SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-02-06-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

ധന്യ​മായ ജീ​വി​തം
images/Che_Guevara.jpg
ഏർ​നേ​സ്റ്റോ ചേ ഗേ​വാ​റാ

തെ​ക്കേ​യ​മേ​രി​ക്ക​യി​ലെ ആർ​ജ​ന്റീന രാ​ജ്യ​ത്തു് ആൽത ഗ്രാ​സിയ (Alta Gracia) എന്ന ജന​സ​ന്ദർ​ശന കേ​ന്ദ്ര​ത്തിൽ 1928-ൽ ജനി​ക്കു​ക​യും 1967-ൽ സി. ഐ. എ. ഏജ​ന്റ് ഫേ​ലേ​ക്സ് റൊ​ത്രി​ഗേ​സി​ന്റെ (Felix Rodriguez) മേൽ​നോ​ട്ട​ത്തിൽ വധി​ക്ക​പ്പെ​ടു​ക​യും ചെയ്ത ഏർ​നേ​സ്റ്റോ ചേ ഗേ​വാ​റാ​യെ (Ernesto Che Guevara) ഞാൻ മഹാ​നെ​ന്നു് വി​ശേ​ഷി​പ്പി​ക്കു​ന്നു. ‘ധർ​മ്മ​ത്തി​ന്റെ മാർ​ഗ്ഗ​ത്തി​ലാ​ണു് ജീ​വി​തം. ആ മാർ​ഗ്ഗ​ത്തിൽ മര​ണ​മി​ല്ല’ എന്ന വി​ശു​ദ്ധ വച​ന​മ​നു​സ​രി​ച്ചു് ജീ​വി​തം നയി​ക്കു​ന്ന​വ​നാ​ണു് മഹാൻ. അദ്ദേ​ഹം വധി​ക്ക​പ്പെ​ട്ടാ​ലും മരി​ക്കു​ന്നി​ല്ല. ബലീ​വി​യ​യി​ലെ (Bolivia) അൻ​ഡീ​സ് പർ​വ്വ​ത​പം​ക്തി​ക​ളിൽ ഒളി​പ്പോ​രു് നട​ത്തു​ന്ന വേ​ള​യി​ലാ​ണു് ഗേ​വാ​റാ ബന്ധ​ന​സ്ഥ​നാ​യ​തു്. അദ്ദേ​ഹ​ത്തി​ന്റെ തോ​ക്കു് ശത്രു​ക്ക​ളു​ടെ വെ​ടി​യേ​റ്റു തകർ​ന്നു. രണ്ടു വെ​ടി​കൂ​ടി ഉണ്ടാ​യി. ഗേ​വാ​റാ ക്ഷ​താം​ഗ​നാ​യി. ശത്രു തോ​ക്കു് അദ്ദേ​ഹ​ത്തി​ന്റെ നേർ​ക്കു് ചൂ​ണ്ടി. അപ്പോൾ അദ്ദേ​ഹം പറ​ഞ്ഞു: Don’t shoot. I am Che Guevara. I am worth more to you alive than dead (തോ​ക്കു് ചൂ​ണ്ടിയ ശത്രു തന്നെ​യാ​ണു് ചേ​യു​ടെ ഈ വാ​ക്കു​കൾ പി​ന്നീ​ടു് മറ്റു​ള്ള​വ​രെ അറി​യി​ച്ച​ത്).

images/Felix_Ismael_Rodriguez.jpg
ഫേ​ലേ​ക്സ് റൊ​ത്രി​ഗേ​സ്

ശത്രു​പ​ക്ഷ​ത്തെ ലഫ്റ്റ​നെ​ന്റ് കേണൽ അദ്ദേ​ഹ​ത്തോ​ടു ചോ​ദി​ച്ചു: Are you Cuban or Argentine? ചേ​യു​ടെ മറു​പ​ടി I am Cuban, Argentine, Bolivian, Peruvian, Eqaudorian etc. You understand? വീ​ണ്ടും ലഫ്റ്റ​ന​ന്റ് കേ​ണ​ലി​ന്റെ ചോ​ദ്യം: What made you decide to operate in our country? ചേ പറ​ഞ്ഞു: Can’t you see the state in which the peasants live. They are almost like savages, living in a state of poverty that depresses the heart, having only one room in which to sleep and cook and no clothing to wear, abandoned like animals.

റൊ​ത്രി​ഗേ​സ് ചേ ഗേ​വാ​റാ​യെ ആലിം​ഗ​നം ചെ​യ്തു. റൊ​ത്രി​ഗേ​സ് പി​ന്നീ​ടു് പറ​ഞ്ഞു: “It was a tremendously emotional moment for me. I no longer hated him. His moment of truth had come, and he was conducting himself like a man. He was facing death with courage and grace”.

മാ​റി​യോ എന്ന സാർ​ജ​ന്റ് പ്ര​തി​കാര വാ​ഞ്ച​യോ​ടു് കൂടി തോ​ക്കെ​ടു​ത്തു. വെ​ടി​വ​ച്ചു. ചേ​യു​ടെ അവ​സാ​ന​ത്തെ വാ​ക്കു​കൾ ഇങ്ങ​നെ: “I know you’ve come to kill me. Shoot, coward you are only going to kill a man”.

റൊ​ത്രി​ഗേ​സ് ഇരു​പ​ത്തി​യ​ഞ്ചു വർ​ഷ​ത്തി​നു് ശേഷം എഴുതി: “ചേ മരി​ച്ചി​രി​ക്കാം. പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ ആസ്മ—എന്റെ ജീ​വി​ത​ത്തിൽ ഒരി​ക്ക​ലും എനി​ക്കി​ല്ലാ​ത്ത​തു്—എന്നോ​ടു് ചേർ​ന്നു. ഈ ദിവസം വരെ എന്റെ വി​ട്ടു​മാ​റാ​ത്ത ശ്വാ​സം​മു​ട്ടൽ ചേയെ ഓർ​മ്മി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു”.

images/John_Lee_Anderson.jpg
ജൊൻ ലി അൻ​ഡേ​ഴ്സൻ

ചേ​യു​ടെ മൃ​ത​ശ​രീ​രം കു​ഴി​ച്ചി​ടു​ന്ന​തി​നു മുൻ​പു് അദ്ദേ​ഹ​ത്തി​ന്റെ രണ്ടു കൈയും വെ​ട്ടി​മാ​റ്റി. കൈ​ക​ളി​ല്ലാ​ത്ത ആ അസ്ഥി​പ​ഞ്ജ​ര​ത്തി​നു് വേ​ണ്ടി അന്വേ​ഷ​ണം നട​ന്നു. ഇന്നു​വ​രെ അതു് കണ്ടെ​ത്താ​നാ​യി​ല്ല. ഹൃ​ദ​യ​ത്തെ ദ്ര​വി​പ്പി​ക്കു​ന്ന ഈ വി​വ​ര​ങ്ങ​ളെ​ല്ലാം ജൊൻ ലി അൻ​ഡേ​ഴ്സൻ എഴു​തിയ “Che Guevara - A Revolutionary Life” എന്ന ജീ​വ​ച​രി​ത്ര​ത്തി​ലാ​ണു​ള്ള​തു്. 814 പു​റ​ങ്ങ​ളു​ള്ള ഒരു മഹാ​ഗ്ര​ന്ഥ​മാ​ണി​തു്. മഹാ​ഗ്ര​ന്ഥം മാ​ത്ര​മ​ല്ല മഹൽ​ഗ്ര​ന്ഥ​വും കൂ​ടി​യാ​ണി​തു് (Bantam Books).

