അപരിചിതമായ വഴികളിലൂടെ സൈക്കിൾ സവാരി നടത്തുക എന്നതു് ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു. അപരിചിതം എന്നതു കൊണ്ടു് ഞാൻ ഉദ്ദേശിച്ചതു് വിദൂരവും അന്യവുമായ ഏതെങ്കിലും ദേശത്തെ വഴികൾ എന്നല്ല. സ്വന്തം നാട്ടിലെയും തൊട്ടയൽനാടുകളിലെയും അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികൾ എന്നാണു്. സ്വന്തം നാട്ടിലെ തന്നെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ചിട്ടുണ്ടു് എന്നു് നെഞ്ചിൽ കൈ വെച്ചു് പറയാൻ നിങ്ങളിലാർക്കും തന്നെ കഴിയുമെന്നു് എനിക്കു് തോന്നുന്നില്ല. എനിക്കും അതിനു് കഴിയില്ല; അപരിചിതമായ വഴികളിലൂടെയുള്ള എന്റെ ഈ സൈക്കിൾ സവാരി തുടങ്ങിയിട്ടു് നാളുകൾ ഏറെ ആയെങ്കിൽ കൂടി.
എന്തെങ്കിലും ലക്ഷ്യം മുന്നിൽ കണ്ടിട്ടൊന്നുമായിരുന്നില്ല എന്റെ ഈ സവാരി. ലക്ഷ്യം മുന്നിലുണ്ടായാലുള്ള ഒരു കുഴപ്പം നിശ്ചിതമായ ഒരു മാർഗ്ഗം തെരഞ്ഞെടുക്കേണ്ടി വരും എന്നുള്ളതാണു്. എന്നെസ്സംബന്ധിച്ചിടത്തോളം ഏതെങ്കിലും ലക്ഷ്യത്തിലോ നിശ്ചിതമായ ഏതെങ്കിലും മാർഗ്ഗത്തിലോ തളഞ്ഞു കിടക്കുന്നതിനോളം വലിയ പേടിസ്വപ്നം വേറെയില്ല. ലക്ഷ്യത്തെക്കുറിച്ചു് വേവലാതി ഇല്ലാതിരിക്കുകയും മാർഗ്ഗത്തിൽ മാത്രം അഭിരമിക്കുകയും ചെയ്യുന്ന ഒരു പഴഞ്ചൻ പ്രകൃതമാണു് എന്റേതു്.
സൈക്കിൾ ചവിട്ടുക എന്നതു് കറങ്ങുന്ന രണ്ടു ചക്രങ്ങളുടെ ഇടപെടൽ ഉണ്ടെങ്കിൽക്കൂടി നടത്തം പോലെ തന്നെ തീർത്തും ജൈവികമായ ഒരു പ്രവൃത്തിയാണെന്നാണു് എന്റെ അഭിപ്രായം. അവിടെ കാറോ ബൈക്കോ ഓടിക്കുമ്പോഴെന്നതു പോലെ ഒരു യന്ത്രവും നമ്മളും തമ്മിൽ വേഗത്തിന്റെയും സൂക്ഷ്മതയുടെയും കാര്യത്തിൽ നിശ്ചിതമായ കണക്കുകൾ പുലർത്തിക്കൊണ്ടിരിക്കേണ്ട ആവശ്യമില്ല. വശങ്ങളിൽ നമ്മെക്കടന്നു പോകുന്ന കാഴ്ചകളിലൊന്നും ശ്രദ്ധയൂന്നാൻ അനുമതിയില്ലാതെ സദാസമയവും മുന്നിലെ നിരത്തിൽത്തന്നെ ദൃഷ്ടിയുറപ്പിച്ചു നിറുത്തേണ്ടതുമില്ല. സൈക്കിൾ സവാരി നടത്തം പോലെ തന്നെ ജൈവികമായ ഒരു പ്രവൃത്തിയാണെങ്കിലും നടത്തത്തേക്കാൾ ആയാസരഹിതവും വിശ്രമാവസ്ഥ പ്രദാനം ചെയ്യുന്നതുമായ ഒന്നായിട്ടാണു് എനിക്കു് തോന്നിയിട്ടുള്ളതു്. നടത്തം എന്നതു് യഥാർത്ഥത്തിൽ കാലുകൾ മുന്നോട്ടു ചലിപ്പിച്ചു കൊണ്ടുള്ള നില്പുതന്നെയാണു്. സൈക്കിൾ സവാരിയാകട്ടെ, കാലുകൾ താഴേയ്ക്കും മുകളിലേയ്ക്കും ചലിപ്പിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഇരിപ്പും. അതു കൊണ്ടു തന്നെ നടത്തത്തിനു് ഇല്ലാത്ത ഒരു സ്വാസ്ഥ്യം, ഇരുന്നു കൊണ്ടു് മുന്നോട്ടു ചലിക്കുന്നതിന്റെ സ്വാസ്ഥ്യം, സൈക്കിൾ സവാരിക്കുണ്ടു്. വഴിക്കാഴ്ച്ചകൾക്കു് ഉള്ളിലേയ്ക്കു കുതിർന്നിറങ്ങാനും അവയിൽ ചില കാഴ്ചകൾക്കു് ഒപ്പം പോരാനും സാവകാശം നൽകുന്നതു് ഈ സ്വാസ്ഥ്യമാണു്.
ഇത്രയും പറഞ്ഞതിൽ നിന്നു് ഞാൻ സൈക്കിളിൽ മാത്രമല്ല ബൈക്ക്, കാർ തുടങ്ങിയ മോട്ടോർ വാഹനങ്ങളിൽ കൂടി സവാരി ചെയ്യുന്ന ആളാണെന്നും ഇഷ്ടമുള്ള സമയത്തു് അപരിചിതമായ വഴികളിലൂടെ സൈക്കിളിൽ സവാരി നടത്തുക എന്നതാണു് എന്റെ പ്രധാന ജോലി എന്നും നിങ്ങൾ തെറ്റിദ്ധരിച്ചു പോകാനിടയുണ്ടു്.
യാഥാർത്ഥ്യം പക്ഷേ, അതല്ല.
സൈക്കിൾ സവാരി നടത്താൻ എനിക്കു് അവസരം ലഭിച്ചിരുന്നതു് ഞായറാഴ്ചകളിൽ മാത്രമാണു്. ഒരു സൈക്കിൾ മെക്കാനിക്കായി ഞാൻ ജോലി ചെയ്തിരുന്ന ’ജോസ്കോ സൈക്കിൾസി’നു് അന്നായിരുന്നു അവധി.
സത്യം പറഞ്ഞാൽ സൈക്കിൾ സവാരി നടത്താൻ ലഭിക്കുന്ന ആ ഒരൊറ്റ ദിവസത്തിനു വേണ്ടിയാണു് ഞാൻ ആഴ്ചയിലെ മറ്റു ദിവസങ്ങൾ മുഴുവൻ എല്ലുമുറിയെ പണിയെടുത്തിരുന്നതു തന്നെ.
എനിക്കു് വാഹനങ്ങളൊന്നും എന്തിനു്, ഒരു സൈക്കിൾ പോലും സ്വന്തമായി ഉണ്ടായിരുന്നില്ല എന്നതാണു് മറ്റൊരു കാര്യം. അതിന്റെ ആവശ്യവുമില്ലായിരുന്നു. റിപ്പെയറിങ്ങ് കഴിഞ്ഞു് ഉടമസ്ഥരെയും കാത്തിരിക്കുന്ന മൂന്നു നാലു പഴഞ്ചൻ സൈക്കിളുകൾ ജോസ്കോ സൈക്കിൾസിന്റെ ഇടനാഴിയിൽ എല്ലായ്പോഴും ഉണ്ടാകുമായിരുന്നു. എന്റെ സവാരിക്കു് അവയിലൊരെണ്ണം ധാരാളമായിരുന്നു.
