കൈ കഴുകിത്തുപ്പുന്നതിനുള്ള വെൺതൊട്ടി
ചുമരിന്മേൽ പിടിപ്പിക്കാൻ രണ്ടു നാളായി
പണിക്കാരനുണ്ടയാൾക്കെന്തിണക്കമാണെൻ
കുരുന്നു പാറുവിനോടുമപ്പുവിനോടും.
കളിചിരിമേളങ്ങളിൽ മുഴുകിക്കൊണ്ടു
പണി ചെയ്തു കഴിഞ്ഞെന്നെ വിളിച്ചു കാട്ടി.
ചുമരിന്മേൽ താഴത്തായ് വെൺതൊട്ടി നിൽക്കുന്നൂ
ഇതിൽ കൈ കഴുകാൻ മുട്ടുകാലിൽ നിൽക്കേണം
ഇതെന്തെന്നു ഞാൻ കയർക്കേ ചിരിച്ചുകൊണ്ട്
“കുഴന്തകൾക്കിതിൽ തുപ്പാൻ കഴിയണ്ടേ സാർ
അതിനു പാകത്തിൽ തന്നെയുറപ്പി”ച്ചെന്നു
മലയാളച്ചുവയുള്ള മൊഴിയിൽ ചൊല്ലി.
അതു ശരിവെച്ചു പാറു കുഞ്ഞിക്കൈ നീട്ടി-
ത്തുറന്ന പൈപ്പുവെള്ളത്തിൽ മുഖം കഴുകി
എന്തു നല്ല മാമനെന്നു ചിരിച്ചു നിൽക്കേ,
കൂലി വാങ്ങി റ്റാ റ്റാ പറഞ്ഞയാൾ മടങ്ങി.
വർഷങ്ങൾക്കു ശേഷമിന്നും ചുമരടിയിൽ
നില്പുണ്ടാ വാഷ്ബേസിൻ, താണു കുനിഞ്ഞുതന്നെ
തുപ്പുന്നുണ്ടു കുട്ടികളുമവർ വലുതായ്
പൊക്കം വെച്ചെന്നാലുമതു കാണുമ്പോഴെല്ലാം
എന്തു നല്ല ബാഷാമാമൻ, എവിടെയാവോ-
യെന്നയാൾ തൻ ചിരിക്കുന്ന മുഖം തെളിയും
കുട്ടികൾക്കു കുളിരുവാനിച്ചൂടത്തെങ്ങോ
പുത്തൻ പങ്ക കറക്കുന്ന തിരക്കിലാവാം.
പ്ലാവിൻ കൊമ്പിൽ
തൂങ്ങി നിൽക്കുന്ന
മൂത്ത ചക്കപ്പുറത്തു
കെട്ടിപ്പിടിച്ചു ചുരുണ്ടുറങ്ങുന്നു
ഒരണ്ണാൻ
പകൽ മുഴുവൻ.
താൻ നട്ടുണ്ടാക്കിയ
വട്ടമൊത്തൊരു ചേനക്കു മേൽ
ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്നു
വിളവെടുക്കും മുമ്പു
മരിച്ചു പോയ കർഷകൻ
മണ്ണിനടിയിൽ
രാവും പകലും.
ചക്ക ഇടാറായ്
ചേന പറിക്കാറായ്
രണ്ടു പേരും
എഴുന്നേറ്റു
മാറിക്കിടക്കൂ
വള്ളിമേൽ തൂങ്ങുന്ന കുമ്പളപ്പുറത്തേക്കോ
വലിയൊരു കാവുത്തിൻ മേലേക്കോ.
(രാജേന്ദ്രൻ എടത്തുംകരയ്ക്ക്)
ഇരുണ്ടു കലങ്ങിയ
പുഴയിൽ കനാൽ വന്നു
കൂടുന്ന കടവിൽ നാ-
മിറങ്ങിക്കുളിച്ചപ്പോൾ
തീരത്തു തെങ്ങിൻ ചോട്ടിൽ
രണ്ടു പേരിരുന്നൊരു
തോണി തീർത്തിരുന്നതു-
ണ്ടോർമ്മയിൽ, ശരിയാണോ?
