images/Meta_Pluckebaum.jpg
Kleine Angora-Katze, a painting by Meta Plückebaum (1876–1945).
images/ptpaulose-sradha-cal.png

ഞാൻ സുരേഷ് മേനോൻ. കഥയെഴുതാൻ എനിക്കറിയില്ല. പക്ഷേ, എനിക്കിതു് എഴുതാതിരിക്കാൻ കഴിയില്ല. ജന്മവ്യഥകളുടെ ശാന്തമാനങ്ങളിൽ വിരസതയുടെ രാപ്പകലുകൾക്കു വിരാമമിട്ടു്, ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളിൽ നിന്നടർന്നുവീണ വെള്ളി നക്ഷത്രമാണവൾ. ഞങ്ങളുടെ പൊന്നുമോൾ. അവളുടെ കലപിലശബ്ദങ്ങൾ ഞങ്ങൾക്കു് ഹൃദയതാളമായി; അവളുടെ കിളിക്കൊഞ്ചൽ ഞങ്ങളുടെ മരവിച്ച മനസ്സുകളെ ഇക്കിളിയിട്ടുണർത്തി.

ആറു മാസം കഴിഞ്ഞ അവളുടെ ചോറൂട്ടും പേരിടീലും ഇന്നലെ ആയിരുന്നു, ഗുരുവായൂരമ്പലത്തിൽ. ലേഖ പതിവിലും ഉന്മേഷവതിയായിരുന്നു. നീണ്ടപതിന്നാലു കൊല്ലത്തെ കാത്തിരിപ്പിനുശേഷം കനിഞ്ഞുകിട്ടിയ അമൂല്യരത്നമാണു പൊന്നുമോൾ. അവളുടെ ചോറൂട്ടു് ലേഖയുടെ ഇഷ്ടദേവനായ ശ്രീകൃഷ്ണന്റെ തിരുസന്നിധിയിലാകട്ടെ എന്നു തീരുമാനിച്ചതും അവൾതന്നെ. കൊച്ചുമോൾക്കിടേണ്ട പേരു് മനസ്സിലിട്ടു താലോലിക്കുകയായിരുന്നു ലേഖയുടെ അച്ഛൻ ജടാധരക്കുറുപ്പ്. വീട്ടിൽവച്ചു നടത്തിയ ഇരുപത്തെട്ടുകെട്ടിനു് എത്താൻ കഴിയാഞ്ഞ അദ്ദേഹത്തോടുള്ള ആദരവായി, ചോറൂട്ടിനുതന്നെ മോൾക്കു് പേരിടാൻ അച്ഛനോടു ഞങ്ങൾ പറയുകയായിരുന്നു. അച്ഛനും അമ്മയും ഏഴുമണിക്കുതന്നെ സേലത്തു നിന്നു് ഗുരുവായൂരിൽ എത്തുമെന്നു് അറിയിച്ചതുകൊണ്ടു്, ഞങ്ങൾ വൈക്കത്തുനിന്നു് പുലർച്ചെ നാലു മണിക്കു പുറപ്പെട്ടു.

images/Babiiiiiiiiii.jpg

സീ പോർട്ട്-എയർപോർട്ട് റോഡിലൂടെ, എന്റെ അദ്ധ്യാപകജീവിതത്തിനു തുടക്കം കുറിച്ച കാക്കനാട് ഭാരത് മാതാ കോളജിനു മുന്നിലെത്തിയപ്പോൾ, കാലു് ബ്രെയ്ക്കിൽ അറിയാതെ അമർന്നു. മറവിയുടെ മാറാല മൂടിയ സ്മരണകളുടെ അസ്വസ്ഥതകളുടെ ആഴങ്ങളിലേക്കു് എന്റെ ചിന്തകൾ താണിറങ്ങി. കാർ യാന്ത്രികമായി ഓടിക്കൊണ്ടേയിരുന്നു. യാത്രയിൽ ഞാൻ ലേഖയോടു സംസാരിച്ചുപോലുമില്ല. മനഃപൂർവ്വമായിരുന്നില്ല. എവിടെയോ മുറിഞ്ഞുപോയ ഓർമ്മകളുടെ കണ്ണികൾ വിളക്കിച്ചേർക്കാൻ ശ്രമിക്കുകയായിരുന്നു. തൃശ്ശൂർ കഴിഞ്ഞു് ഗുരുവായൂർ തിരിഞ്ഞപ്പോൾ ഞാൻ കാർ സൈഡിൽ ഒതുക്കി.

