അറുപത്തിയൊന്നു് രാജ്യങ്ങളിലേയ്ക്കു് പോവുകയും വിഭിന്നങ്ങളായ ഇരുപത്തിമൂന്നു് ഭാഷകളിൽ നിന്നു് തർജ്ജമ ചെയ്ത നൂറ്റിയെൺപതു് എഴുത്തുകാരുടെ കവിത, ഫിക്ഷൻ, നാടകം, ഓർമ്മക്കുറിപ്പു് ഇവയുടെ വൈപുല്യമാർന്ന തിരഞ്ഞെടുക്കലുകളിൽ നിന്നു് അനുഭവങ്ങൾ നേടുകയും ചെയ്യുക. ഏഷ്യ, തെക്കുകിഴക്കനേഷ്യ, മധ്യപൂർവദേശം, ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയൻ പ്രദേശം ഇവിടങ്ങളിലെല്ലാം ഇറങ്ങുക. ഇരുപതാം ശതാബ്ദത്തിലെ അപശ്ചിമ രാജ്യങ്ങളിലെ രചനകളുടെ വിസ്തൃത മണ്ഡലം അനുവാചകരുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ബോധത്തെ സമുന്നതമാക്കും.

Harper Collins പ്രസാധനം ചെയ്ത “Modern Literatures of the Non-Western World” എന്ന മഹനീയമായ പുസ്തകത്തിന്റെ പുറംചട്ടയിലെ ഈ ആഹ്വാനമനുസരിച്ചു് ഞാൻ ജപ്പാൻ, കൊറിയ, ചൈന, തെക്കനേഷ്യ, തെക്കുകിഴക്കനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, മധ്യപൂർവപ്രദേശം, ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയൻദേശം ഇവിടെയെല്ലാം സഞ്ചരിച്ചു. ആലിബാബ ‘ഓപൺ സെസമീ’ എന്ന ആഭിചാരമന്ത്രം ഉച്ചരിച്ചയുടനെ തസ്കരന്മാരുടെ ഗുഹയിലെ വാതിൽ മലർക്കെത്തുറന്നു പോയില്ലേ? കണ്ണഞ്ചിക്കുന്ന എന്തെല്ലാം കാഴ്ചകൾ ഗുഹയ്ക്കകത്തു്! അതുപോലെയുള്ള രത്നങ്ങളുടെ കാന്തി ഇപ്പുസ്തകത്തിനകത്തു നിന്നു് എന്നെ വലയം ചെയ്തു. ആ ഹർഷോന്മാദത്താൽ ആമജ്ജനം ചെയ്തു കൊണ്ടാണു് ഞാൻ ഈ വരികൾ കുറിക്കുന്നതു്.
സാഹിത്യത്തെക്കുറിച്ചു പറയുമ്പോഴെല്ലാം യൂറോപ്യൻ സാഹിത്യത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി പര്യാലോചന നിർവഹിക്കുന്ന രീതി എപ്പോഴുമുണ്ടു്. അതിനാൽ പര്യാലോചനയുടേ ഫലങ്ങൾക്കു് ഏകപക്ഷീയ സ്വഭാവവും സമനിലയില്ലായ്മയും വരുന്നു. ഇതു് പരിഹരിക്കാനാണു് Jayana Clerk, Ruth Siegel ഇവർ ഈ ഗ്രന്ഥത്തിനു് രൂപം നൽകിയതു്. ‘യൂറോസെൻട്രി’ ക്കായ പഠനങ്ങൾ സൃഷ്ടിച്ച മൂല്യതുല്യതാരാഹിത്യം അങ്ങനെ ദൂരികരിക്കപ്പെട്ടിരിക്കുന്നു. യാസുനാരി കാവാബത്തയും രവീന്ദ്രനാഥ ടാഗോറും ഖലീൽ ജിബ്രാനും ആലേഹോ കാർപൻത്യേറും ഫൂഗാർഡും യൂറോപ്പിലെ സാഹിത്യകാരന്മാർക്കു് സമശീർഷരാണെന്ന സത്യം ഇവിടെ സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു.

ആയിരത്തിലധികം പുറങ്ങളിലായി ആകർഷകമായി നിരത്തി വച്ചിരിക്കുന്ന സാഹിത്യഹീരങ്ങളുടെ കാന്തിയെക്കുറിച്ചു് ഒന്നു സൂചിപ്പിക്കാൻ പോലും പ്രബന്ധപരിമിതി സമ്മതിക്കുന്നില്ല. അതുകൊണ്ടു് എന്നെ എന്തെന്നില്ലാത്ത വിധത്തിൽ ആകർഷിച്ച ഒരു കഥയെക്കുറിച്ചു് മാത്രം ഇവിടെപ്പറയാം. ക്യൂബൻ നോവലിസ്റ്റായ ആലേഹോ കാർപൻത്യേറിന്റെ (Alejo Carpentier 1904–1980) ‘Like the night’ എന്ന കഥ.
മൈസീനീയയിലെയുംഅർഗോസിലെയും രാജാവായ അഗമെമ്നോൺ ട്രോജൻ യുദ്ധത്തിൽ ഗ്രീക്കു് സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫായിരുന്നു.

