ജനിക്കുന്ന നിമിഷത്തിൽ
ദൈവദൂതർ ശിരസ്സിൽ രണ്ടിടത്തു്
ഒരേ വാക്കുകൾ ഒരേ നിമിഷത്തിൽ ഓതി
ആ നിമിഷം അവൾക്കു് കാതുകളുണ്ടായി
നല്ലതുമാത്രം കേൾക്കുവാൻ
ദൈവദൂതരുടെ ശബ്ദത്തിൽ ഉണ്ടായതിനാൽ
സൌന്ദര്യമുള്ളവയായി.
പുലരിയിലെ ചെറുകിളിസ്വരം
സൌരയൂഥത്തിലെ ഗ്രഹയാത്രകളുടെ
നിഗൂഢശബ്ദം
പൂവിരിയുന്നതു്
പാതിരാക്കൂട്ടിനുളളിലെ കിളിവാക്കുകൾ
പല്ലി ചിലച്ചതിനുശേഷം
പറയുന്ന ആത്മഗതങ്ങൾ
എല്ലാം കേൾക്കാൻ.
പ്രണയത്തിന്റെ അന്തമില്ലാത്ത വച്ചസ്സുകൾ
അവളുടെ കാതുകളെ ഒരുക്കിയിരിക്കുന്നു
സൂക്ഷ്മമായ ഒച്ചകളിലേക്കു്.

പിൻതുടരുന്നു കണ്ണുകൾ
കഴുത്തിന്റെ ഭംഗി അളക്കുവാൻ
അന്തരീക്ഷത്തിലൂടെ ഇഴയുന്ന അതു്
താലിത്തലയുള്ള മഞ്ഞസർപ്പ-
മാകാൻ കൊതിച്ചു
ഏറ്റവും കനംകുറഞ്ഞ
ജിജ്ഞാസ പറ്റിയിരുന്നു
അവളുടെ സ്വരം പിറക്കുന്ന
കുരലിന്റെ ആഴം കാണാൻ
ഉച്ഛ ്വാസ നിശ്വാസങ്ങളാൽ പച്ചകുത്തി
പ്രിയങ്കരമായ കഴുത്തു് അലങ്കരിക്കുവാൻ
ഒരു മുഖം ചിറകടിച്ചു് പറന്നുകൊണ്ടേയിരുന്നു.
ഇരട്ടകളോടു്
അവളുടെ ഹൃദയം
കൊഞ്ചുന്നതെന്താണു്?
കുതിക്കുന്ന അവയോടു് എന്താണു് പറയുന്നതു്
അവയുടെ ഇരുമിഴികൾക്കു ചുറ്റിനുമുള്ള
ഇളം കറുവൃത്തങ്ങൾ
ഏതു് ദേവത അരച്ചിട്ട മൈലാഞ്ചി
ചാഞ്ഞുനിൽക്കുന്ന മേഘക്കീറു-
കൾക്കു് താഴെയായ്
തിളങ്ങുന്നു
രണ്ടു താരകം.
നീണ്ട വിരലുകൾ
ധ്യാനമഗ്നരായ മേഘങ്ങളെ
വാനിൽനിന്നും മോഷ്ടിച്ചു്
ദേഹകാന്തിയാക്കുന്നു
നിറങ്ങളെല്ലാം എടുത്തു്
ജീവനുള്ള രൂപങ്ങൾ വരയ്ക്കാൻ
പുലരിയും സന്ധ്യയും നന്നെന്നു്
അവളുടെ വിരലുകൾക്കറിയാം
നഗ്നമായ കൈകൾ ചക്രവാളത്തി-
ലേക്കു് നീർത്തി
ദിക്കുകളെ പറത്തിവിടുന്നു
അംബരാന്തം വിരലുകളുടെ മസൃണതയാൽ
പുതുനിറങ്ങളായ് പ്രത്യക്ഷമാകുന്നു.

പനിനീർപ്പൂവു് ഉദരം
മുലത്തടങ്ങളിൽ ഉദ്ഭവിച്ച
ശൈത്യത്തിന്റെ ചെറുകാറ്റു്
പൂവിനു താഴെയായ് മറയുന്നു.
ഒന്നും കാണുന്നില്ല
അവളുടെ പൊക്കിൾ മാത്രമല്ലാതെ
എങ്ങനെ ഞാനകപ്പെട്ടു
നിർമ്മലമായ ഈ ഋതുവിൽ.
വിശുദ്ധതടാകത്തിനാഴത്തിൽ
ചന്ദ്രഗ്രഹണമാണു്
വാനം മഞ്ഞുകണങ്ങൾ വിതറി
ഉദരത്തിന്റെ തിരകളിൽ
അവ ഒന്നൊന്നായ് കോർത്തെടുക്കുവാൻ
പരതി നടന്നു
എന്റെ കണ്ണിമകൾ.
മണൽത്തിട്ടയിൽ
ഈറൻ ശംഖു്
അതിന്റെ ചർമ്മടക്കുകളിൽ
ഊതിയുണർത്തുന്ന കാറ്റു്.
കടൽത്തിരയുടെ തള്ളലാൽ ചീർക്കുന്നു
ഇറുകിയ താളക്രമങ്ങൾ
ഘ്രാണനം കണ്ടുപിടിച്ചില്ല
ശരീരത്തിലെ മറ്റു നിശ്ശൂന്യതകൾ.
അവളുടെ ഉദ്യാനം ശ്രേഷ്ഠമായ
ഒരേയൊരു ഇടം
അതിൽ തുഴയുന്നു ഇച്ഛയുടെ
കൊടുങ്കാറ്റു്
ഈറൻ ശംഖിന്റെ ശിരസ്സിലൂടെ
കവാടങ്ങൾ കടന്നു്
നിർവാണത്തിന്റെ ഒലിയിലേക്കു്
ശലഭമായ് മാറുംവരെ.
അവളുടെ അരക്കെട്ടിൽ
ഒരു ശലഭം നൃത്തം ചെയ്യുന്നു
ഏഴു് നൂറു്
നിറങ്ങളുള്ളതു്.
മുഴുപൂവിൻ മാംസളമായ
നിമ്നോന്നത
സ്വച്ഛം മോഹനം
തളിരിൻ സമൃദ്ധതല്പം
മറ്റെല്ലാ സൌന്ദര്യവും മറക്കുന്നു
നിഗൂഢതയിലെ സുന്ദരവടിവു്
ഇളകളിൽ പറക്കുന്നു
വസന്തപതംഗങ്ങൾ
നടന ചുവടുകൾക്കൊപ്പം പുളയുന്നു
വെണ്ണക്കുന്നുകൾ
ചുറ്റിത്തിരിയാൻ
പ്രേമത്താലൂതിയ
തുടലായ് മാറാൻ
ഒരു വനചാരി.