“ലേഖ എന്നോടു ക്ഷമിക്കണം”.

“എന്താണു, സുരേഷേട്ടാ”.

“മോൾക്കു് പേരു് ഞാൻതന്നെ കണ്ടിട്ടുണ്ടു്. അതേ ഇടുകയുള്ളു.”

“അതു് അച്ഛനോടു കാണിക്കുന്ന നന്ദികേടല്ലേ?”.

ഞാൻ അല്പം ദേഷ്യത്തിൽ: “എന്റെ മനഃസാക്ഷിയോടു് ഞാൻ നന്ദികേടു് കാട്ടാതിരിക്കാനാണു്.”

എന്നെ എന്നും അനുസരിച്ചിട്ടുള്ള ലേഖ പിന്നീടൊന്നും മിണ്ടിയില്ല. ഗുരുവായൂരെത്തി, ചടങ്ങുകളെല്ലാം കഴിഞ്ഞു. മോൾക്കു് എന്റെ മനസ്സിലുണ്ടായിരുന്ന പേരുതന്നെ ഇട്ടു. ലേഖയുടെ അച്ഛനു് നീരസമുണ്ടായിരുന്നെങ്കിലും പുറത്തറിയിച്ചില്ല. ഊണു കഴിഞ്ഞു് അച്ഛനും അമ്മയും സേലത്തേക്കും ഞങ്ങൾ വൈക്കത്തേക്കും തിരിച്ചു.

മടക്കയാത്രയിൽ ലേഖയോടു് അവളറിയാത്ത ആ കഥ ഞാൻ പറഞ്ഞു. പത്തു വർഷങ്ങൾക്കുമുമ്പു് എന്റെ ഹൃദയത്തിന്റെ ഏതോ കോണിൽ കൂടുകൂട്ടിയ കുഞ്ഞാറ്റയുടെ കഥ. അവൾ ഒരു പ്രഭാതപുഷ്പമായിരുന്നു. ആ പുഷ്പദളങ്ങളിൽ പറ്റിയമർന്ന മഞ്ഞുകണങ്ങളിൽ സ്നേഹത്തിന്റെ ആർദ്രതയുണ്ടായിരുന്നു. നിഷ്കളങ്കതയുടെ കുളുർകാറ്റായി, സ്നേഹത്തിന്റെ തൂവൽസ്പർശമായി എന്നെ തലോടിക്കടന്നുപോയ ആ പന്ത്രണ്ടു വയസ്സുകാരി കൊച്ചുസുന്ദരിയെ ഞാൻ വിസ്മൃതിയിലേയ്ക്കു തള്ളിയകറ്റി. എന്നോടു ക്ഷമിക്കൂ കുട്ടീ. ഈ മറവി എന്റെമാത്രം തെറ്റാണു്, എന്റെമാത്രം.

ഞാൻ ഓർത്തെടുത്തു, അവളെ കണ്ട ആദ്യദിവസം. ഞാനന്നു് കാക്കനാട് ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നു. എന്നും രാവിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങി കോളജിലേയ്ക്കു നടക്കുകയാണു പതിവു്. കോളജിലെ കുട്ടികളും അടുത്ത സ്കൂളുകളിലെ കുട്ടികളും ഒപ്പമുണ്ടാവും. ഒരു ദിവസം മൂന്നുപെൺകുട്ടികൾ ഞാൻ നടക്കുന്ന വേഗത്തിൽ എന്നോടൊപ്പം പിറകെ എത്തുന്നു. ഞാൻ തിരിഞ്ഞുനോക്കി. മൂന്നും നല്ല ഗൗരവത്തിലാണു്. ഞാൻ കോളജിലേക്കു തിരിയുന്ന കവലയിലെത്തിയപ്പോൾ അവരെ കണ്ടില്ല. അവർ അവരുടെ സ്കൂളുകളിലേക്കു് തിരിഞ്ഞിട്ടുണ്ടാവും. പിറ്റെ ദിവസവും അവർ പിന്നാലെയുണ്ടു്, ഗൗരവഭാവത്തിൽത്തന്നെ. അതിനടുത്ത ദിവസം ഒരു കുട്ടി മാത്രമേയുള്ളു. അവൾ പിന്നിൽനിന്നും മുന്നിലേക്കു കയറി എന്നോടൊപ്പം നടക്കുന്നു. ഒന്നും മിണ്ടുന്നില്ല. വെളുത്തുമെലിഞ്ഞുനീണ്ട ഒരു സുന്ദരിക്കുട്ടി. മുടി രണ്ടായി പിന്നിയൊതുക്കി, തോളിൽ സ്കൂൾബാഗുമായി. അവളുടെ സ്കൂളിനടുത്തെത്തിയപ്പോൾ എന്നെ തിരിഞ്ഞുനോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു് അവൾ ഓടിയകന്നു. അടുത്ത ദിവസങ്ങൾ ശനി-ഞായർ അവധി ദിനങ്ങളായിരുന്നു.

