച്ചിട്ടുള്ള ഒരു വിശിഷ്ടഹൃദയത്തിന്റെ മര്യാദ മിന്നല്പിണർപോലെ വന്നുതട്ടുന്നു.

കൂട്ടത്തിൽപ്പറഞ്ഞുവെയ്ക്കട്ടെ, താസിതുസ് ചരിത്രപ്രകാരം സീസരുടെ മീതെ ഒട്ടിക്കൊണ്ടല്ല. തിബെരിയുസ് ചക്രവർത്തിമാരെയാണ് അദ്ദേഹത്തിനു വെച്ചിരുന്നത്. സീസറും താസിതുസ്സും വഴിക്കുവഴിയെയുള്ള രണ്ടസാധാരണക്കാഴ്ചകളാണ്; പുരുഷാന്തരങ്ങളെ രംഗത്തു പ്രവേശിപ്പിക്കുമ്പോൾ പ്രവേശനിഷ്ക്രമണങ്ങളെ ക്രമപ്പെടുത്താറുള്ള ഈശ്വരൻ ആ രണ്ടുപേർ തമ്മിൽ കണ്ടുമുട്ടൽ ഉപായത്തിൽകൂടാതെ കഴിച്ചു. സീസർ മഹാനാണ്, താസിതുസ് മഹാനാണ്; ഈ രണ്ടു മഹത്ത്വങ്ങളെയും ഈശ്വരൻ കൂട്ടിമുട്ടിക്കാതെ കഴിച്ചു. നീതിന്യായത്തിന്റെ രക്ഷകൻ സീസറെ അടിക്കുകയാണെങ്കിൽ അത് കുറെയധികം കഠിനവും അന്യായയവുമായേക്കും. ഈശ്വരന്ന് അതിഷ്ടമല്ല. ആഫ്രിക്കയിലെയും സ്പെയിനിലെയും മഹായുദ്ധങ്ങൾ, സിസിലിയിലെ കടല്ക്കള്ളന്മാരെ നശിപ്പിക്കൽ, ഫ്രാൻസിലേക്കും ബ്രിട്ടനിലേക്കും ജർമ്മനിയിലേക്കും പരിഷ്കാരം കടത്തൽ—ഈ മാഹാത്മ്യമെല്ലാം കാര്യം നേടി. മഹാനായ രാജ്യാപഹാരിയുടെ നേർക്ക് ഭയങ്കരനായ ചരിത്രകാരനെ വിട്ടുകൊടുക്കാൻ ശങ്കിക്കുകയും, സീസറെ താസിതുസ്സിൽനിന്നു രക്ഷപ്പെടുത്തുകയും, അതിബുദ്ധിക്കു മുൻപിൽ ഉഗ്രത കുറയ്ക്കുന്ന സംഭവങ്ങളെ കൊണ്ടുനിർത്തുകയും ചെയ്തതിൽ, ഇവിടെ ഈശ്വരാജ്ഞയുടെ ഒരു സൗമ്യശീലം വെളിപ്പെടുന്നുണ്ട്.

നിശ്ചയമായും അതിബുദ്ധിമാനായ സ്വേച്ഛാധികാരിയുടെ കൈയിലായാലും, സ്വേച്ഛാധികാരം സ്വേച്ഛാധികാരംതന്നെയാണ്. ഉത്കൃഷ്ടന്മാരായ രാജ്യദ്രോഹികളുടെ രാജ്യത്തും അഴിമതിയുണ്ട്. എന്നാൽ നികൃഷ്ടന്മാരായ രാജ്യദ്രോഹികളുടെ കീഴിലാവുമ്പോൾ, അധർമ്മമാകുന്ന മഹാരോഗം കുറേക്കൂടി ഭയങ്കരമായിരിക്കും അക്കാലത്ത് യാതൊന്നും ദുർവൃത്തിയെ മൂടാനില്ല; ആദർശങ്ങളെ കാണിച്ചുകൊടുക്കുന്ന താസിതുസ്സും ജുവെനെലും, മനുഷ്യസമുദായത്തിന് മുഴുവനും മുൻപിൽവെച്ച്, മറുപടി പറയാൻ കഴിവില്ലാത്ത ഈ ചീത്തത്തത്തിന്റെ ചെകിട്ടത്തടിക്കുന്നു.

വിതെല്ലിയുസ്സി [9] ന്റെതിനെക്കാളധികം സില്ലയുടെ കാലത്താണ് റോം കെട്ടത്. ക്ലോദിയുസ്സിന്റെയും ദൊമീഷിയന്റേയും കാലത്ത് രാജ്യദ്രോഹിയുടെ ബീഭത്സതയ്ക്ക് അനുരൂപമായ ഒരു നികൃഷ്ടത കാണുന്നുണ്ട്. സ്വച്ഛാധികാരിയുടെ ശരിക്കുള്ള സന്താനമാണ് അടിമകളുടെ അക്രമപ്രവൃത്തി ഈ പേടിച്ചിറുകുന്ന മനസ്സാക്ഷികളിൽനിന്ന് ഒരു വിഷവായു പുറപ്പെടുന്നു—അതിൽ ഏജമാനനെ പ്രതിഫലിച്ചു കാണാം, ഭരണാധികാരികൾ കെട്ടുപോകുന്നു; ഹൃദയങ്ങൾ ചെറുതാവുന്നു; അന്തമകരണങ്ങൾ മന്ദിക്കുന്നു, ആത്മാവുകൾ അണുക്കൃമികളെപ്പോലാവുന്നു—ഇങ്ങനെയാണ് കരകല്ലയുടെ [10] കാലം; ഇങ്ങനെയാണ് കൊമ്മൊദുസ്സിന്റെ [11] കാലം; ഇങ്ങനെയാണ് ഹിലിയോഗബലുസ്സിന്റെ [12] കാലം, എന്നാൽ സീസരുടെ കാലത്തുള്ള റോമൻ മന്ത്രിയോഗത്തിൽനിന്നോ, കഴുകുകളുടെ കൂടുകൾക്ക് സവിശേഷമായുള്ള ചാണകനാറ്റമല്ലാതെ മറ്റൊന്നും പുറപ്പെടുന്നില്ല.

അപ്പോഴാണ് താസിതുസ്മാരുടേയും ജൂവെനെൽമാരുടേയും, കുറച്ചു പതുക്കെത്തന്നെയാണെങ്കിലും, ആഗമനമുണ്ടാകുന്നത്, തെളിവെടുക്കേണ്ട സമയത്താണ്, തെളിയിക്കുന്ന ആൾ ആവിർഭവിക്കുക.

പക്ഷേ, ബൈബിൾകാലത്തെ ഇസൈയപോലെ [13] ഇടക്കാലത്തെ ദാന്തേപോലെ ജൂവെനെലും താസിതുസ്സും മനുഷ്യരാണ്, ലഹളയും രാജ്യകലഹവും ആൾക്കൂട്ടമാണ്—അതു നന്നായിയെന്നും ചീത്തയായിയെന്നും വരാം.

മിക്ക ഘട്ടങ്ങളിലും, ലഹള ഒരു ഭാതികസംഗതിയിൽനിന്നാണ് ഉണ്ടാവുക! രാജ്യകലഹം ഒരു മാനസികസംഗതിയിൽനിന്നും. ലഹള മസനിയെല്ലോ [14] വാണ്; രാജ്യകലഹം സ്പാർട്ടക്കുസ്സും. രാജ്യകലഹം മനസ്സിന്മേൽ മുട്ടിനില്ക്കുന്നു; ലഹള വയറിന്മേലും, വയറിന്നു ശുണ്ഠിപിടിക്കുന്നു; പക്ഷേ, നിശ്ചയമായും വയറിന്ന് എപ്പോഴും തെറ്റിക്കൊള്ളണമെന്നില്ല. ക്ഷാമത്തെസ്സംബന്ധിച്ചാവുമ്പോൾ ലഹള—ഉദാഹരണത്തിന് ബുസാങ്കൈ,— വാസ്തവവും ന്യായ്യവും ഹൃദയഭേദകവുമായ ഒരു വ്യത്യസ്തതയെ കാണിക്കുന്നു. എങ്കിലും അതൊരു ലഹളതന്നെ എന്തുകൊണ്ട്? ആന്തരമായി നോക്കുമ്പോൾ ന്യായ്യമാണെങ്കിലും പുറംകാഴ്ചയിൽ അതന്യായ്യമാണ്. ന്യായ്യമാണെങ്കിലും നാണംകുണുങ്ങിയായ, ശക്തിമത്തെങ്കിലും ന്യായരഹിതമായ, അത് വന്നപാട് യുദ്ധം വെട്ടി; അത് ഒരു കണ്ണുപൊട്ടനാനയെപ്പോലെ നടക്കുന്നു; അത് പിൻവശത്ത് വൃദ്ധന്മാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ശവങ്ങളെ ഇട്ടുംവെച്ചു പോയി; എന്തിനെന്നറിയാതെ അതു നിരപരാധരും നിഷ്കളങ്കരുമായ ജനങ്ങളുടെ രക്തത്തിന്ന് ആർത്തിപ്പെട്ടു. ജനങ്ങൾക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നത് നന്ന്; അതിന്നായി അവരെ കൊത്തിനുറുക്കുന്നതു നന്നല്ല.

ആയുധമെടുത്ത ആക്ഷേപങ്ങളെല്ലാം—ഏറ്റവുമധികം ന്യായ്യമായതുപോലും, ആഗസ്ത് 10-ന് പോലും, ജൂലായി 14-ാംനു പോലും—ഒരേ ആവലാതികളിൽ നിന്നാണ് തുടങ്ങുന്നത്. അവകാശം സ്വാതന്ത്ര്യമടയുന്നതിനുമുൻപായി കലക്കവും പതഞ്ഞുപൊങ്ങലുമുണ്ടാവും. ആരംഭത്തിൽ രാജ്യകലഹം ഒരു ലഹളയാണ്; ഒരു പുഴ ആരംഭത്തിൽ ഒരു വെള്ളച്ചാട്ടമാണെന്നതുപോലെത്തന്നെ, രാജ്യകലഹം ആരംഭത്തിൽ ഒരു ലഹളയാണ്. സാധാരണമായി അത് ആ സമുദ്രത്തിൽ—ഭരണപരിവർത്തനത്തിൽ—ചെന്നെത്തുന്നു. എന്തായാലും, ധാർമ്മികമായ ആകാശാന്തത്തെ ഭരിക്കുന്ന ആ ഉന്നതശിഖരങ്ങളിൽനിന്ന്—ആദർശത്തിന്റെ നിർമ്മല മഞ്ഞുകൊണ്ടുണ്ടായിട്ടുള്ള നീതിന്യായം ജ്ഞാനം, വിവേകം, അവകാശം എന്നിവയിൽനിന്നു—പുറപ്പെട്ടു, പാറയിൽനിന്നു പാറയിലേക്കായി വളരെ ദൂരം തള്ളിപ്പോന്നതിനു ശേഷം, ആകാശമണ്ഡലത്തെ അതിന്റെ സ്വച്ഛതയോടുകൂടി തന്നിൽ പ്രതിഫലിപ്പിക്കുകയും ആ രാജകീയമായ ദിഗ്ജയയാത്രയിൽ ഒരു നൂറു പോഷകനദികളെക്കൊണ്ടു വലുപ്പംവെക്കുകയും ചെയ്തതിനുശേഷം, രാജ്യകലഹം പെട്ടെന്ന് ഏതോ ചളിക്കണ്ടത്തിൽ, റയിൻനദി ഒരു ചേറ്റുനിലത്തെന്നപോലെ, ചെന്നു മുങ്ങിക്കളയുന്നു.

ഇതൊക്കെ കഴിഞ്ഞ കഥയാണ്, ഭാവി ഒന്നു വേറെ. സർവ്വരുടേയും സമ്മതത്തോടുകുടിയുള്ള രാജ്യഭരണത്തിന് ഇങ്ങനെയൊരു സവിശേഷതയുണ്ട്: അതു ലഹളയെ മുളയിൽവെച്ചു നുള്ളിക്കളയുന്നു; അതു രാജ്യകലഹത്തിന് അനുമതികൊടുത്ത് അതിന്റെ ആയുധങ്ങളെ താഴെ വെപ്പിക്കുന്നു. യുദ്ധങ്ങളുടെ— തെരുവിൽവെച്ചുള്ളവയുടെ എന്നപോലെ രാജ്യാതിർത്തികളിൽവെച്ചുള്ളവയുടേയും—അഭാവം—ഇതാണ് ഇനി വരാൻ പോകുന്നത്. ഇന്ന് എന്തുതന്നെയായാലും ശരി,നാളെ സമാധാനമായിരിക്കും.

എന്തായാലും, രാജ്യകലഹവും ലഹളയും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസവും—വാസ്തവം പറഞ്ഞാൽ, ഈവകയൊന്നും നാടുവാഴികൾക്കറിഞ്ഞുകൂടാ. ഒരു നാടുവാഴിയുടെ മനസ്സിൽ എല്ലാം രാജ്യദ്രോഹമാണ്, ശരിക്കുള്ള വെറും ലഹള; എജമാനന്റെ നേർക്കുള്ള നായയുടെ മുരണ്ടുചാട്ടം—അതേ, ഒടുവിൽ ആ നായയുടെ തല പെട്ടെന്നു വലുതായി അന്ധകാരത്തിൽ സിംഹാസനത്തിനു നേരിട്ട് ഒട്ടൊട്ടു കാണാറാകുന്നതുവരെ, ചങ്ങലകൊണ്ടും നായക്കൂടുകൊണ്ടും പാകം വരുത്തേണ്ടിയിരിക്കുന്ന നായയുടെ കുരച്ചുകൊണ്ടും കപ്പിക്കൊണ്ടുമുള്ള കടിക്കാൻ നില്പ്.

