images/The_Blind_Fiddler.jpg
The Blind Fiddler, a painting by Willem van Herp (1614–1677).
മഹാകവി
സഞ്ജയൻ

ശ്രീമാൻ പള്ളത്തുരാമൻ അവർകൾ വല്ലാതെ മുഷിഞ്ഞിരിക്കുന്നു. അദ്ദേഹം അങ്ങനെ മുഷിഞ്ഞതിനെക്കുറിച്ചു് എനിക്കു് യാതൊരാശ്ചര്യവുമില്ല. ശ്രീമാൻ രാമനവർകളുടെ സ്ഥാനത്തു് ഞാനായിരുന്നുവെങ്കിൽ, ആരു് അലക്കിയാലും ഒരിക്കലും വെളുക്കാത്ത വിധത്തിൽ ഞാൻ ഇതിന്നു് എത്രയോ മുമ്പു് മുഷിഞ്ഞുകഴിഞ്ഞിട്ടുണ്ടായിരിക്കും. കാര്യമൊക്കെ ഞാൻ പറഞ്ഞുതരാം. അതിന്നുശേഷം, അദ്ദേഹത്തിന്നു മുഷിയുവാൻ കാരണമുണ്ടോ, ഇല്ലയോ എന്നു് നിങ്ങൾ തീർച്ചപ്പെടുത്തിയാൽ മതി.

മിസ്റ്റർ രാമൻ ഒരു മഹാകവിയായിട്ടു ജനിച്ച ആളാണു്. മറ്റുള്ള മഹാകവികൾ ക്രമേണ എഴുതിയെഴുതി മഹാകവികളായതാണു്. പക്ഷേ, മിസ്റ്റർ രാമൻ അങ്ങനെയല്ല: അദ്ദേഹം ഭൂജാതനായ ഉടനെ ഒരു കേകയാണു് ചൊല്ലിയതെന്നു് ഊഹിക്കുവാൻ മാർഗ്ഗമുണ്ടു്. തൊട്ടിലിൽ കിടന്നകാലത്തു്, അദ്ദേഹത്തെ ഉറക്കുവാനുള്ള താരാട്ടുകൾ അദ്ദേഹം തന്നെ നിർമ്മിച്ചു. മറ്റുള്ളവരെ പഠിപ്പിച്ചു് പാടിച്ചു്, അതുകേട്ടു് ഉറങ്ങുകയാണു് ചെയ്തിരുന്നതു്. പതിനെട്ടാമത്തെ വയസ്സിൽ അദ്ദേഹം കലർപ്പില്ലാത്ത ഒന്നാംതരം മഹാകവിത രചിച്ചിട്ടും അച്ചടിപ്പിച്ചിട്ടും ഉണ്ടു്. അക്കാലത്തു് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മിസ്റ്റർ രാമനെപ്പറ്റി, അദ്ദേഹം ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും തുല്യനാണെന്നോ, ആകുമെന്നോ പ്രവചിച്ചിട്ടുണ്ടായിരുന്നുവെന്നു് രാമനവർകൾ തന്നെ, അദ്ദേഹത്തിന്റെ പിന്നീടെഴുതിയ ഒരു കേകയിൽ വിളിച്ചുപറഞ്ഞിട്ടുണ്ടു്. ഈ പ്രവചനത്തിനെതിരായി, ഉള്ളൂരും വള്ളത്തോളും, കയറിപ്പോയി അപ്രാപ്യസ്ഥാനത്തെത്തിക്കളഞ്ഞതിനെക്കുറിച്ചു് അദ്ദേഹം പ്രസ്തുത “കേക”യിൽ ആവലാതിപ്പെട്ടിട്ടുമുണ്ടു്, അവർ അങ്ങനെ ചെയ്തതു് എത്ര തെറ്റാണു്? മൂന്നാൾകൂടി ഒരു വഴിക്കു പുറപ്പെട്ടാൽ ഒരാളെ പിന്നിലാക്കി മറ്റു രണ്ടുപേർ വേഗം നടന്നു കളയുന്നതു് മര്യാദയാണോ? മി. രാമൻ കോപിക്കുന്നതിൽ എന്താണത്ഭുതം?

