images/px-Zen.jpg
Some little white leaves composition, a photograph by Moyan Brenn .
പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും
വി. രവികുമാർ
images/Zentao-01.png

‘വാക്കും യാഥാർത്ഥ്യവും തമ്മിലുള്ളതു് വിരലും ചന്ദ്രനും തമ്മിലുള്ള ബന്ധമാണെന്നു ഗുരു പറയുന്നു. ചൂണ്ടുന്ന വിരലല്ല ചന്ദ്രൻ; എന്തിനു്, ഒരു വിരലും ചൂണ്ടാതെ തന്നെ ചന്ദ്രനെ കാണുകയുമാവാമല്ലോ.’
1

ഒരു ഭിക്ഷു ഗുരുവിനെ ചെന്നുകണ്ടു് താൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചേർന്നതായും തന്നെ സെൻ പഠിപ്പിക്കാൻ ദയവുണ്ടാവണമെന്നും അപേക്ഷിച്ചു.

“താൻ കഞ്ഞി കുടിച്ചോ?” ഗുരു ചോദിച്ചു.

“ഉവ്വു്.”

“എങ്കിൽ ചെന്നു കിണ്ണം കഴുകി കമിഴ്ത്തിവയ്ക്കൂ,” ഗുരു പറഞ്ഞു.

2

അമ്പലക്കൊടി കാറ്റിൽ പാറുകയായിരുന്നു. രണ്ടു ഭിക്ഷുക്കൾ തമ്മിൽ തർക്കമായി, ഇളകുന്നതു കൊടിയോ കാറ്റോയെന്നു്. തർക്കം തീർക്കാൻ അവർ ചെന്നു ഗുരുവിനെ കണ്ടു. അദ്ദേഹം പറഞ്ഞു: “കാറ്റുമല്ല, കൊടിയുമല്ല, ഇളകുന്നതു് നിങ്ങളുടെ മനസ്സാണു്.”

3

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: “ഈ സെൻ എന്നു പറയുന്നതെന്താണു്?”

“അതു നിന്റെ കണ്മുന്നിൽത്തന്നെയുണ്ടല്ലോ,” ഗുരു പറഞ്ഞു.

“എങ്കിൽപ്പിന്നെ ഞാനതെന്തുകൊണ്ടു കാണുന്നില്ല?” ശിഷ്യൻ ചോദിച്ചു.

“അതു നിന്റെയുള്ളിലെ ‘അഹം’ കാരണം.”

“ഈ ‘അഹം’ബോധം പോയാൽപ്പിന്നെ എനിക്കു സെൻ കിട്ടുമോ?”

“അഹമില്ലെങ്കിൽ ആർക്കു വേണം സെൻ!”

4

വലിയൊരു പാറക്കല്ലു ചൂണ്ടിക്കാണിച്ചുകൊണ്ടു് ഗുരു ശിഷ്യനോടു ചോദിച്ചു, അതയാളുടെ മനസ്സിനകത്തോ പുറത്തോയെന്നു്.

ശിഷ്യൻ പറഞ്ഞു: “ബുദ്ധന്റെ തത്ത്വപ്രകാരം മനസ്സിന്റെ വിക്ഷേപം തന്നെ പുറത്തുള്ളതൊക്കെ. അതിനാൽ ഈ പാറക്കല്ലും എന്റെ മനസ്സിനുള്ളിൽത്തന്നെ.”

“ഇത്രയും വലിയ ഭാരം ചുമന്നു നടന്നിട്ടും തനിക്കു ക്ഷീണമൊന്നും തോന്നുന്നില്ലേ?” ഗുരു ചോദിച്ചു.

5

ഒരു സമുരായി ഗുരുവിനെ ചെന്നുകണ്ടു് സ്വർഗ്ഗവും നരകവും എന്താണെന്നൊന്നു പഠിപ്പിക്കാൻ അപേക്ഷിച്ചു. ഗുരു ഉടനേ അയാളെ അധിക്ഷേപിക്കാൻ തുടങ്ങി:

“താനിതെന്തുതരം സമുരായിയാണോ! കണ്ടിട്ടു വെറും പിച്ചക്കാരൻ!”

ഈ ആക്ഷേപം കുറേയായപ്പോൾ സമുരായി ശുണ്ഠിയെടുത്തു് വാളു വലിച്ചൂരി.

“ഇതാ നരകത്തിന്റെ കവാടം തുറക്കുന്നു!” ഗുരു പറഞ്ഞു. ആ നിമിഷം സമുരായിക്കു കാര്യം മനസ്സിലായി. അയാൾ വാൾ ഉറയിൽത്തന്നെയിട്ടു് ഗുരുവിന്റെ കാല്ക്കൽ വീണു.

“ഇപ്പോൾ സ്വർഗ്ഗത്തിന്റെ കവാടം തുറക്കുന്നു!” ഗുരു പറഞ്ഞു.

6

ഗുരുവിനൊപ്പം കുറേനാൾ പഠിച്ചതിൽപ്പിന്നെ ഒരു പെൺകുട്ടിയ്ക്കു ബോധോദയം കിട്ടി. ഒരുനാളവൾ ഒരു പെട്ടിപ്പുറത്തിരുന്നു ധ്യാനിക്കുമ്പോൾ അച്ഛൻ കടന്നുവന്നൊച്ചയിട്ടു: “എന്താ നീയിച്ചെയ്യുന്നതു് ! അതിനുള്ളിൽ ഒരു ബുദ്ധവിഗ്രഹമുണ്ടെന്നു നിനക്കറിയില്ലേ?” പെൺകുട്ടി പറഞ്ഞു: “ബുദ്ധനില്ലാത്തൊരിടത്തേയ്ക്കു് അച്ഛൻ എന്നെയൊന്നു മാറ്റിയിരുത്തിയാട്ടെ.”

7

ഒരു സെൻഗുരുവിനു കീഴിൽ ധ്യാനം പഠിക്കുകയായിരുന്നു ഇരുപതു ഭിക്ഷുക്കളും ഒരു ഭിക്ഷുകിയും. ഭിക്ഷുകി അതിസുന്ദരിയായിരുന്നു. ഭിക്ഷുക്കളിൽ പലർക്കും അവളോടു ഗൂഢപ്രേമവുമായി. അതിലൊരാൾ അവൾക്കു കത്തെഴുതാനുള്ള ധൈര്യം കൂടി കാണിച്ചു, തനിക്കവളോടു പ്രേമമാണെന്നും, അവളെ ഒറ്റയ്ക്കൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ടെന്നുമൊക്കെ. അവൾ അതിനു മറുപടി അയയ്ക്കാനൊന്നും പോയില്ല. അടുത്ത ദിവസം ഗുരുവിന്റെ പ്രഭാഷണം കഴിഞ്ഞയുടനേ അവൾ എഴുന്നേറ്റു നിന്നു് തനിക്കു കത്തയച്ച ഭിക്ഷുവിനെ നോക്കി പറഞ്ഞു:

“നിങ്ങൾക്കെന്നോടു് അത്ര കടുത്ത പ്രേമമാണെങ്കിൽ എന്നെ വന്നൊന്നാലിംഗനം ചെയ്താട്ടെ.”

8

ഒരു ശിഷ്യൻ ഗുരുവിനെ ചെന്നുകണ്ടു് ഇങ്ങനെ ആവലാതിപ്പെട്ടു:

“എനിക്കെന്റെ കോപത്തെ നിയന്ത്രിക്കാനാവുന്നില്ല, ഗുരോ. ഞാനെന്തു ചെയ്യണമെന്നു് അങ്ങു തന്നെ പറഞ്ഞാലും.”

“നിയന്ത്രിക്കാനാവാത്ത കോപമോ? അതൊരു പുതുമയാണല്ലോ!” ഗുരു പറഞ്ഞു. “ആട്ടെ, അതെത്ര നിയന്ത്രണമില്ലാത്തതാണെന്നു് നീ ഇപ്പോഴൊന്നു കാട്ടിത്തരൂ.”

“അങ്ങനെയതു കാണിക്കാൻ പറ്റില്ല ഗുരോ.” ശിഷ്യൻ പറഞ്ഞു. “ഓർത്തിരിക്കാതെയാണു് അതിന്റെ വരവു്.”

“എങ്കിൽ,” ഗുരു പറഞ്ഞു, “അതു നിന്റെ യഥാർത്ഥപ്രകൃതമാവാൻ വഴിയില്ല. അങ്ങനെയെങ്കിൽ അതു നിന്റെ വിളിപ്പുറത്താവേണ്ടതല്ലേ. നിനക്കു ജന്മം കൊണ്ടു കിട്ടിയതല്ലതു്; അച്ഛനമ്മമാരുടെ സംഭാവനയുമല്ല. ഇനി നീ വീട്ടിൽപ്പോയി ഇതൊന്നാലോചിച്ചുനോക്കു്.”

9

ഒരു ശിഷ്യനു് മോഷ്ടിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഒരിക്കൽ മറ്റു ശിഷ്യന്മാർ മോഷ്ടാവിനെ കൈയോടെ പിടിച്ചു് ഗുരുവിന്റെ മുന്നിൽ കൊണ്ടുചെന്നു. ഗുരു ഒന്നും മിണ്ടിയില്ല. ചില നാൾ കഴിഞ്ഞപ്പോൾ മോഷ്ടാവു വീണ്ടും പിടിയിലായി. ഗുരു അതും കാര്യമായിട്ടെടുത്തില്ല. അതോടെ മറ്റു ശിഷ്യന്മാർ ഒന്നുകിൽ അയാളെ പുറത്താക്കണം, അല്ലെങ്കിൽ തങ്ങൾ കൂട്ടത്തോടെ വിട്ടുപോവുകയാണെന്നു പറഞ്ഞു ഗുരുവിനു നിവേദനം സമർപ്പിച്ചു. ഗുരു ശിഷ്യന്മാരെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു:

“നിങ്ങൾ ബുദ്ധിയുള്ളവർ. ശരിയും തെറ്റുമെന്തെന്നു് നിങ്ങൾക്കറിയാം. എന്നാൽ ആ പാവത്തിനു് ശരിയും തെറ്റും തമ്മിൽ വേർതിരിച്ചറിയാനാവുന്നില്ല. ഞാനല്ലെങ്കിൽപ്പിന്നെ ആരവനെ അതു പഠിപ്പിക്കും? ആരൊക്കെപ്പോയാലും അവനെ ഞാൻ കൂടെ നിർത്തും.”

അതോടെ അപരാധി നേരെയുമായി.

10

ഒരു സെൻഭിക്ഷു അങ്ങാടി വഴി പോകുമ്പോൾ ഒരു കശാപ്പുകാരനും ഇറച്ചി വാങ്ങാൻ ചെന്നയാളും തമ്മിലുള്ള സംഭാഷണം കേൾക്കാനിടയായി. “ഉള്ളതിൽ നല്ലതു തരൂ,” വാങ്ങാൻ ചെന്നയാൾ പറയുകയാണു്. “നല്ലതേ ഇവിടെയുള്ളു,” എന്നു് കശാപ്പുകാരന്റെ മറുപടിയും. അതു കേട്ടപ്പോൾ ഭിക്ഷുവിനു് ബോധോദയമുണ്ടായി.

11
images/WaltersMark-02.png

മനസ്സിനെ ശൂന്യമാക്കുന്നതിൽ താൻ വിജയിച്ചതായി ഒരു ശിഷ്യനു തോന്നി. അയാൾ ഗുരുവിനോടു പറഞ്ഞു: “എനിക്കിപ്പോൾ ഒരു ചിന്തയുമില്ല.”

“ഒരു ചിന്തയുമില്ല എന്ന ചിന്തയുടെ ഭാരത്തിനടിയിൽപ്പെട്ടു ഞെരുങ്ങുകയാണു നീയിപ്പോൾ.” ഗുരു പറഞ്ഞു.

12

ഗുരു രാത്രി തങ്ങാൻ ഒരു ബുദ്ധവിഹാരത്തിൽ ചെന്നുകയറി. നല്ല തണുപ്പുണ്ടായിരുന്നു. അദ്ദേഹം തീ കൂട്ടിയിട്ടു് പീഠത്തിൽ നിന്നു് ബുദ്ധന്റെ ഒരു ദാരുവിഗ്രഹമെടുത്തു് അതിലേക്കിട്ടു. ഈ നിന്ദ കണ്ടു് കാവൽക്കാരൻ കോപം കൊണ്ടു ജ്വലിച്ചു. അയാളെ സമാധാനിപ്പിക്കാനെന്നോണം ഗുരു ഒരു കോലെടുത്തു് ചാരമിളക്കാൻ തുടങ്ങി.

“നിങ്ങളിതെന്തു ചെയ്യുന്നു?” കോപം നിൽക്കാതെ കാവൽക്കാരൻ ചോദിച്ചു.

“ചാരത്തിനിടയിൽ ബുദ്ധന്റെ ബാക്കിയെന്തെങ്കിലും ഉണ്ടോയെന്നു നോക്കുകയായിരുന്നു,” ഗുരു പറഞ്ഞു.

“മരപ്രതിമ കത്തിയാൽ പിന്നെന്തു ബാക്കിയുണ്ടാവാനാ?”

“അതെയോ? എന്നാൽ രണ്ടുമൂന്നെണ്ണം കൂടി തന്നാട്ടെ, തണുപ്പു മാറുന്നില്ല,” ഗുരു ഉന്മേഷത്തോടെ പറഞ്ഞു.

13

ഒരാൾ ഗുരുവിനോടു ചോദിച്ചു,“അങ്ങയുടെ ബുദ്ധദർശനം ഏതു വിധം?”

“അടിയില്ലാത്ത കൂടയിൽ അപ്പോൾപ്പറിച്ച പഴങ്ങളിട്ടുവയ്ക്കുക.” ഗുരു പറഞ്ഞു.

14

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു, “ബുദ്ധനാവുക എന്നതിന്റെ മർമ്മമെന്തു്?”

“അല്പം ക്ഷമിക്കു് അടുത്താരുമില്ലാത്ത നേരത്തു് ഞാനതു പറഞ്ഞുതരാം,” ഗുരു പറഞ്ഞു.

അല്പനേരം കഴിഞ്ഞപ്പോൾ ശിഷ്യൻ തിടുക്കപ്പെട്ടു:

“ഇപ്പോഴാരുമില്ലല്ലോ. ഒന്നു പറഞ്ഞുതരൂ.”

ഗുരു ശിഷ്യനെ ഒരു മുളങ്കാടിനടുത്തേക്കു കൂട്ടിക്കൊണ്ടുപോയിട്ടു പറഞ്ഞു:

“നോക്കു്, എന്തു കിളരമാണീ മുളകൾക്കു്! അങ്ങപ്പുറത്തു നില്ക്കുന്ന മുളകൾ എത്ര കുറിയതും!”

15

ശിഷ്യൻ: “മോചനത്തിന്റെ വഴിയെന്തു്?”

ഗുരു: “നിന്നെ ആരെങ്കിലും പിടിച്ചുകെട്ടിയിട്ടുണ്ടോ?”

ശിഷ്യൻ: “ഇല്ല.”

ഗുരു: “എന്നാല്പിന്നെ നീ മോചനത്തിനുള്ള വഴി അന്വേഷിക്കുന്നതുമെന്തിനു്?”

16

ശിഷ്യൻ: “എന്റെ മനസ്സിനു് ഒരു സ്വസ്ഥതയുമില്ല. അതിനെ ഒന്നു സമാധാനിപ്പിക്കണേ.”

ഗുരു: “നീ നിന്റെ മനസ്സിനെ എടുത്തു് എന്റെ മുന്നിൽ കൊണ്ടുവരൂ. ഞാനതിനെ സമാധാനിപ്പിക്കാം.”

ശിഷ്യൻ: “അതിനു നോക്കുമ്പോൾ മനസ്സിനെ കാണാനുമില്ല.”

ഗുരു: “കണ്ടോ! നിന്റെ മനസ്സിനെ ഞാൻ സമാധാനപ്പെടുത്തിക്കഴിഞ്ഞു.”

17

ശിഷ്യൻ: “വിലമതിക്കാത്തതൊന്നു ലോകത്തുണ്ടെങ്കിൽ അതേതു്?”

ഗുരു: “ചത്ത പൂച്ചയുടെ തല.”

ശിഷ്യൻ: “അതെങ്ങനെ അങ്ങനെയാവാൻ?”

ഗുരു: “അതിനു വിലയിടാൻ ആർക്കും കഴിയില്ല എന്നതിനാൽത്തന്നെ.”

18

രണ്ടു ഭിക്ഷുക്കൾ ആശ്രമത്തിലേക്കു മടങ്ങുമ്പോൾ അതിസുന്ദരിയായ ഒരു പെൺകുട്ടി തോട്ടുവക്കത്തു നില്ക്കുന്നതു കണ്ടു. വെള്ളത്തിലിറങ്ങാൻ മടിച്ചു നില്ക്കുകയാണവൾ. ഒരു ഭിക്ഷു അവളെ കൈകളിലെടുത്തു് തോടിനപ്പുറത്തു വിട്ടു.

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മറ്റേ ഭിക്ഷുവിന്റെ ധാർമ്മികരോഷം വേലി പൊളിച്ചു പുറത്തു ചാടി:

“നമ്മൾ ഭിക്ഷുക്കൾക്കു് സ്ത്രീസ്പർശം നിഷിദ്ധമല്ലേ. എന്നിട്ടും നിങ്ങളതു ചെയ്തതു്”

“ഞാനവളെ അപ്പോഴേ ഇറക്കിവിട്ടതാണല്ലോ. താനിപ്പോഴും അവളെയും ചുമന്നു നടക്കുകയാണോ?” മറ്റേ ഭിക്ഷു ചോദിച്ചു.

19

ബുദ്ധന്റെ തത്ത്വങ്ങളിൽ താനെത്ര നിഷ്ണാതനാണെന്നു കാണിക്കാൻ ശ്രമിക്കുകയായിരുന്നു ഒരു ശിഷ്യൻ. അയാൾ ഗുരുവിനോടു പറഞ്ഞു:

“പ്രതിഭാസങ്ങളുടെ സ്വരൂപമെന്നാൽ ശൂന്യത തന്നെ. ഉള്ളതായിട്ടൊന്നുമില്ല. ബോധോദയമില്ല, മായയില്ല, ജ്ഞാനിയില്ല, സാമാന്യനുമില്ല, കൊടുക്കലില്ല, വാങ്ങലില്ല.” ഗുരു ഒന്നും മിണ്ടാതെ ഹൂക്കയും വലിച്ചുകൊണ്ടിരുന്നു. പെട്ടെന്നദ്ദേഹം ഒരു മുളവടിയെടുത്തു് ശിഷ്യന്റെ തലയ്ക്കിട്ടൊന്നു കൊടുത്തു. അയാൾ രോഷം കൊണ്ടു ചീറി. ഗുരു ചോദിച്ചു:

“ഉള്ളതായിട്ടൊന്നുമില്ലെങ്കിൽപ്പിന്നെ ഈ കോപം എവിടുന്നുണ്ടായെടോ?”

20

എങ്ങനെ ബോധോദയം നേടാമെന്നു് ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു.

“അവിടെ ഒരരുവി കാണുന്നില്ലേ? അതിലൊന്നിറങ്ങിയാൽ അതിൽ നിന്നു തുടങ്ങാം,” ഗുരു പറഞ്ഞു.

21
images/Tsuba_with_Daruma-04.jpg

ഒരു പെൺകുട്ടി ഗർഭിണിയായി. ഉത്തരവാദി ആരെന്നു് അച്ഛനമ്മമാർ ചോദിച്ചപ്പോൾ അവൾ ചൂണ്ടിക്കൊടുത്തതു് അടുത്തു താമസിക്കുന്ന ഗുരുവിനെ. അവർ ആശ്രമത്തിൽ ചെന്നു് അദ്ദേഹത്തെ ചീത്ത വിളിച്ചു. “അതെയോ?” എന്നേ ഗുരു ചോദിച്ചുള്ളു. ഈ സംഭവത്തിനു ശേഷം ആർക്കും അദ്ദേഹത്തെ കണ്ടുകൂടെന്നായി. ആ പേരു പോലും ആരും പറയാതായി. കുഞ്ഞു ജനിച്ചപ്പോൾ പെൺകുട്ടിയുടെ രക്ഷിതാക്കൾ അതിനെയും കൊണ്ടു് ആശ്രമത്തിൽ ചെന്നിട്ടു് വളർത്തിക്കോളാൻ ഗുരുവിനോടു പറഞ്ഞു. അദ്ദേഹം ഒന്നും മിണ്ടാതെ കുഞ്ഞിനെ കൈനീട്ടി വാങ്ങി. അയൽവീടുകളിൽ നിന്നു പാലും തുണിയുമൊക്കെ ഇരന്നുവാങ്ങി അദ്ദേഹം അതിനെ വേണ്ടപോലെ കാത്തുകൊണ്ടിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോൾ പെൺകുട്ടിക്കു മനംമാറ്റമുണ്ടായി. ഗുരുവല്ല, മറ്റൊരു ചെറുപ്പക്കാരനാണു് തന്നെ പിഴപ്പിച്ചതെന്നു് അവൾ കുമ്പസാരിച്ചു. ഇതു കേട്ടയുടനെ രക്ഷിതാക്കൾ ആശ്രമത്തിലേക്കോടി ഗുരുവിന്റെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചു; കുഞ്ഞിനെ തിരിച്ചുനല്കാനഭ്യർത്ഥിച്ചു. അദ്ദേഹമല്ല, മറ്റൊരാളാണു് കുഞ്ഞിന്റെ പിതാവെന്നും അവർ അദ്ദേഹത്തെ അറിയിച്ചു. “അതെയോ?” എന്നേ ഗുരു അപ്പോഴും പറഞ്ഞുള്ളു; കുട്ടിയെ അദ്ദേഹം മടക്കിക്കൊടുക്കുകയും ചെയ്തു.

22

തന്റെ ഒരടുത്ത ബന്ധു മരിച്ചതറിഞ്ഞപ്പോൾ ഒരു ഭിക്ഷു തേങ്ങിക്കരയാൻ തുടങ്ങി. തങ്ങൾ സന്ന്യാസിമാരാണെന്നും, വ്യക്തിബന്ധങ്ങളുടെ പേരിൽ മനസ്സു കലക്കുന്നതു് തങ്ങൾക്കു ചേർന്നതല്ലെന്നും മറ്റൊരു ഭിക്ഷു ഓർമ്മിപ്പിച്ചപ്പോൾ കരഞ്ഞ ഭിക്ഷുവിന്റെ മറുപടി ഇതായിരുന്നു:

“മണ്ടത്തരം പറയാതെ. ഞാൻ കരഞ്ഞെങ്കിൽ അതു കരച്ചിൽ വന്നതുകൊണ്ടാണു്.”

23

രാജാവു്: ഈ മനസ്സു തന്നെയല്ലേ യഥാർത്ഥത്തിൽ ബുദ്ധൻ?

ഗുരു: അതെ എന്നു ഞാൻ പറഞ്ഞാൽ തനിക്കു കാര്യം മനസ്സിലായതായി അങ്ങു കരുതും; യഥാർത്ഥത്തിൽ ഒന്നും മനസ്സിലായിട്ടുമുണ്ടാവില്ല. അല്ല എന്നു പറഞ്ഞാലോ, പലർക്കും നല്ലവണ്ണം ബോദ്ധ്യപ്പെട്ട ഒന്നിനെ ഖണ്ഡിക്കുകയാവും ഞാൻ ചെയ്യുക.

24

ഒരാശ്രമത്തിലെ ഗുരുവിന്റെ പ്രഭാഷണം കേൾക്കാൻ ആളുകൾ തടിച്ചുകൂടുക പതിവായിരുന്നു. മറ്റൊരാശ്രമത്തിലെ ഒരന്തേവാസിയ്ക്കു് അതത്ര പിടിച്ചില്ല. അയാൾ സദസ്സിൽ നിന്നെഴുന്നേറ്റുനിന്നു പറഞ്ഞു, തന്റെ ഗുരു അത്ഭുതപ്രവൃത്തികൾ പലതും ചെയ്യാറുണ്ടെന്നും, പുഴയുടെ മറുകരെ നിവർത്തിവച്ച ഒരു കടലാസിൽ ഇക്കരയിൽ നിന്നുകൊണ്ടു് ബുദ്ധന്റെ ചിത്രം വരയ്ക്കാൻ അദ്ദേഹത്തിനു കഴിയുമെന്നൊക്കെ. ഇതു കേട്ടപ്പോൾ ഗുരു പറഞ്ഞു:

“വിശക്കുമ്പോൾ തിന്നുക, ദാഹിക്കുമ്പോൾ കുടിക്കുക—ഇതൊക്കെയാണു് ഞാൻ പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ.”

