നിരൂപകനും കവിയുമായ ശ്രീ. കെ. എസ്. നാരായണപിള്ളയുമായി സംസാരിച്ചുകൊണ്ടു് ഞാൻ ശാസ്തമംഗലത്തെ പ്രധാനപ്പെട്ട റോഡിലൂടെ നടക്കുകയായിരുന്നു വർഷങ്ങൾക്കു മുൻപു്. സംഭാഷണത്തിനിടയിൽ ഞാൻ അദ്ദേഹത്തോടു പറഞ്ഞു പുസ്തകങ്ങൾ വായിക്കുന്നതു ഉടനെ മറക്കുന്നതുകൊണ്ടു് പാരായണം അത്ര ഫലപ്രദമല്ലെന്നു്. അദ്ദേഹം എന്നോടു യോജിച്ചില്ല. വായിക്കുന്നതിന്റെ ഒരംശം ഉപബോധമനസ്സിൽ തങ്ങുമെന്നു് നാരായണപിള്ള വാദിച്ചു. ഇതിൽ നിന്നു വിഭിന്നവും ഒട്ടൊക്കെ അവിശ്വസനീയവുമായ മതമാണു് റ്റെലികോം ഓഫീസർ ശ്രീ. വി. എസ്. ശിവകുമാറിനുള്ളതു്. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ കൃതികളിലും ലകാങ്, ദെറിദ, ക്രിസ്തേവ, ഈറിഗറേ (Luce Irigaray, b. 1932) ഏലൻസീസു (Helene Cixous, b. 1937) ഈ നവീന ചിന്തകരുടെ കൃതികളിലും അവഗാഹമുള്ള അദ്ദേഹം എന്നെ അറിയിച്ചതിങ്ങനെ: സാറ് വായിക്കുന്നതെല്ലാം അബോധമനസ്സിൽ ചെന്നിട്ടുണ്ടു്. ഒരു മനോവിശ്ലേഷകൻ വിചാരിച്ചാൽ അവയെല്ലാം പുറത്തേക്കു വരും. ഈ രണ്ടുമതങ്ങളുടെയും സാധുതയെക്കുറിച്ചു് നമ്മളിപ്പോൾ പര്യാലോചന ചെയ്യേണ്ടതില്ല. എന്റെ അനുഭവം മാത്രം പറയാം. ഞാൻ ഉറൂബി ന്റെ

‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവൽ വായിക്കുന്നു. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അതിലെ സംഭവവർണ്ണനകളും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും എന്റെ ഓർമ്മയിൽ നിന്നു് ഓടിപ്പോകുന്നു. നോവലിന്റെ കഥ പോലും ഞാൻ മറക്കുന്നു. എങ്കിലും സൂര്യൻ അസ്തമിച്ചു കഴിഞ്ഞാലുള്ള അവ്യക്തശോഭ പോലെ, ‘നീലപൊന്മാർ പകച്ചുപൊങ്ങി’ അപ്രത്യക്ഷമായിക്കഴിഞ്ഞാൽ ശൂന്യാകാശത്തു് തങ്ങിനില്ക്കുന്ന ഇളംനീല നിറത്തിന്റെ ശോഭപോലെ അവാച്യമായ ഒരനുഭൂതി എന്റെ ഹൃദയാകാശത്തു് ഉണ്ടായിരിക്കും. ഇതു മാത്രമേ വേണ്ടൂ. ഇതു് വായനക്കാരനു് മാനസികോന്നമനം ജനിപ്പിക്കും. അതുകൊണ്ടു വിസ്മരിക്കലിനു് അത്ര പ്രാധാന്യമില്ല. സാഹിത്യ സൃഷ്ടികളിലെ വാക്കുകൾ ഒരിക്കലും വാക്കുകളായി നില്ക്കുന്നില്ല. അവ സ്വയം അപ്രത്യക്ഷങ്ങളാവുകയും ആവിഷ്കാരത്തിന്റെ ഫലമായ അനുഭൂതിവിശേഷം വായനക്കാരിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു.

ശ്രീ. എം. മുകുന്ദന്റെ ‘ഉക്കുവമ്മയുടെ മകൻ’ എന്ന ചെറുകഥ വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു് ഈ അനുഭൂതിവിശേഷമാണു് ഉണ്ടായതു്. പരീക്ഷയ്ക്കു പോകാതെ റോഡിൽ നിന്നു് കരയുന്ന ഒരു പാവപ്പെട്ട പെൺകുട്ടിയെ ഒരാട്ടോറിക്ഷാ ഡ്രൈവർ വിദഗ്ദ്ധമായി കബളിപ്പിച്ചു് ഒരുത്തനു ലൈംഗികവേഴ്ചയ്ക്കായി കൊണ്ടുപോയി കൊടുക്കുന്നതിനെ ആവിഷ്കരിക്കുന്ന ഈ ചെറുകഥ കലാശില്പമാണു്. കഥ ഞാൻ വായിച്ചുകഴിഞ്ഞിട്ടു് രണ്ടു ദിവസമായിരിക്കുന്നു. അതിന്റെ വിശദാംശങ്ങൾ എന്റെ ഓർമ്മയിലില്ല ഇപ്പോൾ. എങ്കിലും അതിന്റെ സാകല്യാവസ്ഥയിലുള്ള അർത്ഥം എന്റെ അന്തരംഗത്തിൽ സൂര്യശോഭ ആവഹിച്ചു നില്ക്കുന്നു. ഓട്ടോറിക്ഷയിലുള്ള പെൺകുട്ടി യാത്രയ്ക്കു സ്വപ്നസന്നിഭമായ സ്ഥിതിവിശേഷമുണ്ടു്. ആ കിനാവിന്റെ മാന്ത്രികത്വം എന്റെ മനസ്സിലും (കഥ ‘മാധ്യമം’ വാർഷികപ്പതിപ്പിൽ).