images/Two_Young_Girls_in_a_Field.jpg

തിങ്കളാഴ്ച ഞാൻ ബസ്സിറങ്ങി നടന്നപ്പോഴും ആ കുട്ടി പിറകെയുണ്ടു്. എവിടെനിന്നാണു് അവൾ വരുന്നതെന്നുമാത്രം എനിക്കറിയില്ല. ഞാൻ നല്ല വേഗത്തിൽത്തന്നെ നടന്നു. അവൾ ഓടി എന്നോടൊപ്പം എത്താൻ പ്രയാസപ്പെടുന്നു. അവൾ പിറകിൽനിന്നു, വിളിച്ചുപറഞ്ഞു: “ഒന്നു പതുക്കെ പോ, മാഷേ. ഞാനും പിറകെ എത്തിക്കോട്ടെ.” ഞാൻ നടപ്പു് പതുക്കെയാക്കി. അവൾ എന്നോടൊപ്പമെത്തി. ഞാൻ ചോദിച്ചു: “കുട്ടി എന്റെ പിറകെ എന്തിനാ ഇങ്ങനെ കൂടുന്നതു്?”

“ചുമ്മാ, ഒരു രസത്തിനു്,”

എനിക്കും അല്പം രസം തോന്നി: “കുട്ടിയുടെ പേരെന്താ?”

“ശ്രദ്ധ. ശ്രദ്ധാവർമ്മ”

“ശ്രദ്ധ ഏതു ക്ലാസ്സിലാ പഠിക്കുന്നതു്?”

“സിക്സ് ബി. റോൾ നമ്പർ 24, മൗണ്ട് സിനായ് പബ്ലിൿ സ്കൂൾ”

“കുട്ടിയുടെ വീടെവിടെയാ?”

“ഇവിടടുത്താ. മാഷ് ബസ്സിറങ്ങുന്നതിനപ്പുറത്തെ തട്ടുകടയുടെ അരികിലൂടുള്ള വഴിയേ അല്പം പോയാൽമതി”.

“വീട്ടിൽ ആരൊക്കെയുണ്ടു്?”

“വീട്ടിൽ അച്ഛൻ ഡോ. പ്രഭാകരവർമ്മ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റാണു്. അമ്മ രേഖാവർമ്മ, വീട്ടമ്മയാണു്. നല്ലവണ്ണം ചിത്രം വരയ്ക്കും; അമ്മയുടെ ചിത്രങ്ങളുടെ ഒരു പ്രദർശനം ഫൈനാർട്ട്സ് ഹാളിൽ കഴിഞ്ഞ മാസം ഉണ്ടായിരുന്നു. പിന്നെ, ഒരു ചേച്ചി, ശ്രുതി വർമ്മ. അവൾ സെന്റ് തെരെസാസിൽ പത്തിൽ പഠിക്കുന്നു. പിന്നെ ഞങ്ങളുടെ… ”

അപ്പോഴേക്കും അവൾക്കു സ്കൂളിലേക്കു തിരിയേണ്ടിടത്തെത്തി; അവൾ ബൈ പറഞ്ഞു് സ്കൂളിലേയ്ക്കു് വേഗം നടന്നു. ഞാൻ കോളജിലേയ്ക്കു നടക്കുമ്പോൾ ആ കൊച്ചസുന്ദരിയുടെ കളങ്കമില്ലാത്ത സംസാരത്തെപ്പറ്റിയായിരുന്നു ചിന്ത.