അതു വന്നാൽ നാടുവാഴികൾ ആർത്തുവിളിക്കും: ‘പൊതുജനങ്ങൾക്കു ദീർഘായുസ്സ്!’

ഇതിവിടെ പറഞ്ഞുവെച്ചതിനുശേഷം, ചരിത്രത്തെസ്സംബന്ധിച്ചേടത്തോളം, 1832 ജൂണിലെ സംഭവം എന്തിനെ സൂചിപ്പിക്കുന്നു എന്നു നോക്കാം. അതൊരുലഹളയാണോ? അതോ, ഒരു രാജ്യകലഹമാണോ?

ഈ ഭയങ്കരസംഭവത്തെ രംഗത്തിൽ കൊണ്ടുവരുമ്പോൾ, പുറം ഭാഗത്തെസ്സംബന്ധിച്ച സംഗതികളെ വേർതിരിച്ചുകാണികകാൻ വേണ്ടി മാത്രം ഇടയ്ക്കൊക്കെ ഞങ്ങൾക്കു് പറയേണ്ടിവന്നേക്കാം; എന്നാൽ ലഹളയാകുന്ന പുറംരൂപവും അസ്തിവാരമായ രാജ കലഹവും തമ്മിലുള്ള ഭേദത്തെ കൂടിമറിയാത്ത വിധം ഞങ്ങൾ എപ്പോഴും സൂക്ഷിച്ചു വെച്ചുകൊള്ളുന്നു. അപ്രതീക്ഷിതമായ ആവിർഭാവത്തിലും വ്യസനകരമായ തിരോഭാവത്തിലും ഈ 1832-ലെ സംഭവത്തിന്, അതിന്നുള്ളിൽ ഒരു ലഹളയെമാത്രം കണ്ടെത്തുന്നവർപോലും ബഹുമാനത്തോടുകൂടിയല്ലാതെ അതിനെപ്പറ്റി സൂചിപ്പിക്കാതിരിക്കത്തക്കവിധം, ഒരു മാഹാത്മ്യമുണ്ട്. അവർക്കാകട്ടെ, അത് 1830-ന്റെ ഒരവശേഷംപോലെയാണ്. ക്ഷോഭിച്ചുപോയ ആലോചനകളെ, അവർ പറയുകയാണ്, ഒരു ദിവസംകൊണ്ടു സമാധാനപ്പെടുത്താൻ വയ്യാ. ഒരു ഭരണപരിവർത്തനത്തെ ചുരുക്കിപ്പറയാൻ വയ്യാ. മൈതാനമായി കുനിഞ്ഞൊഴുകുന്ന ഒരു പർവ്വതംപോലെ, ശാന്തതയിലേക്കു തിരിച്ചെത്തുന്നതിനുമുൻപായി അതിനു ചില വളയലും തിരിയലുമൊക്കെ കഴിക്കണം. ജൂറയോടു [15] കൂടാതെ ആൽപ്സില്ല, അസ്തുറിയയോടുകൂടാതെ പിറിനീസ്സു [16] മില്ല.

പാരിസ്സുകാരുടെ ഓർമ്മയിൽ ‘ലഹളകളുടെ കാലം’ എന്നു നാമകരണം ചെയ്യപ്പെട്ട ഈ ഇദാനീന്തനചരിത്രത്തിലെ വ്യസനകരഘട്ടം ഈ നൂറ്റാണ്ടിലെ ക്ഷുഭിത ഘട്ടങ്ങൾക്കിടയിൽ നിശ്ചയമായും എണ്ണംപറഞ്ഞ ഒന്നാണ് കഥ ചൊല്ലിത്തുടങ്ങുന്നതിനുമുൻപായി, ഒടുവിലത്തെ ഒരു വാക്ക്.

ഞങ്ങൾ ഇനി പറയാൻപോകുന്ന സംഗതികൾ, സമയവും സ്ഥലവുമില്ലാഞ്ഞുചരിത്രകാരൻ ചിലപ്പോൾ ഉപേക്ഷിച്ചുകളയാറുള്ള ആ ഉള്ളിൽത്തട്ടുന്നതും ജീവനുള്ളതുമായ വാസ്തവത്വത്തിലെ ഭാഗമാണ്. എന്തായാലും ഞങ്ങൾ ഊന്നിപ്പറയുന്നു. അതിൽ ജീവനുണ്ട്, നെഞ്ഞുമിടിപ്പുണ്ട്, മാനുഷികമായ ശ്വാസോച്ഛ ്വാസമുണ്ട്. ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു, നിസ്സാരസംഗതികൾ മഹത്തരങ്ങളായ സംഭവങ്ങളുടെ ഇലപ്പടർപ്പാണ്; ചരിത്രത്തിന്റെ ദൂരസ്ഥിതിയിൽ അതു കാണാതെപോകുന്നു. ‘ലഹളകളുടെ’ എന്നു വംശപ്പേർ വീണ ഈകാലം നിറയെ ഇത്തരം ചില്ലറസംഭവങ്ങളാണ്. നീതിന്യായസംബന്ധികളായ അന്വേഷണങ്ങൾ ആ അഗാധതകളെ വെളിപ്പെടുത്തുകയോ, ഒരു സമയം തൊട്ടു നോക്കുകതന്നെയോ ചെയ്തിട്ടില്ല—ചരിത്രത്തിനുള്ള കാരണംകൊണ്ടല്ല, മറ്റൊന്നുകൊണ്ട്. അതുകൊണ്ട് അറിയപ്പെട്ടവയും പ്രസിദ്ധീകരിക്കപ്പെട്ടവയുമായ സംഭവവിശേഷങ്ങളുടെ കൂട്ടത്തിൽ, ചില ഭാഗങ്ങൾ മറന്നുപോകയും മറ്റു ചിലതു നശിച്ചുപോകയും ചെയ്തുകഴിഞ്ഞ വാസ്തവസ്ഥിതികളെസ്സംബന്ധിച്ച് ഇതുവരെ അറിയപ്പെട്ടിട്ടില്ലാത്ത പലതിനേയും ഞങ്ങൾ ഇവിടെ വെളിച്ചത്തു കൊണ്ടുവരാൻ പോകുന്നു. ഈ മഹത്തരങ്ങളായ നാടകങ്ങളിലെ അധികം നടന്മാരും ഇന്നില്ല; പിറ്റേ ദിവസത്തേക്കുതന്നെ അവർ മിണ്ടാതായിരിക്കുന്നു; അപ്പോൾ പിന്നെ എന്തിനെപ്പറ്റിയാണ് ഞങ്ങൾ പറയുന്നതെന്നുവച്ചാൽ, ഈയൊരു സമാധാനം ഞങ്ങൾക്കുണ്ട്; ഞങ്ങൾ ഇതു കണ്ടിരിക്കുന്നു! ചില പേരുകൾ ഞങ്ങൾ മാറ്റുന്നു—ചരിത്രം കഥ പറയുന്നുണ്ടെന്നല്ലാതെ, എതിർസാക്ഷി പറയുന്നില്ല; എങ്കിലും ഞങ്ങൾ എഴുതിക്കാണിക്കുന്ന സംഭവം വളരെ വാസ്തവമാണ്. ഞങ്ങൾ ഇപ്പോൾ എഴുതിപ്പോരുന്ന ഗ്രന്ഥത്തിന്റെ സ്ഥിതിയനുസരിച്ച് ഒരു ഭാഗത്തെ, ഒരു ചരിത്ര സംഭവത്തെ, ഏറ്റവുമധികം അജ്ഞാതമായതിനെ, 1832 ജൂൺ 5-ം 6-ംനു കളിലെ ആ രണ്ടു ദിവസത്തെ, കഥമാത്രം എടുത്തുംകാണിക്കാം; എന്നാൽ ഞങ്ങൾ മാറ്റിയിടാൻ പോകുന്ന ആ ഇരുണ്ട മൂടുപടത്തിനുള്ളിൽ ഈ ഭയങ്കരമായ പൊതുജനപരാക്രമത്തിന്റെ വാസ്തവസ്വരൂപം മുഴുവനും വായനക്കാർക്ക് ഒരു നോക്കുകാണാറാവുന്നവിധത്തിൽ ഞങ്ങൾ അതു ചെയ്യും.

കുറിപ്പുകൾ

[1] ഭരണപരിവർത്തനാബ്ദത്തിലെ ആദ്യത്തെ മാസം.

[2] 16-ാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് തത്ത്വജ്ഞാനിയും പണ്ഡിതനും.

[3] ആതെൻസിലെ സ്വരാജ്യസ്നേഹിയായ ഒരു പ്രസിദ്ധ സേനാപതി.

[4] ഫ്രാൻസിലെ കൊല്ലപ്പെട്ട രാജ്ഞിയുടെ പ്രിയസുഹൃത്ത്, ല ഫോർസ് കാരാഗൃഹത്തിൽവെച്ച് ഒരു;ഭരണപരിവർത്തകസംഘം ഇവളുടെ തല വെട്ടി.

[5] ഒരു ഫ്രഞ്ച് സേനാപതി അവിഞോങ്ങിൽവെച്ചു പുരുഷാരത്താൽ കൊല്ലപ്പെട്ടു.

[6] ഒരു സുവിശേഷം എഴുതിയിട്ടുള്ള ആൾ.

[7] സിംഹത്തിന്റെ തലയും സ്ത്രീയുടെ ഉടലുമുളള ഒരു രാക്ഷസി ഒരു പാറമേലിമുന്ന് അതിലേ പോകുന്നവരോട് ഒരു ചോദ്യത്തിനുത്തരം പറയാനാവശ്യപ്പെട്ടിരുന്നു എന്നും പറയാത്തവരെ കൊലപ്പെടുത്തിയിരുന്നു എന്നും ഒരു പുരാണകഥയുണ്ട്.

[8] ഒരു റോം ചക്രവർത്തി ഒരു കൊല്ലം രാജ്യഭാരം ചെയ്തപ്പോഴെയ്ക്ക് ആളുകൾ കൊന്നുകളഞ്ഞു.

[9] മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ രാജ്യഭാരം ചെയ്തിരുന്ന ഒരു റോം ചക്രവർത്തി.

[10] ഒരു റോം ചക്രവർത്തി.

[11] ഒരു റോം ചക്രവർത്തി സ്വന്തം പട്ടാളക്കാരാൽ കൊല്ലപ്പെട്ടു.

[12] ക്രി.മു.ഏകദേശം 720-ൽ ജീവിച്ചിരിക്കുന്ന ഹീബ്രു തത്ത്വജ്ഞാനി.

[13] നേപ്പിൾസിലെ ഒരു പ്രസിദ്ധ ലഹളക്കാരൻ, ഓബെർ ഇതേ പേരിലെഴുതിയിട്ടുളള ഒരു സംഗീതനാടകത്തിലെ നായകൻ.

[14] റോം സാമ്രമാജ്യത്തോടെതിർത്ത അടിമസ്സംഘത്തിന്റെ നായകൻ.

[15] ഫ്രാൻസിനും സ്വിറ്റ്സർലണ്ടിനും നടുക്കുളള ഒരുയരംകുറഞ്ഞ പർവ്വതപ്പരപ്പു്.

[16] ഫ്രാൻസിനും സ്പെയിനിനും നടുക്കുളള പർവ്വതപ്പരപ്പ്.

4.12.3
ഒരു ശവസംസ്കാരം; വീണ്ടും ജനിക്കുവാനുള്ള ഒരു ഘട്ടം

1832-ലെ മെയ്മാസത്തോടുകൂടി, ഒരു മൂന്നു മാസമായി വിഷൂചിക ആളുകളുടെ ഉത്സാഹത്തെ തീരെ കെടുത്തുകയും അവരുടെ ക്ഷോഭത്തിന്റെ അനിർവചനീയവും വ്യസനമയവുമായ ഒരു ശമനമുണ്ടാക്കുകയും ചെയ്തിരുന്നുവെങ്കിലും, പാരിസ് തീപ്പിടിക്കാൻ തെയ്യാറായിട്ടു കുറച്ചു കാലമായി. ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, ആ മഹാനഗരം ഒരു തോക്കുപോലെയാണ്; അതു നിറച്ചുകഴിഞ്ഞാൽപ്പിന്നെ, ഒരു തീപ്പൊരി വീണുകിട്ടുകയേ വേണ്ടു വെടി പൊട്ടി. 1832 ജൂണിൽ ആ തീപ്പൊരി ജെനറൽ ലമാർക്കിന്റെ മരണമായിത്തീർന്നു.