25

തനിയ്ക്കു കുളിയ്ക്കാൻ ചൂടാക്കിയ വെള്ളത്തിന്റെ ചൂടാറ്റാൻ അല്പം തണുത്ത വെള്ളം കൊണ്ടുവരാൻ ഗുരു ശിഷ്യനോടു പറഞ്ഞു. അയാൾ വെള്ളമെടുത്തു കുളിത്തൊട്ടിയിലൊഴിച്ചിട്ടു് ബാക്കി വന്നതു നിലത്തേക്കൊഴിച്ചു. “കഴുതേ,” ഗുരു ശിഷ്യനെ ശാസിച്ചു. “നിനക്കതു് ആ ചെടികളുടെ ചുവട്ടിലൊഴിക്കാമായിരുന്നില്ലേ? ഒരു തുള്ളി വെള്ളം പാഴാക്കാനുള്ള അവകാശം ആർക്കുമില്ലെന്നു നിനക്കറിഞ്ഞുകൂടേ?” അതായിരുന്നു ആ ശിഷ്യനു ബോധോദയത്തിന്റെ മുഹൂർത്തം. ‘ഒരു തുള്ളി വെള്ളം’ എന്നു് അയാൾ തന്റെ പേരു മാറ്റുകയും ചെയ്തു.

26

ഒരു ഗുരു: വരൂ, ഒന്നു മോന്തിയിട്ടു പോകാം.

മറ്റൊരു ഗുരു: ഞാൻ കുടിയ്ക്കാറില്ല.

ഒന്നാമത്തെ ഗുരു: കുടിയ്ക്കാത്തവൻ മനുഷ്യനല്ല.

രണ്ടാമത്തെ ഗുരു (കോപത്തോടെ): കുടിയ്ക്കാത്തതു കൊണ്ടു ഞാൻ തനിയ്ക്കു മനുഷ്യനല്ലാതായോ? മനുഷ്യനല്ലെങ്കിൽപ്പിന്നെ ഞാനാരു്?

ഒന്നാമത്തെ ഗുരു: ബുദ്ധൻ!

27

മാരൻ (ബുദ്ധമതത്തിൽ പിശാചിനു തുല്യൻ) അനുചരനുമായി നാടു നിരങ്ങുമ്പോൾ നടപ്പുധ്യാനം (ഇരുന്നിട്ടെന്നപോലെ നടന്നും ധ്യാനമാവാം!) പരിശീലിക്കുന്ന ഒരു ഭിക്ഷുവിന്റെ മുഖം പെട്ടെന്നു് അത്ഭുതം കൊണ്ടു വികസിക്കുന്നതു കണ്ടു. മുന്നിലെ നിലത്തു് അദ്ദേഹം എന്തോ കണ്ടെത്തിയിരിക്കുന്നു. അതെന്താണെന്നു് അനുചരൻ ചോദിച്ചപ്പോൾ മാരൻ പറഞ്ഞു, “സത്യത്തിന്റെ ഒരംശം.” അനുചരനു സംശയമായി:

“മനുഷ്യൻ സത്യം കണ്ടെത്തുന്നതിൽ അങ്ങേയ്ക്കു വേവലാതിയൊന്നുമില്ലേ?”

“ഇല്ല,” മാരൻ പറഞ്ഞു, “ഇനി അയാൾ അതിനെ പ്രമാണമാക്കിക്കോളും.”

28

മറുകരെ നില്ക്കുന്ന ഗുരുവിനെ നോക്കി ശിഷ്യൻ വിളിച്ചുചോദിച്ചു:

“അക്കരെ ഞാനെങ്ങനെയെത്തും, ഗുരോ?”

“നീ അക്കരെത്തന്നെയാണല്ലോ, മകനേ!” ഗുരു പറഞ്ഞു.

29

ഒരാൾ കാടുവഴി നടക്കുമ്പോൾ ഒരു കടുവയുടെ മുന്നിൽപ്പെട്ടു. അയാൾ ഓടിച്ചെന്നെത്തിയതു് ചെങ്കുത്തായൊരു പാറച്ചരിവിന്റെ മുകളിൽ. ജീവനിൽ കൊതിയോടെ അയാൾ ഒരു വള്ളി മേൽ പിടിച്ചു് ആ കൊക്കയ്ക്കു മേൽ ഞാന്നുകിടന്നു. ഈ സമയത്തു് അടുത്തൊരു മാളത്തിൽ നിന്നു് രണ്ടു ചുണ്ടെലികൾ പുറത്തുവന്നു് വള്ളി കരണ്ടുമുറിയ്ക്കാൻ തുടങ്ങി. അപ്പോഴാണു് തൊട്ടരികെ കാട്ടുമുന്തിരിപ്പഴങ്ങൾ കുലകുത്തിക്കിടക്കുന്നതു് അയാളുടെ കണ്ണിൽപ്പെട്ടതു്. അയാൾ അതിലൊരെണ്ണം പൊട്ടിച്ചു വായിലിട്ടു. എന്തു രുചിയായിരുന്നു അതിനു്!

30

ഷുവാങ്ങ്-തു് സു (ദാവോ തത്ത്വചിന്തകൻ) ഒരിക്കൽ സ്വപ്നം കണ്ടു താനൊരു പൂമ്പാറ്റയായെന്നു്. സ്വപ്നത്തിൽ അദ്ദേഹം പൂക്കൾക്കു മേൽ പറന്നുനടക്കുകയും തേൻ കുടിയ്ക്കുകയും പൂമ്പാറ്റകൾ പിന്നെയെന്തൊക്കെ ചെയ്യുമോ, അതൊക്കെ ചെയ്യുകയും ചെയ്തു. തന്റെ മനുഷ്യപ്രകൃതത്തെക്കുറിച്ചു് ഒരു സ്മരണയും അദ്ദേഹത്തിനുണ്ടായില്ല. പെട്ടെന്നുറക്കം ഞെട്ടി, സ്വപ്നം മുറിഞ്ഞു, കട്ടിലിൽ കിടക്കുന്ന ഒരു മനുഷ്യനാണു താനിപ്പോൾ. അദ്ദേഹത്തിനു സംശയമായി: “പൂമ്പാറ്റയായെന്നു സ്വപ്നം കണ്ട മനുഷ്യനായിരുന്നോ മുമ്പു ഞാൻ? അതോ, മനുഷ്യനായെന്നു സ്വപ്നം കാണുന്ന പൂമ്പാറ്റയാണോ ഞാനിപ്പോൾ?”

31
images/Soto_Zen_crest.png

മണൽക്കാട്ടിൽ വഴി തെറ്റിയലയുകയാണു് രണ്ടു യാത്രക്കാർ. വിശപ്പും ദാഹവും കൊണ്ടവർ വശം കെട്ടിരിക്കുന്നു. ഒടുവിൽ അവർ ഒരു മതിൽക്കെട്ടിനു പുറത്തെത്തി. ഉള്ളിൽ ഒരു ചോലയൊഴുകുന്നതും കിളികൾ പാടുന്നതും അവർക്കു കേൾക്കാം. ഫലസമൃദ്ധമായൊരു മരത്തിന്റെ ചില്ലകൾ മതിലിനു മുകളിൽക്കൂടി കാണാനുമുണ്ടു്. വളരെ രുചികരമായിരിക്കണമവ. ഒരാൾ മതിലിനു മുകളിലൂടെ വലിഞ്ഞുകയറി ഉള്ളിലെത്തി അപ്രത്യക്ഷനായി. മറ്റേയാളാവട്ടെ, വഴി തെറ്റിയ മറ്റു സഞ്ചാരികളുണ്ടെങ്കിൽ അവർക്കു മരുപ്പച്ചയിലേക്കുള്ള വഴി കാട്ടാനായി മരുഭൂമിയിലേക്കു മടങ്ങുകയാണു്.

32

ജ്ഞാനം കൊണ്ടു മുഖമെരിയുന്ന ഒരു ഗുരുവുണ്ടായിരുന്നു; ആൾ ഒറ്റക്കണ്ണനുമായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ മണികിലുക്കങ്ങളില്ലായിരുന്നു, മന്ത്രോച്ചാരണങ്ങളില്ലായിരുന്നു. ഗഹനമായ നിശ്ശബ്ദതയിൽ ധ്യാനത്തിൽ മുഴുകുകയാണു് അന്തേവാസികൾ വേണ്ടതെന്നു് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. പെട്ടെന്നൊരു ദിവസം ആശ്രമത്തിൽ നിന്നു് മന്ത്രോച്ചാരണങ്ങളും മണികിലുക്കവുമുയരുന്നതു് അയൽവാസിയായ വൃദ്ധ കേട്ടു. ഗുരുവിന്റെ കാലം കഴിഞ്ഞുവെന്നും അവർക്കു മനസ്സിലായി.

33

അദ്ധ്വാനിയായ ഒരു കൃഷിക്കാരനു് പ്രായമധികമായപ്പോൾ കൂനിപ്പിടിച്ചു നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു. വൃദ്ധൻ മകനു് ഒരു ഭാരമായി തോന്നിത്തുടങ്ങി. ഒരു ദിവസം അയാൾ ഒരു ശവപ്പെട്ടി പണിയിച്ചു കൊണ്ടുവന്നു് അച്ഛനോടു് അതിൽ കയറിക്കിടക്കാൻ പറഞ്ഞു. അയാൾ ഒരു വിസമ്മതവും പറയാതെ ഉള്ളിൽ കയറിക്കിടന്നു. മകൻ ശവപ്പെട്ടിയെടുത്തു വണ്ടിയിൽ വച്ചു് ഒരു കിഴുക്കാംതൂക്കിലേക്കു പോയി. പോകുന്ന വഴി പെട്ടിയ്ക്കുള്ളിൽ നിന്നൊരു മുട്ടു കേട്ടു് മകൻ അതു തുറന്നു. ശവപ്പെട്ടിയ്ക്കുള്ളിൽ പരമശാന്തതയോടെ കിടന്നുകൊണ്ടു് അച്ഛൻ പറഞ്ഞു:

“നീ എന്നെ തള്ളിയിടാൻ പോവുകയാണെന്നു് എനിക്കറിയാം. ഞാനൊരു കാര്യം പറയട്ടെ. നീയെന്നെ പെട്ടിയോടെടുത്തെറിയേണ്ട. നല്ല ഒന്നാന്തരം ശവപ്പെട്ടിയല്ലേ. അതു സൂക്ഷിച്ചുവയ്ക്കൂ. നിന്റെ കുട്ടികൾക്കു് അതാവശ്യം വന്നുവെന്നു വരും.”

34

പരമദരിദ്രനായ ഒരു ഗുരുവിന്റെ ചെറ്റപ്പുരയിലാണു് കള്ളൻ ചെന്നു കയറിയതു്. പരിശോധന നടക്കുന്നതിനിടയിൽ പുറത്തു പോയിരുന്ന ഗുരു സ്ഥലത്തെത്തി.

“നീ എന്നെ കാണാൻ ഇത്ര ദൂരത്തു നിന്നു വന്ന സ്ഥിതിയ്ക്കു് നിന്നെ ഞാനെങ്ങനെ വെറുംകൈയോടെ അയക്കാൻ?” ഗുരു അവനോടു പറഞ്ഞു, “ഇതാ, ഞാനുടുത്തിരിക്കുന്ന ഈ തുണി കൊണ്ടുപൊയ്ക്കോ.” കള്ളൻ ആകെ വിരണ്ടു് തുണിയുമെടുത്തു് വലിഞ്ഞുകളഞ്ഞു.

വിളങ്ങി നില്ക്കുന്ന പൂർണ്ണചന്ദ്രനെയും നോക്കി, ഉടുക്കാനൊന്നുമില്ലാതെ ഗുരു ധ്യാനസ്ഥനായി:

“പാവം, ഈ ഭംഗിയുള്ള ചന്ദ്രനെ അവനു സമ്മാനിക്കാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ!”

35

ഒരു സന്ന്യാസിനി മരിക്കാൻ സമയമടുത്തപ്പോൾ മുറ്റത്തൊരു ചിത കൂട്ടിച്ചു് അതിനു നടുക്കു കയറി ഇരുന്നു. “പൊള്ളുന്ന ചൂടല്ലേ!” ഒരു ശിഷ്യൻ വിലപിച്ചപ്പോൾ അവർ അവനെ ശാസിച്ചു:

“ചൂടും തണുപ്പുമൊക്കെ നിന്നെപ്പോലൊരു വിഡ്ഢിക്കുള്ളതു്.” ചിത കത്തിക്കാളി; സന്ന്യാസിനി അതിൽ ദഹിക്കുകയും ചെയ്തു.

36

ഭാര്യയുടെ പിശുക്കിനെക്കുറിച്ചു് ഒരാൾ ചെന്നു ഗുരുവിനോടു പരാതി പറഞ്ഞു. ഗുരു അയാളുടെ വീട്ടിൽ ചെന്നിട്ടു് കൈ മുറുക്കി അയാളുടെ ഭാര്യയുടെ മുഖത്തിനു നേരേ പിടിച്ചു.

“അങ്ങിതെന്താണു കാണിക്കുന്നതു്!” അവർ അത്ഭുതത്തോടെ ചോദിച്ചു.

“എന്റെ കൈ സദാസമയവും ഇങ്ങനെ ഇരുന്നാൽ നീ എന്തു പറയും?” ഗുരു ചോദിച്ചു.

“അതൊരു വൈകല്യമെന്നു്,” സ്ത്രീ പറഞ്ഞു.

ഉടനേ അദ്ദേഹം കൈ വിടർത്തിപ്പിടിച്ചിട്ടു ചോദിച്ചു,

“ഇനി എപ്പോഴും ഇങ്ങനെയിരുന്നാലോ?”

“അതു മറ്റൊരു വൈകല്യം.”

“അത്രയും മനസ്സിലാക്കാൻ നിനക്കു കഴിഞ്ഞെങ്കിൽ നീ നല്ലൊരു ഭാര്യ തന്നെ,” എന്നു പറഞ്ഞിട്ടു് ഗുരു പോയി.

37

അടുത്തിടെ സെൻപഠനം പൂർത്തിയാക്കിയ ഒരാൾ ഗുരുവിനെ കാണാൻ ചെന്നു. നല്ല മഴയുണ്ടായിരുന്നതു കൊണ്ടു് അയാൾ തടി കൊണ്ടുള്ള മെതിയടി ഇട്ടിരുന്നു, ഓലക്കുടയുമെടുത്തിരുന്നു. ശിഷ്യനെ കണ്ടപ്പോൾ ഗുരു പറഞ്ഞു:

“മെതിയടി നീ നടക്കല്ലിനു പുറത്തു വച്ചിട്ടുണ്ടാവും; അതിനു വലത്തോ ഇടത്തോ നീ കുട വച്ചതു്?” ശിഷ്യനു് ആകെ ആശയക്കുഴപ്പമായി; പെട്ടെന്നൊരു മറുപടി പറയാൻ അയാൾക്കു കഴിഞ്ഞതുമില്ല. നിമിഷംപ്രതി സെൻ അല്ല തന്റെ സെൻ എന്നും, അതിനാൽ അതു പൂർണ്ണമല്ല എന്നും അയാൾക്കു ബോദ്ധ്യമായി. പിന്നെ ഒരാറുകൊല്ലം കൂടി ആ ഗുരുവിന്റെ കീഴിൽ അയാൾ സെൻ പഠിച്ചു.

38

മരിക്കാൻ കിടക്കുന്നൊരാളോടു് ഗുരു പറഞ്ഞു, “ഞാൻ നിനക്കു വഴി കാണിക്കട്ടെ?”

“ഞാൻ വന്നതൊറ്റയ്ക്കു്, പോകുന്നതുമൊറ്റയ്ക്കു് അതിനു നിങ്ങളെന്തു സഹായിക്കാൻ?” അയാൾ ചോദിച്ചു.

“വന്നുവെന്നും ഇനി പോകുന്നുവെന്നുമാണു നിങ്ങൾ കരുതുന്നതെങ്കിൽ അതൊരു മതിഭ്രമം മാത്രം. വരവും പോക്കുമില്ലാത്ത ഒരു വഴിയുള്ളതു് ഞാനൊന്നു കാണിച്ചുതരട്ടെ?”

അതു കേട്ടതോടെ അയാളുടെ ബോധം തെളിഞ്ഞു; ഒരു മന്ദഹാസത്തോടെ അയാൾ ജീവൻ വെടിയുകയും ചെയ്തു.

39

ഗുരു പുഴക്കരെ ധ്യാനത്തിലിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു തടസ്സപ്പെടുത്തി:

“എനിക്കങ്ങയുടെ ശിഷ്യനാവണം.”

“എന്തു കാര്യത്തിനു്?”

“എനിക്കു ദൈവത്തെ കാണണം.”

ഗുരു ചാടിയെഴുന്നേറ്റു് ചെറുപ്പക്കാരനെ പിടലിയ്ക്കു പിടിച്ചു് തല വെള്ളത്തിൽ മുക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ അവൻ കിടന്നു പരാക്രമം കാണിച്ചപ്പോൾ പിടിച്ചു കരയിലിരുത്തി. അവനു ശ്വാസം വിടാമെന്നായപ്പോൾ ഗുരു ചോദിച്ചു:

“വെള്ളത്തിനടിയിലായിരുന്നപ്പോൾ ഏറ്റവും അത്യാവശ്യമായി നിനക്കു തോന്നിയതെന്തായിരുന്നു?”

“വായു.”

എങ്കിൽ തത്കാലം നീ വീട്ടിലേക്കു പോവുക. വായു പോലെ ദൈവം അത്യാവശ്യമായി തോന്നുന്ന കാലം എന്നെ വന്നു കാണുക.”

40

ഒരു പെരുംകള്ളന്റെ മകൻ തന്നെക്കൂടി തസ്കരവിദ്യ പഠിപ്പിക്കാൻ അച്ഛനോടു പറഞ്ഞു. അന്നു രാത്രിയിൽ കള്ളൻ മകനെ വലിയൊരു വീട്ടിലേക്കു കൊണ്ടുപോയി. മകനെ ജനാല വഴി ഉള്ളിൽ കടത്തിയിട്ടു് മുറിയിലെ തുണിയലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കാൻ അയാൾ അവനോടു പറഞ്ഞു. അയാൾ എന്നിട്ടു് മുൻവാതില്ക്കൽ ചെന്നു തട്ടി വീട്ടുകാരെ ഉണർത്തിയിട്ടു് അവരുടെ കണ്ണിൽപ്പെടാതെ കടന്നുകളയുകയും ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആകെ ക്ഷീണിച്ചുകുഴഞ്ഞു് മകനും തിരിച്ചെത്തി. അയാൾ അച്ഛനു നേരെ തട്ടിക്കയറി:

“നിങ്ങളെന്തു പണിയാണു കാണിച്ചതു്? എങ്ങനെയൊക്കെ തല പുകച്ചിട്ടാണെന്നോ ഞാനവിടെ നിന്നു രക്ഷപ്പെട്ടതു് !” അച്ഛൻ ചിരിച്ചു:

“മകനേ, ചോരശാസ്ത്രത്തിലെ ആദ്യപാഠമാണു നീ പഠിച്ചതു്!”

41
images/Face_of_a_Man-05.png

മലമുകളിൽ ഒരു സിദ്ധൻ താമസമാക്കിയതായി നാട്ടിൽ വാർത്ത പരന്നു. അദ്ദേഹത്തെ കാണാനും ഉപദേശം വാങ്ങാനുമായി ഗ്രാമവാസികളിലൊരാൾ മല കയറിച്ചെന്നു. മുകളിലെത്തിയപ്പോൾ ഒരു കുടിലിനു മുന്നിലിരിക്കുന്ന ഒരു കിഴവൻ വേലക്കാരനെയാണു കണ്ടതു്.

“എനിക്കു സിദ്ധനെ ഒന്നു കാണണം,” ചെന്നയാൾ തന്റെ ആഗ്രഹം പറഞ്ഞു.

ആവാമല്ലോ എന്നു പറഞ്ഞുകൊണ്ടു് വേലക്കാരൻ അയാളെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടുപോയിട്ടു് പിൻവാതിലിലൂടെ പുറത്തു കടത്തി. ഗ്രാമവാസി തിരിഞ്ഞുനിന്നു,

“അല്ലാ, ഞാൻ സിദ്ധനെ കണ്ടില്ലല്ലോ?”

“സിദ്ധനെ നിങ്ങൾ കണ്ടുകഴിഞ്ഞല്ലോ,” വേലക്കാരൻ പറഞ്ഞു. “ജീവിതത്തിൽ കണ്ടുമുട്ടുന്നതാരെയും, അവരിനി കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്തവരായിക്കോട്ടെ, ഒരു സിദ്ധനായി കാണുക. എങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി.”

42

ശിഷ്യൻ വന്നു പരാതി പറഞ്ഞു:

“ഗുരോ, എന്റെ ധ്യാനം തീരെ ശരിയാവുന്നില്ല; ശ്രദ്ധ നില്ക്കുന്നില്ല, കാലു വേദനിക്കുന്നു, ഞാനുറങ്ങിപ്പോവുകയും ചെയ്യുകയാണു്. ഞാനാകെ കഷ്ടത്തിലായി.”

“അതു മാറിക്കോളും,” ഗുരു നിസ്സാരമട്ടിൽ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞു് ശിഷ്യൻ വീണ്ടും കാണാൻ വന്നു:

“എന്റെ ധ്യാനം ഗംഭീരമാകുന്നു, ഗുരോ! എനിക്കെന്തൊരു ശാന്തിയും ഓജസ്സുമാണിപ്പോൾ! എന്റെ ബോധം വല്ലാതെ തുറന്നപോലെയും. എനിക്കതു വിവരിക്കാൻ പറ്റുന്നില്ല, ഗുരോ!”

“അതു മാറിക്കോളും,” ഗുരു വീണ്ടും നിസ്സാരമട്ടിൽ പറഞ്ഞു.

43

വളരെ കർശനമായ ചിട്ടകൾ പുലർത്തിയിരുന്ന ഒരാശ്രമമുണ്ടായിരുന്നു. സംസാരം തന്നെ അവിടെ നിഷിദ്ധമായിരുന്നു. പത്തുകൊല്ലം കൂടുമ്പോൾ രണ്ടു വാക്കു മിണ്ടാമെന്നു മാത്രം. ആശ്രമജീവിതത്തിൽ ആദ്യത്തെ പത്തുകൊല്ലം കഴിഞ്ഞപ്പോൾ ഒരു ഭിക്ഷു ചെന്നു് മഠാധിപതിയെ കണ്ടു.

“താൻ വന്നിട്ടു പത്തുകൊല്ലമായല്ലോ,” മഠാധിപതി പറഞ്ഞു, “എന്താണു തനിക്കു പറയാനുള്ളതു്?”

“കിടക്ക… കഠിനം,” ഭിക്ഷു പറഞ്ഞു.

“അതു ശരി.”

അടുത്ത പത്തുകൊല്ലം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും മഠാധിപതിയെ ചെന്നുകണ്ടു.

“നാറുന്ന… ഭക്ഷണം,” അതാണു് അന്നയാൾക്കു പറയാനുണ്ടായിരുന്നതു്.

“അതു ശരി.”

പിന്നെയും പത്തുകൊല്ലം കഴിഞ്ഞപ്പോൾ അയാൾ ചെന്നു.

“ഞാൻ… പോകുന്നു,” ഭിക്ഷു പറഞ്ഞു.

“എനിക്കു മനസ്സിലായി,” മഠാധിപതി പറഞ്ഞു, “തനിക്കു പരാതി പറയാനല്ലാതെ മറ്റൊന്നുമറിയില്ല.”

44

ശിഷ്യൻ ചോദിച്ചു, “ബോധോദയമെന്നാൽ എന്താണു ഗുരോ?”

ഗുരു പറഞ്ഞു, “വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, ക്ഷീണിക്കുമ്പോൾ കിടന്നുറങ്ങുക, അതു തന്നെ.”

45

മരണസമയമടുത്തപ്പോൾ ഒരു ഗുരു കൂട്ടുകാരോടു ചോദിച്ചു:

“സന്ന്യാസിമാർ കിടന്നും ഇരുന്നും മരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്; നിന്നു മരിച്ചവരുണ്ടോ?”

“ചിലർ അങ്ങനെയും മരിച്ചിട്ടുണ്ടു്,” അവർ പറഞ്ഞു.

“എന്നാൽ തല കീഴായിട്ടോ?”

“അതിതു വരെ കണ്ടിട്ടില്ല!”

അതു കേട്ടയുടനേ ആ തമാശക്കാരൻ ഗുരു തല കുത്തി നില്ക്കുകയും ജീവൻ വെടിയുകയും ചെയ്തു.

