കുട്ടികളാരെങ്കിലും അകത്തുണ്ടോ? ഉണ്ടെങ്കിൽ വിളിക്കിൻ. ഞാനിന്നു് കച്ചട്ടിസ്വാമിയാരുടെ കഥ പറയാൻ പോകുന്നു. അവരോടു് എന്തു കഥയും പറയാം. കുട്ടികളുടെ ബുദ്ധി കളങ്കമില്ലാത്ത ബുദ്ധിയാണു്. മുതിർന്നവരുടെ കുശുമ്പും, അസൂയയും, വാശിയും, ദുർമ്മന്ത്രവും, ദുർവാസനയും, ദുർബുദ്ധിയും, കുസൃതിയും,കുണ്ടാമണ്ടിയും ഒന്നും അവർക്കില്ല. ഒരു കഥ പറഞ്ഞാൽ അവർക്കു രസിച്ചാൽ ചിരിക്കും; ഇല്ലെങ്കിൽ, ഒരു രസവുമില്ല, എന്നു പറയും; രണ്ടായാലും, ഒന്നുകൂടി പറയിൻ! എന്നാവശ്യപ്പെടും; ഏതു നിലയിലും, “ഇതു മറ്റെയാളെപ്പറ്റിയാണു്? ഇങ്ങനെ ഒരാളെ ഞാനറിയും; ആ വാക്കു് പ്രയോഗിച്ചതു് നമ്മുടെ ചെയർമാനെപ്പറ്റിയാണു്; മറ്റേതു് കമ്മീഷണർക്കു് ഒരു ചൊട്ടാണു്; അങ്ങനെ എഴുതിയതു് ഇന്ന സംഭവത്തെക്കുറിച്ചാണു്. കോരപ്പൻ എന്നു പറഞ്ഞാൽ പക്ഷിലക്ഷ്മണശാസ്ത്രികളാണു്” എന്നൊന്നും അവർ പറയുകയുമില്ല. സഞ്ജയന്റെ കഥകൾ കുട്ടികൾ കേട്ടാൽ മതി. നിങ്ങളും നിങ്ങളുടെ പൊളിറ്റിക്സും! വലിയ അർത്ഥം കാണുന്ന ആൾ; ഇത്രയൊക്കെ അർത്ഥം പറയുന്ന നിങ്ങൾ എന്താണു് ഭഗവൽഗീത വ്യാഖ്യാനിക്കാഞ്ഞതു്? മനുഷ്യനായാലേ കുറച്ചൊക്കെ—വേണ്ട. ഞാൻ പറയുന്നില്ല; പറഞ്ഞാൽ അധികമായിപ്പോകും. കുട്ടികൾ വന്നുവോ? ശരി. ഞാൻ അവരോടാണു് പറയുന്നതു്. കുട്ടികളെ, കേട്ടോളിൻ.
* * *
മധുരാപുരി, മധുരാപുരി എന്നൊരു രാജ്യം. അവിടെ പരബ്രഹ്മയ്യർ എന്ന ഒരു കച്ചട്ടിക്കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ മധുരാപുരിയിലെ ഉത്സവകാലത്തു് ഒരുപാടു കച്ചട്ടികൾ കൈവണ്ടിയിൽ കൊണ്ടുവരുന്ന വഴിക്കു ഡിസ്ത്രീക്ട്ബോർഡിന്റെ ഒരു പാലത്തിന്മേൽ എത്തിയപ്പോൾ പാലം പൊളിഞ്ഞുപോയി. പാലത്തിന്റെ അടിയിൽ വെള്ളം വറ്റിയ ഒരു തോടുണ്ടായിരുന്നു. ആ തോട്ടിൽ വീണു പരബ്രഹ്മയ്യരുടെ കച്ചട്ടികൾ മുഴുവനും തവിടുപൊടിയായിപ്പോയി. ഒരൊറ്റച്ചട്ടിപോലും ബാക്കിയായില്ല.
