images/Brown_and_Gray.jpg
Composition in Brown and Gray, a painting by Piet Mondrian (1872–1944).
images/vilangolil.png

“എന്തു കൊണ്ടാണു് ചില കാഴ്ചകൾ, ചില ഇമ്പങ്ങൾ, ചില സാമീപ്യങ്ങൾ, വിഡ്ഢിത്തം നിറഞ്ഞതെന്നു് പിൽക്കാലത്തു് നാം തിരിച്ചറിയുന്നതായിട്ടുള്ള ചില അനുഭവങ്ങൾ ഒക്കെ ഒരു ചെകുത്താനെപ്പോലെ നമ്മളെ വിടാതെ പിൻതുടരുന്നതു?

എന്തു കൊണ്ടാണു് ചില സമയങ്ങളിൽ തക്കം പാർത്തിരുന്നു് അവ നമ്മളെയാകെ ഗ്രസിച്ചു കളയുന്നതു?

എന്താണതിന്റെയൊക്കെ പിന്നിലെ യുക്തി?”

റിട്ടയേഡ് പ്രൊഫസർ സുനിൽ മാണി സംസാരിക്കുകയാണു്. അയാളുടെ പൂർവ്വ ശിഷ്യനായ മുരളീകൃഷ്ണൻ കേൾക്കുകയും.

“രണ്ടു് അനുഭവങ്ങൾ പറയാം.

ആദ്യത്തേതു് എട്ടിൽ പഠിക്കുന്ന കാലത്തേതാണു്. ഒമ്പതിൽ ജോഷി എന്നൊരു പയ്യനുണ്ടായിരുന്നു. ഞാൻ ആദ്യമായി കാണുമ്പോൾ അവൻ സ്കൂൾ ആനിവേഴ്സറി അരങ്ങേറുന്ന സ്റ്റേജിൽ നിന്നു കൊണ്ടു് കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും… എന്ന പ്രസിദ്ധമായ ആ പാട്ടു പാടുകയാണു്.

നല്ല വെളുത്തു് സുന്ദരനായിട്ടുള്ള ഒരു ചെറുക്കനാണു് ഈ ജോഷി. പാട്ടിന്റെ വരികളോ അതിന്റെ അർത്ഥമോ ഒന്നും എന്റെ മനസ്സിൽ കയറുന്നതേയില്ല. ഞാൻ അവന്റെ ശബ്ദം കേൾക്കുകയും അവനെ കാണുകയും മാത്രമാണു്. അവന്റെ ആ നില്പു്, ആ മുഖഭാവം, പാടുമ്പോഴുള്ള ശരീരചലനങ്ങൾ… എല്ലാം എന്നെ കീഴ്പ്പെടുത്തുകയാണു്.

പിന്നീടു്, വർഷങ്ങളോളം എന്റെ ഓർമ്മയിൽ തങ്ങിനിൽക്കാൻ പോകുന്നവയാണു് ആ നിമിഷങ്ങളെന്നൊന്നും അപ്പോൾ ഞാൻ തിരിച്ചറിയുന്നില്ല.

ഒരിക്കൽ ഞാൻ ജോഷി കുര്യനെ, അതായിരുന്നു അവന്റെ മുഴുവൻ പേരു്, യാദൃച്ഛികമായി കാണാൻ ഇട വന്നപ്പൊഴാണു് അന്നത്തെ ആ നിമിഷങ്ങൾ അക്കാലമത്രയും എന്നോടൊപ്പം സഞ്ചരിക്കുകയായിരുന്നുവെന്നു് മനസ്സിലാക്കുന്നതു്. തലസ്ഥാനത്തു വെച്ചു നടന്ന കോളജ് അധ്യാപക സംഘടനയുടെ ഒരു റാലിയിൽ മുദ്രാവാക്യം വിളിച്ചു കൊണ്ടു മുന്നോട്ടു നീങ്ങുമ്പോൾ തൊട്ടപ്പുറത്തെ വരിയിൽ ജോഷി. അവൻ പക്ഷേ, എന്നെ തിരിച്ചറിയുകയുണ്ടായില്ല. റാലിയ്ക്കു ശേഷമുള്ള കൊടിയേരി സഖാവിന്റെ സമാപന പ്രസംഗം കഴിഞ്ഞ പാടേ ഞാൻ അവന്റെ കൈയും പിടിച്ചു കൊണ്ടു് തൊട്ടടുത്തുള്ള ബാറിലേയ്ക്കു് ഓടി.

അവൻ വടക്കൻ ജില്ലയിലെ ഒരു കോളജിൽ കെമിസ്ട്രി പ്രൊഫസറായിരുന്നു അപ്പോൾ.

കണ്ടാൽ പണ്ടത്തെ ആ ജോഷിയാണെന്നു് പറയില്ല. തല മുഴുവൻ നരച്ചു് വയറൊക്കെ ചാടിയ ഒരു രൂപം.

ആ സ്കൂളിൽ പഠിച്ചിരുന്ന കാര്യമൊക്കെ അവൻ സമ്മതിച്ചു. പക്ഷേ, ആനിവേഴ്സറിക്കു് കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും… എന്ന പാട്ടു പാടിയ കാര്യമൊന്നും അവന്റെ ഓർമ്മയിലില്ല. മാത്രമല്ല, അങ്ങനെ സംഭവിക്കാൻ യാതൊരു സാധ്യതയുമില്ലെന്നു് അവൻ കട്ടായം പറഞ്ഞു. പാടാനുള്ള സിദ്ധി ഏഴയലത്തു കൂടി പോലും പോയിട്ടില്ലാത്ത താൻ അത്തരമൊരു സാഹസത്തിനു് ഒരിക്കലും മുതിരില്ല എന്ന വാദത്തിൽ അവൻ ഉറച്ചു നിന്നു.

എനിക്കാണെങ്കിൽ അവൻ അന്നു് സ്റ്റേജിൽ പാടിക്കൊണ്ടു നിൽക്കുമ്പോൾ ഇട്ടിരുന്ന ബ്രൗൺ നിറമുള്ള ഫുൾക്കൈ ഷർട്ടുവരെ ഓർമ്മയുണ്ടു്.

എന്തായാലും ആ രാത്രി രണ്ടു പേരും കൂടി കള്ളു് കുറെ കുടിച്ചു. പിരിയാൻ നേരം എന്റെ പ്രണയഭാജനമായിരുന്നവനേ എന്നു വിളിച്ചു കൊണ്ടു് ഞാൻ അവനെ കെട്ടിപ്പിടിച്ചു. നരച്ച കുറ്റിത്താടിയുള്ള അവന്റെ കവിളിൽ ഉമ്മ വെച്ചു.

images/santhosh-vilangolil-01.png

രണ്ടാമത്തെ അനുഭവമെന്നു പറയുന്നതു് വളരെ ചെറിയ പ്രായത്തിലേതാണു്. അഞ്ചു് അല്ലെങ്കിൽ ആറു് വയസ്സിലേതു്. ഞാനും എന്റെ അനിയനും രണ്ടു് അസ്സൽ കിഴക്കൻ മൂളികളായിട്ടു് കഴിയുന്ന കാലം. കിഴക്കൻ മൂളി എന്ന പ്രയോഗം മുരളി കേട്ടിട്ടുണ്ടോ എന്നറിയില്ല. കിഴക്കൻ പ്രദേശത്തു് ബാഹ്യലോക ബന്ധങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന, പരിഷ്ക്കാരികളല്ലാത്ത തനി നാട്ടുമ്പുറത്തുകാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണതു്. അവൻ ഒരു കിഴക്കൻ മൂളിയാണു് എന്നു പറഞ്ഞാൽ പ്രാകൃതനായ ഒരു തനി ഗ്രാമീണനാണു് എന്നാണർത്ഥം.

അങ്ങനെ കിഴക്കൻ മൂളിയായിട്ടു് കഴിയുന്ന എന്റെ മുന്നിലേയ്ക്കാണു് സെബാൻ വന്നു ചാടുന്നതു്.