എങ്ങനെയാണിദ്ദേഹത്തെ സമാധിയിരുത്തുക എന്നു് ആൾക്കാർക്കു സംശയമായി. ഈ സമയത്തു് ഗുരുവിന്റെ ഇളയ പെങ്ങൾ കയറിവന്നു:

“ജീവനോടിരുന്നപ്പോൾ നിയമവും ആചാരവുമൊന്നും നിങ്ങൾക്കു ബാധകമായിരുന്നില്ല. മരിച്ചിട്ടും ആളുകളെ ബുദ്ധിമുട്ടിക്കണമല്ലേ?”

എന്നിട്ടവർ ഗുരുവിന്റെ വാരിയെല്ലിനിട്ടു് ഒന്നു തോണ്ടി; ആൾ താഴെ വീഴുകയും ചെയ്തു.

46

ഗുരുവും ശിഷ്യനും കൂടി നടക്കാനിറങ്ങിയപ്പോൾ സ്വയമെത്ര താഴാമെന്നറിയാൻ അവരൊരു പന്തയം വച്ചു. വിജയിക്കു് ഒരപ്പക്കഷണം പ്രതിഫലം.

“ഞാനൊരു കഴുതയാണു്,” ഗുരു പറഞ്ഞു.

“ആ കഴുതയുടെ ചന്തി ഞാൻ,” ശിഷ്യൻ ഉടനേ കയറിപ്പറഞ്ഞു.

“ഞാൻ കഴുതയുടെ ചാണകം,”ഗുരു പറഞ്ഞു.

“ആ ചാണകത്തിൽ ഞാനൊരു പുഴു,” ശിഷ്യൻ പറഞ്ഞു.

“നീയതിലെന്തു ചെയ്യുന്നു?” ഗുരു ചോദിച്ചു.

“ഞാനതിൽ വേനലവധി ആഘോഷിക്കുകയല്ലേ!” ശിഷ്യൻ പറഞ്ഞു.

ഗുരു ശിഷ്യനു് അപ്പം വാങ്ങിക്കൊടുക്കേണ്ടിവന്നു.

47

ഒരു ഗുരു മറ്റൊരു ഗുരുവിനോടു ചോദിച്ചു:

“അങ്ങിപ്പോഴും ആത്മീയവഴിയിൽത്തന്നെയാണോ?”

“അതെ,” മറ്റേ ഗുരു പറഞ്ഞു.

“എന്താണതിന്റെയൊരു രീതി?”

“ആഹാരത്തിന്റെ നേരത്തു് അതു കഴിക്കുക, ഉറങ്ങേണ്ട നേരത്തുറങ്ങുക, അതു തന്നെ.”

“എല്ലാവരും അതുതന്നെയല്ലേ ചെയ്യുന്നതു്? അപ്പോൾ എല്ലാവരും ആത്മീയതയുടെ പാതയിലാണെന്നും പറഞ്ഞുകൂടേ?”

“അങ്ങനെയല്ല. ആഹാരം കഴിക്കേണ്ട സമയത്തു് അവർ ആഹാരം കഴിക്കില്ല; നൂറുനൂറു ചിന്തകൾ അവരെ തടയുകയാവും. ഉറങ്ങേണ്ട നേരത്തു് അവർക്കുറക്കം വരികയുമില്ല; ഉപായങ്ങളും തന്ത്രങ്ങളുമാലോചിച്ചു് അവർ ഉറങ്ങാതെ കിടക്കും.”

48

ഒരു ഗുരുവിന്റെ ജനപ്രീതി മറ്റൊരു ഗുരുവിന്റെ ശിഷ്യനു് അത്ര ബോധിച്ചില്ല. അയാൾ ആശ്രമത്തിൽ കയറിച്ചെന്നു് ഇങ്ങനെ പറഞ്ഞു:

“നിങ്ങളെ ബഹുമാനിക്കുന്നവർ നിങ്ങളെ അനുസരിക്കണമല്ലോ; എനിക്കു നിങ്ങളെ തീരെ ബഹുമാനമില്ല. എന്നെക്കൊണ്ടനുസരിപ്പിക്കാൻ നിങ്ങളെക്കൊണ്ടാവുമോ?”

“ഒന്നടുത്തു വരൂ, ഞാൻ ആളെയൊന്നു കാണട്ടെ,” ഗുരു പറഞ്ഞു.

അയാൾ ഗർവ്വോടെ ഗുരുവിനടുത്തേക്കു ചെന്നു.

ഗുരു പുഞ്ചിരിയോടെ പറഞ്ഞു, “എന്റെ ഇടതുവശത്തു നിന്നാട്ടെ.”

അയാൾ അനുസരിച്ചു.

“നില്ക്കണേ, വലതുവശത്തു നിന്നാൽ ഞാൻ പറയുന്നതു നിങ്ങൾക്കു വ്യക്തമാവും. ഇങ്ങോട്ടു മാറിനിന്നാട്ടെ.”

അതും അയാളനുസരിച്ചു.

“കണ്ടോ, നിങ്ങളെന്നെ അനുസരിക്കുകയാണല്ലോ,” ഗുരു പറഞ്ഞു, “നിങ്ങൾ ആളു വളരെ സമാധാനപ്രകൃതിയാണെന്നു തോന്നുന്നു. ഇരിക്കൂ, ഞാൻ പറയുന്നതു കേൾക്കൂ.”

49

“പുല്ലിനും മരത്തിനും വരെ നിർവാണം പ്രാപിക്കാമെന്നു സൂത്രങ്ങൾ പറയുന്നു,” ഒരു ശിഷ്യൻ ഗുരുവിനോടു സംശയം ചോദിച്ചു,” പക്ഷേ, എത്രയാലോചിച്ചിട്ടും അതെങ്ങനെയെന്നു് എനിക്കു മനസ്സിലാവുന്നില്ല.”

“പുല്ലിന്റെയും മരത്തിന്റെയും നിർവാണത്തെക്കുറിച്ചെന്തിനു തല പുകയ്ക്കുന്നു?” ഗുരു പറഞ്ഞു. “സ്വന്തം നിർവാണമാണു വിഷയം. അതിനെക്കുറിച്ചു നീ ആലോചിച്ചിട്ടുണ്ടോ?”

50

ശിഷ്യൻ ധ്യാനത്തിലിരിക്കുമ്പോൾ എന്താണവന്റെ ഉദ്ദേശ്യമെന്നു് ഗുരു ചെന്നു ചോദിച്ചു.

“എനിക്കു ബുദ്ധനാവണം,” ശിഷ്യൻ പറഞ്ഞു.

അതു കേട്ടയുടനേ ഗുരു അടുത്തുകിടന്ന ഒരു പാറക്കല്ലെടുത്തു ചുരണ്ടാൻ തുടങ്ങി.

ഗുരുവിന്റെ ആ പ്രവൃത്തിയുടെ ഉദ്ദേശ്യമറിയാൻ ശിഷ്യനും താല്പര്യമുണ്ടായി.

“ഞാനിതു ചുരണ്ടിമിനുക്കി കണ്ണാടിയാക്കാൻ പോകുന്നു,” ഗുരു പറഞ്ഞു.

ശിഷ്യനതു ബോദ്ധ്യമായില്ല:

“കല്ലു മിനുക്കിയാൽ കണ്ണാടിയാവുമോ?”

“ധ്യാനത്തിലിരുന്നാൽ ബുദ്ധനാവുമോ?” ഗുരു തിരിച്ചുചോദിച്ചു.

51
images/Daruma_on_a_Boat-06.png

ഒരു കൊള്ളസംഘം വന്നിറങ്ങി ഗ്രാമം മുഴുവൻ ചുട്ടെരിക്കുകയായിരുന്നു. സകലരും നാടു വിട്ടോടിയിട്ടും വൃദ്ധനായ ഒരു ഗുരു മാത്രം ആശ്രമത്തിൽ തങ്ങുന്നുണ്ടെന്നറിഞ്ഞു് കൊള്ളത്തലവനു രോഷമായി. അയാൾ ആശ്രമത്തിൽ ചെന്നു് ഗുരുവിനെ നോക്കി ആക്രോശിച്ചു:

“ഞാനാരാണെന്നു തനിക്കറിയില്ലേ? ഒറ്റ വാൾവീശലിനു ഞാൻ തന്നെ രണ്ടു തുണ്ടമാക്കും, കണ്ണൊന്നു ചിമ്മാതെ!”

കിഴവനായ ഗുരു ഒരു പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞു:

“ഞാനാരെന്നു നിങ്ങൾക്കു മനസ്സിലായില്ലേ? നിങ്ങൾ വാളു വലിച്ചൂരി ഒറ്റവീശലിനു് എന്നെ രണ്ടു തുണ്ടമാക്കാൻ ഞാൻ നിന്നുതരും, കണ്ണൊന്നു ചിമ്മാതെ.”

കൊള്ളത്തലവൻ നാണിച്ചുപോയി.

52

ഗുരുവും ശിഷ്യനും കൂടി നടക്കാനിറങ്ങിയപ്പോൾ കാട്ടുവാത്തുകൾ പറന്നുപോകുന്നതു കണ്ടു.

“അവയെന്തു് ?” ഗുരു ചോദിച്ചു

“കാട്ടുവാത്തുകൾ,” ശിഷ്യൻ പറഞ്ഞു.

“അവയെങ്ങോട്ടു പോകുന്നു?”

“അവ പൊയ്ക്കഴിഞ്ഞല്ലോ!”

അതു കേട്ടയുടനേ ഗുരു ശിഷ്യന്റെ മൂക്കിനു പിടിച്ചു ഞെരിച്ചു. അയാൾ വേദന കൊണ്ടലറിയപ്പോൾ ഗുരു ചോദിച്ചു:

“അവയെങ്ങനെയങ്ങു പോകാൻ?”

അതു കേട്ടയുടനേ ശിഷ്യനു ബോധോദയമുണ്ടായി.

53

ഗുരു: “നീയെന്താണു തേടുന്നതു്?”

ശിഷ്യൻ: “ബോധോദയം.”

ഗുരു: “നിനക്കുള്ളിലൊരു നിധിയുണ്ടല്ലോ. നീയെന്തിനാണതു പുറമേ തേടുന്നതു്?”

ശിഷ്യൻ: “എവിടെയാണെന്റെ നിധി?”

ഗുരു: “നീ തേടുന്നതു തന്നെ നിന്റെ നിധി.”

54

ആശ്രമം പുതുക്കിപ്പണിയുന്നതിനായി ധനികനായ ഒരു വ്യാപാരി ഒരു ചാക്കു സ്വർണ്ണം സംഭാവന ചെയ്തു. സംഭാവന വാങ്ങിവച്ചതല്ലാതെ ഗുരു ഒരു നന്ദിവാക്കു പോലും പറയാതിരുന്നതിൽ വ്യാപാരിക്കു നീരസം തോന്നി.

“ചാക്കു നിറയെ സ്വർണ്ണമാണു്.” അയാൾ ഓർമ്മപ്പെടുത്തി.

“അതു നിങ്ങൾ നേരത്തേ പറഞ്ഞതാണല്ലോ,” ഗുരു പറഞ്ഞു, “ഞാൻ നന്ദി പറയണമെന്നു നിങ്ങൾക്കുണ്ടാവും.”

“അതു വേണ്ടതാണെന്നു തോന്നുന്നു,” വ്യാപാരി പറഞ്ഞു.

“എന്തിനു്?”, ഗുരു ചോദിച്ചു, “വാങ്ങുന്നവനല്ല, കൊടുക്കുന്നവനാണു് നന്ദി വേണ്ടതു്.”

55

ഒരു പണ്ഡിതൻ സെൻ പഠിയ്ക്കാൻ ഗുരുവിനെ ചെന്നുകണ്ടു. ഗുരു പണ്ഡിതനു് ചായ പകർന്നു. കപ്പു നിറഞ്ഞിട്ടും അദ്ദേഹം ചായ പകർന്നുകൊണ്ടേയിരുന്നു. കപ്പ് കവിഞ്ഞൊഴുകിയപ്പോൾ പണ്ഡിതനു് ഇരിപ്പുറയ്ക്കാതായി.

“കപ്പു നിറഞ്ഞല്ലോ, ഗുരോ! ഇനി അതിലൊന്നും കൊള്ളില്ല,” അയാൾ പറഞ്ഞു.

“ഈ കപ്പു പോലെയാണു നിങ്ങളും,” ഗുരു പറഞ്ഞു. “നിറഞ്ഞിരിക്കുന്നതൊന്നിലേക്കു് ഞാനെന്തു പകരാൻ?”

56

ഗുരു കൊട്ടാരത്തിൽ കടന്നുചെന്നു. എന്താണദ്ദേഹത്തിന്റെ ആവശ്യമെന്നു രാജാവു ചോദിച്ചു.

“ഈ സത്രത്തിൽ അല്പനേരം തങ്ങാൻ ഒരിടം വേണം,” ഗുരു പറഞ്ഞു.

“ഇതു സത്രമല്ല, എന്റെ കൊട്ടാരമാണു്” രാജാവു് ഓർമ്മപ്പെടുത്തി.

“അങ്ങയ്ക്കു മുമ്പു് ഇതാരുടേതായിരുന്നു?” ഗുരു ചോദിച്ചു.

“എന്റെ അച്ഛന്റെ. അദ്ദേഹം മരിച്ചുപോയി.”

“അതിനും മുമ്പു്?”

“മുത്തശ്ശന്റെ. അദ്ദേഹവും മരിച്ചുപോയി.”

“ആളുകൾ അല്പനേരം തങ്ങി പിന്നെ യാത്ര തുടരുന്ന ഒരിടം സത്രമല്ലെന്നാണോ അങ്ങു പറയുന്നതു്?” ഗുരു ചോദിച്ചു.

57

ബുദ്ധശിഷ്യനായ സുഭൂതി ശൂന്യവാദത്തിന്റെ പൊരുളു കണ്ടവനായിരുന്നു. ഒരിക്കലദ്ദേഹം ഒരു മരച്ചുവട്ടിൽ ധ്യാനത്തിലിരിക്കുമ്പോൾ അദ്ദേഹത്തിനു മേൽ പൂക്കൾ കൊഴിഞ്ഞുവീണു.

“ശൂന്യത്തെക്കുറിച്ചു് അങ്ങു ചെയ്ത പ്രഭാഷണത്തിനു് ഞങ്ങളുടെ പ്രശംസയാണിതു്,” ദേവകൾ മന്ത്രിച്ചു.

“അതിനു ഞാൻ ശൂന്യത്തെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ?” സുഭൂതി പറഞ്ഞു.

“ശൂന്യത്തെക്കുറിച്ചങ്ങു മിണ്ടിയില്ല, ശൂന്യത്തെക്കുറിച്ചു ഞങ്ങൾ കേട്ടതുമില്ല,” ദേവകൾ പറഞ്ഞു, “ഇതു തന്നെ ശുദ്ധശൂന്യം.”

പൂക്കൾ മഴ പോലെ ചൊരിഞ്ഞു.

58

ഒരു കൃഷിക്കാരന്റെ കുതിര ഓടിപ്പൊയ്ക്കളഞ്ഞു. അയൽക്കാർ സഹതാപവുമായെത്തി:

“വല്ലാത്തൊരു ഭാഗ്യക്കേടായിപ്പോയി!”

“അങ്ങനെയാവാം,” കൃഷിക്കാരൻ പറഞ്ഞു.

അടുത്ത ദിവസം രാവിലെ കുതിര മടങ്ങിയെത്തി; ഒപ്പം മൂന്നു കാട്ടുകുതിരകളുമുണ്ടായിരുന്നു. അയൽക്കാർ വീണ്ടുമെത്തി:

“നിങ്ങളുടെ ഭാഗ്യം നോക്കണേ!”

“അങ്ങനെയാവാം,” കൃഷിക്കാരൻ പറഞ്ഞു.

അടുത്ത ദിവസം ഒരു കാട്ടുകുതിരയ്ക്കു മേൽ സവാരി ചെയ്യാൻ നോക്കിയ അയാളുടെ മകനെ കുതിര കുടഞ്ഞു താഴെ വീഴ്ത്തി; അയാളുടെ കൈ ഒടിയുകയും ചെയ്തു. ഇത്തവണയും സഹതാപവും സാന്ത്വനവുമായി അയല്ക്കാരെത്തി.

“അങ്ങനെയാവാം,” കൃഷിക്കാരനു് അതേ പ്രതികരണമുള്ളു.

അതിനടുത്ത ദിവസം ചെറുപ്പക്കാരെ പട്ടാളത്തിൽ ചേർക്കാൻ അധികാരികളെത്തി. കൃഷിക്കാരന്റെ മകൻ കൈയൊടിഞ്ഞു കിടക്കുകയാണെന്നു കണ്ടപ്പോൾ അവർ അയാളെ ഒഴിവാക്കി.

“നിങ്ങളുടെ ഭാഗ്യം നോക്കണേ!” അയൽക്കാർ അയാളെ പ്രശംസ കൊണ്ടു മൂടി.

“അങ്ങനെയാവാം,” എന്നേ കൃഷിക്കാരൻ പറഞ്ഞുള്ളു.

59

കുറേ അമ്പെയ്ത്തുമത്സരങ്ങൾ ജയിച്ചുകഴിഞ്ഞപ്പോൾ ചെറുപ്പക്കാരനായ ഒരു വില്ലാളിയ്ക്കു തലക്കനം വച്ചു. വില്ലാളി കൂടിയായ ഒരു സെൻഗുരുവിനു മുന്നിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടു് അതുപോലൊന്നു ചെയ്യാൻ ഗുരുവിനു കഴിയുമോയെന്നു് വെല്ലുവിളിയ്ക്കുകയും ചെയ്തു. ഗുരു ഒന്നും മിണ്ടാതെ അയാളെ മലയിലേക്കു വിളിച്ചുകൊണ്ടുപോയി. അവിടെ ഒരു ഗർത്തത്തിനു മേൽ ഒരൊറ്റത്തടിപ്പാലമിട്ടിരുന്നതിനു മുകളിൽ നിന്നുകൊണ്ടു് അദ്ദേഹം വളരെയകലെ ഒരു ലക്ഷ്യത്തിൽ അമ്പെയ്തു കൊള്ളിച്ചു. എന്നിട്ടു് അതു പോലെയൊന്നു ചെയ്യാൻ ചെറുപ്പക്കാരനോടു പറഞ്ഞു. തന്നെ വിഴുങ്ങാനെന്ന പോലെ കാത്തിരിക്കുന്ന ഗർത്തം കണ്ടപ്പോൾ അയാൾക്കു കാലു വിറച്ചുപോയി. അമ്പെയ്യുന്നതു പോകട്ടെ, ആ തടിയിൽ കാലെടുത്തു വയ്ക്കാൻ കൂടി അയാൾക്കു ഭയമായി.

“വില്ലു് തന്റെ വരുതിയിൽത്തന്നെ,” ഗുരു അയാളെ ഉപദേശിച്ചു, “പക്ഷേ, ഉന്നത്തിൽ കൊള്ളിയ്ക്കുന്ന മനസ്സു് ഇനിയും തന്റെ വരുതിയിലായിട്ടില്ല.”

60

തനിയ്ക്കു കിട്ടുന്ന പരിശീലനം എന്തു മാതിരിയായിരിക്കുമെന്നു് പുതിയതായി വന്നുചേർന്ന ശിഷ്യൻ ഗുരുവിനോടു ചോദിച്ചു.

“ഞാൻ ഒരോട്ടുമണിയാണെന്നു കരുതൂ,” ഗുരു പറഞ്ഞു, “എന്നെ പതുക്കെയൊന്നു തൊട്ടാൽ നേർത്തൊരു മണിനാദം കേൾക്കാം; ആഞ്ഞൊന്നടിച്ചാലോ, നാടു മുഴുവൻ കേൾക്കുന്ന മുഴക്കവും!”

61
images/Zen_ZhS.png

രാജാവു്: “ബോധോദയമുണ്ടായ ഒരാൾക്കു് മരിച്ചാൽ എന്തു സംഭവിക്കുന്നു?”

ഗുരു: “അതു ഞാനെങ്ങനെ അറിയാൻ?”

രാജാവു്: “അങ്ങു ബോധോദയമുണ്ടായ ആളല്ലേ?”

ഗുരു: “അതെ; പക്ഷേ, മരിച്ചയാളല്ലല്ലോ.”

62

ഗുരുവും ശിഷ്യനും കൂടി വലിയൊരു ചുമടുമെടുത്തു് മല കയറുകയായിരുന്നു. ഇടയ്ക്കു ശിഷ്യൻ ചോദിച്ചു:

“ഗുരോ, ഈ ബോധോദയമെന്നാൽ എന്താണു്?”

ഗുരു ഒന്നും മിണ്ടാതെ തന്റെ ചുമടു താഴെ വച്ചു.

ശിഷ്യൻ പിന്നെയും ചോദിച്ചു:

“ബോധോദയം കഴിഞ്ഞ അവസ്ഥ എന്തായിരിക്കും?”

ഗുരു ചുമടെടുത്തു വീണ്ടും നടന്നു.

63

ഗുരുക്കന്മാരായി തനിക്കു കൈമാറിക്കിട്ടിയ സ്ഫടികപാത്രം ഗുരു തന്റെ ഒരു ശിഷ്യനെ ഏല്പിച്ചിട്ടു് അതു് ആശ്രമത്തിലെ മറ്റൊരു മുറിയിൽ ഭദ്രമായി കൊണ്ടുവയ്ക്കാൻ പറഞ്ഞു. ഗുരുവിനത്രമേൽ പ്രിയപ്പെട്ടൊരു വസ്തു വീഴാതെ, ഉടയാതെ യഥാസ്ഥാനത്തെത്തിക്കുക എന്ന ഭാരിച്ച ദൗത്യത്തിൽ വിറ പൂണ്ട ശിഷ്യന്റെ ശ്രദ്ധ മുഴുവൻ പാത്രം മുറുകെപ്പിടിക്കുക എന്നതിലായി; തന്റെ കാലുകൾ എങ്ങോട്ടു പോകുന്നു എന്നതു വിട്ടുകളഞ്ഞു. അയാൾക്കൊന്നിടറി, പാത്രം താഴെ വീണു തരിപ്പണമാവുകയും ചെയ്തു. ജീവച്ഛവമായി ഗുരുവിന്റെ മുന്നിലെത്തി തന്റെ അബദ്ധത്തെക്കുറിച്ചറിയിച്ച ശിഷ്യനെ അദ്ദേഹത്തിന്റെ മുഖത്തെ പ്രസാദഭാവം അത്ഭുതപ്പെടുത്തിക്കളഞ്ഞു. ശിഷ്യനെ താണുവണങ്ങിക്കൊണ്ടു് ഗുരു പറയുകയാണു്:

“എത്ര വലിയൊരുപകാരമാണു നീയെനിക്കു ചെയ്തുതന്നതു്! ഉണർന്നിരിക്കുന്ന സമയമാകെ എന്റെ മനസ്സിനെ അപഹരിച്ചിരുന്ന ഒരുത്കണ്ഠയിൽ നിന്നു് നീയെന്നെ നിവർത്തിച്ചുവല്ലോ!”

64

പെട്ടെന്നു പൊട്ടിപ്പോകുന്ന രീതിയിൽ അത്ര ലോലമാണല്ലോ ജപ്പാനിലെ ചായക്കപ്പുകൾ എന്നു് ഒരു ശിഷ്യൻ പരിതപിച്ചു. അതിനു മറുപടിയായി ഗുരു ഇങ്ങനെ പറഞ്ഞു:

“അവ വളരെ ലോലമാണെന്നല്ല അതിനർത്ഥം; നിങ്ങൾക്കവയെ കൈകാര്യം ചെയ്യാനറിഞ്ഞുകൂടാ എന്നാണു്. നിങ്ങൾ സന്ദർഭത്തോടൊക്കുക, തിരിച്ചല്ല.”

65

ഗുരു ചണനാരിന്റെ തൂക്കം നോക്കുമ്പോൾ ശിഷ്യൻ കടന്നുവന്നു ചോദിച്ചു:

“എന്താണു ബുദ്ധൻ?”

“അഞ്ചു കിലോ ചണം,” ഗുരു പറഞ്ഞു.

66

ഗിരിവാസിയായ ഗുരുവിനോടു് ഒരു ഭിക്ഷു ചോദിച്ചു:

“എന്താണു വഴി?”[1]

“എത്ര മനോഹരമായ ഒരു മല,” ഗുരു പറഞ്ഞു.

“മലയെക്കുറിച്ചല്ല, വഴിയെക്കുറിച്ചാണു ഞാൻ ചോദിച്ചതു്,” ഭിക്ഷു വിട്ടില്ല.

“മല കടക്കാതെ നീയെങ്ങനെ വഴിയിലേക്കെത്തും?” ഗുരു ചോദിച്ചു.