ഈ ഘട്ടത്തിൽ രണ്ടു കാര്യങ്ങൾ കൂടി പരാമർശിക്കാതെ മുന്നോട്ടു പോകുന്നതു് ഉചിതമായിരിക്കുകയില്ല എന്നു തോന്നുന്നു. സാധാരണ നിലയ്ക്കു് ആരും മുഖവിലയ്ക്കെടുക്കുകയോ വിശ്വസിക്കുകയോ ചെയ്യാൻ സാധ്യതയില്ലാത്ത കാര്യങ്ങളായതിനാൽ വിശേഷിച്ചും.
ഒന്നാമത്തേതു് സൈക്കിൾ മെക്കാനിക്ക് ആകുന്നതിനു മുമ്പു് ഞാൻ ഒരു എയർക്രാഫ്റ്റ് മെക്കാനിക്ക് ആയിരുന്നു എന്നതാണു്. ഒന്നും രണ്ടുമല്ല, നീണ്ട പതിനാറു വർഷം വിമാനത്തിൽ മെക്കാനിക്കായി ഞാൻ ജോലി ചെയ്തിരുന്നു. അതു പക്ഷേ, എന്നെസ്സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു കെട്ടുകഥയാണു്.
ഭൂതകാലത്തിലെ, തുടർച്ചയറ്റുപോയ ചില കാര്യങ്ങൾ പിന്നീടു് ഒരു ഘട്ടത്തിൽ അവാസ്തവികം എന്നു തോന്നുക സ്വാഭാവികമാണല്ലോ.
രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം ഞാൻ ഒരു അന്ധനാണു് എന്നുള്ളതാണു്. എയർക്രാഫ്റ്റ് മെക്കാനിക്കായി ജോലി ചെയ്തിരുന്ന കാലത്തു് സംഭവിച്ച ഒരു അപകടമാണു് എന്റെ കാഴ്ചശക്തി അപഹരിച്ചു കളഞ്ഞതു്. ഒരു മെക്കാനിക്ക് എന്ന നിലയിൽ ഞാൻ പിന്നീടൊരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു ആ അപകടമെന്നതിനാൽ അതിന്റെ വിശദാംശങ്ങളിലേയ്ക്കു കടക്കാൻ ആഗ്രഹിക്കുന്നില്ല.
എന്തായാലും, ഒരു എയർക്രാഫ്റ്റ് മെക്കാനിക്കായി തുടരുന്നതിനുള്ള എന്റെ യോഗ്യത അതോടെ അവസാനിക്കുകയായിരുന്നു.
ഇത്രയും മുൻകൂട്ടി പറഞ്ഞതു് ഒരന്ധന്റെ ആഖ്യാനമായി ഇതു തിരിച്ചറിയുന്ന ഘട്ടത്തിൽ നിങ്ങളുടെ പുരികം ചുളിയാതിരിക്കുന്നതിനു വേണ്ടിയാണു്.
അന്ധനായതോടെ എനിക്കുണ്ടായ ആദ്യത്തെ തിരിച്ചറിവു് കാഴ്ച എന്നതു് കേവലം കണ്ണുകൾ മാത്രം ഭാഗഭാക്കാവുന്ന ഒരു അനുഭവമല്ല എന്നുള്ളതാണു്. കാഴ്ചയുടെ ഭാഗമായുള്ള ശബ്ദം, അതിന്റെ ഗന്ധം, അതു നൽകുന്ന സ്പർശം തുടങ്ങിയവ അതാതു് ഇന്ദ്രിയങ്ങൾക്കു് അനുഭവവേദ്യമാകുക കൂടി ചെയ്യുന്നതോടെയാണു് ഒരു കാഴ്ച യഥാർത്ഥത്തിൽ പൂർണ്ണമാകുന്നതു്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ദൃശ്യം അതിൽ ഉൾച്ചേർന്നിരിക്കുന്ന ഗന്ധത്തെ, സ്പർശത്തെ, ശബ്ദത്തെ ഒക്കെ വിനിമയം ചെയ്യാൻ ശേഷിയുള്ള ഒന്നായിരിക്കും എന്നതുപോലെ ഓരോ ഗന്ധവും സ്പർശവും ശബ്ദവും അവയുമായി ബന്ധപ്പെട്ട ദൃശ്യത്തെയും വിനിമയം ചെയ്യാൻ ശേഷിയുള്ളവയായിരിക്കും.
എല്ലാറ്റിനുമുപരിയായി എനിക്കുണ്ടായ തിരിച്ചറിവു് അന്ധന്റെ കാഴ്ചകൾ കണ്ണു് എന്ന ഇന്ദ്രിയത്തിന്റെ പരിമിതികളെ അതിലംഘിക്കാൻ കെല്പുള്ളതും വിചിത്രമായ യാഥാർത്ഥ്യങ്ങളിലേക്കു് തുറന്നു വെച്ചിരിക്കുന്നതുമായ ഒന്നായിരിക്കും എന്നതാണു്.
ഒരാളുടെ ജീവിതം പരസ്പരം ചേർച്ചയില്ലാത്ത, വിചിത്രമായ യാഥാർത്ഥ്യങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നതിൽ അത്ഭുതത്തിനു് അവകാശമൊന്നുമില്ല എന്ന പക്ഷമാണു് എനിക്കുള്ളതു്.
കാലത്തിനു് ആരെ എവിടെയാണു് മാറ്റി പ്രതിഷ്ഠിച്ചു കൂടാൻ കഴിയാത്തതു്. അതിന്റെ തീർപ്പുകൾ അലംഘനീയമാണെന്നു് ആർക്കാണു് അറിഞ്ഞു കൂടാത്തതു്.
എന്നിട്ടും കാലം എന്റെമേൽ ദയ കാണിക്കുകയാണുണ്ടായതു് എന്നു വേണം കരുതാൻ.
അല്ലാത്തപക്ഷം എയർക്രാഫ്റ്റ് മെക്കാനിക്കിന്റെ ജോലി നഷ്ടപ്പെട്ട എനിക്കു് ഓയിലിന്റേയും പെയ്ന്‍റിന്റേയും റബ്ബറിന്റേയും സ്പെയർ പാർട്സുകളുടേയും മണം കൂടിക്കുഴഞ്ഞു നിന്നു് കണ്ണു നീറ്റുന്ന ഒരു വർക്ക്ഷോപ്പിന്റെ അന്തരീക്ഷത്തിൽ, അതു് ഒരു സൈക്കിൾ വർക്ക്ഷോപ്പിന്റേതാണെങ്കിൽ കൂടി, തുടർന്നും ജോലി ചെയ്യാനുള്ള അവസരം എങ്ങനെയാണു് വന്നുചേരുക.
പതിനാറു വർഷം നീണ്ട എയർക്രാഫ്റ്റ് മെക്കാനിക്കിന്റെ ജീവിതം നയിച്ചതുകൊണ്ടു് എനിക്കുണ്ടായ ഒരു ദൗർബ്ബല്യം മേൽപ്പറഞ്ഞ ഗന്ധങ്ങളൊന്നും ശ്വസിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ കഴിയില്ല എന്നതായിരുന്നു.
ഒരു യഥാർത്ഥ മെക്കാനിക്കിനെ സംബന്ധിച്ചിടത്തോളം പ്രധാനം ജോലി ചെയ്യാൻ എക്കാലവും ഏതെങ്കിലും ഒരു യന്ത്രം ഉണ്ടായിരിക്കുക എന്നതു മാത്രമാണു്. പറക്കുന്ന വിമാനമാകട്ടെ, ചവിട്ടുന്ന സൈക്കിളാകട്ടെ അയാൾക്കു് ഭേദമൊന്നും തോന്നുകയില്ല.
