images/hugo-39.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.3.1
തകരത്തകിടുകൊണ്ടുള്ള മുറിക്കെട്ടോടുകൂടിയ മരം വീണ്ടും പ്രത്യക്ഷമാകുന്നു

ഞങ്ങള്‍ ഈ രേഖപ്പെടുത്തിയ സംഭവം നടന്നിട്ടു കുറച്ചുനാള്‍ കഴിഞ്ഞതിനു ശേഷം, സയൻ ബുലാത്രുയെല്‍ ഒരു സാംഭ്രമത്തില്‍പ്പെട്ടു.

ഈ പുസ്തകത്തിന്റെ വൃസനകരങ്ങളായ ഭാഗങ്ങളില്‍ വായനക്കാര്‍ കണ്ടിട്ടുള്ള ആ മൊങ്ഫേര്‍മിയെയിലെ നിരത്തുപണിക്കാരന്‍ തന്നെയാണ് സയൻബൂലാത്രുയെല്‍.

വായനക്കാര്‍ക്കു പക്ഷേ, ഓര്‍മ്മയുള്ളവിധം നാനാവിധത്തിലുള്ള അസ്വാസ്ഥ്യകരപ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ബുലാത്രുയെല്‍. അയാള്‍ കല്ലു തച്ചുടയ്ക്കുകയും പെരുവഴിപോക്കരെ തകരാറാക്കുകയും ചെയ്തിരുന്നു.

വഴിപ്പണിക്കാരനും തട്ടിപ്പറിക്കാരനുമായ ആ മനുഷുന്ന് ഒരു മനോരാജ്യമുണ്ടായിരുന്നു. മൊങ്ഫെര്‍മിയെയിലെ കാട്ടിന്നുള്ളില്‍ നിക്ഷേപമുണ്ടെന്നാണ് അയാളുടെ വിശ്വാസം. ഒരു ദിവസം ആ പണം ഒരു മരത്തിന്റെ ചുവട്ടില്‍വെച്ച് കണ്ടെത്തുമെന്ന് അയാള്‍ ആശിച്ചു; അതിനിടയ്ക്ക് അയാള്‍ വഴിപോക്കരുടെ കുപ്പായക്കീശകളില്‍ തപ്പിനോക്കി കാലം കഴിച്ചു.

എന്തായാലും, ഒരിക്കല്‍, അയാള്‍ വിവേകം കാണിച്ചു. അയാള്‍ നല്ല ഭംഗിയില്‍ കെണി വിട്ടുപോന്നു. വായനക്കാര്‍ക്കറിവുള്ള വിധം, മറ്റു ഘാതുകന്മാരുടെകൂട്ടത്തില്‍ അയാളും ഴൊന്‍ദ്രെത്തിന്റെ ചെറ്റസ്ഥലത്തുനിന്നു പിടിക്കപ്പെട്ടിരുന്നുവല്ലോ. ഒരു ദുഷ്പ്രവൃത്തിയെക്കൊണ്ടുള്ള പ്രയോജനം; അയാളുടെ കുടി അയാളെ രക്ഷിച്ചു. ഒരു തട്ടിപ്പറിക്കാരന്റെ നിലയിലോ ഒരു തട്ടിപ്പറിക്കപ്പെട്ടവന്റെ നിലയിലോ അയാള്‍ അവിടെ ഉണ്ടായിരുന്നതെന്നു കണ്ടുപിടിക്കാന്‍ ഭരണാധികാരികളെക്കൊണ്ട് ഒരുവിധത്തിലും കഴിഞ്ഞില്ല. ആ പതിയിരുപ്പുദിവസം വൈകുന്നേരം കുടിച്ചു തന്റേടം കെട്ടിരുന്നു എന്നതിനുള്ള മതിയായ തെളിവിന്മേൽ പുറപ്പെടുവിച്ച ഒരു വ്യവഹാരനിരോധക്കല്പന അയാളെ തടവില്‍നിന്നു വിട്ടയച്ചു. അയാള്‍ ഒരു നടകൊടുത്തു. ഭരണാധികാരികളുടെ മേല്‍നോട്ടത്തിനു കീഴില്‍ മുഖവും താഴ്ത്തി, ഒരു കുണ്ഠിതമട്ടില്‍ മോഷണത്തിനുള്ള ഉത്സാഹം കുറെയൊന്നു കെട്ടു. രാജ്യഭരണത്തിന്റെ ഗുണത്തിനുവേണ്ടി ഇരുന്നു കല്ലുതല്ലിയുടയ്ക്കാനായി അയാള്‍ ഗാങിയില്‍നിന്നു ലാങിയിലേക്കുള്ള വഴിയോരത്തിലേക്കു തിരിച്ചുപോന്നു; എന്നാല്‍ തന്നെ രക്ഷപ്പെടുത്തിയ വീഞ്ഞിന്മേൽ മുന്‍പുണ്ടായിരുന്ന വാത്സല്യം ഒട്ടും കുറച്ചില്ല.

വഴിപ്പണിക്കാരന്റെ പുല്ലുമേഞ്ഞ കുടിലിലേക്കു തിരിച്ചെത്തിയിട്ട അധികദിവസം കഴിയുന്നതിനുമുന്‍പ് അയാള്‍ അനുഭവിച്ചു സംഭ്രമത്തിന്റെ കഥ ഇതാണ്.

ഒരു ദിവസം രാവിലെ, പതിവുപോലെ ജോലിക്കും ഒരു സമയം തന്റെ പതിയിരിപ്പിനുംകൂടി പുറത്തേക്കിറങ്ങിയ സമയത്ത്, പുലര്‍ന്ന് അല്പം കഴിഞ്ഞപ്പോള്‍, ഒരാള്‍ മരക്കൊമ്പുകള്‍ക്കിടയിലൂടെ പോകുന്നത് അയാള്‍ കണ്ടു; പുറംമാത്രമേ കാണാനുണ്ടായിരുന്നുള്ളു; എങ്കിലും ദുരത്തും പ്രഭാതാരംഭത്തിലെ മങ്ങലിലുംവെച്ചാണെങ്കിലും ആ മനുഷ്യന്റെ ചുമലുകള്‍ തനിക്കു തീരെ അപരിചിതങ്ങളല്ലെന്നു തോന്നി. അപ്പോള്‍ ലഹരിയില്‍ത്തന്നെയാണെങ്കിലും ബുലാത്രുയെലിനു തെറ്റാത്തതും തെളിവുള്ളതുമായ ഒരു ഓര്‍മ്മശക്തിയുണ്ടായിരുന്നു—നിയമശാസനങ്ങളോട് കൂട്ടിമൂട്ടേണ്ടിവരുന്ന ഏവര്‍ക്കും ഒഴിച്ചുകൂടാത്ത ഒരായുധം.

‘എവിടെവെച്ചാണ് ഞാന്‍ അങ്ങനെയൊരു മനുഷ്യനെ കണ്ടിട്ടുള്ളത്?’ അയാള്‍ സ്വയം ചോദിച്ചു. പക്ഷേ, തന്റെ ഓര്‍മ്മയില്‍ എന്തോ ഒരസ്പഷ്ടചവുട്ടടിയിട്ടുകൊണ്ട് പോയിട്ടുള്ള ഒരാളുടെ ഛായ ആ മനുഷ്യന്നുണ്ടെന്നല്ലാതെ മറ്റൊന്നും അയാളെക്കൊണ്ട് മറുപടിയുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഏതായാലും, കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന ‘അതിന്നയാളെ’ന്നുള്ളതിനെ എന്നപോലെ, ബുലാത്രുയെല്‍ മറ്റു കാര്യങ്ങളേയും പറ്റി ആലോചിച്ചു, കണക്കാക്കിനോക്കി. ആ മനുഷ്യന്‍ നാട്ടുപുറത്തുകാരനല്ല. അയാള്‍ അപ്പോള്‍ എത്തിയിട്ടേയുള്ളു. നടന്നിട്ടാണ്, നിശ്ചയം. ആ സമയത്ത് മൊങ്ഫേര്‍മിയേയിലൂടെ വണ്ടികളൊന്നും പോകുന്നില്ല. രാത്രിമുഴുവനും അയാള്‍ നടന്നിരിക്കുന്നു. അയാള്‍ എവിടെനിന്നു വന്നു? വളരെ ദൂരത്തുനിന്നല്ല; കെട്ടോ ഭാണ്ഡമോ അയാള പക്കലില്ല. പാരിസ്സില്‍നിന്നാണ്, സംശയമില്ല. അയാള്‍ ഈ കാട്ടിലേക്ക് എന്തിനവന്നു? അയാള്‍ ഇങ്ങനെയൊരു സമയത്ത് അവിടെ എന്തിനെത്തി? അവിടെ വന്നിട്ട അയാള്‍ക്കെന്താണാവശ്യം?

ബുലാത്രുയെല്‍ നിക്ഷേപത്തെപ്പറ്റി ആലോചിച്ചു. ഓര്‍മ്മശക്തിയെ ആകെ വലിച്ചിട്ടു തിരഞ്ഞുനോക്കിയതില്‍, വളരെക്കൊല്ലങ്ങള്‍ക്കുമുന്‍പ് ഈ മനുഷ്യന്‍ തന്നെയായിരിക്കാവുന്ന ഒരാള്‍ ഉണ്ടാക്കിത്തീര്‍ത്ത ശങ്കയെപ്പറ്റി അയാള്‍ക്ക് ഒരു നേരിയ ഓര്‍മ്മ വന്നു.

‘എട, ഗ്രഹപ്പിഴേ!ബുലാരുയെല്‍ പറഞ്ഞു, ‘ഞാനയാളെ കണ്ടുപിടിക്കും. ആ ഗ്രാമക്കാരന്റെ ഗ്രാമം ഞാന്‍ മനസ്സിലാക്കും, പത്രൊങ് മിനെത്തിലെ ഈ പതുങ്ങിക്കള്ളന്ന് ഇവിടെ ഒരു കാര്യമുണ്ട്; ഞാനതറിയും. എനിക്കു പങ്കൊന്നും തരാന്‍ ഭാവമില്ലെങ്കില്‍, എന്റെ കാട്ടില്‍ ആളുകള്‍ക്ക് ഗുഢകാര്യമൊന്നും വെക്കാന്‍ പാടില്ല.

അയാള്‍ നല്ല മൂര്‍ച്ചയുള്ളതായിരുന്ന തന്റെ പിക്കാസ്സെടുത്തു.

‘അപ്പോള്‍,’ അയാള്‍ പിറുപിറുത്തു, നിലത്തും ഒരു മനുഷ്യനിലും കുഴിച്ചു നോക്കേണ്ട എന്തോ ഒന്നുണ്ടാവും.’

ഒരു നൂലോട് മറ്റൊരു നൂല്‍ കൂട്ടിക്കെട്ടുന്നതുപോലെ ആ മനുഷ്യന്‍ പോയിട്ടുള്ള വഴിയിലൂടെ കഴിയുന്നതും വേഗത്തില്‍ നടന്നു, കുറ്റിക്കാടുകളിലൂടെ പാഞ്ഞു.

ഒരു നൂറടി പോയപ്പോഴേക്ക് പുലർന്നുവന്നിരുന്ന ദിവസം അയാളുടെ കൂട്ടിനെത്തി. മണലില്‍പ്പതിഞ്ഞിട്ടുള്ള കാലടിപ്പാടുകളും, അവിടവിടെ ചവുട്ടിച്ചതഞ്ഞിട്ടുള്ള പുല്ലുകളും, ഞെങ്ങിയിട്ടുള്ള കുറ്റിക്കാടുകളും, വളയുകയും ഉണരുമ്പോള്‍ നീട്ടിപ്പിടിക്കുന്ന ഒരു സുന്ദരിയുടെ കൈകള്‍ക്കുള്ള മനോഹരമായ ഉറപ്പിക്കലോടുകൂടി വീണ്ടും നിവരാന്‍ തുടങ്ങുകയും ചെയ്യുന്ന പൊന്തയിലെ ഇളംകൊമ്പുകളും ആ മനുഷ്യന്‍ പോയിട്ടുള്ള വഴി ഏതാണ്ട് അയാള്‍ക്ക് കാണിച്ചുകൊടുത്തു. അയാള്‍ ആ വഴിയേ ചെന്നു. അത് കാണാതെയായി. സമയം പായുന്നു. അയാള്‍ കാട്ടിനുള്ളിലേക്കാണ്ടു; ഒരുതരം കുന്നിന്‍പുറത്തെത്തി. ഗില്ലെറിയിലെ നാടോടി മൂളിപ്പാട്ടു പാടി ഒരു വഴിയേ അകലത്തൂടെ പോകുന്ന ഒരു നായാട്ടുകാരന്‍ ഒരു മരത്തിന്മേല്‍ കയറി നോക്കുകതന്നെ എന്ന യുക്തി തോന്നിച്ചു. അയാള്‍ പ്രായക്കാരനാണെങ്കിലും ഉശിരനാണ്. തിത്തിരുസ്സിനും [1] ബുലാത്രുയെല്‍ക്കും പറ്റിയ വിധത്തിലുള്ള ഒരു കെടേശ്ശുമരം അടുത്തുണ്ടായിരുന്നു. ബുലാത്രുയെല്‍ അതിന്മേല്‍ കഴിയുന്നതും മുകളിലേക്കു കയറി.

ആ യുക്തി നന്നായി. തികച്ചും പൊന്തകെട്ടിയതും കാടുപിടിച്ചതുമായ കാട്ടുപ്രദേശത്തിന്നപ്പുറത്തു തൊട്ടടുത്തുള്ള ഏകാന്തത്തരിശുസ്ഥലത്ത് കണ്‍നടത്തിയപ്പോള്‍ ബുലാത്രുയെല്‍ പെട്ടെന്നു തനിക്കു വേണ്ട ആളെ കണ്ടെത്തി.

അയാള്‍ കണ്ടു എന്നായപ്പോഴേക്ക് ആ മനുഷ്യന്‍ മറഞ്ഞു.

വലിയ മരങ്ങളെക്കൊണ്ട് മൂടുപടമിട്ട് വളരെ ദൂരത്തുള്ള ഒരു തുറസ്സുസ്ഥലത്തേക്ക് ആ മനുഷ്യന്‍ കടന്നു, അല്ലെങ്കില്‍ ഊരിപ്പോയി; പക്ഷേ, ഒരു വലിയ മുരട്ടു കല്ലിന്‍കൂമ്പാരത്തിനടുത്ത് തൊലിയിന്മേല്‍ ഒരു തകരപ്പലക വെച്ചുതറച്ചു മുറിവു കെട്ടിയിട്ടുള്ള ഒരു രോഗക്കാരന്‍ ചെസ്നട്ട് മരം നോക്കിവെച്ചിരുന്നതുകൊണ്ട് ആ പ്രദേശം ബുലാത്രുയെലിനു തികച്ചും പരിചിതമാണ്.

എന്താവശ്യത്തിനുള്ളതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാതെ മുപ്പതു കൊല്ലത്തിനു മുന്‍പ് അവിടെ കാണാനുണ്ടായിരുന്ന കല്ലിന്‍കൂട്ടം നിശ്ചയമായും ഇപ്പോഴുമുണ്ടാവണം. ഒരു പലകവേലിയില്ലെങ്കില്‍പ്പിന്നെ, ഒരു കല്ലിന്‍കൂട്ടത്തോളം ആയുസ്സുള്ളതായി മറ്റൊന്നുമില്ല. അവ താല്‍ക്കാലികാവശ്യങ്ങളാണ്. നിലനില്‍ക്കാനുള്ള എന്തൊരു കാരണം.

ആഹ്ലാദത്തിന്നുള്ള വേഗത്തോടുകൂടി ബുലാത്രുയെല്‍ മരത്തിന്മേൽ നിന്ന്, ഇറങ്ങി എന്നല്ല പറയേണ്ടതു, താഴത്തേക്കു വീണു. മട കണ്ടെത്തിപ്പോയി; ഇനി ജന്തുവിനെ പിടികൂടുകയേ വേണ്ടു. അയാളുടെ മനോരാജ്യത്തിലുള്ള നിക്ഷേപം ഒരുസമയം അവിടെയുണ്ടാവാം.

ആ തുറസ്സുസ്ഥലത്തെത്തുക എളുപ്പമുള്ള പണിയല്ല. ഒരായിരം വളവോടുകൂടി പോകുന്ന പതിവുവഴിയിലൂടേ പോയാല്‍ അവിടെയെത്താന്‍ ഒരു കാല്‍മണിക്കൂര്‍ വേണം. ചില്ലകള്‍ക്കിടയിലൂടേ വല്ലാതേ കാടുപിടിച്ചതും മുള്ളുനിറഞ്ഞതും ആ പ്രദേശത്തുവെച്ചു പ്രയാസംകൂടിയതുമായ ചൊവ്വുവഴിക്കു പോകയാണെങ്കില്‍ ഒരരമണിക്കൂര്‍ തികച്ചും പിടിക്കും. ഇതു മനസ്സിലാക്കിയില്ലെന്നു ബുലാത്രുയെല്‍ക്ക് ഒരബദ്ധം പറ്റി. അയാള്‍ നേര്‍വഴിയെ വിശ്വസിച്ചു; പല ആളുകളേയും കഷ്ടത്തിലാക്കിയിട്ടുള്ള ഒരു ബഹുമാന്യമായ ദൃഷ്ടിഭ്രമം. കുത്തനെ തിങ്ങിനില്ക്കുന്ന കുറ്റിക്കാടാണ് നല്ല വഴിയെന്ന് അയാള്‍ക്കു തോന്നി.

‘നമുക്കു നേരേ ചെന്നായക്കണ്ടത്തിലേക്കു വെച്ചടിക്കുക.’ അയാള്‍ പറഞ്ഞു.

വളഞ്ഞ വഴിയിലൂടെ നടന്നുശീലിച്ചിട്ടുള്ള ബുലാത്രുയെലിന് ഈ ഘട്ടത്തില്‍ നേര്‍വഴിക്കുവെച്ചു എന്ന തെറ്റു പറ്റി.

അയാള്‍ പുല്പൊന്തയുടെ വലപ്പണിയിലേക്ക് ഉറപ്പിച്ചു ചാടി.

അയാള്‍ക്കു കാരമുള്‍ച്ചെടികളും, കൊടുത്തൂവകളും, മുള്‍പ്പൊന്തകളും പാറക്കാരകളും, വളരെ ശുണ്ഠിപിടിച്ച മുള്‍ച്ചെടികളും ചവുട്ടിക്കടക്കേണ്ടിവന്നു. അയാള്‍ക്കു പല ദിക്കിലും മുറിവു പറ്റി.

മലങ്കുഴിയുടെ അടിയില്‍ വെള്ളമുണ്ട്; അതു കടക്കണം.

നാല്പതു മിനിട്ടു കഴിഞ്ഞതിന്നുശേഷം വിയര്‍ത്തുമുങ്ങി, നനഞ്ഞു, ശ്വാസംമുട്ടി, പോറിപ്പൊളിഞ്ഞു, വല്ലാതായി, ഒരുവിധത്തില്‍ അയാള്‍ തുറസ്സുസ്ഥലത്തെത്തി.

അവിടെയെങ്ങും ആരുമില്ല. ബുലാത്രുയെല്‍ ആ കല്ലിന്‍കുന്നിലേക്കു പാഞ്ഞു. അത് അതിന്റെ സ്ഥാനത്തുണ്ട്. അതാരും കൊണ്ടുപോയിട്ടില്ല.

ആ മനുഷ്യനാണെങ്കില്‍ കാട്ടിനുള്ളില്‍ മറഞ്ഞുകഴിഞ്ഞു. അയാള്‍ ചാടിപ്പോയി. എവിടേക്ക്? ഏതു ഭാഗത്തേക്ക്? ഏതു പൊന്തയിലേക്ക്? ഈഹിക്കാന്‍ വയ്യാ.

അവിടെ—പറയാന്‍ വയ്യാ—ആ കല്ലിന്‍കൂട്ടത്തിനു പിന്നില്‍, തകരപ്പലകയോടു കൂടിയ മരത്തിനു മുന്‍പിലായി, പുതുതായി കിളച്ചുമറിച്ചിട്ട മണ്ണും, ഉപേക്ഷിച്ചിട്ടതോ മറന്നിട്ടതോ ആയ ഒരു പിക്കാസ്സും, ഒരു കുഴിയുമുണ്ട്.

കുഴിയില്‍ ഒന്നുമില്ല.

‘കള്ള!’ആകാശാന്തത്തേക്കു നോക്കി മുഷ്ടിയിളക്കിക്കൊണ്ടു ബുലാത്രുയെല്‍ നിലവിളിച്ചു.

കുറിപ്പുകൾ

[1] ഗ്രീസ്സുകാരുടെ സാധാരണയായി നടപ്പുള്ള ഒരാട്ടിടയപ്പേർ.

5.3.2
പൌരയുദ്ധത്തില്‍നിന്നു വിട്ടുപോന്ന് മരിയുസ് കുടുംബയുദ്ധത്തിനു തയ്യാറായി

വളരെ ദിവസമായി, മരിയുസ് മരിക്കുന്നുമില്ല, ജീവിക്കുന്നുമില്ല എന്നായിട്ട്; പല ആഴ്ചകളോളമായി ഇടയ്ക്കിടയ്ക്കു തന്റേടം കെടുന്ന ഒരു പനി വിടാതെ കൂടിയിട്ട്; മറ്റു മുറിവുകളെക്കാളധികം തലയിലെ മുറിവുകള്‍കൊണ്ടുള്ള പരിക്കു കാരണം തലച്ചോറിനു സഗൗരവങ്ങളായ തകരാറുകളുമുണ്ട്.

പനിയുടെ വ്യസനകരമായ പേപറയലിലും മരണവേദനയുടെ കുണ്ഠിതമയമായ ശാഠ്യത്തിലും അയാള്‍ രാത്രി മുഴുവനും കൊസെത്തിനെ വിളിച്ചു. ചില ഉപദ്രവങ്ങള്‍ അപകടമായേക്കാം എന്നുതന്നെ തോന്നിക്കും. വലിയ മുറിവുകളില്‍ നിന്നു ചലംവരല്‍ പലപ്പോഴും പഴുപ്പു വര്‍ദ്ധിപ്പിച്ചുകളയും; അങ്ങനെ ചില ശീതോഷ്ണസ്ഥിതിയനുസരിച്ച് അതു രോഗിയെ കൊന്നു എന്നു വരാം; ആകാശത്തിന്റെ നിലയൊന്നു മാറിയാല്‍, അല്പമെങ്കിലും മഴയ്ക്കുള്ള പുറപ്പാടു കണ്ടാല്‍, വൈദ്യന്‍ വ്യസനത്തിലായി.

“എല്ലാറ്റിനും മുന്‍പായി, വൈദ്യന്‍ ആവര്‍ത്തിച്ചു, ”രോഗിക്കു വലിയ വികാരാവേഗത്തിനൊന്നും ഇടയാക്കാതിരിക്കണം.’ മെഴുകുതുണികളെക്കൊണ്ടു സാമഗ്രികളും കെട്ടുകളും ഉറപ്പിച്ചുനിര്‍ത്തുന്ന സമ്പ്രദായം അന്ന്, അക്കാലത്തു. കണ്ടുപിടിച്ചുകഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് മുറികെട്ടല്‍ വളരെ മനസ്സിരുത്തിച്ചെയ്യേണ്ടതും പ്രയാസം കൂടിയതുമായിരുന്നു. നികൊലെത്ത് ചണപ്പഞ്ഞിയുണ്ടാക്കാന്‍ അവളുടെ ഭാഷയില്‍ ‘തട്ടോളം വലുപ്പമുള്ള ഒരു വിരി’യെടുത്ത. ‘ക്ലോറിന്‍’ കലര്‍ത്തിയ മരുന്നുകളും ’സില്‍വര്‍നൈട്രേറ്റും’ കൂടി പുണ്ണു മാറ്റാന്‍ കുറേ ബുദ്ധിമുട്ടി. അപകടമുള്ള സമയത്തു ദൗഹിത്രന്റെ തലയണയ്ക്കരികില്‍ മൊസ്യു ഗില്‍നോര്‍മാനും നിരാശനായി, മരിയുസ്സിനെപ്പോലെ മരിക്കുകയും ജീവിക്കുകയും ചെയ്യാതെ ഇരിക്കും.

എല്ലാ ദിവസവും, ചിലപ്പോള്‍ ഒരു ദിവസം പല തവണയും, നല്ല വൃത്തിയില്‍ ഉടുപ്പിട്ട ഒരു നരച്ച തലമുടിക്കാരന്‍ മാന്യന്‍—ഇതാണ് വാതില്ക്കാവല്ക്കാരന്‍ വന്നു പറയാറുള്ള വിവരണം—മുറിവേറ്റുകിടക്കുന്ന ആളുടെ സ്ഥിതിയെപ്പറ്റി അന്വേഷിക്കാന്‍ വരികയും മുറിവു കെട്ടുവാന്‍ ഒരു വലിയ കെട്ടു ചണപ്പഞ്ഞി അവിടെവെച്ചു പോവുകയും ചെയ്തു.

ഒടുവില്‍ സപ്തംബര്‍ 7-ാം ന്, അതായത് അയാള്‍ മരിച്ചനിലയില്‍ മുത്തച്ഛന്റെ വീട്ടിലേക്കു കൊണ്ടുവരപ്പെട്ട ആ വ്യസനകരമായ രാത്രി കഴിഞ്ഞു നാലു മാസവും ഒരു ദിവസവുമായപ്പോള്‍, മരിയുസ്സിന്റെ സുഖക്കേടു താന്‍ മാറ്റിക്കൊള്ളാമെന്നു വൈദ്യനേറ്റു. ആശ്വാസപ്പെടല്‍ തുടങ്ങി. പക്ഷേ, തോളെല്ലുകളുടെ ചതവു കാരണമുണ്ടായ തകരാറുകൊണ്ടു മരിയുസ്സിനു പിന്നേയും രണ്ടു മാസത്തോളം ഒരു ചാരുകസേലയില്‍ മലർന്നുകിടന്നു കഴിച്ചുകൂട്ടേണ്ടിവന്നു. ഒടുവില്‍ ഒരു മുറിവുകൂടിയുണ്ടാവും; അതു കൂടുകയില്ല; അതു കെട്ടല്‍ എന്തായാലും അവസാനിക്കില്ല; അങ്ങനെ രോഗിക്കു മുഷിഞ്ഞു.