67

ആശ്രമത്തിൽ ആദ്യമായി വന്ന ഒരു ഭിക്ഷുവിനോടു ഗുരു ചോദിച്ചു:

“ഞാൻ നിങ്ങളെ ഇതിനു മുമ്പു കണ്ടിട്ടുണ്ടോ?”

“ഇല്ല ഗുരോ, ഞാനിതാദ്യമായിട്ടാണു്.”

“എന്നാൽ അല്പം ചായ കുടിച്ചാട്ടെ,” ഗുരു പറഞ്ഞു.

അദ്ദേഹം പിന്നെ മറ്റൊരു ഭിക്ഷുവിനു നേർക്കു തിരിഞ്ഞു:

“ഞാൻ നിങ്ങളെ മുമ്പു കണ്ടിട്ടുണ്ടോ?”

“ഉവ്വു്, ഗുരോ, അങ്ങെന്നെ കണ്ടിട്ടുണ്ടു്,” ആ ഭിക്ഷു പറഞ്ഞു.

“എങ്കിൽ അല്പം ചായ കുടിച്ചാട്ടെ,” ഗുരു പറഞ്ഞു.

കുറച്ചു നേരം കഴിഞ്ഞു് ആശ്രമത്തിലെ കാര്യസ്ഥനായ ഭിക്ഷു ഗുരുവിനോടു ചോദിച്ചു:

“അങ്ങിതെന്താണു് രണ്ടു പേരോടും ഒരുപോലെ പെരുമാറാൻ?”

“താൻ പണ്ടേ ഇവിടെത്തന്നെയാണോ?” ഗുരു ഒച്ചയുയർത്തി ചോദിച്ചു.

“അതെ, ഗുരോ.”

“എന്നാൽ അല്പം ചായ കുടിച്ചാട്ടെ,” ഗുരു പറഞ്ഞു.

68

ഗുരു ശിഷ്യനെ മറ്റൊരാശ്രമത്തിലേക്കു പറഞ്ഞയച്ചു. അയാൾക്കതു വലിയ വിഷമമായി. തന്റെ പഠനം പിന്നിലാവുമെന്നു് അയാൾ ഭയന്നു. അയാൾ മുതിർന്നൊരു ശിഷ്യനെ സഹായത്തിനു വിളിച്ചു:

“ഗുരുവിനോടു സമ്മതം വാങ്ങി എന്റെ കൂടെ ഒന്നു വരൂ. എനിക്കറിയാത്തതൊരുപാടുണ്ടു്. പോകും വഴി നമുക്കതൊക്കെ ചർച്ച ചെയ്യാം; അങ്ങനെ യാത്രയ്ക്കിടെ നമ്മുടെ പഠനവും നടക്കും.”

“കാര്യം കൊള്ളാം,” മറ്റേ ശിഷ്യൻ പറഞ്ഞു, “പക്ഷേ, ഞാനൊന്നു ചോദിക്കട്ടെ. തനിക്കു വിശന്നാൽ ഞാൻ ചോറുണ്ടാൽ മതിയോ? തനിയ്ക്കു മുടന്തുണ്ടെങ്കിൽ ഞാൻ നൃത്തം വച്ചിട്ടെന്തു കാര്യം? തനിയ്ക്കു മുട്ടുമ്പോൾ ഞാനാണോ മൂത്രമൊഴിക്കുക?”

69

ഗുരുവും ശിഷ്യനും പഠനത്തിൽ മുഴുകിയിരുന്നു് രാത്രി വളരെ വൈകി.

“ഇനി ചെന്നുകിടന്നുറങ്ങു്,” ഗുരു ശിഷ്യനോടു പറഞ്ഞു.

ശിഷ്യൻ പുറത്തേക്കുള്ള വാതിൽ തുറന്നു:

“ഇവിടെ നല്ല ഇരുട്ടാണു ഗുരോ.”

“എന്നാൽ ഈ വിളക്കെടുത്തോ,” ഒരു വിളക്കു കൊളുത്തിക്കൊണ്ടു് ഗുരു പറഞ്ഞു.

ശിഷ്യൻ കൈ നീട്ടി വിളക്കു വാങ്ങി. ഗുരു മുന്നോട്ടാഞ്ഞു് അതൂതിക്കെടുത്തുകയും ചെയ്തു.

70

ഗുരു ശിഷ്യന്മാർക്കു മുന്നിൽ തന്റെ ഊന്നുവടി വീശിക്കാണിച്ചിട്ടു പറഞ്ഞു:

“ഇതിനെ നിങ്ങൾ വടിയെന്നു പറഞ്ഞാൽ അതിനുള്ള സത്തയെ നിങ്ങൾ നിഷേധിക്കുകയാണു്. വടിയെന്നല്ല വിളിയ്ക്കുന്നതെങ്കിൽ ഒരു പ്രത്യക്ഷവസ്തുതയെ നിഷേധിക്കുകയുമാണു്. ഇതിനെ എന്തു വിളിയ്ക്കാനാണു് നിങ്ങൾ ഉദ്ദേശിക്കുന്നതു്?”

71
images/ZAOKIN-03.jpg

ശിഷ്യൻ: “ഞാൻ സത്യത്തെ അന്വേഷിച്ചു നടക്കുകയാണു്; ഏതു മാനസികാവസ്ഥ വച്ചു വേണം ഞാനതിനു പരിശീലിക്കാൻ?”

ഗുരു: “മനസ്സെന്നൊന്നില്ല; അതിനാൽ ഒരവസ്ഥയിലേക്കെത്തിക്കാനുമില്ല. സത്യമെന്നതുമില്ല; അതിനാൽ അതിനായി നീ പരിശീലിക്കാനുമില്ല.”

ശിഷ്യൻ: “പരിശീലിപ്പിക്കാൻ മനസ്സുമില്ല, കണ്ടെത്താൻ സത്യവുമില്ലയെങ്കിൽ എന്തിനാണു് ഇത്രയുമാളുകൾ ദിവസവും അങ്ങേയ്ക്കു മുന്നിൽ വന്നിരുന്നു പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു്?”

ഗുരു: “ഒരു ചുവടിടമില്ല ഇവിടെ; പിന്നെങ്ങനെ ആളുകൾ ഇവിടെ വന്നു കൂടാൻ? എനിക്കു നാവുമില്ല; പിന്നെങ്ങനെ ഞാനവരെ വിളിച്ചുകൂട്ടാൻ, പഠിപ്പിക്കാൻ?”

ശിഷ്യൻ: “അങ്ങിങ്ങനെ നുണ പറയാമോ?”

ഗുരു: “നാവില്ലാത്ത ഞാൻ എങ്ങനെ നുണ പറയാൻ?”

ശിഷ്യൻ (വിഷാദത്തോടെ): “എനിക്കങ്ങു പറയുന്നതൊന്നും മനസ്സിലാവുന്നില്ല.”

ഗുരു: “എനിക്കു തന്നെയും മനസ്സിലാവുന്നില്ല.”

72

ഗുരു: “ശിഷ്യാ.”

ശിഷ്യൻ: “ഗുരോ.”

ഗുരു: “ശിഷ്യാ.”

ശിഷ്യൻ: “ഗുരോ.”

ഗുരു: “ശിഷ്യാ.”

ശിഷ്യൻ: “ഗുരോ.”

ഗുരു: “നിന്നെ ഇത്രയും കിടന്നു വിളിച്ചതിനു് ഞാൻ നിന്നോടു മാപ്പു ചോദിക്കട്ടെ. പക്ഷേ, സത്യം പറഞ്ഞാൽ നീ എന്നോടാണു് മാപ്പു ചോദിക്കേണ്ടതു്.”

73

ശിഷ്യൻ: “ഒരു വാത്തുകുഞ്ഞിനെ ഒരു കുപ്പിക്കുള്ളിലിട്ടു വളർത്തുകയാണെന്നിരിക്കട്ടെ. വാവട്ടത്തിലൂടെ അതിനു തീറ്റ കൊടുക്കുന്നു. അങ്ങനെ അതു വളർന്നുവളർന്നു് മുഴുത്തൊരു വാത്താകുന്നു, കുപ്പിയിൽ കൊള്ളാതെയുമാകുന്നു. വാത്തിനെ കൊല്ലാതെ, കുപ്പി പൊട്ടാതെ എങ്ങനെ അതിനെ പുറത്തെടുക്കും, ഗുരോ?”

“ശിഷ്യാ!” കൈ കൊട്ടിക്കൊണ്ടു് ഗുരു അലറി.

“എന്തോ!” ഞെട്ടിപ്പോയ ശിഷ്യൻ വിളി കേട്ടു.

“കണ്ടോ!” ഗുരു പറഞ്ഞു. “വാത്തു് പുറത്തായി!”

74

ഒരു ഭിക്ഷുവിന്റെ ശവമഞ്ചവുമെടുത്തു് ശ്മശാനത്തിലേക്കു പോകുന്നവരെ നോക്കിയിട്ടു ഗുരു ഇങ്ങനെ പറഞ്ഞു:

“ജീവനുള്ള ഒരുത്തന്റെ പിന്നാലെ എത്ര ശവങ്ങളാണു നടക്കുന്നതെന്നു നോക്കൂ!”

75

കൊക്കയിലേക്കു തള്ളിനില്ക്കുന്നൊരു മരക്കൊമ്പിൽ കടിച്ചുപിടിച്ചു കിടക്കുകയാണൊരാൾ. മറ്റൊരാൾ അയാളോടു ചോദിക്കുകയാണു്:

“ബോധിധർമ്മൻ പടിഞ്ഞാറു നിന്നാണു വന്നതെങ്കിൽ എന്താണതിന്റെ വിവക്ഷ?”

അതിനയാൾ ഉത്തരം പറഞ്ഞില്ലെങ്കിൽ അജ്ഞനാണയാളെന്നു വരും. ഉത്തരം പറയാൻ വായ തുറന്നാൽ അയാൾക്കു ജീവനും നഷ്ടമാകും. ഗുരു ചോദിക്കുന്നു:

“ഇങ്ങനെയൊരു സന്ദർഭത്തിൽ നിങ്ങളെന്തു ചെയ്യും?”

76

സെന്നിനെക്കുറിച്ചെന്തു ചോദിച്ചാലും ഗുരുവിന്റെ മറുപടി ചൂണ്ടുവിരൽ ഉയർത്തിക്കാട്ടുകയാണു്. ആശ്രമത്തിലെ ഒരു ബാലഭിക്ഷു ഇതനുകരിക്കാൻ തുടങ്ങി. ഗുരുവിന്റെ ശ്രദ്ധയിൽ ഇതു പെട്ടപ്പോൾ അദ്ദേഹം അവനെ കടന്നുപിടിച്ചു് അവന്റെ ചൂണ്ടുവിരൽ ചെത്തിക്കളഞ്ഞു. കുട്ടി അലറിവിളിച്ചുകൊണ്ടോടിയപ്പോൾ ഗുരു അവനോടു നില്ക്കാനാജ്ഞാപിച്ചു. അവൻ തിരിഞ്ഞുനിന്നപ്പോൾ അദ്ദേഹം തന്റെ ചൂണ്ടുവിരൽ ഉയർത്തിക്കാണിച്ചു. അവനു ബോധോദയമുണ്ടായതു് അപ്പോഴാണു്.

77

ഒരു സെൻഗുരു ബുദ്ധന്റെ സൂത്രങ്ങൾ അച്ചടിപ്പിക്കുവാൻ തീരുമാനിച്ചു. മരം കൊണ്ടുള്ള അച്ചെടുത്തു വേണം അന്നൊക്കെ പുസ്തകമടിക്കാൻ. ഭാരിച്ച ചിലവു വരുമതിനു്. ഗുരു നാടു നീളെയലഞ്ഞും ഇരന്നും പത്തു കൊല്ലം കൊണ്ടു് പണം സ്വരൂപിച്ചു. അപ്പോഴാണു് മഴയും വെള്ളപ്പൊക്കവും ജപ്പാനിൽ നാശം വിതയ്ക്കുന്നതു്. ഗുരു തന്റെ കൈയിലുള്ളതൊക്കെ ദുരിതാശ്വാസത്തിനായി വിനിയോഗിച്ചു. നാടു സാധാരണനിലയിലേക്കു മടങ്ങിയപ്പോൾ ഗുരു വീണ്ടും തന്റെ ദൗത്യമേറ്റെടുത്തു. പിന്നെയുമൊരു പത്തു കൊല്ലം കൊണ്ടു് ആവശ്യമായ പണം അദ്ദേഹം കണ്ടെത്തി. അപ്പോഴേക്കും പക്ഷേ, നാട്ടിൽ ഒരു മഹാമാരി പടർന്നുപിടിക്കുകയും ചെയ്തു. ഗുരു അച്ചടി മാറ്റിവച്ചു് രോഗശുശ്രൂഷയ്ക്കായി പണം മുഴുവൻ ചെലവാക്കി. രോഗഭീതി ഒന്നടങ്ങിയപ്പോൾ ഗുരു പിന്നെയും ഭിക്ഷാടനത്തിനിറങ്ങി. ഇരുപതു കൊല്ലമെടുത്തു് ആവശ്യത്തിനുള്ള പണം അദ്ദേഹം കണ്ടെത്തി. മറ്റു തടസ്സങ്ങളൊന്നുമില്ലാതെ പുസ്തകം അച്ചടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ജപ്പാൻകാർ പറയാറുണ്ടു്, മൂന്നു കൂട്ടം പുസ്തകങ്ങളാണു് അദ്ദേഹം തയാറാക്കിയതെന്നു്; അദൃശ്യങ്ങളായ ആദ്യത്തെ രണ്ടു കൂട്ടമാണു് മൂന്നാമത്തേതിലും മികച്ചതെന്നും.

78

ഒരു കൈ കൊട്ടിയാൽ കേൾക്കുന്ന ഒച്ചയെന്തെന്നു വിശദീകരിക്കാൻ ഗുരു ശിഷ്യനോടു പറഞ്ഞു. അയാൾ പറഞ്ഞതൊന്നും ഗുരുവിനു ബോദ്ധ്യമായില്ല. ഭക്ഷണത്തോടും പണത്തോടും വസ്തുക്കളോടും ആ ശബ്ദത്തോടും കെട്ടുപിണഞ്ഞു കിടക്കുകയാണയാളെന്നു് ഗുരു ശിഷ്യനെ ശകാരിക്കുകയും ചെയ്തു:

“നീ ചത്താൽ അതാണു ഭേദം. അതോടെ ആ പ്രശ്നത്തിനു പരിഹാരവുമായി.”

അടുത്ത തവണ ശിഷ്യൻ ചെന്നപ്പോൾ ഒരു കൈ കൊട്ടിയാൽ കേൾക്കുന്നതെന്തെന്നു ഗുരു ചോദിച്ചു. ശിഷ്യൻ ചത്തപോലെ താഴെ വീഴുകയും ചെയ്തു.

“അതു ശരി, നീ ചത്തുപോയല്ലേ?” ഗുരു പറഞ്ഞു, “പക്ഷേ, ഒരു കൈയുടെ ശബ്ദമെന്തായി?”

“അതിന്റെ പൊരുളെനിക്കു തിരിഞ്ഞിട്ടില്ല, ഗുരോ,” ശിഷ്യൻ പരവശനായി.

“മരിച്ചവർ മിണ്ടില്ല!” ഗുരു ഒച്ചയിട്ടു, “കടക്കു പുറത്തു്!”

79

പ്രായമധികമായപ്പോൾ ഗുരു തന്റെ പ്രിയപ്പെട്ട ശിഷ്യനെ അടുത്തു വിളിച്ചു പറഞ്ഞു:

“ഇനി എന്റെ പാരമ്പര്യം തുടർന്നുപോകേണ്ടതു നീയാണു്. ഗുരുക്കന്മാരായി എനിക്കു കിട്ടിയ ഈ ഗ്രന്ഥം ഞാൻ നിന്നെ ഏല്പിക്കുന്നു. ഏഴു തലമുറകളിലെ ഗുരുക്കന്മാരുടെ വ്യാഖ്യാനങ്ങൾ ഇതിലുണ്ടു്. ഞാനും എന്റെ വ്യാഖ്യാനം എഴുതിച്ചേർത്തിട്ടുണ്ടു്. നീയിതു ഭദ്രമായി സൂക്ഷിക്കണം.”

ശിഷ്യൻ പറഞ്ഞു: “ഗുരോ, അത്രയും പ്രധാനപ്പെട്ടതാണു് ഈ ഗ്രന്ഥമെങ്കിൽ അങ്ങു തന്നെ ഇതു സൂക്ഷിക്കുക. ഒരു ഗ്രന്ഥത്തിന്റെയും തുണയില്ലാതെയാണല്ലോ അങ്ങയിൽ നിന്നെനിക്കറിവു കിട്ടിയതു്. അതു തന്നെ എനിക്കു മതിയാവും.”

ഗുരു പക്ഷേ, നിർബന്ധിച്ചു് ഗ്രന്ഥം ശിഷ്യന്റെ കൈയിൽ വച്ചുകൊടുത്തു. അയാളാകട്ടെ അടുത്തെരിഞ്ഞുകൊണ്ടിരുന്ന അടുപ്പിലേക്കു് അതെടുത്തെറിയുകയും ചെയ്തു. ഒരിക്കലും കോപിച്ചിട്ടില്ലാത്ത ഗുരു അലറി:

“നീയെന്താണിച്ചെയ്യുന്നതു്!”

“അങ്ങെന്താണിപ്പറയുന്നതു്!” ശിഷ്യൻ തിരിച്ചലറി.

80

പ്രായം കൊണ്ടവശനായിട്ടും ഗുരു തന്നാലാവുന്ന പണി ചെയ്തുപോന്നു. ചെടിയ്ക്കു നനയ്ക്കുക, കള പറിയ്ക്കുക ഇതൊക്കെ അദ്ദേഹം ചെയ്യും. ശിഷ്യന്മാർക്കതു വിഷമമായി. തങ്ങളുടെ അപേക്ഷകൾ കൊണ്ടൊന്നും കാര്യമില്ലെന്നു് അവർക്കറിയാമായിരുന്നു. അതിനാൽ കൂട്ടത്തിലൊരാൾ പറഞ്ഞുകൊടുത്ത ബുദ്ധിയനുസരിച്ചു് അവർ അദ്ദേഹത്തിന്റെ പണിയായുധങ്ങൾ എടുത്തൊളിപ്പിച്ചുവച്ചു. അന്നു മുതൽ പക്ഷേ, ഗുരു ഭക്ഷണം തൊടാതായി. കാര്യം മനസ്സിലാക്കിയ ശിഷ്യന്മാർ അദ്ദേഹത്തിന്റെ പണിയായുധങ്ങൾ തിരിച്ചെടുത്തു കൊടുക്കുകയും ചെയ്തു. പിന്നെയാണു് ഗുരു ഭക്ഷണം കഴിക്കാൻ തുടങ്ങിയതു്; അതും തോട്ടപ്പണി ചെയ്തതിൽപ്പിന്നെ. ശിഷ്യന്മാരെ അടുത്തു വിളിച്ചു് അദ്ദേഹം പറഞ്ഞു:

“പണി ചെയ്തില്ലെങ്കിൽ ഭക്ഷണവുമില്ല.”

81

തനിയ്ക്കേറ്റവുമിഷ്ടപ്പെട്ട ഒരു യുവഭിക്ഷുവിനു് ഇനി ഏഴു ദിവസമേ ആയുസ്സുള്ളുവെന്നു് ഗുരു ധ്യാനത്തിൽ കണ്ടു. എന്തേ നല്ലവനായ ആ കുട്ടിയ്ക്കു് ഇങ്ങനെയൊരു ദുര്യോഗം വരാനെന്നും, എങ്ങനെയാണു് അവനോടതു പറയുക എന്നുമാലോചിച്ചു് ഗുരു വ്യാകുലനായി. അടുത്ത ദിവസം അദ്ദേഹം അവനെ വിളിച്ചു് പോയി അച്ഛനമ്മമാരെയൊക്കെ ഒന്നു കണ്ടിട്ടു വരാൻ പറഞ്ഞു; അവൻ അവരെ കണ്ടിട്ടു കുറേക്കാലമായിരിക്കുന്നല്ലോ. ഇങ്ങനെയൊരു പെരുമാറ്റം ഗുരുവിന്റെ ഭാഗത്തു നിന്നു സാധാരണഗതിയിൽ കാണാറില്ലാത്തതിനാൽ ശിഷ്യനു ചെറിയൊരു പന്തികേടു തോന്നിയെങ്കിലും അവൻ അപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടു. ഏഴുദിവസം കഴിഞ്ഞു; ശിഷ്യനെ കാണാനില്ല. വിധിയെ മറി കടക്കാനാവില്ല എന്നു ഗുരു വ്യസനിച്ചിരിക്കുമ്പോഴതാ, ഉല്ലാസവാനായി കുട്ടി തിരിച്ചെത്തുന്നു. അദ്ദേഹത്തിനു് അതത്ര വിശ്വാസമായില്ല. ഏഴു ദിവസത്തിനുള്ളിൽ എന്തൊക്കെ നടന്നുവെന്നു് അദ്ദേഹമാരാഞ്ഞു. വിശേഷിച്ചൊന്നും നടന്നതായി ശിഷ്യനു തോന്നിയില്ല. പിന്നെ പോകുന്ന വഴിയ്ക്കു് ഒരെറുമ്പിൻ കൂടു് പുഴയിൽ പൊന്തിയൊഴുകുന്നതു താൻ കാണുകയും, ഒരില കൊണ്ടു കോരിയെടുത്തു് അവയെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഗുരു ധ്യാനത്തിൽ മുഴുകി: ശിഷ്യനെ ആസന്നമരണത്തിൽ നിന്നു രക്ഷിച്ചതു് ആ കാരുണ്യപ്രവർത്തനമായിരുന്നു; അവനു് ആയുസ്സു് ഒരുനൂറുകൊല്ലം കൂടി നീട്ടിക്കിട്ടിയുമിരിക്കുന്നു. താനറിയാതെ ചെയ്യുന്നൊരു പ്രവൃത്തിയാണു് മനുഷ്യന്റെ വിധിയെ അവനറിയാതെ മാറ്റുക.

82

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു:

“അങ്ങയ്ക്കിപ്പോൾ എത്ര വയസ്സായി?”

ഗുരു പറഞ്ഞു: “നാലായിട്ടേയുള്ളു.”

തലയാകെ നരച്ചു്, മുതുകും കൂനി നടക്കുന്നൊരാൾ തനിയ്ക്കു വയസ്സു നാലെന്നു കല്പിക്കുന്നതിന്റെ പൊരുൾ ശിഷ്യനു പിടി കിട്ടിയില്ല. ഗുരു അവനോടു പറഞ്ഞു:

“അധർമ്മങ്ങൾ പലതും ചെയ്തു് മതി കെട്ടു നടക്കുകയായിരുന്നു ഞാൻ; പിന്നെയാണു ഞാൻ ബുദ്ധന്റെ വഴിയിലേക്കിറങ്ങുന്നതു്; ഒടുവിൽ നാലുകൊല്ലം മുമ്പു് എനിക്കു ബോധോദയം കിട്ടുകയും ചെയ്തു. ഒരാൾ താനാകുന്ന കാലം തൊട്ടു് തന്റെ പ്രായം കണക്കു കൂട്ടുകയല്ലേ നല്ലതു്?”

83

വൻതിര എന്നു പേരായി ഒരു മല്ലനുണ്ടായിരുന്നു. അസാമാന്യബലശാലിയും മല്ലയുദ്ധത്തിന്റെ മറുകര കണ്ടയാളുമായിരുന്നു ഇദ്ദേഹം. പക്ഷേ, എന്തു കഷ്ടം, അയാളുടെ കരുത്തും കഴിവുമൊക്കെ കളരിയുടെ നാലു ചുമരുകൾക്കുള്ളിലേ പ്രകടമായുള്ളു. അവിടെ അയാൾ തന്റെ ഗുരുവിനെത്തന്നെ കീഴ്പ്പെടുത്തിയിരുന്നു. പക്ഷേ, നാലാൾക്കു മുന്നിൽ മത്സരിക്കേണ്ടി വരുമ്പോൾ അയാളുടെ ആത്മവിശ്വാസമൊക്കെ ചോർന്നുപോവുകയായിരുന്നു. ഒരു കുട്ടിയ്ക്കു പോലും അയാളെ മലർത്തിയടിക്കാമെന്ന സ്ഥിതിയായിരുന്നു. അയാളൊടുവിൽ മനസ്സു കെട്ടു് ആയിടെ നാട്ടിലെ അമ്പലത്തിൽ വന്നുചേർന്ന ഗുരുവിനെ പോയിക്കണ്ടു.