അപ്പുറം വെള്ളക്കുത്തിൻ
പതയ്ക്കും വേഗം, കനാൽ-
ഷട്ടറിൻ നിഴൽ വീണ
വെള്ളത്തിന്നിരുളിങ്ങ്,
അതിൽ നാം മുങ്ങിത്തോർത്തി-
ക്കേറിപ്പോയ്, തെങ്ങിൻ ചോട്ടിൽ
മരമൊന്നൊരു മുഴു-
ത്തോണിയാവതും നോക്കി.
പാലത്തിൽ ബസ്സിൽപ്പോകെ,-
ത്താഴെ വെള്ളത്തിൽ കണ്ടൂ
രണ്ടു പേരൊരു തോണി
തുഴഞ്ഞു നീങ്ങും ദൃശ്യം
കടലിൽ ചേരുന്നതിൻ
മുമ്പത്തെ പ്രശാന്തത
കനത്തു പരപ്പനെ-
ക്കിടപ്പുണ്ടതിൻ ചുറ്റും
ആപ്പരപ്പിന്മേലിളം
കാറ്റൊന്നു തലോടുമ്പോ-
ളാത്തോണിയാമോ പണി-
മുഴുമിയ്ക്കുമീത്തോണി?
വെയിലൊന്നു മങ്ങിയപ്പൊഴേക്കും
പുളിമരത്തിന്റെ ഇലകൾ
ഓരോന്നോരോന്നായി
അടയാൻ തുടങ്ങി.
ഇരുട്ടും മുന്നേ
എല്ലാം ഭദ്രമാക്കി
മരം.
എത്രയിലകൾ
അടഞ്ഞു കാണും?
അരലക്ഷം?
ഉറങ്ങും മുമ്പ്
ഈ വീടിന്റെ നാലു വാതിലടയ്ക്കാൻ
എന്തൊരു പണി!
രണ്ടു കണ്ണടയ്ക്കാൻ
മനസ്സിനെത്ര പാട്!
ഓരോ ദിവസവും
അരലക്ഷമിലകൾ
തുറക്കുകയുമടയ്ക്കുകയും
ചെയ്യുന്ന പുളിമരമേ,
വെറും രണ്ടിലകളുടെ കാര്യമല്ലേയുള്ളൂ!
രണ്ടു കണ്ണിന്റെ കാര്യം!
പകർന്നു തരുമോ ആ അറിവ്
ഇന്നു സന്ധ്യക്കെങ്കിലും?
രാത്രി ഏറെ വൈകി
മുറ്റത്തെ മാവ്
കരഞ്ഞു പറഞ്ഞു
ആ ലൈറ്റ്
ഒന്നു കെടുത്തൂ.
ഉമ്മറത്തെ വെളിച്ചം തട്ടി
ഇലഞെരമ്പു നോവുന്നു.
തെരുവിളക്കിൻ കുത്തു കൊണ്ടു
തൊലി വിണ്ടു പൊട്ടുന്നു.
അതെല്ലാമണയാതെ
എങ്ങനെയിരുട്ടിലാഴും?
അപ്പുറത്തെ പുളിമരം
ഭാഗ്യവാൻ
വെയിലുതാണപ്പൊഴേ
ഇലയടഞ്ഞു.
പിന്നൊന്നുമറിയണ്ട.
മുറ്റത്തെ മാവിങ്ങനെ
കെഞ്ചുന്നത്
എല്ലാ രാത്രിയും
ഏതാണ്ടീ നേരത്ത്
ഞാൻ സങ്കല്പിക്കും.
വിളക്കണയ്ക്കും മുമ്പുള്ള
ദിനചര്യ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം’. 2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന സമാഹാരത്തിൽ. ഈ സമാഹാരം സായാഹ്നയിൽ ലഭ്യമാണു്. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍. കവിയായ സന്ധ്യ, എൻ. പി. ആണ് ഭാര്യ.
(കവിതാ സമാഹാരങ്ങള്‍)
- കനം
- തുരുമ്പ്
- ഭാഷയും കുഞ്ഞും
- പുതുമൊഴിവഴികൾ
- യുവകവിതാക്കൂട്ടം