ചില്ലു ജാലകത്തിനരികിലിരുന്നാണു് അച്ഛനും മകനും ചെസ്സ് കളിച്ചു കൊണ്ടിരുന്നതു്. ഇന്നിതു മൂന്നാമത്തെ കളിയാണു്. ആദ്യത്തെ രണ്ടു കളിയിലും അച്ഛൻ സ്നേഹപൂർവം തോറ്റു കൊടുത്തിരുന്നു. കുഞ്ഞു കണ്ണുകൾ ചുവക്കുന്നതോ, നിറയുന്നതോ ആ അച്ഛൻ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രവുമല്ല, താൻ തോൽക്കുമ്പോഴും ചില നീക്കങ്ങൾ പൈതൽ പഠിക്കുന്നുണ്ടല്ലോ എന്നതായിരുന്നു ആ പിതാവിന്റെ വിചാരം. അതു കൊണ്ടാവണം, തന്ത്രപരമായ ചില നീക്കങ്ങൾ മകനു ചൂണ്ടി കാണിച്ചു കൊടുക്കാൻ പോലും അദ്ദേഹം മടി കാണിച്ചില്ല.
ഉറങ്ങുന്നതിനു മുൻപു് കുറച്ചു് നേരം ചെസ്സ് കളിക്കുക—അതാണു് പതിവു്. ഇരുട്ടു് വീണതോടെ, സ്നേഹം നിറഞ്ഞ ശാസനയോടെ അമ്മ രംഗത്തു് വന്നു. കളി പൂർത്തിയാക്കാതെ കിടക്കയിലേക്കു് പോകാൻ മകൻ ഒരുതരത്തിലും കൂട്ടാക്കിയില്ല. രണ്ടു വട്ടം ജയം രുചിച്ചതിന്റെ ഉത്സാഹത്തിലായിരുന്നു അവൻ. ഒടുവിൽ അച്ഛൻ ബുദ്ധിപൂർവം കളങ്ങൾക്കു പുറത്തു് ഒരു നീക്കം നടത്തി.
‘നമുക്കിതു് ഇങ്ങനെ തന്നെ വെച്ചേക്കാം. അനക്കരുതു്! നാളെ രാത്രി ഊണു കഴിഞ്ഞു ഇതിന്റെ ബാക്കി കളിക്കാം. പോരെ?’
ആ നീക്കത്തിൽ മകൻ അടിയറവു് പറഞ്ഞു. അമ്മയുടെയും അച്ഛന്റേയും മുഖത്തു് ആശ്വാസം നിറഞ്ഞു.
പുറത്തു് പാതിരാക്കാറ്റു് വീശി തുടങ്ങുമ്പോഴേക്കും ഓടിട്ട ആ വീട്ടിലുള്ളവർ മെത്തയിൽ സസുഖം ഉറങ്ങാനാരംഭിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണു് മേഘങ്ങളെ വകഞ്ഞു മാറ്റി ചന്ദ്രരശ്മികൾ ഭൂമിയിലേക്കു് സഞ്ചരിക്കാനാരംഭിച്ചതു്. ചില്ലുജാലകത്തിലൂടെ വീട്ടിനുള്ളിലേക്കു് പ്രവേശിച്ച നിലാവിന്റെ നേർത്ത നീല വെളിച്ചം, ചെസ്സ് ബോർഡിൽ അമർന്നിരുന്ന യോദ്ധാക്കളുടെ മേൽ പതിച്ചു. വിളറിയ നീണ്ട നിഴലുകൾ ചെസ്സ് ബോർഡിൽ പ്രത്യക്ഷമായി…
‘ഇന്നത്തെ നീക്കങ്ങളെല്ലാം വിജയകരമായിരുന്നു. പ്രയോഗിച്ച തന്ത്രങ്ങളെല്ലാം തന്നെ ഫലവത്തായിരുന്നു. മഹാരാജൻ! നമ്മുടെ വെളുത്ത അശ്വങ്ങളുടെ നീക്കങ്ങൾ ശ്രദ്ധിച്ചില്ലേ?’—വെളുത്ത കളത്തിലിരുന്ന, വെളുത്ത പടച്ചട്ടയണിഞ്ഞ മന്ത്രിയുടേതായിരുന്നു ആ അഭിപ്രായം. വലതു വശത്തിരുന്ന രാജാവു് ആഢ്യത്വം വിടാതെ അതു ശരിവെച്ചു.
