നമുക്കു്, വിശേഷിച്ചും നമ്മുടെ സാഹിത്യത്തിൽ, “ആധുനികത” അലയുന്നവരുടെയും അന്വേഷിയ്ക്കുന്നവരുടെയും കാലമാണു്. എന്നാൽ ആ കാലത്തെ ഫ്രീസ് ചെയ്യിക്കുന്ന പോലെ ഒരു ഇടവേള തുടർന്നു വന്നു: ഇന്റർനെറ്റിന്റെ കാലമാണു് അതു്. ആനന്ദിന്റെ ‘ആൾക്കൂട്ടം’ അത്തരമൊരു സന്ദർഭത്തിൽ വായിച്ചതിന്റെ ഓർമ്മ പറയുന്നു ഈ ലേഖനം. ഇന്നു് പക്ഷേ, നാം ആ ഇടവേളയ്ക്കു് പരസഹസ്രം തലകളും കൈകളും സമ്മാനിച്ചിരിക്കുന്നു, ഏകാന്തതയുടെ തന്നെ ആൾക്കൂട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നു. ആനന്ദ് അങ്ങനെയൊരു കാലത്തും വായിക്കപ്പെടുന്നു.
സായാഹ്ന പ്രവർത്തകർ
“Do you wear a bikini on the beach?”—യാഹൂ ചാറ്റിൽ അയാളുടെ ചോദ്യം കണ്ടു് ഞാൻ ഒന്നു പരിഭ്രമിച്ചു. എങ്കിലും അതു് അറിയാത്ത മട്ടിൽ വിരലുകൾ കീബോർഡിൽ അമർന്നു കൊണ്ടിരുന്നു.
“Yes, of course!”
ബിക്കിനി പോയിട്ടു്, കടൽ പോലും ശരിക്കു് കണ്ടിട്ടില്ല എന്നു് പറയണോ? എന്തിനു്? ഇതിലും അധികം സാങ്കല്പിക കഥകൾ പരസ്പരം പറഞ്ഞു കഴിഞ്ഞിരിക്കുന്നു, അപരിചിതരായ എത്രയോ ആളുകളോടു്!
വർഷങ്ങൾക്കു മുൻപു് ഒരു പതിനെട്ടു വയസ്സു കാലത്തു് കോളേജിനടുത്തുള്ള ഇന്റർനെറ്റു കഫേയിൽ യാഹൂ ചാറ്റ് റൂമിൽ നിന്നു് ഞാൻ സുനിലിനെ തേടി പിടിക്കുമ്പോൾ ബാക്ക് ഗ്രൌണ്ടിൽ ബോംബെ ജയശ്രീ പാടിക്കൊണ്ടിരുന്നു—“വസീഗരാ നിൻ നെഞ്ചിനിക്ക ഉൻ പൊൻ മടിയിൽ തൂങ്കിനാൽ പോതുമതേ…”
എന്റെയുള്ളിൽ മറ്റൊരു ലോകം നിറഞ്ഞു. സൈബർ ലോകത്തിന്റെ പലയിടങ്ങളിലും അലഞ്ഞു തിരിഞ്ഞു് ഞാൻ സുനിലിൽ എത്തി ചേർന്നിരിക്കുന്നു. അയാളുടെ പേരു് ജോസഫ് എന്നാണെങ്കിലും ഒരുപക്ഷേ, ഞാൻ അയാളിൽ തന്നെ എത്തിച്ചേരുമായിരുന്നു.
നാടു് ഒറ്റപ്പാലം എന്നയാൾ പറഞ്ഞപ്പോൾ, താങ്കൾ ബോംബെയിൽ ജോലി ചെയ്തു് ജീവിക്കാനെ തരമുള്ളൂ എന്നു് ഉടനെ ഞാൻ ടൈപ്പ് ചെയ്തു. അതിനു കീഴെ സുനിൽ എഴുതി—“ഹ ഹ ഹ”.
വിക്ടോറിയ ടെർമിനസിൽ വന്നു നില്ക്കുന്ന വണ്ടിയിറങ്ങി, പ്ലാറ്റ്ഫോമിലെ തിരക്കിലൂടെ നടന്നു് ഓവർ ബ്രിഡ്ജ് കയറുന്ന സുനിലിനെ ഞാൻ ഊഹിച്ചു. അയാൾ നഗരത്തിലെ അത്ഭുതങ്ങളിൽ മറഞ്ഞു. ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിൽ അല്പനേരത്തെ നിശബ്ദത ഇടയ്ക്കിടയ്ക്കു് വന്നു കൊണ്ടിരുന്നു, എന്നെ ഏകാകിനിയാക്കുവാൻ മതിയാവുന്നത്രയും.
