images/hugo-26.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.4.1
ഏകാന്തതയും പട്ടാളത്താവളങ്ങളും കൂടിച്ചേർന്നത്

നാലോ അഞ്ചോ മാസം മുൻപ് അത്രമേൽ മർമ്മഭേദകവും ചൈതന്യവത്തുമായിരുന്ന കൊസെത്തിന്റെ വ്യസനം, അവൾ അറിയാതെത്തന്നെ, ഭേദപ്പെട്ടുവന്നുതുടങ്ങി. പ്രകൃതി, വസന്തം, യൗവ്വനം, അച്ഛന്റെ മേലുള്ള സ്നേഹം, പക്ഷികളുടേയും ആഹ്ലാദം എന്നിവ കാരണം അത്രമേൽ ചെറുപ്പവും അത്രമേൽ കളവു തട്ടാത്തതുമായ അവളുടെ ആത്മാവിലേക്ക് ഏതാണ്ട് വിസ്മൃതിപോലുള്ള എന്തോ ഒന്നു തുള്ളിതുള്ളിയായി ഇറങ്ങി. അതിലെ തിയ്യു തീരെ കെട്ടുവോ? അതോ വെണ്ണീറു വന്നു മൂടിയതേയുള്ളുവോ? വാസ്തവമെന്തെന്നാൽ, വേദനയുള്ളതും ചുട്ടുനീറുന്നതുമായ ഭാഗം അവൾ അറിയാതായി.

ഒരു ദിവസം അവൾ പെട്ടെന്നു മരിയുസ്സിനെപ്പറ്റി ആലോചിച്ചു; ‘എന്ത്!’ അവൾ പറഞ്ഞു, ‘ഞാൻ അദ്ദേഹത്തെപ്പറ്റി വിചാരിക്കാതായി.’

ആ ആഴ്ചയിൽത്തന്നെ, കടുന്നലിന്റെ അരയോടും കൗതുകകരമായ ഉടുപ്പോടും പെൺകുട്ടിയുടെ കവിളുകളോടും തുടയുടെ ഒരു വശത്തു വാളോടും മെഴുകിട്ട മേൽമീശയോടും കൂടിയ ഒരു സുഭഗനായ ചെറുപ്പക്കാരൻ കുന്തപ്പടയാളിത്തലവൻ പടിക്കലൂടെ കടന്നുപോകുന്നത് അവൾ കണ്ടു. അത്രമാത്രമല്ല, അയാൾക്കു നേരിയ തലമുടിയും, നീലച്ചു വലിപ്പത്തിലുള്ള കണ്ണുകളും, ഒരു വട്ടമുഖവും ഉണ്ട്; അയാൾ ധാടിക്കാരനും അധികപ്രസംഗിയും സുന്ദരനുമായിരുന്നു—മരിയുസ്സിനു നേരെ എതിർ. അയാളുടെ വായിൽ ഒരു ചുരുട്ടുണ്ട്. നിശ്ചയമായും, റ്യു ദ് ബബിലോങ്ങിലെ പട്ടാളത്താവളത്തിലുള്ള ഭടസംഘത്തിൽ ഉൾപ്പെട്ട ഒരുദ്യോഗസ്ഥനാവണം അയാൾ എന്ന് കൊസെത്ത് വിചാരിച്ചു.

പിറ്റേദിവസവും അയാൾ പോകുന്നതു കണ്ടു. അവൾ ആ സമയം ഓർമ്മവെച്ചു.

അതു മുതല്ക്ക്—ഇതു യദൃച്ഛാസംഭവമാണോ?—ഏതാണ്ടു ദിവസംപ്രതി അയാൾ അതിലേ പോയിരുന്നതായി കണ്ടു.

സുഭഗനായ ഉപസൈന്യാധിപൻ—അയാൾ വായനക്കാർക്ക് അപരിചിതനല്ല; അതു തെയോദുൽ ഗിൽനോർമനായിരുന്നു—കടന്നുപോകുന്ന ഏതു സമയത്തും ആ ‘നോക്കാതെയിട്ടിട്ടുള്ള’ തോട്ടത്തിൽ, ആ ദുഷ്ടവിചാരത്തോടുകൂടിയ ചെടിവേലിയുടെ പിന്നിലായി, ഏതാണ്ട് എപ്പോഴും ഒരു പരമസുന്ദരിയുണ്ടായിരിക്കുമെന്ന് ആ ഉദ്യോഗസ്ഥന്റെ കൂട്ടുകാർ കണ്ടു മനസ്സിലാക്കി.

‘ഇതാ നോക്കൂ!’ അവർ അയാളോടു പറഞ്ഞു, ‘അവിടെ ഒരു പെൺകിടാവുണ്ട് നിന്നു നിങ്ങളെ നോക്കുന്നു. കണ്ടുവോ?’

കുന്തപ്പടയാളി മറുപടി പറഞ്ഞു: ‘എന്റെ മേലേക്കു നോക്കുന്ന എല്ലാ പെൺ കുട്ടികളെയും നോക്കിക്കാണാൻ എനിക്കിടയുണ്ടോ?’

ഇതുണ്ടായതു, മരിയുസ് ക്രമത്തിൽ മരണവേദനയിലേക്ക് ഉരസിയിറങ്ങിയിരുന്ന ആ സമയത്തുതന്നെയാണ്. അയാൾ പറഞ്ഞിരുന്നു: ‘ചാവുന്നതിനുമുൻപായി എനിക്കവളെ ഒന്നു കാണാൻ!’ അയാളുടെ ആഗ്രഹം സാധിച്ചിരുന്നുവെങ്കിൽ, ആ സമയത്തു കൊസെത്ത് കുന്തപ്പടയാളിയെ സൂക്ഷിച്ചുനോക്കുന്നത് അയാൾ കണ്ടിരുന്നുവെങ്കിൽ, ഒരക്ഷരവും അയാളെക്കൊണ്ടു പിന്നെ മിണ്ടാൻ കഴിയുമായിരുന്നില്ല; ആധികൊണ്ട് ആ മനുഷ്യൻ മരിച്ചുപോയേനേ.

അതാരുടെ കുറ്റം? ആരുടെയുമല്ല.

ആധിക്കുള്ളിൽ കുഴിച്ചുമൂടി അവിടെ മിണ്ടാതെ കിടക്കുന്ന സ്വഭാവമായിരുന്നു മരിയുസ്സിന്റേത്! സങ്കടത്തിലേക്കു ചാടി മുങ്ങി ഉടനെ മേല്പോട്ടു കയറിപ്പോരുന്ന ഒരു മട്ടുകാരിയാണ് കൊസെത്ത്.

എന്നല്ല, ഒരു പെൺകിടാവിന്റെ തനിയേ നില്ക്കുന്ന ഹൃദയം, യദൃച്ഛാ സംഭവം ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ഒരു വെണ്ണക്കൽത്തൂണിന്റെ പോതികയിലേക്കോ വീഞ്ഞുവില്പനക്കാരന്റെ കട്ടിളക്കാലിന്മേലേക്കോ കയറിപ്പിടിക്കുന്ന മുന്തിരിവള്ളിപോലായിത്തീരുന്ന ആ തടയാതെ വിട്ട സ്ത്രീമനോരാജ്യത്തിന്റെ അപായകരഘട്ടം കടക്കുകയായിരുന്നു അന്നു കൊസെത്ത്. ദരിദ്രയായാലും സമ്പന്നയായാലും ഏതനാഥപ്പെൺകുട്ടിക്കും കടന്നുപോരാൻ വിഷമമായ ഒരു ദ്രുതവും നിശ്ചിതവുമായ ദശാവിശേഷം: എന്തുകൊണ്ടെന്നാൽ, സമ്പത്തുണ്ടായതുകൊണ്ട് വിവാഹം അപകടത്തിലായിക്കൂടാ എന്നില്ല; കുലം തെറ്റിയിട്ടുള്ള വിവാഹം മേലേക്കിടയിലുള്ളവരുടെ കൂട്ടത്തിലുണ്ട്; യഥാർത്ഥത്തിൽ കുലം തെറ്റിയിട്ടുള്ള വിവാഹം ആത്മാക്കൾ തമ്മിലാണ്; പേരില്ലാതെ, തറവാടില്ലാതെ, സമ്പത്തില്ലാതെ ആരുമറിയാതെയുള്ള പല ചെറുപ്പക്കാരും മഹത്തരങ്ങളായ സൗശീല്യങ്ങളുടേയും മഹത്തരങ്ങളായ മനോവൃത്തികളുടേയും ഒരു മഹാക്ഷേത്രം വഹിച്ചു നില്ക്കുന്ന വെണ്ണക്കൽത്തൂണുകളായി കാണുന്നതുപോലെത്തന്നെ, മയമുള്ള ബൂട്ടുസ്സുകളും വാർണീഷിട്ട വാക്കുകളുമുള്ള സുഖിതനും സമ്പന്നനുമായ ഒരു പ്രമാണി ബഹിർഭാഗത്തൂടെയല്ലാതെ, സ്വന്തം ഭാര്യയ്ക്കായി ഉഴിഞ്ഞുവെച്ചിട്ടുള്ളൊന്നായ ആ അന്തർഭാഗത്തൂടെ നോക്കിക്കാണുമ്പോൾ, ലഹളപിടിച്ചവയും, വൃത്തികെട്ടവയും വീഞ്ഞുപോലുള്ളവയുമായ വികാരങ്ങൾ നിഗൂഢമായി പറ്റിപ്പിടിച്ചിരിക്കുന്ന വെറും മരമുട്ടിയല്ലാതെ മറ്റൊന്നുമായിരിക്കില്ല; ഒരു വീഞ്ഞുവില്പനസ്ഥലത്തിലെ കട്ടിളക്കാൽ.

കൊസെത്തിന്റെ ആത്മാവിൽ എന്തുണ്ട്? ശാന്തമായതോ അല്ലെങ്കിൽ കിടത്തിയുറക്കിയതോ ആയ വികാരം; സ്വച്ഛമായി, പ്രകാശമാനമായി, കുറേ താഴത്തോളം ഒഴുക്കുള്ളതായി. അതിലും അടിയിൽ ഇരുട്ടടഞ്ഞതായ എന്തോ ഒന്ന്, മുകൾഭാഗത്ത് ആ സുഭഗഭടത്തലവന്റെ രൂപം പ്രതിബിംബിച്ചിരുന്നു. ആഴത്തിൽ —തികച്ചും അടിയിൽ—ഒരു സ്മാരകം തങ്ങിയിരുന്നുവോ? അങ്ങനെ വരാം കൊസെത്ത് അറിഞ്ഞിട്ടില്ല.

അത്ഭുതകരമായ സംഭവം ഇടയിൽ കടന്നു.

4.4.2
കൊസെത്തിന്റെ ശങ്കകൾ

ഏപ്രിൽ മാസത്തിലെ ആദ്യപകുതിയിൽ ഴാങ് വാൽഴാങ് ഒരു യാത്രപോയി ഇതു വായനക്കാർക്കറിവുള്ളതുപോലെ, വളരെക്കാലം കൂടുമ്പോൾ ഇടയ്ക്കുണ്ടാകാറുണ്ട് അയാൾ ഒന്നോ രണ്ടോ ദിവസം താമസിക്കും. അയാൾ എവിടേക്കു പോകുന്നു? ആർക്കും അറിഞ്ഞുകൂടാ; കൊസെത്തിനുകൂടിയില്ല. ഒരിക്കൽമാത്രം, ഈ യാത്രകളിലൊന്നിൽ, അവൾ അയാളുടെകൂടെ ഒരു കൂലിവണ്ടിയിൽ ഒരിരുണ്ട ഇടവഴിവരെ പോയി; അതിന്റെ മൂലയ്ക്കായി അവൾ വായിച്ചു: കുണ്ട് എന്ന തടസ്സം. അവിടെ അയാൾ വണ്ടിയിൽനിന്നിറങ്ങി; വണ്ടി അവളെ റ്യു ദ് ബബിലോങ്ങിൽത്തന്നെ കൊണ്ടുചെന്നാക്കി. വീട്ടിൽ കുറച്ചേ പണമുള്ളൂ എന്നു കാണുമ്പോഴാണ് ഴാങ് വാൽഴാങ് ഈ യാത്ര ചെയ്യാറുള്ളത്.

അങ്ങനെ, ഴാങ് വാൽഴാങ് അവിടെ ഇല്ല. അയാൾ പറഞ്ഞിട്ടുണ്ടായിരുന്നു: ‘ഞാൻ മൂന്നു ദിവസത്തിനുള്ളിൽ വരാം.’

അന്നു വൈകുന്നേരം കൊസെത്ത് ഇരിപ്പുമുറിയിൽ തനിച്ചിരിക്കയാണ്. നേരം പോവാൻവേണ്ടി അവൾ ‘പിയാനോ’ തുറന്നുവെച്ചു. സംഗീതലോകത്തിൽവെച്ച് ഏതാണ്ട് ഏറ്റവും മനോഹരമായ കാട്ടിലലയുന്ന വേടന്മാരേ എന്ന യൂറിയാന്തിലെ സംഘഗാനം ഏറ്റുപാടുവാൻ തുടങ്ങി. പാട്ടവസാനിച്ചതോടുകൂടി അവൾ ആലോചനയിൽപ്പെട്ടു.

