
ഈ മെയ് രണ്ടിനു് 45 വർഷങ്ങൾ തികയുന്നു ആ ദിവസത്തിനു്. കബറടക്കം കഴിഞ്ഞു് ചീര്ണിയുമായി എരമംഗലം പള്ളിയിലേക്കു് ഉസ്മാൻക്ക എന്നേയുംകൂടി കൊണ്ടുപോയി. ഖത്തപ്പെര കെട്ടി മീസാൻ കല്ലിനു് സമീപം ഒരു ബെഞ്ചിട്ടു് ഓതുന്നുണ്ടു് രണ്ടു് മെയ്ല്യാക്കുട്ടികൾ. കാട്ടപ്പയും തൂവാക്കൊടിമ്പച്ചികളും അപരിചിതത്വത്തോടെ തുറിച്ചു നോക്കി. പള്ളിക്കാട്ടിൽ അഹങ്കാരത്തോടെ അലറി വിളിച്ചു് ഒച്ചപ്പാടുണ്ടാക്കുന്ന ഒരു കരിമ്പനയുണ്ടായിരുന്നു. അതിന്റെ താഴെ രണ്ടു് മീസാൻകല്ലും. വിറക്കുന്ന കൈകൾ മുറുക്കിപ്പിടിച്ചു് വായിച്ചു നോക്കി. ‘ചെറ്റാറയിൽ മൊയ്തുണ്ണി’ 1975 മെയ് 1. എഴുതിയതു് വായിച്ചു് ഞാൻ ഏങ്ങിയേങ്ങി കരഞ്ഞു. ഇക്കാക്ക അന്നു് ഒൻപതു് വയസ്സുള്ള എന്നെ ചേർത്തു് പിടിച്ചു് പറഞ്ഞു ‘ഇനി കരഞ്ഞിട്ടു് കാര്യമില്ല. നമ്മുടെ ഉപ്പ മരിച്ചു. മരണം എല്ലാവർക്കും ഉള്ളതാണു്. നീയും മരിക്കും ഞാനും മരിക്കും എല്ലാവരും മരിക്കും’. യാസീനിലെ മുബീനിന്റെ തെല്ലത്തിരുന്ന മെയ്ല്യാക്കുട്ടികൾ എത്തിച്ചു് നോക്കി. കരിമ്പനകൾ ഒച്ചപ്പെട്ടു. ഉണ്ണീൻ കുട്ടി മുസ്ല്യാർ വന്നു ദുആ ഇരന്നു. ചീര്ണിയും പാലൊഴിച്ച പഞ്ചാരച്ചായയും കൊടുത്തു് കരിമ്പനകളുടെ താഴെയുള്ള മീസാൻ കല്ലുകൾക്കു് അദ്ദേഹത്തെ വിട്ടുകൊടുത്തു് മൂക്കു് പിഴിഞ്ഞു് ഞങ്ങൾ തിരിച്ചു പോന്നു.

ഇന്നും ഏതു് മീസാൻ കല്ലു് കണ്ടാലും എനിക്കു് കരച്ചിൽ വരും. ഹൃദയ ദ്രവീകരണ ശക്തിയുള്ള ഏതു് ദേസ്തേവ്സ്കിയാണു് മീസാൻ കല്ലിൽ പേരെഴുതി വെയ്ക്കുന്നതു്. എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്ന കരിങ്കൽ കാവ്യങ്ങളാണു് മീസാൻ കല്ലുകളും അവയിലെ പേരുകളും. കോഴിക്കോടു് പോയി മുഹമ്മദു് അബ്ദുറഹ്മാൻ സാഹിബിന്റെ കബറും മീസാൻ കല്ലും കണ്ടപ്പോഴും ചിറയിൽ കീഴിൽ അബ്ദുൽ ഖാദർ എന്ന പ്രേംനസീറിന്റെ മീസാൻ കല്ലു് കണ്ടപ്പോഴും ഒപ്പം പഠിച്ചിരുന്ന ബാങ്കിലെ യീസ്ഫ്കയുടെ അബ്ദുവിന്റെ മീസാൻ കല്ലു് കണ്ടപ്പോഴും പിന്നെ രണ്ടു് മൂന്നു് ദിവസങ്ങൾ ഉറങ്ങിയിട്ടു് തന്നെയില്ല. 1975 മെയ് രണ്ടിനു് ശേഷമാണു് ഈ സൂക്കേടു് എനിക്കു് തുടങ്ങിയതു്. 1975 മെയ് ഒന്നിനു് ഒരു വ്യാഴാഴ്ചയാണു് ഉപ്പ മരിച്ചതു്. ‘വിശ്രമമില്ലാത്ത അലച്ചിലും സാഹസികമായ യാത്രകളും അനിശ്ചിതത്വങ്ങളും മാനസിക സമ്മർദ്ദങ്ങളും ഭീതികളും മരണാഭിമുഖമായ അപകടങ്ങൾ കൊണ്ടു് മുറിവു് പറ്റിയതുമായിരുന്നു ആ ജീവിതം.’