അദ്ദേഹമയച്ച അമ്പതു് കറുത്ത യാനപാത്രങ്ങൾ കടൽത്തീരത്തു് അടുത്തു കഴിഞ്ഞു. ഗോതമ്പ്, എണ്ണ, വൈൻ ഇവയെല്ലാം കയറ്റിക്കൊണ്ടു് അവ ട്രോയിയിലേക്കു് പോകും. യാനപാത്രങ്ങളിൽ ട്രോയി നഗരത്തെ നശിപ്പിക്കാനുള്ള ഭടന്മാരും പോകുന്നുണ്ടു്. സ്പാർട്ടയിലെ ഹെലൻ എന്ന അതിസുന്ദരിയെ ട്രോയിയിലേക്കൂ കടത്തിക്കൊണ്ടു പോയി പാരീസ്. അതാണു് ട്രോജൻ യുദ്ധത്തിനു് കാരണം. ശോചനീയമായ ബന്ധനത്തിൽപ്പെട്ടു് ഹെലൻ പറയാനാവാത്ത ക്രൂരതകൾക്കു് വിധേയയാവുകയാണു്. പട്ടണമാകെ കോപം കൊണ്ടു് തിളയ്ക്കുന്നു. അതിനാലാണു് അമ്പതു യാനപാത്രങ്ങൾ അവിടത്തേക്കു് അയയ്ക്കപ്പെട്ടതു്. യാനപാത്രത്തിൽ പോകുന്ന ഭടന്മാരിൽ ഒരുവൻ അഭിമാനഭരിതനായി. അങ്ങനെ ഒരു മരണം സംഭവിക്കുന്നതു് അയാളെ സംബന്ധിച്ചിടത്തോളം അഭിമാനവഹമാണു്. പക്ഷേ താൻ ശത്രുവിന്റെ കുന്തത്താൽ പിളർക്കപ്പെടുന്നതു് അയാളുടെ അമ്മയ്ക്കു് എത്ര അസഹനീയമായിരിക്കും. ഭടൻ കടൽത്തീരത്തേക്കു നടന്നു. യാനപാത്രങ്ങളിൽ ഗോതമ്പു് കയറ്റിക്കൊണ്ടിരിക്കുന്നു.

ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ചിട്ടു് കർപൻത്യേർ ട്രോജൻ യുദ്ധത്തിനു് ശേഷം അനേകം ശതാബ്ദങ്ങൾ കഴിഞ്ഞ ഒരു കാലയളവിൽ വന്നു് പടിഞ്ഞാറൻ ഇൻഡീസിലേക്കു് അധിനിവേശാക്രമണത്തിനു പോകുന്ന ഫ്രഞ്ചു് ഭടന്മാരെ കഥയിൽ കൊണ്ടുവരുന്നു. ട്രോജൻ യുദ്ധത്തിനു് പോകുന്ന അനേകം ഗ്രീക്കു് ഭടന്മാരിൽ നിന്നു് ഒരു ഭടനെ ചിത്രീകരിച്ചതു പോലെ പടിഞ്ഞാറൻ ഇൻഡീസിലേക്കു് പോകുന്ന നിരവധി ഭടന്മാരിൽ നിന്നു് ഒരുവനെ വേർതിരിച്ചു കാണിക്കുന്നു അദ്ദേഹം. അയാൾക്കു് അമ്മയുണ്ടു്. മകൻ നാടുവിട്ടു് പോയാൽ അവർ ഹൃദയം തകർന്നു മരിക്കും. അയാളുടെ കാമുകി പടിഞ്ഞാറൻ ഇൻഡീസിലെ ഒരു ദ്വീപായ ഡാമനീക്കയുടെ (Dominica) ചിത്രം വാക്കുകൾ കൊണ്ടു് വരയ്ക്കുകയും ദുഷ്ടസ്ത്രീകളുടെ സ്വർഗ്ഗമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. അവളും അയാളും അത്ര സുഖകരമല്ലാതെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ അച്ഛനെത്തി. ഭടൻ ജന്നലിൽക്കൂടി പുറത്തുചാടി അപ്രത്യക്ഷനായി. പ്രേമഭാജനത്തിൽ നിന്നു് ഒരു ചുംബനം പോലും കിട്ടാത്ത അയാൾ നേരെ പോയതു് ഒരു വേശ്യയുടെ അടുത്തേക്കാണു്. അവൾ ചിരിച്ചും കരഞ്ഞും അയാളെ ആലിംഗനം ചെയ്തുകൊണ്ടു് പറഞ്ഞു: യൂണിഫോം ധരിച്ച അയാൾ അതി സുന്ദരനാണെന്നു്. നേരം വെളുക്കുന്നതിനുമുമ്പു് വീട്ടിൽ തിരിച്ചെത്തിയ അയാൾ കണ്ടതു് കരിമ്പടത്തിനു് താഴെ ഒളിച്ചു കിടക്കുന്ന കാമുകിയെയാണു്. കുരയ്ക്കുന്ന പട്ടികളുടെ ഇടയിലൂടെ ഇരുട്ടിൽ ഓടി അവൾ അവിടെ എത്തിയിരിക്കുന്നു. കാമുകിയുടെ കരങ്ങളിൽ കിടക്കുകയും അവളുടെ കാലിലെ മൃദുരോമങ്ങൾ തന്റെ തുടയിൽ ഉരസുകയും ചെയ്തപ്പോൾ വേശ്യയുമായി വേഴ്ച നേടി സ്വന്തം ശക്തിയില്ലതാക്കിയതിന്റെ ബുദ്ധിശൂന്യത അയാൾക്കനുഭവപ്പെട്ടു. നൂതനാഹ്ലാദത്തിൽ അയാളുടെ യൗവനത്തിന്റെ അഗ്നി ആളിക്കത്തിയില്ല. അസൂയാവഹമായ രീതിയിൽ സംരക്ഷിക്കുന്ന കന്യകാത്വം സ്ത്രീകൾ ഇമ്മട്ടിൽ അന്യദേശത്തേക്കു് പോകുന്ന കമിതാക്കൾക്കുവേണ്ടി ഭഞ്ജനം ചെയ്യാറുണ്ടു്. അതിനു് മതപരമായ തർപ്പണത്തിന്റെ സ്വഭാവമാണുള്ളതു്. എങ്കിലും ഊർജ്ജം നേരത്തേ നശിപ്പിച്ച അയാൾ ഗർഭധാരണം ഉണ്ടായേക്കുമെന്നും അച്ഛനില്ലാതെ സന്താനത്തിനു് വളരേണ്ടതായി വന്നേക്കുമെന്നും അവളോടു് യുക്തിവാദം നടത്തി. ഇനി കഥാകാരന്റെ വാക്കുകൾ തന്നെയാവട്ടെ.
