images/Watanabe_Shote.jpg
Praying Mantis and the Moon, a painting by Seitei (Shotei) Watanabe (1851–1918).
ത്രേസ്യാക്കുട്ടിയുടെ ആടുകൾ
റോസി തമ്പി

ഈ കഥ നടക്കുമ്പോൾ എനിക്ക് ഒമ്പതും അനിയനു് ആറും വയസ്സാണു് പ്രായം.

കാലം: ഒരു മധ്യവേനലവധി.

സമയം: നേരം പുലർന്നു് ഏഴു മണി.

സ്ഥലം: എല്ലാ കുട്ടികളുടെയും സ്വപ്ന ഭൂമിയായ അമ്മ വീടു്.

images/two-s-n.png

“കുട്ട്യോള് വന്നോ അന്നമ്മേട്ത്താരേ?” ആടിനു് കഞ്ഞ ള്ളട്ക്കാൻ വന്ന ത്രിസ്യൂട്ട്യേച്ച ്യാ. പര്യ പുറത്ത്ന്നു്. കമ്പന്യേ പുവ്വാൻ മുറിം കൂപ്പായം മാറി അന്നമ്മേട്ത്താരു് ഒന്നുകൂടി മൂത്രമൊഴിക്കാൻ മറപ്പെരേലേക്കു് എറങ്ങിതാ. കാലു് അകത്തി വെച്ചു് മുണ്ടു് മുന്നിലും പിന്നിലും അകത്തിപ്പിടിച്ചു് കാലിനിടയിലൂടെ ഉണങ്ങിയ പ്ലാവിലയിൽ ചറപറാന്നു് മുത്രം വീഴുമ്പോൾ അതിലും ഉറക്കെ ശബ്ദത്തിൽ അന്നമ്മേട്ത്താരു് പറഞ്ഞു.

“ആ…

പിള്ളേരേ ഞാൻ ഇന്നലെ കമ്പനി വിട്ടപ്പോ നേരേ പോയി കൊണ്ടന്നു. അല്ലേങ്ങേ തോമൂട്ടി പിന്നെ കൊള്ളിപ്പണി കഴിട്ടേന്നു് പറയും.

ത്രിസൂട്ട്യേ, ആ പടിക്കലു് നിക്കണ പഴപ്ലാവിന്മേ മോളിലു് ഒരു ചക്ക മൂത്ത്ണ്ടു് തോന്നുണു. അന്തോണ്യോടു് അതു് ഒന്നു് ഇട്ടു് വെക്കാൻ പറ. കയറു് ആ വെറക് പെരേലു് കാണും”.

ത്രിസ്യൂട്ടി ഇരുമ്പൻ പുളിയുടെ കടക്കൽ വെച്ചിരിക്കുന്ന വക്കു പൊട്ടിയ വലിയ മൺകലത്തിൽ നിന്നു് കഞ്ഞിവെള്ളവും പഴത്തൊലിയും ഞണങ്ങിയ അലൂമിനിയം ബക്കറ്റിലേക്കു് ഒഴിക്കുമ്പോൾ പിന്നിൽ തെറിയിട്ടു് മുട്ടിനു താഴെ ഇറക്കി ഉടുത്ത കള്ളിമുണ്ടിന്റെ വിയർപ്പു മണം ശ്വസിച്ചു്, ത്രിസൂട്ടിയെ കാലുകളിൽ മുട്ടിയുരുമ്മി നിന്നു്, മൂക്കു കൊണ്ടു് സ്നേഹമസൃണമായ ശബ്ദം പുറപ്പെടുവിച്ചു് കലത്തിൽ നിന്നു് ബക്കറ്റിലേക്ക് വീഴുന്ന പഴ തൊലികൾ നാവുകൊണ്ടു് വായിലാക്കി ഒരു ഭാഗം വായിൽ നിന്നു് ഒരു വശത്തുകൂടെ പുറത്തേക്കിട്ടു് ചവച്ചിറക്കുകയാണു് ഊശാം താടിക്കാരനായ പത്രു എന്ന കൊറ്റനാടു്.

images/three-s-n.png

ത്രിസൂട്ടി പത്രൂ എന്നു വിളിച്ചാൽ മതി ഏതു തിരക്കിനിടയിൽ നിന്നും പത്രു ഓടിയെത്തും. നീളമുള്ള കൊമ്പുകൾ മണ്ണിൽ കുത്തി കാലുകൊണ്ടു് മണ്ണു് ചിക്കി അനുസരണയോടെ തലയുയർത്തി മുന്നിൽ വന്നു നിൽക്കും.

ആലയിലെ പെണ്ണാടുകൾ വഴി തെറ്റാതെ നോക്കുന്നതും, കുറുക്കന്റെ തോപ്പു് എന്നറിയപ്പെടുന്ന പാറമടകളിലെ നിറഞ്ഞ ജലാശയങ്ങളിലേക്കും കശുമാവിൻ തണലിലെ പുൽത്തകിടികളിലേക്കും ആലയിലെ പെണ്ണാടുകളെയും ശിശുക്കളെയും നയിക്കുന്നതും വഴിയിൽ വന്നു പെടുന്ന ചാവാലി പട്ടികളെ കൊമ്പുകുലുക്കി ഓടിക്കുന്നതും, തീറ്റ സ്ഥലത്തു് മറ്റു് ആട്ടിൻ കൂട്ടങ്ങളുമായി തന്റെ പെണ്ണാടുകൾ ഇടകലാരാതെ വംശശുദ്ധി സൂക്ഷിക്കുന്നതും പത്രുവിന്റെ ഉത്തരവാദിത്വമാണു്.