എന്റെ അയല്പക്കമായ പുത്തൻപുരയ്ക്കൽ എന്ന വീടു് സെബാന്റെ അമ്മ വീടായിരുന്നു. ഒരു വേനലവധിയുടെ രണ്ടു മാസക്കാലമാണു് അവൻ അവിടെ ആകെ ഉണ്ടായിരുന്നതു്. ആ ഒരു കാലയളവു മാത്രം നീണ്ടതായിരുന്നു ഞങ്ങളുടെ സൗഹൃദം. അവന്റെ അമ്മേം അപ്പനും അനിയത്തീം ഒക്കെക്കൂടി തെക്കെങ്ങാണ്ടു് ഒരു പട്ടണ പ്രാന്തത്തിലുള്ള അവന്റെ അപ്പന്റെ വീട്ടീന്നു് അമ്മേടെ തറവാട്ടിലേയ്ക്കുള്ള വരവായിരുന്നു. സകുടുംബം മലബാറിലേയ്ക്കു് കുടിയേറാൻ പോകുന്നതിന്റെ മുന്നൊരുക്കമായിട്ടായിരുന്നു ആ വരവു്. അതൊന്നും ഞങ്ങൾ കുട്ടികൾക്കു് അറിയുമായിരുന്നില്ല.

സെബാനുമായുള്ള ആ സൗഹൃദം വെറും രണ്ടു മാസം മാത്രം നിലനിന്ന ഒന്നായിട്ടല്ല എനിക്കു് തോന്നിയിട്ടുള്ളതു്. ബാല്യം മുഴുവൻ നിറഞ്ഞു നിൽക്കുകയും പിന്നീടു് അറുപതു വയസ്സു വരെ എന്നെ പിൻതുടരുകയും ചെയ്ത ഒരു അനുഭവമായിട്ടാണു്. രണ്ടു മാസം മാത്രമായിരുന്നു ആ കാലയളവു് എന്നതൊക്കെ ഞാൻ പിന്നീടു് ഗവേഷണം നടത്തി തിരിച്ചറിയുന്ന ഒരു കാര്യമാണു്.

നമ്മൾ ജീവിതത്തെ നിർവ്വചിക്കുകയോ നിർണ്ണയിക്കുകയോ ഒക്കെ ചെയ്യുന്നതു് പലപ്പൊഴും കാലാനുസാരിയായിട്ടുള്ള അനുഭവങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമല്ലോ. പക്ഷേ, അത്തരത്തിൽ പെട്ട സങ്കല്പങ്ങളെയെല്ലാം നിരാകരിക്കുന്ന ഒരവസ്ഥയെക്കുറിച്ചാണു് ഞാൻ ഈ പറയുന്നതു്.

എന്തായാലും സമപ്രായക്കാരായ ഞാനും സെബാനും ഇരുട്ടിവെളുക്കും മുമ്പേ അടേം ചക്കരേം പോലായി.

സെബാന്റെ അനിയത്തി നീർക്കോലിയെപ്പോലെ മെലിഞ്ഞ ഒരു കൊച്ചായിരുന്നു. അതിന്റെ പേരൊന്നും ഇപ്പോൾ ഓർമ്മയില്ല. അവളും എന്റെ അനിയനും തമ്മിലായിരുന്നു കൂട്ടു്.

അക്കാലത്തെ ഏറ്റവും ദീപ്തമായ ഒരു ഓർമ്മ ഞാനും സെബാനും കൂടി കുതിരവണ്ടി കളിക്കുന്നതായിരുന്നു.

അടുത്തടുത്തു് ഇരട്ടകളെപ്പോലെ നിന്നിരുന്ന രണ്ടു കവുങ്ങുകളെ തമ്മിൽ ബന്ധിച്ചു കൊണ്ടു് ഒരു ഓല മടലു വെച്ചു കെട്ടി, കാലു് ഇരുവശങ്ങളിലേയ്ക്കുമിട്ടു് ഞങ്ങൾ മടലിന്മേൽ കയറിയിരിക്കും. അക്കാലത്തു് ഞങ്ങൾ ഒരു കുതിരവണ്ടി പോയിട്ടു് ഒരു കുതിരയെപ്പോലും കണ്ടിട്ടില്ലെന്നോർക്കണം. ഒരു കുതിരയുടെ ചിത്രമെങ്കിലും കണ്ടിട്ടുള്ളതു് സെബാൻ മാത്രമായിരുന്നു. അങ്ങനെ ഒരു മൃഗമുണ്ടെന്നും അതു വലിക്കുന്ന ഒരു വണ്ടിയുണ്ടെന്നും ഒക്കെ ആരോ പറഞ്ഞു കേട്ടുള്ള അറിവാണു്. ഞങ്ങളെസ്സംബന്ധിച്ചിടത്തോളം അതു് ഒരു ഭാവനാ ചിത്രം മാത്രമാണു്. ആ ഭാവനാ ചിത്രത്തെ കവുങ്ങുകൾക്കിടയിൽ ഒരു മടലു കെട്ടിവെച്ചു് അതിന്മേൽ കയറിയിരുന്നു് ഒരു യാഥാർത്ഥ്യമായി ആവിഷ്ക്കരിക്കുകയാണു് ഞങ്ങൾ.

ആദ്യം സെബാൻ കുതിരയാകും. ഞാൻ അവന്റെ പിന്നിലിരുന്നു് കാൽവിരലുകൾ മണ്ണിലൂന്നി ശരീരം തുള്ളിച്ചുകൊണ്ടു് കുതിരയെ തെളിക്കും. പിന്നെ ഞാൻ കുതിരയാകും. അവൻ എന്റെ പിന്നിലിരുന്നു് അതേ പോലെ ശരീരം തുള്ളിച്ചുകൊണ്ടു് കുതിരയെ തെളിക്കും. ഇങ്ങനെ ഞാനും അവനും മാറി മാറി കുതിരയാവുകയും കളി തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും. മീനപ്പകലിന്റെ ചൂടാണെന്നോർക്കണം. ഞങ്ങളുടെ വേഷമാണെങ്കിൽ വെറും ഹാഫ് ട്രൗസറും. കുറച്ചു കഴിയുമ്പോൾ എന്റെയും സെബാന്റെയും ദേഹങ്ങൾ വിയർക്കാൻ തുടങ്ങും. കുതിരയെ തെളിച്ചു കൊണ്ടു് തുള്ളുമ്പോൾ വിയർത്ത രണ്ടു ദേഹങ്ങൾക്കുമിടയിൽ തെന്നുന്ന ഒരു വഴുക്കൽ രൂപപ്പെടാൻ തുടങ്ങുന്നതു് ഞങ്ങളറിയും. പിന്നെയങ്ങോട്ടു് ആ കളിക്കു് ഒരു പ്രത്യേക ലഹരിയാണു്. എത്ര ദാഹിച്ചാലും എത്ര വിശന്നാലും എത്ര മടുത്താലും ആ കളി നിർത്താൻ തോന്നുമായിരുന്നില്ല.

പകലെന്നോ രാത്രിയെന്നോ ഇല്ലാതെ, തോട്ടിൽ, മാവിൻ ചുവട്ടിൽ, ഓലിയിൽ, മലഞ്ചെരിവുകളിൽ ഞങ്ങളുടെ ഉത്സവമേളമായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പൊഴേയ്ക്കും അവനു് എന്നെയോ എനിക്കു് അവനെയോ പിരിയാൻ കഴിയാത്ത വിധത്തിൽ സയാമീസ് ഇരട്ടകളെപ്പോലെ ആയിക്കഴിഞ്ഞിരുന്നു ഞങ്ങൾ.