ഏതായാലും ഈ വളരെക്കാലത്തെ രോഗവും വളരെക്കാലത്തേക്കു പിടിച്ചരോഗശമനവുംകൂടി അയാളെ പൊല്ലീസ്സന്വേഷണത്തില്‍നിന്നു രക്ഷിച്ചു. ഫ്രാന്‍സില്‍, എത്ര പൊതുജനസംബന്ധിയായാലുംകൂടി, ആറു മാസത്തിലധികം കാലം നില്ക്കുന്ന ഒരു ദേഷ്യമില്ല. ലഹള ഇന്നത്തെ സാമുദായികവ്യവസ്ഥിതിക്ക് എല്ലാവരുടേയുംകൂടിയുള്ള ഒരു കുറ്റമായതുകൊണ്ട് അതു കഴിഞ്ഞാല്‍ എല്ലാവരും ഒന്നു കണ്ണടയിക്കേണ്ട ആവശ്യം വരുന്നു.

ഞങ്ങള്‍ ഒന്നുകൂടി തുറന്നുപറയട്ടെ, മുറിവേറ്റു കിടക്കുന്നവരെപ്പറ്റി എല്ലാവിവരവും തന്നുകൊള്ളണമെന്നു വൈദ്യന്മാരോടുണ്ടായിരുന്ന ഗിസ്കെയുടെ ക്ഷന്തവ്യമല്ലാത്ത ശാസനം ജനങ്ങളെ മാത്രമല്ല രാജാവിന്റെകൂടിയും ശുണ്ഠിപിടിപ്പിച്ചതുകൊണ്ടു, മുറിപ്പെട്ടിരുന്നവരെയെല്ലാം ഈ ശുണ്ഠി പുതപ്പിച്ചിടുകയും രക്ഷപ്പെടുത്തുകയും ചെയ്തു; ലഹളയില്‍ യുദ്ധത്തിനിടയ്ക്കു പിടിച്ചിട്ടുള്ളവരെയല്ലാതെ മറ്റൊരാളേയും ഉപദ്രവിക്കാന്‍ യുദ്ധകാര്യാലോചന സഭ ധൈര്യപ്പെട്ടില്ല. അതുകൊണ്ട് മരിയുസ്സിന് അലട്ടൊന്നും തട്ടിയില്ല.

മൊസ്യു ഗില്‍നോര്‍മാന്‍ ആദ്യത്തില്‍ എല്ലാത്തരം കഠിനമനോവേദനയിലൂടേയും പിന്നീട് എല്ലാത്തരം ആഹ്ലാദമൂര്‍ച്ഛയിലൂടേയും സഞ്ചരിച്ചു. ദിവസംപ്രതിരാത്രി മുറിവേറ്റ ആളുടെ അടുക്കല്‍ വന്നുകൂടുന്നതു കൂടാതെ കഴിക്കാന്‍ അദ്ദേഹത്തോട് എത്ര നിര്‍ബന്ധിച്ചിട്ടും ഫലമുണ്ടായില്ല; അദ്ദേഹം തന്റെ വലിയ ചാരുകസേല മരിയുസ്സിന്റെ കട്ടിലിനോടടുത്തു കൊണ്ടിടുവിച്ചു. അദ്ദേഹം മകളോടു വീട്ടിലുള്ളതില്‍വെച്ച് ഏറ്റവുമധികം വിശേഷപ്പെട്ട തുണി അമര്‍ത്തിവെയ്ക്കാനും മുറിവുകെട്ടാനുംവേണ്ടി എടുത്തു ചീന്താന്‍ പറഞ്ഞു. അറിവും പ്രായവുമുള്ള ഒരുവളെപ്പോലെ, മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ മുത്തച്ഛന്‍ പറഞ്ഞതു കേട്ടു എന്നു തോന്നിച്ചുകൊണ്ടു നല്ല നല്ല വസ്ത്രങ്ങളൊന്നും എടുക്കാതെ സൂക്ഷിച്ചുവെച്ചു. ചണപ്പഞ്ഞിയുണ്ടാക്കാന്‍ പരുത്ത പരുത്തിത്തുണിയോളം പട്ടുവസ്ത്രങ്ങള്‍ നന്നല്ലെന്നും പഴയ തുണിയോളം പുതുവസ്ത്രം നന്നല്ലെന്നും പറഞ്ഞു ധരിപ്പിക്കാന്‍ അദ്ദേഹം ഒരാളേയും സമ്മതിക്കില്ല. എല്ലായ്പോഴും മുറിവുകെട്ടുമ്പോള്‍ അദ്ദേഹം അവിടെ കൂടെ നില്ക്കും; മദാം വൃസേട്ട ഗില്‍നോര്‍മാന്‍ മര്യാദയ്ക്ക് അപ്പോഴൊക്കെ പുറത്തേക്കു പോവും. ചീഞ്ഞുപോയ മാംസം കത്തിരികൊണ്ടു മുറിച്ചുകളയുമ്പോള്‍ അദ്ദേഹം പറഞ്ഞു: “അയി അയി! അദ്ദേഹം തന്റെ സൌമ്യവും വിറകേറിയതുമായ കൈകൊണ്ടു മുറിവേറ്റുകിടക്കുന്ന ആള്‍ക്ക് കുടിക്കാന്‍ വെള്ളം കാണിച്ചു കൊടുക്കുന്നതുപോലെ കണ്ടാല്‍ ഉള്ളില്‍ക്കൊള്ളുന്ന മറ്റൊന്നുമില്ല. അദ്ദേഹം വൈദ്യനെ ചോദ്യം ചോദിച്ചു കുഴക്കി. ഒരിക്കല്‍ ചോദിച്ചതുതന്നെയാണ് പിന്നെയും പിന്നെയും ചോദിക്കുന്നതെന്ന് അദ്ദേഹം ഓര്‍ക്കില്ല.

മരിയുസ്സിനെപ്പറ്റി ഇനി ഭയപ്പെടാനില്ലെന്നു വൈദ്യന്‍ പറഞ്ഞ ദിവസം, അദ്ദേഹത്തിനു ഭ്രാന്തായി. വാതില്ക്കാവല്ക്കാരന്നു മൂന്നു ലൂയി സമ്മാനിച്ചു. അന്നു വൈകുന്നേരം അദ്ദേഹം തന്റെ മുറിയിലേക്കു തിരിച്ചുവന്നപ്പോള്‍, തന്റെ തള്ളവിരല്‍കൊണ്ടും ചുണ്ടാണിവിരല്‍കൊണ്ടും ഞൊടിച്ചു താളം പിടിച്ചുകൊണ്ട് ഒരു നൃത്തംവെച്ച് ഈ പാട്ടുപാടി:

ഴാന്ന് ജനിച്ചതു ഫുഗേ-റിലാ-

ണസ്സലിടയന്റെ കൂട്ടില്‍.

ആരാധിക്കുന്നേനവള്‍തൻ- റൗക്ക

ഞാ; നതെന്തോമല്‍വികൃതി.

കാമദേവ, നീയവദി-ലല്ലോ

താമസിക്കുന്നതെന്നെന്നും;

കള്ളത്തെമ്മാടി, നിന്നാവ-നാഴി

തല്‍ക്കടക്കണ്ണുകളല്ലി?

ഞാനവളെപ്പറ്റിപ്പാടും-ദേവ-

സുന്ദരിയങ്ങു നില്ക്കക്കെ;

ഴാന്നിലാണെന്നനുരാഗം-ഴാന്നിൻ

ബ്രിട്ടീഷ്മുലകളിന്മേലും

എന്നിട്ട് അദ്ദേഹം ഒരു കസാലയില്‍ മുട്ടുകുത്തി; പകുതി തുറന്ന വാതില്ക്കലൂടേ നോക്കിക്കണ്ടിരുന്ന ബസ്കിന്ന് അദ്ദേഹം ഈശ്വരവന്ദനം ചെയ്തു എന്നതില്‍ സംശയമില്ല.

അതേസമയംവരെ, അദ്ദേഹം ഈശ്വരനില്‍ വിശ്വസിച്ചിട്ടില്ല.

അടിക്കടി നല്ലവണ്ണം തെളിഞ്ഞുവന്ന രോഗശമനത്തിന്റെ ഓരോ പടിയിലും മുത്തച്ഛനും ഭ്രാന്തുകൂടി. അദ്ദേഹം താനറിയാതെ സന്തോഷംകൊണ്ടു നിറഞ്ഞ ഒരായിരം കൂട്ടംചെയ്തു. എന്തിനെന്നറിയാതെ, അദ്ദേഹം കോണി കയറി, കീഴ്പോട്ടിറങ്ങി. അയല്‍പക്കക്കാരിയായ ഒരു സുന്ദരി ഒരു ദിവസം രാവിലെ ഒരു വലിയ പൂച്ചെണ്ട് അയച്ചുകിട്ടിയതു കണ്ട് അത്ഭുതപ്പെട്ടുപോയി: അത് മൊസ്യു ഗില്‍നോര്‍മാന്റെ വകയായിരുന്നു. ഭര്‍ത്താവ് ശുണ്ഠിയെടുത്തു. മൊസ്യു ഗില്‍നോര്‍മാന്‍ ഒരു ദിവസം നികൊലെത്തിനെ പിടിച്ചു മടിയില്‍വെയ്ക്കാന്‍ ശ്രമിച്ചു. അദ്ദേഹം മരിയുസ്സിനെ “മൊസ്യു ല്‍ ബാറണ്‍’ എന്നു വിളിച്ചു. അദ്ദേഹം ആര്‍ത്തു പറഞ്ഞു: ’പ്രജാധിപത്യത്തിനു ദീര്‍ഗ്ഘായുസ്സു ഭവിക്കട്ടെ!”

ഓരോ നിമിഷത്തിലും അദ്ദേഹം വൈദ്യനോട് ചോദിക്കും: ’ഇനി പേടിക്കാനില്ലല്ലോ, ഉവ്വോ? ഒരു മുത്തശ്ലീയുടെ നോട്ടത്തോടുകൂടി അദ്ദേഹം മരിയുസ്സിനെ നോക്കിക്കണ്ടു. അയാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം നോക്കിക്കൊണ്ടിരിക്കും. അദ്ദേഹത്തിനു തന്നെപ്പറ്റി ഒരു വിവരവുമില്ലാതായി; അദ്ദേഹം തന്നെപ്പറ്റി ഒരു കണക്കും വെയ്ക്കാതായി. മരിയുസ്സായി അവിടുത്തെ എജമാനന്‍; അദ്ദേഹത്തിന്റെ സന്തോഷത്തില്‍ വാഴ്ചയൊഴിയലുണ്ടായിരുന്നു; അദ്ദേഹം തന്റെ ദൌഹിത്രന്റെ ദൌഹിത്രനായി.

അപ്പോഴത്തെ സന്തോഷാധിക്യത്താല്‍ അദ്ദേഹം ഒരു വെറും കുട്ടിയായി. ആശ്വാസം കിട്ടിവരുന്ന രോഗിയെ ക്ഷീണിപ്പിക്കുകയോ മുഷിപ്പിക്കുകയോ ചെയ്തുപോയാലോ എന്നു പേടിച്ചു, പിന്നിലേക്കു മറഞ്ഞു നിന്നേ അദ്ദേഹം പുഞ്ചിരിയിടു. അദ്ദേഹം തൃപ്തനായി, സന്തുഷ്ടനായി, ആഹ്ലാദമയനായി, മനോഹരനായി, യുവാവായി. അദ്ദേഹത്തിന്റെ മുഖത്തുള്ള മനോഹരപ്രകാശത്തിന് അദ്ദേഹത്തിന്റെ വെളുത്ത തലമുടി ഒരു സമ്യപ്രഭാവം കൂട്ടി, സന്തോഷശീലം ജരയോടുകുടി കലരുമ്പോള്‍ അതാരാധ്യമായിത്തീരുന്നു, പ്രസന്നമായ പ്രായാധിക്യത്താല്‍ ഒരനിര്‍വചനീയമായ അരുണോദയമുണ്ട്.

മരിയുസ്സിനാണെങ്കില്‍, മറ്റുള്ളവരെ മുറികെട്ടാനും ശുശ്രൂഷിക്കാനും സമ്മതിച്ചുകൊണ്ട് കിടക്കുമ്പോഴെല്ലാം അയാള്‍ക്ക് ഒറ്റ വിചാരമേയുള്ളു—കൊസെത്ത്.

പനിയും തന്റേടംമറിയലും ആശ്വാസപ്പെട്ടതിനുശേഷം അയാള്‍ ആ വാക്ക് മിണ്ടിയിട്ടില്ല. അയാള്‍ക്ക് ആ വിചാരമില്ലാതായി എന്നു തോന്നും. അയാള്‍ മിണ്ടാതായി; അയാളുടെ ആത്മാവ് അവിടെത്തന്നെയായിരുന്നുവല്ലോ, അതുകൊണ്ട്.

കൊസെത്തിന്റെ കഥയെന്തായി എന്ന് അയാള്‍ക്കറിഞ്ഞുകൂടാ! റ്യൂ ദ് ല ഷങ്വ്രെറിയില്‍ നടന്നതെല്ലാം അയാളുടെ സ്മരണയില്‍ ഒരു മേഘംപോലെയേ ഉള്ളു; ഏതാണ്ട അസ്പഷ്ടങ്ങളായിരുന്നു നിഴലുകള്‍— എപ്പൊനൈന്‍, ഗവ്രോഷ്, മബേ, തെനാര്‍ദിയെര്‍മാര്‍, എല്ലാം—അയാളുടെ മനസ്സില്‍ പാറിനടന്നിരുന്നു; അയാളുടെ സുഹൃത്തുകളെല്ലാം വഴിക്കോട്ടയിലെ പുകയോടു വൃസനകരമായ വിധം കൂടിമറിഞ്ഞു; മൊസ്യു ഫൂുഷല്‍വാങ്ങിന്റെ ആ തിരക്കിലൂടെയുണ്ടായ സഞ്ചാരം ഒരു കൊടുങ്കാറ്റിനുള്ളിലെ പരിഭ്രമംപോലെ അയാളുടെ ഉള്ളില്‍ നിലനിന്നു; തന്റെ ജീവിതത്തെ സംബന്ധിച്ച ഒരു വിവരവും അയാള്‍ക്കില്ലാതായി, ആരാണ് എങ്ങനെയാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് അയാള്‍ക്കും അറിഞ്ഞുകൂടാ, അവിടെയുള്ള മറ്റാര്‍ക്കും അറിഞ്ഞുകൂടാ; അന്നു രാത്രി അയാള്‍ ഒരു കൂലിവണ്ടിയില്‍ റ്യൂ ദെ ഫില്‍ദ്യു കല്‍വേറില്‍ എത്തിച്ചേര്‍ന്നു എന്നു മാത്രമേ അവരെക്കൊണ്ടു പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞുള്ളു; ഒരസ്പഷ്ടവിചാരത്തിന്റെ പുകയെക്കാള്‍ ഒട്ടുമധികമുണ്ടായിരുന്നില്ല അയാൾക്ക് ഭൂതവും വര്‍ത്തമാനവും ഭാവിയും, ഒന്നും; എങ്കിലും ആ മഞ്ഞിന്‍പുകയ്ക്കുള്ളില്‍ അചഞ്ചലമായി ഒന്നുണ്ടായിരുന്നു, സ്പഷ്ടവും കണിശവുമായ ഒരു കാര്യം, കരിങ്കല്ലുകൊണ്ടുള്ള ഒന്ന്, ഒരു തീര്‍പ്പ്, ഒരു ദൃഡമായ ആഗ്രഹം; കൊസെത്തിനെ ഒരിക്കല്‍ക്കൂടി കണ്ടുപിടിക്കണം. അയാള്‍ക്ക് ആയുസ്സും കൊസെത്തും തമ്മില്‍ ഭിന്നമല്ല. ഒന്ന് മറ്റതിനോടുകൂടാതെ കൈക്കൊള്ളില്ലെന്ന് അയാള്‍ മനസ്സുകൊണ്ട് വിധിച്ചുവെച്ചിട്ടുണ്ട്. എന്നല്ല, അയാളെ ജീവിച്ചിരുത്താന്‍ നോക്കുന്ന ഏതൊരാളില്‍നിന്നും—മുത്തച്ഛനാവട്ടെ, ഈശ്വരവിധിയാവട്ടേ, നരകമാവട്ടേ, ആരില്‍നിന്നും—തന്റെ മറഞ്ഞുപോയ സ്വര്‍ഗ്ഗത്തെക്കൂടി വാങ്ങിക്കാന്‍ അയാള്‍ ഇനി ഇളക്കമില്ലെന്നവിധം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.

തടസ്സുങ്ങളുണ്ടെന്നുള്ള വാസ്തവം അയാള്‍ കാണാതിരുന്നിട്ടില്ല.

മുത്തച്ഛന്റെ ഈ ശുശ്രൂഷകളെക്കൊണ്ടും വാത്സല്യഭാവങ്ങളെക്കൊണ്ടും അയാളെ കീഴടക്കുവാനോ മെരുക്കുവാനോ സാധിച്ചിട്ടില്ലെന്നുള്ള ഒരു കാര്യം ഞങ്ങള്‍ ഇവിടെ ഊന്നിപ്പറയട്ടെ. ഒന്നാമത് അതൊന്നും അയാളറിഞ്ഞിട്ടില്ല; പിന്നെ, അപ്പോഴും സംഭ്രാന്തങ്ങളായിത്തന്നെയിരിക്കുന്ന ഒരു രോഗിയുടെ ആലോചനകള്‍ക്കുള്ളില്‍ ആ വാത്സല്യഭാവത്തെ അയാള്‍തന്നെ വശപ്പെടുത്തുവാന്‍ വേണ്ടി കാണിക്കപ്പെടുന്ന പുതിയതും അസാധാരണവുമായ ഒരു സംഗതിയെന്നായി അവിശ്വസിച്ചു എന്നും വരാം; അയാള്‍ അനിഷ്ടപക്ഷത്തില്‍ത്തന്നെ നിന്നു. മുത്തച്ഛന്‍ വെറുതേ തന്റെ സാധുക്കിഴവന്‍പുഞ്ചിരി ചെലവഴിച്ചു. അയാള്‍, മരിയുസ്, ഒന്നും മിണ്ടാതിരിക്കുന്നേടത്തോളം അതൊക്കെ ശരിക്കു നടക്കുമെന്നും, കൊസെത്തിന്റെ കാര്യം വന്നാല്‍ അപ്പോള്‍ തരമൊന്നു മാറിക്കാണാമെന്നും, മുത്തച്ഛന്റെ വാസ്തവത്തിലുള്ള വേഷം അപ്പോള്‍ വെളിപ്പെടുമെന്നും അയാള്‍ സ്വയം പറഞ്ഞു. അപ്പോള്‍ ഒരു ശണ്ഠ വേണ്ടിവരും; കുടുംബസ്ഥിതികളെപ്പറ്റിയുള്ള അന്വേഷണം, സ്ഥിതികളെക്കുറിച്ചുള്ള കൂട്ടിവെച്ചു ചോദിക്കല്‍, ഒരുമിച്ചുതന്നെ എല്ലാത്തരത്തിലൂമുള്ള കൊള്ളിവാക്കുകളും എല്ലാവിധത്തിലുമുള്ള തടസ്സങ്ങളും, ഫൂഷല്‍വാണങ്, കൂപ്പല്‍വാണ്, സമ്പന്നത, ദാരിദ്യം, ഒരു ഭാരം, ഭാവി—എല്ലാം. ഊക്കന്‍ തടസ്സം; തീര്‍പ്പ്, സമ്മതിക്കായ്ക. മരിയുസ് മുന്‍കൂട്ടിത്തന്നെ അതിനു വേണ്ട ഉറപ്പിക്കല്‍ ചെയ്തു ശരിപ്പെടുത്തി.

അങ്ങനെ ജീവന്‍ വീണ്ടുകിട്ടിവരുന്നതോടുകൂടി അയാളുടെ ഓര്‍മ്മയിലുള്ള പഴയ വ്രണങ്ങള്‍ ഒരിക്കല്‍ക്കൂടി വായപൊളിച്ചു; അയാള്‍ പിന്നെയും കഴിഞ്ഞതിനെപ്പറ്റി ആലോചിച്ചു; മൊസ്യു ഗില്‍നോര്‍മാന്റേയും അയാളുടേയും ഇടയ്ക്ക് ഒരിക്കല്‍ക്കൂടി കേര്‍ണല്‍ പോങ്മേര്‍സി വന്നുനിന്നു; തന്റെ അച്ഛനോട അത്രമേല്‍ അനീതിയും കഠിനതയും കാണിച്ച ഒരാളില്‍നിന്നു വാസ്തവത്തില്‍ യാതൊരു ദയയും ആശിക്കാനില്ലെന്ന് അയാള്‍ നിശ്ചയിച്ചു. ആരോഗ്യത്തോടുകൂടി, മുത്തച്ചന്റെ നേര്‍ക്കുള്ള ആ ഒരുതരം പരുഷതയും അയാളില്‍ തിരിച്ചെത്തി. ഇത് ആ വയസ്സനെ അലപം വേദനപ്പെടുത്തി. അതു പുറത്തേക്കു വരാന്‍ സമ്മതിക്കാതെതന്നെ, മരിയുസ് അങ്ങോട്ട് തിരിച്ചുവരികയും ബോധം വീണ്ടുകിട്ടിത്തുടങ്ങുകയും ചെയ്തതിനുശേഷം ഒരിക്കലെങ്കിലും അയാള്‍ തന്നെ അച്ഛനെന്നു വിളിക്കുകയുണ്ടാട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ’മൊസ്യു’ എന്നും വിളിക്കുകയുണ്ടായിട്ടില്ല. വാസ്തവംതന്നെ; വാക്കുകളെ തിരിച്ചുകൊണ്ടുപോയി അയാള്‍ അതും, മറ്റതും വിളിക്കാതെ കഴിച്ചുകൂട്ടി. നിശ്ചയമായും ഒരു ശണ്ഠയ്ക്കുള്ള കാലമടുത്തു.

ഈവക സംഗതികളില്‍ പതിവുള്ളവിധം, യുദ്ധത്തിന് അങ്ങോട്ടു ചെല്ലാതെ തന്റെ നില നോക്കിക്കൊണ്ട് മരിയുസ് പതിയിരുന്നതേയുള്ളു. ഇതിനു ’ചുവടുറപ്പിക്കുക’എന്നു പറയും. ഒരു ദിവസം രാവിലെ, തന്റെ കൈയില്‍ വന്നുപെട്ട ഒരു പത്രം കാരണമായി മൊസ്യു ഗില്‍നോര്‍മാന്‍ സഭായോഗത്തെപ്പറ്റി വകവെക്കാതെ സംസാരിക്കുകയും ദന്തോങ്ങിനേയും സാങ്ഴുസ്തിനേയും റൊബെപിയെറേയും പറ്റി ഒരു രാജരക്ഷിപ്രസംഗത്തിനു ഭാവിക്കുകയും ചെയ്യുകയുണ്ടായി—’1793-ലെ ആളുകള്‍ അസാമാന്യന്മാരായിരുന്നു.’ മരിയുസ് നിഷഠുരതയോടുകൂടി പറഞ്ഞു. കിഴവന്‍ ഒന്നും പറഞ്ഞില്ല; അന്നത്തെ ദിവസം മുഴുവനും അദ്ദേഹം ഒരക്ഷരവും പിന്നെ മിണ്ടുകയുണ്ടായിട്ടില്ല.

പഴയ കാലങ്ങളിലെ ആ ദുശ്ശാഠ്യക്കാരനായ മുത്തച്ഛനെത്തന്നെ മനസ്സില്‍ വെച്ചു കൊണ്ടിരുന്ന മരിയുസ് ആ മൗനത്തെ ഒരു കലശലായ ദേഷ്യത്തിന്റെ ഒരുക്കു കൂട്ടലായി കണക്കാക്കി, ഒരു കൊടുംകലഹം അതില്‍നിന്നും ഉണ്ടാകുമെന്ന് മുന്‍കൂട്ടി ഉറച്ചു. മനസ്സിന്നടിയില്‍വെച്ച് ആ ശണ്ഠയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം ശരിക്കു ചെയ്തുതുടങ്ങി.

സമ്മതിക്കാതിരിക്കയാണെങ്കില്‍, അയാള്‍ തന്റെ മുറിവുകെട്ടുകളെല്ലാം വലിച്ചു ചിന്തി, തോളെലു പിടിച്ചൊടിച്ചു, കൂടിപ്പോയ മുറിവുകളെയെല്ലാം വീണ്ടും വായപൊളിപ്പിക്കുമെന്നും, പിന്നെ ഭക്ഷണമൊന്നും വാങ്ങിക്കഴിക്കുകയില്ലെന്നും ഉറച്ചു. അയാളുടെ മുറിവുകളാണ് യുദ്ധത്തിനുള്ള മരുന്ന്. അയാള്‍ക്ക് കൊസെത്തിനെ കിട്ടണം. അല്ലെങ്കില്‍ മരിക്കണം.

രോഗിയുടെ ഉപായപൂർവ്വമായ ക്ഷമയോടുംകൂടി മരിയുസ്സ് ആ മുഹൂര്‍ത്തവും കാത്തുകിടന്നു.

ആ മുഹൂര്‍ത്തം വന്നു.