പെട്ടെന്നു തോട്ടത്തിൽനിന്ന് ഒരു കാല്പെരുമാറ്റത്തിന്റെ ഒച്ച കേട്ടു എന്നവൾക്കു തോന്നി അത് അച്ഛനാവാൻ തരമില്ല; അയാൾ പോയിരിക്കയാണല്ലോ. അതു തുസ്സാങ്ങാവാനും വയ്യാ; അവൾ കിടന്നിരിക്കുന്നു; രാത്രി പത്തു മണിയായി.

അവൾ ഇരിപ്പുമുറിയുടെ ജനാലയ്ക്കലേക്കു ചെന്നു; അതടച്ചിരിക്കുന്നു; അവൾ ചെവി വെച്ചുനോക്കി.

അത് ഒരാൾ നടക്കുന്നതിന്റെ ഒച്ചയാണെന്നു തോന്നി; ആ ആൾ വളരെ പതുക്കെ നടക്കുകയാണ്.

അവൾ ക്ഷണത്തിൽ മുകളിലേക്കു പോയി, സ്വന്തം കിടപ്പുമുറിയിൽ ചെന്നു; ജനാലയിലെ ഒരു ചെറുവാതിൽ തുറന്നു. തോട്ടത്തിലേക്കു പതുങ്ങിനോക്കി. പൂർണ്ണചന്ദ്രൻ ഉദിച്ചുനിന്നിരുന്നു. പകലെന്നപോലെ സകലവും വ്യക്തമായികാണാം.

അവിടെ ആരുമില്ല.

അവൾ ജനാല തുറന്നു. തോട്ടം തികച്ചും ശാന്തമായിരുന്നു; തെരുവുവഴി പതിവുപോലെ വിജനമായിരുന്നതു മാത്രമേ ഒന്നു കാണാനുണ്ടായിരുന്നുള്ളു.

തെറ്റിപ്പോയിരിക്കണമെന്നു കൊസെത്ത് വിചാരിച്ചു. ഒരൊച്ച കേട്ടു എന്നു തോന്നി. ദുഃഖമയവും ഉത്കൃഷ്ടവുമായ ആ വെബ്ബറുടെ [1] പാട്ടുണ്ടാക്കിത്തീർത്ത ഒരു ചിത്തഭ്രമമായിരിക്കണം അത്; അതു മനസ്സിനു മുൻപിൽ ഭയങ്കരങ്ങളായ അഗാധതകളെ തുറന്നുകാട്ടുകയും, കണ്ണഞ്ചിക്കുന്ന ഒരു കാട്ടുപുറംപോലെ തോട്ടത്തിന്റെ മുൻപിൽ തുള്ളിവിറയ്ക്കുകയും, മങ്ങലിലൂടെ ഓരോ നോക്കു കണ്ടെത്തുന്ന നായാട്ടുകാരുടെ പരിഭ്രമിച്ചുകൊണ്ടുള്ള കാൽവെപ്പിൻ ചുവട്ടിൽ ഉണങ്ങി വീണുകിടക്കുന്ന ചില്ലുകളുടെ അനക്കങ്ങളെ കേൾക്കാറാക്കുകയും ചെയ്യുന്നു.

അവൾ പിന്നെ അതിനെപ്പറ്റി ആലോചിച്ചില്ല

എന്നല്ല കൊസെത്ത് പ്രകൃത്യാ വലിയ ഭീരുവല്ല. ഒരു തെണ്ടിയുടേയും വെറും കാലായി നടക്കുന്ന ഒരു രണ്ടുംകെട്ടവളുടേയും രക്തം അവളുടെ ഞരമ്പുകളിലൂടെ പ്രസരിച്ചിരുന്നു. അവൾ ഒരു പ്രാവിനേക്കാളധികം ഒരു വാനമ്പാടിപ്പക്ഷിയായിരുന്നു എന്നോർമ്മിക്കണം. താന്തോന്നിത്തത്തിന്റേയും ധീരതയുടേയും അടിസ്ഥാനം അവളിലുണ്ടായിരുന്നു.

പിറ്റേ ദിവസം, കുറേക്കൂടി നേരത്തേ, സന്ധ്യയോടുകൂടി, അവൾ തോട്ടത്തിൽ ലാത്തുകയായിരുന്നു. മനസ്സിലുള്ള സമ്മിശ്രാലോചനകൾക്കിടയിൽ ഇരുട്ടത്തു മരങ്ങൾക്കു ചുവട്ടിലൂടെ ഒരാൾ നടന്നാലത്തെ മാതിരി, തലേ ദിവസം കേട്ടതുപോലെത്തന്നെയുള്ള ഒരു ശബ്ദം അധികം ദൂരത്തുനിന്നല്ലാതെ കേൾക്കാനുണ്ടെന്ന് അവൾക്ക് ഒരു നിമിഷനേരത്തേക്കു തോന്നി; എന്നാൽ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിമുട്ടുന്ന രണ്ടു മരച്ചില്ലകളിൽനിന്നു പുറപ്പെടുന്ന ശബ്ദംപോലെ, പുല്ലിലുള്ള കാൽപ്പെരുമാറ്റത്തോടു ശരിയായ മറ്റൊന്നില്ലെന്ന് അവൾ തന്നത്താൻ പറഞ്ഞു; അവൾ പിന്നെ അതിൽ ശ്രദ്ധവെച്ചില്ല. എന്നല്ല, അവൾക്കൊന്നും കാണാനുമില്ലായിരുന്നു.

അവൾ ‘കുറുംകാട്ടിൽ’ നിന്നു പുറത്തേക്കു കടന്നു; ഒതുക്കുകളിലെത്താൻ അവൾക്ക് ഇനിയും ഒരു പുൽത്തകിടി കടക്കണം.

അവളുടെ പിന്നിൽ ഉദിച്ചുനില്ക്കുന്ന ചന്ദ്രൻ കുറ്റിക്കാടുകളുടെ കൂട്ടത്തിൽ നിന്നു തിരിഞ്ഞുപോകുന്ന അവളുടെ നിഴൽ ആ പുൽത്തകിടിയിൽ പരത്തി.

കൊസെത്ത് സംഭ്രമിച്ചുനിന്നു.

അവളുടെ നിഴലിനു പുറമേ ചന്ദ്രൻ മൈതാനത്തിൽ മറ്റൊന്നുകൂടി വ്യക്തമായി കുറിച്ചു; അതു വിശേഷിച്ചും അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു; ആ നിഴലിന്റെ തലയിൽ വട്ടത്തിലുള്ള ഒരു തൊപ്പിയുണ്ട്.

അത് ഒരു പുരുഷന്റെ നിഴലാണ്; അയാൾ കൊസെത്തിന്റെ കുറച്ചു പിന്നിൽ കുറ്റിക്കാടുകളുടെ കൂട്ടത്തിനരികെ നില്ക്കയായിരിക്കണം.

സംസാരിക്കാനോ, നിലവിളിക്കാനോ, വിളിക്കാനോ, അനങ്ങാനോ, തലയൊന്നു തിരിക്കാനോ ശക്തിയില്ലാതെ അവൾ ഒരു ക്ഷണനേരം നിന്നു.

ഉടനെ അവൾ തന്റെ ധൈര്യം മുഴുവനും വീണ്ടെടുത്തു; മനസ്സുറപ്പിച്ചു പിന്നോക്കം തിരിഞ്ഞു.

അവിടെ ആരുമില്ലായിരുന്നു.

അവൾ നിലത്തേക്കു നോക്കി. ആ രൂപം മറഞ്ഞിരിക്കുന്നു

അവൾ പിന്നോക്കംതന്നെ മടങ്ങി, മൂലകളെല്ലാം ധൈര്യത്തോടുകൂടി തിരിഞ്ഞുനോക്കി, പടിവരെയ്ക്കും പോയി; യാതൊന്നും കണ്ടില്ല.

അവൾ ഭയംകൊണ്ടു തീരെ മരവിച്ചപോലെ തോന്നി. ഇതു മറ്റൊരു കമ്പമായിരിക്കുമോ? എന്ത്! രണ്ടു ദിവസം ഒരുപോലെ ഒരു കമ്പം തോന്നി; രണ്ടുപ്രാവശ്യം? അതിലുള്ള അസ്വാസ്ഥ്യകരമായ സംഗതിയെന്തെന്നാൽ, ആ നിഴൽ നിശ്ചയമായും ഒരു പ്രേതമല്ല. പ്രേതങ്ങൾ വട്ടത്തൊപ്പി വെയ്ക്കുകയില്ല.

പിറ്റേദിവസം ഴാങ് വാൽഴാങ് മടങ്ങിയെത്തി. അവൾ കേട്ടതും കണ്ടതും അയാൾക്കു പറഞ്ഞുകൊടുത്തു. ധൈര്യപ്പെടുത്തിക്കിട്ടുകയും അച്ഛൻ ചുമലൊന്നു ചുളുക്കി ‘നിയ്യെന്തു വിഡ്ഢിയാണ്’ എന്നു പറയുകയുമായിരുന്നു അവൾക്കാവശ്യം.

ഴാങ് വാൽഴാങ് ഉത്കണ്ഠിതനായി

‘അത് ഒന്നുമായിരിക്കില്ല’, അയാൾ പറഞ്ഞു.

അയാൾ എന്തോ ഒഴിവുപറഞ്ഞ് അവളെ വിട്ടുപോയി; അയാൾ നേരെ തോട്ടത്തിൽച്ചെന്നു വളരെ ശ്രദ്ധവെച്ചു പടി പരിശോധിക്കുന്നതായി കണ്ടു.

രാത്രി അവൾ ഉണർന്നു. ഇക്കുറി അവൾക്കു തീർച്ചയുണ്ട്—തന്റെ ജനാലച്ചുവട്ടിലുള്ള ഒതുക്കുകൾക്കരികിലൂടെ ഒരാൾ നടക്കുന്ന ഒച്ച അവൾ വ്യക്തമായി കേട്ടു അവൾ തന്റെ ചെറുവാതില്ക്കലേക്ക് ഓടിച്ചെന്ന് അതു തുറന്നു; യാതൊരു സംശയവുമില്ല, കൈയിൽ ഒരു വലിയ വടിയോടുകൂടി ആരോ തോട്ടത്തിലുണ്ട്. അവൾ നിലവിളിക്കാൻ പുറപ്പെട്ടതോടുകൂടി ചന്ദ്രൻ ആ മനുഷ്യന്റെ മുഖാകൃതി തെളിയിച്ചു കാണിച്ചു. അതവളുടെ അച്ഛനാണ്. അവൾ തിരിയേ കിടക്കമേൽ കിടന്നു; ഇങ്ങനെ മന്ത്രിച്ചുംകൊണ്ടാണത്: ‘അച്ഛന്നു തീരെ സുഖമില്ല.’

ഴാങ് വാൽഴാങ് ആ രാത്രിയും പിന്നെ രണ്ടു രാത്രികൾകൂടിയും തോട്ടത്തിൽ കഴിച്ചു. കൊസെത്ത് ജനാലപ്പഴുതിലൂടെ അയാളെ കണ്ടു.

മൂന്നാം ദിവസം, കറുത്ത പക്ഷമായതുകൊണ്ടു ചന്ദ്രൻ കുറേക്കൂടി കഴിഞ്ഞിട്ടാണുദിച്ചത്; പുലരാൻ ഒരു മണിസ്സമയത്താവണം, ഒരു പൊട്ടിച്ചിരിയും, അച്ഛൻ തന്നെ വിളിക്കുന്നതും കേട്ടു: ‘കൊസെത്ത്!’

അവൾ ചാടിയെണീറ്റു, ക്ഷണത്തിൽ നിലയങ്കിയെടുത്തു മേലിട്ടു. ജനാല തുറന്നു.

അവളുടെ അച്ഛൻ താഴത്തുള്ള പുൽത്തകിടിയിൽ നില്ക്കുന്നു.

‘ഞാൻ നിന്നെ ധൈര്യപ്പെടുത്തുവാൻ വേണ്ടിയാണ് വിളിച്ചുണർത്തിയത്’, അയാൾ പറഞ്ഞു. ‘നോക്കൂ, അതാ നിന്റെ വട്ടത്തൊപ്പിവെച്ച നിഴൽ.’

മൈതാനത്തിൽ നിലാവത്തുണ്ടായിട്ടുള്ള നിഴൽ അയാൾ ചൂണ്ടിക്കാട്ടി; അതിനു വാസ്തവത്തിൽ വട്ടത്തൊപ്പിയോടുകൂടിയ ഒരു പുരുഷന്റെ നല്ല ഛായയുണ്ടായിരുന്നു. അടുത്തുള്ള ഒരു മേൽപ്പുരയിൽനിന്നു പൊന്തി നില്ക്കുന്നതും പുകക്കുഴൽത്തൊപ്പിയോടുകൂടിയതുമായ ഇരിമ്പുതകിടു തീക്കുഴൽ ഉണ്ടാക്കിയതാണ് ആ നിഴൽ.