അങ്ങനെയിരിക്കെ ഒരു സന്ധ്യാനേരത്തു് ഞാൻ കാണുന്നതു് മൂക്കു നീണ്ട ഒരു ലോറിയിൽ ഈ പുത്തൻപുരയ്ക്കൽ വീട്ടിൽ നിന്നുള്ള സാധനങ്ങളെല്ലാം കയറ്റിയിട്ടു് സെബാന്റെ അപ്പനും അമ്മച്ചിയും വല്യപ്പച്ചനും വല്യമ്മച്ചിയും ഒക്കെക്കൂടി എന്റെ അപ്പനേം അമ്മേം കെട്ടിപ്പിടിച്ചു് ഏങ്ങലടിച്ചു് കരയുന്നതാണു്. ഇവരു് എന്തിനാണു് കരയുന്നതു്, എങ്ങോട്ടാണു് പോകുന്നതു് എന്നൊന്നും എനിക്കു മനസ്സിലായില്ല. ഞാനും സെബാനും കൂടി പിറ്റെന്നു രാവിലെ ഓലിയിൽ പൂഞ്ഞാനെ പിടിക്കാൻ പദ്ധതിയിട്ടിട്ടുള്ളതാണു്. ഞാൻ അതിനു വേണ്ടി പഴയ, പിഞ്ഞിത്തുടങ്ങിയ ഒരു ഈരിഴ തോർത്തു് സംഘടിപ്പിച്ചു വെച്ചിട്ടുള്ളതുമാണു്.

അങ്ങനെ ഞാൻ നോക്കി നിൽക്കുമ്പം സെബാനും അവന്റെ അപ്പനും അമ്മേം വല്യപ്പച്ചനും വല്യമ്മച്ചീം ഒക്കെക്കൂടി ഒരു നിമിഷത്തിൽ പെട്ടെന്നു് അങ്ങു് അപ്രത്യക്ഷരായി.

മലഞ്ചെരിവിലെ റോഡിലൂടെ സന്ധ്യയ്ക്കു് ആ ലോറി അകന്നകന്നു പോകുന്നതു് നോക്കിക്കൊണ്ടു് ഞാൻ നിന്നു.

ഈ ശൂന്യത എന്നു പറയുന്ന ഒരു സാധനമുണ്ടല്ലോ. നമ്മുടെ കൺമുമ്പിൽ നമ്മള് അനുഭവിച്ചോണ്ടിരിക്കണ കാര്യങ്ങള് പെട്ടെന്നു് ഒരു നിമിഷത്തിൽ അങ്ങു് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന വലിയ ഒരു വിടവു്. അതു് ഞാൻ അന്നു് ആദ്യമായി അനുഭവിച്ചു.

പിന്നീടു് എത്രയോ കാലം ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ടു് ഞങ്ങൾ കളിച്ചു നടന്ന മാവിൻ ചുവട്ടിലും മലഞ്ചെരിവുകളിലും ഓലിയുടെ തീരത്തും ഒക്കെ ഏകാന്തനായി ഞാൻ അലഞ്ഞു നടന്നിട്ടുണ്ടു്.

പ്രണയമോ ലൈംഗികതയോ ഒന്നും കയറിക്കൂടാൻ പ്രായമായിട്ടില്ലാത്ത ആ കുഞ്ഞു മനസ്സിനെ അന്നു് എന്തായിരുന്നു മഥിച്ചതു്. ആർക്കറിയാം. എന്തായാലും ഒരു കളിക്കൂട്ടു് നഷ്ടപ്പെട്ടതിന്റെ വേദന മാത്രമായിരുന്നില്ല അതു്.

അപ്രധാനവും അപ്രസക്തവുമായ ഓർമ്മകളുടെ ഒരു സ്വഭാവം അവ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിസ്മൃതിയിലേക്കു് മറഞ്ഞു പോകും എന്നതാണു്. ഒരു സാധാരണ മനുഷ്യനെസ്സംബന്ധിച്ചിടത്തോളം ആ ഗണത്തിൽ പെടുത്താവുന്ന ഈ ഒരോർമ്മ എന്തുകൊണ്ടാണു് എന്നെ വിട്ടു പോകാഞ്ഞതു?

പിന്നീടു് അരനൂറ്റാണ്ടിനു ശേഷം, കൃത്യമായി പറഞ്ഞാൽ അൻപത്തിയഞ്ചു വർഷം കഴിഞ്ഞു് സെബാനെക്കുറിച്ചു് അന്വേഷിക്കാനും ഒടുവിൽ അവനെ കണ്ടെത്താനും എന്നെ പ്രേരിപ്പിച്ചതു് എന്തായിരിക്കാം?

പഠിത്തമൊക്കെ കഴിഞ്ഞു് ഞാൻ കോളജ് വാധ്യാരായി, കല്യാണം കഴിച്ചു, കുഞ്ഞുങ്ങളുണ്ടായി. ജീവിത പ്രാരാബ്ധവും അതിന്റെ തിരക്കുകളുമൊക്കെയായി കാലം അങ്ങനെ മുന്നോട്ടു പോയി.

സത്യം പറഞ്ഞാ പെണ്ണു കെട്ടുമെന്നോ കുട്ടികളുണ്ടാകുമെന്നോ കുടംബ ജീവിതം നയിക്കുമെന്നോ ഒന്നും വിചാരിച്ചിരുന്ന ആളല്ല ഞാൻ. വൈദികനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ഉള്ളതു പറഞ്ഞാ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴും മൂത്രമൊഴിക്കാനുള്ള ഈ സാധനം കൊണ്ടു് ചെയ്യാൻ പറ്റുന്ന മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും എനിക്കു് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. പക്ഷേ, വൈദികനാകാനുള്ള ആഗ്രഹം എന്റെ അപ്പൻ ജന്മം ചെയ്തിട്ടും സമ്മതിച്ചു തന്നില്ല. പുള്ളിക്കാരൻ ഒരു പുരോഗമനവാദിയൊക്കെയായിരുന്നു. ഞാൻ ജീവിച്ചിരിക്കുമ്പം അതു നടക്കുകേലെന്ന് അപ്പൻ തീർത്തു പറഞ്ഞു. അങ്ങനെ കത്തനാരാകാനുള്ള എന്റെ മോഹം പൂവണിയാതെ പോയി.

തിരക്കുപിടിച്ച ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയ്ക്കും ചില നേരങ്ങളിൽ സെബാന്റെ വീട്ടുകാരുടെ അന്നത്തെ ആ കരച്ചിലും കെട്ടിപ്പിടുത്തോം പിരിഞ്ഞുപോക്കും ഒക്കെ ദീപ്തമായ ഒരു നക്ഷത്രം പോലെ മനസ്സിൽ തെളിഞ്ഞു വരുമായിരുന്നു.

ഈ ഭൂതകാലമെന്നു പറയുന്നതു് മുരളീ, നമ്മുടെയൊപ്പം ആരുമറിയാതെ സഹവസിച്ചു പോരുന്ന നമ്മുടെ ഒരു കൂടപ്പിറപ്പിനെപ്പോലെയാ. നിരന്തരമായ സാന്നിധ്യം, അതു് എന്തിന്റെയായാലും, കുറെക്കഴിയുമ്പോൾ അസാന്നിധ്യത്തിനു തുല്യമാകുമല്ലോ. ഒപ്പമുണ്ടെന്നുള്ള കാര്യം നമ്മളങ്ങു് മറന്നു പോകും. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട, തീവ്രമായ ചില നിമിഷങ്ങളിൽ മാത്രമേ അതിന്റെ ഉണ്മ നമ്മൾ തിരിച്ചറിയുകയുള്ളു.

റിട്ടയർമെന്റൊക്കെ കഴിഞ്ഞു്, പെണ്മക്കളെ രണ്ടിനേം കെട്ടിച്ചു വിട്ടു്, മറ്റു് ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റി ജീവിതം അതിന്റെ സ്വച്ഛമായ താളം കണ്ടെത്താൻ തുടങ്ങിയപ്പോഴാണു് എനിക്കു് സെബാനെ ഒന്നു കാണണമെന്ന ആഗ്രഹമുണ്ടായതു്.

അങ്ങനെ ഒരാൾ ഉണ്ടായിരുന്നതു തന്നെയോ, അതോ വെറും തോന്നലായിരുന്നോ തുടങ്ങിയ സന്ദേഹങ്ങൾ അപ്പോൾ എന്റെ മനസ്സിൽ ഉടലെടുക്കുകയുണ്ടായി.

