ദേവര ദാസിമയ്യാ (ദൈവത്തിന്റെ ദാസിമയ്യ) ആദ്യത്തെ വചനകവികളിൽ ഒരാളായിരുന്നുവെന്നു ബസവ ഉൾപ്പെടെയുള്ള പിൽകാല കവികളുടെ സൂചനകളിൽ നിന്നു് മനസ്സിലാക്കാം. പത്താം നൂറ്റാണ്ടിൽ ക്ഷേത്രജനപദമായ മുഡനൂരിൽ അദ്ദേഹം ജനിച്ചുവെന്നും തന്റെ ഗ്രാമത്തിലെ ശിവക്ഷേത്രമായ രാമനാഥന്റെ (ശ്രീരാമന്റെ ആരാധനാമൂർത്തിയായ ശിവരൂപം) ഭക്തനായിരുന്നുവെന്നും ഐതിഹ്യം. ‘രാമനാഥൻ’ എന്നാണു അദ്ദേഹത്തിന്റെ വചനങ്ങളിലെ നാമമുദ്ര. കാട്ടിൽ തപം ചെയ്തു കൃശഗാത്രനായ അദ്ദേഹത്തിനു് മുന്നിൽ ശിവൻ പ്രത്യക്ഷനായി, തന്നെ പ്രാപിക്കാൻ ശരീരത്തെ പീഡിപ്പിക്കേണ്ടതില്ലെന്നും അദ്ധ്വാനത്തിലൂടെയും തന്നിൽ എത്താമെന്നും ഉപദേശിച്ചതനുസരിച്ചു ദാസിമയ്യാ ഒരു നെയ്ത്തുകാരനായി എന്നും ഐതിഹ്യം.
ദാസിമയ്യയെക്കുറിച്ചു് അനേകം കഥകളുണ്ടു്. വനവാസികളായിരുന്ന നായാട്ടുകാരെ അഹിംസാവാദികളാക്കി മാറ്റി അവരെ ചക്കാട്ടി എണ്ണയെടുത്തു് ജീവിക്കാൻ പഠിപ്പിച്ചതാണു് ഒന്നു്. ഭൂതനാഥനും ഭസ്മാവൃതനുമായ ശിവനെ ഉപേക്ഷിച്ചു് തങ്ങളുടെ വിഷ്ണുവിനെ ഭജിക്കാൻ ബ്രാഹ്മണർ ആവശ്യപ്പെട്ടപ്പോൾ, നിങ്ങളുടെ വിഷ്ണുവിന്റെ അവതാരങ്ങൾ പന്നിക്കു് പിറന്നതാണെന്നും, ഗ്രാമീണരുടെ വെണ്ണ കട്ടിരുന്നു എന്നും, ശിവൻ സർവ്വവ്യാപിയാണെന്നും അവരോടു ദാസിമയ്യ പറഞ്ഞത്രേ. എങ്കിൽ വിഷ്ണു ക്ഷേത്രത്തിൽ ശിവനെ കാണിച്ചു തരാമോ എന്നായി ബ്രാഹ്മണർ. അവർ ക്ഷേത്രത്തിൽ കടന്നപ്പോൾ വിഷ്ണുവിന്റെ വിഗ്രഹം ശിവലിംഗമായി മാറിയിരുന്നു. അതോടെ അവരെല്ലാം ശൈവരായി മാറി—ഇതാണു് മറ്റൊരു കഥ. വേറൊരു കഥ ദാസിമയ്യയുടെ വിവാഹത്തെക്കുറിച്ചാണു്. ശിവപുരത്തെ ദുഗ്ഗളെ എന്ന പെൺകുട്ടിയെ ദാസിമയ്യയ്ക്കു് ഇഷ്ടമായി. അവളുടെ ഭക്തി പരീക്ഷിക്കാൻ അവളുടെ വീട്ടിലെത്തി അൽപ്പം മണൽ വാരിക്കൊടുത്തു അതു് കൊണ്ടു് ചോറു് വെയ്ക്കാൻ പറഞ്ഞു. ദുഗ്ഗളെ ദാസിമയ്യയുടെ കാൽ കഴുകിയ വെള്ളം തളിച്ചു് ആ മണൽ വേവിച്ചപ്പോൾ ചോറായി. അദ്ദേഹം അവളെ വരിക്കുകയും ചെയ്തു. മറ്റൊരു കഥ ഇങ്ങിനെയാണു്: ഒരിക്കൽ തന്റെ തറിയിൽ ദാസിമയ്യ ശിവനു വേണ്ടി വിസ്മയകരമായ ഒരു