
വീടിനെ സദാ ചുറ്റിപ്പറ്റി നിന്ന വയൽക്കാറ്റിനെ പടിക്കു പുറത്താക്കാനാണു് സാവിത്രി വീടിനും വയലിനുമിടയ്ക്കു് നിരയൊപ്പിച്ചു് കശുമാവുകൾ നട്ടുപിടിപ്പിച്ചതു്. മാവോ പ്ലാവോ ആത്തയോ പനിനീർ ചാമ്പയോ അങ്ങനെ എന്തു വേണമെങ്കിലും അവൾക്കു് നട്ടുപിടിപ്പിക്കാമായിരുന്നു. പക്ഷേ, സാവിത്രി അതൊന്നും ചെയ്തില്ല.
അവൾ കശുമാവുകൾ തന്നെ നട്ടുപിടിപ്പിച്ചു. അതിനു് കാരണമുണ്ടായിരുന്നു. പഴുത്ത കശുമാങ്ങകളുടെ അമ്ലഗന്ധം സാവിത്രിക്കു് വളരെ ഇഷ്ടമായിരുന്നു. കിടപ്പറയിൽ തന്റെ ശരീരം ഉണരുമ്പോൾ അവൾ അനുഭവിച്ചിരുന്നതും അതേ ഗന്ധമായിരുന്നു.
കാക്കത്തുരുത്തിന്റെ പടിഞ്ഞാറെയറ്റത്തു് പോത്തൻമാലി പാടശേഖരത്തിനു് അഭിമുഖമായിട്ടായിരുന്നു ചെങ്കല്ലിന്റെ ഭിത്തിയും ഓടിന്റെ തവിട്ടു മേൽക്കൂരയുമുള്ള സാവിത്രിയുടെ വീടു്. വിളഞ്ഞ പുഞ്ചപ്പാടത്തിന്റെ വൈക്കോൽമഞ്ഞ അവളുടെ വീടിനു മുന്നിൽ ഒരു സമുദ്രം പോലെ തിരയടിച്ചു. വൈക്കോൽമഞ്ഞയുടെ സമുദ്രം അവസാനിക്കുന്നിടത്തു് പോത്തൻ മാലി പാടശേഖരത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ അധികാരമുള്ള കാക്കത്തുരുത്തു കായലായിരുന്നു. കാക്കത്തുരുത്തു കായലിനു് ഇടംവലം നോക്കാൻ നേരമില്ലായിരുന്നു. അതു് അറബിക്കടൽ എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ടു് സ്ഥൈര്യം കൈവിടാതെ ഒഴുകി.
കശുമാവിൻ ചില്ലകളിൽ വയൽക്കാറ്റു് തലതല്ലുന്ന ഒരുച്ച. വെയിലിന്റെ അനന്ത ദൂരങ്ങളിൽ മരീചികയുടെ ജലരാശി.
മുറ്റത്തു വിരിച്ച ചിക്കുപായയിൽ പുഴുങ്ങിയുണങ്ങാനിട്ട നെല്ലു ചിക്കുകയാണു് സാവിത്രി. കൈലി മുണ്ടും ബ്ലൗസുമാണു് വേഷം. ചെറുതേൻ നിറമുള്ള ദേഹത്തു് കുംഭമാസത്തിന്റെ വെയിൽ മദജലം പോലെ തിളച്ചൊഴുകുന്നുണ്ടു്. വാഴക്കൂമ്പു നിറമുള്ള ബ്ലൗസ് വിയർപ്പേറ്റു് കരിംപച്ച നിറമായിട്ടുണ്ടു്.

സാവിത്രിയുടെ ഭർത്താവു് കുമാരൻ രാവിലെ തെങ്ങു ചെത്താൻ ഇറങ്ങിയതാണു്. തെങ്ങു ചെത്തു കഴിഞ്ഞു് പുലരിക്കള്ളുമായി അയാൾ ഉല്ലാസവാടി എന്നു പേരുള്ള കള്ളുഷാപ്പിലേയ്ക്കു് പോകും. തെങ്ങു ചെത്തിനു പുറമെ ഷാപ്പിൽ വിളമ്പാൻ സഹായിക്കുന്ന ജോലി കൂടിയുണ്ടു് അയാൾക്കു്. ആ ജോലി അയാൾ സ്വയം ഇഷ്ടപ്പെട്ടു് ഏറ്റെടുത്തിട്ടുള്ള ഒന്നായിരുന്നു. മദ്യപാനിയല്ലെങ്കിലും കള്ളും ഷാപ്പും വിട്ടുള്ള ഒരു ജീവിതം അയാൾക്കു് സങ്കല്പിക്കാൻ തന്നെ കഴിയില്ലായിരുന്നു. വൈകിട്ടു് കള്ളുഷാപ്പിൽ നിന്നിറങ്ങി അയാൾ നേരെ പോയിരുന്നതു് അന്തിച്ചെത്തിനാണു്. അതും കഴിഞ്ഞു് വീട്ടിൽ മടങ്ങിയെത്തുമ്പോൾ ഇരുട്ടു വീണിരിക്കും.
കുമാരൻ തുടർന്നു പോന്ന ഈ ചര്യയിൽ സാവിത്രിക്കു് പരാതിയൊന്നുമില്ലായിരുന്നു. ഒരാൾ അയാൾക്കു് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു് സന്തോഷത്തോടെ കഴിയുന്നതിൽപ്പരം ജീവിതത്തിൽ മറ്റൊന്നും വേണ്ടതില്ല എന്ന പക്ഷക്കാരിയായിരുന്നു അവൾ. സത്യൻ എന്നും ജയൻ എന്നും പേരുള്ള, യഥാക്രമം ആറിലും അഞ്ചിലും പഠിക്കുന്ന അവരുടെ രണ്ടു് ആൺമക്കളുടെ കാര്യങ്ങൾ ചിട്ടയോടെയും വെടിപ്പോടെയും നോക്കി സാവിത്രി കുടുംബം മുന്നോട്ടു കൊണ്ടുപോയി.
മക്കൾക്കു് സത്യൻ എന്നും ജയൻ എന്നും പേരിടണമെന്നതു് കുമാരന്റെ ഒറ്റ നിർബ്ബന്ധമായിരുന്നു. ചെറുപ്പത്തിൽ അയാൾ കണ്ട മലയാള സിനിമകളോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു അതിനു പിന്നിൽ.
താൻ അവസാനമായി ഒരു സിനിമ കണ്ടതു് എത്ര വർഷങ്ങൾക്കു മുൻപായിരിക്കും എന്നു് അയാൾ ഒരു കൗതുകത്തോടെ ഇപ്പോൾ ഓർത്തു നോക്കാറുണ്ടു്.
വെയിൽത്തിരകളിൽ പൊങ്ങിയും താണും ഒരു പുരുഷന്റെ രൂപം ഇപ്പോൾ സാവിത്രിയുടെ വീടിനു നേർക്കു് വയൽ മുറിച്ചു് സഞ്ചരിക്കുന്നുണ്ടു്.
നെല്ലു ചിക്കുകയായിരുന്ന സാവിത്രിയുടെ മുന്നിലെത്തി ആ രൂപം തന്റെ യാത്ര അവസാനിപ്പിച്ചു.
കുഞ്ഞൂട്ടനായിരുന്നു അതു്.
പോത്തൻമാലി പാടശേഖരത്തിന്റെ പുറംബണ്ടു നിർമ്മാണത്തിനു് കെട്ടുവള്ളത്തിൽ കരിങ്കല്ലിറക്കുന്ന ജോലിയായിരുന്നു കുഞ്ഞൂട്ടനു്. നാലു മൈൽ അപ്പുറമുള്ള പാറമടയിൽ നിന്നു് കെട്ടുവള്ളത്തിൽ കാക്കത്തുരുത്തു കായലിലൂടെ അയാൾ കരിങ്കല്ലുമായി വന്നു.