ലമാർക്ക് പ്രസിദ്ധനും ഉത്സാഹിയുമായിരുന്നു. ചക്രവർത്തി ഭരണകാലത്തെക്കും രാജത്വപുനഃസ്ഥാപനത്തിലേക്കും ആവശ്യമുള്ളതരം ധൈര്യം, യുദ്ധക്കളത്തിലെ ധൈര്യവും കച്ചേരിസ്ഥലത്തിലെ ധൈര്യവും, അയാൾക്കുണ്ടായിരുന്നു. അയാൾ എത്രകണ്ടു പരാക്രമിയോ അത്രതന്നെ വാഗ്മിയുമാണ്; അയാളുടെ പ്രസംഗത്തിന്നുള്ളിൽ ഒരു വാൾ കാണാം. അയാൾ തന്റെ മുൻഗാമിയായ ഫ്വായെപ്പോലെ, ആജ്ഞാശക്തിയെ നിലനിർത്തിയതിനുശേഷം, സ്വാതന്ത്ര്യത്തെ നിലനിർത്തി; അയാൾ ഇടതുഭാഗത്തിന്റേയും അറ്റത്തെ ഇടതുഭാഗത്തിന്റേയും നടുക്ക് ഇരുന്നു—എന്നുവെച്ചാൽ, വരാനിരിക്കുന്ന ഗുണങ്ങളെ സ്വീകരിച്ചിരുന്നതുകൊണ്ട് അയാൾ ജനങ്ങളുടെ കണ്ണിലുണ്ണിയായി; ചക്രവർത്തിയുടെ കീഴിൽ പണിയെടുത്തിരുന്നതുകൊണ്ട് പൊതുജനങ്ങളുടേയും; നെപ്പോളിയൻ ഉള്ളുകൊണ്ടു സേനാപതിയാക്കിക്കഴിഞ്ഞിരുന്നതിനാൽ അയാൾ കൊംതെഴെരാറിന്റെയും ദ്രുവേയുടേയും കൂറ്റുകാരനായിരുന്നു. 1815-ലെ സന്ധി തന്നോടുചെയ്ത ഒരപരാധമാണെന്നനിലയിൽ ഉദ്യോഗത്തിൽനിന്നു പിരിഞ്ഞു. ഒരു സഹിച്ചുകൂടാത്ത ഈർഷ്യയോടുകൂടി അയാൾ വെല്ലിങ്ടനെ വെറുത്തു—ഇതു പൊതുജനങ്ങളെ രസിപ്പിച്ചു; പിന്നെ പതിനേഴു കൊല്ലത്തേക്കു വാട്ടർലുയുദ്ധത്തിന്റെ വ്യസനം അന്തസ്സിൽ സൂക്ഷിച്ചുപോന്നു; ഇടയ്ക്കുണ്ടായ സംഭവങ്ങളെയൊന്നും അയാൾ കണ്ടു എന്നു ഭാവിച്ചില്ല. മരണവേദനയിൽക്കിടക്കുമ്പോൾ, ഊർദ്ധ്വൻ വലിക്കെ, അയാൾ തനിക്കു നൂറു ദിവസ്സത്തെ ഭരണത്തിൽപ്പെട്ട ഉദ്യോഗസ്ഥന്മാർ സമ്മാനിച്ചിരുന്ന വിരുതുവാളിനെ മാറോടണച്ചു. നെപ്പോളിയൻ സൈന്യം എന്നുപറഞ്ഞും കൊണ്ടുമരിച്ചു. ലമാർക്കാകട്ടെ, രാജ്യം എന്നുപറഞ്ഞുകൊണ്ടു മരിച്ചു.

കരുതിയിരുന്നപോലെത്തന്നെ, അയാളുടെ മരണത്തെ ജനങ്ങൾ ഒരു നഷ്ടമായി കരുതി; ഭരണാധികാരികൾ ഒരു തഞ്ചമായും. ഈ മരണം ഒരു കഷ്ടസംഭവമായിരുന്നു. കഠിനമായ സകലവുമെന്നപോലെ, ഈ കഷ്ടസംഭവം ലഹളയായി പരിണമിച്ചേക്കാം. അങ്ങനെയാണുണ്ടായത്.

തലേ ദിവസം വൈകുന്നേരവും, ലമാർക്കിന്റെ ശവസംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്ന പിറ്റേ ദിവസം രാവിലെയും, ഘോഷയാത്രയ്ക്കുള്ള തെരുവുകളിലൊന്നായ ഫോബൂർ സാങ് ആന്ത്വാണ് ഒരു ഭയങ്കരമട്ടവലംബിച്ചു. ആ ലഹളപിടിച്ച തെരുവുവലപ്പണി മുഴുവനും ജനസംസാരംകൊണ്ടു നിറഞ്ഞു. ആളുകൾ കഴിവുള്ളേടത്തോളം ആയുധധാരികളായി ആശാരിമാർ തങ്ങളുടെ പണിപ്പുരയുടെ വാതിൽമേല്പടികളെ ‘വാതിൽ അടിച്ചുപൊളിക്കാൻ’ കൈയിലെടുത്തു. ഒരാൾ ഒരു കീഴ്ക്കാലുറനെയ്ത്തുകാരന്റെ കൊക്കസ്സൂചിയെടുത്തു കൊക്ക വലിച്ചു കളഞ്ഞു കുറ്റിമുന കൂർപ്പിച്ച് ഒരു കട്ടാരമുണ്ടാക്കി. ‘ആക്രമിക്കു’വാൻ ആർത്തിപ്പെടുന്ന മറ്റൊരാൾ മൂന്നുദിവസമായി ഉടുപ്പിട്ടു കിടന്നുറങ്ങുന്നു. ലൊംബിയെ എന്നു പേരായ ഒരാശാരി ഒരു ചങ്ങാതിയെ കണ്ടുമുട്ടി, ആ ചങ്ങാതി ചോദിച്ചു ‘എവിടെയ്ക്ക്?’ ഏ, അപ്പോൾ എനിക്കായുധമില്ല.’ ‘എന്നിട്ട്?’ ‘ഞാൻ എന്റെ പണിമുറ്റത്തെയ്ക്കു വടക്കുനോക്കി എടുക്കാൻ പോകയാണ്.’ ‘എന്തിന്?’ ലൊംബിയെ ചോദിച്ചു ‘എനിക്കറിഞ്ഞുകൂടാ’ ചുറുചുറുക്കുള്ള ഏതോ ഒരു ഭരണപരിവർത്തകൻ വഴിയിലൂടെ പോകുന്ന ചില പണിക്കാരോടു പറഞ്ഞു ‘നിങ്ങൾ ഇവിടെ വന്നാട്ടെ!’ അയാൾ അവർക്കു പത്തു സൂവിന്റെ വീഞ്ഞു വാങ്ങിക്കൊടുത്തിട്ടു ചോദിച്ചു: ‘നിങ്ങൾക്കു പ്രവൃത്തിയുണ്ടോ?’ ‘ഇല്ല’ ‘നിങ്ങൾ ബരിയേർഷരമോന്നിനും ബരിയേർമോങ്ത്രുലിനും നടുക്കുള്ള ഫിൽപിയേറിലെയ്ക്കു ചെല്ലിൻ; അവിടെ പണിയുണ്ട്.’ ഫിൽപിയേറിൽ ചെന്നപ്പോൾ അവിടെ തോക്കുകളും വെടിമരുന്നുമാണ് കണ്ടത്. ചില പ്രസിദ്ധനേതാക്കന്മാർ വീടുവീടായി നടന്ന് ആളെശ്ശേഖരിച്ചിരുന്നു ബരിയേർ ദ്യു ത്രോങ്ങിനടുത്തു ബർത്തെലിമിയുടെ കടയിലും, പെത്തിഷപ്പോവിനോടടുത്തുള്ള കപ്പലിന്റെ കടയിലുംവെച്ചു കുടിക്കുന്നവർ ഒരു സഗൗരവമട്ടിൽ അന്യോന്യം സംഭാഷണം തുടങ്ങി. അവർ പറയുന്നതു കേട്ടു. ‘നിങ്ങൾ നിങ്ങളുടെ കൈത്തോക്കെടുത്തിട്ടുണ്ടോ?’ ‘എന്റെ മാർക്കുപ്പായത്തിന്നടിയിൽ’ ‘നിങ്ങളോ?’ ‘എന്റെ ഉൾക്കുപ്പായത്തിനുള്ളിൽ.’ റ്യൂ ത്രുവേർസിയേറിൽ ബ്ലാങ്ങിന്റെ പണിപ്പുരയ്ക്കു മുൻപിലും, മെസൊണങ്ബ്രുലെയുടെ പണിമുറ്റത്ത് ആയുധപ്പണിക്കാരൻ ബർനിയേറുടെ മുറിക്കുമുൻപിലും വെച്ച് ആൾക്കൂട്ടങ്ങൾ അന്യോന്യം മന്ത്രിച്ചു. അക്കൂട്ടത്തിൽ, ‘ദിവസംപ്രതി തർക്കിക്കേണ്ടിവന്നതുകൊണ്ട്’ എജമാനന്മാർ എപ്പോഴും പണിയിൽനിന്നു പിരിച്ചയച്ചിരുന്നതിനാൽ ഒരാഴ്ചയോളംകാലം ഒരിടത്തും നില്ക്കയുണ്ടായിട്ടില്ലാത്ത മവോ എന്നു പേരായ ഒരാളുണ്ടായിരുന്നു അയാൾ പിറ്റേ ദിവസം റ്യു മെനിൽമോങ് താങ്ങിലെ നടക്കാവിൽവെച്ചു കൊല്ലപ്പെട്ടു. ആ ലഹളയിൽത്തന്നെ കിടന്നുചാവാനുള്ള പ്രെത്തൊവാകട്ടെ മവോവിനെ സഹായിച്ചു; ‘നിങ്ങളുടെ ഉദ്ദേശ്യമെന്തായിരുന്നു?’എന്ന ചോദ്യത്തിനു മറുപടി പറഞ്ഞും: ‘രാജ്യകലഹം.’ ഫോബൂർ സാങ്മാർസോവിലേക്കുള്ള ഭരണപരിവർത്തന പ്രതിനിധിയായ ലെമരാങ്ങിനെ അവർ കാത്തു. വ്യു ദ് ബേർസിലെ മൂലയ്ക്കൽ പണിക്കാർ യോഗം കൂടി. കുറിവാക്കുകളെ അവർ പരസ്യമായിത്തന്നെ കൈമാറി.

അതുപ്രകാരം, വെയിലും മഴയുമുള്ള ഒരു ദിവസമായ ജൂൺ 5-ാംനു മുൻകരുതൽമൂലം വലുപ്പം കൂടിയിരുന്ന ഭടസംഘത്താൽ പരിവൃതമായ ലമാർക്കിന്റെ ശവ സംസ്കാരഘോഷം പാരിസ് കടന്നു. മൂടുപടമിട്ട ചെണ്ടകളോടും താഴ്ത്തിപ്പിടിച്ച തോക്കുകളോടും കൂടിയ രണ്ടു പട്ടാളവകുപ്പുകൾ, അരയിൽ വാളുകളോടുകൂടിയ രണ്ടായിരം രാഷ്ട്രീയ രക്ഷിഭടന്മാർ ശവമഞ്ചത്തിന് അകമ്പടികൂടി. ശവവണ്ടി വലിച്ചിരുന്നതു ചെറുപ്പക്കാരാണ്. ബഹുമാനചിഹ്നമായ തൂപ്പുചെണ്ടും വഹിച്ച അനാഥമന്ദിരത്തിലെ ഉദ്യോഗസ്ഥന്മാർ അതിനെ തൊട്ടടുത്തു നടന്നിരുന്നു. ഉടനെക്ഷുഭിതവും അപ്രതീക്ഷിതവും സംഖ്യാതീതവുമായ ഒരു ജനക്കൂട്ടം—പൊതുജന സുഹൃത്സംഘത്തിലെ അംഗങ്ങൾ, നിയമവിദ്യാർത്ഥികൾ, വൈദ്യവിദ്യാർത്ഥികൾ, എല്ലാ രാജ്യത്തുനിന്നുമുള്ള അഭയാർത്ഥികൾ, സ്പെയിനിലേയും ഇറ്റലിയിലേയും ജർമ്മനിയിലേയും പോളണ്ടിലേയും കൊടിക്കൂറകൾ, മൂന്നു നിറമുള്ള നേർക്കൊടികൂറകൾ, എല്ലാത്തരവും കൊടിയടയാളങ്ങൾ, പച്ചത്തുപ്പുകളും ഇളക്കിക്കൊണ്ടുള്ള കുട്ടികൾ, അന്നു പണിക്കു പോവാതെ ശഠിച്ചു നിന്നിരുന്ന ആശാരിമാരും കല്ലുവെട്ടികളും കടലാസ്സുതൊപ്പികൊണ്ടു വേർതിരിച്ചറിയാവുന്ന അച്ചടിവേലക്കാർ ഇങ്ങനെ—ഈരണ്ടു പേരായും മുമ്മൂന്നു പേരായും വരി ചേർന്നു, കൂക്കിവിളിച്ചുകൊണ്ടു, മിക്കപേരും വടി വീശിയും, ചിലർ വാൾ വീശിയും, ഒരു ക്രമവുമില്ലാതെയും എന്നാൽ ഒരാത്മാവോടുകൂടിയും, ചിലപ്പോൾ ഒരു ലഹളപിടിച്ച കൂട്ടപ്പാച്ചിലായും വീണ്ടും വരിചേർന്നും വന്നടിഞ്ഞു. സൈന്യാംഗങ്ങൾ സ്വയം നേതാക്കന്മാരായി; ഒരു കൂട്ടുകൈത്തോക്ക് ആളുകൾ കാണെ പിടിച്ചിട്ടുള്ള ഒരാൾ ആ ആൾക്കൂട്ടത്തെ പരീക്ഷണം ചെയ്യുന്നതായി തോന്നി; അയാളുടെ മുൻപിൽ ആൾക്കൂട്ടങ്ങൾ വഴിമാറിയിരുന്നു. നടക്കാവുകളിലെ നടവഴികളിലും, മരങ്ങളുടെ കൊമ്പുകളിലും, ജനാലപ്പുറംതട്ടുകളിലും, കിളിവാതില്ക്കലും, മേല്പുരകൾക്കു മുകളിലുമായി പുരുഷന്മാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും തല നിറഞ്ഞു; എല്ലാ കണ്ണുകളിലും ഉൽക്കണ്ഠ തിങ്ങി. ആയുധധാരികളായ ഒരാൾക്കൂട്ടം കടന്നുപോയി; ഭയപ്പെട്ടുപോയ ഒരാൾക്കൂട്ടം അതു നോക്കിനിന്നു.

