അത്രി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വരുണന്‍ ദേവത.
പുകൾപ്പെട്ടു പെരുമാളായ വരുണനെക്കുറിച്ചു നീ മഹത്തും ഗഭീരവും പ്രിയവുമായ സ്തോത്രം ഉച്ചരിയ്ക്കുക: അദ്ദേഹമാണല്ലോ, പശുവിനെ കൊല്ലുന്നവൻ തോലെന്നപോലെ, സൂര്യന്നു വിരിപ്പാൻ അന്തരിക്ഷം പരത്തിയത്! 1
വരുണന്‍ വൃക്ഷാഗ്രങ്ങളിൽ അന്തരിക്ഷവും കുതിരകളിൽ ബലവും പൈക്കളിൽ പാലും, ഹൃദയങ്ങളിൽ കർമ്മവും, വെള്ളത്തിൽ തിയ്യും പരത്തി; സൂര്യനെ ആകാശത്തും സോമനെ മലയിലും നിർത്തി! 2
വരുണൻ വാനൂഴികൾക്കും അന്തരിക്ഷത്തിന്നുംവേണ്ടി, മേഘത്തിന്റെ വായ കനിയിച്ചു; അതിനാൽ സർവ്വഭുവനപ്പെരുമാൾ, നനയ്ക്കുന്നവൻ യവത്തെ എന്നപോലെ, മന്നിനെ കുതിർക്കുന്നു! 3
ഭൂവിനെയും അന്തരിക്ഷത്തെയും ദ്യോവിനെയും കുതിർക്കുന്ന വരുണൻ ജലത്തെ ഇച്ഛിയ്ക്കുമ്പോഴെയ്ക്കും മലകൾ മുകിലുടുക്കും; ബലിഷ്ഠരായ വീരന്മാര്‍ ഇളക്കിവിടും! 4
പുകൾപ്പെട്ട അസുരഹന്താവായ വരുണന്റെ ഈ ബുദ്ധി വൈഭവം ഞാൻ വർണ്ണിയ്ക്കാം: തന്തിരുവടി അന്തരിക്ഷത്തിൽ സ്ഥിതിചെയ്ത് ഒരളവുകോല്‍കൊണ്ടെന്നപോലെ, സൂര്യനെക്കൊണ്ട് അന്തരിക്ഷം അളന്നു! 5
അത്യുല്‍കൃഷ്ടപ്രജ്ഞനായ ദേവന്റെ, ഈ ബുദ്ധിവൈഭവം ആരും തള്ളില്ല: ഒരൊറ്റസ്സമുദ്രത്തെപ്പോലും, വെള്ളം കൊണ്ടു നിറയ്ക്കുന്നില്ലല്ലോ, പ്രവഹിയ്ക്കുന്ന നദികൾ! 6
വരുണ, ഞങ്ങൾ അര്യമാവിന്നോ, മിത്രന്നോ, സഖാവിന്നോ, ഭ്രാതാവിന്നോ, അയല്‍വീട്ടുകാരന്നോ, പറയാൻ കൊള്ളരുതാത്ത വല്ല കുറ്റവും സദാ ചെയ്തിട്ടുണ്ടെങ്കില്‍, അതു ഭവാൻ അഴിച്ചുനീക്കണം! 7
ചൂതാടികളാൽ ചൂതിലെന്നപോലെ ചുമത്തപ്പെട്ടതും, വാസ്ത്വത്തിലുള്ളതും, ഞങ്ങളറിഞ്ഞിട്ടില്ലാത്തതും – എല്ലാം – നിന്തിരുവടി ഞെട്ടറ്റവപോലെ വിടുവിച്ചാലും; വരുണ, ദേവ, അങ്ങനെ ഞങ്ങൾ നിന്തിരുവടിയ്ക്കു പ്രിയപ്പെട്ടവരാകണം! 8
[1] ഋഷി, തന്നോടുതന്നെ പറയുന്നു; പശുവിനെ (ബലിമൃഗത്തെ) കൊല്ലുന്നവൻ അതിന്റെ തോൽ ഉണങ്ങാന്‍ പരത്തിയിടുമല്ലോ.
[2] ഹൃദയങ്ങളില്‍ – പ്രാണിമനസ്സുകളില്‍. തിയ്യ് – വൈദ്യുതാഗ്നി.
[3] കുനിയിച്ചു – ഭ്രമിയ്ക്കഭിമുഖമാക്കി; മഴ പെയ്യിച്ചു.
[4] വീരന്മാര്‍ – മരുത്തുക്കൾ. ഇളക്കിവിടും – മേഘങ്ങളെ.
[6] ദേവൻ – വരുണന്‍. എത്ര നദികൾ ചെന്നുചേർന്നാലും സമുദ്രം നിറയില്ല; ഇതു വരുണന്‍ വെച്ച വ്യവസ്ഥയാലാണ്.
[8] എല്ലാം – എല്ലാപ്പാപങ്ങളും. ഞെട്ടറ്റവ – ഞെട്ടില്‍നിന്നു വിട്ടു കായ്കളും മറ്റും.