ഇതിനിടയ്ക്കു മഹാകവി ആശാൻ കവിതാലോകത്തിലെ ത്രിമൂർത്തികളിൽ ഒരാളായ്ത്തീർന്നു. രാമനവർകളുടെ പേരു് ഒരാളും പറഞ്ഞില്ല. അദ്ദേഹം എന്തെല്ലാം എഴുതി? എത്രയൊക്കെയെഴുതി; എന്നിട്ടെന്താണു്? ആശാൻ, ഉള്ളൂർ, വള്ളത്തോൾ; വള്ളത്തോൾ, ഉള്ളൂർ, ആശാൻ; ഉള്ളൂർ, വള്ളത്തോൾ, ആശാൻ എന്നിങ്ങനെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും പറയുകയല്ലാതെ ഒരാളെങ്കിലും മഹാകവി പള്ളത്തിന്റെ പേരു മിണ്ടിയില്ല. ഇതും അദ്ദേഹം സഹിച്ചു; പുറത്തു കാണിക്കാതെ സഹിച്ചു.

അങ്ങനെയിരിക്കെ മഹാകവി ആശാൻ നിര്യാതനായി. നമ്മളൊക്കെ വ്യസനിച്ചു; കൈരളി വ്യസനിച്ചു; മഹാകവി പള്ളത്തും വ്യസനിച്ചിട്ടുണ്ടായിരിക്കണം. അദ്ദേഹം വല്ല വിലാപവും എഴുതിയിട്ടുണ്ടായിരുന്നുവോ എന്നു എനിക്കോർമ്മയില്ല. എഴുതിയിട്ടുണ്ടായിരിക്കണം. പക്ഷേ, ആശാന്റെ “വേക്കൻസി”യിൽ നിങ്ങൾ ആരെയാണു് നിശ്ചയിച്ചതു് ? അല്ലെങ്കിൽ എന്തുകൊണ്ടു മി. രാമനെ നിശ്ചയിച്ചില്ല? “ദിലീപാനന്തരം രാജ്യം” ആർക്കാണു് ലഭിച്ചതു്? ഇതൊന്നും നിശ്ചയിക്കുവാനല്ലെങ്കിൽ നിങ്ങളെന്തിനാണു് ആണ്ടുതോറും സാഹിത്യപരിഷത്തെന്നും മറ്റും പറഞ്ഞു് ഒരു “ഗോഷ്ഠി” കാട്ടിക്കൂട്ടുന്നതു്? നിങ്ങളുടെ സാഹിത്യപരിഷത്തും തുളഞ്ഞ കാശും എനിക്കും മി. രാമന്നും ഒരുപോലെയാണു്. ഞങ്ങളെയൊന്നും നിങ്ങൾക്കു കണ്ണിൽ പിടിക്കുന്നില്ല—ഇല്ലേ?

ആശാനെ സവർണ്ണർ ആരും പുകഴ്ത്താത്തതുകൊണ്ടാണു് മിസ്റ്റർ രാമന്നു് ദ്വേഷ്യമെന്നു് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. ഇതു് യഥാർത്ഥമല്ലെന്നു് ആർക്കും എളുപ്പത്തിൽ പറയുവാൻ കഴിയും. പക്ഷേ, അദ്ദേഹം ഒരു കാരണം പറയണ്ടേ? നിങ്ങൾ എന്താണു് ആ ബുദ്ധിമുട്ടിനെക്കുറിച്ചു് ആലോചിക്കാത്തതു്? നളിനിയ്ക്കു് മുഖവുര എഴുതിയതു് സവർണ്ണനല്ലേ?

“സീത”യ്ക്കു ദണ്ഡനമസ്കാരം ചെയ്തതു് സവർണ്ണനല്ലേ? ആശാന്റെ ജീവചരിത്രമെഴുതിയതു് സവർണ്ണനല്ലേ? ആശാനെ കവികളുടെ അഗ്രിമസ്ഥാനത്തുവെച്ച ഉള്ളൂർ സവർണ്ണനല്ലേ? എന്നൊക്കെ “സത്യവാദി”യിലെ ലേഖകൻ ചോദിച്ചതു ഭംഗിയോ?

