അപരിചിതവും അപ്രാപ്യവുമായ ഭൂഖണ്ഡങ്ങളെത്തേടുന്നപോലെ വിശ്വനാഥൻ കഴുത്തു് ശക്തിയായി വെട്ടിച്ചു. ഇടയ്ക്കിടക്കു് തലചൊറിഞ്ഞു. ഭൂമിയിൽ ഇറങ്ങുമ്പോഴെല്ലാം ഉടുമുണ്ടു് ഇടയ്ക്കിടയ്ക്കു് പൊക്കിയുടുത്തു. ആടിയുലയുന്ന കവുങ്ങിൽ നിന്നു് അടുത്തതിലേക്കു്, അതേ രീതിയിൽ അതിന്നടുത്തതിലേക്കു്. ഒരു പത്തടിയോളം വിട്ടുവിട്ടാണു് കവുങ്ങുകൾ. കവുങ്ങിൻ തോട്ടത്തിൽ നിറഞ്ഞു നിൽക്കുന്ന പച്ചപ്പുണ്ടെങ്കിലും അടുത്തുള്ള തോടാകെ വറ്റി വരണ്ടിരിക്കുന്നു. ദൂരെ കുന്നിൻ പുറത്തു് അനേകം വെളുത്ത വലുതും ചെറുതുമായ മാളികകൾ, നേരത്തെ അവിടം നിറയെ ചെറുമൻ ചാളകളായിരുന്നു എന്നു് ആ നില്പിലും വിശ്വൻ ഓർത്തു. വേഗത്തിന്റെ ഒരനുപാതം കൃത്യമായി സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരു കവുങ്ങിൽ നിന്നു് മറ്റൊന്നിലേക്കുള്ള ആ പ്രയാണത്തിൽ അടയ്ക്ക പറിക്കുക എന്ന ദൗത്യം പാടേ മറന്നുപോയല്ലോ എന്നു് പിന്നീടാണു് അയാൾ തന്നെ ഓർത്തതു്. മതിഭ്രമത്തിന്റെ തുടക്കത്തിലുണ്ടാവുന്ന ഒരു തരം സ്റ്റാർട്ടിങ്ങ് ട്രബിളിൽ, ഒരു കവുങ്ങിന്റെ അറ്റത്തു് താനിനി മനുഷ്യനിൽ നിന്നു് കുരങ്ങാവാനുള്ള വല്ല പ്രയാണത്തിലുമായിരിക്കുമോ എന്ന ആന്തലുമായി അൽപ്പനേരം ഇരുന്നപ്പോഴാണു് പെട്ടെന്നു് മഴ പെയ്തതു്. സത്യത്തിൽ മഴയേക്കാൾ കൂടുതൽ ഇടിമിന്നലുണ്ടായിട്ടും ആണാണെങ്കിൽ അയാളവിടെ നിന്നു് താഴെയിറങ്ങിയില്ല. പക്ഷേ, മഴ പെയ്തു് തീർന്നപ്പോൾ അയാളുടെ ആ ചെയ്ത്തിൽ അയാൾ ദൈവത്തോടു് കരളുരുകി വയറുരുകി നന്ദി പറഞ്ഞു. കാരണം അതു് വെറുമൊരു പെയ്ത്തായിരുന്നില്ലെന്നും ആ മഴയ്ക്കു് എന്തോ വലിയ സവിശേഷത ഉണ്ടായിരുന്നെന്നും വിശ്വനു് പെട്ടെന്നു് തന്നെ മനസ്സിലായി. ആ പെയ്ത്തോടെ പൊത്തിൽ നിന്നു് പാമ്പുകൾ ഇറങ്ങി വന്നു, വലിയവയും ചെറിയവയും പത്തിയുയർത്തിയവയും പത്തി താഴ്ത്തിയവയും പടം പൊഴിച്ചുകൊണ്ടിരിക്കവേ ഇറങ്ങിപ്പോന്നവയുമെല്ലാമുണ്ടായിരുന്നു അതിൽ. എവിടെ നിന്നെന്നു് പോലുമറിയാതെ നീർനായ്ക്കളും ആമകളും കൊക്കുകളും മുയൽക്കുഞ്ഞുങ്ങളും, നേരം പകലാണെന്നു് പോലും മറന്ന വവ്വാലുകളും ഇറങ്ങി വന്ന കൂട്ടത്തിലുണ്ടായിരുന്നു. എണ്ണിയാൽ തീരാത്തത്ര കൂറ്റൻ ഒച്ചുകളും. അയാൾ ആ കാഴ്ച്ച പരിഭ്രമത്തോടെ നോക്കിനിൽക്കെ ടീച്ചർമാർ അടക്കി നിർത്തിയ സ്ക്കൂൾ കുട്ടികളുടെ ഒരു വരി പോലെ അവരെല്ലാം കൃത്യമായ അകലം പാലിച്ചു കൊണ്ടു് വളരെ ശാന്തരായി കവുങ്ങിൻ പുറത്തിരിക്കുന്ന ചീനക്കോത്തു് വിശ്വനാഥനെ തലയുയർത്തി ഒരു നോട്ടം നോക്കി അയാൾ നിൽക്കുന്ന കവുങ്ങിൻചോട്ടിലേക്കു് നടക്കാനാരംഭിച്ചു. ഭയം മൂലം പൊടുന്നനെയയാൾ കണ്ണുകൾ മുറുക്കിയടച്ചു് വർദ്ധിച്ച ഹൃദയമിടിപ്പോടെ കൈവിട്ടു. അയാൾ നിലം പതിച്ചതും ചെന്നായ്ക്കൾ ഓരിയിട്ടതും ഒരുമിച്ചായിരുന്നു. കണ്ണുതുറന്നു് ആദ്യം നോക്കിയതു് പറിക്കണമെന്നു് മനസ്സിൽ കരുതിയ കവുങ്ങിൻ പൂക്കുല കയ്യിലുണ്ടാേ എന്നാണു്. ശരീരം ചൂടായിരിക്കുന്നു, നല്ല തലവേദനയുമുണ്ടു്. വിശ്വനാഥൻ ഉടുമുണ്ടഴിച്ചു് കിടക്കയിൽ നിന്നും എഴുന്നേറ്റു് നിന്നു. പിന്നെ മുണ്ടെടുത്തുടുത്തു് കിടക്കയിലേക്കു തന്നെ തളർന്നിരുന്നു. അയാൾക്കപ്പോൾ താൻ അനന്തമായ ആകാശത്തിലൂടെ പറന്നുപോകുന്നതായി തോന്നി.

മുറിയ്ക്കു് പുറത്തിറങ്ങിയ വിശ്വനാഥൻ കാവിയിട്ട നീണ്ട വരാന്തയുടെ അങ്ങേത്തലയ്ക്കൽ നിലത്തേക്കു് കുമ്പിട്ടു് നോക്കിക്കൊണ്ടു് തറയിലിരിക്കുന്ന ഭാര്യയെയും മകളെയുമാണു് കണ്ടതു്. വിറയ്ക്കുന്ന കാലുകളോടെ അയാളും അവരുടെ അടുത്തേക്കു് ചെന്നു് കുനിഞ്ഞു നിന്നുകൊണ്ടു് അവർ നോക്കുന്നിടത്തേക്കു് നോക്കി. വരിവരിയായി നിരനിരയായി പത്തിരുപത്തഞ്ചു് മുട്ടൻ പേനുകൾ. അമ്മയും മകളും കൂടി മത്സരത്തിലേർപ്പെട്ട പോലെ അവയെ കൊല്ലാൻ തുടങ്ങുകയാണെന്നു് കണ്ടു് നേരത്തെയുണ്ടായിരുന്ന വിറയൽ കൂടിയെന്നേയുള്ളൂ, കുറഞ്ഞില്ല. അയാൾ മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്തു വെച്ചു.
ഭാര്യ ഹരിതയുടെ ചോദ്യങ്ങൾക്കൊന്നും ഭർത്താവു് വിശ്വനാഥൻ ഉത്തരം പറഞ്ഞില്ല. അയാൾ വന്യമായൊരു സ്ഥലത്തുകൂടെ തേരുരുളുന്നതായും അപ്പോൾ അതിന്നടിയിൽ ചതഞ്ഞരയുന്ന കല്ലുകളെയും ദിവാസ്വപ്നം കണ്ടു.
ചീനക്കോത്തു് വിശ്വനാഥൻ, വയസ്സു് 41. പൂരുരുട്ടാതി നക്ഷത്രം. നാട്ടിലുള്ള ആശുപത്രികളിലോ വൈദ്യശാലകളിലോ ഒന്നും തന്റെ രോഗവിവരം പറയാതെ പത്തുമുപ്പതു് കിലോമീറ്റർ ദൂരെയുള്ള കോഴിക്കോടു് മെഡിക്കൽ കോളേജിലേക്കു് പനിവിവരവുമായി വണ്ടി കയറി. ആ തീരുമാനത്തിലേക്കെത്താനുള്ള കാരണങ്ങളിലേക്കയാൾ നിമിഷംപ്രതി ശ്രദ്ധാലുവായിരുന്നു. പക്ഷേ, വീട്ടിൽ നിന്നിറങ്ങാൻ നേരം അടുക്കളയിലെ വാഷ്ബേസിൻ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ചു് ചേരി കൊണ്ടു് കഴുകി വൃത്തിയാക്കിക്കൊണ്ടിരുന്ന ഭാര്യയെ കഴിയാവുന്നത്ര തന്നോടടുപ്പിച്ചു് പിടിച്ചു് അവരുടെ വിയർപ്പിലും അഴുക്കിലും മുങ്ങിയ പുറം കഴുത്തിൽ അമർത്തിചുംബിച്ച ആ നിമിഷം അയാളുടെ സൂക്ഷ്മതയ്ക്കു് ആഴത്തിൽ ഇളക്കം തട്ടി. ഭാര്യ പരിഭ്രാന്തയായി, കൂടെ ഭർത്താവും. ഹരിത വാഷ്ബേസിനും ചേരിയും വിട്ടു് അടുത്തു് വകയിലുള്ളൊരു പെങ്ങളുടെ വീട്ടിലേക്കു് ഓടി. അവിടെയാകട്ടെ അപ്പോൾ, ഉയരത്തിലേക്കു് വളർന്ന മുരിങ്ങമരം വെട്ടാൻ കെ. എസ്. ഇ.ബ̇ി.-യിൽ നിന്നു് ആൾക്കാർ വന്നിരുന്ന സമയമായതുകൊണ്ടു് കണ്ടുംകേട്ടും മുരിങ്ങാക്കോലു് പെറുക്കാൻ വന്നവരായിരുന്നു ചുറ്റിലും. എങ്കിലും നാത്തൂനു് നാത്തൂനെ കണ്ടപ്പോൾ വലിയ സന്തോഷമായി.
