പ്രിയ സുഹൃത്തു് മധുസൂദനന്റെ, പന്നാലാൽ ഘോഷിന്റെ ബാൻസുരി പശ്ചാത്തലസംഗീതമായി ചേർത്ത, ‘മൈനാകം’ എന്ന രേഖാചിത്രപരമ്പരയുടെ വീഡിയോവിനു ഒരു പ്രതികരണം. വരകളെ നടക്കാൻ കൊണ്ടു് പോകുന്ന പോൾ ക്ലേ-യെ ഓർത്തുകൊണ്ടു്.
സച്ചിദാനന്ദൻ
ആദിയിലുണ്ടായ് വര
വചനം വന്നൂ പിന്നെ.
വരകൾ വെളിച്ചമായ്
വളർന്നൂ സൂര്യൻ, ചന്ദ്രൻ
വരകൾ പൊട്ടിപ്പൊട്ടി-
ത്താരകൾ, ഗ്രഹങ്ങളും,
വരകൾ നിവർന്നിട്ടേ-
യാകാശമുണ്ടായ് വന്നു.
വരകൾ നടക്കുമ്പോൾ
വഴികളുണ്ടാകുന്നു
വരകളൊഴുകുമ്പോൾ
പുഴകളുണ്ടാകുന്നു
വരകൾ നിവരുമ്പോൾ
മരങ്ങളുയരുന്നു
വരകൾ വിടരുമ്പോൾ
ഇലയും പൂവും കായും
വരകൾ പറക്കുമ്പോൾ
പക്ഷികൾ പിറക്കുന്നു
വരകൾ മലകൾക്കു
നൽകുന്നൂ ചിറകുകൾ
വരകൾ ചുരുൾ നിവർ-
ന്നഭയാർത്ഥികൾക്കായി-
ത്തെരുവു വിരിക്കുന്നൂ:
വേരിൽ രക്തവുമായി-
പ്പറിച്ചു നടപ്പെട്ടോർ,
നാടുകളകന്നക-
ന്നോർമ്മയിൽകുത്താകുമ്പോൾ
പേടിയാൽ മുഖം തല-
യോടുകളായിത്തീർന്നോർ
കഴുകൻകൊക്കിൽ പെരും
ഭാണ്ഡങ്ങൾ, കൂമൻ കാക്കും
ഗുഹയിൽനിന്നും കാതു
കൂർപ്പിക്കുമാശങ്കകൾ,
കേവലം കുമിളയായ്
മാറിയ തോണിക്കാരൻ
തോളിലേറ്റിടും ശ്വാസം
നിലച്ച ചെറുതോണി,
ഇരുമ്പിൻ കുതിരമേൽ
കലി പോൽ ഇരുമ്പിന്റെ
ഭടന്മാർ, ഇരുമ്പിന്റെ
ചുറ്റിക, ഇരുമ്പാണി,
ഇനി വേണ്ടതിരുമ്പിൻ
കുരിശോ, കുരിശുകൾ
ചിതറും പെരുംബോംബോ.
ഇരുമ്പിൻ ചക്രങ്ങളിൽ
ഞെരിയും ദിവസങ്ങൾ
കവിതയൊഴിഞ്ഞൊരു
കവി തൻ ശിരസ്സിലെ-
പ്പെരുകും ഭയങ്ങളി-
ലണയും വെളിച്ചങ്ങൾ
ചെറുതായ്, ഇരകളായ്,
പുഴുവായ് പരിണമി-
ച്ചിഴയും മനുഷ്യർ തൻ
‘അഭയം, അഭയ’മെ-
ന്നുഴറും ചെറുവായ്കൾ.
ആരുണ്ടു് നടക്കുവാൻ
ഗലീലിക്കടലിന്മേൽ,
ആരുണ്ടൊരിലയ്ക്കു മേൽ
താഴാതെ കിടക്കുവോൻ?
മരവും പുറത്തേറ്റി
നടക്കും മനുഷ്യാ, നീ
തണലോ തേടുന്നതു്,
തടിയോ ഒടുക്കത്തെ
മനുഷ്യന്നൊരു നല്ല
ശവപ്പെട്ടിക്കായ്? അതോ
പുതുവംശത്തിൻ നോഹ-
യ്ക്കൊരു പെട്ടകത്തിനായ്
പ്രളയം മുക്കാത്തൊരു
മരമോ? ചോദ്യങ്ങളായ്
വരകൾ വളയുന്നു.
ഗായകാ, നിൻ ബാൻസുരി-
യായതുമൊരു വര,
ആയതിൻ തുളകളിൽ
നീറിയുമുരുകിയും
വീഴ്‌വതു പൊയ്പ്പോയൊരു
ലോകത്തിൻ വിലാപമോ?
പന്നാലാൽ, പറകതു
കിന്നരനവലോക-
സുന്ദരപരാഗത്താൽ
മിന്നിടും താരാട്ടാമോ
തൻ വരകൾ തൻ കരിം-
തവിട്ടിൽ മധുവൽപ്പം
പൊൻനിറം, പുലരി തൻ
മന്ദശോണവും കടൽ-
നീലയും കൂടിച്ചേർത്താൽ?

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ് ’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ് ’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ് ’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.

ഡ്രോയിങ്: വി. ആർ. സന്തോഷ്