ചേ വധി​ക്ക​പ്പെ​ടു​ന്ന​തി​നു് അല്പം മുൻ​പു് റൊ​ത്രി​ഗേ​സ് അദ്ദേ​ഹ​ത്തോ​ടു ചോ​ദി​ച്ചു കു​ടും​ബ​ത്തി​നു് നൽകാൻ സന്ദേ​ശം വല്ല​തു​മു​ണ്ടോ​യെ​ന്നു്. ചേ പറ​ഞ്ഞു: “Tell Fidel that he will soon see a triumphant revolution in America… And tell my wife to remarry and to try to be happy”.

images/Regis_Debray.jpg
ഷ്യൂൾ റേ​ഷി​സ് ദബ്രേ

ഈ വാ​ക്കു​ക​ളിൽ പ്ര​തി​ഫ​ലി​ക്കു​ന്ന മനു​ഷ്യ​സ്നേ​ഹ​മു​ണ്ട​ല്ലോ അതാ​ണു് ചേയെ ഒളി​പ്പോ​രു​കാ​ര​നാ​ക്കി​യ​തു്. ക്യൂ​ബൻ സർ​ക്കാ​രിൽ സമു​ന്നത സ്ഥാ​ന​ത്തി​രു​ന്ന അദ്ദേ​ഹം അതു​പേ​ക്ഷി​ച്ചു് കോം​ഗോ​യി​ലേ​ക്കു് പോ​യ​തു്. ബലീ​വി​യ​യി​ലേ​ക്കു് പോ​യ​തു് അവി​ട​ത്തെ മർ​ദ്ദിത ജന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണു്. വി​പ്ല​വ​കാ​രി ഒളി​പ്പോ​രു​കാ​ര​നാ​കു​ന്ന​തു് മറ്റു മാർ​ഗ്ഗ​ങ്ങൾ അട​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു കാ​ണു​മ്പോ​ഴാ​ണു്. ചോര ചി​ന്തു​ന്ന​തി​നെ​യും അക്ര​മ​പ്ര​വർ​ത്ത​ന​ങ്ങൾ നട​ത്തു​ന്ന​തി​നെ​യും ഗാ​ന്ധി ശി​ഷ്യ​നായ ഞാൻ നീ​തി​മ​ത്ക​രി​ക്കു​ക​യ​ല്ല. ഒളി​പ്പോ​രു​കാ​ര​ന്റെ വി​ക്ഷ​ണ​ഗ​തി​യി​ലൂ​ടെ കാ​ര്യ​ങ്ങൾ പറ​യു​ക​യാ​ണു്. ഒളി​പ്പോ​രി​ലൂ​ടെ ഒരു ചെറിയ പുരുഷ സമൂ​ഹ​ത്തി​നു് സോ​ഷ്യ​ലി​സ്റ്റ് വി​പ്ല​വ​മു​ണ്ടാ​ക്കാ​മെ​ന്നു് ചേ​യു​ടെ​യും കാ​സ്ത്രോ​യു​ടെ​യും സു​ഹൃ​ത്തായ ഷ്യൂൾ റേ​ഷി​സ് ദബ്രേ (Jules Regis Debray) പറ​ഞ്ഞു. പക്ഷേ, ഈ സി​ദ്ധാ​ന്തം പ്രാ​യോ​ഗി​ക​ത​ല​ത്തിൽ പരാ​ജ​യ​പ്പെ​ട്ടു. പരാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ചേ​യു​ടെ രക്ത​സാ​ക്ഷി​ത്വം സി​ദ്ധാ​ന്ത​ത്തി​നു് പു​ന​രു​ജ്ജീ​വ​നം നൽ​കി​യി​രി​ക്കു​ന്നു.

എണ്ണൂ​റോ​ളം പു​റ​ങ്ങൾ കൊ​ണ്ടു് ജീ​വ​ച​രി​ത്ര​കാ​രൻ വർ​ണ്ണി​ച്ചി​രി​ക്കു​ന്ന സംഭവം. സം​ഭ​വ​പ​ര​മ്പ​ര​ക​ളേ​യും ചേ​യു​ടെ ജീ​വി​ത​രീ​തി​ക​ളേ​യും ഈ ലേ​ഖ​ന​ത്തി​ന്റെ ഹ്ര​സ്വ​ത​യി​ലൊ​തു​ക്കാൻ വയ്യ. അതു​കൊ​ണ്ടു് ഗ്ര​ന്ഥം വാ​യി​ക്കൂ എന്നേ എനി​ക്കു് പറ​യാ​നു​ള്ളൂ.