‘ഇഞ്ഞി വന്നതു് നന്നായി. അല്ലെങ്കിൽ മുരിങ്ങാക്കോലു് കൊണ്ടോരാൻ ഞാനെറങ്ങേണ്ടി വന്നേനേ’
ചുറ്റിലും അയൽക്കാരുള്ളതു് കാരണം ഹരിതയ്ക്കു് വന്ന കാര്യം പറയാനായില്ല. അതു് മനസ്സിലാക്കിയ നാത്തൂൻ പറഞ്ഞു
‘ഇഞ്ഞി പ്പം പൊരേലേക്കു് പൊയ്ക്കോടീ. ഇതെല്ലാം ഒന്നടുക്കിപ്പെറുക്കി വെച്ചിട്ടു് ഞാ ഫോൺ ചെയ്യാം’
അവൾ അവിടെയിരുന്നും വിശ്വനാഥൻ മെഡിക്കൽ കോളേജിലിരുന്നും ഉരുകി. തിരിച്ചെത്തിയ ഹരിത ചോറു് പോലും വെക്കാതെ ചിന്തയിൽ മുഴുകിയിരുന്നു. പുറം കഴുത്തു് ഉമ്മയാൽ തിണർത്തു് പൊന്തിയ പോലെ തോന്നിയ അവൾ ഇടയ്ക്കിടയ്ക്കു് അവിടെ തൊട്ടുനോക്കിക്കൊണ്ടു് തലേന്നത്തെ ചോറും രാവിലെ വെച്ച തക്കാളിക്കറിയും ഉറ ഒഴിക്കാൻ മാത്രം ബാക്കി വെച്ചിരുന്ന തൈരുമെടുത്തു് കുഞ്ഞുങ്ങൾക്കു് ഉച്ചഭക്ഷണം കൊടുത്തിട്ടു്, പോയി തന്റെ ഭൂതകാലത്തിന്റെ പായലിലേക്കും പടർപ്പിലേക്കും ഏന്തിനോക്കി കുനിഞ്ഞിരുന്നു.

വയനാട്ടുകാരിയായിരുന്നു ഹരിത. വയനാട്ടുകാരിയെന്നു പറഞ്ഞാൽ വയനാട്ടിലേക്കു്, രണ്ടു തലമുറ മുമ്പു് കുടിയേറിയ ഒരാശാരി കുടുംബം. പിന്നീടവർ കുലത്തൊഴിൽ വിട്ടു് കൃഷിക്കാരാവുകയായിരുന്നു. അല്പമുള്ള സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത കുറെയധികം ഭൂമിയിലും അവളുടെ കുടുംബവും രാപ്പകലില്ലാതെ അധ്വാനിച്ചു പോന്നു. വലിയ സമ്പന്നരല്ലെങ്കിലും ഇളയ സന്തതിയായി വലിയ കഷ്ടപ്പാടൊന്നുമറിയാതെ അങ്ങനെ സ്വൈരവിഹാരം ചെയ്തുകൊണ്ടിരിക്കുന്നതിന്നിടയിലാണു്, ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ പതിനേഴിന്റെ അവസാന പാദത്തിൽ ശാന്തമായൊരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന സമയത്താണു്, കല്ല്യാണാലോചന ഇടിത്തീപോലെ അവളിൽ പതിക്കുന്നതു്. അഞ്ചര-ആറടി പൊക്കവും ചന്തി വരെ നീളുന്ന ചുരുണ്ടു് ഇടതൂർന്ന മുടിയും അല്പം വീതിയുള്ള ഉടലും ഉയർന്ന നാസികയും വിടർന്ന ചിരിയും സദാസമയം അവളുടെ കണ്ണുകളിൽ തിളങ്ങുന്ന കനിവിന്റേതായൊരു തിളക്കവും, എല്ലാം കൂടി കണ്ടാണു് വിശ്വനാഥന്റെ അമ്മ ഗോമതിയമ്മക്കു് അവളെ ശരിക്കും പിടിച്ചതു്. ഒരു ബന്ധുവിന്റെ കല്ല്യാണത്തിനു് പോയതായിരുന്നു അവർ.
‘നിത്യപ്പട്ടിണിയില്ലാന്ന് മാത്രം. ഇവരാണെങ്കിൽ ങ്ങളൊക്കെ പറഞ്ഞ് കേട്ടിടത്തോളം പ്രഭുക്കൻമാര്. പിന്നെന്താ ങ്ങനൊരു നോട്ടം?’
അതിനു് ഗോമതിയമ്മ തന്നെയാണു് അന്നു് മറുപടി പറഞ്ഞതു്.
‘ഓള് പെറന്ന ഐശ്വര്യം ഓളെ മൊഖത്ത്. ഞാക്ക് അത് മതി. പിന്നെ കർഷക കുടുംബല്ലേ. ആടെം ണ്ട് ഏക്കറ് കണക്കിന് പറമ്പ്’
‘കഴിഞ്ഞ കൊല്ലത്തെപ്പോലെ ഇക്കുറിയും വിള നന്നായാ മതിയായ്ഞ്ഞ്’
മോളെ കല്ല്യാണം ഉറപ്പിച്ചു് കൂട്ടരു് ഇറങ്ങിപ്പോയതിനു തൊട്ടുശേഷം അവളുടെ അച്ഛൻ പറഞ്ഞ കാര്യപ്പെട്ട കാര്യം ഇതായിരുന്നു.
ഇത്ര നാളു് കഴിഞ്ഞിട്ടും അവൾക്കു് ആ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായിട്ടില്ല.
വയനാട്ടുകാരി ആശാരിച്ചിയുടെ അകപ്പൊരുളിൽ നിന്നു്, കേരളത്തിന്റെ വടക്കുംഭാഗത്തൊരു ഗ്രാമത്തിലെ പ്രശസ്തമായൊരു നായർ തറവാട്ടിലേക്കു് അവളുടെ ഇത്തിരിപ്പോന്ന സ്വത്വത്തെ എടുത്തെറിയപ്പെട്ടപ്പോഴും പ്രത്യക്ഷത്തിൽ (ആദ്യത്തിൽ) വലിയ മാറ്റമൊന്നുമുണ്ടായില്ല. പക്ഷേ, ആദ്യത്തേതിനെ പള്ളേലായി പ്രസവിക്കുന്നതിനു് മുമ്പേ തന്നെ ഈ ത്യാഗത്തിന്റെ കാരണം പാൽക്കാരി അമ്മാളു അവളെ തഞ്ചത്തിനു് കിട്ടിയപ്പോൾ പറഞ്ഞുകൊടുത്തു.
‘ചീനക്കോത്തു് തറവാട്ട്ല് ആണായി പെറന്നോരാണെങ്കിൽ, നാല്പതിനു മുമ്പ് കിറുക്ക്വരും. വന്നിരിക്കും. അത് അച്ചട്ടാ. ഓന്റെ അച്ഛനും അച്ഛന്റെ ഏട്ടനും ഒക്കെ അങ്ങനെ ണ്ടായ്നു. അതില് എണ്ണിപ്പറയാവുന്ന ചെലർക്കൊന്നും വന്നിട്ടും ല്ല. അതൊക്കെ കെട്ടി കൊണ്ടോരുന്ന പെണ്ണ്ങ്ങളെ ഭാഗ്യം പോലിരിക്കും. നാലഞ്ച് കൊല്ലായി തെരയുന്ന്. വിട് ന്നൊന്നും അങ്ങോട്ടേക്കാരും പെണ്ണും കൊടുക്കൂല, പെടക്കോഴീം കൊടുക്കൂല. ന്റെ മോളേ… ന്നാലും ഞ്ഞൊരു അറവ് കാളയായ് പോയല്ലോ. പിന്നെ ഓല് ഭൂമീന്റെ കണക്കൊന്നും പറയണ്ട. വിറ്റും പുട്ടടിച്ചും ഭ്രാന്തിന് ചികിത്സിച്ചും ഉള്ളതില് മുക്കാലും പോയി’
ഹരിതയിൽ നിന്നു് അന്നുമുതൽ സ്വന്തം ഭാഷയും ദേശവും എന്തിനു് പുഞ്ചിരി പോലും അന്യം നിന്നു് പോവുകയും ആ സ്ഥലത്തു് കാലക്രമേണ സദാ വിറങ്ങലിച്ച മറ്റൊരുവൾ രൂപപ്പെട്ടു വരികയും ചെയ്തു. അവൾ, അവൾക്കു് തന്നെ അപരിചിതയായി. അമ്മായിയമ്മ, ഗോമതിയമ്മ പക്ഷേ, ആ കുടുംബം അവൾക്കു് വേണ്ടി സഹിച്ച ത്യാഗത്തിന്റെ കഥ പറഞ്ഞു് എന്നും അവൾക്കു മുന്നിൽ കാലും നീട്ടിയിരുന്നു് മഹാഭാരതം വായിച്ചു. അന്നൊരിക്കൽ അവർ അവളെപ്പറ്റി പറഞ്ഞ പരാതി കേട്ടു് അവൾ അന്തം വിട്ടു് ചിരിക്കണോ, കരയണോ എന്നറിയാതെ നിന്നുപോയിട്ടുണ്ടു്.
‘ഓക്ക് കക്കൂസിൽ പോയാൽ കൊറേ നേരം വേണം. അത് ന്താ വയനാട്ട്കാര്ക്കു് ചൊരം എറങ്ങ്ന്ന നേരം എടുക്കോ ദിനും’
അടിമകളുടെ വിനിമയത്തിനു് ഭാഷ ആവശ്യമില്ലെന്നു് ഹരിത എവിടെയോ കേട്ടിരുന്നു. ഹരിത പോകെപ്പോകെ മിണ്ടാൻ തന്നെ മടിച്ചു.