“വൻതിര എന്നല്ലേ തന്റെ പേരു്?” ഗുരു അയാളെ ഉപദേശിച്ചു. “ഇന്നു രാത്രി ഇവിടെ കഴിയ്ക്കൂ. പേടിച്ചരണ്ടൊരു മല്ലനല്ല താൻ. ആ കൂറ്റൻ തിരകളാണു താനെന്നു മനസ്സിൽ കാണൂ. മുന്നിൽ വരുന്ന സർവ്വതിനെയും തൂത്തുമാറ്റുന്ന, വഴിമുടക്കുന്നതെന്തിനെയും വിഴുങ്ങുന്ന തിരമാലകളാണു നിങ്ങൾ. നിങ്ങളുടെ സങ്കല്പം അതായിരിക്കട്ടെ; എങ്കിൽ ദേശത്തെ ഏറ്റവും വലിയ മല്ലനാവും നിങ്ങൾ.”

ഗുരു ഉറങ്ങാൻ കിടന്നു. മല്ലൻ ധ്യാനത്തിനിരുന്നു. താനൊരു തിരയാണെന്നു സങ്കല്പിക്കാൻ അയാൾ ശ്രമിച്ചുവെങ്കിലും തുടക്കത്തിൽ അതു ഫലം കണ്ടില്ല. മനസ്സിൽ മറ്റു പലതുമാണു തിക്കിത്തിരക്കി വന്നതു്. ഒടുവിൽ അയാളുടെ മനസ്സിനുള്ളിൽ ഒരു ചിറ്റല രൂപം കൊണ്ടു. രാത്രിയുടെ യാമങ്ങൾ കഴിയുന്തോറും അതുരുണ്ടുകൂടിയുരുണ്ടുകൂടി കൂറ്റനൊരു തിരയായി. പൂജാപുഷ്പങ്ങൾ അതൊഴുക്കിക്കൊണ്ടുപോയി; ബുദ്ധവിഗ്രഹം തന്നെ കടപുഴകി അതിലൊഴുകിനടന്നു. പുലരുമ്പോൾ അമ്പലം ഒരു വൻകടലിന്റെ ഏറ്റിറക്കങ്ങൾ മാത്രമായിരുന്നു.

ഗുരുവെത്തുമ്പോൾ മല്ലൻ ധ്യാനത്തിൽത്തന്നെയായിരുന്നു; ഒരു ക്ഷീണമന്ദഹാസം ആ മുഖത്തുണ്ടായിരുന്നു. ഗുരു അയാളെ തൊട്ടുവിളിച്ചു: “ഇനി ഒരു ചാഞ്ചല്യവും നിങ്ങളെ ഗ്രസിക്കാനില്ല. വൻതിരയായിരിക്കുന്നു നിങ്ങൾ. മുന്നിലുള്ള സർവതിനെയും നിങ്ങൾ കീഴമർത്തും.”

അതുപോലൊരു മല്ലൻ ദേശത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.

84

മരണപ്പെട്ട ഒരു പ്രഭുവിന്റെ സംസ്കാരച്ചടങ്ങുകളിൽ കർമ്മിയായി നിൽക്കേണ്ടിവന്നു ഗുരുവിനു്. പ്രഭുക്കന്മാരും തറവാടികളുമായി അദ്ദേഹത്തിനു് ഇതിനു മുമ്പു് ഇടപഴകേണ്ടി വന്നിട്ടില്ല. അതിനാൽ ഗുരു ആകെ പതറിപ്പോയി. വിയർത്തു കുളിച്ചുകൊണ്ടാണു് അദ്ദേഹം ചടങ്ങുകൾ പൂർത്തിയാക്കിയതു്. ആശ്രമത്തിൽ മടങ്ങിയെത്തി അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൂട്ടി. ഗുരുവാകാനുള്ള പാകത തനിക്കിനിയും കിട്ടിയിട്ടില്ലെന്നു് അദ്ദേഹം അവരോടു സമ്മതിച്ചു; ആശ്രമത്തിന്റെ ഏകാന്തതയിലെന്നപോലെ അഭിജാതലോകത്തിന്റെ പകിട്ടുകളിൽ തന്റെ മനസ്സു വരുതിയ്ക്കു നിൽക്കാതെ പോയതതുകൊണ്ടാണു്. പിന്നെ അവരോടു യാത്ര പറഞ്ഞു് അദ്ദേഹം മറ്റൊരു ഗുരുവിന്റെ ശിഷ്യനായി. എട്ടു കൊല്ലം കഴിഞ്ഞു് ബോധോദയമുണ്ടായി മനസ്സു പാകമായെന്നായപ്പോൾ അദ്ദേഹം തന്റെ ആശ്രമത്തിൽ മടങ്ങിയെത്തുകയും ശിഷ്യന്മാരെ പരിശീലിപ്പിക്കുകയുമായി.

85

ഒരു വേശ്യയെ പ്രാപിക്കുക, ഒരാടിനെ കൊല്ലുക, ഒരു കുപ്പി കള്ളു കുടിയ്ക്കുക—ഇതിലൊന്നു ചെയ്യാൻ ഗുരു ശിഷ്യനോടാജ്ഞാപിച്ചു. ശിഷ്യൻ ആലോചിച്ചു: വേശ്യയോടൊപ്പം ശയിക്കുകയെന്നാൽ അതു രണ്ടാത്മാക്കളെ മലിനമാക്കുകയാണു്; അതിനാൽ അതു വേണ്ട. ആടിനെ കൊല്ലുകയെന്നാൽ അതിലും നിഷിദ്ധം: ഒരു ജീവനെടുക്കുന്നതു് കൊടുംപാപം തന്നെ. ആ വഴിയ്ക്കും താൻ പോകുന്നില്ല. പിന്നെയുള്ളതു് ഒരു കുപ്പി കള്ളാണു്; അതുകൊണ്ടെന്തെങ്കിലും ഹാനി വരുമെങ്കിൽ അതു തന്നിലൊതുങ്ങുന്നതേയുള്ളു. അയാൾ അതുതന്നെ തിരഞ്ഞെടുത്തു. പക്ഷേ, കള്ളു തലയ്ക്കു പിടിച്ച ശിഷ്യൻ ഒരാടിനെ ഓടിച്ചിട്ടുകൊല്ലുക മാത്രമല്ല, വേശ്യാലയം തിരക്കിപ്പോവുകയും ചെയ്തു.

86

ഗുരു രണ്ടു ശിഷ്യന്മാരെ മറ്റൊരാശ്രമത്തിലേക്കു പറഞ്ഞയച്ചു. ആശ്രമം നില്ക്കുന്ന കുന്നു കയറുമ്പോൾ ഒരു ചാലിലൂടെ തീരെച്ചെറിയ രണ്ടു പച്ചക്കറിക്കഷണങ്ങൾ ഒഴുകിവരുന്നതു് അവരുടെ കണ്ണിൽപ്പെട്ടു. ഒരു ശിഷ്യൻ പറഞ്ഞു:

“ഈ ആശ്രമത്തിലുള്ളവർ ആഹാരം പാഴാക്കുന്നവരാണു്. നമുക്കു തിരിച്ചുപോകാം.”

അങ്ങനെ അവർ തിരിച്ചുനടക്കുമ്പോൾ പെട്ടെന്നു് ഭൂമി കുലുങ്ങാൻ തുടങ്ങി. അവർ നോക്കുമ്പോൾ നൂറു കണക്കിനു ഭിക്ഷുക്കൾ കുന്നിറങ്ങി ഓടിവരികയാണു്, അബദ്ധത്തിൽ ചാലിൽ വീണുപോയ രണ്ടു പച്ചക്കറിക്കഷണങ്ങൾ വീണ്ടെടുക്കാൻ!

87

ഒരു പ്രഭു ഗുരുവിനെ ചെന്നുകണ്ടു് സർവ്വജ്ഞാനവുമടങ്ങിയ ഒരു തത്ത്വം എഴുതിക്കൊടുക്കാൻ പറഞ്ഞു. ഗുരു ഒരു കടലാസെടുത്തു് അതിൽ “ജാഗ്രത” എന്നെഴുതി അയാൾക്കു കൊടുത്തു. ഒരു വാക്കിൽ ഒരു തത്ത്വം വേണ്ടത്രയായി അയാൾക്കു തോന്നിയില്ല. മറ്റെന്തെങ്കിലും കൂടി എഴുതാൻ അയാൾ പറഞ്ഞു. ഗുരു “ജാഗ്രത, ജാഗ്രത” എന്നെഴുതിക്കൊടുത്തു. അയാൾക്കതും മതിയാകുന്നില്ല. വീണ്ടും അയാൾ നിർബന്ധിച്ചപ്പോൾ ഗുരു “ജാഗ്രത, ജാഗ്രത, ജാഗ്രത” എന്നാവർത്തിച്ചു. പ്രഭുവിന്റെ ക്ഷമ നശിച്ചു: “എന്താണീ ജാഗ്രതയെന്നു വച്ചാൽ?” അയാൾ ആക്രോശിച്ചു.

“ജാഗ്രത എന്നാൽ ജാഗ്രത എന്നുതന്നെ,” ഗുരു ശാന്തനായി പറഞ്ഞു.

88

താൻ ധ്യാനത്തിനിരിക്കുമ്പോൾ ഒരു ചിലന്തി ശൂന്യതയിൽ നിന്നിറങ്ങിവരുന്നതായി ശിഷ്യൻ ഗുരുവിനോടാവലാതിപ്പെട്ടു. ഓരോ നാളു കഴിയുന്തോറും വലിപ്പം വച്ചുവച്ചതു് ഭീമനൊരു ചിലന്തിയാവുകയാണു്; എന്നാണതു തന്നെ പിടിച്ചു വിഴുങ്ങുക എന്നേ അറിയാനുള്ളു. അതിനാൽ ഇനി ധ്യാനത്തിനിരിക്കുമ്പോൾ താനൊരു കത്തി കൂടി കരുതാൻ പോവുകയാണു്, ആത്മരക്ഷയ്ക്കു് തത്ക്കാലം കത്തിയുടെയൊന്നും ആവശ്യമില്ല, ഒരു ചോക്കുകഷണം മതിയെന്നു് ഗുരു പറഞ്ഞു. ഇനി ചിലന്തി ഇറങ്ങിവരുമ്പോൾ അതിന്റെ വയറ്റിൽ ചോക്കു കൊണ്ടൊരു ഗുണനചിഹ്നമിടുക. പിന്നെ നോക്കാം. അന്നും ധ്യാനത്തിനിടയിൽ വലനാരിറങ്ങി ചിലന്തി വന്നു. ശിഷ്യൻ ഗുരു പറഞ്ഞപോലെ അതിന്റെ വയറ്റിൽ ഒരു ഗുണനചിഹ്നം വരയ്ക്കുകയും ചെയ്തു. എന്നിട്ടയാൾ പോയി ഗുരുവിനോടു കാര്യം പറഞ്ഞു. ഗുരു അയാളോടു് കുപ്പായമൂരാൻ പറഞ്ഞു. ഗുണനചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നതു് അയാളുടെ വയറ്റിൽത്തന്നെയാണു്.

89

ഖഡ്ഗപ്രയോഗത്തിൽ അതിനിപുണനായിരുന്നു ഗുരു. വാർദ്ധക്യം അതിനൊരു തടയായിട്ടുമില്ല. അങ്ങനെയിരിക്കെ വിദേശത്തു നിന്നൊരു വാൾപ്രയോഗക്കാരൻ വന്നു ഗുരുവിനെ വെല്ലുവിളിച്ചു. പ്രതിയോഗിയുടെ ദൗർബല്യമേതെന്നു കണ്ടറിഞ്ഞു് മിന്നൽവേഗത്തിൽ അതുപയോഗപ്പെടുത്തുക എന്നതായിരുന്നു അയാളുടെ തന്ത്രം. അതൊരിക്കലും വിജയിക്കാതെ പോയിട്ടുമില്ല. ഇങ്ങനെയൊരാളോടു മത്സരിക്കാൻ പോകേണ്ടെന്നു് ശിഷ്യന്മാർ വിലക്കിയെങ്കിലും ഗുരു പിന്മാറിയില്ല. കളരിയിൽ നേർക്കുനേർ നില്ക്കുകയാണു് എതിരാളികൾ. മറ്റേയാൾ ഗുരുവിന്റെ മുഖത്തു നോക്കി ആക്ഷേപിക്കാൻ തുടങ്ങി. ലോകത്തുള്ള സകല പുലഭ്യങ്ങളും അയാൾ വിളിച്ചുപറഞ്ഞു. ഗുരുവിന്റെ ദേഹത്തു് അയാൾ ചെളി വാരിയെറിഞ്ഞു, മുഖത്തു കാറിത്തുപ്പി. ഗുരു പക്ഷേ, അക്ഷോഭ്യനായി നിന്നതേയുള്ളു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തന്റെ പ്രയോഗം ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ വെല്ലുവിളിച്ചവൻ തോൽവി സമ്മതിച്ചു മടങ്ങുകയാണുണ്ടായതു്.

ഇത്രയും തന്നെ ആക്ഷേപിച്ച ഒരാളെ ഗുരു വെറുതേ വിട്ടതിൽ ശിഷ്യരിൽ ചിലർക്കു നിരാശ തോന്നി. അവരോടു ഗുരു പറഞ്ഞു:

“നിങ്ങൾക്കു തരാൻ ഒരുപഹാരവുമായി ഒരാൾ വരികയും, അയാളതു വച്ചുനീട്ടുമ്പോൾ നിങ്ങൾ കൈ നീട്ടി വാങ്ങാതിരിക്കുകയുമാണെങ്കിൽ അതാരുടെ കൈയിലിരിക്കും?”

90

ഇത്ര നന്നായി ചായ കൂട്ടുന്നൊരാൾ വേറെയില്ല, ആ വൃദ്ധയെപ്പോലെ. അത്ര കേമമാണു് അവരുടെ സെൻപരിജ്ഞാനവുമെന്നു് ഗുരു പറഞ്ഞപ്പോൾ ചില ശിഷ്യന്മാർക്കു് അതൊന്നു നേരിട്ടറിയണമെന്നായി. വൃദ്ധയ്ക്കു് അവരുടെ കളി മനസ്സിലാകാതെ പോയതുമില്ല. അകലെ നിന്നേ ശിഷ്യരുടെ വരവു കാണുമ്പോൾ അവർ മനസ്സിൽ കാണും, ആരാണു് ചായ കുടിക്കാൻ മാത്രമായി വരുന്നതു്, ആരാണു് തന്റെ സെൻജ്ഞാനം പരീക്ഷിക്കാൻ വരുന്നതു് എന്നു്. ചായ കുടിക്കാനായി വരുന്നവരെ അവർ ഒന്നാന്തരം ചായ കൊടുത്തു സല്ക്കരിക്കും. മറ്റേ ഉദ്ദേശ്യവുമായി വരുന്നവരെ കാണുമ്പോൾ അവർ വാതിലിനു പിന്നിൽ ഒളിഞ്ഞുനില്ക്കും; വന്നുകയറുമ്പോൾ പുകയുന്ന വിറകുകൊള്ളിയെടുത്തു് തലയ്ക്കൊരടി കൊടുത്തോടിക്കുകയും ചെയ്യും. പത്തിലൊന്നു പേർക്കേ അവരുടെ തല്ലു കിട്ടാതെ പോയിട്ടുള്ളു.

91

ശിഷ്യൻ: ബുദ്ധൻ തന്നെ മനസ്സെന്നു് അങ്ങു പഠിപ്പിക്കുന്നതെന്തിതാണു്?

ഗുരു: കുഞ്ഞു് കരച്ചിൽ നിർത്താൻ.

ശിഷ്യൻ: കുഞ്ഞു് കരച്ചിൽ നിർത്തിക്കഴിഞ്ഞാൽ അങ്ങെന്തു പറയും?

ഗുരു: മനസ്സുമില്ല, ബുദ്ധനുമില്ലയെന്നു്.

92

“ഗുരോ, എനിക്കു മലമുകളിലേക്കു പോകണം; ഞാനെവിടെ നിന്നാണു കയറാൻ തുടങ്ങേണ്ടതു് ?”

“മുകളിൽ നിന്നു തന്നെ.”

93

ഗുരു ശിഷ്യനോടു ചോദിച്ചു:

“ഒരു കൈ കൊട്ടിയാൽ എന്തു കേൾക്കാം?”

ശിഷ്യൻ മൂന്നുകൊല്ലം അതുമായി നടന്നു. ഒരു ദിവസം രാത്രി അയാൾ കരഞ്ഞുകൊണ്ടു് ഗുരുവിനെ ചെന്നുകണ്ടു് തനിക്കതിനുത്തരം കിട്ടിയിട്ടില്ലെന്നു സമ്മതിച്ചു.

“ഒരാഴ്ച കൂടി നോക്കൂ,” ഗുരു അയാളെ സമാധാനിപ്പിച്ചു. പക്ഷേ, ശിഷ്യനു വെളിപാടു കിട്ടുന്നില്ല.

“ഒരാഴ്ച കൂടി,” ഗുരു പ്രോത്സാഹിപ്പിച്ചു. ശിഷ്യൻ അനുസരിച്ചു. പക്ഷേ, ഫലമില്ല. മറ്റൊരാഴ്ച കൂടി. അതും വ്യർത്ഥമായി. ഒടുവിൽ മനസ്സിടിഞ്ഞ ശിഷ്യൻ തന്നെ ഇതിൽ നിന്നു മോചിപ്പിക്കാൻ കരഞ്ഞുവിളിച്ചു പറഞ്ഞു. അഞ്ചു ദിവസം കൂടി ധ്യാനിക്കാൻ ഗുരു നിർബന്ധിച്ചു. അതും ഫലമാകാതെ പോയി. ഒടുവിൽ ഗുരു പറഞ്ഞു:

“മൂന്നു ദിവസം കൂടി ധ്യാനിക്കുക; അതിനുള്ളിൽ നിനക്കു ബോധോദയമുണ്ടാകുന്നില്ലെങ്കിൽപ്പിന്നെ നീ മരിക്കുന്നതു തന്നെ നല്ലതു്.”

രണ്ടാം ദിവസം ശിഷ്യനു് ബോധോദയം ലഭിച്ചു.

94

ഗുരു പുറത്തു പോയ സമയം. ഉഷ്ണിക്കുന്ന ഉച്ചനേരത്തു് ശിഷ്യനൊന്നു മയങ്ങിപ്പോയി. ഗുരു മടങ്ങിയെത്തുമ്പോൾ വാതിൽ വിലങ്ങിക്കിടക്കുകയാണു ശിഷ്യൻ. അദ്ദേഹം അവന്റെ മേൽ മുട്ടാതെ ശ്രദ്ധിച്ചു കാലെടുത്തുവച്ചു് ഉള്ളിൽക്കടന്നു. “ക്ഷമിക്കണേ, ക്ഷമിക്കണേ,” അദ്ദേഹം പിറുപിറുക്കുന്നുണ്ടായിരുന്നു. അതിൽപ്പിന്നെ ശിഷ്യന്റെ പകലുറക്കമുണ്ടായിട്ടില്ല.

95

ഒരു ഗുരു ശിഷ്യന്മാരോടു് സ്വന്തം വഴി നോക്കിക്കോളാൻ പറഞ്ഞിട്ടു് എങ്ങോ അപ്രത്യക്ഷനായി. മൂന്നുകൊല്ലം കഴിഞ്ഞു് ഒരു ശിഷ്യൻ ഗുരുവിനെ കണ്ടുമുട്ടി. ഒരു പാലത്തിനടിയിൽ ചില യാചകർക്കൊപ്പം കൂടിയിരിക്കുകയാണദ്ദേഹം. തനിക്കു് അദ്ദേഹത്തിന്റെ കൂടെ പഠനം തുടരാൻ ആഗ്രഹമുണ്ടെന്നു് ശിഷ്യൻ അറിയിച്ചു.

“രണ്ടു ദിവസമെങ്കിലും ഞാൻ ചെയ്യുന്നതൊക്കെച്ചെയ്യാൻ നിനക്കായാൽ ഞാനതാലോചിക്കാം,” ഗുരു പറഞ്ഞു.

അങ്ങനെ ആ പൂർവശിഷ്യൻ യാചകവേഷവും ധരിച്ചു് ഒരു ദിവസം ഗുരുവിനോടൊപ്പം കഴിഞ്ഞു. അടുത്ത ദിവസം യാചകരിൽ ഒരാൾ മരിച്ചു. ഗുരുവും ശിഷ്യനും കൂടി അയാളുടെ ശവം കെട്ടിയെടുത്തു് അർദ്ധരാത്രിയ്ക്കു് ഒരു മലഞ്ചരിവിൽ കൊണ്ടുപോയി കുഴിച്ചിട്ടു. പിന്നെയവർ പാലത്തിനു കീഴിൽ വന്നു കിടന്നു. ഗുരു സുഖമായി കിടന്നുറങ്ങി. ശിഷ്യനു പക്ഷേ, ഉറക്കം വന്നില്ല. പിറ്റേന്നു രാവിലെ ഗുരു പറഞ്ഞു:

“ഇന്നു നമുക്കു തെണ്ടാൻ പോകേണ്ടതില്ല. നമ്മുടെ ചങ്ങാതി കുറച്ചു ചോറു ബാക്കി വച്ചിട്ടാണു പോയതു്.” പക്ഷേ, ശിഷ്യനു് അതിൽ ഒരു വറ്റു പോലും തൊണ്ടയിലേക്കിറങ്ങിയില്ല.

“ഞാൻ ചെയ്യുന്നപോലെ ചെയ്യാൻ നിനക്കു കഴിയില്ല എന്നു ഞാൻ അന്നേ പറഞ്ഞു,” ഗുരു ശിഷ്യനെ പറഞ്ഞുവിട്ടു, “കടന്നുപൊയ്ക്കോ; മേലാലെന്നെ ശല്യപ്പെടുത്താനും വരരുതു്.”

96

ശിഷ്യൻ: “യാതൊന്നും കൊണ്ടുവന്നിട്ടില്ലെങ്കിൽ അതേതുമാതിരി?”

ഗുരു: “അതു താഴെ വയ്ക്കൂ.”

ശിഷ്യൻ: “ഒന്നും കൊണ്ടുവന്നിട്ടില്ലാത്ത സ്ഥിതിയ്ക്കു് എന്തു താഴെ വയ്ക്കാൻ?”

ഗുരു: “താഴെ വയ്ക്കാൻ പറ്റില്ലെങ്കിൽ എടുത്തുപൊക്കെന്നേ.”

അപ്പോൾ ശിഷ്യനു വെളിച്ചം കിട്ടി.

97

രണ്ടു സ്നേഹിതന്മാരുണ്ടായിരുന്നു. കിന്നരം വായിക്കാൻ മിടുക്കനായിരുന്നു ഒരാൾ; മറ്റേയാൾ അതു കേൾക്കാനും. ഒരാൾ ഒരു മലയെക്കുറിച്ചു പാടുമ്പോൾ മറ്റേയാൾ പറയും:

“ഹാ, ആ മല ഞാൻ കണ്മുന്നിൽ കാണുന്നപോലെ!”

പാട്ടുകാരൻ പുഴയെക്കുറിച്ചു പാടുമ്പോൾ കേൾവിക്കാരൻ പറയും:

“ഇതാ ഒരു പുഴയൊഴുകുന്നു!”

കുറേക്കാലം കഴിഞ്ഞപ്പോൾ കേൾവിക്കാരൻ ദീനം പിടിച്ചു മരിച്ചു. പാട്ടുകാരൻ കിന്നരത്തിന്റെ കമ്പികൾ അറുത്തുകളയുകയും ചെയ്തു. അതിനു ശേഷം അയാളതു തൊട്ടിട്ടില്ല.

98

ബുദ്ധവിഗ്രഹത്തിനു മുന്നിൽ ഏറെനേരം ധ്യാനത്തിലിരുന്ന ഗുരുവിനോടു ശിഷ്യൻ ചോദിച്ചു:

“ഗുരോ, ബുദ്ധൻ അങ്ങയോടെന്തെങ്കിലും പറഞ്ഞോ?”

“ഇല്ല, അദ്ദേഹം കേട്ടുകൊണ്ടിരുന്നതേയുള്ളു.”

“അതു ശരി, അദ്ദേഹത്തോടു് അങ്ങെന്താണു പറഞ്ഞതു്?”

“ഞാനും കേട്ടുകൊണ്ടിരുന്നതേയുള്ളു.”

99

ശിഷ്യൻ: “മനസ്സമാധാനത്തിന്റെ ഇരിപ്പിടമെവിടെ?”

ഗുരു: “ഭൂതകാലം തീരുകയും ഭാവി വരാനിരിക്കുകയും ചെയ്യുന്ന ബിന്ദു കണ്ടെത്തൂ.”