images/The_Discovery_of_India.jpg

കവി​ത​യെ സ്നേ​ഹി​ച്ച, പു​സ്ത​ക​ങ്ങ​ളെ സ്നേ​ഹി​ച്ച സഹൃ​ദ​യ​നാ​യി​രു​ന്നു ചേ. യു​വാ​വാ​യി​രി​ക്കു​മ്പോൾ തന്നെ അദ്ദേ​ഹം ഫ്രോ​യി​റ്റി​ന്റെ​യും ബർ​ട്രൻ​ഡ് റസ്സ​ലി​ന്റെ​യും ഗ്ര​ന്ഥ​ങ്ങൾ വാ​യി​ച്ചു. ഗ്രീ​ക്കു് സാ​ഹി​ത്യ​ത്തിൽ തു​ട​ങ്ങി അൽഡസ് ഹക്സ്ലി​യു​ടെ ചി​ന്തോ​ദ്ദീ​പ​ങ്ങ​ളായ രചനകൾ വരെ ചെ​ന്നെ​ത്തി ഈ ഒളി​പ്പോ​രു​കാ​രൻ. അദ്ദേ​ഹ​ത്തി​നു് ഏറ്റ​വും ഇഷ്ട​പ്പെ​ട്ട ഗ്ര​ന്ഥം ജവർ​ഹർ​ലാൽ നെ​ഹ്രു​വി​ന്റെThe Discovery of India’ ആയി​രു​ന്നു. വാ​യി​ച്ചു കഴി​ഞ്ഞ​തി​നു് ശേഷം അതി​നെ​ക്കു​റി​ച്ചു് ആദ​രാ​ഭി​ന​ന്ദ​ന​ങ്ങ​ളോ​ടെ ചേ കൂ​ട്ടു​കാ​രോ​ടു് സം​സാ​രി​ച്ചു. ചി​ല​പ്പോൾ അദ്ദേ​ഹം കവി​ത​യും എഴു​തി​യി​രു​ന്നു. ചേ​യു​ടെ സി​ദ്ധി​ക​ളൊ​ക്കെ മന​സ്സി​ലാ​ക്കിയ ഷാങ് പോൾ സാർ​ത്ര് അദ്ദേ​ഹ​ത്തി​ന്റെ മര​ണ​ത്തി​നു ശേഷം പറ​ഞ്ഞ​തെ​ന്തൊ​ക്കെ​യാ​ണെ​ന്നോ? ‘The most complete human being of our age’ ഈ സമ്പൂർ​ണ്ണ​നായ മനു​ഷ്യ​നെ കാ​ണ​ണ​മെ​ന്നു​ണ്ടെ​ങ്കിൽ ഈ ജീ​വ​ച​രി​ത്രം വാ​യി​ക്ക​ണം. സഹ​ധർ​മ്മി​ണി​യെ സ്നേ​ഹി​ച്ച ഭർ​ത്താ​വ്. സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ പ്രാ​ണ​നെ​പ്പോ​ലെ കരു​തിയ അച്ഛൻ. ജീ​വി​ത​ക്ലേ​ശ​ങ്ങൾ അനു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വർ​ക്കു് വേ​ണ്ടി പട​വെ​ട്ടിയ മനു​ഷ്യ​സ്നേ​ഹി. കാ​സ്ത്രോ, മാവോ സെ തൂങ്, ക്രൂ​ഷ്ചോ​ഫ്, സാർ​ത്ര്, സീമോൻ ദെ ബൊ​വ്വാർ ഈ മഹാ​വ്യ​ക്തി​ക​ളു​ടെ സ്നേ​ഹ​ഭാ​ജ​നം ഇങ്ങ​നെ​യൊ​ക്കെ​യു​ള്ള ചേ ഗേ​വാ​റാ​യെ കാണാൻ ഈ ജീ​വ​ച​രി​ത്രം നമ്മ​ളെ സഹാ​യി​ക്കു​ന്നു. മാ​വോ​യ്ക്കും ക്രൂ​ഷ്ചോ​ഫി​നും കൈ​കൊ​ടു​ത്തു് സമ​ന്മാ​രെ​പ്പോ​ലെ അവ​രോ​ടു് സം​സാ​രി​ച്ച ഈ വലിയ വ്യ​ക്തി ഹവാ​നാ​യിൽ ഒരു സാ​ധാ​ര​ണ​ക്കാ​ര​നായ കൂ​ലി​ക്കാ​ര​നെ​പ്പോ​ലെ, മറ്റു കൂ​ലി​ക്കാ​രോ​ടു് ഒരു​മി​ച്ചു് പണി​ചെ​യ്തി​രു​ന്നു. ‘കമ്മ്യൂ​ണി​സ്റ്റ് സമർ​പ്പ​ണ​ത്തി​നും ത്യാ​ഗ​ത്തി​നും നി​ദർ​ശ​ക​ത്വം വഹി​ച്ചു് അദ്ദേ​ഹം ഒരു ഉന്തു​വ​ണ്ടി​യിൽ ഭാ​ര​മാർ​ന്ന ഒരു ചാ​ക്ക് കെ​ട്ടി വച്ചു് വലി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ചി​ത്രം ഇപ്പു​സ്ത​ക​ത്തി​ലു​ണ്ടു്. മരി​ച്ചെ​ങ്കി​ലും കണ്ണു് തു​റ​ന്നു വച്ചു് കി​ട​ക്കു​ന്ന ചി​ത്ര​വും. ആ നി​ശ്ചേ​തന ശരീരം ദർ​ശി​ച്ചു് ലക്ഷ​ക്ക​ണ​ക്കി​നു് ആളുകൾ നട​ന്നു​പോ​യി. ഒരാ​ശു​പ​ത്രി​യി​ലെ കന്യാ​സ്ത്രീ​കൾ അദ്ദേ​ഹ​ത്തി​നു് യേ​ശു​ക്രി​സ്തു​വു​മാ​യി ഛാ​യാ​സാ​ദൃ​ശ്യ​മു​ണ്ടെ​ന്നു് പറ​ഞ്ഞു. സ്ത്രീ​കൾ ഓർ​മ്മ​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കാൻ അദ്ദേ​ഹ​ത്തി​ന്റെ മു​ടി​ച്ചു​രു​ളു​കൾ മു​റി​ച്ചെ​ടു​ത്തു’.

ബാ​ല​സാ​ഹി​ത്യ രചന വ്യർ​ത്ഥ​ര​ച​ന​യാ​ണു്. കാരണം ഇന്ന​ത്തെ അഞ്ചു​വ​യ​സ്സായ ഏതൊരു പെൺ​കു​ട്ടി​ക്കും ആൺ​കു​ട്ടി​ക്കും അറു​പ​തു വയ​സ്സായ തടി​മാ​ട​നെ​ക്കാൾ അറി​വു​ണ്ടു്. മന​സ്സി​നു് പരി​പാ​ക​മു​ണ്ടു്. കി​ഴ​വ​ന്മ​രെ​ക്കൊ​ണ്ടു് വേണം ഇന്ന​ത്തെ ബാ​ല​സാ​ഹി​ത്യ കൃ​തി​കൾ വാ​യി​പ്പി​ക്കാൻ.

ധന്യ​മായ ജി​വി​തം ചേ​യു​ടേ​തു്. ആരോ പറ​ഞ്ഞ​തു് പോലെ ഈ ഗ്ര​ന്ഥം തൊ​ടു​ന്ന ആളുകൾ ആ മഹാ​പു​രു​ഷ​നെ തൊ​ടു​ന്നു. (ചേ ഗോ​വാ​റാ എന്നു് സ്പാ​നി​ഷ് ഉച്ചാ​ര​ണം, ഗാവോ എന്നു് ഇം​ഗ്ലീ​ഷ് ഉച്ചാ​ര​ണം).

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: നി​ങ്ങൾ വൈ​കു​ന്നേ​ര​ങ്ങ​ളിൽ പട്ട​ണ​ത്തി​ലെ ചാ​യ​ക്ക​ട​ക​ളിൽ കയ​റു​ന്ന​തു് ഞാൻ കാ​ണു​ന്നു. ദു​ശ്ശീ​ല​മ​ല്ലേ അതു്?

ഉത്ത​രം: എനി​ക്കു് മൂ​ന്നു​ദി​വ​സ​ത്തെ പഴ​ക്ക​മു​ള്ള വടയും മറ്റും ഇഷ്ട​മാ​ണു്. പഴകിയ ഭക്ഷ​ണ​സാ​ധ​ന​ങ്ങൾ കഴി​ക്കാൻ തി​രു​വ​ന​ന്ത​പു​രം പോലെ സൗ​ക​ര്യ​മു​ള്ള വേറെ സ്ഥ​ല​മി​ല്ല കേ​ര​ള​ത്തിൽ. നഗ​ര​സ​ഭ​യ്ക്കു് നന്ദി.

ചോ​ദ്യം: കാ​മു​കി​യും ഭാ​ര്യ​യും… എന്തേ വ്യ​ത്യാ​സം?

ഉത്ത​രം: കാ​മു​കി​ക്കു് ആയി​ര​ക്ക​ണ​ക്കി​നു് രൂപ ചെ​ല​വാ​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം. എന്നാ​ലേ അവൾ വി​ട്ടു പോ​കാ​തി​രി​ക്കൂ. ഭാ​ര്യ​യ്ക്കു് ഒരു ബ്ലൗ​സി​നു​ള്ള തുണി പോലും വാ​ങ്ങി​ച്ചു​കൊ​ടു​ക്കേ​ണ്ട​തി​ല്ല.

ചോ​ദ്യം: എന്റെ ഗു​രു​നാ​ഥ​നാ​ണു് എൻ. കൃ​ഷ്ണ​പി​ള്ള. കു​മാ​ര​നാ​ശാ​ന്റെ കൃ​തി​ക​ളി​ലെ സ്നേ​ഹം, പ്ലെ​റ്റോ​ണി​ക് സ്നേ​ഹ​മാ​ണെ​ന്നു് അദ്ദേ​ഹം ക്ലാ​സ്സിൽ പറ​ഞ്ഞു. ശരി​യാ​ണോ ഇതു്?