1940-കളിലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കേളി കൊട്ടുണരുമ്പോൾ തെക്കെയിൽ അബൂബക്കറിന്റെയും ചെറ്റാറയിൽ പാത്തുണ്ണിമ്മയുടേയും സീമന്തപുത്രനായി 1921-ൽ ജനിച്ച അദ്ദേഹം തന്റെ ഇറങ്ങിപ്പോക്കുകൾ തുടങ്ങിയിരുന്നു.
ബർമ്മയിലെ റങ്കൂണിൽ ബ്രിട്ടീഷ് മിലിറ്ററിയിലെ ജവാനായിരുന്നു അദ്ദേഹമെന്നു് ഒരു തുരുമ്പിച്ച ഇരുമ്പു് പെട്ടി പഴയ പെരയിലിരുന്നു് വിളിച്ചു പറയാറുണ്ടു്. അദ്ദേഹം പറഞ്ഞിരുന്ന ചില പട്ടാളക്കഥകളും ഒഴിഞ്ഞു് മാറിപ്പോയ വെടിയുണ്ടകളും നെടും പുറത്തെ ഒരു അടയാളത്തെപ്പറ്റിയുമൊക്കെ ഉമ്മയും പറയാറുണ്ടു്.
1940-കൾക്കു് ഇടയിലെപ്പോഴോ മൊളാനുള്ളിപ്പറമ്പിലേക്കു് തെക്കയിൽ അബൂബക്കറിന്റെ പേരിൽ ചെറ്റാറയിൽ മൊയ്തീന്റെതന്നെ പേരിൽ ചില വസ്ത്രങ്ങൾ പാർസലായി വന്നിരുന്നത്രേ! വല്ല്യുമ്മയും പെങ്ങമ്മാരും വാവിട്ടു് നിലവിളിച്ചു!! ഓതിക്കലൊക്കെ നിശ്ചയിച്ചു. അവിടന്നു് നാലാം ദിവസം ഹയാത്തോടെ അദ്ദേഹം ഹാജരായ കഥ നഫീസ അമ്മായി പറഞ്ഞു് ഞങ്ങളും അറിഞ്ഞു. തറവാടിന്റെ മുക്കിലിരുന്നു് വിഷണ്ണരായ പട്ടാള ക്യാമ്പിലെ മൂന്നുനാലു സ്റ്റൗവുകളും ഇടക്കു് തീപിടിച്ചു് നിലവിളിക്കാറുണ്ടു്. ഇടക്കു് വലിയ കുളത്തു് ബണ്ടലടിച്ചു് ഇരിക്കുന്ന കൊമ്പൻ മീശ വെച്ച പട്ടാളക്കാരുടെയിടയിലിരുന്നു അദ്ദേഹവും കൊമ്പൻ മീശ പിരിച്ചു് സൊറക്കുന്നതു് ഞാനും കണ്ടിട്ടുണ്ടു്. മീശക്കാരൻ മൊയ്തുണ്ണി എന്ന പേരും അദ്ദേഹത്തിനു് നാട്ടിലുണ്ടു്. രണ്ടാം ലോക മഹായുദ്ധത്തോടെ പട്ടാള ജീവിതമുപേക്ഷിച്ചു് പാക്കിസ്ഥാനിലെത്തിയ അദ്ദേഹം നടന്നും ഇരുന്നും കിട്ടിയ കാരവനുകളിലൊക്കെ കയറിപ്പറ്റി 1943-ൽ അന്നത്തെ ട്ര്യൂഷൽ സ്റ്റേറ്റിലുമെത്തി. തുടർന്നു് തിരിച്ചുവരവുകളും പോക്കുകളും ഒക്കെ ലോഞ്ചിൽ തന്നെയായിരുന്നു.

കേരളം ജന്മിത്വത്തോടേറ്റു് മുട്ടി നിലവിളിക്കുമ്പോൾ അദ്ദേഹം യു എ ഇ-ലെ വിവിധ എമിറേറ്റുകളിൽ ചോപ്പട കെട്ടി താമസിച്ചു് അറബികൾക്കു് ഭക്ഷണം വെച്ചു് കൊടുക്കുന്ന ഒന്നാംതരം അറബി കുക്കായി മാറിയിരുന്നു. 1950-കളിൽ അബൂദാബിയിൽ ആദ്യമായി ഹോട്ടലിനു് ഒരു ലൈസൻസ് കിട്ടിയതു് ചെറ്റാറയിൽ മൊയ്തീന്റെ ‘താജ്മഹൽ ഹോട്ടലിനു് ആയിരുന്നെന്നു് ഇപ്പോൾ ഏകദേശം തൊണ്ണൂറു് വയസ്സുള്ള അവ്വൽ മലബാറിയും പറയുന്നു’. മാധ്യമം ആഴ്ചപ്പതിപ്പിൽ 2018-ൽ അവ്വൽ മലബാറിയുടെ അഭിമുഖം വായിച്ചു് ഞങ്ങൾ ഇപ്പോൾ മമ്പാടു് എം. ഇ. എസ്സ്.-നു് സമീപം താമസിക്കുന്ന അദ്ദേഹത്തെ കാണാൻ ഉപ്പാടെ ഒരു പഴയ ചില്ലിട്ട ഫോട്ടോയുമെടുത്തു് കാണാൻ പോയിരുന്നു.