ജീവിതത്തിലെ ചില അനുഭവങ്ങൾ യാഥാർത്ഥ്യമായി നമുക്കു മുമ്പിൽ നിലനില്ക്കുന്നതു് അവയുടെ നൈരന്തര്യം കൊണ്ടാണു്. ഉദാഹരണത്തിനു് അച്ഛൻ, അമ്മ, ഭാര്യ, മക്കൾ തുടങ്ങിയവരുമായുള്ള നമ്മുടെ ബന്ധങ്ങൾ. ഒരു ഘട്ടത്തിൽ അതൊക്കെ പൂർണ്ണമായും മുറിഞ്ഞു പോകുന്ന ഒരവസ്ഥ ഒന്നു് ആലോചിച്ചു നോക്കൂ. പിന്നെ ആ യാഥാർത്ഥ്യത്തിന്റെ അർത്ഥം എന്താണു്. മരിച്ചു പോയ അപ്പനും അമ്മയ്ക്കുമൊപ്പമുണ്ടായിരുന്ന എന്റെ ജീവിതം എന്നു പറയുന്നതു് ഒരു യാഥാർത്ഥ്യമാണു്. പക്ഷേ, അതു തുടരാനോ അല്ലെങ്കിൽ ആവർത്തിക്കാനോ പറഞ്ഞാൽ ഒരിക്കലും സാധ്യമാകില്ല. മരിച്ചു പോയ അപ്പനും അമ്മയും അതു സാധ്യമാക്കുവാൻ വേണ്ടി തിരിച്ചു വരാൻ പോകുന്നില്ല. അതു കൊണ്ടു തന്നെ അവർക്കൊപ്പമുണ്ടായിരുന്ന എന്റെ ജീവിതം എന്നു പറയുന്നതു് വേണമെങ്കിൽ ഒരു കെട്ടുകഥയാണെന്നും പറയാം. ഭൂതകാലത്തിന്റെ ഒരു പ്രശ്നം എന്നു പറയുന്നതു തന്നെ അതാണു്. യാഥാർത്ഥ്യമായിരിക്കെത്തന്നെ അതു് ഒരു കെട്ടുകഥയാണു്; കെട്ടുകഥയായിരിക്കുമ്പോൾ തന്നെ യാഥാർത്ഥ്യവും.

ബുദ്ധിയുറയ്ക്കാത്ത, അപക്വമായി ജീവിച്ചിരുന്ന ഒരു കാലത്തു് ഉണ്ടായിരുന്ന സൗഹൃദത്തിന്റേയോ സ്നേഹത്തിന്റേയോ കൗതുകത്തിന്റേയോ ആയ തുടർച്ചകൾ പിന്നീടു് നിലനില്ക്കുന്നുണ്ടോ എന്നു് അന്വേഷിച്ചു കൊണ്ടുള്ള ഒരു ഇറങ്ങി പുറപ്പെടൽ ഒരു കണക്കിനു് ആലോചിച്ചാൽ എത്ര അർത്ഥശൂന്യമാണു്. പക്ഷേ, എനിക്കു് അതു് അന്വേഷിച്ചു പോയേ മതിയാകുമായിരുന്നുള്ളു. മനസ്സു സൃഷ്ടിച്ചിരിക്കുന്ന ഭൂതകാലാധിഷ്ഠിതമായ ആ യാഥാർത്ഥ്യം എന്നെ അത്രമേൽ അതിനു വേണ്ടി നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.

സെബാനെക്കുറിച്ചു് അന്വേഷിക്കാൻ തുടങ്ങിയപ്പോഴുണ്ടായ നാടകീയമായ ഒരു വഴിത്തിരിവു് എന്നു പറയുന്നതു് അവരു് കോട്ടാമ്പൽ എന്നു പേരുള്ള ഈ കിഴക്കൻ പ്രദേശത്തു നിന്നു് മലബാറിലേയ്ക്കു കുടിയേറിച്ചെന്നു കഴിഞ്ഞപ്പോൾ പുതിയ ഒരു വീട്ടു പേരു് സ്വീകരിച്ചു എന്നതാണു്; മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ അങ്ങനെ തെറ്റിദ്ധരിച്ചു. കുടിയേറി പോകുന്നവർ സാധാരണയായി, തിരിച്ചറിയപ്പെടാനുള്ള എളുപ്പത്തിനു് പഴയ വീട്ടുപേരു തന്നെ തുടർന്നു പോരുകയാണു് പതിവു്. സെബാന്റെ കുടുംബം പക്ഷേ, പഴയ അടയാളങ്ങളൊന്നും ബാക്കി വെച്ചിട്ടില്ലാത്തതു പോലെ തോന്നി. ഞാൻ പറഞ്ഞല്ലോ, അതു് എന്റെ ഒരു തെറ്റിദ്ധാരണയായിരുന്നു.

അതു് മുരളിക്കു് വഴിയെ മനസ്സിലാകും.

എന്റെ ഓർമ്മയിൽ അവരുടെ വീട്ടു പേരു് പുത്തൻപുരയ്ക്കൽ എന്നായിരുന്നു.

മലബാറിലെ എന്റെ കണക്ഷൻസ് എല്ലാം ഉപയോഗിച്ചു് അന്വേഷിക്കുകയും അവിടത്തെ ഇടവകകളിലെ വികാരിയച്ചന്മാരോടെല്ലാം സംസാരിക്കുകയും ചെയ്തങ്കിലും ഞങ്ങളുടെ നാട്ടിൽ നിന്നു് കുടിയേറിയ ഒരു പുത്തൻപുരക്കാരെ എനിക്കു് അവിടെയെങ്ങും കണ്ടുപിടിക്കാനായില്ല. പുത്തൻപുരക്കാർ അവിടെ ഒരുപാടുണ്ടു്. പക്ഷേ, അവരാരും ഈ കോട്ടാമ്പൽ പ്രദേശത്തു നിന്നു കുടിയേറിയവരല്ല. അതിനർത്ഥം മറ്റേതോ ഒരു വീട്ടുപേരായിരിക്കണം ഇപ്പോൾ അവരുടേതു്.

അപ്പോളാണു് മത്തായി എന്ന ഒരാളെക്കുറിച്ചു് ആരോ എന്നോടു പറയുന്നതു്. മധ്യ തിരുവിതാം കൂറിൽ നിന്നു് മലബാറിലേയ്ക്കു് കുടിയേറിയിട്ടുള്ള സമസ്ത മനുഷ്യന്മാരേയും അറിയുന്ന ഒരാൾ എന്നായിരുന്നു അയാളെക്കുറിച്ചുള്ള വിശേഷണം. അയാൾ ഏതോ കുടിയേറ്റ കൾച്ചറൽ ഫോറത്തിന്റെയോ കുടുംബ യോഗത്തിന്റെയോ മറ്റോ ഭാരാവാഹിയൊക്കെയാണു്. അങ്ങനെ ഞാൻ മത്തായിയുടെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. റിട്ടയേഡ് കോളജ് പ്രൊഫസർ ഡോക്ടർ സുനിൽ മാണി എന്നു ഞാൻ പരിചയപ്പെടുത്തി. ചില സമയത്തു് നമുക്കു് ഈ ഡോക്ടർ, പ്രൊഫസർ തുടങ്ങിയ സാധനങ്ങളൊക്കെ വച്ചു് ഒരു കളി കളിക്കാൻ പറ്റും. കൃത്യമായ വിവരം കിട്ടാനും മിസ് ഗൈഡ് ചെയ്യപ്പെടാതിരിക്കാനും അതു് സഹായിക്കും. ഞാൻ ജീവിക്കുന്ന ഈ പ്രദേശത്തൊന്നും ഈ കളി ഞാൻ കളിക്കാറില്ല. ഇവിടെ ഞാൻ ഒന്നുകിൽ മാണിക്കുഞ്ഞാണു് അല്ലെങ്കിൽ മാണി സാർ.

കൾച്ചറൽ ഫോറത്തിന്റെ ഭാരവാഹി എന്നൊക്കെ പറഞ്ഞപ്പം ഈ മത്തായി ഒരു ചെറുപ്പക്കാരനായിരിക്കുമെന്നാണു് ഞാൻ കരുതിയതു്. പക്ഷേ, പുള്ളിക്കു് അപ്പോത്തന്നെ എഴുപത്തെട്ടു വയസ്സുണ്ടു്. അതോടെ ഞാൻ വിളി മത്തായിച്ചേട്ടാ എന്നാക്കി.