അടുത്ത രണ്ടുമൂന്നു ദിവസം ആ കുട്ടിയെ ഞാൻ കണ്ടില്ല. ബസ്സിറങ്ങിയപ്പോൾ ചുറ്റും നോക്കിയെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല. അടുത്ത ദിവസം എന്റെ ബസ് വരുന്നതും കാത്തു് അവൾ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു. ബസ്സിറങ്ങിയപ്പോൾ ഓടി എന്റെ അടുത്തെത്തി. മുഖത്തു് അൽപം ക്ഷീണം തോന്നിയെങ്കിലും ഉന്മേഷവതിയായിരുന്നു. ഞങ്ങൾ നടക്കുമ്പോൾ ഞാൻ ചോദിച്ചു: “മോളെ രണ്ടുമൂന്നു ദിവസം കണ്ടില്ലല്ലോ”.

“അപ്പോൾ എന്നെപ്പറ്റി മാഷിനു് ചിന്തയുണ്ടു്”

“അല്ല ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു.”

“എനിക്കു പനിയായിരുന്നു.”

“ഇപ്പോഴെങ്ങനെ?”

“കുറഞ്ഞു. പരിപൂർണ്ണസുഖം.”

“അച്ഛൻ ഡോക്ടറായതുകൊണ്ടു് ട്രീറ്റ്മെന്റും മരുന്നും സമയത്തിനു കിട്ടിക്കാണും?”

“ഇല്ല. അച്ഛനു് എപ്പോഴും തിരക്കാണു്. അമ്മയാണു് എന്റെയും ചേച്ചിയുടെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നതു്. ഇന്നലെ ഞാൻ മാഷിന്റെ കാര്യം അമ്മയോടു പറഞ്ഞു.”

“എന്റെ എന്തു കാര്യം പറഞ്ഞു? എന്റെ ഒരു കാര്യവും മോൾക്കറിയില്ലല്ലൊ.”

“അതല്ല. മാഷിനെ ഞാൻ പരിചയപ്പെട്ടെന്നും, നല്ല മാഷാണെന്നും… എന്നൊക്കെ.”

പതിവുപോലെ അവൾ സ്കൂളിലേക്കും ഞാൻ കോളജിലേക്കും തിരിഞ്ഞു. ആ നിമിഷം മുതൽ ആ സുന്ദരിക്കുട്ടി എന്റെ ഹൃദയത്തിൽ ഒരു പൊറുതിക്കു് കൂടൊരുക്കിക്കഴിഞ്ഞിരുന്നു.

അടുത്ത ദിവസം ഞാൻ ബസ്സിറങ്ങിയപ്പോൾ അവളെ കണ്ടില്ല. ഞാൻ അവൾക്കുവേണ്ടി വെയ്റ്റ് ചെയ്തു. പെട്ടിക്കടയുടെ അരികിലുള്ള വഴിയിലൂടെ അവൾ ഓടിവരുന്നു. അടുത്തെത്തിയപ്പോൾ കിതച്ചുകൊണ്ടു്: “എന്റെ മാഷേ, ഞാനിന്നൽപം വൈകിപ്പോയി. മാഷ് എനിക്കുവേണ്ടിയും കാത്തിരിപ്പു തുടങ്ങി!”

ഞാൻ മറുപടിയൊന്നും പറയാതെ അവളോടൊപ്പം നടപ്പു തുടങ്ങി. ഞാൻ കോളജദ്ധ്യാപകനാണെന്നും ഇംഗ്ലീഷാണു് എന്റെ വിഷയമെന്നും അവൾ എന്നിൽനിന്നു് ചോദിച്ചറിഞ്ഞു. അവൾ ചോദിച്ചു: “മാഷിനു് കടങ്കഥകൾ ഇഷ്ടമാണോ?”

“അങ്ങനെ പ്രത്യേകിച്ചു് ഇഷ്ടമൊന്നുമില്ല.”

“എങ്കിലും ചോദിക്കട്ടെ?”

“ങും, നോക്കാം.”

“എന്നാൽ പിടിച്ചോ. ‘ഞെട്ടില്ലാ വട്ടയില’?”

“‘പപ്പടം’. അതാർക്കാണു് അറിയില്ലാത്തതു്!”

“കാള കിടക്കും, കയറോടും?”

“മത്തങ്ങ.”

“കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും?”

ഞാൻ ചിരിച്ചുകൊണ്ടു്, “താക്കോൽ’. ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ? ഈ കൊച്ചിന്റെ ഒരു കാര്യം!”