ചന്തിയിൽ ആനപ്പുറത്തിരുന്ന തഴമ്പിന്റെ കഥകൾ കേട്ടു് ഞങ്ങൾ തരിച്ചിരുന്നു.!! അവിശ്വസനീയമായിരുന്നു ആ അബൂ ഷനബിയൻ കഥകൾ. ഷെയ്ഖ് സാഇദുമായി ചെറ്റാറയിൽ മൊയ്തീനുള്ള അടുപ്പവും സ്നേഹവും സമൂസ വിരുന്നും ബിരിയാണി വെച്ചു് ഷെയ്ഖ് സാഇദിന്റെ വീട്ടിൽ പോകുന്നതും വൈകുന്നേരം വരെ അവർ തമ്മിലിരുന്നു് ചെസ് കളിക്കുന്നതും അവ്വൽ മലബാറി ഓർത്തെടുത്തു് കണ്ണീർവാർത്തു. മൊയ്തീൻക്കയെ കാണുമ്പോഴേക്കും യാ… അബൂ ഷനബ് എന്നു് പറഞ്ഞു് ഷെയ്ഖ് സാഇദ് തന്റെ ഖന്തൂറയുടെ ഉള്ളിലേക്കു് മൊയ്തീൻക്കയെ പിടിച്ചു ചേർക്കും. തൊണ്ണൂറു് വയസ്സിനോടടുക്കുന്ന അവ്വൽ മലബാറിയോടു് ചേർന്നു് നിന്നു് കുറെയേറെ ഫോട്ടോകളെടുത്തു. ആ വിറക്കുന്ന സന്ധിബന്ധങ്ങളിൽ നിന്നു് ഓർമ്മകൾ പുറത്തിറങ്ങി.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ബ്ലാക് ആന്റ് വൈറ്റ് സിനിമ എരമംഗലം കൊട്ടകയിൽ തറ ടിക്കറ്റിലിരുന്നു് കണ്ട മാറ്റിനി പോലെ ഞങ്ങൾ പകലിന്റെ വെള്ളിവെളിച്ചത്തിലേക്കു് ചൂടും വേവുമെടുത്തു് മൂടുതട്ടി ഇറങ്ങി. ആരും വിശ്വസിക്കാൻ സാദ്ധ്യതയില്ലാത്ത ഈ പൊട്ടൻ തെയ്യക്കഥ ആരോടും പറയാതെ അടക്കിപ്പിടിച്ചു് വെച്ചു. 1950-കളുടെ ആദിയിൽ ആയിരുന്നു ഇവയൊക്കെ. ഷെയ്ഖ് സാഇദ് അന്നു് പ്രസിഡണ്ട് ആയിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരൻ ഷെയ്ഖ് അബൂത്തിന്റെ ബ്രിട്ടീഷ് അധീന കോളനി ഭരണമായിരുന്നു അന്നു്. ട്ര്യൂഷൽ സ്റ്റേറ്റിൽ, പിന്നീടു് പെട്രോളിയത്തിന്റെ ഖനനം തുടങ്ങുകയും ഇദ്ദേഹത്തിന്റെ കൊള്ളരുതായ്മയും കെടുകാര്യസ്ഥതയും ഷെയ്ഖ് സാഇദ് ചോദ്യം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് ഒത്താശയോടെ ഷെയ്ഖ് സാഇദ് ഭരണത്തിലേറി. പെട്രോധനത്തിൽ നിന്നും കിട്ടുന്ന വരുമാനം ദേശസാൽക്കരിച്ചു് UAE എന്ന രാഷ്ട്രം ഉണ്ടായി. 1971-ലാണു് വിവിധ എമിറേറ്റ്സുകളുടെ ഏകീകരണവും നടന്നു. 1955-നും 1960-നും ഇടയിലായിരുന്നിരിക്കണം ഈ ഷെയ്ഖ് സാഇദ് ചെറ്റാറയിൽ മൊയ്തീൻ സമാഗമങ്ങൾ. അന്നു് ലോഞ്ച് വഴിയോ കപ്പൽ വഴിയോ നുഴഞ്ഞു് കയറിയോ ഒക്കെ ആയിരിക്കണം പേർഷ്യക്കാരൻ മൊയ്തുണ്ണിയും തന്റെ കഠിന കഠോരമായ പേർഷ്യൻ പാത പണിഞ്ഞതു്. ഏറെക്കുറെ ഒറ്റക്കുള്ള ഒരു നടത്തം. 1955-ലെ ഒരു യാത്രയിൽ ഒരു തൂഫാൻ വന്ന കഥ ഉമ്മയും പറഞ്ഞു് കേട്ടിട്ടുണ്ടു്. അന്നു് ഉസ്മാൻക്ക ഗർഭാവസ്ഥയിലാണു്. ഈ സമയത്തു് ഞങ്ങൾ തൊഴുവാനൂരെ പറമ്പിനു് വടക്കുള്ള ചപ്പയിൽ പറമ്പിൽ ഒരു ചെറ്റപ്പുര വെച്ചു് കെട്ടി താമസിക്കുകയാണു്. നാട്ടിലെ വലിയവലിയ ജന്മിമാരുടെ കുടികിടപ്പുകാരായി ചട്ടിയും കലവും പായയും ആട്ടിൻപറ്റങ്ങളെയുമേന്തി ഉറുമ്പിൻ പറ്റങ്ങളെപ്പോലെയായിരുന്നു ഉമ്മ അന്നു് മക്കളെയും ഒക്കത്തു് വെച്ചു് നടന്നിരുന്നതു്. 1947-ൽ ആയിരുന്നു ചെറ്റാറയിൽ മൊയ്തുണ്ണിയുമായുള്ള തവയിൽ ബീവുമ്മയുടെ വിവാഹം.