പുള്ളിക്കാരൻ ശരിക്കും ഒരു എൻസൈക്ലോപീഡിയ ആയിരുന്നു. മധ്യതിരുവിതാംകൂറിൽ നിന്നു് മലബാറിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രവും അനുഭവങ്ങളും ഒക്കെ അസ്സലായിട്ടു് മനസ്സിലാക്കിയിട്ടുള്ള ഒരാൾ. ഓരോ കുടുംബങ്ങളുടെയും പഴയ റൂട്ടൊക്കെ അങ്ങേർക്കു് കൃത്യമായിട്ടറിയാം.

പുത്തൻപുരയ്ക്കൽ എന്ന ഒരു വീട്ടു പേരും കൊണ്ടു് കോട്ടാമ്പൽ പ്രദേശത്തു നിന്നു് ആരും മലബാറിലേയ്ക്കു് കുടിയേറിയിട്ടില്ല എന്നു് പുള്ളി തീർത്തു പറഞ്ഞു. മാത്രമല്ല ആ പേരിൽ ഒരു വീടു് അന്നു് കോട്ടാമ്പൽ പ്രദേശത്തു് ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല എന്നും.

ഉണ്ടു് മത്തായിച്ചേട്ടാ. ആ പേരിൽ ഒരു വീടുണ്ടു്. എന്റെ തൊട്ടയൽപക്കമായിരുന്നു.

പകൽ വെളിച്ചം പോലെ അറിയാവുന്ന ഒരു കാര്യം അങ്ങേർ നിഷേധിച്ചപ്പോൾ എനിക്കു് വാശി കയറി.

ഫോണിൽ കുറച്ചു നേരം നിശ്ശബ്ദത.

നിങ്ങൾ പറയുന്ന ആ കുടുംബത്തിന്റെ വീട്ടു പേരു് വിലങ്ങോലിൽ എന്നായിരിക്കാൻ സാധ്യതയുണ്ടു്.

എനിക്കു് അപ്പോൾ ശരിക്കും ചിരി വന്നു. ഞാൻ അങ്ങേരോടു പറഞ്ഞു:

വിലങ്ങോലിൽ എന്നതു് ഞങ്ങളുടെ വീട്ടുപേരാണു് മത്തായിച്ചേട്ടാ.

അപ്പോൾ മത്തായിച്ചേട്ടൻ പറഞ്ഞു: അതിൽ അത്ഭുതമൊന്നുമില്ല. അവരുടെ വീട്ടു പേരും അതു തന്നെയായിക്കൂടെന്നില്ല. കാരണമുണ്ടു്…

ഓലി എന്നു പറഞ്ഞാൽ എന്തുവാണെന്നു് നിനക്കു് അറിയാമായിരിക്കുമല്ലോ, മുരളീ. ചെറിയ ഒരു കുളം, ഒരു ഊറ്റു കുഴി. മലമ്പ്രദേശങ്ങളിൽ മിക്കവാറും ഒരു കരിമ്പാറക്കെട്ടിനുള്ളിലായിരിക്കും ഈ ഓലി. മലേടെ മണ്ടേന്നുള്ള വെള്ളം മുഴുവൻ ഒഴുകി വന്നു് ആദ്യം നിറയുന്നതു് ഇവിടെയാണു്. പിന്നെ ഇവിടെ നിന്നു് ചെറിയ ചാലുകളായി താഴേയ്ക്കു് ഒഴുകും. എപ്പം നോക്കിയാലും ഓലിയിൽ അരയാൾ വെള്ളം കാണും. ഓലിയെ വിലങ്ങിക്കിടന്ന, ഓലിക്കു ചുറ്റുമുള്ള വീടുകളുടെയെല്ലാം പേരു് അക്കാലങ്ങളിൽ വിലങ്ങോലിൽ എന്നായിരുന്നു. ഒരേ പേരുള്ള ഈ വീടുകളെ തമ്മിൽ തിരിച്ചറിഞ്ഞിരുന്നതു് വീട്ടുകാരന്റെ പേരു വെച്ചിട്ടായായിരുന്നു.

ഓലിയിൽ വേനലിലും കണ്ണീരു പോലെ തെളിഞ്ഞ, തണുത്ത വെള്ളമുണ്ടാവും. കരിമ്പാറക്കെട്ടുകളുടെ വിടവിൽ നിന്നു് അമൃതധാര പോലെയുള്ള നേർത്ത ഉറവകൾ ഊറി ഓലിയിൽ നിറഞ്ഞു കൊണ്ടിരിക്കും. ഒരിക്കൽ ഒരു ഓലിയിൽ മുങ്ങി നിവർന്നിട്ടുള്ളവൻ പിന്നീടു് ആ ഓലിയെ മറക്കുന്ന പ്രശ്നമില്ല.

ഓലിക്കു ചുറ്റും താമസിച്ചിരുന്ന, വിലങ്ങോലിൽ എന്ന വീട്ടുപേരുള്ള മനുഷ്യരെ തമ്മിൽ ബന്ധിപ്പിച്ചിരുന്നതു് വേനലിലും വറ്റാതെ, കണ്ണുനീരിന്റെ ശുദ്ധിയും തെളിച്ചവുമായി കരിമ്പാറക്കുഴിയിൽ തളം കെട്ടി നിന്ന ആ ജലരാശിയായിരുന്നുവെന്നു പറയാം.

എവിടെപ്പോയാലും അവർ ആ വിലങ്ങോലികളിലേയ്ക്കു് തിരിച്ചുവന്നു; തിരിച്ചു വരാൻ പറ്റാത്തവർ ആ വിലങ്ങോലികളെ കൂടെ കൊണ്ടുപോയി.

ഓലിയുടെ കരയിൽ, ഞങ്ങൾക്കു ശേഷം വീടു വെച്ചു് താമസിച്ചവരായതുകൊണ്ടു് സെബാന്റെ അമ്മവീട്ടുകാരെ പുത്തൻപുരക്കാർ എന്നു വിളിച്ചു പോന്നു എന്നേയുള്ളു. കുടിയേറി ചെന്നിടത്തു് അവരുടെ വീട്ടു പേരു് വിലങ്ങോലിൽ എന്നു തന്നെയായിരുന്നു.

മത്തായിച്ചേട്ടൻ തന്ന സെബാന്റെ നമ്പറിൽ വിളിച്ചപ്പോൾ ഒരു സ്ത്രീയാണു് ഫോൺ എടുത്തതു്.

പുള്ളിക്കാരൻ പറമ്പിലാ, ഉച്ചയ്ക്കു് വിളിയ്ക്കു് എന്നു പറഞ്ഞു് അവർ ഫോൺ വെച്ചു.

ഉച്ചയ്ക്കു് വിളിച്ചപ്പോൾ അയാൾ തന്നെയാണു് എടുത്തതു്.

സെബാസ്റ്റ്യനല്ലേ, ഞാൻ ചോദിച്ചു.

ഉം… അപ്പുറത്തു് ഒരു മൂളൽ മാത്രം.

സെബാനെ, ഇതു ഞാനാടാ. സുനിൽ. സുനിൽ മാണി.

ഞാൻ അവനെ പഴയ കഥകളെല്ലാം പറഞ്ഞു കേൾപ്പിച്ചു. ഇരട്ട കവുങ്ങുകൾക്കിടയിൽ മടലുവെച്ചു കെട്ടി കുതിരവണ്ടി കളിച്ചതു മുതൽ ലോറിയിൽ സാധനങ്ങളെല്ലാം കയറ്റി യാത്രയായ സന്ധ്യയ്ക്കു് എല്ലാവരും കെട്ടിപ്പിടിച്ചു കരഞ്ഞതു വരെ.

കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവൻ പറഞ്ഞു:

നിങ്ങള് ഒരു കോളേജ് വാധ്യാരായിരുന്നെന്നല്ലേ പറഞ്ഞെ? ഞാൻ ഒരു കൃഷിക്കാരനാണു്. എല്ലുമുറിയെ പണിയെടുത്തു് രണ്ടറ്റവും എങ്ങനെയെങ്കിലുമൊക്കെ കൂട്ടിമുട്ടിച്ചു പോകുന്നു. നിങ്ങൾ ഈ പറഞ്ഞതൊക്കെ എനിക്കു് ഒരോർമ്മേം മനസ്സറിവുമില്ലാത്ത കാര്യങ്ങളാ. നിങ്ങളെപ്പോലൊരാളെയൊട്ടു് എനിക്കു് അറിയാനും മേല. നിങ്ങൾ അന്വേഷിക്കുന്ന സെബാൻ വേറെ വല്ലോരുമായിരിക്കും.

എനിക്കു് പെട്ടെന്നു് വല്ലാത്ത നിരാശ തോന്നി.

നിന്നെയൊന്നു വന്നു കാണുന്നതിനു് വല്ല തരക്കേടുമുണ്ടോ, ഞാൻ ചോദിച്ചു:

നേരിൽ കണ്ടു കഴിയുമ്പം നിനക്കു് എല്ലാക്കാര്യങ്ങളും ഓർമ്മ വരും.

അവൻ എന്തായാലും അതിനു് സമ്മതിച്ചു. സമ്മതിച്ചൂന്നു് പറഞ്ഞാ അവൻ വേറൊരു ഭാഷയാ പറഞ്ഞെ. നിങ്ങക്കു് അത്രയ്ക്കു് കുത്തിക്കഴപ്പാണേ എനിക്കിപ്പം എന്നാ ചെയ്യാൻ പറ്റും എന്നാണു് അവൻ ചോദിച്ചതു്.

എന്തായാലും അതൊരു സമ്മതമായിട്ടെടുത്തു് ഞാൻ പോകാൻ തീരുമാനിച്ചു.

ഖസാക്കിന്റെ ഇതിഹാസത്തിന്റെ രണ്ടാമത്തെ പതിപ്പിന്റെ ആമുഖത്തിലാണെന്നു തോന്നുന്നു വിജയൻ ഒരു വാക്കു് ഉപയോഗിക്കുന്നുണ്ടു്: ധാർഷ്ട്യം. ഖസാക്കിന്റെ ഇതിഹാസം ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ഉണ്ടായിരുന്ന ധാർഷ്ട്യം എനിക്കു് ഇപ്പോൾ ഇല്ല എന്നാണു് വിജയൻ ആ ആമുഖത്തിൽ എഴുതിയതു്. അടുത്ത വാക്യമാണു് രസം. നിങ്ങളാരെങ്കിലും കുഞ്ഞാമിനയെ കാണുകയാണെങ്കിൽ രവിയെ കല്യാണം കഴിക്കാൻ അവളോടു പറയണം എന്നാണതു്. ഈ രണ്ടു വാക്യങ്ങൾ വായിച്ചു് തകർന്നു് തരിപ്പണമായിട്ടുള്ള ഒരുത്തനാണു് ഞാൻ. അതു കൊണ്ടു തന്നെ എനിക്കു് സെബാനെ കാണാൻ പോകാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

ട്രെയിനിലും ബസ്സിലുമൊക്കെയായി യാത്ര ചെയ്തു് ഞാൻ സെബാന്റെ വീടു് തേടിപ്പിടിച്ചു ചെല്ലുമ്പോൾ നേരം ഉച്ചതിരിഞ്ഞിരുന്നു.

ഓടുമേഞ്ഞ ഒരു ചെറിയ വീടായിരുന്നു സെബാന്റേതു്. വീടിന്റെ ഒരു വശത്തു് ഒരു പശുത്തൊഴുത്തു്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മണം സദാ തങ്ങി നിൽക്കുന്ന അന്തരീക്ഷം.

കവുങ്ങും തെങ്ങും ജാതിയും കുരുമുളകും വാഴയും കപ്പയുമെല്ലാമുള്ള പറമ്പു്.

സെബാനെക്കൂടാതെ വീട്ടിലുണ്ടായിരുന്നതു് അവന്റെ ഭാര്യയും കെട്ടുപ്രായം തികഞ്ഞ രണ്ടു പെൺമക്കളും പടുവൃദ്ധയായ അമ്മയും. അപ്പൻ ചത്തു പോയിരുന്നു.

ഞാൻ അവിടെ കണ്ടതു് എന്റെ സങ്കല്പത്തിലുള്ള സെബാനേ ആയിരുന്നില്ല. എന്റെ ഓർമ്മയിലുള്ള സെബാൻ വെളുത്ത തുടയും ചുവന്ന ചുണ്ടുകളുമൊക്കെയുള്ള ഒരു ചെറുക്കനാണു്. ഇതു് കഷണ്ടിയൊക്കെ കയറി കറുത്തു് ഉരുണ്ട ഒരു രൂപം.

സെബാന്റെ ഭാര്യ എനിക്കു് ചായയൊക്കെ അനത്തി തന്നു. ഞാൻ അവിടെയിരുന്നു് പഴയ ഓർമ്മകളുടെ കെട്ടഴിച്ചു. പണ്ടത്തെ ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ വിസ്തരിച്ചു. പക്ഷേ, സെബാനു് അതൊന്നും ഓർമ്മയുണ്ടായിരുന്നില്ല. ഞാൻ പറയുന്നതിന്റെ വികാരമൊന്നും അയാളെ ഏശിയതായി തന്നെ തോന്നിയില്ല. അയാൾ കരിങ്കല്ലിനു് കാറ്റു പിടിച്ചതു പോലിരുന്നു.

എന്നെ അദ്ഭുതപ്പെടുത്തിയതു് അവന്റെ അമ്മച്ചിയ്ക്കു്, ഒരു തൊണ്ണൂറു വയസ്സെങ്കിലും കാണും അവർക്കു്, ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം ഓർമ്മ വന്നു എന്നതാണു്. ആ ഓലീം അതിന്റെ കരേലെ ഞങ്ങൾ രണ്ടു കൂട്ടരുടേം വീടും കൊച്ചുത്രേസ്യ എന്നു പേരുള്ള എന്റെ അമ്മച്ചിയേം ഒക്കെ അവർക്കു് ഓർമ്മ വന്നു. അന്നു് കെട്ടിപ്പിടിച്ചു് കരഞ്ഞോണ്ടു് യാത്ര ചോദിച്ചു പോന്ന മുഹൂർത്തം പോലും ആ തള്ളയ്ക്കു് ഓർമ്മയുണ്ടു്. എന്നാലും കൊച്ചനേ നീ ഞങ്ങളെയൊന്നും മറന്നില്ലല്ലോ, ഇത്രേം ദൂരത്തൂന്നു് ഞങ്ങളെക്കാണാൻ വരാൻ നിനക്കു തോന്നിയല്ലോ, ദൈവം കർത്താവു് നിന്നെ അനുഗ്രഹിക്കും എന്നെല്ലാം പറഞ്ഞു് കരഞ്ഞോണ്ടു് അവർ എന്നെ കെട്ടിപ്പിടിച്ചു. എന്റേം കണ്ണു നിറഞ്ഞു.

അപ്പോൾ സെബാൻ പറഞ്ഞു:

അമ്മച്ചീടെ ഓർമ്മ മുഴുവൻ തെറ്റിക്കൊഴഞ്ഞു് കെടക്കുവാ. എന്നെ കാണുമ്പം അങ്ങേതിലെ വർക്കിച്ചനാന്നാ തള്ളേടെ വിചാരം. വർക്കിച്ചാ സെബാൻ അടയ്ക്കാ പറിക്കാനാന്നും പറഞ്ഞു പറമ്പിലേക്കു് പോയിട്ടു് കൊല്ലം ഒന്നായല്ലോ. ഇതു വരെ അവനെ കണ്ടില്ലല്ലോ. ഇതിനും വേണ്ടി അടയ്ക്കയൊണ്ടോ എന്നു് രാവിലെ എഴുന്നേറ്റു വരുമ്പം തന്നെ എന്നോടു ചോദിക്കലാ തള്ളേടെ പണി. എനിയ്ക്കങ്ങു കലിവരും. പോരാത്തേനു് ഇടയ്ക്കിടയ്ക്കുള്ള ഈ എണ്ണിപ്പെറുക്കും കരച്ചിലും.