ഉത്ത​രം: ശരി​യ​ല്ല. നളി​നി​യും പൂർ​വ്വ​കാ​മു​ക​നും, ലീ​ല​യും മദ​ന​നും, വാ​സ​വ​ദ​ത്ത​യും ഉപ​ഗു​പ്ത​നും വി​വാ​ഹം കഴി​ച്ച​തി​നു് ശേഷം വെ​വ്വേ​റെ മു​റി​ക​ളിൽ ഉറ​ങ്ങി​യി​രു​ന്നെ​ങ്കിൽ അതു് പ്ലേ​റ്റോ​ണി​ക് സ്നേ​ഹ​മാ​കു​മാ​യി​രു​ന്നു. നമ്മു​ടെ​യി​ട​യിൽ മധു​വി​ധു​വി​നു് ശേഷം ദമ്പ​തി​മാർ​ക്കു് ആ സ്നേ​ഹ​മാ​ണു്.

ചോ​ദ്യം: കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ​പ​രി​ഷ്കർ​ത്താ​ക്ക​ളെ​ക്കു​റി​ച്ചു് എന്തു് പറ​യു​ന്നു, നി​ങ്ങൾ?

ഉത്ത​രം: ലോകം നന്നാ​ക്ക​ണ​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ കാ​ല​ത്തു് കാറിൽ കയ​റി​പ്പോ​കു​ന്നു. അഞ്ചാ​റ് കമ്മി​റ്റി​ക​ളിൽ പങ്കു​കൊ​ണ്ടു് വാ​തോ​രാ​തെ സം​സാ​രി​ച്ച​തി​നു ശേഷം വീ​ട്ടിൽ വന്നു് ‘മൂ​ക്കു​മു​ട്ടെ’ ആഹാരം കഴി​ച്ചി​ട്ടു് കി​ട​ന്നു​റ​ങ്ങു​ന്നു (സമൂഹ പരി​ഷ്കർ​ത്താ​വ് എന്നു പറയണം. സാ​മൂ​ഹ്യ പരി​ഷ്കർ​ത്താ​വ് സമൂ​ഹ​ത്തി​ന്റെ പരി​ഷ്കർ​ത്താ​വ​ല്ല. സാ​മൂ​ഹ്യ​ത്തി​ന്റെ പരി​ഷ്കർ​ത്താ​വാ​ണു്).

ചോ​ദ്യം: ഞാൻ ദി​ല്ലി​യി​ലാ​ണു് താ​മ​സി​ക്കു​ന്ന​തു്. തി​ര​ഞ്ഞെ​ടു​പ്പി​നു് അയ്യാ​യി​രം രൂപ ഒരു സ്ഥാ​നാർ​ത്ഥി​ക്കു് കൊ​ടു​ക്ക​ണ​മെ​ന്നു​ണ്ടു്. ആർ​ക്കാ​ണു് ഞാൻ അതു് കൊ​ടു​ക്കേ​ണ്ട​തു് ?

ഉത്ത​രം: താ​ങ്കൾ കഴി​യു​ന്നി​ട​ത്തോ​ളം ചാണകം ശേ​ഖ​രി​ച്ചു് വട​ക്കേ ഇൻ​ഡ്യ​യി​ലു​ള്ള നേ​താ​ക്കൾ​ക്കു് കൊ​ടു​ത്താൽ മതി അവർ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ചാ​ണ​ക​മെ​ടു​ത്തെ​റി​ഞ്ഞു് ചാ​ണ​ക​മി​ല്ലാ​ത്ത അവ​സ്ഥ​യി​ലാ​ണു്. വേ​ഗ​മാ​ക​ട്ടെ ചാണകം ശേ​ഖ​രി​ക്കൂ. അയ്യാ​യി​രം രൂപ എനി​ക്കു് അയ​ച്ചു​ത​രൂ. ഞാൻ പു​സ്ത​കം വാ​ങ്ങാം. അവ​യെ​ക്കു​റി​ച്ചു് എഴു​താം.

ചോ​ദ്യം: തി​രു​വ​ന​ന്ത​പു​ര​ത്തെ വി​രൂ​പ​ങ്ങ​ളായ കെ​ട്ടി​ട​ങ്ങൾ ഏവ?

ഉത്ത​രം: അക്കൗ​ണ്ട​ന്റ് ജനറൽ ഓഫീസ് കെ​ട്ടി​ടം, വഴു​ത​ക്കാ​ട്ടെ ടാഗോർ സെ​ന്റി​ന​റി ഹാൾ, സെ​ക്ര​ട്ടേ​റി​യേ​റ്റി​നു് എതി​രു​വ​ശ​ത്തു​ള്ള കമ്പി​യാ​പ്പീ​സ് ഇവ​യെ​ക്കാൾ വി​രൂ​പ​ങ്ങ​ളായ കെ​ട്ടി​ട​ങ്ങൾ ഈ ലോ​ക​ത്തു് വേറെ എവി​ടെ​യെ​ങ്കി​ലു​മു​ണ്ടോ എന്നു സം​ശ​യ​മെ​നി​ക്കു്.

ചോ​ദ്യം: ബാ​ല​സാ​ഹി​ത്യ രച​ന​യ്ക്കു് സർ​ക്കാർ പ്രോ​ത്സാ​ഹ​നം നൽ​കേ​ണ്ട​ത​ല്ലേ?

ഉത്ത​രം: പാ​ടി​ല്ല. ബാ​ല​സാ​ഹി​ത്യ രചന വ്യർ​ത്ഥ​ര​ച​ന​യാ​ണു്. കാരണം ഇന്ന​ത്തെ അഞ്ചു​വ​യ​സ്സായ ഏതൊരു പെൺ​കു​ട്ടി​ക്കും ആൺ​കു​ട്ടി​ക്കും അറു​പ​തു വയ​സ്സായ തടി​മാ​ട​നെ​ക്കാൾ അറി​വു​ണ്ടു്. മന​സ്സി​നു് പരി​പാ​ക​മു​ണ്ടു്. കി​ഴ​വ​ന്മ​രെ​ക്കൊ​ണ്ടു് വേണം ഇന്ന​ത്തെ ബാ​ല​സാ​ഹി​ത്യ കൃ​തി​കൾ വാ​യി​പ്പി​ക്കാൻ.