പുതിയ ഒരു യന്ത്രത്തിലേക്കു് ചുവടുമാറ്റേണ്ടി വരുമ്പോൾ അയാളെ അലട്ടാനിടയുള്ള ഒരേയൊരു ഘടകം ആ യന്ത്രത്തിന്റെ പ്രവർത്തനങ്ങൾക്കു മേൽ താൻ നേടിയെടുക്കേണ്ട പ്രാവീണ്യം ഒന്നു മാത്രമായിരിക്കും. എന്തായാലും ചുരുങ്ങിയ കാലത്തിനുള്ളിൽ അയാൾ അതു് ആർജ്ജിച്ചെടുക്കുക തന്നെ ചെയ്യും. യന്ത്രങ്ങളുടെ ഭാഷയ്ക്കു് സഹജമായ സാർവ്വലൗകികതയായിരുന്നു അതിനു കാരണം. മനുഷ്യരുടെ ഭാഷയുടേതിൽ നിന്നു വിഭിന്നമായി വംശം, ലിംഗം, കാലം, ദേശം, വലിപ്പച്ചെറുപ്പങ്ങൾ തുടങ്ങിയവയൊന്നും തങ്ങളുടെ ഭാഷയെ ബാധിക്കാൻ യന്ത്രങ്ങൾ അനുവദിച്ചിരുന്നില്ല.
ഓരോ യന്ത്രവും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതു് സവിശേഷമായ ഒരു ധർമ്മം നിർവ്വഹിക്കുന്നതിനു വേണ്ടി ആയിരിക്കുമല്ലോ. യന്ത്രം പ്രവർത്തിക്കുന്നതാകട്ടെ ആ ധർമ്മനിർവ്വഹണത്തിനു് സഹായകമാവുന്ന ചില തത്ത്വങ്ങളെ ആധാരമാക്കിയായിരിക്കുകയും ചെയ്യും.
ആ തത്ത്വങ്ങളിൽ ഏതിലെങ്കിലും നിന്നു് വ്യതിചലിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുന്നതോടെ യന്ത്രം തകരാറിലേയ്ക്കു നീങ്ങി തുടങ്ങുന്നു.
യന്ത്രങ്ങളുടെ ഒരു സവിശേഷത, നമുക്കെല്ലാം അറിയുന്നതു പോലെ, അതിനു് ഒരിക്കലും കള്ളം പറയാനോ പ്രവർത്തിക്കാനോ കഴിയുകയില്ല എന്നതാണു്.
എന്നെന്നേയ്ക്കുമായി നിലച്ചു പോവുക അല്ലെങ്കിൽ പൊട്ടിത്തകരുക അതുമല്ലെങ്കിൽ കത്തിച്ചാമ്പലാവുക തുടങ്ങിയ മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്നു് അവലംബിച്ചു കൊണ്ടു് തങ്ങളുടെ പ്രവർത്തനം ആത്യന്തികമായി അവസാനിപ്പിക്കാൻ മാത്രമേ അവയ്ക്കു കഴിയൂ.
പക്ഷേ, അതിനെല്ലാം മുമ്പ് അസ്വാഭാവികമായ ഒരു ശബ്ദത്തിലൂടെ, സാധാരണയിൽ നിന്നു വേറിട്ട ഒരു പ്രകമ്പനത്തിലൂടെ, അനിയന്ത്രിതമായി കുറയുകയോ കൂടുകയോ ചെയ്യുന്ന വേഗത്തിലൂടെ ഒക്കെ ഒരു യന്ത്രം അതിന്റെ ആസന്നമായ തകരാറുകളെക്കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുണ്ടാവും.
ഒരു മെക്കാനിക്കിന്റെ ജോലി പ്രസക്തമാകുന്നതു് ഇവിടെയാണു്.
യന്ത്രത്തിന്റെ ഭാഷ സൂക്ഷ്മമായി മനസ്സിലാക്കുക, അതിന്റെ താളം തെറ്റുന്നതു് തിരിച്ചറിഞ്ഞു് ഉചിതമായ ഇടപെടൽ നടത്തുക, എന്നെന്നേയ്ക്കുമായുള്ള നിലച്ചു പോകലിൽ നിന്നു്, പൊട്ടിത്തെറിയിൽ നിന്നു്, കത്തിച്ചാമ്പലാവലിൽ നിന്നു് ഒക്കെ ഏതു വിധേനയും അതിനെ സംരക്ഷിക്കുക തുടങ്ങിയവ ഒരു മെക്കാനിക്കിൽ നിക്ഷിപ്തമായിരിക്കുന്ന പ്രാഥമിക ഉത്തരവാദിത്വങ്ങളിൽപ്പെടുന്നു. പക്ഷേ, ഒരു മെക്കാനിക്കിന്റെ കൈയബദ്ധം കൊണ്ടു് അയാൾ ജോലി ചെയ്യുന്ന യന്ത്രത്തിനും അയാൾക്കു തന്നെയും അപകടം സംഭവിക്കുന്ന അവസ്ഥ ഒന്നാലാചിച്ചു നോക്കൂ. ഒരു എയർക്രാഫ്റ്റ് മെക്കാനിക്കായിരുന്ന എന്റെ കാര്യത്തിൽ സംഭവിച്ചതു് അതായിരുന്നു. ഞാൻ പറഞ്ഞുവല്ലോ, ആ ഓർമ്മകളെ പുനരാനയിക്കുവാനോ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുവാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും ഒരു കാര്യം പറയാതെ വയ്യ. ഒരു ലോക തത്വമാണെന്നു തന്നെ കൂട്ടിക്കോ. ഒരാൾ എത്ര തന്നെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അയാൾ ഓർമ്മിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുക ഏറ്റവുമൊടുവിൽ അയാൾ ചെയ്തിട്ടുള്ള ഒരു മോശം പ്രവൃത്തിയുടെ പേരിലായിരിക്കും.
‘ജോസ്കോ സൈക്കിൾസി’ന്റെ ഉടമയും എന്റെ മുതലാളിയുമായ ജോസുകുട്ടിക്കു് എന്നെക്കുറിച്ചു് ഉണ്ടായിരുന്ന ഒരേയൊരു പരാതി പറക്കാൻ തയ്യാറെടുക്കുന്ന ഒരു വിമാനത്തെ എന്ന പോലെയാണു് ഞാൻ ഓരോ സൈക്കിളിനേയും പരിചരിച്ചിരുന്നതു് എന്നതായിരുന്നു.
ഒരു മുൻ എയർക്രാഫ്റ്റ് മെക്കാനിക്കും അന്ധനുമാണു് എന്നറിഞ്ഞു കൊണ്ടു തന്നെയാണു് ജോസുകുട്ടി എന്നെ അയാളുടെ സ്ഥാപനത്തിൽ ജോലിക്കു നിർത്തിയിരുന്നതു്.
ജോസുകുട്ടിയുടെ, എന്നെക്കുറിച്ചുള്ള പരാതിയിൽ വാസ്തവമുണ്ടായിരുന്നു എന്നു വേണം പറയാൻ. സൈക്കിളിൽ ജോലി ചെയ്യുമ്പോഴും എന്നെ നയിച്ചിരുന്നതു് വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും സർവ്വീസിങ്ങും മറ്റും നടക്കുന്ന ഹാംഗറുകളിൽ പ്രദർശിപ്പിക്കപ്പെട്ടുപോരാറുള്ള ഒരു ഫ്ലൈറ്റ് സെയ്ഫ്റ്റി പോസ്റ്ററിലെ വാക്യങ്ങളായിരുന്നു.
‘An aircraft cannot apply brakes in the air. It can only break.’ എന്ന വാക്യങ്ങളുള്ള ആ പോസ്റ്റർ വിമാനത്തിന്റെ മെക്കാനിക്കുകളെ, അവരുടെ ജോലി എത്ര കൃത്യവും സൂക്ഷ്മവുമായിരിക്കണം എന്നു് ഓർമ്മപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒന്നായിരുന്നു.
പോസ്റ്ററിലെ വാക്യങ്ങൾക്കു് ഞാൻ ഒരു പരിഭാഷ ചമച്ചിട്ടുണ്ടായിരുന്നു.
‘പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തെ ബ്രേയ്ക്കിട്ടു നിറുത്തുക സാദ്ധ്യമല്ല. പാവം, അതിനു് തകർന്നു വീഴാൻ മാത്രമേ കഴിയൂ,’ എന്നായിരുന്നു അതു്. മറ്റാർക്കെങ്കിലും വേണ്ടി ചമച്ച ഒന്നായിരുന്നില്ല ആ പരിഭാഷ; എനിക്കു വേണ്ടിത്തന്നെയായിരുന്നു. എന്തും മലയാളത്തിലാക്കി വായിച്ചാൽ മാത്രം ഉളളിൽ പതിയുന്ന ഒരു ദുഃശ്ശീലം എന്റെ കൂടപ്പിറപ്പായിരുന്നു.
