images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

കണ്വഗോത്രൻ മേധാതിഥിയും, മേധ്യാതിഥിയും ഋഷിമാർ; ബൃഹതിയും സതോബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)

അന്യനെ സ്തുതിയ്ക്കായ്വിൻ, സഖാക്കളേ –
ഖിന്നരാകൊലാ: നീരു പിഴിഞ്ഞൊപ്പം
വാഴ്ത്തുവിൻ, പെയ്യുമിന്ദ്രനെത്താൻ നിങ്ങൾ;
പേർത്തുപേർത്തുച്ചരിയ്ക്കുവിനു, ക്ഥവും!1
കാളപോലെ വലിയ്ക്കുവോനെ, വൃഷം –
പോലിടർചേർത്തു കീഴമർത്തുന്നോനെ,
രണ്ടുമാചരിപ്പോനെ,യജരനെ,
രണ്ടുമുള്ള വദാന്യനെ,സ്സേവ്യനെ!2
ഇന്നരരവനത്തിനായ് വെവ്വേറെ
നിന്നു നിന്നെസ്തുതിപ്പതുണ്ടെങ്കിലും,
എന്നുമെന്നുമീ ഞങ്ങൾതൻ സ്തോത്രംതാ –
നിന്ദ്ര, നിന്നെ വളർപ്പതായ്ത്തീരട്ടെ!3
അപ്പുറം പൂകുമല്ലോ, ചെറുത്തെതിർ –
നില്പവരെ വിറപ്പിച്ചു സൂരികൾ;
അബ്ഭവാൻ വരികി,ങ്ങു മഘവാവേ;
തർപ്പണത്തിന്നണയ്ക്ക, വിചിത്രാന്നം!4
വില്ക്കുകില്ല, ഞാൻ വൻവിലയ്ക്കും നിന്നെ, –
ത്തൃക്കരേ വജ്രമേന്തും ബഹുധന,
ആയിരത്തിനും, പത്തായിരത്തിനു, –
മാഹിതവജ്ര, നൂറായിരത്തിനും!5
അച്ഛനെക്കാൾ വിലപ്പെട്ടവനെ,നി –
യ്കിച്ഛവെയ്ക്കാത്തൊരണ്ണനെകാളും നീ;
ഇന്ദ്ര, മാതാവുമങ്ങുമൊപ്പം വസോ;
തന്നരുൾക, മേ സ്വത്തും മഹത്ത്വവും!6
എങ്ങു നീ? – യെങ്ങു പോയി നീ? നിന്മന –
സ്സിങ്ങനേകരിലല്ലോ, പുരന്ദര;
വന്നണക, നീ പോരാടും യോദ്ധാവേ;
വൻനുതിയുണ്ടു, പാടുന്നു പാട്ടുകാർ!7
നല്പൊടേ നിങ്ങൾ പാടുവിൻ, സേവ്യനാ –
മിപ്പുരന്ദരന്നായിട്ടു ഗായത്രം:
വജ്രവാൻ കണ്വപുത്രർതൻ യാഗത്തിൽ
വന്നുചേരാൻ, പുരങ്ങൾ പിളർത്തുവൻ!8
പത്തുപത്തും സഹസ്രവുമുണ്ടല്ലോ,
പത്തുയോജന പോകും ഹയങ്ങൾ തേ:
വിദ്രുതയാനരാമാ വൃഷാക്കളാ –
ലെത്തുകെ,ങ്ങളിൽ വെക്കം തിരുവടി!9
ഇന്നു ഞാൻ വിളിയ്ക്കുന്നേൻ, സുദുഘയായ്
നന്ദ്യവേഗയാം പാലുറ്റ ധേനുവും,
തോയമേറിയ കാമ്യമാം മറ്റൊന്നു –
മായ പര്യാപ്തകാരിയാമിന്ദ്രനെ.10
അർക്കനേതശന്നത്തൽ പെടുത്തവേ,
വക്രഗാമിവാതാശ്വദ്വയവുമായ്,