തലപ്പാവു് നെയ്തെടുത്തു. വിൽക്കാൻ ഒരു മേളയിൽ കൊണ്ടുപോയെങ്കിലും അതിനു വിലയിടാൻ ആർക്കും കഴിഞ്ഞില്ല. ഒരു കള്ളൻ അതു് തട്ടിയെടുക്കാൻ ശ്രമിച്ചു, തലപ്പാവിൽ നിന്നു് മൂർച്ചയുള്ള ഒരു ചക്രം വന്നു അയാളുടെ കൈ അറുത്തു കളഞ്ഞു. ഇത്രയും പാവനവും ഐന്ദ്രജാലികവുമായ ആ തലപ്പാവു് വാങ്ങാൻ ആരും തയ്യാറായില്ല. തിരിച്ചു പോകുമ്പോൾ വഴിയിൽ തണുത്തു വിറച്ചു് നിന്ന ഒരു വൃദ്ധൻ ആ തുണി തനിക്കു തരുമോ എന്നു് ചോദിച്ചു, ദാസിമയ്യ അയാൾക്ക് അതു് കൊടുക്കുകയും ചെയ്തു. വൃദ്ധൻ ആ തുണി കീറി ഒരു കഷണം തലയിൽ കെട്ടി, ഒന്നെടുത്തു് ഉടൽ പൊതിഞ്ഞു, ഒന്നു് കയ്യിൽ കെട്ടി, ബാക്കി കൊണ്ടു് തന്റെ വടി ചുറ്റിക്കെട്ടി. ദാസിമയ്യ പറഞ്ഞു, ‘അതു് ഞാൻ നിങ്ങൾക്കു തന്നതാണു്, നിങ്ങൾക്കു് ഇഷ്ടമുള്ളതു് ചെയ്യാം.’ എന്നിട്ടു് വൃദ്ധനെ വീട്ടിൽ കൊണ്ടു വന്നു ഭക്ഷണം നൽകി എല്ലാ രീതിയിലും സത്കരിച്ചു. ആ വൃദ്ധൻ ശിവനായിരുന്നു. സന്തുഷ്ടനായ ശിവൻ ദുഗ്ഗളയ്ക്കു് ഒരു പിടി അരി കൊടുത്തു, വീട്ടിലുള്ള അരിയുമായി അതു് കൂട്ടിക്കലർത്താൻ പറഞ്ഞു. അതോടെ വീട്ടിലെ കലവറ അക്ഷയമായി, ഒഴിയുമ്പോൾ സ്വയം നിറഞ്ഞു.
ചാലൂക്യരാജാവായ ജയസിംഹന്റെ രാജ്യഭരണ കാലത്തു് ദാസിമയ്യ പ്രസിദ്ധനായ ഗുരുവായിത്തീർന്നു. രാജാവു് ജൈനനായിരുന്നു, രാജ്ഞി ശിവഭക്തയും. അവർ ദാസിമയ്യയിൽ നിന്നു് ദീക്ഷ സ്വീകരിച്ചു. ഇതിൽ ദേഷ്യം പിടിച്ച രാജാവും അനുചരരും ഗുരുവിനെ വാദത്തിൽ തോൽപ്പിക്കാൻ പരിപാടിയിട്ടു. ഒരിക്കൽ ഒരു കുട്ടിയെ ഒരു മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ചു വെച്ചു്, തങ്ങളുടെ ദൈവം എല്ലായിടവുമുണ്ടെന്നും മരത്തിൽ നിന്നു പോലും വിളി കേൾക്കുമെന്നും അവകാശപ്പെട്ടു. പക്ഷേ, അവർ വിളിച്ചപ്പോൾ കുട്ടി വിളി കേട്ടില്ല, അവന്റെ അമ്മ അപേക്ഷിച്ചപ്പോൾ ദാസിമയ്യ കുട്ടിയ്ക്കു് വീണ്ടും ജീവൻ നൽകി. മറ്റൊരിക്കൽ ശത്രുക്കൾ ദാസിമയ്യായ്ക്കു് ചെളിയും വിഷവും നിറഞ്ഞ ഒരു കുളത്തിലെ വെള്ളം കുടിക്കാൻ നൽകി, പക്ഷേ, ശിവന്റെ സഹായത്താൽ ചെളിയും വിഷവും വകഞ്ഞു മാറ്റി ദാസിമയ്യ ശുദ്ധമായ വെള്ളം കുടിച്ചു.