ഭരണാധികാരികളാണെങ്കിൽ, അവർ എല്ലാം കണ്ടുവെയ്ക്കുകയാണ്. വാളിന്മേൽ കൈവെച്ചുകൊണ്ട് അവർ ശ്രദ്ധിച്ചുനോക്കി. കുതിരപ്പുറത്തു കയറി, തലയിൽ കാഹളങ്ങളോടുകൂടി, തിരപ്പെട്ടികൾ നിറയെ തിരയായി, തോക്കുകളും നിറച്ചുനാലു കുതിരപ്പട്ടാളവകുപ്പുകൾ, പതിനഞ്ചാം ലൂയി എന്ന സ്ഥലത്തു, മുൻപോട്ടു പാഞ്ഞെത്തുവാൻ തെയ്യാറായി നില്ക്കുന്നു; ലത്തീൻപ്രദേശത്തും ഴാർഴാങ് ദ് പ്ലാന്തിലും നഗരരക്ഷിഭടസംഘം തെരുവുതെരുവായി അണിനിന്നിരുന്നു; അല്ലോവാങ്ങിൽ ഒരു സാദി സൈന്യമുണ്ട് ഗ്രേവിൽ 12-ാം വകുപ്പു കാലാൾപ്പടയുടെ പകുതി- ബാക്കിഭാഗം—ബസ്തീലിലായിരുന്നു; സെലെസ്താങ്ങിൽ ആറാം വകുപ്പു സാദി സൈന്യം; ലുവ്യരാജധാനിയുടെ മുറ്റം നിറയെ പീരങ്കിപ്പട്ടാളവും. ബാക്കിയുള്ള സൈന്യങ്ങളെല്ലാം അതാതു താവളങ്ങളിൽത്തന്നെയായിരുന്നു—പാരിസ്സിന്റെ ചുറ്റുപുറങ്ങളിലുള്ള സൈന്യങ്ങളെ കൂട്ടാതെയാണ്— അസ്വസ്ഥരായിരുന്നതുകൊണ്ടു ഭരണാധികാരികൾ ആ ഭയപ്പെടുത്തുന്ന പൊതുജനക്കൂട്ടത്തിന്റെ മേൽ വീഴാൻ പാകത്തിൽ ഇരുപത്തിനാലായിരം പട്ടാളക്കാരെ നഗരത്തിനുള്ളിലും മുപ്പതിനായിരം പേരെ നഗരത്തിനു പുറത്തും തെയ്യാറാക്കിയിട്ടുണ്ട്.

കൊട്ടാരപ്പരിചാരകന്മാരുടെ ഇടയിൽ പലതരം വിരുദ്ധസംസാരങ്ങൾ നടന്നു. രാജഭക്തന്മാരുടെ സൂത്രപ്പണികളെപ്പറ്റിയും സൂചിപ്പിച്ചിരുന്നു. പൊതുജനങ്ങൾ ചക്രവർത്തിപദത്തിലിരുത്താൻ നിശ്ചയിച്ചിരിക്കെ, ഈശ്വരൻ കൊന്നുകളയാൻ കരുതിയിരുന്ന ദ്യുക് ദ് റെയിഷ് താദിനെപ്പറ്റി അവർ സംസാരിച്ചു. ഇന്നും ആരെന്നറിഞ്ഞിട്ടില്ലാത്ത ഒരാൾ, പൊതുജനങ്ങൾ കൈയിലാക്കിയിരുന്ന രണ്ട് ‘ഓവർസിയർ’ മാർ ഒരു നിശ്ചിതസമയത്തു ജനസംഘത്തിന് ആയുധപ്പണിപ്പുരയുടെ വാതിൽ തുറന്നുകൊടുക്കുമെന്ന് അറിയിച്ചു. അവിടെ കൂടിയിരുന്നതിൽ അധികം പേരുടേയും മറവറ്റ നെറ്റിത്തടങ്ങളിൽ ഉദിച്ചുകണ്ടിരുന്നത് ആശാഭംഗത്തോടു കൂടിക്കലർന്ന ഉത്സാഹമാണ്. എന്നാൽ അത്തരം ക്രമരഹിതമെങ്കിലും ഉൽകൃഷ്ടതരമായ മനോവൃത്തിയാൽ പ്രേരിതമായ ആൾക്കൂട്ടത്തിനിടയിൽ ദുഷ്ടന്മാരുടെ മുഖങ്ങളും ‘നമുക്കു കൊള്ളയിടുക’ എന്നു പറഞ്ഞ നികൃഷ്ടവക്ത്രങ്ങളും അവിടവിടെയുണ്ട്. കുഴിനിലങ്ങളുടെ അടിത്തട്ടു കുത്തിയിളക്കുകയും വെള്ളത്തിൻമീതെ ആകെ ചളി പൊന്തിക്കുകയും ചെയ്യുന്ന ചില ലഹളകളുണ്ട്. ‘നല്ല പയറ്റെ’ത്തിയ പൊല്ലീസ്സുകാർക്ക് അപരിചിതമല്ലാത്ത ഒരസാധാരണക്കാഴ്ച.

അസ്വാസ്ഥ്യമയമായ മന്ദഗതിയിൽ ഘോഷയാത്ര പരേതന്റെ വീട്ടിൽനിന്നു നടക്കാവുകളിലൂടെ ബസ്തീൽവമെ എത്തി. ഇടയ്ക്കിടയ്ക്കു മഴ പെയ്തു, ആ ആൾക്കൂട്ടത്തിന്നു മഴ നിസ്സാരമായിരുന്നു. പല സംഭവങ്ങളും— വങ്ദോംസ്തംഭത്തെ ശവമഞ്ചം പ്രദക്ഷിണം വെച്ചത്, തലയിൽ തൊപ്പിയോടുകൂടി ഒരു ജനാലപ്പുറന്തട്ടിൽ കാണപ്പെട്ട ഫിറ്റ്സ് ജെയിംസിന്റെ മേലെയ്ക്കു കല്ലേറുണ്ടായത്, ഒരു പൊതുജനക്കൊടിക്കൂറയിൽനിന്നു പഴയ പൂവൻകോഴിയടയാളം പറിച്ചെടുത്തു ചളിയിലിട്ടു ചവുട്ടിയത്, സാങ് മർതെങ് പ്രദേശത്തുവെച്ച് ഒരു വാൾവെട്ടുകൊണ്ട് ഒരു പൊല്ലീസ്സുകാരന്നു മുറിയേറ്റത്, 12–50 വകുപ്പു കാലാൾപ്പടയിലെ ഒരുദ്യോഗസ്ഥൻ ഞാൻ പൊതുജനഭാഗത്താണ് എന്നു വിളിച്ചുപറഞ്ഞത്, പുറത്തേയ്ക്കിറങ്ങരുതെന്നുള്ള ആജ്ഞയെ അതിലംഘിച്ച് ശില്പവിദ്യാലയത്തിലെ വിദ്യാർത്ഥികൾ അപ്രതീക്ഷിതമായി വന്നുചേർന്നത്, ‘ശില്പവിദ്യാലയത്തിനുദീർഘായുസ്സ്! ജനപ്രതിനിധിഭരണത്തിനു ദീർഘായുസ്സ്’ എന്നുള്ള ആർപ്പുവിളി—ഇതെല്ലാം, ശവസംസ്കാരഘോഷയാത്രയിൽ അവിടവിടെയുണ്ടായ സവിശേഷതകളാണ്. ബസ്തീലിൽവെച്ചു ഫോബൂർസാങ് അന്ത്യാങ്ങിൽനിന്ന് ഇറങ്ങിവന്ന അസാധാരണങ്ങളും ഭയങ്കരങ്ങളുമായ നീണ്ട പുരുഷാരങ്ങൾ ഘോഷയാത്രയ്ക്ക് ഒരേപ്പുണ്ടാക്കി, ഒരുതരം വല്ലാത്ത പതഞ്ഞുമറിയൽ ആ ആൾക്കൂട്ടത്തെ ക്ഷോഭിച്ചു.

ഒരാൾ മറ്റൊരാളോട് പറഞ്ഞുകേട്ടു; ‘ഒരു ചുകന്ന താടിയുള്ള ആ ആളെകണ്ടുവോ?, വെടി വെയ്ക്കാറായാൽ നമുക്ക് അതിനുള്ള ആജ്ഞ തരാൻ അദ്ദേഹമാണ്.’ ആ ചെമ്പൻതാടിക്കാരൻ ഇതേ ചുമതലയോടുകൂടിത്തന്നെ മറ്റൊരു ലഹളയിലും, ക്വെനിസെ പ്രദേശത്തു നടന്നതിലും, ഉണ്ടായിരുന്നു എന്നു തോന്നുന്നു.

ശവവണ്ടി ബസ്തീൽ കടന്നു, ചെറുവാൽ പിന്നിട്ട്, ഓസ്തെർലിത്സ് പാലത്തിന്റെ പുൽത്തകിടിയിലെത്തി. അവിടെ അതു നിന്നു. ആ സമയത്ത് ഒന്നോടിച്ചു നോക്കുന്നപക്ഷം തല പുൽത്തകിടിയിലും വാൽബൂദോങ് പാതാറിലുമായുള്ള ഒരു വാൽനക്ഷത്രത്തിന്റെ മട്ടു തോന്നിക്കുന്ന ആ ആൾക്കൂട്ടം ബസ്തീൽ മുഴുവനും മൂടി, പൊർത്സാങ്മർതെങ് വരെ നടക്കാവിൽ നീണ്ടുനിന്നിരുന്നു ശവവണ്ടിയുടെ ചുറ്റും ഒരു വൃത്തം വരച്ചിട്ടുണ്ട്. വമ്പിച്ച ജനസംഘം ഒന്നും മിണ്ടുന്നില്ല ലഫയെത്ത് സംസാരിച്ചു. ലമാർക്കോട് അവസാനയാത്ര പറഞ്ഞു. ഇത് ഉത്കൃഷടവും ഉള്ളിൽത്തട്ടുന്നതുമായ ഒരു ഘട്ടമായിരുന്നു, എല്ലാവരും തൊപ്പിയെടുത്തു, എല്ലാവരുടേയും ഹൃദയം മിടിച്ചു.

പെട്ടെന്നു കറുത്ത ഉടുപ്പിട്ടിട്ടുള്ള ഒരാൾ കുതിരപ്പുറത്ത ഒരു ചുകന്ന കൊടിയോടുകൂടി—മറ്റു ചിലരുടെ പക്ഷത്തിൽ ഒരു ചുകന്ന സ്വാതന്ത്ര്യത്തൊപ്പി അറ്റത്തുള്ള ഒരു കുന്തത്തോടുകൂടി—ആ ആൾക്കൂട്ടത്തിനു നടുവിൽ ആവിർഭവിച്ചു ലഫയേത്ത് തല തിരിച്ചു. എക്സെൽമാങ് ഘോഷയാത്രയെ വിട്ടുപോയി. ഈ ചുകപ്പുകൊടി ഒരു ക്ഷോഭമുണ്ടാക്കി, അതിനിടയക്ക് അതു മറയുകയുംചെയ്തു. ബൂർദോങ് മുതല്ക്ക് ഓസ്തെർലിത്സ് പാലംവരെയ്ക്കും തിരമാലകളെപ്പോലുള്ള ആർപ്പുവിളികളിൽ ഒന്നു ജനക്കൂട്ടത്തെ ഇളക്കിമറിച്ചു രണ്ടു പടുകൂറ്റൻകൂക്കിവിളി ആകാശത്തേക്കു പൊങ്ങി, ‘ലമാർക്കിനെ സംസ്കാരസ്ഥലത്തേക്കു ലഫയേത്തിനെ ടൗൺഹാളിലേക്ക്!’ ജനസംഘത്തിന്റെ ആർപ്പുവിളികൾക്കിടയിൽ. ചില ചെറുപ്പക്കാർ തങ്ങളെ പൂട്ടിക്കെട്ടി ശവവണ്ടിയിലുള്ള ലമാർക്കിനേയും കൊണ്ടു് ഓസ്തെലിത്സ് പാലം വഴിക്കു നടന്നു; ലഫയേത്തിനെ ഒരു കൂലിവണ്ടിയിൽക്കേറ്റി മോർലാങ് പാതാർവഴിക്കും കൊണ്ടുപോയി.

ലഭിയേത്തിന്റെ ചുറ്റുംകൂടി അഭിനന്ദിച്ചിരുന്നവരുടെ കൂട്ടത്തിൽ ലെഡിഗ്സ് നൈദർ എന്നു പേരായ ഒരു ജർമ്മനിക്കാരനുമുണ്ടായിരുന്നു; അയാൾ ഒരു നൂറു വയസ്സായതിനുശേഷം പിന്നീടു മരിച്ചു; അയാൾ 1776-ലെ യുദ്ധത്തിലുമുണ്ടായിരുന്നു; അയാൾ വാഷിങ്ടന്റെ കീഴിൽ ടെന്റൻ യുദ്ധത്തിലുണ്ടായിരുന്നു. ലഫയേത്തിന്റെ കീഴിൽ ബ്രാണ്ടിവേനിലും.

ഈയിടയ്ക്ക് ഇടത്തേ പുഴവക്കത്തുണ്ടായിരുന്ന നഗരരക്ഷിസാദികൾ മുൻപോട്ടു വരാൻ തുടങ്ങി; അവർ പാലത്തെ തടയാനെത്തി; വലത്തേ പുഴവക്കത്തുള്ള സെലെസ്താങ്ങിൽനിന്നു കുതിരപ്പടയാളികളും എത്തിക്കൂടി; മോർലാങ് പാതാറിലേക്കുള്ള മാർഗ്ഗം തടഞ്ഞു, ലഫയേത്തിനെ വലിച്ചുകൊണ്ടുപോയിരുന്നവർ പാതാറിന്റെ മൂലയ്ക്കൽവെച്ച് ആ കുതിരപ്പട്ടാളത്തെ കണ്ടെത്തി ഉച്ചത്തിൽപ്പറഞ്ഞു; ‘കുതിരപ്പട്ടാളം!’ കുതിരപ്പടയാളികൾ, മിണ്ടാതെ, ഒരു കാൽനടയുടെ വേഗത്തിൽ, ജീനിയുറകളിൽ കൈത്തോക്കുകളോടുകൂടി, വാളുകൾ ഉറയിലിട്ടു, തോൽസ്സഞ്ചികളിൽ തോക്കും തൂക്കി, വ്യസനമയമായ ഉത്കണ്ഠയോടുകൂടി മുൻപോട്ടു വന്നു.

