images/hugo-40.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.4.1
1833 ഫെബ്രവരി 16-ാംനു

1833 ഫെബ്രവരി 16-ാം നു രാത്രി ഒരനുഗ്രഹീതമായ രാത്രിയായിരുന്നു. അതിന്റെ ഇരുട്ടിനുമീതേ സ്വർഗ്ഗം തുറന്നുകിടന്നിരുന്നു. അത് മരിയുസ്സിന്റേയും കൊസെത്തിന്റേയും വിവാഹനാളിലെ രാത്രിയാണ്.

പകൽ ആരാധ്യമായിരുന്നു.

അത്, മുത്തച്ഛൻ മനോരാജ്യം വിചാരിച്ചിരുന്ന മഹോത്സവം, ദമ്പതികളുടെ തലയ്ക്കു മുകളിൽ അപ്സരസ്സുകളും കാമദേവന്മാരുംകൂടി കെട്ടിമറിയുന്ന ഒരു സ്വർഗ്ഗക്കാഴ്ച, ഒരു ഉമ്മറവാതില്ക്കൽ ചിത്രമെഴുതാൻ പോന്ന ഒരു വിവാഹം, ആയിരുന്നില്ല; എങ്കിലും അത് മനോഹരവും സന്തോഷമയവുമായിരുന്നു.

ഇന്നത്തെ മാതിരിയല്ല 1833-ലെ വിവാഹം. പള്ളിയിൽനിന്ന് പുറത്തേക്കു കടന്ന ഉടനെ ഭാര്യയേയുംകൊണ്ട് ഒരു നട നടക്കുകയും, ഒരു പാച്ചിൽ കൊടുക്കുകയും, സുഖത്തിൽനിന്ന് നാണിച്ചൊളിക്കുകയും, ഒരു ദീപാളിപിടിച്ചവന്റെ സമ്പ്രദായങ്ങളെ ആനന്ദഗാനങ്ങളോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്നതിലുള്ള ഉത്കൃഷ്ടത്തറവാടിത്തത്തെ ഇംഗ്ലണ്ടിൽനിന്ന് ഫ്രാൻസ് അന്ന് കടംവാങ്ങിക്കഴിഞ്ഞിട്ടില്ല. ഒരു തപ്പാൽവണ്ടിയിൽ ഇരുന്നു കുലുങ്ങുന്നതിലും, ഒരു ചാരായക്കടയിലെ കിടക്കയെ തങ്ങളുടെ വിവാഹക്കിടയ്ക്കയാക്കിയെടുക്കുന്നതിലും, രാത്രിയിൽ അസമയത്ത് ഒരു സാധാരണമുറിയിൽ തപ്പാൽവണ്ടിയുടെ നടത്തിപ്പുകാരനും ചാരായക്കടയിലെ അടിച്ചുതളിപ്പെണ്ണുംകൂടിയുള്ള പ്രേമസല്ലാപത്തോടുകൂടി ജീവിതത്തിലെ ഏറ്റവുമധികം വിശിഷ്ടങ്ങളായ സ്മാരകങ്ങളെ കൂട്ടിക്കലർത്തി ഇട്ടുംവെച്ചുപോകുന്നതിലുമുള്ള ചാരിത്രവും വിശിഷ്ടതയും ഔചിത്യവും ആളുകൾ അന്നു തികച്ചും മനസ്സിലാക്കിക്കഴിഞ്ഞിട്ടില്ല.

നാമിപ്പോൾ ജീവിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെയറും അദ്ദേഹത്തിന്റെ കഴുത്തുപട്ടയും, മതാചാര്യനും അദ്ദേഹത്തിന്റെ സ്ഥാനക്കുപ്പായവും, രാജ്യനിയമവും ഈശ്വരനും മാത്രമുണ്ടായാൽ പോരാ: തപ്പാൽവണ്ടിയോടിക്കുന്നവൻകൂടിയുണ്ടായേ മതിയാവു; മുകളിൽവെച്ച് ചുകപ്പിച്ച ഒരു നീലച്ച മാർക്കുപ്പായവും, മണിക്കുടുക്കുകളും, ഭുജകവചംപോലുള്ള ഒരലങ്കാരത്തളികയും, പച്ചനിറത്തിൽ തോലുകൊണ്ടുള്ള കാൽമുട്ടുറകളും, വാലുകൾ മേല്പോട്ട് പൊക്കിക്കെട്ടിയിട്ട നോർമൻകുതിരകളോടുള്ള ശുണ്ഠിയെടുക്കലും, കള്ളക്കസവുനാടകളും, വാർണീഷിട്ട തൊപ്പിയും, നീണ്ടു പൊടിയിട്ട തലമുടിയും, ഒരു പോത്തൻ ചാട്ടവാറും, ഉയരമുള്ള ബുട്ടുസ്സുകളുംകൂടി വേണം. ഇംഗ്ലീഷ് പ്രഭുവർഗ്ഗത്തിന്റെ മാതിരിയിൽത്തന്നെ വധുവരന്മാരുടെ വണ്ടിക്കു മീതേ മടമ്പു തേഞ്ഞറ്റ പാപ്പാസ്സുകളെക്കൊണ്ടും കീറിപ്പൊളിഞ്ഞ ചെരിപ്പുകളെക്കൊണ്ടും— വിവാഹദിവസം വലിയമ്മ ദേഷപ്പെട്ട് പാപ്പാസും മറ്റും വലിച്ചെറിയുകയും അതുകാരണം ഗുണം വരികയും ചെയ്ത പിന്നീട് മാർൽബറോ അല്ലെങ്കിൽ മൽബ്രൂക്കായിത്തീർന്ന ആ ചർച്ചലിന്റെ സ്മാരകമായി—ആലിപ്പഴമഴ വർഷിക്കുക ഒരന്തസ്സാണെന്ന ഇനിയും ഫ്രാൻസിന് തോന്നിക്കഴിഞ്ഞിട്ടില്ല. നമ്മുടെ വിവാഹാഘോഷങ്ങൾക്ക് പഴയ ചെരിപ്പുകളും പാപ്പാസ്സുകളും കൂടിയേ കഴിയു എന്ന് ഇനിയും തോന്നിക്കഴിഞ്ഞിട്ടില്ല. പക്ഷേ, ക്ഷമിക്കു, പരിഷ്കാരം ഇനിയും പരന്നുപിടിക്കുകതന്നെയായതുകൊണ്ട് നമ്മൾ അവിടേക്കെത്തും.

1833-ൽ, ഒരു നൂറു കൊല്ലംമുൻപ്, വിവാഹം തികഞ്ഞ കുതിരച്ചാട്ടത്തിന്നിടയ്ക്കല്ല നടത്താറ്.

അത്ഭുതമെന്നേ പറയേണ്ടു, അക്കാലത്ത് ആളുകൾ വിവാഹം ഒരു നിഗൂഢമായ സാമുദായികോത്സവമാണെന്നും, ഒരു പത്രിയാർക്കിസ്സിന്റെ വിരുന്ന് ഒരു കുടുംബോത്സവത്തെ തകരാറാക്കുമെന്നും, മര്യാദയോടും തറവാടിത്തത്തോടുംകൂടിയാണെങ്കിൽ ഏറിപ്പോയാൽപ്പോലും ആഹ്ലാദശീലം സുഖത്തിന് കോട്ടം തട്ടിക്കുകയില്ലെന്നും, ചുരുക്കിപ്പറഞ്ഞാൽ ഒരു കുടുംബം മേലാൽ ഉദിച്ചുവരാനുള്ളതായ രണ്ട് ഈശ്വരവിധികളുടെ ഈ സങ്കലനം സ്വഭവനത്തിൽനിന്നാണാരംഭിക്കേണ്ടതെന്നും, അതിന്റെ സാക്ഷിയായ വിവാഹമച്ച് എന്നെന്നും വീട്ടിൽ ഉണ്ടായിരിക്കേണ്ടതാണെന്നുമുള്ള വിചാരം വിട്ടുകളഞ്ഞിട്ടില്ല.

ആളുകൾ സ്വന്തം ഭവനത്തിൽവെച്ചുതന്നെ വിവാഹം നടത്തത്തക്കവിധം വഷളന്മാരായിരുന്നു.

അതുകൊണ്ട്, ഇന്നു പഴകിപ്പോയ്ക്കഴിഞ്ഞ മട്ടിൽ, വിവാഹം മൊസ്യു ഗിൽനോർമാന്റെ വീട്ടിൽവെച്ചുതന്നെ നടത്തപ്പെട്ടു.

സാധാരണവും വിശേഷമൊന്നുമില്ലാത്തതുമായ വിവാഹമാണെങ്കിലും, വിവാഹപ്പരസ്യം പ്രസിദ്ധീകരിക്കുവാനും വിവരങ്ങൾ എഴുതിത്തയ്യാറാക്കുവാനുമായി മെയറുടെ ആപ്പീസ്സും പള്ളിയുംകൂടി കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി. ഫിബ്രവരി 1-ാംനു- മുൻപായി അവയൊന്നും ശരിപ്പെടുത്തുവാൻ സാധിച്ചില്ല.

അപ്പോൾ കണിശമായിപ്പറഞ്ഞു എന്നുള്ള തൃപ്തിക്കുവേണ്ടി മാത്രം, ആ ഫിബ്രവരി 16-ാം നു നോൽമ്പിൻതലേന്നാളായിട്ടാണ് വന്നുപെട്ടതെന്ന് ഞങ്ങൾ ഇവിടെ കുറിച്ചുകളയാം: വിശേഷിച്ചു, ഗിൽനോർമാൻ വലിയമ്മയ്ക്ക് അത് ശങ്കകൾക്കും സംശയങ്ങൾക്കും കാരണമായി.

‘നോൽബിൻതലേന്നാൾ!’ മുത്തച്ഛൻ അഭിപ്രായപ്പെട്ടു. ‘അത് വളരെ നന്നായി. ഒരു പഴഞ്ചൊല്ലുണ്ട്:

‘നോൽമ്പിൻ തലേന്നാൾ ചെയ്യുന്ന വിവാഹത്താലൊരിക്കലും നന്ദികെട്ടുള്ളു കുഞ്ഞുങ്ങളുണ്ടായ്ത്തീരില്ല നിശ്ചയം.’

‘നമുക്കു കാര്യം നോക്കുക. 16-ാം നു തന്നെയാവട്ടെ. നിനക്കു താമസിക്കണമെന്നുണ്ടോ, മരിയുസ്?’

‘ഇല്ല, തീർച്ചയായും ഇല്ല,’ കാമുകന്റെ മറുപടി.

‘എന്നാൽ നമുക്ക് വിവാഹം കഴിക്കുക.’ മുത്തച്ഛൻ ഉച്ചത്തിൽപ്പറഞ്ഞു.

ആളുകൾ നേരംപോക്കാക്കിയിരുന്നുവെങ്കിലും, അതുപ്രകാരം വിവാഹം ഫിബ്രവരി 16-ാംനു തന്നെ നടന്നു. അന്ന് മഴ പെയ്തു; എങ്കിലും ഈശ്വരസൃഷ്ടിയിലെ ബാക്കി ഭാഗം മുഴുവനും ഒരു കുടയ്ക്കുള്ളിലാണെങ്കിലും, കാമിനീകാമുകന്മാർ നോക്കികാണുന്നതായി സുഖത്തിനാവശ്യമുള്ള ഒരു ചെറിയ നീലക്കഷ്ണം ആകാശത്ത് അപ്പോഴും തെളിഞ്ഞുനിന്നിരുന്നു.

തലേദിവസം വൈകുന്നേരം ഴാങ് വാൽഴാങ് മൊസ്യു ഗിൽനോർമാന്റെ മുൻപിൽവെച്ച് അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്ക് മരിയൂസ്സിന്റെ കൈയിലേല്പിച്ചു.

വിവാഹം സ്വത്തുക്കളുടെ സമാവകാശത്തെ ഉറപ്പിക്കുന്ന നിയമനുസരിച്ചായതുകൊണ്ട്, ആവക ആധാരങ്ങൾ തെയ്യാറാക്കാൻ പ്രയാസമൊന്നുമുണ്ടായില്ല.

ഇനി തുസ്സാങ്ങിനെക്കൊണ്ട് ഴാങ് വാൽഴാങ്ങിന്നാവശ്യമില്ല; കൊസെത്ത് അവളെ വാങ്ങി. പ്രധാന പരിചാരിക എന്ന സ്ഥാനത്ത് അഭിഷേചിച്ചു.

ഴാങ് വാൽഴാങ്ങിന്നാണെങ്കിൽ, മൊസ്യു ഗിൽനോർമാന്റെ ഭവനത്തിൽ ഒരകം അയാളുടെ സ്വന്തം ഉപയോഗത്തിനായി പ്രത്യേകം അലങ്കരിക്കപ്പെട്ടു; അയാളോടു പറഞ്ഞ് അവിടെ താമസമാക്കിക്കൊള്ളാമെന്നുള്ള പ്രതിജ്ഞ സമ്പാദിച്ചു.

വിവാഹത്തിന് നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ കുറച്ചുമുൻപുവെച്ചു ഴാങ് വാൽഴാങ്ങിന് അപകടം പറ്റിപ്പോയി; അയാളുടെ തള്ളവിരൽ ചതഞ്ഞു. ഇത് വലിയ കാര്യമായില്ല; അതിനെപ്പറ്റി അയാൾ ആരെയെങ്കിലും ഉപദ്രവിക്കുകയോ, ആരെക്കൊണ്ടെങ്കിലും അത് കെട്ടിക്കുകയോ, ആർക്കെങ്കിലും ആ ചതവ് കാണിച്ചു കൊടുക്കുകയോ ചെയ്തില്ല. കൊസെത്തിനെക്കൂടിയില്ല. എന്തായാലും അതുകാരണം കൈയ്യിൽ ഒരു തുണിക്കഷ്ണം ചുറ്റുകയും അത് ഭുജത്തിന്മേലേക്ക് ഒരു തുണിക്കുടുക്കുകൊണ്ടു കൂട്ടിക്കെട്ടുകയും ചെയ്യേണ്ടിവന്നു; അതുകാരണം അയാൾക്ക് ഒപ്പിടാൻ സാധിച്ചില്ല. കൊസെത്തിന്റെ പ്രധാനരക്ഷിതാവെന്ന നിലയിൽ മൊസ്യു ഗിൽനോർമാൻ ആ സ്ഥാനം നിർവ്വഹിച്ചു.

ഞങ്ങൾ വായനക്കാരെ മെയറുടെ ആപ്പീസ്സിലേക്കോ പള്ളിയിലേക്കോ കൂട്ടിക്കൊണ്ടു പോകുന്നില്ല. വധുവരന്മാരുടെ കൂടെ അത്രത്തോളം ആരും പോകാറില്ല; അക്കഥ അതിന്റെ കുപ്പായക്കുടുക്കിൻദ്വാരത്തിൽ ഒരു വിവാഹച്ചെണ്ടു പിടിപ്പിച്ചു കഴിഞ്ഞാൽപ്പിന്നെ, ആരും പിന്നോക്കം വെയ്ക്കുകയാണ് പതിവ്. വിവാഹസംഘം സൂക്ഷിക്കുകയുണ്ടായില്ലെങ്കിലും, റ്യൂ ദ് ഫിൽദ്യു കൽവേറിൽനിന്ന് സാങ്പോൾ പള്ളിയിലേക്കുണ്ടായ യാത്രയ്ക്കിടയിൽ ഒരു സംഭവം സവിശേഷമായുണ്ടായതു മാത്രം ഇവിടെ കുറിച്ചിട്ട് ഞങ്ങൾ തൃപ്തിപ്പെടാൻ പോകുന്നു.

അക്കാലത്തു റ്യു സാങ്ലൂയിയുടെ വടക്കേ അറ്റത്തു തെരുവുവഴികല്ലു പാവിവരികയാണ്. റ്യൂ ദ്യൂ പാർസ് റോയൽ മുതല്ക്കങ്ങോട്ട് കടക്കാൻ പാടില്ലായിരുന്നു. വിവാഹസംഘത്തിനു നേരേ സാങ്പോളിലേക്കു പോവാൻ വയ്യാ; അവർക്കു വഴി മാറ്റിവയ്ക്കേണ്ടിവന്നു; പിന്നെ എളുപ്പം കൂടിയ പാത നടക്കാവിലൂടെയുള്ളതാണ്. ക്ഷണിച്ചുവന്നിട്ടുള്ള അതിഥികൾക്ക് അത് നോൽമ്പിൻതലേന്നാളാണെങ്കിലും വണ്ടികളുടെ തിരക്കു കലശലായിരിക്കുമെന്ന് ഓർമ്മവന്നു—‘എന്തുകൊണ്ടു്?’ മൊസ്യു ഗിൽനോർമാൻ ചോദിച്ചു. വേഷനർത്തകന്മാരേക്കൊണ്ടു കുഴങ്ങും’—‘അതാണ് വേണ്ടത്, മുത്തച്ഛൻ അഭിപ്രായപ്പെട്ടു. ‘നമുക്കാ വഴിയേ പോവുക, ഈ ചെറുപ്പക്കാർ വിവാഹം ചെയ്യാൻ പോകയാണ്; അവർ ജീവിതത്തിലെ ഗുരുതരമായ ഭാഗത്തേക്ക് കടക്കാൻ പോവുന്നു. കുറച്ചു മാച്ചാൻകളി കാണുന്നത് അവർക്കാവശ്യമാണ്.’

അവർ നടക്കാവുവഴിയേ വെച്ചു. ഒന്നാമത്തെ വണ്ടിയിൽ കൊസെത്തും ഗിൽനോർമാൻവലിയമ്മയും മൊസ്യു ഗിൽനോർമാനും ഴാങ് വാൽഴാങ്ങുമാണ്. നാട്ടുനടപ്പുപ്രകാരം അപ്പോഴും തന്റെ കാമിനിയുടെ അടുത്തിരിക്കാറായിട്ടില്ലാത്തതുകൊണ്ട് മരിയുസ് രണ്ടാമത്തെ വണ്ടിയിലായിരുന്നു. വിവാഹസംഘം റ്യുദെ ഫിൽദ്യു കൽവേറിൽനിന്നു കടന്ന ഉടനെ ബസ്തീലിൽനിന്നു മദലിയേനിലേക്കും മദലിയേനിൽനിന്നു ബസ്തീലിലേക്കും മൂട്ടിയ ഒരവസാനമില്ലാത്ത ചങ്ങലപോലെയുള്ള ഒരു നീണ്ട വാഹനപരമ്പരയിൽ കുടുങ്ങിപ്പോയി. വേഷനർത്തകന്മാരാണ് നടക്കാവിൽ മുഴുവനും. ഇടയ്ക്കിടയ്ക്കൊക്കെ മഴയുണ്ടായിരുന്നുവെങ്കിലും പുറാട്ടുവേഷക്കാരനും കോമാളിയും വിദൂഷകനും വിടാതെ കൂടി. 1833-ലെ ആ മഴക്കാലത്ത് തന്റെ നേരം പോക്കിൽ പാരിസ് വെനിസ്സായി വേഷം മാറി. ഇക്കാലങ്ങളിൽ അങ്ങനെയുള്ള നോൽമ്പിൻതലേന്നാൾ കാണാൻ കഴിയില്ല. ഉള്ളതും സകലവും ഒരു തമാശയായതുകൊണ്ട് തമാശ എന്നൊന്ന് വേറിട്ടില്ലാതായി.