“(She) felt nothing but scorn for a man who, when offered such an opportunity, invoked reason and prudence instead of taking her by force, leaving her bleeding on the bed like a trophy of the chase, defiled, with breasts bitten, but having become a woman in her hour of defeat” പുച്ഛഭാവത്തോടുകൂടി എഴുന്നേറ്റ് കാമുകൻ തന്നെ തൊടാൻ അനുവദിക്കാതെ ജന്നൽ വഴി അവൾ പുറത്തേക്കു് ചാടി. അവൾ ഒലീവ് മരങ്ങളുടെ ഇടയിലൂടെ വേഗത്തിൽ ഓടിപ്പോകുന്നതു് അയാൾ കണ്ടു. തനിക്കു് നഷ്ടപ്പെട്ടതു വീണ്ടെടുക്കാൻ അയാൾക്കു് ഇനി കഴിയുകയില്ല. ട്രോയി നഗത്തിൽ ഒരു പോറൽ പോലും പറ്റാതെ പ്രവേശിക്കുന്നതു് ഈ യത്നത്തെ അപേക്ഷിച്ചു നോക്കുമ്പോൾ എളുപ്പമത്രേ.
ഗോതമ്പുമാവ്, പുരുഷന്മാർ ഇവ നിറഞ്ഞ യാനപാത്രം നീങ്ങിത്തുടങ്ങി. കാമുകൻ—ഭടൻ—കരഞ്ഞു. ആ വിലാപം അയാൾ ഹെൽമെറ്റുകൊണ്ടു് മറച്ചു. വേഗം കൂടിയ, നീളം കൂടിയ യാനപാത്രത്തിലാണു് അയാൾ പോകുന്നതു്. കഥ അവസാനിച്ചു.

ഡാമനീക്ക ഇന്നു് സ്വതന്ത്രമാണെങ്കിലും രണ്ടു് ശതാബ്ദങ്ങൾക്കു് മുൻപു് ഫ്രാൻസ് അതിനെ ആക്രമിച്ചു് കീഴടക്കി. ഫ്രാൻസിന്റെ ആ അധിനിവേശാക്രമണത്തെ ട്രോജൻ യുദ്ധത്തോടു് സദൃശമായിക്കൽപ്പിച്ചു് അതിനെ (കോളനൈസേഷനെ) നിന്ദിക്കുകയാണു് കാർപൻത്യേർ. പക്ഷേ, കലാപരമായ മൂല്യത്തെ ഗളഹസ്തം ചെയ്തിട്ടല്ല അദ്ദേഹം നിന്ദനം നിർവഹിക്കുന്നതു്. ആ മൂല്യത്തെ, സൗന്ദര്യത്തെ കലയുടെ സ്വർണസിംഹാസനത്തിലിരുത്തിയിട്ടേ അദ്ദേഹം അധിനിവേശത്തിന്റെ ഗർഹണീയതയെ പുച്ഛിക്കുന്നുള്ളു. കാർപൻത്യേർ കമ്യൂണിസ്റ്റായിരുന്നു.
പോസ്റ്റ് മോഡേണിസത്തെക്കുറിച്ചു് ചർച്ചകളില്ലാത്ത വാരികകൾ കാണുന്നതു് നമ്മുടെ ജീവിതത്തിനു് ഉയർച്ച നൽകും. റ്റെലിവിഷൻ സെറ്റിലൂടെ നമ്മൾ കാണുന്നവ കാണാതിരുന്നാൽ മനസ്സിനു് ശാന്തിയുണ്ടാകും. ക്ലിന്റൺ എന്ന മാന്യന്റെ ലൈംഗിക പരാക്രമങ്ങളെക്കുറിച്ചു് അറിയാതിരുന്നാൽ നമുക്കു് സ്വസ്ഥതയുണ്ടാകും.
എങ്കിലും മാർക്സിസത്തിന്റെ മുൻപിൽ I am your most obedient servant എന്നമട്ടിൽ അദ്ദേഹം നിൽക്കുന്നില്ല. സങ്കുചിതങ്ങളായ സിദ്ധാന്തങ്ങളെ നിരാകരിച്ചു് അമൂർത്ത സങ്കല്പങ്ങളോടു് ‘അകലെ’ എന്നാജ്ഞാപിച്ചു് സാർവലൗകികമായ ഒരു പ്രക്രിയയെ—അധിനിവേശത്തെ—കലയുടെ ചട്ടക്കൂട്ടിൽ ഒതുക്കിനിറുത്തിക്കൊണ്ടു് ഭർത്സിക്കുകയാണു് ഈ അനുഗ്രഹീതൻ. ചരിത്രത്തിന്റെ ചാക്രികഗതിയിൽ അദ്ദേഹം വിശ്വസിക്കുന്നു. ട്രോജൻ യുദ്ധം പോലെയാണു് അധിനിവേശത്തിനുള്ള യുദ്ധവും. സ്ത്രീയുടെ സ്വഭാവം ചിത്രീകരിക്കുന്നതിലുമുണ്ടു് ചാക്രിക ഗതി. ഹെലൻ ട്രോയിയിലെ കൊട്ടാരത്തിൽ പാരീസിന്റെ കിടക്കയിൽ കിടന്നു് ആഹ്ലാദത്തിന്റെ ശബ്ദങ്ങൾ കേൾപ്പിച്ചിരുന്നുവെന്നും ആ ശബ്ദങ്ങൾ കൊട്ടാരത്തിലെ മറ്റു് യുവതികളുടെ കവിൾത്തടങ്ങളെ അരുണാഭങ്ങളാക്കിയെന്നും കഥയിൽ പറയുന്നുണ്ടു്. ഹെലനെ യാതന അനുഭവിപ്പിച്ചു എന്നതു് അഗമെമ്നോണിന്റെയും (ഹെലന്റെ ഭർത്താവു്) യുദ്ധത്തെ സഹായിക്കാനുള്ള പ്രചാരണതന്ത്രമായിരുന്നത്രേ.