ആ ചെറുപാലത്തിന് ഇരുന്നൂറടി അടുത്തായപ്പോൾ അവർ നിന്നു. ലഫയേത്ത് ഇരിക്കുന്ന വണ്ടി അവരുടെ അടുക്കലെത്തി; അവർ വരിനിര തുറന്നു, വണ്ടി അതിലേ കടത്തിയയച്ചു. വീണ്ടും വരികൂടി. ആ ഘട്ടത്തിൽ കുതിരപ്പട്ടാളവും ജനക്കൂട്ടവും തമ്മിൽത്തൊട്ടു. സ്ത്രീകൾ പേടിച്ചു പറപറന്നു. ആ അപായകരമായ നിമിഷത്തിൽ എന്തുണ്ടായി? ആർക്കും പറയാൻ വയ്യാ. രണ്ടു മേഘങ്ങൾ ഒന്നിച്ചു മുട്ടുന്നഒരിരുണ്ട സമയമാണത്. എതിർക്കാൻ കല്പിക്കുന്ന കാഹളവിളി പിന്നിൽ നിന്നുകേട്ടു എന്നു ചിലർ പറയുന്നു; മറ്റു ചിലരുടെ പക്ഷത്തിൽ, ഒരു കുട്ടി ഒരു കുതിരപ്പടയാളിയുടെ മേൽ ഒരു കട്ടാരം കുത്തിയിറക്കി. വാസ്തവമെന്തെന്നാൽ, മൂന്നുവെടി പെട്ടെന്നു പൊട്ടി; ഒന്നാമത്തേതു കുതിരപ്പട്ടാളത്തിന്റെ മേലുദ്യോഗസ്ഥനായ ഷോലെയെ കൊന്നു; രണ്ടാമത്തതു ജനാലയടയ്ക്കാൻ പുറപ്പെട്ടിരുന്ന ഒരു ചെകിടുപൊട്ടിയായ കിഴവിയെ കൊന്നു; മൂന്നാമത്തേത് ഒരു പട്ടാള മേലുദ്യോഗസ്ഥന്റെ ചുമലരിഞ്ഞു; ഒരു സ്ത്രീ നിലവിളിച്ചു; ‘അവർക്കു തിടുക്കം കൂടി’ ഉത്തരക്ഷണത്തിൽ അതേവരെ താവളത്തിലായിരുന്ന ഒരു കുതിരപ്പട്ടാളവകുപ്പു വാളൂരിപ്പിടിച്ചു. കുതിരകളെ ക്ഷണത്തിലോടിച്ചു, റ്യൂ ബസ്സൊംപിയേറിലൂടേയും ബൂർദോങ്ങിലൂടേയുമായി സർവ്വത്തേയും തട്ടിനീക്കിക്കൊണ്ട് എത്തിച്ചേർന്നു.

ഇനി ഒന്നും പറയാനില്ല; കൊടുങ്കാറ്റു ചങ്ങല വിട്ടു; കല്ലുകൾ മഴപോലെ വന്നുവീണു, ഒരു കൂട്ടവെടിയുണ്ടായി, പലരും പുഴയിലേയ്ക്കു പാഞ്ഞു. സെയിൻനദിയുടെ ചെറുകൈവഴിയിലെങ്ങും ആളുകൾ നിറഞ്ഞു. ലൂവിയേറിലെ മരച്ചാപ്പ—ക്ഷണത്തിൽ കൈയിൽക്കിട്ടിയ ആ പരന്ന കോട്ട-ദ്വന്ദ്വയുദ്ധക്കാരെക്കൊണ്ടുരോമം എടുത്തുപിടിച്ചപോലെയായി. കുറ്റികൾ പറിച്ചു കൈത്തോക്കുകൾ ഒഴിഞ്ഞുതുടങ്ങി, വഴിമുടക്കൽ ആരംഭിച്ചു. പിന്നോക്കം തള്ളിപ്പോയ ചെറുപ്പക്കാർ ശവവണ്ടിയുംകൊണ്ട് ഓസ്തെർലിത്സ് പാലം ഒരോട്ടത്തിൽപ്പിന്നിട്ടു, നഗരരക്ഷിസംഘം മുൻപോട്ടു പാഞ്ഞെത്തി, കുതിരപ്പടയാളികൾ വാളൂരി ഉലച്ചു. ആൾക്കൂട്ടം നാനാഭാഗത്തെയ്ക്കുമായിച്ചിന്നി, യുദ്ധം തുടങ്ങി എന്ന സംസാരം പാരിസ്സിന്റെനാലുഭാഗത്തെക്കും പറന്നെത്തി. ആളുകൾ കൂക്കിവിളിച്ചു; ‘ആയുധമെടുക്കുവിൻ’ ആളുകൾ പായുന്നു, തട്ടിത്തടയുന്നു, പറപറക്കുന്നു, എതിർത്തുനില്ക്കുന്നു. കാറ്റുതിയ്യിനെ എന്നപോലെ ശുണ്ഠി ലഹളയെ ദുരത്തെയ്ക്കു പരത്തുന്നു.

4.12.4
പണ്ടുകാലത്തെ പതഞ്ഞുപൊങ്ങലുകൾ

ഒരു ലഹളയുടെ ആദ്യത്തെ പുറപ്പാടിനെക്കാൾ അസാധാരണമായി മറ്റൊന്നില്ല. എല്ലാം എല്ലായിടത്തും ഒപ്പം പൊട്ടിമുളയ്ക്കുന്നു അതു മുൻകൂട്ടി കണ്ടിട്ടുള്ളതാണോ? അതേ, അതിന്നൊരുങ്ങിയിട്ടുണ്ടോ? ഇല്ല അതെവിടെനിന്നു വരുന്നു? പാതവിരിയിൽനിന്ന്. അതെവിടെനിന്നു വീഴുന്നു? ആകാശത്തുനിന്ന് ഇതാ, രാജ്യകലഹം ഒരു തന്ത്രത്തിന്റെ മട്ടെടുക്കുന്നു; അതാ ഒരു നിമിഷകവിതയുടെ മട്ടായി ഒന്നാമതു വന്ന ആൾ ജനക്കൂട്ടത്തിന്റെ ഒരൊഴുക്കുത്തു കൈയിലാക്കി അതിനേയുംകൊണ്ട് ഇഷ്ടമുള്ളേടത്തേക്കു നടക്കുന്നു ഒരുതരം ഭയങ്കരമായ ആഹ്ലാദശീലം ഇടകലർന്ന ഒരു ഭയപൂർണ്ണത. ഒന്നാമതായി ആർപ്പുവിളി; പീടികകൾ പൂട്ടിക്കഴിഞ്ഞു; കച്ചവടക്കാരുടെ സാമാനം കാഴ്ചയ്ക്കുവെയ്ക്കലൊക്കെ എവിടേക്കോപോയി; ഉടനെ അങ്ങുമിങ്ങും വെടി കേൾക്കാം; ജനങ്ങൾ പറക്കുന്നു; തോക്കിൻ ചട്ടകൾകൊണ്ടുള്ള അടി പടിവാതിലുകളിൽ അലയ്ക്കുകയായി, വീട്ടുമുറ്റങ്ങളിൽ ഭൃത്യന്മാർ ചിരിക്കുന്നതും ഇങ്ങനെ പറയുന്നതും കേൾക്കാം: ‘കടിപിടിക്കുള്ള ഭാവമുണ്ട്!’

ഒരു കാൽമണിക്കൂർ കഴിഞ്ഞില്ല, അപ്പോഴേക്കും പാരിസ്സിന്റെ ഇരുപതു ദൂരഭാഗങ്ങളിൽ ഒരൊറ്റ നിമിഷംകൊണ്ടു പൊട്ടിപ്പുറപ്പെട്ട കാഴ്ച ഇതാണ്

റ്യു സാങ്ത്-ക്വ്രാ-ദ്-ല ബ്രെതോന്നെരീയിൽ താടിമീശയോടും നീണ്ട തലമുടിയോടും കൂടിയ ഇരുപതു ചെറുപ്പക്കാർ ഒരു ചാരായവില്പനസ്ഥലത്തു കയറിച്ചെന്നു; ഒരു നിമിഷം കഴിഞ്ഞു പട്ടുനാടകൊണ്ടു മൂടിയ ഒരു മുന്നിറക്കൊടിയോടുകൂടി അവർ പുറത്തെയ്ക്കും കടന്നു; അവരുടെ നേതാക്കന്മാരായി മൂന്നുപേരുണ്ട്, ഒരാളുടെ കൈയിൽ ഒരു വാളുണ്ട്. മറ്റൊരാളുടെ കൈയിൽ ഒരു തോക്കാണ്. മൂന്നാമന്റെ കൈയിൽ ഒരിരിമ്പുകുന്തവും.

വ്യു ദെനൊനെങ്ദിയെറിൽ ഒരുന്തിയ കുമ്പയോടും ഒരു ചിലമ്പനൊച്ചയോടും ഒരു കഷണ്ടിത്തലയോടും ഒരുയർന്ന നെറ്റിയോടും ഒരു കറുത്ത താടിയോടും ഒരിക്കലും അമർന്നു കിടക്കാത്ത അത്തരം കൂർത്ത മേൽമീശകളിൽ ഒന്നോടും കൂടി നല്ല ഉടുപ്പിട്ട ഒരു നാടുവാഴി വഴിപോക്കർക്കു പരസ്യമായി വെടിത്തിരകൾ സമ്മാനിക്കുന്നു.

റ്യൂ സാങ്-പിയേർ-മൊങ് മാർതൃ എന്ന സ്ഥലത്തു നഗ്നഭുജങ്ങളോടുകൂടിയ ആളുകൾ ഒരു കറുത്ത കൊടിയുംകൊണ്ടു നടന്നിരുന്നു; അതിൽ വെളുത്തഅക്ഷരത്തിൽ ഇങ്ങനെ എഴുതിയിട്ടുള്ളതു വായിക്കാം: ‘ജനപ്രതിനിധിഭരണം. അല്ലെങ്കിൽ മരണം!’ റ്യൂ ദെ-ഴെയുനൂർ, റ്യു ദുകദ്രാങ്, റ്യു മൊന്തോർഗുയിൽ. വ്യു മന്ദാർ എന്നിവിടങ്ങളിൽ തങ്കലിപികളിൽ ഒരക്കത്തോടുകൂടിയ വകുപ്പ് എന്ന വാക്കെഴുതിയിട്ടുള്ള കൊടികളും ഇളക്കിക്കൊണ്ട് ജനക്കൂട്ടം വന്നുചേർന്നു ആ കൊടികളിൽ ഒന്ന് ഇടയ്ക്ക് അസ്പഷ്ടമായ വെള്ളവരയോടുംകൂടി ചുകപ്പും നീലനിറവും കലർന്നതായിരുന്നു.

ആളുകൾ സാങ്മർതെങ്ങിലുള്ള ചില്ലറ ആയുധങ്ങളുണ്ടാക്കുന്ന ഒരു പണിപ്പുര കൊള്ളയിട്ടു; മൂന്നു കവചവില്പനസ്ഥലങ്ങളും-അവയിൽ ഒന്നു റ്യൂബോബുറിലും മറ്റൊന്നു റ്യൂ മിഷേൽ ല്-കൊംതെയിലും പിന്നെയൊന്നു റ്യു ദ തൊംപ്ലിലൂമായിരുന്നു. കുറച്ചുനിമിഷംകൊണ്ടു ജനസംഘത്തിന്റെ പരസ്സഹസ്രം കൈകൾ ഇരുനൂറ്റി മുപ്പതു തോക്കുകളും-ഏതാണ്ടു മുഴുവൻ ഇരട്ടത്തിര വെക്കുന്നവയാണ്—അറുപത്തിനാലു വാളുകളും എൺപത്തിമൂന്നു കൈത്തോക്കുകളും എടുത്തു നടന്നു. അധികം ആയുധങ്ങളുണ്ടാവാൻവേണ്ടി ഒരാൾ തോക്കും മറ്റൊരാൾ കുന്തവുമെടുത്തു.

ദ് ല ഗ്രേവ് പാതാറിന്നെതിർഭാഗത്തു ചെറുതോക്കുകളോടുകൂടിയ ചില ചെറുപ്പക്കാർ വെടിക്കു തഞ്ചം നോക്കി ഏതോ സ്ത്രീകളുടെ വീട്ടിൽച്ചെന്നു ചുവടുറപ്പിച്ചു. അവരിൽ ഒരാളുടെ പക്കൽ ഒരു ‘ചക്കുമുക്കി’ത്തോക്കുണ്ടായിരുന്നു. അവ വീടുവാതില്ക്കൽച്ചെന്നു വിളിച്ച്, അകത്തേക്കു കടന്നു, വെടിത്തിരയുണ്ടാക്കൽ കൊണ്ടുപിടിച്ചു. ആ സ്ത്രീകളിൽ ഒരുവൾ പറയുകയുണ്ടായി: ’വെടിത്തിര എന്താണെന്ന് എനിക്കറിവില്ലായിരുന്നു; ഭർത്താവാണ് എനിക്കതു പറഞ്ഞുതന്നത്. ഒരുകൂട്ടം റ്യൂ ദെവിയൊൽ ഓദ്രിയത്തിലുള്ള ഒരു വിചിത്രവസ്തുവ്യാപാരിയുടെ പീടികയിൽ കയറിച്ചെന്നു ചൊട്ടവാളുകളും തുർക്കിത്തോക്കുകളും കൈയിലാക്കി.