പരിഭാഷയിലെ പാവം എന്ന വാക്കു് എന്റെവക കൂട്ടിച്ചേർപ്പായിരുന്നു. ആ ഒരു വാക്കു കൂടി ചേർക്കാതെ എന്നെസ്സംബന്ധിച്ചിടത്തോളം ആ പരിഭാഷ പൂർണ്ണമാവുകയില്ലായിരുന്നു. വിമാനങ്ങളോടു് എനിക്കുണ്ടായിരുന്ന അനുകമ്പയായിരുന്നു അതിനു കാരണം.
വിമാനങ്ങളെ കൂടാതെ എനിക്കു് അതേ അനുകമ്പ തോന്നിയിട്ടുള്ളതു് ആനകളോടു മാത്രമായിരുന്നു.
പറന്നുയരാൻ പോകുന്ന ഒരു വിമാനത്തെ പാർക്കിങ്ങ് ബേയിൽ നിന്നു് റൺവേയിലെ ടെയ്ക്കോഫ് പോയിന്റിലേയ്ക്കു് പൈലറ്റ് നയിച്ചു കൊണ്ടു പോകുന്നതു കാണുമ്പോൾ ഒരു പാപ്പാൻ തന്റെ ആനയേയും എഴുന്നള്ളിച്ചു കൊണ്ടു പോകുന്നതു പോലെ എനിക്കു് തോന്നുമായിരുന്നു. ടാക്സി ട്രാക്കിലൂടെയുള്ള വിമാനത്തിന്റെ ആ മന്ദഗമനം ഏതു പണിത്തിരക്കിനിടയിലും ഞാൻ കണ്ണെടുക്കാതെ നോക്കിനില്ക്കുമായിരുന്നു.
ഒരു കണക്കിനു പറഞ്ഞാൽ, വിമാനങ്ങളോടും ആനകളോടും എനിക്കുണ്ടായിരുന്നതു് അനുകമ്പയല്ല, ആദരവായിരുന്നു. സ്വന്തം ശക്തിയും മഹിമയും മനുഷ്യനു മുന്നിൽ അടിയറവു വച്ചിരിക്കുന്ന ഒരു ഭീമൻ യന്ത്രത്തോടും ഭീമൻ മൃഗത്തോടുമുണ്ടായിരുന്ന ആദരവു്.
പട്ടണത്തിന്റെ അതിർത്തിക്കു പുറത്തു് പ്രധാന റോഡിൽ നിന്നു് കുറച്ചു് ഉള്ളിലേയ്ക്കു കയറി പ്രത്യേകം കെട്ടിത്തിരിച്ച ഒരു കോമ്പൗണ്ടിനകത്തായിരുന്നു ജോസ്കോ സൈക്കിൾസ് എന്ന സ്ഥാപനം. രണ്ടു നിലകളുള്ള ഒരു എടുപ്പായിരുന്നു അതു്. റോഡിലെ തിരക്കും ബഹളവും അകത്തേയ്ക്കുള്ള പ്രവേശനം കാത്തു് കോമ്പൗണ്ടിനു വെളിയിൽ സദാ ഓച്ഛാനിച്ചു നിന്നു.
സൈക്കിളുകളുടെ വില്പന താഴത്തെ നിലയിലായിരുന്നു. അവിടെ മുതലാളിയായ ജോസുകുട്ടിയെക്കൂടാതെ കൗമാരം കഷ്ടി പിന്നിട്ട, ഊർജ്ജസ്വലനായ ഒരു സെയിൽസ്മാൻ കൂടി ഉണ്ടായിരുന്നു.
സൈക്കിളുകളുടെ റിപ്പയറിങ്ങും മെയ്ന്റനൻസും മറ്റും നടന്നിരുന്നതു് മുകളിലത്തെ നിലയിലായിരുന്നു. റിപ്പയറിങ്ങും മെയ്ന്റനൻസും മാത്രമല്ല, പലതരം കെയ്സുകളിലായി വന്നിരുന്ന സൈക്കിളിന്റെ പാർട്ട്സുകൾ കൂട്ടിയോജിപ്പിച്ചു് പുതിയ സൈക്കിൾ നിർമ്മിച്ചിരുന്നതും അവിടെയായിരുന്നു.
താഴത്തെയും മുകളിലത്തെയും നിലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നതു് കഷ്ടിച്ചു് ഒരാൾക്കു മാത്രം കയറുകയോ ഇറങ്ങുകയോ ചെയ്യാൻ കഴിയുന്ന, നന്നേ വീതി കുറഞ്ഞ ഒരു ഇരുമ്പു ഗോവണിയായിരുന്നു.
സൈക്കിളുകളും അതിന്റെ പാർട്ട്സും മറ്റും മുകൾനിലയിൽ എത്തിക്കാനും താഴേയ്ക്കു് ഇറക്കാനും ഉപയോഗിച്ചിരുന്നതു് മോട്ടോർ ഘടിപ്പിച്ച ഒരു കപ്പിയും കയറുമായിരുന്നു. അതു് ജോസുകുട്ടി തന്നെ രൂപകല്പന ചെയ്തു് വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു സംവിധാനമായിരുന്നു.
ജോസുകുട്ടി ഒന്നാംതരം ഒരു സൈക്കിൾ മെക്കാനിക്കും കച്ചവടക്കാരനുമായിരുന്നു.
ഒരു സൈക്കിൾ നന്നാക്കിയെടുക്കുമ്പോഴുള്ള അയാളുടെ സ്വയം മറക്കലും വേഗതയും എല്ലാറ്റിലുമുപരി അതിന്റെ കൃത്യതയും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടു്. ഞാൻ എത്തിയതോടെ അയാൾ പൂർണ്ണമായും വില്പനയിലും അതിന്റെ അനുബന്ധ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
സൈക്കിളുകളൊക്കെ വെറുതെ കാണാനും അവയുടെ വില ചോദിക്കാനും കയറുന്ന കസ്റ്റമേഴ്സിനോടു് ജോസുകുട്ടി ഒന്നു സംസാരിച്ചു കഴിയുന്നതോടെ അവർ പുതിയ ഒരു സൈക്കിൾ വാങ്ങാനുള്ള തീരുമാനമെടുക്കുന്നതു് രസമുള്ള കാഴ്ചയായിരുന്നു. ജീവിതത്തിൽ സംഭവിക്കുമായിരുന്ന വലിയ ഒരു നഷ്ടം ഒഴിവായിക്കിട്ടിയതിന്റെ ആശ്വാസത്തോടെയുള്ള അവരുടെ അപ്പോഴത്തെ നില്പു് ഒന്നു കാണേണ്ടതു തന്നെയാണു്.
താഴത്തെ നിലയുടെ പകിട്ടും പത്രാസുമൊന്നും രണ്ടാം നിലയ്ക്കു് ഉണ്ടായിരുന്നില്ല. ഇഷ്ടികകൾ കൊണ്ടു് കെട്ടിമറച്ച, തകര മേൽക്കൂരയുള്ള ഒരിടമായിരുന്നു അതു്. പകൽ സമയത്തു് അവിടെ അസഹ്യമായ ചൂടായിരിക്കും. ദേഹം വിയർത്തൊഴുകിക്കൊണ്ടിരിക്കും.
രണ്ടാം നിലയുടെ പകുതി ഭാഗം സൈക്കിളിന്റെ പാർട്ട്സ് വരുന്ന പെട്ടികൾ കൈയടക്കിയിരുന്നു. ബാക്കി പകുതിയായിരുന്നു എന്റെ പണി സ്ഥലം. പണി സ്ഥലം എന്നു മാത്രം പറയുന്നതു് ശരിയായിരിക്കില്ല. എന്റെ വാസസ്ഥലം കൂടിയായിരുന്നു അതു്. ഞാൻ അന്തിയുറങ്ങിയിരുന്നതും അവിടെത്തന്നെയായിരുന്നു.