നിശ്ചയിച്ചുറപ്പിച്ച ആദ്യ വിവാഹക്കാര്യം വേണ്ട എന്നു വെച്ചിട്ടാണു് കാപ്പിക്കാരൻ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാണിച്ചു കൊടുത്ത പേർഷ്യക്കാരന്റെ കാര്യം അമ്മാവൻ അന്വേഷിച്ചു ചെല്ലുന്നതും ഉറപ്പിക്കുന്നതും. കോരപ്പന്റെ കായിൽ കയ്യുട്ടി എന്ന ജന്മിയുടെ പറമ്പിലെ ഒരു ചായ്ച്ചുകെട്ടിയായിരുന്നു അന്നു് ഉമ്മവീടു്. പത്തു് പന്ത്രണ്ടു് ഏക്കറിലെ അഞ്ചാറു ചായ്ച്ചുകെട്ടുകളിലൊന്നു്. മുളാനുള്ളി പറമ്പിലായിരുന്നു ഉപ്പാന്റെ പെര. അതു് ഓലയാണെങ്കിലും തട്ടുള്ള ഒരു ചെറുപുര തന്നെയായിരുന്നു. പറമ്പു നോട്ടക്കാരനായിരുന്നു ഉപ്പാന്റെ ഉപ്പ. കറുത്ത അവുക്കർ. പറമ്പുനോട്ടം അന്നു് നല്ലവരായ ഉള്ള പരിപാടിയാണു്. വിവാഹം കഴിഞ്ഞ ഉപ്പ ബോംബെ വഴി ലോഞ്ചിൽ ട്ര്യൂഷ്യൽ സ്റ്റേറ്റിലേക്കു് തിരിച്ചുപോയി. മൂന്നു് വർഷം കഴിഞ്ഞു് 1951-ലാണു് പിന്നെ തിരിച്ചു വന്നതു്. അന്നു് ഞങ്ങൾ എരമംഗത്തിനു് കിഴക്കു് ഭാഗത്തുള്ള കാട്ടിലകായിലാണു് താമസം. കൊണ്ടറാത്തട്ടയിൽ പോക്കുട്ടിയായിരുന്നു ജന്മി. ആറുമാസം നാട്ടിൽ നിന്നു് തിരിച്ചു പോകുമ്പോൾ ഉമ്മ ഗർഭിണിയായിരുന്നു. രണ്ടു് കുട്ടികളുമായി ഉമ്മ കാട്ടിലെ പറമ്പിൽ മൂന്നു കൊല്ലം പാർത്തു. പിന്നെ കുടിയിറക്കപ്പെട്ടു് ഉപ്പയുടെ തറവാട്ടിലേക്കു് പോയെങ്കിലും അമ്മായിയമ്മപ്പോരു് കാരണം ചെമ്പേലകായിൽ ഉമ്മയുടെ ആങ്ങളയും അനിയത്തിയും വല്യുമ്മയുമടങ്ങുന്ന ചെറുകുടുംബത്തോടൊപ്പം കോരാച്ചൻ കുളങ്ങര പറമ്പിൽ ഒരു ചെറ്റപ്പെര വെച്ചു് കെട്ടി പാർപ്പു് തുടങ്ങി.

