മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരൻ (1873–1924) മഹാകവി പട്ടം സമ്മാനിച്ചതു് മദിരാശി സർവ്വകലാശാലയാണു്, 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേരു് സമൂഹം നൽകിയതാണു്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ഉന്നതനായ കവിയുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്കു് ഊന്നൽ കൊടുത്തുകൊണ്ടു് അതിഭൗതികതയിൽ ഭ്രമിച്ചു് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്കു് നയിച്ചയാളാണു് കുമാരനാശാൻ. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണു്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനു പകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്തു് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണു് അവലംബിച്ചതു്.
തിരുവനന്തപുരത്തിനു് വടക്കുള്ള ചിറയിൻകീഴ് താലൂക്കിൽ കായിക്കര ഗ്രാമത്തിൽ ഒരു വണിക കുടുംബത്തിലാണു് ആശാൻ 1873 ഏപ്രിൽ 12-നു് ജനിച്ചതു്. അച്ഛൻ പെരുങ്ങുടി നാരായണൻ, അമ്മ കാളി. കുമാരൻ ഒൻപതു് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് മലയാള ഭാഷകളിൽ വിശാരദനായിരുന്നു, കൂടാതെ കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ കുമാരനും പാരമ്പര്യമായി കിട്ടിയിരുന്നു. കുമാരന്റെ താൽപ്പര്യം പരിഗണിച്ചു് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ചു് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ–തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണു് കുമാരൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയതു്. ഏതാനും സ്തോത്രങ്ങൾ ഇക്കാലത്തു് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി.
1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായ ഭാനുമതി അമ്മ, 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണു് ഭാനുമതി അമ്മ മരണമടഞ്ഞതു്.
കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണ ഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീടു് സന്ദർശിച്ചപ്പോൾ, കുമാരൻ അസുഖം മൂലം ശയ്യാവലംബിയായിരുന്നു. അതു് കണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്നു് നിർദ്ദേശിച്ചു. അങ്ങിനെയാണു് കുമാരൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിനു് തുടക്കം കുറിക്കുകയും ചെയ്യുന്നതു്.
കുമാരന്റെയും ഗുരുവിന്റെയും സംയോഗത്തിനു് നരേന്ദ്രന്റെയും പരമഹംസന്റെയും കണ്ടുമുട്ടലുമായി സമാനതകളേറെയാണു്, ഒരു വ്യത്യാസമൊഴികെ. നരേന്ദ്രൻ പൂർണ്ണസന്യാസം സ്വീകരിച്ചപ്പോൾ, കുമാരൻ അതിനു തയ്യാറായില്ല, പ്രത്യുത ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവെ തന്നെ കാവ്യ-സാഹിതീ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്ണതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം, 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി കുമാരനെ ബാംഗ്ലൂർക്കു് നിയോഗിച്ചു. തർക്കം ഐച്ഛികമായെടുത്തു് പഠിച്ചുവെങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരി പഠനത്തിനു പോവുകയുണ്ടായി. ഇവിടെവെച്ചു് കാവ്യസാധന തുടരുവാൻ അന്നു് സംസ്കൃതാദ്ധ്യാപകനായിരുന്ന മഹാമഹോപാദ്ധ്യായ കാമഖ്യനാഥ് പ്രോൽസാഹിപ്പിക്കുകയും ഒരുനാൾ കുമാരൻ ഒരു മഹാകവി ആയിത്തീരുമെന്നു് പ്രവചിക്കുകയും ചെയ്യുകയുണ്ടായി.
ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം” തുടങ്ങിയവ ഭക്തിരസ പ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചതു് “വീണപൂവു്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേടു് എന്ന സ്ഥലത്തു് തങ്ങവെ, 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണു് വീണപൂവു്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിതു്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിനു് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണു്. അടുത്തതായിറങ്ങിയ “പ്രരോദനം” സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീടു് പുറത്തുവന്ന ഖണ്ഢകാവ്യങ്ങളായ “നളിനി”, “ലീല”, “കരുണ”, “ചണ്ഢാലഭിക്ഷുകി”, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത”യിലാണു് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നതു്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. “ബുദ്ധചരിതം” ആണു് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റു് ഓഫ് ഏഷ്യ” എന്ന കാവ്യത്തെ ഉപജീവിച്ചു് എഴുതിയ ഒന്നാണിതു്. പിൽക്കാലങ്ങളിൽ ആശാനു് ബുദ്ധമതത്തോടു് ഒരു ചായ്വുണ്ടായിരുന്നു.
കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്തു് നിന്നും ആലപ്പുഴയ്ക്കു് ബോട്ടിൽ യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി, അതിൽ കുമാരനാശാന്റെ മരണവും സംഭവിച്ചു.
സായാഹ്ന പ്രസിദ്ധീകരിച്ച കുമരനാശാന്റെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.