“എന്നാൽ ദാ പിടിച്ചോ അടുത്ത ചോദ്യം: അമുൽ എന്ന വാക്കിന്റെ പൂർണ്ണരൂപം പറയൂ, മാഷേ.”

അവൾ കടങ്കഥകൾ വിട്ടു് അറിവിന്റെ അടുത്ത മേഖലയിലേക്കു കടന്നു. ഞാനൊന്നു പരുങ്ങി. AMUL… അതു് എനിക്കറിയാവുന്നതായിരുന്നല്ലൊ, പക്ഷേ, ശരിക്കും ഓർമ്മവരുന്നില്ല. ശ്രദ്ധയുടെ മുന്നിൽ തോറ്റുകൊടുക്കാതെ തരമില്ലെന്നായി. “അറിയില്ല. സമ്മതിച്ചു. കുട്ടി പറയൂ.”

“അങ്ങനെ വഴിക്കു വാ, മാഷേ. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്. വേണമെങ്കിൽ കുറിച്ചോളൂ.”

എന്നെ ഒന്നിരുത്തിക്കൊണ്ടു് ആണു് അവൾ പറഞ്ഞതു്. പക്ഷേ, ആ കളിയാക്കൽ ഞാൻ ആസ്വദിക്കുകയായിരുന്നു. പിന്നെ അവൾ ഒരു കവിതയുടെ വരികൾ ഉരുവിട്ടു:

“സ്നേഹത്തിൽനിന്നുദിക്കുന്നൂ ലോകം,

സ്നേഹത്താൽ വൃദ്ധി തേടുന്നു;

സ്നേഹംതാൻ ശക്തി ജഗത്തിൽ, സ്വയം

സ്നേഹംതാൻ ആനന്ദമാർക്കും”

“ഈ കവിത ആരെഴുതിയതാണു്? കോളജ് മാഷ് പറയട്ടെ.”

ശ്രദ്ധ അൽപം ഗൗരവത്തിലാണു്. ഞാൻ ശരിക്കും പരുങ്ങലിലായി. കവിത ഞാൻ പഠിച്ചതാണു്. പക്ഷേ, കവിയുടെ പേരു് അങ്ങു ശരിക്കു കിട്ടുന്നില്ല. എങ്കിലും തട്ടിവിട്ടു: “വള്ളത്തോൾ”

അതു കേട്ടതും, ശ്രദ്ധ റോഡിൽ കുത്തിയിരുന്നു. പൊട്ടിച്ചിരിച്ചു. എന്റെ ചമ്മൽ പുറത്തറിയിക്കാതെ ഞാൻ മുൻപോട്ടു നടന്നു. അവൾ പിറകിൽനിന്നു് വിളിച്ചു പറയുന്നുണ്ടായിരുന്നു:

“ശരിയുത്തരം കുമാരനാശാനാണു്, മാഷേ.”

എന്റെ ചമ്മൽ അവൾ കാണാതിരിക്കാൻ, ഞാൻ തിരിഞ്ഞുനോക്കിയില്ല.

അടുത്ത ദിവസം ഞങ്ങൾ നടന്നുപോകുമ്പോൾ ആ ആറാംക്ലാസ്സുകാരിയുടെ മുന്നിൽ ഞാനല്പം ചെറുതായതായി തോന്നി. കുറെനേരം ഞങ്ങൾ ഒന്നും മിണ്ടാതെ നടന്നു. നിശ്ശബ്ദതയ്ക്കു വിരാമമിട്ടു് ശ്രദ്ധ ചോദിച്ചു: “മാഷ് എന്നോടു പിണക്കമാണോ?”

images/Two_Studies_of_a_Young_Girl.jpg

“ഹേയ്, അല്ല.”

“എന്നാൽ ഇംഗ്ലീഷ് മാഷോടു് ഒരു ഇംഗ്ലീഷ് ചോദ്യം. എന്താ, തയ്യാറാണോ?”

“തയ്യാർ”

“ഏതു രാജ്യത്തിന്റെ പേരു് ഇംഗ്ലീഷിൽ എഴുതുമ്പോഴാണു് വവൽസ് അഞ്ചും ഉൾപ്പെടുന്നതു്? യുവർ ടൈം സ്റ്റാർട്സ് നൗ”

“എന്നുവച്ചാൽ?”

“എന്നുവച്ചാൽ കുന്തം. ഉത്തരം പറയു, മാഷേ.”