‘എങ്കിലും വെറുമൊരു കാലാളിനെ വിട്ടു എന്നെ തോൽപ്പിക്കാൻ ശത്രുവിനെങ്ങനെ ധൈര്യം വന്നു?’ രാജാവിനു കഴിഞ്ഞ കളിയിലെ ആ നീക്കം ഇപ്പോഴും അലോസരമുണ്ടാക്കി കൊണ്ടിരിക്കുന്നു എന്നു് അമാത്യനു മനസ്സിലായി.

‘മഹാരാജനതോർത്തു വ്യാകുലപ്പെടേണ്ടതില്ല. അന്തിമജയം നമുക്കു് തന്നെയായിരുന്നില്ലേ? മന്ത്രിയായി അടിയനെന്നും ഒപ്പമുണ്ടാവും. എന്താ അടിയന്റെ തന്ത്രങ്ങളിൽ വിശ്വാസക്കുറവുണ്ടോ?’
‘ഏയ്! ഒരിക്കലുമില്ല. താങ്കളുടെ നീക്കങ്ങൾ ഒരിക്കലും പിഴയ്ക്കില്ല. നമുക്കു് നിശ്ചയമുണ്ടു്. ശ്വേതരാജാക്കന്മാരുടെ വിജയകഥകൾ പാടി നടക്കാത്ത നാവുകളുണ്ടോ? എങ്കിലും… നമുക്കൊരു സന്ദേഹമുണ്ടു്. അതു് പറയാതെ വയ്യ’
മന്ത്രിയുടെ മുഖത്തു് ഗൗരവഭാവം നിറഞ്ഞു.
‘എന്താണു് മഹാരാജൻ? അടിയനെ അറിയിച്ചാലും’
‘ഇന്നോ ഇന്നലെയോ തോന്നി തുടങ്ങിയ സംശയമല്ല, ചിന്ത മുഴുവൻ ഈ രണ്ടു സാമ്രാജ്യങ്ങളെക്കുറിച്ചാണു്. ഈ യുദ്ധങ്ങളുടെ ആരംഭം എന്നാണെന്നു് അറിവുണ്ടോ?’
‘അക്കാര്യത്തിൽ അടിയനു് കേട്ടറിവു് മാത്രമാണുള്ളതു്. നൂറ്റാണ്ടുകളായി വെളുത്തവരും കറുത്തവരും തമ്മിൽ യുദ്ധം ചെയ്യാൻ തുടങ്ങിയിട്ടു്. ‘നിറങ്ങളുടെ യുദ്ധം’ എന്നറിയപ്പെടുന്ന ഈ യുദ്ധത്തിന്റെ ആരംഭകാലവും, കാരണവും ഇന്നും അജ്ഞാതമാണു മഹാരാജൻ’
‘ആ വിഷയത്തിലാണെന്റെ സംശയം… ഈ യുദ്ധം… ഇതിന്റെ കാരണം? എത്രയോ വട്ടം കറുത്തരാജനുമായി നാം നേർക്കു നേർ വന്നിരിക്കുന്നു. നിശ്ചിതമായ അകലങ്ങൾ പാലിച്ചു് മുഖത്തോടു് മുഖം നോക്കുമ്പോഴും എനിക്കു് ഒരു കാര്യത്തിൽ മാത്രമേ വ്യത്യാസം കാണാൻ കഴിയുന്നുള്ളൂ… നിറം… നിറത്തിൽ മാത്രം… എന്താ താങ്കൾ അതു ശ്രദ്ധിച്ചില്ലെന്നുണ്ടോ? ഒരേ രൂപം, ഒരേ ഭാവം, ഒരേ വേഷം… എന്നാൽ നിറം മാത്രം…’
‘ശരിയാണു്… അടിയനും അതേക്കുറിച്ചു് നിരവധി രാത്രികളിൽ ഗാഢമായി ചിന്തിച്ചിട്ടുണ്ടു്… തലമുറകളായി പക വളർത്തിയെടുത്തതിൽ ആർക്കാണു് പങ്കു് എന്നും. പക്ഷേ, ഉത്തരങ്ങൾ തേടാൻ മാത്രം സമയം നമ്മളോ അവരോ ഒരിക്കലും അനുവദിച്ചിരുന്നില്ലല്ലോ… യുദ്ധം ചെയ്യുന്നതിൽ മാത്രമായി അവസാനിച്ചു പോകുന്നു നമ്മുടെ ജന്മങ്ങൾ’
‘ഇതിനൊരു അവസാനമില്ലെന്നാണോ താങ്കൾ പറയുന്നതു?’
‘ആരംഭത്തേക്കുറിച്ചു് അറിവില്ലാത്തതു് പോലെ അവസാനത്തെക്കുറിച്ചും ആർക്കും അറിവുണ്ടാകില്ല എന്നു മാത്രം നിശ്ചയമായും പറയാം. ഒരിക്കലാരംഭിച്ചാൽ ഒരു യുദ്ധവും ഒരിക്കലും അവസാനിക്കുകയില്ലല്ലോ’
‘പക്ഷേ, നമുക്കു് പിന്നാലെ വരുന്നവർ… അവരോടു് യുദ്ധത്തിനെന്തു കാരണം പറയും? എന്തു ന്യായം പറയും?’
‘ആക്രമണത്തിനു കാരണം ആക്രമണം തന്നെ! ചരിത്രം ചികയാൻ ആരും ആർക്കും സമയം അനുവദിക്കില്ലല്ലോ. യുക്തിവിചാരത്തിനെവിടെ സമയം?’
‘എനിക്കു് മറ്റൊരു സംശയം ബാക്കി’
‘എന്താണു് മഹാരാജൻ?’
‘താങ്കളുടെ ശ്രദ്ധയിലും പെട്ടു കാണും, കഴിഞ്ഞ ചില യുദ്ധങ്ങൾ… നമ്മുടെ ആക്രമണങ്ങൾ… നമ്മുടെ ശത്രുക്കൾ സ്വയം ഇരയാവാൻ തയ്യാറെടുത്തു് വന്നതു പോലെ…’
‘മഹാരാജൻ എന്താണു് പറഞ്ഞു വരുന്നതു?’
‘ഒരു പക്ഷേ, അവർ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കാൻ വേണ്ടി തോൽവി ഏറ്റുവാങ്ങുന്നതാണെങ്കിലോ?’
‘അതെങ്ങനെ?… പഴയ കണക്കുകൾ… അവരതെങ്ങനെ മറക്കും?’
‘ചിലപ്പോൾ അവർ മനപൂർവ്വം തോൽക്കുകയാവും…’
‘എന്തിനാവണം അങ്ങനെ?’
‘അതാണവരുടെ ജയം! തോൽപ്പിക്കുന്നതിനേക്കാൾ ശക്തമാണു് സ്വയം തോൽവി ഏറ്റുവാങ്ങുന്നതു്’
‘മഹാരാജൻ എന്താണു് പറഞ്ഞു വരുന്നതു?… ഇനി നമ്മൾ യുദ്ധത്തിൽ നിന്നു് പിൻമാറണമെന്നോ?’
‘മന്ത്രി ശ്രേഷ്ഠാ, അതു സാധ്യമല്ല! നമുക്കെന്നല്ല അവർക്കും!’
‘എന്തു കൊണ്ടു്?’
‘കാരണം നമ്മളല്ല യുദ്ധം ചെയ്യുന്നതു് എന്നതു തന്നെ!’
‘പിന്നെയാരാണു്?’

‘നമ്മൾ വെറും കരുക്കൾ മാത്രമല്ലേ?… കാലം മുന്നോട്ടു് നീക്കുന്ന കരുക്കൾ… ശ്രദ്ധിച്ചിട്ടില്ലേ? നമ്മെ യുദ്ധഭൂമിയിൽ നിർണ്ണായകമായ, തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ കൊണ്ടു് നിർത്തി യുദ്ധം അനിവാര്യമാക്കുന്നവരെ?… അവരുടെ കൈകളെ നിയന്ത്രിക്കാൻ നമ്മളശക്തരാണു്… അവരുടെ നിയമങ്ങളനുസരിച്ചു്, അവരുടെ ഇഷ്ടമനുസരിച്ചു് നമ്മൾ വൃഥാ നീങ്ങുന്നു, പൊരുതുന്നു… അത്ര തന്നെ!’
‘അപ്പോൾ നിറങ്ങളുടെ യുദ്ധമോ?… കേട്ട കഥകൾ?’
‘കഥകൾ! കഥകൾ സൃഷ്ടിക്കുക എത്ര എളുപ്പമാണു്! കഥകൾ കഥകളല്ല എന്നു വിശ്വസിപ്പിക്കുന്നതിലല്ലേ കൗശലം? ഈ യുദ്ധങ്ങൾ തന്നെ അവസാനമില്ലാത്ത കഥയായി മാറുന്നതറിയുന്നില്ലേ?’
‘അതു നീചമായ ഒരു പ്രവൃത്തിയല്ലേ?’
‘അതെ! താങ്കളും അതു തന്നെയല്ലേ ചെയ്തു കൊണ്ടിരിക്കുന്നതു?! കാലാകാലങ്ങളായി! അല്ലെന്നു സധൈര്യം പറയാൻ കഴിയുമോ?… താങ്കൾക്കു് വരും തലമുറയോടു് കഥകൾ പറയാതിരിക്കാനാവുമോ?’
കിടപ്പു മുറിയിൽ മകൻ അടക്കം പിടിച്ച ശബ്ദത്തിൽ പറഞ്ഞു,
‘അച്ഛാ… അച്ഛൻ കേട്ടോ? ആരോ സംസാരിക്കുന്നു…’
‘എവിടെ?…’ പാതിയുറക്കത്തിലാണു് അച്ഛൻ ചോദിച്ചതു്.
‘മുൻവശത്തെ മുറീല്…’
‘ഇല്ലല്ലോ മോനെ… അച്ഛൻ… കേട്ടില്ലല്ലോ…’
‘ഞാൻ കേട്ടു…’ അതു പറഞ്ഞു അവൻ വീണ്ടും ശ്രദ്ധയോടെ ശബ്ദങ്ങൾ കേൾക്കാൻ കാത്തിരുന്നു.
‘കിടന്നുറങ്ങ് മോനെ… നാളെ നേരത്തെ എഴുന്നേൽക്കാനുള്ളതല്ലേ?’
അനുസരണയോടെ കണ്ണുകളിറുക്കി അടച്ചെങ്കിലും, ഇരുട്ടിൽ അവൻ ചെവി വട്ടം പിടിച്ചു് കിടന്നു… ഉറക്കം അവന്റെ കാതും കണ്ണും മൂടും വരെ.
പുറത്തു് നിലാവെളിച്ചം പതിയെ മങ്ങിത്തുടങ്ങി.

ജനനം: 1972-ൽ.
സ്വദേശം: തിരുവനന്തപുരം.
അമ്മ: പി. ലളിത
അച്ഛൻ: എം. എൻ. ഹരിഹരൻ
കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ ഇഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം. താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടു്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പു്),
മാതൃഭൂമി, ജനയുഗം, കേരളകൗമുദി, കേരളഭൂഷണം (വാരാന്തപ്പതിപ്പു്)
അകം, കേരള കൗമുദി (ഓണപ്പതിപ്പു്).
രണ്ട് പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.
- ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
- ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)
കഴിഞ്ഞ പത്തു വർഷങ്ങളായി ന്യൂ സീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം.
ഭാര്യ: സിനു
മകൻ: നന്ദൻ
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