images/Rouge_bleu_vert.jpg
Ocean blue vermilion head, a painting by Amadeo de Souza Cardoso (1887–1918).
മൂന്നാമത്തെ കഥ
സാബു ഹരിഹരൻ

ആരുമറിയാത്ത ജീവിതങ്ങൾക്കിടയിൽ അവിശ്വസനീയമായ കഥകളുറങ്ങിക്കിടക്കുന്നുണ്ടെന്ന വിശ്വാസക്കാരനാണു് ഞാൻ. അതു കൊണ്ടു് അപരിചിതരെയാണു് നിരീക്ഷിക്കാറും. രണ്ടു പേർ സന്ധിക്കുന്നു എന്നിരിക്കട്ടെ, അതിൽ ഒരോരുത്തർക്കും ഒരോ കഥയുള്ളതു പോലെ, രണ്ടു പേർ ചേരുമ്പോൾ മൂന്നാമതൊരു കഥ അവർക്കിടയിൽ അവരറിയാതെ ജനിക്കുന്നുണ്ടു്. ആ മൂന്നാമത്തെ കഥ കണ്ടെത്തുന്നതിലാണു് ഒരു കഥാകാരന്റെ വിജയം. കുറച്ചു് നാളുകളായി പലവിധ കഥകളുടെ വിത്തുകൾ ലഭിച്ചുവെങ്കിലും, വേണ്ടവിധം വെള്ളവും വളവും പകരാത്തതു് കൊണ്ടോ, വിത്തുകളിൽ ഏതു് ആദ്യം നടണമെന്ന ആശയക്കുഴപ്പം കാരണമോ, പലതും പാഴായി പോവുകയാണുണ്ടായതു്.

images/sabu_mk-02-t.png

സർക്കാരാഫീസിലെ പണി കഥയെഴുത്തിനു് സൗകര്യപ്രദമാണു്. കഥയിലൂടെ രോഷം കൊള്ളാനും, അനീതിയെ എതിർക്കാനും എളുപ്പമാണു്. എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി ദിനപത്രങ്ങളത്രെ. ദിവസവും എത്രയെത്ര കഥകളാണു് വിളമ്പുന്നതു്! വാർത്തകൾക്കു് മുന്നിൽ എഴുത്തുകാരുടെ കഥകൾ ഒന്നുമല്ല! ഇപ്പോൾ കഥയേതു് വാർത്തയേതു് എന്നു് സംശയം തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കുന്നു കാലത്തിന്റെ പോക്കു്. കടലാസിനും പേനയ്ക്കുമിടയിൽ ആയിരമായിരം കഥകളുറങ്ങി കിടപ്പുണ്ടു്. അവയെ പേനത്തുമ്പു് കൊണ്ടൊന്നു തൊട്ടുണർത്തുകയേ വേണ്ടൂ. ഇന്നു് ഏതായാലും രണ്ടു വരിയെങ്കിലും എവിടെ നിന്നെങ്കിലും പിഴിഞ്ഞെടുക്കണമെന്ന വാശിയിൽ ഞാനിരുന്നു. മേശപ്പുറത്തെ ഫയലുകളിൽ ചിലരുടെ സ്വപ്നങ്ങളും, സങ്കടങ്ങളും അടുക്കിനിരുപ്പുണ്ടു്. പക്ഷേ, അതൊന്നും കാല്പനികമായ ഒരു ദൗത്യത്തിലേർപ്പെടുമ്പോൾ എന്നെ അലോസരപ്പെടുത്താറില്ല. കാഴ്ചകളിൽ നിന്നാണല്ലോ കഥകളുടെ തുടക്കം. ദിവസം തുടങ്ങിയതു മുതലുള്ള കാഴ്ചകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. ഓടിയോടി തളർന്നു വരികയായിരുന്നു. അപ്പോഴാണു് രാവിലെ ബസ്സിലിരുന്നപ്പോൾ കണ്ട ഒരു കാര്യമോർത്തതു്. വളരെ നിസ്സാരമായ ഒരു കാര്യമായതു് കൊണ്ടാവാം അതേക്കുറിച്ചു് ഓർക്കാതിരുന്നതു്. ഒരാളെ വണ്ടിയിടിച്ചിട്ടതായിരുന്നു സംഭവം. എന്റെ ബസ്സ് മുന്നോട്ടെടുത്തു കഴിഞ്ഞപ്പോഴാണു് ആ സംഭവം നടന്നതു്. തലതിരിച്ചു് നോക്കാനൊരു ശ്രമം നടത്തിയതാണു്. പക്ഷേ, അൾക്കൂട്ടവും, ബഹളവും കാരണം കാഴ്ച തടസ്സപ്പെട്ടു. ആ ഒരു നിമിഷം വലിയ ഒരു നഷ്ടബോധം എനിക്കു തോന്നിയെന്നു പറഞ്ഞു കൊള്ളട്ടെ. ഞാൻ അയാളെ കുറിച്ചോർത്തു. തികച്ചും അപരിചിതൻ—കഥാപാത്രമാക്കാൻ പറ്റിയ ഒരാൾ. അയാൾക്കെന്താവും സംഭവിച്ചിരിക്കുക? എഴുത്തുകാരൻ സാഹസികനായിരിക്കണം, അനുകമ്പയുടെ കുടം ചുമക്കുന്നവനാവണം. കുറഞ്ഞപക്ഷം മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യത്തിലധികം താത്പര്യം കാണിക്കുന്നവനെങ്കിലും ആവണം! ഞാൻ തീരുമാനിച്ചു—ഇന്നു തന്നെ ആ അജ്ഞാതനെ അന്വേഷിച്ചു് കണ്ടെത്തണം. ആദ്യമായി ഒരു കഥാപാത്രത്തിനെ പിൻതുടരാൻ പോവുകയാണു് ! ആ ചിന്ത തന്നെ ഒരു ലഹരിയായി തലയ്ക്കു് പിടിച്ചു. ഇനി ഈ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞു് വരുന്ന കഥയ്ക്കു് വല്ല അംഗീകാരമോ മറ്റോ കിട്ടിയാൽ…? സമയം—എല്ലാത്തിനും അതു പ്രധാനവും പ്രസക്തവുമാണു്. ലോട്ടറി സമ്മാനം കിട്ടിയേക്കാം. പക്ഷേ, കുറഞ്ഞപക്ഷം ടിക്കറ്റ് വാങ്ങിവെയ്ക്കണ്ടേ? സദസ്സുകളിൽ പറയാൻ ഒരു കഥ കൂടിയായി. കഥാപാത്രത്തിനെ പിൻതുടർന്ന കഥാകാരൻ, കഥയ്ക്കായി ജന്മം തന്നെ നീക്കിവെച്ച കഥാകാരൻ എന്നൊക്കെ ആരെങ്കിലും എന്നെക്കുറിച്ചു് പിൻകാലത്തു് എഴുതാനോ, പറയാനോ ഉള്ള സാദ്ധ്യതയും തള്ളിക്കളയാനാവുന്നതല്ല.