“ഞാൻ തോറ്റു. ശ്രദ്ധ പറയൂ.”

“Mozambique”

അവൾ എന്റെ പുറത്തു തട്ടി സാന്ത്വനപ്പെടുത്തി: “സാരമില്ല, മാഷേ. ട്രൈ എഗെൻ. പരിശ്രമിച്ചുകൊണ്ടേയിരിക്കൂ എങ്കിൽ മാത്രമേ നമ്മൾ ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ എത്തുകയുള്ളു.” എന്നു് ഒരുപദേശവും. ഞാൻ ഇളിഭ്യനായി. അതിനടുത്ത ദിവസങ്ങളിൽ അവളുടെ ബുദ്ധിപരമായ ചോദ്യങ്ങളായിരുന്നു. കോഹിനൂർ രത്നവും ഐഫൽ ടവറും ടാജ് മഹലും ഡാവിഞ്ചിയുടെ മോണാലിസയും കടന്നു്, അമേരിക്കൻ പ്രസിഡന്റിന്റെ അവധിക്കാലവസതിയായ കാമ്പ് ഡേവിഡ് വരെ. മിക്ക ഉത്തരങ്ങളും അവൾതന്നെ നല്കിക്കൊണ്ടിരുന്നു. കാരണം ശരിയുത്തരങ്ങൾ എനിക്കറിയില്ലായിരുന്നു. സത്യത്തിൽ ശ്രദ്ധ എന്ന ആറാംക്ലാസ്സുകാരി അളക്കാനാവാത്ത അറിവിന്റെ ഒരു ഗോപുരമായിരുന്നു.

മദ്ധ്യവേനലവധി കഴിഞ്ഞു് സ്കൂൾ തുറന്ന ദിവസം. രണ്ടു മാസങ്ങൾക്കുശേഷമാണു് ഞാനവളെ കാണുന്നതു്. നല്ല പ്രസരിപ്പും ഉന്മേഷവും. അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. എന്നോടു പറ്റിച്ചേർന്നു നടന്നുകൊണ്ടു്, അവൾ പറഞ്ഞു:

“മാഷേ, അയാം നൗ ഇൻ ക്ലാസ് സെവൻ.”

‘കൺഗ്രാറ്റ്സ്, ശ്രദ്ധ.”

“താങ്ക് യു, മാഷേ.”

ഞാൻ കരുതിയിരുന്ന ഒരു പാർക്കർ പെൻസെറ്റ് അവൾക്കു് ഗിഫ്റ്റായി നല്കി. അവൾക്കപ്പോൾ നിധി കിട്ടിയ സന്തോഷം. ഓരോ ദിവസവും ഞങ്ങൾ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു. ഒരു ദിവസം അവൾ ചോദിച്ചു: “മാഷ് കല്യാണം കഴിച്ചതാണോ?”

“അതെ.”

“എത്ര നാളായി?”

“നാലഞ്ചു വർഷമായി.”

“കുട്ടികൾ”

“ഇല്ല.”

“ഞാൻ പ്രാർത്ഥിക്കാം, മാഷേ.”

“എന്തിനു്”

“മാഷിനു് കുട്ടികളുണ്ടാകാൻ.”

അതിനടുത്ത ദിവസം അവൾ വന്നപ്പോൾ വാഴയിലയിൽ ചുരുട്ടിയ ഒരു പൊതി അവളുടെ കൈയിലുണ്ടായിരുന്നു: “ഇതു് അമ്മയുടെ തറവാട്ടുവീട്ടിലെ ഹനുമാൻകോവിലിലെ പ്രസാദമാണു്. ഇതു കഴിച്ചാൽ കുട്ടികളില്ലാത്തവർക്കു് കുട്ടികളുണ്ടാകുമെന്നു് മുത്തശ്ശി പറയുന്നതു് ഞാൻ കേട്ടിട്ടുണ്ടു്.”

എനിക്കവൾ പ്രസാദം തന്നു. ഞാനതു് കൗതുകത്തോടെ വാങ്ങി. അവൾ സ്കൂളിലേയ്ക്കു തിരിയുന്നതിനുമുമ്പു് എന്നോടു്: “മാഷോടു്, ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ?”

“ശ്രദ്ധ പറയൂ.”

“മാഷിനു് പെൺകുട്ടിയാണുണ്ടാകുന്നതെങ്കിൽ എന്റെ പേരിടുമോ?”