കൊസെത്ത് അയാളുടെ ചിരിയിൽ പങ്കുകൊണ്ടു; വ്യസനമയങ്ങളായ അവളുടെ എല്ലാ ഊഹങ്ങളും നീങ്ങി; പിറ്റേദിവസം രാവിലെ താൻ അച്ഛനോടുകൂടിയിരുന്നു പ്രാതൽ കഴിക്കുമ്പോൾ ഇരിമ്പു തീക്കുഴൽത്തൊപ്പികളുടെ നിഴലുകളാൽ പ്രേതസഞ്ചാരമുള്ളതായ ആ അപകടംപിടിച്ച തോട്ടത്തെപ്പറ്റി അവൾ നേരമ്പോക്കു പറഞ്ഞു.

ഒരിക്കൽക്കൂടി ഴാങ് വാൽഴാങ്ങിനു സമാധാനമായി; കൊസെത്താണെങ്കിൽ, താൻ കണ്ട—അല്ലെങ്കിൽ കണ്ടു എന്നു വിചാരിച്ച—നിഴലിന്റെ ഭാഗത്തേക്കുതന്നെയായിരുന്നുവോ തീക്കുഴലിന്റെ നില എന്നോ, ചന്ദ്രൻ ആകാശത്തിൽ ആ സ്ഥലത്തു തന്നെയായിരുന്നുവോ അന്ന് എന്നോ ഉള്ളതിനെപ്പറ്റി അധികമൊന്നും ശ്രദ്ധിച്ചില്ല.

എന്നല്ല, ആ വിധത്തിൽ കണ്ടെത്തിപ്പോകുന്നതിൽ ഭയമുള്ളതും ആരെങ്കിലും തന്റെ നിഴലിലേക്കു നോക്കുമ്പോഴേക്കു മാറിപ്പോകുന്നതുമായ ഒരു തീക്കുഴലിന്റെ അപൂർവ്വതയെപ്പറ്റി അവൾ ആലോചിച്ചില്ല— കൊസെത്ത് തിരിഞ്ഞുനോക്കിയതോടുകൂടി നിഴൽ പേടിച്ചുപോകയുണ്ടായല്ലോ; അക്കാര്യത്തിൽ കൊസെത്തിനു നല്ല തീർച്ചയുണ്ട്. കൊസെത്തിന്റെ മനഃസ്വാസ്ഥ്യം തികച്ചും വീണ്ടുകിട്ടി. തെളിവു പരിപൂർണ്ണമായി എന്നവൾക്കു തോന്നി; വൈകുന്നേരത്തോ രാത്രിസമയത്തോ തോട്ടത്തിൽ ആരെങ്കിലും നടന്നിരുന്നു എന്നു വരാമോ എന്നുള്ള ശങ്ക അവളുടെ മനസ്സിൽനിന്നു തീരെ മറഞ്ഞു. എന്തായാലും കുറച്ചു ദിവസത്തിനുശേഷം മറ്റൊരു പുതുസംഭവമുണ്ടായി.

കുറിപ്പുകൾ

[1] ബാറൺ വോൺ വെബ്ബർ പ്രസിദ്ധനായ ഒരു ജർമ്മൻഗാനകാരനാണ്. ഇദ്ദേഹത്തിന്റെയാണ് മുൻ സൂചിപ്പിച്ച പാട്ട്.

4.4.3
തുസ്സാങ്ങിന്റെ വ്യാഖ്യാനങ്ങളെക്കൊണ്ട് വിലകൂടിയത്

തോട്ടത്തിൽ, തെരുവിലെ അഴിനിരക്കരികിലായി, ഉത്കണ്ഠിതരുടെ നോട്ടത്തിൽനിന്ന് ഇരിമ്പകപ്പടർപ്പിനാൽ മറയപ്പെട്ടതായി, എങ്കിലും ആവശ്യം വന്നാൽ മരങ്ങളുടേയും പടിയുടേയും അപ്പുറത്തുനിന്ന് കൈയെത്തിച്ചാൽ തൊടാവുന്നതായി, ഒരു കല്ലുബെഞ്ചുണ്ട്.

ആ ഏപ്രിൽമാസത്തിൽത്തന്നെ ഒരു ദിവസം വൈകുന്നേരം ഴാങ് വാൽഴാങ് പുറത്തേക്കു പോയി; സന്ധ്യയ്ക്കുശേഷം കൊസെത്ത് ചെന്ന് ആ ബെഞ്ചിന്മേൽ ഇരുന്നു. കാറ്റു ചുറുചുറുക്കോടുകൂടി മരങ്ങളിലൂടെ പാഞ്ഞുകളിക്കുകയാണ്; കൊസെത്ത് മനോരാജ്യം വിചാരിക്കയും; ഒരനുദ്ദേശ്യമായ കുണ്ഠിതം, വൈകുന്നേരത്താൽ ഇളക്കിവിടപ്പെട്ടതും, പക്ഷേ—ആർക്കറിയാം? ആ സമയത്തു തുറന്നു കിടക്കുന്ന ശവക്കല്ലറയിലെ നിഗൂഢതയിൽനിന്നു പുറപ്പെടുന്നതുമായ ആ അജയ്യമായ കുണ്ഠിതം, കുറെശ്ശെക്കുറേശ്ശയായി അവളെ ബാധിക്കുന്നുണ്ട്.

ആ നിഴല്പാടിൽ പക്ഷേ, ഫൻതീൻ ഉണ്ടായിരുന്നിരിക്കാം.

കൊസെത്ത് എണീറ്റു, മഞ്ഞുകൊണ്ടു നനഞ്ഞിട്ടുള്ള പുല്ലിലൂടെ, താൻ അപ്പോൾ പെട്ടിരിക്കുന്ന അത്തരം ദുഃഖമയമായ സ്വപ്നാടനത്തിൽ ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ടു, പതുക്കെ തോട്ടത്തിൽ ലാത്തി—‘നിശ്ചയമായും ഈ സമയത്തു തോട്ടത്തിൽ നടക്കാൻ കാലിന്മേൽ മരപ്പാപ്പാസുവേണം. ജലദോഷം പിടിച്ചു പോവും.’

അവൾ ബെഞ്ചിന്മേല്ക്കു മടങ്ങി

അവൾ തിരിച്ചുചെന്ന് ഇരിക്കാൻ തുടങ്ങുമ്പോൾ, തീർച്ചയായും ഒരു നിമിഷത്തിനുമുൻപ് ഇല്ലാതിരുന്ന സാമാന്യം വലിയ ഒരു കല്ല് അവിടെ ഉള്ളതായി കണ്ടു.

കൊസെത്ത് ഇതെന്താണെന്നു സംശയിച്ചുകൊണ്ട് ആ കല്ലു സൂക്ഷിച്ചു നോക്കി. ആ കല്ലു ബെഞ്ചിന്മേലേക്കു തനിയേ വന്നതായിരിക്കില്ലെന്നും, ആരോ അതവിടെ വെച്ചതാവണമെന്നും, അഴികൾക്കിടയിലൂടെ ആരോ കൈയിട്ടിട്ടുണ്ടെന്നും പെട്ടെന്ന് അവൾക്കൊരു വിചാരം വന്നു; ഇതവളെ പേടിപ്പിച്ചു. ഇത്തവണ, ഭയം ശരിയായിരുന്നു; കല്ലവിടെയുണ്ട്. സംശയത്തിനു വഴിയില്ല; അവൾ അതു തൊട്ടില്ല. പിന്നോക്കം തിരിഞ്ഞുനോക്കാതെ പറഞ്ഞു, വീട്ടിൽച്ചെന്നഭയം പ്രാപിച്ചു; ഉടനെ ജനാലകൾ അടച്ചു, കുറ്റിയിട്ടു, ഒതുക്കുകളിലേക്കുള്ള വാതിൽജ്ജനാല ഓടാമ്പലിട്ടു. അവൾ തുസ്സാങ്ങോടു ചോദിച്ചു: ‘അച്ഛൻ മടങ്ങിയെത്തിയോ?’

‘ഇല്ല, മാംസേൽ.’

(തുസ്സാങ് വിക്കിയിരുന്നതായി ഞങ്ങൾ പറഞ്ഞുവല്ലോ, ഇനി അതിനു സംഗതിവരാതിരിക്കട്ടെ. ഒരു രോഗസംബന്ധിയായ സംഗീതസംജ്ഞയോടു ഞങ്ങൾക്കു വെറുപ്പാണ്.)

വിചാരശീലനും രാത്രിസഞ്ചാരം ഇഷ്ടപ്പെട്ടാളുമായ ഴാങ് വാൽഴാങ് പലപ്പോഴും വളരെ രാച്ചെന്നേ തിരിച്ചെത്താറുള്ളൂ.

‘തുസ്സാങ്’, കൊസെത്ത് പറഞ്ഞു തുടങ്ങി, ‘തോട്ടത്തിലേക്കു കടക്കാനുള്ള പഴുതുകൾ നല്ലവണ്ണം അടച്ചു വിലങ്ങിടുന്നതിലും അവയടയ്ക്കാനുള്ള വട്ടക്കണ്ണികളിൽ അതാതിരുമ്പിൻകഷ്ണങ്ങൾ തിരുകുന്നതിലും നല്ലവണ്ണം മനസ്സുവെയ്ക്കുന്നില്ലേ?’

‘ഓ, അക്കാര്യത്തിൽ ശങ്കിക്കാനില്ല.’

തുസ്സാങ് അതൊക്കെ ശരിക്കു ചെയ്യാറുണ്ട്. അതു കൊസെത്തിനു നല്ലവണ്ണമറിയാം; എങ്കിലും ഇങ്ങനെ തുടർന്നു പറയാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല; ‘ഈ പ്രദേശം അത്ര നിർജ്ജനമാണ്.’

‘അതിനെപ്പറ്റിയാണെങ്കിൽ,’ അവൾ പറഞ്ഞു, ‘അതു ശരിയാണ്. ‘അയ്യോ’ എന്നു പറയാൻ ഇടകിട്ടുന്നതിനു മുൻപ് നമ്മെ ആരെങ്കിലും കഥകഴിച്ചു എന്നുവരാം.

എന്നല്ല, അദ്ദേഹം ഇവിടെ കിടക്കുന്നുമില്ല, പോരാത്തതിന്, പക്ഷേ, ഒന്നും പേടിക്കേണ്ടാ; ഞാൻ ജെയിലുകളിലെ മാതിരി വാതിലുകളൊക്കെ അടച്ചുപൂട്ടാറുണ്ട്. പെണ്ണുങ്ങൾ തനിച്ച്! അതു മതി ആലോചിച്ചാൽ പേടിക്കാൻ; നിങ്ങൾ പറയുന്നത് ശരിയാണ്. രാത്രി നിങ്ങളുടെ കിടപ്പുമുറിയിലേക്ക് ആളുകൾ കയറി എന്നു വെയ്ക്കുക; മിണ്ടിപ്പോകരുത് എന്നും പറഞ്ഞ്, കഴുത്തു മുറിക്കാൻ തുടങ്ങിയാൽ, ആലോചിച്ചുനോക്കു. മരിക്കുന്നതല്ല സാരം; നിങ്ങൾ മരിക്കും; എല്ലാവരും മരിക്കും; അതൊക്കെ ശരി; ആ കൂട്ടർ നിങ്ങളെ കടന്നുതൊടുമ്പോഴത്തെ ആ അറപ്പ്! പിന്നെ, അവരുടെ കത്തി, അതുകൊണ്ട് വേണ്ടവിധം മുറിക്കാൻ അവർക്കു നിശ്ചയമുണ്ടാവില്ല. ഹാ, എന്റെ ജഗദീശ്വരാ.’

‘മിണ്ടാതിരിക്കൂ’ കൊസെത്ത് പറഞ്ഞു. ‘ഒക്കെ നല്ലവണ്ണം അടച്ചു പൂട്ടിയിടൂ.’