“ഇഷ്ടപ്പെട്ട എഴുത്തുകാരൻ?”—അയാളുടെ പിശുക്കു പിടിച്ച വാക്കുകൾ പ്രതീക്ഷിച്ചു് ഞാൻ ചോദിച്ചു.
വീണ്ടും ഒരു മൗനത്തിന്റെ ഇടവേളയ്ക്കു് ശേഷം ചാറ്റ് വിൻഡോയിൽ ആ പേരു വന്നു.
“ആനന്ദ് ”
എന്റെ കണ്ണുകൾ തിളങ്ങിക്കാണണം.
അതു് അങ്ങിനെ വരാനെ തരമുള്ളൂ. സൃഷ്ടിക്കു് സ്രഷ്ട്രാവിനെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുമോ?
ഞാൻ സുനിലിനോടു് അതു് പറഞ്ഞില്ല. പകരം ടൈപ്പ് ചെയ്തു—“എനിക്കും”
“സുനിൽ എന്നെ ലളിത എന്നോ രാധ എന്നോ വിളിച്ചാൽ മതി.”
അയാൾ വീണ്ടും ചിരിച്ചു
അന്നത്തെ എന്റെ സമയം കഴിഞ്ഞിരുന്നു. നാളെയും സുനിലിനെ കാണുമോ? അറിയില്ല. തൊണ്ണൂറുകളിലെ ചാറ്റ് റൂമുകൾ അത്തരത്തിലുള്ളവയായിരുന്നു. അപരിചിതരുടെ ആൾക്കൂട്ടത്തിന്റെ ലഹരിയിൽ പരസ്പരം എന്തൊക്കെയോ പങ്കു വെച്ചു കൊണ്ടിരുന്നു. യാഥാർത്ഥ്യങ്ങൾ, സങ്കല്പങ്ങൾ, ചിലപ്പോൾ കെട്ടുകഥകൾ. പിറ്റേന്നു് ഉച്ച തിരിഞ്ഞുള്ള ഒരു അവർ ഫ്രീയായതു് തരപ്പെടുത്തി ഞാൻ ഇന്റർനെറ്റ് കഫേയിലേക്കു് പാഞ്ഞു. ഭാഗ്യത്തിനു് ഒരു ക്യുബിക്കിൾ ഫ്രീയായിരുന്നു. ചാറ്റ് റൂമിൽ സുനിൽ ഉണ്ടു്.
“ഹൈ സുനിൽ, എങ്ങനെ ഉണ്ടായിരുന്നു ദിവസം?”—ഞാൻ ഉത്സാഹത്തിൽ ടൈപ്പ് ചെയ്തു.
“എല്ലാ ദിവസത്തെയും പോലെ തന്നെ”—വിരസമായ വരികൾ ചാറ്റ് വിൻഡോയിൽ തെളിഞ്ഞു.
“ദിവസങ്ങൾക്കു തമ്മിൽ വ്യത്യാസമില്ലെങ്കിൽ ഇത്രയും ദിവസങ്ങളുടെ ആവശ്യമെന്താണു്?”എനിക്കു് ദേഷ്യം തോന്നി.
“ആനന്ദിനെ വേണ്ടയിടത്തൊക്കെ പ്രയോഗിക്കുന്നുണ്ടല്ലേ”—അയാൾ കളിയാക്കി.
എനിക്കു് സന്തോഷം തോന്നി. അടുപ്പം തോന്നിപ്പിക്കുന്ന ഒരു വാചകമെങ്കിലും അയാൾ ഉപയോഗിച്ചിരിക്കുന്നു. നാളെയും കാണുമോ? ഇടവിട്ടുള്ള സംഭാഷണങ്ങളുടെ ഇടയ്ക്കുള്ള മൗനം പങ്കു വെയ്ക്കാനെങ്കിലും? ഞാൻ ചോദിച്ചില്ല. ബാഗുമെടുത്തു് പുറത്തിറങ്ങി, കൗണ്ടറിൽ പൈസ കൊടുക്കുമ്പോൾ വല്ലാത്ത വിഷാദം എന്നെ പൊതിഞ്ഞു. ബസ് സ്റ്റോപ്പിലേക്കു് നടക്കുന്നതിനിടയിൽ മുന്നിൽ അയാൾ നടക്കുന്നുണ്ടെന്നു് തോന്നി. പിന്നീടു് ബസിൽ കയറി സീറ്റിൽ ചാരി ഇരുന്നപ്പോൾ വെറുതെ ഒരു സങ്കടം കൂടെ വന്നു.