സൂ​ര്യ​നും ഋജു​രേ​ഖ​യും

കോ​ട്ട​യ​ത്തു നി​ന്നു് ഞങ്ങൾ​ക്കു് എറ​ണാ​കു​ള​ത്തേ​ക്കു് പോകണം. എന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒരു സ്നേ​ഹി​ത​നു് പെ​രു​മ്പാ​വൂ​രിൽ ഒരു ബന്ധു​വി​നെ​യും കാണണം. ഞങ്ങൾ യാത്ര തി​രി​ച്ചു. കുറേ നേരം കഴി​ഞ്ഞ​പ്പോൾ തല​ചു​റ്റു​ന്ന​തു​പോ​ലെ തോ​ന്നി. ഇത്ര​മാ​ത്രം വള​വു​ക​ളും തി​രി​വു​ക​ളു​മു​ള്ള റോഡ് കേ​ര​ള​ത്തിൽ വേറെ എവി​ടെ​യെ​ങ്കി​ലു​മു​ണ്ടോ എന്നു് എനി​ക്കു സം​ശ​യ​മാ​യി. ആ വക്ര​ഗ​തി​യാർ​ന്ന യാ​ത്ര​യാ​ണു് എനി​ക്കു് തല​ചു​റ്റ​ലു​ണ്ടാ​ക്കി​യ​തു്. സർ സി. പി. രാ​മ​സ്വാ​മി അയ്യ​രു​ടെ ആജ്ഞ​യ​നു​സ​രി​ച്ചു് നിർ​മ്മി​ച്ച തി​രു​വ​ന​ന്ത​പു​രം കന്യാ​കു​മാ​രി റോ​ഡി​ലൂ​ടെ ഞാൻ എത്ര തവ​ണ​യാ​ണു് സഞ്ച​രി​ച്ചി​ട്ടു​ള്ള​തു്? വള​വി​ല്ല, തി​രി​വി​ല്ല. പര​മ​സു​ഖം. ഞാ​നി​തൊ​ക്കെ സു​ഹൃ​ത്തി​നോ​ടു് പറ​ഞ്ഞ​പ്പോൾ ‘തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു് നമു​ക്കു് ആല​പ്പുഴ വഴി എറ​ണാ​കു​ള​ത്തേ​ക്കു് പോയാൽ മതി​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ലെ ബന്ധു​ദർ​ശ​നം ഒഴി​വാ​ക്കാ​മാ​യി​രു​ന്നു എന്നു് അദ്ദേ​ഹം പശ്ചാ​ത്താ​പ​ത്തോ​ടെ പറ​ഞ്ഞു. സാ​ഹി​ത്യ​ത്തിൽ തല്പ​ര​നായ ആ ചങ്ങാ​തി​യോ​ടു് ഞാൻ ചോ​ദി​ച്ചു: സ്പാ​നി​ഷ്—അമേ​രി​ക്കൻ തത്ത്വ​ചി​ന്ത​ക​നായ സാ​ന്താ​യാ​നാ​യു​ടെThe Sense of Beauty’ എന്ന പു​സ്ത​കം വാ​യി​ച്ചി​ട്ടു​ണ്ടോ എന്നു്. ‘ഇല്ല’ എന്നു കൂ​ട്ടു​കാ​രൻ മറു​പ​ടി പറ​ഞ്ഞ​പ്പോൾ ആ ഗ്ര​ന്ഥ​ത്തിൽ സിം​ബ​ലി​സ​ത്തെ​ക്കു​റി​ച്ചു് സാ​ന്താ​യാ​നാ എഴു​തി​യ​തു് ഞാൻ അദ്ദേ​ഹ​ത്തെ അറി​യി​ച്ചു.

images/George_Santayana.jpg
സാ​ന്താ​യാന

ഒരു ഋജു​രേഖ വര​ച്ചി​ട്ടു് വളവോ തി​രി​വോ ഇല്ലാ​ത്ത റോ​ഡി​ലൂ​ടെ സഞ്ച​രി​ച്ചാൽ ഉണ്ടാ​കു​ന്ന സു​ഖ​മാ​ണു് ആ രേഖ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നു് പറ​ഞ്ഞാൽ പറ​യു​ന്ന​വ​നെ​സ്സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അതു് ശരി. പക്ഷേ, മറ്റു​ള്ള​വർ​ക്കു് അതു് ശരി​യാ​വ​ണ​മെ​ന്നി​ല്ല എന്നോ മറ്റോ ആ തത്ത്വ​ചി​ന്ത​കൻ The Sense of Beauty ഇതു് സ്പ​ഷ്ട​മാ​ക്കി​യു​ട്ടു​ണ്ടെ​ന്നു് ഞാൻ പറ​ഞ്ഞു. പ്ര​തി​രൂ​പ​വും (സിംബൽ) ആശ​യ​വും തമ്മി​ലു​ള്ള ബന്ധം രൂ​ഢീ​ഗ​ത​മാ​യി​രു​ന്നാ​ലേ ആളു​കൾ​ക്കു് സിം​ബ​ലി​സം—പ്ര​തി​രൂ​പാ​ത്മ​ക​ത്വം—മന​സ്സി​ലാ​കൂ. സൂ​ര്യ​നി​ല്ലെ​ങ്കിൽ ഭൂമി നശി​ച്ചു​പോ​കും. അതു​കൊ​ണ്ടു് സൂ​ര്യ​നെ പര​മാ​ത്മാ​വാ​യി കരു​താം. സൂ​ര്യ​നു​ദി​ക്കു​മ്പോ​ഴാ​ണു് താമര വി​ട​രുക. പര​മാ​ത്മാ​വി​ന്റെ ശക്തി​യിൽ ഉല്ല​സി​ക്കു​ന്ന ജീ​വാ​ത്മാ​വി​നെ അക്കാ​ര​ണ​ത്താൽ താ​മ​ര​യാ​യി സങ്കൽ​പി​ക്കാം. ഇവിടെ സൂ​ര്യ​നും താ​മ​ര​യും സ്വ​കാ​ര്യ സിം​ബ​ലു​ക​ള​ല്ല. പക്ഷേ, വക്ര​ഗ​തി​യി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ സഞ്ച​രി​ച്ചാ​ലു​ണ്ടാ​കു​ന്ന സുഖം സൂ​ചി​പ്പി​ക്കാൻ ഒരു ഋജു​രേഖ വര​ച്ചു​വ​ച്ചാൽ മതി​യാ​വു​ക​യി​ല്ല. അതു് വര​യ്ക്കു​ന്ന​വ​ന്റെ ആശയം ആ പ്ര​തി​രൂ​പ​ത്തി​ലൂ​ടെ ദ്ര​ഷ്ടാ​വി​നു് പകർ​ന്നു കി​ട്ടു​കി​ല്ല.

നമ്പൂ​തി​രി കോ​മ​ള​മായ സ്ത്രീ​ശ​രീ​ര​ത്തെ വര​ക​ളി​ലൂ​ടെ ആവി​ഷ്ക​രി​ക്കു​ന്നു. ആ ശരീ​ര​ത്തി​ന്റെ ചൈ​ത​ന്യ​ധ​ന്യ​മായ ആന്ത​ര​മ​ണ്ഡ​ല​ത്തെ​യും സ്ഫു​ടീ​ക​രി​ക്കു​ന്നു. പ്ര​കൃ​തി അനു​ഗ്ര​ഹി​ച്ച​വർ​ക്കു മാ​ത്രം കഴി​യു​ന്ന പ്ര​ക്രി​യ​യാ​ണി​തു്.

ചൂ​ടി​നെ ഒരു സ്വ​കാ​ര്യ സിം​ബ​ലാ​ക്കി ശ്രീ. ബി. മുരളി എഴു​തിയ ‘ഭരണി’ എന്ന ചെ​റു​കഥ (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പ്) ആശയ നി​വേ​ദ​ന​ത്തി​നു് സമർ​ഥ​മാ​ണു്. ഒരു​ത്തൻ ചൂ​ടു​കൊ​ണ്ടു് കഷ്ട​പ്പെ​ടു​ന്നു. നി​ലാ​വു​ള്ള സമ​യ​ത്തു് മറ്റു​ള്ള​വർ​ക്കു് സഹി​ക്കാ​നാ​വു​ന്ന ചൂ​ടു​ള്ള​പ്പോൾ അയാൾ​ക്കു് ചൂടു് അനു​ഭ​വ​പ്പെ​ടു​ന്നു. രൂ​ഢീ​ഗ​ത​മായ സിം​ബ​ലി​സ​മ​ല്ല മു​ര​ളി​യു​ടേ​തു്. അതി​നാൽ ഹൃദയ സം​വാ​ദ​മി​ല്ല. അതി​ല്ലാ​ത്ത​തു​കൊ​ണ്ടു് കല ജനി​പ്പി​ക്കേ​ണ്ട അനു​ഭൂ​തി ഇതു് ഉള​വാ​ക്കു​ന്ന​തു​മി​ല്ല. ചൂടു്, ചൂടു് എന്നു രച​യി​താ​വ് പല തവണ പറ​യു​ന്ന​ത​ല്ലാ​തെ ബിം​ബ​ങ്ങ​ളി​ലൂ​ടെ ചൂടു് പകർ​ന്നു തരു​ന്നു​മി​ല്ല. ജി​ലേ​ബി എന്നെ​ഴു​തിയ കട​ലാ​സ്സ് വാ​യി​ലി​ട്ടു് ചവ​ച്ചാൽ മാ​ധു​ര്യം അനു​ഭ​വ​പ്പെ​ടി​ല്ല​ല്ലോ.