ആർജ്ജുനേയനാം കുത്സനൊത്തണ്ടർകോ –
നാഞ്ഞണഞ്ഞാന,ഹിംസ്യനാം സൂര്യനിൽ11
കേവലം മരുന്നില്ലാതെ, ശോണിതം
ഗ്രീവയിൽനിന്നൊലിപ്പതിൻമുന്നമേ
ചേർത്തിണക്കും, മഘവാവു സന്ധികൾ;
പേർത്തു കൂട്ടും, മുറിപ്പാടുരുധനൻ!12
എങ്ങൾ നീചർപോലാകൊലാ,നിന്നൻപാ; –
ലെങ്ങളിന്ദ്ര, വിഷണ്ണർപോലാകൊലാ;
നേർത്ത കാടുകൾപോലാകൊലാ,വജ്രിൻ;
സ്തോത്രമോതാവു, ഗേഹത്തിൽ വാണെങ്ങൾ!13
വൃത്രസൂദന, വെമ്പലും തള്ളലു –
മെത്തിടാതെങ്ങൾ ശൂര, പുകഴ്ത്താവൂ –
സ്തോത്രമങ്ങയ്ക്കൊരിയ്ക്കലെന്നാകിലും
പേർത്തു ചൊല്ലാവു, വന്മുതലൊത്തെങ്ങൾ!14
എൻനുതി കേൾക്കുമെങ്കിൽ മത്തേകട്ടെ, –
യിന്ദ്രനു ശീഘ്രമെ,ങ്ങൾതൻ സോമങ്ങൾ,
നൂലരിപ്പിൽനിന്നിറ്റിറ്റു വീണവ,
മേലെ വെള്ളം പകർന്നു വളർത്തവ!15
സേവകനാം സഖാവിൻ സഹസ്തുതി –
യ്ക്കായ് വിരഞ്ഞെഴുന്നള്ളുകി,പ്പോൾബ്ഭവാൻ:
നിങ്കലെത്തട്ടെ, യഷ്ടൃതികളും;
നിന്നെ ഞാനും സ്തുതിയ്ക്കാവു, ഭംഗിയിൽ!16
സോമമമ്മിക്കുഴയാൽപ്പിഴിയുവിൻ –
തൂമ കൂട്ടാൻ പകരുവിനംഭസ്സിൽ:
പൈത്തുകിലിനെപ്പോലുടുത്തു ജലം
ചോർത്തിടുന്നു, നേതാക്കൾ നദികൾക്കായ്!17
മന്നിൽനിന്നോ, നഭസ്സിൽനിന്നോ, പെരും –
വിണ്ണിൽനിന്നോ ശുഭവ്രത, വന്നു നീ
കൈവളരുകീ,യെൻപൃഥുസ്തോത്രത്താൽ;
ബ്ഭാവസംതൃപ്തി ചേർക്ക, ജനങ്ങളിൽ!18
ഇന്ദ്രനു നിങ്ങൾ നന്നയ്പ്പിഴിയുവിൻ,
നന്ദനീയമാം മാദകസോമത്തെ:
പ്രേമദാഖിലകർമ്മാവാമീയന്ന –
കാമനെത്തഴപ്പിയ്ക്കുമല്ലോ,ഹരി!19
സോമനീർ പേർത്തരിച്ചും സ്തുതിച്ചും ഞാ –
നീ മഖങ്ങളിൽ നിത്യമർത്ഥിപ്പതിൽ
ക്രോധിയായ്ക, സിംഹാഭനം സ്വാമി നീ: –
യേതൊരാളിരക്കില്ല, ധിനാഥങ്കൽ?20
സ്വാദിയന്നയായ് സ്തോതാവായച്ചതാം
മാദകം(നുകരട്ടെ),യുഗ്രബലൻ:
ആ ലഹരിയിലേകുമല്ലോ നമു –
ക്കാ,രെയുമുങ്കടക്കിജ്ജയിപ്പോനെ!21
അധ്വരേ ഹവിസ്സേകുന്ന മർത്ത്യന്നും,
നൽസ്തവം ചൊല്ലുവോന്നും, പിഴിവോന്നും
ഭൂരികാമ്യം കൊടുപ്പതുണ്ടു, ദ്ദേവൻ
സൂരികീർത്തിതൻ സർവകാര്യോദ്യതൻ!22
വന്നുചേരുക, മത്തുപിടിയ്ക്കുക,