ഈ അടുത്ത കാലത്തു് ഒരു നാടൻ കൈക്കോട്ടു് കിളക്കാരനെ തേടി എരമംഗലത്തു് ഒന്നു കറങ്ങേണ്ടി വന്നു എനിക്കു്. പറമ്പിൽ കൈവഴക്കമുള്ള ഒരു പണിക്കാരന്റെ മണ്ണിന്റെ മനസ്സറിയുന്ന ഒരു കൈക്കോട്ടു് ഇളകി മറിഞ്ഞിട്ടു് കാലം കുറച്ചായി. അങ്ങനെയാണു് ഘോര രാക്ഷസ കുളങ്ങരയുള്ള ആ ഒഴിഞ്ഞ തെങ്ങിൻ പറമ്പിലേക്കു് കാലെടുത്തു് വെയ്ക്കുന്നതു്. അവിടെ കുറുവങ്ങാട്ടു് കൃഷ്ണൻകുട്ടി എന്ന കൈക്കോട്ടു് കിളക്കാരനുണ്ടെന്നു് താഴത്തേൽ പടിയിലുള്ള കാലിൽ മുളയുള്ള താമിയേട്ടൻ പറഞ്ഞിരുന്നു. ഓടിട്ട ഒരു ചെറിയ വീടു്. ഒരു കരിയറുള്ള മണ്ട സൈക്കിളിൽ ഒരു മണ്ട കൈക്കോട്ടിൽ നിന്നു പച്ച മണ്ണു് ചപ്പയിൽ താമസിക്കുന്ന കാലത്തു് ഉപ്പ അവിടേക്കു് വന്നിട്ടുണ്ടു്. പതിവുപോലെ എടപ്പാൾ കേലൊളമ്പു് വഴി വഞ്ചി കയറി മാറഞ്ചേരി പിന്നെ ഒരു ചുമട്ടുകാരനെ കൂട്ടി എരമംഗലത്തെത്തി. പേർഷ്യക്കാരനെ കാണാൻ നാട്ടിലുള്ളവരൊക്കെയെത്തി. വന്നവർക്കൊക്കെ ലിപ്ടന്റെ ടീബാഗും, പെൻടോർച്ചും സിൽക്കിന്റെ കുപ്പായത്തുണിയും പേർഷ്യക്കാരൻ സമ്മാനമായി നല്കി. അബ്ദു അധികാരിയെക്കണ്ടു് കാണപ്പണത്തിലെ ബാക്കി തീർത്തു. അധികാരിക്കു് വിദേശ സിഗരറ്റും തുർക്കിത്തൊപ്പിയും വെള്ളിയുടെ കപ്പും സാസറും ഒരു തായ്വാന്റെ ബ്ലാങ്കറ്റും കൊടുത്തു. മകരമഞ്ഞിന്റെ തണുപ്പിൽ അധികാരി തന്റെ കട്ടിലിലെ കോസടിയിൽ വീടരെയും കെട്ടിപ്പിടിച്ചു് രണ്ടു് തട്ടുള്ള ആ ഓടിട്ട വീട്ടിൽ അന്നു് സ്വസ്ഥമായി കിടന്നു് ഉറങ്ങി.
1957 ഏപ്രിൽ 11
ആ പ്രാവശ്യം ഉപ്പ തിരിച്ചു പോകാൻ കുറച്ചു സമയമെടുത്തു. മണ്ണൂപാടത്തു് ചെറ്റകുത്തിവെച്ചു് ഒരു ചായ പീടിക തുടങ്ങി. അങ്ങനെ ബോംബെയിൽ നിന്നു് മണ്ണൂരയിൽ മൊയ്തുവിന്റെ കത്തു് വന്നപ്പോൾ പെട്ടെന്നു് യാത്ര തീരുമാനിച്ചു് പെരയിറങ്ങി. ഉമ്മ മൂന്നാമതും ഗർഭിണിയായിരുന്നു. തിരിച്ചു പോക്കു് ബോംബെയിൽ നിന്നു എളുപ്പമായിരുന്നില്ല. എങ്കിലും ദീർഘമായ കാത്തിരിപ്പിനൊടുവിൽ കള്ളപ്പാസിൽ കപ്പലിലായിരുന്നത്രേ യാത്ര!
കപ്പൽ ദുബായ് തീരത്തു് വെച്ചു് തൂഫാനിൽപ്പെട്ടു. രണ്ടു് മാസം പുറങ്കടലിൽ കുടുങ്ങി. ആ സമയങ്ങളിലായിരുന്നത്രേ ഉമ്മാക്കു് നൊമ്പരം പിടിച്ചതും പ്രസവിച്ചതും. ആ പൈതലിന്റെ നാളിന്റെ ബർക്കത്തു് കൊണ്ടായിരുന്നത്രേ ഉപ്പയും കപ്പലും ആൾക്കാരും തൂഫാനിൽ നിന്നും രക്ഷപ്പെട്ടതു്. മുഹമ്മദ് ഉസ്മാൻ എന്നു് ആ കുട്ടിക്കു് പേരിട്ടു. കാര്യങ്ങൾ പിന്നെയും കുഴഞ്ഞു. കമ്യൂണിസ്റ്റുകാർ നാട്ടിൽ മുളച്ചു് പൊന്താൻ തുടങ്ങിയിരിക്കുന്നു. മര്യാദപ്പാട്ടം ആവശ്യപ്പെട്ടു് കർഷക സംഘത്തിനു് യോഗം കൂടാൻ ചായക്കാരൻ മാമുണ്ണി ചായപീടികയുടെ ഒഴിഞ്ഞ മുൻഭാഗം അനുവദിച്ചു് കൊടുത്തതിനും പാർട്ടിക്കു് സൗജന്യമായി ചായ കൊടുത്ത വിവരവും ഞങ്ങളുടെ ജന്മിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുവുമായ അബ്ദു അധികാരി അറിഞ്ഞു. വിവരമറിഞ്ഞു് ഉമ്മ കൂടുതൽ പ്രശ്നങ്ങൾക്കൊന്നും നില്ക്കാതെ മുളാനുള്ളി പറമ്പിലേക്കു് മൂന്നു കുട്ടികളേയും കൂട്ടി ഒന്നിനെ ഒക്കത്തും വെച്ചു് കുടിയിറങ്ങി. നാലാമത്തെ കുടിയിറക്കം.