പിറ്റേന്നു് കോളേജിൽ സമരമായിരുന്നു. ആൺ കുട്ടികളുടെ ഹോസ്റ്റലിൽ വെള്ളം ഇല്ലാത്തതു് ആണു് കാരണം. ഇപ്രാവശ്യം എല്ലാ പാർട്ടിക്കാരും പാട്ടയും ബക്കറ്റുമായി സമരത്തിനു് വന്നിട്ടുണ്ടു്. സമരമായാലും കോളേജിൽ അവിടിവിടെ ചുറ്റി നടന്നു് കുറേ കഴിഞ്ഞു് വീട്ടിൽ പോവുകയാണു് പതിവു്. ഇപ്രാവശ്യം വെറുതെ റോഡിലൂടെ ഇറങ്ങി നടന്നു. പതിവു് ഇന്റർനെറ്റ് കഫെയുടെ മുന്നിലെത്തിയപ്പോൾ ഒന്നു നിന്നു. തിരക്കാണു്, സാധാരണ സമര ദിവസങ്ങൾ പോലെ. ഞാൻ കയറിയില്ല. സുനിലുമായുള്ള ആദ്യ ചാറ്റ് ദിവസം ഓർത്തു കൊണ്ടു് വീണ്ടും നടന്നു.
“ശരിക്കു് പരിചയപ്പെട്ടില്ലെന്നു് തോന്നുന്നു”—ഞാൻ എഴുതി.
“നന്നായി. അങ്ങിനെ തന്നെ ഇരിക്കട്ടെ. പരിചിതനാവുക എന്നു് വെച്ചാൽ അടിമയാവുക എന്നർത്ഥം”.
“ഓ! ശരിക്കും?”
അയാൾ പുഞ്ചിരിയുടെ ഒരു ഇമോജിയിൽ മറഞ്ഞു.
ബോംബെയിലെവിടെയൊ അയാൾ ഉണ്ടാവണം. കൂടെ ജോസഫും പ്രേമും സുന്ദറും ലളിതയും രാധയും. ബോംബെ നഗരം ഞാൻ കണ്ടിട്ടില്ല. കേരളത്തിലെ ഈ ചെറിയ ജില്ല വിട്ടു് മറ്റെങ്ങും പോയിട്ടില്ല. എന്റെ അയൽപക്കത്തെ കളിക്കൂട്ടുകാരിയുടെ വീട്ടിൽ ബോംബെയിൽ നിന്നു വന്ന ബന്ധുക്കളെ ഓർത്തു. റോസ് മേരി എന്നു പേരുള്ള ബോംബെക്കാരി കുട്ടി ഞങ്ങളോടൊപ്പം കളിക്കാൻ കൂടിയിരുന്നു. അവളുടെ വെള്ളാരങ്കണ്ണുകളിൽ കണ്ട ബോംബെ കഴിഞ്ഞാൽ പിന്നീടു് ആനന്ദിലൂടെയാവണം ഞാൻ ആ സ്ഥലം കണ്ടതും, കേട്ടതും. സുനിലിനെ ചാറ്റ് റൂമിൽ പിന്നീടു് കുറെ ദിവസത്തേയ്ക്കു് കണ്ടില്ല. പല ദിവസങ്ങളിലും ഞാൻ പോയതുമില്ല. പക്ഷേ, അയാൾ അദൃശ്യ സാന്നിദ്ധ്യമായി എന്റെ കൂടെ ഉണ്ടായിരുന്നു. ചിലപ്പോൾ കൂടെ നടന്നു. മറ്റു ചിലപ്പോൾ അല്പം മാത്രം സംസാരിച്ചു കൊണ്ടു് മറഞ്ഞു നിന്നു. പഠിക്കാനെന്ന മട്ടിൽ സന്ധ്യയ്ക്കു് ടെറസിൽ ഉലാത്തിക്കൊണ്ടിരുന്നപ്പോൾ അയാൾ വീണ്ടും വന്നു. പക്ഷികൾ കൂട്ടമായി പൂമരത്തിൽ ചേക്കേറി തുടങ്ങിയിരുന്നു. ഞാൻ പുസ്തകം മടിയിൽ മലർത്തി വെച്ചു് അതു് നോക്കിയിരുന്നു.
“എനിക്കു് ചിലപ്പോൾ തോന്നുന്നു നമ്മുടെ ജീവിതം പ്രധാനമായും സ്വപ്നമാണെന്നു്. ജീവിതത്തിന്റെ മുഖ്യമായ തലം സ്വപ്നത്തിൽ കഴിഞ്ഞു പോകുന്നു. യഥാർത്ഥ്യത്തിന്റെ ജീവിതം വെറും രണ്ടാം തരമാണു്”—അയാൾ പറഞ്ഞു.
എങ്കിൽ എന്റെ ജീവിതം കുറേ കഴിഞ്ഞു പോയിരിക്കുന്നു. പൂമരത്തിലെ കിളി ബഹളങ്ങൾക്കിടയിൽ ഞാൻ എന്തോ ഓർത്തു ചിരിച്ചു.