“അതിനെന്താ, ഇടാമല്ലൊ.”

അവൾ തിരിഞ്ഞു് സ്കൂളിലേയ്ക്കു് ഓടുകയായിരുന്നു.

ആ വർഷം ക്രിസ്തുമസ് അവധിക്കു് പിരിഞ്ഞു.

ക്രിസ്തുമസ്-പുതുവത്സരാശംസകൾ പരസ്പരം നേർന്നു് സ്കൂൾ തുറക്കുമ്പോൾ കാണാമെന്ന ഉറപ്പോടെ. ആ ഉറപ്പു പാലിക്കാൻ അവൾക്കായില്ല. വെക്കേഷൻ കഴിഞ്ഞു വന്നപ്പോൾ ഞാനറിഞ്ഞു: ക്രിസ്തുമസ് ദിനത്തിലെ വിനോദയാത്രയിൽ ആതിരപ്പള്ളി ജലാശയത്തിലെ കുത്തൊഴുക്കിൽപ്പെട്ടു ജീവനറ്റമൂന്നു കുട്ടികളിൽ ഒരാൾ ഡോ. പ്രഭാകരവർമ്മയുടെ ഇളയ മകൾ…

വൈറ്റില സിഗ്നലിൽ കാർ നിന്നപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. നിശ്ശബ്ദയായി കരയുന്ന ലേഖയുടെ മടിയിൽ ശ്രദ്ധ ഉറങ്ങുകയാണു്, എന്റെ ശപിക്കപ്പെട്ട മറവിയോടു കലഹിച്ചുകൊണ്ടു്.

പി. റ്റി. പൗലോസ്
images/ptpaulose.jpg

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി. 1968 മുതൽ കാൽനൂറ്റാണ്ടുകാലം കൽക്കട്ട ആയിരുന്നു പ്രവർത്തന മണ്ഡലം. പിന്നീടു് പതിനഞ്ചുവർഷം കൊച്ചിയിൽ. 2010 മുതൽ ന്യൂയോർക്കു് ലോംങ്ങ് ഐലന്റിലെ ഫ്രാങ്ക്ലിൻ സ്ക്വയറിൽ കുടുംബവുമായി താമസിക്കുന്നു. രണ്ടരപതിറ്റാണ്ടു് നീണ്ട കൽക്കത്ത ജീവിതത്തിൽ പത്രപ്രവർത്തന രംഗത്തും നാടകപ്രവർത്തന രംഗത്തും മറ്റു്—കലാ-സാഹിത്യ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലും സജീവപങ്കാളിത്തമുണ്ടായിരുന്നു. നാടകനടൻ സംവിധായകൻ എന്ന നിലകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇൻഡ്യയിലെ ദേശീയ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിലെ അറിയപ്പെടാത്ത പല കഥകളും വിവിധ പ്രാദേശിക പത്രങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു. അതിന്റെ പേരിൽ വധഭീഷണിവരെ നേരിട്ടിട്ടുണ്ടു്. കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്നു. ബംഗാൾ റാഷണലിസ്റ്റ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ആർട്സ് സെന്റർ കൽക്കട്ട എന്ന നാടക സമിതിയിലും ഏറെക്കാലം പ്രവർത്തിച്ചു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറികൗൺസിൽ മെമ്പറായി പ്രവർത്തിക്കുവാനും അവസരം ലഭിച്ചിട്ടുണ്ടു്. നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ആറു് പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. ഇപ്പോൾ അച്ചടി—ഓൺ ലൈൻ മാധ്യമങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നതോടൊപ്പം ന്യൂയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളായി പ്രവാസ സാഹിത്യപ്രവർത്തനങ്ങളിൽ സജീവം. 2014 ഫൊക്കാന, 2019 ഇ-മലയാളി സാഹിത്യ പുരസ്കാര ജേതാവു്.

കലിഗ്രഫി: എൻ. ഭട്ടതിരി

Colophon

Title: Sradha (ml: ശ്രദ്ധ).

Author(s): P. T. Paulose.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-23.

Deafult language: ml, Malayalam.

Keywords: Short Story, P. T. Paulose, Sradha, പി. റ്റി. പൗലോസ്, ശ്രദ്ധ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Kleine Angora-Katze, a painting by Meta Plückebaum (1876–1945). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.