SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-11-20-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

​ ​​

images/PanampallyGovindamenon.jpg
പന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോൻ

ഒരു സമ്മേ​ള​ന​ത്തി​ന്റെ ഉദ്ഘാ​ട​ക​നാ​യി​രു​ന്നു പന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോൻ. അന്നു് അദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി. ക്യാ​ബി​ന​റ്റ് മീ​റ്റി​ങ്ങിൽ​നി​ന്നു് അദ്ദേ​ഹ​ത്തെ വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന​യാൾ കെ. ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു. അര മണി​ക്കൂ​റി​ന​കം തി​രി​ച്ചു് അയ​ച്ചേ​ക്കാ​മെ​ന്നു് ബാ​ല​കൃ​ഷ്ണൻ പ്ര​തി​ജ്ഞ ചെ​യ്ത​തു​കൊ​ണ്ടാ​ണു് പന​മ്പി​ള്ളി അദ്ദേ​ഹ​ത്തി​ന്റെ കൂടെ മയ്യ​നാ​ട്ടേ​ക്കു് പോ​യ​തു്. സമ്മേ​ള​നം തു​ട​ങ്ങി. സ്വാ​ഗത പ്ര​ഭാ​ഷ​കൻ ഒന്നേ​മു​ക്കാൽ മണി​ക്കൂർ നേരം വി​ര​സ​മാ​യി പ്ര​സം​ഗി​ച്ചു. മു​ഖ്യ​മ​ന്ത്രി നീരസം പ്ര​ദർ​ശി​പ്പി​ക്കാ​തെ. അസ്വ​സ്ഥത കാ​ണി​ക്കാ​തെ. മൗനം അവ​ലം​ബി​ച്ചു് ഇരു​ന്നു. സ്വാ​ഗത പ്ര​ഭാ​ഷ​ണ​ത്തി​നു ശേഷം പന​മ്പി​ള്ളി പ്ര​സം​ഗി​ച്ചു തു​ട​ങ്ങി​യ​പ്പോൾ ഔചി​ത്യ​മി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചാ​ണു് ആദ്യം പറ​ഞ്ഞ​തു്. വാ​ക്കു​കൾ മനോ​ഹ​ര​ങ്ങ​ളാ​ണെ​ങ്കി​ലും സ്ഥാ​നം തെ​റ്റി​യു​ള്ള അവ​യു​ടെ പ്ര​യോ​ഗം വൈ​ര​സ്യ​ജ​ന​ക​മാ​വു​മെ​ന്നു് സ്വാ​ഗത പ്ര​ഭാ​ഷ​ക​നെ ലക്ഷ്യം വച്ചു് പന​മ്പി​ള്ളി പറ​ഞ്ഞു. അതി​നു് അദ്ദേ​ഹം ഒരു​ദാ​ഹ​ര​ണ​വും നൽകി. മുടി സ്ത്രീ​യു​ടെ തല​യി​ലി​രി​ക്കു​മ്പോൾ മനോ​ഹ​രം: എന്നാൽ ചോറിൽ അതു കി​ട​ന്നാ​ലോ? ഊണു കഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​നു് അതി​ന്റെ ദർശനം വമ​നേ​ച്ഛ​യു​ള​വാ​ക്കും.