ദിവസങ്ങൾ കഴിഞ്ഞു പോയി. പിന്നീടു് ഒന്നോ രണ്ടോ തവണ മാത്രം ഞാൻ സുനിലിനെ ചാറ്റ് റൂമിൽ കണ്ടു. കുറച്ചു മാത്രം വാക്കുകളിൽ എന്തൊക്കെയോ പറഞ്ഞു. അതിനു ശേഷം അയാളും ആ നഗരവും എന്നെ വിട്ടകന്നു. ഞാൻ പരീക്ഷകളുടേയും ഉപരി പഠനത്തിന്റെയും തിരക്കിൽ മുഴുകി പോയി. ജോലി കിട്ടിയതിനു ശേഷം വന്ന വിവാഹ ആലോചനയുടെ ഭാഗമായി ഞാൻ ഒരാളെ ആദ്യമായി കാണുന്നതു് വീണ്ടും യാഹൂ ചാറ്റ് റൂമിലാണു്. ചോദ്യങ്ങൾ പലതും എയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കള്ളു കുടിയും പെണ്ണുപിടിയും ഉണ്ടോ എന്നു കൂടെ പ്രാസമൊപ്പിച്ചു ചോദിച്ചു. അത്രയ്ക്കും വ്യക്തമല്ലാത്ത മുഖത്തു് പരിഭ്രമം പടർന്നു. പിന്നെ, സ്ഥിരം ചോദ്യമായ ഇഷ്ട പുസ്തകം ഏതാണു് എന്നു കൂടെ ടൈപ്പ് ചെയ്തു. ഉത്തരം ഉടനെ വന്നു—“ആൾക്കൂട്ടം”.
വിവാഹം കഴിഞ്ഞു് അയാൾ ജോലിയെടുത്തു് ജീവിക്കുന്ന നഗരത്തിലേക്കു് പുറപ്പെടുമ്പോൾ ഞാൻ ആ പുസ്തകം കൂടെ പെട്ടിയിൽ എടുത്തു വെച്ചു. ഉള്ളിലെ ആദ്യ പേജിൽ അച്ഛന്റെ കൈയ്യൊപ്പു് പതിഞ്ഞ ഏക കോപ്പി.
ഇന്നു് യാഹൂ ചാറ്റ് റൂം ഇല്ല. അതിലൂടെ വന്നു തൊടുന്ന അപരിചിതരായ ആളുകളുടെ കൂട്ടം ഇല്ല. എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. അഥവാ മാറിക്കൊണ്ടിരിക്കുന്നു. ഞാനിപ്പോൾ അജ്ഞാതരെ തേടി പിടിച്ചു് പുതിയ സാങ്കല്പിക ലോകങ്ങൾ സൃഷ്ടിക്കാറുമില്ല. എങ്കിലും ബാല്ക്കണി വാതിൽ തുറന്നു് താഴെ ഒഴുകുന്ന പാതയിലേക്കു് കണ്ണു നട്ടു് നിൽക്കാറുണ്ടു്. ജോസഫും രാധയും സുനിലും പിന്നെ അതു പോലുള്ള അനേകം മനുഷ്യരും ഒരു ചങ്ങലയിൽ കോർത്തതു പോലെ, എന്നാൽ പരസ്പരം തൊടാതെ നടന്നു നീങ്ങുന്നതു് നോക്കി നില്ക്കാറുണ്ടു്. 1991-ൽ കറന്റ് ബുക്സിൽ നിന്നു് അച്ഛന്റെ കൂടെ പോയി വാങ്ങിച്ച ആ പുസ്തകം കൈയ്യിൽ വെച്ചിരിക്കുമ്പോൾ പ്രിയപ്പെട്ട ഒരു സുഹൃത്തു പറഞ്ഞ വരികൾ ഓർത്തു പോവുന്നു—
“ഓരോ തവണ റെയിൽവെ സ്റ്റേഷനിൽ പോവുമ്പോഴും ഞാൻ സ്വയം രാധയായി സങ്കല്പിക്കാറുണ്ടു്. അത്രയും ഏകാന്തതയോടെ, വിഷാദത്തോടെ പ്ലാറ്റ്ഫോമിലെ ബഞ്ചിൽ ചാരിയിരിക്കും. ഒരു ജീവിതം മുഴുവൻ അങ്ങിനെ ഇരിക്കണമെന്നു് തോന്നും!”
തൃശ്ശൂർ ജില്ലയിലെ പോട്ടോർ സ്വദേശി. ബാംഗളൂരിൽ താമസം. ഏയറോസ്പേയ്സ് എഞ്ചിനീറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.
ഇന്ത്യൻ എക്സപ്രസ് മലയാളം, മനോരമ ഓൺലൈൻ, ട്രൂ കോപ്പി തിങ്ക്, സിഡ്നി മലയാളം ലൈവ് തുടങ്ങിയ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ലേഖനം, കഥ, കവിത തുടങ്ങിയവ എഴുതിയിട്ടുണ്ടു്.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