ഒരുണ്ട തട്ടി മരിച്ച കല്പണിക്കാരന്റെ ശവം റ്യൂ ദ് ല പേർളിൽ കിടന്നിരുന്നു.

പിന്നീടു പുഴയുടെ വലതുവശത്തും ഇടതുവശത്തും പാതാറിലും നടക്കാവിലും ലത്തീൻപ്രദേശത്തും ഹാൽസ്ഥലങ്ങളിലും എല്ലാം കിതച്ചുംകൊണ്ടുള്ള ആളുകൾ—പണിക്കാരും വിദ്യാർത്ഥികളും സംഘാംഗങ്ങളും-വിളംബരങ്ങൾ വായിക്കുന്നു, ‘യുദ്ധത്തിന്നൊരുങ്ങുവിൻ!’ എന്നാർത്തുവിളിക്കുന്നു, തെരുവുവിളക്കുകൾ തച്ചുടയ്ക്കുന്നു, വണ്ടികളിൽനിന്നു കുതിരകളെ അഴിച്ചുവിടുന്നു, വീഥികളിലെ വിരിക്കല്ലുകൾ പുഴക്കിയിടുന്നു, വീട്ടുവാതിലുകൾ പൊളിച്ചുകടക്കുന്നു, മരങ്ങൾ പുഴക്കുന്നു. നിലവറകൾ കൊള്ളയിടുന്നു, വീപ്പകൾ ഉരുട്ടിത്തള്ളുന്നു, വിരിക്കല്ലുകളും മുരട്ടുകല്ലുകളും വീട്ടുസാമാനങ്ങളും പലകകളും കുന്നുകൂട്ടുന്നു, വഴിക്കോട്ട കെട്ടുന്നു.

അവർ നാടുവാഴികളെപ്പിടിച്ചു തങ്ങളെ സഹായിപ്പിച്ചു. അവർ സ്ത്രീകളുടെ പാർപ്പിടങ്ങളിലേക്കു ചെന്നു, വീട്ടിലില്ലാത്ത ഭരത്താക്കന്മാരുടെ വാളുകളും തോക്കുകളും പിടിച്ചുവാങ്ങിച്ചു, വാതില്ക്കൽ വെള്ളച്ചായംകൊണ്ട് ‘ആയുധങ്ങൾ ഏൽപിച്ചുതന്നു’ എന്നെഴുതിയിട്ടു; ചിലർ വാളുകളും തോക്കുകളും കിട്ടി എന്നതിനുള്ള രശീതികളിൽ തങ്ങളുടെ പേരെഴുതി ഒപ്പുവെക്കുന്നതോടുകൂടി, ‘നാളെ മെയരുടെ ആപ്പീസിലേക്ക് ആളെ അയയ്ക്കുക’ എന്നു പറയും. അവർ ടൗൺഹാളിലേക്കുള്ള യാത്രയിൽ ഒറ്റപ്പെട്ടു കണ്ട പാറാവുഭടന്മാരുടേയും നഗരരക്ഷിഭടന്മാരുടേയും കൈയിൽനിന്ന് ആയുധം മേടിച്ചു. അവർ ഉദ്യോഗസ്ഥന്മാരുടെമേൽനിന്നു ബിരുദചിഹ്നങ്ങൾ പറിച്ചെടുത്തു. വ്യു ദ്യു സിമിതിയേർ-സാങ്-നിഷൊലയിൽവെച്ചു വടിയും കുന്തവുമായി പിന്നാലെ പായുന്ന ആൾക്കൂട്ടത്തിന്റെ കൈയിൽനിന്ന് ഒരുദ്യോഗസ്ഥൻ വളരെ പണിപ്പെട്ടിട്ടാണ് ഒരു വീട്ടിന്നുള്ളിൽച്ചെന്നു രക്ഷപ്രാപിച്ചത്; പിന്നെ അയാൾക്കവിടെനിന്നു രാത്രി വേഷം മാറിയിട്ടേ പുറത്തു കടക്കാൻ കഴിഞ്ഞുള്ളൂ.

സാങ്ഴാക് പ്രദേശത്തു വിദ്യാർത്ഥികൾ ഹോട്ടലുകളിൽനിന്നിറങ്ങി യോഗം ചേർന്നു റ്യൂ സാങ് തിയാസെസന്തിലുള്ള അഭിവൃദ്ധിക്കാപ്പിയോട്ടലിലേക്കോ വ്യു ദെമതുരെങ്ങിലുള്ള ഏഴു ബില്ലിയേർഡുകൾ എന്ന കാപ്പിയോട്ടലിലേക്കോ ചെന്നു. അവിടെവെച്ചു ചെറുപ്പക്കാർ വാതിലിനു മുൻപിൽ മൂലക്കല്ലുകളിന്മേൽ കയറിനിന്ന് ആയുധങ്ങൾ പങ്കിട്ടുകൊടുത്തു. വഴിക്കോട്ടയ്ക്കുള്ള സാമാനങ്ങൾ സമ്പാദിക്കാൻ വേണ്ടി റ്യു ത്രാങ്നൊനേങ്ങിലുള്ള മരച്ചാപ്പ കൊള്ളയിട്ടു വ്യു സാങ്തവോയുടേയും വ്യു സിമോങ് -ല്-ഫ്രാങ്കിന്റേയും കൂടിയ മൂലയ്ക്കൽമാത്രം തെരുവുനിവാസികൾ ലഹളക്കാരോട് എതിരിടുകയുണ്ടായി; അവർ വഴിക്കോട്ടയെ കൈകൊണ്ടു തട്ടിനിരത്തി, ഒരു ഭാഗത്തുവെച്ചുമാത്രം ലഹളക്കാർ പിൻവാങ്ങി, രാഷ്ട്രീയരക്ഷിഭടസംഘത്തിന്റെ ഒരംശത്തിനു നേരേ വെടിവച്ചതിനുശേഷം, അവർ റ്യു-ദ്-തെംപ്ലിൽ തുടങ്ങിവെച്ചിരുന്ന വഴിക്കോട്ടവിട്ടുംവെച്ചു, റ്യൂ ദ് ല കൊർദിയേറിലൂടേ പാഞ്ഞുകളഞ്ഞു. ആ സൈന്യവകുപ്പു വഴിക്കോട്ടയിൽനിന്ന് ഒരു ചുകന്ന കൊടിയും ഒരു കെട്ടു വെടിത്തിരയും മുന്നൂറു കൈത്തോക്കുണ്ടകളും പെറുക്കിയെടുത്തു. ആ രാഷ്ട്രീയരക്ഷിഭടസംഘം കൊടി ചവുട്ടിച്ചീന്തി അതിന്റെ കഷ്ണങ്ങളെ തോക്കിൻകുന്തങ്ങളുടെ തുമ്പത്ത് എടുത്തുംകൊണ്ടുപോയി.

ഞങ്ങൾ ഇവിടെ പതുക്കെയും വഴിക്കുവഴിയെയും പറഞ്ഞുവരുന്നതെല്ലാം ഒരിടിവെട്ടിനിടയിൽ ഒരായിരം മിന്നല്പിണർനാക്കുകളെന്നപോലെ ഒരു വമ്പിച്ച ലഹളയ്ക്കുള്ളിൽ നഗരത്തിന്റെ നാനാഭാഗങ്ങളിലുമായി ഒരു ഞൊടികൊണ്ടു നടന്നു. ഹാൽ എന്ന പ്രദേശത്തുമാത്രം ഒരു മണിക്കൂറിനുള്ളിൽ ഇരുപത്തേഴു വഴിക്കോട്ടകൾ ഭൂമിയിൽനിന്നു പൊന്തിവന്നു. ‘ഴെന്നിന്റേയും അവളുടെ അറുന്നൂറു കൂട്ടുകാരികളുടേയും വാസസ്ഥലമായ 50-ാം നമ്പർ പ്രസിദ്ധഭവനം അവയുടെ നടുക്കായിരുന്നു; സാങ്മെറിയിലുള്ള ഒരു വഴിക്കോട്ടയാൽ ഒരു വശവും മൊബ്വെയിലുള്ള ഒരു വഴിക്കോട്ടയാൽ മറുവശവും രക്ഷിതമായ ആ ഭവനം റ്യു ദെ അർസി, വ്യു സാങ്മർതെങ്, റ്യൂ ഓബ്രൽ ബുഷെർ എന്നീ മൂന്നു തെരുവുകളിലേക്ക് അഭിമുഖമായിട്ടാണ്. ഗ്രാൻ ദ് ത്രുവാങ് ദെറിയിലുള്ള ദ്യൂു മൊങ് താർഗുയിലെ ഒന്നും, സാങ് ത് അവ്വായിലുള്ള ഇയോഫ്രാലാണ് ഗെവാങ്ങിലെ മറ്റൊന്നുമായി സമകോണമായ രണ്ടെണ്ണം പിന്നോട്ടു വാങ്ങിനിന്നു. പാരിസ്സിന്റെ മറ്റിരുപതു ഭാഗങ്ങളിലും മറേയിലും മൊങ്ത്സാങ്ത് ഗെനെവിയെവിലുള്ള വഴിക്കോട്ടകളേയും ഇപ്പോൾ കണക്കിടുന്നില്ല. തിരികുറ്റികളിൽനിന്നു പറിച്ചെടുത്ത പുറംവാതിൽ നോക്കിയാൽ കാണാവുന്ന റ്യു മെനിൽ മൊങ്താങ്ങിലുള്ള ഒന്നും, ഒത്തെൽദിവിയിലുള്ള പാലത്തിന്റെ അടുത്തു പൊല്ലീസ്സുകച്ചേരിയുടെ മുന്നൂറടി ദുരെയായി പിന്നീട് ഇടിച്ചു തകർക്കപ്പെട്ടതായ മറ്റൊന്നും കണക്കിടുന്നില്ല.

റ്യൂ ദെ മെന്റെത്രിയേറിലുള്ള വഴിക്കോട്ടയിൽവെച്ച് ഒരു നല്ല ഉടുപ്പിട്ട ആൾ പണിക്കാർക്കു പണം പങ്കിട്ടുകൊടുത്തിരുന്നു. റ്യൂ ഗ്രെനെത്താത്തിലെ വഴിക്കോട്ടയിൽ ഒരാൾ കുതിരപ്പുറത്തു വന്ന്, ആ വഴിക്കോട്ടയിലെ സൈന്യാധിപനെന്നുതോന്നിയ ഒരാളുടെ കൈയിൽ വെള്ളിനാണ്യച്ചുരുളിന്റെ മട്ടുള്ള ഒരു സാധനം ഏല്പിച്ചു പറഞ്ഞു. ‘ഇതാ, ഇതു ചെലവിനും വീഞ്ഞു മുതലായവയ്ക്കുമാണ്.’ നേമിയ തലമുടിക്കാരനായ ഒരു ചെറുപ്പക്കാരൻ കണ്ഠവസ്ത്രമില്ലാതെ വഴിക്കോട്ടകൾതോറും ചെന്നു കുറിവാക്കുകൾ പറഞ്ഞുകൊടുത്തിരുന്നു. ഉറയൂരിയ വാളോടും തലയിൽ നീലച്ച ഒരു പൊല്ലീസ്സുതൊപ്പിയോടും കൂടിയ മറ്റൊരു ചെറുപ്പക്കാരൻ പാറാവുകാരെ നിർത്തി. അതാതിടത്ത് ഉൾപ്രദേശങ്ങളിൽ, വഴിക്കോട്ടകൾക്കപ്പുറത്തു, വീഞ്ഞുകടകളും പടികാവൽപ്പുരകളും പാറാവുതാവളങ്ങളായി ‘മാർഗ്ഗംകൂടി.’ അല്ലെങ്കിൽ, ഏറ്റവും ശാസ്ത്രാനുസാരിയായ യുദ്ധനൈപുണിയോടുകൂടിയാണ് ലഹള നടത്തിയിരുന്നതെന്നു പറയട്ടെ. ഇടുങ്ങി നിരപ്പറ്റു വളഞ്ഞു തിരിഞ്ഞു നിറച്ചും മൂലകളും തിരിവുകളുമായ തെരുവുകൾ ഏറ്റവും അഭിനന്ദനീയവിധം തിരഞ്ഞെടുക്കപ്പെട്ടു; വിശേഷിച്ചും ഹാലിന്നടുത്ത പ്രദേശം—ഒരു കാടിനെക്കാൾ വൈഷമ്യം പിടിച്ച ഒരു തെരുവുവലക്കെട്ട്. പൊതുജനസുഹൃത്സംഘം സാങ് താവ്വായിലെ ലഹളയാണ് നടത്തിയിരുന്നതെന്നു പറഞ്ഞുവല്ലോ. റു ദ്യു പോങ്സോവിൽവെച്ചു കൊല്ലപ്പെട്ട ഒരാളുടെ കീശയിൽനിന്നു പാരീസ് പട്ടണത്തിന്റെ ഒരു പടം കിട്ടി.