ഇതുപോലെയുള്ള മാസ്റ്റർ പീസുകളാണു് ഈ ഗ്രന്ഥത്തിലേറെയും ഉള്ളതു്. യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള സാഹിത്യം മാത്രം വായിക്കുന്നവർക്കു് വിശ്വസാഹിത്യത്തിന്റെ സമഗ്ര സ്വഭാവം ഗ്രഹിക്കാൻ ഈ ഗ്രന്ഥം സഹായിക്കും. (വില $ 19.94)
ചോദ്യം: ഭാരതത്തിന്റെ ഭാവി എങ്ങനെയിരിക്കും?
ഉത്തരം: കോടിക്കണക്കിനു് രൂപ വെട്ടിച്ചവൻ നമ്മുടെ പ്രധാനമന്ത്രിയായിരിക്കും. നൂറ്റുക്കണക്കിനു് കൊലപാതകങ്ങൾ ചെയ്തവനായിരിക്കും ജനപ്രതിനിധിയാകാൻ യോഗ്യൻ. ആയിരക്കണക്കിനു് ബലാത്സംഗം നടത്തിയവനായിരിക്കും ജനനേതാവു്. ഫെമിനിസ്റ്റുകൾ അപ്രത്യക്ഷരായിരിക്കും. ഞങ്ങൾക്കു് സ്ത്രീകളോടൊപ്പം എത്താൻ സൗകര്യം തരണേ എന്നു പുരുഷന്മാർ യാചിക്കും. സ്ത്രീധനത്തിനു് പകരം പുരുഷധനം കൊടുക്കേണ്ടതായി വരും. സത്യസന്ധനായി ജീവിക്കുന്നവനെ തുറങ്കിലടയ്ക്കാൻ നിയമം മാറ്റിയെഴുതും. ഹോട്ടലുകളിൽ ഇന്നത്തെ മൂന്നു ദിവസത്തെ പഴക്കമുള്ള സാധങ്ങൾക്കു് പകരം കുറഞ്ഞതു് ഒരു മാസം പഴകിയ ഭക്ഷണസാധനങ്ങളേ വില്ക്കാവൂ എന്നു സർക്കാർ അനുശാസിക്കും.
ചോദ്യം: ചാരിത്ര്യമുള്ളവളും വേശ്യയും തമ്മിൽ അത്രയ്ക്കു് വ്യത്യാസമുണ്ടോ?
ഉത്തരം: ഉണ്ടു്. പുരുഷനായ നിങ്ങൾ ചാരിത്ര്യശാലിനിയെ കണ്ണെടുക്കാതെ നോക്കും. അവൾ നിങ്ങളെ നോക്കുകയില്ല. വേശ്യ നിങ്ങളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കും. എയ്ഡ്സ് നോട്ടത്തിലൂടെ വരുമെന്നു് വിചാരിച്ചു് നിങ്ങൾ അവളെ നോക്കുകില്ല.
ചോദ്യം: ഒരു ഉപമ പറയൂ. കനമില്ലാത്തതു് ഏതുപോലെ?
ഉത്തരം: നമ്മുടെ PWD കൺട്രാക്റ്റർമാർ റോഡിലിടുന്ന കീലു പോലെ.
ചോദ്യം: കുഞ്ഞിരാമൻ നായരുടെ കവിത എങ്ങനെ?
ഉത്തരം: തിരുവനന്തപുരം—കന്യാകുമാരി റോഡ് പോലെ നീണ്ടതു്.
ചോദ്യം: കൈക്കൂലിക്കാരായ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഡിറ്റകടീവ് നോവലുകൾ വായിക്കുമെന്നു് പത്രത്തിൽ കണ്ടു. എന്താണു് ഇതിനു് കാരണം?
ഉത്തരം: അന്വേഷണം നടത്തുന്ന വിദഗ്ദ്ധൻ എങ്ങനെ സത്യം കണ്ടു പിടിക്കുന്നുവെന്നു് അറിയാനായിരിക്കും. ആ വഴികൾ മനസ്സിലാക്കിയാൽ അവർക്കു് പ്രയോജനമുണ്ടല്ലോ.
ചോദ്യം: നിങ്ങൾ പകുതിയിരുട്ടുള്ള ഭക്ഷണശാലയിലിരുന്നപ്പോൾ ഞാൻ ദൂരെ നിന്നു വന്നതു് കണ്ടു. കണ്ണിന്റെ അസുഖമുണ്ടെന്നു നിങ്ങൾ കൂടെക്കൂടെ പറയുന്നതു് മീറ്റിങ്ങിനു് പോകാതിരിക്കാനുള്ള അടവല്ലേ?