5.3.3
മരിയുസ് എതിര്‍ക്കപ്പെട്ടു

ഒരു ദിവസം, മൊസ്യു ഗില്‍നോര്‍മാന്‍, തന്റെ മകള്‍ വലിപ്പുപെട്ടിയുടെ മീതെ കുപ്പികളും കപ്പുകളും അടുക്കി ഒതുക്കിവെയ്ക്കുന്ന സമയത്ത്, മരിയുസ്സിന്റെ അടുക്കലേക്ക് കുനിഞ്ഞുനിന്നു തന്റെ ഏറ്റവുമധികം വാത്സല്യമയമായ സ്വരത്തില്‍ പറഞ്ഞു; ’അപ്പോള്‍, എന്റെ മരിയുസ്കുട്ടി, ഞാനാണ് നിന്റെ സ്ഥാനത്തെങ്കില്‍, ഞാനിപ്പോള്‍ മത്സ്യത്തിനു പകരം മാംസമേ കഴിക്കു. രോഗംമാറലിന്റെ ആരംഭത്തില്‍ ഒരു പൊരിച്ച മാന്തല്‍മത്സ്യം അസ്സലാണ്; പക്ഷേ, രോഗിക്ക് എണീയ്ക്കാറാവണമെങ്കില്‍ ഒരു നല്ല മാംസ ’ക്കട്ളൈറ്റ്’ വേണം

അപ്പോഴേക്ക് നല്ലവണ്ണം ശക്തിവെച്ചിരുന്ന മരിയുസ് കാര്യം മുഴുവനും മനസ്സിലാക്കി, എഴുന്നേറ്റിരുന്നു, കിടയ്ക്കവിരിയിന്മേല്‍ മുറുക്കിപ്പിടിച്ച രണ്ടു കൈമുഷ്ടികളും ഊന്നി, മുത്തച്ഛന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, ഒരു ഭയങ്കരമട്ടവലംബിച്ചു പറഞ്ഞു: അപ്പോള്‍ എനിക്കൊരു കാര്യം പറയാനുണ്ട്.

“എന്താണത്?”

’എനിക്കു കല്യാണം കഴിക്കണം.”

’സമ്മതം’, മുത്തച്ഛന്‍ പറഞ്ഞു—അദ്ദേഹം പൊട്ടിച്ചിരിച്ചു.

എങ്ങനെ സമ്മതം?”

’അതേ, സമ്മതം. നിനക്കു നിന്റെ പെണ്‍കിടാവിനെ കല്യാണം കഴിക്കാം.”

നടുങ്ങുകയും ആ പറപ്പിച്ചുകളയുന്ന അടി തട്ടി കിഴുമേല്‍ മറിയുകയും ചെയ്ത മരിയുസ് ആകെ കിടുകിടെ വിറച്ചു.

മൊസ്യു ഗില്‍നോര്‍മാന്‍ തുടങ്ങി: “അതേ, നിനക്ക് ആ നിന്റെ സുന്ദരിയായ പെണ്‍കിടാവിനെ കല്യാണം കഴിക്കാം. അവള്‍ ദിവസംപ്രതി ഒരു മാന്യവൃദ്ധന്റെ രൂപത്തില്‍ നിന്റെ സ്ഥിതിയന്വേഷിക്കാന്‍ ഇവിടെ വരാറുണ്ട്. നിയ്യിവിടെ മുറിവേറ്റു കിടപ്പായതുമുതല്ക്ക് അവള്‍ക്ക് കരയുകയും ചണപ്പഞ്ഞിയുണ്ടാക്കുകയും മാത്രമാണ് പണി. ഞാനന്വേഷിച്ചു. അവളുടെ താമസം റ്യു ദ് ലോം അര്‍മേയില്‍ 7-൦ നമ്പര്‍ വീട്ടിലാണ്. ഹാ! അപ്പോഴോ, ഞങ്ങളറിഞ്ഞു, ശരി, നിനക്കവളെ കിട്ടണം. ആട്ടെ, നിയ്യവളെ എടുത്തോ! നീ കുടുങ്ങിപ്പോയി. നീ നിന്റെ ചെറുസൂത്രം ആലോചിച്ചു ശരിപ്പെടുത്തിയിരുന്നു; നീ നിന്നോടു പറഞ്ഞു: “ഞാനിതു നേരേ എന്റെ മുത്തച്ഛനോട്, ആ നാടുവാഴിസ്ഥാനത്തെക്കും പ്രഭുസഭയിലെക്കും ചേര്‍ന്ന ജീവച്ഛവത്തോട്, ആ കിഴവന്‍ശ്യംഗാരിയോട്, ആഴെരൊന്തെ [1] യായി മാറിയ ദൊരാന്തോടു [2]: പറയാന്‍ പോകുന്നു; അയാള്‍ക്ക് അയാളുടെ വക നേരമ്പോക്കുകളുണ്ടായിരുന്നു. ഉവ്വ്; അയാളുടെ വക അനുരാഗകഥകളുണ്ട്; അയാളുടെ ഗ്രിസെത്ത് (— ധൂളിത്തമുള്ള ഒരു പാരിസ്സുകാരി പെണ്‍കിടാവു) മാരും കൊസെത്തുമാരുമുണ്ടായിരുന്നു. അയാളും കിരുകിരുപ്പുണ്ടാക്കിയിട്ടുണ്ട്, അയാള്‍ക്കും ചിറകുണ്ടായിരുന്നു, അയാളും വസന്തത്തിന്റെ സദ്യയുണ്ടിട്ടുണ്ട്; അയാള്‍ക്കും അതോർമ്മയുണ്ടാവണം.”ഹാ, നീ ഒരു തുളയന്‍വണ്ടിന്റെ കൊമ്പു കടന്നുപിടിച്ചു. അതു നന്നായി. ഞാന്‍ നിനക്ക് ഒരു കട്ളൈറ്റ് കാണിക്കുമ്പോള്‍ നീ പറയുകയാണ്; ’കൂട്ടത്തില്‍പ്പറയട്ടെ, എനിക്കു കല്യാണം കഴിക്കണം!” അതാ, നിയ്യൊരു മറിച്ചില്‍ മറിയുന്നു! നിയ്യൊരു ചെറുപടയുണ്ടാവുമെന്ന് കണക്കാക്കി! ഞാനൊരു തന്തപ്പേടിത്തൊണ്ടനാണെന്നു നീ മനസ്സിലാക്കിയില്ല. അപ്പോള്‍ ഇതിനെന്തു പറയുന്നു? നീ മുഷിഞ്ഞുവോഃ നിന്നെക്കാള്‍ വങ്കനായിക്കാണും നിന്റെ മുത്തച്ഛനെ എന്നു നീ കരുതിയില്ല; ഹേ വക്കീലവര്‍കള്‍, നിങ്ങള്‍ എന്നോടു പറയാന്‍ തെയ്യാറാക്കിയിരുന്ന പ്രസംഗം ആവശ്യമില്ലാതായി; അതു മുഷിപ്പനാണ്. ശരി, അതു ചീത്തതന്നെ. ശുണ്ഠി കടിച്ചോ; എട, ധാതുപുഷ്ടിയില്ലാത്തവനേ, ഞാന്‍ നിനക്കാവശ്യമുള്ളതു ചെയ്യാന്‍ പോകുന്നു; അപ്പോള്‍ പണി ചുരുങ്ങി! കേട്ടോ, ഞാന്‍ അന്വേഷണം നടത്തി; ഞാന്‍ ഉപായിയാണ്. അവള്‍ സുന്ദരിയാണ്, സൂത്രക്കാരിയാണ്; കുന്തപ്പടയാളിയെപ്പറ്റി കേട്ടതു നേരല്ല; അവള്‍ ഒരുപാടു ചണപ്പഞ്ഞിയുണ്ടാക്കിക്കൂട്ടി; അവള്‍ക്കാഭരണമുണ്ട്, അവള്‍ക്കു നിന്റെ മേല്‍ കമ്പമുണ്ട്; നീ മരിച്ചാല്‍ നമ്മള്‍ മൂന്നുപേര്‍ ചാവും. അവളുടെ ശവമഞ്ചവും എന്റേതിനോടൊപ്പമുണ്ടാവും. നിനക്ക് ആശ്വാസം കണ്ടുതുടങ്ങിയതുമുതല്‍ എനിക്കൊരു യുക്തി തോന്നിയിരുന്നു. അവളെ നിന്റെ കട്ടിലിന്നരികെ കൊണ്ടുനടുകു”പക്ഷേ, കെട്ടുകഥകളില്‍ മാത്രമേ പെണ്‍കിടാങ്ങളെ അവരില്‍ താത്പര്യമുള്ള സുന്ദരന്മാരായ യുവാക്കന്മാര്‍ മുറിവേറ്റു കിടക്കുന്നേടത്തേക്ക് വരുത്തലുള്ളു. അതുകൊണ്ടുണ്ടായില്ല. നിന്റെ അച്ചന്‍ പെങ്ങള്‍ എന്തു പറയും? എന്റെ ചങ്ങാതി. നീ മുക്കാല്‍സ്സമയത്തും നൂല്‍ബന്ധമില്ലാതായിരുന്നു. നിന്നെ ഒരിക്കലും വിട്ടുപിരിയുകയുണ്ടായിട്ടില്ലാത്ത നികൊലെത്തോടു ചോദിക്ക്, ഒരു സ്ത്രീയെ ഇങ്ങോട്ടു വരുത്താന്‍ പാടുണ്ടായിരുന്നുവോ എന്ന്. പിന്നെ, വൈദ്യനെന്തു പറയും? ഒരു സുന്ദരിയായ പെണ്‍കിടാവ് ഒരു പുരുഷന്റെ പനി ആശ്വാസപ്പെടുത്തുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, അതൊക്കെ ശരി, നമുക്കിനി അതിനെപ്പറ്റി ഒന്നും പറയാതിരിക്കുക, എല്ലാം പറഞ്ഞുകഴിഞ്ഞു, ഒക്കെ ചെയ്തുകഴിഞ്ഞു, അതു തീര്‍ച്ചയായി, അവള്‍ നിന്റെ, ഇങ്ങനെയാണ് എന്റെ നിഷ്ഠുരത. കണ്ടുവോ? നിനക്കെന്നെ ഇഷ്ടമില്ലെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പറഞ്ഞു: “അപ്പോള്‍ ഇതാ, എന്റെ കൊസ്സെത്ത്കുട്ടി എന്റെ കക്ഷത്തിലുണ്ട്; ഞാനവളെ അവന്നു സമ്മാനിക്കാന്‍ പോകുന്നു; അപ്പോള്‍ അവന്നു കുറച്ചെന്നെ സ്നേഹിക്കാതെ നിര്‍വ്വാഹമില്ലെന്നുവരും, അല്ലെങ്കില്‍ അതിന്നുള്ള കാരണം പറയേണ്ടിയിരിക്കും.’ ഹാ, അപ്പോള്‍ കിഴവന്‍ ലഹളക്കൂട്ടാൻ നില്ക്കും, വലിയ ഒച്ചയിടും; പാടില്ല എന്നുച്ചത്തില്‍ പറയും, ആ അരുണോദയത്തിനു നേര്‍ക്ക് വടിയോങ്ങും എന്നൊക്കെ നീ വിചാരിച്ചു. അതൊരു വസ്തുവുമില്ല. കൊസെത്ത്, അങ്ങനെയാവട്ടേ, അനുരാഗം, അങ്ങനെയാവട്ടെ; ഇതിലും നല്ലതൊന്നും ഞാന്‍ ചോദിക്കുന്നില്ല; സാര്‍, ദയചെയ്തു വേഗത്തില്‍ ഒന്നു കല്യാണം കഴിക്കുമോ? എന്റെ ഓമനക്കുട്ടി, നീ കുറച്ചു സുഖിക്ക്.’

ഇങ്ങനെ പറഞ്ഞ് ആ വയസ്സന്‍ തേങ്ങിക്കരഞ്ഞു.

അദ്ദേഹം മരിയുസ്സിന്റെ തലപിടിച്ചു. രണ്ടു കൈകളെക്കൊണ്ടും അതു മാറത്തേക്കമര്‍ത്തി, രണ്ടുപേരും കരയാന്‍ തുടങ്ങി. ഇതാണ് വിശിഷ്ടമായ സുഖത്തിന്റെ രൂപങ്ങളിലൊന്ന്.

“അച്ഛാ! മരിയുസ് വിളിച്ചു.

“ഹാ, അപ്പോള്‍ നിനക്കെന്നെ ഇഷ്ടമുണ്ട്!” ആ വയസ്സന്‍ പറഞ്ഞു.

ഒരനിര്‍വചനീയമായ ഘട്ടം വന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും ശ്വാസമുട്ടി. സംസാരിക്കാന്‍ വയ്യാതായി.

—ഒടുവില്‍ കിഴവന്‍ വിക്കി: “ആട്ടെ ഒടുവില്‍ അവന്റെ വായയടപ്പു നീങ്ങി. അവന്‍ അച്ഛ എന്നെന്നോടു പറഞ്ഞു.”

മരിയുസ് മുത്തച്ഛന്റെ കൈയില്‍നിന്നു തല വേര്‍പെടുത്തി പതുക്കെപ്പറഞ്ഞു: അച്ഛ, ഇപ്പോള്‍ എന്റെ രോഗമൊക്കെ മാറിയിരിക്കുന്ന സ്ഥിതിക്ക്, ഇനി എനിക്ക് അവളെ കാണാമെന്നു തോന്നുന്നു.”

“പിന്നെയും സമ്മതം; നിനക്കവളെ നാളെ കാണാം.”

“അച്ഛാ!”

“എന്താണ്?”

“എന്തുകൊണ്ട് ഇന്നു വയ്യാ?”

“ശരി, എന്നാല്‍ ഇന്നുതന്നെ, ഇന്നുതന്നെയാവട്ടെ. നീ എന്നെ മൂന്നു പ്രാവശ്യം ’അച്ഛാ’ എന്നു വിളിച്ചു; അതിനു അതു സമ്മാനം തരണം. ഞാന്‍ ശ്രമിക്കുകയായി. അവള്‍ ഇവിടെ വരും. ഞാന്‍ പറഞ്ഞില്ലേ, സമ്മതം. അതിപ്പോള്‍ത്തന്നെ കവിതയിലായിക്കഴിഞ്ഞു. ആങ്ദ്രെഷെനിയെ, 1793-ലെ തെ അസാമാന്യന്മാര്‍, കഴുത്തു മുറിച്ചുവിട്ട ആങ്ദ്രെഷൈനിയെ, ഉണ്ടാക്കിയ ഴൂന്‍മലദിന്റെ ചരമത്തിലെ അവസാന ഭാഗമാണിത്.”

മരിയുസ്സിന്റെ മുഖം അല്പമൊന്ന് വീര്‍ത്തതായി മൊസ്യു ഗില്‍നോര്‍മാന്‍ സ്വപ്നം കണ്ടു. വാസ്തവത്തില്‍ അയാള്‍ അദ്ദേഹത്തിന്റെ വാക്ക് ശ്രദ്ധിച്ചിരുന്നല്ലെന്നും 1793-നെക്കാളധികം കൊസെത്തിനെപ്പറ്റിയാണ് അയാള്‍ വിചാരിച്ചിരുന്നതെന്നും ഞങ്ങള്‍ സമ്മതിക്കേണ്ടിയിരിക്കുന്നു.

വെറും അസന്ദർഭത്തിൽ ആങ്ദ്രെഷെനിയെയെ കൊണ്ടുവന്നതിനെപ്പറ്റി ഭയപ്പെട്ടു മുത്തച്ഛന്‍ ഉപായത്തില്‍ ഇങ്ങനെ പറഞ്ഞുവിട്ടു; കഴുത്തു മുറിച്ചുവിട്ടു എന്നല്ലായിരുന്നു പറയേണ്ടത്. ഭരണപരിവര്‍ത്തനത്തിലെ അതിബുദ്ധിമാന്മാര്‍—അവര്‍ ദുരുദ്ദേശക്കാരല്ലായിരുന്നു. അതിനു വാദമില്ല; അവര്‍ ധീരോദാത്തന്മാരാണ്, സംശയമില്ല ആങ്ദ്രെഷെനിയെ തങ്ങളെ അല്പം അലട്ടിയിരുന്നതായിക്കണ്ട് അയാളെ ശിരച്ഛേദം… എന്നുവെച്ചാല്‍ ആ തെര്‍മിദോര്‍ 7-ാം ന് ത്തെ മഹാന്മാര്‍ അയാളോട് പൊതുജനരക്ഷയ്ക്കുവേണ്ടി, ഇവിടെനിന്നു പോയ്ക്കൊള്ളണമെന്നപേക്ഷിച്ചു…’

സ്വന്തം വാക്കുകളാല്‍ കഴുത്തില്‍ മുറുക്കിപ്പിടികൂടപ്പെട്ട മൊസ്യു ഗില്‍നോര്‍മാന്ന് അവിടുന്നങ്ങോട്ട് പറയാന്‍ വയ്യാതായി. അതു മുഴുമിപ്പിക്കാനോ പറഞ്ഞില്ലെന്നാക്കാനോ കഴിയാതെ, അസംഖ്യം വികാരങ്ങളെക്കൊണ്ടു കുഴങ്ങുന്ന മരിയുസ്സിന്റെ പിന്നിലുള്ള തലയണ അദ്ദേഹത്തിന്റെ മകള്‍ നേരെയാക്കിവെക്കുന്നതിനിടയ്ക്കു വയസ്സന്‍ തന്റെ പ്രായാധിക്യംകൊണ്ട് കഴിയുന്നേടത്തോളം വേഗത്തില്‍ കിടപ്പുമുറിയില്‍നിന്ന് ഒരോട്ടം കൊടുത്തു. വാതില്‍ പിന്നോക്കമടച്ചു. തുടുത്തു ശ്വാസമുട്ടി വായില്‍നിന്നു പത ചാടുമാറ് കണ്ണുതുറിക്കുന്ന അദ്ദേഹം, തളത്തിലിരുന്നു ബൂട്ടുസ്സുകള്‍ കറുപ്പിക്കുന്ന ബസ്കിനോട് കൂട്ടിമുട്ടി. അദ്ദേഹം ബസ്കിന്റെ കഴുത്തുപട്ട പിടിച്ചു അവളുടെ മുഖത്തേക്കു നോക്കി ശുണ്ഠിയെടുത്തുച്ചത്തില്‍പ്പറഞ്ഞു: ’ചെകുത്താന്‍സഭ മുഴുവനും പിടിച്ചു ഞാന്‍ ശപഥം ചെയുന്നു, അവറ്റ അയാളെ കൊലപ്പെടുത്തുക തന്നെയാണ് ചെയ്തത്.”

“ആരേ, സേര്‍?”

“ആങ്ദ്രെഷെനിയെയെ.’

“അതേ, സേര്‍.”ബസ്ക് ഭയപ്പാടോടുകൂടി പറഞ്ഞു.

കുറിപ്പുകൾ

[1] കൊര്‍നീലിയുടെ Le Meuteur എന്ന നാടകത്തിലും മോളിയേരുടെ Le Medicinelgr എന്ന നാടകത്തിലും മറ്റു ഫ്രഞ്ച് നാടകങ്ങളിലുമുള്ള ഒരു നിഷ്കളങ്കഹൃദയനായ സാധുക്കിഴവൻ.

[2] മോളിയേരുടെ ഒന്നിലധികം നാടകങ്ങളിലുള്ള ഒമു കഥാപാത്രം ബഹുശാഠൃക്കാരന്‍.

5.3.4
മൊസ്യു ഫൂഷല്‍വാങ് കക്ഷത്തില്‍ എന്തോ ഒന്നുംകൊണ്ടുവരുന്നതു തെറ്റാണെന്നു വിചാരിക്കല്‍ മദാം വ്വസേല്ല ഗില്‍നോര്‍മാന്‍ ഒടുവില്‍ വേണ്ടെന്നുവെച്ചു

കൊസെത്തും മരിയുസ്സും ഒരിക്കല്‍ക്കൂടി അന്യോന്യം കണ്ടു:

ആ കൂടിക്കാഴ്ച എന്തുപോലെയായിരുന്നു എന്നു ഞങ്ങള്‍ പറയുകയില്ല. ഒരാള്‍ വിവരിക്കാന്‍ പാടില്ലെന്നു വെയ്ക്കേണ്ട ചിലതുണ്ട്; അവയിലൊന്നാണ് സൂര്യന്‍.

കൊസെത്ത് അകത്തേക്കു കടന്ന സമയത്തു കുടുംബം മുഴുവനും, ബസ്കും നികൊലെത്തുംകൂടി, മരിയുസ്സിന്റെ മുറിയിലുണ്ടായിരുന്നു.

അതേ സമയത്തു, മുത്തച്ഛന്‍ മൂക്കു കുറക്കാനുള്ള ഭാവമായിരുന്നു; കൈയില്‍ കൈയുറുമാലോടുകൂടി. അതിനു മുകളിലൂടെ കൊസെത്തിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, അദ്ദേഹം നിര്‍ത്തിവെച്ചു.

അവള്‍ വാതില്ക്കലെത്തി; അവളുടെ ചുറ്റും ഒരു പ്രഭയുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.

“ഒന്നാന്തരം.”അദ്ദേഹം ഉച്ചത്തില്‍പ്പറഞ്ഞു.

എന്നിട്ട് അദ്ദേഹം ശക്തിയില്‍ മൂക്കു കറന്നു.

കൊസെത്തിനു ലഹരി കയറിയിരുന്നു, സന്തോഷം നിറഞ്ഞിരുന്നു. പേടി കയറിയിരുന്നു, സ്വര്‍ഗ്ഗം വന്നിരുന്നു. സുഖംകൊണ്ട് ഒരാള്‍ക്ക് എത്രകണ്ട പേടിക്കാമോ അത്രകണ്ടും അവള്‍ പേടിച്ചിരുന്നു. അവള്‍ വിളര്‍ത്തുംകൊണ്ട് എന്തോ വിക്കിപ്പറയാന്‍ നോക്കി; പക്ഷേ, ലജ്ജിച്ചുപോയി; അവള്‍ക്ക് മരിയുസ്സിന്റെ മാറത്തേക്കു ചെന്നു വീഴണമെന്നുണ്ടായിരുന്നു, ധൈര്യമുണ്ടായില്ല. ഇക്കണ്ട ആളുകളുടെയെല്ലാം മുന്‍പില്‍വെച്ച് സ്നേഹിക്കാന്‍ നാണം. സുഖിതരായ കാമിനീകാമുകന്മാരുടെ കാര്യത്തില്‍ ജനങ്ങള്‍ നിര്‍ദ്ദയരാണ്; ആ രണ്ടുപേര്‍ക്കും തനിച്ചാകണമെന്നുള്ളപ്പോള്‍ അവര്‍ വിടാതെ കൂടുന്നു. കാമിനീകാമുകന്മാര്‍ക്കു മറ്റാരെക്കൊണ്ടും ആവശ്യമില്ല.

കൊസെത്തോടുകൂടി, അവളുടെ പിന്നാലെ, സഗൗരവനെങ്കിലും അസ്പഷ്ടവും ഹൃദയഭേദകവുമായ ഒരു പുഞ്ചിരിയോടുകൂടി തലമുടി നരച്ച ഒരാളും അകത്തേക്കു കടന്നു. അത് ’മൊസ്യു ഫൂഷല്‍വാങ്ങാ’യിരുന്നു; അത് ഴാങ് വാല്‍ ഴാങ്ങായിരുന്നു.

കറുത്ത നിറത്തില്‍ പുതിയതും ഒരു വെളുത്ത കണ്ഠവസ്ത്രത്തോടുകൂടിയതുമായി, വാതില്ക്കാവല്ക്കാരന്‍ പറഞ്ഞതുപോലെ, അയാള്‍ നല്ല അന്തസ്സില്‍ ഉടുപ്പിട്ടിരുന്നു.

ഈ എണ്ണംപറഞ്ഞ നാടുവാഴിയില്‍, ഒരു സമയം ‘നോട്ടറി’യില്‍ അന്നു ജൂണ്‍ 7-ാംനു രാത്രി തന്റെ വാതില്ക്കല്‍ കീറലുടുപ്പിട്ട്, ചളിയാണ്ടു വല്ലാതായി, കണ്ണും നട്ടും മുഖത്തു മുഴുവനും ചോരയും ചളിയുമായി, മരിയുസ്സിനെ കൈകൊണ്ടു താങ്ങിയെടുത്ത് പ്രത്യക്ഷീഭവിച്ച ആ ഭയങ്കരനായ ശവവാഹകനെ കണ്ടറിയുന്നതില്‍നിന്ന് ഒരായിരം കാതം ദൂരെയായിരുന്നു വാതില്ക്കാവല്ക്കാരന്റെ നില;എങ്കിലും അയാളുടെ ദ്വാരപാലബുദ്ധി ഒന്നിളകിത്തീര്‍ന്നിരുന്നു. മൊസ്യു ഫൂഷല്‍വാങ് കൊസെത്തോടുകൂടി വന്നെത്തിയപ്പോള്‍ അയാള്‍ തന്റെ ഭാര്യയോട് ഇങ്ങനെ ഒരു ജനാന്തികം നടത്തി; “എന്താണതെന്ന് എനിക്കറിഞ്ഞുകൂടാ, പക്ഷേ, ഞാനദ്ദേഹത്തെ എവിടെവെച്ചോ കണ്ടിട്ടുണ്ട്.”

മരിയുസ്സിന്റെ മുറിയിൽ മൊസ്യു ഫുഷല്‍വാങ് വാതിലിന്റെ അടുത്തു ദൂരത്തേക്ക് മാറിനിന്നു. ഒരു ‘ഓക്ടാവോ’ വലുപ്പത്തിലുള്ള പൂസതകത്തിന്റെ നല്ല ഛായയുള്ള ഒരു കടലാസ്സിന്‍പൊതി അയാളുടെ കക്ഷത്തിലുണ്ട്. കടലാസ്സു പച്ചനിറമാണ്; പൂപ്പല്‍പിടിച്ചതുപോലെ തോന്നും.

അദ്ദേഹം എപ്പോഴും ഇങ്ങനെ കക്ഷത്തില്‍ പുസ്തകവുംകൊണ്ടായിരിക്കുമോ നടക്കുക? പുസ്തകങ്ങളോട് ഇഷ്ടമില്ലാത്ത മദാം വ്വസേല് ഗില്‍നോര്‍മാന്‍ ഒരു താഴന്ന സ്വരത്തില്‍ നികൊലെത്തോട് ചോദിച്ചു;

’ആവട്ടെ’. അവളുടെ ചോദ്യം കേട്ടുപോയ മൊസ്യു ഗില്‍നോര്‍മാന്‍ അതേ സ്വരത്തില്‍ തിരിച്ചടിച്ചു, ’അദ്ദേഹം ഒരു പണ്ഡിതനാണ്. അതുകൊണ്ട്? അതദ്ദേഹത്തിന്റെ കുറ്റമാണോ? എന്റെ പരിചയക്കാരില്‍ ഒരാളായ മൊസ്യു ബുലാര്‍ കക്ഷത്തില്‍ ഒരു പുസ്തകത്തോടുകൂടിയല്ലാതെ ഒരിക്കലും പുറത്തേക്കിറങ്ങാറില്ല; അതുപോലെ ഏതെങ്കിലും ഒരു പഴയ പുസ്തകം നെഞ്ചിലും ചേര്‍ത്തു വെച്ചിരിക്കും.