വാസ്തവത്തിൽ ലഹളയായിത്തീർന്നത് ആകാശത്തിൽ തങ്ങിനിന്നിരുന്ന ഒരുതരം അസാധാരണശുണ്ഠിയാണ്. രാജ്യകലഹം ഒരു കൈകൊണ്ടു വഴിക്കോട്ടകളെയെല്ലാം ക്ഷണത്തിൽ കെട്ടിയുണ്ടാക്കുകയും മറ്റേ കൈകൊണ്ടു പാറാവുഭടത്താവളങ്ങളെയെല്ലാം കൈയടക്കുകയും ചെയ്തു. മൂന്നുമണിക്കൂറിനുള്ള കലഹക്കാർ, തീപ്പിടിക്കുന്ന ഒരു വെടിമരുന്നുചാൽപോലെ, വലതുവശത്ത് ആയുധശാല, മെയരുടെ ആപ്പീസ്, മറെപ്രദേശം മുഴുവൻ, പൊപ്പാങ്കൂറിലെ തോക്കുപണിപ്പുര, ലഗലിയോത്, ഷതൊദൊ, ഹാലിന്നടുത്തുള്ള തെരുവുകളൊക്കെ, ഇതെല്ലാം പിടിച്ചുകഴിഞ്ഞു; ഇടതുവശത്തു ഭടപ്രമാണിത്താവളം, സാങ്ത്-പെലഗി, മോബേർ, ദൊമുലാങ് എന്നിവയും വഴിക്കെട്ടുകളൊക്കെയും, വൈകുന്നേരം മണി അഞ്ചായപ്പോഴേക്ക് അവർ ബസ്തീലിന്റേയും ലിങ്ഗറിയുടേയും ബ്ലാങ്ക്-മാന്തോവിന്റെയും നാഥന്മാരായി; അവരുടെ ഒറ്റുകാർ ദെവിക്ത്വാർ പ്രദേശം വരെ എത്തുകയും, ബാങ്കും പെതിത്പെരിയിലെ പട്ടാളത്താവളവും തപ്പാലാപ്പീസും ഇതാ പിടിച്ചു എന്നാവുകയും ചെയ്തു. പാരിസ്സിന്റെ മുന്നിലൊരു ഭാഗം ലഹളക്കാരുടെ കൈവശത്തിലായി.

എല്ലാ സ്ഥലത്തും ഒരു വമ്പിച്ച നിലയിലാണ് ലഹള ആരംഭിച്ചത് ആയുധം വെപ്പിക്കലിന്റേയും ഭവനപരീക്ഷണങ്ങളുടേയും കവചവില്പനസ്ഥലങ്ങൾ അപ്രതീക്ഷിതമായി കൊള്ളയിട്ടതിന്റേയും ഫലമായി കല്ലേറുകൊണ്ടു തുടങ്ങിവെച്ചതു പീരങ്കിവെടിയിൽ അവസാനിച്ചു.

ഏകദേശം വൈകുന്നേരം ആറുമണിക്കു സോമോങ് വഴി യുദ്ധക്കളമായിത്തീർന്നു. ഒരു ഭാഗത്തു ലഹളക്കാർ, മറുഭാഗത്തു സൈന്യങ്ങൾ. അവർ ഒരു പടിക്കൽനിന്നു മറ്റേ പടിക്കലേക്കു വെടി തുടങ്ങി. ആ അഗ്നിപർവ്വതപ്പിളർപ്പു കുറേക്കൂടി അടുത്തു കാണാൻവേണ്ടി പുറത്തേക്കിറങ്ങിയിരുന്ന ഒരു നിരീക്ഷകൻ, ഒരു മനോരാജ്യക്കാരൻ, ഈ പുസ്തകകർത്താവ്, ഈ രണ്ടു വെടികളുടേയും നടുക്കു വഴിയിൽച്ചെന്നു പെട്ടു. തോക്കിന്റെ ഉണ്ടകളിൽനിന്ന് അയാളെ രക്ഷിക്കാൻ ആകെയൊന്നുണ്ടായിരുന്നതു പീടികകളെ വേർതിരിക്കുന്ന അർദ്ധസ്തംഭങ്ങളുടെ വണ്ണംമാത്രമാണ്: ഏതാണ്ട് അരമണിക്കൂറോളം അയാൾ ഈ വിഷമസ്ഥിതിയിൽ നിന്നു.

ഇതിനിടയ്ക്കു പട്ടാളപ്പെരുമ്പറ മുഴങ്ങി; രാഷ്ട്രീയരക്ഷിഭടസംഘം ക്ഷണത്തിൽ ആയുധധാരികളായി, മെയരുടെ ആപ്പീസിൽനിന്നു സൈന്യങ്ങൾ വഴിക്കുവഴിയേ പുറത്തേക്കിറങ്ങി; താവളപ്പുരകളിൽനിന്നു പട്ടാളക്കാരും. ദ് ലാൻക്ര്വഴിയുടെ എതിർവശത്തുവെച്ച് ഒരു ചെണ്ടക്കാരന്ന് ഒരു കട്ടാരക്കുത്തു കൊണ്ടു. റ്യു ദ്യു സിഞ്ഞിൽവെച്ചു മറ്റൊരു ചെണ്ടക്കാരനെ മുപ്പതു ചെറുപ്പക്കാർ പിടികൂടി, ചെണ്ട കുത്തിപ്പൊളിച്ചു, വാളുംകൊണ്ടു നടന്നു. മറ്റൊരുവൻ റ്യു ഗ്രെനിയെർസാങ് ലസാറിൽ വെച്ചു കൊല്ലപ്പെട്ടു. റ്യൂ മിഷേൽ-ല് കൊംതിൽ വെച്ചു മൂന്ന് ഉദ്യോഗസ്ഥന്മാർ ഓരോരുത്തനായി ചത്തുവീണു. നഗരരക്ഷിസംഘത്തിലെ പലരും റ്യു ദേ ലൊംബാർദിൽവെച്ചു മുറിവേറ്റിട്ടു, പിന്നോക്കം വാങ്ങി.

കൂർബത്താവിന്റെ മുൻപിൽവെച്ചു രാഷ്ട്രീയരക്ഷിഭടസംഘത്തിന്റെ ഒരുഭാഗം, ‘ജനപ്രതിനിധി ഭരണവിപ്പ്ലവം നമ്പർ 127’ എന്നെഴുതിയിട്ടുള്ള ഒരു ചുകപ്പുകൊടി കണ്ടെത്തി. വാസ്തവത്തിൽ ഇതൊരു വിപ്ലവമായിരുന്നുവോ?

പാരിസ്സിന്റെ മധ്യഭാഗത്തെക്കൊണ്ടു രാജ്യകലഹക്കാർ വിഷമവും ദുർഘടം പിടിച്ചതും വമ്പിച്ചതുമായ ഒരുതരം കോട്ടയുണ്ടാക്കി.

നിറുക അവിടെയായിരുന്നു; അവിടെയായിരുന്നു, വ്യക്തമായി കാര്യത്തിന്റെ കിടപ്പ്, ബാക്കിയുള്ളവയൊക്കെ വെറും ഇടപ്പോരുകൾ മാത്രം അവിടെ വെച്ചാണ് സർവ്വവും തീർച്ചപ്പെടുക എന്നുള്ളതിനടയാളം—അവിടെ ഇനിയും യുദ്ധമാരംഭിച്ചിട്ടില്ല.

ചില സൈന്യവകുപ്പുകളിൽ പട്ടാളക്കാർ സംശയത്തിലായിരുന്നു; അത് അവസാന ഫലത്തെക്കുറിച്ചുള്ള ഭയങ്കരശങ്കയെ ഒന്നുകൂടി വർദ്ധിപ്പിച്ചു 1830 ജൂലായിയിൽ 53-ാം സൈന്യവകുപ്പു രണ്ടു പങ്കിലും ചേരാതെ നിന്നതിനെ പൊതുജനങ്ങൾ എത്രമാത്രം കൊണ്ടാടിയെന്ന് അവർ ഓർമ്മിച്ചു വമ്പിച്ച യുദ്ധങ്ങളിൽവെച്ചു മാറ്റുരച്ചുകഴിഞ്ഞിട്ടുള്ള രണ്ടു ധീരോദാത്തന്മാരായ സൈസന്യാധിപന്മാർ, ലൊബൊവും ബ്യുഗോവും ആണ് സൈന്യാധ്യക്ഷ്യം വഹിച്ചിരുന്നത്—ലൊബൊ ബ്യുഗോവിനു കീഴിൽ കാലാൾപ്പടയിൽപ്പെട്ട വമ്പിച്ച പാറാവുസൈന്യം രാഷ്ട്രീയരക്ഷിഭടസംഘത്തിനു മുഴുവനും വേലികെട്ടി, ഉദ്യോഗചിഹ്നത്തോടുകുടിയ ഒരു പൊല്ലീസ്സുദ്യോഗസ്ഥനെ മുൻനടത്തി ലഹള നടക്കുന്ന തെരുവുകളെല്ലാം നോക്കിപ്പോന്നു. രാജ്യകലഹക്കാർ, അവരുടെ ഭാഗം, എല്ലാ തുറസ്സുപ്രദേശങ്ങളുടേയും മൂലകളിൽ കുതിരപ്പാറാവുകാരെ കാവൽനിർത്തി, എന്നല്ല അവർ തങ്ങളുടെ പാറാവുഭടന്മാരെ വഴിക്കോട്ടകളുടെ അപ്പുറത്തേക്കും ധിക്കാരപൂർവം പറഞ്ഞയച്ചു. ഓരോ ഭാഗക്കാരും മറുഭാഗക്കാരുടെ മേൽ കണ്ണുവെച്ചിരുന്നു കൈയിൽ ഒരു സൈന്യത്തോടുകൂടി ഭരണാധികാരികൾ ശങ്കിച്ചുനിന്നു; രാത്രി ഏതാണ്ട് അവരുടെ മുൻപിലെത്തി; സാങ് മെറി പള്ളിയിൽ നിന്നുള്ള ആപൽസൂചകമണിയടി കേട്ടുതുടങ്ങി അന്നത്തെ യുദ്ധമന്ത്രി മാർഷൽ സുൽത്- അദ്ദേഹം ഓസ്തെർലിത്സ് കണ്ട ആളാണ്. അതൊരു അസുഖമട്ടോടുകൂടി കേട്ടു.

പടപ്പയറ്റുകളെ ശരിപ്പെടുത്തുന്നതിൽ ശീലമുള്ളവരും സാഹായ്യത്തിനും നേതൃത്വത്തിനുമായി കൈയിൽ യുദ്ധസാമർത്ഥ്യം—എന്നുവെച്ചാൽ യുദ്ധങ്ങൾക്കുവേണ്ട ആ വടക്കുനോക്കിയന്ത്രം—മാത്രമുള്ളവരുമായ ആ പഴയ കപ്പലോട്ടക്കാർ പൊതുജനക്രോധം എന്നു പറയപ്പെടുന്ന ആ വമ്പിച്ച പടക്കൂട്ടത്തിനു മുൻപിൽ തികച്ചും അമ്പരന്നു.

കോട്ടപ്പുറങ്ങളിലെ രാഷ്ട്രീയരക്ഷിഭടന്മാർ വേഗത്തിലും ക്രമംവിട്ടും പാഞ്ഞെത്തി. 12-ാം സൈന്യവകുപ്പിലെ ഒരു ഭാഗം സാങ്ദെനിയിൽനിന്ന് ഒരോട്ടത്തിനെത്തി; കൂർബ്ബെവ്വയിൽനിന്നു 14-ാം വകുപ്പു കാലാൾപ്പട വന്നു; യുദ്ധവിദ്യാലയത്തിലെ പീരങ്കിനിര കരുസ്സെയിൽ സ്ഥാനം പിടിച്ചു; പീരങ്കിപ്പട വാങ്സെന്നിൽ നിന്നിറങ്ങി വരുന്നു.

തുലെരിരാജധാനിക്കു ചുറ്റുപുറവും വിജനമായി. ലൂയി ഫിലിപ്പ് തികച്ചും സഗൗരവനായി.

4.12.5
പാരീസ്സിന്റെ സവിശേഷത

കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയിൽ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ. പാരീസ് ഒന്നിലധികം രാജ്യകലഹം കണ്ടിരിക്കുന്നു ലഹളസ്ഥലങ്ങൾക്കപ്പുറത്തുള്ള പാരീസ്സിന്റെ ലഹളസമയത്തുള്ള മുഖാകൃതിയെക്കാൾ അസാധാരണമായ ശാന്തതയെ കാട്ടുന്ന മറ്റൊന്നില്ല പാരീസ് ക്ഷണത്തിൽ എന്തിനോടും ഇണങ്ങിക്കഴിയും—അതൊരു വെറും ലഹളമാത്രം; പാരിസ്സിനു മറ്റു പല കാര്യങ്ങളിലും മനസ്സിരുത്തേണ്ടതുള്ളതുകൊണ്ട്, അത്രയും നിസ്സാരമായ ഒരു സംഗതിക്ക് അതു തന്നത്താൻ തല പുണ്ണാക്കാറില്ല. ഇത്തരം വമ്പിച്ച നഗരങ്ങളിൽ മാത്രമേ ഇങ്ങനെയുള്ള കാഴ്ചകൾ കാണൂ. ഈ വമ്പിച്ച വേലിക്കകങ്ങളിൽ മാത്രമേ പൗരയുദ്ധവും അപൂർവ്വവും അനിർവാച്യവുമായ ശാന്തതയും ഒരേ സമയത്തുണ്ടാവാൻ കഴിയൂ സാധാരണമായി ഒരു രാജ്യകലഹം ആരംഭിക്കുമ്പോൾ—ഒരു പീടികക്കാരൻ പെരുമ്പറയടി കേൾക്കുമ്പോൾ—യുദ്ധത്തിനുള്ള വിളി, പൊതുവിൽ ഒരു പരിഭ്രമം, കേൾക്കുമ്പോൾ, ഇങ്ങനെ പറഞ്ഞു സാമാധാനിക്കുകയാണ് പതിവ്. ‘ഒരു തമ്മിൽത്തല്ലിനു ഭാവമുണ്ടെന്നു തോന്നുന്നു, റ്യൂ സാങ് മർത്തെങ്ങിൽ.

അല്ലെങ്കിൽ: ‘ഫോബൂർസാങ് ആന്ത്വാങ്ങിൽ.’