നെരിപ്പോടിനടുത്തു് തീ കായുന്നു
കാലുകൾ
വളവുകൾ മടക്കുകൾ നോക്കി വിതുമ്പുന്നു,
തീനാളങ്ങൾ.
ഭദ്രമായ കാത്തുവെക്കുന്നു
മിനുത്ത കുളിർമയിൽ
അഗ്നിയുടെ പ്രഭ.
അകറ്റിയും ചേർത്തും
വെണ്മയുടെ വാതിൽ ബന്ധിക്കരുതേ
അനുസ്യുതം നടക്കുക
ചിറകടിക്കട്ടെ തീയുടെ പ്രചണ്ഡതകൾ.
പ്രത്യക്ഷമാവട്ടെ
മോഹനമായ ശരീരരീതികൾ
കണങ്കാൽ മുട്ടുകളിലെല്ലാം
സൂക്ഷ്മധൂളിയായി പറ്റിയിരുന്നു
പ്രേമാശ്രു.
പാദങ്ങൾ പൂവിതൾ
അവയെ ചുംബിച്ചാഹ്ലാദിക്കുന്നു
കുറുകി വിരിയുന്നു അവ
പൂജയിൽ
രാഗപൂർവം കുടിക്കുന്നു അവയെ
അവയിലണിയിക്കുന്നു
മുത്തങ്ങളാൽ
വിരലാഭരണങ്ങൾ.
സ്പർശിക്കു
കാൽവെള്ളയാൽ
ഉമ്മകളുടെ മുകുളങ്ങൾ.
രഹസ്യാനുഭൂതിയുടെ മഴക്കാടുകൾ
പൂത്തു
നറുഗന്ധം
നിമ്നോന്നതകളിൽ എവിടെ?
എത്ര വശ്യം
വിയർത്ത തേൻ പൂവുകൾ വിടർത്തുന്ന
ഘ്രാണതർപ്പണം
ചൂടേറിയ സിരകളിൽ മുക്രയിട്ടു്
അറിയാത്ത ആദിമ വാസന.
മദനഗന്ധം സ്രവിക്കും
അടരുകളിൽ
മൃദുവായ ഇഴഞ്ഞു നാസാഗ്രം
ആ സൌരഭ്യത്താൽ മുക്തനാകട്ടെ
അനന്തമാം
സമാധിയിലേക്കു്.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തു് ജനനം. കളത്തില്‍ ദേവസ്സിയുടെയും കുഞ്ഞമ്മയുടെയും മകന്‍. സ്കൂള്‍ വിദ്യാർത്ഥിയായിരിക്കുമ്പോള്‍ത്തന്നെ കവിതകളെഴുതുമായിരുന്നു. 2006-ല്‍ ‘പാട്ടു കെട്ടിയ കൊട്ട’ എന്ന പുസ്തകത്തിനു് എസ്. ബി. ടി. കവിതാപുരസ്കാരം, 2009-ല്‍ ‘ഇരുട്ടു് പിഴിഞ്ഞു്’ എന്ന പുസ്തകത്തിനു് യുവകലാസാഹിതി കവിതാപുരസ്കാരം. 2011-ൽ മുല്ലനേഴി കവിതാ പുരസ്കാരം ‘സെബാസ്റ്റ്യന്റെ കവിതകൾ’ എന്ന പുസ്തകത്തിനു്. 2014-ൽ ഇതേ കൃതിക്കു് പി. കുഞ്ഞിരാമൻ നായർ ട്രസ്റ്റ് കവിതാ പുരസ്കാരം.
- ചില്ലുതൊലിയുള്ള തവള
- പുറപ്പാടു്
- 30 നവ കവിതകള്‍
- പാട്ടു കെട്ടിയ കൊട്ട
- ഒട്ടിച്ച നോട്ട്
- കണ്ണിലെഴുതാന്‍
- ഇരുട്ടു് പിഴിഞ്ഞു്
- ചെന്നിനായകത്തിന്റെ മുലകള്‍ (എഡിറ്റര്‍)
- സെബാസ്റ്റ്യന്റെ കവിതകള്‍
- ചൂള പൊതികൾ
- നിശ്ശബ്ദതയിലെ പ്രകാശങ്ങൾ
- നടനം തന്നെ ജീവിതം (ജീവചരിത്രം)
- Guru Gopalakrishnan—A Memoir of a Life in Dance.
ചിത്രങ്ങൾ: വി. മോഹനൻ