എങ്കിലും അവളുടെ സ്നോഹവാത്സല്യങ്ങൾ ഇല്ലാതാക്കിയവർക്കെതിരെ ചിലപ്പോഴൊക്കെ വിഷജന്തുക്കൾ അവളിലും പെറ്റുപെരുകാതിരുന്നില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവൾക്കു് ആ തറവാട്ടിൽ ഏറ്റവും ഇഷ്ടമുള്ള കുടുംബക്ഷേത്രത്തിനു സമീപമായോ പശുക്കളോടൊപ്പമോ സമയം ചിലവഴിച്ചു. ഗൗരവക്കാരനായിരുന്ന വിശ്വനാഥനു് അവളോടു് സ്നേഹമുണ്ടായിരുന്നെങ്കിലും അയാൾക്കതു് പ്രകടിപ്പിക്കാനറിയില്ലായിരുന്നു. അയാൾക്കു് അവളോടുള്ള സ്നേഹം മുഖ്യമായും മൂന്നു കാര്യങ്ങളിലൂടെയാണു് ഈ കാലങ്ങൾക്കിടയിൽ പ്രകടിപ്പിക്കപ്പെട്ടതു്. അതു് അയാളുടെ നിലപാടനുസരിച്ചു് അവളെ ചേർത്തുനിർത്തൽ കൂടിയായിരുന്നു, മറ്റാർക്കും വിട്ടുകൊടുക്കാത്ത രീതിയിൽ സ്വന്തമാക്കൽ കൂടിയായിരുന്നു.
1. പ്രീഡിഗ്രി പഠിത്തം കഴിഞ്ഞയുടൻ കല്ല്യാണം കഴിപ്പിച്ചയച്ച അവളെ തുടർന്നു് പഠിപ്പിക്കാമെന്നേറ്റിരുന്നു അയാൾ. ആ വാക്കു് മാറ്റി രണ്ടാം മാസം തന്നെ ബോധപൂർവ്വം അവളെ ഗർഭിണിയാക്കി.
2. മൂത്തതു നടന്നു തുടങ്ങിയപ്പോഴേക്കും അടുത്തതിനെ പള്ളേലാക്കി.
3. എൽ. ഡി. ക്ലർക്കായിരുന്ന അയാൾ സർക്കാർ ഉദ്യോഗം തന്നെ രാജി വെച്ചു് മുഴുവൻ സമയ കൃഷിക്കാരനായി.
ഇതു മൂന്നും അയാളുടെ കർക്കശസ്വഭാവം കൊണ്ടു തന്നെ അവൾക്കു് അസഹനീയമായാണു് അനുഭവപ്പെട്ടതു്. എങ്കിലും കുട്ടികളായിപ്പോയതിനാലും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ‘ഉണ്ണാനും ഉടുക്കാനും കിടക്കാനും ഭേഷായിട്ടു് കിട്ടുന്നുല്ലോ’ എന്ന ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ചും അവൾ ഒരു കുറ്റവും ആരോടും പറയാൻ പോയില്ല. എങ്കിലും അവളുടെ കണ്ണുകൾ വർഷങ്ങൾക്കിപ്പുറം പലപ്പോഴും ചത്തതായി തോന്നിച്ചു, ചുണ്ടിൽ പുഞ്ചിരിയുള്ള കണ്ണു് ചത്ത ഒരുവൾ. അന്നാദ്യമായി അവൾക്കു് കിട്ടിയ ചുംബനത്തെയും ഓർത്തുകൊണ്ടിരിക്കുമ്പോഴാണു് ഗോമതിയമ്മ മരണക്കിടക്കയിൽ കിടന്നു് അവസാനമായി അവളോടു പറഞ്ഞതു് ഓർമ്മ വന്നതു്
‘ഞാ നെഞ്ഞെ ചതിച്ചൂന്ന് തോന്നീട്ടുണ്ടാവും നെനക്ക്. എന്നാ ഞാന്റെ ജീവിതത്തില് ഏറ്റവും സന്തോഷത്തോടെ ജീവിച്ചെ വിശ്വന്റെ അച്ഛന് ശരിക്കും നൊസ്സായേന് ശേഷം തന്ന്യാ. അത് എന്നേലും വിശ്വന് അങ്ങനെ ന്തേലും ണ്ടായാ നെനക്ക് മനസ്സിലായ്ക്കോളും. ആൾക്കാര് പറയും പോലല്ല. ഇഞ്ഞ് പ്രാർത്ഥിക്കു് ഓന് അരപിരി ലൂസാവട്ടേന്ന. ഒന്നോണ്ടും പേടിക്കേണ്ട ഓന് ഭ്രാന്തായില്ലേല് നെന്റ ഭാഗ്യം. ഇനി ഭ്രാന്തായാ നെന്റെ മഹാഭാഗ്യം’.
മനസ്സു് ചുരം കയറി ചെങ്കുത്തായ മലനിരകൾ
ഏങ്കോണിച്ചു കിടക്കുന്ന താഴ്‌വരകൾ
വെട്ടിത്തെളിയിച്ച വെളിസ്ഥലങ്ങൾ
താഴേക്കു് നോക്കുമ്പോഴുള്ള കറുത്ത സർപ്പങ്ങൾ-
ഇടകലർന്ന അഗാധത.
കഴുത്തിൽ മഫ്ലറിന്റെ ഇറുക്കം.
മനസ്സു് ചുരമിറങ്ങി
കാട്ടുകുരങ്ങുകളുടെ വന്യത
താഴെ നിന്നു് വരുന്ന ബസ്സുകളും ലോറികളും-
കാട്ടുറുമ്പുകളും കാട്ടുനീറുകളും
കുറ്റിക്കാടുകളുടെ വന്യത
കാട്ടുതീയിൽ കരിഞ്ഞ മരങ്ങളുടെ ജീവനുള്ള
പാടുകൾ.
അവൾക്കു് മനസ്സിലായി ഇനിയും വ്യക്തമായിട്ടില്ലാത്ത എന്തൊക്കെയോ തന്റെ ചുറ്റും ചൂളം വിളിച്ചു് ചുറ്റിക്കറങ്ങുന്നുണ്ടെന്നു്.
അതേതു് നിമിഷവും ഊക്കോടെ ഉറപ്പോടെ മുന്നിൽ വന്നു നിൽക്കുമെന്നു്.

രണ്ടു മൂന്നു് ഉറുമ്പുകൾ. മൂന്നേ മൂന്നു് ഉറുമ്പുകൾ. പത്തിരുപതു് മിനുട്ട് ഉറുമ്പു് പാതകൾക്കിടക്കു് കൈ കൊണ്ടു വെച്ചിട്ടു് കയറിയ അവ, കൈവെള്ളയിലൂടെ കയറി കൈപ്പത്തിയുടെ ഒത്ത നടുക്കെത്തി അന്ധാളിച്ചു നിന്നു. വിശ്വൻ അവരെ ചെറുതായൊന്നു് ഊതിനോക്കി.
രക്ഷയില്ല. കൂടുതൽ പറ്റിപ്പിടിച്ചതേയുള്ളൂ. പെട്ടെന്നു് പ്രാണഭീതിയിലാവണം, അതിലൊന്നു് (രണ്ടോ) നന്നായിട്ടൊന്നു് കടിച്ചു. കൈയിന്റെ ഉള്ളം ചോന്നു-ചോന്നില്ല എന്ന പരുവത്തിലായി. അയാൾക്കു് തല വേദനിച്ചു. കയ്യിലിരിക്കുന്ന ഉറുമ്പുകളെ തട്ടിക്കളഞ്ഞിട്ടു് വിശ്വനാഥൻ ഓടി അടുക്കളയിൽ കയറി ഒരു ചൂട്ടും കത്തിച്ചു് ധൃതിയിൽ ഗേറ്റ് തുറന്നു് പാടവരമ്പത്തു് പോയി അവിടെയുണ്ടായിരുന്ന ഉറുമ്പിൻ കൂടുകൾക്കു് ഒന്നടങ്കം തീ വെക്കുകയും, അവസാനം കരിഞ്ഞ ഉറുമ്പുകളെ കണ്ടു് തല താഴ്ത്തി മൗനിയായി നിലയുറപ്പിക്കുകയും ചെയ്തു.
തലച്ചോറിലെ കോശങ്ങൾ ഛിന്നഭിന്നമായി. ആ നിന്നനിൽപ്പിൽ അയാൾക്കോർമ്മ വന്നതു് ‘തല പെരുക്കുന്നേ ഗോമതീ’ എന്നും പറഞ്ഞു് അമ്മയുടെ പഞ്ഞി പോലുള്ള വയറിൽ കെട്ടിപ്പിടിച്ചു് കരയുന്ന അച്ഛനെയാണു്. അയാൾ ഒരോട്ടം വെച്ചു കൊടുത്തു ഹരിതക്കടുത്തേക്കു്. പക്ഷേ, അവളെ കണ്ടതും സ്ഥലകാലാബോധം പോയപോലായി. പതിമൂന്നു് വയസ്സു്, അച്ഛന്റെ കണ്ണീരിന്റെ മണമുള്ള പച്ച കൈലി, ചിന്നിച്ചിതറിയ നോട്ടു ബുക്കുകൾ, ആദ്യം കണ്ട ഉജ്ജ്വലമായ പ്രണയരംഗം, ലോകം മുഴുവൻ നിശ്ശബ്ദമായിരിക്കുമ്പോൾ എവിടെ നിന്നോ സ്റ്റാർട്ടാക്കിയ ബുള്ളറ്റ്. ഓർമ്മകളാൽ വിശ്വൻ പരിഭ്രാന്തനായി. അച്ഛൻ ഏങ്ങലടിച്ചു കരയുന്നു, അമ്മ കണ്ണിലും മൂക്കിലും ചുണ്ടിലും തുരുതുരാ ഉമ്മ വെക്കുന്നു, ആശ്വസിപ്പിക്കുന്നു. അവരു് പരസ്പരം പുണരുന്നു, കരയുന്നു. കരയുന്നു പുണരുന്നു.
ചുറ്റിലും കൂടി നിന്ന ആൾക്കൂട്ടത്തെ അവരു് രണ്ടാളും കണ്ടതേയില്ല.