ഓരംവഴികളിലെല്ലാം കാൽനടക്കാരും വീട്ടുജനാലയ്ക്കലുമെല്ലാം കാണികളുമായിരുന്നു. നാടകശാലകളിലെ സ്തംഭശ്രേണികൾക്ക് കീരിടംവെയ്ക്കുന്ന നിലാമുറ്റങ്ങളിലെല്ലാം കാണികളെക്കൊണ്ട് വക്കുകരയിട്ടിരിക്കുന്നു. വേഷനർത്തകന്മാർക്കു പുറമെ അവർ ആ എല്ലാത്തരം വാഹനങ്ങളുടേയും—ആ പ്രദേശത്തേക്കും ദിവസത്തേക്കും സവിശേഷമായുള്ള—വരിയൊത്തും പൊല്ലീസ് നിയമമനുസരിച്ച് ഒന്നോടൊന്നായി ഇളകാത്തവിധം ഉറച്ചുപിടിച്ചും ഇരുമ്പുവാളങ്ങളിൽ പൂട്ടിയിട്ടപോലെയുമുള്ള—ഘോഷയാത്രയെ തുറിച്ചുനോക്കി. ആ വാഹനങ്ങളിലെ ഓരോ ആളും കാണിയും കാഴ്ചയുമായിരുന്നു. നടക്കാവിന്റെ ഓരങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടുമായി പോകുന്ന ആ സമാന്തരമായ രണ്ടവസാനമറ്റ ചാലും പൊല്ലീസ്സുദ്യോഗസ്ഥന്മാർ ശരിക്കും തിരിച്ചുവിട്ടു; എന്നല്ല ഒന്ന് മേല്പോട്ടും മറ്റേതു കീഴപോട്ടുമായി, ഒന്ന് ഷോസ്റസ്റേദാന്താങ്ങിലേക്കും മറ്റത് സാങ്അന്ത്വാങ്ങിലേക്കുമായി, ഒഴുകിപ്പോകുന്ന ആ രണ്ടു വണ്ടിപ്പുഴകളോട്, ആ രണ്ടൊഴുക്കുത്തുകളോടു, യാതൊന്നും കൂടിമറിയാതിരിപ്പാൻ മനസ്സുവെച്ചു. വംശചിഹ്നങ്ങളാൽ അലംകൃതങ്ങളായ ഫ്രാനൻദസിലെ പ്രഭുക്കന്മാരുടേയും രാജ്യപ്രതിനിധികളുടേയും വണ്ടികൾ ആ രണ്ടു ചാലുകളുടേയും നടുവിലൂടെ ഇഷ്ടംപോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകളിച്ചിരുന്നു, ആഹ്ലാദമയങ്ങളും അന്തസ്സുകൂടിയവയുമായ ചില വണ്ടിക്കൂട്ടങ്ങൾ കൂടി —വിശേഷിച്ചും ബൊഗ്രായിലെ വക—ഈ സവിശേഷാവകാശത്തെ അനുഭവിക്കുന്നുണ്ട്. ഈ പാരിസ്സിലെ ഉത്സവത്തിനിടയിൽ ഇംഗ്ലണ്ട് തന്റെ ചാട്ടുവാർ കെറകെറപ്പിച്ചു; പൊതുജനങ്ങളുടെ വക ഒരു ശകാരപ്പേർകൊണ്ട് പൊറുതിമുട്ടിയിരുന്ന ലോർഡ്സെയ്മുറിന്റെ ഒരു സവാരിവണ്ടി വലിയ ഒച്ചപ്പാടോടുകൂടി പാഞ്ഞിരുന്നു.

ആ ഇരട്ടച്ചാലിന്നുള്ളിൽ—അതിലെ ഇടയനായ്ക്കളെപ്പോലെ നഗരരക്ഷിഭടന്മാർ കുതിരപ്പുറത്തു പാഞ്ഞുനടക്കുന്നുണ്ട്—വലിയമ്മമാരെക്കൊണ്ടും കനത്തു ഞെരുങ്ങിയ കുടുംബവാഹനങ്ങൾ, പൊതുജനാഘോഷത്തിൽ ഉദ്യോഗസ്ഥമാന നിലയെടുക്കുന്നുണ്ടെന്ന ബോധത്തോടുകൂടി, സ്വന്തം പൊറാട്ടുകളിയുടെ ബഹുമാന്യതയിൽ ആകെ മുഴുകിയ വേഷക്കാർകുട്ടികളെ, ഏഴു വയസ്സുള്ള വേഷധാരികളെ, ആറു വയസ്സായ പൊറാട്ടുവേഷക്കാരെ, മനസ്സു മയക്കുന്ന കൊച്ചുകുട്ടികളെ വാതില്ക്കൽ കാഴ്ചയ്ക്കു വെച്ചു കൊണ്ടുപോകുന്നുണ്ട്.

ഇടയ്ക്കിടയ്ക്കു വാഹനങ്ങളുടെ ഘോഷയാത്രയ്ക്കിടയിൽ എവിടെയെങ്കിലും ഒരു തകരാറുണ്ടാവും; ആ കെട്ടഴിയുന്നതുവരെ രണ്ടു കുറുംചാലുകളിൽ ഒന്നല്ലെങ്കിൽ മറ്റൊന്നു് അനങ്ങാതെ നില്ക്കും; ഒരു വണ്ടി നിന്നാൽ തീർന്നു, ആ വരിക്കു മുഴുവനും പക്ഷപാതം പിടിച്ചു. പിന്നെയും അവ മുൻപോട്ടു നടക്കും.

വിവാഹവണ്ടികൾ ബസ്തീലിലേക്കു പോകുന്ന ചാലിൽ നടക്കാവിനു വലത്തുവശത്തെ കരയിട്ടുംകൊണ്ടായിരുന്നു. പോങ്തോഷോവിന്റെ മുകളിൽവെച്ച് ഒരു നില്പു പറ്റി. ഏതാണ്ട് ആ സമയത്തുതന്നെ മറ്റേ വശത്തേക്കു പോകുന്ന ചാലും നിലവായി. എതിർച്ചാലിന്റെ ആ ഭാഗത്ത് ഒരു വണ്ടി നിറച്ചും പോറാട്ടുവേഷക്കാരായിരുന്നു.

ഇത്തരം വണ്ടികൾ, കുറെക്കൂടി ശരിയായി പറകയാണെങ്കിൽ വേഷധാരികളെക്കയറ്റിയ ഇത്തരം സാമാനവണ്ടികൾ, പാരിസ്സുകാർക്കു കണ്ടു തഴക്കമുള്ളതാണ്. ഒരു നോൽമ്പിൻതലേന്നാളോ നാല്പതു ദിവസത്തെ നോൽമ്പിൻമധ്യത്തിലോ അങ്ങിനെയുള്ള വണ്ടികളെ കാണാതിരുന്നാൽ അതു ദുർലക്ഷണമായിട്ടാണ് കൂട്ടാറ്; ആളുകൾ പറയും: ‘എന്തോ ഒരു കാരണമുണ്ട്; ഒരു സമയം മന്ത്രി സഭ ഒന്നു മാറുവാൻ ഭാവമുണ്ടെന്നു തോന്നുന്നു.’ ഒരുകൂട്ടം പൊറാട്ടുകാരും വേഷധാരികളും കോമാളികളും കാൽനടക്കാരുടെ മുൻപിലേക്കു വണ്ടിയിൽപ്പാഞ്ഞു; തുർക്കിക്കാരൻ മുതൽ കാട്ടാളൻവരെയുള്ള എല്ലാ വികൃതവേഷങ്ങളും, മഹാപ്രഭ്വികളെ താങ്ങിപ്പിടിച്ചുകൊണ്ടുള്ള ഹെർക്കുലിസ്സുമാരും, ആവിധം രബെലെയെക്കൊണ്ടു ചെവി പൊത്തിക്കുന്ന മുക്കുവത്തികളും, വെള്ളപ്പാഴമൂടികളും, തുടുത്ത മുറുക്കൻക്കുപ്പായങ്ങളും, പച്ചസുന്ദരത്തൊപ്പികളും വികൃതമുഖക്കാരന്റെ കണ്ണടകളും, കാൽനടക്കാരോടുള്ള കൂക്കിവിളികളും, അരക്കെട്ടിൽ വെച്ചു കൈ മുഷ്ടികളും, ഉറപ്പിച്ച നിലകളും, നഗ്നങ്ങളായ ചുമലുകളും, ചങ്ങല പൊട്ടിച്ച താന്തൊന്നിത്തവും, എല്ലാം അതിലുണ്ട്; പുഷ്പങ്ങളെക്കൊണ്ടു കിരീടമണിഞ്ഞ ഒരു വണ്ടിക്കാരൻ തെളിക്കുന്ന ഒരു നാണമില്ലായ്മയുടെ ചന്ത; ഇതാണ് ആ ഏർപ്പാടിന്റെ മട്ട്.

എന്തിനെക്കൊണ്ടും വികടകവിതയുണ്ടാക്കാം—വികടകവിതയെക്കൊണ്ടുകൂടി, ശനിമഹോത്സവം, ആ പണ്ടത്തെ സൌന്ദര്യത്തിന്റെ കൊഞ്ഞനംകാട്ടൽ, കവിഞ്ഞുകവിഞ്ഞു വന്ന് ഒടുവിൽ നോൽമ്പിൻതലേന്നാളായിട്ടവസാനിച്ചു; മുന്തിരിയിലകളെക്കൊണ്ടും മുന്തിരിങ്ങകളെക്കൊണ്ടുമുണ്ടാക്കിയ ചുള്ളിക്കൊമ്പുകളാൽ കിരീടമണിയപ്പെട്ടു. പ്രകാശധോരണിയിൽക്കുളിച്ച്, ഒരു ദേവസ്ത്രീയുടെ അർദ്ധനഗ്നതയിൽ തന്റെ മാറിടങ്ങളെ തുറന്നുകാട്ടി, പണ്ടുകാലത്തുണ്ടായിരുന്ന കള്ളുകുടിക്കാരി ഇന്ന് വടക്കൻ പുറങ്ങളിലെ ഈറൻ കീറത്തുണിയുടുപ്പിൽ സന്ദര്യംകെട്ട് ഒടുവിൽ കോമാളിപ്പെണ്ണായിത്തീർന്നു.

വേഷനർത്തകന്മാരെ തിക്കിനിറച്ച വണ്ടികളെപ്പറ്റിയുള്ള പുരാണം രാജവാഴ്ചക്കാലത്തേക്കുകൂടി നീണ്ടുനില്പുണ്ട്. പതിനൊന്നാമൻ ലൂയിയുടെ കണക്കു പുസ്കത്തിൽ ‘വഴിത്തിരിവുകളിൽ മൂന്നു വണ്ടി നിറച്ചു കോമാളിവേഷക്കാരെ കൊണ്ടുനിർത്തുവാൻ ഇരുപതു സു’ കൊട്ടാരം മുതൽപിടിക്കു ചെലവെഴുതിക്കാണാനുണ്ട്. നമ്മുടെ കാലത്തും ഈ ഒച്ചയിട്ടും കൊണ്ടുള്ള ജന്തുക്കളുടെ കുന്നുകൂടൽ ഏതെങ്കിലും പഴയ അടയ്ക്കവണ്ടിയിൽ അതിന്റെ മുതുകെല്ലു ഞെരിച്ചും കൊണ്ടോ, അല്ലെങ്കിൽ, മുകൾമൂടി പിന്നിലേക്കു നീക്കിയ നാലൂലുരുൾവണ്ടിയെ തന്റെ തിങ്ങിക്കൂടൽമൂലം ശരണം വിളിപ്പിച്ചുകൊണ്ടോ കാണാം. ആറു പേർക്കുണ്ടാക്കിയ വണ്ടിയിൽ അവർ ഇരുപതു പേർ കയറും. അവർ ഇരിപ്പിടങ്ങളിലും ഇരിപ്പുപലകയിലും മേലാപ്പിൻചെന്നികളിലും ഏർക്കാലുകളിന്മേലും ഒക്കെ പറ്റിക്കൂടും. അവർ വണ്ടിവിളക്കുകളിന്മേലും വിലങ്ങനെയിരുന്നു സവാരി ചെയ്യും. കാൽമുട്ടുകളെക്കൊണ്ട് ഒരു കെട്ടുകെട്ടിയും കാലുകളെ തൂക്കിയിട്ടും അവർ നില്ക്കും, ഇരിക്കും, കിടക്കും. സ്ത്രീകൾ പുരുഷന്മാരുടെ മടിയിലിരിക്കും. ദൂരത്തു, തലകളുടെ കൂട്ടത്തിനു മുകളിൽ, അവരുടെ കശപിശയായ കുമ്പാരപ്പണി പൊന്തിക്കാണും. ഈ ഭാരവണ്ടികൾ വഴിമധ്യത്തിലുള്ള നേരമ്പോക്കുമലകളാണ്. കന്നഭാഷകളെക്കൊണ്ടു നിറഞ്ഞു, കൊല്ലെയുടേയും പനാറിന്റേയും പിറോങ്ങിന്റേയും കൃതികൾ അതിൽനിന്നു പുറപ്പെടുന്നുണ്ടാവും. സാമാനംകൊണ്ടു വലുതായിത്തീർന്ന ഈ വണ്ടികൾക്ക് ഒരു വിജയിമട്ടുണ്ട്. മുന്നിൽ ഇരമ്പം, പിന്നിൽ ലഹള. ആളുകൾ ഒച്ചയിടുന്നു, കൂക്കിവിളിക്കുന്നു, മുരളുന്നു; അവർ ആഹ്ലാദംകൊണ്ട് ഞെരിഞ്ഞുപിരിയുന്നു; ഉത്സവം അലറുന്നു; പരിഹാസം തള്ളിപ്പുറപ്പെടുന്നു; ഒരു ചുകപ്പുകൊടിപോലെ ഉത്സാഹം നാട്യം നടിക്കുന്നു; മഹത്ത്വമണഞ്ഞുകൊണ്ട് ഉദിച്ചുപൊങ്ങിയ പൊറാട്ടുകളിയെ രണ്ടു തേവടിശ്ശികൾ വലിച്ചിഴയ്ക്കുന്നു. അതുപൊട്ടിച്ചിരിയുടെ വിജയയാത്രയാണ്.

ഉള്ളുതുറന്നതാവാൻ നിവൃത്തിയില്ലാത്തവിധം മുരട്ടുശീലമുള്ള ഒരു പൊട്ടിച്ചിരി. വാസ്തവത്തിൽ ഈ ചിരിയെ ശങ്കിക്കണം. ഈ ചിരി ഒരുദ്ദേശ്യമുള്ളതാണ്. പാരിസ്സുകാർക്ക് അതു തമാശയാണെന്നു തെളിയിക്കാൻ അയച്ചിട്ടുള്ള ഒരു ചിരിയാണത്.

എന്തെല്ലാം ഇരുൾപ്പാടുകളോ അകത്തുള്ളതെന്നറിഞ്ഞുകൂടാത്ത ഈ മത്സ്യക്കാരിവണ്ടികൾ തത്ത്വജഞാനിയെ നിർത്തി വിചാരിപ്പിക്കുന്നു. അതിന്നുള്ളിൽ രാജ്യഭരണമുണ്ട്. ഭരണാധികാരികളും തേവിടിശ്ലികളും തമ്മിലുള്ള എന്തോ ഒരു നിഗൂഢബന്ധത്തിന്മേൽ ആളുകളുടെ കൈചെല്ലുന്നു.

കുന്നുകൂട്ടിയ വഷളത്തം നേരംപോക്കിന്റെ ഒരാകത്തുകയെ കാണിക്കുന്നു എന്നത്, താന്തോന്നിത്തത്തിന്മേൽ അവമാനത്തെ കെട്ടിപ്പടുത്തുകൊണ്ടുപോയാൽ അതാളുകളെ ആകർഷിക്കുന്നു എന്നത്, ഉള്ളറിയാൻ നോക്കലും വ്യഭിചാരത്തിന് ഒറ്റുനില്ക്കലും കൂടിച്ചേർന്നു മുൻപിട്ടുവരുന്ന സമയം അതു പുരുഷാരത്തെ രസിപ്പിക്കുന്നു എന്നതു്, നാലു ചക്രത്തിയ്മേൽക്കയറി കുക്കിവിളിച്ചു കൊണ്ടും പൊട്ടിച്ചിരിച്ചുകൊണ്ടും സവാരിചെയ്യുന്ന ആ പകുതി ചാണകവും പകുതി വെളിച്ചവുമായി കാക്കപ്പൊന്നിൽകഷ്ണങ്ങളെ എന്തെന്നില്ലാതെ എടുത്തു കൂട്ടിയുണ്ടാക്കിയ ഒരു ജീവനുള്ള കന്നിനെ നോക്കിക്കാണാൻ ആൾക്കൂട്ടം ഇഷ്ടപ്പെടുന്നു എന്നത്, എല്ലാത്തരം അവമാനങ്ങളെക്കൊണ്ടും ഉണ്ടായിട്ടുള്ള ഈ മാഹാത്മ്യത്തെ ആളുകൾ കൈകൊട്ടി അഭിനന്ദിക്കുന്നു എന്നത്, ഇരുപതു തലയുള്ള ഈ ആഹ്ലാദഘോരസർപ്പങ്ങളെ തരംതിരിച്ചു പൊല്ലീസ്സുകാർ ഉല്ലാസനയത്തമാടിച്ചുംകൊണ്ടു പോകാത്തപക്ഷം പൊതുജനോത്സവങ്ങൾ ഉണ്ടാവുകയേ ഇല്ലെന്നുള്ളത്, നിശ്ചയമായും വ്യസനകരംതന്നെ. പക്ഷേ, അതിൽ എന്തു ചെയ്യാം? പൂനാടയണിഞ്ഞും പുഷ്പങ്ങൾ ചൂടിയുമുള്ള ഈ നികൃഷ്ടത നിറഞ്ഞ സാമാനവണ്ടികളെ പൊതുജനങ്ങളുടെ ചിരി അധിക്ഷേപിക്കുകയും മാപ്പുകൊടുത്തുവിടുകയും ചെയ്യുന്നു. സാർവ്വത്രികമായ അധഃപതനത്തിന്റെ ചങ്ങാതിയാണു് എല്ലാവരുടേയുംകൂടിയുള്ള ചിരി. ചില കൊള്ളരുതാത്ത ഉത്സവങ്ങൾ ജനസമുദായത്തെ കൂട്ടംപിടിച്ച് ആൾക്കൂട്ടമായി വേഷം മാറ്റുന്നു; രാജ്യദ്രോഹികൾക്കെന്നപോലെ ആൾക്കൂട്ടത്തിനും കോമാളികൾ വേണം. രാജാവിനു വിദൂഷകൻ, ആൾക്കൂട്ടത്തിനു പൊറാട്ടുവേഷക്കാരൻ. എല്ലാ ഘട്ടത്തിലും പാരിസ് ഒരു വലിയ കനംപിടിച്ച പട്ടണമായതുകൊണ്ട്, അതൊരു മഹത്തായ വിശിഷ്ട നഗരമായി. പാരിസ്—ഞങ്ങൾ അതു സമ്മതിക്കട്ടെ—തനിക്കൊരു വിനോദകഥ ഉണ്ടാക്കിക്കൊടുക്കാൻ നികൃഷ്ടതയെ മനഃപൂർവ്വം അനുവദിക്കുന്നു. പാരിസ് തന്റെ എജമാനന്മാരോട് അതിന്നുണ്ടെങ്കിൽ—ഒന്നുമാത്രമേ ആവശ്യപ്പെടുന്നുള്ളു; ‘ചളിയെ എനിക്കു പൂച്ചിട്ടുതരൂ.’ റോം പട്ടണവും ഇതേ മട്ടായിരുന്നു. അതിന് നീറോ ചക്രവർത്തിയെ ഇഷ്ടമാണ്. നീറോ ഒരു പടുകൂറ്റൻ ചരക്കുവഞ്ചിക്കാരനാണ്.