പുറംബണ്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കൊയ്ത്തു യന്ത്രങ്ങൾക്കും നെല്ലു കയറ്റി പോകാനുള്ള ലോറികൾക്കും പാടത്തിന്റെ ഏതു മുക്കിലും മൂലയിലും എത്തിച്ചേരാവുന്ന സ്ഥിതിയാകും. അതോടെ കായൽപ്പരപ്പിലെ ടോറസ്സുകളായ കെട്ടുവള്ളങ്ങൾക്കു് പിൻവാങ്ങേണ്ടിയും വരും. അന്നു് കായൽപ്പരപ്പു് കെട്ടുവള്ളങ്ങളെ ഒന്നു കാണാൻ അക്ഷരാർത്ഥത്തിൽ കൊതിക്കുക തന്നെ ചെയ്യും.
രണ്ടു ലോഡ് കരിങ്കല്ലിറക്കി മൂന്നാമത്തെ ലോഡിനു വേണ്ടി പോവുകയായിരുന്നു കുഞ്ഞൂട്ടൻ.
കേവുഭാരമൊഴിഞ്ഞതോടെ അയാളുടെ കെട്ടുവള്ളം, വെള്ളത്തിനുള്ളിൽ നിന്നു് പൊടുന്നനെ ഉയർന്നു വന്ന ഒരു അദ്ഭുത നൗക പോലെയുണ്ടായിരുന്നു.
യമഹ എൻജിന്റെ കുതിരശക്തിയിൽ പറക്കുകയായിരുന്ന ആ അദ്ഭുത നൗക പൊടുന്നനെ വേഗം കുറഞ്ഞു് കായലോരത്തു്, സാവിത്രിയുടെ വീടിനു പിന്നിലായി അടുക്കുന്നതും കുഞ്ഞൂട്ടൻ അതിൽ നിന്നിറങ്ങി വയൽ മുറിച്ചു് സാവിത്രിയുടെ വീടിനെ ലക്ഷ്യം വെച്ചു് നടക്കുന്നതും പുറംബണ്ടിലെ ഒരു തൈത്തെങ്ങിന്റെ തണലിലിരുന്നു് ജോപ്പൻ കാണുന്നുണ്ടായിരുന്നു.
പുറംബണ്ടിനു് കരിങ്കല്ലു കെട്ടുന്ന പണിയിൽ ഏർപ്പെട്ടിരുന്ന ജോപ്പനു് അതു് ഉച്ച ഭക്ഷണത്തിന്റെ ഇടവേളയായിരുന്നു.
സാവിത്രി കുഞ്ഞൂട്ടന്റെ സാന്നിധ്യം അറിഞ്ഞ മട്ടു കാണിക്കുകയുണ്ടായില്ല.
വെന്തു പതം വന്ന നെല്ലു് കാല്പാദങ്ങൾക്കു മുകളിലൂടെ ചെറു തിരകളായി കുമിഞ്ഞു മറിയുന്നതു മാത്രം ശ്രദ്ധിച്ചു കൊണ്ടു് അവൾ നെല്ലു ചിക്കുന്നതു തുടർന്നു.
കുംഭമാസത്തിന്റെ വെയിൽ കുഞ്ഞൂട്ടനെയും വെറുതെ വിട്ടിരുന്നില്ല. മേൽക്കുപ്പായമില്ലാത്ത അയാളുടെ ഇരുമ്പുടലിൽ വീണു് അതു് മലപ്പുറം കത്തിയുടെ വായ്ത്തല പോലെ തിളങ്ങി.
രണ്ടാമത്തെ ലോഡ് കരിങ്കല്ലുമായി വരുമ്പോൾ കുഞ്ഞൂട്ടൻ കായൽ തീരത്തെ ഉല്ലാസവാടി എന്ന കള്ളുഷാപ്പിനു മുന്നിൽ തന്റെ കെട്ടുവള്ളം അടുപ്പിച്ചിരുന്നു. “
ഇതെന്നാ കുഞ്ഞൂട്ടാ, പതിവില്ലാതെ ഉച്ചയ്ക്കു്,” അയാളെ കണ്ടപാടെ കുമാരൻ ചോദിച്ചു. “
കരിങ്കല്ലേലിട്ടൊള്ള പണിയല്ലേ കുമാരാ,” കുഞ്ഞൂട്ടൻ പറഞ്ഞു, “ഇച്ചിരി പിടിപ്പിക്കാതെ പറ്റുകേല. ഒരു കുപ്പി മൂത്തതെടു്.”
തോളിൽ കിടന്ന തോർത്തെടുത്തു് നെഞ്ചിനു മുന്നിൽ ചുഴറ്റി അയാൾ ഉഷ്ണമകറ്റി.
ക്വാർട്ടർ പ്ലേറ്റിൽ മീൻ ചാറൊഴിച്ച കപ്പ ഉപദംശമായി വിളമ്പുമ്പോൾ കുമാരൻ കുഞ്ഞൂട്ടനോടു് ചോദിച്ചു, “പോത്തു വരട്ടിയതു് എടുക്കട്ടെ, ഇപ്പൊ അടുപ്പേന്നു് വാങ്ങിയതേയൊള്ളൂ.” “
അതു നല്ല ചോദ്യം. കുമാരനങ്ങോട്ടു് കൊടു് കുമാരാ,” അപ്പുറത്തെ ബെഞ്ചിലിരുന്ന ഇലവെട്ടുകാരൻ ഇക്കുവാണു് മറുപടി പറഞ്ഞതു്, “കുമാരൻ കൊടുത്താ കുഞ്ഞൂട്ടൻ വേണ്ടന്നു പറയുവോ? അല്ല, പെണ്ണും പെടക്കോഴീം ഇല്ലാത്തവര്ടെ കാര്യങ്ങള് ശ്രദ്ധിക്കാനും ആരേലുമൊക്കെ വേണല്ലോ?”
അന്നത്തെ പണി തീർന്നിരുന്നതിനാൽ ഒട്ടും തിരക്കില്ലാതെ, സാവധാനത്തിലാണു് ഇക്കു കള്ളു മോന്തിക്കൊണ്ടിരുന്നതു്. അയാളുടെ മുന്നിലെ കള്ളിന്റെ കുപ്പി പാതി മാത്രം കാലിയായി ശേഷിക്കാൻ തുടങ്ങിയിട്ടു് നേരം കുറച്ചായിരുന്നു.
ഇക്കു, തലച്ചുമടായി കൊണ്ടു പോവുകയായിരുന്ന വാഴയിലകളുടെ ഒരു നീളൻ കെട്ടു് തെങ്ങിൻ പലകയടിച്ചു് കുമ്മായം പൂശിയ ഷാപ്പിന്റെ ഭിത്തിയിൽ ചാരി വെച്ചിരുന്നു. അതു് പിറ്റെന്നു നടക്കാനിരിക്കുന്ന, പവിത്രൻ വൈദ്യരുടെ മകളുടെ കല്യാണത്തിനുള്ളതാണു്.
പഴയ ഒരു വർത്തമാനപ്പത്രത്തിൽ പൊതിഞ്ഞ ഇലവെട്ടുകത്തി അയാൾ മടിയിൽത്തന്നെ ഭദ്രമായി വെച്ചിരുന്നു.
ഇക്കു പറഞ്ഞതിന്റെ വ്യംഗ്യം കുമാരനു മനസ്സിലായില്ലെങ്കിലും കുഞ്ഞൂട്ടനു മനസ്സിലായി. യൗവനം കഴിഞ്ഞിട്ടും കുഞ്ഞൂട്ടൻ പെണ്ണുകെട്ടാതെ നടക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നില്ല അതു്. കുമാരനു മനസ്സിലാകുന്നതിനുമപ്പുറം അതിന്റെ മുന നീണ്ടു കിടന്നു.