കൊതുകു വലയിട്ട ഒരു കട്ടിൽ, ഒന്നു രണ്ടു കസേരകൾ, ഒരു പെഡസ്റ്റൽ ഫാൻ, ഏതാനും പാത്രങ്ങൾ, തുണി തൂക്കിയിടുന്ന ഒരു അയ, ഒരു റേഡിയോ തുടങ്ങിയ ജംഗമങ്ങൾ രണ്ടാം നിലയിൽ സജ്ജമായിരുന്നു. ഒരു മൂലയ്ക്കു് ചെറിയ ഒരു കുളിമുറി, ഒരു വാഷ്ബേസിൻ, വാഷ്ബേസിനു മുകളിലായി മുഖം നോക്കാനുള്ള ഒരു കണ്ണാടി എന്നിവ കൂടി ഉണ്ടായിരുന്നു. കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു് വിരലുകൾ കൊണ്ടു് അതിന്റെ മിനുപ്പിൽ തൊടേണ്ട താമസം എന്റെമുഖം അതിനുള്ളിൽ തെളിഞ്ഞു വരുമായിരുന്നു.
മുകൾ നിലയിൽ ഞാൻ തനിച്ചായിരുന്നില്ല. എനിക്കു് ഒരു സഹായി കൂടി ഉണ്ടായിരുന്നു. അതു് മറ്റാരുമായിരുന്നില്ല. ജോസുകുട്ടിയുടെ ഭാര്യ ജെസ്സിയായിരുന്നു. ജോലിക്കു് ആവശ്യമുള്ള സ്പെയർ പാർട്ട്സും ടൂൾസുമൊക്കെ ഞാൻ ആവശ്യപ്പെടുന്ന ക്രമത്തിൽ എടുത്തു തരുന്ന ജോലിയായിരുന്നു ജെസ്സിക്കു്. ഓരോ ജോലിക്കും വേണ്ട സ്പെയർ പാർട്ട്സും ടൂൾസും ആവശ്യപ്പെടും മുമ്പു തന്നെ എടുത്തു തരാനുള്ള മിടുക്കു് ജെസ്സിക്കുണ്ടായിരുന്നു. ഒരേ തൊഴിൽ വിദഗ്ദ്ധമായി പങ്കിടുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്യുന്നവർ തമ്മിൽ, ഏതു തൊഴിൽ മേഖലയിലും ഉണ്ടാകാനിടയുള്ള ഒരൈക്യം ഞങ്ങൾക്കിടയിലും രൂപപ്പെട്ടിരുന്നു.
ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം കടയിൽ ജോസുകുട്ടിയും ജെസ്സിയും തമ്മിൽ ഒരു ഉടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം മാത്രമാണു് പുലർത്തിയിരുന്നതു് എന്നതാണു്. ജെസ്സി കാപ്പി കുടിക്കുകയും ഉച്ചയൂണു കഴിക്കുകയും ചെയ്തിരുന്നതു പോലും മുകൾനിലയിൽ എന്നോടൊപ്പമായിരുന്നു.
ഒരു പട്ടാള ക്യാമ്പിന്റെ അച്ചടക്കം ജോസ്കോ സൈക്കിൾസിൽ സദാ കനം തൂങ്ങി നിൽക്കുന്നതായി എനിക്കു തോന്നിയിരുന്നു. അച്ചടക്കമുള്ള ഇടങ്ങളിൽ സാധാരണമായ അമർത്തിയ ചില മുറുമുറുപ്പുകളും അവിടെ വലിയ മുഴക്കത്തോടെ തന്നെ നിന്നു.
ജോസുകുട്ടിയെ പ്രതി എനിക്കു് അത്ഭുതം തോന്നിയിരുന്ന ഒരു കാര്യം അയാളുടെ മുന്നിൽ വന്നു പെടുന്നതോടെ സ്ത്രീകൾ ചഞ്ചലചിത്തരായി മാറുന്നു എന്നുള്ളതായിരുന്നു. ജോസുകുട്ടിയുടെ മുഖത്തു നിന്നു് കാല്പനികമായ ഒരു നോട്ടമോ ശൃംഗാരം നിറഞ്ഞ ഒരു ചിരിയോ പുറപ്പെടുന്നതു് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എങ്കിലും ക്യാഷ് കൗണ്ടിലിരിക്കുന്ന അയാളുടെ മുമ്പിൽ നിൽക്കുമ്പോൾ സ്ത്രീകളായ കസ്റ്റമേഴ്സിന്റെ, മിക്കവരും സൈക്കിൾ വാങ്ങാനോ റിപ്പെയർ ചെയ്യിക്കാനോ വരുന്ന ആണുങ്ങൾക്കൊപ്പം വരുന്നവരാകും, കൈവിരലുകൾ വിറകൊള്ളുന്നതും മേൽച്ചുണ്ടിൽ വിയർപ്പു പൊടിയുന്നതും കൃഷ്ണമണികൾ ഒരു കയത്തിൽ പെട്ടിട്ടെന്ന പോലെ വട്ടം കറങ്ങുന്നതും സ്ഥിരം കാഴ്ചയായിരുന്നു. അവരുടെ മുലഞെട്ടുകൾ കൂടി അപ്പോൾ ത്രസിക്കുന്നുണ്ടാകുമെന്നു് എനിക്കു് തോന്നിയിരുന്നു. ജോസുകുട്ടിയുടെ ഭാവം പക്ഷേ, അചഞ്ചലമായിരുന്നു. മുകളിലേയ്ക്കു ലേശം പിരിച്ച നരകയറിത്തുടങ്ങിയ മീശയിലും സ്ഥൈര്യമുള്ള കണ്ണുകളിലും ആജ്ഞാശക്തി മാത്രം സ്ഫുരിച്ചു നിന്നു. ഒരു പുരുഷനായ എനിക്കു് തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒന്നു് അയാൾ തന്റെ മുന്നിൽ വന്നു പെടുന്ന സ്ത്രീകളുടെ നേർക്കു് പ്രസരിപ്പിക്കുന്നുണ്ടെന്നു് എനിക്കു് തോന്നി. അതെന്താണെന്നു് തിരിച്ചറിയാൻ എത്ര ശ്രമിച്ചിട്ടും എനിക്കു് കഴിഞ്ഞിരുന്നില്ല.
ഒരേ തൊഴിൽ വിദഗ്ദ്ധമായി പങ്കിടുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്യുന്നവർ എന്നതിലുപരി ഞാനും ജെസ്സിയും തമ്മിൽ മറ്റൊരു ബന്ധം കൂടിയുണ്ടായിരുന്നു. അന്യോന്യം ശരീരം പങ്കിട്ടിട്ടുള്ളവർ എന്ന നിലയിലായിരുന്നു അതു്. ചില ദിവസങ്ങളിൽ, ഉച്ചയൂണു കഴിഞ്ഞുള്ള വിശ്രമത്തിന്റെ ഇടവേളയിൽ അങ്ങനെ സംഭവിച്ചു പോവുകയായിരുന്നു. ആ സമയം ജോസുകുട്ടി താഴത്തെ നിലയിൽ ഊണിനു ശേഷം മേശ മേൽ തല ചായ്ച്ചുള്ള ഉച്ചമയക്കത്തിലായിരിക്കും. സെയിൽസ്മാൻ പയ്യൻ ഉച്ചഭക്ഷണത്തിനു വേണ്ടി പുറത്തു് റോഡരുകിലെ ‘വീട്ടിൽ ഊണു്’ എന്ന ബോർഡുള്ള കടയിലേയ്ക്കു് പോയിട്ടുമുണ്ടാവും. ഇരുമ്പു ഗോവണി കയറി ആരും മുകൾനിലയിലേക്കു് വരില്ല എന്നതു മാത്രമായിരുന്നു എന്റെ ഒരേയൊരു ധൈര്യം; ഒരു പക്ഷേ, ജെസ്സിയുടേയും. ഇന്നേ വരെ ഞാനും ജെസ്സിയുമല്ലാതെ മറ്റാരും ആ ഗോവണി ഉപയോഗിക്കുകയുണ്ടായിട്ടില്ല.