കലാ​കാ​ര​നായ നമ്പൂ​തി​രി

പീ​കാ​സോ വരച്ച സ്ത്രീ രൂ​പ​ങ്ങ​ളെ വാ​യ​ന​ക്കാ​രിൽ ചി​ല​രെ​ങ്കി​ലും കണ്ടി​രി​ക്കു​മ​ല്ലോ. ഇരു​പ​താം ശതാ​ബ്ദ​ത്തി​ലെ വലിയ ചി​ത്ര​കാ​ര​നാ​ണു് പീ​കാ​സോ. അദ്ദേ​ഹം ക്യാൻ​വാ​സിൽ വരച്ച സ്ത്രീ​ക​ളു​ടെ രൂ​പ​മു​ള്ള സ്ത്രീ​യെ എന്റെ വാ​യ​ന​ക്കാ​രിൽ അവി​വാ​ഹി​ത​രാ​യ​വർ സഹ​ധർ​മ്മി​ണി​യാ​യി കി​ട്ടാൻ കൊ​തി​ക്കു​മോ? കൊ​തി​ക്കി​ല്ലെ​ന്നു് മാ​ത്ര​മ​ല്ല അവ​രു​ടെ ഛാ​യ​യു​ള്ള ഏതെ​ങ്കി​ലും സ്ത്രീ​യെ​ക്ക​ണ്ടാൽ വി​വാ​ഹ​മി​ച്ഛി​ക്കു​ന്ന​വർ പ്രാ​ണ​നും കൊ​ണ്ടു് ഓടു​ക​യും ചെ​യ്യും. അതല്ല ശ്രീ. നമ്പൂ​തി​രി മല​യാ​ളം വാ​രി​ക​യിൽ വര​യ്ക്കു​ന്ന സ്ത്രീ​ക​ളെ കണ്ടാൽ ഉണ്ടാ​കു​ന്ന മാ​ന​സിക നില. ശ്രീ. പു​ന​ത്തിൽ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ‘ഫത്തേ​പ്പൂർ സി​ക്രി’ എന്ന കഥ​യി​ലെ ഒരു കഥാ​പാ​ത്ര​ത്തെ നമ്മു​ടെ ദർ​ശ​ന​ത്തി​നാ​യി നമ്പൂ​തി​രി മു​പ്പ​ത്തി​യെ​ട്ടാം പു​റ​ത്തു് ആലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​തു് നോ​ക്കുക. ഇവളെ എനി​ക്കു് വി​വാ​ഹം കഴി​ക്കാൻ സാ​ധി​ച്ചെ​ങ്കിൽ എന്നാ​വും ഏതു് യു​വാ​വി​ന്റെ​യും വി​ചാ​രം. ആ പു​റ​മൊ​ന്നു് പി​റ​കോ​ട്ടു് മറി​ക്കൂ. മു​പ്പ​ത്തി​യാ​റാം പു​റ​ത്തിൽ മല​യാ​റ്റൂർ രാ​മ​കൃ​ഷ്ണ​ന്റെ നോ​വ​ലി​ലെ ഒരു കഥാ​പാ​ത്ര​ത്തെ നമ്മു​ടെ കലാ​കാ​രൻ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തു് കാണാം. ‘ഇവ​ളാ​യാ​ലും മതി’ എന്ന വി​ചാ​രം മു​പ്പ​ത്തി​യെ​ട്ടാം പു​റ​ത്തി​ലെ സു​ന്ദ​രി​യെ കണ്ട​യാ​ളി​നു് ഉണ്ടാ​കും.

സ്ത്രീ സൗ​ന്ദ​ര്യ​ത്തെ ലയാ​ത്മ​ക​ത്വ​മു​ള്ള ഏതാ​നും വര​ക​ളി​ലൂ​ടെ ആവി​ഷ്ക​രി​ക്കാൻ നമ്പൂ​തി​രി​ക്കു​ള്ള സാ​മർ​ഥ്യം അസാ​ധാ​ര​ണം തന്നെ. ഇതെ​ങ്ങ​നെ നമ്പൂ​തി​രി നിർ​വ​ഹി​ക്കു​ന്നു? തി​ക​ഞ്ഞ വസ്തു​നി​ഷ്ഠ​ത്വ ദർ​ശ​ന​മെ​ന്നു് പറ​ഞ്ഞാൽ വസ്തു​വി​നെ​യോ വ്യ​ക്തി​യെ​യോ ബഹിർ​ഭാ​ഗ​സ്ഥ​മാ​യി വീ​ക്ഷി​ക്കുക എന്ന​ത​ല്ല. മന​സ്സി​നു് സാ​ന്ദ്രീ​കൃ​താ​വ​സ്ഥ വരു​ത്തി വസ്തു​വി​നെ​യും വ്യ​ക്തി​യേ​യും ആഴ​ത്തിൽ നോ​ക്ക​ണം. ആ നോ​ട്ടം കൊ​ണ്ടു് അവ​യു​ടെ ആന്ത​രാ​വ​സ്ഥ കലാ​കാ​ര​നു് ഗ്ര​ഹി​ക്കാൻ കഴി​യും. ആ ഗ്രഹണ പാടവം ജന്മ​സി​ദ്ധ​മായ ആലേഖന പാ​ട​വ​ത്തോ​ടു് ചേ​രു​മ്പോൾ നമ്പൂ​തി​രി​യു​ടെ സു​ന്ദ​ര​ങ്ങ​ളായ സ്ത്രീ​രൂ​പ​ങ്ങൾ ജനനം കൊ​ള്ളും. ചില കലാ​കാ​ര​ന്മാർ​ക്കു് സ്ത്രീ ശരീ​ര​ത്തെ പരി​ഗ​ണി​ക്കാ​തെ അവ​ളു​ടെ ആന്ത​രാം​ശ​ത്തെ സ്പർ​ശി​ക്കാ​തെ ശരീ​ര​ത്തെ മാ​ത്രം ചി​ത്രീ​ക​രി​ക്കാൻ കഴി​യും. നമ്പൂ​തി​രി ഇവരിൽ നി​ന്നു് വി​ഭി​ന്ന​നാ​ണു്. അദ്ദേ​ഹം കോ​മ​ള​മായ സ്ത്രീ ശരീ​ര​ത്തെ വര​ക​ളി​ലൂ​ടെ ആവി​ഷ്ക​രി​ക്കു​ന്നു. ആ ശരീ​ര​ത്തി​ന്റെ ചൈ​ത​ന്യ​ധ​ന്യ​മായ ആന്ത​ര​മ​ണ്ഡ​ല​ത്തെ​യും സ്ഫു​ടീ​ക​രി​ക്കു​ന്നു. പ്ര​കൃ​തി അനു​ഗ്ര​ഹി​ച്ച​വർ​ക്കു മാ​ത്രം കഴി​യു​ന്ന പ്ര​ക്രി​യ​യാ​ണി​തു്.