100

ബുദ്ധന്റെ മുന്നിൽ ചെല്ലാൻ ഭയപ്പെട്ടിരുന്ന ഒരു വൃദ്ധയുണ്ടായിരുന്നു. അദ്ദേഹത്തെ പേടിക്കേണ്ടതില്ലെന്നും, ആർക്കും കടന്നുചെല്ലാവുന്നൊരു സാന്നിദ്ധ്യമാണതെന്നുമൊക്കെ ആരൊക്കെപ്പറഞ്ഞിട്ടും അവരുടെ പേടി മാറിയില്ല. വഴിയിൽ വച്ചെങ്ങാനും അദ്ദേഹം എതിരിൽ വന്നാലോ എന്നു കരുതി ഒരേ വഴിയിലൂടെ അവർ നടക്കാറുമില്ല. ഒരു ദിവസം തെരുവിലൂടെ നടക്കുമ്പോൾ കാവി ധരിച്ചൊരാൾ തന്റെ നേർക്കു നടന്നുവരുന്നതു് അവർ കണ്ടു. അതു ബുദ്ധനായിരുന്നു. വൃദ്ധ പേടിച്ചരണ്ടു. ഓടിപ്പോകാനവർക്കു കഴിഞ്ഞില്ല; അദ്ദേഹത്തെ നേരെ നോക്കാനും അവർക്കു പറ്റില്ല. അവർ കൈ രണ്ടുമെടുത്തു കണ്ണു പൊത്തി. അത്ഭുതമേ, അവർ എത്രയമർത്തിപ്പിടിച്ചുവോ, അത്രയും തെളിച്ചത്തോടെ വിരലുകൾക്കിടയിലവർ കാണുകയായിരുന്നു ബുദ്ധനെ. ആരായിരുന്നു ആ വൃദ്ധ?

101

ഗുരു ഉറക്കമുണർന്നാൽ തന്നെത്താൻ വിളിച്ചുചോദിയ്ക്കും:

“ഗുരോ, അങ്ങിവിടെത്തന്നെയുണ്ടോ?”

മറുപടിയും അദ്ദേഹം തന്നെ പറയും:

“ഉവ്വുവ്വു്, ഞാനിവിടെയുണ്ടു്.”

പിന്നെ അദ്ദേഹം പറയും:

“കണ്ണും കാതുമൊക്കെ തുറന്നാട്ടെ.”

അതിനു മറുപടിയും പറയും:

“ഞാനിതാ, എഴുന്നേറ്റു.”

തുടർന്നദ്ദേഹം ഉപദേശിക്കും:

“ഈ നേരം മുതൽ അന്യരുടെ വാക്കു കേട്ടു വഴിതെറ്റിപ്പോകരുതേ.”

അതിനുമദ്ദേഹം മറുപടി പറയും:

“ഇല്ലേയില്ല.”

102

ശിഷ്യൻ: “ഏതാണു നേരായ വഴി?”

ഗുരു: “നിത്യജീവിതത്തിന്റെ വഴി തന്നെ നേരായ വഴി.”

ശിഷ്യൻ: “എനിക്കതു പഠിച്ചെടുക്കാമോ?”

ഗുരു: “പഠിക്കുന്തോറും നീയതിൽ നിന്നകലുകയേയുള്ളു.”

ശിഷ്യൻ: “പഠിക്കാതെ ഞാനെങ്ങനെ അതിനെക്കുറിച്ചറിയാൻ?”

ഗുരു: “കാണുന്നതിലില്ല വഴി; കാണാത്തതിലുമതില്ല. അറിഞ്ഞതിലില്ലതു്, അറിയാത്തതിലുമില്ലതു്. അതിനെ അന്വേഷിച്ചുപോകരുതു്, അതിനെക്കുറിച്ചു പഠിക്കരുതു്, അതിനു പേരും കൊടുക്കരുതു്. ആകാശം പോലെ വിസ്തൃതമായി നീ സ്വയം തുറക്കൂ, എങ്കിൽ നീ നിന്നെ ആ വഴിയിൽ കാണും.”

103

ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു:

“മനസ്സൊഴിച്ചുവയ്ക്കണമെന്നാണല്ലോ അങ്ങു പഠിപ്പിക്കുക. എനിക്കെന്റെ മനസ്സിൽ ഒന്നുമില്ല. എങ്കിൽ ഞാനെന്തു ചെയ്യണം?”

“അതെടുത്തു വലിച്ചെറിയെന്നേ!” ഗുരു പറഞ്ഞു.

“പക്ഷേ, എനിക്കൊന്നുമില്ലല്ലോ. പിന്നെ ഞാനെങ്ങനെ വലിച്ചെറിയാൻ?”

“വലിച്ചെറിയാൻ പറ്റിയില്ലെങ്കിൽ എടുത്തുമാറ്റിക്കോ! തൊഴിച്ചെറിഞ്ഞോ! ഒഴിച്ചെടുത്തോ! മനസ്സിലൊന്നുമില്ലാതെ എന്റെ മുന്നിൽ ഇങ്ങനെ വന്നു നില്ക്കുകമാത്രം ചെയ്യരുതു്!”

104

ഗുരു ശിഷ്യനോടു ചോദിച്ചു:

“നിനക്കു ശൂന്യതയെ പിടിയ്ക്കാൻ പറ്റുമോ?”

“ഞാനൊന്നു നോക്കാം,” എന്നു പറഞ്ഞുകൊണ്ടു് ശിഷ്യൻ കൈ ഉയർത്തി വായുവിൽ പിടിച്ചു.

“ഇതു ശരിയായില്ല,” ഗുരു പറഞ്ഞു, “നീ യാതൊന്നിനെയും പിടിച്ചിട്ടില്ല.”

“ശരിയാണു ഗുരോ,” ശിഷ്യൻ സമ്മതിച്ചു, “അതെങ്ങനെയെന്നു് അങ്ങൊന്നു കാണിച്ചാട്ടെ.”

ഗുരു ശിഷ്യന്റെ മൂക്കിനു പിടിച്ചു് ഒറ്റ വലി വലിച്ചു. ശിഷ്യൻ വേദന കൊണ്ടു കരഞ്ഞുപോയി.

“ഇങ്ങനെ വേണം ശൂന്യതയെ പിടിയ്ക്കാൻ!” ഗുരു പറഞ്ഞു.

105

ഗുരു ധ്യാനത്തിലിരിക്കുമ്പോൾ ഒരു കള്ളൻ വന്നുകയറി. കത്തി ഊരിപ്പിടിച്ചുകൊണ്ടു് ഒന്നുകിൽ പണം അല്ലെങ്കിൽ ജീവൻ എന്നവൻ ഭീഷണിപ്പെടുത്തി. ഗുരു പറഞ്ഞു:

“ശല്യപ്പെടുത്താതെ. പണം വേണമെങ്കിൽ ആ വലിപ്പിലുണ്ടു്.” എന്നിട്ടദ്ദേഹം ജപം തുടർന്നു. അല്പനേരം കഴിഞ്ഞു് അദ്ദേഹം കള്ളനോടു വിളിച്ചുപറഞ്ഞു:

“ഉള്ളതെല്ലാം കൂടി കൊണ്ടുപോകരുതേ. നാളെ കരമൊടുക്കാൻ കുറച്ചു വയ്ച്ചേക്കണം.”

കള്ളൻ എല്ലാമെടുത്തു് സ്ഥലം വിടാനൊരുങ്ങുമ്പോൾ ഗുരു പറഞ്ഞു:

“ആരെങ്കിലും എന്തെങ്കിലും തന്നാൽ ഒരു നന്ദി പറയുന്ന മര്യാദയെങ്കിലും കാണിയ്ക്കു്”

കള്ളൻ ഒരു നന്ദിയും പറഞ്ഞു സ്ഥലം വിട്ടു.

ചില ദിവസങ്ങൾക്കു ശേഷം കള്ളൻ പിടിയിലായി; മറ്റു പലതിന്റെയും കൂട്ടത്തിൽ ഗുരുവിന്റെ പണം കവർന്നതും അവൻ ഏറ്റുപറഞ്ഞു. വിചാരണയ്ക്കു് ഗുരുവിനെയും സാക്ഷിയായി വിസ്തരിച്ചു. ഗുരു പറഞ്ഞു:

“ഈയാൾ കള്ളനൊന്നുമല്ല, എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. ഞാനയാൾക്കു കുറച്ചു പണം കൊടുത്തിരുന്നു; അതിനയാൾ നന്ദി പറയുകയും ചെയ്തിരുന്നു.”

ശിക്ഷയുടെ കാലാവധി കഴിഞ്ഞയുടെനേ കള്ളൻ ചെന്നു ഗുരുവിന്റെ ശിഷ്യനാവുകയും ചെയ്തു.

106

മഞ്ജുശ്രീ[2] പടിയ്ക്കു പുറത്തു നില്ക്കുന്നതു കണ്ടപ്പോൾ ബുദ്ധൻ അകത്തേക്കു വിളിച്ചു:

“മഞ്ജുശ്രീ, മഞ്ജുശ്രീ, നീയെന്താ അകത്തേക്കു വരാത്തതു്?”

മഞ്ജുശ്രീ പറഞ്ഞു:

“പുറത്തല്ല ഞാനെന്നെനിക്കു തോന്നുന്നു; പിന്നെ ഞാനെന്തിനകത്തു വരണം?”

107

മഞ്ജുശ്രീ ഒരിക്കൽ ബുദ്ധന്മാരിരിക്കുന്നിടത്തേക്കു പോയി. പക്ഷേ, വൈകിയതു കാരണം ശാക്യമുനിബുദ്ധനെയും ഒരു പെൺകുട്ടിയെയും മാത്രമേ അവിടെ കണ്ടുള്ളു. ധ്യാനത്തിൽ മുഴുകിയിരിക്കുകയാണവൾ. തനിയ്ക്കു പോലും പ്രാപ്യമല്ലാത്തൊരാഴം അവളുടെ ധ്യാനത്തിനെങ്ങനെ കിട്ടിയെന്നു് മഞ്ജുശ്രീ ബുദ്ധനോടു സംശയം ചോദിച്ചു. ബുദ്ധൻ പറഞ്ഞു:

“അവളെ ധ്യാനത്തിൽ നിന്നുണർത്തി നീ തന്നെ അതവളോടു ചോദിക്കൂ.”

മഞ്ജുശ്രീ പെൺകുട്ടിയ്ക്കു ചുറ്റും മൂന്നുവട്ടം പ്രദക്ഷിണം ചെയ്തിട്ടു് വിരൽ ഞൊടിച്ചു. അവൾ ധ്യാനത്തിൽ നിന്നുണർന്നില്ല. മഞ്ജുശ്രീ പിന്നെ തന്റെ സ്വാധീനത്തിലുള്ള മന്ത്രശക്തികളൊക്കെയെടുത്തുപയോഗിച്ചു; അതും ഫലിച്ചില്ല. പെട്ടെന്നു് ഭൂമിയ്ക്കടിയിൽ നിന്നു് മോമ്യോ[3] എന്നൊരു ബോധിസത്വൻ അവതരിച്ചു; അദ്ദേഹം പെൺകുട്ടിയ്ക്കു മുന്നിൽ വന്നുനിന്നു് ഒന്നു വിരൽ ഞൊടിച്ചപ്പോൾ പെൺകുട്ടിയുടെ ധ്യാനം മുറിഞ്ഞു.

കുറിപ്പുകൾ

[1] ബുദ്ധമാർഗ്ഗം.

[2] അറിവിന്റെ ബോധിസത്വൻ.

[3] താഴേക്കിടയിലുള്ള ഒരു ബോധിസത്വൻ.

108

ഗുരു ഒരുൾനാട്ടുഗ്രാമത്തിലെത്തിയപ്പോൾ രാത്രിയായി; മഴ കനക്കുകയും ചെയ്തു. ചെരുപ്പുകൾ നനഞ്ഞുപൊട്ടിയുമിരിക്കുന്നു. തെരുവോരത്തു് ഒരു വീടിന്റെ ജനാലയ്ക്കൽ ചെരുപ്പുകൾ വില്പനയ്ക്കു വച്ചിരിക്കുന്നതു കണ്ടപ്പോൾ ഗുരു കയറിച്ചെന്നു. അദ്ദേഹം ആകെ നനഞ്ഞുകുതിർന്നിരിക്കുന്നതു കണ്ടു് അന്നു രാത്രിയിൽ അവിടെ തങ്ങാൻ വീട്ടുകാർ ക്ഷണിച്ചു. ആരുടെ മുഖത്തും ഒരു പ്രസാദമില്ലാത്തതു് ഗുരുവിന്റെ ശ്രദ്ധയിൽപ്പെട്ടു. കാരണമാരാഞ്ഞപ്പോൾ വീട്ടുകാരി പറഞ്ഞു, തന്റെ ഭർത്താവു കുടിയനും ചൂതാട്ടക്കാരനുമാണെന്നും, കിട്ടുന്നതു മുഴുവൻ കുടിച്ചുകളയുകയാണെന്നും. ചില ദിവസം വീട്ടിൽ വരാറുമില്ല.

“ഞാനയാളെയൊന്നു സഹായിക്കാം,” ഗുരു പറഞ്ഞു. “ഇതു കൊണ്ടുപോയി കുറച്ചു വീഞ്ഞും മീനും വാങ്ങിവരൂ. എന്നിട്ടു നിങ്ങൾ പോയിക്കിടന്നുറങ്ങിക്കോളൂ.”

പാതിരാത്രി കഴിഞ്ഞപ്പോൾ കുടിച്ചു ലക്കുകെട്ടു് വീട്ടുകാരനെത്തി. അയാൾ വിളിച്ചുകൂവി:

“എടീ ഭാര്യേ, വീട്ടുകാരനെത്തിയിരിക്കുന്നു; തിന്നാനെന്തുണ്ടു്?”

“ഇതു കഴിച്ചാലും,” ഗുരു പറഞ്ഞു, “മഴയത്തു് ഇവിടെപ്പെട്ടുപോയതാണ് ‘; നിങ്ങളുടെ ഭാര്യയുടെ സന്മനസ്സു കൊണ്ടു് ഇന്നിവിടെ തങ്ങിക്കോളാൻ പറഞ്ഞു. ഞാൻ കുറച്ചു വീഞ്ഞും മീനും വാങ്ങിയിട്ടുണ്ടു്; താങ്കൾക്കും കഴിക്കാം.”

വീട്ടുകാരനു സന്തോഷമായി. മീനുമെടുത്തു തിന്നു്, വീഞ്ഞും മോന്തി അയാൾ മലർന്നുകിടന്നുറക്കമായി. ഗുരു ജപിച്ചുകൊണ്ടു് അയാൾക്കരികിലിരുന്നു. പിറ്റേന്നു് കാലത്തുറക്കമുണർന്നപ്പോൾ പോയ രാത്രിയിലെ കാര്യങ്ങളൊക്കെ വീട്ടുകാരനു മറവിയിൽപ്പെട്ടുപോയിരുന്നു.

“നിങ്ങളിതാരു്? എവിടുന്നു വന്നു?” അപ്പോഴും ജപിക്കുകയായിരുന്ന ഗുരുവിനോടു് അയാൾ ചോദിച്ചു. താൻ ഇന്നാരാണെന്നു ഗുരു പറഞ്ഞപ്പോൾ അയാൾക്കാകെ നാണക്കേടായി. ഗുരുവിനോടയാൾ മാപ്പു ചോദിച്ചു.

ഗുരു ചിരിച്ചു:

“ഈ ജീവിതത്തിൽ സർവവും അസ്ഥിരമല്ലേ? ആയുസ്സും നമുക്കധികമില്ല. കുടിച്ചും ചൂതാടിയും നടന്നാൽ മറ്റെന്തെങ്കിലും നേടാനുള്ള നേരം നിങ്ങൾക്കു കിട്ടുമോ?”

സ്വപ്നത്തിൽ നിന്നുണർന്നപോലെ വീട്ടുകാരന്റെ മനസ്സു മറ്റൊന്നായി. “അങ്ങു പറഞ്ഞതെത്ര ശരി,” അയാൾ പറഞ്ഞു, “ഈ ഉപദേശത്തിനു ഞാനെങ്ങനെ നന്ദി പറയാൻ? അല്പദൂരം അങ്ങയുടെ ഭാണ്ഡവുമെടുത്തു ഞാൻ പോന്നോട്ടെ?”

ഗുരു സമ്മതിച്ചു. മൂന്നു മൈൽ ചെന്നപ്പോൾ ഇനി മടങ്ങിക്കോളാൻ ഗുരു അയാളോടു പറഞ്ഞു.

“അഞ്ചു മൈലു കൂടി,” അയാൾ ഗുരുവിനോടിരന്നു. അവർ പിന്നെയും നടന്നു.

“ഇനി പൊയ്ക്കോ,” ഗുരു നിർദ്ദേശിച്ചു.

“പത്തു മൈലു കൂടി കഴിയട്ടെ,” അയാൾ പറഞ്ഞു.

“ഇനി മടങ്ങാം,” പത്തു മൈലു ചെന്നപ്പോൾ ഗുരു പറഞ്ഞു.

“ഇനി ആയുസ്സൊടുങ്ങുവോളം ഞാൻ അങ്ങയുടെ പിന്നാലെ നടക്കാൻ പോവുകയാണു്,” അയാളുടെ മറുപടി അതായിരുന്നു.

“മടക്കമില്ലാത്തവൻ” എന്നു പേരായ ഈ മനുഷ്യനിൽ നിന്നാണു് ജപ്പാനിലെ സെൻ ഗുരുക്കന്മാരുടെ ഒരാധുനികപരമ്പര തുടങ്ങുന്നതു്.

109

ഒരു കൺഫ്യൂഷ്യൻ പണ്ഡിതൻ ഒരു ചൈനീസു് സെൻഗുരുവിനോടു് ബുദ്ധധർമ്മത്തിന്റെ സാരമെന്താണെന്നു ചോദിച്ചു. ഗുരു പറഞ്ഞു:

“തനിയ്ക്കൊന്നുമൊളിയ്ക്കാനില്ല എന്നു് കൺഫ്യൂഷ്യസു് ഒരിക്കൽ പറഞ്ഞിരുന്നുവല്ലോ. സെന്നിലും ഒന്നുമൊളിക്കാനില്ല. ഞാൻ പറഞ്ഞതു മനസ്സിലായോ?”

ഇല്ലെന്നു പണ്ഡിതൻ പറഞ്ഞു.

“എങ്കിൽ,” ഗുരു പറഞ്ഞു, “ഈ മലയുടെ പിന്നിലേക്കു നമുക്കൊന്നു പോകാം.”

മലയുടെ പിന്നിൽ ചില കാട്ടുപൂക്കൾ പൂത്തുനിൽക്കുന്നിടത്തു് അവർ ചെന്നു നിന്നു.

“പൂക്കളുടെ മണം നിങ്ങളറിയുന്നുണ്ടോ?”

“ഉവ്വ്”

“നോക്കൂ, എനിക്കു നിങ്ങളിൽ നിന്നൊന്നുമൊളിക്കാനില്ല,” ഗുരു പറഞ്ഞു.

110

ചൂടോടെ അപ്പം കഴിച്ചുകൊണ്ടിരിക്കെ സൈന്യാധിപൻ ഗുരുവിനോടു ചോദിച്ചു:

“എന്നും ഉപയോഗമുള്ളതും എന്നാൽ അറിയപ്പെടാത്തതുമായ സംഗതി ഏതു്?”

ഗുരു ഒരപ്പക്കഷണമെടുത്തു് സൈന്യാധിപന്റെ കൈയിൽ കൊടുത്തു:

“ഇതു കഴിക്കൂ.”

അയാൾ അപ്പം കഴിച്ചിട്ടു് ചോദ്യമാവർത്തിച്ചു.

ഗുരു പറഞ്ഞു:

“ഇതു തന്നെ എന്നുമുപയോഗമുള്ളതും എന്നാലറിയപ്പെടാത്തതുമായ സംഗതി.”

111

ഒരു സെൻഗുരു ബോധോദയത്തിനു ശേഷം ഇങ്ങനെ പാടി:

“മുപ്പതു കൊല്ലം മുമ്പു്, അറിവില്ലാതിരുന്ന കാലത്തു്

ഈ ഭിക്ഷു മലയെ കണ്ടതു മലയായി,

പുഴയെ കണ്ടതു പുഴയായി.

പിന്നെ ഒരു സദ്ഗുരുവിന്റെ പിന്നാലെ

അറിവിന്റെ കവാടം കടന്നപ്പോൾ

ഈ ഭിക്ഷു മലയെ കണ്ടതു മലയല്ലാതെ,

പുഴയെ കണ്ടതു പുഴയല്ലാതെ.

ഇന്നെല്ലാം അതാതായിരിക്കു-

ന്നൊരവസ്ഥയിലായിരിക്കെ

ഈ ഭിക്ഷു മലകളെ മലകളായി കാണുന്നു,

പുഴയെ പുഴയായും.”

112

ശിഷ്യൻ: “ഭൗതികദേഹം ജീർണ്ണിച്ചുപോകും; ധർമ്മദേഹമോ?”

ഗുരു: “ചിത്രകംബളം പോലെ മലകളിൽ പൂക്കൾ വിടരുന്നു,

അമരിനീലം പോലെ നീലയാണു് താഴ്‌വരയിലരുവികളും.”

113

ഗുരുവിന്റെ കീഴിൽ ഏറെക്കാലം അഭ്യസിച്ച ശേഷം ഒരു ശിഷ്യൻ മറ്റാശ്രമങ്ങൾ തേടിപ്പോയി. പക്ഷേ, എവിടെയും തനിയ്ക്കൊക്കുന്നതായി അയാൾക്കു തോന്നിയില്ല. തന്റെ ആദിഗുരു തന്നെ കേമനെന്നാണു് എവിടെച്ചെന്നാലും അയാൾ കേൾക്കുന്നതും. കുറേക്കാലം കഴിഞ്ഞു് അയാൾ തന്റെ ആദിഗുരുവിന്റെ ആശ്രമത്തിൽത്തന്നെ വന്നുചേർന്നു.

“ചെന്നേടത്തൊക്കെ ആളുകൾ പറയുന്നു അങ്ങയുടെ ജ്ഞാനം അഗാധമെന്നു്. അങ്ങെന്നെ അതെന്തുകൊണ്ടു പഠിപ്പിച്ചില്ല?” ശിഷ്യൻ പരിഭവപ്പെട്ടു.

“നീ പാചകത്തിനു തുടങ്ങുമ്പോൾ ഞാൻ അടുപ്പിൽ തീ കൊളുത്തിയിരുന്നു; നീ കിണ്ണങ്ങൾ നിരത്തുമ്പോൾ ഞാൻ നിനക്കെന്റെ കിണ്ണം തന്നിരുന്നു. എന്നെങ്കിലും ഞാൻ നിന്നെ നിരാശനാക്കിയിട്ടുണ്ടോ?” ഗുരു ചോദിച്ചു.

ആ വാക്കുകൾക്കൊടുവിൽ ശിഷ്യനു ബോധോദയമുണ്ടായി.

114

സഞ്ചാരികളുടെ കാലടികൾ നോവാതിരിക്കേണ്ടതിലേക്കായി താൻ വഴിയായ വഴിയൊക്കെ തുകലു വിരിക്കാൻ പോവുകയാണെന്നു രാജാവു പ്രഖ്യാപിച്ചു. പകരം സഞ്ചാരികൾ തുകൽച്ചെരുപ്പു ധരിച്ചാൽപ്പോരേയെന്നു ഗുരു ചോദിച്ചു.

115

മലകളിൽ വഴി തെറ്റി അലയുകയായിരുന്ന ഒരു സന്ന്യാസി കാട്ടിനുള്ളിൽ വച്ചു് ഒരു ഗുരുവിനെ കണ്ടു. അദ്ദേഹം ഗുരുവിനോടു ചോദിച്ചു:

“അങ്ങിവിടെ എത്തിയിട്ടു് എത്ര കാലമായി, ഗുരോ?”

“മലയിൽ പച്ച മാഞ്ഞു മഞ്ഞയാകുന്നതേ ഞാൻ കണ്ടിട്ടുള്ളു,” ഗുരു പറഞ്ഞു.

“ഈ മലയിൽ നിന്നു പുറത്തു കടക്കാനുള്ള വഴി പറഞ്ഞു തരാമോ?”

“ഒഴുക്കിന്റെ വഴിയേ പൊയ്ക്കോളൂ,” ഗുരു പറഞ്ഞു.

116

ശിഷ്യൻ: “പത്തു ദിക്കിലും നിന്നു വരുന്നവർക്കും നിർവാണത്തിലേക്കു വഴിയൊന്നു തന്നെ. ആ വഴി ഏതെന്നു ഞാൻ ചോദിച്ചാൽ?”

ഗുരു തന്റെ കൈയിലിരുന്ന വടിയെടുത്തു് വായുവിൽ ഒരു വര വരച്ചിട്ടു പറഞ്ഞു:

“ഇതു തന്നെ.”