പ്രജ്ഞാപരത്വത്തിന്റെ വിടർന്ന ഫണത്തിൽ ആഞ്ഞു ചവിട്ടിയ ഭാവനയുടെ ശ്യാമളപാദങ്ങളാണു് ചങ്ങമ്പുഴക്കവിതകൾ.
ഉത്കൃഷ്ടമായ കഥയെന്ന നിലയിലല്ല ഞാൻ അമേരിക്കൻ സാഹിത്യകാരനായ ജോൺ ചീവറുടെ The Swimmer എന്ന കഥയെക്കുറിച്ചു് എഴുതുന്നതു് (John Cheever 1912–1982) മാസ്റ്റർ പീസ് അല്ലെങ്കിലും അസാധാരണങ്ങളായ പരിതഃസ്ഥിതികളിൽ കഥാപാത്രങ്ങളെ ആനയിച്ചിട്ടു് സാധാരണങ്ങളായ മനുഷ്യജീവിതാവസ്ഥകളെ ഈ കഥാകാരനു് ചിത്രീകരിക്കാൻ കഴിയുമെന്നു കാണിക്കാനാണു് എന്റെ യത്നം.

മെറിൽ ഒരു നീന്തൽക്കുളത്തിനരികെ ഇരിക്കുകയായിരുന്നു. ആ ദേശത്തു് നീന്തൽക്കുളങ്ങളുടെ ശൃംഖലതന്നെയുണ്ടു്. ജലാശയങ്ങൾക്കിടയിൽ അത്ര ദൂരമില്ലാത്ത ഭൂവിഭാഗങ്ങളും. മെറിൽ വിചാരിച്ചു: ‘ജലാശയങ്ങളിലൂടെ നീന്തി നീന്തി വീട്ടിൽ ചെന്നാലെന്തു്?’ ഓരോ നീന്തൽക്കുളത്തിലും നീന്തി അക്കരെച്ചെന്നിട്ടു് മെറിൽ കുറച്ചുദൂരം നടക്കും. എന്നിട്ടു് അടുത്ത ജലാശയത്തിലേക്കു ചാടി നീന്തൽ നടത്തും. ഒരു കുളത്തിൽ നിന്നു കരയിലേക്കു കയറിയ മെറിലിനോടു് ഒരു സ്ത്രീ പറഞ്ഞു: ‘താങ്കളുടെ ഭാഗ്യക്കേടുകൾ അറിഞ്ഞതിൽ ഞങ്ങൾക്കു വല്ലാത്ത ദുഃഖമുണ്ടു്’
മെറിൽ: ‘എന്റെ ഭാഗ്യക്കേടുകളോ? നിങ്ങൾ എന്തുപറയുന്നുവെന്നു് എനിക്കു മനസ്സിലാകുന്നില്ല’
സ്ത്രീ: ‘താങ്കൾ വീടുവിറ്റെന്നും താങ്കളുടെ പാവപ്പെട്ട കുഞ്ഞുങ്ങൾ…’
മെറിൽ: ‘ഞാൻ വീടുവിറ്റതായി ഓർമ്മിക്കുന്നതേയില്ല. എന്റെ പെൺമക്കൾ വീട്ടിലുണ്ടു്’
പിന്നീടു് പല കുളങ്ങളും നീന്തിക്കയറി മെറിൽ വീട്ടിലെത്തി. ആ സ്ഥലം ഇരുട്ടിൽ. എല്ലാവരും ഉറങ്ങിക്കഴിഞ്ഞോ? ഭാര്യ വല്ലയിടത്തും പോയോ? പെൺകുട്ടികൾ അവളോടൊപ്പം പോയോ? അതോ മറ്റു വല്ല സ്ഥലത്തേക്കുമാണോ? കതകുകൾ പൂട്ടിയിരിക്കുന്നു. വാതൽപ്പിടികളിലെ തുരുമ്പ് അയാളുടെ കൈയിൽ പറ്റി. അയാൾ ഉറക്കെ വിളിച്ചു. വാതിലിൽ ഇടിച്ചു. തോളുകൊണ്ടു് അതു തള്ളിത്തുറക്കാൻ ശ്രമിച്ചു. ജന്നലുകളിൽക്കൂടി മെറിൽ നോക്കി. വീടു ശൂന്യമാണു് എന്നു് അയാൾ കണ്ടു.