ഞങ്ങൾ പറഞ്ഞതുപോലെ, കോമാളിവേഷക്കാരായ ആണുങ്ങളും പെണ്ണുങ്ങളും വികൃതമട്ടിൽ കുന്നുകൂടിയതിനെ വലിച്ചുകൊണ്ടുപോകുന്ന ഒരു പോത്തൻ വണ്ടി, വിവാഹവണ്ടി വലതുഭാഗത്തു നിലക്കൊണ്ട അതേ സമയത്ത്, സംഗതിവശാൽ അതേ സ്ഥലത്ത് ഇടതുഭാഗത്തു വന്നുനിന്നു. നടക്കാവിന്റെ എതിർവശത്തു തങ്ങൾക്കെതിരായി വധുവിന്റെ കൂട്ടുകാരോടുകൂടിയുള്ള വിവാഹവണ്ടിയെ ആ ഭാരവണ്ടിയിൽ കുത്തിനിറച്ചിട്ടുള്ള കോമാളിവേഷക്കാർ കണ്ടെത്തി.

ഓഹോ! അതിലൊരു കോമാളി പറഞ്ഞു, ‘അതാ ഒരു കല്യാണം.’

‘കള്ളച്ചരക്ക്,’ മറ്റൊരുവൻ തിരിച്ചടിച്ചു, ‘ശരിക്കുള്ള കല്യാണം നമ്മുടെയാണ്.’

കല്യാണക്കൂട്ടത്തെ തിരിച്ചറിയാൻ വയ്യാത്തേടത്തോളം ദൂരത്തായതുകൊണ്ടും പൊല്ലീസിന്റെ ശകാരം പേടിച്ചും ആ രണ്ടു കോമാളിവേഷക്കാർ തങ്ങളുടെ നോട്ടത്തെ മറ്റൊരിടത്തേക്കു തിരിച്ചു.

ഒരു നിമിഷംകൂടി കഴിഞ്ഞപ്പോൾ, ആ വണ്ടിയിൽ തിങ്ങിയിരിക്കുന്ന കോമാളികൾക്കൊക്കെ പണിയായി; പുരുഷാരം കൂക്കിവിളിക്കാൻ തുടങ്ങി—കോമാളി വേഷക്കാരോടുള്ള ആൾക്കൂട്ടത്തിന്റെ ഓമനവാക്കുകൾ; ആ സംസാരിച്ച രണ്ടു കോമാളികൾക്കും കൂട്ടുകാരോടൊത്ത് ജനക്കൂട്ടത്തിന്റെ നേരെ തിരിയേണ്ടിവന്നു; ആൾക്കൂട്ടത്തിന്റെ അവസാനമറ്റ ശകാരവാക്കുകളോടെതിർക്കാൻ മാത്രം മീൻചന്തകളിലെ കൊള്ളിവാക്കുകളുടെ കലവറയ്ക്കു വലുപ്പം മതിയായില്ല. കോമാളിവേഷക്കാരും പുരുഷാരവും തമ്മിൽ ഭയങ്കരമായ ഒരലങ്കാരപ്രയോഗത്തല്ലു നടന്നു.

ഈയിടയ്ക്ക് അതേ വണ്ടിയിലുള്ള വേറെ രണ്ടു കോമാളിവേഷക്കാർ—ഒന്ന് ഒരു കുറ്റൻമൂക്കും ഒരു പ്രായംചെന്ന മട്ടും കറുത്ത പോത്തൻ മേൽമീശയുമുള്ള ഒരു സ്പെയിൻകാരനും, മറ്റേത് ഒരു ചെറിയ പാഴ്മോന്തവെച്ചു, മെലിഞ്ഞ, ഒരു ചെറിയ മീൻകാരിപ്പെണ്ണും—ആ കല്യാണം കണ്ടെത്തി; തങ്ങളുടെ കൂട്ടുകാരും വഴിപോക്കരും തമ്മിൽ ചീത്ത പറയുന്ന തിരക്കിൽ, അവർ താഴ്‌ന്ന സ്വരത്തിൽ ഒരു സംഭാഷണം നടത്തി.

അവരുടെ ജനാന്തികം ലഹളയിൽ, ആണ്ടുലയിച്ചു. മലർക്കെത്തുറന്നുകിടന്നിരുന്ന വണ്ടിയുടെ മുൻഭാഗം മഴ തട്ടി നനഞ്ഞു; ഫെബ്രവരിയിലെ കാറ്റു ചൂടുള്ളതല്ല; കഴുത്തിടുങ്ങിയ ഒരു മേല്ക്കുപ്പായത്തോടുകൂടിയ മീൻകാരി സ്പെയിൻകാരനോട് മറുപടി പറയുന്നതിനിടയ്ക്ക്, അവൾ വിറയ്ക്കുകയും ചിരിക്കുകയും ചുമയ്ക്കുകയും ചെയ്തിരുന്നു.

അവരുടെ സംഭാഷണം ഇതാ:

‘അപ്പോഴേ,’

‘എന്താ, അച്ചാ?’

‘ആ പഴുത്ത കായ കണ്ടുവോ?’

‘ഏതു പഴുത്ത കായ?’

‘അതാ, നമ്മുടെ എതിർവശത്ത് ഒന്നാമത്തെ കല്യാണവണ്ടിയിൽ?’

‘ഒരു കറുത്ത കണ്ഠവസ്ത്രംകൊണ്ട് കൈ മുകളിലേക്കു പിടിച്ചുകെട്ടിയിട്ടുള്ള ആ ഒരാളോ?’

‘അതേ.’

‘എന്നിട്ട്?’

‘ഞാനയാളെ അറിയും, സംശയമില്ല.’

‘ഓഹോ?!

‘അവരെന്റെ കഴുത്തു മുറിച്ചോട്ടെ. സമ്മതം—ആ പട്ടണക്കാരനെ ഞാനറയില്ലെന്നു വരട്ടെ, ഞാൻ എന്റെ ആയുസ്സിനകത്തു നിങ്ങളെന്നോ, നിയ്യെന്നോ ഞാനെന്നോ മിണ്ടിയിട്ടില്ല.’

‘പാരിസ്സ് ഇന്നു പട്ടണമാണ്.’

‘താഴ്‌ന്നുനോക്കിയാൽ നിനക്കു കല്യാണപ്പെണ്ണിനെ കാണാനുണ്ടോ?

‘ഇല്ല.’

‘കല്യാണച്ചെക്കനെ?’

‘ആകൂട്ടിനുള്ളിൽ കല്യാണച്ചെക്കനില്ല.’

‘ആഹാ!

‘അല്ലെങ്കിൽ അത് ആ തന്തയാവണം.’

‘നന്നേ താഴ്‌ന്നുനോക്കി ആ കല്യാണപ്പെണ്ണിനെ ഒന്നു കാണുമോ, നോക്ക്.’

‘എനിക്കു വയ്യാ.’

‘അങ്ങനെയാട്ടെ; എന്നാൽ ആ പൂച്ചക്കയ്യിന്മേൽ എന്തോ കേട് പറ്റിയിട്ടുള്ള ആ കിഴവൻതന്തയെ ഞാനറിയും, എനിക്കു സംശയമില്ല.’

‘അയാളെ അറിഞ്ഞതുകൊണ്ടുള്ള ഗുണം?’

‘അതു പറയാൻ വയ്യാ. ചിലപ്പോൾ ഗുണമുണ്ടാവും.’

എനിക്കു തന്തപ്പിടികളുടെ കാര്യത്തിൽ നോട്ടമില്ല. എനിക്കതില്ല.’

‘ഞാനയാളെ അറിയും.’

‘അറിഞ്ഞോളു, വേണമെങ്കിൽ.’

‘എട ഗ്രഹപ്പിഴേ! അയാളെങ്ങനെ ആ കല്യാണക്കുട്ടത്തിൽ എത്തിക്കൂടി?’

‘നമ്മളും അതിലല്ലേ?’

‘ആ കല്യാണക്കാർ എവിടെനിന്ന് വന്നു?’

‘എനിക്കെന്താണ് നിശ്ചയം!’

‘കേൾക്കൂ!’

‘ആട്ടെ, എന്താണ്?’

‘നിയ്യൊരു കാര്യം വേണം.’

‘എന്താണത്?’

ഈ വണ്ടിയിൽനിന്നു പോയി ആ കല്യാണക്കാരുടെ കൂടെ വിടാതെകൂടണം.

‘എന്തിന്?

‘അവരെവിടെക്കാണ്, എന്താണ്, എന്നറിയാൻ. വേഗം വേണം, കീഴ്പോട്ടു ചാടു, പായണം; എന്റെ പെണ്ണേ, നിന്റെ കാലിനു ചെറുപ്പമാണ്.’

‘എനിക്കു വണ്ടിയിൽനിന്നു പോവാൻ വയ്യാ.’

‘എന്തുകൊണ്ട്?”

‘ഞാൻ കൂലിക്കാണ്.’

‘എട ചെകുത്താനേ!’

‘എന്റെ മീൻകാരത്തിക്കുവേണ്ടി ഞാനിന്ന് പൊല്ലീസ്സിന്റെ കൈയിലാണ്.’

‘അത് വാസ്തവവും.

‘ഞാൻ വണ്ടിയിൽനിന്നിറങ്ങിയാൽ, എന്നെ ആദ്യം കണ്ടെത്തിയ പൊല്ലീസ്സുദ്യോഗസ്ഥൻ എന്നെ പിടികൂടും. നിങ്ങൾക്കത് നല്ലവണ്ണമറിയാമല്ലോ:

‘ഉവ്വ്, എനിക്കറിയാം.’

എന്നെ ഇന്നേക്കായി ഗവർമ്മേണ്ടു വാങ്ങിയിരിക്കുന്നു.’

‘തന്തമാർ നിങ്ങളെ സ്വൈരം കെടുത്താറുണ്ടോ? അപ്പോൾ നിങ്ങൾ ഒരു പെൺകിടാവല്ല!’

‘അയാൾ ഒന്നാമത്തെ വണ്ടിയിലാണ്.’

‘അതിന്?’

‘കല്യാണപ്പെണ്ണിരിക്കുന്ന കൂട്ടിൽ.’

‘എന്നിട്ട്, അതിന്?’

‘അപ്പോൾ അയാൾ അച്ഛൻ.’

‘ഞാനതിനെന്തു വേണം?’

‘ഞാൻ പറയുന്നു, അയാളാണ് അച്ഛനാണ്.’

‘അയാൾ മാത്രമേ അച്ഛനായിട്ടുള്ളു എന്ന് തോന്നും.’

‘കേൾക്കൂ.’

‘എന്താണ്?’

‘എനിക്കു മുകറു മറച്ചല്ലാതെ പുറത്തു കടക്കാൻ വയ്യാ. ഇവിടെ ഞാൻ ഒളിവിലാണ്, ഞാനിവിടെയുണ്ടെന്ന് ആരും കരുതില്ല. എന്നാൽ നാളെ കോമാളിവേഷക്കാരില്ല. നോൽമ്പു തുടങ്ങുന്ന ദിവസമായി. ഞാൻ കണ്ടാൽ കുടുങ്ങി. എനിക്കെന്റെ മടയിലേക്കുതന്നെ അരിച്ചു പോണം. പക്ഷേ, നിനക്കു പണിയൊന്നുമില്ല.

‘വിശേഷിച്ചൊന്നുമില്ല.’

‘ഏതായാലും എന്നോളമില്ല, തീർച്ച.

‘ആട്ടെ. അതുകൊണ്ട്?’

‘ആ കല്യാണക്കാർ എവിടേക്കു പോയി എന്നറിയണം.’

‘എവിടേക്കു പോയിയെന്നോ?’

‘അതേ.’

‘എനിക്കറിയാം.’

‘എന്നാൽ എവിടേക്കാണ്?’

‘കദ്രാങ് ബ്ലോ.’

‘ഒന്നാമത് അതാ വഴിക്കല്ല.’

‘ആട്ടെ, ലറപ്പേയിലേക്ക്.’

‘അല്ലെങ്കിൽ, എവിടേക്കെങ്കിലും.’

‘അതിന് ഇഷ്ടംപോലെ പോവാം. കല്യാണക്കാർക്കു സ്വാതന്ത്ര്യമുണ്ട്.’

‘അതൊന്നുമല്ല ഇവിടെക്കാര്യം. ഞാൻ പറയുന്നു, എനിക്കുവേണ്ടി ആ കല്യാണം ഏതാണെന്നും, ആ മോന്തക്കാരൻ എവിടേക്കു പോണു എന്നും, ആ കല്യാണപ്പെണ്ണും ചെക്കനും എവിടെയാണ് പാർപ്പെന്നും കണ്ടു മനസ്സിലാക്കണം!’

‘അതു രസമാണ്! അതു നല്ല നേരംപോക്കു പിടിക്കും. നോൽമ്പിൻതലേന്നാൾ തെരുവിലൂടെ പോയ ഒരു കല്യാണക്കാരുടെ കൂട്ടം ഒരാഴച കഴിഞ്ഞിട്ട് കണ്ടുപിടിക്കാൻ എളുപ്പമുണ്ട്. വൈക്കോൽക്കുണ്ടയിലെ ഒരു മൊട്ടുസൂചി! അത് സാധിക്കുന്ന പണിയല്ല.’

‘അതു സാരമില്ല. നിയ്യത് കണ്ടുപിടിക്കണം. കേട്ടോ, അസൽമേ!

നടക്കാവിന്റെ രണ്ടോരങ്ങളിലൂടേ ആ രണ്ടു ചാലുകളും വീണ്ടും ഒഴുകാൻ തുടങ്ങി; കോമാളിവേഷക്കാരുടെ വണ്ടിക്കു കല്യാണപ്പെണ്ണിന്റെ ‘കൂടു’ കണ്ണിൽ നിന്നു മറഞ്ഞു.

5.4.2
ഴാങ് വാൽഴാങ് അപ്പോഴും കൈ ഒരുതുണിക്കുടുക്കിട്ടു കെട്ടിയിട്ടാണ്

മനോരാജ്യം നിറവേറുക. ആർക്കാണതുണ്ടായിട്ടുള്ളത്? അക്കാര്യത്തിൽ സ്വർഗ്ഗത്തിൽവെച്ച് നറുക്കിട്ടെടുത്താൽ നടക്കുന്നുണ്ടാവണം; നമ്മളെല്ലാവരും, നമ്മളറിയാതെ, അതിൽ നറുക്കുകാരാണ്; ദേവന്മാർ നറുക്കെടുക്കുന്നു. കൊസെത്തിനും മരിയുസ്സിനും നറുക്കു കിട്ടി.

മെയറുടെ ആപ്പീസ്സിലും പള്ളിയിലും കൊസെത്ത് സുന്ദരിയും സുഭഗയുമായിരുന്നു. നികൊലെത്തിന്റെ സാഹായയത്തോടുകൂടി തുസ്സാങ് അവളെ ചമയിച്ചു.

കൊസെത്ത് ഒരു വെള്ളപ്പട്ടുറവുക്കയ്ക്കുമീതെ തന്റെ പൂനാടമേലങ്കിയിട്ടു, ഒരിംഗ്ലീഷ് മുഖപടം ധരിച്ചു. മേത്തരം മുത്തുകളെക്കൊണ്ടുള്ള ഒരു കണ്ഠശ്ശരം കെട്ടി. ഒരു മധുരനാരകപ്പൂമാലയണിഞ്ഞു; ഇതൊക്കെ വെളുത്തിട്ടാണ്, ആ വെളുപ്പിനുള്ളിൽനിന്നെല്ലാംകൂടി അവൾ മിന്നിത്തിളങ്ങി. അതു വെളിച്ചത്തു വ്യാപിക്കുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ഒരൊന്നാന്തരം നിഷ്കപടതയായിരുന്നു. ഒരു ദേവസ്ത്രീയാവാൻപോകുന്ന ഒരു കന്യകയാണതെന്ന് പറയാൻ തോന്നും.

മരിയുസ്സിന്റെ ചന്തമുള്ള തലമുടി തഴച്ചതും സുഗന്ധം പൂശിയതുമാണ്; ആ ഇടതൂർമ്മയുള്ള തലമുടിക്കടിയിൽ അവിടവിടെ വിളർത്ത വരകൾ—വഴിക്കോട്ടയുടെ കലകൾ—കാണാം.

അന്തസ്സോടുകൂടി തലയുയർത്തിപ്പിടിച്ച് മുത്തച്ഛൻ അദ്ദേഹത്തിന്റെ വേഷത്തിലും സമ്പ്രദായത്തിലും ബറായുടെ [1] കാലത്തെ എല്ലാത്തരം മോടികളും കാണിച്ചുകൊണ്ട് കൊസെത്തിനെ കൈപിടിച്ച് നടത്തി. കൈ അപ്പോഴും താങ്ങിപിടിച്ചുകൊണ്ടാകയാൽ വധുവിനെ കൈപിടിച്ചു നടത്താൻ കഴിവില്ലാതിരുന്ന ഴാങ് വാൽഴാങ്ങിന്റെ സ്ഥാനം അദ്ദേഹമെടുത്തു.

കറുത്ത ഉടുപ്പിൽ ഴാങ് വാൽഴാങ് ഒരു പുഞ്ചിരിയോടുകൂടി അവരുടെ പിന്നാലെ നടന്നു.

‘മൊസ്യൂ ഫൂഷൽവാണ്’ മുത്തച്ഛൻ അയാളോടു പറഞ്ഞു. ‘ഇന്നത്തെ ദിവസം നന്ന്. ദുഃഖങ്ങളും സങ്കടങ്ങളും എടുത്തുകളയാൻ ഞാൻ സമ്മതം കൊടുക്കുന്നു. ഇന്നുമുതൽ എവിടെയും ദുഃഖമുണ്ടാവാൻ പാടില്ല. അതേ, ഞാൻ സുഖം വിധിക്കുന്നു! ദോഷത്തിനു ജീവിച്ചിരിക്കാൻ അവകാശമില്ല. വാസ്തവത്തിൽ ഒരു ദുഃഖിതനെങ്കിലും ഉണ്ടാകുന്നത് ആകാശത്തിന്റെ നീലിമയ്ക്ക് ഒരവമാനമാണ് അടിയിൽ നല്ലവനായ മനുഷ്യനിൽനിന്ന് ഒരിക്കലും ദോഷം ഉണ്ടാവുകയില്ല. എല്ലാ മനുഷ്യപീഡകളുടേയും തലസ്ഥാനവും പ്രധാന ഭരണസഭാസ്ഥാനവും നരകമാണു് —മറ്റുവിധത്തിൽ പറയുമ്പോൾ, ചെകുത്താന്റെ ത്വിലെറിക്കൊട്ടാരം. ശരി, ഞാൻ ജനസംഘത്തലവനെപ്പോലെ സംസാരിക്കുന്നു. എന്നെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, എനിക്കു യാതൊരു രാഷ്ട്രീയാഭിപ്രായവും ഇല്ലാതായി; എല്ലാ മനുഷ്യരും സമ്പന്നരായിരിക്കട്ടെ; എന്നുവെച്ചാൽ, ആഹ്ലാദിതർ—എന്റെ അഭിപ്രായം അതിലൊതുങ്ങി.