ഒരു ദിവസം വേഴ്ചയ്ക്കു ശേഷം ജെസ്സി എന്നോടു് പരിഭവം പറഞ്ഞു, “ഇത്ര നാളായിട്ടും എന്റെ ഈ മറുകിൽ മാത്രം നീ ഉമ്മ വച്ചിട്ടില്ല.”
“ഏതു മറുകു് ?” ഞാൻ ചോദിച്ചു.
ജെസ്സി എന്റെ വലംകൈയിലെ ചൂണ്ടു വിരൽ ഗ്രഹിച്ചു് അവളുടെ മറുകിന്മേൽ തൊടുവിച്ചു. മേൽച്ചുണ്ടിനു മുകളിൽ ഇടതു വശത്തായിട്ടായിരുന്നു അതു്.
“ജോസുകുട്ടിയുൾപ്പടെ എന്നോടു് കാമം തോന്നിയിട്ടുള്ള എല്ലാ ആണുങ്ങളും, പറഞ്ഞിട്ടുള്ളതു് എന്നെ സുന്ദരിയാക്കുന്നതു് ഈ മറുകാണെന്നാണു്. നീയൊഴികെ.” ജെസ്സി പറഞ്ഞു.
ഞാൻ അവളുടെ ആ മറുകു് എന്റെ ചൂണ്ടുവിരൽ കൊണ്ടു് തൊട്ടുഴിഞ്ഞു. ഇരുട്ടിന്റെ ഒരു തുള്ളി പോലെയുണ്ടായിരുന്നു അതു്.
“അന്ധൻ വെളിച്ചത്തെയാണു് തേടുക, ജെസ്സീ. ഇരുട്ടിനെയല്ല. അതു കൊണ്ടാണു് നിന്റെയീ മറുകു് എന്റെ കാഴ്ചയിൽ വരാതിരുന്നതു്.” ഞാൻ പറഞ്ഞു.
അതു് ഞങ്ങൾ തമ്മിലുള്ള അവസാനത്തെ വേഴ്ചയായിരുന്നു. എന്തുകൊണ്ടോ പിന്നീടൊരിക്കലും ജെസ്സി അതിനു് സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായില്ല.
അപരിചിതമായ വഴികളിലൂടെയുള്ള സൈക്കിൾ സവാരിയെക്കുറിച്ചായിരുന്നുവല്ലോ ഞാൻ പറഞ്ഞു തുടങ്ങിയതു്. അതു തുടരാം.
അത്തരം സവാരികൾക്കിടെയാണു് മുഖപരിചയം മാത്രമുള്ള പലരെയും അവരുടെ വീടിന്റെ പശ്ചാത്തലത്തിൽ എനിക്കു കണ്ടുമുട്ടാനായിട്ടുള്ളതു്. ആശുപത്രി, ഹോട്ടൽ, ബസ്സ്റ്റോപ്പ് തുടങ്ങിയ പൊതു ഇടങ്ങളിൽ വച്ചു് സ്ഥിരമായി കണ്ടുമുട്ടുന്നതിലൂടെ നമുക്കു് പരിചിതരായിത്തീരുന്ന ചില മനുഷ്യരുണ്ടല്ലോ. അവരുടെ പേരെന്തെന്നോ വീടെവിടെയെന്നോ ഒന്നും നമുക്കു് അറിയുന്നുണ്ടാകില്ല. തമ്മിൽ കാണുമ്പോൾ നിശ്ശബ്ദമായ ഒരു പുഞ്ചിരി കൈമാറുക മാത്രമേ ചെയ്യുന്നുണ്ടാവൂ. ഒരു പൊതു ഇടത്തിൽ സന്നിഹിതനാകാൻ പാകത്തിലുള്ള വസ്ത്രധാരണത്തിലും ശരീരഭാഷയിലുമായിരിക്കും അവരെ നമ്മൾ എല്ലായ്പോഴും കണ്ടിട്ടുണ്ടാവുക. സൈക്കിളിൽ ഒരു വളവു തിരിഞ്ഞു് ചെല്ലുമ്പൊഴായിരിക്കും അങ്ങനെയുള്ള ഒരാൾ വീടിന്റെ ഉമ്മറത്തിരുന്നു് പത്രം വായിക്കുന്ന നിലയിൽ അല്ലെങ്കിൽ ഒരു കൈലിമുണ്ടു മാത്രമുടുത്തു് പറമ്പിൽ എന്തെങ്കിലും കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന നിലയിൽ അതുമല്ലെങ്കിൽ മുറ്റത്തു് കസേരയിട്ടു് വെറുതെ ആകാശം നോക്കി ഇരിക്കുന്ന നിലയിൽ മുമ്പിൽ പ്രത്യക്ഷനാകുക. ആ വേഷത്തിലും പശ്ചാത്തലത്തിലും അത്തരം മനുഷ്യരെ തിരിച്ചറിയുക എന്നതു് പൊതു ഇടങ്ങളിൽ വച്ചു മാത്രം അവരെ കണ്ടിട്ടുള്ള ഒരാളെസ്സംബന്ധിച്ചിടത്തോളം ദുഷ്കരമാണു്. എനിക്കു് പക്ഷേ, ഒറ്റനോട്ടത്തിൽ തന്നെ അവരെ തിരിച്ചറിയാൻ സാധിച്ചിരുന്നു. നമ്മൾ ഒരാളെ ആദ്യമായി കണ്ടുമുട്ടുമ്പോൾ അയാളുടെ പുറംമോടിക്കും പെരുമാറ്റത്തിനും ഒക്കെ അപ്പുറം അയാളിലെ യഥാർത്ഥ മനുഷ്യൻ എങ്ങനെയായിരിക്കും എന്നു് മനസ്സുകൊണ്ടു് വെറുതെ ഒരന്വേഷണം നടത്താറുണ്ടല്ലോ. ഞാൻ ഒരു പടി കൂടി കടന്നു് ആ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ വെച്ചു് അയാളെ എന്റേതായ രീതിയിൽ ഒന്നു പുനഃസൃഷ്ടിക്കുമായിരുന്നു. അങ്ങനെ പുനഃസൃഷ്ടിക്കപ്പെട്ട രൂപങ്ങൾ വച്ചാണു് ഞാൻ അവരെ തിരിച്ചറിഞ്ഞിരുന്നതു്. സ്വന്തം വീടിന്റേയും ചുറ്റുപാടുകളുടേയും പശ്ചാത്തലത്തിൽ ഞാൻ അവരെ തിരിച്ചറിയുമ്പോൾ അവരുടെ മുഖത്തു് തെറ്റു ചെയ്തതിനു് കൈയോടെ പിടിക്കപ്പെട്ടവരുടേതു പോലുള്ള ഒരു ജാള ്യം പ്രകടമാകാറുള്ളതു് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഏതു സാഹചര്യത്തിലും മുഖത്തു് സ്വന്തം ഹൃദയത്തെ പ്രതിഷ്ഠിക്കാനുള്ള സിദ്ധി നേടിയിട്ടില്ലാതിരുന്നതിനാൽ മനുഷ്യർ പൊതുവിൽ അനുഭവിച്ചു പോന്നിരുന്ന ഒരു നിസ്സഹായതയായിരുന്നു അതു്.
സൈക്കിൾ സവാരിക്കിടെ ഉണ്ടായ രണ്ടു് അനുഭവങ്ങൾ കൂടി പറഞ്ഞു് ഇതു് നമുക്കു് അവസാനിപ്പിക്കാമെന്നു് വിചാരിക്കുന്നു.
വയലിന്റേയും അസ്തമയത്തിന്റേയും പശ്ചാത്തലത്തിലായിരുന്നു ആ രണ്ടു് അനുഭവങ്ങളുമെന്നതിന്റെ യാദൃച്ഛികത കൂടി ആദ്യമേ സൂചിപ്പിക്കട്ടെ.