പറഞ്ഞാൽ വിശ്വസിക്കില്ല നിങ്ങൾ. വൈകുന്നേരം വരെ ഒരു തരം വീർപ്പുമുട്ടലായിരുന്നു. വീർപ്പുമുട്ടലും ആത്മസംഘർഷവും തന്നെയാണല്ലൊ ഒരു കഥാകാരന്റെ പ്രഥമ ലക്ഷണം! ചുവരിലെ ക്ലോക്കിൽ അഞ്ചടിക്കാൻ സൂചി വന്നു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നപ്പോൾ, ആരെങ്കിലും സ്റ്റൂളിട്ടു കയറി നിന്നു് ആ സൂചി ഒന്നു് നീക്കിയിരുന്നെങ്കിൽ എന്നു പോലും ആശിച്ചു പോയി. അഞ്ചടിച്ചപ്പോൾ, കുടയുമെടുത്തു് ഞാൻ വേഗത്തിൽ പുറത്തേക്കു് നടന്നു. കുട കൈവശം കരുതുന്നതു് മഴ വരാതിരിക്കാനുള്ള ഒരു സൂത്രപ്പണിയാണു്. ഈ മഴയും കുടയും ആരുമറിയാതെ ചില രഹസ്യ ഇടപാടുകൾ തമ്മിൽ നടത്തുന്നുണ്ടു്. ഒരാളുള്ളപ്പോൾ മറ്റെയാൾ ഉണ്ടാവില്ല! അതൊരു തരം ധാരണയാണു്. അതു ബുദ്ധിപൂർവ്വം മനസ്സിലാക്കിയ നാൾ മുതൽ ഞാൻ കുട എടുക്കാൻ ശ്രദ്ധിച്ചു പോന്നിരുന്നു.

images/sabu_mk-01-t.png

ആദ്യം മെഡിക്കൽ കോളേജിലേക്കാണു് പോയതു്. റോഡപകടം പറ്റിയ ഒരാളെ ആരും ആദ്യമെത്തിക്കുക അവിടെയാണല്ലോ. പോരാത്തതിനു ചികിത്സ സൗജന്യവും. സ്വാഭാവികമായും ഞാൻ അതേ പാതയിലൂടെ പോയി. കുറച്ചു് സമയത്തെ അന്വേഷണത്തിനൊടുവിൽ അറിയാൻ കഴിഞ്ഞു, ആ ദൗർഭാഗ്യവാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം. കൊണ്ടു വരുമ്പോഴെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും, എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുൻപു് തന്നെ ആൾ മരിച്ചു പോവുകയുമാണു് ഉണ്ടായതെന്നും അറിയാൻ കഴിഞ്ഞു. എന്റെ ആദ്യ ഉദ്യമം പരാജയപ്പെട്ടിരിക്കുന്നു. പക്ഷേ, എന്റെ കഥാപാത്രത്തിനെ അവിടെ ഉപേക്ഷിച്ചു പോകാൻ ഞാനൊരുക്കമായിരുന്നില്ല. അയാളെ കുറിച്ചു് കൂടുതലറിയാൻ എന്നെ ആരോ പ്രേരിപ്പിക്കുന്നതു് പോലെ തോന്നി. ചിലപ്പോൾ അതു് മറ്റൊരു കഥയുടെ വാതിൽ തുറന്നു തരില്ലെന്നാരു കണ്ടു? എനിക്കു് അയാളെ നേരിൽ കാണണമെന്നു തോന്നി. മോർച്ചറിയായിരുന്നു ലക്ഷ്യം. എന്തെങ്കിലും ചോദ്യം വന്നാൽ തന്നെ, കാണാതായ ബന്ധുവിനെ കുറിച്ചൊരു കഥ പറയാം. അല്ലെങ്കിൽ ഞാൻ മാന്യമായി കൈക്കൂലി കൊടുക്കും. അതിനുള്ള സംഖ്യ എന്റെ പോക്കറ്റിലുണ്ടു്.