മെയറുടേയും മതാചാര്യന്റേയും മുൻപിൽവെച്ച് വേണ്ടിടത്തോളം ‘ഉവ്വ്’ എന്ന് പറഞ്ഞുകഴിഞ്ഞതിനുശേഷം ഭരണാധികാരികളുടെയും പള്ളിവിചാരിപ്പുകാരുടേയും പുസ്തകങ്ങളിൽ ഒപ്പുവെച്ചതിനുശേഷം, മോതിരം കൈമാറിയതിനശേഷം. ധൂപക്കൂറ്റിയുടെ പുകയ്ക്കുള്ളിൽ, വെള്ളപ്പട്ടുമേലാപ്പിനടിയിൽ അടുത്തടുത്തു മുട്ടുകുത്തിയതിനുശേഷം, എല്ലാ ക്രിയകളും ചെയ്തുകഴിഞ്ഞപ്പോൾ അവർ എല്ലാവരാലും അഭിനന്ദിക്കപ്പെട്ടും എല്ലാവർക്കും അസൂയതോന്നിച്ചുകൊണ്ടും കൈ കോർത്തുപിടിച്ചു, മരിയുസ് കറുത്ത വേഷത്തിലും കൊസത്തെ വെളുത്ത വേഷത്തിലുമായി. ഒരു കേർണലിന്റെ ബഹുമതിചിഹ്നമണിഞ്ഞു നിലത്തു ശൂലം കുത്തിക്കൊണ്ടുള്ള പള്ളിയുദ്യോഗസ്ഥനെ മുൻപിൽ നടത്തി, അത്ഭുതപരതന്ത്രരായ രണ്ടുവരി കാണികളുടേയും മധ്യത്തിലൂടേ നടന്നു പള്ളിയുടെ പടിക്കലെത്തി; ആ പടിവാതിൽ അവരുടെ വണ്ടിക്ക് തിരിച്ചുപോവാൻവേണ്ടി മലർക്കെത്തുറന്നു; എല്ലാം കഴിഞ്ഞിട്ടും കൊസെത്തിനു ഇതെല്ലാം വാസ്തവമാണെന്നു തോന്നിയില്ല. അവൾ മരിയുസ്സിനെ സൂക്ഷിച്ചുനോക്കി, ആകാശത്തെ സൂക്ഷിച്ചുനോക്കി; ആ സ്വപ്നത്തിൽനിന്ന് ഉണർന്നുപോയേക്കുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നതുപോലെ തോന്നി. അവളുടെ സംഭ്രാന്തവും അസ്വാസ്ഥ്യവുമായ മട്ട് അവളുടെ സൌന്ദര്യത്തിനു അനിർവചനീയമായ എന്തോ ഒന്നിനെക്കൂടി കൂട്ടി. അവർ ആ വണ്ടിയിൽത്തന്നെ, വിട്ടീലേക്ക് തിരിക്കാനായി, കയറി; മരിയുസ് കൊസെത്തിന്റെ അടുത്തുതന്നെ; മൊസ്യു ഗിൽനോർമാനും ഴാങ് വാൽഴാങ്ങും അവരുടെ എതിർവശത്ത്; ഗിൽ നോർമാൻ വലിയമ്മ ഒരുപടി താണുപോയി, രണ്ടാമത്തെ വണ്ടിയിലായി.

‘എന്റെ കുട്ടികളേ’, മുത്തച്ഛൻ പറഞ്ഞു, ‘കൊല്ലത്തിൽ മുപ്പതിനായിരം ലിവർ വരവുമായി ഇതാ, നിങ്ങൾ, പ്രഭുവും, പ്രഭ്വിയും.’

കൊസെത്ത് മരിയുസ്സിന്റെ അടുക്കലേക്ക് മുട്ടിയുരുമ്മി, അയാളുടെ ചെകിട്ടിൽ ഈ സ്വർഗ്ഗോചിതമായ മന്ത്രിക്കൽ മന്ത്രിച്ചു: ‘അപ്പോൾ നേരാണ്. എന്റെ പേർ മരിയുസെന്നാണ്. ഞാൻ മദാം മരിയുസ്സായി.’

ആ രണ്ടുപേരും മിന്നിത്തിളങ്ങി. അവർ ആ മാറ്റിക്കൂടാത്തതും തിരിച്ചുകിട്ടാത്തതുമായ ഘട്ടത്തിൽ, എല്ലാ യൗവനത്തിന്റേയും എല്ലാ ആഹ്ലാദത്തിന്റേയും കൂടിയ ആ അമ്പരപ്പിക്കുന്ന സമ്മേളനഘട്ടത്തിൽ, എത്തിയിരിക്കുന്നു. അവർ ഴാങ്പ്രൂവേരുടെ കവിത വാസ്തവമാക്കി; അവരുടെ രണ്ടുപേരുടേയും വയസ്സുകൂട്ടിയാൽ നാല്പതാണ്. അതു വിശിഷ്ടമായിത്തീർന്ന വിവാഹമാണ്, ആ രണ്ടു കുട്ടികൾ രണ്ടു വെള്ളാമ്പൽപ്പൂക്കളായിരുന്നു. അവർ അന്യോന്യം കണ്ടിട്ടില്ല, അന്യോന്യം ആലോചിച്ചിട്ടില്ല. കൊസെത്ത് മരിയുസ്സിനെ ഒരു മാഹാത്മ്യപരിധിയിലാണ് കാണുന്നത്; മരിയുസ് കൊസെത്തിനെ ഒരു ദിവ്യപീഠത്തിനു മുകളിലും, ആ മാഹാത്മ്യപരിധിക്കുള്ളിലും, ആ ദിവ്യപീഠത്തിനു മുകളിലും, ആ ആരാധനങ്ങൾ തമ്മിൽ സമ്മേളിക്കെ, പിന്നിലായി, ഏതു മട്ടിലെന്നറിഞ്ഞുകൂടാ, കൊസെത്തിന് ഒരു മേഘത്തിനുള്ളിലും മരിയുസ്സിന് ഒരു മിന്നലാട്ടത്തിനിടയിലുമായി. ആ ആദർശവസ്തു, വാസ്തവവസ്തു, ചുംബനത്തിന്റേയും മനോരാജ്യത്തിന്റേയും കൂടിക്കാഴ്ച, വിവാഹമഞ്ചം, കിടക്കുന്നു. അവർ കടന്നുപോന്ന എല്ലാ പ്രാണവേദനകളും ആഹ്ലാദലഹരികളായി തിരിച്ചെത്തി. അവരുടെ ദുഃഖങ്ങൾ, അവരുടെ ഉറക്കമറ്റ രാത്രികൾ, അവരുടെ നിരാശത, ആലിംഗനങ്ങളായും പ്രകാശനാളങ്ങളായും വേഷം മാറി ആ അടുത്തെത്തുന്ന മനോഹരമുഹൂർത്തത്തെ കുറേക്കൂടെ മനോഹരമാക്കിത്തീർക്കുന്നതായും, അവരുടെ പീഡകളെല്ലാം ആഹ്ലാദച്ചമയലിനു വേണ്ടതൊരുക്കിയിരുന്ന ദാസിമാരായിരുന്നപോലെയും തോന്നി. ഹാ ദുഃഖിക്കേണ്ടിവരുന്നത് എന്തൊരു സുഖം! അവരുടെ ദുഃഖം അവരുടെ സുഖത്തിനു ചുറ്റും പ്രഭാപരിധിയായി. അവരുടെ വളരെയധികംകാലത്തെ പ്രാണവേദന ഒരു സ്വർഗ്ഗപ്രാപ്തിയിൽച്ചെന്നു മുട്ടി.

മരിയുസ്സിൽ വിഷയലമ്പടത്വത്തിന്റേയും കൊസെത്തിൽ വിനിതത്തിന്റേയും കൂട്ടുകലർന്ന ഒരേ ആഹ്ലാദാവേഗമായിരുന്നു രണ്ടുപേർക്കും. അവ അന്യോന്യം മന്ത്രിച്ചു: ‘നമുക്കു റ്യു പ്ലുമെയിലെ ചെറുതോട്ടമൊന്നു കാണാൻ പോണം.’ കൊസെത്തിന്റെ മേലങ്കിയുടെ ഞെറികൾ മരിയുസ്സിന്റെ മേൽ വീണു കിടക്കുന്നു.

ഇങ്ങനെയുള്ള ഒരു ദിവസം മനോരാജ്യത്തിന്റേയും വാസ്തവസ്ഥിതിയുടേയും ഒരനിർവചനീയമായ സമ്മേളനമാണ്. ഒരാൾക്കു കൈയിലാവുകയും അപ്പോൾത്തന്നെ സംശയം തോന്നുകയും ചെയ്യുന്നു. ഊഹിക്കുവാൻ പിന്നെയും സമയമുണ്ട്. അന്നത്തെ ദിവസത്തെ വികാരം, ഉച്ചയായിരിക്കെ അർദ്ധരാത്രി വരുന്നതിനെപ്പറ്റി മനോരാജ്യം വിചാരിക്കൽ, അനിർവചനീയമാണ്. ഈ രണ്ടു ഹൃദയങ്ങളിലേയും ആഹ്ലാദങ്ങൾ ആൾക്കൂട്ടത്തിനു മേലേക്കു വഴിഞ്ഞൊഴുകി, വഴിപോക്കർക്കുകൂടി ഉന്മേഷമുണ്ടാക്കി.

സാങ്പോൾപ്പള്ളിയുടെ മുൻപിലുള്ള റ്യൂ സാങ് ആന്ത്വാങ് പ്രദേശത്തു ആളുകൾ വണ്ടി ജനാലയിലൂടേ കൊസെത്തിന്റെ തലയിൽ ആടിക്കളിക്കുന്ന മധുരനാരകപ്പുക്കളെ നോക്കിക്കാണാൻവേണ്ടി നിലവായി.

അങ്ങനെ അവർ റ്യൂ ദെ ഫിൽറ്യു കൽവേറിലെ വീട്ടിലേക്കു തിരിച്ചു. മരിയുസ് വിജയത്തോടും ആഹ്ലാദത്തോടുംകൂടി കൊസെത്തിനെ തൊട്ടുംകൊണ്ടു് പണ്ട് അയാളെ ഒരു ശവംപോലെ ആളുകൾ എടുത്തുകേറ്റിയത് ഏതു കോണിയിലൂടെയോ അതു ചവുട്ടിക്കയറി. വാതില്ക്കലൊത്തു കൂടിയിരുന്നവരും ആ ദമ്പതികളുടെ പണസ്സഞ്ചിയിൽ പങ്കുകൂടിയവരുമായ പാവങ്ങൾ അവരെ അനുഗ്രഹിച്ചു. എല്ലായിടത്തും പുഷ്പങ്ങളായിരുന്നു. പള്ളിയെക്കാൾ ഒട്ടും കുറച്ചല്ല വീടും പരിമളത്തിൽ ആറാടിയിരുന്നുള്ളു. അപാരതയിൽ എന്തോ സ്തുതിഘോഷം കേൾക്കുന്നതായി അവർക്കു തോന്നി; അവരുടെ ഉള്ളിൽ ഈശ്വരനുണ്ട്; ഒരു നക്ഷത്രമേലാപ്പുപോലെ ഈശ്വരവിധി അവരുടെ മുൻപിൽ ആവിർഭവിച്ചു; തങ്ങളുടെ തലയ്ക്കുമീതെ ഒരരുണോദയത്തിന്റെ പ്രകാശം അവർ കണ്ടു. പെട്ടെന്നു നാഴികമണിയടിച്ചു. മരിയുസ് കൊസെത്തിന്റെ നഗ്നമായ മനോഹരഭുജത്തേയും, അവളുടെ ഉള്ളങ്കിയുള്ള പൂനാടക്കിടയിലൂടേ അല്പാല്പം കാണാമായിരുന്ന പനിനീർപ്പുവർണ്ണപ്പണികളേയും, ഒരു നോക്കുനോക്കി; ആ നോട്ടത്തെ ഇടയ്ക്കുവെച്ചു കൊസെത്ത് കണ്ടുമുട്ടി; അവൾ ആകെ നാണിച്ചുകുഴഞ്ഞു.

ഗിൽനോർമാൻകുടുംബത്തിന്റെ പഴയ പരിചയത്തിലുള്ള വളരെ കുടുംബങ്ങളെ അന്നു ക്ഷണിച്ചിരുന്നു അവർ കൊസെത്തിനു ചുറ്റും തിക്കിക്കൂടി. മദാം ല് ബാറൺ എന്ന് അവളെ സംബോധനം ചെയ്യാൻ ഓരോ ആളും ഞാൻ മുൻപേ എന്നു തിരക്കി.

അപ്പോൾ ഒരു കാപ്റ്റനായിരിക്കുന്ന പട്ടാളമേലുദ്യോഗസ്ഥൻ തെയൊദുൽ ഗിൽനോർമാനും ഷാർത്രിൽനിന്ന്—അയാളുടെ താവളം അപ്പോൾ അതാണ്—വിവിവാഹാഘോഷത്തിൽ പങ്കുകൊള്ളാൻ അവിടെ എത്തിയിരുന്നു.

അയാളാണെങ്കിൽ; എല്ലാ സ്ത്രീകളും തന്നെ സുന്ദരനായി കരുതുന്നുണ്ടെന്നു കണ്ടു ശീലിച്ചിട്ടുള്ള സ്ഥിതിക്ക് കൊസെത്തിനെപ്പറ്റി ബാക്കിയുള്ള സ്ത്രീകളിൽ നിന്നധികമായി യാതൊന്നും വിചാരിച്ചില്ല.

‘ആ കുന്തപ്പടയാളിയുടെ വാക്ക് അന്നു ഞാൻ വിശ്വസിക്കാഞ്ഞതെത്ര നന്നായി!’ ഗിൽനോർമാൻമുത്തച്ഛൻ വിചാരിച്ചു.

കൊസെത്തിനു ഴാങ് വാൽഴാങ്ങോട് അന്നത്തെപ്പോലെ ഒരിക്കലും സ്നേഹമുണ്ടായിട്ടില്ല. അവളും ഗിൽനോർമാൻമുത്തച്ഛനും ഒരുപോലെയായിരുന്നു! അദ്ദേഹം ആഹ്ലാദത്തെ പഴഞ്ചൊല്ലുകളായും നീതിവാക്യങ്ങളായും നാട്ടിയിടു സമയം അവൾ ഒരു പരിമളത്തെ എന്നപോലെ സൗശീല്യത്തെ നാലുപുറവും വ്യാപിപ്പിച്ചു. ലോകം മുഴുവനും സുഖിച്ചുകൊള്ളണമെന്നാണ് സുഖത്തിന്റെ ആവശ്യം.

ഴാങ് വാൽഴാങ്ങിനോടു സംസാരിക്കുമ്പോൾ, പെൺകുട്ടിയായിരുന്ന കാലത്തെ സ്വരവിശേഷങ്ങൾ കൈകൊണ്ടു. അവൾ അയാളെ തന്റെ പുഞ്ചിരികൊണ്ട് ഓമനിച്ചു.

ഭക്ഷണമുറിയിൽ ഒരു സദ്യ ഒരുങ്ങുന്നുണ്ട്.

ഒരു വലിയ ഉത്സവദിവസത്തിനു നിറംകൂടണമെങ്കിൽ പകൽപോലെയുള്ള വെളിച്ചം നിറയ്ക്കണം. മങ്ങലും നിഗൂഢതയും സുഖിതർ കൈക്കൊള്ളുകയില്ല അവർക്ക് കറുത്തിരിക്കുന്നതു ഇഷ്ടമല്ല; രാത്രി, സമ്മതം; ഇരുട്ട്, പാടില്ല, സൂര്യനില്ലെങ്കിൽ ഒരു സൂര്യനെയുണ്ടാക്കണം.

ഭക്ഷണമുറിയിലെങ്ങും രസംപിടിച്ച സാമാനങ്ങളാണ്. നടുക്കു വെളുത്തതും മിന്നുന്നതുമായ മേശയ്ക്കുമീതേ പരന്ന തളികകളോടും മെഴുതിരിക്കാലുകൾക്കിടയിൽ ‘ചെക്കയിരിക്കുന്ന’ എല്ലാത്തരം നിറത്തിലുമുള്ള— നീലനിറത്തിലും ഊതനിറത്തിലും പച്ചനിറത്തിലും—എല്ലാത്തരം പക്ഷികളോടുംകൂടിയ ഒരു മേത്തരം മിനുസത്തുണി നീട്ടിവിരിച്ചിട്ടുണ്ട്; ബഹുശാഖാദീപങ്ങളുടെ ചുറ്റിലും കമലവിളക്കുകൾ. ചുമരുകളിലെല്ലാം മൂന്നും നാലും ചെനച്ചങ്ങളുള്ള ചുമർവിളക്കുകൾ; കണ്ണാടികൾ, വെള്ളിസ്സാമാനങ്ങൾ, സ്ഫടികസ്സാമാനങ്ങൾ, തളികകൾ, പിഞ്ഞാണങ്ങൾ, കൊത്തുപിടിപ്പാത്രങ്ങൾ, മൺപാത്രങ്ങൾ, സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള പണിത്തരങ്ങൾ, എല്ലാം മിന്നുകയും തിളങ്ങുകയും ചെയ്യുന്നു. തൂക്കുവിളക്കില്ലാത്തേടത്തെല്ലാം നിറയെ പൂച്ചെണ്ടുകളാണ്, അപ്പോൾ വിളക്കില്ലാത്തേടത്തു പൂവുണ്ട്.

തളത്തിൽ മൂന്നു വീണയും ഒരു പുല്ലാൻകുഴലും മയത്തിൽ ഫഹേദിന്റെ [2] പാട്ടുകൾ വായിക്കുന്നു.

ഴാങ് വാൽഴാങ് ഇരിപ്പുമുറിയിൽ വാതിലിന്നു പിന്നിലായി ഒരു കസാലയിൽ ഇരിക്കുകയാണ്; ആ വാതില്ക്കീറുകൾ അയാളെ ഏതാണ്ടു മറയ്ക്കുന്ന വിധത്തിൽ പിന്നോക്കം അടഞ്ഞിരുന്നു. ഭക്ഷണത്തിന്നിരിക്കുന്നതിന്ന് അല്പം മുൻപായി, കൊസെത്ത്, പെട്ടെന്നുണ്ടായ ഒരു തോന്നൽകൊണ്ടെന്നപോലെ, അങ്ങോട്ടു ചെന്ന് അയാളെ ഹൃദയപൂർവം ഉപചരിച്ചു. തന്റെ വിവാഹവേഷം രണ്ടു കൈകൊണ്ടും വിരുത്തിപ്പിടിച്ച് ഒരു സ്നേഹപൂർവ്വമായ കള്ളക്കടാക്ഷത്തോടുകൂടി അയാളോടു ചോദിച്ചു; അച്ഛാ, അച്ഛനിപ്പോൾ സന്തോഷമായോ?’

‘ഉവ്വ്,’ ഴാങ് വാൽഴാങ് പറഞ്ഞൂ, ‘ഞാൻ സംതൃപ്തനായി.’

‘ആട്ടെ, എന്നാൽ കുറച്ചു ചിരിക്കൂ.’

ഴാങ് വാൽഴാങ് ചിരിക്കാൻ തുടങ്ങി.

താമസിയാതെതന്നെ, ബസ്ക് വന്നു ഭക്ഷണസമയമായി എന്നറിയിച്ചു.

മുൻപിൽ കൊസെത്തിന്റെ കൈപിടിച്ചു മൊസ്യു ഗിൽനോർമാനുമായി അതിഥികൾ ഭക്ഷണമുറിയിലേക്ക് കടന്നു. യഥായോഗ്യം അതാതിടത്തിരുന്നു.

വധുവിന്റെ വലത്തും ഇടത്തും ഓരോ ചാരുകസാലകളിട്ടിട്ടുണ്ട്. ഒന്നാമത്തതു മൊസ്യു ഗിൽനോർമാന്നും രണ്ടാമത്തേതു ഴാങ് വാൽഴാങ്ങിന്നും. മൊസ്യു ഗിൽനോർമാൻ ഇരുന്നു. മറ്റതിൽ ആളില്ല.

അവർ മൊസ്യു ഫൂഷൽവാങ്ങിനെ തിരഞ്ഞു.

അയാൾ അവിടെയില്ല.

മൊസ്യു ഗിൽനോർമാൻ ബസ്കിനോടു ചോദിച്ചു:

‘മൊസ്യു ഫുഷൽവാങ്ങെവിടെ, അറിയാമോ?’

‘സേർ,’ ബസ്ക് മറുപടി പറഞ്ഞു, ‘ഉവ്വ് എനിക്കറിയാം. മൊസ്യു ഫുഷൽവാങ് എന്നോടു പറയാൻ ഏല്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ കേടു പറ്റിയിട്ടുള്ള കൈ വേദനിക്കുന്നതുകൊണ്ട് ഇവിടെ വന്നിരുന്നു ഭക്ഷണം കഴിക്കാൻ സുഖംപോരാ; ഇന്നു മാപ്പുതരണം; നാളെ തീർച്ചയായും എത്തിക്കൊള്ളാം എന്ന്. അദ്ദേഹം പുറത്തേക്കു പോയി.’