ഒന്നിനു പകരം രണ്ടു കുപ്പി കള്ളും പോത്തു വരട്ടിയതും തീർത്തു്, കൈയും വായയും കഴുകി കായലിലേയ്ക്കു നീട്ടിത്തുപ്പി കുഞ്ഞൂട്ടൻ ഇക്കുവിന്റെ മുന്നിൽ ചെന്നു നിന്നു.
ഡസ്ക്കിൽ കൈമുട്ടുകൾ രണ്ടും കുത്തി ഒരു രഹസ്യം പങ്കു വെയ്ക്കുന്നതിന്റെ ഗൗരവത്തോടെ, ഇക്കുവിനു് മാത്രം കേൾക്കാൻ പാകത്തിൽ അയാൾ പറഞ്ഞു, “ഒന്നു മൂഞ്ചിത്തീർത്തിട്ടു് എഴുന്നേറ്റു പോടാ. നേരം കൊറെ ആയല്ലോ… ”
നെല്ലു ചിക്കി തീർത്ത സാവിത്രി കുഞ്ഞൂട്ടന്റെ നേർക്കു് നോക്കുകയോ ഒരക്ഷരം ഉരിയാടുകയോ ചെയ്തില്ല. അവൾ കുനിഞ്ഞ ശിരസ്സുമായി അടുക്കള വാതിലിലൂടെ വീടിനുള്ളിലേയ്ക്കു് കയറിപ്പോയി.
നെല്ലു തിന്നാൻ വരുന്ന പക്ഷികളെ ആട്ടാൻ മുറ്റത്തെ അയയിൽ, ചിക്കു പായയ്ക്കു മുകളിലായി ഉപ്പു പുരട്ടി ഉണക്കിയെടുത്ത ഒരു ചത്ത കാക്കയെ സാവിത്രി കെട്ടിത്തൂക്കിയിരുന്നു.
വാസ്തവമറിയാത്ത വയൽക്കാറ്റു് അങ്ങേയറ്റത്തെ ക്ഷമയോടെ അതിനെ പറക്കാൻ പഠിപ്പിച്ചു കൊണ്ടിരുന്നു.
തോളിൽ കിടന്ന തോർത്തെടുത്തു് നെഞ്ചും കക്ഷങ്ങളും തുടച്ചു്, ചുറ്റിനും ഒരു കാക്കനോട്ടമയച്ചു് സാവിത്രിയ്ക്കു പിന്നാലെ കുഞ്ഞൂട്ടനും വീടിനുള്ളിലേയ്ക്കു കയറി. അടുക്കളയുടെ വാതിൽ അടഞ്ഞു.
വയൽക്കാറ്റിൽ പഴുത്ത കശുമാങ്ങകളുടെ ഗന്ധം കലരാൻ തുടങ്ങി. സാവിത്രിയുടെ ഉടലുണരുന്നതിന്റെ ഗന്ധം.
തന്റെ ഞരമ്പുകളിലെവിടെയോ വെടിമരുന്നിനു് തീപിടിക്കുന്നതറിഞ്ഞ ജോപ്പൻ മടിക്കുത്തിൽ നിന്നു് ഒരു തെറുപ്പു ബീഡിയും തീപ്പെട്ടിയുമെടുത്തു.
കൈപ്പത്തികൾ കൊണ്ടു് കാറ്റിനെ വിലക്കി അയാൾ ബീഡി കത്തിച്ചു.
എന്നിട്ടു് തെങ്ങിൽ ചാരിയിരുന്നു് ഗാഢമായി പുകയെടുക്കുവാൻ തുടങ്ങി.
ജോപ്പന്റെ ഭാര്യ പെണ്ണമ്മ ഇപ്പോൾ എസ്. ഐ. ചന്ദ്രൻ പിള്ളയുടെ പുരയിടത്തിൽ പൊടിക്കപ്പ നടാൻ കൂന കൂട്ടുകയാണു്.
ഹിറ്റാച്ചി കൊണ്ടു് മണ്ണിളക്കി നിരപ്പാക്കിയിട്ടിരുന്ന പുരയിടം ഉച്ചവെയിലേറ്റു് പഴുത്തു കിടന്നു. പുരയിടത്തിലെമ്പാടും കപ്പക്കൂനകൾ കൂമ്പിത്തുടങ്ങുന്ന മാറിടങ്ങൾ പോലെ ഉയർന്നു കൊണ്ടിരുന്നു.
നൂറു നൂറ്റമ്പതു് റബ്ബർ നിന്നിരുന്ന ഒന്നരയേക്കർ പുരയിടമായിരുന്നു ചന്ദ്രൻ പിള്ളയുടേതു്. കൂലിച്ചിലവു കഴിഞ്ഞു് ഒന്നും കിട്ടപ്പോരില്ലാതായതോടെയാണു് അയാൾ റബ്ബർ വെട്ടി വിറ്റു് കപ്പ നടാൻ തീരുമാനിച്ചതു്.
റബ്ബർ മരങ്ങൾ വില്ക്കാനൊരുങ്ങും മുമ്പു് പപ്പാതിയ്ക്കു് കടുംവെട്ടു വെട്ടാനുള്ള ക്ഷണം അയാൾ പരിചയത്തിലുള്ള ടാപ്പർമാർക്കെല്ലാം നൽകിയിരുന്നതാണു്. പക്ഷേ, ഒറ്റയൊരുത്തൻ അടുത്തില്ല. “
പപ്പാതിയല്ല, മുഴുവൻ തരാന്നു പറഞ്ഞാലും വേണ്ടെന്റെ സാറേ,” അവർ ഒരേ സ്വരത്തിൽ പറഞ്ഞു, “മെനക്കേടു കാശുപോലും കിട്ടുകേല.”
റബ്ബർ വെട്ടി വിറ്റപ്പോൾ കിട്ടിയ പണത്തിന്റെ പകുതിമുക്കാലും ഹിറ്റാച്ചി കൊണ്ടുവന്നു് കുറ്റിയും വേരും പറിക്കാനും മണ്ണിളക്കാനും ചന്ദ്രൻ പിള്ളയ്ക്കു് ചിലവായി. ബാക്കിയുള്ളതു് കപ്പയ്ക്കു് രണ്ടു തവണ ഇടകൊത്താനും ഒരു തവണ ചിരണ്ടിക്കൂട്ടാനുമുള്ള കൂലിച്ചെലവിനു് കഷ്ടി തികയും. ചുരുക്കത്തിൽ കൈയിൽ തടയാൻ ഒന്നും ബാക്കിയുണ്ടാവില്ല.
കൈലി മുണ്ടിനും ബ്ലൗസിനും മീതെ പഴയ ഒരു ഫുൾക്കൈ ഷർട്ടും തലയിൽ തോർത്തു കൊണ്ടുള്ള ഒരു കെട്ടുമായിരുന്നു പെണ്ണമ്മയുടെ വേഷം. കൈയിൽ തൂമ്പയ്ക്കു പകരം ഉടവാൾ ആയിരുന്നുവെങ്കിൽ അവളെ അങ്കത്തിനിറങ്ങിയ ഉണ്ണിയാർച്ചയോടു് ഉപമിക്കാമായിരുന്നുവെന്നു് ചന്ദ്രൻ പിള്ളയ്ക്കു തോന്നി.
പുരയിടത്തിന്റെ അതിരിൽ പന്തലിച്ചു നിന്ന ഒരു പ്ലാത്തിമാവിന്റെ തണലിൽ കസേരയിട്ടു് ഇരിക്കുകയായിരുന്നു ചന്ദ്രൻ പിള്ള. നിന്നു തിരിയാൻ സമയമില്ലാത്ത തന്റെ പോലീസ് ജോലിക്കിടയിൽ വീണു കിട്ടിയ ഒരു ഓഫ്ഡ്യൂട്ടി അലസമായി ചെലവഴിക്കുകയായിരുന്നു അയാൾ.