117

ശിഷ്യൻ: “നേരേ ചൂണ്ടുക എന്നൊന്നിനെക്കുറിച്ചു് പണ്ടേ പറഞ്ഞു കേൾക്കുന്നു. എന്താണതു് ?”

ഗുരു: “ഒരാളെന്നും കൊയ്യാൻ പോകുന്നു; എന്നിട്ടും പത്തായം നിറയുന്നില്ല.”

ശിഷ്യൻ: “എനിക്കതു മനസ്സിലായില്ല.”

ഗുരു: “നിത്യവെളിച്ചങ്ങളാണു സൂര്യനു ചന്ദ്രനും; മേഘങ്ങളുയർന്നു് അവയെ മറയ്ക്കുന്നു.”

ഗുരു പിന്നെ ഇങ്ങനെയൊരു കവിതയും ചൊല്ലി:

“അറിവുള്ളവൻ വഴി കണ്ടില്ല,

ഭ്രമിച്ചവൻ വഴിയും കണ്ടു.

സുഖമായിട്ടുറങ്ങുന്നവനറിയില്ല,

ഏതു ശരി, ഏതു തെറ്റെന്നു്.”

118

നീ എവിടെപ്പോയി?

ഞാൻ ഗുരുവിനെക്കാണാൻ പോയി.

ഗുരുവിനെ കണ്ടിട്ടു നിനക്കെന്തു കിട്ടി?

ഗുരുവിനെ കാണും മുമ്പു് എനിക്കൊന്നിന്റെയും കുറവുണ്ടായിരുന്നില്ല.

എങ്കില്പിന്നെ നീ എന്തിനു ഗുരുവിനെ കാണാൻ പോയി?

എനിക്കൊന്നിന്റെയും കുറവില്ലെന്നു ഞാനറിയുന്നതും ഗുരുവിനെ കണ്ടതില്പിന്നെ.

119

ഗുരു: “പുറത്തെന്താണൊരു ശബ്ദം?”

ശിഷ്യൻ: “അതു മഴത്തുള്ളി വീഴുന്ന ശബ്ദം.”

ഗുരു: “ബുദ്ധിയുള്ള ജീവികൾ തല കീഴായി നടക്കുന്നു, വസ്തുക്കളുടെ പിന്നാലെ പോയി അവർ സ്വയം തുലയുന്നു.”

ശിഷ്യൻ: “ഞാനെന്തു ചെയ്യണം?”

ഗുരു: “ഞാൻ തന്നെ മഴ പെയ്യുന്ന ശബ്ദം.”

120

ശിഷ്യൻ: “അങ്ങെവിടെയായിരുന്നു, ഗുരോ?”

ഗുരു: “മലകളിലലയുകയായിരുന്നു ഞാൻ.”

ശിഷ്യൻ: “അങ്ങേതു വരെപ്പോയി മടങ്ങി?”

ഗുരു: “വാസനിക്കുന്ന പുൽക്കൊടികളെ പിൻപറ്റി ഞാൻ പോയി, കൊഴിയുന്ന പൂക്കളുടെ പിന്നാലെ ഞാൻ മടങ്ങി.”

ശിഷ്യൻ: “ഇതൊരു വസന്തകാലത്തിന്റെ സംക്ഷേപം പോലെ.”

ഗുരു: “താമരപ്പൂവിലിറ്റുന്ന ശരത്കാലമഞ്ഞിലും കവിഞ്ഞതിതു്.”

121

സന്ദർശകനായി വന്നയാൾ ഗുരുവിനോടു യാത്ര പറഞ്ഞിറങ്ങി:

“വളരെ നന്ദി, ഗുരോ, അങ്ങെനിക്കു ചെയ്തുതന്നതിനൊക്കെ. ഇനി ഞാനിറങ്ങട്ടെ.”

“നിങ്ങളിനി എങ്ങോട്ടു പോകുന്നു?” ഗുരു ചോദിച്ചു.

“ബുദ്ധധർമ്മം പഠിക്കാൻ എങ്ങോട്ടെങ്കിലും.”

“അല്പം ബുദ്ധധർമ്മം എന്റെ കൈയിലുമുണ്ടു്.”

“അതെവിടെ?”

ഗുരു താനുടുത്തതിൽ നിന്നു് ഒരു നൂലിഴ ഊരിയെടുത്തു കാണിച്ചിട്ടു ചോദിച്ചു:

“ഇതുമൊരു ബുദ്ധധർമ്മമല്ലേ?”

122

ഗുരു ആശ്രമം തൂത്തുവാരുമ്പോൾ പുറത്തു നിന്നൊരാൾ ചോദിച്ചു:

“ആശ്രമം വൃത്തിയുള്ളതായിരിക്കുമല്ലോ. എന്നിട്ടും പൊടിയെവിടുന്നു വന്നു?”

“അതു പുറത്തു നിന്നുള്ള പൊടിയാണു്,” ഗുരു പറഞ്ഞു.

മറ്റൊരു ദിവസം ഗുരു അതേ പണി തന്നെ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരന്തേവാസി ചോദിച്ചു:

“ജ്ഞാനിയായിട്ടും അങ്ങയിൽ ഈ പൊടി എങ്ങനെ വന്നു?”

“ഇതാ, പിന്നെയുമൊരു പൊടി!” ഗുരു പറഞ്ഞു.

123

ഗുരു മറ്റൊരാശ്രമത്തിൽ ചെന്നപ്പോൾ അവിടെയുള്ളവർക്കു് അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കണമെന്നായി. നിർബന്ധം മൂത്തപ്പോൾ അദ്ദേഹം മണിയടിക്കാൻ പറഞ്ഞു. എല്ലാവരും മുറ്റത്തു നിരന്നു് കാതും കൂർപ്പിച്ചിരുപ്പായപ്പോൾ ഗുരു സാവധാനം പീഠത്തിൽ നിന്നിറങ്ങി നടന്നു. കാരണം തിരക്കി പിന്നാലെയെത്തിയ ആശ്രമമുഖ്യനോടു ഗുരു പറഞ്ഞു:

“അവർക്കു സൂത്രങ്ങളെക്കുറിച്ചാണു കേൾക്കേണ്ടതെങ്കിൽ അതിനു സൂത്രപണ്ഡിതന്മാരുണ്ടു്; ഇനി ശാസ്ത്രങ്ങളെക്കുറിച്ചാണു കേൾക്കേണ്ടതെങ്കിൽ അതിനു ശാസ്ത്രാചാര്യന്മാരുമുണ്ടു്. ഈ കിഴവൻ സന്ന്യാസിയെ പഴിയ്ക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല.”

124

ശിഷ്യൻ ഗുരുവിനു മുന്നിൽ രണ്ടു ചെടിച്ചട്ടികളുമെടുത്തു ചെന്നു.

“താഴെയിടൂ!” ഗുരു പറഞ്ഞു.

ശിഷ്യൻ ഒരു ചട്ടി താഴെയിട്ടു.

“താഴെയിടൂ!” ഗുരു വീണ്ടും ആജ്ഞാപിച്ചു.

ശിഷ്യൻ രണ്ടാമത്തെ ചട്ടിയും താഴെയിട്ടു.

“താഴെയിടൂ!” ഗുരു ഗർജ്ജിക്കുകയാണു്.

ശിഷ്യൻ വിക്കിക്കൊണ്ടു പറഞ്ഞു: “ഇനി താഴെയിടാനൊന്നുമില്ല.”

“എന്നാൽ അതുമെടുത്തു പൊയ്ക്കോ!” ഗുരു അനുമതിയും നല്കി.

125

സെന്നിലാകൃഷ്ടനായ ഒരു സമുരായി ഏറെക്കാലത്തെ മനഃസംഘർഷത്തിനു ശേഷം തന്റെ പ്രഭുവിനെ വിട്ടുപോവുക എന്നുതന്നെ തീരുമാനിച്ചു: ധ്യാനജീവിതത്തോടു് അത്രയുമൊരാത്മാർപ്പണം തോന്നിയതു കൊണ്ടാണു് കുലമര്യാദയ്ക്കു നിരക്കാത്ത അങ്ങനെയൊരു നിശ്ചയമെടുക്കാൻ അയാൾ പ്രേരിതനായതു്. ഒരു ഗിര്യാശ്രമത്തിൽ പന്ത്രണ്ടു കൊല്ലം അഭ്യസിച്ചതിൽപ്പിന്നെ അയാൾ ഒരു തീർത്ഥയാത്രയ്ക്കിറങ്ങി. പോകും വഴി അയാൾ തന്റെ പണ്ടത്തെ യജമാനൻ കുതിരപ്പുറത്തു് എതിരേ വരുന്നതു കണ്ടു. പ്രഭുവിനും തന്നെ വിട്ടു പലായനം ചെയ്ത തന്റെ പൂർവസേവകനെ മനസ്സിലായി. വാളെടുത്തു വെട്ടാനോങ്ങിയെങ്കിലും എന്തിനതിൽ ചോരക്കറ പറ്റിയ്ക്കണമെന്നൊരു ചിന്തയുണ്ടായതിന്റെ പുറത്തു് കടന്നുപോകും വഴി അയാളുടെ മുഖത്തു കാറിത്തുപ്പുകയാണു് പ്രഭു ചെയ്തതു്. മുഖത്തു വീണ തുപ്പൽ തുടച്ചുമാറ്റുമ്പോൾ പണ്ടാണെങ്കിൽ ഇങ്ങനെയൊരധിക്ഷേപമുണ്ടായാൽ എന്തായിരുന്നേനേ തന്റെ പ്രതികരണം എന്നൊരു ചിന്ത ഒരു കൊള്ളിമീൻ പോലെ സമുരായിയുടെ മനസ്സിലൂടെ കടന്നുപോയി. അയാൾ തിരിഞ്ഞുനിന്നു് താൻ ധ്യാനം പരിശീലിച്ച മലയെ നോക്കി തൊഴുതു; എന്നിട്ടു് ഒരു കവിതയും ചൊല്ലി:

മല ആ മല തന്നെ,

വഴിയും അതേ വഴി തന്നെ.

മാറിയതെന്റെ ഹൃദയമാണു്.

126

ഒരു ശിഷ്യൻ ഗുരുവിനെ ചെന്നുകണ്ടു് തനിയ്ക്കു വാൾപ്രയോഗം പഠിയ്ക്കണമെന്നറിയിച്ചു. പരിശീലനകാലം കുറയ്ക്കാൻ വേണ്ടി താൻ കഠിനാദ്ധ്വാനം ചെയ്തോളാമെന്നും, അങ്ങനെയാണെങ്കിൽ കുറഞ്ഞതെത്ര കൊല്ലം താൻ പഠിക്കേണ്ടിവരുമെന്നും അയാൾക്കറിയണം. ഒരു പത്തുകൊല്ലമെങ്കിലും വേണമെന്നു ഗുരു പറഞ്ഞപ്പോൾ ശിഷ്യനു വലിയ ഇച്ഛാഭംഗമായി. രാത്രിയും പകലും താൻ പരിശീലനം നടത്തിക്കോളാമെന്നും, എന്നാലതെത്ര നീളുമെന്നും ചോദിച്ചപ്പോൾ ഗുരുവിന്റെ മറുപടി മുപ്പതുകൊല്ലം എന്നായിരുന്നു! തന്റെ ഓരോ ഊർജ്ജകണവും, താൻ ഉണർന്നിരിക്കുന്ന ഓരോ നിമിഷവും പരിശീലനത്തിനു ചെലവഴിക്കുകയാണെങ്കിൽ? എങ്കിൽ എഴുപതുകൊല്ലം! താൻ തന്റെ ആയുസ്സങ്ങനെ തന്നെ ഗുരുവിനു സമർപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടു് ശിഷ്യൻ പരിശീലനത്തിനു ചേർന്നു. ആദ്യത്തെ മൂന്നുകൊല്ലം ഗുരു അയാളെ വാളു തൊടീച്ചിട്ടില്ല. നെല്ലു കുത്തുക, ധ്യാനം പരിശീലിക്കുക ഇതൊക്കെയാണു് അയാൾ ചെയ്യേണ്ടിയിരുന്നതു്. അങ്ങനെയൊരുനാൾ ഗുരു പിന്നിലൂടെ പതുങ്ങിച്ചെന്നു് ഒരു മരവാളു കൊണ്ടു് ശിഷ്യന്റെ തലയ്ക്കിട്ടൊന്നു കൊടുത്തു. അതിൽപ്പിന്നെ അയാളൊന്നു പുറം തിരിയ്കേണ്ട താമസം, ഗുരുവിന്റെ ഒളിപ്പോരിനെ ഭയക്കണമെന്നായി. ഇതിന്റെ ഫലമായി അയാളുടെ മനസ്സും ഇന്ദ്രിയങ്ങളും പതുക്കെപ്പതുക്കെ ഏകാഗ്രമാവുകയും, ഏതു നിമിഷവും അടിയിൽ നിന്നൊഴിവാകാനുള്ള വഴക്കം അയാൾക്കു കിട്ടുകയും ചെയ്തു. തന്റെ ശിഷ്യന്റെ ഉടലും മനസ്സും ജാഗരൂകമായിരിക്കുന്നുവെന്നും, അസംഗതമായതിനോടെല്ലാം അതുദാസീനമായിരിക്കുന്നുവെന്നും ബോദ്ധ്യമായതിൽപ്പിന്നെ ഗുരു അയാളെ വാൾപ്രയോഗം പരിശീലിപ്പിക്കാനും തുടങ്ങി.

127

ഗുരു ശിഷ്യനെ വിളിച്ചു പറഞ്ഞു:

“എന്റെ ആനക്കൊമ്പുമെതിയടി എടുത്തുകൊണ്ടു വരൂ.”

ശിഷ്യൻ പറഞ്ഞു:

“മെതിയടി പൊട്ടിപ്പോയി ഗുരോ.”

“മെതിയടി പൊട്ടിയെങ്കിൽ നീയെന്റെ ആനയെ തിരിച്ചുകൊണ്ടുവരികെടോ!” ഗുരു ആജ്ഞാപിച്ചു.

ശിഷ്യനൊന്നും പറയാനുണ്ടായില്ല.

128

മരിക്കാൻ കിടക്കുമ്പോൾ ഗുരു വിളിച്ചുപറഞ്ഞു:

“ധർമ്മത്തിന്റെ മേല്ക്കൂരയിതാ പൊളിഞ്ഞുവീഴുന്നു! നിങ്ങളതൊന്നു താങ്ങിനിർത്തെന്നേ!”

പിന്നെ തന്റെ ശിഷ്യന്മാരെയൊക്കെ കണ്ണു കൊണ്ടൊന്നുഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു:

“നിങ്ങളിലൊരാൾക്കും ഞാൻ പറഞ്ഞതിന്റെ സാരം മനസ്സിലായിട്ടില്ല.”

എന്നിട്ടു് ഗുരു ജീവൻ വെടിഞ്ഞു.

129

ശിഷ്യൻ ഒരു ഭാരവണ്ടി തള്ളിക്കൊണ്ടു വരുമ്പോൾ ഗുരു കാലു രണ്ടും നീട്ടിവച്ചു് വഴിയരികിലിരിക്കുകയായിരുന്നു. വണ്ടി കൊണ്ടുപോകാനായി കാലൊന്നു മാറ്റി ഇടം തരണമെന്നു് ശിഷ്യൻ അപേക്ഷിച്ചപ്പോൾ ഗുരു പറഞ്ഞതിങ്ങനെയായിരുന്നു:

“നീട്ടിവച്ചതു് പിൻവലിക്കാനുള്ളതല്ല!”

അതിനു നിരക്കുന്നതായി ശിഷ്യന്റെ മറുപടിയും:

“മുന്നിലേക്കു വന്നതു് തിരിച്ചുപോവുകയുമില്ല!”

ഗുരുവിനെ കണക്കിലെടുക്കാതെ ശിഷ്യൻ വണ്ടി മുന്നിലേക്കു തള്ളി; വണ്ടി കയറി ഗുരുവിന്റെ കാലു ചതയുകയും ചെയ്തു. ഗുരു പിന്നെ ഒരു മഴുവുമെടുത്തു് ആശ്രമത്തിലേക്കു ചെന്നു:

“അല്പനേരം മുമ്പു് വണ്ടി കയറ്റി എന്റെ കാലു ചതച്ചവൻ മുന്നിലേക്കു വരട്ടെ!”

വിരളുന്ന പ്രകൃതമായിരുന്നില്ല ശിഷ്യനും. അയാൾ കഴുത്തും നീട്ടിപ്പിടിച്ചുകൊണ്ടു് ഗുരുവിന്റെ മുന്നിലേക്കു ചെന്നു. ഗുരു മഴു താഴെ വയ്ക്കുകയും ചെയ്തു.

130

ശിഷ്യൻ: “ആകാശത്തൊരു രത്നമിരിക്കുന്നു. എങ്ങിനെയതു കൈക്കലാക്കാൻ?”

ഗുരു: “മുള മുറിച്ചുവീഴ്ത്തി ഒരേണിയുണ്ടാക്കൂ; അതാകാശത്തു ചാരിവച്ചു് രത്നമെത്തിപ്പിടിയ്ക്കൂ.”

ശിഷ്യൻ: “ഏണിയെങ്ങനെ ആകാശത്തു ചാരിനിർത്താൻ?”

ഗുരു: “രത്നം നിനക്കു കിട്ടുകില്ലെന്നു നീയെങ്ങനെ സംശയിക്കാൻ?”

131

ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു് ധർമ്മത്തിന്റെ അരികും മൂലയുമൊക്കെയായി ചിലതു ഗ്രഹിച്ച ഒരധികാരി തന്റെ ലാവണത്തിലേക്കു മടങ്ങുന്ന ദിവസം ഗുരുവിനെ കണ്ടു് യാത്ര പറയാനെത്തി.

“നിങ്ങളിനി എങ്ങനെയാണു് ഭരിക്കാൻ പോകുന്നതു്?” ഗുരു ചോദിച്ചു.

“ഞാനിനി ആളുകളെ ജ്ഞാനം കൊണ്ടു ഭരിക്കാൻ പോകുന്നു,” അധികാരി പറഞ്ഞു.

ആ പറഞ്ഞതു നേരാണെങ്കിൽ,” ഗുരു പറഞ്ഞു “ആളുകളുടെ കഷ്ടകാലമാണിനി.”

132

ഗുരു തുണി തിരുമ്പുമ്പോൾ ഒരു ഭിക്ഷു ചെന്നു ചോദിച്ചു:

“ഗുരോ! അങ്ങിനിയും ഇതിൽ നിന്നു മുക്തനായിട്ടില്ലേ?”

ഗുരു തന്റെ കുപ്പായം ഉയർത്തിക്കാട്ടിയിട്ടു ചോദിച്ചു:

“ഇതിനെ എന്തു ചെയ്യാൻ?”

133

അണഞ്ഞ നെരുപ്പോടു കുത്തിയിളക്കി ഒരു കനലെങ്കിലുമുണ്ടോയെന്നു നോക്കാൻ ഗുരു ശിഷ്യനോടു പറഞ്ഞു. ശിഷ്യൻ ഇളക്കിനോക്കിയിട്ടു് ഒന്നും കാണാനില്ലെന്നു പറഞ്ഞു. പിന്നെ ഗുരു തന്നെ ഇളക്കിനോക്കുമ്പോൾ ചാരത്തിനടിയിൽ ഒരു തീപ്പൊരി ശേഷിക്കുന്നുണ്ടായിരുന്നു. “ഇതു തീയല്ലേ?”, ഗുരു ശിഷ്യനോടു ചോദിച്ചു. അതോടെ അയാൾക്കു ബോധമുദിക്കുകയും ചെയ്തു.

134

ഗുരു ഒരിക്കൽ മഞ്ഞിൽ തെന്നിവീണു. വീണിടത്തു കിടന്നുകൊണ്ടു് “രക്ഷിക്കണേ!”യെന്നു് അദ്ദേഹം വിളിച്ചുകൂവി. ഇതു കേട്ടു് ഒരു ശിഷ്യൻ ഓടിവന്നു് ഗുരുവിന്റെ സമീപത്തു കിടന്നു. ഗുരു എഴുന്നേറ്റു് തന്റെ വഴിയ്ക്കു പോവുകയും ചെയ്തു.

135

ശിഷ്യൻ: “ഭിക്ഷക്കാരൻ വരുമ്പോൾ അയാൾക്കെന്തു കൊടുക്കണം?”

ഗുരു: “അയാൾക്കൊന്നിന്റെയും കുറവില്ലല്ലോ.”

136

സെന്നിന്റെ സാരമെന്നു പറയാവുന്ന പ്രമാണമേതെന്നു് ശിഷ്യൻ ആവർത്തിച്ചാവർത്തിച്ചു ചോദിക്കുകയായിരുന്നു. ഗുരു പറഞ്ഞു:

“എനിക്കു മൂത്രം മുട്ടിയിട്ടു വയ്യ. ഇങ്ങനെയൊരു നിസ്സാരസംഗതി പോലും ഞാൻ തന്നെ ചെയ്യണമെന്നു വന്നാൽ!”

137

ഭാര്യയ്ക്കും മകൾക്കുമൊപ്പം സെൻ പരിശീലിയ്ക്കുകയായിരുന്ന ഒരു ഗൃഹസ്ഥാശ്രമിയുടെ മനസ്സുമടുപ്പു് ഒരിക്കലിങ്ങനെ പുറത്തുചാടി:

“എന്തു പ്രയാസമാണിതു്! പതിനായിരം കിലോ ചണം വെയിലു കൊള്ളിക്കാൻ നിരത്തുന്നപോലെയാണെന്റെ ധ്യാനം പഠിക്കൽ.” ഇതു ഭാര്യയുടെ കാതിൽ പെട്ടപ്പോൾ അവർ അതിനെ ഖണ്ഡിച്ചു:

“ഒരു പ്രയാസവുമില്ലതിന് ! കട്ടിലിൽ നിന്നെഴുന്നേറ്റു് കാലു തറയിൽ തൊടുന്നപോലെയേയുള്ളു അതു്.”

ഇതു രണ്ടും കേട്ടു മകൾ പറഞ്ഞു:

“എനിക്കതു പ്രയാസവുമല്ല, എളുപ്പവുമല്ല. വിശക്കുമ്പോൾ ഞാൻ ഭക്ഷണം കഴിക്കും, ക്ഷീണിക്കുമ്പോൾ കിടന്നുറങ്ങും.”

138

ഗുരു ഒരു പ്രഭാഷണത്തിനിടെ ഇങ്ങനെ പറഞ്ഞു:

“എല്ലാവരും ശ്രദ്ധിക്കണേ! സെന്നിന്റെ സാരമറിയുകയാണു നിങ്ങളുടെ ഉന്നമെങ്കിൽ പ്രാണാപായത്തെപ്പോലും നിങ്ങൾ വകവയ്ക്കരുതു്. ഞാൻ എന്റെ ഗുരുവിനോടു് മൂന്നു വട്ടം ചോദിച്ചു, ധർമ്മത്തിന്റെ സംക്ഷേപമെന്താണെന്നു്. പൊതിരെത്തല്ലാണു് എനിക്കു കിട്ടിയതു്. ആ പ്രഹരമൊന്നുകൂടിക്കൊള്ളാൻ എനിക്കു തോന്നുന്നു. ആരുണ്ടെന്നെയൊന്നു തല്ലാൻ?”

“ഞാനുണ്ടു്,” എന്നു പറഞ്ഞും കൊണ്ടു് ഒരു ശിഷ്യൻ മുന്നോട്ടു വന്നു. ഗുരു ഒരു വടിയെടുത്തു് അയാൾക്കു നേരെ നീട്ടി; അയാളതു കടന്നുപിടിയ്ക്കും മുമ്പു് ഗുരു അതെടുത്തു് ശിഷ്യനെ കണക്കിനു പ്രഹരിക്കുകയും ചെയ്തു.

139

ശിഷ്യൻ: “ബുദ്ധനായിക്കഴിഞ്ഞാൽ അങ്ങെവിടേയ്ക്കു പോകും?”

ഗുരു: “ബുദ്ധനായിക്കഴിഞ്ഞാൽ നിങ്ങൾ പിന്നെ എവിടേയ്ക്കും പോകാനില്ല. ഈ വിപുലപ്രപഞ്ചത്തിന്റെ അതിരെത്തിച്ചു നിറയുകയാണു നിങ്ങൾ. ബുദ്ധനല്ലാതെ മറ്റൊന്നാവുമ്പോഴാണു് പോകാനിടങ്ങളുമുണ്ടാവുന്നതു്.”

140

ശിഷ്യൻ: “അങ്ങയ്ക്കു മനസ്സു വായിക്കാമെന്നു കേട്ടിരിക്കുന്നു. ഞാനിപ്പോഴെന്താണു ചിന്തിക്കുന്നതു് ?”

ഗുരു: “അതു തന്നെയാണു നീ ചിന്തിക്കുന്നതു്.”