രണ്ടു ദിവസം കഴിഞ്ഞു് വിശ്വൻ ഉറുമ്പിൻ കൂട്ടത്തെ ഓർത്തു് പൊട്ടിപ്പൊട്ടിക്കരഞ്ഞു.
ഹരിത അന്നത്തെ ഉമ്മയൊക്കെ ഏതാണ്ടു മറന്നുപോയിരുന്ന സാഹചര്യത്തിൽ നിനച്ചിരിക്കാതെയാണു് ഒരു ദിവസം സന്ധ്യക്കു് രണ്ടു കണ്ടം അപ്പുറത്തുള്ള അവരുടെ തന്നെ പറമ്പിൽ നിന്നു് എന്തോ ആർപ്പും കൂക്കുവിളിയും കേട്ടതു്. ചെറുതായി വേനൽമഴയുള്ള സമയം. പോയി നോക്കിയപ്പോൾ അയൽക്കാരുടേതായ ചെറിയൊരാൾക്കൂട്ടം തന്നെയുണ്ടു്. കൂട്ടം കൂടിയവർക്കു് നടുവിലായി ദേസ്പാൽ എന്നു പേരുള്ള ഒരു ഒറീസ്സക്കാരനുമുണ്ടു്. അയൽക്കാരനായ ഒരു മുതലാളിയുടെ ശിങ്കിടിയായ അവന്റെ രണ്ടു കാലുകളും കൈകളും ബന്ധിച്ചിട്ടു് ഈർക്കിൽ കൊണ്ടും കൈക്കോട്ടിന്റെ അറ്റം കൊണ്ടും മറ്റും ചുറ്റിൽ നിന്നും പ്രകോപിപ്പിക്കുകയാണു് ആളുകൾ.
അവനാകട്ടെ, ഒരൊറ്റത്തവണ-ഒരൊറ്റത്തവണ മാത്രം അവന്റെ കറപിടിച്ച പല്ലുകളിൽ നിന്നു് എന്തോ തെറിപ്പിക്കാൻ പാകത്തിൽ എല്ലാവരെയും പല്ലിളിച്ചു് നോക്കി ചുണ്ടു് ഒന്നു് വക്രിച്ചു പിടിച്ചു. അപ്പോൾ അയൽക്കാരിൽ നിന്നൊരുവൻ ഓടിപ്പോയി ഒരു കൂറ്റൻ ഓലമടലുമായി തിരിച്ചെത്തി ദേസ്പാലിനെ അടിക്കാൻ തുടങ്ങിയപ്പോഴാണു് വിശ്വൻ മറുവശത്തു നിന്നു് ഓടിയെത്തി അതു് തടഞ്ഞതു്. അയൽക്കാർ അക്ഷരാർത്ഥത്തിൽ അന്തം വിട്ടു് മുഖത്തോടു് മുഖംനോക്കി. വിശ്വന്റെ മുഖത്തു നോക്കി ആർക്കും ചോദിക്കാനുള്ള ധൈര്യമൊന്നുല്ലെങ്കിലും ഒരുത്തൻ മെല്ലെയൊന്നു് പറഞ്ഞുനോക്കി
‘ദിപ്പം മൂന്നാമത്തെ തവണയാ ഓൻ പൂളേം ചേമ്പും കക്കാൻ വരുന്നേ?’
വിശ്വൻ അതു് കേട്ടതും പൂർവ്വാധികം ശക്തിയോടെ നേരെപ്പോയി രണ്ടു് മരച്ചീനിത്തുണ്ടുകൾ അപ്പാടെ എടുത്തു് കൊണ്ടു വന്നു് അതു് ദേസ്പാലിന്റെ കയ്യിൽ വെച്ചുകൊടുത്തു. പാലു് കറന്നുകൊണ്ടിരിക്കുന്ന സമയത്തു് ഇറങ്ങിപ്പോന്നതു് കൊണ്ടു് കയ്യിലുണ്ടായിരുന്ന ഒരു കുപ്പി പാലും. എന്നിട്ടു് ഹരിതയുടെ കൈയ്യും പിടിച്ചു് അയാൾ ധൃതിയിൽ അവിടെ നിന്നിറങ്ങിപ്പോയി. ആൾക്കൂട്ടം പിരിഞ്ഞുപോകാൻ പക്ഷേ, സമയമെടുത്തു. കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും അവർ പല വിധത്തിൽ കാര്യങ്ങളെ ഒന്നു കരയ്ക്കടുപ്പിക്കാനായി പണിപ്പെട്ടു. വാതരോഗികൾക്കും പ്രമേഹ രോഗികൾക്കും എന്തിനു് അവിടെയുണ്ടായിരുന്ന, കലശലായി ക്ഷീണമുായിരുന്ന ഗർഭിണികൾക്കു വരെ അല്പം ശമനമുള്ളതായി കാണപ്പെട്ടു. സകലരുടേയും അന്നത്തെ ഉറക്കം പോയി. ചിലർ ചിരിച്ചു, മറ്റു ചിലർ കരഞ്ഞു. വേറെ ചിലർ തുമ്മലു് വന്നു് മൂക്കിൻ തുമ്പിലിരിക്കുന്ന പോലെ എന്തിനെന്നറിയാതെ വെപ്രാളപ്പെട്ടു് അങ്ങോട്ടും ഇങ്ങോട്ടും നടന്നു് നേരം വെളുപ്പിച്ചു.

കഴിഞ്ഞ രണ്ടു തവണയും ദേസ്പാൽ അവിടെ നിന്നിറങ്ങിപ്പോയതു് രക്തച്ചാലുകളുമായിട്ടാണെന്നോർത്തപ്പോൾ ഹരിത തന്റെ കൈരേഖക്കുള്ളിലെ രഹസ്യപ്പുസ്തകത്തിൽ കുറിച്ചിട്ടു ചീനക്കോത്തു് പിന്തുടരുന്ന ആ ചീഞ്ഞ ശാപം തന്റെ ഭർത്താവിന്റെ രൂപത്തിൽ പുനർജനിച്ചിരിക്കുന്നെന്നു്. അവൾക്കു് ആദ്യം സംശയമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ ഉറപ്പായി. ഹരിത പകച്ചു, എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. മാറ്റങ്ങൾ പലതായിരുന്നു, ആത്യന്തികമായി അതിനോടു് പ്രതികരിക്കേണ്ടവൾ നിർഭാഗ്യവശാലോ ഭാഗ്യവശാലോ അവളും. അയാളിലുണ്ടായിരുന്ന ഒരു പ്രത്യേക തരം ആക്രമണോത്സുകത പൊടുന്നനെ നില്ക്കുകയും, കൃഷിക്കാരനായിരുന്നെങ്കിലും സദാസമയവും ചെരുപ്പിടുമായിരുന്ന അയാളുടെ കാലുകൾ ശൂന്യമായി കാണപ്പെടുകയും ചെയ്തു. പിന്നീടങ്ങോട്ടു് പലപ്പോഴും പലതായിരുന്നു അയാളവൾക്കു്. അച്ഛൻവാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന സമയങ്ങളിൽ സർവ്വഭാരവും ഇറക്കിവെച്ചു് അയാളുടെ ഇടതൂർന്ന പുരികക്കൊടികൾക്കിടയിലേക്കു് നോക്കി ആലസ്യത്തോടെ ഇരിക്കുകയും, മകന്റെ കുറുമ്പുമായി അയാൾ വരുമ്പോൾ ചെവി വട്ടത്തിൽ കറക്കി അതിലു് വിരൽപ്പാടുകൾ ഉണ്ടാക്കുകയും, ഉൻമാദാവസ്ഥയിലെത്തിക്കുന്ന രഹസ്യകാമുകനാകുമ്പോൾ ആ രഹസ്യസ്വഭാവം അവളിലേക്കും പടരുകയും അതു തുളുമ്പിത്തെറിച്ചാലോയെന്നോർത്തു് സദാസമയം പുഞ്ചിരി നിറഞ്ഞ ചുണ്ടുകൾ അവൾ കടിച്ചുപിടിക്കുകയും ചെയ്തു. ഒരേ സമയം അയാളവളിലേക്കു് ഒരു ശിശുവായും ഒത്തൊരു പുരുഷനായും പരന്നു, ചിലപ്പോഴൊക്കെ അവളുടെ പൊക്കിൾച്ചുഴിയിലേക്കു് ചുരുങ്ങിയിറങ്ങി അയാൾ ബാഹ്യലോകത്തെ തന്നിൽ നിന്നും പൂർണ്ണമായി അകറ്റിമാറ്റി.
ഒരിക്കൽ ഏതാണ്ടു് പുലർച്ചെ നാലുമണിക്കടുത്തു് മുറിയിൽ ലൈറ്റ് തെളിഞ്ഞതിനെ തുടർന്നു് കണ്ണുതുറന്നുപോയ അവൾ കണ്ടതു് അവൾക്കരികിലായി അവളെയും സൂക്ഷിച്ചു നോക്കിയിരിക്കുന്ന അയാളെയാണു്.
‘ഇനിക്ക് ന്നെ തന്നെ സഹായിക്കാനാകില്ലായിരുന്നു ഹരിതാ, പിന്നെങ്ങനാ നെന്നെ?’
‘ന്ത്?’
‘ഇനിക്കു് ന്നെത്തന്നെ സഹായിക്കാനാകില്ലായിരുന്നു ഹരിതാ. പിന്നെങ്ങനാ നെന്നെ’

ഇനിയും എന്തോ പറയാൻ ബാക്കിയുണ്ടായിരുന്നെങ്കിലും അയാളതു പറയാനാവാതെ വിക്കി. കുറെ സമയം അവളോടൊട്ടിച്ചേർന്നു് കിടന്ന ശേഷം അയാളവളേയും വിളിച്ചു് പുറത്തെ ഇരുട്ടിലേക്കിറങ്ങി. അപ്പോൾ അന്നാദ്യമായി ഹരിതയുടെയും വിശ്വന്റെയും പ്രണയകവാടത്തെക്കടന്നു്, അതിന്റെ ഗതി അൽപ്പനേരത്തേക്കു് മുറിച്ചു മാറ്റി കൊണ്ടു് ഒരുഗ്രൻ പാതിരാകാറ്റു് വന്നു. ഏതോ പുരാതനമായ കുളക്കടവിൽ നിന്നു്, തണുപ്പും രസമുകുളങ്ങളുമായി വന്നപോലായിരുന്നു അതിന്റെ വരവു്. തങ്ങളുടെ സ്വാതന്ത്രത്തിനു ഭംഗം വരുത്താനായി ആരോ കടന്നു വരുന്നുണ്ടോ എന്നു നോക്കിയ വിശ്വൻ അതൊരു കുസൃതിക്കാറ്റിന്റെ തേർവാഴ്ച മാത്രമാണെന്നു കണ്ടു് വീണ്ടും തങ്ങളുടെ പ്രണയകവാടത്തിലേക്കു് ഓടിയടുത്തു. അകലെ വിടരാൻ പോകുന്ന സുപ്രഭാതകിരണങ്ങളെ നിനച്ചു് അവരുടെ കൃഷ്ണമണികളും ഉൾച്ചുണ്ടുകളും പരസ്പരം സ്പർശിച്ചു.