മോർച്ചറി വാതിൽ തുറന്നകത്തേക്കു് കയറുമ്പോൾ പലവിധ കഥാസന്ദർഭങ്ങൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു. എന്റെ ആദ്യത്തെ മോർച്ചറി സന്ദർശനാനുഭവം! ഒരുപക്ഷേ, ലോകത്തു് എല്ലാവരേയും സമന്മാരായി കാണാൻ കഴിയുന്ന ഒരേയൊരു ഇടം മോർച്ചറി ആയിരിക്കും. വെള്ള പുതച്ചു കിടക്കുന്ന മൂന്നോ നാലോ ശരീരങ്ങൾ മുറിക്കുള്ളിൽ കാണാൻ കഴിഞ്ഞു. എല്ലാവരും സമാധാനമായി യാതൊരു പരാതിയുമില്ലാതെ കിടക്കുന്നു. ഇതിലേതാവാം എന്റെ കഥാപാത്രം? ഏതൊക്കെ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചു വിലസിയിരുന്നവരാവും ഇവരൊക്കെ? തുണിക്കടയിൽ ചെല്ലുമ്പോൾ നിറങ്ങൾക്കായി എത്ര നേരം ഞാൻ സമയം ചിലവാക്കിയിരിക്കുന്നു! ഇവിടെ എല്ലാവരും വെള്ള പുതച്ചാണു് കിടക്കുന്നതു്. വെളുപ്പു്—പ്രകാശത്തിന്റെ നിറം. നവജാത ശിശുക്കളേയും, അന്ത്യയാത്ര നടത്തുന്നവരേയും ധരിപ്പിക്കുന്നതു് വെളുത്ത വസ്ത്രങ്ങൾ. വെളുപ്പു് മുതൽ വെളുപ്പു് വരെ, പ്രകാശം മുതൽ പ്രകാശം വരെ—അത്രയേ ഉള്ളൂ ജീവിതം. ജഢം മറച്ചിരുന്ന വിരി മാറ്റിയപ്പോൾ ഞാൻ ആ മുഖത്തേക്കു് ആകാംഷയോടെ നോക്കി. എന്റെ കഥാപാത്രമാണു്! അല്പം ഉന്തി നില്ക്കുന്ന പല്ലുകൾ. കരിവാളിച്ച ചുണ്ടുകൾ. നരച്ച മീശ. അതിൽ പുക കറ കാണാം. നെറ്റി മുകളിലേക്കു് വളർന്നു കയറി പോയിരിക്കുന്നു. മൂക്കിനുള്ളിൽ നിന്നും ഇറങ്ങി തുടങ്ങിയ രക്തം, പകുതി വഴിയിൽ ഉറച്ചു പോയതു് എന്റെ കണ്ണുകൾ പിടിച്ചെടുത്തു. ചുരുണ്ട മുടിയാണു്. തൂവെള്ള ഷർട്ടിൽ ഉണങ്ങി പോയ രക്തക്കറയുടെ പാടുകൾ, കാപ്പിപ്പൊടി നിറമുള്ള പാന്റ്. എന്റെ കഥാപാത്രത്തിന്റെ രൂപം അവിടെ പൂർത്തിയായി. വിചിത്രമായൊരു കാര്യം ഞാൻ ശ്രദ്ധിച്ചു. അയാളുടെ ചുണ്ടിൽ ഒരു ചിരി കുടുങ്ങി കിടക്കുന്നു! ആ രൂപത്തിനെ, എന്തു കൊണ്ടോ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കാനെനിക്കു തോന്നി. നോക്കി നില്ക്കുമ്പോൾ എനിക്കു് ഇയാളെ പരിചയമുണ്ടല്ലോ എന്നു തോന്നിത്തുടങ്ങി. നല്ല പരിചയമല്ല… പക്ഷേ… ആ മുഖം… ആകൃതി… വളഞ്ഞ മൂക്കു്… നേർത്ത പുരികം… ഒക്കെയും ആരേയോ ഓർമ്മിപ്പിക്കുന്നതായി തോന്നി. എന്നാലതാരാണെന്നു് ഓർമ്മ പറഞ്ഞു തരുന്നുമില്ല. സമീപത്തു നിന്നും കേട്ട ‘ഇയാളാണോ?’ എന്ന ചോദ്യത്തിനു് മറുപടിയായി, സിനിമ സ്റ്റൈലിൽ ഇടത്തേക്കും വലത്തേക്കും സാവധാനത്തിൽ തലയാട്ടുമ്പോഴും, അയാളെ അറിയാം എന്ന അവ്യക്തചിന്തയിൽ അസ്വസ്ഥനാകുകയായിരുന്നു ഞാൻ. ഒരുപക്ഷേ, ആ ഒരു കാര്യത്തിനേക്കാൾ അലട്ടിയതു്—അയാളെക്കുറിച്ചുള്ള കാര്യങ്ങൾ എനിക്കു് ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന കാര്യത്തിലായിരുന്നിരിക്കണം.