images/Postmodernity.jpg

അടു​ത്ത കാ​ല​ത്തു് ഞാൻ വാ​യി​ച്ച “Postmodernity and its Discontents ” എന്ന പു​സ്ത​ക​ത്തിൽ ഇതിനു തു​ല്യ​മായ ഒരാ​ശ​യം കണ്ടു. ഗ്ര​ന്ഥ​കാ​ര​നായ സി​ഗ്മ്യൂ​ന്റ ് ബോമാൻ (Zygmunt Bauman) ‘വി​ശു​ദ്ധി’യെ​ക്കു​റി​ച്ചു ചർച്ച ചെ​യ്യു​ന്ന വേ​ള​യിൽ പറ​യു​ന്നു; വി​ശു​ദ്ധി​ക്കു് എതി​രായ മാ​ലി​ന്യം സ്ഥാ​നം തെ​റ്റി​യി​രി​ക്കു​ന്ന​തേ​തോ അതാ​ണു്. വസ്തു​ക്ക​ളു​ടെ അന്തർ​ഭൂ​ത​മായ ധർ​മ്മ​മ​ല്ല, അവയെ മലി​ന​ങ്ങ​ളാ​ക്കു​ന്ന​തു്. സൂ​ക്ഷ്മ​മാ​യി​പ്പ​റ​ഞ്ഞാൽ അവ​യു​ടെ സ്ഥാ​ന​മാ​ണു് വി​ശു​ദ്ധി​യും മാ​ലി​ന്യ​വും ഉള​വാ​ക്കുക. ഒരു സവി​ശേ​ഷ​സ​ന്ദർ​ഭ​ത്തിൽ അഴു​ക്കാ​യി കാ​ണ​പ്പെ​ടു​ന്ന​തു് മറ്റൊ​രു സന്ദർ​ഭ​ത്തിൽ വി​ശു​ദ്ധ​മാ​യി പ്ര​ത്യ​ക്ഷ​മാ​കും. മറി​ച്ചും. പോ​ളി​ഷ് ചെയ്ത പ്ര​കാ​ശി​ക്കു​ന്ന ഷൂസ് ആഹാരം കഴി​ക്കാൻ ഉപ​യോ​ഗി​ക്കു​ന്ന മേ​ശ​യു​ടെ പു​റ​ത്തു​വ​ച്ചാൽ മാ​ലി​ന്യ​മാ​ണു്. അവ ‘ഷൂ​സ്റ്റാ​ക്കി’ൽ വയ്ക്കു​ക​യാ​ണെ​ങ്കിൽ വി​ശു​ദ്ധി​യാർ​ജ്ജി​ക്കും. ഡി​ന്നർ​മേ​ശ​യി​ലെ ലാ​ലാ​ജ​ലോ​ത്പാ​ദ​ക​മായ മു​ട്ട​യ​പ്പം (omelette) തല​യ​ണ​യിൽ വച്ചാൽ വെ​റു​പ്പു​ണ്ടാ​ക്കു​ന്ന​താ​യി മാറും (Polity Press, U.K., Rs 933.70, pp. 221). വസ്തു ഏതാ​യാ​ലും ഇരി​ക്കേ​ണ്ട സ്ഥാ​ന​ത്തി​രി​ക്ക​ണം. സ്ഥാ​നം തെ​റ്റി​യാൽ അതു അഴു​ക്കാ​ണു്. ഇതി​നെ​സ്സം​ബ​ന്ധി​ച്ചു് മറ്റൊ​ര​ഭി​പ്രാ​യം ഉണ്ടാ​കാ​നി​ട​യി​ല്ല. നോ​ബൽ​സ്സ​മ്മാ​നം ദാ​ര്യോ ഫോ ക്കു് കൊ​ടു​ത്ത​പ്പോൾ അതു മലി​ന​മാ​യി. ഷീമസ് ഹീനി ക്കും പേൾ​ബ​ക്കി നും അതു​കി​ട്ടി​യ​പ്പോ​ഴും സ്ഥി​തി അതു​ത​ന്നെ. സാ​റാ​മാ​ഗു വിനു് അതു​നൽ​കി​യ​പ്പോൾ ആ സമ്മാ​നം വി​ശു​ദ്ധ​മാ​യി മാറി. എല്ലാ ദേ​ശ​ങ്ങ​ളി​ലെ​യും—കേ​ര​ള​ത്തി​ലെ​യും—സ്ഥി​തി വി​ഭി​ന്ന​മ​ല്ല. വൈ​ലോ​പ്പി​ള്ളി​യു​ടെ കൈയിൽ അതു സ്വർ​ണ്ണം പോലെ തി​ള​ങ്ങി. മറ്റു ചി​ല​രു​ടെ കൈയിൽ അതു വെറും കാചം.

images/Zygmunt_Bauman.jpg
സി​ഗ്മ്യൂ​ന്റ ് ബോമാൻ

തല​മു​ടി​യെ​ക്കു​റി​ച്ചു് പന​മ്പി​ള്ളി പറ​ഞ്ഞ​തു് എഴു​തി​യ​പ്പോൾ ഞാൻ വട​ക്കേ​യാ​ഫ്രി​ക്കൻ തത്ത്വ​ചി​ന്ത​ക​നായ അപ്യ​ലീ​യ​സി നെ (Lucius Apuleius C 124- after 170 AD) ഓർ​മ്മി​ക്കു​ക​യാ​യി. അദ്ദേ​ഹ​ത്തി​ന്റെ വി​ശ്വ​വി​ഖ്യാ​ത​മായ നോ​വ​ലാ​ണു് The Golden Ass എന്ന​തു്. അദ്ദേ​ഹം ഒരു യു​വ​തി​യു​ടെ തല​മു​ടി​യെ അതിൽ വർ​ണ്ണി​ച്ചി​ട്ടു​ണ്ടു്. “ഒരു നി​മി​ഷം സ്വർ​ണ്ണ​നി​റം. അടു​ത്ത നി​മി​ഷ​ത്തിൽ തേ​നി​ന്റെ നിറം; അല്ലെ​ങ്കിൽ കാ​ക്ക​യു​ടെ ചി​റ​കി​ന്റെ നിറം. ചി​ല​പ്പോൾ പ്രാ​വി​ന്റെ കഴു​ത്തി​ലെ തൂ​വ​ലു​ക​ളു​ടെ ആ നീ​ല​വർ​ണ്ണം ആവ​ഹി​ക്കു​മ​തു്. ലോഷൻ കൊ​ണ്ടു് മു​ടി​ക്കു തി​ള​ക്കം നൽകൂ. നല്ല പല്ലു​ള്ള ചീ​പ്പു് കൊ​ണ്ടു് അതു ഭം​ഗി​യാ​യി പകു​ത്തു് റിബൺ കൊ​ണ്ടു് പി​റ​കു​വ​ശ​ത്തു് കെ​ട്ടി​വ​യ്ക്കൂ. കാ​മു​കൻ അതു കണ്ണാ​ടി​യാ​ക്കി​ക്കൊ​ള്ളും തന്റെ ആഹ്ലാ​ദ​നിർ​ഭ​ര​ങ്ങ​ളായ വീ​ക്ഷ​ണ​ങ്ങൾ പ്ര​തി​ഫ​ലി​പ്പി​ക്കാൻ… സ്ത്രീ​യു​ടെ തല​മു​ടി​ക്കു​ള്ള മാ​ഹാ​ത്മ്യം!”​​