അതിർത്തികളില്ലാത്ത വസന്തത്തെ നോക്കി അവന്റെ ഉള്ളവും ഉടലും വിടർന്നു. അവളാകട്ടെ, മഴയിലും മഞ്ഞിലും വെയിലിലും നിലാവത്തും വിരിയുന്ന വർണ്ണങ്ങളെ സ്വയം വിരിയിച്ചെടുത്തു. അവർ എല്ലാ ഋതുക്കളിലും വസന്തമാകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അന്നവിടെ ഊറിക്കൂടിയ പുലരിമഞ്ഞിൻതുള്ളികൾക്കു പോലും അവരുടെ മണമായി. പേരറിയാത്ത ഇരുപത്തെട്ടു തരം പൂക്കളും വരിനെല്ലിന്റെ മണവും ഇതിനെല്ലാം സാക്ഷിയായി അവർക്കരികിൽ നിന്നു. അയാൾക്കപ്പോൾ തോന്നി പ്രധാനപ്പെട്ട പലതും താൻ മറന്നുപോയതായിരുന്നുവെന്നു്. അനന്തരം, പണ്ടെന്നോ അഴിച്ചിട്ട പഴയൊരു ട്രൗസറിന്റെ കീശയിൽ നിന്നു് ഏറ്റവും പ്രിയപ്പെട്ട പലതും തപ്പിയെടുത്തയാൾ തന്റെ ഉള്ളം കയ്യിലേക്കു നിരത്തി വെച്ചു് കൊതിയോടെ നോക്കി നിന്നു. അപ്പോഴേക്കും സൂര്യൻ ഏതാണ്ടു് ഉദിച്ചു തുടങ്ങിയിരുന്നു.
‘നെന്റെ ഓന് ഇല്ലേ ആടെ?.’
‘ആ, ണ്ട് ’
‘ഓന് പ്പം ന്തേത്താ പണി?’
‘കൃഷിയും കാര്യങ്ങളും ഒക്കെത്തന്നെ’
‘ന്നാ ഓന്റെ കൃഷി ന്റെട്ത്ത് എറക്കോന്ന് പറഞ്ഞേക്കാണ്ടി ഇഞ്ഞി’
ഹരിത ചുറ്റിലും നോക്കി ആളുകൾ ശ്രദ്ധിക്കുന്നുണ്ടു്. അവൾ പരമാവധി ശബ്ദം കുറയ്ക്കാൻ പറഞ്ഞുനോക്കി. രക്ഷയില്ല. അവരു് നിന്നു് വീണ്ടും കയർക്കുകയാണു്. എങ്ങനെയോ ഹരിത ഒരു നാരങ്ങാവെള്ളം കുടിക്കാമെന്നും പറഞ്ഞു് തഞ്ചത്തിൽ ഒരു വശത്തേക്കു മാറിനിന്നു.
‘ഓന് ഇന്റെ വീട്ടിൽ വന്ന് ന്നോട് ന്തൊക്കെയാ കാട്ട്യേന്നറിയോ നെനക്ക്?’
നാരങ്ങാവെള്ളം ഒരിറക്കിറക്കി നബീസത്താ പിന്നെയും പറഞ്ഞുതുടങ്ങി.
‘ഓന് ഇക്കഴിഞ്ഞ ദിവസം ഇന്റെ പൊരേല് വന്നീണ്ടായ്ഞ്ഞ്. വാഴക്കന്നിനെങ്ങാനാണ്. ഞാനാണെങ്കി പൊരിഞ്ഞ വെയിലത്ത്ന്ന് എങ്ങനേലും തിരുമ്പി കേറാൻ നിക്കുന്ന സമയോം. കോലായിലേക്കു് കേറി ഇരിക്കാൻ പറഞ്ഞിട്ട് ഓൻ കേറും, പത്ത് സെക്കന്റ് കഴിഞ്ഞ് എറങ്ങും. അവസാനം തിരുമ്പല് മതിയാക്കി അതൊന്നാറിടാന്നും വിചാര്ച്ച് ഞാന് അയ്ലിന്റടുത്തേക്ക് ചെന്നതാ. നോക്കുമ്പം ണ്ട്… ന്താ പറയന്ന്ണ്ടേ ഇനിക്ക് പ്പോം ഒരു പിടുത്തോം ല്ല. ഓനും ന്റെ കൂടെ കൂട്ന്ന്. ന്തിനീന്ന് അറിയോ. ന്റെ അടിപ്പാവാടേം അതൂം ഇതൂം ഒക്കെ അയ്ല്ലേക്ക് എടുത്തിടാന്, ന്നെ സഹായിച്ചതാണ് പോലും. ഭ്രാന്ത് ഓനല്ല, ഇനിക്ക് വരൂന്നായിപ്പോയി. എറങ്ങിപ്പോയ്ക്കോളാൻ പറഞ്ഞ് ഇനി മേലിൽ ഇന്റെ പൊരേലേക്ക് കാലെടുത്ത് കുത്തരുതെന്നും. അടിപ്പാവാടേം പിട്ച്ച് ക്ക്ന്ന ഓനേം കണ്ട് ന്റെ ഇക്കെങ്ങാനും വന്നീനെങ്കില് ന്തായ്ഞ്ഞും ണ്ടാവാ. ഇറക്കി വിട്ടപ്പം ഓന്റെ തിരിഞ്ഞ് തിരിഞ്ഞ് ള്ള നോട്ടം ഒന്ന് കാണണ്ടതായിര്ന്ന്. ഒന്ന് സൂക്ഷിച്ചും കണ്ടും നിന്നാ എനക്ക് കൊള്ളാ ഹര്യേ’
ഹരിത നിഷ്കളങ്കമായി ഒന്നു ചിരിച്ചതേയുള്ളൂവെങ്കിലും അവൾക്കു മനസ്സിലായി വെട്ടുന്നതു് ചില്ലകളെയല്ല, ആഴത്തിലുള്ള വേരുകളെ തന്നെയാണെന്നു്.

ഒരു ദിവസം, കൃത്യമായി പറഞ്ഞാൽ അവരുടെ മരുമകനും ടീമും കെ. വി. വീജീഷ് സ്മാരക ഫൈവ്സ് ഫുട്ബോളിൽ രണ്ടാം സ്ഥാനവും ഇരുപത്തയ്യായിരവും വാങ്ങിവന്നതിന്റെ രണ്ടുനാൾ കഴിഞ്ഞു്. ‘ഒരു നല്ല ചട്ടിയിങ്ങെടുത്തോ ഹരീ’ എന്നും പറഞ്ഞാണു് അയാൾ കയറി വന്നതു്.
അവളതുമെടുത്തു് വരുമ്പോഴേക്കും അയാൾ തോർത്തുമുണ്ടെടുത്തുടുത്തു് തലേലു് ഒരു കെട്ടൊക്കെ കെട്ടി ഒരു വെപ്പുകാരന്റെ രൂപഭാവങ്ങളോടെ അവൾക്കു നേരെ വലിയൊരു ഞണ്ടിനെയും പൊക്കിക്കാണിച്ചുകൊണ്ടു് പുറത്തുള്ള കല്ലടുപ്പിന്നരികിൽ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. ‘ഇഞ്ഞി ആടെരിന്ന് ഞണ്ട് കറി ണ്ടാക്കുന്നെ നോക്കിപ്പഠിച്ചോ ട്ടോ’ എന്നും പറഞ്ഞു് അയാൾ തന്നെയാണു് അതു് വെട്ടിയതു്.
മുക്കാൽ കിലോയോളം ഞണ്ടു്. ഹോട്ടലിൽ നിന്നു് കഴിച്ചതല്ലാതെ അവളിതു വരെ ഞണ്ടു് വെച്ചു് കഴിച്ചിട്ടില്ല. വലിയൊരു കല്ലെടുത്തിട്ടു് കാലു നീട്ടിയിരുന്നു് അയാൾ കാണിക്കുന്ന കസർത്തുകൾ ഹരിത വലിയ ഉത്സാഹത്തിൽ തന്നെ നോക്കിയിരുന്നു. കല്ലിൻമേലു് വെച്ചു് കാലുകളെല്ലാം വെട്ടിക്കളഞ്ഞു് അതിന്റെ പുറംതോടു് തുറന്നു് ഉള്ളിൽ കണ്ട അഴുക്കും, പൂക്കളും എടുത്തു കളഞ്ഞു വെക്കാൻ പാകത്തിലാക്കുന്നതു് കണ്ടപ്പോൾ അവൾക്കു് ചിരി വന്നു. എന്തൊരു തഴക്കമാണു്. ഉള്ളിയും തക്കാളിയും പാകത്തിനു് വഴറ്റി അതിലു് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയുമിട്ടു് അതിലേക്കു് മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞപ്പൊടിയുമിട്ടു് മൂപ്പിച്ചു് ഞണ്ടിറച്ചിയും കറിവേപ്പിലയും തക്കാളിയുമിട്ടു്, വെന്തുവരുമ്പോൾ കുരുമുളകും മൂപ്പിച്ചു് പൊടിച്ച ഉലുവപ്പൊടിയും ഗരംമസാലയുമിട്ടു് ഇറക്കാൻ നേരം അരമുറി തേങ്ങാപ്പാലു ചേർത്തു് ഇറക്കിയതിനു ശേഷം അല്പം പച്ചവെളിച്ചെണ്ണയുമൊഴിച്ചു്…
‘ഞണ്ടു തീറ്റ കിടിലൻ പരിപാടി തന്നെ’ അവളൊരിക്കൽക്കൂടി സമ്മതിച്ചുകൊടുത്തു. അന്നവരെല്ലാവരും മുറ്റത്തിരുന്നു് ഉപ്പൂത്തിയിലയിൽ വിളമ്പിയ മരച്ചീനിയും ഞണ്ടുമാണു് കഴിച്ചതു്.