images/sabu_mk-04-t.png

മോർച്ചറിക്കു വെളിയിൽ വന്നതും ആ മുഖവും പേരും ഓർമ്മകൾ എന്റെ മുന്നിൽ കുടഞ്ഞിട്ടു തന്നു. ‘മനോജ് കുമാർ’! എന്റെ ഒപ്പം കോളേജിൽ മൂന്നു വർഷമുണ്ടായിരുന്നെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വന്നിരുന്ന മനോജ്. അതൊരു ചെറുപ്പക്കാരനു പറ്റിയ പേരാണു്. ആ പേരും ഇപ്പോൾ കണ്ട, മെലിഞ്ഞ മദ്ധ്യവയസ്സ് പിന്നിട്ട ശരീരവും ഒട്ടും പൊരുത്തപ്പെട്ടു പോകുന്നില്ല. പ്രായത്തിനനുസരിച്ചു് പേരു മാറ്റാൻ പറ്റില്ലല്ലോ! ചില സമയങ്ങളിൽ ആലോചിക്കാറുണ്ടു്, നമ്മുടെ പ്രധാനമന്ത്രിയുടെ പേരു് തങ്കപ്പൻ അല്ലേൽ, വിനു കുമാർ അല്ലേൽ അപ്പുണ്ണി എന്നൊക്കെ ആയിരുന്നെങ്കിൽ എന്നു്. എന്തു കൊണ്ടാണു് രൂപവും പേരും അല്ലെങ്കിൽ പദവിയും പേരും നമ്മൾ ഒത്തു നോക്കുന്നതു്? സിനിമകളിലും കഥകളിലും പണക്കാരനായ നായകനു് എന്തു കൊണ്ടാരും കുട്ടപ്പൻ എന്നോ, ശങ്കുണ്ണിയെന്നോ പേരിടുന്നില്ല? ഇതു പോലുള്ള ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വരാൻ തുടങ്ങി. ഞാൻ അതൊക്കെയും ഉപേക്ഷിച്ചു മനോജ് കുമാറിന്റെ പിന്നാലെ പോകാൻ തീരുമാനിച്ചു. വീണ്ടും ചിലരെ കണ്ടു. ആർക്കും ഇതുവരേയും അയാളെ കുറിച്ചു് ഒരു വിവരവും കിട്ടിയിട്ടില്ല. എന്റെ കഥാപാത്രം ഒരു മരിച്ച ആളാണെങ്കിലും, അയാൾക്കു് ജീവിച്ചിരിക്കുന്നവരുണ്ടാകുമല്ലോ. അയാൾക്കു് ഒരു ജീവിതം ഉണ്ടായിരുന്നല്ലോ. ഒരു തീപ്പൊരിക്കു് ഇനിയും സാധ്യതയുണ്ടു്. ഞാൻ തീരുമാനിച്ചു, എന്റെ പഴയ സഹപാഠിയും സുഹൃത്തുമായ മനോജിനെ കുറിച്ചു് അറിയാൻ. എന്റെ അതേപ്രായമല്ലേ അവനു്? അവൻ തണുത്ത ഒരു മുറിയിൽ വെള്ള പുതച്ചു് കിടക്കുന്നു. ഞാനിപ്പോഴും ജീവനോടെ… ഏതോ ഒരു അർത്ഥമില്ലാത്ത മത്സരത്തിൽ ജയിച്ചതു പോലൊരു തോന്നൽ. തൊട്ടടുത്ത നിമിഷം എന്റെ അഹങ്കാരത്തേക്കുറിച്ചോർത്തു് സ്വയം ലജ്ജിക്കുകയും ചെയ്തു. എന്താണു് ജയം? എന്താണു് തോൽവി? ഏതു മത്സരത്തേക്കുറിച്ചാണു് ഞാൻ ചിന്തിക്കുന്നതു് ?