സുന്ദരധനംകൊണ്ടിന്ദ്രദേവ, നീ;
ഒപ്പമുണ്ട സോമത്താൽ നിറച്ചാലും,
തൃപ്പെരുംകുമ്പ, പൊയ്കപോലേ ഭവാൻ!23
ഇന്ദ്ര, പൊൻതേർക്കു പൂട്ടിയ കേസര –
തുന്ദിലങ്ങൾ നൂറായിരമശ്വങ്ങൾ,
സ്തോമയുക്തങ്ങൾ കൊണ്ടുവരേണമേ,
സോമനീർ നുകരുന്നതിന്നങ്ങയെ!24
വെണ്മുതുകും, മയിൽനിറലിംഗവു –
മിമ്മട്ടാമിരുപൊൽത്തേർക്കുതിരകൾ
ആവഹിയ്ക്കട്ടെ,യിങ്ങോട്ടി,നിപ്പുറ്റ
ഭാവനീയാന്നമുണ്ണുവാനങ്ങയെ!25
സാധുരീത്യാ പിഴിഞ്ഞരിച്ചുള്ളതാം
സ്വാദുനീരിതു വായുപോലാശു നീ
സ്തുത്യഭിഗമ്യ, മുമ്പേ നുകർന്നാലും:
മത്തിയറ്റുവൊന്നി,സ്സുഭഗാസവം!26
ആർ തനിച്ചടരാടിയടക്കിടും,
ചെയ്തിയാൽ മഹാൻ, നൽത്തൊപ്പിയിട്ടവൻ;
അത്തരസ്വി വരട്ടേ, പിരിഞ്ഞിടൊ –
ല്ലി; – സ്തവം ശ്രവിയ്ക്കട്ടെ, ത്യജിയ്ക്കൊല്ലാ!27
ആയുധത്താലരച്ചുകളഞ്ഞല്ലോ,
നീയുഴറിനടന്ന ശുഷ്ണപുരം:
ഇന്ദ്ര, രണ്ടുകൂട്ടർക്കും വിളിയ്ക്കുവേ –
ണ്ടുന്നവനായി, പിൻപാഭ പൂണ്ട നീ!28
എൻനുതികൾ സൂര്യോദയത്തിങ്കലു;
മെൻനുതികൾ നട്ടുച്ചനേരത്തിലും,
എൻനുതികൾ സായാഹ്നത്തി,ലല്ലിലു-
മിങ്ങു കൊണ്ടുവരട്ടെ, നിന്നെ വസോ!29
‘വാഴ്ത്തുക,വാഴ്ത്തുകീ: – യെങ്ങൾ തേ ധനം
സാർത്ഥരിൽവെച്ചു കൂടുതൽ തന്നല്ലോ;
അല്പിതാശ്വരായ് വമ്പരെക്കൊന്നവർ,
സൽപ്പഥസ്ഥിതരെ,ങ്ങൾ മേധ്യാതിഥേ!30
പാട്ടിൽനില്ക്കും ഹയങ്ങളെ ശ്രദ്ധയാ
പൂട്ടിയല്ലോ, ഭവാന്റെ രഥത്തിൽ ഞാൻ:
ആദരാർഹാർത്ഥദാനമറിഞ്ഞവൻ,
യാദവ,നൊരു സൂക്ഷ്മസന്ദർശി,ഞാൻ.’31
‘ജംഗമങ്ങളാം സ്വത്തുക്കളാരെനി –
യ്ക്കിങ്ങു നല്കിയോ, പൊൻതോൽവിരിപ്പൊടും;
തേരിരമ്പുമാസംഗനാമദ്ദേഹം
സ്ഫാരസമ്പത്തടക്കിയരുളട്ടെ!’32
‘അന്യരെക്കവിച്ചേകി, പത്തായിരം
തന്നെയഗ്നേ, പ്രയോഗജനാസംഗൻ:
പൊങ്ങി, മിന്നുമെൻകൂറ്റർ പത്തായിരം,
പൊയ്കയിൽനിന്നു വേഴൽകൾപോലവേ!’33
പേർത്തു കാണായി,വന്റെ മുൻഭാഗത്തു
ചീർത്തു ഞാന്നൊരെല്ലില്ലാത്ത വൻചിഹ്നം!
പാർത്തുകണ്ടോതി, പത്നിയാം ശശ്വതി: –
‘ചാർത്തി, നീ നാഥ, നൽബ്ഭോഗസാധനം!’34
കുറിപ്പുകൾ: സൂക്തം 1.