141

ഒരു സ്ത്രീ ചോദിച്ചു: “കർമ്മഭാരം കൂടുതലായതിനാൽ സ്ത്രീകൾക്കു നിർവാണം കിട്ടുക ദുഷ്കരമാണെന്നു പറയുന്നു. അതു ശരിയാണോ?”

“എന്നു മുതലാണു നിങ്ങൾ സ്ത്രീയായതു്?” ഗുരു ചോദിച്ചു.

142

ശിഷ്യൻ: “ചില ഗുരുക്കന്മാർക്കു് വടി ആയുധമായിരുന്നു, ചിലർക്കു് അട്ടഹാസവും. അങ്ങിതു രണ്ടു ഉപയോഗിക്കുന്നില്ലല്ലോ?”

ഗുരു: “വടിയും അട്ടഹാസവും എങ്ങിനെ ഉപയോഗിക്കണമെന്നു് ആ ഗുരുക്കന്മാർക്കറിയാമായിരുന്നു; ഈ (നാവിന്റെ) മൂന്നിഞ്ചു നീളം ഉപയോഗിക്കാൻ എനിക്കുമറിയാം.”

143

ഒരാൾ ഗുരുവിന്റെ മുന്നിൽ വന്നു നിന്നിട്ടു് ഒന്നട്ടഹസിച്ചു. എന്നിട്ടു ചോദിച്ചു:

“ഇതു ബുദ്ധനാണോ?”

ഗുരു തന്റെ കൈയിലിരുന്ന വിശറി അയാളുടെ തലയിൽ വച്ചിട്ടു ചോദിച്ചു:

“ഇതെന്താണു്?”

“അതു ബുദ്ധൻ.”

ഗുരു വിശറിയെടുത്തു് അയാളുടെ ചിറിയ്ക്കിട്ടൊന്നു കുത്തിയിട്ടു പറഞ്ഞു:

“തനിയ്ക്കു ബുദ്ധനെന്ന പേരേ അറിയൂ.”

144

ഗുരു മരണശയ്യയിൽ കിടക്കുമ്പോൾ ശിഷ്യപ്രമുഖൻ അടുത്തു വന്നു ചോദിച്ചു:

“ഗുരോ, ഞാനറിയാനായിട്ടു് ഇനിയെന്തെങ്കിലുമുണ്ടോ?”

“ഇല്ല,” ഗുരു പറഞ്ഞു: “എനിക്കു നിന്നെ തൃപ്തി തന്നെ. പക്ഷേ, നിന്റെ കാര്യത്തിൽ ഒരു വേവലാതിയേ എനിക്കുള്ളു.”

“എന്താണതു്?” ശിഷ്യൻ ചോദിച്ചു. “പറഞ്ഞാൽ ഞാനതിനു പരിഹാരം കാണാമായിരുന്നു.”

“തന്റെ സെൻനാറ്റം പോയിട്ടില്ല,” ഗുരു പറഞ്ഞു.

145

ഗുരു ശിഷ്യന്മാർ നിരന്നിരുന്നിടത്തേക്കു വന്നിട്ടു പറഞ്ഞു:

“സംശയമുള്ളവർക്കു ചോദിക്കാം.”

ഒരു ശിഷ്യൻ ചോദിച്ചു:

“എന്താണു സെൻ?”

“ആകെ മൂടിക്കെട്ടിയ ദിവസം; ഇന്നെനിക്കുത്തരം പറയാൻ പറ്റില്ല,” എന്നു പറഞ്ഞുകൊണ്ടു് ഗുരു അകത്തേക്കു പോയി.

146

ശിഷ്യൻ: “ആത്മീയമായതെന്തു്?”

ഗുരു: “മൂത്രമൊഴിച്ചു തളം കെട്ടിയതു്.”

ശിഷ്യൻ: “എനിക്കതു മനസ്സിലായില്ല.”

ഗുരു: “നീയെന്നെ പ്രലോഭിപ്പിക്കല്ലേ!”

147

ഗുരു കുട്ടിയായിരിക്കുമ്പോഴേ അച്ഛൻ മരിച്ചു. പിന്നെ വൃദ്ധയായ അമ്മയുടെ കാര്യം നോക്കിനടത്തിയിരുന്നതു് അദ്ദേഹം തന്നെയാണു്. ധ്യാനങ്ങൾക്കു് എവിടെയെങ്കിലും പോകേണ്ടിവരുമ്പോൾ ഗുരു അമ്മയെ കൂടെക്കൂട്ടും. ആശ്രമങ്ങളിൽ സ്ത്രീകൾക്കു പ്രവേശനമില്ലാത്തതിനാൽ പുറത്തു ചെറുതായൊരു കുടിലു കെട്ടി അതിലാണു് അമ്മയെ താമസിപ്പിക്കുക. സൂത്രങ്ങളും കവിതകളും പകർത്തിയെഴുതിക്കിട്ടുന്ന ചില്ലറക്കാശു കൊണ്ടാണദ്ദേഹം ഇതൊക്കെ നിർവഹിച്ചുപോന്നതും.

ഗുരു അമ്മയ്ക്കു കഴിക്കാനായി മത്സ്യം വാങ്ങിച്ചുകൊണ്ടുപോകുമ്പോൾ ആളുകൾ പരിഹസിക്കും, സന്ന്യാസിമാർക്കു ചേരാത്ത പണിയെന്നും പറഞ്ഞ്. അദ്ദേഹം പക്ഷേ, അതു കാര്യമാക്കാറില്ല. അമ്മയ്ക്കതറിഞ്ഞപ്പോൾ വിഷമമായി. താനും ഭിക്ഷുകിയാവുകയാണെന്നും, താനിനിമേൽ മത്സ്യം വർജ്ജിക്കുകയാണെന്നും അവർ മകനോടു പറഞ്ഞു.

അങ്ങനെ അമ്മയും മകനും കൂടിയായി പഠനം. ഗുരുവിനു് സംഗീതമിഷ്ടമായിരുന്നു, കേമനായ കിന്നരവാദകനുമായിരുന്നു; അമ്മയും നന്നായി കിന്നരം വായിക്കും. നിലാവുള്ള രാത്രികളിൽ അവർ ഒരുമിച്ചിരുന്നു കിന്നരം മീട്ടി പാടും.

ഒരിക്കൽ അതുവഴി കടന്നുപോയ ഒരു ചെറുപ്പക്കാരി അതു കേട്ടിഷ്ടപ്പെട്ടു് ഗുരുവിനെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു, അവിടെ ഒരു കച്ചേരി നടത്താൻ. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു. ചില ദിവസങ്ങൾക്കു ശേഷം അങ്ങാടിയിൽ വച്ചു് അവരെ കണ്ടപ്പോൾ അന്നത്തെ ആതിഥ്യത്തിനു് ഗുരു അവരോടു നന്ദി പറഞ്ഞു. ആളുകൾക്കു് അതു പറഞ്ഞുചിരിക്കാനുള്ള വിഷയമായി. ആ സ്ത്രീ ഒരു വേശ്യയായിരുന്നുവത്രെ.

ഗുരുവിനൊരിക്കൽ വളരെയകലെയുള്ള ഒരാശ്രമത്തിലേക്കു് പ്രഭാഷണത്തിനായി പോകേണ്ടിവന്നു. മടങ്ങാൻ മാസങ്ങളെടുത്തു. വരുമ്പോൾ അമ്മ മരിച്ചുകിടക്കുന്നതാണു കണ്ടതു്. സംസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണു്.

ഗുരു തന്റെ വടിയെടുത്തു് ശവപ്പെട്ടിയിൽ തട്ടിയിട്ടു പറഞ്ഞു, “അമ്മേ, അമ്മയുടെ മകൻ വന്നിരിക്കുന്നു.” “എനിക്കു സന്തോഷമായി, മകനേ,” അമ്മയ്ക്കു വേണ്ടി അദ്ദേഹം തന്നെ മറുപടിയും പറഞ്ഞു. “എനിക്കും,” ഗുരു പറഞ്ഞു. പിന്നെ അദ്ദേഹം ചുറ്റും കൂടിയിരുന്നവരോടു പറഞ്ഞു, “ചടങ്ങൊക്കെ കഴിഞ്ഞിരിക്കുന്നു, ഇനി ജഡം മറവു ചെയ്യാം.”

ഗുരുവിനു പ്രായമായി; തന്റെ അന്ത്യമായെന്നു് അദ്ദേഹം കണ്ടു. അദ്ദേഹം ശിഷ്യരെ അടുത്തുവിളിച്ചു് അന്നുച്ചയ്ക്കു് താൻ ജീവൻ വെടിയാൻ പോവുകയാണെന്നറിയിച്ചു. അമ്മയുടെ ചിത്രത്തിനു മുന്നിൽ ധൂപം പുകച്ചുകൊണ്ടു് അദ്ദേഹം ഇങ്ങനെ ചൊല്ലി:

“അമ്പത്താറു കൊല്ലം എനിക്കായ

വിധം ഞാൻ ജീവിച്ചു,

ഈ ലോകത്തെന്റേതായൊരു വഴിയുമുണ്ടാക്കി.

ഇന്നു മഴ തോർന്നിരിക്കുന്നു, മേഘങ്ങളകന്നിരിക്കുന്നു,

നീലാകാശത്തു പൂർണ്ണചന്ദ്രനും തെളിഞ്ഞു.”

ശിഷ്യന്മാർ ചുറ്റുമിരുന്നു മന്ത്രം ജപിക്കെ ഗുരു ലോകം വിട്ടുപോയി.

148

“ചുരുക്കത്തിൽ ബുദ്ധൻ പറഞ്ഞതെന്താണു്?” ഒരാൾ ചോദിച്ചു.

ഗുരു: “ഒരു തിന്മയും ചെയ്യരുതു്, നന്മകൾ പലതുള്ളതു ചെയ്യുക.”

“അതേതു മൂന്നുവയസ്സുകാരനും പറയാവുന്നതല്ലേ?”

“ഏതു മൂന്നുവയസ്സുകാരനും പറയാവുന്നതു തന്നെ, ഒരെമ്പതുവയസ്സുകാരനും കഴിയാത്തതും.”

149

ഗുരുവും ശിഷ്യനും കൂടി കാടു വഴി നടക്കുമ്പോൾ ഒരു കടുവ അകലെക്കൂടി പാഞ്ഞുപോയി. ഗുരു പേടിച്ചപോലെ കണ്ടു് ശിഷ്യൻ പറഞ്ഞു:

“ഗുരോ, അങ്ങയുടെ മനസ്സിൽ നിന്നു് ഇനിയുമതു് (പേടി) പോയിട്ടില്ലല്ലോ!”

ഗുരു ഒന്നും മിണ്ടാതെ നടന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഇനിയൊന്നിരുന്നു വിശ്രമിച്ചിട്ടാകാം യാത്രയെന്നു് അദ്ദേഹം പറഞ്ഞു. ശിഷ്യൻ ഇരിക്കാൻ തുടങ്ങിയ പാറ മേൽ ഗുരു “ബുദ്ധൻ” എന്നെഴുതിവച്ചു. അതു കണ്ടപ്പോൾ അയാൾ അതിന്മേലിരിക്കാൻ മടിച്ചു മാറിനിന്നു. ഗുരു പറഞ്ഞു:

“നിന്റെ മനസ്സിൽ നിന്നു് ഇനിയുമതു് (ബുദ്ധൻ) പോയിട്ടില്ലല്ലോ!”

150

പുല്ലു പറിച്ചു തളർന്നപ്പോൾ ഗുരു വിശ്രമിക്കാനായി അമ്പലത്തിന്റെ മണ്ഡപത്തിൽ കയറിയിരുന്നു. നല്ല തണുത്ത കാറ്റും വീശുന്നുണ്ടായിരുന്നു. ഗുരു അമ്പലത്തിനുള്ളിൽ കയറി ബുദ്ധവിഗ്രഹം പുഴക്കിയെടുത്തു് മണ്ഡപത്തിന്റെ ഒരു തൂണിൽ കെട്ടിയിട്ടിട്ടു പറഞ്ഞു: “ഈ സുഖം താനുമൊന്നനുഭവിക്കു്!”

151

എന്തുവന്നാലും കുലുങ്ങാത്ത ഗുരുവിനെ ഒന്നു പരീക്ഷിക്കണമെന്നു് ശിഷ്യന്മാർ നിശ്ചയിച്ചു. ഒരു ദിവസം രാത്രിയിൽ നീണ്ടുവളഞ്ഞ ഇടനാഴിയിലൂടെ ഒരു പാത്രം വെള്ളവുമായി തന്റെ കിടപ്പുമുറിയിലേക്കു പോവുകയായിരുന്നു ഗുരു. ശിഷ്യന്മാർ ഒരു തിരിവിൽ മറഞ്ഞുനിന്നു. അദ്ദേഹം അടുത്തെത്തിയതും ഒരുപറ്റം ഭൂതങ്ങളെപ്പോലെ അവർ കൂവി വിളിച്ചുകൊണ്ടോടിപ്പോയി. ഗുരു പതറിയില്ല. പാത്രം താഴെ വീഴാതെ പിടിച്ചുകൊണ്ടു് അദ്ദേഹം നടന്നു. അടുത്ത തിരിവിൽ ഒരു മേശ കിടപ്പുണ്ടെന്നു് അദ്ദേഹത്തിനറിയാമായിരുന്നു. ആ ഇരുട്ടത്തു് തപ്പിപ്പിടിച്ചുകൊണ്ടു് അദ്ദേഹം മേശയക്കരികിലെത്തി. പാത്രം മേശപ്പുറത്തു വച്ചു്, പൊടി വീഴാതിരിക്കാൻ മൂടിയും വച്ചു. എന്നിട്ടു പിന്നെ ചുമരിൽ രണ്ടു കൈയും കുത്തി അദ്ദേഹം ഒരു നെടുവീർപ്പിട്ടു. ഈ കഥ വിവരിച്ചുകൊണ്ടു് മറ്റൊരു ഗുരു ശിഷ്യന്മാരോടു പറഞ്ഞു:

“നോക്കൂ, മാനുഷികമായ വികാരങ്ങളുണ്ടാകുന്നതിൽ തരക്കേടൊന്നുമില്ല. നമ്മൾ ആ ഒഴുക്കില്പെട്ടുപോകരുതെന്നേയുള്ളു, നമ്മുടെ കർമ്മത്തിനതു തടയാവരുതെന്നേയുള്ളു.”

152

ബുദ്ധവിഗ്രഹത്തിനു മുന്നിൽ ഭക്തിയോടെ വണങ്ങുന്ന ഗുരുവിനോടു് ഒരു ശിഷ്യൻ ചോദിച്ചു:

“അങ്ങു ബുദ്ധനോടെന്തെങ്കിലും വരം ചോദിക്കുകയാണോ, അതോ സത്യത്തെ സംബന്ധിച്ചതെന്തെങ്കിലും തേടുകയോ?

ഗുരു പറഞ്ഞു:

“എനിക്കു ബുദ്ധനോടൊന്നും ചോദിക്കാനില്ല, സത്യത്തെക്കുറിച്ചറിയാനുമില്ല.”

“എങ്കില്പിന്നെ അങ്ങെന്തിനാരാധിക്കുന്നു?”

“ഞാൻ ആരാധിക്കുന്നതല്ലേയുള്ളു,” ഗുരു പറഞ്ഞു.

153

സംശയം ചോദിക്കുന്നതിനു മുമ്പു് ശിഷ്യൻ ഗുരുവിനെ താണുവണങ്ങി. അയാൾ കുനിഞ്ഞുനിവർന്നില്ല, അതിനു മുമ്പേ മുതുകത്തു ഗുരുവിന്റെ പ്രഹരം വന്നുവീണു.

“ഞാനങ്ങയെ വണങ്ങിയതേയുള്ളു; ഒരു സംശയവും ചോദിച്ചതുമില്ല. എന്നിട്ടും അങ്ങെന്നെ തല്ലിയതെന്തിനാണു്?” ശിഷ്യൻ ചോദിച്ചു.

“നീ വായ തുറക്കുന്നതു വരെ ഞാൻ പിന്നെ കാത്തിരിക്കണമായിരുന്നോ?” ഗുരു ചോദിച്ചു.

154

ഗുരുവും ശിഷ്യനും കൂടി കാട്ടിലൂടെ നടക്കുമ്പോൾ വള്ളിപ്പടർപ്പു കാരണം വഴി മുട്ടി. തടസ്സം വെട്ടിമാറ്റാൻ ശിഷ്യൻ ഗുരുവിനോടു കത്തി ചോദിച്ചു. അദ്ദേഹം മൂർച്ചയേറിയൊരു കത്തിയെടുത്തു് തലഭാഗം അവന്റെ നേർക്കു നീട്ടി. അവൻ പേടിച്ചു കൈ പിൻവലിച്ചുകളഞ്ഞു. “അങ്ങതിന്റെ പിടിയൊന്നു നീട്ടിയിരുന്നെങ്കിൽ…” ശിഷ്യൻ വിക്കി.

കത്തിവായെക്കാളും മൂർച്ചയുള്ളതായിരുന്നു ഗുരുവിന്റെ മറുപടി:

“പിടി കൊണ്ടെന്തു ചെയ്യാൻ!”

155

ഗുരുവും ശിഷ്യന്മാരും കൂടി തോട്ടത്തിൽ പച്ചക്കറി പറിയ്ക്കാൻ പോയി. ഒരുകൂട്ടം ചെടികൾക്കു ചുറ്റും ഒരു വൃത്തം വരച്ചിട്ടു് ഗുരു അവരോടു് അതിൽ നിന്നു യാതൊന്നും പറിയ്ക്കരുതെന്നു നിഷ്കർഷിച്ചു. ശിഷ്യന്മാർ അതു് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. ഗുരു തോട്ടത്തിന്റെ മറ്റൊരു ഭാഗത്തു പോയി മടങ്ങിവരുമ്പോൾ ചെടികളിൽ ആരും തൊട്ടിട്ടില്ലെന്നു് അദ്ദേഹം കണ്ടു. ഗുരു ഒരു വടിയെടുത്തു് സകലരെയും അടിച്ചോടിച്ചു:

“ബുദ്ധിയില്ലാത്ത വക! ഒരുത്തനുമില്ല പ്രജ്ഞയെന്നതു്.”

156

ശിഷ്യൻ മുന്നിലൂടെ പോകുമ്പോൾ ഗുരു അടുത്തേക്കു വിളിച്ചു:

“എങ്ങോട്ടു പോകുന്നു?”

“പണിയ്ക്കു പോകുന്നു.”

“എന്നാൽ പൊയ്ക്കോ!”

157

ശിഷ്യൻ ആശ്രമവളപ്പിൽ പച്ചക്കറി നടുമ്പോൾ ഗുരു പറഞ്ഞു:

“നടുന്നതൊക്കെ കൊള്ളാം, വേരു വളരാതെ നോക്കണം!”

“വേരു വളരാതെ ഭിക്ഷുക്കൾ എന്തു കഴിക്കും?” ശിഷ്യൻ സംശയിച്ചു.

“അതിനു നിനക്കു വായുണ്ടോ?” ഗുരു ചോദിച്ചു.

158

രാജാവിനു ലോകചരിത്രം പഠിക്കണം. മന്ത്രിമാർ ലഭ്യമായ ചരിത്രപുസ്തകങ്ങളൊക്കെ വരുത്തി രാജാവിനു മുന്നിൽ വച്ചു. പുസ്തകങ്ങളുടെ കൂമ്പാരം കണ്ടപ്പോൾ തനിക്കിതൊന്നും വായിക്കാൻ നേരമില്ലെന്നും ലോകചരിത്രത്തിന്റെ ഒരു സംക്ഷേപം കിട്ടിയാൽ മതിയെന്നുമായി രാജാവു്. മന്ത്രിമാർ ഗുരുവിനെ ചെന്നുകണ്ടു. ഗുരു മനുഷ്യചരിത്രം ചുരുക്കത്തിൽ എഴുതിക്കൊടുത്തതിങ്ങനെ:

മനുഷ്യർ ജനിക്കുന്നു,

മനുഷ്യർ ജീവിക്കുന്നു,

മനുഷ്യർ മരിച്ചും പോകുന്നു.

159

അതിമനോഹരമായ തന്റെ ഉദ്യാനം വന്നു കാണാൻ രാജാവു് ഗുരുവിനെ ക്ഷണിച്ചു. ഉദ്യാനം നടന്നുകണ്ട ഗുരുവിന്റെ മുഖത്തു പക്ഷേ, തൃപ്തി കണ്ടില്ല. എവിടെ പൊൻനിറം വീശുന്ന തെന്നൽ, എന്നായി ഗുരു. രാജാവു മറുപടിയില്ലാതെ നിന്നപ്പോൾ ഗുരു തന്റെ കൈയിലുണ്ടായിരുന്ന പഴുക്കിലകൾ ഉദ്യാനത്തിലെമ്പാടും വിതറി. ഈ നേരം ഒരു തെന്നൽ വീശുകയും പഴുക്കിലകൾ പൊൻചീവലുകൾ പോലെ പറന്നുനടക്കുകയും ചെയ്തു. ഇതല്ലേ പൊന്നു വീശുന്ന തെന്നൽ, ഗുരു രാജാവിനോടു പറഞ്ഞു.

160

ഗൗതമബുദ്ധൻ അമ്പതു കൊല്ലം ധർമ്മം പ്രസംഗിച്ചു നടന്നു; ഒരിക്കൽ ശിഷ്യകാശ്യപൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലേക്കുള്ള സൂചകമെന്തെന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു, “തുടക്കം മുതലൊടുക്കം വരെ ഒരു വാക്കും ഞാനുരിയാടിയിട്ടില്ല.” എന്നിട്ടദ്ദേഹം ഒരു പൂവെടുത്തു കാട്ടി. കാശ്യപൻ അതു കണ്ടു മന്ദഹസിച്ചു; ബുദ്ധൻ പൂവെടുത്തു കാശ്യപനു നൽകിക്കൊണ്ടു പറഞ്ഞു, “നിത്യസത്യത്തിന്റെ ആശ്ചര്യമാനസം നിനക്കു സ്വന്തം.” “അങ്ങെന്താണർത്ഥമാക്കുന്നതു്?” കാശ്യപൻ ചോദിച്ചു. ബുദ്ധൻ പറഞ്ഞു, “എന്റെ അമ്പതു കൊല്ലത്തെ പ്രബോധനത്തിനിടയിൽ നിന്നെ മാടിവിളിയ്ക്കുകയായിരുന്നു ഞാൻ, സമ്മാനം തരാമെന്നു കൊതിപ്പിച്ചു് ഒരു കുഞ്ഞിനെ കൈകളിലേക്കു വശീകരിച്ചുവരുത്തുന്നപോലെ.”

വി. രവികുമാർ
images/revikumar.jpg

കൊല്ലം സ്വദേശിയാണു്. റെയിൽവേയിൽ ബുക്കിംഗ് ക്ലർക്ക് ആയിരുന്നു. ഇപ്പോൾ വിവർത്തകൻ മാത്രമാണു്. കാഫ്ക (കഥകൾ, വിചാരണ, കത്തുകളും ഡയറിക്കുറിപ്പുകളും), ബോദ്ലേർ (കലാകാരന്റെ കുമ്പസാരങ്ങൾ), ബാഷോ (കവിതകളും യാത്രകളും), ഹാൻസ് ആൻഡേഴ്സൻ (കഥ കൈ ചൂണ്ടുന്നത് നിങ്ങളെ), റൂമി (പ്രണയം നമ്മുടെ പ്രവാചകൻ), അന്ത്വാൻ ദി സാങ്ങ്ത് എക്സ്യുപെരി (ലിറ്റിൽ പ്രിൻസ്), റില്ക്കെ (ഒരു യുവകവിക്കയച്ച കത്തുകൾ), ഉലാവ് എച്ച്. ഹേഗ് (ഇലക്കുടിലുകളും മഞ്ഞുവീടുകളും), വീസ്വാവ ഷിംബോർസ്ക്ക (അത്ഭുതങ്ങളുടെ മേള), ബെർത്തോൾട്ട് ബ്രെഹ്റ്റ് (കവിതയുടെ ദുരിതകാലം), ബോർഹസ് (സ്വപ്നവ്യാഘ്രങ്ങൾ) തുടങ്ങിയ വിവർത്തനപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ചിത്രങ്ങൾ: വി. മോഹനൻ

(മറ്റു ചിത്രങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)

Colophon

Title: Poornachandranum Choonduviralum (ml: പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും).

Author(s): V. Revikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-28.

Deafult language: ml, Malayalam.

Keywords: Short Story, Translation, V. Revikumar, Poornachandranum Choonduviralum, വി. രവികുമാർ, പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Some little white leaves composition, a photograph by Moyan Brenn . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.