എന്നിട്ട് ഒന്നുപചാരപൂര്‍വ്വം തല കുനിച്ച് അദ്ദേഹം ഉറക്കെപ്പറഞ്ഞു: ‘മൊസ്യുത്രാങ്ഷെല്‍വാങ്…’

ഗില്‍നോര്‍മാന്‍ മുത്തച്ഛന്‍ അത് മനഃപൂര്‍വം ചെയ്തതല്ല; പേരുകളുടെ കാര്യത്തില്‍ ഒരശ്രദ്ധ അദ്ദേഹത്തിന്റെ പ്രഭുത്വോചിതങ്ങളായ മട്ടുകളില്‍ ഒന്നായിരുന്നു.

‘മൊസ്യു ത്രാങ്ഷെല്‍ഷാങ്, ഞാന്‍ എന്റെ ദൗഹിത്രനായ ബാറണ്‍ മരിയുസ് പൊങ്മേര്‍സിക്കുവേണ്ടി മദാംവ്വസേല്ലിനെ കല്യാണംകഴിച്ചുതരാന്‍ അപേക്ഷിച്ചുകൊള്ളുന്നു.’

മൊസ്യു ത്രാങ്ഷെല്‍വാങ് തല കുനിച്ചു.

‘അതു തീര്‍ച്ചപ്പെട്ടു.’ മുത്തച്ഛന്‍ പറഞ്ഞു.

എന്നിട്ട് മരിയുസ്സിനേയും കൊസെത്തിനേയും നോക്കി. അനുഗ്രഹിക്കലായി കൈ രണ്ടും മേലപോട്ടുയര്‍ത്തി, അദ്ദേഹം പറഞ്ഞു: ‘അന്യോന്യം ആരാധിച്ചു തുടങ്ങുന്നത് സമ്മതം!’

അവര്‍ക്ക് അദ്ദേഹം രണ്ടുപ്രാവശ്യം പറഞ്ഞുകിട്ടേണ്ട ആവശ്യമില്ലായിരുന്നു. അത്രയും അപകടം! സല്ലാപം തുടങ്ങി, അവര്‍ പതുക്കയേ സംസാരിച്ചുള്ളൂ. ചാരിക്കിടക്കാനുള്ള കസാലയില്‍ കൈമുട്ടു കുത്തി കിടന്നുകൊണ്ട് മരിയുസ്സും അയാളുടെ അടുക്കല്‍ നിന്നുകൊണ്ട് കൊസെത്തും. ‘എന്റെ ഈശ്വരാ!’ കൊസെത്ത് മന്ത്രിച്ചു; “ഞാന്‍ നിങ്ങളെ ഒരിക്കല്‍ക്കൂടിക്കാണുന്നു! ഇതങ്ങാണു്! ഇതു നിങ്ങളാണ്! അമ്മാതിരിക്കു കടന്നുചെന്നു യുദ്ധം ചെയ്യാന്‍ തോന്നിയത്! എന്തിനേ അത്? കഷ്ടം. ഞാന്‍ നാലു മാസമായിട്ടു ചത്തിരിക്കയായിരുന്നു. ആ യുദ്ധത്തിന് നിങ്ങള്‍ പോയത് നിങ്ങളുടെ പക്കല്‍ എന്ത് ദയയില്ലായ്മയായി! എന്തേ ഞാന്‍ നിങ്ങളോടു ചെയ്തത്? ഞാന്‍ നിങ്ങള്‍ക്കു മാപ്പു തരുന്നു; പക്ഷേ, നിങ്ങള്‍ ഇനിയൊരിക്കലും അതു ചെയ്യരുത്. കുറച്ചു മുന്‍പ്, നിങ്ങളുടെ അടുക്കലേക്കു വരാന്‍ അവര്‍ എന്നെ വന്നുവിളിച്ചപ്പോള്‍ ഞാന്‍ മരിക്കുകയായെന്നു തീര്‍ച്ചപ്പെടുത്തി—പക്ഷേ, അത് സന്തോഷംകൊണ്ടായിരുന്നു. എനിക്കത്ര വ്യസനമുണ്ടായിരുന്നു! ഞാന്‍ ഉടുപ്പിടാന്‍കൂടി നിന്നില്ല. എന്റെ മട്ട് ആളുകളെ പേടിപ്പെടുത്തിയിട്ടുണ്ടാവണം. ഒരു ചുളിഞ്ഞു മടങ്ങിയ കഴുത്തുപട്ടയും കെട്ടി എന്നെ കണ്ടാല്‍ നിങ്ങളുടെ ചാര്‍ച്ചക്കാര്‍ എന്തു പറയും? ഒന്നു സംസാരിക്കു! ഞാന്‍ വേണം സംസാരിക്കാന്‍ മുഴുവനും. ഞങ്ങള്‍ ഇപ്പോഴും റ്യൂ ദ് ലോം അര്‍മേയില്‍ത്തന്നെയാണ്. നിങ്ങളുടെ ചുമല്‍ വല്ലാതായിരുന്നു എന്നു തോന്നുന്നു. നിങ്ങളുടെ കൈ മടക്കി അതില്‍ തിരുകാമായിരുന്നു എന്നു കേട്ടു. പിന്നെ അവര്‍ നിങ്ങളുടെ മാംസം കത്തിരികൊണ്ട മുറിച്ചു എന്നു തോന്നുന്നു. വലിയ കഷ്ടം. എനിക്ക് കണ്ണില്ലാതാകുന്നതുവരെ ഞാന്‍ കരഞ്ഞു. ഒരാള്‍ക്ക് ഇങ്ങനെ ദുഃഖിക്കേണ്ടിവരുന്നുവല്ലോ! നിങ്ങളുടെ മുത്തച്ഛന്‍ ഒരു നല്ല ദയാലുവാണെന്നു തോന്നും. അനങ്ങാതെ കിടക്കു, കൈമുട്ടു കുത്തി എഴുന്നേല്ക്കേണ്ട, നിങ്ങള്‍ക്ക് വേദനയാവും. ഹാ! എനിക്കെന്ത് സുഖം തോന്നുന്നു! അപ്പോള്‍ നമ്മുടെ ദുഷ്കാലം തീര്‍ന്നു! ഞാനൊരു വിഡ്ഡിയാണ്. എനിക്കു നിങ്ങളോട പലതും പറയാനുണ്ടായിരുന്നു; ഇപ്പോള്‍ എനിക്കു യാതൊന്നും ഒരു ലേശമെങ്കിലും ഓര്‍മ്മയില്ലാതായി. നിങ്ങള്‍ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ? ഞങ്ങള്‍ വ്യു ദ് ലോം അര്‍മേയിലാണ് താമസം. തോട്ടമില്ല. ചണപ്പഞ്ഞിയുണ്ടാക്കുകയായിരുന്നു എനിക്കു പണി; നില്ക്കു, ഇതാ, സേര്‍, ഇത് നിങ്ങളുടെ കുറ്റമാണ്; എന്റെ കൈവിരലുകളില്‍ ഒരു കല്ലപ്പ്.’

“ഓമനേ! മരിയുസ് പറഞ്ഞു.

ഓമന, എത്രയുപയോഗിച്ചാലും പുതുമ പോകാതെ ഭാഷയില്‍ ഇങ്ങനെ ഒരു വാക്കേ ഉള്ളൂ. കാമിനീകാമുകന്മാരുടെ ദയയില്ലാത്ത ഉപയോഗിക്കലിനെ മറ്റൊരു വാക്കിനും തടുത്തുനില്ക്കാന്‍ വയ്യാ.

എന്നിട്ട് അവിടെ കാണികളുണ്ടായിരുന്നതുകൊണ്ട് അവര്‍ നിര്‍ത്തി, പിന്നെയൊന്നും പറഞ്ഞില്ല; അന്യോന്യം പതുക്കെ കൈയമര്‍ത്തിയതുകൊണ്ടു തൃപ്തിപെട്ടു.

മൊസ്യു ഗില്‍നോര്‍മാന്‍ ആ മുറിയില്‍ ബാക്കിയുള്ള ആളുകളെ നോക്കി ഉച്ചത്തില്‍പ്പറഞ്ഞു: “നിങ്ങളൊക്കെ ഉറക്കെ സംസാരിക്കുവിന്‍. രംഗത്തിനു പിന്നിലുള്ളവരെല്ലാം ഒരൊച്ചുയുണ്ടാക്കുവിന്‍. വരു, എട ഗ്രഹപ്പിഴ) കുറച്ചു ലഹള കൂട്ടുവിന്‍! കുട്ടികള്‍ അവിടെ സ്വൈരമായി സല്ലപിച്ചുകൊള്ളട്ടെ.”

എന്നിട്ട് മരിയുസ്സിന്റേയും കൊസെത്തിന്റേയും അടുത്തു ചെന്ന് അദ്ദേഹം താഴ്‌ന്ന സ്വരത്തില്‍ അവരോട് പറഞ്ഞു “അന്യോന്യം നീ എന്നു വിളിക്കിന്‍. ആചാരമൊന്നും നോക്കേണ്ടാ.”

ഗില്‍നോര്‍മാന്‍ വലിയമ്മ തന്റെ പ്രായംചെന്ന കുടുംബത്തിലേക്കു പെട്ടെന്ന് കടന്നുവന്ന ഈ കാന്തിധോരണിയെ അമ്പരപ്പോടുകൂടി നോക്കിനിന്നു. ആ അമ്പരപ്പില്‍ കലശലിന്റെ യാതൊന്നുമില്ല; രണ്ടു കാട്ടുപ്രാവുകളുടെ നേരെ നോക്കുന്ന ഒരു കൂമന്റെ അധിക്ഷേപത്തോടും അസൂയയോടും കൂടിയ നോട്ടത്തിന്റെ യാതൊന്നും അതിലില്ലായിരുന്നു; അത് എഴുപത്തഞ്ചു വയസ്സു ചെന്ന ഒരു നിര്‍ദ്ദോഷിയായ സാധുവിന്റെ ഒന്നിനും കൊള്ളരുതാത്ത നോട്ടമായിരുന്നു; ഒരപജയമായിക്കഴിഞ്ഞ ഒരു ജീവിതം ആ വിജയത്തെ, അനുരാഗത്തെ, നോക്കിക്കാണലായിരുന്നു അത്.

‘ഹേ മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ജ്യേഷ്ഠത്തി’ അവളുടെ അച്ഛന്‍ അവളോടു പറഞ്ഞു, ’ഞാന്‍ പറഞ്ഞിട്ടില്ലേ, ഇതാണ് നിനക്കൊടുവില്‍ വന്നുകൂടുക എന്ന്.

അദ്ദേഹം ഒരു നിമിഷനേരം ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട്: ‘മറ്റുള്ളവരുടെ സുഖം നോക്കിക്കണ്ടോളൂ.’

എന്നിട്ട് അദ്ദേഹം കൊസെത്തിനെ നോക്കിക്കണ്ടു.

‘അവളുെന്തു സുന്ദരി അവളെന്തു സുന്ദരി! അവള്‍ ഒരു ത്രൈലോക്യസുന്ദരിയാണ്. അപ്പോള്‍, എട തെമ്മാടി നിയ്യവളെ മുഴുവനും കൈയില്‍ വെയ്ക്കാന്‍ തന്നെയാണല്ലോ ഭാവം! അ എന്റെ കള്ള, നിയ്യെന്നെ നല്ല തോല്‍പിക്കല്‍ തോല്‍പിച്ചു; നീ സുഖിക്കുന്നു, എനിക്കൊരു പതിനഞ്ചു വയസ്സു കുറവാണെങ്കില്‍, അവളെ ആരാണെടുക്കുക എന്നു നമുക്ക് വാളുകൊണ്ട് തീര്‍ച്ചപ്പെടുത്താമായിരുന്നു. ആവട്ടേ; ഹേ മദാംവ്വസേല്ല്, എനിക്കു നിങ്ങളുടെമേല്‍ അനുരാഗമുണ്ട്. അത് വളരെ സാധാരണമാണ്. നിനക്കതിന്നവകാശമുണ്ട്. നീ ചെയ്തതാണ് ശരി, ഹാ! ഇതെന്തു രസംപിടിച്ച ഒരൊന്നാന്തരം കൊച്ചുവിവാഹമായിത്തീരും. നമ്മുടെ പള്ളി സാങ്ദെനിയിലേതാണ്; പക്ഷേ, ഞാന്‍ നിങ്ങളുടെ കല്യാണം സാങ്പോളില്‍ വെച്ചു കഴിക്കാന്‍ സമ്മതം വാങ്ങും. ആ പള്ളി കുറേക്കൂടി നന്ന്, അത് ജെസൂട്ടുകാരാണ് ഉണ്ടാക്കിച്ചിട്ടുള്ളത്. അതിനു കുറേക്കൂടി തേവിടിശ്ശിത്തമുണ്ട്. അത് കുര്‍ദിബിറഗുവിലെ ഉഴവുകുഴലിനു നേരേ എതിര്‍വശത്താണ്. ജെസൂട്ടുകാര്‍ ഉണ്ടാക്കിച്ചിട്ടുള്ള പള്ളികളില്‍വെച്ചു നന്നായിട്ടുള്ളത് നമൂറിലേതാണ്. അതിനു പേര്‍ സാങ്ലൂ എന്നാണ്. കല്യാണം കഴിഞ്ഞിട്ട് നിങ്ങള്‍ അവിടെയൊന്നു പോവണം. ആ യാത്രകൊണ്ട് നഷ്ടംവരില്ല. മദാംവ്വസേല, ഞാന്‍ നിങ്ങളുടെ അഭിപ്രായക്കാരനാണ്; പെണ്‍കിടാങ്ങള്‍ കല്യാണം കഴിക്കണം; അവര്‍ അതിന്നുണ്ടായിട്ടുള്ളവരാണ്. ഒരു സാങ്ത്കതെറീനുണ്ട്; എനിക്കവളുടെ തൊപ്പിയഴിപ്പിക്കണമെന്നാണ്. [1] അവിവാഹിതയായിരിക്കുന്നതു നല്ലതാണ്; പക്ഷേ, രസമില്ല. വേദപുസ്തകം പറയുന്നു; എണ്ണം വര്‍ദ്ധിപ്പിക്കുക. ആളുകളെ രക്ഷപ്പെടുത്തുവാന്‍ ഴാന്ന്ദായ്ക്കു ആവശ്യമാണ്; പക്ഷേ, ആളുകളെ ഉണ്ടാക്കിത്തീര്‍ക്കാന്‍ വിഡ്ഢിപ്പെണ്ണുങ്ങള്‍ വേണം. അതുകൊണ്ട് എന്റെ സുന്ദരിമാരേ, കല്യാണം കഴിക്കുവിന്‍, അവിവാഹിതയായി കഴിയുന്നതുകൊണ്ടുള്ള പ്രയോജനം വാസ്തവത്തില്‍ ഞാന്‍ കാണുന്നില്ല; അവര്‍ക്ക് പള്ളിയില്‍ വേറെ ഈശ്വരവന്ദനസ്ഥലമുണ്ട്, അവര്‍ ദിവ്യകന്യകാസംഘത്തില്‍ ഒടുക്കം ചെന്നുകൂടുന്നു; പക്ഷേ, ഹാ! ഒരു സുന്ദരനായ ഭര്‍ത്താവ്, ഒര) രസികന്‍; അങ്ങനെ ഒരു കൊലത്തിനുള്ളില്‍, മുല വലിച്ചുകുടിക്കുകയും, നല്ല ഉരുണ്ടു മാംസമുഴുപ്പുള്ള തുടകളോടുകൂടി, നിങ്ങളുടെ മൂല തന്റെ ചെറിയ പനിനീര്‍പ്പൂപിഞ്ചുകൈകള്‍കൊണ്ടു പിടിച്ചു തിരുമ്മുകയും, അപ്പോഴൊക്കെ പുലര്‍കാലംപോലെ ചിരിക്കുകയും ചെയ്യുന്ന ഒരു തടിച്ച മിടുക്കന്‍കുട്ടിയും—ഇതാണ് സന്ധ്യാസമയത്ത് ഒരു മെഴുതിരിയും കത്തിച്ചുപിടിച്ചി ‘ആനക്കൊമ്പു ഗോപുരം’ [2] എന്ന സ്തുതി പാടി കഴിഞ്ഞുകൂടുന്നതിനേക്കാള്‍ വളരെ ഭേദം!

മുത്തച്ഛന്‍ തന്റെ എണ്‍പതു വയസ്സു കഴിഞ്ഞ കാല്‍മടമ്പുകളെക്കൊണ്ട് ഒരു തിരിഞ്ഞുകളി കളിച്ചു; ഒരിക്കല്‍ക്കൂടി അയഞ്ഞുപോയ ഒരു കമ്പിയെപ്പോലെ പിന്നേയും സംസാരിക്കാന്‍ തുടങ്ങി:

“നിന്മനോരാജ്യത്തിലിങ്ങിനെ മൂളിക്കൊ-

ണ്ടല്‍സിപ്പുസ്, നീയുടന്‍ വേട്ടുകൊള്ളും.

“കൂട്ടത്തില്‍ച്ചോദിക്കട്ടെ!’

“അച്ഛാ, എന്താണ്?”

“നിനക്കൊരു പ്രിയസുഹൃത്തുണ്ടായിരുന്നില്ലേ?”

“ഉവ്വ്, കുര്‍ഫെരാക്.”

“അയാള്‍ എവിടെപ്പോയി?”

മരിച്ചു.”

“അതു നന്നായി.”

അദ്ദേഹം അവരുടെ അടുക്കലിരുന്നു, കൊസെത്തിനേയും ഇരുത്തി, എന്നിട്ട് ആ നാലു കൈകളേയും തന്റെ പ്രായംകൂടിയതും ചുക്കിച്ചുളിഞ്ഞതുമായ രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ചു പറഞ്ഞു: “ഇവള്‍ സുന്ദരിതന്നെയാണ്, ഈ ഓമന. ഇതൊരു വിശിഷ്ടകൃതിയാണ്, ഈ കൊസെത്ത്! ഇവള്‍ ഒരു ചെറുപെണ്‍കിടാവാണ്, ഒരു മാന്യപ്രൗഢയും, അവള്‍ ഒരു ബാറണ്ണസ് മാത്രമേ ആവു; അതവള്‍ക്കു താഴ്ചയാണ്; അവളൊരു മാര്‍ക്കിസ്സാവേണ്ടതാണ്. എന്തു കണ്‍പോളകളാണ് അവളുടെ. എന്റെ കുട്ടികളേ, നിങ്ങള്‍ നേര്‍വഴിക്കാണെന്ന് നിങ്ങളുടെ തലയില്‍ ഉറപ്പിച്ചു നിര്‍ത്തിക്കൊള്ളൂ. അന്യോന്യം സ്നേഹിക്കുക. അതില്‍ എന്ത് വങ്കത്തവും കാണിക്കാം. അനുരാഗം മനുഷ്യരുടെ വങ്കത്തവും ഈശ്വരന്റെ സാമര്‍ത്ഥ്യവുമാണ്. അങ്ങോട്ടുമിങ്ങോട്ടും ആരാധിക്കുക. ഒന്നുമാത്രം.“പെട്ടെന്നു മുഖഭാവം മാറി അദ്ദേഹം തുടര്‍ന്നു, ’എന്തു ഗ്രഹപ്പിഴ! എനിക്കിപ്പോഴാണ് അതോര്‍മ്മവന്നത്, എന്റെ സ്വത്തില്‍ പകുതിയിലധികവും ഒരാളുടെ വായയിലാണ്; ഞാനുള്ള കാലത്തു ദോഷമൊന്നും വരാനില്ല; ഞാന്‍ മമരിച്ചിട്ട ഒരിരുപതും കൊല്ലം കഴിഞ്ഞാല്‍ ഹാ! എന്റെ കുട്ടികളേ, നിങ്ങള്‍ക്ക് ഒരു കാശുണ്ടാവില്ല. ഹേ പ്രഭ്വി, നിങ്ങളുടെ ഈ വെളുത്ത സുന്ദരങ്ങളായ കൈയുകള്‍ക്ക് ഉലയ്ക്കു പിടിക്കേണ്ടിവരും.”

ഈ സമയത്ത ശാന്തവും സഗൗരവവുമായ ഒരു ശബ്ദം പറയുന്നത് കേട്ടു; ‘മദാംവ്വസേല്ല് യൂഫ്രസി ഫൂഷല്‍വാങ്ങിനു സ്വന്തമായി ആറു ലക്ഷം ഫ്രാങ്ക്: മുതലുണ്ട്.’

അത് ഴാങ് വാല്‍ഴാങ്ങായിരുന്നു.

അതേവരെ അയാള്‍ ഒരക്ഷരവും മിണ്ടിയിട്ടില്ല; അയാള്‍ അവിടെയുണ്ടെന്നു തന്നെ ആരു അറിഞ്ഞിട്ടില്ലെന്നു തോന്നും; അയാള്‍ നിവര്‍ന്ന് അനങ്ങാതെ ആ സുഖിതരായ ആളുകളുടെയെല്ലാം പിന്നില്‍ നില്‍പുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ മദാംവ്വസേല്ല് യുഫ്രസിക്കെന്താണ് സംബന്ധം?”

സംഭ്രമിച്ചുപോയ മുത്തച്ഛന്‍ ചോദിച്ചു.

‘അതു ഞാനാണ്.’ കൊസെത്ത് മറുപടി പറഞ്ഞു.

“ആറു ലക്ഷം ഫ്രാങ്കോ? മൊസ്യു ഗില്‍നോര്‍മാന്‍ പിന്നെയും തുടങ്ങി.

ഒരുസമയം പതിന്നാലായിരമോ പതിനയ്യായിരമോ കുറഞ്ഞേക്കാം.“ഴാങ് വാല്‍ഴാങ് പറഞ്ഞു.

ഗില്‍നോര്‍മാന്‍വലിയമ്മ ഒരു പുസ്തകമെന്നു തെറ്റിദ്ധരിക്കുകയുണ്ടായ ആ കെട്ട് അയാള്‍ മേശപ്പുറത്ത് വെച്ചു.

ഴാങ് വാല്‍ഴാങ് തന്നെ കെട്ടഴിച്ചു; അതൊരു നോട്ടിന്‍കെട്ടായിരുന്നു. അവ എണ്ണിയെണ്ണി മറിച്ചു. അതില്‍ ആയിരം,ഫ്രാങ്കിന്റെ അഞ്ഞൂറു നോട്ടുണ്ട്; അഞ്ഞുറു ഫ്രാങ്കിന്റെ ഒരു നൂറ്ററുപത്തെട്ടും. ആകെ അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്ക്

“ഈ പുസ്തകം ഒട്ടുകൊള്ളാം.’ മൊസ്യ ഗില്‍നോര്‍മാന്‍ പറഞ്ഞു.

’അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്കോ?”ആ വലിയമ്മ പിറുപിറുത്തു.

’ഹേ മദാംവ്വസേല് ഗില്‍നോര്‍മാന്‍ വലിയമ്മേ, ഇതു കാര്യം നന്നാക്കുന്നുണ്ട്. ഇല്ലേ?’ മുത്തച്ഛന്‍ ചോദിച്ചു. ‘ആ വികൃതിച്ചെക്കന്‍ മരിയുസ് തന്റെ മനോരാജ്യവൃക്ഷത്തിനു മുകളില്‍ ഒരു കോടിശ്വരിപ്പെണ്ണിന്റെ കൂടാണ് കണ്ടുപിടിച്ചിരിക്കുന്നത്! ഇനിയെങ്കിലും ചെറുപ്പക്കാരുടെ അനുരാഗകഥകളില്‍ നീ വിശ്വസിക്കൂ: അത് ചെയ്യുമോ? വിദ്യാര്‍ത്ഥികള്‍ ആറു ലക്ഷം ഫ്രാങ്ക് മുതലുള്ള വിദ്യാര്‍ത്ഥിനികളെ കൈയിലാക്കുന്നു. ഒരു ചരമസുന്ദരി ഒരു കോടീശ്വരനെക്കാളധികം പണിയെടുക്കുന്നു.’

’അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്ക്’ മദാംവ്വസേല്ല! ഗില്‍നോര്‍മാന്‍ ഒരു താഴ്‌ന്ന സ്വരത്തില്‍ ആവര്‍ത്തിച്ചു. ’അഞ്ചുലക്ഷത്തെണ്‍പത്തിനാലായിരം! ആറുലക്ഷം എന്നുതന്നെ പറയാം!’

മരിയുസ്സും കൊസെത്തുമാണെങ്കില്‍, അവര്‍ ഇതൊക്കെ നടക്കുമ്പോള്‍ അന്യോന്യം നോക്കിക്കാണുകയായിരുന്നു; അവര്‍ ഇക്കാര്യത്തില്‍ അത്ര ശ്രദ്ധിച്ചില്ല.

കുറിപ്പുകൾ

[1] സാങ്ത്കതെറിന്‍തൊപ്പി വെയ്ക്കുക എന്നുവെച്ചാല്‍ കല്യാണം കഴിക്കാതിരിക്കുക എന്നൊരു വാക്കുള്ളതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

[2] ക്രിസ്തുവിന്റെ അമ്മയെയാണ് ഈ വാക്യകൊണ്ടു സൂചിപ്പിക്കുന്നത്.