നാടായ നാടൊക്കെ ഒഴിഞ്ഞു് കിടക്കുന്ന തെങ്ങിൻ പറമ്പാണു്. പക്ഷേ, ഒക്കെ വലിയ വലിയ ജന്മിമാരുടെ കൈയിലാണു്. ഒക്കേത്തിലും നാലും അഞ്ചും കുടിയിരിപ്പുകളുണ്ടു്. നിവൃത്തിയൊന്നുമില്ല! ഇനി എന്തു ചെയ്യും? മൂന്നു് കൊല്ലം ആശ്വാസത്തോടെ പാർത്ത ഇരിക്കക്കൂരയാണു് ഇല്ലാതാവുന്നതു്. നട്ടുനനച്ചു് വളർത്തിയ മാവും പിലാവും തെങ്ങിൻ തൈയുമൊക്കെ ഒന്നു് തെളിഞ്ഞു വന്നതായിരുന്നു.
ഉമ്മാടെ ഉമ്മയും ആങ്ങളയും അനിയത്തി കദിയുവും അവിടെ താമസിച്ചോട്ടെ! അധികാരി കുടിയിറക്കാൻ പോക്കിരികളുമായി എപ്പോഴാണു് വരുന്നതു് എന്നറിയില്ല. ഇതിനിടയിൽ മുളാനുള്ളിപറമ്പിൽ ഒരു പത്തു് സെന്റ് പുഴക്കര ചേന്നാസിൽ നിന്നു് മേൽച്ചാർത്തു് വാങ്ങി അതിൽ ചെറിയ മൺകൂര വെച്ചു. പിന്നെ 1963-ലായിരുന്നു ഉപ്പാടെ വരവു്. കൈയിലുണ്ടായിരുന്ന ആയിരം ഉറുപ്പിക കൊണ്ടു് മേൽച്ചാർത്തിന്റെ പണവും മൺപുര കെട്ടിയതിലുള്ള കടവും വീടി. സ്വസ്ഥമായി ആ ദമ്പതികൾ അവിടെ കഴിഞ്ഞു. അഞ്ചാമത്തെ പാർപ്പിടമായിരുന്നു അതു്. മക്കളൊക്കെ വലുതായി. മൂത്ത പുത്രൻ പത്താംക്ലാസിൽ വന്നേരി ഹൈസ്കൂളിൽ, രണ്ടാമത്തെ പെൺകുട്ടി ഫാത്തിമ എന്ന പാത്ത മൂന്നാം ക്ലാസ് വരെ പഠിച്ചു് പഠിപ്പു് നിർത്തി. ഉമ്മാടെ ന്യായം. തായാദികളെ നോക്കണം എന്നതായിരുന്നു. മൂന്നാമത്തെ മകൻ ഉസ്മാന്റെ താഴെ ഒരു പെൺകുട്ടിയെ കൂടി ഉമ്മ പ്രസവിച്ചിരുന്നു. അവളായിരുന്നു കുഞ്ഞു ആസ്യ. ഉസ്മാൻ നാലാം ക്ലാസിലാണു് പഠിക്കുന്നതു്. അത്ക്കും മുന്നേ മറ്റു ചില സംഭവങ്ങളും നടന്നിരുന്നു. ഒന്നാമത്തെ സംഭവം ചപ്പയിലെ പറമ്പും വീടും ഉപ്പയുടെ നിർദ്ദേശ പ്രകാരം അമ്മാവനെ ഏല്പിച്ചാണു് ഉമ്മയും മൂന്നു് കുട്ടികളും അവിടെ നിന്നു് പോന്നതു്. കമ്മ്യൂണിസ്റ്റ്കാർക്കെതിരിലും മര്യാദ പാട്ട സംഭവത്തിലും അബ്ദു അധികാരി കലിതുള്ളി ഇരിക്കുകയാണു്. എങ്കിലും ഉമ്മയുടെ ആങ്ങളയും പെറ്റമ്മയും അവിടെ പൊറുതിയില്ലെങ്കിലും അവിടെ പാർപ്പു് തുടങ്ങി. ഇതിനിടയിൽ അമ്മാവന്റെ കല്യാണം കഴിഞ്ഞു. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി. ‘ഞാൻ പേർഷ്യക്കാരൻ മൊയ്തുണ്ണിക്കാണു് സ്ഥലം കൊടുത്തതു്. ഓൻ ഞാനറിയാതെ മറ്റൊരാളെ എങ്ങിനെയാണു് അവിടെ താമസിപ്പിക്കുക. ഓൻക്കു് ഈ അബ്ദു അധികാരി ആരാണെന്നു് ഞാൻ പഠിപ്പിക്കും’. ചെവിടിലെ എഴുന്നു് നില്ക്കുന്ന രോമം വിറപ്പിച്ചു് അയാളുടെ രോഷാകുലമായ ഉറഞ്ഞു തുള്ളൽ നേവി ഔക്കർവഴി ഉമ്മയുടെ ചെവിട്ടിലുമെത്തി. ‘അധികാരിക്കു് കൊടുത്ത പണവും പോയല്ലോ? ആ മനിസൻ കണ്ണെത്താ ദൂരത്തു് കൊടും ചൂടിൽ തിന്നാനും കുടിക്കാനും ഇല്ലാതെ കട്ട കാറി ഉണ്ടാക്കിയ കായി അല്ലേ… അന്യാധീനമായി പോകുന്നതു്.’