രാജ്ഞിയുടെ ദീക്ഷയ്ക്കു് ശേഷം ജൈനക്ഷേത്രങ്ങൾ മുഴുവൻ ശിവക്ഷേത്രങ്ങളായി മാറുന്നതിനെപ്പറ്റി ഒരിക്കൽ ചിലർ രാജാവിനോടു് പരാതി പറഞ്ഞു. മാറിത്താമാസിച്ചിരുന്ന രാജ്ഞിയുമായി രാജാവു് തർക്കിച്ചു. ശിവനാണു് ശരിയായ ദൈവം എന്നുപറഞ്ഞു രാജ്ഞി, ശിവവിരോധികളെ ദാസിമയ്യയുമായി തർക്കത്തിനു ക്ഷണിച്ചു. എല്ലാത്തരം പണ്ഡിതന്മാരും കൊട്ടാരത്തിൽ യുദ്ധസജ്ജരായി വന്നു. പക്ഷേ, ദാസിമയ്യയുടെ വാദങ്ങൾ എല്ലാവരെയും നിശ്ശബ്ദരാക്കി. അപ്പോൾ ജൈനർ ഒരു കുടത്തിൽ ഒരു വിഷസർപ്പത്തെ കൊണ്ടു വെച്ചു് അതിൽ തന്റെ ദൈവത്തെ കാണിച്ചു കൊടുക്കാൻ ദാസിമയ്യയോടു പറഞ്ഞു. അടപ്പു് തുറന്നപ്പോൾ സർപ്പം പത്തി വിടുർത്തി ഊതി. ‘ശിവനാണു് ഒരേയൊരു ദൈവം’ എന്നു പറഞ്ഞു ഗുരു പാമ്പിനെ കയ്യിലെടുത്തു. അതു് ഒരു പളുങ്കുശിവലിംഗമായി മാറി, അവിടെ ദാസിമയ്യ ഒരു ക്ഷേത്രം പണിതു. അക്കാലത്തു എഴുന്നൂറു് ജൈനക്ഷേത്രങ്ങൾ ശിവ ക്ഷേത്രങ്ങളായി, തലസ്ഥാനത്തെ ഇരുപതിനായിരം നാഗരികർ ശൈവരായി.
ദാസിമയ്യ മുഡനൂരിൽ മടങ്ങിയെത്തി നെയ്ത്തു് തുടർന്നു. ലോകം ഉപേക്ഷിച്ചു് ദൈവത്തിൽ ലയിക്കാൻ സമയമായപ്പോൾ അദ്ദേഹം രാമനാഥക്ഷേത്രത്തിൽ പോയി രാമനാഥനോടു് പറഞ്ഞു: ‘ഞാൻ അങ്ങയുടെ അനുഗ്രഹത്താൽ ഇത്രകാലം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഇനി എന്നെ അങ്ങയിലേക്കു് തിരിച്ചെടുക്കുക.’ രാമനാഥൻ പ്രത്യക്ഷനായപ്പോൾ ദുഗ്ഗളയും തന്നെക്കൂടി സ്വീകരിക്കാൻ രാമനാഥനോടു് അപേക്ഷിച്ചു. ഇരുവരും പ്രാർത്ഥനയോടെ അനന്തതയിൽ വിലയം പ്രാപിച്ചു.