രണ്ടു മാസം മുമ്പു്, ധനുമാസത്തിലെ ചോതി നാളിലാണു് ചന്ദ്രൻ പിള്ളയ്ക്കു് എ. എസ്. ഐ.-ൽ നിന്നു് എസ്. ഐ. ആയി സ്ഥാനക്കയറ്റം കിട്ടിയതു്. അയാളുടെ ഒരേയൊരു മകൾ ജലജ സി. നായർ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതു വഴി അയാൾ ഒരു മുത്തച്ഛനായതും അതേ ദിവസമായിരുന്നു.
തന്റെ പേരിനു സംഭവിച്ചതു് തന്റെ മകളുടെ പേരിനു് സംഭവിക്കരുതു് എന്നു് ആഗ്രഹമുള്ള ആളായിരുന്നു ചന്ദ്രൻ പിള്ള. അതുകൊണ്ടു് മകൾക്കു് ജലജ സി. എന്നായിരുന്നു അയാൾ പേരിട്ടിരുന്നതു്. പക്ഷേ, ചന്ദ്രൻ പിള്ളയുടെ ഭാര്യ സുഭദ്രക്കുട്ടിയമ്മയ്ക്കു് അതു് സമ്മതമായിരുന്നില്ല.
ഒരു പേരു് എപ്പോഴും സമ്പൂർണ്ണമായ ഒന്നായിരിക്കണമെന്നും ശങ്കയ്ക്കു് ഇട നൽകാത്ത വിധം അതിന്റെ ഉടമയെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങൾ പ്രകാശിപ്പിക്കാനുള്ള ശേഷി അതിനുണ്ടായിരിക്കണമെന്നും നിർബ്ബന്ധമുള്ള ആളായിരുന്നു സുഭദ്രക്കുട്ടിയമ്മ. ജലജ ചന്ദ്രശേഖരൻ എന്ന ഒരു ഭേദഗതി ചന്ദ്രൻ പിള്ള നിർദ്ദേശിച്ചിരുന്നുവെങ്കിലും സുഭദ്രക്കുട്ടിയമ്മ വഴങ്ങുകയുണ്ടായില്ല. തന്റെ മകളുടെ പേരു് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചു് സുഭദ്രക്കുട്ടിയമ്മയ്ക്കു് വ്യക്തമായ ധാരണയുണ്ടായിരുന്നു.
ദേവു എന്ന വിളിപ്പേരിട്ടിരിക്കുന്ന ചന്ദ്രൻ പിള്ളയുടെ പേരക്കുട്ടിക്കു്, ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുവാൻ വേണ്ടി നൽകേണ്ട ഒദ്യോഗിക നാമത്തെക്കുറിച്ചു് ഇനിയും തീരുമാനമായിട്ടില്ല. എന്തായാലും അതിൽ ഇടപെടാൻ ചന്ദ്രൻ പിള്ള ആലോചിച്ചിട്ടില്ല. അയാൾക്കു് അതിനുള്ള ധൈര്യവും ഇന്നില്ല.
വെയിൽ പ്രസരിച്ചിറങ്ങി പെണ്ണമ്മയുടെ വെളുത്ത മുഖം കനൽ നിറം പൂണ്ടിരുന്നു. ചുണ്ടുകൾ വേനലിൽ പഴുത്ത, തിന്നാൻ പാകമായ ഒരു ഫലം പോലെയുമിരുന്നു. ആ ഫലം ഞെട്ടറ്റു വീഴുന്നതും താൻ ഒറ്റയ്ക്കു് അതിന്റെ സ്വാദു മുഴുവൻ നുണയുന്നതും ചന്ദ്രൻ പിള്ള വെറുതെ സങ്കല്പിച്ചു നോക്കി.
മുടിയും മീശയുമൊക്കെ കറുപ്പിച്ചു് യൗവനത്തെ പുനരാനയിച്ചാണു് നടന്നിരുന്നതെങ്കിലും താഴ്‌ന്നു തുടങ്ങിയിരുന്ന ടെസ്റ്റോസ്റ്റിറോൺ ലെവൽ അയാളുടെ സങ്കല്പങ്ങളെ ഒരു പരിധിയ്ക്കപ്പുറം വളരാൻ അനുവദിച്ചില്ല.
അന്നേ വരെ അച്ചടക്ക നടപടികളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത, ഒരു മെമ്മോ പോലും കിട്ടിയിട്ടില്ലാത്ത പോലീസുകാരനായിരുന്നു ചന്ദ്രൻ പിള്ള. കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളിലെല്ലാം അയാളുടെ പെർഫോമൻസ് ‘എക്സലന്റ്’ എന്നും ഇന്റഗ്രിറ്റി ‘ബിയോണ്ട് ഡൗട്ട്’ എന്നുമാണു് മേലുദ്യോഗസ്ഥർ തുടർച്ചയായി രേഖപ്പെടുത്തി പോന്നിരുന്നതു്. ശേഷിക്കുന്ന മൂന്നര വർഷത്തെ സർവ്വീസു കൂടി അങ്ങനെ തന്നെ കടന്നു കിട്ടണം എന്ന ഒറ്റ ആഗ്രഹം അയാളുടെ മറ്റു ചോദനകളെയെല്ലാം അടക്കി.
മാവിന്റെ തണലിൽ ചന്ദ്രൻ പിള്ളയ്ക്കൊപ്പം അയാൾ വളർത്തുന്ന ഒരു ഡസൻ കരിങ്കോഴികളും വിശ്രമിക്കുന്നുണ്ടായിരുന്നു. ഒൻപതു പിടയും മൂന്നു പൂവനു മടങ്ങുന്ന ആ സംഘം വെയിൽ മൂക്കുന്നതു വരെ പെണ്ണമ്മയുടെ തൂമ്പ വീഴുന്ന ഇടങ്ങളിലെല്ലാം കൊത്തിപ്പെറുക്കി നടക്കുകയിരുന്നു. “
ഇവനെ കൊടുക്കുന്നോ സാറേ?” കൂട്ടത്തിലെ ഏറ്റവും തലയെടുപ്പുള്ള പൂവനെ ചൂണ്ടി പെണ്ണമ്മ ചന്ദ്രൻ പിള്ളയോടു ചോദിച്ചു, “ചുമ്മാ വേണ്ട. വെലയ്ക്കു മതി.”
കറുത്ത പൂവും വെളുത്ത കുഞ്ചി രോമങ്ങളുമുള്ള ആ പൂവൻ ഒരു കാട്ടു രാജാവിനെ പോലെ ഉണ്ടായിരുന്നു.
മകൾ ജലജ സി. നായരുടെ കല്യാണത്തിനു് ജവുളി വാങ്ങാൻ പോയപ്പൊഴായിരുന്നു ചന്ദ്രൻ പിള്ള ആ കരിങ്കോഴികളെ വാങ്ങിയതു്.
ഭാര്യയേയും മകളേയും ബന്ധുക്കളേയും പട്ടണത്തിലെ, നാലു നിലകളിലായി ഉയർന്നു നിന്ന ജവുളിക്കടയ്ക്കുള്ളിൽ മേയാൻ വിട്ടു് ഒരു സിഗരറ്റു വലിക്കാൻ പുറത്തിറങ്ങിയതായിരുന്നു ചന്ദ്രൻ പിള്ള.
പാർക്കിങ്ങ് ഏരിയയുടെ ഒരു കോണിൽ സിഗരറ്റു കത്തിച്ചു് പുകയെടുത്തു കൊണ്ടു് പട്ടണത്തിന്റെ തിരക്കുപിടിച്ച റോഡിലേയ്ക്കു നോക്കി അയാൾ നിന്നു.