പതിവുപോലെ ഞായറാഴ്ച ദിവസമായിരുന്നില്ല അന്നു് എന്റെ സൈക്കിൾ സവാരി. പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു പണിമുടക്കു ദിനമായിരുന്നു അതു്. രാവിലെ മുതൽ അപരിചിതമായ നിരത്തുകൾ താണ്ടാൻ തുടങ്ങിയ ഞാൻ സന്ധ്യയ്ക്കു് ഒരു വയലിന്റെ നടുവരമ്പിലൂടെ മടക്കയാത്രയിലായിരുന്നു. വീതി കുറഞ്ഞ, ഉറപ്പുള്ള ഒരു നിരത്തു തന്നെയായിരുന്നു നടുവരമ്പു്. പെട്ടെന്നു് നോക്കുമ്പോൾ എനിക്കു മുന്നിലായി ഒരു ചെറിയ സൈക്കിളിൽ എന്റെ മകൾ. ഞാൻ ഒരു വിവാഹിതനോ പിതാവോ അല്ല എന്നോർക്കണം. പക്ഷേ, അതു് എന്റെ മകൾ തന്നെയാണെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നും ഉണ്ടായിരുന്നില്ല. സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കെത്തന്നെ മകൾ മുഖം പിന്നിലേക്കു തിരിച്ചു് ‘പണിമുടക്കു ദിവസം വഴികൾക്കൊക്കെ എന്തു വീതിയാണച്ഛാ’ എന്നു് എന്നോടു ചോദിച്ചു. ഞാൻ പുഞ്ചിരിച്ചു കൊണ്ടു് അതു് തലയാട്ടി ശരി വച്ചു. നിരത്തിന്റെ ഓരത്തു് ഒരു വീടിന്റെ ഗേറ്റിൽ വാക്കറും അതിന്മേൽ ഞാത്തിയിട്ട യൂറിൻ ബാഗുമായി വന്നു് പുറത്തെ റോഡിലേയ്ക്കു നോക്കി നിൽക്കുന്ന ഒരു വൃദ്ധനെ ഞാൻ അപ്പോൾ കാണുകയുണ്ടായി. വൃദ്ധന്റെ പ്രകാശം അണഞ്ഞുപോയ ആ മുഖം തുടർന്നു് എനിക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങി. നടുവരമ്പിന്റെ പടിഞ്ഞാറു്, ചേറ്റുപാടം അവസാനിക്കുന്നിടത്തു് അപ്പോൾ അസ്തമയമായിരുന്നു.
അരുണപ്രഭയിലാറാടിയ അസ്തമയം എനിക്കും മകൾക്കുമൊപ്പം സവാരി ചെയ്യാൻ തുടങ്ങി.
അസ്തമയം മകളെ ബാധിച്ച മട്ടേയില്ല. അത്യുത്സാഹിയ ഒരു വയൽക്കാറ്റു് പിന്നിൽ നിന്നു് തള്ളിക്കൊടുക്കുന്നതിൽ കൗതുകം പൂണ്ടു് സൈക്കിൾ അതിവേഗത്തിൽ പായിക്കുകയാണു് അവൾ. അസ്തമയത്തിന്റെ ചതുപ്പിൽ ആഴ്‌ന്നു പോയ എനിക്കാകട്ടെ എത്ര ആഞ്ഞു ചവുട്ടിയിട്ടും മകൾക്കൊപ്പം എത്താൻ കഴിയുന്നുണ്ടായിരുന്നില്ല.
ഒടുവിൽ അസ്തമയം വറ്റിപ്പോവുകയും ഇരുട്ടു പരക്കുകയും ചെയ്തു.
ബഹുദൂരം മുന്നിലെത്തിയ മകൾ ഇരുട്ടിൽ എന്നെക്കാണാഞ്ഞു് ‘അച്ഛാ’ എന്നു വിളിക്കുന്നതായി എനിക്കു തോന്നി.
’മോളേ’ എന്നു് ഞാൻ മറുവിളി വിളിച്ചതു് ഇരുട്ടിൽ പതുങ്ങി നിന്ന വയൽക്കാറ്റു് എതിർദിശയിലേക്കു് തട്ടിത്തെറിപ്പിച്ചു കൊണ്ടുപോയി.
ഞാൻ എത്ര ആഞ്ഞു ചവിട്ടിയിട്ടും ഇരുട്ടിൽ എനിക്കു് മകളെ കണ്ടെത്താനേ കഴിഞ്ഞില്ല.
ആ യാത്ര അവസാനിച്ചതായ ഓർമ്മയും എനിക്കില്ല.
രണ്ടാമത്തെ അനുഭവം സൈക്കിൾ സവാരിക്കിടെയുള്ള അവസാനത്തേതുമായിരുന്നു. കാരണം, അപരിചിതമായ വഴികളിലൂടെയുള്ള സൈക്കിൾ സവാരി അതോടെ ഞാൻ അവസാനിപ്പിക്കുകയാണുണ്ടായതു്.
അന്നു് പതിവുപോലെ ഞായറാഴ്ച ദിവസത്തെ എന്റെ സവാരി വിശാലമായ ഒരു വയലിനെ രണ്ടായി മുറിച്ചു് നീണ്ടുപോകുന്ന വിജനമായ ഒരു നിരത്തിലൂടെയായിരുന്നു. കറുത്ത ടാർ നിരത്തു് സായാഹ്നത്തിന്റെ വെയിലേറു കൊണ്ടു് തിളങ്ങിക്കിടന്നു. വയലിന്റെ വിസ്തൃതിയിൽ കാറ്റു് കയറഴിഞ്ഞു വന്ന ഒരു പശുവിനെപ്പോലെ തന്നിഷ്ടത്തിനു് മേഞ്ഞു. ഇളം പ്രായത്തിലുള്ള നെൽച്ചെടികളുടെ പച്ച നിരത്തിനിരുവശവും ഓളം വെട്ടിക്കിടന്നു.
നേരം പിന്നിട്ടതോടെ വെയിൽ വറ്റുകയും കുങ്കുമനിറം പൂണ്ട സന്ധ്യ പടിഞ്ഞാറൻ ചക്രവാളത്തിലൂടെ എനിക്കു സമാന്തരമായി സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പാഴാണു് വയലിനു നടുവിൽ ഒറ്റപ്പെട്ട ഒരു വീടു് എന്റെ കണ്ണിൽപ്പെട്ടതു്. ചെങ്കല്ലു കെട്ടി ഓടുമേഞ്ഞ ഒരു വീടായിരുന്നു അതു്. പ്രധാന നിരത്തിൽ നിന്നു് ആ വീട്ടിലേയ്ക്കു് ഒരു മൺപാത നീണ്ടുപോയിരുന്നു. വീടിനു് അഭിമുഖമായി നീല കള്ളികളുള്ള ഷർട്ടും വെളുത്ത മുണ്ടും ധരിച്ച ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. വാതിലിൽ മുട്ടിയിട്ടു് കാത്തുനിൽക്കുന്ന ഒരു സന്ദർശകന്റെ മട്ടും മാതിരിയുമുണ്ടായിരുന്നു അയാൾക്കു്. പെട്ടെന്നാണു് ഞാൻ ആളെ തിരിച്ചറിഞ്ഞതു്. എന്റെ മുതലാളി ജോസുകുട്ടി ആയിരുന്നു അതു്. വയലിനു നടുവിലെ അപരിചിതമായ ഒറ്റപ്പെട്ട ഈ വീട്ടിൽ ജോസുകുട്ടിക്കു് എന്താണു് കാര്യം എന്നു് ഞാൻ അത്ഭുതപ്പെട്ടു. സൈക്കിൾ നിരത്തു വക്കിലെ ഒരു തെങ്ങിന്റെ മറവു പറ്റി നിർത്തി ഞാൻ അല്പനേരം കാത്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീടിന്റെ വാതിൽ തുറക്കപ്പെടുകയും ജോസുകുട്ടി അകത്തേയ്ക്കു് പ്രവേശിക്കുകയും ചെയ്തു. തൊട്ടു പുറകെ വീടിന്റെ വാതിലടഞ്ഞു. പിന്നെ കേട്ടതു് വലിയ ഒരു നിലവിളിയായിരുന്നു. വയലിന്റെ വിജനതയിൽ ആ നിലവിളി രണ്ടു തവണ കൂടി ഉയർന്നു. ഞാൻ സൈക്കിൾ ഉപേക്ഷിച്ചു് ആ വീടിനു നേർക്കു പാഞ്ഞു. അടഞ്ഞു കിടന്ന വാതിലിൽ ശക്തിയായി ഇടിച്ചു. കറുത്തു്, ഉയരമുള്ള ഒരു മനുഷ്യനാണു് വാതിൽ തുറന്നതു്. ഒറ്റ നോട്ടത്തിൽ തന്നെ അശ്ലീലം എന്നു വിശേഷിപ്പിക്കാവുന്ന വസ്ത്രധാരണമായിരുന്നു അയാളുടേതു്. വീതി കുറഞ്ഞ, നിറം മങ്ങിയ ഒരു തോർത്താണു് അയാൾ ആകെ ഉടുത്തിരുന്നതു്. അതും പൊക്കിളിൽ നിന്നു് വളരെ താഴ്ത്തി. തോർത്തിന്റെ താഴത്തെയറ്റം അയാളുടെ തുടയുടെ പകുതി പോലും എത്തുന്നുണ്ടായിരുന്നില്ല. ഉയരമുള്ള ശരീരത്തിനു യോജിക്കുന്ന മട്ടിൽ നീണ്ട ഒന്നായിരുന്നു അയാളുടെ മുഖം. കണ്ണുകളിൽ ഒരു തിള ശമിച്ചടങ്ങിയതു പോലെയുണ്ടായിരുന്നു. വീടിനുള്ളിൽ അസഹ്യമായ ചൂടു് നിറഞ്ഞു നിന്നിരുന്നു. ജനലുകളൊക്കെ കൊട്ടിയടയ്ക്കപ്പെട്ടിട്ടുള്ള നിലയിലായിരുന്നു. പുറത്തെ സമൃദ്ധമായ വയൽക്കാറ്റിനു് വീടിനുള്ളിലേക്കു് പ്രവേശനം നിഷേധിച്ചതു പോലെയുണ്ടായിരുന്നു.