ഈ കഥകൾ എല്ലാം തന്നെ ദാസിമയ്യ വീരശൈവപ്രസ്ഥാനത്തിനു വേണ്ടി ചെയ്ത കാര്യങ്ങളും, അദ്ദേഹത്തിനു് നേരിടേണ്ടി വന്ന ആക്രമണങ്ങളും ശ്രീശൈലം വീരശൈവരുടെ പുണ്യസ്ഥാനമാകാനുള്ള കാരണങ്ങളും വ്യക്തമാക്കുന്നു. തനിക്കു മുൻപുണ്ടായിരുന്ന ശൈവരെപ്പറ്റി ദാസിമയ്യ പറയുന്നുണ്ടു്, പക്ഷേ, അവരുടെയൊന്നും വചനങ്ങൾ ലഭ്യമല്ല. ബീജാപ്പൂരിലെ റാവു ബഹാദൂർ ഹളകത്തിയാണു് ദാസിമയ്യയുടെ വചനങ്ങൾ ചിട്ടയായി പരിശോധിച്ചു് അടുക്കിയതു്. അദ്ദേഹത്തിന്റെ ക്രമം ആണു് ഇവിടെയും പിന്തുടർന്നിട്ടുള്ളതു്.
നീ നിന്നു പ്രളയത്തിൽ,
നിൻ തോളിൽ നീ താങ്ങി
ഭൂഗോളം, അലിയാതെ
കാത്തു നീയതിനെ.
നീ താങ്ങി നിർത്തി
തൂണില്ലാതെ, യുത്തര-
മില്ലാതെ, വാനിനെ.

ഹേ, രാമനാഥ,
നീയല്ലാതെ മറ്റൊരാൾ-
ക്കാവുമോ ചെയ്യുവാ-
നീ മഹാസാഹസം?
(വചനം 4)
അറിവീല ഗർഭത്തി-
ലമ്മയുടെ മുഖം കുഞ്ഞി,-
നമ്മയ്ക്കുമറിവീല
കുഞ്ഞിന്റെ തൂമുഖം
ലൌകികം മായയിൽ
പെട്ട മനുഷ്യന്നു
ദൈവത്തെയതു പോലെ-
യാവില്ലയറിയുവാൻ
ആവില്ല ദൈവത്തി-
നവനേയുമറിയുവാൻ
ഹേ, രാമനാഥ!
(വചനം 23)
എന്റെയുടലെങ്കിലിതു
പിന്തുടരുകില്ലയോ
എന്റെ മനസ്സിനെ?
നിന്റെയുടലെങ്കിലിതു
പിന്തുടരുകില്ലയോ
നിന്റെ മനസ്സിനെ?
ഈയുടൽ നിന്റെയ,-
ല്ലെന്റെയുമല്ലിതു്,
ഹേ രാമനാഥ, ഈ
കത്തുമുലകത്തിനാൽ
നീ പണിതതിച്ചപല-
ദുർബ്ബലമാമുടൽ!
(വചനം 24)
വിശപ്പെന്ന സർപ്പം
പിടിച്ചൂ സമസ്തം
വിഷം കേറിടുന്നൂ
പദം തൊട്ടു ശീർഷം
വരേയ്ക്കും, ഒരാളുണ്ടു്
പാമ്പാട്ടിയായി
വിശപ്പിന്നു തിന്നാ-
നൊരല്പം കൊടുത്തി-
ട്ടിറക്കാൻ വിഷം—
രാമനാഥൻ ശിവൻ താൻ.
(വചനം 25)

ഒരു തീ
വാക്കിൽ, നോക്കിൽ, ചെയ്തിയി-
ലോരോന്നിലുമൊരു തീ
ആണിനും അവന്റെ പെണ്ണിനുമിടയിൽ
ഒരു തീ
കാത്തിരുന്നു തിന്നു തീർത്ത
തീൻകിണ്ണത്തിൽ ഒരു തീ
നേടിയതു പോയതിലും
ഒരു തീ
ഇണചേരുംകാമത്തിൽ
ഒരു തീ
അഞ്ചു തീ നീ തന്നു ഞങ്ങൾ-
ക്കെന്റെ രാമനാഥാ!