ഇതു കണ്ടു് പരബ്രഹ്മയ്യർക്കു വലിയ വ്യസനമായി. പക്ഷേ, പരബ്രഹ്മയ്യരുടെ സങ്കടം കണ്ടിട്ടു നാട്ടുകാരൊക്കെ ചിരിക്കുകയാണു് ചെയ്തതു്. കാരണം അയാളെ അന്നാട്ടുകാർക്കു കണ്ടുകൂടായിരുന്നു. ഒരാൾക്കും അയാൾ ഒരു പൈസപോലും സഹായമായി കൊടുക്കാതിരുന്നതുകൊണ്ടാണു് അയാളെ ആരും ഇഷ്ടപ്പെടാഞ്ഞതു്. അതുകൊണ്ടു് അയാൾക്കു നഷ്ടം പറ്റിയെന്നു കേട്ടിട്ടു് ആളുകൾ അന്യോന്യം ചായ വാങ്ങിക്കൊടുക്കയും സൂര്യമനയെക്കൊണ്ടു് ഗണപതിഹോമവും ഭഗവതിസേവയും കഴിപ്പിയ്ക്കുകയും ചെയ്തു. പിറ്റെത്തെക്കൊല്ലവും അങ്ങനെതന്നെ പരബ്രഹ്മയ്യർക്കു പറ്റേണമെന്നുവെച്ചാണു് അവർ ഇങ്ങനെ ചെയ്തതു്.
ഇതുകൊണ്ടുമായില്ല. അയ്യർ ഏതിലേയെങ്കിലും പോകുമ്പോൾ ആളുകൾ അയാൾ കേൾക്കേ “കച്ചട്ടി ഢീം” എന്നു പറഞ്ഞുതുടങ്ങി. ഇതു കേട്ടിട്ടു് അയാൾക്കു വലിയ ദേഷ്യമായി. അയാൾ വടി ഓങ്ങി ഇങ്ങനെ പറയുന്നവരുടെ പിന്നാലെ നാടു മുഴുവൻ പാഞ്ഞുതുടങ്ങി. ചിലപ്പോൾ വികൃതിക്കുട്ടികളുടെ പിന്നാലെ പായുകയാൽ അയാൾ വീണു മുട്ടുപൊട്ടി.
കുറെ കഴിഞ്ഞപ്പോൾ ആളുകൾ ഇയാളെക്കണ്ടാൽ “ഢീം” എന്നുമാത്രം പറയും. അപ്പോഴും ഇയാൾക്കു ദേഷ്യംവരും. അവരോടു് കയർക്കും. അവർ “ഞങ്ങളെന്താണു്, സ്വാമി, നിങ്ങളെപ്പറ്റി പറഞ്ഞതു്? ഞങ്ങൾക്കു ഢീം എന്നു പറഞ്ഞുകൂടേ? നിങ്ങളുടെ കല്പന വല്ലാത്ത കല്പനയല്ലോ. ഇതു് ഗവർമ്മേണ്ടിന്റെ രാജ്യമാണു്. എന്താണു് ഢീം എന്നു പറഞ്ഞാൽ? ഞങ്ങൾ ഇനിയും പറയും, ഢീം… ഢീം… ഢീം.”
പരബ്രഹ്മയ്യർ ഒടുവിൽ അന്നാട്ടിലെ മജിസ്ത്രേട്ടോടു് ആവലാതി പറഞ്ഞു. നഷ്ടം പറ്റിയ ഒരാളെ എല്ലാവരും പരിഹസിക്കുന്നു എന്നു കേട്ടിട്ടു് മജിസ്ത്രേട്ട് വല്ലാതെ വ്യസനിച്ചു; “ശരി, സ്വാമി, നിങ്ങളുടെ കൂടെ ഇന്നു് വൈകുന്നേരം ഞാൻ വരാം. നിങ്ങളെ പരിഹസിക്കുന്ന ആളെ എനിക്കു കാട്ടിത്തരണം” എന്നു പറഞ്ഞു.
അങ്ങനെ മജിസ്ത്രേട്ട് അയ്യരുടെ കൂടെപ്പോയി. അന്നൊക്കെ മജിസ്ത്രേട്ടിന്നു് വലിയ അധികാരമാണു് കുട്ടികളേ, ഇന്നത്തെപ്പോലെയല്ല. ഇന്നു് അംശം അധികാരിയെക്കൂടി പേടിക്കാത്ത ആളുകളാണു് ലോകത്തിലുള്ളതു്. ഒക്കെ കോൺഗ്രസ്സുകാരും, മേൽകീഴില്ലാത്തവരുമായിപ്പോയി. അതിരിയ്ക്കട്ടെ. മജിസ്രേട്ടും പരബ്രഹ്മയ്യരുംകൂടി മധുരാപുരിക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തു് എത്തിപ്പോയപ്പോൾ ഒരാൾ—സഞ്ജയനെപ്പോലെ ഒരു കുസൃതിക്കാരൻ എന്നുതന്നെ വിചാരിച്ചുകൊൾവിൻ—അവർക്കു നേരെ ചെന്നു. മജിസ്രേട്ടിനു് സലാം കൊടുത്തു. പരബ്രഹ്മയ്യർക്കും സലാം കൊടുത്തു. പക്ഷേ, സലാം കഴിഞ്ഞു് കുറെ ഊക്കിൽ കൈ താഴത്തേയ്ക്കു് ഇട്ടു. ഇതു് കണ്ടപ്പോൾ കച്ചട്ടി വീണതു ആംഗ്യംകൊണ്ടു കാണിച്ചതാണെന്നു അയ്യർ വിചാരിച്ചു. ലഹളയോടു ലഹള. “കണ്ടില്ലേ. യജമാനനേ. എന്നെ പരിഹസിച്ചതാണു്; മഹാപാപി! കൈ താഴത്തേയ്ക്കിട്ടതു കണ്ടില്ലേ? കച്ചട്ടി ഢീം എന്നാണതിന്റെ അർത്ഥം. യജമാനൻ ഇയാളെ ബന്താവിൽ വെക്കണം. പിഴ കല്പിക്കണം. യജമാനനേ. നല്ല പിഴ കല്പിക്കണം. പിഴയടച്ചു് ഈ മഹാപാപി മുടിയണം.” എന്നൊക്കെ പറഞ്ഞു.