തുസ്സാങ് തൽക്ഷണം കെട്ടിയുണ്ടാക്കിയ വിചിത്രനാടകംകൊണ്ടും ഓർമ്മവന്ന ആ കഴിഞ്ഞാഴ്ചയിലെ പ്രേതക്കാഴ്ചകളെക്കുറിച്ചുള്ള വിചാരംകൊണ്ടും ഭയപ്പെട്ട കൊസെത്തിനു, ‘പോയി, ആ കല്ലുബെഞ്ചിന്മേൽ വെച്ചിട്ടുള്ള കല്ലൊന്നു നോക്കൂ’ എന്നു പറയാൻകൂടി ധൈര്യമുണ്ടായില്ല; തോട്ടത്തിലേക്കുള്ള വാതിൽ തുറന്നാൽ ‘ആളുകൾ’ അകത്തേക്കു കയറിവന്നാലോ! വാതിലുകളും ജനാലകളും സനിഷ്കർഷമായി ബന്ധിച്ചിട്ടുണ്ടെന്ന് അവൾ കണ്ടു; തട്ടിൻപുറത്തുനിന്നു തുടങ്ങി നിലവറക്കുണ്ടുവരെ എല്ലായിടത്തും തുസ്സാങ്ങിനെ പറഞ്ഞയച്ചു നോക്കിച്ചു; സ്വന്തം കിടപ്പുമുറി പൂട്ടി, അഴിയിട്ടു, കട്ടിലിന്റെ ചുവട്ടിലൊക്കെ നോക്കി, ചെന്നുകിടന്നു, അവൾ കുറച്ചൊക്കെ ഉറങ്ങി; മലയോളം വലിയതും ഗുഹകൾ കൊണ്ടു നിറഞ്ഞതുമായ ആ കല്ലു രാത്രി മുഴുവനും അവൾ കണ്ടു.

പുലർച്ചെ—തലേദിവസം രാത്രിയിലെ ഭയപ്പാടുകളെയെല്ലാം പറ്റി നമ്മെക്കൊണ്ടു ചിരിപ്പിക്കുന്നതാണ് ഉദിച്ചുവരുന്ന സൂര്യനുള്ള ഗുണം; ചിരിയുടെ കനം നമ്മുടെ ഭയത്തിന്റെ വലുപ്പമനുസരിച്ചിരിക്കും— ഉണർന്നെണീറ്റപ്പോൾ കൊസെത്ത് തന്റെ ഭയത്തെ ഒരു ഭയങ്കരസ്വപ്നമാക്കി; അവൾ സ്വയം പറഞ്ഞു: ‘ഞാനെന്തേ ആലോചിച്ചിരുന്നത്? ഒന്നോ രണ്ടോ ആഴ്ചയ്ക്കുമുൻപു ഞാൻ കേട്ടു എന്ന് വിചാരിച്ച കാല്പെരുമാറ്റങ്ങളെപ്പോലെത്തന്നെയാണത്! തീക്കുഴൽത്തൊപ്പിയുടെ നിഴൽപോലെത്തന്നെ! ഞാൻ ഒരു പേടിത്തൊണ്ടിയാകയാണോ?’ ജനാലപ്പഴുതിലൂടെ മിന്നുകയും പനിനീർപ്പൂനിറത്തിലുള്ള മറശ്ശീലകളെ ചുകപ്പിക്കുകയും ചെയ്യുന്ന സൂര്യൻ സർവ്വവും, കല്ലുകൂടി, ആലോചനകളിൽനിന്നു മാഞ്ഞുപോകുമാറ് അവളെ അത്രമേൽ ധൈര്യപ്പെടുത്തി.

‘തോട്ടത്തിൽ വട്ടത്തൊപ്പി വെച്ചിട്ടുള്ള ഒരാളുണ്ടായിരുന്നതിലധികമായി ഒരു കല്ലും ബെഞ്ചിന്മേലില്ല; ഞാൻ മറ്റുള്ളതൊക്കെയെന്നപോലെ കല്ലും സ്വപ്നം കണ്ടു.’

അവൾ ഉടുപ്പിട്ടു, തോട്ടത്തിലേക്കിറങ്ങി, ബെഞ്ചിന്നടുക്കലേക്കു പാഞ്ഞു; അവൾ വിയർത്തു മുങ്ങിപ്പോയി, കല്ലതാ, അവിടെ.

പക്ഷേ, ഇതൊരു നിമിഷനേരമേ ഉണ്ടായുള്ളു. രാത്രിയിൽ ഭയമാകുന്നതു പകൽ ജിജ്ഞാസയാണ്.

‘ഹാ’! അവൾ പറഞ്ഞു, ‘ആട്ടെ, നമുക്കെന്താണെന്നു നോക്കുക.’

അവൾ കല്ലു പൊന്തിച്ചു; അത് സാമാന്യം വലുതായിരുന്നു. അതിനു ചുവട്ടിൽ ഒരു കത്തിന്റെ ഛായയുള്ള എന്തോ ഒന്നുണ്ട്. അതൊരു വെളുത്ത ലക്കോട്ടാണ്. കൊസെത്ത് അതു കടന്നെടുത്തു. അതിന്റെ അകത്തു മേൽവിലാസമില്ല. പുറത്തു മുദ്രയുമില്ല. എങ്കിലും, മുദ്ര വെയ്ക്കാത്തതായാലും, ലക്കോട്ടു വെറും ലക്കോട്ടല്ല. ഉള്ളിൽ കടലാസ്സു കാണാനുണ്ട്.

കൊസെത്ത് അതു പരീക്ഷിച്ചു, അവൾക്കുള്ളതു പേടിയല്ലാതായി, ജിജ്ഞാസയുമല്ലാതായി, ഉത്കണ്ഠയുടെ ആരംഭമായി.

കൊസെത്ത് ലക്കോട്ടിലുള്ള സാധനം പുറത്തേക്കെടുത്തു; അതൊരു ചെറിയ നോട്ടുപുസ്തകമായിരുന്നു; ഓരോ ഭാഗത്തും നമ്പറിട്ടിട്ടുണ്ട്; ഓരോന്നിലും, കൊസെത്തിന്റെ അഭിപ്രായത്തിൽ വളരെ മേത്തരവും ഏറ്റവും ഭംഗികൂടിയതുമായ കൈയക്ഷരത്തിൽ ചില വരികൾ എഴുതിയിരിക്കുന്നു.

കൊസെത്ത് പേർ തിരഞ്ഞുനോക്കി; പേരില്ല. ഇതാർക്കായിരിക്കാം? പക്ഷേ, തനിക്ക്, തന്റെ ബെഞ്ചിന്മേലാണല്ലോ അതാരോ കൊണ്ടുവന്നു വെച്ചത്. അതാരയച്ചതായിരിക്കും? തടുത്തുകൂടാത്ത ഒരു രസം അവളെ ബാധിച്ചു; കൈയിലിരുന്നു വിറയ്ക്കുന്ന ആ ഏടുകളിലേക്കു നോക്കാതെ കഴിക്കാൻ അവൾ ശ്രമിച്ചു; അവൾ ആകാശത്തേക്കും, തെരുവിലേക്കും, വെളിച്ചത്തിൽ ആകെ മുങ്ങിയിരിക്കുന്ന പടിത്തൂണുകളിലേക്കും, അടുത്ത ഒരു മേൽപ്പുരയ്ക്കുമീതെ പാറിപ്പറക്കുന്ന പിറാവുകളുടെ നേർക്കും സൂക്ഷിച്ചുനോക്കി; ഉടനെ അവളുടെ ദൃഷ്ടി ആ കൈയെഴുത്തുകോപ്പിയിൽ പതിഞ്ഞു; അതിൽ എന്താണുള്ളതെന്നു നോക്കിയറിഞ്ഞേ കഴിയൂ എന്ന് അവൾ സ്വയം പറഞ്ഞു.

4.4.4
ഒരു കല്ലിനു ചുവട്ടിൽ ഒരു ഹൃദയം

പ്രപഞ്ചം ഒരാളിലേക്കു ചുരുങ്ങുക, ഒരാൾ ഈശ്വരനിലോളംതന്നെ വലുതാവുക— അതാണ് അനുരാഗം.

അനുരാഗം എന്നതു ദേവകൾ നക്ഷത്രങ്ങളോടു ചെയ്യുന്ന അഭിവാദ്യമാണ്.

അനുരാഗംമൂലം വ്യസനിക്കുമ്പോൾ, ആത്മാവ് എന്തു വ്യസനമയമാണ്!

തനിയേതന്നെ ലോകത്തെ പരിപൂർണ്ണമാക്കുന്ന ആ അവളുടെ അഭാവത്തിൽ എന്തൊരു ശൂന്യത! ഹാ! പ്രണയഭാജനം ഈശ്വരനായിത്തീരുന്നു എന്നത് എത്ര വാസ്തവം! സർവ്വത്തിന്റേയും ഏകപിതാവായ ഈശ്വരൻ വാസ്തവമായി പ്രപഞ്ചം മുഴുവനും ആത്മാവിന്നായും ആത്മാവ് അനുരാഗത്തിന്നായുമല്ല സൃഷ്ടിച്ചിരുന്നതെങ്കിൽ, തന്തിരുവടിക്ക് ഇതിൽ അസൂയ തോന്നിപ്പോയേനേ!

ഊതനിറത്തിലുള്ള ഒരു മുഖമറയോടുകൂടിയ പട്ടുചുരുൾത്തൊപ്പിയുടെ ഉള്ളിൽനിന്ന് ഒരു പുഞ്ചിരി ഒരു നോക്കു കണ്ടാൽ മതി, ആത്മാവ് സങ്കല്പക്കൊട്ടാരത്തിലേക്കു പ്രവേശിക്കാൻ.

ഈശ്വരൻ എല്ലാറ്റിനും പിന്നിലുണ്ട്, പക്ഷേ, എല്ലാം ഈശ്വരനെ മറയ്ക്കുന്നു. എല്ലാ വസ്തുക്കളും കറുത്തിട്ടാണ്; എല്ലാ ജീവികളുമിരുന്നിട്ടും ഒരു സത്ത്വത്തെ സ്നേഹിക്കുക എന്നത് അതിനെ സ്വച്ഛമാക്കുകയാണ്.

ചില വിചാരങ്ങൾ ഈശ്വരവന്ദനങ്ങളാണ്. ചില ഘട്ടങ്ങളുണ്ട്—അപ്പോൾ, ദേഹത്തിന്റെ നില എന്തുതന്നെയായാലും, ആത്മാവു മുട്ടുകുത്തിയിരിക്കും.

പിരിഞ്ഞുപോയ കാമിനീകാമുകന്മാർ ഒരായിരം മനോരാജ്യസൂത്രങ്ങളെക്കൊണ്ട് അപ്രത്യക്ഷതയെ തോല്പിക്കുന്നു, ഏതായാലും, അവയ്ക്കെല്ലാം സ്വന്തമായി ഒരു വാസ്തവത്വമുണ്ട്. അവർക്കു തമ്മിൽ കാണാൻ തരമില്ല; അന്യോന്യം കത്തയപ്പാൻ കഴിവില്ല; അവർ കത്തിടപാടു നടത്താൻ ഒരു ലക്ഷം നിഗൂഢമാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നു. അവർ പക്ഷികളുടെ പാട്ടിനെ, പുഷ്പങ്ങളുടെ സുഗന്ധത്തെ, കുട്ടികളുടെ പുഞ്ചിരിയെ, സൂര്യന്റെ വെളിച്ചത്തെ, കാറ്റിന്റെ നെടുവീർപ്പുകളെ, നക്ഷത്രങ്ങളുടെ രശ്മികളെ പ്രപഞ്ചത്തെയാകെ, അങ്ങോട്ടുമിങ്ങോട്ടും ദൂതയയ്ക്കുന്നു. എന്തുകൊണ്ടു വേണ്ടാ? ഈശ്വരസൃഷ്ടികളെല്ലാം അനുരാഗത്തെ ശുശ്രൂഷിക്കാൻ ഉണ്ടാക്കപ്പെട്ടവയാണ്. പ്രകൃതിയെക്കൊണ്ട് തന്റെ സന്ദേശം വഹിപ്പിക്കുവാൻ അനുരാഗത്തിനു ശക്തിയുണ്ട്.

അല്ലയോ വസന്തമേ! അങ്ങു ഞാൻ അവൾക്കെഴുതുന്ന ഒരു കത്താണ്.

മനസ്സുകൾക്കെന്നതിലധികം ഹൃദയങ്ങൾക്കു ചേർന്നതാണ് ഭാവി? അനുരാഗം—ശാശ്വതത്വത്തെ ആകെ നിറയ്ക്കുവാൻ അതൊന്നുമാത്രമേ ഉള്ളൂ. അപാരതയ്ക്കുള്ളിൽ അക്ഷയ്യത അത്യാവശ്യമാണ്.

അനുരാഗം ആത്മാവിനെത്തന്നെ പങ്കുകൊള്ളുന്നു. അതും അതേ മട്ടിലുള്ളതാണ്. ആ മട്ടിൽത്തന്നെ അതും ദിവ്യമായ തേജഃസ്ഫുലിംഗമാണ്. ആ മട്ടിൽത്തന്നെ അതും അവിഭാജ്യമാണ്; അനശ്വരമാണ്. അതു നമ്മുടെ ഉള്ളിലുള്ള ഒരഗ്നിജ്ജ്വാലയാണ്; അതു സനാതനമാണ്; അപാരമാണ്; അതിനെ യാതൊന്നിനും അടച്ചിടാൻ വയ്യാ. യാതൊന്നിനും കെടുക്കാനും വയ്യാ. നമ്മുടെ എല്ലുകളിലുള്ള മജ്ജയിലേക്കുതന്നെ അതും കത്തിപ്പിടിക്കുന്നതായി തോന്നുന്നു; ആകാശത്തിന്റെ അറ്റത്തെ അഗാധതകളിൽപ്പോലും അതു മിന്നുന്നതായി കാണുന്നു.