ആ വിവാഹസ്സദ്യയുടെ ഉന്മേഷത്തെ ആ ഒഴിഞ്ഞ ചാരുകസാല അല്പം മങ്ങിച്ചുകളഞ്ഞു. മൊസ്യു ഫുഷൽവാങ്ങില്ലെങ്കിലും മൊസ്യു ഗിൽനോർമാനുണ്ടല്ലോ; മുത്തച്ഛൻ രണ്ടുപേരുടെ ഉന്മേഷം കാണിച്ചിരുന്നു. സുഖമില്ലെങ്കിൽ മൊസ്യുഫുഷൽവാങ് നേരത്തേതന്നെ പോയതു നന്നായിയെന്നും പക്ഷേ, സുഖക്കേടുസാരമില്ലാത്ത ഒന്നുമാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതെല്ലാവരേയും തൃപ്തിപ്പെടുത്തി. പിന്നെ, അത്രയും വലിയ സന്തോഷ്പ്രളയത്തിന്നിടയിൽ അങ്ങനെയുള്ള ഒരൊളിവുമൂല എന്തു സാരം? സുഖം കൈക്കൊള്ളുകയല്ലാതെ മറ്റൊന്നിനും സാധിക്കാത്ത അത്തരം അഹങ്കാരമയവും അനുഗൃഹീതവുമായ ഒരു ഘട്ടത്തിലായിരുന്നു മരിയുസ്സും കൊസെത്തും. അപ്പോൾ മൊസ്യു ഗിൽ നോർമാൻ ഒരു യുക്തി തോന്നി; ‘അപ്പോൾ ഈ കസാലയിലാരുമില്ല. മരിയുസ്, ഇങ്ങോട്ടു വരൂ. നിന്നെ അടുത്തിരുത്താൻ വലിയമ്മയ്ക്ക് ഒരവകാശമുണ്ടെങ്കിലും, ഇതവൾ സമ്മതിക്കും. ഈ ചാരുകസാല നിനക്കുള്ളതാണ്, അതു വേണ്ടതും രസമുള്ളതുമാണ്. ഭാഗ്യദേവിക്കരിക്കിൽ ഭാഗ്യദേവൻ’—എല്ലാവരും അതഭിനന്ദിച്ചു. കൊസെത്തിന്റെ അടുത്തു ഴാങ് വാൽഴാങ്ങിന്നിട്ടിരുന്ന സ്ഥാനത്തു മരിയുസ്സായി; അങ്ങനെത്തിൽ ഴാങ് വാൽഴാങ് ഇല്ലാതായതിൽ കുണ്ഠിതപ്പെട്ടിരുന്ന കൊസെത്തിന് അതു തന്നെ ഒടുവിൽ സന്തോഷകാരണമായിത്തീർന്നു. മരിയുസ് പകരത്തിനാവുക എന്നുവെച്ചാൽപ്പിന്നെ ഈശ്വരന്നുവെച്ച സ്ഥാനമാണതെന്നിരുന്നാൽക്കൂടി അവൾ കുണ്ഠിതപ്പെടുകയില്ല. വെള്ളപ്പട്ടിട്ടു ചവുട്ടുന്ന അവളുടെ ചെറിയ ഓമനക്കാൽ മരിയുസ്സിന്റെ കാലിന്മേൽ അമർന്നു.

ചാരുകസാലയിലേക്ക് ആളായതോടുകൂടി ഴാങ് വാരഴാങ്ങിന്റെ കഥ വിട്ടു; എല്ലാം നന്നായി.

അഞ്ചു മിനുട്ടിനുള്ളിൽ വിസ്മൃതിയുടെ എല്ലാ ഉന്മേഷത്തോടുംകൂടി ഭക്ഷണമേശ ഒരറ്റംമുതൽ മറ്റേ അറ്റം വരെ ചിരിയായി,

പലഹാരത്തിന്റെ സമയമായപ്പോൾ മൊസ്യു ഗിൽനോർമാൻ എഴുന്നേറ്റു നിന്ന് കൈയിൽ ഒരു ഷംപാഞ്മദ്യഗ്ലാസ്സോടുകൂടി—വിറയുള്ള കൈയിൽനിന്ന് തെള്ളിപ്പോയാലോ എന്നുവെച്ച് അതു പകുതിയേ നിറച്ചിരുന്നുള്ളു—ദമ്പതികൾക്ക് ആരോഗ്യപ്രാർത്ഥന നടത്തി.

‘രണ്ടു മതപ്രസംഗങ്ങളെ നിങ്ങൾക്ക് കൂടാതെ കഴിക്കാൻ വയ്യാ.’ അദ്ദേഹം ഉച്ചത്തിൽ പറഞ്ഞു. ‘ഇന്നു രാവിലെ മതാചാര്യന്റെ വകയൊന്നു നിങ്ങൾ കേൾക്കുകയുണ്ടായി; ഇന്നു വൈകുന്നേരം മുത്തച്ഛന്റെ വകയൊന്നുള്ളത് കേൾക്കു, ഞാൻ പറയുന്നതു ശ്രദ്ധിക്കു; ഞാൻ നിങ്ങൾക്ക് ഒരു കഷ്ണം ഉപദേശം തരാം. അന്യോന്യം ആരാധിക്കുക. ഞാൻ ഒരുപാട് വട്ടംതിരിച്ചിലിനൊന്നും നില്ക്കുന്നില്ല; ഞാൻ നേരേ കാര്യത്തിലേക്കു കടക്കാം—സുഖിക്കുക! ഈശ്വരസൃഷ്ടിയിലെല്ലാം കൂടി കാട്ടുപ്രാവിനു മാത്രമേ ബുദ്ധിയുള്ളൂ. തത്ത്വജ്ഞാനികൾ പറയുന്നു: ‘സുഖങ്ങളെ മിതമാക്കുക.’ ഞാൻ പറയുന്നു: ‘നിങ്ങളുടെ സുഖങ്ങളുടെ കടിഞ്ഞാൺ വിടുക;’ രാക്ഷസന്മാരെപ്പോലെ അന്യോന്യം പിറ്റികൂടുക. അതിൽ കമ്പംപിടിക്കുക. തത്ത്വജ്ഞാനികൾ പറയുന്നത് കമ്പവും വങ്കത്തവുമാണ്. എനിക്കവരുടെ തത്ത്വജ്ഞാനത്തെ അവരുടെ തൊണ്ടയിലേക്കുതന്നെ കുത്തിയിറക്കിക്കൊടുക്കണമെന്നുണ്ട്. സുഗന്ധം ഏറലുണ്ടോ, വിരിയുന്ന പനിനീർപ്പുമൊട്ടുകൾ ഏറലുണ്ടോ, കുയിലുകളുടെ പാട്ട് ഏറലുണ്ടോ, പച്ചയിലകൾ ഏറലുണ്ടോ, ജീവിതത്തിലെ അരുണോദയം ഏറിപ്പോവലുണ്ടോ? ആളുകളുടെ അന്യോനമുള്ള അനുരാഗം ഏറിപ്പോവുമോ? ആളുകൾ അന്യോന്യം സന്തോഷിപ്പിക്കുന്നത് ഏറി എന്നു വരുമോ? സൂക്ഷിച്ചോളൂ, ഹേ സുന്ദരി, നിന്റെ സൌന്ദര്യം ഏറിപ്പോയി! ഓർമ വെച്ചോളു’ ഹേ സുന്ദരാ, നിന്റെ സൌന്ദര്യം ഏറിപ്പോയി! ഒന്നാന്തരം വിഡ്ഢിത്തം, വാദമില്ല. ആളുകളുടെ അന്യോന്യമുള്ള രസിപ്പിക്കൽ ഏറലുണ്ടോ, അന്യോന്യമുള്ള മയക്കൽ ഏറലുണ്ടോ, അന്യോന്യമുള്ള മോഹിപ്പിക്കൽ ഏറലുണ്ടോ; ‘നിങ്ങളുടെ സുഖങ്ങളെ മിതമാക്കുക.’ ഹാ, കൊള്ളാം! തത്ത്വജ്ഞാനികൾ പോയിച്ചാവട്ടെ! അറിവിരിക്കുന്നത് ആഹ്ലാദിക്കുന്നതിലാണ്. നമുക്കു രസിക്കുക, അതേ നമുക്കു രസിക്കുക. നമ്മൾ നല്ലവരായതുകൊണ്ട് നാം സുഖിതരാവുകയോ, അതോ നമ്മൾ സുഖിതരായതുകൊണ്ട നാം നല്ലവരാവുകയോ? സാങ്സിവൈരക്കല്ലിനെ സാങ്സിവൈരമെന്നു വിളിക്കുന്നതു ആർലിദ് സാങ്സിയുടേതായതുകൊണ്ടോ അതോ അറുനൂറു രത്നത്തൂക്കമുള്ളതുകൊണ്ടോ? എനിക്കതിനെപ്പറ്റിയാതൊന്നുമറിഞ്ഞുകൂടാ. ഈവക വിഷമപ്രശ്നങ്ങളാണ് ജീവിതത്തിലെങ്ങും; പ്രധാനകാര്യം സാങ്സിവൈരവും സുഖവും കൈയിൽ വെക്കുകയാണ്. ഉരുളാനും ഉപായം പറയാനും നില്ക്കാതെ നമുക്കു സുഖിക്കുക. നമുക്ക് തിരിഞ്ഞുനോക്കാതെ സൂര്യനെ അനുസരിക്കുക. എന്താണ് സൂര്യൻ? അനുരാഗം, അനുരാഗം എന്നു പറഞ്ഞാൽ അർത്ഥം, സ്ത്രീ. ഹാ! ഹാ! സർവശക്തയെ നോക്കു സ്ത്രീകളാണത്. ആ ജനസംഘത്തലവനോടു, മരിയുസ്സോട്, അയാൾ കൊസെത്തെന്ന കൊച്ചുരാജ്യദ്രോഹിണിയുടെ അടിമയല്ലേ എന്നു ചോദിച്ചുനോക്കൂ, അതോ അയാളുടെ സ്വന്തമനസ്സാലെയും. എട പേടിത്തൊണ്ട! സ്ത്രീ! അവിടെ തന്റെ നില നോക്കിനിർത്താവുന്ന ഒരു റോബെപ്പിയറുമില്ല; സ്ത്രീ രാജ്യം വാഴുന്നു. ആ ഒരൊറ്റ രാജവാഴ്ചയുടെ നേരെ മാത്രമേ എനിക്കിനി രാജഭക്തിയുള്ളു. ആദാം എന്താണ്? ഈവിന്റെ സാമ്രാജ്യം. ഈവിന്റെ കാര്യത്തിൽ ഒരു 1789-ം ഇല്ല. സ്ഥാന ചിഹ്നത്തോടു കൂടിയ ചക്രവർത്തിച്ചെങ്കോലുണ്ട്; ഒരു മകുടം വെച്ചിട്ടുള്ള; ചക്രവർത്തിച്ചെങ്കോലുണ്ട്; ഷാർൽമേൻ മഹാരാജാവിന്റെ ചെങ്കോലുണ്ട്—അതിരിമ്പുകൊണ്ടാണ്; മഹാനായ ലൂയി മഹാരാജാവിന്നു ചെങ്കോലുണ്ട്—സ്വർണ്ണംകൊണ്ടാണ്; സകലത്തേയും ഭരണപരിവർത്തനം തന്റെ തള്ളവിരലിനും ചൂണ്ടാണിവിരലിനും ഇടയിലിട്ടു തിരുമ്മിപ്പൊടിച്ചു; വെറും വൈക്കോൽക്കൊടി അതിന്റെ കഥ തീർന്നു, അതു മുറിഞ്ഞുപോയി, അതു നിലത്തു വീണു; ഇപ്പോചെങ്കോലേ ഇല്ലാതായി; എന്നാൽ കർപ്പൂരത്തുളസിയുടെ സുഗന്ധമുള്ള ആ ചെറിയ മോടിപ്പണിക്കൈലേസ്സിന്റെ നേരെ ഒരു ഭരണപരിവർത്തനം എനിക്കു വേണ്ടി ഒന്നു നടത്തിയാട്ടേ! എനിക്കതു കണ്ടാൽക്കൊള്ളാമെന്നുണ്ട്. ശ്രമിക്കു. എന്താണതിന്നിത്ര ഉറപ്പ്? അതൊരു വെറും മോടിസ്സാധനമാണ്. ഹാ! നിങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലാണ്? ശരി, എന്നിട്ട്? ഞങ്ങളും നിങ്ങളെപ്പോലെതന്നെ വിഡ്ഢികളായിരുന്നു. നിങ്ങളുടെ ശൃംഗാരിത്തെണ്ടിക്കു വിഷൂചികകൃമി എന്നും നിങ്ങളുടെ തിരിഞ്ഞുനടത്തത്തിനു വിനോദനൃത്തം എന്നും പേരായതുകൊണ്ടു പ്രപഞ്ചത്തിൽ നിങ്ങൾ വല്ലാത്ത മാറ്റമൊക്കെ വരുത്തിത്തീർത്തുവെന്നു മേനികരുതേണ്ടാ വാസ്തവത്തിൽ സ്ത്രീകളെ എപ്പോഴും സ്നേഹിക്കണം. ഇതു കൂടാതെ കഴിക്കുക നിങ്ങളെക്കൊണ്ടു സാധ്യമല്ലെന്നു ഞാൻ മുഖത്തു നോക്കി പറയാം. ഈ സുഹൃത്തുക്കൾ നമ്മുടെ ദേവകളാണ്. അതേ അനുരാഗം, സ്ത്രീ, ചുംബനം. ഒരു വട്ടം വരച്ചതിൽനിന്നു പുറത്തു ചാടാൻ നിങ്ങളെക്കൊണ്ടാവില്ല, ഞാൻ കൂസാതെ പറയാം; എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, എനിക്കതിലേക്കു വീണ്ടും വീണ്ടും കടക്കുന്നത് ഒരു രസമാണ്. ശുക്രനക്ഷത്രം, ആ അഗാധതയിലെ തേവടിശ്മി, സമുദ്രത്തിന്റെ സെലിമേൻ, [3] ഇവിടെ ചുവട്ടിലുള്ള സകലത്തേയും സമാധാനപ്പെടുത്തിക്കൊണ്ട് ആകാശത്തിൽ ഉദിച്ചുപൊങ്ങുന്നതു നിങ്ങളിൽ ആരു കണ്ടിട്ടുണ്ട്? സമുദ്രം ഒരു പരുക്കൻ രാക്ഷസനാണ്. ശരി, അവൻ എത്ര കിടന്നു മുരണ്ടാലും ശരി, ശുക്രനക്ഷത്രം ഉദിച്ചുവന്നാൽപ്പിന്നെ അവന്നു പുഞ്ചിരിക്കൊള്ളാതെ വയ്യാ. ആ മെരുങ്ങാത്ത കാട്ടുമൃഗം പട്ടായി. നമ്മളൊക്കെ ജനനാൽ അങ്ങനെയാണ്. ശുണ്ഠി, ലഹള, ഇടിവെട്ടുകൾ, ആകാശത്തട്ടിൽക്കിടന്നു പത പുറപ്പെടുവിക്കുന്നു, ഒരു സ്ത്രീ, അതാ, രംഗത്തേക്കു വരട്ടെ; ഒരു നക്ഷത്രമുദിക്കട്ടെ; കഴിഞ്ഞു, നിങ്ങൾ മണ്ണുകപ്പി! മരിയുസ് ആറുമാസംമുൻപ് യുദ്ധം ചെയ്കയായിരുന്നു; ഇന്നയാൾ വിവാഹം ചെയ്തു. അതു നന്നായി. അതേ മരിയുസ്, അതേ കൊസെത്ത്, നിങ്ങൾ ചെയ്തത് ഉചിതമാണ്. ഉശിരോടുകൂടി അന്യോന്യാവശ്യത്തിനു ജീവിച്ചിരിക്കുക, ഞങ്ങൾക്കങ്ങിനെ ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നുള്ള ദേഷ്യംകൊണ്ടു ഞങ്ങളെ പൊട്ടിപ്പിളർത്തുക, അന്യോന്യം ആദർശീകരിക്കുക, ഭൂമിയിലുള്ള എല്ലാ ആഹ്ലാദചില്ലകളേയും കൊക്കിലാക്കികൊണ്ടുവന്നു ജീവിക്കാൻ വേണ്ടുന്ന ഒരു പക്ഷിക്കൂടു കെട്ടിയുണ്ടാക്കുക. ഹാ, സ്നേഹിക്കുക. സ്നേഹിക്കപ്പെടുക, ചെറുപ്പകാലത്തെ എന്തൊരു മനോഹരമായ അത്ഭുതവസ്തു! നിങ്ങളാണ് ഇതു കണ്ടുപിടിച്ചതെന്നു കരുതേണ്ടാ. ഞാനും മനോരാജ്യം വിചാരിച്ചിട്ടുണ്ട്; ഞാനും ധ്യാനിച്ചിരുന്നിട്ടുണ്ട്; ഞാനും ദീർഘശ്വാസമിട്ടിട്ടുണ്ട് എനിക്കും കമ്പം പിടിച്ചിട്ടുണ്ട്. ആറായിരം വയസ്സു പ്രായമുള്ള ഒരു വക അനുരാഗം. അനുരാഗത്തിന് ഒരു നീണ്ട നരയൻതാടി വെക്കാൻ അവകാശമുണ്ടു്. കാമദേവന്റെ മുൻപിൽ മെത്തുസ്സേലം ഒരു തെരുവുതെണ്ടിച്ചെക്കനാണു്. അറുപതു നൂറ്റാണ്ടുകളോളമായി പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ കുടുക്കുകളിൽനിന്നു അനുരാഗംമൂലം പുറത്തുപോരാൻ തുടങ്ങിയിട്ട്. ഉപായിയായ ചെകുത്താൻ മനുഷ്യനെ ദ്രോഹിക്കാൻ തുടങ്ങി. ഈ നിലയ്ക്കു ചെകുത്താൻ ചെയ്യുന്ന ദ്രോഹത്തിലധികം അവൻ തനിക്കു ഗുണം ചെയ്യുകയായി. ഭൂലോകസ്വർഗ്ഗമുണ്ടായിരുന്ന കാലത്തു തുടങ്ങിവെച്ചതാണ് ഈ സൂത്രപ്പണി. എന്റെ സുഹൃത്തുക്കളേ, ഈ കണ്ടുപിടിത്തം പഴയതാണ്; പക്ഷേ, ഇന്നും പുതിയതുതന്നെ. അതുകൊണ്ടു ലാഭിക്കുക. നിങ്ങൾ അന്യോന്യം അടുത്തുള്ളപ്പോൾ യാതൊന്നും പിന്നെ വേണ്ടതില്ലെന്നാക്കുക; മരിയുസ്സിന് കൊസെത്ത് സൂര്യനായിരിക്കട്ടെ, കൊസെത്തിനു മരിയുസ് പ്രപഞ്ചവും. കൊസെത്ത്, നിനക്കു നിന്റെ ഭർത്താവിന്റെ പുഞ്ചിരിയായിരിക്കട്ടെ വസന്തകാലം; മരിയുസ്, നിന്റെ ഭാര്യയുടെ കണ്ണുനീരാവട്ടെ നിന്റെ മഴക്കാലം. എന്നാൽ നിങ്ങളുടെ വീട്ടിൽ ഒരിക്കലും മഴ പെയ്യരുത്. നിങ്ങൾ ഷോടതിയിൽ സമ്മാനനുറുക്കു തട്ടിയെടുത്തു; ഒന്നാംസമ്മാനം നിങ്ങൾക്കു കിട്ടി; അതു നല്ലവണ്ണം സൂക്ഷിക്കണം, പെട്ടിയിൽവെച്ചു പൂട്ടണം, ചെലവാക്കിക്കളയരുത്; അന്യോന്യം ആരാധിക്കുക, മറ്റാരേയും പുല്ലിനു ബഹുമാനിക്കേണ്ടാ. ഞാൻ പറയുന്നതു വിശ്വസിച്ചോളൂ, ഇതറിവാണ്. അറിവ് ഒരിക്കലും നുണ പറയുകയില്ല. നിങ്ങൾതന്നെയാവട്ടെ അന്യോന്യം ആവശ്യമുള്ള മതം. ഓരോരുത്തനും ഓരോ വിധമാണ് ഈശ്വരനെ ആരാധിക്കുക. ഞാൻ പറയട്ടെ, ഈശ്വരാരാധനകളിൽവെച്ചു ഏറ്റവും നല്ലതു സ്വന്തം ഭാര്യയെ സ്നേഹിക്കലാണ്. എനിക്കു നിന്നിൽ അനുരാഗമുണ്ട്!—ഇതാണ് എന്റെ വേദോപദേശചോദ്യോത്തരഗ്രന്ഥം. ആർക്കനുരാഗമുണ്ടോ അവൻ മതനിഷ്ഠൻ. നാലാമൻ ആങ്റി മഹാരാജാവിന്റെ ദൈവദൂഷണം മതനിഷ്ഠയെ സദ്യയുടേയും കുടിയുടേയും ഇടയിലൊന്നാക്കി നിർത്തി. ഭക്ഷണവും കുടിയും! ഞാൻ ആ ദൈവദൂഷണത്തിൽപ്പെട്ട മതത്തെ വിശ്വസിക്കുന്നില്ല. അതിൽ സ്ത്രീയുടെ കാര്യം മറന്നിരിക്കുന്നു. നാലാമൻ ആങ്റിക്ക് ഇതു പറ്റിപ്പോയല്ലോ എന്നാണെനിക്ക്. എന്റെ സുഹൃത്തുക്കളേ, സ്ത്രീകൾ ദീർഘായുസ്സോടുകൂടിയിരിക്കട്ടെ! ആളുകൾ പറയുന്നു, എനിക്കു പ്രായമായി; എനിക്കെത്ര ചെറുപ്പക്കാരന്റെ ഉന്മേഷമാണുള്ളതെന്നു വിചാരിച്ചാൽ അത്ഭുതമുണ്ട്. കാട്ടിൽപ്പോയി എനിക്ക് കുയിലുകളുടെ പാട്ടു കേൾക്കാൻ നന്നേ ആഗ്രഹമുണ്ട്. സൌന്ദര്യവും സംതൃപ്തിയും കൈക്കൊണ്ടിരിക്കുന്ന കുട്ടികൾ—എന്നെ ഇതു ലഹരി പിടിപ്പിക്കുന്നു. ആരെങ്കിലും എന്നെ കൈക്കൊള്ളുമെങ്കിൽ, എനിക്കൊരു വിവാഹംചെയ്താൽക്കൊള്ളാമെന്നുണ്ട്. ഇതിനല്ലാതെ മറ്റൊന്നിനുമായിരിക്കാൻ വഴിയില്ല നമ്മെ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളത്; ആരാധിക്കുക, പ്രേമസല്ലാപം ചെയ്യുക, തൊട്ടുമിനുക്കുക, പ്രാവിനെപ്പോലാവുക, രസികന്മാരാവുക, രാവിലെ മുതൽ രാത്രിയാവുന്നതുവരെ തൊട്ടുമിനുക്കുകയും കൊഞ്ചിക്കുഴയുകയും ചെയ്ക, ചെറുപ്പക്കാരിയായ ഭാര്യയിൽ അവനവന്റെ പ്രതിബിംബമുള്ളതിനെ സൂക്ഷിച്ചുനോക്കുക, അഹങ്കരിക്കുക, വിജയഹർഷം കൊള്ളുക. മേനി നടിക്കുക—ഇതാണ് പരമപുരുഷാർത്ഥം. ഞങ്ങൾക്കു ചെറുപ്പമായിരുന്നപ്പോൾ, ഞങ്ങളുടെ യനവനകാലത്ത്, ഞങ്ങൾ വിചാരിച്ചിരുന്നത് ഇന്നു നിങ്ങളെ മുഷിപ്പിക്കേണ്ടതില്ല. അക്കാലത്തു എന്തു സുന്ദരിമാരുണ്ടായിരുന്നു, എന്തോമനമുഖങ്ങൾ, എന്തു ചന്തമുള്ള പെൺകുട്ടികൾ! ഞാൻ അവരുടെ ഇടയിൽക്കിടന്നു കൂത്തുമറിഞ്ഞു. അപ്പോൾ അന്യോന്യം സ്നേഹിക്കുക. ആളുകൾക്ക് അനുരാഗം എന്നൊന്നില്ലെങ്കിൽ വസന്തകാലംകൊണ്ടുള്ള ആവശ്യമെന്താണെന്ന് എനിക്കു വാസ്തവത്തിൽ മനസ്സിലായിട്ടില്ല; ഞാനാണെങ്കിൽ, ഞാൻ ആ നല്ലവനായ ഈശ്വരനോട് അവിടുന്നു നമുക്കു കാണിച്ചുതരുന്ന നല്ല വസ്തുക്കളെയെല്ലാം ഇട്ടു പൂട്ടിക്കൊള്ളാനും, അവിടത്തെ പള്ളിപ്പെട്ടിയിലേക്കുതന്നെ പുഷ്പങ്ങളേയും പക്ഷികളേയും സുന്ദരിപ്പെൺകിടാങ്ങളേയും പെറുക്കിയെടുത്തിട്ടു കൊള്ളാനും പ്രാർത്ഥിക്കും. എന്റെ കുട്ടികളേ, ഒരു വയസ്സന്റെ അനുഗ്രഹം കൈക്കൊള്ളുക.’