പിന്നെ വായിൽ ചേറൊഴിച്ചു
തന്നു രാമനാഥാ!
(വചനം 26)
കീറിയ ചാക്കിൽ ധാന്യം പേറി
രാവുടനീളമൊരാൾ പോകുന്നൂ
പേടി അയാൾക്കാ ചുങ്കക്കാരെ.
തുളകളിലൂടെച്ചോർന്നൂ ധാന്യം
ഒടുവിൽ കാലിച്ചാക്കേ കിട്ടീ
ഭീരുക്കൾ തൻ ഭക്തിയുമിങ്ങിനെ-
യാണല്ലോ, പ്രിയ നാഥാ, ശംഭോ!
(വചനം 42)
ആൾക്കൂട്ടങ്ങൾക്കാമോ ചെയ്യാൻ
പാവപ്പെട്ട മനുഷ്യനു ദാനം?
അടരിനു പോകുവർ പലരുണ്ടാകാം,
മരണം തന്നേയവരുടെയന്ത്യം.
നൂറിൽ, ഒരായിരമൊന്നി, ലൊരാൾക്കേ
ഭാഗ്യം കിട്ടൂ രിപുവെ വധിക്കാൻ,[1]
പുളിമരമാകെപ്പൂവുകളതിലോ,
പുളിയായ് മാറുവതെത്ര ചുരുക്കം!
(വചനം 43)
എന്തിനെനിക്കു കഠാരി,
ശിവാ, ഞാ-,
നെന്തിൽകുത്തും,
എന്തിൽ നിന്നതു്
പിന്നെ വലിച്ചൂരും,
നീയല്ലോ സർവ്വരും,
എന്തിനെനിക്കു കഠാരി?
(വചനം 44)
പഞ്ചഭൂതങ്ങളുമൊന്നായ്.
നിന്നുടലല്ലയോ സൂര്യൻ,
ചന്ദ്രനും, ഹേ നന്ദികേശാ?
ഞാൻ നിന്നു കാണുന്നുവെല്ലാം
നിന്നിൽ നിറവു ലോകങ്ങൾ.
പിന്നെന്റെ രാമനാഥാ ഞാൻ
എങ്ങിനെ, ആരെ, ദ്രോഹിക്കാൻ?
(വചനം 45)
നിന്റെ ഭക്തർക്കു ഞാൻ കാള,
നിന്റെ ഭക്തർക്കു ഞാൻ ഭൃത്യൻ,
പിന്നെപ്പടിക്കൽ ഞാൻ കാവൽ
നിന്നിടും നായ, അടിമ.
സർവ്വവും സൃഷ്ടിച്ച നാഥാ,
നിന്നെ വണങ്ങുവോർക്കെല്ലാം
പിൻപുറം മുൾവേലിയായി
ഞാൻ തുണ, എൻ രാമനാഥാ!
(വചനം 49)
പതിനെട്ടു കണ്ണിയാൽ
ചങ്ങല തീർത്തു[2] മനുജരാം ഞങ്ങളെ
നീ പൂട്ടിയിട്ടൂ
മുഴുവൻ തകർത്തു നീ
ഞങ്ങളെ, നാഥാ,
വെറുതെ നായ് പോൽ പൂട്ടി
ചങ്ങലക്കെട്ടിൽ!
(വചനം 72)
[1] ജനക്കൂട്ടങ്ങൾ ദാനം ചെയ്യാറില്ല, അതു് ഭരണാധിപന്റെ ആനുകൂല്യമാണ്
[2] ‘പതിനെട്ടു കണ്ണികൾ’—പതിനെട്ടു ബന്ധനങ്ങൾ: ഭൂത-വർത്തമാന- ഭാവി പ്രവൃത്തികൾ, ശരീരം, മനസ്സു്, സമ്പത്തു്, വസ്തുക്കൾ, ജീവിതം, അവനവനോടുള്ള പരിഗണന, സ്വർണ്ണം, ഭൂമി, സ്ത്രീ, കാമം, ക്രോധം ലോഭം, മോഹം, അഹങ്കാരം, അസൂയ.