[1] സ്തോതാക്കളോടു്: ഖിന്നരാകൊലാ – മറ്റാരെങ്കിലും സ്തുതിച്ചു വെറുതേ ക്ഷീണിയ്ക്കേണ്ടാ. പെയ്യും – അഭീഷ്ടവർഷിയായ.

[2] വലിയ്ക്കുവോനെ – കാള വണ്ടി വലിയ്ക്കുന്നതുപോലെ, ശത്രുക്കളെ വലിച്ചിഴയ്ക്കുന്നവനെ. ഇതിന്റെ ഒരു പ്രകാരാന്തരമാണു്, അടുത്ത പദം. രണ്ടു – നിഗ്രഹവും, അനുഗ്രഹവും. രണ്ടുമുള്ള – ദിവ്യ – ഭൗമധനോപേതനായ. വദാന്യൻ = ദാനശീലൻ. ഈ ദ്വിതീയാന്തപദങ്ങളെല്ലാം മുൻഋക്കിലെ ഇന്ദ്രന്റെ വിശേഷണങ്ങളാകുന്നു.

[3] അവനം = രക്ഷണം.

[4] സൂരികൾ – ഭവാനെ സ്തുതിയ്ക്കുന്നവർ. തർപ്പണത്തിനു് – ഭവാനെ തൃപ്തിപ്പെടുത്താൻ.

[5] അപരിമിതമായ ധനത്തെക്കാളും എനിയ്ക്കു പ്രിയപ്പെട്ടവനാണു്, ഭവാൻ. അഹിതവജ്ര – വജ്ര ധരിച്ചവനേ. വജ്രിപദദ്വിരുക്തി ആദരദ്യോതകമാകുന്നു.

[6] ഇച്ഛവെയ്ക്കാത്ത – എന്റെ കാര്യത്തിൽ ശ്രദ്ധയില്ലാത്ത. മാതാവു് – എന്റെ അമ്മ.

[7] അനേകരിൽ – വളരെ യഷ്ടാക്കളിൽ. യോദ്ധാവു് – യുദ്ധകുശലൻ, വൻനുതി = വലിയ സ്തുതി. പാട്ടുകാർ – ഞങ്ങളുടെ സ്തോതാക്കൾ.

[8] സ്തോതാക്കളോടു്: ഗായത്രം – സാമം. കണ്വപുത്രർ – മേധാതിഥിയും, മേധ്യാതിഥിയും. പുരങ്ങൾ – ശത്രുനഗരങ്ങൾ.

[9] പത്തുപത്തു് – നൂറു്. പത്തുയോജന പോകും – ഒരേപോക്കിൽ പത്തു യോജന വഴി പിന്നിടുന്ന. വിദ്രുതയാനർ = ശീഘ്രഗാമികൾ. വൃഷാക്കൾ – രേതസ്സേചനസമർത്ഥർ, യുവാക്കൾ.