വെയിൽ വെള്ളിത്തകിടുപോലെ വീണു കിടന്ന ടാർ നിരത്തിൽ ആളുകളും വാഹനങ്ങളും അവിരാമം ഒഴുകിക്കൊണ്ടിരുന്നു.
അപ്പോഴാണു് കാലുകൾ കൂട്ടിക്കെട്ടി തലകീഴായി തൂക്കിപ്പിടിച്ച നിലയിൽ ഒരു പറ്റം കോഴിക്കുഞ്ഞുങ്ങളുമായി ഒരാൾ റോഡിൽ നിന്നു് കൃത്യം ചന്ദ്രൻ പിള്ളയുടെ നേർക്കു് നടന്നു വന്നതു്. “
കരിങ്കോഴിയാണു്. വേണോ സർ?”
അയാൾ പറഞ്ഞതു് അക്ഷരം പ്രതി ശരിയാണെന്നു് ചന്ദ്രൻ പിള്ളയ്ക്കു തോന്നി. നിറത്തിന്റെ കാര്യത്തിൽ കോഴിക്കുഞ്ഞുങ്ങൾ കറുത്തുരുകി കിടക്കുന്ന ടാർ റോഡിനെ തോൽപ്പിക്കും.
അവയുടെ കുഞ്ഞിക്കരച്ചിലുകൾ വെയിലേറ്റു് വാടിയ നിലയിലായിരുന്നു. അവസാനത്തെ ശ്വാസമെടുക്കുന്നതു പോലെ ഓരോ കോഴിക്കുഞ്ഞും കൊക്കു പിളർത്തി, നാവു നീട്ടി ശ്വസിച്ചു കൊണ്ടിരുന്നു. “
എന്നാടാ ഉവ്വേ വെല, ഒള്ളതു പറ” “
ഒരു ഡസനൊണ്ടു് സർ, ഒരു കമ്മതി വെല പറയട്ടെ.”
അയാൾ അറുനൂറു രൂപ പറഞ്ഞു. അഞ്ഞൂറിനു് കച്ചവടമുറച്ചു.
കാറിന്റെ ഡിക്കിയിൽ ഒരു വട്ടപ്പാത്രമുണ്ടായിരുന്നു. ചന്ദ്രൻ പിള്ള റോഡു വക്കിലെ പെട്ടിക്കടയിൽ നിന്നു് ഐസിട്ട രണ്ടു് സോഡനാരങ്ങ വെള്ളം വാങ്ങി അതിലൊഴിച്ചു് കോഴിക്കുഞ്ഞുങ്ങളെ കെട്ടഴിച്ചുവിട്ടു. എന്നിട്ട് വണ്ടിക്കുള്ളിൽ കയറി എ. സി. പ്രവർത്തിപ്പിച്ചു.
ദാഹമകറ്റി, ഡിക്കിയ്ക്കുള്ളിൽ രണ്ടു കാലുകളിലും കുന്തിച്ചിരുന്നു് പന്ത്രണ്ടു കോഴിക്കുഞ്ഞുങ്ങളും അമ്പരക്കാൻ തുടങ്ങിയ നിമിഷം അയാൾക്കു് ഇപ്പൊഴും ഓർമ്മയുണ്ടു്.
അന്നു് ദാഹിച്ചു മരിക്കാറായിരുന്ന ആ പന്ത്രണ്ടെണ്ണത്തിൽ കറുത്ത പൂവും വെളുത്ത കുഞ്ചിരോമങ്ങളുമായി ഇങ്ങനെ ഒരു കാട്ടു രാജാവു് ഉണ്ടാകുമെന്നും ആ തലയെടുപ്പു കണ്ടു് കപ്പയ്ക്കു് കൂനകൂട്ടാൻ വരുന്ന പെണ്ണമ്മ അവന്റെ മേൽ കണ്ണുവയ്ക്കുമെന്നും ആരോർത്തു.
ഒൻപതു പെണ്ണുങ്ങൾക്കു് സ്വന്തമായുള്ള മൂന്നു് ആണുങ്ങളിൽ ഒരുവനെയാണു് പെണ്ണമ്മ ആവശ്യപ്പെട്ടിരിക്കുന്നതു്. ആൺ പെൺ അനുപാതം അതാണെങ്കിലും ഇണ ചേരുമ്പോൾ കണക്കു് വേറെയാണു്. അപ്പോൾ ഓരോ പൂവനും ഒൻപതു പിടകൾ വീതമാണു്; അല്ലെങ്കിൽ ഓരോ പിടയ്ക്കും മൂന്നു പൂവൻ വീതം.
പകൽ വെളിച്ചത്തിൽ നാഴികയ്ക്കു നാല്പതു വട്ടം ഇണചേരുന്ന കോഴികളുടെ കണ്ണിലെ ഭാവം ചന്ദ്രൻ പിള്ള ശ്രദ്ധിച്ചിട്ടുണ്ടു്. ജന്മോദ്ദേശ്യം നിറവേറ്റുന്നതിന്റെ കർത്തവ്യ വ്യഗ്രതയല്ലാതെ മറ്റൊന്നും അയാൾക്കു് അവിടെ കാണാനായിട്ടില്ല. മനുഷ്യനു് എളുപ്പത്തിൽ മനസ്സിലാകുന്ന ഒന്നല്ല അതെന്നു് അയാൾക്കു് അപ്പൊഴൊക്കെ തോന്നിയിട്ടുമുണ്ടു്.
പെണ്ണമ്മ ആവശ്യപ്പെട്ട പൂവൻ അല്പം അപഥ സഞ്ചാരമൊക്കെയുള്ളവനാണു്. അയല്പക്കത്തെ ജോസുകുട്ടിയുടെ ഒരേയൊരു നാടൻ പിടക്കോഴിയുമായിട്ടാണു് അവന്റെ അവിഹിതം. അതിനെ അവിഹിതം എന്നു വിശേഷിപ്പിക്കുന്നതിന്റെ നിരർത്ഥകതയോർത്തു് ചന്ദ്രൻ പിള്ളയ്ക്കു് ചിരി വന്നു. ഒപ്പമുള്ള ഒൻപതു കരിങ്കോഴി പിടകളുടെ കൂടെ ആ നാടൻ പിടയേയും ചേർത്തു് അവൻ പത്തെണ്ണമായി കരുതുന്നു, അത്ര തന്നെ.
പൂവനെ വില്ക്കാൻ ഉദ്ദേശ്യമില്ല എന്നു് ചന്ദ്രൻ പിള്ള അറിയിച്ചപ്പോൾ പെണ്ണമ്മ പറഞ്ഞു, “
ഒള്ള കാര്യം പറയാല്ലോ സാറേ. എനിക്കു് പതിനഞ്ചു കോഴിയൊണ്ടു്, മൊട്ടയ്ക്കു വേണ്ടി വളർത്തണതു്. ബ്ലോക്കീന്നു കിട്ടിയതാ. ഒന്നൊഴിച്ചു് ബാക്കിയെല്ലാം പെട. എനം ഏതാണോ എന്തോ? പെടയ്ക്കൊക്കെ കുണ്ടി ദേ വൈയ്ക്കോൽ തുറൂന്റത്രേം വരും. പൂവനാന്നെങ്കിൽ ഒരശു. അവനെക്കൊണ്ടു് അവളുമാരെയൊന്നും മെതിക്കാൻ പറ്റണില്ല. അതു കൊണ്ടു് മൊട്ട അടവെക്കാൻ പറ്റാതിരിക്കുവാ. ഒത്ത ഒരു പൂവനെ കിട്ടീട്ടു വേണം കൊറച്ചു് കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാൻ.”