അങ്ങിനെയിരിക്കെയാണു് 1957-ൽ ഏപ്രിൽ 11-നു് റേഡിയോവിലൂടെ ആ അറിയിപ്പു് വന്നതു്.
കുടിയിറക്കു് നിരോധന നിയമം 1957
ഏപ്രിൽ 11-നു്.
രാത്രി അങ്ങിനെ നീണ്ടു നിവർന്നു കിടക്കുകയാണു്. അങ്ങാടിയിൽ അവിടെ മൂന്നു മുറി നിരപ്പലകയുള്ള തന്റെ പീടികയിൽ ചിമ്മിനി വിളക്കിന്റെ പേടിച്ചരണ്ട വെളിച്ചത്തിലിരുന്നു് കച്ചവടം ചെയ്യുകയാണു് ചായക്കാരൻ മാമുണ്ണി. മൂന്നു മുറിയിൽ രണ്ടു് മുറിയിൽ നെറച്ചും വിവിധ തരത്തിലുള്ള കളിമൺ പാത്രങ്ങളാണു്. ഒരു മുറിയിൽ ചായക്കച്ചവടവും. സമോവറിൽ വെള്ളം തിളച്ചു കിടക്കുന്നുണ്ടു്. ചെറിയ ചില്ലലമാരിയിൽ ഒന്നു രണ്ടു പഴംപൊരിയുണ്ടു്. ബാക്കി വന്ന സുഖിയൻ പൊരികളും. ഇനി ചായ കുടിക്കാൻ വരുന്നവർ കുറവാണു്. പാത്രം വാങ്ങാനോ, ഉണക്കമീൻ, ചൂടിക്കയർ, വള്ളിക്കൊട്ട, മത്തോക്കു്, പറങ്കിക്കിഴങ്ങു് എന്നിവയൊക്കെ വാങ്ങാൻ വരുന്ന ആരെങ്കിലും വന്നാലായി. അയാൾ തന്റെ നാലു് കട്ട ബാറ്ററിയുടെ രണ്ടു് ബാന്റുള്ള ചെറിയ മർഫി റേഡിയോ ഓൺ ചെയ്തു. അളിയൻ മൊയ്തുണ്ണി കഴിഞ്ഞ വരവിനു് പേർഷ്യ രാജ്യത്തു് നിന്നു് വന്നപ്പോൾ കൊടുത്തതാണു് ഈ റേഡിയോ. വാർത്ത വായിക്കുന്ന നേരമായി. എരമംഗലം അങ്ങാടിയിലെ തന്റെ നിരപ്പലകയിട്ട മൂന്നുമുറി പീടികയിലിരുന്നു് സ്റ്റേഷൻ പിടിച്ചു് പ്രാദേശിക വാർത്തകൾ കേട്ടുകൊണ്ടിരിക്കുകയാണു് ഇരുപത്തേഴുകാരനായ ചായക്കാരൻ മാമുണ്ണി. ‘കേരള നിയമസഭ ഇന്നു് കുടിയിറക്കു് നിരോധന നിയമം ഒരു ഓർഡിനൻസിലൂടെ പാസാക്കിയിരിക്കുന്നു.’ വാർത്ത കേട്ട പാടെ എന്താണു് ചെയ്യേണ്ടതു് എന്നറിയാതെ ഒരു നിപ്പെരങ്ങു് കിട്ടാതെ തുറന്നു് വെച്ചിരിക്കുന്ന പീടികയിൽ നിന്നും അയാൾ പുറത്തേക്കു് ഇറങ്ങി. ആനക്കോൾ പൊട്ടി ചിറ വെള്ളം കുത്തിയൊലിച്ചു് പുഞ്ചപ്പാടങ്ങളിൽ പടരുന്ന പോലെ അയാളുടെ വെന്തു് നീറിയ ഖൽബിലേക്കും ആ നനവു് പടർന്നിറങ്ങി. സാധനങ്ങൾ എടുത്തു കൊടുക്കുന്നതൊക്കെ തെറ്റി. രണ്ടു് കിലോ മത്തോക്കു് തൂക്കിക്കൊടുക്കേണ്ട ആൾക്കു് രണ്ടു് കിലോ ഉണക്കമുള്ളൻ തൂക്കിക്കൊടുത്തു. അറവുകാരൻ കുഞ്ഞു തെറി പറഞ്ഞതൊന്നും വകവെക്കാതെ അയാൾ അപ്പുറത്തെ ബാർബർ കുമാരന്റെ കടയിലേക്കു് എത്തിനോക്കി. നേരെ അയ്യപ്പ വിലാസം ഹോട്ടലിലേക്കു് കയറിച്ചെന്നു. അവിടെ വാർത്ത കേൾക്കുന്നവർ ധാരാളമുണ്ടു്. മാമുണ്ണി പ്രധാന വാർത്തക്കു് പിന്നേയും ചെവിയോർത്തു. സന്തോഷം കൊണ്ടു് അയാൾക്കു് കരച്ചിൽ വന്നു.