ഭരിക്കുക, നയിക്കുക, പഠിപ്പിക്കുക എന്നിങ്ങനെ തന്നിൽ അർപ്പിക്കപ്പെട്ട ദൈവീക ഗുണങ്ങൾ പത്രു കൃത്യമായി പാലിക്കപ്പെട്ടു.

images/seven-s-n.png

പത്രുവിന്റെ ഏക ശത്രു, കാളിയറോഡിലേ നേർച്ച കൊറ്റൻ മാത്രമാണു്. കഴുത്തിൽ വലിയ ഓട്ടു മണി കെട്ടിയ, ആ ഒറ്റയാൻ മനക്കലെ ഇടോഴിയിൽ നിന്നു് സാറമ്മയുടെ പാടം കടന്നു് മണ്ണാം മുക്കിലേക്കു് ഒരു വരവുണ്ടു്. വളഞ്ഞ കൊമ്പുകളും, ഊശാം താടിയും ഏകദേശം നാലടി ഉയരവും വലിയ ശരീരവും കുണുക്കി കുണുങ്ങിയുള്ള വരവു് കണ്ടാൽ എത്ര ക്ഷമിച്ചാലും പത്രുവിന്റെ ഉള്ളിലെ പൗരുഷം ജ്വലിക്കും. ഒന്നു കൊമ്പുകോർക്കാൻ അവന്റെ ഉള്ളം ത്രസിക്കും.

ത്രിസ്സൂട്ടി പറഞ്ഞാലും പത്രുവിനു് അപ്പോൾ അനുസരിക്കാൻ കഴിയാതെ വരും.

മുട്ടനാടുകൾ കൊമ്പുകോർക്കുമ്പോൾ ഇടവഴി പെട്ടെന്നൊരു യുദ്ധഭൂമിയായി മാറും. പത്രുവിനു് ഗ്രൗണ്ട് സപ്പോർട്ട് കൂടും. കുട്ടികൾ വേലിക്കഴയിലേക്കു് മാറി നിന്നു് ആഘോഷശബ്ദങ്ങൾ പുറപ്പെടുവിക്കും… ത്രിസ്സൂട്ടിയും അതു് അറിയാത്ത രീതിയിൽ അനുവദിച്ചു കൊടുക്കും. അവൻ ഒരാണല്ലേ എന്നാണു് അതിനുള്ള ന്യായം. മറഞ്ഞു നിന്നു് ആ കൊമ്പുകോർക്കൽ അവൾ ആസ്വദിക്കാറുമുണ്ടു്. എകദേശം പത്തു മിനിറ്റിന്റെ പ്രകടനം കഴിഞ്ഞാൽ വരത്തൻ തിരിച്ചു പോകും. പത്രു തന്റെ വിജയം ആഘോഷിച്ചു് വേലികളിൽ നിന്നു് പാൽ വയറ കടിച്ചു തിന്നാൻ തുടങ്ങും. അധിക സമയം ഇടവഴിയിൽ ചുറ്റി തിരിയുന്ന ശീലം പത്രുവിനില്ല. ഇടവഴിയിലെ അറ്റം വരെ ഒന്നു നടന്നു് വേഗം തന്നെ തിരിച്ചു വരും. പെണ്ണാടുകളെയും കുട്ടികളെയും അഴിച്ചുവിടാറില്ലെങ്കിലും പത്രുവിനെ ദിവസവും തുറന്നു വിടാറുണ്ടു്. കൂട്ടിൽ പത്രുവിനു് പ്രത്യേകമായ അറയുണ്ടു്.

images/five-s-n.png

പത്രു പെണ്ണാടുകളുമായി ഇണചേരാനുള്ള വട്ടം കൂട്ടി തുടങ്ങിയാൽ ത്രിസ്സൂട്ടി അവന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാൻ എന്നവണ്ണം ആ ഭാഗത്തേക്ക് നോക്കാറില്ല. ആടുകളുടെ അപ്പോഴത്തെ ശബ്ദം കേൾക്കാതിരിക്കാൻ കഴിയുന്നതും ദൂരെ മാറി പോകുകയോ മറ്റു പണികളിൽ തിരക്കാവുകയോ ആണു് പതിവു്.

എന്നാൽ ഞങ്ങളിൽ ചിലർ കിട്ടുന്ന അവസരങ്ങളിൽ ഒളിഞ്ഞിരുന്നു കാണുകയും മുതിർന്നവർ കാണാതെ പരീക്ഷിച്ചു നോക്കി രസിക്കുകയും ചെയ്തിരുന്നു.