ഭൂമി നിൻ ദാനം
പൊങ്ങും ധാന്യവും ദാനം
വീശും തെന്നലും ദാനം
നിന്നുടെ കയ്യിൽ നിന്നു
തിന്നിട്ടും മറ്റുള്ളോരെ-
ത്തന്നെ കീർത്തിക്കും ദുഷ്ടർ-
ക്കെന്തു പേർ നല്കേണം ഞാൻ?
(വചനം 80)
ഭൂമിയെത്താവളമാക്കിയതേതോ
ലോകത്തെത്തൻ പ്രാണനാക്കിയതേതോ
കാറ്റിനെത്തന്റെ തൂണാക്കിയതേതോ
താമര, തിങ്കൾ—ഇവയെയൊരുക്കി-
ഏതാണു് വെച്ചതു്, പിന്നീടു തന്നെ-
ത്തന്നെയെല്ലാറ്റിന്നുമുള്ളിലിരുത്തി
വാനിൻ ഞൊറികളാൽ മൂടിയതേതോ,
ഭേദങ്ങളൊന്നുമേ മാനിച്ചിടാത്താ
ആദിരഹസ്യത്തിനെന്റെ പ്രണാമം!
(വചനം 87)
അവനവരെ നീളെ തെരുവു് ചുറ്റിച്ചിടും
ഉരകല്ലിൽ മാറ്റു നോക്കാനായുരച്ചിടും
മണമുള്ള ചന്ദനം തേടിപ്പൊടിച്ചിടും
ഒരു കരിമ്പിൻതണ്ടു പോലെപ്പൊളിച്ചകം
മധുരം തിരഞ്ഞിടും: അപ്പോഴും വിറയാതെ,
മിഴിയൊന്നു ചിമ്മാതിരിക്കുകിൽ കൈകളാൽ
അവരെയെടുക്കും ഉയർത്തുമെന്നീശ്വരൻ.
(വചനം 90)
തമ്പുരാട്ടി തൻ പ്രാണനുണ്ടെന്നോ
നീൾമുടിയും മുലകളും?
തമ്പുരാനുടെ പ്രാണനുമുണ്ടോ
ആ വിശുദ്ധമാം പൂണുനൂൽ?
ഈ വരിയുടെയറ്റത്തു നിൽക്കും
ആദിവാസി തൻ പ്രാണനും
മെയ് വെടിയെത്തൻ ഗോത്രവടിയു-
മായിട്ടാകുമോ പോവുക?
ഈയുലകത്തിൻ വിഡ്ഢികളുണ്ടോ
കാണുന്നൂ നിൻ കെണികളെ?
(വചനം 96)
ശിവനിൽ ലയിച്ചവർ-
ക്കില്ലാ പുലരികൾ,
ഇല്ലമാവാസി,
ഇല്ലുച്ച, സംക്രാന്തിയും,
ഇല്ലില്ല പൌർണ്ണമി,
ഇല്ലസ്തമയവും
രാമനാഥാ നിന്റെ
മുറ്റമല്ലാതില്ല
മറ്റൊരു കാശിയും
(വചനം 98)
ദേഹമെന്റേതു,
നിന്റേതാണു് ദേഹി, യെൻ
ദേഹരഹസ്യം നിനക്കറിയാം,
നിന്റെ ദേഹിയുടേതെനിക്കും,
അതു കൊണ്ടല്ലി
നിൻ ദേഹമെന്റെയാകുന്നു,
നിനക്കറിയാം, അറി-
യാമെനിക്കും രാമനാഥ
നിൻ ദേഹിയെൻ ദേഹത്തി-
ലാകുന്നൊരത്ഭുതം.