മനോജ്—ആ ഒരു പേരു മാത്രമെ എന്റെ കൈയ്യിലുള്ളൂ. അവന്റെ വീടെവിടെ? വീട്ടുകാർ ആരൊക്കെ? വിവാഹിതൻ? കുട്ടികൾ? ഒന്നും തന്നെ അറിയില്ല. പക്ഷേ, മരണവിവരം അവന്റെ വീട്ടിൽ ചെന്നറിയിക്കാൻ തന്നെ തീരുമാനിച്ചു. ഒരാളിലേക്കുള്ള വഴി മറ്റൊരാളിലൂടെയാണു്. പരിചയമുള്ള സുഹൃത്തുക്കളുടെ പേരുകൾ മനസ്സിൽ നിരത്തിയിട്ടു. അതിൽ മനോജിന്റേയും എന്റെയും കൂടെ പഠിച്ച, ഇപ്പോഴും പരിചയം സൂക്ഷിക്കുന്ന ഒരാൾ മാത്രം—സുരേഷ്. ഉടൻ തന്നെ സുരേഷിനെ വിളിച്ചു. മനോജിന്റെ മരണത്തെ കുറിച്ചു് പറഞ്ഞു. കൊച്ചിയിൽ എന്തോ ആവശ്യത്തിനു പോയിരിക്കുകയായിരുന്നു അവൻ. ‘അവനിതുവരേയും മരിച്ചില്ലായിരുന്നോ?’ അതായിരുന്നു സുരേഷിന്റെ വായിൽ നിന്നും വന്ന ആദ്യ ചോദ്യം. കൂട്ടത്തിൽ കുറച്ചു് അമ്പരപ്പും. ചോദ്യം കേട്ടു് ഞാൻ വല്ലാതായി പോയി. ഒരാളുടെ മരണം തമാശ പറയാനുള്ള വിഷയമല്ലല്ലോ. അതു കേൾക്കാത്ത മട്ടിൽ മനോജിന്റെ വിലാസമന്വേഷിച്ചു. പഠിക്കുന്ന കാലത്തു് ഒരിക്കൽ മനോജിന്റെ വീട്ടിൽ പോയിട്ടുണ്ടായിരുന്നതു് കൊണ്ടു്, അവൻ ഓർമ്മയിൽ നിന്നു് ഏകദേശം എവിടെയാണതെന്നു് പറഞ്ഞു തന്നു. ‘നിന്റെ ഒപ്പം വരണമെന്നുണ്ടു് പക്ഷേ, ഇവിടന്നു് ഇനി മൂന്നു് ദിവസം കഴിയാതെ അനങ്ങാൻ പറ്റില്ല’ അവന്റെ ന്യായം ഞാനൊരു മൂളലോടെ അംഗീകരിച്ചു. മനോജിന്റെ വീട്ടിലേക്കു് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. സമയം ഏതാണ്ടു് എട്ടു മണിയോടടുത്തെങ്കിലും.

സർക്കാർ ബസ്സിലായിരുന്നു യാത്ര. എങ്ങനെയാണു് ഞാൻ ഈ കാര്യം അവതരിപ്പിക്കാൻ പോകുന്നതു്? അതേക്കുറിച്ചു് അപ്പോഴാണോർത്തതു്. അവന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാവണം. അവന്റെ ഭാര്യ എങ്ങനെയാവും ഈ വാർത്ത നേരിടുക? നെഞ്ചത്തടി കാണാനും നിലവിളി കേൾക്കാനുമുള്ള ആരോഗ്യമൊന്നും എനിക്കിപ്പോഴില്ല. അവനുള്ളതു് ഒരു മകളാവും. സിഗരറ്റ് വലിക്കുന്നവർക്കു് കൂടുതലും പെൺമക്കളാവും ഉണ്ടാവുക എന്നു് ഈയിടെ ഒരു ആരോഗ്യമാസികയിൽ വായിച്ചതല്ലേയുള്ളൂ? ഏതോ ഒരു വിദേശരാജ്യത്തു് നടത്തിയ സർവ്വേയിൽ തെളിഞ്ഞതാണതു്. ഈ വിദേശികളെ സമ്മതിക്കണം! എന്തിനേക്കുറിച്ചും സർവ്വേ നടത്തിക്കളയും. ഞാൻ മനോജിന്റെ മകളെ കുറിച്ചോർക്കാൻ തുടങ്ങി. അവൾക്കു് അമ്മയേക്കാളും അച്ഛനുമായിട്ടായിരിക്കും അടുപ്പം. പെൺകുട്ടികൾക്കു് അച്ഛനോടല്ലേ സ്നേഹം കൂടുതൽ? വാർത്ത കേട്ടാൽ അവൾ എങ്ങനെ പ്രതികരിക്കും? ഇനി ആ പാവം പെൺകുട്ടിയുടെ വിവാഹം ആരു നടത്തും? ഇപ്പോഴവൾ പഠിക്കുകയായിരിക്കും. അവളുടെ കോളേജ് ചിലവു് ?… ആ വീടു് ശരിക്കും തകർന്നു പോകും. ഒരാളുടെ അഭാവത്താൽ ഒരു കുടുംബം മുഴുവനും… മനോജിന്റെ മകളെ എനിക്കു് പഠിപ്പിക്കാൻ കഴിയും. അവളുടെ വിവാഹം… അതിനു കുറച്ചു് സ്വർണം… എന്റെ ചിന്തകൾ കാടു മാത്രമല്ല കയറിയതു്, അതിനപ്പുറമുള്ള കടലും താണ്ടി, മലകളും താണ്ടി യാത്ര തുടർന്നു.