അഹോ അനുരാഗം; ആരാധനകൾ! അന്യോന്യം അറിയുന്ന രണ്ടു മനസ്സുകളുടെ, അന്യോന്യം കൈമാറുന്ന രണ്ടു ഹൃദയങ്ങളുടെ, അന്യോന്യം തുളഞ്ഞുകടക്കുന്ന രണ്ടു നോട്ടങ്ങളുടെ, മദോന്മാദം! ആനന്ദമേ, അങ്ങ് എന്നെ പ്രാപിക്കില്ലേ? ഏകാന്തതകളിൽ ഇണചേർന്നുകൊണ്ടുള്ള ലാത്തലുകൾ! അനുഗൃഹീതങ്ങളും പ്രകാശമാനങ്ങളുമായ ദിവസങ്ങൾ! ഇടയ്ക്കിടയ്ക്കു ദേവകളുടെ ആയുസ്സിൽ നിന്നു വിട്ടുപോന്ന മണിക്കൂറുകൾ മനുഷ്യജീവിതത്തിലൂടെ ലാത്താൻവേണ്ടി ഇങ്ങോട്ടു, ഭൂമിയിലേക്കു, വരുന്നതായി ഞാൻ ചിലപ്പോൾ വിചാരിക്കാറുണ്ട്.

അന്യോന്യം സ്നേഹിക്കുന്നവരുടെ സുഖത്തോട് അതിലധികമൊന്നും കൂട്ടിച്ചേർക്കാൻ ഈശ്വരന്നു സാധിക്കില്ല; ഒന്നുമാത്രം—അതിനെ അവസാനമില്ലാത്തേടത്തോളം കാലം നിലനിർത്താം. അനുരാഗപൂർണ്ണമായ ഒരു ജീവിതത്തിനു ശേഷം, അനുരാഗപൂർണ്ണമായ ഒരു ശാശ്വതത്വം എന്നതു വാസ്തവത്തിൽ ഒരു വലുപ്പംകൂടലാണ്; എന്നാൽ ഈ ലോകത്തിൽത്തന്നെ അനുരാഗം ആത്മാവിന്നുണ്ടാക്കിക്കൊടുക്കുന്ന ആ അനിർവചനീയ സുഖത്തിനു കനം കൂട്ടുവാൻ ഈശ്വരനെക്കൊണ്ടുംകൂടി സാധിക്കില്ല. സ്വർഗ്ഗത്തിന്റെ പരിപൂർണ്ണതയാണ് ഈശ്വരൻ; മനുഷ്യന്റെ പരിപൂർണ്ണതയാണ് അനുരാഗം.

നിങ്ങൾ നക്ഷത്രത്തെ രണ്ടു കാരണങ്ങളെക്കൊണ്ടു നോക്കിക്കാണുന്നു; അതു പ്രകാശമാനമായതുകൊണ്ടും, അതു ദുർഗ്രഹമായതുകൊണ്ടും, കുറെക്കൂടി ഹൃദയാകർഷകമായ ഒരു പ്രകാശവും കുറെക്കൂടി മഹത്തരമായ ഒരു നിഗൂഢതയും നിങ്ങളുടെ അടുത്തുണ്ട്. സ്ത്രീ.

നമുക്കെല്ലാം—നമ്മൾ ആരായാലും ശരി—പ്രാണവായുക്കളായ സത്ത്വങ്ങളുണ്ട്. നമുക്കു കാറ്റ് കിട്ടാഞ്ഞിട്ടുള്ള മരണം ഭയങ്കരമാണ്. ആത്മാവിന്റെ ശ്വാസംമുട്ടൽ.

അനുരാഗം രണ്ടുപേരെ ഉരുക്കി ദിവ്യവും പരിശുദ്ധവുമായ ഒരു ബന്ധത്തിൽ കൂട്ടിവിളക്കിയാൽ, ആ രണ്ടു പേരെസ്സംബന്ധിച്ചേടത്തോളമുള്ള ജീവിതരഹസ്യം വെളിപ്പെട്ടു, അവർ പിന്നെ ഒരേ ജീവിതത്തിന്റെതന്നെ രണ്ടതിർത്തികളല്ലാതെ മറ്റൊന്നുമല്ല; അവർ പിന്നെ ഒരേ ആത്മാവിന്റെതന്നെ രണ്ടു ചിറകുകളല്ലാതെ മറ്റൊന്നുമല്ല. സ്നേഹിക്കുക, പറക്കുക.

ഒരു സ്ത്രീ നിങ്ങളുടെ മുൻപിലൂടെ പോകുമ്പോൾ ആ നടത്തത്തിൽ നിങ്ങളുടെ മേലേക്ക് ഒരു വെളിച്ചം തട്ടിക്കുന്നതെന്നോ അന്നു നിങ്ങളുടെ കഥ തീർന്നു; നിങ്ങൾ അനുരാഗത്തിൽപ്പെട്ടു. ഒന്നുകൂടിയേ പിന്നെ നിങ്ങൾ ചെയ്യേണ്ടതുള്ളു; നിങ്ങളെപ്പറ്റി അവൾക്കു വിചാരിക്കാതെ നിവൃത്തിയില്ലെന്നാകത്തക്കവിധം അത്രമേൽ സശ്രദ്ധമായി നിങ്ങൾ അവളെപ്പറ്റി വിചാരിക്കുക.

അനുരാഗം തുടങ്ങിവെച്ചതിനെ ഈശ്വരന്നു മാത്രമേ മുഴുമിപ്പിക്കാൻ സാധിക്കു.

വാസ്തവാനുരാഗം ഒരു കൈയുറ കാണാതായതുകൊണ്ടു നിരാശമാവുന്നു: ഒരു കൈലേസ് കണ്ടെത്തിയതുകൊണ്ടു മതിമറന്നാഹ്ലാദിക്കുന്നു; അതിന്റെ ആസ്ഥയ്ക്കും ആശയ്ക്കും ശാശ്വതത്വം മുഴുവൻ കിട്ടണം. അപാരമായ മഹത്ത്വവും അപാരമായ അണുത്വവും കൂടിച്ചേർന്നതാണത്.

നിങ്ങൾ ഒരു കല്ലാണെങ്കിൽ, വജ്രമാവുക; നിങ്ങൾ ഒരു ചെടിയാണെങ്കിൽ, തൊട്ടാവാടിയാവുക; നിങ്ങൾ മനുഷ്യനാണെങ്കിൽ അനുരാഗമാവുക.

യാതൊന്നുകൊണ്ടുമില്ല അനുരാഗത്തിനു തൃപ്തി. നമുക്കു സുഖമാണ്, നമുക്കു സ്വർഗ്ഗം കിട്ടണം; നമുക്കു സ്വർഗ്ഗം കിട്ടി, നമുക്കു വൈകുണ്ഠം വേണം.

അല്ലയോ അന്യോന്യം സ്നേഹിക്കുന്നവരേ, ഇതെല്ലാമുണ്ട് സ്നേഹത്തിൽ. അതിനെ അവിടെ കണ്ടുപിടിക്കേണ്ടതെങ്ങനെ എന്നു മനസ്സിലാക്കുക. സ്നേഹത്തിനു സ്വർഗ്ഗമെന്നപോലെ ആലോചനാശീലമുണ്ട്; സ്വർഗ്ഗത്തിലുംമീതേ, അതിനു വിഷയലമ്പടത്വമുണ്ട്.

‘അവൾ ഇപ്പോഴും ലുക്സെംബുറിലേക്കു വരാറുണ്ടോ?’ ‘ഇല്ല, സേർ.’ ‘അവൾ കുർബ്ബാനയ്ക്കു വരാറുള്ളത് ഈ പള്ളിയിലേക്കാണ്, അല്ലോ?’ ‘അവളിപ്പോൾ ഇങ്ങോട്ടു വരാറില്ല’ ‘അവൾ ഇപ്പോഴും ഈ വീട്ടിൽ താമസമുണ്ടോ?’ ‘അവൾ ഇവിടെനിന്നു പോയി.’ ‘ഇപ്പോൾ താമസിക്കുന്നതെവിടെയാണ്?’ പറഞ്ഞില്ല.’

അവനവന്റെ ആത്മാവിനുള്ള മേൽവിലാസം അറിഞ്ഞുകൂടെന്നുവെച്ചാൽ എന്തു സങ്കടം!

അനുരാഗത്തിനു അതിന്റെ ബാലിശത്വമുണ്ട്; മറ്റു വികാരങ്ങൾക്ക് അവയുടെ നിസ്സാരതകളുണ്ട്. മനുഷ്യനെ ചെറുതാക്കുന്ന വികാരങ്ങൾ നികൃഷ്ടങ്ങൾതന്നെ! മനുഷ്യനെ കുട്ടിയാക്കുന്ന ആ ഒന്നു ബഹുമാന്യം!

ഒരത്ഭുതമുണ്ട്, അതറിയാമോ? ഞാൻ പാർക്കുന്നതു രാത്രിയിലാണ്. ഒരുവളുണ്ട്, പോകുന്ന പോക്കിൽ അവൾ എന്റെ ആകാശവുംകൊണ്ടു നടന്നു.

ഹാ! നമ്മൾ അടുത്തടുത്ത് ഒരു ശവക്കല്ലറയിൽ കൈയോടു കൈ ചേർത്ത് ഇടയ്ക്കിടയ്ക്ക് ഇരുട്ടത്തുവെച്ച് ഒരു കൈവിരൽ പതുക്കെ ഓമനിച്ചുകൊണ്ട് അങ്ങനെ കിടക്കാൻ പറ്റിയിരുന്നുവെങ്കിൽ—എന്റെ ശാശ്വതത്വത്തിനതു മതി.

സ്നേഹിക്കുന്നതുകൊണ്ടു സങ്കടമനുഭവിക്കുന്ന അങ്ങ്, ഇനിയും അധികം സ്നേഹിക്കുക! സ്നേഹിച്ചിട്ടു മരിക്കുക സ്നേഹത്തിൽ ജീവിക്കുകയാണ്!

അനുരാഗം. ഈ കഠിനദണ്ഡനത്തിൽ ഇരുണ്ടതും നക്ഷത്രമയവുമായ ഒരു രൂപമാറ്റമുണ്ട്, മരണവേദനയിൽ ആനന്ദമൂർച്ചയുണ്ട്.

ഹാ, പക്ഷികളുടെ ആനന്ദം! കൂടുകളുള്ളതുകൊണ്ടാണ് അവ പാടുന്നത്.

സ്വർഗ്ഗത്തിലെ വായുകൊണ്ടുള്ള ഒരു ദിവ്യമായ ശ്വാസംകഴിക്കലാണ് അനുരാഗം.

അഗാധഹൃദയങ്ങൾ, ഋഷിത്വമുള്ള മനസ്സുകൾ, ഈശ്വരൻ സൃഷ്ടിച്ച വിധത്തിൽ ജീവിതത്തെ കൈക്കൊള്ളുന്നു; ‘അതൊരു ദീർഘസങ്കടമാണ്—ഒരജ്ഞാത ജീവിതത്തിലേക്കുള്ള ഒരു ദുർഗ്രഹമായ ഒരുക്കം. ഈ ജീവിതം, പരമാർത്ഥമായ ജീവിതം, മനുഷ്യന്നു ശവക്കല്ലറയിലേക്കുള്ള ആദ്യത്തെ കാൽവെപ്പോടുകൂടി ആരംഭിക്കുന്നു. അപ്പോൾ എന്തോ ഒന്ന് അയാൾക്കു പ്രത്യക്ഷമാവുന്നു; അയാൾ വ്യക്തിയെ വേർതിരിച്ചറിയാൻ തുടങ്ങുന്നു. വ്യക്തി, ആ വാക്കിനെപ്പറ്റി ധ്യാനിക്കുക. ജീവനുള്ളവർ അപാരതയെ കാണുന്നു; വ്യക്തിയാകട്ടെ മരിച്ചവരെ മാത്രമേ കാണാൻ സമ്മതിക്കുന്നുള്ളു. അതിനിടയ്ക്കു, സ്നേഹിക്കുക, ദുഃഖിക്കുക, ആശിക്കുക, ആലോചിക്കുക. ശരീരങ്ങളെ, രൂപങ്ങളെ, പുറംകാഴ്ചകളെ മാത്രം സ്നേഹിക്കുന്നവനാരോ അവന്നാപത്താണ്! മരണം അവന്നുള്ളതു സകലവുംകൊണ്ടു പോവും. ആത്മാക്കളെ സ്നേഹിക്കാൻ നോക്കുക, നിങ്ങൾ അവയെ വീണ്ടും കണ്ടെത്തും.