സഞ്ജയൻ ഈ കശപിശകൾക്കു് എല്ലാം ഒരു സമാധാനവഴി കണ്ടുപിടിച്ചിട്ടുണ്ടു്. ഇപ്പോഴത്തെ സാഹിത്യപരിഷത്തുകാർ എല്ലാം ഒരുവിധം “കത്തോലിക്ക” മനസ്ഥിതിയുള്ളവരാണു്. അതു നമുക്കു പറ്റില്ല, പ്രൊട്ടസ്റ്റന്റുപതാക പാറാൽക്കാർ പറപ്പിച്ചുകഴിഞ്ഞു. അതിൽ പുതിയ ആദർശങ്ങളും പുതിയ പ്രസ്ഥാനവുമൊക്കെയായിരിക്കും മുന്നിട്ടുനിൽക്കുക. അവിടെയാണു് മഹാകവി പള്ളത്തിന്റെ സ്ഥാനം. ഞാൻ അദ്ദേഹത്തെ പുതിയ പരിഷത്തിന്റെ അദ്ധ്യക്ഷനായി ക്ഷണിക്കുന്നു. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യവും അവസാനവും, നീലഗിരിക്കു പോകുന്ന വണ്ടിയുടെ എഞ്ചിൻപോലെ, മലബാറിലെ ഒരു രാജാവിന്റെ സ്ഥാനംപോലെ, മഹാകവിപദം ചേർത്തു മഹാകവി പള്ളത്തു രാമൻ മഹാകവി എന്നൊരു സ്ഥാനം അദ്ദേഹത്തിന്നു കൊടുത്തു, കുംഭാഭിഷേകം ചെയ്തു നമുക്കു സ്വീകരിക്കണം. നിങ്ങളുടെ മഹാകവികളെയൊന്നും ഞങ്ങൾക്കാവശ്യമില്ല.

“നിങ്ങൾക്കു രാജാവു കംസനെന്നാകിലോ

ഞങ്ങൾക്കു രാജാവു ഞങ്ങൾതന്നെ.”

കംസന്റെ പേരു പറയുമ്പോളാണു് വേറൊരു കാര്യം ഓർമ്മവരുന്നതു്. മഹാകവി പള്ളത്തു് വേറെയും ഒരു കാര്യം പറഞ്ഞിട്ടുണ്ടു്. രാമനെ സ്തുതിച്ചു് കവിതകൾ എഴുതുന്നതിന്നു പകരം രാവണനെ സ്തുതിച്ചാണുപോലും കവിതകൾ എഴുതേണ്ടതു്. അതെങ്ങനെ? ഇതിന്നാണു് “ഒറിജിനാലിറ്റി” എന്നു് ആംഗ്ലേയർ പറയുന്നതു്. രാവണൻ, കംസൻ, നരകാസുരൻ, ബകൻ, കീചകൻ, ദുശ്ശാസനൻ, ശകുനി—ഇവരെയൊക്കെ സ്തുതിക്കണം. നമ്മുടെ പരിഷത്തിന്റെ സമയമാകുമ്പോഴേയ്ക്കു് ബകനെ വാഴ്ത്തിക്കൊണ്ടു് മഹാഭാരതത്തിന്റെ വലിപ്പത്തിൽ ഒരു കിളിപ്പാട്ടു് മഹാകവി പള്ളത്തു രചിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അനുവദിക്കുന്നപക്ഷം, അദ്ദേഹത്തിന്റെ “ഹംബ്ൾ സർവെന്റ്” സഞ്ജയൻ അതിന്നു് ഒരു അവതാരികയെഴുതും. നമുക്കു് അതു് പരിഷത്തിൽവെച്ചു് വായിക്കാം. നിങ്ങൽ എന്തു വിചാരിക്കുന്നു?

28-10-’34

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Mahakavi (ml: മഹാകവി).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-24.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Mahakavi, സഞ്ജയൻ, മഹാകവി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Blind Fiddler, a painting by Willem van Herp (1614–1677). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.