വൈകുന്നേരം രസമുള്ളതും ഉന്മേഷമുള്ളതും സന്തോഷം തോന്നിക്കുന്നതുമായിരുന്നു. മുത്തച്ഛന്റെ സഹാനുഭുതിയോടുകൂടിയ ആഹ്ലാദശീലംതന്നെയായിരുന്നു എല്ലാവർക്കും; ഓരോരുത്തനും ആ നൂറു വയസ്സുകാരന്റെ ഉന്മേഷത്തെ നോക്കി അവരവരുടെ മനഃസ്ഥിതിയെ ക്രമപ്പെടുത്തി. അവർ കുറച്ചു നൃത്തമാടി. അവർ ഒരുപാടു ചിരിച്ചു: അതൊരു രസംപിടിച്ച വിവാഹമായിരുന്നു. പരമാനന്ദം തന്നെയായ കൃതയുഗത്തിലെ ആളെ അതിന്നു ക്ഷണിക്കേണ്ടതായിരുന്നു. ഏതായാലും ഗിൽനോർമാൻമുത്തച്ഛന്റെ രൂപത്തിൽ, അദ്ദേഹം അവിടെ സന്നിഹിതനായിട്ടുണ്ട്.

ഒരു ലഹള നടന്നു. പിന്നെ നിശ്ശബ്ദത.

വധൂവരന്മാർ അവിടെനിന്നു മറഞ്ഞു.

അർദ്ധരാത്രി കഴിഞ്ഞതോടുകൂടി ഗിൽനോർമാൻഭവനം ഒരു ക്ഷേത്രമായി. ഇവിടെ ഞങ്ങൾ നിർത്തുന്നു. വിവാഹരാത്രിയിലെ മണിയറകളുടെ മുൻപിൽ ഒരു പുഞ്ചിരിക്കൊള്ളുന്ന ദേവൻ മിണ്ടരുതെന്നു ചുണ്ടത്തു വിരലും വെച്ചുനില്ക്കും.

അനുരാഗമഹോത്സവം കൊണ്ടാടിക്കഴിഞ്ഞ ആ ശ്രീകോവിലിനു മുൻപിൽ ആത്മാവു ധ്യാനത്തിൽപ്പെടുന്നു.

ഈവക വീടുകളിൽ വിലങ്ങനെ വെളിച്ചത്തിന്റെ മിന്നലാട്ടങ്ങളുണ്ടാവും. അവയിലെ ആഹ്ലാദം ചുമരുകളിലെ കല്ലുകളിലൂടേ പ്രകാശധോരണിയായി പുറത്തേക്കു കടക്കുകയും അന്ധകാരത്തെ അസ്പഷ്ടമായി മിന്നിക്കുകയും ചെയ്യാതെ വയ്യാ. ഈ പരിശുദ്ധവും ഈശ്വരകല്പിതവുമായ ആഘോഷം അപാരതയ്ക്ക് ഒരു ദിവ്യമായ വെളിച്ചമുണ്ടാക്കിയില്ലെന്നു വരാൻ പാടില്ല. പുരുഷനും സ്രതീയും തമ്മിൽ ഉരുകിച്ചേരുന്ന ഒരു വിശിഷ്ടത്തീച്ചുളയാണ് അനുരാഗം; ഏകത്വം,ത്രിമൂർത്തിത്വം, അന്ത്യത്വം അതിൽനിന്നുത്ഭവിക്കുന്നു. രണ്ടു ജീവാത്മാക്കൾകൂടി ഒന്നായിത്തീരൽ അന്ധകാരത്തിന്നു വികാരജനകമായിരിക്കണം. കാമുകൻ മതാചാര്യനാണ്; ആനന്ദപരവശയായ കന്യക അമ്പരക്കുന്നു. ആ ആഹ്ലാദത്തിന്റെ ഒരംശം ഈശ്വരനിലേക്കു കയറിച്ചെല്ലുന്നു. യഥാർത്ഥമായ വിവാഹം എവിടെയുണ്ടോ, അതായത് അനുരാഗം എവിടെയുണ്ടോ, അവിടെ ആദർശം എത്തിച്ചേരുന്നു. ഇരുൾപ്പാടുകൾക്കിടയിൽ വിവാഹമച്ച് ഒരരുണോദയമൂലയുണ്ടാക്കുന്നു. മാംസചക്ഷുസ്സിനു ദേവകളുടെ അസാധാരണവും മനോഹരവുമായ ജീവിതത്തെ നോക്കിക്കാണാൻ കഴിവുണ്ടായിരുന്നുവെങ്കിൽ നമുക്കു നിഴൽസ്വരുപങ്ങൾ, ചിറകുള്ള അജ്ഞാതസത്ത്വങ്ങൾ, അദൃശ്യതയിലെ നീലച്ച സഞ്ചാരികൾ, മങ്ങിയ ഒരുകൂട്ടം ശിരസ്സുകളെ ആ പ്രകാശമാനമായ ഭവനത്തിനു ചുറ്റും സംതൃപ്തിയോടുകൂടി കുനിച്ച്, അല്പം ഭയപ്പെട്ടുപോകയും ഓമനത്തത്തോടുകൂടി ഒന്നു ശങ്കിച്ചുകളകയുംചെയ്ത ആ നിഷ്കളങ്കയായ ഭാര്യയെ അന്യോന്യം ചൂണ്ടികാട്ടി അവൾക്കായി ആശീർവാദങ്ങളെ ചൊരിയുകയും തങ്ങളുടെ ദിവ്യങ്ങളായ മുഖഭാവങ്ങളിൽ മാനുഷാനന്ദത്തിന്റെ ഒരു പ്രതിച്ഛായയെ കൈക്കൊള്ളുകയും ചെയ്യുന്നതായി കാണാം. ആ വിശിഷ്ടഘട്ടത്തിൽ വിഷയലമ്പടത്വംകൊണ്ടു മതിമറന്നു തങ്ങളല്ലാതെ മറ്റാരും ചെവിയോർക്കാനില്ലെന്നു വിശ്വസിക്കുന്ന വിവാഹിതർ തങ്ങളുടെ മുറിയിൽ നിന്നു ഒരു ചിറകടിശ്ശബ്ദം കേൾക്കുന്നുണ്ടാവണം. പൂർണ്ണസുഖം ദേവകളുമായുള്ള യോജിപ്പിനെ കാണിക്കുന്നു. ആ ഇരുണ്ട ചെറുമുറിയുടെ മേൽത്തട്ടായി സ്വർഗ്ഗം മുഴുവനുമാണുള്ളത്. അനുരാഗത്തെക്കൊണ്ടു പരിശുദ്ധിയടഞ്ഞ രണ്ടു വക്ത്രപുടങ്ങൾ, സൃഷ്ടിക്കായി അടുത്തുകൂടുമ്പോൾ, ആ അനിർവചനീയമായ ചുംബനത്തിനു മീതേ, അപാരമായ നക്ഷത്രപഥത്തിന്റെ നിഗൂഢതയിലെങ്ങും ഒരു വിറകൊള്ളലുണ്ടായില്ലെന്നു വരാൻ വയ്യാ.

ഈ ആനന്ദങ്ങളാണ് വാസ്തവങ്ങൾ. ഈ ആഹ്ലാദങ്ങൾക്കപ്പുറത്തായി ഒരാഹ്ലാദവുമില്ല. അനുരാഗം മാത്രമാണ് ആനന്ദമൂർച്ഛ. ബാക്കിയെല്ലാം കരയുന്നു.

സ്നേഹിക്കുക, അല്ലെങ്കിൽ സ്നേഹിച്ചിട്ടുണ്ടാവുക—ഇതു മതി. ഇനിയൊന്നും ആവശ്യപ്പെടരുത്. ജീവിതത്തിലെ അഗാധതകൾക്കടിയിൽനിന്നു മറ്റൊരു മുത്തും കിട്ടാനില്ല. സ്നേഹിക്കൽ ഒരു മുഴുമിക്കലാണ്.

കുറിപ്പുകൾ

[1] പ്രസിദ്ധനും പ്രധാനനുമായ ഒരു ഭരണപരിവർത്തകൻ.

[2] സുപ്രസിദ്ധനായ ആന്ത്രിയക്കാരൻ ഗായകകവി.

[3] മോളിയേരുടെ ‘മനുഷ്യദ്വേഷി’ എന്ന സുപ്രസിദ്ധനാടകത്തിൽ, അൽസെസ്തിയുടെ വിവാഹപ്രാർത്ഥനയെ നിസ്സാരമാക്കിയ ഒരു മേനിക്കാരി.

5.4.3
ഒഴിച്ചുകൂടാത്ത വസ്തു

ഴാങ് വാൽഴാങ്ങിന്റെ കഥയെന്തായി?

കൊസെത്തിന്റെ കൗതുകകരമായ ആജ്ഞയനുസരിച്ചതിനുശേഷം, ആരും അങ്ങോട്ടു ശ്രദ്ധ പതിക്കാതിരിക്കെ, അയാൾ അവിടെനിന്നെണീറ്റ് ഉപായത്തിൽ തളത്തിലെത്തി. എട്ടുമാസം മുൻപ് ചളികൊണ്ടും ചോരകൊണ്ടും വെടിമരുന്നു കൊണ്ടും കറുത്ത് അയാൾ ദൗഹിത്രനെ മുത്തച്ഛന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുവന്ന ആ മുറിയായിരുന്നു അത്. പഴയ കണ്ണാടിപ്പലക തളിരുകളെക്കൊണ്ടും പുഷ്പങ്ങളെക്കൊണ്ടും മാലയണിഞ്ഞിരിക്കുന്നു; മരിയുസ്സിനെ കിടത്തുകയുണ്ടായ സോഫമേൽ ഗായകന്മാർ ഇരിക്കുന്നു. കറുത്ത പുറങ്കുപ്പായത്തോടും കാലുമുട്ടുചട്ടകളോടും വെളുത്ത കീഴ്ക്കാലുറകളോടും വെളുത്ത കൈയുകളോടും കൂടിയ ബസ്ക് അവിടെ ഉപയോഗിക്കാൻ പോകുന്ന തളികകളുടെയെല്ലാം ചുറ്റിലും പനിനീർപ്പുവുകൾ അണിയുകയാണ്. ഴാങ് വാൽഴാങ് തന്റെ കെട്ടുള്ള കൈ ചൂണ്ടിക്കാട്ടി, താനില്ലാതിരിക്കുന്നതിനു സമാധാനം പറഞ്ഞുകൊടുപ്പാൻ ഏൽപിച്ച്, ഒരു നട നടന്നു.

ഭക്ഷണമുറിയിലെ ജനാലകൾ തുറക്കുന്നതു തെരുവീഥിയിലേക്കാണ്. ഴാങ് വാൽവാങ് ഇരുട്ടത്തു നിവർന്ന് അനങ്ങാതെ ആ ഒളികൊള്ളുന്ന ജനാലകൾക്കു ചുവട്ടിൽ കുറെ നിമിഷങ്ങളോളം നിന്നു. അയാൾ ചെവിയോർത്തു. സദ്യയുടെ തിരക്ക് അയാൾ കേട്ടു. ഉച്ചത്തിലുള്ള മുത്തച്ഛന്റെ ആജ്ഞകളും, വീണവായനയും തളികകളുടെ കെടെകെടെശ്ശബ്ദവും പൊട്ടിച്ചിരിയും അയാൾ കേട്ടു. ആ ഉന്മേഷ പൂർണ്ണമായ ലഹളയ്ക്കെല്ലാമിടയിൽ കൊസെത്തിന്റെ മനോഹരവും ഓമനത്തം നിറഞ്ഞതുമായ ശബ്ദം അയാൾ വേറെ കേട്ടറിഞ്ഞു.

അയാൾ റ്യു ദെ ഫിൽദ്യു കൽവേറിൽനിന്നു പോയി. റ്യൂ ദ ലോം അർമേയിലെത്തി.

അങ്ങോട്ടു തിരിച്ചുപോവാൻ അയാൾ റ്യു സാങ് ലൂയിയിലൂടേയും, റ്യൂസാങ് ദ് കതെറീനിലൂടേയും, ബ്ലാങ് മന്തോവിലൂടേയും വെച്ചു; അതുകുറച്ചു കളവാണ്; എങ്കിലും ഒരു മൂന്നു മാസമായിട്ടു, റ്യുദ ലോം അർമേയിൽ നിന്നു റ്യൂ ദെ ഫിൽദ്യു കൽവേറിലേക്കു പോവുമ്പോൾ റ്യു വിൽദ്യു തെന ഘടങ്ങളും ചളിയുംകുടാതെ കഴിക്കാൻ വേണ്ടി അയാൾ അതായിരുന്നു പിടിക്കാറ്.

കൊസെത്ത് നടന്നുപോയിട്ടുള്ള ഈ വഴി മറ്റേതു വഴിയിലേക്കും കാൽ ചെല്ലിക്കാതെ അതുതന്നെ അയാൾക്കു വേണമെന്നാക്കി.

ഴാങ് വാൽഴാങ് തന്റെ താമസസ്ഥലത്തെത്തി. അയാൾ വിളക്കു കൊളുത്തി മുകളിലേക്കു കയറി. അവിടെയെങ്ങും ആരുമില്ല. തുസ്സാങ്കൂടി അവിടെയില്ലല്ലോ. ഴാങ് വാൽഴാങ്ങിന്റെ കാൽവെപ്പു മുൻപുണ്ടാകാറുള്ളതിലധികം മുറിയിലെങ്ങും ഒച്ചയുണ്ടാക്കി. എല്ലാ ചുമരളുമാറികളും തുറന്നു കിടക്കുന്നു. അയാൾ കൊസെത്തിന്റെ കിടപ്പുമുറിയിലേക്കു ചെന്നു. കിടയ്ക്കമേൽ വിരിപ്പില്ല. കട്ടിത്തുണികൊണ്ടു മൂടിയതും ഉറയോ പൂനാടപ്പണിയോ ഇല്ലാത്തതുമായ തലയണ, ശീല കാണാവുന്നതും ഇനി ആരും കിടക്കാൻ ഭാവമില്ലെന്നായതുമായ കിടക്കയുടെ കാൽക്കൽ കമ്പിളിമടക്കിൽക്കിടക്കുന്നു. കൊസെത്തിനു രസമുള്ള എല്ലാ ചില്ലറസ്സാമാനങ്ങളും അവിടെനിന്നു കൊണ്ടുപോയിരിക്കുന്നു; കനത്ത ഉരുപ്പടികളും നാലു ചുമരുകളുമല്ലാതെ മറ്റൊന്നും ബാക്കിയില്ല. തുസ്സാങ്ങിന്റെ കിടക്കയും ഇതേവിധം തകരാറായിരിക്കുന്നു. ഒരു കിടയ്ക്കമാത്രമേ ശരിക്കുള്ളു. ഒരാളുടെ വരവും കാത്തിരിക്കുന്നുള്ളു; അതു ഴാങ് വാൽഴാങ്ങിന്റേതാണ്.