ഞാൻ തെരുവിൽവെച്ച് അനുരാഗവാനായ ഒരു പരമദരിദ്രയുവാവിനെകണ്ടെത്തി. അയാളുടെ തൊപ്പി പഴയതായിരുന്നു, കുപ്പായം പിഞ്ഞിയിരുന്നു. കൈമുട്ടുകൾ പുറത്തേക്കു തുറിച്ചിരുന്നു; വെള്ളം അയാളുടെ പാപ്പാസ്സുകളിൽ നിന്നു ചോരുന്നുണ്ട്. ആത്മാവിൽനിന്നു നക്ഷത്രങ്ങളും.

സ്നേഹിക്കപ്പെടുക, എന്തൊരു വലിയ കാര്യമാണ്; അതിലും എത്ര വലിയ കാര്യമാണ് സ്നേഹിക്കുക! വികാരത്തിന്റെ ശക്തികൊണ്ടു ഗൃദയം ധീരോദാത്തമായിത്തീരുന്നു. അതു പരിശുദ്ധികൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടുമല്ലെന്നു വരുന്നു; ഉന്നതവും മഹത്തരവുമല്ലാതെ മറ്റൊന്നിന്മേലുമല്ല അതിന്റെ നില്പെന്നു വരുന്നു. ഒരു കൊടുത്തൂവയ്ക്കു ഹിമപ്പരപ്പിൽ എത്രകണ്ടോ, അതിലൊട്ടുമധികം ഒരനുചിത ചിന്തയ്ക്ക് അതിൽ മുളയ്ക്കാൻ വയ്യാ. നികൃഷ്ടങ്ങളായ വികാരങ്ങൾക്കും മനോവൃത്തികൾക്കും കയറിച്ചെല്ലാൻ വയ്യാത്തവിധം ഉന്നതവും ഉത്കൃഷ്ടവുമായ ആത്മാവ്. ഈ ലോകത്തിലെ മേഘങ്ങളേയും നിഴലുകളേയും അതിന്റെ വിഡ്ഢിത്തങ്ങളേയും കള്ളത്തരങ്ങളേയും അന്വേഷണങ്ങളേയും മായകളേയും കഷ്ടപ്പാടുകളേയും ഭരിച്ചുകൊണ്ട് ആകാശത്തിലെ നീലിമയിൽ കുടികൊള്ളുന്നു; പർവ്വതങ്ങളുടെ കൊടുമുടികൾ ഭൂമികുലുക്കത്താലുള്ള ഇളക്കങ്ങളെ എന്നപോലെ, അത് അഗാധങ്ങളായ ഭൂഗർഭക്ഷോഭങ്ങളെയല്ലാതെ മറ്റൊന്നും അറിയാതാവുന്നു.

സ്നേഹിക്കുന്ന ഒരാളുമില്ലെങ്കിൽ, സൂര്യൻ തനിയേ കെട്ടുപോകും.

4.4.5
കത്തിനുശേഷമുള്ള കൊസെത്ത്

വായിക്കുന്നതോടുകൂടി കൊസെത്ത് ക്രമത്തിൽ ആലോചനയിൽപ്പെട്ടു. നോട്ടുപുസ്തകത്തിലെ ഒടുവിലത്തെ വരിയിൽനിന്നു കണ്ണെടുത്ത ആ നിമിഷത്തിൽ സുഭഗനായ പട്ടാളമേലുദ്യോഗസ്ഥൻ വിജയപൂർവ്വം പടിക്കലൂടെ കടന്നുപോയി. അതയാളുടെ സമയമായിരുന്നു; കൊസെത്തിന്ന് അയാൾ ഒരു വല്ലാത്താളായിതോന്നി.

അവൾ പുസ്തകത്തെക്കുറിച്ചുള്ള ആലോചന വീണ്ടും തുടർന്നു. ഏറ്റവും കൗതുകകരമായ കൈയക്ഷരത്തിലാണ് അതെഴുതിയിട്ടുള്ളതെന്നു കൊസെത്ത് വിചാരിച്ചു; ഒരേ വടിവിൽ, പക്ഷേ, പലേ മഷികൊണ്ട്—ചിലപ്പോൾ വളരെ കറുത്തതു, ചിലപ്പോൾ മഷിപ്പാത്രത്തിൽ വെള്ളം കൂട്ടിയതുകൊണ്ട് വെളുപ്പു കയറിയത്—അങ്ങനെ പല ദിവസത്തിലായി. അപ്പോൾ അതു വീർപ്പുവീർപ്പായി, കണിശമില്ലാതെ, ക്രമമില്ലാതെ, നിഷ്കർഷയില്ലാതെ, തോന്നിയവിധത്തിൽ വിരിഞ്ഞുവന്ന ഒരു മനസ്സാണ്. കൊസെത്ത് അതേവരെ അങ്ങനെയൊന്നു വായിച്ചിട്ടില്ല. നിഴലിനെക്കാളധികം വെളിച്ചത്തെ കണ്ടെത്തിയ ആ കൈയെഴുത്തുകോപ്പി അവളുടെ ഉള്ളിനു പകുതി തുറക്കപ്പെട്ട ഒരു തിരുവത്താഴമണ്ഡപത്തിന്റെ ഫലമുണ്ടാക്കി. ആ നിഗൂഢവഴികൾ ഓരോന്നും അവളുടെ മുൻപിൽ മിന്നുകയും അവളുടെ ഹൃദയത്തെ ഒരപൂർവ്വപ്രകാശംകൊണ്ടു വഴിയെ നിറയ്ക്കുകയും ചെയ്തു. തിയ്യിനെപ്പറ്റിയല്ലാതെ എപ്പോഴും തീക്കൊള്ളിയെപ്പറ്റി പറയുന്നതുപോലെ, അവൾക്കു കിട്ടിയിട്ടുണ്ടായിരുന്ന വിദ്യാഭ്യാസം അനുരാഗത്തെപ്പറ്റിയല്ലാതെ എപ്പോഴും ആത്മാവിനെപ്പറ്റിയാണ് സംസാരിച്ചിരുന്നത്. ഈ പതിനഞ്ചു ഭാഗങ്ങളുള്ള കൈയെഴുത്തുകോപ്പി പെട്ടെന്നും കൗതുകകരമായും അവൾക്ക് അനുരാഗത്തെ, ദുഃഖത്തെ, വിധിയെ, ജീവിതത്തെ, ആരംഭത്തെ, അവസാനത്തെ, വ്യക്തമായി മനസ്സിലാക്കിക്കൊടുത്തു. ഒരു കൈ തുറക്കപ്പെട്ട് അവളുടെ മേലേക്ക് ഒരു പിടി പ്രകാശനാളത്തെ പെട്ടെന്ന് എറിഞ്ഞുകൊടുത്തതുപോലായിരുന്നു അത്. ഈ കുറച്ചുവരികൾക്കുള്ളിൽ അവൾക്ക് ഒരു വികാരമേറിയതും, കത്തിജ്ജ്വലിക്കുന്നതും, മര്യാദ കൂടിയതുമായ ഒരു പ്രകൃതി, ഒരു പരിശുദ്ധമായ ഇച്ഛാശക്തി, ഒരപാരമായ ദുഃഖം, ഒരപാരമായ നിരാശത, ഒരു കഷ്ടപ്പെടുന്ന ഹൃദയം, തികച്ചും വിരിഞ്ഞുകഴിഞ്ഞ ഒരത്യാനന്ദം, അനുഭവപ്പെട്ടു. ഈ കൈയെഴുത്തുകോപ്പി എന്തായിരുന്നു? ഒരു കത്ത്. പേരില്ലാതെ, മേൽവിലാസമില്ലാതെ, ഒപ്പില്ലാതെ, തിരക്കേറിയതും ശ്രദ്ധയില്ലാത്തതുമായ ഒരു കത്ത്—വാസ്തവതത്ത്വങ്ങളെക്കൊണ്ടുള്ള ഒരു കടങ്കഥ, ഒരു ദിവ്യൻ കൊണ്ടുവരാനും ഒരു കന്യക വായിക്കാനും വേണ്ടിയുണ്ടാക്കപ്പെട്ട ഒരനുരാഗസന്ദേശം, ഭൂമിയുടെ അതിർത്തികൾക്കപ്പുറത്തുവെച്ചു ചെയ്ത ഒരു നിശ്ചയം, ഒരു പ്രേതത്തിന്റെ വക ഒരു നിഴല്പാടിന്നുള്ള കാമലേഖം. ശാന്തനും മനസ്സിടിഞ്ഞവനും മരണത്തിൽച്ചെന്നു രക്ഷപ്രാപിക്കാൻ ഒരുങ്ങിയ പോലുള്ളവനുമായ ഒരപ്രത്യക്ഷകാമുകൻ ഒരപ്രത്യക്ഷകാമിനിക്കു, തന്റെ പ്രേമ ഭാജനത്തിന്, അയച്ചുകൊടുത്ത ഈശ്വരവിധിയുടെ രഹസ്യം, ജീവിതപ്പൂട്ടിന്റെ താക്കോൽ, അനുരാഗം, ആയിരുന്നു അത്. ഇതെഴുതിയിട്ടുള്ളത് ഒരു കാലടി ശ്മശാനത്തിലും ഒരു കൈവിരൽ സ്വർഗ്ഗത്തിലുമായിട്ടാണ്. ഓരോന്നോരോന്നായി കടലാസ്സിലേക്കു വീണ ഈ വരികൾ ആത്മാവിന്റെ തുള്ളികളാണെന്നു പറയാം.

അപ്പോൾ ഈ ഏടുകൾ വന്നത് ആരിൽനിന്നാവാം? ഇതുകൾ ആരെഴുതിയിരിക്കാം?

കൊസെത്ത് ഒരു നിമിഷമെങ്കിലും ശങ്കിച്ചില്ല. ഒരാൾമാത്രം.

അദ്ദേഹം!

അവളുടെ ആത്മാവിൽ വീണ്ടും പ്രഭാതം വന്നു; സകലവും വീണ്ടും പ്രകാശിച്ചു. ഒരശ്രുതപൂർവ്വമായ സന്തോഷവും ഒരഗാധമായ സങ്കടവും അവൾക്കു തോന്നി. അതദ്ദേഹമാണ്! ആ എഴുതിയത് അദ്ദേഹമാണ്! അദ്ദേഹം അവിടെ വന്നിരുന്നു! ആ അഴിപ്പഴുതിലൂടെ കൈയിട്ടത് അദ്ദേഹമാണ്! താൻ അദ്ദേഹത്തെ മറന്നിരിക്കെ, അദ്ദേഹം അവളെ വീണ്ടും കണ്ടുപിടിച്ചു. പക്ഷേ, താൻ അദ്ദേഹത്തെ മറന്നിരുന്നുവോ? ഇല്ല, ഒരിക്കലുമില്ല! ഒരൊറ്റ നിമിഷത്തേക്ക്, അവൾ ആ വിധം കഥയില്ലാതെ സംശയിച്ചു. താൻ എപ്പോഴും അദ്ദേഹത്തെ സ്നേഹിച്ചുപോന്നു. അദ്ദേഹത്തെ പൂജിച്ചുപോന്നു. ആ തിയ്യ് ഒന്നടങ്ങി, കുറച്ചിടയ്ക്കു പുകഞ്ഞുപോയി; പക്ഷേ, അതെല്ലാം അവൾക്കിപ്പോൾ വ്യക്തമായി മനസ്സിലായി; അത് ഒന്നാളി എന്നേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു പുതുതായി കത്തിപ്പിടിച്ചു; അവളുടെ ദേഹത്തെ മുഴുവനും അതു ജ്വലിപ്പിച്ചു. ആ മറ്റേ ആത്മാവിൽനിന്നു തന്റേതിലേക്കു വീണ ഒരു തീപ്പൊരിയാണ് ആ നോട്ടുപുസ്തകം. ഒരിക്കൽക്കൂടി അതു കത്തിപ്പിടിക്കുന്നതായി അവൾക്കു തോന്നി.

കൈയെഴുത്തുകോപ്പിയിലെ ഓരോ വാക്കുകൊണ്ടും അവൾ തന്നത്താൻ തികച്ചും നിറംപിടിപ്പിച്ചു: ‘അതേ, അതേ,’ അവൾ പറഞ്ഞു. ‘എത്ര നല്ലപോലെ മനസ്സിലായി എനിക്കിപ്പോൾ! ഞാൻ അതന്ന് അദ്ദേഹത്തിന്റെ നോട്ടത്തിൽനിന്നു മനസ്സിലാക്കിയതാണ്.’ അതു മൂന്നാമത് വായിച്ചവസാനിക്കുമ്പോഴേയ്ക്കു ലഫ്റ്റിനന്റ് തെയോദുൽ ഒരിക്കൽക്കൂടി പടിക്കലൂടെ കടന്നുപോയി; അയാൾ തന്റെ കുതിമുള്ളുകൾ പാതവിരിയിൽ ഒന്നു കെടകെടപ്പെടുത്തി. കൊസെത്തിനു തലപൊന്തിച്ചു നോക്കേണ്ടിവന്നു. അവൾക്ക് അയാൾ ചപ്പനും വങ്കനും മന്തനും കൊള്ളരുതാത്തവനും കോമാളിയും മുഷിപ്പനും അധികപ്രസംഗിയും എന്തെന്നില്ലാത്ത വിരൂപനുമായിത്തോന്നി. അവളോടു പുഞ്ചിരിക്കൊള്ളുന്നതു തന്റെ മുറയാണെന്ന് ആ പട്ടാളമേലുദ്യോഗസ്ഥൻ കരുതി.