പെണ്ണമ്മയുടെ വീട്ടു കാര്യങ്ങൾ കുറച്ചൊക്കെ ചന്ദ്രൻ പിള്ളയ്ക്കു് അറിവുള്ളതാണു്. കിട്ടുന്നതു മുഴുവൻ കുടിച്ചു തീർക്കുന്ന, വീടു നോക്കാത്ത ഒരാളാണു് അവളുടെ ഭർത്താവു് ജോപ്പൻ. അയാൾ വീട്ടിൽ ചെന്നാലായി ഇല്ലെങ്കിലായി. സ്വന്തമായി അധ്വാനിച്ചാണു് പെണ്ണമ്മ ചെലവു കഴിയുന്നതു്.കല്യാണം കഴിഞ്ഞു് വർഷം അഞ്ചെട്ടായിട്ടും അവർക്കു് കുട്ടികളുമില്ല.
അന്നു് പെണ്ണമ്മ പണി കയറി പോകാൻ നേരം കറുത്ത പൂവും വെളുത്ത കുഞ്ചി രോമങ്ങളുമുള്ള ആ കാട്ടുരാജാവിനെ ചന്ദ്രൻ പിള്ള അവൾക്കു് സമ്മാനിച്ചു. “
വിറ്റതായിട്ടു് കൂട്ടണ്ട”
ചന്ദ്രൻ പിള്ള പെണ്ണമ്മയോടു് പറഞ്ഞു, “നിനക്കു് ഒരു പൂവന്റെ ആവശ്യം വന്നപ്പോൾ നിറവേറ്റിയതു് ഞാനാണു് എന്ന ഓർമ്മ ഉണ്ടായിരുന്നാൽ മതി.”
സാവിത്രിയുടെ ഭർത്താവു് ചെത്തുകാരൻ കുമാരൻ ഇപ്പോൾ വയലിന്റെ പുറംബണ്ടിലെ ഏറ്റവും ഉയരമുള്ള തെങ്ങിന്റെ മുകളിൽ ഇരിക്കുകയാണു്. അയാൾ എന്നും അവസാനമായി അന്തിച്ചെത്തിനു് കയറുന്ന തെങ്ങാണതു്. അയാൾ കള്ളു ചെത്തിക്കഴിഞ്ഞിട്ടു് നേരം കുറെയായി. പക്ഷേ, പെണ്ണമ്മയെ കാണാതെ അയാൾക്കു് മടങ്ങാനാവില്ല. അതൊരു പതിവാണു്. അവിടെയിരുന്നാൽ അയാൾക്കു് പെണ്ണമ്മയുടെ പുരയും അവിടേയ്ക്കു നീളുന്ന ഇടവഴിയും വെടിപ്പായി കാണാം.
പണി കഴിഞ്ഞു മടങ്ങി വരുന്ന പെണ്ണമ്മയുടെ തലവെട്ടം ഇടവഴിയുടെ അങ്ങേത്തലയ്ക്കൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതാണു് അയാൾക്കു് തെങ്ങിൽ നിന്നു് ഇറങ്ങാനുള്ള സമയം.
വിളഞ്ഞു കിടന്ന നെൽപ്പാടത്തിന്റെ കനക വർണ്ണം സന്ധ്യയുടെ വെളിച്ചത്തിൽ ഗാഢമാകാൻ തുടങ്ങി. പാടത്തിന്റെ തുറസ്സിൽ കാക്കത്തുരുത്തു കായലിൽ നിന്നുള്ള കാറ്റു് വിരാമമില്ലാതെ വീശി. “
എന്നതാ പെണ്ണമ്മേ ഇതു്, കരിങ്കോഴിപ്പൂവനോ?” തെങ്ങിൽ നിന്നിറങ്ങിയ കുമാരൻ വീട്ടിലേയ്ക്കുള്ള ഇടവഴിയുടെ മധ്യത്തിൽ പെണ്ണമ്മയെ തടഞ്ഞു.
കള്ളുകുടിക്കാത്ത കുമാരന്റെ ഉടലിനെ തെങ്ങിൻകള്ളിന്റെ പുളിപ്പുമണം പൊതിഞ്ഞിരിക്കുന്നതോർത്തു് പെണ്ണമ്മയ്ക്കു് ഖേദം തോന്നി. “
വഴീന്നു് മാറെടാ. ഒലിപ്പിച്ചോണ്ടു് നിക്കാതെ,” പെണ്ണമ്മ ഖേദം പുറത്തു കാട്ടാതെ ചീറി. “
കോഴിപ്പൂവനെന്തോന്നിനാ പെണ്ണമ്മേ, സൂപ്പുവെച്ചു കുടിക്കാനാന്നോ? അല്ലേലും നിനക്കു് ഒരു കോഴിസൂപ്പിന്റെ കൊറവൊണ്ടു്. നീ ആകെയൊന്നു് ഒടഞ്ഞിട്ടൊണ്ടു്.” “
ഞാൻ സൂപ്പു കുടിച്ചു് കൊഴുത്തിട്ടു് നിനക്കു് എന്നാ ഒണ്ടാക്കാനാടാ? നീ പോയി നിന്റെ കെട്ട്യോളെ സൂപ്പു കുടിപ്പിക്കാൻ നോക്കു്.” “
അങ്ങനെയൊന്നും പറയല്ലേ പെണ്ണമ്മേ. നിന്റെ ദേഹം ഒടഞ്ഞാ എനിക്കു് സഹിക്കുകേല.” “
കുമാരാ, ഞാൻ പലതവണ പറഞ്ഞിട്ടൊള്ളതാ. എന്നാലും ഒന്നൂടെ പറയുവാ, കള്ളുകുടിയനാണേലും കുടുമ്മത്തി വരാത്തവനാണേലും എനിക്കു് ഒരു കെട്ട്യോനൊണ്ടു്. അങ്ങേരു് ഒള്ളേടത്തോളം ഞാൻ അയാള്ടെ ഭാര്യേമാണു്. അതു കൊണ്ടു് നീ ഇപ്പൊ പോ.”
അതു് പിരിയാനുള്ള സമയമാണെന്നു് കുമാരനു് അറിയാമായിരുന്നു. അയാൾ പെണ്ണമ്മയ്ക്കു് വഴി മാറിക്കൊടുത്തു.
പടിഞ്ഞാറൻ ആകാശത്തു് സന്ധ്യയുടെ അവസാനത്തെ തുള്ളി ചുവപ്പും വറ്റി.
കുമാരനു പ്രിയപ്പെട്ട കുത്തരിക്കഞ്ഞിയും കോവയ്ക്ക മെഴുക്കുപുരട്ടിയതും ഉണക്കച്ചെമ്മീൻ ചമ്മന്തിയും അത്താഴത്തിനു തയ്യാറാക്കി, കുളിച്ചൊരുങ്ങി ഭാര്യ സാവിത്രി കാത്തിരിക്കുന്നുണ്ടായിരുന്നു.
മക്കൾ സത്യനും ജയനും കുമാരൻ എത്തുന്നതിനു മുമ്പു തന്നെ ഉറക്കം പിടിച്ചിരുന്നു.
അന്നും പതിവു പോലെ സാവിത്രി കിടപ്പറയിൽ പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. അവൾക്കു് ഇത്തരം അറിവുകളൊക്കെ എവിടെ നിന്നാണു് ലഭിക്കുന്നതു് എന്നോർത്തു് കുമാരൻ അദ്ഭുതപ്പെട്ടു. ഒരു അനുഷ്ഠാനം പൂർത്തിയാക്കുന്നതു പോലെ അയാൾ സാവിത്രിയുടെ പരീക്ഷണങ്ങൾക്കു് വഴങ്ങിക്കൊടുത്തു.
പണി കഴിഞ്ഞു് വീട്ടിലേയ്ക്കു് മടങ്ങിയ പെണ്ണമ്മയെ തടഞ്ഞു കൊണ്ടു് അന്നു് ഇടവഴിയിൽ കുമാരൻ പ്രത്യക്ഷപ്പെടുകയുണ്ടായില്ല.