ഒരു ബീഡിക്കു് തീ കൊളുത്തി പുകയെടുത്തിട്ടു് അയാൾ എന്നോടു പറഞ്ഞു, “ഇക്കാണുന്ന വയലിന്റെ പകുതീം പുള്ളീടെയായിരുന്നു. ഞാനായിരുന്നു തലപ്പണിക്കാരൻ ”
ഞാൻ നിശ്ശബ്ദനായി നിന്നു.
“നിലമറിഞ്ഞു വിതയ്ക്കണം, ആരായാലും” അയാൾ ഒരു പുക കൂടി എടുത്തു കൊണ്ടു പറഞ്ഞു, ”അല്ലെങ്കിൽ വിളവെടുക്കാതെ പോകേണ്ടി വരും.”
പെട്ടെന്നു് ഒരു സ്ത്രീയുടെ അടക്കിയ കരച്ചിൽ വീടിനുള്ളിൽ എവിടെയോ നിന്നു് കേട്ടതു പോലെ എനിക്കു തോന്നി.
എന്റെ മുഖത്തുണർന്ന ഉദ്വേഗം അയാളുടെ കൂർത്തു വന്ന ഒരു നോട്ടത്തിൽ അസ്തമിച്ചു പോയി.
മുറ്റത്തെ അയയിൽ ഒരു സ്ത്രീയുടെ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നതു് ഞാൻ കൺകോണുകൾ കൊണ്ടു് കണ്ടു.
“ഒന്നു സഹായിക്കുമോ?” അയാൾ എന്നോടു ചോദിച്ചു.
ഞാൻ അയാൾ നയിച്ചതിൻ പ്രകാരം അകത്തെ മുറിയിലേക്കു നടന്നു. അവിടെ ജോസുകുട്ടിയുടെ ജഡം ചോരയിൽ കുതിർന്നു് കിടക്കുന്നുണ്ടായിരുന്നു.
“ഞാൻ കൈയ്ക്കു് പിടിക്കാം,” അയാൾ പറഞ്ഞു, “നിങ്ങൾ കാലിൽ പിടിച്ചാൽ മതി.”
ഞാൻ നിശ്ശബ്ദനായി അനുസരിച്ചു.
ജോസുകുട്ടിയുടെ ജഡം കൈയിലും കാലിലുമായി തൂക്കിപ്പിടിച്ചു കൊണ്ടു് വീടിനു പുറകിലെത്തിയപ്പോൾ അയാൾ പറഞ്ഞു, “റെഡി വൺ, ടൂ, ത്രീ… ”
ഞങ്ങൾ ജോസുകുട്ടിയെ ഒരു ഊഞ്ഞാലിലെന്നതു പോലെ മൂന്നു തവണ ആട്ടിയിട്ടു് വയലിലെ ചെളിനിറഞ്ഞ കുളം പോലെയുള്ള ഒരു ഭാഗത്തേയ്ക്കു് വലിച്ചെറിഞ്ഞു.
“കായൽ നിലങ്ങളിൽ ഇതുപോലെയുള്ള ചില ഇടങ്ങളുണ്ടു്”, അയാൾ പറഞ്ഞു, “ചില്ലിത്തെങ്ങിന്റെയത്രയും ആഴത്തിൽ കുഴമ്പു പോലെ ചെളിയായിരിക്കും. ആന വീണാൽ പോലും കാണാൻ കിട്ടുകേല.”
മുറ്റത്തു് ഒരു ചരുവത്തിൽ വെച്ചിരുന്ന വെള്ളത്തിൽ കൈയും മുഖവും കഴുകിയതിനു ശേഷം അയാൾ വീടിനു പുറകിൽ നിന്നു് ഒരു കെട്ടു് മരക്കമ്പുകളും ഒരു കമ്പിപ്പാരയുമായി വന്നു.
“കുറെയായി വിചാരിക്കുന്നു വീടിനു ചുറ്റും ഒരു വേലി കെട്ടണമെന്നു്,” അയാൾ പറഞ്ഞു, “ഗന്ധരാജന്റെ കമ്പുകളാ. പൂത്തു കഴിഞ്ഞാൽ ഇവിടം മുഴുവൻ മദിപ്പിക്കുന്ന മണമായിരിക്കും.”
കമ്പിപ്പാര കൊണ്ടു് ആദ്യത്തെ കുഴിയെടുക്കുന്നതിനിടയിൽ അയാൾ തുടർന്നു, “എന്നാൽ നിങ്ങൾ ചെന്നാട്ടെ. എനിക്കു് ഇന്നു രാത്രി കൊണ്ടു് ഈ വേലി കെട്ടി തീർക്കേണ്ടതുണ്ടു്.”
അയാളുടെ വീട്ടിൽ നിന്നു് പുറത്തേയ്ക്കു നീളുന്ന മൺപാത സന്ധ്യയുടെ ചുവപ്പു വീണു് തുടുത്തിരുന്നു.
പെട്ടെന്നു് അയാൾ പിന്നിൽ നിന്നു വിളിച്ചു ചോദിച്ചു, “നിങ്ങളാരാണെന്നു് ഞാൻ മനസ്സിലാക്കിയിട്ടില്ല എന്നു കരുതുന്നുണ്ടോ?”
ആ ചോദ്യം കേൾക്കാത്ത മട്ടിൽ ഞാൻ ധൃതിയിൽ നടന്നു.
വയലിനു നടുവിലെ വിജനമായ നിരത്തിൽ തിരിച്ചെത്തിയ എനിക്കു് ഉപേക്ഷിച്ചു പോന്ന സൈക്കിൾ അവിടെ കണ്ടെത്താനായില്ല.
നേരം താണിരുന്നു.
കറുത്ത ടാർ നിരത്തിൽ നിന്നു് ഉറക്കമുണർന്നു വന്ന ഇരുട്ടു് എനിക്കു് അകമ്പടി നൽകാൻ തയ്യാറായി അപ്പോൾ കാത്തു നിന്നു.
മുൻ വ്യോമ സൈനികൻ. ഇപ്പോൾ ഇൻഡ്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപാർട്ട്മെന്റിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ. എഴുമാന്തുരുത്തു് (കോട്ടയം ജില്ല) സ്വദേശി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും.