“മൂന്നാമത്തെ മകളാണിവൾ. മറ്റു രണ്ടെണ്ണമുള്ളതു് വല്ലപ്പോഴുമേ വീട്ടിലേക്കു് വരുകയുള്ളു.” വെയിറ്റർ കൊണ്ടുവന്ന വെള്ളം ഹാന്റ് ബാഗിൽ നിന്നുമെടുത്ത ചെറിയൊരു പ്ലാസ്റ്റിക് പാത്രത്തിലേക്കൊഴിച്ചു് മേശയ്ക്കു് അടിയിൽ വെയ്ക്കുകയായിരുന്നു സ്റ്റെഫാനി. അവരുടെ വിറയ്ക്കുന്ന ശബ്ദത്തോടൊപ്പം പ്രായം ചുളിവുകൾ വീഴ്ത്തിയ കൺകോണുകളിൽ വെയിൽ വെളിച്ചം വീണു തിളങ്ങി.
“അതേ അതേ. പണം ആവശ്യമുണ്ടെങ്കിൽ മാത്രം വരുന്നവർ എന്നുകൂടി കൂട്ടിച്ചേർക്കണം.” ഹെൽമുട്ട് വലിയ വയർ കുലുക്കി ചിരിച്ചു.
സെമി ചുവന്ന നാക്കു് പുറത്തേക്കു് നീട്ടി വെള്ളം നുണഞ്ഞു കുടിച്ചു. അതിനുശേഷം മേശയ്ക്കടിയിലൂടെ കാലിൽ ശരീരമുരസി നടന്നു. ഞാൻ കൈകൾ പിണച്ചു് കസേരയിലേക്കു് കാലു് കയറ്റി ശമ്പളക്കുടുക്കിട്ടിരുന്നു. ഭയത്തിന്റെ നിറഭേദങ്ങൾ മുഖത്തുണ്ടാക്കാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും പൂർണ്ണമായും ഫലിച്ചില്ല. പൊടിഞ്ഞു കയറിയ വിയർപ്പുകണങ്ങൾ വീഴാൻ കൂട്ടാക്കാതെ നെറ്റിത്തടത്തിൽ പിടിച്ചുതൂങ്ങി.
വേനൽക്കാലത്തെ ഒരു സായന്തനമായിരുന്നു അതു്. ബാംബെർഗി[1] ലേക്കുള്ള യാത്രയിൽ ഹെൽമുട്ടും ഭാര്യയും കൂടെ വരാമെന്നേറ്റിരുന്നു. യാത്രയ്ക്കു മുമ്പുള്ള കൂടിക്കാഴ്ചയ്ക്കായി താമസിച്ചിരുന്ന ഹോട്ടലിന്റെ മുന്നിലെ പുല്ലുപാകിയ മുറ്റത്തെ വർണ്ണക്കുടയ്ക്കു് കീഴിൽ അവരേയും കാത്തിരുന്നു. ഹെൽമുട്ടാണു് ആദ്യമെത്തിയതു്. അല്പമൊരിടവേളയ്ക്കു് ശേഷം സ്റ്റെഫാനിയുമെത്തി. സ്റ്റെഫാനിയുടെ കൂടെ സെമിയുമുണ്ടായിരുന്നു. വന്ന ഉടനെ സ്റ്റെഫാനി വെയിറ്ററെ വിളിച്ചു് വെള്ളം കൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. എന്റെ മുട്ടിടിച്ചു് മേശ വിറച്ചു. മേശമേലെ ഗ്ലാസിലെ വെള്ളം പുറത്തേക്കു് ചാടാൻ ശ്രമിച്ചു.
“എന്തുപറ്റി?” ഹെൽമുട്ട് ചോദിച്ചു.
തൊണ്ട വരണ്ടതിനാൽ വാക്കുകൾ പുറത്തേക്കു വന്നില്ല. കണ്ണുകൾ മാത്രം സെമിയിലേക്കു നീണ്ടു. സ്റ്റെഫാനി കൈയിലിരുന്ന കളിപ്പാട്ടം അകലേയ്ക്കു് വലിച്ചെറിഞ്ഞു. സെമി അതിനു പുറകേ ഓടി. നിന്നുപോയ ശ്വാസം വീണ്ടുകിട്ടിയ ആശ്വാസത്തിൽ കൈലേസെടുത്തു് ഞാൻ നെറ്റി തുടച്ചു.
“ജയ്ദീപിനു് സെമിയെ പേടിയാണല്ലേ?” സ്റ്റെഫാനി ചിരിച്ചു.
പരാജയപ്പെട്ടൊരു ചിരിയുടെ വിടവിലൂടെ ഞാനും പറഞ്ഞു, “സെമിയെ മാത്രമല്ല സ്റ്റെഫാനി. ഒരുമാതിരി വളർത്തുമൃഗങ്ങളെയെല്ലാം എനിക്കു് പേടിയാണു്. മായാനായരുടെ മരണത്തോടെ ആണു് അതിനു തുടക്കം… നാല്പതു വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും മറക്കാനാവുന്നില്ല. ജനൽക്കമ്പികളിൽ തലയിടിച്ചു് കുരച്ചു് കുരച്ചാണു് അവൾ മരിച്ചു വീണതു്. ചോരനിറമുള്ള നാവും തുറിക്കുന്ന കണ്ണുകളും ഇന്നും കണ്മുന്നിലുണ്ടു്. പിൽക്കാലത്തു് വീരനും അല്ലിയും കൂടി ആ ലിസ്റ്റിലേയ്ക്കു് കടന്നു എന്നുപറയാം.”
ഓർക്കാനിഷ്ടമില്ലാത്ത ഓർമ്മകളിൽ നിന്നും ഓടിമാറാനുള്ള കുതിപ്പു് ഉള്ളിൽ നിന്നുമുണ്ടായി. “ഹെൽമുട്ട്, തൽക്കാലം ബാംബെർഗിനെക്കുറിച്ചു് സംസാരിക്കാം. ജീവനോടെ എരിയപ്പെട്ട മന്ത്രവാദിനികളെയും കാതറീന ക്രിറ്റ്സിനെക്കുറിച്ചുമൊക്കെ പറയൂ.” ഞാൻ പറഞ്ഞു.
വീരനേയും അല്ലിയേയും കുറിച്ചു് പറഞ്ഞുകഴിഞ്ഞു് ബാംബെർഗ് കഥകളാകാമെന്നു് സ്റ്റെഫാനി നിർബന്ധം പിടിച്ചു. ഒഴിഞ്ഞുമാറാനായില്ല. ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നായ ആയിരുന്നു വീരൻ. ഗ്രാമത്തിന്റെ കാവൽക്കാരനും വിവേകമുള്ളവനുമായിരുന്നു അവൻ. കള്ളന്മാർക്കൊഴികെ എല്ലാവർക്കും അവനെ ഇഷ്ടമായിരുന്നു. എന്നാൽ പ്രായമായി പൂട കൊഴിയുന്നതുവരേയേ ഉണ്ടായിരുന്നുള്ളു ആ ഇഷ്ടം. രോമമെല്ലാം കൊഴിഞ്ഞു് ഛർദ്ദിലിന്റെ മണവും മേലാസകലം ചെള്ളുമായി ചുള്ളിക്കമ്പുപോലായ വാലുമാട്ടി അവൻ ആളുകളുടെ പുറകേ കൂടി. ആളുകൾ അവനെ അടിച്ചോടിച്ചു. ഒരു മഴക്കാലത്തു് വീരൻ പാലത്തിൽ നിന്നും കുത്തൊഴുക്കുള്ള തോട്ടിലേയ്ക്കു് ചാടി. പട്ടി ആത്മഹത്യ ചെയ്തതാണെന്നു് പറഞ്ഞു് ആളുകൾ ചിരിച്ചു.
“പ്രായമായാൽ സെമിയെ നിങ്ങളെന്തുചെയ്യും സ്റ്റെഫാനി…?” ഞാൻ ചോദിച്ചു.
നിരുപദ്രവകരമെന്നു് നിനച്ചുകൊണ്ടുള്ള ചോദ്യമായിരുന്നു അതെങ്കിലും സ്റ്റെഫാനിയുടെ ഭാവമാറ്റം നടുക്കമുണ്ടാക്കുന്നതായിരുന്നു. ഹെൽമുട്ട് താടിക്കു താങ്ങു നൽകി മേശമേൽ കൈകളൂന്നി. സ്റ്റെഫാനി കണ്ണടയെടുത്തു് മേശമേൽ വെച്ചു. ടിഷ്യൂ പേപ്പർ കൊണ്ടു് കണ്ണു് തുടച്ചു.
ഹെൽമുട്ട് പറഞ്ഞു: “സെമിയ്ക്കു് മുമ്പു് ഞങ്ങളോടൊപ്പം ടെനി ഉണ്ടായിരുന്നു. ഒത്തിരിക്കാലം അവൾ ഞങ്ങളുടെ കൂടെ ജീവിച്ചു. പ്രായമായി നടക്കാൻ ആവതില്ലാതിരുന്ന കാലത്തും അവൾ ഞങ്ങളുടെ കൂടെ ആയിരുന്നു. ഒരു ദിവസം ടെനിയുടെ സ്ഥിതി തീരെ വഷളായി. ഞങ്ങൾ ടെനിയെ ഡോക്ടറുടെ അടുക്കലെത്തിച്ചു. അവസാന ശ്രമവും വിഫലമായപ്പോൾ ഡോക്ടർ ഞങ്ങളെ നോക്കി. വേറേ മാർഗമില്ലായിരുന്നു. ഒറ്റ ഇൻജക്ഷൻ… ടെനി വേദന അറിയാതെ മരണത്തെ പുൽകി.
അതിൽപ്പിന്നെ വീട്ടിൽ തികഞ്ഞ നിശ്ശബ്ദതയായിരുന്നു. സ്റ്റെഫാനി കൂടുതൽ സമയവും വാതിൽക്കലെ മരബഞ്ചിൽ തന്നെ ഇരുന്നു. ചുണ്ടിലെ കത്തുന്ന സിഗററ്റും, വളഞ്ഞു പുളഞ്ഞുയരുന്ന പുകയും മാത്രമായിരുന്നു അവളുടെ ജീവന്റെ തെളിവായി ഉണ്ടായിരുന്നതു്. ശീതകാലം പോലും സ്റ്റെഫാനിയെ കണ്ടു് വിറച്ചു എന്നു തോന്നിയ കാലമായിരുന്നു അതു്.
ഓർമ്മകളിൽ നിന്നുള്ള ഒഴിഞ്ഞുപോകലിനായി ഞങ്ങൾ ബവേറിയ[2] യിലേയ്ക്കു യാത്ര പോയി. അവിടുത്തെ ഓരോ ഗ്രാമങ്ങളും രുചി വൈവിദ്ധ്യമുള്ള ബിയറുകൾക്കു് പ്രസിദ്ധമാണു്. പുക രുചിയുള്ള നാടൻ ബിയർ നാവിൽ വെള്ളമൂറുന്ന സംഗതിയാണു്. സിഗററ്റു പുക പുറത്തേയ്ക്കും ബവേറിയൻ ബിയറിന്റെ പുകരുചി ഉള്ളിലേയ്ക്കും കടന്നു കയറിയ ഒരു സായന്തനത്തിൽ സ്റ്റെഫാനിയുടെ കണ്ണുകൾ തെരുവിനപ്പുറത്തേയ്ക്കു പാഞ്ഞു. പിന്നെയൊരു ഓട്ടമായിരുന്നു. മറുപുറത്തു് ഒരു പെറ്റ് ഷോപ്പ് ഉണ്ടായിരുന്നു.”
സ്റ്റെഫാനി അപ്പോൾ കുടുകുടെ ചിരിച്ചു. സെമി മേശയ്ക്കടിയിലേക്കു് വന്നു.
“അന്നു മുതൽ ഇവൾ ഞങ്ങളുടെ കൂടെയാണു്.” സ്റ്റെഫാനി സെമിയെ എടുത്തു് മടിയിൽ വെച്ചിട്ടു് റോയൽ കാനിൻ പായ്ക്കറ്റ് തുറന്നു് ഒരു കഷണം നീട്ടി. അപ്പോൾ നീണ്ട രോമങ്ങൾക്കിടയിലൂടെ സെമിയുടെ നാക്കു വീണ്ടും പുറത്തേക്കു വന്നു.
“ഇരുണ്ട സന്ധ്യ രാത്രിയ്ക്കു് വഴിമാറുന്ന ഒരു മഴക്കാലത്തു് ഞാനും ഭാര്യയും കൂടി നഗരത്തിലെ ഞങ്ങളുടെ ഫ്ലാറ്റിൽ ഇരിക്കുകയായിരുന്നു. താഴെ മതിലിനോടു ചേർന്നു് സെക്യൂരിറ്റി കാബിനു പുറകിലായി ചെടികൾക്കിടയിൽ നിന്നും ഒരു കരച്ചിൽ കേട്ടു. മഴപൊടിയാനും തുടങ്ങി. ഭാര്യ പറഞ്ഞു, കഷ്ടം. അതു് നനഞ്ഞു കുതിരും. ചിലപ്പോൾ അവിടെ കിടന്നു് ചാകും. ഞാനതിനെ എടുത്തുകൊണ്ടു് വരും.”
പാലും ചോറും വല്ലപ്പോഴും മീനും ഇറച്ചിയുമൊക്കെ കഴിച്ചു് അല്ലി വളർന്നു. ഭാര്യയ്കു് അത്യാവശ്യമായി നാട്ടിൽ പോകേണ്ട ഒരു കാര്യമുണ്ടായി അക്കാലത്തു്. പോകുമ്പോൾ അവൾ പറഞ്ഞു:
“ഞാൻ വരുന്നതു വരെ അല്ലിയെ നോക്കിക്കോളണം. ഭക്ഷണമെല്ലാം ഫ്രിഡ്ജിലുണ്ടു്.”
ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാപ്തനല്ലാത്ത ഒരാളെ ജോലി ഏൽപ്പിക്കുന്ന ധ്വനി ആയിരുന്നു അവളുടെ സംസാരത്തിൽ. എനിക്കതൊരു വെല്ലുവിളി ആയി തോന്നി. കുറച്ചു ദിവസത്തേക്കുള്ള കാര്യമല്ലേ. ഒരു പ്രശ്നോമില്ല. അല്ലിയുടെ പരിപാലനം ദൈനം ദിന പരിപാടികളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി പരിഗണിച്ചെങ്കിലും, ഒന്നും വിചാരിച്ചത്ര സുഗമമായി നടന്നില്ല. ആദ്യ ദിവസം ഫ്രിഡ്ജിൽ നിന്നും ഒരു മുട്ടയെടുത്തു് പൊട്ടിച്ചു. അല്ലിയതു് സ്വാദോടെ കഴിച്ചു. പിറ്റേന്നു് ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടതു് ചീസാണു്. ഭാര്യ വരുമ്പോഴത്തേയ്ക്കും അല്ലിയെ നന്നാക്കി എടുക്കണമെന്നു് തീരുമാനിച്ചിരുന്നതിനാൽ കൂടുതൽ ആലോചിച്ചില്ല. ചീസെടുത്തു് കൊടുത്തു. ഒട്ടും പാത്രത്തിൽ അവശേഷിപ്പിക്കാതെ അല്ലി അതും തീർത്തു. ഞാൻ ശരിക്കും ആഹ്ലാദിച്ചു. ജോലിയ്ക്കു് ഓഫീസിൽ പോകാനായി ഇറങ്ങിയപ്പോൾ പതിവു് ആഹാരത്തിനോടൊപ്പം പാത്രത്തിൽ കുറേ അധികം ചീസു കൂടി വെച്ചു. കഴിക്കട്ടെ. തടി വളരട്ടെ. എന്റെ പ്രതീക്ഷയ്ക്കും വിചാരത്തിനും എതിരായുള്ള കാഴ്ചയാണു് അന്നു് വൈകിട്ടു് കണ്ടതു്. ദഹനക്കേട് ബാധിച്ച അല്ലി വീടു മുഴുവൻ വൃത്തികേടാക്കിയിരുന്നു. ദേഷ്യവും സങ്കടവും ഒതുക്കി മൂക്കുപൊത്തിക്കൊണ്ടു് തുടർ ദിവസങ്ങളിലും എനിക്കു് വീടു് വൃത്തിയാക്കേണ്ടി വന്നു. ആ ദിവസങ്ങളിൽ അല്ലിയെ ഡോക്ടറുടെ അടുക്കൽ കൊണ്ടുപോകാനുള്ള ഒരു ചിന്തപോലും എന്നിലുണ്ടായില്ല എന്നതു് അതിശയകരമായിരുന്നു. അത്തരമൊരു ഓർമ്മ വന്നതുപോലും അല്ലിയെ വീട്ടിൽ നിന്നും കാണാതായ രാത്രി വിവരമറിയിക്കാനായി ഭാര്യയെ വിളിച്ചപ്പോൾ അവളുടെ പരിഭവം കലർന്ന ചോദ്യത്തിൽ കൂടിയാണതുണ്ടായതു്. രണ്ടു ദിവസം കൂടി വേണ്ടി വന്നു ചത്ത പൂച്ചയെ ചീഞ്ഞ മണമടിക്കുന്ന ഫ്ലവർ വേസിന്റെ ഉള്ളിൽ നിന്നും കണ്ടെടുക്കാൻ.
“താൻ ഭാഗ്യവാൻ.” ഹെൽമുട്ട് മേശമേൽ കൈകൊണ്ടടിച്ചു.
“എന്തേ…?”
“ഇപ്പോഴും ജീവനോടെ ഇരിക്കുന്നല്ലോ…?”
സ്റ്റെഫാനി സ്വർണ്ണനിറമുള്ള മുടിയൊതുക്കി കണ്ണടയ്ക്കിടയിലൂടെ ചുഴിഞ്ഞു നോക്കി. ചരിഞ്ഞു് വീഴുന്ന വെയിൽ അവരുടെ മുടിയുടെ തിളക്കം കൂട്ടി. ആരോടോ പക തീർക്കാനെന്നോണം സിഗററ്റ് പുക ശക്തിയായ് മുകളിലേയ്ക്കു് അവർ ഊതിത്തള്ളി. കടന്നു വരാൻ അനുവാദം ഇല്ലാത്തതു പോലെ ഇരുട്ടെവിടെയോ പകച്ചു നിന്നു.
“സ്റ്റെഫാനി ആയിരുന്നു തന്റെ ഭാര്യയുടെ സ്ഥാനത്തെങ്കിൽ അന്നത്തോടെ തന്റെ കട്ടയും പടവും ഒതുക്കിയേനെ.”
“ഞാൻ നിന്നെ കൊന്നേനെ.” ബാംബെർഗിലെ ദുർമന്ത്രവാദിനികളെപ്പോലെ സ്റ്റെഫാനിയുടെ മുഖം ചുമന്നു് തുടുത്തു. കൂർത്ത കോമ്പല്ലുകൾ രക്തം ദാഹിച്ചു് പുറത്തേയ്ക്കു് തള്ളി വന്നു.
“കാതറീന ക്രിറ്റ്സിനു് ഒരുപക്ഷേ, സ്റ്റെഫാനിയുടെ ഭാവം ആയിരുന്നിരിക്കാം അന്നുണ്ടായിരുന്നതു്. അല്ലേ?” ഞാൻ ചോദിച്ചു. ഹെൽമുട്ട് ചരിത്രത്താളുകൾ മറിച്ചു.
അറ്റകുറ്റ പണികൾ വടുക്കളുണ്ടാക്കാത്ത കറുത്ത റോഡ് ഭൂമിയുടെ ഉയർച്ച താഴ്ചകളെ മുറിച്ചു് ആരെയൊക്കെയോ പ്രതീക്ഷിച്ചെന്നപോലെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. സ്വർണ്ണനിറം ചാലിച്ചെഴുതിയ ഗോതമ്പു് പാടം ആകാശച്ചെരുവിലെത്തി നിന്നു. റോഡിന്റെ അറ്റം കണ്ടുപിടിക്കാനുള്ള വാശിയോടെ ഹെൽമുട്ട് അതിവേഗം വണ്ടി പായിച്ചു. കറുത്തതടിയിൽ ഭീമാകാരമായ രൂപം കൊത്തിവെച്ചിരിക്കുന്ന ജനപ്പാർപ്പുള്ള ഒരു സ്ഥലം കടന്നപ്പോൾ ഹെൽമുട്ട് പറഞ്ഞു:
“പിശാചുക്കളുടെ പേരിലുള്ള ഗ്രാമമാണിതു്.”
“ഇവിടെ നിന്നും നമ്മൾ ദുർമന്ത്രവാദികളുടെ പട്ടണത്തിലേക്കു് അധികം താമസിയാതെ കടക്കും.”
ഏഴു കുന്നുകളും, കുന്നുകളുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന കനാലുകളുമുള്ള ബാംബെർഗിലേക്കുള്ള ചൂണ്ടുപലക മുന്നിൽ കണ്ടു. സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ നിൽക്കുന്ന കുന്നിന്റെ താഴെ വണ്ടി നിർത്തി ഹെൽമുട്ട് മുകളിലേക്കു് നോക്കി.
“റോമനെസ്ക്-ഗോതിക് ശൈലി, നാലു ഗംഭീരമായ ശിഖരങ്ങൾ, നിലവറകൾ, തൂണുകൾ, ശിൽപങ്ങൾ…”
കർത്താവുമായുള്ള ഏറ്റുമുട്ടലിനായി സൃഷ്ടിക്കപ്പെട്ട ദൈവാലയം ആണിതു്. ഒരു സഹസ്രാബ്ദത്തിലേറെയായി ബിഷപ്പിന്റെ ഹൃദയമാണു് കുന്നിൻമുകളിലെ ഈ കത്തീഡ്രൽ.
“കഴിഞ്ഞ വർഷങ്ങളിലെന്നപോലെ ഇന്നും, കത്തീഡ്രൽ ചാപ്റ്ററും, ഇടവകയും, ലോകമെമ്പാടുമുള്ള നിരവധി പ്രാദേശിക വിശ്വാസികളും തീർത്ഥാടകരും കുർബാന ആഘോഷിക്കാൻ ഇവിടെയെത്തുന്നു. വിശുദ്ധരാക്കപ്പെട്ട ഏക സാമ്രാജ്യത്വ ദമ്പതികളായ ഹെൻറിച്ച്, കുനിഗുണ്ടെ എന്നിവരുടെ ശവകുടീരം കൂടിയാണിതു്. ജർമ്മനിയിലും ആൽപ്സിന്റെ വടക്കുഭാഗത്തും ഉള്ള ഒരേയൊരു മാർപ്പാപ്പയുടെ ശവകുടീരവും ഇതിൽ അടങ്ങിയിരിക്കുന്നു.”
ബാംബെർഗ് കത്തീഡ്രലിന്റെ വിവരണത്തിൽ ലയിച്ചു് നിൽക്കുമ്പോഴാണു് സ്റ്റെഫാനിയുടെ കുസൃതി ഉണ്ടായതു്. സെമിയെ എന്റെ കൈകളിലേക്കു് എടുത്തു വെച്ചിട്ടു് ആഹ്ലാദം ചുണ്ടുകൾക്കുള്ളിൽ ഒളിപ്പിക്കാൻ അറിയാത്ത കൊച്ചുകുട്ടിയെപ്പോലെ അവർ കൈകൊട്ടി ചാടിത്തുള്ളി. അപ്രതീക്ഷിതവും എന്നാൽ പ്രതീക്ഷിച്ചാൽ ഒരിക്കലും താങ്ങാൻ ആവാത്തതുമായ ആഘാതത്താൽ കൈകൾ കുടഞ്ഞു് ഞാൻ പുറകോട്ടു മറിഞ്ഞു് തറയിൽ വീണു.
കൂടുതൽ ഭയന്നതു് സെമി ആണെന്നു് തോന്നി. കൈകളിൽ നിന്നും ചാടി സെമി കുന്നിൻ ചെരുവിലൂടെ താഴേയ്ക്കു് ഓടി. സിഗററ്റ് കുത്തിക്കെടുത്തി സ്റ്റെഫാനി സെമിയുടെ പുറകേ ഓടുന്നതു് കാറ്റിൽ പായുന്ന മേഘശകലം പോലെ കണ്ടു. തടിയൻ ഹെൽമുട്ടിന്റെ ശരീരം നിഴൽ മാത്രമായി ചുരുങ്ങി. ജീവനോടെ കത്തിയെരിഞ്ഞ കാതറീന ക്രിറ്റ്സിനു് ചുറ്റും നിന്നു് കൈയടിച്ചാഹ്ലാദിച്ച നൂറുകണക്കിനു് ആളുകൾ തന്റെ ചുറ്റും കൂടുന്നുവോ?
അങ്ങകലെ മറ്റൊരു കുന്നിൻ മുകളിൽ സെമിയെ കാണാം. കുന്നിനു താഴെ ആകാശത്തേയ്ക്കു നോക്കി സ്റ്റെഫാനിയും. ആയിരം വർഷങ്ങൾക്കു മുൻപാണു് ഹെൻറിച്ച് രാജാവു് കത്തീഡ്രൽ പണിതതു്. അതിനും അറുന്നൂറു് വർഷങ്ങൾക്കു ശേഷം ശൈത്യകാലത്തേക്കു് കടക്കാത്ത ബാംബെർഗ് നഗരത്തിലെ താപനില മറ്റൊരിക്കലും ഉണ്ടാകാത്ത വിധം താണുപോയ ഒരു കാലമുണ്ടായി. മഞ്ഞുകാറ്റു് ആഞ്ഞടിച്ചു. ഗോളാകാരം പൂണ്ട മഞ്ഞു്, രാത്രികാലങ്ങളിൽ മുന്തിരിത്തോട്ടങ്ങൾ തിന്നൊടുക്കി. ധാന്യങ്ങളും ഫലവൃക്ഷങ്ങളും ഒന്നൊഴിയാതെ നശിച്ചു. പട്ടിണികൊണ്ടു് ജനങ്ങൾ വലഞ്ഞു. രാത്രികാലങ്ങളിൽ മാത്രം ബാംബെർഗിലേക്കിറങ്ങുന്ന മഞ്ഞു ഗോളത്തിന്റെ ഉറവിടം കണ്ടുപിടിക്കുന്നവർക്കായി കൈ നിറയെ പാരിതോഷികങ്ങൾ ജൊഹന്നാസ് രാജാവു് പ്രഖ്യാപിച്ചു.
മഞ്ഞുകാറ്റിനുള്ളിൽ തിളങ്ങുന്ന ചുവന്ന കണ്ണുകൾ ആദ്യം കണ്ടു എന്നു പറഞ്ഞതു് ബാംബെർഗിലെ ഒരു ജന്മിയാണു്. സ്വന്തം ആഗ്രഹ നിർവ്വഹണത്തിനു് പ്രപഞ്ച ശക്തിയുടെ ഗൂഢാലോചന പോലെ ആയിരുന്നു ജന്മിക്കു് ബാംബെർഗിലേക്കെത്തിയ മഞ്ഞു കാറ്റു്. അയാൾക്കു് ധാരാളം കുതിരകളും എണ്ണമറ്റ പശുക്കളും അതിരില്ലാത്ത ഗോതമ്പു വയലുകളുമുണ്ടായിരുന്നു. നാല്പതുകാരിയും അവിവാഹിതയുമായ കാതറീന ക്രിറ്റ്സ് അയാളുടെ അനേകം വേലക്കാരികളിൽ ഒരുവളായിരുന്നു. പരിചയമുള്ള കണ്ണുകളെ തിരിച്ചറിയുവാൻ അധിക സമയം വേണ്ടി വന്നില്ല. കാതറീന ക്രിറ്റ്സ് തന്റെ വേലക്കാരി ആയിപ്പോയതിൽ ജന്മി പരസ്യമായി ഖേദം പ്രകടിപ്പിച്ചു.
രാജ സന്നിധിയിലെ പരസ്യ വിചാരണയുടെ ഒരു ഘട്ടത്തിൽപ്പോലും കാതറീന ക്രിറ്റ്സ് കരഞ്ഞില്ല. കുറ്റബോധമില്ലാത്ത കഠിനഹൃദയയെ മൂർച്ചയുള്ളൊരു കത്തികൊണ്ടു് ജന്മി ആഞ്ഞു കുത്തി. ഒരു തുള്ളി ചോര ചിന്തിയില്ല.
“സൗന്ദര്യം കൊടിയ വിഷത്തിന്റെ ആവരണം മാത്രമാണു്. ദൈവനാമം പോലും ഉച്ചരിക്കാത്ത, കണ്ണീരും ചോരയുമില്ലാത്ത ഇവൾ സാധാരണക്കാരിയല്ല. ബാംബെർഗിനെ നശിപ്പിക്കാനായി ഇറങ്ങിയ ദുർമന്ത്രവാദിനിയാണു്…” ജന്മി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
“ജീവനോടെ കത്തിക്കുക. രാജ്യ നന്മയ്ക്കെതിരായി വർത്തിക്കുന്ന എല്ലാ ദുർമന്ത്രവാദികൾക്കും പാഠമാവട്ടെ.” രാജകല്പനയുണ്ടായി.
കാതറീന ക്രിറ്റ്സിന്റെ വയറ്റിൽ വളർന്നു കൊണ്ടിരുന്ന കുഞ്ഞും അവരോടൊപ്പം എരിഞ്ഞടങ്ങിയെന്ന സത്യം അന്നു് ഒരേ ഒരാൾക്കു് കൂടിയേ ബാംബെർഗിൽ അറിയാമായിരുന്നുള്ളു. അയാൾ ബവേറിയൻ വീഞ്ഞിന്റെ വീര്യത്തിൽ ആശ്വസിക്കുകയും എന്നെത്തേക്കാളും ഏറെ ആഹ്ലാദിക്കുകയും ചെയ്തു.
പുക രുചിയുള്ള ബിയർ കുടിച്ചു് കുഴഞ്ഞു വീഴുന്ന ചില രാത്രികളിൽ അകത്തേക്കു് വലിയുന്ന പ്രത്യേകതരം കത്തിയെടുത്തു് ജന്മി സ്വയം കുത്തി രസിച്ചിരുന്നു. അങ്ങനെയുള്ള ദിവസങ്ങളിൽ അയാൾ മറ്റു് പരിചാരകരെ ഓർമ്മപ്പെടുത്തിയിരുന്നതു് ഒരു സുന്ദരിയും എന്നെ അനുസരിക്കാതെയോ ഭീഷണിപ്പെടുത്തിയോ ബാംബെർഗിൽ ജീവിക്കില്ലായെന്നു് ഇനിയെങ്കിലും നീയൊക്കെ മനസ്സിലാക്കണം എന്നായിരുന്നു.
മഞ്ഞുകാറ്റിനു ശമനമുണ്ടായില്ല. കാറ്റിനുള്ളിലെ ചുവന്നു് തിളങ്ങുന്ന കണ്ണുകൾ പിന്നേയും ബാംബെർഗിലെ രാത്രികളിലേക്കിറങ്ങി.
ആഭിചാരക്രിയകൾ ചെയ്യുന്ന ആരാണിനി ബാംബെർഗിലുള്ളതു്?
കാതറീന ക്രിറ്റ്സിന്റെ പരിചയക്കാരും ബന്ധുക്കാരും വേണ്ടപ്പെട്ടവരും. അല്ലാതാരു്? ജന്മിക്കു് സംശയമില്ലായിരുന്നു.
സംശയത്തിന്റെ നിര നീണ്ടു നീണ്ടു പോയി…
അടുത്ത പതിനാറു വർഷങ്ങൾ… കാതറീന ക്രിറ്റ്സിനെ ചുട്ടെരിക്കാൻ കൊട്ടാരത്തിനുമുന്നിൽ തിങ്ങിക്കൂടിയവരേക്കാൾ എത്രയോ മടങ്ങു് ബാംബെർഗിൽ ജീവനോടെ കത്തിയെരിഞ്ഞു.
അൾത്താരയിലെ മെഴുകു പോലെ ഉരുകി വീണൊരു സ്ത്രീ. നാന്നൂറു വർഷങ്ങൾക്കു് മുൻപു് എരിഞ്ഞാവിയായൊരു സൗന്ദര്യമാണെന്റെ മുന്നിലിപ്പോൾ.
*****
സമയമിരുണ്ടിരുന്നു. നക്ഷത്ര വിളക്കുകൾ ഹോട്ടലിനുള്ളിൽ തെളിഞ്ഞു. സ്റ്റെഫാനി പറഞ്ഞു: “നാളെ പുലരുമ്പോഴേ നമ്മൾക്കിറങ്ങണം. എങ്കിലേ സൂര്യനു ശക്തികൂടുന്നതിനു മുമ്പു് ബാംബെർഗ് കുന്നുകയറാൻ പറ്റത്തുള്ളു.”
ജയ്ദീപ് എഴുന്നേറ്റു. കാലുകളിൽ ഉരസി നടന്ന സെമിയെ അയാൾ കൈകളിലേക്കെടുത്തു. നാവു് വെളിയിലേക്കിട്ട് സെമി മൂക്കു് തുടച്ചു് നക്കി.
“ഭയം തീർന്നു എന്നു തോന്നുന്നല്ലോ?” സ്റ്റെഫാനി ചോദിച്ചു.
“ഇല്ല സ്റ്റെഫാനി. ഇപ്പോൾ പേടിയുടെ പുതിയ ശകലങ്ങൾ എന്നിലേക്കു് പറന്നടുക്കുന്നതു് ഞാനറിയുന്നു.”
“മൃഗങ്ങളെയാണോ ഇപ്പോഴും ഭയക്കുന്നതു്?”
“അറിയില്ല.”
“ഭൂതം, പ്രേതം, പിശാചു്, ദുർമന്ത്രവാദികൾ…?”
“അറിയില്ല.”
അയാൾ സെമിയെ സ്റ്റെഫാനിയുടെ കൈയിലേക്കേല്പിച്ചു. ബിയർ ഫാക്റ്ററികളിലെ പുകക്കുഴലുകൾ ആകാശത്തിലേക്കു് പുകതുപ്പിക്കൊണ്ടിരുന്നു. കാറ്റിനു് കരിയുന്ന പച്ചമാംസത്തിന്റെ രൂക്ഷഗന്ധമുണ്ടോ…?
ശവകുടീരത്തിൽ നിന്നും എണീറ്റു വന്ന വിശുദ്ധരായ ഹെൻറിച്ച് രാജാവും പത്നിയും അന്നേരം അയാളുടെ മുന്നിലേക്കു വന്നു.
“നീ ഭയപ്പെടുന്നതു് ആരെയാണെന്നു് എനിക്കറിയാം.” ഹെൻറിച്ച് രാജാവു് പറഞ്ഞു.
“ഇപ്പോൾ ഞാനുമറിയുന്നു ആരെയാണു് പേടിക്കേണ്ടതെന്നു്.” ജയ്ദീപ് പുൽത്തകിടി താണ്ടി വേഗം നടന്നു.
“കാലത്തു് ഏഴുമണിയോടെ ഞങ്ങളെത്തും.” സ്റ്റെഫാനിയുടെ ശബ്ദം.
അയാൾ തിരിഞ്ഞു. പിന്നിൽ കാതറീന ക്രിറ്റ്സും കുഞ്ഞും…
അവർക്കു് പിന്നിൽ…
വിശുദ്ധനായ ഹെൻറിച്ച്…
അതിനും പിന്നിൽ…
നക്ഷത്രവെളിച്ചമേറ്റ കത്തീഡ്രൽ ഗംഭീര ശിഖരങ്ങളുമായി തലകുമ്പിടാതെ ഇരുട്ടിലേക്കു് ഉയർന്നു നിന്നു.
*****
ആലപ്പുഴയ്ക്കടുത്തു് കോമളപുരം സ്വദേശി. 1998 മുതൽ കേരളത്തിനു പുറത്താണ് ജോലി. ഇരുപത്തി രണ്ടു് വർഷങ്ങൾ ഹൈദ്രാബാദിൽ ആയിരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഗുജറാത്തിലെ സൂററ്റിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടു് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അപ്പുക്കുട്ടൻ കഥകൾ, തൻഹ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.