അന്നു് നെൽപ്പാടത്തിന്റെ കനകവർണ്ണം സന്ധ്യയുടെ വെളിച്ചം വീണു് ഗാഢമാവുകയോ, പാടത്തിന്റെ തുറസ്സിൽ കാക്കത്തുരുത്തു കായലിൽ നിന്നുള്ള കാറ്റു് അവിരാമം വീശുകയോ ചെയ്തില്ല.
ആകാശം ഭസ്മത്തിന്റെ നിറം എടുത്തണിഞ്ഞു് മ്ലാനമായി നിന്നു.
പെണ്ണമ്മയ്ക്കു് വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. കുമാരൻ എവിടെയെങ്കിലും ഒളിച്ചു നിൽക്കുന്നുണ്ടാകുമെന്നും അവൻ ഏതു നിമിഷവും തന്റെ മുന്നിൽ ചാടി വീണേക്കുമെന്നും പെണ്ണമ്മ പ്രതീക്ഷിച്ചു. അങ്ങനെ ഒരു പ്രതീക്ഷ വച്ചു പുലർത്താതെ പെണ്ണമ്മയ്ക്കു് മുന്നോട്ടു പോകാൻ കഴിയില്ലായിരുന്നു. കുമാരനു് തന്റെ മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള സാവകാശം നൽകുവാൻ വേണ്ടി അവൾ നടത്തം കഴിയുന്നത്ര പതുക്കെയാക്കി.
പക്ഷേ, പ്രയോജനമൊന്നും ഉണ്ടായില്ല.
അന്നു് അന്തിച്ചെത്തു കഴിഞ്ഞു് പെണ്ണമ്മയേയും കാത്തിരിക്കുമ്പോൾ തെങ്ങിൽ നിന്നു് പിടി വിട്ടു താഴെ വീഴേണ്ടതുണ്ടായിരുന്നു കുമാരനു്. നട്ടെല്ലൊടിഞ്ഞു്, അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടു് എക്കാലത്തേക്കുമായി കിടപ്പിലാവുക കൂടി വേണ്ടതുണ്ടായിരുന്നു അയാൾക്കു്.
കശുമാവിൻ ചില്ലകളിൽ വയൽക്കാറ്റു് തലതല്ലുന്ന മറ്റൊരുച്ച.
കായലോരത്തു് കെട്ടുവള്ളം അടുപ്പിച്ചു്, പാടം മുറിച്ചു നടന്ന കുഞ്ഞൂട്ടൻ മുറ്റത്തു വിരിച്ച തഴപ്പായയിൽ വാട്ടുകപ്പ തോരാനിടുകയായിരുന്ന സാവിത്രിയുടെ മുന്നിലെത്തി തന്റെ യാത്ര അവസാനിപ്പിച്ചു.
വെയിലുണ്ടായിരുന്നില്ല. ആസന്നമായ ഇടവപ്പാതിയുടെ ഒരു കാർമേഘം സൂര്യനെ മറയ്ക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നു.
കൊയ്ത്തു കഴിഞ്ഞു് വെള്ളം കയറ്റിയ പാടം താറാവിൻ പറ്റങ്ങളെക്കൊണ്ടു് നിറഞ്ഞിരുന്നു. ഒരു അപരിചിതന്റെ തല വെട്ടം കണ്ടതോടെ അവ ഉഗ്രസ്ഥായിയിലുള്ള ഒരു കൂട്ടക്കരച്ചിലിലേയ്ക്കു് കടന്നു.
വീടിനുള്ളിലെ പാതിയിരുട്ടിൽ അരയ്ക്കു മുകളിൽ മാത്രം ചലന ശേഷിയുള്ള തന്റെ ശരീരവുമായി കുമാരൻ കിടന്നു.
നട്ടുച്ചയ്ക്കും മ്ലാനമായി നിന്ന ആകാശം കിടപ്പു മുറിയുടെ ജനാലയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു. വാസ്തവത്തിൽ അയാൾ അതു മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ.
വാട്ടുകപ്പ തോരാനിട്ടു നിവർന്ന സാവിത്രി മുഖമുയർത്തി കുഞ്ഞൂട്ടന്റെ കണ്ണുകളിൽ നോക്കി. “
കുഞ്ഞൂട്ടനു് ഗാന്ധാരിയെ അറിയാവോ, മഹാഭാരതം കഥേലെ,” അവൾ കുഞ്ഞൂട്ടന്റെ കണ്ണുകളിൽ നിന്നു് നോട്ടമെടുക്കാതെ ചോദിച്ചു, “കെട്ട്യോൻ കണ്ണു പൊട്ടനായതോണ്ടു് സ്വന്തം കണ്ണു് മൂടിക്കെട്ടി ജീവിച്ച പെണ്ണു്.”
സാവിത്രി എന്താണു് പറഞ്ഞു വരുന്നതു് എന്നറിയാതെ കുഞ്ഞൂട്ടൻ നിശ്ശബ്ദനായി നിന്നു. “
ഞാനും ഇപ്പൊ അങ്ങനാ. എന്റെ കെട്ട്യോനു് അനുഭവിക്കാൻ പറ്റാത്ത സുഖങ്ങളൊന്നും ഇനി മുതൽ എനിക്കും വേണ്ട. അതു് എന്റെ ഒരു തീരുമാനമാ,” സാവിത്രി തുടർന്നു, “കുഞ്ഞൂട്ടൻ നേരം കളയാതെ തിരിച്ചു പോയാട്ടെ.”
കുഞ്ഞൂട്ടനു് എന്തെങ്കിലും പറയാൻ അവസരം നൽകാതെ ഉറച്ച കാൽവയ്പ്പുകളോടെ സാവിത്രി അടുക്കള വാതിലിലൂടെ വീടിനുള്ളിലേയ്ക്കു കയറി.
മുഖത്തടിക്കും പോലെ കുഞ്ഞൂട്ടന്റെ മുമ്പിൽ അടുക്കള വാതിലടഞ്ഞു.
കായലോരത്തെ കുളിക്കടവിനു സമീപം കരയ്ക്കടുപ്പിച്ച കെട്ടുവള്ളത്തിൽ കമിഴ്‌ന്നു കിടക്കുന്ന നിലയിലായായിരുന്നു കുഞ്ഞൂട്ടന്റെ ശവം. തല ചതഞ്ഞു പോയിരുന്നു. ചോര പുരണ്ട ഒരു കരിങ്കല്ലു് വള്ളത്തിനുള്ളിൽത്തന്നെ കിടന്നിരുന്നു.
ടിറ്റോ എന്ന പോലീസ് ട്രാക്കർ നായ മണം പിടിച്ചെത്തുമ്പോൾ ജോപ്പൻ വീട്ടിൽ നല്ല ഉറക്കത്തിലായിരുന്നു.
മനുഷ്യർക്കു് ഉറങ്ങാൻ പാകത്തിൽ രാത്രി വളർന്നിട്ടൊന്നുമുണ്ടായിരുന്നില്ല; തവളകളുടെയും ചീവീടുകളുടെയും കരച്ചിലിന്റെ അകമ്പടിയോടെ പിച്ച നടക്കാൻ പഠിക്കുക മാത്രമായിരുന്നു.