കാ​രു​ണ്യ​മു​ള്ള മല​യാ​റ്റൂർ

“നി​ങ്ങ​ളു​ടെ ഓർ​മ്മ​യെ പരി​പോ​ഷി​പ്പി​ക്കൂ. കാരണം പ്ര​കൃ​തി നി​ങ്ങൾ​ക്കു് അറിവു മാ​ത്ര​മേ തരൂ എന്ന​താ​ണു്. ‘സെ​റ്റ് പീസ് വേണ്ട. സെ​റ്റ് പീസ് (Set piece മാ​റ്റേ​ല​നു​സ​രി​ച്ചു​ള്ള ഘടന, ശൈലി ഇവ​യോ​ടു​കൂ​ടിയ കലാ​സൃ​ഷ്ടി) വേണ്ട എന്നു് പറ​ഞ്ഞ​തു് ഏതു ചി​ത്ര​കാ​ര​നാ​ണു്? എനി​ക്കോർ​മ്മ​യി​ല്ല. വി​ക​സി​തോർ​ജ്ജ്വ​ല​ങ്ങ​ളായ സ്മ​ര​ണ​ക​ളെ പു​ന​രാ​വി​ഷ്ക​രി​ച്ച നോ​വ​ലാ​ണു് മല​യാ​റ്റൂർ രാ​മ​കൃ​ഷ്ണ​ന്റെ ‘വേ​രു​കൾ’.

images/Verukalbook.jpg

അതു​ത​ന്നെ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ മാ​സ്റ്റർ​പീ​സും. വളരെ വർ​ഷ​ങ്ങൾ​ക്കു് മുൻ​പു് ഞാൻ വാ​യി​ച്ച​താ​ണു് ആ നോവൽ. പു​സ്ത​കം ഒന്നു​കൂ​ടെ കാ​ണാ​തെ ഓർ​മ്മ​യെ എത്ര പരി​പോ​ഷി​പ്പി​ച്ചാ​ലും അതി​നെ​ക്കു​റി​ച്ചു് ഒന്നും പറ​യാ​നാ​വി​ല്ല. എങ്കി​ലും ഒരു സംശയം. തന്റെ ജോ​ലി​യെ​ക്കു​റി​ച്ചു് നോ​വ​ലി​സ്റ്റ് ആവ​ശ്യ​ക​ത​യിൽ​ക്ക​വി​ഞ്ഞു് പ്ര​തി​പാ​ദ​നം നട​ത്തി​യി​ട്ടി​ല്ലേ? ഉണ്ടെ​ന്നു തന്നെ ഇരി​ക്ക​ട്ടെ. എന്നാ​ലും മല​യാ​റ്റൂർ നി​ത്യ​ജീ​വി​ത​ത്തിൽ കാ​രു​ണ്യ​മു​ള്ള ആളാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​സ്ക​റ്റ് ഹോ​ട്ട​ലിൽ കൂടിയ ഒരു സമ്മേ​ള​ന​ത്തിൽ ആരോ അദ്ദേ​ഹ​ത്തി​ന്റെ ഐ. എ. എസ്. പദ​വി​യെ​ക്കു​റി​ച്ചു് പറ​ഞ്ഞ​പ്പോൾ വിനയം കലർ​ന്ന ഭാ​ഷ​യിൽ മറു​പ​ടി നല്കി അദ്ദേ​ഹം. ‘ഐ. എ. എസ്. എന്ന​തു് എനി​ക്കു് ആഹാരം കഴി​ക്കാ​നു​ള്ള​തു് മാ​ത്ര​മാ​ണു്. അതു് മന​സ്സി​ലാ​ക്കാ​തെ എന്നെ ഐ. എ. എസ്. ഉദ്യോ​ഗ​സ്ഥൻ എന്നു് മാ​ത്രം വി​ളി​ക്ക​രു​തു്.’ മല​യാ​റ്റൂർ സത്യ​സ​ന്ധ​ത​യോ​ടെ​യാ​ണ​തു് പറ​ഞ്ഞ​തു്. ഈ സത്യ​സ​ന്ധ​ത​യു​ടെ infrastructure കാ​രു​ണ്യ​ത്തി​ന്റേ​താ​യി​രു​ന്നു. ഞങ്ങൾ തമ്മിൽ വലിയ പരി​ച​യ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണു് എനി​ക്കൊ​രു ആപ​ത്തു​ണ്ടാ​യ​തു്. അത​റി​ഞ്ഞ മല​യാ​റ്റൂർ ഉടനേ എന്റെ സഹാ​യ​ത്തി​നെ​ത്തി. അദ്ദേ​ഹം നീ​ട്ടിയ ആ സഹാ​യ​ഹ​സ്ത​ത്തിൽ പി​ടി​ച്ചാ​ണു് ഞാൻ എഴു​ന്നേ​റ്റു് നി​ന്ന​തു്. മനു​ഷ്യ​നെ സ്നേ​ഹി​ച്ച ആ മഹാ​വ്യ​ക്തി​യു​ടെ ഈ സ്നേ​ഹ​വാ​യ്പി​നേ​യും കാ​രു​ണ്യ​വാ​യ്പി​നേ​യും കു​റി​ച്ചാ​ണു് ശ്രീ. കെ. ശങ്ക​ര​നാ​രാ​യ​ണൻ ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ എഴു​തി​യി​രി​ക്കു​ന്ന​തു് (അൻ​പു​ള്ള മല​യാ​റ്റൂർ). ശങ്ക​ര​നാ​രാ​യ​ണ​ന്റെ ലേഖനം വാ​യ​ന​ക്ക​ര​ന്റെ ഹൃ​ദ​യ​ത്തി​ന്റെ അടി​ത്ത​ട്ടി​ലേ​ക്കു് ചെ​ല്ലും. മല​യാ​റ്റൂ​രി​ന്റെ സത്യ​സ​ന്ധത ശങ്ക​ര​നാ​രാ​യ​ണ​നു​മു​ണ്ടു്.