മെറിലിനെപ്പോലെയുള്ള ആളുകൾ ലോകത്തു് ഏറെയുണ്ടു്. സ്വാർത്ഥത്താൽ പ്രേരിപ്പിക്കപ്പെട്ടു് സ്വന്തം സുഖത്തിനുവേണ്ടി മാത്രം ജീവിക്കുന്നവർ. എപ്പോഴും പൂജാമുറിയിൽ കയറിയിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവർ. വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കാതെ പുസ്തകങ്ങൾ മാത്രം വായിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ളവർ. ഇവരുടെയെല്ലാം ജീവിതം ദുരന്തപൂർണ്ണമാകുമെന്നു ഭംഗ്യന്തരേണ പറയുകയാണു് ചീവർ. ഊർജ്ജസ്വലതയോടെ എന്തെല്ലാം പ്രവർത്തിച്ചാലും ഒടുവിൽ മരണത്തിനു അഭിമുഖീഭവിച്ചു നിൽക്കേണ്ടതായി വരുമെന്നും അഭിവ്യഞ്ജിപ്പിക്കുകയാവാം ഈ സാഹിത്യകാരൻ.
ചോദ്യം: എല്ലാക്കാലത്തേക്കുമായി തിരിച്ചു പോയതു് വരുമെന്നു വിശ്വസിക്കുന്നതു ബുദ്ധിശൂന്യതയല്ലേ?
ഉത്തരം: പ്രകൃതിയിൽ ഒന്നും തിരിച്ചു വരാത്തതായി ഇല്ല. ഇന്നു് അപ്രത്യക്ഷമായ നക്ഷത്രങ്ങൾ നാളെ തിരിച്ചുവരും. കടൽത്തിരകൾ തീരത്തുവന്നടിച്ചിട്ടു തിരിച്ചുപോകുന്നു വീണ്ടും വരാനായി. ശരൽകാലം അപ്രത്യക്ഷമായോ? ശാന്തതയോടെ ഇരിക്കു. അതും നിങ്ങൾക്കു നഷ്ടമായതും തിരിച്ചെത്തും.
ചോദ്യം: അംഗീകരിക്കപ്പെട്ട നിയമങ്ങളിൽ നിന്നു് അല്പം പോലും വ്യതിചലിക്കാതെ ജീവിക്കുന്നവരെക്കുറിച്ചു് എന്തുപറയുന്നു?
ഉത്തരം: വളരെ ‘കറക്ടറാ’യി ‘സ്ട്രിക്റ്റാ’യി ജീവിക്കുന്നവർക്കു ബുദ്ധി കുറവായിരിക്കും. തിരുവനന്തപുരത്തു രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. അനുജൻ അസത്യം പറയുകയില്ല. അന്യരുടെ ദോഷം പറയുകയില്ല. ഒരു തെറ്റും ചെയ്യുകയുമില്ല. ചേട്ടൻ എല്ലാക്കാര്യങ്ങളിലും നിയമം തെറ്റിക്കുന്നവൻ. പക്ഷേ അനുജൻ അത്രയ്ക്കു ബുദ്ധിമാനായിരുന്നില്ല. ചേട്ടൻ അസാധാരണമായ ബുദ്ധിശക്തിയാൽ അനുഗൃഹീതൻ. ഒരുദാഹരണം വച്ചു് സാമാന്യകരണം നടത്തുകയല്ല ഞാൻ. നിയമത്തിൽ നിന്നു് ‘കടുകിട’ മാറാത്തവൻ അത്ര ബുദ്ധിമാനായിരിക്കില്ല. വേണമെങ്കിൽ നോക്കിക്കൊള്ളൂ.
ചോദ്യം: പരപുരുഷനെ ആഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചും മറ്റൊരു സ്ത്രീയെ കൊതിക്കുന്ന പുരുഷനെക്കുറിച്ചും നിങ്ങൾ എന്തുപറയുന്നു? വിവാഹം കഴിഞ്ഞവരെക്കുറിച്ചാണു് എന്റെ ചോദ്യം.
ഉത്തരം: അന്യപുരുഷനിൽ സ്ത്രീക്കും അന്യസ്ത്രീയിൽ പുരുഷനും ആഗ്രഹം തോന്നുന്നതു സ്വാഭാവികം. പക്ഷേ അതു നിയന്ത്രിച്ചില്ലെങ്കിൽ ആപത്തുണ്ടാകും.
ചോദ്യം: ചെറുപ്പകാലത്തു സുന്ദരികളും സുന്ദരന്മാരുമായിരുന്നവർ മധ്യവയസ്കരാകുമ്പോൾ വൈരൂപ്യമുള്ളവരാകുന്നതെങ്ങനെ?
ഉത്തരം: പ്രായം കൂടുന്തോറും സ്വഭാവമനുസരിച്ചു് മുഖഭാവം മാറുമെന്നു ബൽസാക്കും ജോർജ്ജ് ഓർവെല്ലും പറഞ്ഞിട്ടുണ്ടു്.
ചോദ്യം: നമ്മുടെ ഇപ്പോഴത്തെ ആവശ്യമെന്തു്?
ഉത്തരം: വേലുത്തമ്പിദളവയെപ്പോലെ ഒരു ഭരണാധികാരി ഉണ്ടായിരിക്കണം.
ചോദ്യം: ഇപ്പോഴത്തെ കുട്ടികൾക്കു സ്വഭാവ വൈകല്യം വരുന്നതു് എന്തുകൊണ്ടു്?
ഉത്തരം: അച്ഛനമ്മമാരുടെ യോഗ്യതയില്ലായ്മ കൊണ്ടു്. മാതാപിതാക്കന്മാർ മാതൃകകളായി വർത്തിച്ചാൽ കുട്ടികൾ അവരെക്കണ്ടു നന്നായി വളരും പെൺപിള്ളേർ ഒളിച്ചോടുന്നതു് അവരുടെ അച്ഛനമ്മമാർ വൃത്തികെട്ടവരായതുകൊണ്ടാണു്.