‘ഇത്രയൊക്കെ അറിയായിരുന്നിട്ടാണോ?’ എന്നവൾ ചോദിച്ചപ്പോൾ ‘കൊറെ നാള് ഒറ്റക്കല്ലായിരുന്നല്ലോ വെപ്പും കുടിയും. പിന്നെ നാട്ടുമ്പുറത്താരു് അച്ചീടെ പാവാടക്കണക്ക് ന്ന് പറയുമോന്ന് പേടിച്ചാടീ പെണ്ണേ’ എന്നും പറഞ്ഞു് അവളെ ഒന്നു ചുറ്റിപ്പിടിച്ചു് കൊഞ്ഞനം കുത്തി അയാൾ നടന്നകന്നു.
അപ്പോൾ ഞണ്ടു കടിച്ചു വലിച്ച രസത്തിലാണോ എന്നറിയില്ല മകൻ ഓടിവന്നു് ഹരിതയോടു് പറഞ്ഞു:
‘അച്ഛന് പഴയ പോലെ ദേഷ്യമില്ലല്ലോ അമ്മേ ആരോടും, ഇപ്പം ഞങ്ങളെ കൂടെ കളിക്കാനൊക്കെ കൂടും. അമ്മയ്ക്കു് ഒരു രസം കേക്കണോ. കഴിഞ്ഞ ദിവസം ആഗ്രഹം പറഞ്ഞപ്പോ അച്ഛൻ ചേച്ചിയെ കവുങ്ങിൻപാളേല് ട്ട് വീടിന് ചുറ്റും വലിച്ചു. ചേച്ചി ആർത്താർത്ത് ചിരിയ്ക്കായിര്ന്ന്. ഞങ്ങളൊക്കെ ആർത്താർത്ത് ചിരിയ്ക്കായ്ഞ്ഞ്. ആ പിന്നെ… അച്ഛൻ പറയാ… അമ്മ പറഞ്ഞിട്ടാ അച്ഛൻ അങ്ങനെ മുടി വെട്ടിയിരിക്കുന്നതെന്ന്’
ഹരിതയ്ക്കു് ഒരേ സമയം നാണവും സങ്കടവും വന്നു. മെയ് മാസത്തിന്റെ അവസാനം. അപ്പോഴേക്കും രണ്ടുമൂന്നു തവണകോഴിക്കോടുള്ള ഒരു പ്രസിദ്ധ സൈകാട്രിസ്റ്റിനെ അവരൊരുമിച്ചു് കാണുകയും അധികം ഡോസില്ലാത്ത ചില മരുന്നുകൾ കഴിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്നിടയ്ക്കു് മറവി പൂർവ്വാധികം കൂടുന്നു എന്നതു് അയാൾക്കു് തന്നെ മനസ്സിലായിത്തുടങ്ങിയിരുന്നു. എ. ടിം. എം. കാർഡ് പണമെടുത്തതിനു് ശേഷവും കൗണ്ടറിൽ തന്നെ വെച്ചു് പോരുക, ചക്കപ്പുഴുക്കുകൊതി സഹിക്ക വയ്യാതെ അരക്കിലോമീറ്ററോളം നടന്നുപോയി ചക്കയിട്ടിട്ടു് അതെടുക്കാതെ കൊടുവാളും കൊണ്ടു തിരിച്ചും വരിക. ഒരാഴ്ചയിൽ ഒരു തവണയെങ്കിലും പറയുമായിരുന്ന യു. പി. സ്ക്കൂളിൽ പഠിക്കുമ്പോഴുണ്ടായ വെള്ളപ്പൊക്കത്തെപ്പറ്റി പാടെ മറന്നുപോകുക. അങ്ങനെയുമുായി ചെറിയ ചില പ്രശ്നങ്ങൾ.

മനപ്പൂർവ്വം തന്നെ അവളതൊന്നും കുത്തിക്കുത്തി ചോദിച്ചു് വിഷമിപ്പിക്കാൻ പോയില്ല, മക്കളോടു പോലും ഒന്നും പറഞ്ഞുമില്ല.
അല്ലെങ്കിലും അവൾ വന്നു് കയറിയ കാലം മുതൽ അയാൾക്കു് ഭ്രാന്തില്ലെന്നു് കാണിക്കാനുള്ള തത്രപ്പാടു് അവളും കാണുന്നതാണല്ലോ.
അയാളറിഞ്ഞില്ലെങ്കിലും ആ നെഞ്ചിടിപ്പെല്ലാം അവളിലേക്കും പടർന്നിരുന്നല്ലോ. എപ്പോഴോ ഒരിക്കൽ ‘എനിക്കു് പേടിയാവുന്നു വിശ്വേട്ടാ’ എന്നു് വേവലാതിപ്പെട്ടതിനു് ‘നെന്റെ പേടി ഇനിക്കറിയാം. ലോകം എത്ര വളർന്നാലും നന്നായൊന്നു് കരയോ ചിരിയ്ക്കോ ചെയ്താ മതി നാട്ടാർക്ക്. ന്റെ ഹരീ മ്മളൊക്കെ ജനിക്കുന്നോം മരിക്കുന്നോം ഒക്കെ ന്തെങ്കിലും കാര്യായിട്ടാ. ഒരൊലക്കേം ല്ല. മരിക്കാനാവുമ്പേ മനുഷ്യൻമാർക്ക് അത് മനസ്സിലാവൂ. യ്യ് അതോണ്ട് ഞാൻ ചെയ്യുന്നേനൊക്കെ കാര്യോം കാരണോം തേടാൻ പോണ്ട തൽക്കാലം. ഇനിക്കൊന്നൂല്ലെടീ. എനി ണ്ടെങ്ല് തന്നെ എല്ലാം പെട്ടെന്ന് ശരിയാകും. പേടിക്കാണ്ടിരി’ എന്നു പറഞ്ഞു.
അന്നൊരിക്കൽ, തയ്യൽ മെഷീന്റെ സൂചി പൊട്ടിയിട്ടു് അതും ശരിയാക്കിക്കൊണ്ടു് ആകെ എടങ്ങേറായി ഇരിക്കുമ്പോഴാണു് ‘ഹരിയേടത്ത്യേ, ങ്ങള് ഒന്ന് ഓടി വര്യേയ്. മ്മക്ക് റേഷൻ കടേന്റെ അടുത്ത് വരെ ഒന്ന് പോണം’ എന്നും പറഞ്ഞുകൊണ്ടു് അപ്പുറത്തെ വീട്ടിലെ സുഭീഷ് ഓടി വന്നതു്. കയ്യിൽ കിട്ടിയ ഒരു ഷാളും വലിച്ചിട്ടു് നൈറ്റിപ്പുറത്തു് കവലയിലെത്തിയ ഹരിത കാണുന്നതു് വിശ്വനെ കൈകാര്യം ചെയ്യാനെന്നോണം നിൽക്കുന്ന ആൾക്കൂട്ടത്തെയാണു്. ഒരു പത്തിരുപതാളുകളുണ്ടു്. അവൾക്കു് കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അതവളോടു് പറയാൻ ആരും തയ്യാറായില്ലെങ്കിലും അവൾ കണ്ണുംപൂട്ടി അവർക്കിടയിലേക്കു് കയറി അയാളുടെ കൂടെ തന്നെ നിന്നു. ഹരിതയെക്കണ്ടതും വീണ്ടും അടിയുണ്ടാക്കാൻ പോയ വിശ്വനെ പണിപ്പെട്ടാണു് അവളൊന്നടക്കിയതു്. വീണ്ടും കാര്യം ചോദിച്ച ഹരിതയോടു് നാട്ടുകാരു് കാര്യം പറയാതെ ഒരു പരിഹാസച്ചിരിയോടെ ഇതുമാത്രമാണു് പറഞ്ഞതു്.
‘പ്രാന്തായാ മരുന്നു കൊടുക്കണം. അല്ലെങ്കിൽ കെട്ടിയിടണം. അല്ലാണ്ടു് നാട്ടാരുടെ മേലല്ല അഴിഞ്ഞാടാൻ വിടേ’
‘കൂടെ കെടക്കുന്നോക്ക് അറിയാത്ത ന്ത് ഭ്രാന്തിനെ പറ്റിയാണാവോ ഏമാൻമാർക്കറിയാവുന്നെ? നിക്കറിയാ ന്റെ വിശ്വേട്ടനെ’
പക്ഷേ, അന്നയാൾ വീടെത്തും വരെയും കരഞ്ഞു വീടെത്തിയും കരഞ്ഞു. ഉന്തും തള്ളിനുമിടയിൽ കാലിലെ ചെറുവിരലിന്റെ നഖം പൊളിഞ്ഞുപോയതു കൂടാതെ നെറ്റിയിലും നന്നായി തൊലിപൊട്ടിയിരുന്നെന്നു് അയാൾ ഉറങ്ങിക്കഴിഞ്ഞാണു് അവൾ കണ്ടതു്. എങ്കിലും പിറ്റേന്നു് വൈകി മാത്രമേ നടന്ന കാര്യം വിശ്വൻ പറഞ്ഞുള്ളൂ. ‘ചോര നീരാക്കി ജലജേച്ചി പണിയെടുത്തതാ. മുറ തെറ്റാതെ പണവും അടച്ചതാ. നൂറിലധികം പ്രാവശ്യായി ഓല് ക്ഷേമനിധി ഓഫീസും കയറിയിറങ്ങി നടക്കുന്നു. ഒരു രക്ഷേമില്ല. ആ പാവത്തിനെയിട്ടു് വട്ടം കറക്കാ എല്ലാരൂടി. നെനക്കറിയോ തൊണ്ണൂറില് തൊടങ്ങിയ പണിയെടുപ്പാ. 2015 വരെ പോയി. എത്ര കൊല്ലായി. അന്നു് തന്നെ തുച്ഛവേതനായിരുന്നു. ആഴ്ച്ചകളോളം പൊഴേല് കുതിർത്ത് വെച്ച തൊണ്ടു തല്ലി ചകിരിയാക്കണം. ചകിരി പിരിച്ചു് കയറാക്കണം. ഇരുപത്തഞ്ചു് തൊണ്ടു തല്ലിയാ അന്നൊക്കെ പതിഞ്ചണ തെകച്ച് കിട്ടൂല. അത്ന്ന് പിടിച്ചു് വെച്ചു് പിടിച്ചു് വെച്ചു് പാവം അടച്ച പൈസയാ. ന്നിട്ട് ഓരൊരു നക്കാപ്പിച്ച പെൻഷൻ’ അയാൾ ശരിക്കും വിറക്കുന്നുണ്ടായിരുന്നു.