പലരും പലതും
images/Ricardo_Piglia.jpg
Ricardo Piglia

ലാ​റ്റി​ന​മേ​രി​ക്കൻ നോ​വ​ലു​ക​ളെ​ക്കു​റി​ച്ചു് പറ​യു​മ്പോൾ ഇവി​ട​ത്തെ ചില നി​രൂ​പ​കർ​ക്കും മാർ​കേ​സ്, ബോർ​ഹെ​സ്, അസ്തു​റി​യാ​സ്, വാർ​ഗാ​സ്യോസ എന്ന പേ​രു​ക​ളേ നാവിൽ വരൂ. പക്ഷേ, മെ​ക്സി​ക്കോ, കൊ​ള​മ്പിയ, പെറു, ബലീ​വിയ, വെ​നെ​സൂല, ചിലി, ആർ​ജ​ന്റീന ഇവി​ടി​ങ്ങ​ളി​ലൊ​ക്കെ അനേകം നോ​വ​ലി​സ്റ്റു​കൾ തങ്ങ​ളു​ടെ രചനകൾ കൊ​ണ്ടു് ലോക ജനതയെ അത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ സത്യം ഇവി​ടു​ത്തെ നി​രൂ​പ​കർ അറി​യു​ന്നി​ല്ല. ഒരു നോ​വ​ലി​സ്റ്റി​നെ​ക്കു​റി​ച്ചു് മാ​ത്രം ഇവിടെ പറയാം. ആർ​ജ​ന്റീ​ന​യി​ലെ Ricardo Piglia കോർ​ത​സാ​റി​നെ​ക്കാൾ വലിയ എഴു​ത്തു​കാ​ര​നാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ മാ​സ്റ്റർ​പീ​സാ​ണു് Artificial Respiration. ഇതൊ​ന്നു​മ​റി​യാ​തെ ഇവി​ടെ​യു​ള്ള​വർ പഴ​ഞ്ചൻ പേ​രു​കൾ പറ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തു് പു​സ്ത​ക​ങ്ങൾ കി​ട്ടാ​നി​ല്ല എന്ന​തു കൊ​ണ്ടാ​വാം. കി​ട്ടി​യാൽ​ത്ത​ന്നെ വാ​ങ്ങു​ന്ന​തെ​ങ്ങ​നെ? ഡോ​ള​റി​ന്റെ​യും പവ​ന്റെ​യും നി​ര​ക്കു് ദി​വ​സ​ന്തോ​റും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അഞ്ചു കൊ​ല്ലം മുൻ​പു് നൂ​റ്റ​മ്പ​തു രൂ​പ​യ്ക്കു് ഞാൻ വാ​ങ്ങിയ ഒരു പു​സ്ത​ക​ത്തി​ന്റെ രണ്ടാ​മ​ത്തെ​പ്പ​തി​പ്പു് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു ബു​ക്ക്സ്റ്റാ​ളിൽ ഇരി​ക്കു​ന്ന​തു് കണ്ടു. അതി​ന്റെ വില 1400 രൂപ. ഇന്ന​ലെ ഞാൻ വാ​ങ്ങിയ ഒരു പു​സ്ത​ക​ത്തി​ന്റെ വില 1486 രൂപ 55 പൈ​സ​യാ​ണു്. ഇതു് തന്നെ പതി​ന​ഞ്ചു് കൊ​ല്ലം മുൻ​പു് ആറ​ണ​യ്ക്കു് (പത്ത​ര​ച​ക്രം) മേ​ടി​ക്കാ​മാ​യി​രു​ന്നു. പു​സ്ത​ക​ങ്ങ​ളു​ടെ വില നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തിൽ തൽ​പ​ര​ത്വ​മി​ല്ലാ​ത്ത കേ​ന്ദ്ര​സർ​ക്കാർ ഒന്നും ചെ​യ്യാ​ത്ത​തിൽ അത്ഭു​ത​പ്പെ​ടാ​നു​മി​ല്ല.

2. തി​രു​വ​ന​ന്ത​പു​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തിൽ നി​ല്ക്കു​ക​യാ​യി​രു​ന്നു ഞാൻ. ഒരാളെ യാത്ര അയ​യ്ക്കാൻ വേ​ണ്ടി​യു​ള്ള നിൽ​പു്. തെ​ല്ല​ക​ലെ ഒരു യുവതി എന്നെ ഇട​വി​ടാ​തെ നോ​ക്കു​ന്നു. പെ​ട്ടെ​ന്നു് അവൾ എന്റെ അടു​ത്തെ​ത്തി, ‘കൃ​ഷ്ണൻ നായർ സാ​റ​ല്ലേ. സാ​ഹി​ത്യ​വാ​ര​ഫ​ലം ഞാൻ പതി​വാ​യി വാ​യി​ക്കു​ന്നു.’ എന്നു് ചി​രി​ച്ചു കൊ​ണ്ടു് പറ​ഞ്ഞു. ശരി​യെ​ന്ന മട്ടിൽ ഞാൻ തല​യാ​ട്ടി. വി​മാ​ന​ത്തിൽ കയ​റാ​നു​ള്ള സമ​യ​മാ​യ​പ്പോൾ അവൾ ചു​റ്റും നിന്ന ബന്ധു​ക്കൾ​ക്കു് കൈ​കൊ​ടു​ത്തു അച്ഛ​നെ ചും​ബി​ച്ചു. പി​ന്നീ​ടു് എന്റെ അടു​ത്തു് വന്നു ഹസ്ത​ദാ​ന​ത്തി​നു് വേ​ണ്ടി കൈ നീ​ട്ടി. ഞാൻ അവ​ളു​ടെ കരതലം ഗ്ര​ഹി​ക്കാ​തെ കൈ​കൂ​പ്പി നമ​സ്തേ എന്നു് മാ​ത്രം പറ​ഞ്ഞു. അവൾ വി​ള​റി​ക്കൊ​ണ്ടു് ഞാൻ അപ​മാ​നി​ച്ചു എന്നു ഭാ​വി​ച്ചു​കൊ​ണ്ടു് പോയി. സ്ത്രീ​കൾ എത്ര പ്രാ​യം കു​റ​ഞ്ഞ​വ​രാ​ണെ​ങ്കി​ലും അവ​രു​ടെ കരതലം പി​ടി​ച്ചു കു​ലു​ക്ക​രു​തെ​ന്ന പക്ഷ​ക്കാ​ര​നാ​ണു് ഞാൻ.

images/Walter_de_la_Mare.jpg
വാൾ​ട്ടർ ഡി ലാ​മ്മർ

മാ​ത്ര​മ​ല്ല രാ​മ​ണീ​യ​കം പര​കോ​ടി​യി​ലെ​ത്തി നി​ല്ക്കു​മ്പോൾ ആരും അതിനെ തൊ​ട്ടു് കള​ങ്ക​പ്പെ​ടു​ത്താൻ പാ​ടി​ല്ലെ​ന്നും എനി​ക്കു് വി​ചാ​ര​മു​ണ്ടു്. എനി​ക്കു് വാൾ​ട്ടർ ഡി ലാ​മ്മ​റി​ന്റെ കവി​ത​കൾ ഏറെ​യി​ഷ്ട​മാ​ണു്. പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ കവിത കൈയിൽ കി​ട്ടി​യാൽ ഞാൻ വാ​യി​ക്കാൻ മടി​ക്കും. എന്റെ പാ​രാ​യ​ണം കവി​ത​യെ മലി​ന​മാ​ക്കു​മോ എന്ന സംശയം എനി​ക്കു​ണ്ടാ​കും.

3. റ്റോ​ണി മോ​റി​സൺ എന്ന നോ​ബൽ​സ്സ​മ്മാ​നം നേടിയ നോ​വ​ലി​സ്റ്റി​നെ​ക്കു​റി​ച്ചു് റ്റൈം വാ​രി​ക​യിൽ ദീർ​ഘ​മായ ലേഖനം, സാ​മൂ​ഹി​ക​വും പ്ര​ദേ​ശ​പ​ര​വു​മായ പരി​ഗ​ണ​ന​കൾ കൊ​ണ്ടാ​ണു് അവർ​ക്കു് നോ​ബൽ​സ്സ​മ്മാ​നം കി​ട്ടി​യ​തു്. മധ്യ​ഭാ​വ​സ്ഥ​ത​യാ​ണു് (average) അവ​രു​ടെ നോ​വ​ലു​കൾ​ക്കു്. നമ്മു​ടെ ഉറൂബ്, തകഴി, ഒ. വി. വിജയൻ ഇവ​രാ​ണു് റ്റോ​ണി മോ​റി​സ​ണെ​ക്കാൾ വലിയ എഴു​ത്തു​കാർ.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-02-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.