അയാൾ മൺപാത്രങ്ങളും ഉണക്കമീനും ഉണക്കമത്തോക്കും നിരന്നിരിക്കുന്ന പീടികയിലെ ചിമ്മിനി വെട്ടത്തിലേക്കു് നോക്കി. എന്തൊരു പ്രകാശമാണു് ഇപ്പോൾ തന്റെ പീടികക്കു് ഉള്ളതു്. ഈ സന്തോഷവർത്തമാനം തന്റെ ഉറ്റ ചങ്ങാതിയായ അച്ചുണ്ണിയോടു് പറയാൻ അയാളുടെ മനസ്സു് വെമ്പി. ചിമ്മിനി വിളക്കു് ഊതിക്കെടുത്തി നിരപ്പലകയിട്ടു് ഓടാമ്പലയിട്ടു് പൂട്ടി അയാൾ വീട്ടിലേക്കു് നടന്നു. നാളെയാണു് അബ്ദു അധികാരിയുമായി ഉള്ള കേസ് അവസാന അവധിക്കു് വെച്ചു് വിധി പറയാനായി വെച്ചിരിക്കുന്നതു്. ഏപ്രിൽ പന്ത്രണ്ടിനു്, കുടികിടപ്പു് ഒഴിഞ്ഞു് കൊടുക്കാൻ വേണ്ടിയുള്ള കേസ്. കേസ് ജന്മിക്കു് അനുകൂലമായി വിധി വരും എന്നാണു് മേനോൻ വക്കീലു് പറഞ്ഞതു്. ആ ദുരന്ത വിധി പ്രതീക്ഷിച്ചിരിക്കവേയാണു് തലേദിവസം ഏപ്രിൽ 11-നു് ഇന്നത്തെ റേഡിയോ വാർത്തയിൽ കുടിയൊഴിക്കൽ നിരോധിച്ചുള്ള നിയമം പാസായ അറിയിപ്പു് കേൾക്കുന്നതു്. ചപ്പയിൽ പറമ്പിലെ പെരയിലെത്തിയപ്പോഴേക്കും കേസിന്റെ കാര്യങ്ങളറിയാവുന്ന അച്ചുണ്ണിയും നാട്ടിലെ നാലഞ്ചു് സഖാക്കളും മുറ്റത്തു് നില്പുണ്ടായിരുന്നു. വിളക്കിൽ നിന്നും ഒരു സിംഹം ബീഡി കത്തിച്ചു് സഖാവു് സി. കെ. പറഞ്ഞു.
‘അല്ല മാമുണ്ണി. വിവരമറിഞ്ഞില്ലേ?’ ‘റേഡിയോവിൽ വാർത്ത കേട്ടിരുന്നോ? കുടിയിറക്കിനെതിരെ നിയമം വന്നു!! ഇനി കേസിനൊന്നും വിലയില്ല.’ അധികാരി വടി പിടിച്ചു. സഖാക്കൾ യാത്ര പറഞ്ഞു. അടുത്ത കുടിയിരിപ്പായ കൈതവളപ്പിൽ വേലായിയുടെ പുരയിലേക്കു് നടന്നു. ചിങ്ങം, കന്നി, മകരം എന്നിങ്ങനെയുള്ള മലയാള മാസങ്ങൾ മാത്രം അറിയുന്ന ചായക്കാരൻ മാമുണ്ണിക്കു് ആകപ്പാടെ ഒരു ഇംഗ്ലീഷ് മാസവും തീയതിയുമേ ജീവിതാവസാനം വരെ അറിയൂ. അതു് ഏപ്രിൽ പതിനൊന്നു് എന്ന ആ ഒറ്റതീയതിയാണു്. എരമംഗലത്തു് ഏപ്രിൽ 11-ന്റെ അനുഗ്രഹം കിട്ടാത്തവർ വലിയ വലിയ തറവാട്ടുകാരും ഭൂസ്വാമിമാരും പിന്നെ എട്ടു് തവണ 36 വർഷം മാറി മാറി താമസിച്ച തവയിൽ ബീവുമ്മയും പേർഷ്യക്കാരൻ മൊയ്തുണ്ണിയും മാത്രമാണു്. പിന്നെ നിയമം വരുമെന്നറിഞ്ഞു് ജന്മിയുടെ ബിനാമിയായ ഭൂമി രജിസ്റ്ററാക്കിയ ചില കാര്യസ്ഥന്മാരുമായിരുന്നു. തെക്കാമലെ പറമ്പിൽ 4 പേർക്കും അറക്കപ്പറമ്പിൽ ബാപ്പുട്ടിഹാജി 13 പേർക്കും മുളാനുള്ളീ പറമ്പിൽ 7 പേർക്കും വടക്കത്തേലെ പറമ്പിൽ 8 പേർക്കും ചെമ്പേലകായിൽ 11 പേർക്കും ഞങ്ങളുടെ ഇട്ടാവട്ടങ്ങളിൽ കുടിയൊഴിക്കൽ നിരോധനത്തിന്റെ അനുഗ്രഹം കിട്ടിയ ചില കാട്ടുപുല്ലുകളായിരുന്നു.

പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ) വന്നേരിയുടെ വഴിയടയാളങ്ങൾ, (ചരിത്രം) കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ) കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.
ഭാര്യ: ആരിഫ
കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.
ചിത്രങ്ങൾ: വി. പി. സുനിൽകുമാർ