അന്തോണി ചക്ക ഇടാൻ വന്നപ്പോഴെക്കും അയൽ വീടുകളിലെ കുട്ടിസംഘം അവധിക്കാല പരിപാടികൾ പ്ലാൻ ചെയ്യാൻ പ്ലാവിൻ ചോട്ടിൽ വട്ടമേശ സമ്മേളനം തുടങ്ങി കഴിഞ്ഞു. ചക്കയിട്ടു് ആടിനുള്ള പ്ലാവിലകളുമായി വിക്കനന്തോണി പോകുമ്പോഴും ചർച്ച തുടർന്നു.

images/six-s-n.png

“എ എ എപ്പഴ വന്നേ?” പോകുമ്പോൾ വിക്കനന്തോണി തലയിൽ തോണ്ടി.

“ഇന്നലെ വൈന്നേരം”.

വിക്കനന്തോണി പാവമാണു്. എന്നാലും കുട്ടികൾ അയാളുടെ അടുത്തു് പോകുന്നതു് അമ്മമാർ വിലക്കിയിരുന്നു. കുട്ടികളെ പൊട്ട ശീലം പഠിപ്പിക്കുമെന്നേ.

പത്തു സെന്റു സ്ഥലം—അതിൽ പതിനാലാം കോലു് എട്ടിൽ ഓടിട്ട ചാണം മെഴുകിയ വീടും ത്രേസ്യകുട്ടി എന്ന, വളരെ ശോഷിച്ച ശരീരവും വലിവിന്റെ അസുഖവുമുള്ള ഒരേ ഒരു പെങ്ങളുമാണു് അന്തോണിക്കു് സ്വന്തമായുള്ളതു്.

ആങ്ങളയും പെങ്ങളും കല്യാണം കഴിക്കണ്ട എന്നു തീരൂമാനിച്ചതു് ഒരാൾ കല്യാണം കഴിച്ചാൽ മറ്റെയാൾ ഒറ്റയ്ക്കായി പോകുമോ എന്നു ഭയന്നിട്ടാണു്. തനിക്കൊരു ഭർത്താവു വന്നാൽ അയാൾ തന്റെ ആങ്ങളയെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു് പെങ്ങളും താൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെണ്ണു് തന്റെ പെങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു് ആങ്ങളയും ഭയന്നു.

അന്തോണിക്കു് ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലും തന്റെ ഉണ്ണിയെ ത്രിസ്യാകുട്ടി പുറത്തു് ഒരു പണിക്കും വിട്ടില്ല. പനി പിടിച്ചു് മൂന്നാം നാൾ അമ്മ മരിക്കുമ്പോ, ന്നെ, എല്പിച്ചതാ. ന്റ കൂട്ടിനേ.

“എന്തിനാ ത്രിസ്യാകുട്ട്യേ നീ ഈ വയ്യാത്തോടത്തു് ഇങ്ങനെ ആടുകളുടെ പിന്നാലെ കിടന്നു് ഓടണതു്. അന്ത്യോണ്യേ എന്തെങ്കിലും പണിക്ക് പറഞ്ഞയച്ചൂടെ”.

ത്രിസൂട്ടിടെ വലിവു് കണ്ടു് ആരെങ്കിലും പറഞ്ഞാൽ ത്രിസൂട്ടിടെ സ്ഥിരം മറുപടിയാണതു്. കൂടെ ഇതും കൂടെ പറയും.

“അമ്മ പോകുമ്പം എനിക്ക് ഏഴു് വയസു്. ഉണ്ണിക്ക് നാലു് വയസ്സും. അമ്മേടെ മഞ്ച മുറ്റത്തേക്കു് ഇറക്യേപ്പോ അമ്മേനേ കൊണ്ടോയാ ഞങ്ങക്ക് ആരാ ചോറു് തരാ എന്നു പറഞ്ഞാ അന്നു് അവൻ പള്ളിലച്ചനെ ഉന്തിയിട്ടതു്. അപ്പാപ്പൻ ആവുന്നത്ര പിടിച്ചിട്ടും അവൻ നിന്നില്ല. അവസാനം ആരോ ചെറിയ മുറിയിലിട്ടു് പൂട്ടി.

images/one-s-n.png

ദിവസങ്ങളോളം അവൻ മിണ്ടിയില്ല. പിന്നെ ഒരിസം ഉച്ചക്ക് ഞങ്ങടെ അമ്മാമ എന്റെ തലേലു് പേൻ നോക്കിക്കൊണ്ടിരിക്കുമ്പോ ഉണ്ണി അകത്തു് നിന്നു് ഓടി മുറ്റത്തേക്കു് വന്നു. ഒരലർച്ചയോടെ നിലത്തു് വീണു് കയ്യും കാലും ഇട്ടു് അടിക്കാൻ തുടങ്ങി. വായേന്നു് നുരേം പതേം വന്നു. കുട്ടി ഇപ്പോ മരിക്കുംന്നു് കരുതി. മരണവെപ്രാളം. കണ്ടു് നിക്കാൻ പറ്റില്ല. തൊടാനും സമ്മതിക്കിണില്ല. അമ്മാമ അകത്തു പോയി പിടിയില്ലാത്ത ഒരു കത്തി എടുത്തു കൊണ്ടുവന്നു് ഉണ്ണിടെ കയ്യിൽ ബലമായി പിടിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോ ചത്ത പോലെ കിടന്നു. പിന്നെ അമ്മാമ എടുത്തു് കുളിപ്പിച്ചു് കഞ്ഞി കോരിക്കൊടുത്തു. എന്താണ്ടായേ ഉണ്ണ്യേ എന്നു ചോദിച്ചപ്പോ അവൻ പറയാ. ആ എന്തുട്ടാണ്ടായേ? ഇക്യറില്ലന്നു്.