[10] ഇന്ദ്രനെ ധേനുരൂപത്തിലും വൃഷ്ടിരൂപത്തിലും സങ്കല്പിച്ചു സ്തുതിയ്ക്കുന്നു: മറ്റൊന്നു് – വൃഷ്ടി. പര്യാപ്തകാരി = തികച്ചും ചെയ്യുന്നവൻ.

[11] ഇക്കഥ ഒന്നാം മണ്ഡലത്തിൽ തന്നെയുണ്ടു്: വക്രഗാമിവാതാശ്വദ്വയവുമായ് – വളഞ്ഞുതിരിഞ്ഞോടുന്ന വായുവേഗികളായ രണ്ടശ്വങ്ങളെ, ഹരികളെ, പൂട്ടിയ തേരിൽ. ആർജ്ജുനേയൻ = അർജ്ജനി എന്നവളുടെ പുത്രൻ. ആഞ്ഞണഞ്ഞാൻ – യുദ്ധത്തിന്ന്. ഏതശൻ – ഒരു രാജാവ്; കുത്സൻ – അദ്ദേഹത്തിന്റെ പുരോഹിതനായ ഋഷി.

[12] കേവലം മരുന്നില്ലാതെ—മുറിമരുന്നില്ലാതെതന്നെ. ശോണിതം = രക്തം. ഗ്രീവ = കഴുത്ത്. സന്ധികൾ ചേർക്കാനും, മുറി കൂട്ടാനും അവിടെയ്ക്കു മരുന്നു വെണ്ടാ!

[13] നേർത്ത – കൊമ്പും മറ്റുമില്ലാതായി ക്ഷയിച്ച. കാടുകൾ – വൃക്ഷഗണങ്ങൾ. ഞങ്ങൾ പുത്രാദികളോടു വേർപെട്ടു, ക്ഷയിച്ച വൃക്ഷങ്ങൾപോലാകരുത്.

[17] അധ്വര്യക്കളോട്: തൂമ – വെടുപ്പു്. അംഭസ്സിൽ – വസതീവരീജലത്തിൽ. ഉടുത്തു – മേഘത്തെ, പൈത്തുകിലിനെ (ഗോചർമ്മത്തെ) എന്നപോലെ ഉടുത്തു്. നേതാക്കൾ – മരുത്തുക്കൾ. നദികൾക്കു വെള്ളം പെയ്തുകൊടുക്കുന്ന മരുത്തുക്കൾ ഇന്ദ്രന്റെ അനുചരന്മാരാണല്ലോ; അതിനാൽ അദ്ദേഹത്തിനു സോമം പിഴിയുവിൻ.

[14] തള്ളൽ – ഗർവ്. വന്മുതലൊത്തു് – ഭവൽപ്രസാദത്താൽ വളരെ ധനം നേടി.

[15] ഉത്തരാർദ്ധം സോമവിശേഷണങ്ങൾ. വെള്ളം – മന്ത്രം ജപിച്ച വസതീവരി എന്ന ജലം.

[16] സഖാവ് – സ്തോതാവ്. സഹസ്തുതി – മറ്റൃത്വിക്കുകളോടുകൂടി ചൊല്ലുന്ന സ്തുതി: വിരഞ്ഞു്-വെക്കം. യഷ്ട്യസ്തുതികൾ – യജമാനരുടെ സ്തുതികൾ.

[18] നഭസ്സ് – അന്തരിക്ഷം. ശുഭവ്രത – ശോഭനകർമ്മാവേ. പൃഥു = വിശാലം. ഭാവസന്തൃപ്തീ – അഭീഷ്ടപൂർത്തി. ജനങ്ങൾ – ഞങ്ങളുടെ ആളുകൾ.