അവൾ അവമാനത്തോടും ദ്വേഷ്യത്തോടുംകൂടി തല തിരിച്ചു, അവൾ എന്തെങ്കിലും വലിച്ചെടുത്ത് അയാളുടെ തലയിലേക്കു സസന്തോഷം ഒരേറെറിയുമായിരുന്നു.

അവൾ പറപറന്നു; വീട്ടിൽച്ചെന്നു, ആ കൈയെഴുത്തുകോപ്പി ഒന്നുകൂടി വായിക്കാനും, അതു കാണാപ്പാഠം പഠിക്കാനും, മനോരാജ്യം വിചാരിക്കാനുംവേണ്ടി അറയടച്ചു കൂടി. തികച്ചും പഠിച്ചുകഴിഞ്ഞശേഷം അവൾ അതിനെ ഒന്നു ചുംബിച്ചു, മാർക്കീശയിൽ സൂക്ഷിച്ചു.

ഒക്കെക്കഴിഞ്ഞു; കൊസെത്ത്, അഗാധമായ പരിശുദ്ധാനുരാഗത്തിൽ പതിച്ചു. സ്വർഗ്ഗത്തിലെ ഗുഹ ഒരിക്കൽക്കൂടി വാ പൊളിച്ചു.

പകൽ മുഴുവനും കൊസെത്ത് ഒരുതരം അമ്പരപ്പിൽ കഴിച്ചു. അവൾ ആലോചിച്ചിരുന്നില്ലെന്നു പറയാം; അവളുടെ വിചാരങ്ങളെല്ലാം തലച്ചോറിന്നുള്ളിൽ ഒരുതരം നൂൽക്കൈപോലെയായിരുന്നു; അവൾക്ക് ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ല; അവൾ ഒരു വിറയലിലൂടെ ആശിച്ചു—എന്ത് അവ്യക്തമായ ഓരോന്ന്. അവൾക്കു യാതൊന്നും സ്വയം വാഗ്ദാനം ചെയ്വാൻ ധൈര്യമുണ്ടായില്ല; അവൾക്കു തന്നോടു യാതൊന്നും ഇല്ലെന്നു പറയാനും തോന്നിയില്ല. വിളർപ്പിന്റെ മിന്നലുകൾ അവളുടെ മുഖഭാവത്തിലൂടെ പാഞ്ഞുപോയി; ദേഹത്തിലൂടെ കൊടും വിറകൾ പാഞ്ഞു. ഇടയ്ക്കിടയ്ക്കു, താൻ മനോരാജ്യലോകത്തിലേക്കു കടക്കുന്നതായി അവൾക്കു തോന്നി; അവൾ സ്വയം പറഞ്ഞു: ‘ഇതു നേരാണോ?’ ഉടനെ തന്റെ ഉടുപ്പുമറയ്ക്കുള്ളിൽ മാർക്കീശയിൽ കിടക്കുന്ന ആ പ്രിയപ്പെട്ട വസ്തു അവൾ തൊട്ടുനോക്കി; അവൾ അതിനെ ഹൃദയത്തോടമർത്തി; അതിന്റെ കോണുകൾ തന്റെ മാംസത്തോടമരുന്നതായി അവൾക്കു തോന്നി; അസ്സമയത്ത് അവളെ ഴാങ് വാൽഴാങ് കണ്ടിരുന്നുവെങ്കിൽ, അവളുടെ കൺപോളകൾക്കുള്ളിൽ വഴിഞ്ഞുതള്ളുന്ന ആ പ്രകാശമാനവും അവിജ്ഞാതവുമായ ആഹ്ലാദത്തിനു മുൻപിൽ അയാൾ വിറച്ചുപോയേനേ—‘അതേ, അതേ!’ അവൾ വിചാരിച്ചു. ‘നിശ്ചയമായും അതദ്ദേഹമാണ്! ഇതദ്ദേഹത്തിന്റെ അടുക്കൽനിന്നു വന്നതാണ്; എനിക്കുള്ളതുമാണ്!’

ദേവകളുടെ ഒത്താശയാണ്, ഒരു ദിവ്യമായ യദൃച്ഛാസംഭവമാണ്, അദ്ദേഹത്തെതനിക്കു തിരിച്ചുതന്നതെന്ന് അവൾ സ്വയം പറഞ്ഞു.

അഹോ അനുരാഗമുണ്ടാക്കുന്ന രൂപമാറ്റം! ഹാ, മനോരാജ്യങ്ങൾ! ആ ദിവ്യമായ യദൃച്ഛാസംഭവം, ആ ദേവകളുടെ ഒത്താശ, ഷാർൽമേൻ മുറ്റത്തുനിന്നു ‘സിംഹച്ചാൽ’ എന്ന സ്ഥലത്തേക്കു ലഫോർസിന്റെ മേൽപ്പുരകളിലൂടെ ഒരു കള്ളൻ മറ്റൊരു കള്ളന്നു വലിച്ചെറിഞ്ഞുകൊടുത്ത ഒരപ്പഗ്ഗുളികയായിരുന്നു.

4.4.6
ആവശ്യമനുസരിച്ച് പുറത്തേക്കു പോവാൻ ഉണ്ടാക്കപ്പെട്ടവരാണ് വൃദ്ധന്മാർ

വൈകുന്നേരമായപ്പോൾ ഴാങ് വാൽഴാങ് പുറത്തേക്കു പോയി, കൊസെത്ത് ചമഞ്ഞു. അവൾ തലമുടി ഏറ്റവും ഭംഗിയിൽ കെട്ടിവെച്ചു. കുപ്പായത്തിനു കത്തിരിയുടെ നറുക്കൽ ഒന്നേറിപ്പോയ ഒരുടുപ്പാണ് അവളിട്ടത്; ആ നറുക്കൽ ഏറിപ്പോയതുകൊണ്ടുള്ള ചായ്ച്ചിലിലൂടെ അവളുടെ കഴുത്തിന്റെ ആരംഭം കാണാമായിരുന്നു; പെൺകിടാങ്ങൾ പറയാറുള്ളതുപോലെ ‘അല്പം ആഭാസ’മായിരുന്നു, അതു ലേശമെങ്കിലും ആഭാസമല്ല; അതു സാധാരണമട്ടിനേക്കാൾ കൗതുകകരമായിരുന്നു. എന്തിനാണങ്ങനെ ചെയ്തതെന്നറിയാതെ അവൾ ഈവിധം ഉടുപ്പിട്ടു ചമഞ്ഞു.

അവൾ പുറത്തേക്കു പോവാൻ കരുതിയിരുന്നുവോ? ഇല്ല.

ആരെങ്കിലും അവളെ കാണാൻ വരുമെന്നുവെച്ചിരുന്നുവോ? ഇല്ല.

സന്ധ്യയ്ക്കുശേഷം, അവൾ തോട്ടത്തിലേക്കിറങ്ങി തുസ്സാങ് പിൻമുറ്റത്തേക്കഭിമുഖമായിട്ടുള്ള അടുക്കളയിൽ പണിയെടുക്കുകയാണ്.

ഇടയ്ക്കിടയ്ക്കു മരച്ചില്ലകളെ കൈകൊണ്ടു മാറ്റി—നന്നേ താണുതൂങ്ങിയ ചിലതുണ്ടായിരുന്നു—അവൾ മരങ്ങൾക്കിടയിൽ ചുറ്റിനടക്കാൻ തുടങ്ങി

ഈ നിലയിൽ അവൾ ബെഞ്ചിന്റെ അടുത്തെത്തി

കല്ല് അപ്പോഴും അവിടെയുണ്ടായിരുന്നു.

അവൾ ഇരുന്നു; ആ കല്ലിന്മേൽ, അതിനെ ഓമനിക്കാനും അതിനോടു നന്ദികാണിക്കാനുമെന്നപോലെ, അവൾ തന്റെ വെളുത്ത കൈ പതുക്കെ വെച്ചു.

പെട്ടെന്ന് അവൾ ആളെ കാണുന്നില്ലെങ്കിലും, പിന്നിൽ ഒരാളുള്ളപ്പോൾ ആർക്കും തോന്നാറുള്ള ആ ഒരനിർവചനീയമായ വികാരം അവൾക്കു തോന്നി

അവൾ തിരിഞ്ഞുനോക്കി, എഴുന്നേറ്റു.

അതദ്ദേഹമായിരുന്നു.

അയാളുടെ തലയിൽ തൊപ്പിയില്ല, അയാൾ മെലിഞ്ഞും വിളർത്തുമിരുന്നപോലെ തോന്നി. അയാളുടെ കറുത്ത ഉടുപ്പു കാണാനുണ്ടായിരുന്നില്ല. സന്ധ്യാ സമയം അയാളുടെ മനോഹരമായ നെറ്റിത്തടത്തിൽ ഒരു മങ്ങിയ വെളിച്ചത്തെ വ്യാപിപ്പിക്കുകയും, കണ്ണുകളെ നിഴൽകൊണ്ടു മൂടുകയും ചെയ്തിരുന്നു. അത്യുത്കൃഷ്ടസൗന്ദര്യമാകുന്ന ഒരു മൂടുപടത്തിനുള്ളിൽ മരണത്തേയും രാത്രിയേയും കാണിക്കുന്ന എന്തോ ഒന്ന് അയാൾക്കുണ്ടായിരുന്നു. അവസാനിച്ചുപോകുന്ന പകലിന്റെ പ്രകാശംകൊണ്ടും പറന്നുപോകുന്ന ഒരാത്മാവിന്റെ വിചാരം കൊണ്ടും അയാളുടെ മുഖം മിന്നിയിരുന്നു

അയാൾ അപ്പോൾ ഒരു പ്രേതമായിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നിയില്ല; ഒരു മനുഷ്യനല്ലാതായിരിക്കുന്നുതാനും.

അയാൾ കുറച്ചടി ദൂരത്തുള്ള ഒരു കുറ്റിക്കാട്ടിലേക്കു തന്റെ തൊപ്പി വലിച്ചെറിഞ്ഞിരുന്നു.

മോഹാലസ്യപ്പെടാൻ തെയ്യാറായിരുന്നുവെങ്കിലും കൊസെത്ത് നിലവിളിച്ചില്ല. അവൾ പതുക്കെ പിന്നോക്കം വെച്ചു, താൻ വശീകരിക്കപ്പെട്ടതായി അവൾക്ക് തോന്നി. അയാൾ അനങ്ങിയില്ല. അയാളെ മൂടിയിരുന്ന അനിർവചനീയവും വ്യസനമയവുമായ എന്തോ ഒന്നിന്റെ ശക്തികൊണ്ടു തനിക്കു കാണാൻ കഴിയാതിരുന്ന അയാളുടെ ദൃഷ്ടികളിലുള്ള ഭാവവിശേഷം അവൾക്കറിവായി.

പിന്നോക്കംവാങ്ങലിൽ കൊസെത്ത് ഒരു മരത്തിൽ മുട്ടി; അവൾ അതിനോടു ചാരി. ആ മരമില്ലായിരുന്നുവെങ്കിൽ, അവൾ വീണുപോയേനേ.