വരാൻ വൈകും, ഭക്ഷണം കഴിച്ചു് ഉറങ്ങിക്കോളൂ എന്നു് വീട്ടുകാരത്തിയെ വിളിച്ചറിയിച്ചു. സുരേഷ് പറഞ്ഞിടത്തു് ബസ്സ് എത്തിയപ്പോഴേക്കും നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ചിന്തകളും ഭാവി പദ്ധതികളും ചുരുട്ടി വെച്ചു് ഞാൻ നടന്നു. പലരോടും ചോദിച്ചാണു് വീടിരിക്കുന്ന സ്ഥലത്തെത്തിയതു്. റോഡിൽ നിന്നും അല്പം ഉയരത്തിലായിട്ടാണു് വീടു്. ആ റോഡ് ഒരു കുന്നിന്റെ അടുത്തു കൂടിയാണു് കടന്നു പോകുന്നതെന്നു് അപ്പോഴാണു് ശ്രദ്ധിച്ചതു്. റോഡിന്റെ ഇരുവശത്തും തല കുനിച്ചു പിടിച്ചു് ഉറക്കം തൂങ്ങി നില്ക്കുന്ന വഴിവിളക്കുകൾ. മിക്കതും ഉറക്കത്തിലാഴ്‌ന്നു കഴിഞ്ഞിട്ടുണ്ടു്. ചിലതു് മയങ്ങി വീഴുകയും, തൊട്ടടുത്ത നിമിഷം ഞെട്ടി പിടഞ്ഞെഴുന്നേറ്റു് കണ്ണു മിഴിക്കുകയും ചെയ്യുന്നുണ്ടു്. ചിലതു് പാതിയുറക്കത്തിലാണു്.

ഞാൻ രാവിലെ കണ്ട അപകടത്തെക്കുറിച്ചു് വീണ്ടുമോർത്തു. ഒരപകടം കാണുമ്പോൾ ഒരു ഞെട്ടലോടെയാണു് ശരീരവും മനസ്സും പ്രതികരിക്കുക. ഉള്ളിലൂടെ ഒരു നിലവിളി പാഞ്ഞു പോവും. ആ നിലവിളിക്കു് ശബ്ദമുണ്ടാവില്ല. അതധികനേരം നീണ്ടു നില്ക്കാറുമില്ല. ഒരു ചെറിയ പ്രകമ്പനം. അത്രമാത്രം. എന്നാൽ ഒരു മരണവീട്ടിൽ ചെന്നു് മൃതശരീരത്തെ കുറച്ചു നേരം നോക്കി നില്ക്കുമ്പോൾ ഉള്ളിലൊരുതരം ശൂന്യത നിറയും. എന്റെ സുഹൃത്തിനെ അവന്റെ വീട്ടിൽ നിലത്തു് വെള്ളപുതച്ചു് കിടത്തിയിരിക്കുന്നതു് മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരിക്കൽ ഞാനും അതേ പോലെ കിടക്കേണ്ടതാണു്. എനിക്കു് ചുറ്റുമിരുന്നു് കരയാൻ ചിലരുണ്ടാവും. കരയുന്നവരെ ആശ്വസിപ്പിക്കാൻ എനിക്കാവില്ല അപ്പോൾ. സത്യത്തിൽ എന്റെ മരണമോർത്തു് ഞാൻ പലവട്ടം ദുഃഖിച്ചിട്ടുണ്ടു്. ഇരുട്ടിൽ ആരുമറിയാതെ കരഞ്ഞിട്ടുമുണ്ടു്. ഒരുപക്ഷേ, എന്നെ പോലെ സ്വന്തം മരണത്തെക്കുറിച്ചോർത്തു് കരഞ്ഞ പലരുമീ ലോകത്തുണ്ടാവും.

ഇരുട്ടിലൂടെ നടന്നപ്പോൾ പെട്ടെന്നെനിക്കെന്റെ ജീവനെ കുറിച്ചു് ഉത്കണ്ഠയായി. ഇവിടെ പാമ്പുകളുണ്ടാവുമോ? മൺപൊത്തുകൾ. അവിടവിടെ കുറ്റിച്ചെടികൾ. ആരേയെങ്കിലും കിട്ടിയാൽ ഒന്നു കടിക്കാമായിരുന്നു എന്നും പറഞ്ഞിരിക്കുന്ന ഒരുത്തൻ മതി. ഞാൻ മണം പിടിച്ചു. വേറൊന്നുമല്ല, പാമ്പ് വാ തുറക്കുന്ന മണം! അങ്ങനെയാണു് എന്റെ അമ്മൂമ്മമാർ എനിക്കു് ആ മണം പരിചയപ്പെടുത്തിയിട്ടുള്ളതു്. അതു സത്യമാണോ അസത്യമാണോ എന്നൊന്നും ഇതുവരെ തിരക്കാൻ പോയിട്ടില്ല. തലയിൽ അങ്ങനെയാണു് ആ ഗന്ധം രേഖപ്പെടുത്തി വെച്ചിരിക്കുന്നതു്. അതു കൊണ്ടു് ജാഗരൂകനായി. കൈയ്യിലിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ചു് ഞാൻ മുകളിലേക്കു് കയറാൻ തുടങ്ങി. കാറ്റടിക്കുമ്പോഴൊക്കെ നാളം നാവു് വളച്ചു് എന്റെ തള്ളവിരൽ നക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതു കാരണം ഞാൻ ലൈറ്റർ പലവട്ടം കെടുത്തുകയും കൊളുത്തുകയും ചെയ്തുകൊണ്ടിരുന്നു.