[19] അധ്വര്യക്കളോടു്: പ്രേമദാഖിലകർമ്മാവ് – എല്ലാക്കർമ്മങ്ങൾകൊണ്ടും പ്രീതിപ്പെടുത്തുന്നവൻ. ഈയന്നകാമൻ – യജമാനൻ. ഹരി = ഇന്ദ്രൻ.

[20] സിംഹാഭൻ – സിംഹതുല്യൻ. എല്ലാവരും ഇരക്കും, സ്വാമിയുടെ അടുക്കൽ; ഞാനും സ്വാമിയായ ഭവാനോടു് അർത്ഥിയ്ക്കുന്നു.

[21] മാദകം – മത്തുണ്ടാക്കുന്ന സോമം. ആരെയും – ശത്രുക്കളെയെല്ലാം ജയിപ്പോനെ – ജയിപ്പാൻ ശക്തമായ പുത്രനെ.

[22] ഭൂരീകാമ്യം – വളരെദ്ധനം.

[23] സുന്ദരധനംകൊണ്ടു് – അഴകൊത്ത സോമം കുടിച്ചു്. ഒപ്പം – മരുത്തുക്കളോടുകൂടി. പൊയ്കപോലെ – സരസ്സു വെള്ളംകൊണ്ടു നിറയ്ക്കുന്നതുപോലെ.

[24] കേസരതുന്ദിലങ്ങൾ – ധാരാളം സ്കന്ധരോമങ്ങളുള്ളവ. സ്തോമയുക്തങ്ങൾ – ഞങ്ങളുടെ സ്തോത്രങ്ങളോടുകൂടിയവ, ഞങ്ങളാൽ സ്തുതിയ്ക്കപ്പെട്ടവ.

[25] വെളുത്ത മുതുകു്, മയിൽനിറത്തിലുള്ള ലിംഗം – ഇങ്ങനെയുള്ള, കനകത്തേരിനു പൂട്ടുന്ന രണ്ടു കുതിരകൾ, ഹരികൾ. ആവഹിയ്ക്കട്ടെ – കൊണ്ടുപോരട്ടെ. ഇനിപ്പുറ്റ = മാധുര്യമുള്ള. ഭാവനീയാന്നം – വരണീയമായ സോമം.

[26] സാധുരീത്യാ = വഴിപോലെ. സ്വാദുനീർ – രസവത്തായ സോമനീർ. വായുപോലെ – വായുവിന്നത്രേ, യാഗത്തിൽ ഒന്നാമതു സോമപാനം. സ്തുത്യഭിഗമ്യ = സ്തുതികൾകൊണ്ടു പ്രാപിയ്ക്കപ്പെടേണ്ടവനേ. ആസവം = മധു, സോമം.

[27] അടക്കിടും – ശത്രുക്കളെ കീഴമർത്തും. ചെയ്തിയാൽ = കർമ്മംകൊണ്ടു്. മഹാൻ – മുന്തിയവൻ.തരസ്വി = ബലിഷ്ഠൻ.

[28] രണ്ടുകൂട്ടർക്കും – സ്തോതാക്കൾക്കും,യഷ്ടാക്കൾക്കും. പിൻപാഭ പൂണ്ട – ശുഷ്ണപുരദാരണാന്തരം ഉജ്ജ്വലനായിത്തീർന്ന. ശുഷ്ണാസുരന്റെ നഗരം അവിടവിടെ മാറ്റപ്പെട്ടിരുന്നതുകൊണ്ടാവാം, ഉഴറിനടന്ന എന്ന വിശേഷണം.