മജിസ്രേട്ട് ഒന്നും പറയാതെ പരബ്രഹ്മയ്യരെ ആറു മാസത്തേയ്ക്കു് കുതിരവട്ടത്തേയ്ക്കയച്ചു. അങ്ങനെ ഒരു കഥ.
***
ഇതിൽനിന്നു് എന്താണു്, കുട്ടികളെ, പഠിക്കേണ്ടതു്? നാട്ടിലുള്ളവരെല്ലാം നിങ്ങളെ പരിഹസിക്കുകയാണെന്നു വിചാരിച്ചുകൊണ്ടു് നടക്കരുതു്. അഥവാ—വാസ്തവം അങ്ങനെയാണെങ്കിൽത്തന്നെ അതിനെപ്പറ്റി ചിരിച്ചുകളയണം; കോപിച്ചിട്ടു് പ്രയോജനമില്ല. ഒന്നാമതു് പരബ്രഹ്മയ്യരെപ്പോലെ “അൺപോപ്പുലർ” ആവരുതു്. നിങ്ങളാരും കച്ചട്ടി സ്വാമിയാരെപ്പോലെ വിഡ്ഢിത്തം കാട്ടരുതു്. കേട്ടോ? പോയി കളിച്ചോളിൻ.
***
ഹേ, മിസ്റ്റർ! ഇക്കഥ കേട്ടുവോ? കച്ചട്ടിസ്വാമിയാർ ആരാണു്? ഏതെങ്കിലും മുൻസിപ്പാലിറ്റിയിലെ ചേയർമാനാണോ? അതോ, കമ്മീഷണരോ? പറയിൻ! നിങ്ങളെപ്പറ്റിയാണെന്നു് ചിലർ പറയുന്നതു് ധൂർത്തായിരിക്കും. അല്ലേ? എന്റെ ഈശ്വരാ! നിങ്ങളെപ്പോലെയുള്ള വകപ്പടിക്കാരുടെ ഇടയിൽ സഞ്ജയനെപ്പോലെയുള്ള ചില്ലറ കുസൃതിക്കാർ എങ്ങനെ പിഴയ്ക്കും?
3.10.1934
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണു് സഞ്ജയൻ. സഞ്ജയൻ എന്നതു് തൂലികാനാമമാണു്, യഥാർത്ഥനാമം മാണിക്കോത്തു് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണു്. (ജനനം: 1903 ജൂൺ 13 – മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്തു് 1903 ജൂൺ 13-൹ ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി. എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ടു്.
1903 ജൂൺ 13-൹ തലശ്ശേരിക്കടുത്തു് ഒതയോത്തു് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണു് സഞ്ജയൻ ജനിച്ചതു്. പിതാവു് തലശ്ശേരി ബാസൽ മിഷൻ ഹൈസ്കൂളിൽ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവു് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ 42-ാം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ടു് ഒതയോത്തേക്കു തിരിച്ചുപോന്നു.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻ നായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണി നായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.
എം. ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം. ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻ നായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ, പിണറായി പുതിയവീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണു് പഠിച്ചതു്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ “സഞ്ജയൻ” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നതു്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണു് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നതു്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ടു് ഭാഗങ്ങൾ), സഞ്ജയൻ (ആറു് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണു്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണു്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണു് സഞ്ജയൻ അറിയപ്പെടുന്നതു്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ 13-൹ കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ചു് അന്തരിച്ചു.