images/sabu_mk-05-t.png

മുകളിലേക്കു് കയറും തോറും വീട്ടിൽ നിന്നും ഒരു മങ്ങിയ പ്രകാശം മുന്നിൽ പരക്കാൻ തുടങ്ങി. വീട്ടിനു മുന്നിലിരുന്നു് ഒരു ചെറുപ്പക്കാരൻ പുക വലിക്കുന്നതാണാദ്യം കണ്ടതു്. വളരെ ആസ്വദിച്ചു്, പുകയുടെ ഗന്ധം അല്പം പോലും ചോർന്നു പോകാതെ… എവിടെ മകൾ? എനിക്കു് വീടു മാറിപോയിട്ടുണ്ടാവും. ഇനി ഇരുട്ടത്തു് വന്ന വഴി ഇറങ്ങുകയും മാറ്റൊരിടത്തു് കയറാനും തക്ക ഊർജ്ജം എന്റെയീ മെലിഞ്ഞ ശരീരത്തിൽ ബാക്കിയില്ല. വന്ന സ്ഥിതിക്കു് ശരിയായ വീടു് അറിഞ്ഞിട്ടേ തിരിഞ്ഞു നടക്കാവൂ.

‘മനോജ് കുമാർ… വീടു് ഇതാണോ?’ ചോദിച്ചു കഴിഞ്ഞപ്പോഴാണു് വരാന്തയിലെ ചുവരിൽ തൂങ്ങി കിടന്നിരുന്ന അവന്റെ വിവാഹഫോട്ടോ, കാഴ്ചയിലേക്കു് കയറി വന്നതു്. യുവകോമളനായ മനോജും സുന്ദരിയായ ഒരു സ്ത്രീയും. ഒരു നിമിഷം കോളേജ് കാലത്തിലേക്കെന്റെ മനസ്സു് പാഞ്ഞു.

എന്റെ നേർക്കു് നോക്കാതെ, ഊതിവിടുന്ന പുകയുടെ ഗതി ശ്രദ്ധിച്ചു കൊണ്ടു് ആ ചെറുപ്പക്കാരൻ അകത്തേക്കു് നോക്കി വിളിച്ചു പറയുന്നതു് അപ്പോൾ കണ്ടു.

‘അമ്മേ… ദാ ആരോ അച്ഛനെ തെരക്കി വന്നിരിക്കുന്നു’

അപ്പോൾ മകളല്ല… മകനാണു്. വിനയകുനിയനായ ഒരു മകൻ.

കോളേജ് ഫീസ്, സ്ത്രീധനം, സ്വർണ്ണം… എല്ലാം ഞാൻ മായ്ച്ചു കളഞ്ഞു.

അപ്പോഴേക്കും അകത്തു നിന്നും ഒരു സ്ത്രീ തിണ്ണയിലേക്കു് വന്നു. മുഷിഞ്ഞ വേഷമാണോ മുഷിഞ്ഞ സ്ത്രീയാണോ എന്നു തിരിച്ചറിയാനായില്ല. ഫോട്ടോയിൽ കണ്ട രൂപവുമായി വിദൂരസാമ്യം പോലുമില്ല.

‘എന്തിനാ സാറെ?… രാവിലെ തന്നെ കുപ്പീം പിടിച്ചോണ്ടു് പോയതാ… ഇനി പാതിരാത്രിയാവുമ്പോ നാലു കാലേൽ കേറി വരും…’

എന്റെ സഹപാഠിയായ മനോജിനെ കുറിച്ചാണോ ഈ പറയുന്നതു്…? ചിരിച്ചു കൊണ്ടു് മരിച്ചു കിടന്ന…

‘ഞാൻ മനോജിന്റെ…’ ആകുലതയോടെ ആരംഭിച്ചതാണു്.

അപ്പോഴേക്കുമവർ എന്റെ വാക്കുകളെ മുറിച്ചിട്ടു കൊണ്ടിങ്ങനെ പറഞ്ഞു, ‘പൊന്നു സാറെ… അങ്ങേര് എപ്പൊ വരൂന്നൊന്നും പറയാമ്പറ്റത്തില്ല… എവിടേങ്കിലും കെടപ്പുണ്ടാവും… സാറ് നാളെ വാ… ചെലപ്പൊ കാണാം’

ഞാൻ ഒന്നും മിണ്ടിയില്ല. സ്ത്രീ തിരിഞ്ഞകത്തേക്കു് നടന്നു.

‘എവിടെ തൊലഞ്ഞു പോയോ എന്തോ’

അവജ്ഞ നിറഞ്ഞ ആ ആത്മഗതം മാത്രം അന്തരീക്ഷത്തിൽ ബാക്കിയായി.