ഴാങ് വാൽഴാങ് ചുമരുകളിലേക്കു നോക്കി, ചില ചുമരളുമാറി വാതിലുകളടച്ചു, ഒരു മുറിയിൽനിന്നു മറ്റൊന്നിലേക്കായി ലാത്തി.

എന്നിട്ട് അയാൾ സ്വന്തം മുറിയിലേക്കുതന്നെ തിരിച്ചുചെന്നു, മെഴുതിരി ഒരിടത്തു വെച്ചു.

അയാൾ കൈയിന്റെ കെട്ടഴിച്ചുകളഞ്ഞു, യാതൊരു കേടും പറ്റിയിട്ടില്ലാത്ത വിധത്തിൽ വലത്തേ കൈ ഉപയോഗിച്ചു.

അയാൾ തന്റെ കിടക്കയുടെ അടുക്കലേക്കു ചെന്നു—യദൃച്ഛാസംഭവത്താലോ, അതോ മനഃപൂർവ്വം ചെയ്തതോ? അയാളുടെ നോട്ടം കൊസെത്തിനു അസൂയ തോന്നിച്ചിട്ടുള്ള ആ ‘ഒഴിച്ചുകൂടാത്ത വസ്തുവിൽ’, ഒരിക്കലും അയാളെ വിട്ടുപിരിയുകയുണ്ടായിട്ടില്ലാത്ത ആ ചെറുപെട്ടിയിൽ പതിഞ്ഞു. ജൂൺ 4-ാംനു റ്യു ദ് ലോം അർമേയിലെത്തിച്ചേർന്ന ദിവസം അയാൾ അതു കട്ടിലിന്റെ അടുത്തുള്ള ഒരു വട്ടമേശമേൽ പ്രതിഷ്ഠിച്ചു. ഒരു ചുറുചുറുക്കോടുകൂടി അയാൾ ആ മേശയുടെ അടുക്കലേക്കു ചെന്നു; കീശയിൽനിന്ന് ഒരു താക്കോലെടുത്തു, യാത്രപ്പെട്ടിയുടെ പൂട്ടു തുറന്നു.

അതിൽനിന്നു ഒരു പത്തുകൊല്ലം മുൻപു കൊസെത്ത് മൊങ്ഫേർമി യെയിയിൽനിന്നു പോരികയുണ്ടായപ്പോഴത്തെ ഉടുപ്പ് അയാൾ വലിച്ചെടുത്തു; ആദ്യമായി ചെറിയ നീലയങ്കി, പിന്നെ കറുത്ത ചുമൽ മൂടുതുണി, കൊസെത്തിനു അപ്പോഴും ധരിക്കാവുന്നവിധം വലുതായി തടിച്ച പരുക്കൻ പാപ്പാസ്സുകൾ, പിന്നെ തടിച്ച തുണികൊണ്ടുള്ള കനമേറിയ പെൺകുപ്പായം, പിന്നെ തുന്നിക്കുത്തിയ റവുക്ക, അതു കഴിഞ്ഞു കീശകളോടുകൂടിയ മുന്നാരത്തുണി, പിന്നെ രോമക്കീഴ്ക്കാലുറകൾ, ഇങ്ങനെയെല്ലാം ഒരു ചെറിയ കാലടിയുടെ രൂപം അപ്പോഴും കാണിച്ചുകൊണ്ടിരുന്ന ആ കീഴ്ക്കാലുറയ്ക്ക് ഴാങ് വാൽഴാങ്ങിന്റെ ഒരു കൈപ്പടത്തോളം നീളമില്ല. എല്ലാം കറുത്തിട്ടാണു്. അയാളാണ് ആ ഉടുപ്പുകളെല്ലാം അവൾക്കുവേണ്ടി വാങ്ങിച്ചുകൊണ്ടു ചെന്നതു്. യാത്രസ്സഞ്ചിയിൽനിന്നെടുത്ത് അയാൾ അവയെല്ലാം കിടക്ക്മേൽ നിരത്തി, അയാൾ ആലോചനയിൽ മുങ്ങി. അയാൾ പഴയ കഥകളെ ഓർമിച്ചു. അതു മഴക്കാലത്താണു്. ഡിസേംബർമാസത്തിലെ തണുപ്പുകൂടിയ രാത്രി; അവൾ അർദ്ധനഗ്നയായി കീറത്തണിക്കുള്ളിൽ വിറയ്ക്കുകയായിരുന്നു. അവളുടെ ചെറുകാലടികൾ മരപ്പാപ്പാസ്സിട്ടിട്ടു തുടുത്തിരുന്നു. താനാണ്, ഴാങ് വാൽഴാങ്ങാണ്, അവളെക്കൊണ്ട് കീറത്തുണി അഴിച്ചുകളയിച്ച് ആ വ്യസനസൂചകമായ ഉടുപ്പിടുവിച്ചത്. മകൾ വ്യസനസൂചകമായ ഉടുപ്പിടുന്നത് ശവക്കല്ലറയിൽനിന്നു കണ്ട് അമ്മ സന്തോഷിച്ചിട്ടുണ്ടാവണം; എന്നല്ല, മകളുടെ ഉടുപ്പ് നന്ന്, നല്ല ചൂടുള്ളതുമാണ്. അയാൾ മൊങ്ഫേർമിയയിലെ കാട്ടുപ്രദേശങ്ങളെപ്പറ്റിയോർമ്മിച്ചു; തങ്ങൾ കൊസെത്തും താനുംകൂടി, ആ കാട്ടുപുറം കടക്കുകയായി; അന്നത്തെ കാലവും, ഇലയില്ലാത്ത മരങ്ങളും, പക്ഷികളില്ലാത്ത കാടും, സൂര്യനില്ലാത്ത ആകാശവും, അയാൾക്കോർമ്മവന്നു; സാരമില്ല, അതിന്നൊരു രസമുണ്ടായിരുന്നു. ആ ഉടുപ്പുകൾ കിടക്കമേൽ ക്രമപ്പെടുത്തിവെച്ചു; റവുക്കയ്ക്കടുത്തായി ചുമൽമൂടുതുണി, പാപ്പാസ്സുകൾക്കടുത്തായി കീഴ്ക്കാലുറകളും ചേർത്തുവെച്ചു; അയാൾ ഓരോന്നോരോന്നായി അവയെ നോക്കിക്കണ്ടു. അവൾ ആകെ ഇത്രയേ ഉള്ളൂ; അവൾ ആ വലിയ കളിപ്പാവയെ താങ്ങിപ്പിടിച്ചിരുന്നു; അവൾ തന്റെ മുന്നാരത്തുണിക്കീശയിൽ തന്റെ ലൂയിനാണ്യമിട്ടു; അവൾ ചിരിച്ചു; അവർ കൈ കോർത്തുപിടിച്ചു നടന്നു; അവൾക്ക് ലോകത്തിൽ അയാളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.

ഉടനേ അയാളുടെ ആരാധ്യമായ വെളുത്ത തല കിടയ്ക്കയിൽ വീണു; ആ പ്രായം ചെന്ന വിരക്തഹൃദയം പിളർന്നുപോയി; അയാളുടെ മുഖം കൊസെത്തിന്റെ ഉടുപ്പിനുള്ളിൽ കുഴിച്ചുമുടപ്പെട്ടു എന്നു പറയട്ടെ; ആരെങ്കിലും അസ്സമയത്ത് കോണി കയറിച്ചെന്നിരുന്നുവെങ്കിൽ, ആ ആൾ വല്ലാത്ത തേങ്ങിക്കരച്ചിൽ കേട്ടേനേ.

5.4.4
അനശ്വരമായ കരൾ [1]

പല ഭാഗങ്ങളും നമ്മൾ നോക്കിക്കണ്ടിട്ടുള്ള ആ പണ്ടത്തെ ഭയങ്കര ലഹള ഒരിക്കൽക്കൂടി ആരംഭിച്ചു.

യാക്കോബ് ദേവദൂതനുമായി മല്ലിട്ടുനിന്നത് ഒരു രാത്രിയേയുള്ളു. കഷ്ടം! ഴാങ് വാൽഴാങ് എത്ര തവണയാണ് മനസ്സാക്ഷിയാൽ അന്ധകാരത്തിൽവെച്ച് ദേഹത്തിൽ പിടികൂടപ്പെട്ടതായും അതിനോട് മല്ലിട്ടതായും നാം കണ്ടിട്ടുള്ളത്!

അശ്രുതപൂർവ്വമായ ദന്ദ്വയുദ്ധം! ചില സമയങ്ങളിൽ കാൽ വഴുതും; മറ്റു ചിലപ്പോൾ കാലിന്നടിയിൽനിന്ന് നിലം ഇടിഞ്ഞുവീഴും. പുണ്യകർമ്മത്തിന്മേൽ കമ്പംപിടിച്ചിട്ടുള്ള ആ മനസ്സാക്ഷി എത്ര കുറിയാണ് അയാളെ പിടികൂടി മറിച്ചിട്ടുള്ളത്! എത്ര തവണയാണ് സത്യം അയാളുടെ മാറത്ത് ദയയില്ലാതെ കാൽമുട്ടമർത്തിയിട്ടുള്ളത്! എത്ര തവണയാണ് വെളിച്ചത്താൽ ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടേടത്തു കിടന്ന് അയാൾ ദയയ്ക്കു കെഞ്ചിയിട്ടുള്ളത്! എത്ര തവണയാണ്, അയാളുടെ ഉള്ളിൽവെച്ചും അയാളെക്കൊണ്ടും മെത്രാൻ കത്തിച്ചുവിട്ട ആ കെടാത്തീപ്പൊരി, അന്ധനായിരിക്കാൻ അയാൾ ഇഷ്ടപ്പെടുമ്പോൾ, കണ്ണു പിടിച്ചു മിഴിപ്പിച്ച അതിനെ അഞ്ചിപ്പിച്ചിട്ടുള്ളത്! എത്ര തവണയാണ് ദ്വന്ധയുദ്ധത്തിൽ അയാൾ എഴുന്നേറ്റുനിന്ന് ദുസ്തർക്കത്തിന്മേലേക്കു ചാരി പാറയോട് മുറുക്കിപ്പിടിക്കുകയും അവിടെനിന്നു മണ്ണിലേക്കു വലിച്ചെറിയപ്പെടുകയും ചെയതിട്ടുള്ളത്! ഒരിക്കൽ മനസ്സാക്ഷിയെ കീഴടക്കുകയും ഉടനെതന്നെ അതിനാൽ മറിച്ചിടപ്പെടുകയും ചെയ്തിട്ടുള്ളത്! എത്ര തവണയാണ് ശ്ലേഷപ്രയോഗത്തിനുശേഷം, അയാളുടെ തരവും വഞ്ചനാപരവുമായ ന്യായവാദത്തിനുശേഷം,അയാളുടെ ശുണ്ഠിയെടുത്ത മനസ്സാക്ഷി ഇങ്ങനെ ചെകിട്ടിൽ മന്ത്രിക്കുന്നതായി കേട്ടിട്ടുള്ളത്—‘എട ദുഷ്ട! ഒരു തെറ്റ്!’ എത്ര തവണയാണ് അയാളുടെ ദുശ്ശാഠ്യമേറിയ ആലോചനകൾ ധർമ്മത്തിന്റെ മുൻപിൽ തൊണ്ടയിൽത്തന്നെ കിടന്നു പിടഞ്ഞു ഞെരങ്ങിയിട്ടുള്ളത്! ഈശ്വരനോടു മല്ലിടൽ. മരണത്തിക്ക്. അയാൾക്കു മാത്രം ചോര ചാടുന്നതായിക്കാണാവുന്ന നിഗൂഢവ്രണങ്ങൾ! അയാളുടെ വ്യസനകരമായ ജീവിതത്തിലെ എന്തു തോലുരിക്കലുകൾ! എത്ര തവണയാണ് ചോര ചാടിയും, പൊട്ടിത്തകർന്നും, അറിവുകൂടിയും, ഹൃദയത്തിൽ നിരാശതയോടും ആത്മാവിൽ വിശിഷ്ടതയോടുകൂടിയും, അയാൾ വീണേടത്തുനിന്നെണീറ്റിട്ടുള്ളത്! അപ്പോഴെല്ലാം തോറ്റുപോയിയെങ്കിലും ജയിച്ചിരിക്കയാണെന്നുള്ള ബോധം അയാൾക്കുണ്ടാവും. അങ്ങനെ സന്ധികളൊക്കെത്തെറ്റി, തളർന്നു, ചുട്ടുപഴുത്ത ചവണകൊണ്ട് മനസ്സാക്ഷി പറിച്ചു ചീന്തപ്പെട്ടതിനുശേഷം, അതു ഭയങ്കരമായി, പ്രകാശമാനമായി, ശാന്തമായി, അയാളുടെ മീതെ കയറിയിരുന്നു പറഞ്ഞിരുന്നു; ‘ഇനി സ്വസ്ഥമായിരിക്കുക.’

പക്ഷേ, അത്രമേൽ വ്യസനകരമായ ഒരു ദ്വന്ദ്വയുദ്ധത്തിനുശേഷം എന്തു സങ്കടം നിറഞ്ഞ സ്വാസ്ഥ്യം, ഹാ കഷ്ടം!

എന്തായാലും അന്നു രാത്രിയിലത്തേത് അവസാനയുദ്ധമാണെന്ന് ഴാങ് വാൽഴാങ്ങിനു തോന്നി.

ഒരു ഹൃദയഭേദകമായ സംശയം അയാളുടെ മുൻപിൽ ആവിർഭവിച്ചു.

ഈശ്വരവിധികൾ നേരേയല്ല വന്നുമുട്ടുക; അവ മനുഷ്യന്റെ മുൻപിൽ ഒരു ചൊധവ്വുള്ള നടക്കാവുപോലായിട്ടല്ല തുറന്നുകാണുക; അവയ്ക്ക് ഇരുട്ടടഞ്ഞ മുറ്റങ്ങളുണ്ട്. കടന്നുകൂടാത്ത നടവഴികളുണ്ട്. നിഗൂഢങ്ങളായ തിരിവുകളുണ്ട്. പലവഴികളും തിരഞ്ഞെടുക്കാനായി മുൻപിൽ കാട്ടിക്കൊണ്ടുള്ള പലേ കമ്പം പിടിപ്പിക്കുന്ന വഴിച്ചെനച്ചങ്ങളുണ്ട്.

അയാൾ പാപപുണ്യങ്ങളുടെ ഒടുവിലത്തെ വഴിത്തിരിവിലെത്തി. ആ ഇരുണ്ട വഴിപ്പിണച്ചിൽ അയാൾ തന്റെ മുൻപിൽക്കണ്ടു. ഒരിക്കൽക്കൂടി ഈ ഘട്ടത്തിൽ, കഴിഞ്ഞുപോയ വ്യസനകരങ്ങളായ പല ഗ്രഹപ്പിഴകളിലും കണ്ടിട്ടുള്ളതുപോലെ തന്നെ, രണ്ടു വഴികൾ, ഒന്നു രസം തോന്നിക്കുന്നതും മറ്റേതു ഭയം തോന്നിക്കുന്നതുമായി, അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു.

അയാൾ ഏതുവഴിക്കു വെയ്ക്കണം?

അന്ധകാരത്തിലേക്കു സൂക്ഷിച്ചുനോക്കുമ്പോൾ നമ്മൾ എപ്പോഴും കാണാറുള്ള ആ എന്തെന്നറിയാത്ത ചൂണ്ടാണിവിരൽ അയാളോട് ഭയങ്കരമായിരുന്ന ആ ഒരു വഴിയിലൂടെ വെക്കാൻ ഉപദേശിച്ചു.

ഒരിക്കൽക്കൂടി ഴാങ് വാൽഴാങ്ങിന് ഭയങ്കരത്തുറമുഖത്തേക്കോ പുഞ്ചിരിക്കൊള്ളുന്ന വള്ളിക്കുടിലിലേക്കോ നടക്കേണ്ടതെന്നു തീർച്ചപ്പെടുത്തണം.

അപ്പോൾ അതു വാസ്തവമാണോ? ആവാം, ആത്മാവിന് മുക്തി കിട്ടാം; പക്ഷേ, തലയിലെഴുത്തിന്നില്ല. ഭയങ്കരസ്ഥിതി! ഒരു മറുകൈയില്ലാത്ത ദൗർഭാഗ്യം!

ഇതാണ് അയാൾക്കു തോന്നിയ വിഷമത: കൊസെത്തിന്റെയും മരിയുസ്സിന്റെയും സുഖത്തോട് ഏതു നിലയിലാണ് ഴാങ് വാൽഴാങ് പെരുമാറേണ്ടത്? ആ സുഖം ഉണ്ടാക്കിത്തീർത്തത് അയാളാണ്. അയാളാണ് അതിനു കാരണഭൂതൻ; അയാൾതന്നെ അതയാളുടെ കുടർമാലയിലേക്കാഴ്ത്തി; അപ്പോൾ, അതിനെപ്പറ്റി ആലോചിച്ചു നോക്കിയപ്പോൾ, ഒരിരുമ്പുപണിക്കാരന്ന് തന്റെ സ്വന്തം മാറിടത്തിൽനിന്ന് ആകെ പുകഞ്ഞുംകൊണ്ട് പറിച്ചെടുത്ത സമയത്ത് ഒരു കട്ടാരത്തിന്മേൽ തന്റെ സ്വന്തം പണിപ്പുരമുദ്ര കണ്ടെത്തിയാൽ ഉണ്ടായേക്കാവുന്ന ആ ഒരുതരം സംതൃപ്തി അയാൾക്ക് അനുഭവിക്കാൻ കഴിഞ്ഞു.

കൊസെത്തിനു മരിയുസ്സിനെ കിട്ടി, മരിയുസ്സിന് കൊസെത്ത് കൈയിലായി. അവർക്കു സകലവുമുണ്ട്, സമ്പത്തുകൂടി. ഇതെല്ലാം അയാളുടെ പണിയാണ്.