ഉടനെ അയാളുടെ ശബ്ദം—വാസ്തവത്തിൽ ഒരിക്കലും അവൾ കേട്ടിട്ടില്ലാത്ത ആ ശബ്ദം—ഇലകളുടെ മർമ്മരത്തിൽനിന്ന് ഒട്ടുമധികം പൊന്താതെ ഇങ്ങനെ മന്ത്രിക്കുന്നതു കേട്ടു:

‘മാപ്പു തരണേ, ഇതാ ഞാൻ, എന്റെ ഹൃദയം പൊട്ടാറായിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നവിധത്തിൽ എനിക്കിനി ജീവിച്ചിരിക്കാൻ വയ്യാ; അതാണ് വന്നത്. ഞാൻ ആ ബെഞ്ചിന്മേൽ വെച്ചുപോയിരുന്നതു വായിച്ചുനോക്കിയോ? ഇതാ എന്നെ കണ്ടിട്ടു മനസ്സിലാകുന്നുണ്ടോ? എന്നെ ശങ്കിക്കേണ്ടാ. ലുക്സെംബറിൽ വെച്ചു നിങ്ങൾ എന്റെ മേലേക്കു നോക്കിയിട്ട് ഇപ്പോൾ വളരെ ദിവസമായി; ആ ദിവസം ഓർമ്മയുണ്ടല്ലോ. നിങ്ങൾ എന്റെ മുൻപിലൂടെ പോയിട്ടും വളരെ നാളായി. ജൂൺ 15-ആനുയും ജൂലായ് 5-ആം-യുമാണത്. ഏകദേശം ഒരു കൊല്ലം മുൻപ്. വളരെക്കാലമായിട്ടു ഞാൻ നിങ്ങളെ കണ്ടിട്ടില്ല. കസാലകൾ കൊടുക്കുന്ന സ്ത്രീയോടു ഞാനന്വേഷിച്ചു; അവൾ നിങ്ങളെ ഇപ്പോൾ കാണാറില്ലെന്നു പറഞ്ഞു. നിങ്ങൾ റ്യുദ് ലുവസ്സിൽ, മൂന്നാം നിലയിൽ, ഒരു പുതിയ വീട്ടിന്റെ മുൻഭാഗത്തായിട്ടാണ് താമസിച്ചിരുന്നത്—എനിക്കറിയാമെന്നു കണ്ടുവല്ലോ! ഞാൻ നിങ്ങളെ പിന്തുടർന്നു. മറ്റെന്തു ചെയ്വാനാണ് ഞാൻ? ഉടനെ നിങ്ങൾ മറഞ്ഞു. ഒരു ദിവസം ഞാൻ, ദെയോങ്ങിലെ സ്തംഭതോരണപംക്തിയുടെ ചുവട്ടിൽനിന്നു വർത്തമാനപത്രം വായിക്കുമ്പോൾ, നിങ്ങൾ അതിലെ കടന്നുപോയതായി കണ്ടു എന്നു തോന്നി. ഞാൻ നിങ്ങളുടെ പിന്നാലെ പാഞ്ഞു. പക്ഷേ, അല്ല. നിങ്ങളുടേതുപോലെ ഒരു തൊപ്പിവെച്ച മറ്റേതോ സ്ത്രീയായിരുന്നു അത്. രാത്രി ഞാൻ ഇങ്ങോട്ടു പോന്നു. പേടിക്കേണ്ട, എന്നെ ആരും കണ്ടിട്ടില്ല. ഞാൻ നിങ്ങളുടെ ജനാലയ്ക്കൽ അടുത്തുനിന്നു നോക്കിക്കാണാൻ വന്നു. നിങ്ങൾ പേടിച്ചുപോയെങ്കിലോ എന്നു കരുതി നിങ്ങൾക്കു കേൾക്കാൻ കഴിയാത്തവിധം പതുക്കെ കാൽവെച്ചാണ് ഞാൻ നടന്നത്. അന്നൊരു ദിവസം വൈകുന്നേരം ഞാൻ നിങ്ങളുടെ പിന്നിലുണ്ടായിരുന്നു! നിങ്ങൾ തിരിഞ്ഞുനോക്കി. ഞാൻ പാഞ്ഞു. ഒരിക്കൽ നിങ്ങൾ പാട്ടു പാടുന്നതു ഞാൻ കേട്ടു. എനിക്കു സുഖമായി. നിങ്ങളുടെ ജനാലപ്പഴുതിലൂടെ ഞാൻ നിങ്ങൾ പാടുന്നതു കേട്ടതുകൊണ്ടു നിങ്ങൾക്കു വല്ലതുമുണ്ടോ? അതു നിങ്ങൾക്ക് ഉപദ്രവമാവാൻ വയ്യാ. ഇല്ല. അങ്ങനെയല്ലേ? കണ്ടുവോ, നിങ്ങൾ എന്റെ ദേവസ്ത്രീയാണ്! ഞാൻ ഇടയ്ക്ക് ഇങ്ങോട്ടു വന്നുകൊള്ളട്ടെ; ഞാൻ മരിക്കാറായെന്നു തോന്നുന്നു. നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ! ഞാൻ നിങ്ങളെ ആരാധിക്കുന്നു. ഞാൻ നിങ്ങളോടു സംസാരിക്കുന്നതിൽ മാപ്പു തരണേ; പക്ഷേ, എന്താണ് പറയുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; ഞാൻ നിങ്ങളെ മുഷിപ്പിച്ചേയ്ക്കാം; ഞാൻ നിങ്ങളെ മുഷിപ്പിച്ചുവോ?’

‘ആവൂ! എന്റെ അമ്മേ!’ അവൾ പറഞ്ഞു.

മരിക്കാറായിട്ടെന്നപോലെ അവൾ കുഴഞ്ഞു.

അയാൾ പിടിച്ചു; അവൾ വീണു; അയാൾ അവളെ താങ്ങിയെടുത്തു; എന്താണ് ചെയ്യുന്നതെന്നറിയാതെ അയാൾ അവളെ മാറോടണച്ചു. താൻതന്നെ ചാഞ്ചാടുകയാണെങ്കിലും, അയാൾ അവളെ താങ്ങി. അയാളുടെ തലച്ചോറ് മുഴുവനും പുകഞ്ഞിരുന്നതുപോലെ തോന്നി; അയാളുടെ ചുണ്ടുകൾക്കിടയിൽ മിന്നൽ പാഞ്ഞു; അയാളുടെ ആലോചനകളെല്ലാം മാഞ്ഞുപോയി; എന്തോ ധാർമ്മികപ്രവൃത്തി ചെയ്കയാണെന്നും ഒരധർമ്മം കാണിക്കയാണെന്നും അയാൾക്കു തോന്നി. എന്നല്ല മാറത്ത് അടഞ്ഞുകിടക്കുന്ന ആ ഓമനപ്പെൺകിടാവിനെപ്പറ്റി യാതൊരു വികാരവും അയാൾക്കു തോന്നുകയുണ്ടായില്ല. അയാൾ അനുരാഗംകൊണ്ടു മതിമറന്നിരുന്നു.

അവൾ അയാളുടെ കൈയെടുത്തു തന്റെ മാറത്തു വെച്ചു. അയാൾ അവിടെ ആ കടലാസ്സു തൊട്ടു; അയാൾ വിക്കിപ്പറഞ്ഞു: ‘അപ്പോൾ നിങ്ങൾക്കെന്നെ സ്നേഹമുണ്ട്?’

കഷ്ടിച്ചു കേൾക്കാവുന്നവിധത്തിലുള്ള ഒരു ശ്വാസത്തിൽനിന്ന് ഒട്ടും ഉച്ചമല്ലാത്ത ഒരു സ്വരത്തിൽ അവൾ പറഞ്ഞു: ‘ഉറക്കെപ്പറയൊല്ലേ! അതങ്ങയ്ക്കറിയാമല്ലോ!’

ആ പരമസുന്ദരനും ലഹരിപിടിച്ചവനുമായ ചെറുപ്പക്കാരന്റെ മാറത്ത് അവൾ തന്റെ തുടുപ്പു കയറിയ മുഖം ഒളിപ്പിച്ചു.

അയാൾ ആ ബെഞ്ചിന്മേൽ വീണു; അവൾ അതിനടുത്തും. അവർക്ക് ഇനി വാക്കുകളൊന്നുമില്ല. നക്ഷത്രങ്ങൾ മിന്നാൻ തുടങ്ങിയിരിക്കുന്നു. അവരുടെ ചുണ്ടുകൾ തമ്മിൽച്ചേർന്നത് എങ്ങനെ? പക്ഷികൾ പാടുകയും മഞ്ഞ് ഉരുകുകയും, പനിനീർപ്പൂ വിടരുകയും, വസന്തം വ്യാപിക്കുകയും, കുന്നുകളുടെ വിറക്കൊള്ളുന്ന നിറുകയ്ക്കു മുകളിലെ മരക്കൂട്ടത്തിനു പിന്നിൽ പ്രഭാതം വെളുത്തുവരുകയും ചെയ്യുന്നത് എങ്ങനെ?

ഒരു ചുംബനം, സകലവുമായി.

രണ്ടുപേരും ഞെട്ടിയെണീറ്റു; മിന്നിത്തിളങ്ങുന്ന കണ്ണുകളെക്കൊണ്ട് അന്ധകാരത്തിലേക്കു സൂക്ഷിച്ചുനോക്കി.

തണുത്ത രാത്രിയും തണുത്ത കല്ലും, ഈറൻ ഭൂമിയും, നനഞ്ഞ പുല്ലും, ഒന്നും അവരറിഞ്ഞില്ല; അവർ അന്യോന്യം നോക്കി; അവരുടെ ഹൃദയം മുഴുവനും ആലോചനകളെക്കൊണ്ടു തിങ്ങിയിരുന്നു. അവർ അറിയാതെ കണ്ടു കൈകൾ തമ്മിൽച്ചേർത്തു.

അയാൾ എങ്ങനെയാണ് അവിടെയെത്തിയതെന്നും, എങ്ങനെയാണ് തോട്ടത്തിലേക്കു കടന്നതെന്നും അവൾ ചോദിച്ചില്ല; അത്ഭുതപ്പെടുകകൂടി ചെയ്തില്ല. അയാൾ അവിടെ എത്തുക എന്നത് എത്രയും എളുപ്പമുള്ള ഒന്നായി അവൾക്കു തോന്നി.

ഇടയ്ക്കിടയ്ക്കു മരിയുസ്സിന്റെ കാൽമുട്ടു കൊസെത്തിന്റെ കാൽമുട്ടു തൊട്ടു; രണ്ടും വിറച്ചു.

ഇടയ്ക്കിടയ്ക്കു കൊസെത്ത് ഓരോ വാക്കു വിക്കിപ്പറഞ്ഞു. ഒരു പൂവിന്മേൽ ഒരു മഞ്ഞുതുള്ളിയെന്നപോലെ, അവളുടെ ആത്മാവ് അവളുടെ ചുണ്ടിന്മേൽ പതറി.

കുറേശ്ശക്കുറേശ്ശയായി അവർ അന്യോന്യം സംസാരിക്കാൻ തുടങ്ങി. മൗനത്തിനുശേഷം വാക്പ്രവാഹം— അതു പരിപൂർണ്ണതയാണ്. തലയ്ക്കു മീതേ രാത്രി വിശിഷ്ടവും മനോഹരവുമായി നില്ക്കുന്നു. ജീവാത്മാക്കളെപ്പോലെ പരിശുദ്ധരായ ഈ രണ്ടുപേർ സർവ്വവും—തങ്ങളുടെ മനോരാജ്യങ്ങളും, തങ്ങളുടെ കമ്പങ്ങളും, തങ്ങളുടെ ആനന്ദങ്ങളും, തങ്ങളുടെ ഭ്രമങ്ങളും, തങ്ങളുടെ പോരായ്മകളും, അകലത്തുനിന്ന് അന്യോന്യം എങ്ങനെയെല്ലാം മനസ്സുകൊണ്ടാരാധിച്ചിരുന്നു എന്നതും, അന്യോന്യം കൈയിൽ വരുന്നതിന് തങ്ങൾ എത്രമേൽ ആർത്തിപ്പെട്ടിരുന്നു എന്നതും, തമ്മിൽ കാണാൻ കഴിവില്ലാതായതോടുകൂടി ഉണ്ടായ തങ്ങളുടെ നിരാശതയും. എല്ലാം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊടുത്തു. യാതൊന്നിനെക്കൊണ്ടും അധികമാക്കാൻ കഴിയാത്ത തങ്ങളുടെ ആദർശരൂപമായ സൗഹാർദ്ദത്തെ, ഏറ്റവും ഗോപ്യങ്ങളും ഏറ്റവും ഗൂഢങ്ങളുമായ തങ്ങളുടെ വിചാരങ്ങളെ, അവർ അന്യോന്യം വിശ്വാസപൂർവ്വം പറഞ്ഞുകേൾപ്പിച്ചു. തങ്ങളുടെ കമ്പങ്ങൾക്കിടയിലുള്ള നിഷ്കപടവിശ്വാസത്തോടുകൂടി, അനുരാഗവും, യൗവ്വനവും, അപ്പോഴും തങ്ങളിൽ ബാക്കി കിടക്കുന്ന ബാല്യത്തിന്റെ അവശേഷങ്ങളും മനസ്സിന്ന് എന്തെല്ലാം പറഞ്ഞുകൊടുക്കുന്നുവോ അതെല്ലാം അവർ അന്യോന്യം ധരിപ്പിച്ചു. ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോഴേക്ക് ആ യുവതിയുടെ ആത്മാവ് കൈവശമുള്ളാൾ ആ യുവാവും, ആ യുവാവിന്റെ ആത്മാവു കൈവശമുള്ളാൾ ആ യുവതിയുമായിത്തീരുമാറ് അവർ തങ്ങളുടെ രണ്ടു ഹൃദയങ്ങളും അന്യോന്യം പകർന്നുകൊടുത്തു. ആ രണ്ടുപേർ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിച്ചു. അവർ അന്യോന്യം മയക്കി.

അവരുടെ സംസാരം തീർന്നപ്പോൾ, പറയാനുള്ളതു മുഴുവനും അന്യോന്യം പറഞ്ഞുതീർന്നപ്പോൾ, അവൾ അയാളുടെ ചുമലിൽ തല വെച്ചു ചോദിച്ചു: ‘എന്താണ് പേർ?’

‘എന്റെ പേർ മരിയുസ് എന്നാണ്.’ അയാൾ പറഞ്ഞു, ‘നിങ്ങളുടെയോ?’

‘കൊസെത്ത്.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.