വിനയൻ പുകയൂതി രസിച്ചു കൊണ്ടിരുന്നു. പ്രപഞ്ചം മുഴുക്കെയും മൗനം വന്നു നിറഞ്ഞതായി തോന്നി. ഞാൻ ഒറ്റയ്ക്കായതായും. ഇവരോടു് ഞാൻ എന്താണു് പറയേണ്ടതു? നിങ്ങളുടെ ഭർത്താവു് ഇപ്പോൾ തണുത്ത മോർച്ചറി മുറിയിൽ കിടപ്പുണ്ടെന്നോ? ഈ സ്ത്രീ തൊട്ടുമുൻപു് ശപിച്ച നാവു് കൊണ്ടു് നിലവിളിക്കുമോ? അതോ ഇതു മുഴുക്കെയും ഒരു സ്വപ്നമാണോ? ഞാനിപ്പോഴുമെന്റെ കിടക്കയിൽ പുതച്ചു കിടന്നുറങ്ങുകയാണോ?

images/sabu_mk-03-t.png

ഒരിക്കൽ കൂടി അവന്റെ വിവാഹഫോട്ടോയിലേക്കു് നോക്കി. പിന്നീടു് തിരിഞ്ഞു നടന്നു. കുന്നിറങ്ങണം. എത്രയും വേഗം സ്വൈര്യക്കേടു് നിറയുന്ന യാഥാർത്ഥ്യത്തിന്റെ തോടു് പൊളിച്ചു് പുറത്തു് കടക്കണം. ഈ ഇരുട്ടു് മൂടിയ ഇടത്തു് നിന്നും വെളിച്ചത്തിലേക്കു് പോകണം. താഴെ റോഡിലെത്തിയപ്പോൾ, നിവർന്നു നിന്നു ആകാശത്തേക്കു് നോക്കി. അസ്വാഭാവിക മരണം… അവന്റെ ആത്മാവു് ഇവിടെ അലഞ്ഞു തിരിയുകയാവും. ചിലപ്പോൾ അവൻ മനപ്പൂർവം വണ്ടിക്കു് വട്ടം ചാടിയതാവും. എന്നാലും അവൻ ഇത്ര നേരത്തെ… അവനെന്റെ കഥാപാത്രമാണെന്ന കാര്യം ഞാൻ പാടെ മറന്നു. അവനെന്റെ ഒരു പഴയ സുഹൃത്തു് മാത്രമായി പോയി ആ നിമിഷം. ഒരുപക്ഷേ, അവനങ്ങനെ മരിക്കുന്നതാവും ഏറ്റവും നല്ലതു്. ആരുമറിയാതെ, ആരുടേയും ശാപവചനങ്ങൾ കേൾക്കാതെ, കള്ളക്കണ്ണീർ കാണാതെ, ഒരനാഥനു തുല്യം സ്വാതന്ത്ര്യത്തോടെയുള്ള മരണം. അവന്റെ ആത്മാവു് ശാന്തിയടയട്ടെ.

കേട്ടതും കണ്ടതും കഥകളാക്കാൻ ഒരുങ്ങി നടന്നതായിരുന്നു. കഥാപാത്രത്തിന്റെ പിന്നാലെ പോയി കഥ ഇല്ലാത്തവനായി തീർന്നു പോയിരിക്കുന്നു, ഞാനും എന്റെ കഥാപാത്രവും. അവനെ എങ്ങനെയാണു് ഒരു കഥാപാത്രമാക്കുക? എഴുതിയാൽ തന്നെയും ആ കഥയിൽ വായനക്കാർക്കു് സന്തോഷം പകരുന്ന ഒരു കാര്യം പോലുമുണ്ടാകില്ല. ഒരു കണിക പോലും… യഥാർത്ഥ ജീവിതം പോലെ, വിരസവും, വിശദീകരിക്കാനാവാത്ത ചില യാദൃച്ഛികതകളും മാത്രം.

അന്നു രാത്രി വെറും ഒരു വരി മാത്രം ഞാനെന്റെ ഡയറിയിൽ കുറിച്ചിട്ടു. അതിപ്രകാരമായിരുന്നു:

‘ജീവിതത്തിന്റെ നേർക്കാഴ്ചകൾ തികച്ചും വിരസവും സാധാരണവുമാണു്…’

സാബു ഹരിഹരൻ
images/sabu_hariharan.jpg

ജനനം: 1972-ൽ.

സ്വദേശം: തിരുവനന്തപുരം.

അമ്മ: പി. ലളിത

അച്ഛൻ: എം. എൻ. ഹരിഹരൻ

കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ ഇഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം. താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടു്.

മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പു്), മാതൃഭൂമി, ജനയുഗം, കേരളകൗമുദി, കേരളഭൂഷണം (വാരാന്ത്യപ്പതിപ്പു്), അകം, കേരള കൗമുദി (ഓണപ്പതിപ്പു്).

രണ്ട് പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.

  1. ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
  2. ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)

കഴിഞ്ഞ പത്തു വർഷങ്ങളായി ന്യൂ സീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

വി. പി. സുനിൽകുമാർ
images/v-p-sunilkumar.jpg

1966-ൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂൾ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക കോളേജ് എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ താല്ക്കാലികമായി പുത്തൻവേലിക്കരയിലെ ‘മൊമ്മാലീസിൽ’ താമസം.

Colophon

Title: Moonamaththe Katha (ml: മൂന്നാമത്തെ കഥ).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-17.

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Moonamaththe Katha, സാബു ഹരിഹരൻ, മൂന്നാമത്തെ കഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Ocean blue vermilion head, a painting by Amadeo de Souza Cardoso (1887–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.