5.3.5
ഒരു ‘നോട്ടറി’യെ ഏല്പിക്കുന്നതിനു പകരം നിങ്ങളുടെ പണം ഒരു കാട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചുവെയ്ക്കുക

ഒരു നീണ്ട വിവരണമൊന്നും വേണ്ടിവരാതെതന്നെ, ഴാങ് വാല്‍ഴാങ്ങിന് ഷാങ്മാത്തിയോകാര്യം കഴിഞ്ഞതിനു ശേഷം, കുറച്ചു ദിവസത്തെ ഒരു ചാടിപ്പോക്കു കാരണം, പാരിസ്സില്‍ച്ചെല്ലാനും എം. പട്ടണത്തില്‍വെച്ചു മൊസ്യുമദലിയേനെന്ന പേരില്‍ താന്‍ സമ്പാദിച്ചിട്ടിരുന്ന പണം ലത്തീഫിന്റെ കൈയില്‍നിന്നുനല്ല, പാകത്തില്‍ കൈയിലാക്കാനും, വീണ്ടും പിടിക്കപ്പെടുമെന്നു ഭയംകൊണ്ട് അത് പിന്നീടുണ്ടായി—ആ സംഖ്യ മൊങ്ഫേര്‍മിയേയിലെ കാട്ടില്‍ കുഴിച്ചിടാനും സാധിച്ചു. എല്ലാം നോട്ടായിരുന്നു. ആറുലക്ഷത്തി മുപ്പതിനായിരം ഫ്രാങ്ക് ഒന്നിച്ചു കൂടിയാല്‍ അധികമുണ്ടാവാനില്ല; അയാള്‍ അതൊരു പെട്ടിയിലാക്കി; പെട്ടി തുരുമ്പുപിടിച്ചു ദ്രവിക്കാതിരിക്കാന്‍ അത് ചെസ്നട്ട് കായയുടെ തോടുകളിട്ടു നിറച്ച ഒരു പെട്ടിക്കുള്ളില്‍ സുക്ഷിച്ചു. ആ പെട്ടിക്കുള്ളില്‍ അയാള്‍ മറ്റു വിലപ്പെട്ട സാമാനങ്ങളും—മ്രാന്റെ മെഴുതിരിക്കാലുകളും—ഇട്ടുവെച്ചു. എം. പട്ടണത്തിൽനിന്നു പോയ കാലത്ത് അയാള്‍ ആ മെഴുതിരിക്കാലുകള്‍ കൈയില്‍ വെയ്ക്കുകയുണ്ടായെന്നു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. ഒരു ദിവസം വൈകുന്നേരം ബുലാത്രുയെല്‍ ഒന്നാമതായി കണ്ടെത്തുകയുണ്ടായ ആ മനുഷ്യന്‍ ഴാങ് വാൽഴാങ്. പിന്നീടു പണം ആവശ്യമായി വരുമ്പോഴെല്ലാം അയാള്‍ അങ്ങോട്ടു പോവും. ഞങ്ങള്‍ മുന്‍പു പറഞ്ഞിട്ടുള്ളവിധം അയാൾ ചിലപ്പോള്‍ വീട്ടിലുണ്ടാകാതിരിക്കാറുള്ളത് അപ്പോഴാണ്. തനിക്കു മാത്രമറിയാമായിരുന്ന ഒരു കുറ്റിക്കാട്ടില്‍ അയാള്‍ ഒരു പിക്കാസ് ഒളിച്ചുവെച്ചു. മരിയുസ്സിന്റെ ദീനം ശമിച്ചുതുടങ്ങിയപ്പോള്‍, ആ പണം കൊണ്ട് ആവശ്യമുണ്ടാവുമെന്നു കണ്ട്, അയാള്‍ അതെടുത്തുകൊണ്ടുവരാന്‍ പോയി. പിന്നേയും അയാളെത്തന്നെയാണ് ബുലാത്രുയെല്‍ കാട്ടില്‍വെച്ചു കാണുകയുണ്ടായത്; പക്ഷേ, ഇത്തവണ വൈകുന്നേരമല്ലായിരുന്നു, രാവിലെയാണ്. ബുലാത്രുയെലിനു ആ പിക്കാസ് കിട്ടി.

ശരിക്കുള്ള സംഖ്യ അഞ്ചുലക്ഷത്തെണ്പത്തിനാലായിരത്തഞ്ഞുറായിരുന്നു. അതില്‍നിന്നു അഞ്ഞൂറ് അയാള്‍ തനിക്കായി എടുത്തുവെച്ചു– ‘നമുക്കിനി കാണാം,’ അയാള്‍ വിചാരിച്ചു.

ആ സംഖ്യയും ലഫീത്തിന്റെ കൈയില്‍നിന്നു മേടിച്ച ആറു ലക്ഷത്തി മുപ്പതിനായിരവും തമ്മിലുള്ള അന്തരം 1823 മുതല്‍ 1833 വരെ പത്തു കൊല്ലത്തേക്ക് അയാള്‍ക്കു വേണ്ടിവന്ന ഉപജീവനച്ചെലവാണ്. കന്യകാമഠത്തിലെ അഞ്ചുകൊല്ലത്തെത്താമസത്തിനു അയാളുടെ കൈയില്‍നിന്ന് അയ്യായിരം ഫ്രാങ്കേ വേണ്ടിവന്നുള്ളൂ.

ഴാങ് വാല്‍ഴാങ് തന്റെ രണ്ടു മെഴുതിരിക്കാലുകളും അടുപ്പിന്‍തിണ്ണമേൽ വെച്ചു; തുസ്സാങ്ങിന്റെ അഭിനന്ദനം അനുഭവിച്ചുകൊണ്ട് അതവിടെനിന്നു കുത്തി.

പിന്നെ, ഴാവേറെക്കൊണ്ടുള്ള ശല്യത്തില്‍നിന്നു താന്‍ മുക്തനായിയെന്നും ഴാങ് വാല്‍ഴാണ് മനസ്സിലാക്കി. ആ കഥ അയാള്‍ കേള്‍ക്കുകയുണ്ടായി; പിന്നീട് ഴാവേര്‍ എന്നു പേരായ ഒരു പൊല്ലീസ്സിന്‍സ്പെക്ടര്‍ പോങ്ഒഷാങ്ങിനും പോങ്നെയ്ക്കും മധ്യത്തില്‍വെച്ചു ചില അലക്കുകാരികളുടെ വക ഒരു വഞ്ചിയുണ്ടായിരുന്നതിന്നടിയില്‍ മുങ്ങിച്ചത്തു എന്നും, മറ്റൊരുവിധത്തിലും മേലധികാരികള്‍ക്കു യാതൊരു ദോഷവും കണ്ടെത്താന്‍ കഴിയാതിരുന്നവനും വളരെ ബഹുമാന്യനുമായി അദ്ദേഹത്തിനു ഒടുവില്‍ എന്തോ ചിത്തഭ്രമം വന്നുപെട്ട് ആത്മഹത്യ ചെയ്യാന്‍ തോന്നി എന്നും മൊനിത്യേ പത്രത്തില്‍ വായിച്ചപ്പോള്‍ സംശയവും തീര്‍ന്നു ‘വാസ്തവത്തില്‍’ഴാങ് വാല്‍ഴാങ് വിചാരിച്ചു. ‘എന്നെ ഒരിക്കല്‍ പിടികിട്ടിയിട്ടു വിട്ടയച്ചപ്പോള്‍ അയാള്‍ക്കു നിശ്ചയമായും ചിത്തഭ്രമംതന്നെ ബാധിച്ചിട്ടുണ്ടാവണം.’

5.3.6
കൊസെത്തിനു സുഖമാവാന്‍വേണ്ടി രണ്ടു കിഴവന്മാരും അതാതു മട്ടനുസരിച്ച് എല്ലാം ചെയ്യുന്നു

വിവാഹത്തിനു വേണ്ടതെല്ലാം ഒരുങ്ങി. വൈദ്യനോടാലോചിച്ചതില്‍ ഫിബ്രവരിമാസത്തിലാവാമെന്നു സമ്മതം കിട്ടി. അതു ഡിസേംബറായിരുന്നു. തികഞ്ഞ പരമാനന്ദംകൊണ്ടു കമ്പംപിടിച്ച ചില ആഴ്ചകള്‍ കഴിഞ്ഞു.

മുത്തച്ഛന്ന് അവരില്‍നിന്ന് ഒട്ടും കുറച്ചല്ല ആനന്ദമുള്ളൂ. അദ്ദേഹം ഒരു കാല്‍ മണിക്കൂറുനേരം ഒന്നായി കൊസെത്തിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കും.

എന്തെണ്ണംപറഞ്ഞ സുന്ദരി!’ അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞു, ’അവളുടെ ആകപ്പാടെയുള്ള മട്ടും നന്ന്, നല്ല രസമുണ്ട്! ഞാനെന്റെ ജീവിതകാലത്തിനുള്ളില്‍ കണ്ടിട്ടുള്ള പെണ്‍കിടാങ്ങളില്‍വെച്ച് ഇവള്‍തന്നെയാണ് മീതെ, വാദമില്ല. ഇനി നല്ല മുല്ലപ്പുവിന്റെ വാസനയോടുകുടിയ സൗശീല്യങ്ങള്‍ വഴിയേ വരും. എന്തു ചന്തം! ഇങ്ങനെയൊരു പെണ്ണടുത്തുണ്ടായിരിക്കുമ്പോള്‍ ആര്‍ക്കും മര്യാദക്കാരനാവാതെ വയ്യാ. മരിയുസ്, എന്റെ കുട്ടി, നിയൊരു പ്രഭുവാണ്, നീ ധനവാനാണ് ഞാന്‍ പറയുന്നു, വക്കീല്‍പ്പണിക്കു പോവരുതേ!”

മരിയുസ്സും കൊസെത്തും ശവമഞ്ചത്തില്‍നിന്നു നേരേ സ്വര്‍ഗ്ഗത്തിലേക്കു കടന്നു. ആ അവസ്ഥാന്തരം വന്നതു പതുക്കെയായിട്ടല്ല; അവര്‍ക്കു കണ്ണഞ്ചിയിട്ടില്ലായിരുന്നുവെങ്കില്‍, തല ചുറ്റിപ്പോയേനേ.

’നിങ്ങള്‍ക്കതിനെപ്പറ്റി വല്ലതും അറിയാമോ?’മരിയുസ് കൊസെത്തോടു ചോദിച്ചു.

ഇല്ല.‘കൊസെത്ത് മറുപടി പറഞ്ഞു. നല്ലവനായ ഈശ്വരന്‍ നമ്മെ കാക്കുന്നുണ്ടെന്നുമാത്രമറിയാം.’

ഴാങ് വാല്‍ഴാങ് എല്ലാം നോക്കിയിരുന്നു, എല്ലാ ബുദ്ധിമുട്ടുകളും ശരിപ്പെടുത്തിയിരുന്നു, എല്ലാറ്റിലും മനസ്സുവെച്ചിരുന്നു, എല്ലാം സുഖമാക്കിയിരുന്നു. കൊസെത്തിനെപ്പോലെത്തന്നെ അയാളും അത്രമേല്‍ ശ്രദ്ധയോടും അത്രമേല്‍ സന്തോഷത്തോടുംകൂടി കൊസെത്തിന്റെ സുഖത്തിനു യത്നിച്ചു.

അയാള്‍ ഒരു മേയര്‍കൂടിയായിരുന്നുകൊണ്ടു, കൊസെത്തിന്റെ സാമുദായികസ്ഥിതി, അയാള്‍ക്കുമാത്രമറിവുണ്ടായിരുന്ന ആ ഗ്രഹപ്പിഴ പിടിച്ച കാര്യം, എങ്ങനെയാണ് വേണ്ടപോലെയാക്കേണ്ടതെന്നു് അയാള്‍ക്കറിയാമായിരുന്നു. അവളുടെ ഉത്ഭവം ഇന്നവിധത്തിലാണെന്നു കണ്ണു ചിമ്മിപ്പറഞ്ഞാല്‍, ഒരു സമയം കല്യാണം നടന്നില്ലെന്നു വരും, ആര്‍ക്കറിയാം? അയാള്‍ കൊസെത്തിനെ എല്ലാ അപകടങ്ങളില്‍നിന്നും വേര്‍പെടുത്തി. നശിച്ചുപോയ ഒരു കുടുംബത്തെ അയാള്‍ ഉണ്ടാക്കി; പിന്നെ തടസ്സമൊന്നും ഉണ്ടാവാന്‍ വയ്യാ, തീര്‍ച്ചയാണല്ലോ.

കുറ്റിയറ്റുപോയ ഒരു കുടുംബത്തിലെ ഏകസന്തതിയാണ് കൊസെത്ത്; കൊസെത്ത് അയാളുടെ മകളല്ല. പക്ഷേ, മറ്റേ ഫൂഷല്‍വാങ്ങിന്റെ മകളാണ്. പെത്തിപിക്പ്യുവിലെ കന്യകാമഠത്തില്‍ തോട്ടക്കാരായിരുന്നു രണ്ടു ഫുഷല്‍വാങ് സഹോദരന്മാരും. ആ കന്യകാമഠത്തില്‍ അന്വേഷണം നടത്തി; ഒന്നാന്തരം അഭിപ്രായങ്ങളും വളരെ ബഹുമതിപത്രങ്ങളും കുന്നുകൂടി; പിതൃത്വത്തെപ്പറ്റി അന്വേഷണം നടത്താന്‍ താത്പര്യവും ശ്രദ്ധയുമുള്ളവരല്ലാത്ത അവിടുത്തെ കൊള്ളാവുന്ന കന്യകാമഠസ്ത്രീകള്‍ ഏതു ഫുഷല്‍വാങ്ങിന്നാണ് കൊസെത്ത് മകളായിരുന്നതെന്ന് ഒരിക്കലും ശരിയായി മനസ്സിലാക്കിയിട്ടില്ല. അതൊരാവശ്യമുള്ള സംഗതിയായി കരുതിയിട്ടുമില്ല. ആവശ്യമുണ്ടായിരുന്നത് അവര്‍ പറഞ്ഞുകൊടുത്തു; അതു വളരെ ഹൃദയപൂര്‍വ്വമായും, അറിവുള്ള വിവരം എഴുതിയുണ്ടാക്കി. കൊസെത്ത് രാജ്യനിയമത്തിന്റെ ദൃഷ്ടിയില്‍, മദാംവ്വസേല്! യൂഫ്രസി ഫൂഷല്‍ വാങ്ങായി. അച്ഛനും അമ്മയും മരിച്ചുപോയിരുന്നതുകൊണ്ട് അവളെ ഒരനാഥയാക്കിച്ചേര്‍ത്തു. ഫുഷല്‍വാങ് എന്ന പേരില്‍ത്തന്നെ കൊസെത്തിന്റെ രക്ഷിതാവായും മൊസ്യു ഗില്‍നോര്‍മാനെ തന്റേയും രക്ഷിതാവായും നിശ്ചയിച്ചു. ഴാങ് വാല്‍ഴാങ് കാര്യം ഭംഗിയാക്കി.

അഞ്ചുലക്ഷത്തെണ്‍പതിനായിരം ഫ്രാങ്കിനെപ്പറ്റിയാണെങ്കില്‍, അജ്ഞാതനായിത്തന്നെയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പരേതന്‍ കൊസെത്തിനു കൊടുത്ത സ്വത്തായി അതവര്‍ ശരിപ്പെടുത്തി. ആദ്യത്തെ ആ സംഖ്യ അഞ്ചുലക്ഷത്തിത്തൊണ്ണൂറ്റിനാലായിരം ഫ്രാങ്കായിരുന്നു; പക്ഷേ, പതിനായിരം ഫ്രാങ്ക് മദാംവ്വസേല്ല് യൂഫ്രസിയുടെ വിദ്യാഭ്യാസത്തിനു ചെലവായി; അയ്യായിരം ഫ്രാങ്ക് കന്യകാമാഠത്തിലേക്കുതന്നെയാണ് കൊടുത്തിട്ടുള്ളത്. മൂന്നാമതൊരാളുടെ പക്കല്‍ ഏല്‍പിച്ചിരുന്നതായ ഈ സ്വത്ത് കൊസെത്തിനു പ്രായം തികഞ്ഞാല്‍, അല്ലെങ്കില്‍ കൊസെത്തിന്റെ കല്യാണസമയത്ത്, അവള്‍ക്കു കിട്ടുന്നതായിരിക്കും. ആകപ്പാടെ ഇതു വളരെ വിശ്വാസ്യമായിരുന്നു; വിശേഷിച്ചും, സംഖ്യ അഞ്ചുലക്ഷത്തിനുമേലേ കടക്കുന്ന കാര്യമായതുകൊണ്ട്. അവിടവിടെ ചില അസാധാരണതകളുണ്ടായിരുന്നു; പക്ഷേ, അവയാരും ശ്രദ്ധിച്ചില്ല; ഒരാളുടെ കണ്ണ് അനുരാഗംകൊണ്ട് അന്ധമായി, മറ്റുള്ളവരുടേത് ആറുലക്ഷം ഫ്രാങ്ക് കൊണ്ടും.

അതേവരെ അച്ഛനെന്ന് വിളിച്ചുവന്നിരുന്ന ആ വയസ്സന്റെ മകളല്ല താനെന്നു കൊസെത്ത് ധരിച്ചു. അദ്ദേഹം ഒരു ചാര്‍ച്ചക്കാരന്‍ മാത്രം; മറ്റൊരു ഫൂഷല്‍ വാങ്ങാണ് അവളുടെ അച്ഛന്‍, ഇത് മറ്റൊരു സമയത്തായിരുന്നു എങ്കില്‍ അവളുടെ ഹൃദയം തകര്‍ന്നേനേ. പക്ഷേ, അവളപ്പോള്‍ അനുഭവിച്ചിരുന്ന ആ അനിര്‍വചനീയഘട്ടത്തില്‍, അതൊരു നേരിയ നിഴല്‍മാത്രമേ ഉണ്ടാക്കിയുള്ളൂ. ഒരു മങ്ങിയ മേഘം; അവള്‍ അത്രമേല്‍ ആഹ്ലാദത്തിലായിരുന്നതുകൊണ്ട്, ആ ഒരു മേഘംതന്നെ നിലനിന്നതുമില്ല. അവള്‍ക്ക് മരിയുസ്സിനെ കിട്ടി. ചെറുപ്പക്കാരന്‍ വന്നു, കിഴവന്‍ വിസ്മൃതനായി; ഇതാണ് ജീവിതം.

പിന്നെ, വളരെക്കാലമായിട്ട് കൊസെത്തിനു തന്റെ ചുറ്റും കടംകഥകള്‍ കണ്ടു പരിചയമായിട്ടുണ്ട്; ഒരസാധാരണമായ ബാല്യകാലം കഴിച്ചുകൂട്ടിയിട്ടുള്ള ഏതൊരാളും ചില ത്യാഗങ്ങള്‍ക്ക് സന്നദ്ധനായിരിക്കും.

എങ്കിലും അവള്‍ ഴാങ് വാല്‍ഴാങ്ങിനെ “അച്ഛാ’ എന്നുതന്നെ പിന്നെയും വിളിച്ചുപോന്നു.

ദേവകളെപ്പോലെ സുഖിതയായ കൊസെത്തിനു ഗില്‍നോര്‍മാന്‍ മുത്തച്ഛനെ വളരെപ്പിടിച്ചു. അദ്ദേഹം അവളെ സൗന്ദര്യസ്തുതികള്‍കൊണ്ടും സമ്മാനങ്ങള്‍ കൊണ്ടും മൂടി. ഴാങ് വാല്‍ഴാങ് കൊസെത്തിനു സാമുദായികസ്ഥിതി നന്നാക്കുകയും അനുല്ലംഘ്യമായ ഒരുയര്‍ന്ന പദവി ഉറപ്പിക്കുകയും ചെയ്യാൻ നോക്കുമ്പോള്‍, മൊസ്യു ഗില്‍നോര്‍മാന്‍ അവളുടെ വിവാഹസമ്മാനങ്ങളുടെ മേല്‍നോട്ടം ചെയ്തു. അന്തസ്സ് കാണിക്കുന്നതുപോലെ അദ്ദേഹത്തിന്ന് രസംപിടിച്ച പണിയില്ല. അദ്ദേഹം തന്റെ മുത്തശ്ശിയുടെ കൈയില്‍നിന്ന് കിട്ടിയതായ ഒരു മെടച്ചില്‍പ്പൂനയുടുപ്പ് കൊസെത്തിന് സമ്മാനിച്ചു.

“ഈ പരിഷ്കാരങ്ങള്‍ വീണ്ടും നടപ്പില്‍ വരുന്നു.” അദ്ദേഹം പറഞ്ഞു: പഴയ സാമാനങ്ങളുടെമേലാണ് ഇപ്പോഴത്തെ കമ്പം; “എന്റെ പ്രായാധികൃത്തിലുള്ള ചെറുപ്പക്കാരികള്‍ എന്റെ കുട്ടിക്കാലത്തെ കിഴവികളുടെ ഉടുപ്പുകളണിയുന്നു.”

സമ്മാനങ്ങള്‍ തിങ്ങിനില്ക്കുന്നവയും വളരെക്കൊല്ലമായി തുറക്കാതെ കിടന്നിരുന്നവയുമായ എല്ലാ വാര്‍ണ്ണീഷിട്ട വലിപ്പുപെട്ടികളും അദ്ദേഹം കൊള്ളയിട്ടു—നമുക്ക് ഈ സ്വകാര്യസ്വത്തുകാരികള്‍ക്കെന്താണ് പറയാനുള്ളതെന്നു നോക്കുക, അദ്ദേഹം പറഞ്ഞു; അവരുടെ വയറ്റിനുള്ളില്‍ എന്തുണ്ടെന്ന് കാണാമല്ലോ.” അദ്ദേഹം ആകുമ്പ കയറിയ വലിപ്പുപെട്ടികളില്‍നിന്ന് തന്റെ എല്ലാ ഭാര്യമാരേയും ഉപപത്നികളേയും മുത്തശ്ലിമാരേയും വലിച്ചു പുറത്തിട്ടു. വരിയന്‍ പൊന്‍പട്ടുകള്‍, പൂമ്പട്ടുകള്‍, പട്ടുതിരശ്ലീലകള്‍, ചിത്രപ്പണിപ്പട്ടുകള്‍, തങ്കപ്പുമ്പട്ടുകൊണ്ടുള്ള ഉടുപ്പുകള്‍, സ്വര്‍ണ്ണക്കസവിട്ടവയും അലക്കാവുന്നവയുമായ ഇന്ത്യന്‍ കൈലേസ്സുകള്‍; കൂത്തുകളില്‍ ‘മുഖവട്ട’മില്ലാത്ത പട്ടുസാല്വകള്‍, ജെനോവയിലേയും അലെന്‍കോണിലേയും പൊടിപ്പുനാടകള്‍, പഴയതരം തങ്കപ്പണികളായ തൊങ്ങല്‍ മണികള്‍, സൂക്ഷ്മതരങ്ങളായ യുദ്ധപടങ്ങളുള്ള ആനക്കൊമ്പു പലഹാരപ്പെട്ടികള്‍ കളിക്കോപ്പുകള്‍, പട്ടുനാടകള്‍—സകലവും അദേഹം കൊസെത്തിന്റെ മേല്‍ വര്‍ഷിച്ചു. അമ്പരന്നു, മരിയുസ്സിന്റെ മേല്‍ എന്തെന്നില്ലാത്ത അനുരാഗത്തോടുകൂടി, മൊസ്യു ഗില്‍നോര്‍മാനോടുള്ള കൃതജ്ഞതകൊണ്ട് കമ്പം കയറിയ കൊസെത്ത് പട്ടും വില്ലീസ്സുമണിഞ്ഞു അവസാനമില്ലാതെ കിടക്കുന്ന ഒരു സുഖത്തെപ്പറ്റി സ്വപ്നം കണ്ടു. അവളുടെ വിവാഹസമ്മാനപ്പെട്ടി ദേവകളാണ് എടുത്തുനിലക്കുന്നതെന്നു തോന്നി. മേത്തരം പട്ടുനാടകളോടുകൂടിയ ചിറകുകളും പരത്തി അവളുടെ ആത്മാവ് ആകാശത്തേക്കു പറന്നു.

കാമിനീകാമുകന്മാരുടെ ആഹ്ലാദലഹരിയോട്, ഞങ്ങള്‍ പറഞ്ഞിട്ടുള്ളതുപോലെ, മുത്തച്ഛന്റെ ആഹ്ലാദമൂര്‍ച്ഛയൊന്നേ കിടപിടിക്കു. വ്യു ദെ ഫില്‍ദ്യു കല്‍വേറില്‍ ഒരു കാഹളനാദം മുഴങ്ങി.

ഓരോ ദിവസവും രാവിലെ കൊസെത്തിന് മുത്തച്ഛന്റെ വക ഒരു വിചിത്ര വസ്തു സമ്മാനമുണ്ട്. എല്ലാത്തരം കളിസ്സാമാനങ്ങളും അവളുടെ ചുറ്റും മിന്നിത്തിളങ്ങി.

ആനന്ദാവേഗത്തിന്റെ ഇടയ്ക്ക് ഗയരവത്തോടുകൂടി സംസാരിക്കുവാന്‍ രസമുള്ള ആളായ മരിയുസ് ഒരു ദിവസം, എന്തു സംഭവത്തെപ്പറ്റിയെന്നു എനിക്കറിഞ്ഞുകൂടാ, പറഞ്ഞു: “ഭരണപരിവര്‍ത്തനത്തിലെ ആളുകള്‍ അത്ര മഹാന്മാരാണ്; കൈറ്റോവിന്നും ഫോഷിയോണിനുമെന്നപോലെ അവര്‍ക്ക് എന്നെന്നത്തേയും ബഹുമതിയുണ്ട്; അവരില്‍ ഓരോരുത്തനും ഓരോ പുരാണസ്മരണയാണ്.’

‘പഴയ പൂമ്പട്ട്!’ വയസ്സന്‍ ഉച്ചത്തില്‍പ്പറഞ്ഞു; ‘ശരിയാണ് മരിയുസ്, ഞാനും ഈ ആശയം തന്നെയാണ് അന്വേഷിച്ചു നടന്നിരുന്നത്.’

പിറ്റേദിവസം രാവിലെ ഒരു സവിശേഷപ്പനിനീര്‍പ്പൂനിറത്തിലുള്ള പഴയ പട്ടു തുണികൊണ്ട് ഒരൊന്നാന്തരം ഉടുപ്പ് കൊസെത്തിന്റെ വിവാഹസമ്മാനക്കൂട്ടത്തില്‍ച്ചേര്‍ന്നു.

ഈ പഴന്തുണിസ്സാമാനങ്ങളില്‍നിന്ന് മുത്തച്ഛന്‍ ഈയൊരു തത്ത്വജ്ഞാനം കൈയിലാക്കി.