ഉത്തരം: രാക്ഷസൻ ദൂരെ നിന്നു വന്നാൽ വിപുലീകരണകാചം കൂടാതെ, കാഴ്ചയ്ക്കു് പ്രയാസമുള്ളവനും അയാളെ കാണാൻ കഴിയും. ബൃഹദാകാരമല്ലേ രാക്ഷസനു്? അങ്ങനെയാണു് നിങ്ങളെ ദൂരെ വച്ചു തന്നെ ഞാൻ മനസ്സിലാക്കിയതു്.
പോസ്റ്റ് മോഡേണിസത്തെക്കുറിച്ചു് ചർച്ചകളില്ലാത്ത വാരികകൾ കാണുന്നതു് നമ്മുടെ ജീവിതത്തിനു് ഉയർച്ച നൽകും. റ്റെലിവിഷൻ സെറ്റിലൂടെ നമ്മൾ കാണുന്നവ കാണാതിരുന്നാൽ മനസ്സിനു് ശാന്തിയുണ്ടാകും. ക്ലിന്റൺ എന്ന മാന്യന്റെ ലൈംഗിക പരാക്രമങ്ങളെക്കുറിച്ചു് അറിയാതിരുന്നാൽ നമുക്കു് സ്വസ്ഥതയുണ്ടാകും. ബീഭത്സങ്ങളായ ചിത്രങ്ങൾ വരച്ചു് അവ നിരത്തിവച്ചു് പ്രദർശനമൊരുക്കി നമ്മളെ ക്ഷണിച്ചു് അവ കാണിച്ചിട്ടു് ‘സാറൊന്നു ഈ ചിത്രകലാ പ്രദർശനത്തെക്കുറിച്ചു് എഴുതണം’ എന്നു ചിത്രകാരൻ അപേക്ഷിക്കാതിരുന്നാൽ പേടിസ്വപ്നം കാണാതെ നമുക്കു് ഉറങ്ങാൻ സാധിക്കും. ഒഴിച്ചു കൂടാൻ വയ്യാത്ത ഒരാവശ്യത്തിനു് പോകാനായി ഭാവിക്കുമ്പോൾ എന്റെ ഈ കവിതയൊന്നു കേൾക്കണമെന്നു് പറഞ്ഞു നൂറു പുറങ്ങളോളം വരുന്ന കൈയെഴുത്തു് പ്രതി ആഗതൻ വായിക്കാൻ തുടങ്ങുമ്പോൾ ‘ഇപ്പോൾ ഇതു് കേൾക്കാനൊക്കുകയില്ല’ എന്നു് ധൈര്യത്തോടെ പറഞ്ഞാൽ ജീവിതം ഉത്കൃഷ്ടതയിലേക്കു് ചെല്ലും. സുന്ദരനായ ഒരുത്തൻ തികഞ്ഞ വൈരൂപ്യമുള്ള ഭാര്യയോടു് കൂടി പോകുന്നതും സുന്ദരിയായ യുവതി വൈരൂപ്യമാർന്ന ഭർത്താവിനോടു് കൂടി പോകുന്നതും കാണാതിരുന്നാൽ ആ ദിനം നല്ലതെന്നു് നമുക്കു് തോന്നും. ശ്രീമതി കെ. ആർ. മല്ലിക ദേശാഭിമാനി വാരികയിലെഴുതിയ ‘കള്ളൻ സതീശൻ’ എന്ന കലാഭാസം വായിക്കാതിരുന്നാൽ ജീവിതത്തിനു് തീർച്ചയായും പുരോഗമനമുണ്ടാകും.

എല്ലാകാലത്തെയും മനുഷ്യജീവിതം ഒരുപോലെയാണെങ്കിലും ആധുനിക ജീവിതത്തിനു് നിഷേധിക്കാനാവാത്ത വിഭിന്നതയുണ്ടു്. ഭയശങ്ക—ഇംഗ്ലീഷിൽ insecurity വളരെക്കൂടുതലാണു് ഇക്കാലത്തു്. ലക്ഷ്യമില്ലായ്മയാണു് വേറെ സവിശേഷത. ഇവ രണ്ടും കൂടിച്ചേർന്നു് മനുഷ്യൻ സിരാരോഗമുള്ളവനായിത്തീരുന്നു. എന്റെ ബാല്യകാലത്തു് നൂറിനു പത്തു പേരെ ഞരമ്പുരോഗികളായി കാണാമായിരുന്നു. അതല്ല ഇന്നത്തെ സ്ഥിതി. നൂറിനു തൊണ്ണൂറു പേരും ഭയശങ്കയാലും ലക്ഷ്യബോധമില്ലായ്മയാലും രോഗികളായിത്തീർന്നിരിക്കുന്നു. ഒരു കാരണവും കൂടാതെ ഒരുത്തൻ മറ്റൊരുത്തനെ കൊല്ലുന്നതിനും ഹേതു ഇതുതന്നെയാണു്. ഈ പിരിമുറുക്കത്തിനും രോഗാവസ്ഥയ്ക്കും വളരെക്കാലമായി സാഹിത്യകാരന്മാർ തങ്ങളുടെ സൃഷ്ടികളിലൂടെ രൂപം നൽകിക്കൊണ്ടിരിക്കുന്നു. ഗുന്റർ ഗ്രാസ്സിന്റെ ‘ടിൻഡ്രം’ എന്ന നോവലിൽ പ്രധാന കഥാപാത്രമായ ഒസ്കർ പൊലിസിനാൽ വേട്ടയാടപ്പെടുന്നു. അയാൾ ചെയ്യാത്ത കുറ്റത്തിനു് വേണ്ടിയാണു് പൊലിസ് അയാളെ അനുധാവനം ചെയ്യുന്നതു്. ചലനം കൊള്ളുന്ന കോണിയിൽ—എസ്കലേറ്ററിൽ അയാൾ കയറുന്നു. The moment I trod the first step of the escalator – if an escalator can be said to have a first step – and it began to bear me upward, I burst out laughing (Page 574, Tin Drum, Penguin Books). കോണിയുടെ മുകളിൽ ചെന്നപ്പോൾ അവിടെ പൊലിസ് നിൽക്കുന്നു. ഇതു് തന്നെയാണു മനുഷ്യന്റെ അവസ്ഥ. വിധി അവനെ വേട്ടയാടുന്നു. മരണം മാത്രം സത്യം.