ചോദ്യം: നിങ്ങൾ ഏതു പ്രധാനമന്ത്രിയെ പേടിച്ചിരുന്നു?
ഉത്തരം: മൊറാർജി ദേശായിയെ. കുറെക്കൂടി അദ്ദേഹം ഭരിച്ചെങ്കിൽ ഭാരതീയർ ചായയോ കാപ്പിയോ കുടിക്കരുതെന്നു് അദ്ദേഹം നിയമം കൊണ്ടുവരുമായിരുന്നു.

അറുപത്തിയഞ്ചു് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണിതു്. ദേവികുളത്തു താൽകാലികമായി താമസിച്ചിരുന്ന ഞാൻ ഒരു സായാഹ്നത്തിൽ ദേവികുളം കമ്മിഷണറുടെ സൗധത്തിനു ചുറ്റുമുള്ള ഓറഞ്ച് തോട്ടത്തിൽ ആലസ്യത്തോടെ നടക്കുകയായിരുന്നു. അങ്ങു ദൂരെ ആനമുടി എന്നു പേരുള്ള കൊടുമുടി ശൂന്യാകാശത്തെ പിളർന്നു നില്ക്കുന്നതു കാണാം. അതിന്റെ താഴത്തെ തലങ്ങളിൽ വെള്ളമേഘത്തുണ്ടുകൾ മെല്ലെ നീങ്ങുന്നുണ്ടു്. ഉത്തരക്ഷണത്തിൽ ഒരു സുന്ദരിപ്പെൺകുട്ടി ഓറഞ്ച് വൃക്ഷങ്ങളുടെ ഇടയിലൂടെ ഓടുന്നതു ഞാൻ കണ്ടു. പാവാടയും ബ്ലൌസും വേഷം. സുന്ദരിയായിരുന്നിരിക്കണം. തിരിഞ്ഞോടിയതുകൊണ്ടു് ആ മുഖം കാണാനായില്ല. എങ്കിലും ശരീരഭംഗിയുള്ളവർക്കു മുഖകാന്തിയും കാണുമല്ലോ. തീർച്ചയായും ആ പെൺകുട്ടി മനോഹരയായിരുന്നിരിക്കും. പിന്നീടുള്ള നിരവധി സായാഹ്നങ്ങളിൽ ഞാൻ ആ ഓറഞ്ച് തോട്ടത്തിൽ ചെന്നുനിന്നിട്ടുണ്ടു്. ജീവിതം മധുരതരമാക്കുന്നു സൗന്ദര്യദർശനം എന്നു കവി പറഞ്ഞതുപോലെ എനിക്കു പറയാൻ കഴിഞ്ഞില്ല. അവളെ ഒരിക്കൽപ്പോലും ഞാൻ പിന്നെക്കണ്ടില്ല. വർഷങ്ങൾ കഴിഞ്ഞു. അരശതാബ്ദവും കഴിഞ്ഞിട്ടു് സംവത്സരങ്ങൾ കടന്നുപോയി. അവൾ എം. എ. പരീക്ഷ ജയിച്ചു. ലക്ചറർ ആയി. പ്രഫെസറായി. ഒരിക്കൽ… ത്തെ കോളേജിൽ ഒരാളെ ഞാൻ അന്വേഷിച്ചു ചെന്നപ്പോൾ ആ കോളേജധ്യാപിക നടന്നുവരുന്നതു കണ്ടു. പൊടുന്നനെ ഉണ്ടായ ഭീരുത്വത്തെ പലായനം ചെയ്യിച്ചിട്ടു് ഞാൻ അവരോടു ധൈര്യത്തോടെ പറഞ്ഞു: “റ്റീച്ചർ ദേവികുളും കമ്മിഷണറായിരുന്ന… ന്റെ മകളല്ലേ? അറുപത്തിയഞ്ചു വർഷം മുൻപു് റ്റീച്ചർ ബാലികയായിരുന്നപ്പോൾ ഓറഞ്ച് മരങ്ങളുടെ ഇടയിലൂടെ ഓടിയതു് ഞാൻ അദ്ഭുതത്തോടെ നോക്കിനിന്നു. സമതലത്തിലൂടെ സുന്ദരിപ്പെൺകുട്ടി ഓടിയാൽ അതിൽ മനോഹരമായി ഒന്നുമില്ല. എന്നാൽ മരങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ബാലിക ഓടുന്നതു് ചേതോഹരമായ കാഴ്ചയാണു്”. അവർക്കിതു ഇഷ്ടപ്പെടുമോ എന്നൊന്നും ആലോചിക്കാതെയാണു് ഞാനിത്രയും പറഞ്ഞതു്. പ്രായം നല്കിയ വിവേകവും സഹിഷ്ണുതയും കാണിച്ചു് ചിരിച്ചിട്ടു് അവർ ആ പ്രശംസ മറ്റൊരു പ്രശംസയായി എനിക്കു തിരിച്ചുതന്നു. “താങ്കളും അന്നു് ആകർഷകത്വമുള്ള ബാലനായിരുന്നിരിക്കണമല്ലോ”. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.
സാഹിത്യം മനുഷ്യത്വത്തിന്റെ പ്രതിഫലനമത്രേ. ജീവിതസ്പന്ദമില്ലാത്തതു സാഹിത്യമേയല്ല. ഇപ്പോഴത്തെ സാഹിത്യത്തിൽ മനുഷ്യത്വമില്ല, ജീവിതസ്പന്ദമില്ല.
ഞാൻ എത്രകാലമായി ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടിയുടെ കഥാമണ്ഡലത്തിൽ മരങ്ങളുടെ ഇടയിലൂടെ ഓടുന്ന കലയെന്ന സൗന്ദര്യധാമത്തെ കാണാൻ കൊതിച്ചു നില്ക്കുന്നു! എന്റെ കൊതി വെറുതേ. ഒരിക്കൽപ്പോലും ആ സുന്ദരദർശനം എനിക്കു ലഭിച്ചിട്ടില്ല. ‘വേഷപ്പകർച്ചകൾ’ എന്ന കഥയുടെ സ്ഥിതിയും അതുതന്നെ. വിവാഹിതനായ ഉദ്യോഗസ്ഥനു പരസ്ത്രീബന്ധം. അതു മറയ്ക്കാനായി അയാൾ ഓഫീസിലുള്ളവരോടും ഭാര്യയോടും പരുഷമായി പെരുമാറുന്നു. രഹസ്യകാമുകി ശല്യമായപ്പോൾ അയാൾ വാടകക്കൊലയാളിയെ ഏർപ്പാടു ചെയ്യുന്നു അവളുടെ കഥകഴിക്കാൻ. ‘ജീനിയസ്’ വേണ്ട. അതിന്റെ താഴത്തെത്തട്ടിൽ നില്ക്കുന്ന ‘റ്റാലന്റ്’ പോലും ഈ കഥാകാരനില്ല. കഥാസാഹിത്യം വികസിച്ച ഇക്കാലത്തു് ഇങ്ങനെയൊരു കഥയെഴുതണമെങ്കിൽ വല്ലാത്ത ചങ്കൂറ്റം ഉണ്ടായാലേ പറ്റൂ. നൂതനങ്ങളായ അനുഭവങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും അനുവാചകനെ നയിക്കാനാവാതെ വിശ്വാസ്യതയ്ക്കു ഭംഗം വരുത്തിക്കൊണ്ടു വാക്യങ്ങൾ എഴുതിവച്ചാൽ അതു സാർത്ഥകമായ പ്രവൃത്തിയാകുമോ?

1. ചങ്ങമ്പുഴ മരിച്ച ദിവസം ഞാൻ വ്യക്തമായി ഓർമ്മിക്കുന്നു. മരണവാർത്ത അറിഞ്ഞയുടനെ ഞാൻ കണ്ടതു അക്കാലത്തു സെക്രട്ടേറിയറ്റിൽ ഹെഡ് ട്രാൻസ്ലേറ്ററായിരുന്ന കെ. ദാമോദരനെയാണു്. ‘സാർ അറിഞ്ഞോ ചങ്ങമ്പുഴ കൃഷ്ണപിള്ള മരിച്ചു’ എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ദാമോദരൻ പണ്ഡിതനും സഹൃദയനും നോവലിസ്റ്റുമായിരുന്നെങ്കിലും സിനിക്കായിരുന്നു. അതുകൊണ്ടു് ആ മരണവാർത്ത അദ്ദേഹത്തെ അത്രകണ്ടു സ്പർശിച്ചില്ല എന്നെനിക്കു തോന്നി. ഞാൻ ഇന്നാലോചിക്കുന്നു. ഞാൻ എന്തിനാണു് ചങ്ങമ്പുഴക്കവിതയെ ഇത്ര ആദരിക്കുന്നതു് ? ഇതിനു് ഉത്തരം നല്കണമെങ്കിൽ ഇതിനോടു പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നു തോന്നിക്കുന്ന ഒരു കാര്യത്തെക്കുറിച്ചു പറയേണ്ടിയിരിക്കുന്നു. മേരി വുൾസ്റ്റൻ ക്രാഫ്റ്റ് (Mary Wollstonecraft, 1759–97) A Vindication of the Rights of Woman എന്ന പുസ്തകമെഴുതി ഫെമിനിസ്റ്റ് എന്ന രാഷ്ട്രാന്തരീയ പ്രശസ്തി ആർജ്ജിച്ച മഹതിയാണു്. അവരുടെ ഭർത്താവായിരുന്നു തത്ത്വചിന്തകനും നോവലിസ്റ്റുമായിരുന്ന വില്യം ഗോഡ്വിൻ (William Godwin, 1756–1836) ഇവരുടെ മകൾ മേരി യാണു് ഷെല്ലി യുടെ ഭാര്യയായതു്. ഒരിക്കൽ കോൾറിജ്ജും ഹാസ്ലിറ്റും നടന്നുപോകുമ്പോൾ കോൾറിജ്ജ് ഹാസിലിറ്റിനോടു ചോദിച്ചു മേരി വുൾസ്റ്റൻക്രാഫ്റ്റിനെ കണ്ടിട്ടുണ്ടോയെന്നു്. താൻ ഒരിക്കൽ ഏതാനും നിമിഷങ്ങൾ മാത്രം അവരെ കണ്ടുവെന്നു ഹാസ്ലിറ്റ് കോൾറിജ്ജിനെ അറിയിച്ചു. ഗോഡ്വിൻ ഏതോ ചില പ്രതികൂലചിന്തകൾ ആവിഷ്കരിച്ചപ്പോൾ മേരി നിസ്സാരങ്ങളാണു് അവയെന്ന രീതിയിൽ മറുപടി പറയുന്നതു താൻ കേട്ടുവെന്നും ഹാസ്ലിറ്റ് കോൾറിജ്ജിനോടു പറഞ്ഞു. അപ്പോൾ കോൾറിജ്ജ് പറയുകയായി വെറും ധിഷണയുള്ളവരിൽ ഭാവനയുള്ളവർ അങ്ങനെയാണു് ആധിപത്യം പുലർത്തുന്നതെന്നു്. (He asked me if I had ever seen Mary Wollstonecraft, and I said, I had once for a few moments and that she seemed to me to turn off Godwin’s objections to something she advanced with quite a playful, easy air. He replied that ‘this was only one instance of the ascendancy which people of imagination exercised over those of mere intellect’ (My first acquaintance with poets, William Hazlitt, Penguin Books, Selected Writings, Page 50). പ്രജ്ഞാപരത്വത്തിന്റെ വിടർന്ന ഫണത്തിൽ ആഞ്ഞു ചവിട്ടിയ ഭാവനയുടെ ശ്യാമളപാദങ്ങളാണു് ചങ്ങമ്പുഴക്കവിതകൾ. ചങ്ങമ്പുഴ ആവിർഭവിച്ചിട്ടില്ലായിരുന്നെങ്കിൽ ഇന്നു ഫണം വിരിച്ചാടുന്ന പ്രജ്ഞാപരത്വം കൂടുതൽ ഭീതിദമായേനേ.

2. സാഹിത്യം മനുഷ്യത്വത്തിന്റെ പ്രതിഫലനമത്രേ. ജീവിതസ്പന്ദമില്ലാത്തതു സാഹിത്യമേയല്ല. ഇപ്പോഴത്തെ സാഹിത്യത്തിൽ മനുഷ്യത്വമില്ല. ജീവിതസ്പന്ദമില്ല. പിന്നെ എന്തുണ്ടു്? സാഹിത്യത്തിന്റെ പ്രകടനരൂപങ്ങൾ മാത്രം. യഥാർത്ഥ സാഹിത്യം വേറെ. സാഹിത്യത്തിന്റെ മൂടുപടമണിഞ്ഞ പ്രകടനരൂപങ്ങൾ വേറെ. വിദ്യാർത്ഥികൾക്കും ഉത്കൃഷ്ടങ്ങളായ സാഹിത്യകൃതികൾ വായിച്ചിട്ടില്ലാത്തവർക്കും ഇവയെ വേർതിരിച്ചറിയാൻ കഴിയുകയില്ല. അതിനാൽ അവർ സാഹിത്യമണ്ഡലത്തിൽ വിഹരിക്കുന്ന യഥാർത്ഥങ്ങളായ കൃതികളെ പുച്ഛിച്ചുതള്ളിയിട്ടു് സാഹിത്യത്തിന്റെ പ്രകടനരൂപങ്ങളെ വാഴ്ത്തുകയും അവയെക്കുറിച്ചു് നിരൂപണങ്ങൾ എഴുതുകയും ചെയ്യുന്നു. നിരൂപണത്തെ മാറ്റിനിറുത്തി നോക്കിയാൽ അതിലുമുണ്ടു് പ്രകടനരൂപങ്ങൾ എന്നു കാണാം. പേരുകൾ പറയുന്നില്ല. വായനക്കാർക്കു് ആരാണു് ഇക്കൂട്ടർ എന്നു ഊഹിക്കാവുന്നതേയുള്ളു.
പുതിയ സാഹിത്യരൂപങ്ങൾ കണ്ടുപിടിച്ചു് ഭാഷാപരങ്ങളായ കമ്പക്കെട്ടുകൾ കാണിച്ച കുറെ ഫ്രഞ്ച് സാഹിത്യകാരന്മാരുടെ സംഘടനയാണു യൂലീപോ (Ouvroir de Litterature Poetentielle – Workshop of Potential Literature) 1970 തൊട്ടു 1980 വരെ ഫ്രാൻസിൽ വിരാജിച്ച ഈ സംഘടനയുടെ അദ്വിതീയ പ്രവർത്തകനായിരുന്നു പെരക് (Georges Perec 1936–1982) അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ നോവൽ Life: A User’s Manual എന്നതിനെക്കുറിച്ചു് ഈ പംക്തിയിൽ മുൻപു് എഴുതിയിട്ടുണ്ടു്. മറ്റൊരു മാസ്റ്റർ പീസായ W, or the memory of Childhood എന്നതിനെക്കുറിച്ചും അടുത്തകാലത്തു ഞാൻ എഴുതിയിരുന്നു. പെരക് യൂലിപോയിലെ അംഗമാകുന്നതിനു മുൻപു് എഴുതിയ മൂന്നുകഥകൾ ലണ്ടനിലെ ഹാർവിൻ പ്രസ് പ്രസാധനം ചെയ്തിരിക്കുന്നു. 1. Which Moped with Chrome Plated

Handlebars at the Back of the Yard. 2. Exeter Text-Jewels, Secrets, Sex 3. A Gallery Portrait ഇവയാണു് മൂന്നു കഥകൾ. ഭാഷ കൊണ്ടുള്ള ആഗ്നേയക്രീഡാ വിദ്യകൾ മൂന്നിലും കാണാം. വിശേഷിച്ചും രണ്ടാമതു പറഞ്ഞ കഥയിൽ. പെരക്കിന്റെ ‘A Void’ എന്ന നോവലിൽ ‘e’ എന്ന അക്ഷരം ഉപയോഗിച്ചിട്ടേയില്ല. Exeter Text-ൽ ‘e’ എന്നതല്ലാതെ മറ്റു സ്വരങ്ങൾ പ്രയോഗിക്കുന്നില്ല. ഈ വിദ്യകൾ കൊണ്ടു് എന്തു പ്രയോജനമുണ്ടാകുന്നുവെന്നു് എനിക്കറിഞ്ഞുകൂടാ. വാക്കുകൾ പാരായണ സന്ദർഭത്തിൽ അപ്രത്യക്ഷങ്ങളാകുമ്പോഴാണല്ലോ ആവിഷ്കാരം സമുന്നതാവസ്ഥയിലെത്തുക. ഭാഷാവിജ്ഞാനീയത്തോടു ബന്ധപ്പെട്ട ഈ വിദ്യകൾ വായനക്കാരനെ ഭാഷാപ്രയോഗത്തിലേക്കാണു് ആനയിക്കുക. അതിനാൽ ആസ്വാദനം താണ നിലവാരത്തിലേ നടക്കുന്നുള്ളു.

അൾജീരിയൻ യുദ്ധത്തിൽ പങ്കുകൊള്ളാൻ നിർബന്ധനായ ഒരുത്തനെ അയാളുടെ കൂട്ടുകാർ രക്ഷിക്കാൻ ശ്രമിക്കുന്നതാണു് ആദ്യത്തെ കഥയുടെ വിഷയം. കുറെ ആഭരണങ്ങൾ ചിലർ ‘തട്ടിക്കൊണ്ടു’ പോകുന്നതിനെ ഹാസ്യാത്മകമായി വർണ്ണിക്കുന്നു രണ്ടാമത്തെ കഥ. മൂന്നാമത്തെ കഥയിൽ ഒരു ചിത്രത്തിന്റെ സത്യം കണ്ടുപിടിക്കാനുള്ള യത്നത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. മൂന്നു കഥകളിലും പെരക്കിന്റെ പ്രതിഭയുടെ വിലാസമുണ്ടു്. ഇങ്ങനെയൊരു കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു എന്ന അറിവു് വായനക്കാർക്കു നല്കണമെന്നേ എനിക്കു ഉദ്ദേശ്യമുള്ളു. (Three By Perec, Translated from French by Ian Monk, pp. 179).
പ്രകൃതി മനുഷ്യനു നല്കിയ അനേകം അനുഗ്രഹങ്ങളിൽ പ്രഥമ സ്ഥാനത്തു നില്ക്കുന്നതു ഭാഷയാണു്. കവിക്കു് അതേ അനുഗ്രഹം പ്രകൃതിയിൽ നിന്നുണ്ടാകുമ്പോൾ അതിനു് (ഭാഷയ്ക്കു്) ശക്തിയും സൗന്ദര്യവും കൂടി ഉണ്ടാകാൻ പ്രകൃതി മനസ്സിരുത്താറുണ്ടു്. അതുകൊണ്ടാണു് ആശയം പകർന്നുകൊടുക്കാൻ മാത്രം ഭാഷ ഉപയോഗിക്കുന്ന നമ്മൾക്കു വൈലോപ്പിള്ളി യെപ്പോലെ ഭാഷാപ്രയോഗത്തിനു കഴിയാത്തതു്. ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി യെ പ്രകൃതി ഇക്കാര്യത്തിൽ കൂടുതലായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കാവ്യഭാഷ എപ്പോഴും സുന്ദരമാണു്. സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ‘ഒരു ദേശാടനത്തിന്റെ ഓർമ്മ’ എന്ന കാവ്യം വായിക്കുക. (മാധ്യമം വാർഷികപ്പതിപ്പു്, 98).
പുറത്തേക്കു പറക്കുന്നു
കിളി. വെൺപുലർമഞ്ഞിനെ
കീറുന്നു പവിഴച്ചുണ്ടാൽ.
ഈണത്താൽ, ചിറകൊച്ചയാൽ
കാടകം വിട നല്കുന്നു
ഭദ്രമാകട്ടെ നിൻഗതി.
ഭദ്രം നിൻകണ്ണിലെക്കാഴ്ച
ഭദ്രം മന്ത്രിക്ക നിൻമൊഴി
കാടുപിന്നിട്ടു കുന്നിൻ പൂ-
ഞ്ചോലയും വിട്ടു. പാടവും
കായലും കടലും താണ്ടി
കിളി പാറിപ്പറക്കവേ
‘ഭാഷയുള്ളിടത്തേ ലോകമുള്ളു’ എന്നാരോ പറഞ്ഞിട്ടില്ലേ? അനുഹൃഹീതനായ കവി ഭാഷകൊണ്ടു് ഒരു ലോകം സൃഷ്ടിക്കുന്നു.
ദിക്കു മൂടും മഹാപക്ഷി
പകൽത്തൂവൽ പൊഴിക്കവേ
പിന്നെച്ചേക്കേറുവാനായി
പിൻമടങ്ങുകയായി കിളി.
എന്നു പറഞ്ഞു് കവി പ്രപഞ്ചത്തിന്റെ ചാക്രിക കാലഗതിയെ ഉചിതങ്ങളായ ഏതാനും പദങ്ങളിലൊതുക്കുന്നു. കിളിയും യാത്ര ആരംഭിച്ചിടത്തു് വന്നേ തീരൂ. അതിനും ചാക്രികഗതി തന്നെ. അങ്ങനെ തിരിച്ചെത്തിയ കിളിയെക്കൂരമ്പു് എയ്തു കൊല്ലാൻ കൂറ്റൻ വേടൻ നില്ക്കുന്നു. അപ്പോൾ കിളി ചോദിക്കുന്നു:
“ആവാം… അമ്പെയ്യുവാൻ താങ്കൾ-
ക്കാമോ ഞാൻ പെയ്ത പാട്ടിനെ”
വിനയമാർന്ന ആ ചോദ്യത്തിന്റെ ശക്തി എത്രയുണ്ടെന്നു നോക്കൂ. കവിയെ വധിക്കാം; പക്ഷേ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കുള്ള മാധുര്യത്തെ ഇല്ലാതാക്കാൻ ഈ ലോകത്തു് ആർക്കു സാധിക്കും?
സ്വകീയമായ ഒരു ജീവിതാനുഭവത്തെ പ്രതീകങ്ങളിലൂടെ ബിംബങ്ങളിലൂടെ ചേതോഹരമായ കലാശില്പമാക്കിയിരിക്കുകയാണു് വിഷ്ണുനാരായണൻ നമ്പൂതിരി.
വാക്കുകൾ പാരായണ സന്ദർഭത്തിൽ അപ്രത്യക്ഷങ്ങളാകുമ്പോഴാണല്ലോ ആവിഷ്കാരം സമുന്നതാവസ്ഥയിലെത്തുക.
ഷേക്സ്പിയറുടെമക്ബത്ത് എന്ന നാടകത്തിൽ Instruments of Darkness എന്നൊരു പ്രയോഗമുണ്ടു്. മന്ത്രവാദിനികളെയാണെന്നു തോന്നുന്നു ഒരു കഥാപാത്രം അന്ധകാരത്തിന്റെ ഉപകരണങ്ങളായി കണ്ടതു്. അക്കാലത്തു് അവർ മാത്രമേ ദുഷ്ടപ്രവൃത്തികളിൽ മുഴുകിയിരുന്നുള്ളു. ഇക്കാലത്തു് അതല്ല. ഏതു മണ്ഡലത്തിലും ഇരുട്ടിന്റെ ഉപകരണങ്ങൾ മനുഷ്യരെ വധിക്കാൻ സന്നദ്ധങ്ങളായി നില്ക്കുന്നു. ഇതുകണ്ടു് പരിദേവനം ചെയ്യുകയാണു് ഡോക്ടർ ചെറിയാൻ കുനിയന്തോടത്തു് (മാധ്യമം വാർഷികപ്പതിപ്പിലെ ‘കുരുതി’ എന്ന കാവ്യം) ലോകചരിത്രത്തിന്റെ ദീർഘതയിലൂടെ സഞ്ചരിച്ചു് ഹൃദയക്ഷോഭജനകങ്ങളായ സംഭവങ്ങൾ എടുത്തു കാണിക്കുന്നു കവി.
ചിതയിലേക്കെത്തുവാൻ
വഴികണ്ടു ഗാന്ധിജി
മതവെറി വെടിയുണ്ടപോലെ
പാഞ്ഞീടവേ
കരളലിയിക്കുന്ന രംഗങ്ങളിന്നുമേ
ചിരകാല സ്വപ്നങ്ങൾ ചിറകറ്റു
വീഴവേ

എന്നു് മഹാത്മാഗാന്ധിയെ അനുസ്മരിച്ചിട്ടു് തന്റെ രക്തം ഊറ്റിക്കുടിക്കാനായി കുത്സിതത്വമെത്തുമോ എന്നു കവി സംശയിക്കുന്നു. അദ്ദേഹത്തിന്റെ സംശയം നമ്മുടെ ഓരോരുത്തന്റെയും സംശയമായി മാറത്തക്കവിധത്തിൽ കവി കാവ്യം രചിച്ചിട്ടുണ്ടു്. മറ്റൊരു തരത്തിൽ പറയാം. നമ്മളെ കവിയുടെ സ്ഥാനത്തുതന്നെ പ്രതിഷ്ഠിക്കുകയാണു് കവി. കവിതയിൽ ചിന്തയുടെ ദീപം കത്തിച്ചു പിടിച്ചുകൊണ്ടാണു് കവി സഞ്ചരിക്കുന്നതു്.
നമ്മളെ എല്ലാവരെയും വേദനിപ്പിച്ചുകൊണ്ടു് എല്ലാക്കാലത്തേക്കുമായി ഇവിടം വിട്ടുപോയ നോവലിസ്റ്റ് കെ. സുരേന്ദ്രൻ ഒരിക്കൽ എന്നോടു പറഞ്ഞു: കുടുംബത്തെക്കാൾ നല്ലൊരു വ്യവസ്ഥ ഈ ലോകത്തില്ലെന്നു്. ശരിയാണു് അദ്ദേഹം പറഞ്ഞതു്. പക്ഷേ കുടുംബാംഗങ്ങൾ വിവാഹം കഴിക്കുന്നതോടെ കുടുംബം തകരുന്നു.