പലപ്പോഴും അയാൾ ഉദാസീനമായി ഇങ്ങനെകൂടി പറഞ്ഞു എന്നുവരും. ‘അല്ലെങ്കിൽ ആ ഭാഗത്തെങ്ങാണ്ട്.’

കുറെക്കൂടി കഴിഞ്ഞു, ഹൃദയഭേദകവും വ്യസനകരവുമായ വെടിക്കൂട്ടത്തിന്റെയും പടയണികളുടെ തോക്കിൻപ്രയോഗത്തിന്റേയും ഇരമ്പം കേട്ടുതുടങ്ങുമ്പോൾ, ആ പീടികക്കാരൻ പറയും: ‘ഇതു കലശലാവുന്നു! എടടാ, ഇതു കലശലാവുന്നുണ്ട്!’

കുറച്ചുകൂടിക്കഴിഞ്ഞു, ലഹള അടുത്തെത്തുകയും ശക്തിവെച്ചു വരികയുമായി; അതാ അയാൾ ഉപായത്തിൽ പീടിക പൂട്ടി, ക്ഷണത്തിൽ തന്റെ യുദ്ധഭടവേഷം എടുത്തു ധരിച്ചു- എന്നുവെച്ചാൽ അയാൾ തന്റെ സാമാനങ്ങളെയെല്ലാം സൂക്ഷിച്ചുംവെച്ച് തന്റെ ആയുസ്സിനെ അപകടത്തിലെക്കെറിഞ്ഞു.

ആളുകൾ നാൽക്കൂട്ടയിൽവെച്ചു, വഴിസ്ഥലത്തുവെച്ചു, വെളിച്ചമില്ലാത്ത ഇടവഴിയിൽവെച്ചു, തോക്കൊഴിക്കുന്നു; അവർ വഴിക്കോട്ട പിടിക്കുന്നു, പിന്നേയും പിടിക്കുന്നു; ചോരയൊഴുകുന്നു, വെടിയുണ്ടകൾ വീടുകളുടെ ഉമ്മറങ്ങളെയെല്ലാം വൈഷമ്യത്തിലാക്കുന്നു, പീരങ്കിവെടി ആളുകളെ കിടക്കയിൽവെച്ചു കഥ കഴിക്കുന്നു. ശവങ്ങൾ തെരുവുകളിൽ കുന്നുകൂടുന്നു. കുറച്ചു തെരുവുകൾക്കപ്പുറത്തു കാപ്പിപ്പിടികകളിൽനിന്നു ബില്ലിയേർഡ് കളിയിലെ പന്തടിശബ്ദവും കേൾക്കാം.

നാടകശാലകൾ തുറന്നുകിടക്കുന്നു, ഹാസ്യനാടകങ്ങൾ കാണിക്കുന്നു. യുദ്ധംകൊണ്ടു നിറഞ്ഞ ഈ തെരുവുകളിൽനിന്ന് ഒരു രണ്ടടി അപ്പുറത്തു ചിരിയും വെടിപറയലും. കൂലിവണ്ടികൾ അവയുടെ പാട്ടിൽ പായുന്നു; വഴിപോക്കർ പട്ടണത്തിൽ എവിടേക്കോ ഭക്ഷണത്തിനുള്ള യാത്രയാണ്, ചിലപ്പോൾ യുദ്ധമുള്ളേടത്തേക്കുതന്നെ.

1831-ൽ ഒരു കല്യാണക്കാർക്കു കടന്നുപോവാൻവേണ്ടി ഒരു കൂട്ടവെടി നിർത്തേണ്ടിവന്നു.

1839-ലെ രാജ്യകലഹസമയത്തു റ്യു സാങ് മർത്തെങ്ങിൽ നീളം കുറഞ്ഞു. ശേഷികെട്ട ഒരു കിഴവൻ, ഒരുതരം പാനീയം നിറച്ച പളുങ്കുകുപ്പികൾ വെച്ച് ഒരു മുന്നിറക്കൊടി പാറിയിരുന്ന കൈവണ്ടിയുമുന്തി വഴിക്കോട്ടയിൽനിന്നു സൈന്യനിരയിലേക്കും സൈന്യനിരയിൽനിന്നു വഴിക്കോട്ടയിലേക്കുമായി പോയും വന്നും. പക്ഷഭേദം കൂടാതെ, ഒരിക്കൽ ഭരണാധികാരത്തിനും മറ്റൊരിക്കൽ അരാജകത്വത്തിനും ഒപ്പം മാറിമാറി തന്റെ ഗ്ലാസ്സുകളിൽ കൊക്കോ നിറച്ചുകൊടുത്തിരുന്നു.

ഇതിലധികം അത്ഭുതകരമായിട്ടൊന്നുണ്ടാവാൻ വയ്യാ, ഇതാണ് പാരിസ്സിലുണ്ടാകുന്ന ലഹളകൾക്കുള്ള ഒരു സവിശേഷത; ഇതു മറ്റൊരു നഗരത്തിലും കാണുകയുമില്ല. ഇതിനു രണ്ടു സംഗതി അത്യാവശ്യമാണ്— പാരിസ്സിന്റെ വലുപ്പവും അതിന്റെ ആഹ്ലാദശീലവും വൊൾത്തെയരുടേയും നെപ്പോളിയന്റേയും നഗരമാവുന്നതത്യാവശ്യമാണ്.

എന്തായാലും ഇത്തവണ, 1832 ജൂൺ 25- നു-ത്തെ ആയുധമെടുക്കലിൽ, ആ വമ്പിച്ച നഗരത്തിനു തന്നിലും വലുതായ എന്തോ ഒന്ന് ഉള്ളിൽക്കടന്നു അതുപേടിച്ചു.

അടഞ്ഞ വാതിലുകളും, ജനാലകളുമായി എല്ലായിടത്തും; ഏറ്റവും അകന്നതും ഏറ്റവുമധികം ‘ഉദാസീന’വുമായ സ്ഥലത്തുകൂടി. ഉശിരന്മാർ ആയുധമെടുത്തു; പേടിത്തൊണ്ടന്മാർ ഒളിച്ചു. പണിത്തിരക്കിൽ മറ്റൊന്നും നോക്കാതെ പോകുന്ന വഴിയാത്രക്കാരനെ കാണാനില്ല. രാവിലെ നാലുമണിയോടുകൂടി പലതെരുവുകളും ഒഴിഞ്ഞു.

ഭയങ്കരങ്ങളായ വർത്തമാനങ്ങൾ വീടുതോറും കൊണ്ടുവന്നു വിലക്കപ്പെട്ടു, ആപത്തു പിടിച്ച കഥകൾ എല്ലാടത്തും വിതറപ്പെട്ടു അവർ പുഴവക്കു പിടിച്ചെടുത്തു; സാങ് മെറിസന്ന്യാസിമഠത്തിൽത്തന്നെ, പള്ളിയുടെ ഉള്ളിൽ പതിയിരിക്കുന്നവരും ചുവടുറപ്പിച്ചവരുമായി, ആകെ അറുനൂറു പേരുണ്ട്; കാലാൾപ്പടയെ വിശ്വസിച്ചുകൂടാ, അർമങ് കരെൽ സൈന്യാധിപൻ ക്ലൊസെലിനെ കാണാൻ പോയിരുന്നു, അദ്ദേഹം പറഞ്ഞതിതാണ്. ‘ആദ്യംതന്നെ ഒരു സൈന്യത്തെയുണ്ടാക്കു, ലഫയേത്ത് രോഗത്തിലാണ്, എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞയച്ചു ‘ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഒരു കസാലയ്ക്കു സ്ഥലമുള്ള ദിക്കിലെല്ലാം ഞാൻ നിങ്ങളുടെ പിന്നാലെയുണ്ട്’; എല്ലാവരും നല്ലവണ്ണം സൂക്ഷിക്കണം, പാരിസ്സിലെ വിജനങ്ങളായ മൂലകളിലെ ഒറ്റപ്പെട്ട ഭവനങ്ങളൊക്കെ രാത്രിയിൽ ആളുകൾ കൊള്ളയിടും. (പൊല്ലീസ്സിന്റെ സങ്കല്പശക്തി, ഭരണാധികാരത്തോടുകൂടിച്ചേർന്ന കെട്ടുകഥക്കാരൻ, ഇവിടെ പ്രത്യക്ഷമാകുന്നു); ഒരു പീരങ്കിനിര റ്യൂ ഓബ്രില്ബുഷെറിൽ സ്ഥാപിച്ചുകഴിഞ്ഞു; ലോബോവും ബ്യുഗോവുംകൂടി യാചിക്കുന്നുണ്ട്, അർദ്ധരാത്രിക്ക്, അല്ലെങ്കിൽ ഏറിയാൽ പുലരാൻ കാലത്തു, നാലു സൈന്യനിരയൊന്നിച്ചു. ഒന്നു ബസ്തീലിൽനിന്നും മറ്റൊന്നു സാങ്മർത്തെങ്ങിൽനിന്നും മറ്റൊന്നുഗ്രേവിൽനിന്നും മറ്റൊന്നു ഹാലിൽനിന്നുമായി, ലഹളയുടെ ഒത്ത നടുവിലെക്കു പാഞ്ഞെത്തും; ഒരു സമയം സൈന്യങ്ങൾ പാമിസ്സു വിട്ടു, ഷാപ് ദ് മാറിലേക്കു വാങ്ങിപ്പാർത്തേക്കും; എന്താണുണ്ടാവുകയെന്ന് ആർക്കും അറിഞ്ഞുകൂടാ, എന്നാൽ ഇപ്പോഴത്തെ സ്ഥിതി കുറച്ചു തകരാറിൽത്തന്നെയാണ്.

മാർഷൽ സൂൽത്തിന്റെ സംശയത്തെപ്പറ്റി ആളുകൾ പിറുപിറുത്തു എന്തുകൊണ്ട് അദ്ദേഹം നേരേ ചെന്നെതിർത്തില്ല? അദ്ദേഹം വലിയ ആലോചനയിൽപെട്ടിരിക്കുന്നു എന്നതു തീർച്ചയാണ് ആ ഉളുട്ടത്ത് എന്തോ ഒരു രാക്ഷസനുള്ളതായി ആ കിഴവൻ സിംഹം മണത്തറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.

വൈകുന്നേരമായി, നാടകശാലകളൊന്നും തുറന്നില്ല, പാറാവുഭടന്മാർ ശുണ്ഠിയോടുകൂടി ചുറ്റിനടന്നു; വഴിയാത്രക്കാരെ പട്ടാളക്കാർ ദേഹപരീക്ഷണംചെയ്തു, സംശയം തോന്നിയവരെ ആമംവെയ്ക്കുന്നുണ്ട് ഒമ്പതു മണിയോടുകൂടി എണ്ണൂറിലധികം പേർ ബന്ധനത്തിലായി; പൊല്ലീസ് കച്ചേരി അവരെക്കൊണ്ടുതിങ്ങി, അങ്ങനെതന്നെ ജെയിലുകളും—പുരുഷന്മാരുടേയും സ്ത്രീകളുടേയും.

എല്ലായിടത്തും ഉത്കണ്ഠതന്നെ; പാരിസ്സിൽ പതിവില്ലാത്ത ഒരുതരം പരിഭ്രമവും.

ജനങ്ങൾ സ്വഭവനങ്ങളിൽ ചുവടുറപ്പിച്ചു; ഭാര്യമാർക്കും അമ്മമാർക്കും സ്വസ്ഥതയില്ലാതായി; ഇതല്ലാതെ മറ്റൊന്നും കേൾക്കാനില്ലെന്നായി: ‘അയ്യോ. ഈശ്വര! അവൻ ഇനിയും വന്നില്ലല്ലോ?’ അകലത്തുനിന്നുള്ള ഒരു വണ്ടിയുടെ ഒച്ചയെങ്കിലും കേൾക്കാനില്ല.

ആളുകൾ വിട്ടുമ്മറങ്ങളിൽ ജനസംസാരങ്ങൾക്കും ആർപ്പുവിളികൾക്കും ലഹളയ്ക്കും ദുരത്തുനിന്നുള്ള ഒച്ചകൾക്കും, അതു ‘കുതിരപ്പട്ടാളമാണ്,’ അല്ലെങ്കിൽ ‘അതു കുതിരപ്പടയാളികളുടെ പാഞ്ഞുവരവാണ്’ എന്ന സംസാരങ്ങൾക്കും, കാഹളംവിളികൾക്കും, പെരുമ്പറയടികൾക്കും, വെടിയൊച്ചകൾക്കും, എല്ലാറ്റിനുംമീതേ പള്ളിയിൽനിന്നുള്ള വ്യസനകരമായ മണിയടിക്കും ചെവികൊടുത്തു നിലവായി.

ഒന്നാമത്തെ പീരങ്കിവെടി എല്ലാവരും കാത്തുനിന്നു. തെരുവുകളുടെ മൂലയ്ക്കൽ ആളുകൾ ആവിർഭവിച്ചു. വീട്ടിലേക്കു പാഞ്ഞോളിൻ! എന്നു കുക്കിവിളിച്ചുകൊണ്ടു വിണ്ടും കാണാതായി. ആളുകൾ വീട്ടുവാതിലുകളെല്ലാം കൊട്ടിയടച്ചു സാക്ഷയിടുന്ന തിരക്കായി. അവർ പറഞ്ഞു. ‘ഇതൊക്കെ എങ്ങനെയവസാനിക്കും?’ ഇരുട്ടു കൂടിക്കൂടി വരുന്തോറും, നിമിഷംപ്രതി, ലഹളയുടെ ഭയങ്കരമായ തീപ്പിടിക്കലനുസരിച്ചു പാരിസ്സ് അധികമധികം വ്യസനകരമായ ഒരു നിലയെ അവലംബിച്ചു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 12; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.