മടങ്ങാൻ നേരം സെബാൻ അവന്റെ പഴഞ്ചൻ ബൈക്കിൽ എന്നെ ജങ്ഷനിലെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടു വന്നു വിട്ടു. നേരം ഇരുളാൻ തുടങ്ങിയിരുന്നു.

“ലാസ്റ്റ് ബസ്സാ. ഇവിടുന്നു് കേറാൻ അങ്ങനെയാരും ഒണ്ടാകാറില്ല. കൈ കാണിച്ചില്ലേൽ ചെലപ്പം നിറുത്താതെ പോകും. സ്വപ്നോം കണ്ടോണ്ടു നിന്നു് കൈ കാണിക്കാൻ മറന്നു പോകല്ലു്.”

മടങ്ങിപ്പോകാൻ നേരം സെബാൻ പറഞ്ഞു.

സെബാൻ എന്താണു് ഉദ്ദേശിച്ചതെന്നു് എനിക്കു മനസ്സിലായില്ല. ഈ അറുപതു വയസ്സു കഴിഞ്ഞ ഞാൻ സ്വപ്ന ജീവിയാണെന്നോ.

കട്ടിക്കാലത്തു് വളരെ ഹ്രസ്വമായ ഒരു കാലത്തേക്കു മാത്രം അനുഭവിക്കുകയും എന്നാൽ ജീവിതത്തിൽ അരനൂറ്റാണ്ടിനപ്പുറം നീണ്ടു നിൽക്കുകയും ചെയ്ത ആ അനുഭവത്തിന്റെ ഓർമ്മ സെബാനെ കണ്ടു് മടങ്ങി വന്നതോടെ ചത്തു കെട്ടു പോയി. ഒരു ബാധ ഒഴിയുന്നതു പോലെ സെബാൻ എന്റെ മനസ്സിൽ നിന്നു് ഒഴിഞ്ഞും പോയി.”

ഇനി മുരളീകൃഷ്ണൻ സംസാരിക്കാൻ തുടങ്ങുകയാണു്.

അതിനു മുമ്പു് അനിവാര്യമായ പശ്ചാത്തല വർണ്ണന.

പ്രൊഫസർ സുനിൽ മാണിയുടെ വീടാണതു്. സമയം രാത്രി പതിനൊന്നര. മേശമേൽ പകുതി കാലിയായ ബക്കാഡി ബ്ലാക്ക്. മുരളീകൃഷ്ണൻ അല്പം മുമ്പു് സോഡയൊഴിച്ചു് ടോപ്പപ്പ് ചെയ്ത നുരയുന്ന രണ്ടു ചില്ലു ഗ്ലാസ്സുകൾ. ഒരു പ്ലേറ്റിൽ സവാളയും തക്കാളിയും കാരറ്റും കത്തിരിക്കയും വട്ടത്തിലരിഞ്ഞു്, നാരങ്ങ പിഴിഞ്ഞൊഴിച്ചു് ഉപ്പു വിതറിയ സാലഡ്.

images/santhosh-vilangolil-03.png

പ്രൊഫസർ സുനിൽ മാണിയുടെ ഭാര്യ റോസ് മേരി എട്ടുമണി മുതൽ ഒൻപതു മണി വരെ സീരിയൽ കണ്ടു്, കൃത്യം ഒൻപതു മണിക്കു് അത്താഴം കഴിച്ചു്, കുരിശു വരച്ചു് ഉറങ്ങാൻ കിടന്നിരുന്നു.

പ്രൊഫസർ സുനിൽ മാണിക്കും മുരളീകൃഷ്ണനും വേണ്ടിയുള്ള അത്താഴം, കോഴിക്കറിയും ചപ്പാത്തിയും, ചൂടാറാതിരിക്കാൻ വേണ്ടി കാസ റോളിലാക്കി അവർ മേശപ്പുറത്തു വെച്ചിരുന്നു.

“നീ എന്റെ വീട്ടിലോട്ടാണു് പോന്നതെന്നു് നിന്റെ പെമ്പ്രന്നോത്തിക്കു് അറിയാവോ, മുരളീ?”

സന്ധ്യയ്ക്കു് മുരളീകൃഷ്ണൻ വന്നു കയറിയ പാടെ പ്രൊഫസർ സുനിൽ മാണി ചോദിച്ചിരുന്നു.

“കൊള്ളാം. അതെങ്ങാൻ അറിഞ്ഞാൽ അവൾ ചന്ദ്രഹാസമിളക്കുകേലേ. ആ റിട്ടയേഡ് കോളേജ് വാധ്യാരു് നിങ്ങടെ കാമുകിയാണോ അതോ നിങ്ങള് അയാൾടെ കാമുകിയോ എന്നാണു് അവൾ ഇന്നാള് ചോദിച്ചതു്. ഇതിപ്പം ജോലിസ്സംബന്ധമായ ഒരു യാത്രയുടെ മറവിലാ.”

മുരളീകൃഷ്ണന്റെ മറുപടി കേട്ടു് പ്രൊഫസർ സുനിൽ മാണി പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു് ചോരത്തുടുപ്പുള്ള അയാളുടെ മുഖം സ്ത്രൈണമായി.

“ഈയിടെയായി പണ്ടത്തെ ഒരോർമ്മ എന്നെയും വിടാതെ പിടി കൂടിയിരിക്കുന്നു സർ.”

മുരളീകൃഷ്ണൻ പറഞ്ഞു തുടങ്ങി.

“ഞാൻ നാലാം ക്ലാസ്സിലേയ്ക്കു് ജയിച്ച സ്ക്കൂൾ തുറപ്പുകാലത്താണു് രാജം ടീച്ചർ ഞങ്ങളുടെ സ്ക്കൂളിൽ പുതുതായി എത്തുന്നതു്. ഇളം പിങ്ക് നിറമുള്ള സാരിയും കടും പിങ്ക് നിറമുള്ള ബ്ലൗസുമായിരുന്നു അന്നു് ടീച്ചറുടെ വേഷം എന്നു് ഞാൻ കൃത്യമായി ഓർക്കുന്നു. ഞങ്ങളുടെ ക്ലാസ്സിൽ ആദ്യമായി വന്നപാടെ എന്റെ കവിളിൽ നുള്ളിയിട്ടു് മുരളീകൃഷ്ണാ കള്ളക്കൃഷ്ണാ എന്നു് ടീച്ചർ എന്നെ വിളിച്ചതു് ഇന്നലെയെന്നതു പോലെ എന്റെ കാതിലുണ്ടു്.

രാജം ടീച്ചറുടെ വീടു് ദൂരെ എവിടെയോ ആയിരുന്നു. ടീച്ചർക്കൊപ്പം വന്ന അച്ഛനോ അമ്മാവനോ ആരോ സ്ക്കൂളിനടത്തുള്ള ഒരു മാളിക വീടിന്റെ രണ്ടാം നിലയിൽ ടീച്ചർക്കുള്ള താമസം ഏർപ്പാടാക്കി തിരിച്ചു പോയി.

ഒരു മട്ട കോണിന്റെ ആകൃതിയിലായിരുന്നു ഞങ്ങളുടെ എൽ. പി. സ്ക്കൂൾ. പാദത്തിന്റേയും ലംബത്തിന്റേയും അറ്റങ്ങളിൽ യഥാക്രമം നാലാം ക്ലാസ്സും സ്റ്റാഫ് റൂമും സ്ഥിതി ചെയ്തു.

സ്റ്റാഫ് റൂമിലിരിക്കുന്ന ഏതെങ്കിലും ടീച്ചറുടെ നോട്ടം നാലാം ക്ലാസ്സിലേയ്ക്കോ നാലാം ക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ നോട്ടം സ്റ്റാഫ് റൂമിലേയ്ക്കോ നീളുന്ന വേളകളിൽ അദൃശ്യമായ ഒരു കർണ്ണം കൂടി രൂപപ്പെട്ടു് സ്കൂൾ ഒരു മട്ടത്രികോണമായി മാറുമായിരുന്നു.