ഉണ്ണി കളിക്കാൻ പോയപ്പോ അമ്മാമന്നോടു് പറഞ്ഞു. “ത്രിസൂട്ട്യേ അവനു് അപസ്മരം എളകിണ്ടു്. മ്മള് സൂക്ഷിക്കണം”.

അതിപിന്നാ ഉണ്ണിക്കു് വിക്കു് തുടങ്ങിതു്. ന്റുണ്ണി വയ്യാത്തതാ. ആ കാണണ ശരീരം ഒരു ബലോംല്ല്യാത്തതാ. എപ്പളാ അതു് വീണ്ടും എളകാന്നു് അറില്ലാ?”

കറവയുള്ള അഞ്ചാടുകൾ ത്രേസ്യയുടെ ആട്ടിൻ കൂട്ടത്തിൽ എപ്പോഴും കാണും. ഇരു നാഴി പാലു വെച്ചു് ഓരോ ആടിൽ നിന്നും കറന്നെടുക്കും ബാക്കി കുട്ടികൾക്കു്/കുട്ടിക്കു് കുടിക്കാനുള്ളതാണു്. മിക്കവാറും രണ്ടു കുട്ടികളായിരിക്കും ഒരു പ്രസവത്തിൽ.

പത്രുവിന്റെ കുട്ടികൾ ആയതു കൊണ്ടു് അവർക്കെല്ലാം പത്രുവിനെ പോലെ കഴുത്തിൽ രണ്ടു മണിയുണ്ടു്. മണി ആട്ടിയാട്ടി തുള്ളിച്ചാടി വരുന്ന ആട്ടിൻകുട്ടികൾ ത്രേസ്യയുടെ കറവകഴിഞ്ഞാൽ അമ്മമാരുടെ മുലകളെ നാവു നക്കി മൂക്കു് കൊണ്ടു് മണത്തു് തല കൊണ്ടു് മൃദുവായി ഇടിച്ചു് പാൽ വലിച്ചു കുടിക്കും. അപ്പോൾ പിടിച്ചു വെച്ച പാൽ തള്ളാടു് സമുദ്ധമായ് ചുരന്നു കൊടുക്കും ത്രിസ്സൂട്ടി നിർവൃതിയോടെ അതു നോക്കി നിൽക്കും.

images/four-s-n.png

ഇരു നാഴി പാൽ വീട്ടീലേക്കാണു്. ബാക്കിയുള്ള രണ്ടിടങ്ങഴി പാലിനു് മുമ്പുതന്നെ പറഞ്ഞുറപ്പിച്ചവർ ഉരി ഗ്ലാസും, ചുവന്നുള്ളിയുമായ് മുറ്റത്തുണ്ടാകും. ഗ്ലാസിലൊഴിച്ച ഇളം ചൂടുള്ള പാലിൽ ചോന്നുള്ളി വിരൽ കൊണ്ടു് ഉടച്ചു ചേർത്തു് തോളിലിട്ട തോർത്തുകൊണ്ടു് ചുണ്ടിൽ ചേർത്തു് അരിച്ചു് അവർ വലിച്ചു കുടിച്ചും. എന്നും രാവിലെ മുറ്റത്തു് പാലുകുടിക്കാനുള്ള ആളുകൾ കാണും. ആട്ടിൽ പാൽ അങ്ങനെ കുടിക്കുന്നതു് പ്രതിരോധ ഔഷധമാണു്.

ഏകദേശം പത്തു മണിയാകുമ്പോൾ ത്രിസ്യാകുട്ടി ആടുകളെയും കൊണ്ടു് കുറുക്കന്റെ തോപ്പിലേക്കു് പോയാൽ. അന്തോണി പടിക്കൽ എടോഴിലു് വന്നിരുന്നു് തനിച്ചു് തായം കളിക്കാൻ തുടങ്ങും. ചിലപ്പോ മുന്നിലെ വീട്ടിലെ ചാത്തുമാനും കൂടും. ചാത്തുമാനു് മാർക്കറ്റിൽ ഉന്തുവണ്ടി വലിക്കലായിരുന്നു. ഇപ്പോ വയ്യാണ്ടായി. മൂത്തമോൻ രാധക്കു് ആ പണി കൊടുത്തു. വിശ്രമ ജീവീതമാണു്.

ആറടി ഉയരവും ഒത്ത ശരീരവുമുള്ള ബലിഷ്ഠനാണു് ചാത്തുമാൻ. വയസ്സായെങ്കിലും ആ വലുപ്പം അങ്ങനെ തന്നെയുണ്ടു്. ഭാര്യ കാക്ക്യമ്മായി നാലടി ഉയരമാണു്. ഇപ്പോ ഒരു കൂനും ഉണ്ടെങ്കിലും അത്രയും വെളുപ്പു് നിറമുള്ള ആരും ആ ഇടവഴിയിൽ ഉണ്ടായിരുന്നില്ല.

പന്ത്രണ്ടു് മണിയാകുമ്പോൾ തലയിൽ ഒരു ചാക്കു് ചവറും (അന്നത്തേക്കുള്ള വിറകു്) മുന്നിൽ ആടുകളുമായി ത്രിസ്യാക്കുട്ടി തിരിച്ചു വരുംവരെ അന്തോണി അവിടെയിരിക്കും.

ഞങ്ങളുടെ കുട്ടിസംഘത്തിനു് പലവിധ സഹായവും അന്തോണിയെക്കൊണ്ടുണ്ടു്. കുട്ടിയും കോലും കളിക്കാൻ ശീമക്കൊന്നയുടെ വടി കഷ്ണങ്ങളാക്കി തരിക. കർണ്ണാക്കും കായ കൊണ്ടു് ചക്രങ്ങളുള്ള വണ്ടിയുണ്ടാക്കി തരിക. പിന്നെ ഇടക്കൊക്കെ പറമ്പിലെ കശുമാവിൽ നിന്നു വീണു കിട്ടുന്ന അണ്ടി ചുട്ടു തരിക. അതു് എല്ലാവർക്കുമില്ല എനിക്കും അനിയനും എന്തായാലും കിട്ടും. പിന്നെ പതിനൊന്നു മണിക്കു് പൈപ്പിൽ വെള്ളം വരുമ്പോൾ രാവിലെ മുതൽ പെണ്ണുങ്ങൾ വരിവരിയായി കൊണ്ടു വെച്ച പാത്രങ്ങൾ നിറച്ചു വെക്കലും അന്തോണി ഫ്രീയായി ചെയ്തു കൊടുക്കും. എന്നാലും പെണ്ണുങ്ങൾക്കു് അന്തോണിയെ ഇഷ്ടമല്ല. പെണ്ണുങ്ങളെ തനിച്ചു കണ്ടാൽ അന്തോണി മുണ്ടുപൊക്കി കാണിക്കുമത്രേ. പപ്പോഴും പെണ്ണുങ്ങൾ കുടമെടുക്കാൻ വരുമ്പോൾ ‘ഫ’ തെണ്ടി എന്നു് ആട്ടുന്നതു് കാണാം. എന്തിനാ അവരു് അങ്ങനെ പറഞ്ഞേന്നു് ചോദിച്ചാൽ അന്തോണി കണ്ണിറുക്കി ചിരിക്കും. കുട്ടികൾ അന്തോണിയുടെ അടുത്തു് പോകരുതെന്നാണു്. എന്നാലും ഞങ്ങൾ അരും കാണാതെ അന്തോണിടെ അടുത്തു നിന്നു് സഹായങ്ങൾ സ്വീകരിക്കും.

കാലത്തു് നാടകം കളി, ഉച്ചക്കു് കവടി കളി, വൈകുന്നേരം ഹോക്കി കളി അങ്ങനെയാണു് ഇടവഴിയിലെ അവധിക്കാല കളികൾ.

images/eight-s-n.png

പതിനൊന്നു മണിയാകുമ്പോൾ കുട്ടികൾ വീടുകളിൽ നിന്നു് ഒരു അടുക്കു പാത്രവുമായി കിലോമീറ്റർ അകലെയുള്ള കമ്പനി പടിയിലേക്കു് യാത്രയാകും. ആ ഇടവഴിയിൽ പകുതി വീടുകളിൽ നിന്നു് ഒരാളെങ്കിലും കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടു്. അവർക്ക് ഉച്ചക്കുള്ള ചോറാണു് ആ പാത്രങ്ങളിൽ. അമ്മാമക്കും, അമ്മക്കും ഉള്ള ചോറുകൾ രണ്ടു പാത്രങ്ങളിലായി ഞങ്ങളും പുറപ്പെടും.

അമ്മയുടെ അനുജത്തി മേമയുടെ ജോലി സമയാസമയങ്ങളിൽ ഭക്ഷണം ഉണ്ടാക്കുക. വെള്ളം കൊണ്ടുവരിക തുണി കഴുകുക വീടു വൃത്തിയാക്കുക കുട്ടികളെ കുളിപ്പിക്കുക എന്നിവയാണു്.

കമ്പനിപ്പടിക്കൽ ചോറു കൊണ്ടു കൊടുത്തു വന്നാൽ ഞങ്ങൾക്ക് മേമ ചോറുവിളമ്പും ഒരു ഒഴിച്ചു കറി, ഉപ്പേരി ഉണക്കമീൻ വറുത്തതു്. ഇത്രയും സ്ഥിരമാണു്.

ഉച്ചയൂണു് കഴിഞ്ഞാൽ എല്ലാ വീടുകളിലും സ്ത്രീകൾ ഒന്നു നടുനിവർത്തുന്ന നേരമാണു്.

ഈ സമയം കുട്ടികൾ സ്വതന്ത്രരാണു്. പാതി ചാരിയ വാതിൽ വഴി പതുക്കെ പുറത്തുചാടും. വേലിക്കഴകൾ ചാടി എടോഴിയിലെത്തും. ഒരു പത്തുപേരുടെ സംഘം ആയിക്കഴിഞ്ഞാൽ പടിഞ്ഞാട്ടു് കുറുക്കന്റെ തോപ്പു നോക്കി പാറക്കല്ലുകൾ നിറഞ്ഞ വെള്ളച്ചാൽ ഇടവഴിയിലൂടെ ഒറ്റവരിയായ് കയറിപ്പോകും.

കശുമാവിൻ തോട്ടത്തിൽ അപ്പോൾ ചവറടിക്കുന്നവരും ആടിനെ നോക്കുന്നവരും ഒഴിഞ്ഞു പോയിരിക്കും. അണ്ടിനോക്കുന്ന പരമേട്ടനും മാച്ചുവട്ടിൽ മയക്കത്തിലായിരിക്കും. പാറമടയിൽ നിന്നു വരുന്ന ഉച്ചക്കാറ്റു് കുട്ടികൾക്കു വേണ്ടി തുരുതുരെ കശുമാങ്ങകൾ ഉതിർത്തിടും. മഞ്ഞയും ചുവപ്പും നിറത്തിലുള്ള മാങ്ങകൾ പെണ്ണുങ്ങൾ ചവറടിച്ചു മാറ്റിയ ഇടങ്ങളിലൂടെ പൂച്ച നടത്തം പാലിച്ചു് വലിയ നീറോലി വിടയിൽ അണ്ടിയോടു കൂടി കോർമ്പകളായി കോർത്തു് പെട്ടന്നു് ഊർന്നിറങ്ങി പോരും. തുടുത്ത മാമ്പഴങ്ങൾക്കു് ഇടവഴിയിൽ ആൾക്കാർ ഏറെയാണു്. അണ്ടികൾ വിരിഞ്ഞു് അതിനു മുമ്പേ പോക്കറ്റിലാക്കിയിരിക്കും. സൗകര്യം പോലെ അതു് അന്തോണിയെ ഏൽപ്പിച്ചാൽ ചുട്ടു കിട്ടും. ഏപ്രിൽ മുതൽ മെയ് പകുതി വരെ ഈ കളി തുടരും. വിഷു കഴിഞ്ഞാൽ അണ്ടിക്കാലം കഴിഞ്ഞു.

images/nine-s-n.png

മാതാവിന്റെ വണക്കമാസം കാലം കൂടുന്നതു് മെയ് അവസാനത്തിലാണു്. ചക്കപ്പഴവും പാച്ചോറും ചേർന്നൊരുക്കുന്ന ആ സദ്യയിൽ ഞങ്ങൾക്കൊരിക്കലും പങ്കെടുക്കാൻ പറ്റില്ല… അപ്പഴേക്കും വീട്ടീലേക്കു് പോരണ്ട സമയമാകും.

നല്ല മാതാവേ മരിയേ എന്ന പാട്ടു് പ്രാർത്ഥന കഴിഞ്ഞാൽ വലിയ ശബ്ദത്തിൽ ഇടവഴിയിൽ മുഴങ്ങും ഒരു വിട്ടീൽ പകുതിയാകുമ്പോഴായിരിക്കും അടുത്ത വീട്ടിൽ തുടങ്ങുക. കത്തോലിക്കരും ഈഴവരും ഇടകലർന്നു് പാർക്കുന്ന ആ ഇടവഴിയിൽ മണ്ണാൻ, ഓടൻ, കരുവാൻ എന്നിവരുമുണ്ടു്. എല്ലാവരും പരസ്പരം മുതിർന്നവരെ ചേട്ട, ചേച്ചി എന്നു വിളിക്കുന്ന ഒരു ശീലമാണവിടെ. ഏതു് അടുക്കളയിലും ആർക്കും കയറി ചെല്ലാം.

രാത്രി ഏഴു മണി കഴിഞ്ഞു് മണ്ണാമുക്കു് ഇടവഴിയിലൂടെ നടന്നാൽ കുന്തിരിക്ക പുകയുടെ മണവും ചന്ദന തിരിയുടെ മണവും മാറി മാറി വരും. ചിലയിടത്തു് മീൻ കറി ഉള്ളി കാച്ചുന്ന മണമാണെങ്കിൽ സാമ്പാർ കടുകു വറുക്കുന്ന മണമാകും അപ്പുറത്തു്.

വൃശ്ചികമാസം അയ്യപ്പസ്വാമിക്കെന്നപോലെ മെയ് മാസം മാതാവിന്റെ മാസമാണു്. ‘നല്ല മാതാവേ’ എന്ന പാട്ടു് ആ ദിവസങ്ങളിൽ സന്ധ്യാപ്രാർത്ഥന കഴിഞ്ഞാൽ ഉറക്കെ പാടും. അതിലെ ഏറ്റവും ഉറക്കെ ചൊല്ലുന്നവരി:

“ചെയ്ത്താൻമാർ ഞങ്ങളെ കാത്തിടുകിൽ

ചത്താലും ഞങ്ങൾക്കതിഷ്ടമല്ല”

എന്ന വരിയാണു്.

വണക്കമാസം കാലം കൂടുംമുമ്പു് വികാരിയച്ചൻ വീടുകൾ വെഞ്ചിരിക്കാൻ വരും. കുട്ടികൾ അച്ചന്റെ പിറകെ വീടുകൾ കയറിയിറങ്ങും. എല്ലാ വീട്ടിൽ നിന്നും അച്ചനു് ചായയും പഴവും മിക്ച്ചറും നല്കും. അച്ചൻ അതു് കുട്ടികൾക്കു് കൊടുക്കും.

“ത്രേസ്യകുട്ട്യേ നിന്നെ ഇപ്പോ പള്ളിലേക്കൊന്നും കാണാറില്ലല്ലോ”?.

എഴുപതു കഴിഞ്ഞ വികാരിയച്ചൻ ത്രിസ്യാകുട്ടിയുടെ വീടു് വെഞ്ചിരിപ്പു് കഴിഞ്ഞു് പുറത്തേക്കിറങ്ങുമ്പോൾ തന്റെ മുടിയില്ലാത്ത തലയിൽ വിരലോടിച്ചു കൊണ്ടു് കുശലാന്വേഷണം നടത്തി. അതുവരെ ഭക്തയായി കഴിഞ്ഞ ത്രേസ്യാ കയ്യുകൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കാൻ തുടങ്ങി.

“ഞാൻ നല്ല ഇടയയാകുന്നു. എന്റെ ആടുകൾ എന്റെ സ്വരം കേൾക്കുന്നു. അവ എന്നെയും ഞാൻ അവയേയും തിരിച്ചറിയുന്നു. ഒരു കള്ളനും നായ്ക്കും നരിക്കും ഞാനവയെ വിട്ടുകൊടുക്കില്ല. ഈ കൂട്ടിലേക്കു് എത്തിച്ചേരണ്ട ആടുകൾ ഇനിയുമുണ്ടു് ഞാൻ അവയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു”.

അച്ചൻ അന്തോണിയെ നോക്കി.

അന്തോണി കൈകൂപ്പിക്കൊണ്ടു് പറഞ്ഞു.

“അച്ചോ, ഈശോമിശിഹായ്ക്കു് സ്തുതിയായിരിക്കട്ടെ”

ത്രേസ്യയുടെ ശബ്ദം കേട്ടപ്പോൾ

“ആട്ടിൻകൂട്ടിൽ നിന്നു് മ്മേ, മേ” എന്ന ശബ്ദം ഉയർന്നു. ഒന്നിൽ നിന്നു തുടങ്ങി അതു മുപ്പതായി. എന്തെന്നാൽ കൂട്ടിൽ മുപ്പതു് ആടുകൾ ഉണ്ടായിരുന്നു.

ത്രേസ്യ 101-ാം സങ്കീർത്തനം ഉച്ചത്തിൽ ആലപിക്കാൻ തുടങ്ങി.

“കർത്താവെന്റെ ഇടയനാകുന്നു

എനിക്കൊന്നിനും മുട്ടുണ്ടാക്കുകയില്ല”.

വികാരിയച്ചൻ ക്ഷുഭിതനായി.

അന്തോണി വിക്കി വിക്കി വികാരിയെ ആശ്വസിപ്പിച്ചു. “അ അ അച്ചോ ദൈവസഭാ മത്തായിയാ ഇവളെ ഇങ്ങനെയാക്കിയതു്. അച്ചൻ ഒന്നു് തലയിൽ കൈ വെച്ചു് പ്രാർത്ഥിച്ചാൽ മതി. ഒഴിഞ്ഞു പൊയ്ക്കോളും ”.

images/ten-s-n.png

അച്ചൻ ആസകലം ത്രേസ്യയെ ഒന്നു നോക്കി. പിന്നെ ഇരുത്തി ഒന്നു മൂളി. തൊട്ടടുത്ത കുഞ്ഞാച്ചൂന്റെ വീട്ടിലേക്കു് നടന്നു.

ആലയിൽ നിന്നു് പത്രു ഉച്ചത്തിൽ ശബദമുണ്ടാക്കിക്കൊണ്ടിരുന്നു.

അച്ചൻ പോയി കഴിഞ്ഞപ്പോൾ അവൾ ആട്ടിൻ കൂടിനരികിലേക്ക് ചെന്നു. അപ്പോൾ അവരെല്ലാം കവുങ്ങിന്റെ പാളി കൊണ്ടുണ്ടാക്കിയ കൂടിന്റെ തറയിൽ ഒരുമിച്ചു് ചവുട്ടി ശബ്ദമുണ്ടാക്കുകയും കൂട്ടിൽ കെട്ടിയിട്ട പ്ലാവിലകൾ കടിച്ചു തുപ്പുകയും ചെയ്തു. അവൾ കൂടു തുറന്നു വിട്ടു. ആദ്യം പത്രു, പുറകിൽ ശോശമ്മ, കത്രീന, മറിയം കുട്ടി എന്നിങ്ങനെ സ്ഥാനമനുസരിച്ചു് അവർ ഓരോരുത്തരായി ഇറങ്ങി വന്നു് അവൾക്ക് ചുറ്റും നിലയുറപ്പിച്ചു. പത്രു അവളെ ദേഹമാസകലം നാവു കൊണ്ടു് നക്കുകയും മൂക്കു കൊണ്ടു് മണക്കുകയും ചെയ്തു. അവനു് എത്താതെവന്ന തന്റെ ശീരര ഭാഗങ്ങളെല്ലാം അവൾ കുനിച്ചു കൊടുത്തു.