ജീവിതത്തിന്റെ ഈ വിപത്തിനെ—വ്യാഘാതത്തെ ശ്രീ. അസീം താന്നിമൂടു് ‘നന്ദി കലങ്ങുന്നു’ എന്ന കാവ്യത്തിലൂടെ പ്രകാശിപ്പിക്കുന്നു (ദേശാഭിമാനി വാരിക). അക്കരെയും ഇക്കരെയും ഓരോ വ്യക്തി. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ക്ഷണിക്കുന്നു. അവർ നടന്നടുക്കുമ്പോൾ നന്ദി കലങ്ങുന്നു. ജീവിതത്തിന്റെ ഈ രൂപാന്തരാവസ്ഥയും അതു കണ്ടു വ്യക്തികൾക്കുണ്ടാകുന്ന വൈഷമ്യവും കവി ഭേദപ്പെട്ട രീതിയിൽ സ്ഫുടീകരിക്കുന്നു.
റ്റെലിഫോണിന്റെ മണി മുഴങ്ങുന്നു. ഓടിച്ചെന്നു് റിസീവറെടുത്തു കാതിൽ വയ്ക്കുന്നു ഞാൻ. മറ്റേതലയ്ക്കൽ നിന്നു കേൾക്കാറാവുന്നു. “ഇരുട്ടിനു കനം കൂടുമ്പോഴാണു് നക്ഷത്രം കൂടുതൽ തെളിയുന്നതെന്നു് നിങ്ങൾ സാഹിത്യവാരഫലത്തിൽ എഴുതിയിരിക്കുന്നല്ലോ. ശരിയാണു്. പക്ഷേ അതിനുശേഷം ആശാന്റെ ‘സുതർമാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ’ എന്ന ശ്ലോകം കൂടി ഉദ്ധരിക്കാമായിരുന്നു. എന്താണു് രണ്ടിനും ബന്ധം എന്നാലോചിച്ചു് വിസ്മയിച്ചു് ഈയുള്ളവൻ ഇരിക്കുമ്പോൾ പിന്നെയും ശബ്ദം ‘ഒരു മെഴുകുതിരി ജീവിതകാലമത്രയും എരിഞ്ഞുകൊണ്ടിരിക്കുമോ’ എന്നു സാഹിത്യവാരഫലത്തിൽ കണ്ടു. ശരി. പക്ഷേ ‘കരുതുവതിഹ ചെയ്ക വയ്യ’ എന്നു തുടങ്ങുന്ന ആശാന്റെ ശ്ലോകം കൂടി കോട്ടു് ചെയ്യാമായിരുന്നു നിങ്ങൾക്കു്. പിന്നെയും ശബ്ദം. ‘ഭയമാണു് ഈ കഥയുടെ വിഷയം’ എന്നു സാഹിത്യവാരഫലത്തിൽ. അതിനു ശേഷം ‘സമയമായില്ല പോലും സമയമായില്ല പോലും’ എന്നു് ആശാൻ എഴുതിയതും കൂടി നിങ്ങൾ കോട്ടു് ചെയ്യേണ്ടിയിരുന്നു” ഇങ്ങനെ അരമണിക്കൂർ നേരം അവിരാമമായി ആശാൻ കവിത ഉദ്ധരിക്കാനുള്ള നിർദ്ദേശം. അദ്ദേഹം സംസാരം നിറുത്തുന്നില്ല. ഗത്യന്തരമില്ലാതെ ഞാൻ പേരക്കുട്ടിയോടു് ഡോർബെൽ ശബ്ദിക്കാൻ ആംഗ്യം കാണിക്കുന്നു. കൂടുതൽ ശബ്ദത്തിൽ. കൂടുതൽ നേരം മണിനാദം കേൾക്കുന്നു. ഞാൻ അദ്ദേഹത്തോടു് പറയുന്നു. ‘സർ, ആരോ ഡോർ ബെല്ലടിക്കുന്നു. ഞാൻ പിന്നെ വിളിക്കാം സാറിനെ’ പെട്ടെന്നു് റിസീവർ വയ്ക്കാൻ ഞാൻ തുടങ്ങുന്നതിനു് മുൻപു് ഇത്രയും കേൾക്കുന്നു: ‘ആശാന്റെ ഹാ പുഷ്പമേ…’
ശ്രീ. കെ. ജി. ശങ്കരപ്പിള്ളയുടെ കാവ്യങ്ങൾ വായിക്കുമ്പോഴെല്ലാം സലിലവിപ്ലവ കാലത്തു് വേരറ്റ മഹാമരങ്ങൾ ഒഴുകി വരുന്ന പ്രതീതിയാണു് എനിക്കു്. ആശയങ്ങളുടെ വലിയ മരങ്ങൾ കവിതാ പ്രവാഹത്തിന്റെ കരകളെ കവിഞ്ഞു് ഒഴുകുന്നു.