അവൾക്കു് കാര്യം മനസ്സിലായി. ജലജേച്ചി, അവിടെയിടയ്ക്കു് വന്നിരിക്കുന്ന ഒരു പയ്യന്റെ അമ്മയാണു്. അവരു് കുറേ നാളായി ക്ഷേമ നിധി ഓഫീസും കയറിയിറങ്ങി നടക്കുന്നുവെന്നു് അവൾക്കും അറിയാമായിരുന്നു. ആ പണത്തിനു് വേണ്ടി കയറിയിറങ്ങുമ്പോഴെല്ലാം ജീവനക്കാർ മാറിപ്പോയെന്നും പുതിയ അപേക്ഷ നൽകാനും പറഞ്ഞു് അവരെ കബളിപ്പിക്കുന്നതും അവൾക്കുമറിയാമായിരുന്നു.
നെറികേടുകൾ പറഞ്ഞതു് കേട്ടിട്ടു് അതൊന്നു് നാട്ടുകാരനും ബന്ധുവുമെന്ന നിലയിൽ സൗഹൃദപരമായി അയാളോടു് ചോദിക്കാൻ ചെന്ന തന്നെ ഭ്രാന്തനെന്നും വിളിച്ചു് ഉന്തുകയും തള്ളുകയും ചെയ്തുവെന്നു് വളരെ സങ്കടത്തോടെയാണു് വിശ്വനാഥൻ പറഞ്ഞതു്.
‘അയാൾ എന്നെപ്പറ്റി എന്തൊക്കെയോ കളവും പറഞ്ഞു. ഇന്നെ ആരും വിശ്വസിച്ചില്ല. അല്ല ഹരീ വിശ്വാസത്തിനു് പ്പം തലേം വാലും ഒന്നും ല്ല ല്ലേ?’
ദിവസങ്ങളോളം വിശ്വൻ പിറുപിറുത്തു. ഊക്കോടെ പറമ്പു് കിളച്ചു, പണിക്കാരെ ചീത്ത വിളിച്ചു. ഇയ്ക്കിടക്കു് എന്തിനെന്നില്ലാതെ തലയാട്ടുകയും പാതിരാത്രി വരെ കോലായത്തിണ്ണയിൽ മാനത്തേക്കും നോക്കി കണ്ണുമിഴിക്കുകയും ചെയ്തു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അയാൾക്കുളളിൽ ചീവീടൊച്ചകളും തീവണ്ടിയൊച്ചകളും കേട്ടു. ആമ്പൽപ്പൂ മണത്തു.

‘ചിലപ്പോഴൊക്കെ ഞാൻ മരിച്ചുപോയ അച്ഛനേം അമ്മാവൻമാരെയും ചേച്ചിമാരേം ചേട്ടൻമാരേം ല്ലാം കാണും. പന കാണുമ്പോഴെല്ലാം എവിടെ അതു് വെട്ടിയാലും എത്ര കഷ്ടപ്പെട്ടിട്ടാണേലും അതു് വരുത്തിച്ചു് വെരകി തിന്നുന്ന അമ്മമ്മേനെ ഓർമ്മ വരും. ചെറുപ്പത്തില് ഞങ്ങള് ഷീട്ട് കളിച്ച മലേല് പോയി നിന്നാൽ അന്നു് റാക്കും കുടിച്ചു് നാടൻപാട്ടു് പാടിയ എല്ലാരേം ഓർമ്മവരും, കൂടെ ഓരെല്ലാം പാടിയ പാട്ടുകളും. വയലില് കുറച്ചു് നേരം വെറുതെയിരുക്കാന്ന് വെച്ചാ അപ്പം ചിലര് ഞാറ് നട്ടു് കളിക്കുന്നതു് കാണാം. ഞാറ് നടുന്നോരെയൊന്നും പിന്നെ കാണൂല, കൊയ്യുന്നോരു് വേറെ ആരേലുമായിരിക്കും’ പണ്ടു് വല്ല്യച്ഛൻ ഇങ്ങനെയൊവസ്ഥയിലിരിക്കുമ്പോൾ കുറെനാളുകൂടി കാണാൻ വന്ന കൂട്ടുകാരനോടു് തോളിൽ കയ്യിട്ടു് ചിരിച്ചും കൊണ്ടു പറഞ്ഞതു് വിശ്വനു് ഓർമ്മ വന്നു. അപ്പോൾ ആ കൂട്ടുകാരൻ പറഞ്ഞു
‘ങ്ങളൊന്ന് കറങ്ങീട്ടൊക്കെ വരീ ന്നേ. വിടത്തന്നെ ങ്ങനെ ഇരിന്ന് ട്ട് പ്പം ന്തിനാ’ വല്ല്യച്ഛൻ അന്നു് പോയതു് സിലോണിലേക്കായിരുന്നു. അതും ആരുമറിയാതെ കനത്ത നഷ്ടത്തിനു് പേരിലുണ്ടായിരുന്ന വീടും പറമ്പും വിറ്റു്. തിരിച്ചു വന്ന വല്ല്യച്ഛനെ ആരും തറവാട്ടിൽ കയറ്റിയതുമില്ല.
പിന്നെ കാര്യങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. ഒരു വെള്ളിഴായാഴ്ച രാത്രി ഹരിതയും കുടുംബവും തിരുവനന്തപുരത്തേക്കു് വണ്ടി കയറി. തിങ്കളാഴ്ച്ച രാത്രി തിരിച്ചും ബുക്ക് ചെയ്തിരുന്നു. അവിടെയെത്തിയ അയാൾ അയാൾക്കിഷ്ടമുള്ള സ്ഥലങ്ങളിലൂടെയെല്ലാം പരക്കം പാഞ്ഞു. കനകക്കുന്നും, മ്യൂസിയവും നിയമസഭാമന്ദിരവും, വേളിയെന്ന മനോഹര തീരവും ചാലയെന്ന വിശാലമായ മാർക്കറ്റും പത്മനാഭസ്വാമി ക്ഷേത്രവും ബാലരാമപുരവും (പോകുന്ന വഴിക്കു് വളരെ സ്പെഷ്യലായ നാടൻ കോഴിപെരട്ടു് കിട്ടുന്ന കട്ടച്ചൽക്കുഴിയും) നാലുകൊല്ലം ക്ലർക്കായി അവിടെ പണിയെടുത്തപ്പോൾ അയാൾക്കുായിരുന്ന സൗഹൃദങ്ങളിലൂടെയും എല്ലാം. ആ ദിവസങ്ങളിലൊക്കെ അതിരറ്റ സന്തോഷത്തോടെ അയാൾ ഇടയ്ക്കിടക്കു് ഹരിതയുടെ കണ്ണുകളിലേക്കു് നോക്കി. പോരുന്ന ദിവസം രാവിലെ മക്കളോടു്
‘അത്യാവശ്യമായി ഒരാളെ കാണാന്ണ്ട്. ങ്ങള് വ്ട റൂമിൽ നിന്നാ മതി. ഞാനും അമ്മയും പോയിട്ട് വരാം’ എന്നും പറഞ്ഞു് അയാളവളെ കൊണ്ടു പോയതു് മരുതൻകുഴിയുള്ള ഒരു ഓടിട്ട വീട്ടിലേക്കാണു്. അവിടെ പത്തൻപത്തഞ്ചു് വയസ്സു് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ മാത്രമാണുായിരുന്നതു്.
‘ഞാനെടയ്ക്കൊക്കെ വരായ്ഞ്ഞു. ചോറും കൊടമ്പുളി ഇട്ട മീൻകറിയും ഒക്കെ കുറെ തിന്നിട്ടൂം ണ്ട്’ എന്നു് പറഞ്ഞപ്പോൾ ആ സ്ത്രീ പല്ലുകൾ കടിച്ചു് പിടിച്ചെന്ന പോലെ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ഇറങ്ങാൻ നേരം കുറച്ചു പൈസ കയ്യിൽ വെച്ചു് കൊടുത്തപ്പോൾ അവർ ‘അതു് വേണ്ട, വന്നതിൽ നന്ദിയുണ്ടു്. എനി എന്തര് പരിപാടി?’
എന്നു് മാത്രം ചോദിച്ചു.
തിരിച്ചു് ബസ്സിലിരിക്കുമ്പോഴാണു് അയാൾ അവളോടു് അവരെക്കുറിച്ചു് പറഞ്ഞതു്.
‘കല്ല്യാണത്തിനു് മുമ്പു് ഞാനാണെങ്കി ആരേം പ്രേമിച്ചീല്ല. ഞാനെടയ്ക്കൊക്കെ വരായ്ഞ്ഞു ഈട. ഒരു കൂട്ടുകാരൻ പരിചയപ്പെടുത്തി തന്നതാ. ഓർക്കൊര് പ്രെത്യേക ഇഷ്ട്ടായിര്ന്ന് ഞ്ഞോട്. പെണ്ണെന്താന്നു് ഞാൻ ആദ്യം അറിഞ്ഞതു് വിട്ന്നാ. പൊറുക്കണം. നെന്നെ കല്ല്യാണം കഴിച്ച്ട്ടും ഒരു തവണ വന്നിയ്ക്ക്. പിന്നെ സത്യം പറഞ്ഞാ നിക്ക് തോന്നി ഓരോട് പ്രേമം വരുന്ന്ണ്ടന്ന്. കല്ല്യാണാണെങ്കി കഴിഞ്ഞും പോയല്ലോ. രണ്ടാളേം മനസ്സോണ്ട് ചതിക്കാവൂലെ പിന്നെ. സത്യം പറഞ്ഞാ ആ പേടി കൊണ്ടാ ഞാൻ റിസൈൻ ചെയ്തു് കളഞ്ഞേ. ട്രാൻസ്ഫറെങ്ങാനും കിട്ടിയില്ലെങ്കിലോ’ കേട്ടയുടനെ ദേഷ്യവും വിഷമവും തോന്നിയെങ്കിലും ആലോചിക്കുംതോറും ഹരിതയ്ക്കു് വിശ്വനോടു് എന്നത്തേക്കാളും സ്നേഹം തോന്നി. ഒന്നുകൂടി ആ സ്ത്രീയെ കാണണമെന്നും. തിരിച്ചു് വന്നു് കുറെ ദിവസത്തേക്കു് അയാൾ എന്നത്തേക്കാളുമധികം ശാന്തനായിരുന്നു.