അന്നു് നേരത്തെ വീട്ടിലെത്തിയ, കള്ളു മണക്കാത്ത ജോപ്പനെക്കണ്ടു് പെണ്ണമ്മ അമ്പരന്നു. പച്ച വെളിച്ചെണ്ണ തല നിറയെ തേച്ചു് അയാൾ കുളിക്കാൻ പോയപ്പോൾ അവൾ ഝടുതിയിൽ അയലക്കറിയും ചോറും തയ്യാറാക്കി. കുളികഴിഞ്ഞു വന്നതും അയാൾ കൊരണ്ടിപ്പലകയിൽ ചമ്രം പടിഞ്ഞു് ഉണ്ണാനിരുന്നു. പെണ്ണമ്മ വിളമ്പിക്കൊടുത്ത ചോറു മുഴുവൻ അയാൾ അയലക്കറിയും കൂട്ടി ആസ്വദിച്ചു കഴിച്ചു. ഊണു കഴിക്കുന്നതിനിടെ ഒരു തവണ ജോപ്പൻ പെണ്ണമ്മയുടെ മുഖത്തു നോക്കി ഹൃദ്യമായി ചിരിച്ചു. അവരുടെ ദാമ്പത്യത്തിൽ അങ്ങനെയൊന്നു് ആദ്യമായിരുന്നു. അതിനു മുമ്പു് പെണ്ണമ്മയെ നോക്കി അത്രയും മനോഹരമായി ജോപ്പൻ ചിരിച്ചിട്ടുണ്ടായിരുന്നില്ല. ഒറ്റ ഞൊടിയിൽ അടിമുടി പൂവിട്ട ഒരു വൃക്ഷമായി പെണ്ണമ്മ മാറി.

അടുക്കള ഒതുക്കി, കുളിച്ചു വെടിപ്പായി പെണ്ണമ്മ കൂടെ കിടക്കാൻ ചെന്നപ്പൊഴേയ്ക്കും ജോപ്പൻ ഗാഢമായ ഉറക്കത്തിലേയ്ക്കു് വീണു കഴിഞ്ഞിരുന്നു.
ഉറക്കമുണർന്ന ജോപ്പൻ ശാന്തനായി എസ്. ഐ. ചന്ദ്രൻ പിള്ളയുടെ നേർക്കു് കൈകൾ രണ്ടും നീട്ടി.
ചന്ദ്രൻ പിള്ള അവയിൽ വിലങ്ങണിയിച്ചു.
പെണ്ണമ്മ കൽമുഖത്തോടെ അതു് നോക്കി നിന്നു.
ബാലാരിഷ്ടതകൾ പിന്നിട്ട രാത്രി അപ്പോൾ യൗവനത്തിലെത്തിയിരുന്നു.
സന്ധ്യയ്ക്കുള്ള പതിവു പട്രോളിങ്ങിനിറങ്ങിയ എസ്. ഐ. ചന്ദ്രൻ പിള്ള റേഷൻ കടയ്ക്കു മുന്നിൽ പെണ്ണമ്മയെക്കണ്ടു് ജീപ്പു നിറുത്തി.
പോലീസ് ജീപ്പ് ബ്രേയ്ക്കിട്ടതോടെ വിക്രമൻ എന്നു പേരുള്ള റേഷൻ കടക്കാരൻ ഇരിപ്പിടത്തിൽ നിന്നു് ചാടി എഴുന്നേറ്റു. റേഷനരിയും പഞ്ചസാരയും മണ്ണെണ്ണയും കരിഞ്ചന്തയിൽ വിറ്റു സമ്പാദിച്ച കാശു കൊണ്ടു് അയാൾ ആയിടെ അരയേക്കർ തെങ്ങിൻ പുരയിടം വാങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.
റേഷൻ വാങ്ങാൻ നിന്ന പെണ്ണുങ്ങൾ ശബ്ദമടക്കി ഭവ്യതയോടെ നിന്നു.
ജീപ്പിനുള്ളിൽ ചന്ദ്രൻ പിള്ളയെ കണ്ടതും പെണ്ണമ്മ ഓടി അടുത്തെത്തി. “
തൂക്കുമരം കിട്ടാഞ്ഞതു ഭാഗ്യം. തെളിവു മൊത്തം എതിരല്ലാര്ന്നോ,” ചന്ദ്രൻ പിള്ള പറഞ്ഞു, “ജീവപര്യന്തം ദാ ഇതാന്നു പറയുമ്പം അങ്ങു തീരും.” “
എന്നാലും അവൻ എന്തിനായിരിക്കും അതു ചെയ്തതെന്നാ… ” പെണ്ണമ്മയെ ഒന്നു ചുഴിഞ്ഞു നോക്കിയിട്ടു് അയാൾ തുടർന്നു, “മനുഷ്യന്റെ ഓരോരോ കാര്യങ്ങള്.”
പെണ്ണമ്മ നിശ്ശബ്ദയായി നിന്നു. “
നിനക്കു് വേലേം കൂലീമൊക്കെ ഉണ്ടല്ലോ അല്ലേ?” ചന്ദ്രൻ പിള്ള ജീപ്പെടുക്കാൻ ഒരുങ്ങി, “എന്തേലും ആവശ്യമുണ്ടേൽ പറയണം. എനിക്കു് ഇനി ഒരു മാസം കൂടിയേ ഉള്ളൂ. അടുത്ത മുപ്പത്തൊന്നിനു് പെൻഷനാ.” “
ഒരു് കാര്യം പറയാനൊണ്ടാര്ന്നു,” പെണ്ണമ്മ മടിച്ചുമടിച്ചു് പറഞ്ഞു, “സാറു തന്ന ആ പൂവൻ ചത്തുപോയി.”
ചെമ്പു നാണയമിട്ട സമോവറിൽ വെള്ളം തിളയ്ക്കുന്നതിന്റെ ശബ്ദം അനുകരിച്ചു കൊണ്ടിരുന്ന ജീപ്പിന്റെ എൻജിൻ ചന്ദ്രൻ പിള്ള താക്കോൽ തിരിച്ചു് നിശ്ശബ്ദമാക്കി.
പെണ്ണമ്മ ഭാരമിറക്കി വയ്ക്കാൻ ഒരത്താണി കിട്ടിയ ആശ്വാസത്തോടെ തുടർന്നു, “ഒരു ദെവസം നോക്കുമ്പം അവനു് തീറ്റയെടുക്കാൻ മടി. പിറ്റേന്നും അങ്ങനെ തന്നെ. വൈകുന്നേരം കൂട്ടിൽ കേറ്റാൻ നോക്കുമ്പോ കാണുന്നില്ല. തപ്പി ചെന്നപ്പൊഴൊണ്ട് വാഴച്ചോട്ടിൽ ഉറുമ്പരിച്ചു് കെടക്കണു. വെട്ടി മൂടുമ്പൊഴും ഞാൻ കുഴീലോട്ടു നോക്കിയതേയില്ല.” “
എന്തു പറ്റിയതാ പെണ്ണമ്മേ?” “
ഏറു കിട്ടീട്ടു തന്നെയാ അവൻ ചത്തതു്. എനിക്കു് ഒറപ്പാ. അസുഖം വല്ലതുമായിരുന്നേലു് ബാക്കിയൊള്ള കോഴികൾക്കും പിടിക്കത്തില്ലാര്ന്നോ. അയല്പക്കത്തു മുഴുവനും ശത്രുക്കളാ സാറേ. കെട്ട്യോൻ ജയിലിലായിട്ടും ഞാൻ അധ്വാനിച്ചു് ജീവിക്കണതിലുള്ള കണ്ണുകടി. വീട്ടിൽ ഒത്ത ഒരു പൂവൻകോഴിയൊള്ളതു് അവർക്കു് സഹിച്ചു കാണുകേല, അതു തന്നെ.” “
എന്തായാലും ഞാൻ വരണൊണ്ടു്,” അവൾ തുടർന്നു, “സാറു് എനിക്കു് ഒരു പൂവനെക്കൂടി തരണം. രൊക്കം കാശിനു മതി. തരത്തില്യോ സാറേ?”
പെണ്ണമ്മയുടെ പിടക്കോഴി കണ്ണുകൾ ഇപ്പോൾ ചന്ദ്രൻ പിള്ളയെത്തന്നെ ഉറ്റുനോക്കുകയാണു്.

മുൻ വ്യോമ സൈനികൻ. ഇപ്പോൾ ഇൻഡ്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപാർട്ട്മെന്റിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ. എഴുമാന്തുരുത്തു് (കോട്ടയം ജില്ല) സ്വദേശി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