ഒരു കാലത്തു് കുമാരനാശാന്റെ എല്ലാകൃതികളും നശിച്ചു പോയിയെന്നു വിചാരിക്കുക. ഡി. സി. ബുക്ക്സിനു് ആശാന്റെ സമ്പൂർണ്ണ പദ്യകൃതികൾ അച്ചടിക്കണമെന്നു് തോന്നിയാൽ. എന്നെ റ്റെലിഫോണിൽ വിളിച്ചു് ആശാൻ കവിത മാത്രം ചൊല്ലുന്ന ഇദ്ദേഹത്തെ സമീപിച്ചാൽ മതി tape recorder പ്രവർത്തിപ്പിച്ചുകൊണ്ടു്. “പാമരചിത്തം പുകഞ്ഞു പൊങ്ങും ധൂമമാമീർഷ്യതാൻ ജാതി” എന്ന മഹാകവിവചനം ആവുന്നത്ര ഉച്ചത്തിൽ പറഞ്ഞുകൊണ്ടു് ഞാൻ കട്ടിലിലേക്കു് വീഴുന്നു.

വെള്ളപൊക്കക്കാലത്തു് വലിയ നദിയുടെ തീരത്തു് വായനക്കാർ ഇരുന്നിട്ടുണ്ടോ? ഞാൻ ചെങ്ങന്നൂരിൽ താമസിക്കുമ്പോൾ പമ്പാനദിയുടെ കരയിൽ ചെന്നിരുന്നിട്ടുണ്ടു് മഴ പെയ്യാത്ത സമയം നോക്കി. അതാ വരുന്നു കട പുഴകി വീണ ഒരു മഹാമരം. അതിന്റെ വരവ് പേടിയുണ്ടാക്കും എനിക്കു്. ചിലപ്പോൾ കരയോടു ചേർന്നാണു് വന്മരം ഒഴുകി വരുന്നതെങ്കിൽ കരയിലിരിക്കുന്ന എന്നെയും കൂടെ അതു് അടിച്ചു വെള്ളത്തിലേക്കിട്ടുകളയും. അതിനാൽ ഞാൻ സൂക്ഷിച്ചേ നദീതീരത്തിരിക്കു. എന്റെ വീട്ടിനു മുൻപിലുള്ള ദുർബ്ബലമായ മതിലിൽ ഉരസിക്കൊണ്ടു് അമ്പലത്തിലെ ഭീമാകാരനായ ഗജശ്രേഷ്ഠൻ പോകുമ്പോൾ ഞാൻ ഭയന്നു വീട്ടിനകത്തു് കയറിയിരിക്കും. അതുപോലെ ഞാൻ മരമാമല ചുവടുപറിഞ്ഞു ഒഴുകി വരുന്നതു് കണ്ടാൽ കരയിൽ നിന്നെഴുന്നേറ്റ് കുറച്ചകലെയുള്ള പോലീസുദ്യോഗസ്ഥൻ എൻ. എസ്. രാമൻപിള്ളയുടെ വീടുവരെ ഓടി ചെല്ലാറുണ്ടു്. മഹാവൃക്ഷത്തിന്റെ ‘മഹാപ്രേതം’ പോയ്മറഞ്ഞാൽ ചത്ത എരുമയോ ചത്ത പോത്തോ ആകും ഒഴുകി വരിക. ഇത്തരം കാഴ്ചകൾ അധികമായി കാണാനൊക്കുകയില്ല. അതുകൊണ്ടു് ചെങ്ങന്നൂർ ദേവീക്ഷേത്രത്തിന്റെ അടുത്തുള്ള വാടക വീട്ടിലേക്കു് ഞാൻ തിരിച്ചു പോരും. ഇതല്ല ശരൽക്കാലത്തെ അവസ്ഥ. കൃശമായ നദിയിലൂടെ പല തരത്തിലുള്ള പൂക്കൾ ഒഴുകിയെത്തും. അവ പിടിച്ചെടുക്കാൻ അർദ്ധനഗ്നകളായ യുവതികൾ നദിയിൽ തലമുടി കൊണ്ടു കാളിന്ദീഭംഗിയുണ്ടാക്കിക്കൊണ്ടു് നീന്തി ചെല്ലും. നിലാവുണ്ടെങ്കിൽ ഇക്കാഴ്ചകൾ കൂടുതൽ മനോഹരങ്ങളായിരിക്കും. ശ്രീ. കെ. ജി. ശങ്കരപ്പിള്ളയുടെ കാവ്യങ്ങൾ വായിക്കുമ്പോഴെല്ലാം സലിലവിപ്ലവ കാലത്തു് വേരറ്റ മഹാമരങ്ങൾ ഒഴുകി വരുന്ന പ്രതീതിയാണു് എനിക്കു്. ആശയങ്ങളുടെ വലിയ മരങ്ങൾ കവിതാ പ്രവാഹത്തിന്റെ കരകളെ കവിഞ്ഞു് ഒഴുകുന്നു. ഒരു വന്മരം പിറകേ വരുന്ന മറ്റൊരു വന്മരത്തിൽ നിന്നു് വിഭിന്നമായി വർത്തിക്കുന്നതു് പോലെ ഒരാശയഗരിമ മറ്റൊരു ആശയഗരിമയോടു് ചേരുന്നുമില്ല. ആശയവൈപുല്യം കൊണ്ടു് അനുവാചകർക്കു് അസ്വസ്ഥതയുളവാക്കലാണു് ശങ്കരപ്പിള്ളയുടെ ജോലി. അവ ബുദ്ധിയെ അമ്പരിപ്പിക്കുമെങ്കിലും യഥാർത്ഥമായ കവിത സഹൃദയനെ സപർശിക്കുന്നതു പോലെ സ്പർശിക്കില്ല. ‘ശംഖു’ എന്ന പേരിൽ എന്റെ അഭിവന്ദ്യ സുഹൃത്തു് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെഴുതിയ കാവ്യത്തിലെ ചില വരികൾ നോക്കുക:
കടലാന ഗർജിക്കും.