പക്ഷേ, അയാൾ, ഴാങ് വാൽഴാങ്, ഈ സുഖത്തെക്കൊണ്ട്—അതിപ്പോൾ ഉണ്ടായിക്കഴിഞ്ഞു, അതതാ അവിടെയായി—എന്തു ചെയ്യണം? അയാൾ ഈ സുഖത്തിലേക്ക് തല കാണിക്കണമോ? അയാൾ അതു തന്റെയാണെന്ന നിലയിൽ പെരുമാറണമോ? നിശ്ചയമായും, കൊസെത്ത് മറ്റൊരാളുടെയായി; എന്നാൾ അയാൾ, ഴാങ് വാൽഴാങ് കൊസെത്തിന്റെ ഏതൊരുഭാഗം ഇനിയും കൈയിൽ വെക്കാമോ ആ ഒരു ഭാഗം കൈയിൽ വെയ്ക്കുന്നതിന്നെന്താണ്? ഇതുവരത്തെപ്പോലെ ഇനിയും അയാൾക്ക് ആ ഒരച്ഛന്റെ നിലയിലുള്ള ആദരവിനെ അനുഭവിച്ചുംകൊണ്ടിരുന്നു കൂടേ? ഒരക്ഷരവും മിണ്ടാതെ; അയാൾ കഴിഞ്ഞതിനെപ്പിടിച്ചു വരാനുള്ളതിലേക്ക് കൊണ്ടുചെല്ലണമോ? ഒരവകാശമുള്ളതുപോലെ അയാൾക്ക് ആ സുഖത്തിലേക്ക് ചെല്ലുകയും ആ പ്രകാശധോരണിയുടെ മുൻപിൽ, മുഖം മൂടി, ചെന്നിരിക്കുകയും ചെയ്തുകൂടേ? അയാൾ ഒരു പുഞ്ചിരിയോടുകൂടി ആ നിഷ്കളങ്കങ്ങളായ കൈപ്പടങ്ങളെ തന്റെ വ്യസനകരമായ കൈയിലേക്ക് എടുത്തുവെക്കണമോ? രാജ്യനിയമത്തിന്റെ അവമാനകരമായ നിഴലിനെ വലിച്ചുംകൊണ്ട് നടക്കുന്ന തന്റെ കാലടികളെ അയാൾ ഗിൽനോർമാൻഭവനത്തിലെ ഇരിപ്പറയാകുന്ന ആ സമാധാനപൂർണ്ണമായ തീമറയിൽ എടുത്തുവെക്കണമോ? കൊസെത്തിന്റേയും മരിയുസ്സിന്റേയും ഭാഗ്യത്തിലെയ്ക്ക് അയാൾ പങ്കു കാണിക്കണമോ? അയാൾ തന്റെ മുഖത്തുള്ള നിഗൂഢതയേയും അവരുടെ മുഖത്തുള്ള മേഘത്തേയും കുറേക്കൂടി കനം പിടിപ്പിക്കേണമോ? അവരുടെ ആനന്ദത്തിനിടയിൽ ഒരു മൂന്നാമൻ ചാർച്ചക്കാരനെന്ന നിലയിൽച്ചെന്ന് അയാൾ തന്റെ ആപന്മയത്വത്തെ വലിച്ചിടണമോ? അയാൾ ഇനിയും ഒന്നും പറയാതിരിക്കണമോ? ഒരു വാക്കിൽപ്പറഞ്ഞാൽ, ആ രണ്ടു സുഖിതജീവികളുടെ കൂട്ടത്തിൽ അയാൾ ഈശ്വരവിധിയുടെ ഒരു വ്യസനകരമായ മിണ്ടാപ്പൂതം എന്ന നിലയിലിരിക്കണമോ?

ചില കാര്യങ്ങൾ ഭയങ്കരമായ നഗ്നതയോടുകൂടി കണ്ണിൻമുൻപിൽ പ്രത്യക്ഷീഭവിക്കുമ്പോൾ കണ്ണു തുറന്നുനോക്കാനുള്ള ധൈര്യം വരണമെങ്കിൽ നമുക്കുഗ്രഹപ്പിഴയുമായി കണ്ടെത്തിയും യുദ്ധംവെട്ടിയും നല്ലശീലം വരണം. ഈ കഠിനമായ ചോദ്യചിഹ്നത്തിനു പിന്നിലാണ് നന്മയോ തിന്മയോ നില്ക്കുന്നത്—നിങ്ങൾ എന്തു ചെയ്യാൻപോകുന്നു? ഇതാണ് കടങ്കഥയുടെ ചോദ്യം.

ഈ ശീലം ഴാങ് വാൽഴാങ്ങിന്നുണ്ടായിട്ടുണ്ട്. അയാൾ ആ രാക്ഷസിയെ സശ്രദ്ധം സൂക്ഷിച്ചുനോക്കി.

അയാൾ ആ നിർദ്ദയമായ വാദവിഷയത്തെ എല്ലാ ഭാഗവും തിരിച്ചും മറിച്ചും നോക്കി.

ഈ കപ്പൽത്തകർച്ചയിൽ കൈയിൽകിട്ടിയിട്ടുള്ള പലകക്കഷണം കൊസെത്താണ്, ആ മനോഹരമായ ജീവിതമാണ്. അയാൾ എന്തു വേണം? അതിനെ മുറുക്കിപ്പിടിക്കുകയോ? അതോ വിട്ടുകളകയോ?

ഇനിയും സൂര്യപ്രകാശമുള്ളേടത്തേക്ക് കയറിച്ചെല്ലാം, കയ്പ്പുള്ള വെള്ളം ഉടുപ്പിൽനിന്നും തലമുടിയിൽനിന്നും വാർന്നുപോകാറാക്കാം, രക്ഷപ്പെടാം, ജീവിച്ചിരിക്കാം.

ഇനി അതിനെ കൈവിട്ടുകളഞ്ഞാലോ?

എന്നാൽ ഇരുൾപ്പാതാളം.

ഇങ്ങനെ അയാൾ തന്റെ ആലോചനകളുമായി വ്യസനകരമായ വാദപ്രതിവാദം നടത്തി, അല്ലെങ്കിൽ കുറേക്കൂടി ശരിയായി പറഞ്ഞാൽ യുദ്ധംവെട്ടി; അയാൾ ഇടയ്ക്കു തന്റെ ഇച്ഛാശക്തിയുടെ നേർക്കും ഇടയ്ക്ക് തന്റെ ദൃഡബോധത്തിന്റെ നേർക്കും അന്തഃകരണത്തിൽവെച്ചു ഭയങ്കരമായി കാലിട്ടടിച്ചു.

ഴാങ് വാൽഴാങ്ങിന്റെ ഭാഗ്യത്തിന്, അയാൾക്കു കരച്ചിൽ വന്നു. അതു പക്ഷേ, അയാളെ സാന്ത്വനപ്പെടുത്തി. പക്ഷേ, ആരംഭം പൈശാചികമായിരുന്നു. പണ്ടൊരിക്കൽ അയാളെ ആറായിലേക്ക് ആട്ടിയയച്ച ആ ഒന്നിനെക്കാളും നിഷ്ഠൂരതരമായ ഒരു കൊടുങ്കാറ്റ് അയാളുടെ ഉള്ളിൽ പിമ്പിരിക്കൊണ്ടു. കഴിഞ്ഞതു അയാളുടെ മുൻപിൽ അപ്പോഴത്തെ സ്ഥിതിയുമായി കൂട്ടിമുട്ടി; അയാൾ അവയെ താരതമ്യപ്പെടുത്തി, തേങ്ങിക്കരഞ്ഞു, കണ്ണുനീരിന്റെ ചീർപ്പു തുറന്നതോടുകൂുടി ആ നിരാശനായ മനുഷ്യൻ മരണപ്പിടച്ചിൽ പിടഞ്ഞു.

താൻ ഇടയ്ക്കുവെച്ചു നിന്നതായി അയാൾക്കു തോന്നി.

കഷ്ടം! നമ്മുടെ അഹങ്കാരവും നമ്മുടെ ധർമ്മവുമായുള്ള ഈ രണ്ടുംകെട്ടിട്ടുള്ള മല്പിടുത്തത്തിൽ, നമ്മുടെ മാറ്റംവരാത്ത ആദർശത്തിനും മുൻപിൽ, കുഴങ്ങി, കണ്ണു തുറിച്ചു കീഴടങ്ങേണ്ടിവരുന്നതിൽ ശുണ്ഠി കയറി, കിണഞ്ഞു നോക്കിക്കൊണ്ടു, ചാടി രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടു, ഓരോ അടിയടിയായി പിന്നോക്കം വെക്കുമ്പോൾ, നമ്മുടെ പിന്നിലുള്ള മതിലിന്റെ തറയുറപ്പ് എത്ര അപ്രതീക്ഷിതമായും അസാധാരണമായും എതിർ നില്ക്കുന്നു.

തടഞ്ഞുനിർത്തുന്ന ആ ദിവ്യമായ ഇരുൾക്കെട്ട് അനുഭവപ്പെടുന്നു!

അദൃശ്യമായ അലംഘനീയത, എന്തൊരു പിന്താങ്ങി!

മനസ്സാക്ഷി അടങ്ങിയിട്ടില്ല. തിരഞ്ഞെടുക്കു ബ്രൂട്ടസ്സിനെ; തിരഞ്ഞെടുക്കു കേറ്റോവിനെ; അത് ഈശ്വരനായതുകൊണ്ട് അതിന്റെ ആഴം അറിഞ്ഞുകൂടാ. ആ കിണറ്റിലേക്ക് മനുഷ്യൻ അവന്റെ ആയുഷ്കാലത്തിലെ അധ്വാനം മുഴുവനും തള്ളിമറിക്കുന്നു. അവന്റെ ഭാഗ്യം മുഴുവനും തള്ളിമറിക്കുന്നു. അവന്റെ സമ്പത്തു മുഴുവനും തള്ളിമറിക്കുന്നു. അവന്റെ സമ്പാദ്യമാകെ തള്ളിമറിക്കുന്നു, അവന്റെ സ്വാതന്ത്ര്യത്തെ അല്ലെങ്കിൽ മാതൃഭൂമിയെ തള്ളിമറിക്കുന്നു, അവന്റെ സർവക്ഷേമവും തള്ളിമറിക്കുന്നു, അവന്റെ സ്വസ്ഥത മുഴുവനും തള്ളിമറിക്കുന്നു, അവന്റെ സന്തോഷം മുഴുവനും തള്ളിമറിക്കുന്നു! ഇനിയും! ഇനിയും! ഇനിയും! പാത്രമൊഴിച്ചു! ഭസ്മക്കുടുക്ക കൊട്ടി! പോരാ, അവന്റെ ഹൃദയത്തെ അതിലേക്കു തള്ളിമറിച്ചേ ആവൂ.

പണ്ടത്തെ നരകങ്ങളിലെ പുകപ്പരപ്പിലെവിടെയോ അങ്ങനെയൊരു പോത്തൻ പീപ്പയുണ്ട്.

ഒടുവിൽ ഒരു മനുഷ്യൻ കൂട്ടാക്കാതിരുന്നുവെങ്കിൽ അതു ക്ഷന്തവ്യമല്ലേ? അക്ഷയ്യതയ്ക്ക് അവന്റെ മേൽ എന്തവകാശമാണ്? അവസാനമറ്റ ചങ്ങലക്കെട്ടു മനുഷ്യശക്തിയെ അതിക്രമിച്ചതല്ലേ? സിസിഫുസ്സോ ഴാങ് വാൽഴാങ്ങോ ‘മതി, മതി!’ എന്നു പറഞ്ഞാൽ, ആരാണ് അവരെ അധിക്ഷേപിക്കുക.

ജഡപ്രകൃതിയുടെ കീഴടങ്ങൽ ഒന്നിന്മേൽ ഉരയുന്നതുവരെക്കേ ഉള്ളൂ; ആത്മാവിന്റെ കീഴടങ്ങലിന് ഒരതിർത്തിയുമില്ലേ? ഇളവില്ലാതെയുള്ള ചലനം അസാധ്യമാണെങ്കിൽ, ഇളവില്ലാതെയുള്ള ആത്മത്യാഗം ആവശ്യപ്പെടാൻ പാടുണ്ടോ?

ഒന്നാമത്തെ കാൽവെപ്പു സാരമില്ല, ഒടുവിലത്തേതിന്നാണ് പ്രയാസം. കൊസെത്തിന്റെ വിവാഹവും അതുകൊണ്ടുണ്ടായിത്തീർന്നതും ആലോചിക്കുമ്പോൾ ഷാങ്മാത്തിയോകാര്യം എന്തു സാരം! ശൂന്യതയിലേക്കു പ്രവേശിക്കുക എന്നതിനോടു തട്ടിച്ചുനോക്കിയാൽ തണ്ടുവലിശ്ശിക്ഷയിലേയ്ക്കുള്ള തിരിച്ചു ചെല്ലൽ എന്തുസാരമാണ്?

കീഴപോട്ടുള്ള ഒന്നാമത്തെ കാൽവെപ്പു, ഹാ, നിങ്ങൾ എന്തു മങ്ങൽ മങ്ങുന്നു! അഹോ, രണ്ടാമത്തെ കാൽവെപ്പു, നിങ്ങൾ എന്തു കറുപ്പാണ് കറുക്കുന്നത്!

ഇക്കുറി ഒന്നു തല തിരിച്ചുനോക്കാതെ അയാൾ എങ്ങനെ കഴിച്ചുകൂട്ടും?

ധർമ്മാർത്ഥമായ പീഡാനുഭവം പുടംവെപ്പാണ്. കടിച്ചുകടിച്ചു തിന്നുന്ന പുടംവെപ്പ്. ആരാധ്യനാക്കിത്തീർക്കുന്ന ഒരു പ്രാണദണ്ഡനം. ആദ്യത്തെ ഒരു നാഴികയ്ക്ക് അതു സമ്മതിക്കാം; ഒരാൾ ഒരു ചുട്ടുപഴുത്ത ഇരിമ്പുസിംഹാസനത്തിന്മേൽച്ചെന്ന് ഇരുന്നു. ചുട്ട ഇരിമ്പുകൊണ്ടുള്ള കിരീടം ചൂടി, പഴുത്തെരിയുന്ന ഇരിമ്പുകൊണ്ടുള്ള ഉണ്ട വാങ്ങിച്ചു, പഴുത്തെരിയുന്ന ഇരിമ്പുകൊണ്ടുള്ള ചെങ്കോൽ സ്വീകരിച്ചു—ഇതാവട്ടെ; എന്നാൽ തീജ്ജ്വാലകൊണ്ടുള്ള ഉടുപ്പു പിന്നേയും ഇട്ടും കൊണ്ടേയിരിക്കുക; അങ്ങനെയായാൽ ഒരിക്കൽ ആ ഭാഗ്യംകെട്ട ദേഹം ഒന്നെതിർനിന്നു എന്നും ആ മനുഷ്യൻ കഷ്ടപ്പാടിൽനിന്ന് ഒന്നു വാഴ്ചയൊഴിഞ്ഞു എന്നും വരില്ലേ?

ഒടുലിൽ ഴാങ് വാൽഴാങ് തളർച്ചയിലെ സമാധാനത്തിലേക്കു കടന്നു.

അയാൾ കനം നോക്കി, ആലോചിച്ചു, ആ കൈയും മറുകൈയും, വെളിച്ചവും ഇരുട്ടുമാകുന്ന ആ നിഗൂഢത്തുലാസ്സു, പരീക്ഷണം ചെയ്തുനോക്കി.

അയാൾ ആ രണ്ടു കണ്ണഞ്ചിക്കുന്ന കുട്ടികളുടെ മേൽ തന്റെ തണ്ടുവലിശ്ശിക്ഷയെ വെച്ചുകെട്ടുകയോ അതോ തന്നെത്തന്നെ വലിച്ചെറിഞ്ഞ് ആ പ്രതിവിധിയില്ലാത്ത കുഴിച്ചുമൂടലിനെ മുഴുമിക്കുകയോ വേണ്ടത്? ഒന്നായാൽ കൊസെത്തിനെ ബലികൊടുക്കണം, മറ്റേതായാൽ തന്നെത്തന്നെ ബലികൊടുക്കണം.

എന്താണ് തീർച്ചപ്പെടുത്തേണ്ടത്? അയാൾ എന്തു തീർച്ചയാക്കി?

അയാൾ എന്തുറച്ചു? ഈശ്വരവിധിയുടെ കൈക്കൂലിയെടുക്കാത്ത എതിർ വിസ്താരത്തിൽ അയാൾ ഒടുവിൽ എന്തു മൊഴി കൊടുത്തു? ഏതു വാതിലാണ് അയാൾ തുറക്കാനുറച്ചത്? അയാളുടെ ജീവിതത്തിന്റെ ഏതു ഭാഗമാണ് അയാൾ അടച്ചുകളയാനും അധിക്ഷേപിക്കാനും തീർച്ചയാക്കിയത്? അയാളുടെ ചുറ്റും വളഞ്ഞുനില്ക്കുന്ന ആ അത്യഗാധകുണ്ഡങ്ങളിൽവെച്ച് ഏതാണ് അയാൾക്കു രുചിച്ചത്? ഏതു കൊടുംസങ്കടമാണ് അയാൾ കൈക്കൊണ്ടത്? ഏതിരുൾക്കുണ്ടിനോട് അയാൾ സമ്മതിച്ചു തലയാട്ടി?

തലചുറ്റിക്കുന്ന അയാളുടെ മനോരാജ്യം അന്നു രാത്രി മുഴുവനുമുണ്ടായി.

പുലരുന്നതുവരെ അയാൾ ആ നിലയിൽത്തന്നെ—ആ കിടയ്ക്കയിൽ രണ്ടായി മടക്കപ്പെട്ട് ഈശ്വരവിധിയുടെ എന്തെന്നില്ലായ്മയുടെ മുൻപിൽ ഒരു സമയം തകർന്നുകഴിഞ്ഞു കമിഴ്‌ന്നുവീണു, കഷ്ടം, മുഷ്ടി ചുരുട്ടി, കുരിശിന്മേൽ തറയക്കപ്പെട്ട ഒരാളെ ആണിയഴിച്ചെടുത്തു നിലത്തേക്കു കമഴ്ത്തിയെറിഞ്ഞതുപോലെ, കൈ രണ്ടും രണ്ടു വശത്തേക്കും നീണ്ടുവലിഞ്ഞ്, അങ്ങനെ—കിടന്നു. ആ നിലയിൽ അയാൾ പന്ത്രണ്ടു മണിക്കൂർ നേരം— ഒരിക്കലെങ്കിലും തലയൊന്നുയർത്തുകയോ ഒരക്ഷരമെങ്കിലും മിണ്ടുകയോ ചെയ്യാതെ, മഞ്ഞിങ്കട്ടയുടെ തണുപ്പുള്ള ഒരു നീണ്ട മഴക്കാലത്തെ രാത്രിയിൽ എന്തായാലും തീരാത്ത പന്ത്രണ്ടു മണിക്കൂർ നേരം കിടന്നു. അയാളുടെ ആലോചനകൾ ചിലപ്പോൾ സഹസ്രശീർഷ സർപ്പത്തേപ്പോലെയും ചിലപ്പോൾ കഴുകനെപ്പോലെയും ഭൂമിയിൽക്കിടന്നുഴക്കുകയും ആകാശത്തേക്കു പറക്കുകയും ചെയ്കെ, അയാൾ ഒരു ശവത്തെപ്പോലെ അനങ്ങാതെ കിടന്നു. ആ വിധം അനക്കമറ്റിരുന്ന ആ മനുഷ്യനെ ആർ കണ്ടാലും മരിച്ചിരിക്കുന്നു എന്നു വിധിക്കും; പെട്ടെന്ന് അയാൾ ആകെ പിടഞ്ഞുതുള്ളി; കൊസെത്തിന്റെ ഉടുപ്പിന്മേൽ പറ്റിപ്പിടിച്ചിരുന്ന അയാളുടെ വായ അതിനെ ഒന്നുമ്മവെച്ചു; അപ്പോൾ അയാൾക്കു ജീവനുണ്ടായിരുന്നു എന്നു കാണാം.

ആരാണ് കാണാൻ? അവിടെ ഴാങ് വാൽഴാങ് തനിച്ചായിരുന്നുവല്ലോ; അവിടെ മറ്റാരുമില്ലല്ലോ.

ഇരുട്ടിലായിരുന്നു ആ ഏകൻ.

കുറിപ്പുകൾ

[1] പ്രെമിത്തിയുസിന്റെ കരൾ ദിവസംപ്രതി ഒരു കഴുവന്ന് തിന്നിരുന്നു എന്നും രാത്രി വീണ്ടും അത് മുറിവു കൂടിയിരുന്നു എന്നുമുള പൂരാണകഥയെയാണ് ഇവിടെ സൂചിപ്പിച്ചിടുള്ളതു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.