ക്ലാസ്സിൽ വരുമ്പോൾ ചിലപ്പോൾ രാജം ടീച്ചർ എന്നോടു പറയും: കള്ളാ നീ ഇവിടെയിരുന്നു് സ്റ്റാഫ് റൂമിലിരുന്ന എന്നെ ഒളിഞ്ഞു നോക്കുന്നതു് ഞാൻ കണ്ടിരുന്നു.

നാലാം ക്ലാസ്സിന്റെ ലീഡറായി എന്നെ നിയമിച്ചതു് ക്ലാസ്സ് ടീച്ചർ കൂടിയായ രാജം ടീച്ചറായിരുന്നു. ഇരട്ടവരയിട്ട മലയാളം പകർത്തിയെഴുത്തു ബുക്കും നാലു വരയിട്ട ഇംഗ്ലീഷ് പകർത്തിയെഴുത്തു ബുക്കും കുട്ടികളിൽ നിന്നു് ശേഖരിച്ചു് സ്റ്റാഫ് റൂമിൽ രാജം ടീച്ചറുടെ മേശപ്പുറത്തു് എത്തിക്കേണ്ടതു് എന്റെ ചുമതലയായിരുന്നു. സ്റ്റാഫ് റൂമിൽ ആരുമില്ലാത്ത സമയമാണെങ്കിൽ കസേരയിലിരിക്കുന്ന ടീച്ചർ അരയിൽ കൈ ചുറ്റി എന്നെ ചേർത്തു നിറുത്തും. വിശേഷങ്ങളൊക്കെ ചോദിക്കും.

ടീച്ചർ താമസിച്ചിരുന്ന മാളിക വീടു് എന്റെ വീട്ടിൽ നിന്നു് അധികമൊന്നും ദൂരെയായിരുന്നില്ല. അക്കാലങ്ങളിൽ പശു പ്രസവിച്ചതിനു ശേഷം ആദ്യമായി ഉറയൊഴിക്കുന്ന തൈരിന്റെ, കാടൻ തൈരു് എന്നാണു് അതിനെ പറഞ്ഞിരുന്നതു്, ഒരു പങ്കു് എല്ലാ അയൽ വീടുകളിലേയ്ക്കും കൊടുത്തയയ്ക്കുമായിരുന്നു. അതൊരു ചടങ്ങായിരുന്നു. ഞങ്ങളുടെ ചെമ്പിപ്പശു പ്രസവിച്ച സമയത്തു് രാജം ടീച്ചർക്കു് കാടൻ തൈരു് കൊടുക്കാൻ മാളിക വീടിന്റെ രണ്ടാം നിലയിൽ ഒരിക്കൽ ഞാൻ പോയിട്ടുണ്ടു്. പാചകമൊക്കെ ടീച്ചർ സ്വന്തമായിട്ടായിരുന്നു. പെങ്കുട്ട്യോൾടെ ചുണ്ടും കണ്ണുമാ നെനക്കു് എന്നു പറഞ്ഞു് അന്നു് ടീച്ചർ എന്റെ കവിളിൽ നുള്ളി.

പോരാൻ നേരം എന്റെ മുഖം കൈകളിൽ കോരിയെടുത്തു് ചുണ്ടിൽ അമർത്തി ഒരുമ്മ തന്നു. വീട്ടിലെത്തുന്നതു വരെ ഞാൻ തുപ്പിക്കൊണ്ടിരുന്നു.

images/santhosh-vilangolil-02.png

പിന്നെ കുറെ ദിവസത്തേയ്ക്കു് ടീച്ചറുടെ മുഖത്തു നോക്കാൻ എനിക്കു മടിയായിരുന്നു. ടീച്ചറും എനിക്കു് മുഖം തരാതെ മാറി നടക്കുന്നതു പോലെ തോന്നി.

വേനൽ പരീക്ഷ തുടങ്ങും മുമ്പു് ഒരു ദിവസം പകർത്തുബുക്കുകളുമായി ചെല്ലുമ്പോൾ സ്റ്റാഫ് റൂമിൽ ടീച്ചർ തനിച്ചായിരുന്നു. ടീച്ചർ എന്നെ പഴയതു പോലെ ചേർത്തു നിറുത്തി. അന്നത്തെ ആ ഉമ്മ വയ്ക്കലിനു ശേഷം ആദ്യമായിട്ടായിരുന്നു ടീച്ചർ എന്നെ അങ്ങനെ ചേർത്തു നിറുത്തുന്നതു്. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു് ഞാൻ കണ്ടു.

അടുത്ത വർഷം ഞാൻ ഉണ്ടാവില്ല, എനിക്കു് നാട്ടിലേയ്ക്കു് മാറ്റമായി.

ടീച്ചർ പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

ഞാൻ പോയാൽ നീ എന്നെ ഓർക്കുമോ?

അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. എന്തു പറയണമെന്നു് എനിക്കു് തിട്ടമില്ലായിരുന്നു.

ഈയിടെയായിട്ടു് ഒരാഗ്രഹം.

രാജം ടീച്ചറെ ഒന്നു കാണണം. ടീച്ചർ എവിടെയാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല. പക്ഷേ, എങ്ങനെയെങ്കിലും ഒന്നു കാണണം. കണ്ടേ തീരൂ. സാറ് സൂചിപ്പിച്ചതു പോലെ ഞാൻ ഈ പറഞ്ഞതൊന്നും കെട്ടുകഥകളല്ല എന്നു് എനിക്കു തന്നെ ഒന്നുറപ്പിക്കാൻ. അല്ലെങ്കിൽ എല്ലാം കെട്ടുകഥകളാണെന്നു് എന്നെന്നേയ്ക്കുമായി എഴുതിത്തള്ളാൻ.”

“അതിനെന്താ ടീച്ചറെ കണ്ടെത്താൻ വളരെ എളുപ്പമല്ലേ?”

പ്രൊഫസർ സുനിൽ മാണി പറഞ്ഞു.

“അതെങ്ങനെ?”

മുരളീകൃഷ്ണൻ ചോദിച്ചു.

“ടീച്ചറുടെ പേരു് നിനക്കറിയാം, രാജം. വീട്ടു പേരു് എനിക്കുമറിയാം.”

“എന്താണു് ടീച്ചറുടെ വീട്ടു പേരു്?”

“വിലങ്ങോലിൽ. നിന്റെ വീട്ടു പേരും മറ്റൊന്നാകാൻ വഴിയില്ലല്ലോ, മുരളീ.”

തുടർന്നു് പ്രൊഫസർ സുനിൽ മാണി പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു് ചോരത്തുടിപ്പുള്ള അയാളുടെ മുഖം സ്ത്രൈണമാകാൻ തുടങ്ങി.

കുറച്ചു നേരം നിശ്ശബ്ദനായി ഇരുന്ന മുരളീകൃഷ്ണൻ പൊടുന്നനെ ആ ചിരിയിൽ പങ്കുചേർന്നു.

സി. സന്തോഷ് കുമാർ
images/santhoshkumar.jpg

ജനനം: 25.05.1971.

സ്വദേശം: കോട്ടയം ജില്ലയിലെ എഴുമാന്തുരുത്ത് എന്ന ഗ്രാമം.

ഇരുപതു വർഷത്തെ സേവനത്തിനു ശേഷം 2012-ൽ വ്യോമസേനയിൽ നിന്നു വിരമിച്ചു. ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ ജോലി ചെയ്യുന്നു.

ഒരു ഡസനോളം ചെറുകഥകൾ എഴുതിയിട്ടുണ്ടു്. പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.

ഭാര്യ: രാധ.

മക്കൾ: ആദിത്യൻ, ജാനകി.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Vilangolil Ennu Perulla Veedukal (ml: വിലങ്ങോലിൽ എന്നു പേരുള്ള വീടുകൾ).

Author(s): C. Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-23.

Deafult language: ml, Malayalam.

Keywords: Short Story, C. Santhosh Kumar, Vilangolil Ennu Perulla Veedukal, സി. സന്തോഷ് കുമാർ, വിലങ്ങോലിൽ എന്നു പേരുള്ള വീടുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Composition in Brown and Gray, a painting by Piet Mondrian (1872–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.