[30] ആസംഗൻ എന്ന രാജാവു മേധ്യാതിർഥിയ്ക്കു വളരെദ്ധനം കൊടുത്തിട്ട്, തന്നെ സ്തുതിപ്പാൻ പ്രേരിപ്പിയ്ക്കുന്നു: വാഴ്ത്തുക – എന്നെ സ്തുതിയ്ക്കുക. സാർത്ഥരിൽവെച്ചു – മറ്റ് അർത്ഥ(ധന)വാന്മാരെക്കാൾ. അല്പിതാശ്വരായ് – ശത്രുക്കളുടെ കുതിരകളെ തുച്ഛീകരിച്ചു് വമ്പരെ—വലിയ വൈരികളെ. മേധ്യാതിഥേ, ഞാൻ ശത്രുജേതാവാണ്, സന്മാർഗ്ഗവർത്തിയാണു്; ഇതൊക്കെപ്പിടിച്ചു്, ഭവാൻ എന്നെ സ്തുതിച്ചാലും.

[31] പാട്ടിൽ നില്ക്കും – നല്ല മെരുക്കമുള്ള. ഞാൻ ഭവാന്നു തേർ തന്നു; കുതിരകളെയും പൂട്ടിത്തന്നു. ആദരാർഹാർത്ഥദാനമറിഞ്ഞവൻ – ആദരണീയമായ അർത്ഥം (ധനം) കൊടുക്കുന്നതിൽ കുശലൻ. യാദവൻ – യദുവംശജാതൻ. ഇങ്ങനെ എന്നെ സ്തുതിയ്ക്കുക.

[32] മേധ്യാതിഥി ആസംഗനെ സ്തുതിയ്ക്കുന്നു: ജംഗമങ്ങളാം സ്വത്തുക്കൾ – ഗോക്കൾ. പൊൻതോൽവിരിപ്പൊടും – അവയുടെ മുതുകുകളിൽ സ്വർണ്ണത്തോൽ വിരിപ്പുമുണ്ട്. തേരിരമ്പും – മഹാരഥൻ എന്നർത്ഥം. സ്ഫാരസമ്പത്ത് – ശത്രുക്കളുടെ ബഹുധനം.

[33] അസംഗങ്കൽ പ്രസാദിപ്പാൻ അഗ്നിയോടു പ്രാർത്ഥിയ്ക്കൂന്നു: പത്തായിരംതന്നെ – തികച്ചും പതിനായിരം ഗവാദികളെ. പ്രയോഗജൻ – പ്രയോഗനെന്ന രാജാവിന്റെ പുത്രൻ. എൻകൂറ്റർ – എനിയ്ക്കു് ആസംഗൻ തന്ന വിത്തുകാളകൾ. വേഴൽകൾ – പൊയ്കയിലുണ്ടാകുന്ന വേഴൽപ്പുല്ലുകൾ; ഇവ പൊയ്കയിൽ നിന്നു കൂട്ടംകൂട്ടമായി പൊങ്ങിവരുന്നതുപോലെ, കൂറ്റന്മാർ ആസംഗങ്കൽനിന്നാവിർഭവിച്ചു.

[34] ഈ ആസംഗൻ ഒരിക്കൽ ദേവശാപംമൂലം നപുംസകമായിപ്പോയി. അതിൽ ഖിന്നയായ പത്നി, ശശ്വതി വമ്പിച്ച തപസ്സനുഷ്ഠിച്ചു. അവളുടെ തപസ്സാൽ ഭർത്താവിന്നു പുരുഷത്വവും വീണ്ടുകിട്ടി. രാത്രിയിൽ അതറിഞ്ഞു സന്തുഷ്ടി പൂണ്ടു ശശ്വതി ഭർത്താവിനെ കൊണ്ടാടി: നാലാംപാദംമാത്രമാണു, ശശ്വതീവാക്യം. ഇവൻ – ആസംഗൻ. വൻചിഹ്നം – വലിയ ലിംഗം. നാഥ, ഭർത്താവേ, നീ നൽബ്ഭോഗസാധനം ചാർത്തി, അണിഞ്ഞു – അങ്ങയ്ക്കു പുരുഷലിംഗം കിട്ടി. അംഗിരസ്സിന്റെ മകളത്രേ, ശശ്വതി.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.