‘അനുരാഗം വളരെ നല്ലതാണ്; പക്ഷേ, അതിനോടുകൂടി വേറേയൊന്നും വേണം. പ്രയോജനമില്ലാത്തത് സുഖത്തോടു കൂടിച്ചേരണം. സുഖംമാത്രമാണ് ആവശ്യം. എനിക്കുവേണ്ടി ആവശ്യമില്ലാത്തതിനെ അതുകൊണ്ടു രുചി പിടിപ്പിക്കും ഒരു രാജധാനിയും അവളുടെ ഹൃദയവും. അവളുടെ ഹൃദയവും ലുവൃക്കൊട്ടാരവും. അവളുടെ അനുരാഗവും വേര്‍സെയില്‍സിലെ ചുമര്‍ച്ചിത്രങ്ങളും എനിക്കെന്റെ ഇടയപ്പെണ്ണിനെ തന്നിട്ട് അവളെ തമ്പുരാട്ടിയാക്കാന്‍ സമ്മതിക്കൂ. ചോളപ്പുങ്കുല കൊണ്ടു കിരീടമണിഞ്ഞ ഒരു ഗ്രാമീണസുന്ദരിയെ എനിക്കു പിടിച്ചുകൊണ്ടുവന്നുതരൂ. കൊല്ലത്തില്‍ ഒരു ലക്ഷം ഫ്രാങ്ക് വരവും. ഒരു വെണ്ണക്കല്‍സ്തംഭമാടത്തിന്റെ അടിയിലൂടേ കണ്ണെത്താവുന്നേടത്തോളം ദൂരത്തേക്കുള്ള ഒരിടയസ്ഥിതി സുക്ഷ്മചിത്രം എനിക്ക് തുറന്നു കാട്ടിത്തരൂ. എനിക്ക് ഇടയത്തരവും സമ്മതമാണ്, സ്വര്‍ണ്ണംകൊണ്ടും വെണ്ണുക്കല്ലുകൊണ്ടുമുള്ള പണിത്തരവും സമ്മതമാണ്. ഉണങ്ങിക്കടിച്ച സുഖം ഉണങ്ങിക്കടിച്ച അപ്പമാണ്. ഭക്ഷിക്കുന്നുണ്ടാവും, സദ്യയിലുണ്ണുന്നുണ്ടാവില്ല. എനിക്ക് ഉപയോഗമില്ലാത്തവ, പ്രയോജനശുന്യങ്ങളായവ, അനാവശ്യങ്ങളായവ, ധാരാളിത്തത്തില്‍പ്പെട്ടവ, കിട്ടിയേ കഴിയു. സ്ട്രാസ്ബര്‍ഗ്ഗിലെ വല്യപള്ളിയില്‍ ഒരു മൂന്നുനില വീടിന്റെ ഉയരമുള്ള ഒരു നാഴികമണി ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്, അതു സമയം കുറിക്കാറുണ്ട്, ഓരോ മണിക്കുറും അടിച്ചുകാണിക്കാന്‍ അതിനു ദയയുണ്ടാകാറുണ്—പക്ഷേ, അതതിന്നുവേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്നു തോന്നില്ല; അതു നട്ടുച്ചയോ നിറകൊണ്ട പാതിരയോ അടിച്ചുകാണിച്ചതിനുശേഷം—അതേ, ഉച്ചസുര്യന്റെ സമയമാണ്, പാതിര അനുരാഗത്തിന്റെയും—അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു സമയം കുറിച്ചതിനു ശേഷം, നിങ്ങള്‍ക്കു ചന്ദ്രനേയും നക്ഷത്രങ്ങളേയും, കരയേയും സമുദ്രത്തേയും, പക്ഷികളേയും മത്സ്യങ്ങളേയും, ഒരു ചുമര്‍മാടത്തിനുള്ളില്‍നിന്നു പുറത്തു കടക്കുന്ന ഒരുപാടു സാധനങ്ങളേയും, പന്ത്രണ്ട് അപ്പോസ്തലന്മാരേയും അഞ്ചാമന്‍ ഷാര്‍ല്‍ മഹാരാജാവിനേയും സബിനുസ്സിനേയും, പോരാത്തതിനു നാഗസ്വരവും വായിച്ചുകൊണ്ടുള്ള ഒരുകൂട്ടം കൊള്ളാവുന്ന ആളുകളേയും നിങ്ങള്‍ക്കു സമ്മാനിക്കുന്നു. അത് ഓരോ സമയത്തും ആകാശമണ്ഡലത്തിലൂടെ, എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാതെ, മനോഹരങ്ങളായ മണിനാദക്കൊഴുപ്പുകളെ വ്യാപിപ്പിക്കുന്നതു കണക്കാക്കാതെയാണിത്. സമയം ഇന്നതെന്നു നിങ്ങളോട് പറയുകമാത്രം ചെയ്യുന്ന ഒരു പൊട്ട നാഴികമണിയുടെ കഷണ്ടി കയറിയ മുകറ് അതിനു സമമാവുമോ? എന്നെസ്സംബന്ധിച്ചേടത്തോളം, ആ കുറുംകാട്ടിലെ ഒരു കുരുകില്‍നാഴികമണിയെക്കാൾ എനിക്കിഷ്ടം സ്ട്രാസ്ബർഗ്ഗിലെ ആ കുറ്റന്‍ മണിയാണ്.’

വിവാഹത്തെപ്പറ്റി മൊസ്യു ഗില്‍നോര്‍മാന്‍ പല വിഡ്ഢിത്തവും പറഞ്ഞു: അദ്ദേഹത്തിന്റെ കമ്പപ്പാട്ടുകളിലൂടെ പതിനെട്ടാം നൂറ്റാണ്ടിലെ എല്ലാ പഴന്തുണിസ്സാമാനങ്ങളും കശപിശയായി പറഞ്ഞുനടന്നു.

‘നിങ്ങള്‍ക്കു സവിശേഷദിവസങ്ങള്‍ കൊണ്ടാടേണ്ട വിദ്യയറിഞ്ഞുകൂടാ. ഇക്കാലത്ത് എങ്ങനെയാണ് ഒരു ദിവസത്തെ ആഘോഷിക്കേണ്ടതെന്നു നിങ്ങള്‍ക്കറിവില്ല. നിങ്ങളുടെ പത്തൊമ്പതാംനൂറ്റാണ്ടിന് ഉശിരില്ല. അതില്‍ ധാരാളിത്തമില്ല. അതു സമ്പന്നതയെ വിലവെക്കുന്നില്ല, അതു പ്രഭുത്വത്തെ വിലവെക്കുന്നില്ല. എല്ലാ കാര്യത്തിലും അതു മൊട്ടത്തലയനാണ്. നിങ്ങളുടെ പൊതുജനം മുഷിപ്പനാണ്, നിറപ്പറ്റില്ലാത്തതാണ്. ഗന്ധമില്ലാത്തതാണ്. രൂപമില്ലാത്തതാണ്. അവര്‍ പറയുമ്പോലെ, മുളച്ചുവരുന്ന നിങ്ങളുടെ നാടുവാഴികളുടെ മനോരാജ്യം; വീട്ടികൊണ്ടും കാലിക്കോകൊണ്ടും മോടി കൂടിയ ഒരു നല്ല മണിയറ. ഇതാ, വഴി! വഴി! പിശുക്കന്‍ തിരുമേനി പണംപിടുങ്ങിക്കൊച്ചമ്മയെ വേളികഴിക്കാന്‍ പോകുന്നു. ആഡംബരവും അന്തസ്സും. ഒരു മെഴുതിരിയിന്മേല്‍ ഒരു ലൂയിനാണ്യം ഒട്ടിപ്പിടിച്ചു. ഇതാണ് നിങ്ങളുടെ കാലം. എനിക്കാവശ്യം ഇതില്‍നിന്നു ക്ഷണത്തില്‍ പമ്പകടക്കണമെന്നാണ്. ഹാ 1787-ല്‍ ദ്യുക് ദ് രൊഹാങ്ങും രാജകുമാരന്‍ ദ് ലെയോങ്ങും, ദ്യുക് ദ് മോണ്‍ബസോങ്ങും, മക്കിദ് സൂബിസ്സും വിംകോത് ദ് തൂവാറും—ഫ്രാന്‍സിലെ പ്രഭുക്കന്മാര്‍— ഒരുന്തുവണ്ടിയില്‍ക്കയറി സഭാസ്ഥലത്തേക്കു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ നിശ്ചയിച്ചു, കാര്യം പോയി. അങ്ങനെ തന്നെ. ഈ നൂറ്റാണ്ടില്‍ ആളുകള്‍ കാര്യം നോക്കുന്നു, ഉണ്ടികക്കച്ചവടം ചെയ്യുന്നു, പണമുണ്ടാക്കുന്നു, ചെറ്റത്തം കാണിക്കുന്നു. ആളുകള്‍ മുകള്‍ബ്ഭാഗത്തില്‍ മാത്രം ശ്രദ്ധിക്കുന്നു, അതു പൂശി നന്നാക്കുന്നു; ഒരു ഉത്സവസ്ഥലത്തുനിന്ന് അപ്പോള്‍ പുറത്തുകടന്നതേയുള്ളൂ എന്നപോലെ അവര്‍ ഉടുപ്പിടുന്നു, കുളിക്കുന്നു, സോപ്പു തേയ്ക്കുന്നു, മിനുസപ്പെടുത്തുന്നു, ക്ഷൗരം ചെയ്യുന്നു, ചീന്തിവെക്കുന്നു, ഉശിര്‍ കാണിക്കുന്നു, മിനുക്കി വെയ്ക്കുന്നു, ഉരച്ചു ശരിപ്പെടുത്തുന്നു, തുടച്ചു നന്നാക്കുന്നു, പുറമൊക്കെ വൃത്തിയാക്കുന്നു, ഒരു കോട്ടമില്ലാതാക്കുന്നു, ഒരു വെള്ളാരങ്കല്ലുപോലെ രാകി മിനുക്കുന്നു, സാമര്‍ത്ഥ്യം കാണിക്കുന്നു മേന്മ നടിക്കുന്നു—പക്ഷേ, അതോടൊപ്പംതന്നെ ഞാന്‍ ചത്താലും ശരി, അവരുടെ അന്തഃ കരണത്തിനടിയില്‍ നോക്കിയാല്‍ കൈവിരലുകളിലേക്ക് മൂക്കു കറക്കുന്ന ഒരു കന്നാലിച്ചെക്കന്നുകൂടി അറപ്പു തോന്നിക്കാന്‍ പോന്ന ചാണകക്കുന്നുകളും ചളിക്കുഴികളുമാണ്. ഇക്കാലത്തെ മുദ്രാവാക്യം, ഞാന്‍ പറയുക ഇതാണ്: ‘വൃത്തികെട്ട ശുചിത്വം.’ മുഷിയേണ്ടാ മരിയുസ്, എന്നെ സംസാരിക്കാന്‍ സമ്മതിക്കു; ഞാന്‍ നിങ്ങള്‍ കാണുന്നവിധമുള്ള ആളുകളെപ്പറ്റി ദോഷം പറയുന്നില്ല; ഞാന്‍ നിങ്ങളുടെ പൊതുജനങ്ങളെപ്പറ്റി എപ്പോഴും പറയും; എന്നാല്‍ എനിക്കിപ്പോഴത്തെ നാടുവാഴികളെ ചെകിട്ടത്തോരോന്നു പൊട്ടിക്കുന്നതു ബഹുരസമാണ്. ഞാനതില്‍പ്പെട്ട ആളാണ്. സ്നേഹമുള്ള ആള്‍ തല്ലുകയും ചെയ്യും. അതുകൊണ്ടു, ഞാന്‍ തുറന്നുപറയാം, ആളുകള്‍ കല്യാണം കഴിക്കുന്നുണ്ട്; പക്ഷേ, എങ്ങനെയാണ് കല്യാണം കഴിക്കേണ്ടതെന്ന് അവര്‍ക്കറിഞ്ഞുകൂടാ. ഹാ! വാസ്തവത്തില്‍ പണ്ടത്തെ അന്തസ്സുകള്‍ പൊയ്പോയല്ലോ എന്നു ഞാൻ വ്യസനിക്കുന്നു. പണ്ടത്തെ ആളുകളുടെ സകലവും— അവരുടെ അന്തസ്സും, അവരുടെ തറവാടിത്തവും, ആ മര്യാദയോടും ഓദാര്യത്തോടും കൂടിയ സമ്പ്രദായങ്ങളും, ഓരോരുത്തനുമുണ്ടായിരുന്ന ആ ആഹ്ലാദപൂര്‍വ്വമായ ധാരാളിത്തവും, കല്യാണത്തിന്റെ ഒരംഗമായിരുന്ന സംഗീതവും, മാളികമേല്‍വെച്ചുള്ള മേളക്കൊഴുപ്പും, ചുവട്ടില്‍വെച്ചുള്ള ചെണ്ടകൊട്ടും, നൃത്തവിനോദങ്ങളും, ഭക്ഷണമേശയ്ക്കു ചുറ്റുമുള്ള പ്രസന്നമുഖങ്ങളും, രസംപിടിച്ച ഒന്നാന്തരം കുശലംപറയലും, പാട്ടുകളും, വെടിക്കെട്ടുകളും, പൊട്ടിച്ചിരിയും, കുടിച്ചുകുണ്ഡലം മറിയലും, പട്ടുനാടയുടെ കൂറ്റന്‍കെട്ടുകളും എല്ലാം—പൊയ്പോയല്ലോ എന്നു ഞാന്‍ വൃസനിക്കുന്നു. കല്യാണപ്പെണ്ണിന്റെ കാലുറക്കെട്ടു പോയല്ലോ എന്നു ഞാന്‍ വ്യസനിക്കുന്നു. വീനസ്സിന്റെ ഉടഞ്ഞാണുമായി ചാര്‍ച്ചയുള്ളതാണ് കല്യാണപ്പെണ്ണിന്റെ കാലുറക്കെട്ട്. ട്രോയിയുദ്ധം എന്തില്‍നിന്നാണ് പുറപ്പെട്ടത്; വാസ്തവമായിട്ടും ഹെലന്റെ കാലുറക്കെട്ടില്‍നിന്ന്. അവര്‍ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്തത്? എന്തിനുവേണ്ടി ദിവ്യനായ ദയോമെദ് ആ മെരിയോണെസ്സിന്റെ നിറുകയിലെ ആ പത്തു മുഖങ്ങളുള്ള പിച്ചളത്തൊപ്പി തച്ചുടച്ചു? കുന്തക്കുത്തുകളെക്കൊണ്ട് എഷില്‍സും ഹെകടറും അന്യോന്യം അരിപ്പകുത്തി; കാരണം? ഹെലന്‍ തന്റെ കാലുറക്കെട്ടഴിച്ചെടുക്കുവാന്‍ പരിയെ അനുവദിച്ചു. കൊസെസത്തിന്റെ കാലുറക്കെട്ടുകൊണ്ടു ഹോമര്‍ ഇല്ലിയാഡ് മഹാകാവ്യം നിര്‍മ്മിക്കും. അദ്ദേഹം തന്റെ കാവ്യത്തില്‍ എന്നെപ്പോലെ ഒരു വായാടിക്കിഴവനെ കൊണ്ടുവരും; അയാള്‍ക്കു നെസ്തോ [1] എന്നുപേര്‍ കൊടുക്കും. എന്റെ കൂട്ടരെ, പണ്ടത്തെ കാലത്തു, ആ പഴയകൊള്ളാവുന്ന കാലങ്ങളില്‍, ആളുകള്‍ ബുദ്ധിപൂര്‍വം വിവാഹം ചെയ്തിരുന്നു; അവര്‍ നല്ല ഒരു കരാര്‍ ചെയ്യും; എന്നിട്ട് ഒന്നാന്തരം ഒരു കുടി കുടിക്കും. അപ്പോള്‍ വാസ്തവത്തില്‍ വയറും അതിനു വേണ്ടതാവശ്യപ്പെടുന്ന ഒരു കൊള്ളാവുന്ന ജന്തുവാണ്, അതിനും വേണം അതിന്റെ വിവാഹം. ആളുകള്‍ നല്ലവണ്ണം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തിന് ഒരു സ്വര്‍ണ്ണനാണ്യവുമണിയാത്ത ഒരയല്‍പക്കക്കാരി സുന്ദരിയുമുണ്ടാവും; അതുകൊണ്ട് അവളുടെ കഴുത്തു മര്യാദക്കേ മൂടിയിരിക്കു. ഹാ! ആ പൊട്ടിച്ചിരിക്കുന്ന വലിയ വായകള്‍! ഞങ്ങള്‍ അക്കാലത്ത് എങ്ങനെ ആഹ്ലാദിച്ചിരുന്നു! യൗവ്വനം ഒരു പൂച്ചെണ്ടായിരുന്നു; ഏതൊരു ചെറുപ്പക്കാരനും ഒരു ഊതച്ചെടിത്തുപ്പിലോ അല്ലെങ്കില്‍ ഒരു പനിനീര്‍പ്പൂച്ചെണ്ടിലോ ചെന്നവസാനിച്ചിരുന്നു; അയാള്‍ ആട്ടിടയനായാലും ശരി, യുദ്ധഭടനായാലും ശരി; സംഗതിവശാല്‍ ഒരാള്‍ കുതിരപ്പടയാളിക്കൂട്ടത്തിന്റെ തലവനായിയെങ്കില്‍, അയാള്‍ ഫ്ളോറിയാങ് [2] എന്നു തന്നത്താന്‍ പേര്‍ വിളിക്കും. ആളുകള്‍ക്ക് നല്ലവണ്ണം നടക്കണമെന്നുണ്ടായിരുന്നു, അവര്‍ മോടികൂട്ടുകയും നിറപ്പറ്റു തോന്നിക്കുകയും ചെയ്തിരുന്നു. ഒരു നാടുവാഴിക്ക് ഒരു പുഷ്പത്തിന്റെ മട്ടുണ്ടാവും; ഒരു പ്രഭുവിന് ഒരു രത്നത്തിന്റേയും. ആളുകള്‍ക്ക് ബൂട്ടൂസ്സിന്മേല്‍ നാടക്കെട്ടില്ല. ബൂട്ടുസ്നേ ഇല്ല. അവര്‍ വൃത്തിയില്‍ച്ചമഞ്ഞു, മിന്നിക്കൊണ്ട്, ആടിയുലഞ്ഞു, നിറംകൂടി, അന്തസ്സില്‍, രസികന്മാരായി, വിഷയലമ്പടന്മാരായിരിക്കും; അതു കാരണം അരക്കെട്ടില്‍ വാളുണ്ടാവാന്‍ പാടില്ലെന്നുമില്ല. മൂളിപ്പാട്ടുപാടുന്ന പക്ഷിക്കും കൊക്കും നഖങ്ങളുമുണ്ടാവും. അതു രസികക്കുട്ടപ്പന്മാരുടെ കാലമായിരുന്നു. ആ നൂറ്റാണ്ടിന്റെ ഒരു ഭാഗം സൗമ്യമാണ്, മറ്റതു വിശിഷ്ടവും; എന്നല്ല, രസമേ! ആളുകള്‍ അന്നു കുത്തടിക്കയായിരുന്നു. ഇന്ന്, ആളുകള്‍ ഗൗരവക്കാരായി, നാടുവാഴികള്‍ പിശുക്കന്മാരായി, നാടുവാഴികള്‍ നാണം കുണുങ്ങികളായി; നിങ്ങളുടെ കാലം മോശം, ആളുകളുടെ കഴുത്തു കുടുങ്ങിയിട്ട് അന്തസ്സ് എന്നതു പോയ്പോയി. കഷ്ടം! വൈരുപ്യമാണെന്ന മാതിരി സൗന്ദര്യം ഒളിച്ചുവയ്ക്കപ്പെടുന്നു. ഭരണപരിവര്‍ത്തനത്തിനുശേഷം സകലത്തിനും, തേവിടിശ്ശികള്‍ക്കുകൂടിയും, ആയിപ്പോയി കാലുറകള്‍; തകൃതിക്കാര്‍ അട്ടക്കാര്‍കൂടി ഗൗരവത്തില്‍ നടക്കണം; പ്രാഭവം ആവശ്യമാണ്. കവിളുകളെ കണ്ഠവസ്ത്രത്തിനുള്ളില്‍ ഇറക്കിയില്ലെങ്കില്‍ ആളുകള്‍ വല്ലാതെ മുഷിയും. ഇരുപതു വയസ്സുള്ള ഒരു ചെക്കനും കല്യാണം കഴിക്കുമ്പോളുള്ള വിചാരം മൊസ്യു റോയല്‍ക്കൊള്ളാർ [3] പോലെയാവണമെന്നാണ്. എന്നിട്ടു ആ പ്രാഭവവും കൊണ്ട് ഒരുവന്‍ ചെന്നുചേരുന്നതെവിടെയാണെന്നറിയാമോ? ചെറ്റത്തത്തില്‍. ഇതു പഠിച്ചോളൂ: സന്തോഷം സന്തുഷ്ടമാവുകമാത്രമല്ല ചെയ്യുന്നുള്ളു; അതു വിശിഷ്ടവുമാവുന്നു. അതുകൊണ്ട് ആഹ്ലാദത്തോടുകൂടി സ്നേഹിക്കുക; കല്യാണം കഴിക്കയാണെങ്കില്‍, ഞാന്‍ പറയട്ടെ, സുഖത്തിന്റെ ഭ്രാന്തോടും തല ചുറ്റലോടും, ലഹളയോടും, ലഹരിയോടുംകൂടി കല്യാണം കഴിക്കുക! പള്ളിയില്‍ നിങ്ങള്‍ സഗൗരവരായിരിക്കണം, അതു വേണ്ടതും നല്ലതുമാണ്. പക്ഷേ, ഈശ്വരവന്ദനം കഴിഞ്ഞ ഉടനെ, ഒരടി! ഭാര്യയുടെ നാലു പുറത്തും ഒരു മനോരാജ്യ സ്വര്‍ഗ്ഗം പാഞ്ഞുകളിക്കണം. ഒരു കല്യാണം രാജകീയവും മനോരാജ്യപരവുമായിരിക്കണം; അതതിന്റെ അടിയന്തിരം നടത്തല്‍ റീംസിലെ പള്ളിയില്‍നിന്ന് ഷാന്തെവുപ്പിലെ ദേവാലയത്തിലേക്കു മാറ്റണം. മോശക്കല്യാണം എനിക്കിഷ്ടമില്ല. ആ ഒരൊറ്റ ദിവസമെങ്കിലും നിങ്ങള്‍ സ്വര്‍ഗത്തില്‍ കൂത്തുമറിയുവിന്‍, നിങ്ങള്‍ ദേവന്മാരില്‍ച്ചേരട്ടെ. ഹാ! ആളുകള്‍ ഗന്ധര്‍വ്വന്മാരാവണം. കളിയും ചിരിയും, ലഹളതന്നെ; ആളുകള്‍ വങ്കന്മാരാണ്. എന്റെ ചങ്ങാതിമാരേ, പുതുതായി കല്യാണം കഴിച്ച ഓരോ വരനും എണ്ണംപറഞ്ഞ രാജകുമാരനാവണം. നാളെ തവളകളുടെ നാടുവാഴിക്കുട്ടത്തിലേക്കു മറിഞ്ഞുവീഴേണ്ടിയിരുന്നാല്‍ ക്കൂടി, ജീവിതത്തിലെ ആ അസാധാരണനിമിഷത്തെ തഞ്ചമാക്കി അരയന്നങ്ങളോടും കഴുകുകളോടുംകുടി നേരേ ആകാശത്തേക്കു പറക്കുക. വിവാഹദിവസങ്ങളില്‍ മിതവ്യയം നോക്കരുത്; അവയുടെ അന്തസ്സുകളെയൊന്നും കാത്തിരിക്കാന്‍ പോകരുത്;നിങ്ങള്‍ മിന്നിത്തിളങ്ങുന്ന ആ നാളില്‍ പിശുക്കു കാണിക്കരുതു്. വിവാഹം തറവാട്ടുഭരണമല്ല. ഹാ എന്റെ ആഗ്രഹം സാധിച്ചിരുന്നുവെങ്കില്‍ അത് രസംപിടിക്കും; ഓരോ മരച്ചുവട്ടില്‍നിന്നും കേള്‍ക്കും വീണവായന. ഇതാണ് എന്റെ കാര്യപരിപാടി; ആകാശനീലിമയും വെള്ളനിറവും. നാടന്‍ ഈശ്വരന്മാരെയെല്ലാം ഞാന്‍ ആ ഉത്സവത്തിനു കൂട്ടും; ഞാന്‍ വനദേവതമാരേയും ജലദേവതമാരേയും ആവാഹിച്ചുവരുത്തും. ഗന്ധര്‍വന്മാരുടെ വിവാഹം, ഒരു പനിനീര്‍പ്പൂമേഘം, തലമുടി ഭംഗിയില്‍ അലങ്കരിച്ചു തികച്ചും നഗ്നങ്ങളായ അപ്സരസ്സുകള്‍. ഒരു പണ്ഡിതയോഗാംഗം അര്‍പ്പിക്കുന്ന ഭഗവതീസ്തുതികള്‍, സമുദ്രച്ചെകുത്താന്മാര്‍ വലിച്ചുകൊണ്ടോടുന്ന ഒരു തേര്‍,

മുൻപിലേ നടക്കുന്നു ത്രിത്തോൺ [4]: താനുതും ശംഖു

മയക്കീ നാദാകൊണ്ടു സര്‍വ്വജീവികളേയും.

ഇതാണ് ആഘോഷമെന്നു വെച്ചാല്‍; അതു കൊള്ളാം; ഇല്ലെങ്കിലോ എനിക്കീ വിഷയത്തിലൊന്നും അറിഞ്ഞുകൂടാ. മണ്ണാങ്കട്ട!

കവിതയില്‍ കമ്പം പിടിച്ചു മുത്തച്ഛന്‍ താന്‍ പറയുന്നതിനെത്തന്നെ ശ്രദ്ധിച്ചിരിക്കെ, കൊസെത്തിനും മരിയുസ്സിനും അന്യോന്യം നോക്കിനോക്കി ലഹരി കയറി.

