ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാർക്കുമേ
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാർത്തിയാൽ,
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ
അവ ദുർവിധിതന്റെ ധൂർത്തെഴും
മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.
അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും
അഴലിന്നു മൃഗാദി ജന്തുവിൽ
പഴുതേറീടിലു, മെത്തിയാൽ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോൾ;
നിഴലിൻവഴി പൈതൽപോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടൻ
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.
ക്ഷണമാത്രവിയോഗമുൾത്തടം
വ്രണമാക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാൽ
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ
ഉദയാസ്തമയങ്ങളെന്നി,യെൻ-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിർവീശി വിളങ്ങിനിന്ന വെൺ-
മതിതാനും സ്മൃതിദർപ്പണത്തിലായ്.
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാൽ
അഴൽപോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാൽ.
സ്വയമന്നുടൽ വിട്ടിടാതെ ഞാൻ
ദയയാൽ ഗർഭഭരം ചുമക്കയാൽ
പ്രിയചേഷ്ടകളാലെനിക്കു നിഷ്-
ക്രിയയായ് കൗതുകമേകിയുണ്ണിമാർ.
കരളിന്നിരുൾ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ
നരജീവിതമായ വേദന-
യ്ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ.
സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.
പരമിന്നതുപാർക്കിലില്ല താൻ
സ്ഥിരവൈരം നിയതിക്കു ജന്തുവിൽ
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.
വിനയാർന്ന സുഖം കൊതിക്കയി-
ല്ലിനിമേൽ ഞാൻ - അസുഖം വരിക്കുവൻ;
മനമല്ലൽകൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.

മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരൻ (1873–1924) മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്, 1922–ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ഉന്നതനായ കവിയുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്ക കൃതികളും നീണ്ട കഥാകഥനത്തിനു പകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.
(വിക്കിപ്പീഡിയയിൽ നിന്ന് സ്വതന്ത്രമായി ആശയാനുവാദം ചെയ്തത്, ചിത്രങ്ങൾക്കും കടപ്പാടു്.)