വൈകുന്നേരം അഞ്ചു മണിക്കു് ശരീരം നിറയെ പഞ്ഞിയുമായി അമ്മാമ കമ്പനി വിട്ടു് വരും. അപ്പോഴേക്കും ഞങ്ങളെ കുളിപ്പിച്ചു് അലക്കിയ ഡ്രസ്സ് ഇടീച്ചു് നിർത്തിണ്ടാകും മേമ.

ഞങ്ങളിങ്ങനെ കുരുമുളകു് വള്ളി പടർന്ന മുരുക്കുമരങ്ങളിൽ (രണ്ടു പടിക്കാലുകൾ) പിടിച്ചു് നല്ല കുട്ടികളായി അമ്മാമ വരുന്നതും നോക്കി നിൽക്കും. ഒരു സഞ്ചിയിൽ വീട്ടു സാമാനങ്ങളും മറ്റേ കയ്യിൽ ചോറ്റുപാത്രവും ഉണ്ടാകും. ചോറ്റുപാത്രം ഞങ്ങൾക്കുള്ളതാണു്. അതിൽ കമ്പനി കാന്റിനിൽ നിന്ന് അഞ്ചു് പൈസ ടോക്കണു് വാങ്ങി, വാച്ച് മാൻ കാണാതെ കൊണ്ടുവരുന്ന ഉഴുന്നുവടയും പരിപ്പുവടയും കാണും. അതു തിന്നിട്ടേ ഞങ്ങൾ അകത്തു കയറൂ.

സന്ധ്യക്കു് അമ്മാമ മുറ്റത്തെ ചവറടുപ്പിൽ കുളിക്കാൻ വെള്ളം ചൂടാക്കാൻ തുടങ്ങുമ്പോൾ ത്രസ്യാ കുട്ടി വൈകുന്നേരത്തെ കഞ്ഞള്ളം എടുക്കാൻ പാത്രവുമായി വരും.

അവധിക്കാലം കഴിയും വരെ ഇതാവർത്തിക്കും.

സ്കൂൾ തുറക്കുന്നതിനു് രണ്ടു ദിവസം മുമ്പു് പുതിയ ബാഗ്, പുതിയ കുട, പുതിയ ചെരിപ്പു്, പുതിയ ഉടുപ്പു്, പുതിയ ബോക്സ്, പുതിയ പേന, പുതിയ പെസിൽ, പുതിയ നോട്ടുപുസ്തകങ്ങൾ ഇവയൊക്കെയായി സങ്കടം ഉള്ളിലൊതുക്കി പോരുമ്പോൾ വിക്കനന്തോണി കണ്ണു നിറഞ്ഞു കൊണ്ടു് തലയിൽ തട്ടി പറയും ഓണത്തിനു് വേഗം വരണം.

കൂട്ടുകാരായ കുഞ്ഞാച്ചു, സുര, യൂദ എന്നിവർ ഇടവഴിയുടെ അറ്റത്തുള്ള ബസ് സ്റ്റോപ്പ് വരെ കൂടെവരും. അഞ്ചു മണിക്കുള്ള സുബിത ബസ്സിൽ കയറുമ്പോൾ അവർ ടാറ്റ പറഞ്ഞു് പിന്നിൽ നിൽക്കും. കമ്പനി പടിക്കൽ നിന്നു് അമ്മ മുന്നേ ആ ബസ്സിൽ കയറിയിട്ടുണ്ടാകും.

images/eleven-s-n.png

തൃസൂട്ട്യേച്ചിയുടെ ആടുകൾ കുറുക്കന്റെ തോപ്പിൽ നിന്നു് വരിവരിയായി വീട്ടിലേക്ക് വന്നു കൊണ്ടിരുന്നു.

റോസി തമ്പി
images/rosy.jpg

തൃശൂരിലെ പുന്നമ്പറമ്പിൽ 1965-ൽ ജനനം. തൈക്കാട് വറീത് തോമയുടെയും മാളിയേക്കൽ ലോന മേരിയുടെയും മകൾ. പ്രൊഫ. വി. ജി. തമ്പി ഭർത്താവു്, ചാരുലത തമ്പി, സ്വാതിലേഖ തമ്പി എന്നിവർ മക്കൾ. ഗവ. ഹൈസ്കൂൾ മമ്പാട്, ശ്രീ വ്യാസ എൻ എസ് എസ് കോളേജ് വടക്കാഞ്ചേരി, വിമല കോളേജ് തൃശൂർ, കേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും. ബൈബിളും മലയാളവും (ഗവേഷണ പ്രബന്ധം), സ്ത്രൈണ ആത്മീയ (പഠനം), സഹജീവനം (ലേഖനം), പറയാൻ ബാക്കിവെച്ചതു് (കവിത), പ്രണയലുത്തിനിയ (കവിത) എന്നിവ പ്രധാന കൃതികൾ. കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ.

ചിത്രീകരണം: ജി. രജീഷ്

Colophon

Title: Thresyakkuttiyude Aadukal (ml: ത്രേസ്യാക്കുട്ടിയുടെ ആടുകൾ).

Author(s): Rosy Thampi.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-01.

Deafult language: ml, Malayalam.

Keywords: Short Story, Rosy Thampi, Thresyakkuttiyude Aadukal, റോസി തമ്പി, ത്രേസ്യാക്കുട്ടിയുടെ ആടുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Praying Mantis and the Moon, a painting by Seitei (Shotei) Watanabe (1851–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.