ഗില്‍നോര്‍മാന്‍വലിയമ്മ ഇതെല്ലാം തന്റെ അക്ഷോഭ്യമായ ശാന്തതയോടുകൂടി നോക്കിക്കണ്ടു. കഴിഞ്ഞ അഞ്ചോ ആറോ മാസത്തിനിപ്പുറം വെച്ച് അവള്‍ക്കു ചില വികാരാവേഗങ്ങള്‍ തുടങ്ങിയിരിക്കുന്നു. മരിയുസ്സിന്റെ തിരിച്ചുവരവു്, മരിയുസ്സിനെ ഒരു വഴിക്കോട്ടയില്‍നിന്ന് എടുത്തുകൊണ്ടുവരല്‍, മരിയുസ് മരിക്കല്‍, പിന്നെ ജീവിക്കല്‍, മരിയുസ്സുമായി യോജിക്കല്‍, മരിയുസ്സിന്റെ വിവാഹനിശ്ചയം, മരിയുസ് ഒരു കോടീശ്വരിയെ വിവാഹം ചെയ്യാന്‍ പോകല്‍. ആറുലക്ഷം ഫ്രാങ്കാണ് അവളുടെ ഒടുവിലത്തെ ഞെട്ടിത്തെറിക്കല്‍. ഒന്നാമത്തെ തിരുവത്താഴത്തിനു ചേര്‍ന്ന ഒരു പെണ്‍കിടാവിന്റേതായ അവളുടെ ഉദാസീനത അവള്‍ക്കു തിരിച്ചുകിട്ടി. അവള്‍ പതിവിന്‍പടി പള്ളിയിലേക്കു പോയി, മാലയെടുത്തു ജപിച്ചു. കുര്‍ബ്ബാനപ്പുസ്തകം വായിച്ചു; വീട്ടിന്റെ ഒരു മൂലയില്‍ച്ചെന്നിരുന്നു, മറ്റൊരു ഭാഗത്തുവെച്ച് ’എനിക്കു നിന്നില്‍ അനുരാഗമുണ്ടെന്നു’ള്ള മന്ത്രിക്കല്‍ നടക്കെ, ഈശ്വരസ്തുതികള്‍ വിഴുങ്ങിച്ചൊല്ലി; മരിയുസ്സിനേയും കൊസെത്തിനേയും രണ്ടു നിഴലുകളെ എന്നപോലെ അവ്യക്തമട്ടിലേ അവള്‍ കണ്ടിരുന്നുള്ളൂ. നിഴല്‍ അവള്‍തന്നെയായിരുന്നു.

തരിപ്പുകൊണ്ട് നിശ്ചേഷ്ടമായ ആത്മാവു, ജീവിതത്തിലെ കാര്യത്തോടെല്ലാം ഒരപരിചിതനെന്ന നിലയില്‍, ഭൂകമ്പങ്ങളോ അത്യാപത്തുകളോ വന്നുകൊണ്ടാല്‍ മാത്രമല്ലാതെ, മാനുഷികമായോ ദുഃഖകരമായോ സുഖകരമായോ യാതൊരു ക്ഷോഭവും അനുഭവിക്കാതിരിക്കുന്ന അങ്ങിനെയൊരു ഉദാസീനമായ സന്ന്യാസമുണ്ട്. അച്ഛന്‍ ഗില്‍നോര്‍മാന്‍ മകളോടു പറഞ്ഞതുപോലെ ഈ ഭക്തി തലയ്ക്കു പിടിച്ച ഒരു ജലദോഷംപോലെയാണ്. ജീവിതത്തിന്റെ ഒരു ഗന്ധവും നിങ്ങള്‍ അനുഭവിക്കാതാവുന്നു. ചീത്ത ഗന്ധവുമില്ല, നല്ല ഗന്ധവുമില്ല.

പിന്നെ, ആറുലക്ഷം ഫ്രാങ്ക്: ആ അവിവാഹിതവൃദ്ധയുടെ മനശ്ചാഞ്ചല്യത്തെ ഇല്ലാതാക്കി. അവളുടെ അച്ഛന്‍ അവളെ ഒട്ടുംതന്നെ കാര്യമാക്കാതിരുന്നതുകൊണ്ട് മരിയുസ്സിന്റെ വിവാഹത്തെപ്പറ്റി അദ്ദേഹം അവളോടാലോചിച്ചതേയില്ല. ഒരടിമ എന്നതുപോയി സ്വേച്ഛാധികാരിയായ അദ്ദേഹം പതിവുപോലെ അപ്പോള്‍ തോന്നിയത് ചെയ്യും; ഒരൊറ്റ വിചാരമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു—മരിയുസ്സിനെ സന്തോഷിപ്പിക്കണം. വലിയമ്മയെപ്പറ്റിയാണെങ്കില്‍—അങ്ങനെയൊരാള്‍ അവിടെയുണ്ടെന്നും അവള്‍ക്കും സ്വന്തമായി ചില അഭിപ്രായമുണ്ടാവാമെന്നും അദ്ദേഹം ആലോചിട്ടില്ല; വെറും പിടയാടാണെങ്കിലും അവളേയും അതു ശുണ്ഠിപിടിപ്പിച്ചു. പുറമേ ക്ഷോഭരഹിതയായിരുന്നുവെങ്കിലും, അകത്ത് ഏതാണ്ടു ക്രോധം കയറിയ അവള്‍ സ്വയം പറഞ്ഞു: ‘എന്നോടു ചോദിക്കാതെ എന്റെ അച്ഛന്‍ കല്യാണം നിശ്ചയിച്ചു; അദ്ദേഹത്തോടു ചോദിക്കാതെ ഞാന്‍ സ്വത്തിന്റെ കാര്യം നിശ്ചയിക്കും.’ വാസ്തവത്തില്‍ അവള്‍ സമ്പന്നയായിരുന്നു; അച്ഛന്‍ സമ്പന്നനല്ലതാനും. ഈ കാര്യം അവളും മനസ്സുകൊണ്ടുറച്ചു. ഒരു സാധുസ്ത്രീയെയാണ് കല്യാണം ചെയ്യാനുറച്ചിരുന്നതെങ്കില്‍ അവള്‍ അയാളെ ഇരപ്പിച്ചേനേ. അത്രയും ദോഷം അവന്നു തന്നെ! അവന്‍ ഒരിരപ്പാളിച്ചിയെ കല്യാണം കഴിക്കുന്നു; അവനും ഇരപ്പാളിയായിരിക്കട്ടെ.’ പക്ഷേ, കൊസെത്തിന്റെ അഞ്ചുലക്ഷം വലിയമ്മയെ രസിപ്പിച്ചു; ഈ ദമ്പതികളെസ്സംബന്ധിച്ചേടത്തോളം വലിയമ്മ തന്റെ നിശ്ചയത്തെ ഒന്നു ഭേദപ്പെടുത്തി, ആറു ലക്ഷം ഫ്രാങ്കിനെ ആര്‍ക്കും വിലവെക്കാതെ കഴിയില്ല; അതുകൊണ്ട്, ചെറുപ്പക്കാര്‍ക്ക് ആവശ്യമില്ലെന്നു വന്ന സ്ഥിതിക്ക്, അവള്‍ക്കു തന്റെ വക സ്വത്തും അവര്‍ക്കു കൊടുക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു.

ദമ്പതികള്‍ മുത്തച്ഛന്റെ കൂടെത്തന്നെ താമസിക്കുക എന്നു തീര്‍ച്ചപ്പെടുത്തി—വീട്ടില്‍വെച്ച് ഒന്നാന്തരം സ്ഥലമായ സ്വന്തം മുറി മൊസ്യു ഗില്‍നോര്‍മാന്‍ അവരോടെടുക്കണമെന്നു നിര്‍ബന്ധിച്ചു—അതെന്നെ ഒരിക്കല്‍ക്കൂടി യുവാവാക്കും, അദ്ദേഹം പറഞ്ഞു: “അതെന്റെ ഒരു പഴയ യുക്തിയാണ്. എന്റെ മുറിയില്‍വെച്ച ഒരു വിവാഹം നടത്തണമെന്നുവളരെക്കാലമായി ഞാഗ്രഹിച്ചുവരുന്നു.

അദ്ദേഹം ആ മുറി ഒരുപാടു മോടിസ്സാമാനങ്ങളെക്കൊണ്ടു് അലങ്കരിച്ചു. വളരെക്കാലമായി കൈയിലുള്ളതും മഞ്ഞളിപ്പുനിറത്തിലുള്ള പട്ടുശീലയിന്മേൽ വില്ലീസ് പൂവുകള്‍ തുന്നിപ്പിടിപ്പിച്ചതുമായി ഹോളണ്ടു രാജ്യത്തുനിന്നു വന്നതെന്ന് അദ്ദേഹം വിശ്വസിച്ചുപോരുന്ന ഒരസാധാരണത്തുണികൊണ്ടു് തട്ടും ചുമരുകളും മൂടിയണിഞ്ഞു— അദ്ദേഹം പറഞ്ഞു; “ഈ തുണികൊണ്ടാണ് ലറോഷ്ഗ്വിയോങ് കൊട്ടാരത്തില്‍ ദാങ്വില്‍ഡച്ചസ്സിന്റെ കട്ടില്‍ അലങ്കരിച്ചിരുന്നത്—അടുപ്പുതിണ്ണി മേല്‍ മേത്തരം പിഞ്ഞാണംകൊണ്ടു, നഗ്നമായ വയറ്റത്ത് ഒരുവക കൈയുറുമാല്‍ പിടിച്ചു ഒരു ചെറുരൂപം അദ്ദേഹം ഉണ്ടാക്കിച്ചു.

മൊസ്യു ഗില്‍നോര്‍മാന്റെ വായനമുറി മരിയുസ്സിന്നാവശ്യമുള്ള ഒരു വക്കീല്‍ വായനസ്ഥലമായി; ഭരണസഭാംഗത്തിന് ഒരു വായനസ്ഥലം ആവശ്യമാണല്ലോ.

കുറിപ്പുകൾ

[1] പരമ ജ്ഞാനിയായ ഗ്രീക്ക് മോജാവി മഹാജ്ഞാനിയെ നെസ്തോര്‍ എന്നു വിളിക്കാറുണ്ട്.

[2] കെട്ടുകഥകളും മറ്റും ഉണ്ടാക്കിയിട്ടുള്ള ഒരു ഫ്രഞ്ച് എഴുത്തുകാരൻ.

[3] ഒരു പ്രസിദ്ധനായ ഫ്രഞ്ച് തത്ത്വജ്ഞാനിയും രാജ്യതന്ത്രജ്ഞനും.

[4] ഒരു ശംഖു വിളിച്ചു സമുദ്രത്തിരകളെ വര്‍ദ്ധിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ഒരു സമുദ്രദേവത.

5.3.7
സുഖത്തോടു കൂടിച്ചേര്‍ന്ന മനോരാജ്യത്തിന്റെ ഫലം

കാമിനീകാമുകന്മാര്‍ ദിവസംപ്രതി തമ്മില്‍ക്കണ്ടിരുന്നു. കൊസെത്ത് മൊസ്യൂഫൂഷല്‍വാങ്ങോടുകൂടി വരും—“ഇതു കീഴ്മേല്‍ മറിയലാണ്.’ മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ അഭിപ്രായപ്പെട്ടു. ‘വധു വരന്റെ വീട്ടിലേക്കു വിവാഹപ്രാര്‍ത്ഥനയ്ക്കു വരിക.’ പക്ഷേ, മരിയുസ്സിന്റെ രോഗം ശമിച്ചുതുടങ്ങിയതോടുകൂടി ആ സമ്പ്രദായം ബലപ്പെട്ടു; കൂടിക്കാഴ്ചകള്‍ക്കു റ്യൂ ദ് ലോം അര്‍മേയിലെ വൈക്കോല്‍ക്കസാലകളെക്കാള്‍ റ്യൂ ദെ ഫില്‍ദ്യു കല്‍വേറിലെ ചാരുകസാലകള്‍ യോജിച്ചതാകകൊണ്ട് അതങ്ങനെ വേര്‍പിടിച്ചു. മരിയുസ്സും മൊസ്യു ഷുഷല്‍വാങ്ങും തമ്മില്‍ക്കാണാറുണ്ടെങ്കിലും ഒന്നും സംസാരിക്കാറില്ല. അവര്‍ ആലോചിച്ചുറച്ചിട്ടാണെന്നു തോന്നും, ഓരോ പെണ്‍കിടാവിനും വേണം ഒരു സഹചാരിണി. കൊസെത്തിനു മൊസ്യുഫൂഷല്‍വാങ്ങില്ലാതെ വരാന്‍ വയ്യാ. മരിയുസ്സിന്റെ കണ്ണില്‍, മൊസ്യു ഫൂഷല്‍വാങ് കൊസെത്തിന്റെ ഒരു ലക്ഷണമായിത്തീര്‍ന്നു. അയാള്‍ അതു സമ്മതിച്ചു. എല്ലാ മനുഷ്യരുടേയും ജീവിതസ്ഥിതി നന്നാക്കിത്തീര്‍ക്കുക എന്ന വിഷയം പിടിച്ച് അസ്പഷ്ടമായും അങ്ങുമിങ്ങും തൊടാതെയും രാഷ്ട്രീയകാര്യങ്ങളെപ്പറ്റി തര്‍ക്കിച്ചുതര്‍ക്കിച്ചു് അവര്‍ ‘അതേ’ ‘അല്ല’ എന്നു പറയുക എന്നതില്‍ നിന്നു കുറച്ചു കവിഞ്ഞു. സൗജന്യമായും ഐച്ചികമായും എല്ലാത്തരത്തിലും എല്ലാ മനുഷ്യന്നും, കാറ്റും വെയിലുമെന്നപോലെ കിട്ടത്തക്കവിധം എല്ലാ ജനങ്ങള്‍ക്കും അനുഭവിക്കാവുന്ന വിധത്തില്‍, വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ആഗ്രഹമുള്ള മരിയുസ്സിനോട് അക്കാര്യത്തില്‍ കൊസെത്തും യോജിച്ചു. രണ്ടാളും ഒന്നായി. മൊസ്യുഫൂഷല്‍വാങ്ങും നല്ലവണ്ണം, ഏതാണ്ടു സാഹിത്യ ഭംഗിയോടുകൂടിത്തന്നെ, സംസാരിച്ചിരുന്നു—എങ്കിലും അനിര്‍വചനീയമായ എന്തോ ഒന്നു് അയാള്‍ക്കു പോരായ്മയുണ്ട്. ഒരു ലൗകികമനുഷ്യനെക്കാള്‍ മൊസ്യു ഫൂഷല്‍വാങ്ങിന് എന്തോ ഒന്ന് കുറവുണ്ട്, അല്ലെങ്കില്‍ അധികമുണ്ട്.

മരിയുസ് ഹൃദയാന്തര്‍ഭാഗത്തുവെച്ച്, തന്റെ ആലോചനയ്ക്കടിയില്‍ വെച്ച്, ഈ മൊസ്യു ഫൂഷല്‍വാങ്ങിനെ, അയാളെ സംബന്ധിച്ചേടത്തോളം ഉദാരനും ഉന്മേഷരഹിതനുമായിരുന്ന ആ മനുഷ്യനെ, എല്ലാത്തരം മൗനചോദ്യങ്ങളെക്കൊണ്ടും വളഞ്ഞിട്ടിരുന്നു. ചിലപ്പോള്‍ അയാള്‍ക്കു തന്റെ സ്വന്തം സ്മരണകളെപ്പറ്റിത്തന്നെ സംശയം ജനിക്കും. അയാളുടെ ഓര്‍മ്മയില്‍ ഒരു ഗുഹയുണ്ടായിരുന്നു, ഒരിരുള്‍ സ്ഥലം, നാലുമാസത്തെ മരണവേദനയാല്‍ കുഴിച്ചുണ്ടാക്കപ്പെട്ട ഒരഗാധസ്ഥലം—അതിനുള്ളില്‍ പലതും ആണ്ടുപോയി. അത്രമേല്‍ സഗൗരവനും ശാന്തനുമായി കാണപ്പെടുന്ന ആ മൊസ്യു ഫൂഷല്‍വാങ്ങിനെ വഴിക്കോട്ടയില്‍വെച്ച് കാണുകയുണ്ടായെന്നുള്ളതു വാസ്തവംതന്നെയോ എന്നുകൂടി അയാള്‍ ഒരിക്കല്‍ സ്വയം ചോദിക്കുകയുണ്ടായി.

എന്തായാലും കഴിഞ്ഞകാലത്തെ ആവിര്‍ദാവങ്ങളും തിരോഭാവങ്ങളുംകൂടി ഈയൊരമ്പരപ്പു മാതമല്ല അയാളില്‍ ഉണ്ടാക്കിയിരുന്നുള്ളൂ. നമ്മള്‍ സുഖിതരായിരിക്കുമ്പോഴും, നമ്മള്‍ സംതൃപ്തരായിരിക്കുമ്പോഴും, നമ്മെക്കൊണ്ട് കഴിഞ്ഞ സംഗതികളിലേക്കു കുണ്ഠിതത്തോടുകൂടി നോക്കിക്കുന്ന ആ ഓര്‍മ്മയുടെ അപസ്മാരവികൃതിയില്‍നിന്ന് അയാള്‍ രക്ഷപ്പെട്ടിരുന്നു എന്ന് ശങ്കിക്കേണ്ട. മറഞ്ഞു പോയ ആകാശാന്തങ്ങളിലേക്കു തിരിഞ്ഞുനോക്കാത്ത തലയെക്കൊണ്ട് ആലോചിക്കാനാവട്ടെ സ്നേഹിക്കാനാവട്ടെ കഴിയില്ല. ചില സമയങ്ങളില്‍ മരിയുസ് രണ്ടു കൈകൊണ്ടും മുഖം അമർത്തിപ്പിടിക്കും; അവ്യക്തവും ക്ഷുഭിതവുമായ ഭൂതകാലം അയാളുടെ തലച്ചോറില്‍ തങ്ങിനില്ക്കുന്ന മങ്ങലിലൂടേ പാഞ്ഞുപോവും. ഒരിക്കല്‍ക്കൂടി അയാള്‍ മബെ മരിച്ചുവീഴുന്നതു കാണും, വെടിയുണ്ടകളുടെ നടുക്കുവെച്ച് ഗവ്രോഷ് പാടുന്നതു കേള്‍ക്കും, തന്റെ ചുണ്ടുകള്‍ക്കു മുന്‍പില്‍ എപ്പൊനൈന്റെ തണുത്ത നെറ്റിത്തടം അനുഭവപ്പെടും; ആന്‍ഷൊല്‍രാ, കൂര്‍ഫെരാക്, ഴാങ്പ്രൂവേര്‍, കൊംബ്ഫേര്‍, ബ്രൊസ്സ്വെ, ഗ്രന്തേര്‍—തന്റെ എല്ലാ സുഹൃത്തുക്കളും അയാളുടെ മുന്‍പില്‍ എഴുന്നേറ്റു നിവര്‍ന്നുനിന്നു, വീണ്ടും നേര്‍ത്ത വായുമണ്ഡലങ്ങളിലേക്കു മറയും. ഈ പ്രിയപ്പെട്ടവരോ, ദുഃഖശീലന്മാരോ, ധീരന്മാരോ, രസികന്മാരോ അല്ലെങ്കില്‍ വ്യസനകരന്മാരോ ആയ എല്ലാവരും വെറും മനോരാജ്യങ്ങള്‍ മാത്രമാവുമോ? ഇവരൊക്കെ വാസ്തവത്തില്‍ ജീവിച്ചിരുന്നുവോ? ലഹള സകലത്തേയും അതിന്റെ പുകയില്‍ മൂടി. ഇത്തരം വലിയ സന്നിപാതജ്വരങ്ങള്‍ വലിയ സ്വപ്നങ്ങളെ തോന്നിക്കുന്നു. അയാള്‍ സ്വയം അന്വേഷിച്ചു; അയാള്‍ സ്വയം അനുഭവിച്ചു; ഈ തിരോഭൂതങ്ങളായ വാസ്തവസ്ഥിതികള്‍ അയാളുടെ തലചുറ്റിച്ചു; അവരെല്ലാം അപ്പോള്‍ എവിടെയായിരുന്നു? എല്ലാവരും മരിച്ചുപോയിരിക്കുന്നു എന്നതു വാസ്തവമാണോ? നിഴല്‍പാടുകളിലേക്കുള്ള ഒരു വീഴ്ച അയാളെ ഒഴിച്ചു ബാക്കി സകലവുംകൊണ്ടു നടന്നു. അതെല്ലാം ഒരു നാടകത്തില്‍ തിരശ്ശീലയില്‍ മറഞ്ഞതുപോലെ അയാള്‍ക്കു തോന്നി. ജീവിതത്തില്‍, താഴത്തേക്കു വീണുകളയുന്ന ഇത്തരം തിരശ്ലീലകളുണ്ട്. ഈശ്വരന്‍ പിന്നത്തെ അങ്കത്തിലേക്കു കടക്കുന്നു.

അയാള്‍തന്നെ—താന്‍ വാസ്തവത്തില്‍ അന്നത്തെ ആളാണോ? ദരിദ്രനായിരുന്ന താന്‍ ധനവാനായി; ഉപേക്ഷിക്കപ്പെട്ടിരുന്ന താൻ കുടുംബിയായി; നിരാശനായിരുന്ന താന്‍ കൊസെത്തിനെ വിവാഹം ചെയ്യാന്‍ പോകുന്നു. അയാള്‍ക്കു താനൊരു ശവക്കല്ലറയെ കടന്നുപോകുന്നതായും, കറുത്തുംകൊണ്ട അങ്ങോട്ടു ചെന്ന താന്‍ വെളുത്തുംകൊണ്ട് അതില്‍നിന്നു തിരിച്ചുപോന്നതായും, താനല്ലാതെ ബാക്കിയുള്ളവരെല്ലാം അതില്‍ത്തന്നെ താമസമാക്കിയതായും തോന്നി. ചില സമയത്ത് ഈ കഴിഞ്ഞുപോയ എല്ലാവരും തിരിച്ചുവന്ന് അയാളുടെ നാലുപുറവുംകൂടി, അയാളെ കാണാതാക്കും; അപ്പോള്‍ അയാള്‍ കൊസെത്തിനെപ്പറ്റി വിചാരിച്ചു തന്റെ പ്രശാന്തമഹിമയെ വീണ്ടെടുക്കും; എന്നാല്‍ ആ അത്യാപത്തിനെ മനസ്സില്‍നിന്നു മാച്ചുകളയാന്‍ ഈയൊരാനന്ദാവേഗത്തെക്കൊണ്ടല്ലാതെ സാധിക്കുകയുമില്ല.

ഈ തിരോഭൂതങ്ങളായ സത്ത്വങ്ങള്‍ക്കിടയില്‍ മൊസ്യു ഫൂഷല്‍വാങ്ങിന് ഏതാണ്ടൊരു സ്ഥാനമുണ്ടായിരുന്നു. വഴിക്കോട്ടയിലെ മൊസ്യു ഫൂഷല്‍വാങ്ങും കൊസെത്തിന്റെ അടുത്ത് അത്രയും സഗൗരവനായിരിക്കുന്ന ഈ മനുഷ്യദേഹമുള്ള മൊസ്യു ഫൂഷല്‍വാങ്ങും ഒരാള്‍തന്നെയാണെന്നു വിശ്വസിക്കാന്‍ അയാള്‍ ഞെരുങ്ങി. ആദ്യത്തേതു പക്ഷേ, തന്റെ മോഹാലസ്യങ്ങളിലൊന്നില്‍ ഉണ്ടായിത്തീര്‍ന്ന ഒരു ദുസ്സ്വപ്നമായിരിക്കാം. എന്തായാലും രണ്ടുപേരുടേയും പ്രകൃതി പരുഷമായിരുന്നു; അതിനെപ്പറ്റി മരിയുസ്സില്‍നിന്നു മൊസ്യു ഫുഷല്‍വാങ്ങിലേക്ക് ഒരു ചോദ്യം ചെല്ലുക എന്നതുണ്ടാവാന്‍വയ്യാ. അയാള്‍ക്ക് അങ്ങനെയൊരു വിചാരം ഉണ്ടായിട്ടേയില്ല. ഞങ്ങള്‍ ഈ സവിശേഷവിവരം മുന്‍പേതന്നെ സുചിപ്പിച്ചിട്ടുള്ളതാണ്.

ഒരു ഗുഢകാര്യം രണ്ടുപേരുടേയും ഉള്ളില്‍ ഉണ്ടായിരിക്കയും, ഒരു മൗനക്കരാറനുസരിച്ചെന്നപോലെ, അതിനെപ്പറ്റി അന്യോന്യം ഒന്നും മിണ്ടാതിരിക്കയും ചെയ്യുന്ന രണ്ടാള്‍ ഉണ്ടാവുന്നതു, സാധാരണമായി വിചാരിക്കുന്നേടത്തോളം തന്നെ, അസാധാരണമല്ല.

ഒരിക്കല്‍ മാത്രമേ, മരിയുസ് അതിനു ശ്രമിക്കുകയുണ്ടായുള്ളു. അയാള്‍ സംസാരത്തിനിടയില്‍ റ്യു ദ് ല ഷങ്വ്രെറിയെ കൊണ്ടുവന്നു: എന്നിട്ട് മൊസ്യു ഫൂഷല്‍വാങ്ങോടു തിരിഞ്ഞു ചോദിച്ചു; ’നിശ്ചയമായും ആ തെരുവു നിങ്ങൾക്കറിയാമല്ലോ!’

‘ഏതു തെരുവ്?’

‘റ്യു ദ് ല ഷങ്വ്രെറി?”

‘എനിക്കാത്തെരുവിന്റെ പേരിനെപ്പറ്റി അറിവൊന്നുമില്ല.” ലോകത്തില്‍വെച്ച് ഏറ്റവുമധികം സാധാരണമായ മട്ടില്‍ മൊസ്യൂ ഫൂഷല്‍വാങ്ങ് മറുപടി പറഞ്ഞു.

തെരുവിനെപ്പറ്റിയല്ല, തെരുവിന്റെ പേരിനെപ്പറ്റിത്തന്നെ ഈയൊരു മറുപടി വന്നപ്പോള്‍, മരിയുസ്സിന് അതു കുറേക്കൂടി വിശ്വാസ്യമായിത്തോന്നി.

‘നിശ്ചയമായും, ഞാന്‍ സ്വപ്നം കണ്ടതാണ്. എന്നെ ഒരു ചിത്തഭ്രമം ബാധിച്ചു. അത അയാളുടെ ഛായയിലുള്ള മറ്റാരോ ആയിരിക്കണം. മൊസ്യു ഫൂഷല്‍വാങ് അവിടെ വന്നിട്ടില്ല.’