(വചനം 120)

ഉടലുള്ളവർക്കു പശിക്കും
ഉടലുള്ളവർ നുണകൾ പറയും
ഉടലുള്ളോനെന്നോതിയെന്നെ-
പ്പരിഹസിക്കേണ്ട, കുത്തേണ്ടാ
ഉടലെടുത്തൊന്നു വന്നാലും
ഒരു വട്ടം എൻ രാമനാഥാ
ഇവനെപ്പോൽ, അറിയും നീയപ്പോൾ
ഉടലുള്ളോർക്കുണ്ടാവതെല്ലാം!
(വചനം 123)
വിശപ്പില്ലാത്തോനെ
വിളി, ച്ചവന്നു നീ
കൊടുക്കുമ്പോൾ ദാഹ-
മറിയാത്ത വെള്ളം,
പറയുമ്പോൾ അർത്ഥ-
രഹിതമാം ശബ്ദം
വിളിക്കുമ്പോൾ പേരു-
പറയാതെയൊന്നും
മറുവിളിയാരേ
വിളിക്കുന്നൂ, നാഥാ,
അതു നീയാകുമോ,
അതോ ഞാനാകുമോ?
(വചനം 124)

പണിതില്ലെന്നാൽ വീടി-
ന്നകത്താവില്ലാ സ്ഥലം
മിഴിയാൽ കണ്ടില്ലെന്നാൽ
വരില്ലാ ഹൃത്തിൽ രൂപം,
വഴിയേയില്ലെന്നാകിൽ
എത്തില്ല അപരനിൽ
ഇതു, രാമനാഥാ, ആ-
രെങ്ങിനെയറിയുവാൻ?
(വചനം 126)
തീയ്യിന്നു കത്താ, മെന്നാൽ
ആവില്ല ചലിക്കുവാൻ.
കാറ്റിനു ചലിച്ചീടാം,
കത്തുവാനാവില്ലെന്നാൽ.
തീ കാറ്റിൽ ചേർന്നില്ലെങ്കിൽ
പോവില്ലൊരടി പോലും.
അറിവും പ്രവൃത്തിയു-
മിങ്ങിനെ, അറിവതാർ?
(വചനം 127)
കാറ്റിനാവുമോ കൊച്ചു
പൂമൊട്ടിൻ സുഗന്ധത്തെ-
യേറ്റി മറ്റുള്ളോർക്കായി
പ്രസിദ്ധീകരിക്കുവാൻ?
അച്ഛനമ്മമാർക്കാമോ
കൊച്ചു ബാലികയ്ക്കിന്നും
പൂക്കാത്ത മുലകൾ, നീൾ-
മുടിയും കാട്ടിത്തരാൻ?
പാകമാകണമെല്ലാം
കാണിക്കാൻ ഫലം, നാഥാ.
(വചനം 128)
സ്വയമേയാകാരമായ്
സ്ഥലമേ നിറമാക്കി
പറന്നു നടപ്പോന്റെ
മധുരസൌന്ദര്യമാർ
നുകരുന്നിതെൻ നാഥാ?
(വചനം 131)
മുലകൾ, നീൾമുടിയിവ
വരവുണ്ടു്, പെണ്ണെ-
ന്നതിനെ വിളിക്കുന്നു
അവർ, രാമനാഥാ
ഒരു താടി, മീശയും
വരവെങ്കിൽ ആണെന്നു
പറയുന്നു അതിനെയവർ
ഹേ രാമനാഥാ
അതിനിടെപ്പാറി
നടക്കുമാത്മാവു പെ-
ണ്ണതുമല്ല, ആണുമ-
ല്ലെൻ രാമനാഥാ!
(വചനം 133)

ഒരു മുള മുറിക്കുക
രണ്ടാക്കി, മുകൾ വശം
പുരുഷനാക്കുക, താഴെ
യുള്ളതൊരു സ്ത്രീയും
അവ കൂട്ടിയുരസുക
തീ വരും വരെ, പറ-
കതിൽ നിന്നുയർന്ന തീ
സ്ത്രീയോ പുരുഷനോ?
ഹേ രാമനാഥാ!
(വചനം 144)

ഡ്രോയിങ്: വി. ആർ. സന്തോഷ്
കലിഗ്രഫി: എൻ. ഭട്ടതിരി