അന്നു്, ആ ദിവസം ഈയിടെയുണ്ടായ വൈകുന്നേര നടത്തത്തിന്നിറങ്ങിയതായിരുന്നു വിശ്വനാഥൻ.
വഴി തെറ്റി. പതിവിൽ നിന്നൊരു ദിശമാറ്റം അയാളറിഞ്ഞു് തന്നെ ചെയ്തതായിരുന്നെങ്കിലും രണ്ടു കിലോമീറ്ററോളം ഊടുവഴികളിലൂടെ നടന്നു് പെട്ടെന്നു് തിരിഞ്ഞു നിന്നപ്പോൾ മുന്നിലും പിന്നിലും ഇടത്തും വലത്തും പലതരം വഴികൾ.

‘അല്ലെങ്കിലും ജീവിതത്തിൽ ഒരു വഴിയൊന്നും തെറ്റാത്തവരായി ആരു്’ എന്നു് തത്വചിന്താപരമായി ചിന്തിച്ചു് പരമാവധി മാനസികപിരിമുറുക്കം കുറയ്ക്കാൻ ശ്രമിച്ചു് നോക്കിയെങ്കിലും തിരിച്ചുപോകേണ്ട വഴി കണ്ടുപിടിക്കാനയാൾക്കായില്ലെന്നു് മാത്രമല്ല, ആ വഴികളെല്ലാം ഒന്നുകിൽ ആദിയിലേക്കു് അല്ലെങ്കിൽ അന്ത്യത്തിലേക്കു് വിരൽ ചൂണ്ടുന്നു എന്നു് തോന്നി വിശ്വനു്. ഇതിലേതാണു് ശരിയായ വഴി? ശരിയിലേക്കുള്ള വഴിയോ തെറ്റിലേക്കുള്ള വഴിയോ? ശരിതെറ്റുകൾ തന്നെ ആ ചോദ്യം കേട്ടു് വശംകെട്ടു് പോയിരിക്കണം. ഒടുവിൽ ഒന്നും നോക്കാതെ, നാലും കൂടിയ ആ പ്രദേശത്തെ പൊടിമണ്ണിലേക്കു് അയാൾ കനത്തിലൊരിരുത്തം വെച്ചു കൊടുത്തു.
എങ്കിലും ആ സമയത്തു് എന്തിനെന്നറിയാതെ അയാളിലേക്കു് പ്രവഹിച്ച ഊർജ്ജവും രക്തവും എന്തിനും പോന്നതായിരുന്നു എന്നു് അയാൾക്കു് മാത്രമേ അറിയുകയുള്ളൂ. അരമണിക്കൂറോളം കഴിഞ്ഞു് അവിടെ നിന്നെഴുന്നേറ്റ അയാൾ എന്തും വരട്ടെ എന്നു കരുതി തോന്നിയ ഒരു വഴിയിലേക്കു് ഒരു നടത്തം വെച്ചുകൊടുത്തു. തിരഞ്ഞെടുത്ത വഴി തികച്ചും ബുദ്ധിമുട്ടുള്ളതായിരുന്നു. കല്ലും മുള്ളും നിറഞ്ഞതെന്നു തന്നെ പറയാം. ആ വെപ്രാളത്തിന്നിടയിലും വിശ്വനാഥൻ മനുഷ്യൻ ഇത്രനാളും കടന്നുവന്ന ചരിത്രവഴികളെക്കുറിച്ചു് ഓർക്കാതിരുന്നില്ല. അയാളങ്ങനെ മനപ്പൂർവ്വം ഓരോ ഊടുവഴികളും ചരിത്രപ്രധാനമായ ഒരു വഴിത്തിരിവാണല്ലോ എന്നോർത്തു് അതിൽ രസം കൊണ്ടു് പഴയൊരു ഹിന്ദിപ്പാട്ടും പാടി കൊണ്ടാണു് ബാക്കി നടന്നതു്. ദേസ്പാൽ പറഞ്ഞുകേട്ട ഉത്തർപ്രദേശിലെ ഗോരഖ്പൂരിനെയും അയാൾ എന്നോ ഒരിക്കൽ യാത്ര ചെയ്ത കർണാടകയിലെ ബുവാൾ ബീച്ച് റോഡിനെയും ആവാഹിച്ചെടുത്തു് കുറെ നേരം നടന്നു. പിന്നീടു് കാസർക്കോഡുള്ള മഞ്ചേശ്വരവും പുത്തിഗെയും ഓർത്തായി. ഓർക്കുക മാത്രമല്ല, അയാളതു് അനുഭവിക്കുക കൂടി ചെയ്തു. തലേ ദിവസം ഡൽഹിയിലെ ഇന്ദർലോകിനെ പറ്റി വായിച്ചതുകൊണ്ടാണോ എന്നറിയില്ല പിന്നെ കുറേ സമയം അതോർത്തായി നടപ്പു്. പെട്ടെന്നാണു് അയാളതു് കണ്ടതു്. അയാളുടെ കൂടെ ഒരു പൂച്ച. അയാളതിനെ ശ്രദ്ധിച്ചതേ ഇല്ലായിരുന്നു. അതു് ഇപ്പോൾ വന്നതാണോ അല്ലെങ്കിൽ കൂടെ കൂടിയിട്ടു് കുറെ നേരമായോ, ഇനി ഈ പറഞ്ഞ സ്ഥലങ്ങളിൽ നിന്നു് വല്ലതും പ്രത്യക്ഷപ്പെട്ടതാണോ… ഒന്നും ഓർമ്മ വരുന്നേയില്ല. ഇനിയിപ്പോ ഈ നടത്തം തന്നെ ഒരു സ്വപ്നമാകുമോ? സ്വപ്നനടത്തത്തിലെ സ്വപ്നപ്പൂച്ച (ഇനി വല്ല പ്രേതവുമാണോ?) അയാൾ അതിനെ സൂക്ഷിച്ചു് നോക്കി. വെള്ളയിൽ ചെമ്പൻ പുള്ളികളുള്ള വാലിൽ നിറയെ കറുത്ത രോമങ്ങളുള്ള ഒരു സുന്ദരിപ്പൂച്ച. നടന്നു നടന്നു് പെട്ടെന്നു് തന്നെ അയാൾക്കതിനോടു് ഒരിഷ്ടമൊക്കെ തോന്നി. ആ പൂച്ചയെ കളിപ്പിക്കാനെന്നോണം അയാൾ ഇടത്തോട്ടു് നീങ്ങി വലത്തോട്ടു് നീങ്ങി. അതിന്നനുസരിച്ചു് അതും, ഇടത്തോട്ടു് നീങ്ങി വലത്തോട്ടു് നീങ്ങി. അതു് തീർത്തും ജൈവികമായുണ്ടായ ഒരു മത്സരം കൂടിയായിരുന്നു. മനുഷ്യന്റെ സഹാനുഭൂതിയുടെ പോലും തുടക്കം മത്സരബുദ്ധിയിൽ നിന്നുമാണോ?
പെട്ടെന്നാണു് ഊടുവഴികൾ കടന്നു് അവർ ഒരു ടാറിട്ട റോഡിലേക്കു് കയറിയതു്. അയാളായിരുന്നു മുന്നിൽ. അൽപ്പം പിന്നിലുള്ള പൂച്ചയെ കാത്തു് ഒരേ ഒരു നിമിഷമേ നിന്നുള്ളൂ, അതിനെ പ്രകോപിപ്പിച്ചു കൊണ്ടു് അയാൾ ധൃതിയിൽ മുന്നോട്ടു് പോയി റോഡ് മുറിച്ചു കടന്നു. അതേ വേഗതയിൽ പൂച്ചയുമുണ്ടു് പിറകിൽ. പൂച്ച റോഡിന്നു് പകുതിയായതേയുള്ളൂ. അപ്പോഴാണു് ഒരു ജീപ്പു് കൊടും വേഗതയിൽ ആ വിജനമായ വഴിലേക്കു് പാഞ്ഞുവന്നതു്. അയാൾ തിരിഞ്ഞുനോക്കാതെ ശ്രദ്ധാപൂർവ്വം കണ്ണടക്കാൻ ഒരുങ്ങിയതാണു്. പക്ഷേ, അർദ്ധനിമിഷത്തിന്റെ ഏതോ ഒരരപ്പകുതിയിൽ ആ പൂച്ച വന്ന ഇടവഴിയും അതിനോടൊപ്പം കണ്ട നാലു് പൊടിക്കുഞ്ഞുങ്ങളെയും അയാൾക്കോർമ്മ വന്നു. വിശ്വനാഥൻ താൻ നിൽക്കുന്ന വിശ്വത്തെ തന്നെ മറന്നുകൊണ്ടു് പൂച്ചയെ രക്ഷിക്കാനെന്നോണം റോട്ടിലേക്കു് എടുത്തു ചാടി.
(പേചകൻ എന്നാൽ ആൺമൂങ്ങ എന്നർത്ഥം.)

ചേളന്നൂർ ശ്രീനാരായണഗുരു കോളേജിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലുമായി പഠനം. സാമൂഹിക പ്രവർത്തക. അവതാരകയായും കണ്ടന്റ് റൈറ്ററായും ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു. ആദ്യ നോവൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. രണ്ടാമത്തെ നോവൽ ദേശാഭിമാനി വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു് വരുന്നു.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