5.3.8
കണ്ടെത്താന്‍ പ്രയാസമുള്ള രണ്ടു പേര്‍

മരിയുസ്സിന്റെ മതിമയക്കത്തെക്കൊണ്ട്, അതെത്രതന്നെ വലുതായിരുന്നുവെങ്കിലും, അയാളുടെ മറ്റു വിചാരങ്ങളെ ഉള്ളിൽനിന്നു മാച്ചുകളയാന്‍ കഴിഞ്ഞില്ല. വിവാഹാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കെ, ആ ദിവസം വന്നുകിട്ടാന്‍ കാത്തുംകൊണ്ടിരിക്കെ, അയാള്‍ ബുദ്ധിമുട്ടി നിഷ്കര്‍ഷിച്ചു പല അന്വേഷണങ്ങളും ചെയ്യേണ്ടതു ചെയ്തു.

. അയാള്‍ പല ദിക്കിലും നന്ദി കാണിക്കേണ്ടതുണ്ട്; തന്റെ അച്ഛന്നു വേണ്ടിയും സ്വന്തം നിലയ്ക്കും അതു വേണ്ടിയിരിക്കുന്നു.

തെനാര്‍ദിയെരുണ്ട്; അയാളെ, മരിയുസ്സിനെ, മൊസ്യൂ ഗില്‍നോര്‍മാന്റെ അടുക്കല്‍ കൊണ്ടുവന്നാക്കിയ ആ അജ്ഞാതമനുഷ്യനുണ്ട്, പിന്നെ.

കല്യാണം കഴിച്ചു. സുഖമായി. ഇവരെ രണ്ടുപേരേയും മറന്നുകളയാന്‍ വിചാരിച്ചിട്ടില്ലാത്തതുകൊണ്ടും, ഈ കടപ്പാടു തീര്‍ത്തിട്ടില്ലെങ്കില്‍, അത്രയും ഭാവിയില്‍ പ്രകാശമാനമാവാതിരിക്കുന്ന തന്റെ ജീവിതത്തില്‍ ഇവര്‍ ഒരു നിഴല്‍ വീശിയേക്കുമെന്ന ഭയമുണ്ടായിരുന്നതുകൊണ്ടും, മരിയുസ് ഈ രണ്ടുപേരേയും കണ്ടുപിടിക്കാന്‍ യത്നിച്ചു.

ഈ ദുഃഖക്കൂടിശ്ശികകളെയെല്ലാം തള്ളിക്കളയുക അയാള്‍ക്ക് അസാധ്യമായിരുന്നു; ഭാവിയിലേക്ക് ആഹ്ലാദപൂര്‍വം പ്രവേശിക്കുന്നതിനു മുന്‍പായി ഭൂതകാലത്തിന്റെ കൈയില്‍നിന്ന് തികച്ചും വിട്ടുപോരണമെന്ന് അയാള്‍ക്കുണ്ടായിരുന്നു.

തെനാര്‍ദിയെര്‍ ഒരു കള്ളനാണെന്നുള്ളതുകൊണ്ട് അയാള്‍ കേര്‍ണല്‍ പൊങ്മേര്‍സിയെ രക്ഷിച്ചു എന്നുള്ളത് പോയ്പോകുന്നില്ല. മരിയുസ്സിന്റെയൊഴിച്ചു ലോകത്തിന്റെ മുഴുവനും, കണ്ണിന് തെനാര്‍ദിയെര്‍ ഒരു ഘാതുകനായിരുന്നു.

പിന്നെ വാട്ടര്‍ലൂ യുദ്ധഭൂമിയില്‍വെച്ചു വാസ്തവത്തിലുണ്ടായതിന്നതെന്ന് മരിയുസ്സിന് അറിഞ്ഞുകൂടാത്തതുകൊണ്ട്, അയാളുടെ അച്ഛന്‍, തെനാര്‍ദിയെരെസ്സംബന്ധിച്ചേടത്തോളം, യാതൊരു കൃതജ്ഞതയ്ക്കും അവകാശമില്ലാത്ത വിധത്തിലാണ് ജീവനോടുകൂടി അവിടെനിന്ന് പോന്നിട്ടുള്ളതെന്ന ആ സവിശേഷ വിവരം അയാള്‍ മനസ്സിലാക്കിയിട്ടില്ല.

മരിയുസ് ഏര്‍പ്പെടുത്തിയ പല ആളുകളില്‍ ആരെക്കൊണ്ടും തെനാര്‍ദിയെരെ സ്സംബന്ധിച്ച് ഒരു വിവരവും ഉണ്ടാക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ആ ഭാഗം തീരേ നശിച്ചുപോയിരിക്കുന്നതുപോലെ തോന്നി. മദാം തെനാര്‍ദിയെര്‍ കേസ്സുവിചാരണയ്ക്കു മുന്‍പായി തടവില്‍വെച്ചു മരിച്ചു. ആ കുടുംബത്തില്‍ ശേഷിപ്പുണ്ടായിരുന്ന തെനാര്‍ദിയെരും അസെല്‍മയും അന്ധകാരത്തിലേക്കുതന്നെ ആണ്ടു. സാമുദായികമായ അജ്ഞാതത്വത്തിലെ അഗാധഗുഹ ആ രണ്ടു സത്ത്വങ്ങളെയും അകത്താക്കി. മുകള്‍ബ്ഭാഗത്ത് ആ ഒരു വിറയെങ്കിലും, ആ ഒരനക്കമെങ്കിലും, എന്തോ ഒന്നകത്ത് വീണിട്ടുണ്ടെന്നും ആഴമളക്കുന്ന ഈയക്കട്ടി ഇനി ഇട്ടുനോക്കാമെന്നും കാണിക്കുന്ന ആ അസ്പഷ്ടങ്ങളായ മണ്ഡലങ്ങളുടെ ഒരു വട്ടംവീശലെങ്കിലുമാവട്ടേ കാണാനില്ല.

മദാം തെനാർദിയെർ മരിച്ചുപോകയും, ബുലാത്രുയെലിനെ വിചാരണയില്‍ നിന്നൊഴിവാക്കുകയും, ക്ലക്സുവിനെ കാണാതാവുകയും, പ്രധാനരെല്ലാം തടവില്‍നിന്നു ചാടിപ്പോവുകയും ചെയ്ത സ്ഥിതിക്ക് ഗോര്‍ബോ ഭവനത്തില്‍വെച്ചുണ്ടായ കള്ളപ്പതിയിരിപ്പിന്റെ വിചാരണ സാരമാവാതെ പോയി.

ആ കാര്യം അങ്ങനെ മോശമായിക്കിടന്നു. സെഷ്യന്‍കോടതിക്കി രണ്ടു നിസ്സാരന്മാരെ, പ്രിന്‍തനിയേര്‍ എന്നും ബിഗ്രനെയി എന്നുംകൂടി പേരുള്ള പങ്ഷോവിനേയുംദൊമിലിയാര്‍ എന്നുകൂടി പേരുള്ള ദെമിലിയാരേയും, പത്തുകൊല്ലത്തേക്ക് തണ്ടുവലിശ്ശിക്ഷസ്ഥലത്തേക്കയച്ചതുകൊണ്ട് തൃപ്തിപ്പെടണ്ടിവന്നു. ജീവപര്യന്തം കഠിനതടവാണ്. ആ ചാടിപ്പോയവരും ദുശ്ലാഠ്യക്കാരുമായ അവരുടെ കൂട്ടുകാര്‍ക്കു വിധിച്ചിട്ടുള്ള ശിക്ഷ.

നേതാവും തലവനുമായ തെനാര്‍ദിയെരെ, ദുശ്ശാഠ്യത്തിന്റെ ഫലമായി, ശിരച്ഛേദം ചെയ്വാനും വിധിയായി.

ഒരു ശവമഞ്ചത്തിനു പിന്നില്‍നിന്ന് ഒരു മെഴുതിരിപോലെ ആ സംസ്കരിക്കപ്പെട്ട പേരിന്മേലേക്കു് തന്റെ വ്യസനകരമായ പ്രകാശനാളത്തെ വ്യാപിപ്പിച്ചുകൊണ്ട് ഈ ശിക്ഷാവിധി മാത്രമേ തെനാര്‍ദിയെരെപ്പറ്റി ഒരു വിരാമമായിട്ടുണ്ടായിരുന്നുള്ളു.

എന്നല്ല, വീണ്ടും പിടിക്കപ്പെട്ടുപോയാലോ എന്നുള്ള ഭയത്തോടുകുടി തെനാര്‍ദിയെരെ അങ്ങേ അറ്റത്തെ അഗാധതകളിലേക്കു പിടിച്ചുന്തി, ഈ ശിക്ഷാവിധി ആ മനുഷ്യനെ മൂടിയിരുന്ന നിഴലുകളുടെ കട്ടിത്തത്തിനു ഒന്നുകൂടി ശക്തിവെപ്പിച്ചു.

മറ്റെയാളെസ്സംബന്ധിച്ചേടത്തോളം, മരിയുസ്സിനെ രക്ഷപ്പെടുത്തിയ അജ്ഞാതമനുഷ്യന്റെ കാര്യത്തില്‍, അന്വേഷണം ആദ്യത്തില്‍ ഏറക്കുറെ വിജയകരമായി വന്നിട്ടു പെട്ടെന്ന് ഒരു വീഴ്ചവീണു. ജൂണ്‍ 6-ാംനു വൈകുന്നേരം മരിയുസ്സിനെറ്യൂ ദെ ഫില്‍ദ്യു കല്‍വേറിലേക്ക് കൊണ്ടുവന്ന കൂലിവണ്ടി ഇന്നതെന്ന് അവര്‍ കണ്ടുപിടിച്ചു.

ജൂണ്‍മാസം 6-ാംനു, ഒരു പൊല്ലീസ്സുദ്യോഗസ്ഥന്റെ ആജ്ഞപ്രകാരം ഉച്ചതിരിഞ്ഞു മൂന്നുമണിമുതല്‍ സന്ധ്യവരെ ഷാംസെലിസെപാതാറില്‍ വലിയ ഓവുചാലിന്റെ പ്രവേശദ്വാരത്തിനു മുകളില്‍ താന്‍ കാത്തുനില്‍ക്കുകയുണ്ടായെന്നും; ഒമ്പതു മണിയോടുകൂടി പുഴയിലേക്കുന്തിനില്ക്കുന്ന ഓവുചാലിന്റെ അഴിവാതില്‍ തുറക്കപ്പെട്ടു എന്നും; കാഴ്ചയില്‍ മരിച്ചിരിക്കുന്ന മറ്റൊരാളെ പുറത്തേറ്റി ഒരാള്‍ അതിന്നുള്ളില്‍നിന്നു പുറത്തു കടന്നു എന്നും; അവിടെ കാവല്‍ നിന്നിരുന്ന പൊല്ലീസ്സുദ്യോഗസ്ഥന്‍ ജീവനുള്ള ആളെ പിടിക്കുകയും മരിച്ചുപോയ ആളെ കൈയിലാക്കുകയും ചെയ്തു എന്നും; പൊല്ലീസ്സുദ്യോഗസ്ഥന്റെ കല്പനപ്രകാരം താന്‍, വണ്ടിക്കാരന്‍, ‘ആ എല്ലാ കൂട്ടരേയും’ തന്റെ വണ്ടിയില്‍ കേറ്റിയെന്നും; അവര്‍ റ്യൂ ദെ കല്‍വേറിലേക്ക് വണ്ടിയോടിച്ചു എന്നും; അവിടെ അവര്‍ മരിച്ച ആളെ ഇറക്കി എന്നും; ആ മരിച്ച ആള്‍ മൊസ്യു മരിയുസ്സാണെന്നും; ‘ഇക്കുറി ജീവനോടുകൂടിയിട്ടാണെങ്കിലും അന്നത്തെ ആള്‍ അതുതന്നെയാണെന്ന് താന്‍ കണ്ടറിയുന്നുണ്ടെന്നും, എന്നിട്ട് അവര്‍ വീണ്ടും വണ്ടിയില്‍ക്കയറി, താന്‍ കുതിരകളെ അടിച്ചു പായിച്ചു എന്നും; റിക്കാര്‍ട്ടാപ്പീസിന്റെ പടിക്കല്‍നിന്ന് കുറച്ചകലെയെത്തിയപ്പോള്‍ അവര്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞുവെന്നും; അവിടെ, തെരുവില്‍, വെച്ച് അവര്‍ തനിക്കുള്ള കൂലി തന്നു പിരിഞ്ഞുവെന്നും; പൊല്ലിസ്സുദ്യോഗസ്ഥന്‍ മറ്റെയാളെയും പിടിച്ച് അവിടെനിന്നു കൊണ്ടുപോയിയെന്നും; പിന്നെത്തെ കഥ യാതൊന്നും തനിക്കറിഞ്ഞുകൂടാ എന്നും; രാത്രി നല്ല ഇരുട്ടുള്ളതായിരുന്നു എന്നും വണ്ടിക്കാരന്‍ മൊഴികൊടുത്തു.

ഞങ്ങള്‍ പറഞ്ഞിട്ടുള്ളവിധം മരിയുസ്സിന് യാതൊന്നും ഓര്‍മ്മയില്ല. വഴിക്കോട്ടയില്‍വെച്ച് താന്‍ പിന്നോക്കം മറിയുമ്പോള്‍ പിന്നില്‍നിന്ന് ഒരു ശക്തിയുള്ള കൈ തന്നെ പിടിക്കുകയുണ്ടായെന്നു മാത്രമേ അയാള്‍ക്കോര്‍മ്മയുള്ളു; പിന്നെ അയാളെസ്സംബന്ധിച്ചുള്ള സര്‍വ്വവും മറഞ്ഞുകളഞ്ഞു.

മൊസ്യൂ ഗില്‍നോര്‍മാന്റെ വീട്ടില്‍വെച്ചാണ് അയാള്‍ക്കു പിന്നെ തന്റേടം വന്നിട്ടുള്ളത്.

അയാള്‍ ഈഹിച്ചു കുഴങ്ങി.

അയാള്‍ക്ക് സ്വന്തം വ്യക്തിബോധം നിശ്ചയമായും വന്നു. എങ്കിലും, റ്യു ദ് ലഷങ്വ്രെറിയില്‍വെച്ചു മോഹാലസ്യപ്പെട്ടു വീണ അയാളെ സെയിന്‍നദിയുടെ കരയ്ക്ക്, പോങ്ദെ ആന്‍വാലിദിന്നടുത്തു, വെച്ചു ഒരു പൊല്ലീസ്സുദ്യോഗസ്ഥന്‍ എങ്ങനെ കൈയിലാക്കി;

ആരോ ഒരാള്‍ അയാളെ ഹാല്‍പ്രദേശത്തുനിന്നെടുത്തു ഷാം സെലിസെയില്‍ കൊണ്ടുവന്നാക്കിയിരിക്കണം! എങ്ങനെ? ഓവുചാലിലൂടേ.

അശ്രുതപൂര്‍വ്വമായ വാത്സല്യം!

ആരോ ഒരാള്‍? ആര്?

ഈയാളെയാണ് മരിയുസ്സുന്വേഷിക്കുന്നത്.

അയാളെ രക്ഷിച്ചു ഈ മനുഷ്യനെപ്പറ്റി യാതൊന്നുമില്ല; ഒരു വിവരവുമില്ല; എത്ര ചെറിയ സൂചന പോലുമില്ല.

ഈയൊരു കാര്യത്തില്‍ വളരെ സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ടതാണെങ്കിലും, മരിയുസ് പൊല്ലീസ്സുധ്യക്ഷന്റെ ആപ്പീസ്സില്‍പ്പോലും അന്വേഷണം ചെയ്തു. മറ്റു ദിക്കുകളിലെന്നപോലെതന്നെ അവിടെയും ആ കൈവശമുണ്ടായിരുന്ന വിവരം കൊണ്ടു വിശേഷിച്ചു ഗുണമൊന്നും കണ്ടില്ല.

പൊല്ലീസ്സധ്യക്ഷന്റെ ആപ്പീസ്സില്‍ കൂലിവണ്ടിക്കാരന്നുണ്ടായിരുന്ന അറിവുകൂടിയില്ല. ജൂണ്‍ 6-ാനു വലിയ ഓവുചാലിന്റ മുഖത്തുവെച്ച് ഒരാളെയും പോലീസ്സുകാര്‍ പിടിച്ചിട്ടുള്ളതായി അവിടെ വിവരമില്ല.

ഇക്കാര്യത്തില്‍ യാതൊരു വിവരണക്കുറിപ്പും ആപ്പീസ്സില്‍ കിട്ടിയിട്ടില്ല. ഇതൊരു കുള്ളക്കഥയാണെന്ന് അവിടെയുള്ളവര്‍ തീര്‍ച്ചപ്പെടുത്തി. ഈ കള്ളക്കഥ വണ്ടിക്കാരന്‍ കെട്ടിയുണ്ടാക്കിയതാവണമെന്ന് അവര്‍ വിധിച്ചു.

പണം കിട്ടാനുള്ള കാര്യത്തില്‍ ഒരു വണ്ടിക്കാരന്‍ എന്തും കാണിക്കും—കവിതകൂടി കെട്ടും. എന്തായാലും കാര്യം തീര്‍ച്ചപ്പെട്ടു; മരിയുസ്സിന് ഞങ്ങള്‍ പറഞ്ഞതുപോലെ, താന്‍ മരിയുസ്സല്ലെന്ന് സംശയിക്കാന്‍ കഴിയുമെങ്കിലല്ലാതെ, ഇനി ഇക്കാര്യത്തില്‍ സംശയിക്കാന്‍ വയ്യാ.

ഈ സാധാരണകടങ്കഥയെസ്സംബന്ധിച്ച് സകലവും അജേഞയമായിരുന്നു.

തന്റേടംകെട്ട മരിയുസ്സിനേയും പുറത്തേറ്റി വലിയ ഓവുചാലിന്റെ അഴിവാതിലില്‍നിന്ന് പുറത്തു കടക്കുന്നതായി വണ്ടിക്കാരന്‍ കാണുകയും ലഹളക്കാരനെ രക്ഷപ്പെടുത്തിയ കുറ്റത്തിന്മേല്‍ പൊല്ലീസ്സുദ്യോഗസ്ഥന്‍ പിടിക്കുകയും ചെയ്ത ആ മനുഷ്യന്‍, ആ നിഗുഡമനുഷ്യന്‍, പിന്നെ എന്തായി? ആ പൊല്ലീസ്സുകാരന്‍ തന്നെ എവിടെപ്പോയി?

എന്തുകൊണ്ട് ആ പൊല്ലീസ്സുകാരന്‍ മിണ്ടാതിരുന്നു? ആ തടവുപുള്ളി ചാടിപ്പോയി എന്നുണ്ടോ? അയാള്‍ പൊല്ലീസ്സുകാരനെ കൈക്കൂലി കൊടുത്തു കീഴടക്കിയോ? മരിയുസ്സിന്റെ സര്‍വ്വസ്വവും കടപ്പെട്ടിരിക്കുന്ന ആ മനുഷ്യന്‍ എന്തുകൊണ്ട് അയാളുടെ മുന്‍പില്‍ ഒരനക്കവും കാണിക്കുന്നില്ല? അയാളുടെ വാത്സല്യത്തില്‍ നിന്ന് ഒട്ടും കുറഞ്ഞ മഹത്ത്വമല്ല അയാളുടെ സ്വാര്‍ത്ഥരാഹിത്യത്തിനുമുള്ളൂ. എന്തുകൊണ്ട് ആ മനുഷ്യന്‍ പിന്നെ വന്നില്ല? ഒരു സമയം അയാള്‍ പ്രതിഫലം വേണ്ട ആളല്ലായിരിക്കും; കൃതജ്ഞത വേണ്ടാത്ത ആളില്ല. അയാള്‍ മരിച്ചിരിക്കുമോ? ആരാണത്? അയാളുടെ മുഖം എന്തു മട്ടാണ്? ഇതയാള്‍ക്ക് ആരെക്കൊണ്ടും പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞില്ല.

വണ്ടിക്കാരന്‍ മറുപടി പറഞ്ഞു: രാത്രി വല്ലാത്ത ഇരുട്ടുപിടിച്ചതായിരുന്നു.” പരിഭ്രമത്തില്‍പ്പെട്ടിരുന്ന ബസ്കും നികൊലെത്തും ചോരയില്‍ ആകെ മുഴുകിയിരുന്ന ചെറിയ എജമാനന്റെ സ്ഥിതി മാത്രമേ അപ്പോള്‍ നോക്കിയുള്ളൂ.

മരിയുസ്സിന്റെ വ്യസനകരമായ തിരിച്ചുവരവു വിളക്കു കൊളുത്തി കണ്ടിട്ടുള്ള വാതില്ക്കാവല്‍ക്കാരന്‍ മാത്രമേ ആ ഒരാളെ നോക്കിക്കണ്ടിരിക്കാന്‍ വഴിയുള്ളു; അയാളുടെ വിവരണം ഇതാണ്: ‘ആ മനുഷ്യനെ കണ്ടാല്‍ പേടിയാവും.’

അന്വേഷണത്തില്‍ വല്ല പ്രയോജനവുമുണ്ടാവുമെന്നു കരുതി മരിയുസ് താനന്നു മുത്തച്ഛന്റെ അടുക്കലെക്കു കൊണ്ടുവരപ്പെട്ട ദിവസം ധരിച്ചിരുന്ന ചോര പുരണ്ട ഉടുപ്പു സൂക്ഷിച്ചുവെച്ചു.

ആ കുപ്പായത്തെ പരീക്ഷണം ചെയ്തതില്‍, അതിന്റെ ഒരു തൊങ്ങല്‍ത്തുമ്പ് അസാധാരണമായവിധം അരിഞ്ഞെടുത്തിട്ടുള്ളതായി കണ്ടു. ഒരു കഷ്ണം കാണാനില്ലായിരുന്നു.

ഒരു ദിവസം വൈകുന്നേരം, കൊസെത്തും ഴാങ് വാല്‍ഴാങ്ങുമുള്ളപ്പോള്‍, അന്നത്തെ ആ അസാധാരണസംഭവത്തെക്കുറിച്ചും അതിനെസ്സംബന്ധിച്ചു ചെയത അന്വേഷണങ്ങളേയും അവയുടെ പ്രയോജനശൂന്യതയേയും കുറിച്ചുമെല്ലാം സംസാരിച്ചു; മൊസ്യു ഫൂഷല്‍വാങ്ങിന്റെ’ ന്റെ ഉദാസീനഭാവം അയാളെ ദേഷ്യം പിടിപ്പിച്ചു.

ശുണ്ഠിയുടെ എന്തോ ഒന്നുള്ളതായ ഒരു ചൊടിയോടുകൂടി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു: ‘അതേ, ആ മനുഷ്യന്‍, ആരുതന്നെയായാലും മഹാനാണ്. അദ്ദേഹം എന്താണ് ചെയ്തതെന്നറിയാമോ, സേര്‍? അദ്ദേഹം ഒരു ദേവനെപ്പോലെ പ്രതൃക്ഷീഭവിച്ചു. അദ്ദേഹം യുദ്ധത്തിന്റെ ഇടയിലേക്ക് പാഞ്ഞെത്തി, എന്നെയും തട്ടിയെടുത്തു, ഓവുചാലിന്റെ മൂടി തുറന്ന്, എന്നെയും വഹിച്ചുകൊണ്ടെ അതിലേക്കിറങ്ങി, അതിലൂടേ എന്നെ കൊണ്ടുപോന്നു! അദ്ദേഹം കുനിഞ്ഞും, ഭാരവും താങ്ങി. ആ ഭയങ്കരങ്ങളായ ഭൂഗര്‍ഭത്തിലെ പടവുകളിലൂടെ ഇരുട്ടത്ത് ചളിക്കുഴിയിലൂടെ നാലുനാലര നാഴിക പോന്നിട്ടുണ്ടാവണം—സേര്‍, പുറത്ത് ഒരു ശവവുമേറ്റി നാലുനാലര നാഴികയിലധികം! എന്തുദ്ദേശത്തിന്മേല്‍? ആ ശവത്തെ രക്ഷിക്കണമെന്നുള്ള ഏകോദ്ദേശത്തിന്മേല്‍, ആ ശവം ഞാനാണ്. അദ്ദേഹം സ്വയം പറഞ്ഞിരിക്കും: ഒരു സമയം അതിന്നുള്ളില്‍ ഒരു മിടിപ്പുണ്ടെങ്കിലോ! ആ നിസ്സാരമായ ജീവാംശത്തിനുവേണ്ടി ഞാനെന്റെ ആയുസ്സു കളയും! ഒരിക്കലല്ല അദ്ദേഹം ആയുസ്സപകടത്തിലാക്കിയിട്ടുള്ളൂ. ഒരിരുപതു കുറി. ഓരോ കാല്‍വെപ്പും അപകടമായിരുന്നു. അതിനു തെളിവ്; ഓവുചാലില്‍നിന്ന് പുറത്തുകടന്ന ഉടനേ അയാള്‍ പിടിക്കപ്പെട്ടു. നിങ്ങള്‍ക്കറിയാമോ, സേര്‍? ആ ഒരാള്‍ ഇതൊക്കെച്ചെയ്തു. എന്നിട്ടോ, ഒരു പ്രതിഫലവും അദ്ദേഹത്തിന്നാവശ മില്ല. ഞാനാരായിരുന്നു? ഒരു ലഹളക്കാരന്‍. ഞാനാരായിരുന്നു? യുദ്ധത്തില്‍ത്തോറ്റ ഒരാള്‍. ഹാ! കൊസെത്തിനുള്ള ആറു ലക്ഷം ഫ്രാങ്ക് എന്റെയായിരുന്നുവെങ്കിൽ…

‘അതു നിങ്ങളുടെയാണ്’ ഴാങ് വാല്‍ഴാങ് തടഞ്ഞു പറഞ്ഞു.

‘ശരി’, മരിയുസ് തുടര്‍ന്നു: ‘അതു മുഴുവനും ഞാന്‍ ആ ഒരു മനുഷ്യനെ കണ്ടു പിടിക്കാന്‍ വേണ്ടി ചെലവാക്കും.’

ഴാങ് വാല്‍ഴാങ് ഒന്നും മിണ്ടിയില്ല.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 23; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.