നിന്റെ നെറ്റിപ്പട്ടം ഒരു കുമളിപ്പൂരം.
ഞാൻ നെറ്റിമേലുയർത്തിയത്
പാതാളക്ഷോഭങ്ങളുടെ വേലിയേറ്റം.
സർവമുദ്രകളുമുള്ള സമുദ്രം.
നിന്റെ താളവട്ടം ഒരു ചങ്ങലത്തേങ്ങൽ
ഞാൻ സരതാളങ്ങളുമിരമ്പും ലയം
സർവ രാഗങ്ങളുമുദിക്കും കയം
ഞാനാണസ്സൽ.
സൃഷ്ടിയുടെ നിത്യോത്സവം.
കലാപം എന്റെ ഭാഷണം.
മൗലികതയുള്ള ആശയം. പക്ഷേ ഇതു് ആശയമായിത്തന്നെ നിൽക്കുന്നു. ആശയത്തെ ഹൃദയത്തിന്റെ മുൻപിൽ നിറുത്തുന്നവനാണു് കവി. ശങ്കരപ്പിള്ള വായനക്കാരന്റെ ബുദ്ധിയുടെ മുൻപിലാണു് അതിനെ നിറുത്തുന്നതു് (അരവിന്ദഘോഷിന്റെ Future Poetry വായിച്ച ഓർമ്മയിൽ നിന്നു്). ഇതിനോടു് താഴെച്ചേർക്കുന്ന വരികൾ തട്ടിച്ചു നോക്കൂ.
പീലിപ്പുരുകുഴൽകെട്ടഴിഞ്ഞുണ്ണിതൻ
തോളിൽപ്പതിഞ്ഞതിൻ തുമ്പുകളിൽ
വെള്ളത്തിൻ തുള്ളികളൊട്ടൊട്ടു നിന്നാടി
വെള്ളിയലക്കുകളെന്ന പോലെ (വള്ളത്തോൾ)
(ഓർമ്മയിൽ നിന്നു് എഴുതുന്നതു്) വള്ളത്തോൾ കവിത ശരൽകാല നദി പോലെ മനോഹരം. പദകുസുമങ്ങൾ അതിലൂടെ ഒഴുകി വരുന്നു മെല്ലെ. ശങ്കരപ്പിള്ളയുടെ കാവ്യം ആപ്ലാവിത പമ്പാനദിയിലെ ജീവനറ്റ ക്ഷിതിരുഹമാണു്. ഭയങ്കരവും തീരഭഞ്ജനശക്തവുമായ മഹീരുഹമാണു്.

വർഷങ്ങൾക്കു് മുൻപു് ആകൃതിസൗഭഗമുള്ള ഒരു വിദ്യാർത്ഥി ആശാന്റെ നായികമാരെക്കുറിച്ചു് നിരൂപണമെഴുതി പുസ്തകമാക്കി എന്നെ ഏല്പിച്ചു. ചിന്തോദ്ദീപകമായ പുസ്തകമാണു് അതെന്നു് ഞാൻ കണ്ടു. പിന്നീടു് ഒരു വിദ്യാർത്ഥിയുടെ സർവകലാശാലാപ്പരീക്ഷയുടെ ഉത്തരക്കടലാസ്സു് ഞാൻ നോക്കി മാർക്കിട്ടു. മറ്റു് ഉത്തരക്കടലാസ്സുകളിൽ നിന്നു് അതു് വിഭിന്നമായിരുന്നു. ഏറ്റവും കൂടുതൽ മാർക്കു് ഞാൻ അദ്ദേഹത്തിന്റെ ഉത്തരങ്ങൾക്കു് നൽകി. ജിജ്ഞാസയുടെ പേരിൽ ഞാൻ ആ വിദ്യാർത്ഥി ആരെന്നു് അന്വേഷിച്ചു. ആശാനെക്കുറിച്ചു് നിരൂപണമെഴുതിയ ബാലൻ തന്നെയാണു് കൂടുതൽ മാർക്കു് നേടിയതെന്നു് ഞാൻ ഗ്രഹിച്ചു. ആ കുട്ടിയുടെ പേര് കെ. ജയകുമാർ. ജയകുമാർ ഉന്നതസ്ഥാനത്തു് എത്തുമെന്നു് എനിക്കു് തോന്നി. എന്റെ തോന്നൽ ശരിയായി ഭവിച്ചു. ഇന്നു് അദ്ദേഹം ഐ. എ. എസ്. ഉദ്യോഗസ്ഥനാണു്. വിദ്യാഭ്യാസ ഡയറക്ടറും മഹാത്മാ ഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന ജയകുമാർ ഇന്നു് സെക്രട്ടറിയാണു്. കവിയും പ്രഭാഷകനും ആയ അദ്ദേഹം ചിന്തകനുമാണു്. അതിനുള്ള തെളിവു് ‘ജീവിതം എന്നെ എന്തു പഠിപ്പിച്ചു’ എന്നതിനു് അദ്ദേഹം നൽകിയ ഉത്തരങ്ങളിൽ കാണാം (മലയാളം വാരിക). സൂത്രവാക്യങ്ങളുടെ (aphoristic) രീതിയിലുള്ള ആ ഉത്തരങ്ങളിൽ ധിഷണാവിലാസവും ജീവിത നിരീക്ഷണപാടവവും സത്യാത്മകതയും പ്രതിഫലിക്കുന്നു.