ഇതു പറ​യു​ന്ന​തി​നു അല്പം മുൻ​പാ​യി ഇങ്ങ​നെ​യും: “the truth is that I have an obsession about hair. Whenever I meet a pretty woman, the first thing that catches my eye is her hair; I make a careful mental picture of it to carry home and brood over in private”.

പ്ര​മാ​ദ​ങ്ങൾ

ശ്രീ. എം.പി. അപ്പൻ ‘ഗ്ര​ന്ഥാ​ലോ​കം’ മാ​സി​ക​യിൽ എഴു​തു​ന്നു: “ഇപ്പോൾ രണ്ട​ഭി​പ്രാ​യം പ്ര​ച​രി​ക്കു​ന്നു​ണ്ടു്. ഒന്നു്: കൃ​തി​കൾ എന്ന വാ​ക്കു​കൊ​ണ്ടു് ഉദ്ദേ​ശി​ക്കു​ന്ന​തു് ധന്യർ എന്ന​താ​ണു്. രണ്ടു്: കൃ​തി​കൾ എന്ന വാ​ക്കു് കാ​വ്യ​ങ്ങൾ എന്ന​തി​നെ​യാ​ണു് സൂ​ചി​പ്പി​ക്കു​ന്ന​തു്.”

images/Apuleuis.jpg
അപ്യ​ലീ​യ​സ്

കു​മാ​ര​നാ​ശാ​ന്റെ ‘ലീല’ എന്ന കാ​വ്യ​ത്തി​ലെ ‘കൃ​തി​കൾ മനു​ഷ്യ​ക​ഥാ​നു​ഗാ​യി​കൾ’ എന്ന പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ചാ​ണു് അപ്പൻ എഴു​തു​ന്ന​തു്. അങ്ങ​നെ രണ്ട​ഭി​പ്രാ​യ​ങ്ങ​ളേ ഇല്ല. കൃ​തി​കൾ (ഗ്ര​ന്ഥ​ങ്ങൾ) മനു​ഷ്യ​ക​ഥാ​നു​ഗാ​യി​ക​ളാ​ണെ​ന്നു ആശാൻ പറ​ഞ്ഞി​ട്ടു​ണ്ട​ല്ലോ എന്നോ മറ്റോ മു​ണ്ട​ശ്ശേ​രി അബ​ദ്ധ​മാ​യി എഴു​തി​യ​തി​നെ മന​സ്സിൽ വച്ചു​കൊ​ണ്ടാ​വ​ണം അപ്പൻ രണ്ട​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു വന്നി​രി​ക്കു​ന്ന​തു്. ആ വരി​ക്കു് ഒരർ​ത്ഥ​മേ​യു​ള്ളൂ. അതി​താ​ണു്: മനു​ഷ്യ​ക​ഥ​യെ​ക്കു​റി​ച്ചു പാ​ടു​ന്ന​വർ പു​ണ്യം ചെ​യ്ത​വ​രാ​ണു്. കൃ​തി​കൾ എന്ന​തി​ന്റെ അർ​ത്ഥം സു​കൃ​തി​കൾ—പു​ണ്യം ചെ​യ്ത​വർ—എന്ന​ത്രേ. കൃ​തി​ക​ളെ ഗ്ര​ന്ഥ​ങ്ങ​ളാ​ക്കു​ന്ന​വർ സം​സ്കൃ​ത​ഭാഷ അറി​ഞ്ഞു​കൂ​ടാ​ത്ത​വ​രാ​ണു്. കൃ​തി​കൾ ഗ്ര​ന്ഥ​ങ്ങ​ളാ​ണെ​ങ്കിൽ മനു​ഷ്യ​ക​ഥാ​നു​ഗാ​യി​നീ എന്നു പ്ര​യോ​ഗി​ക്കേ​ണ്ടി വരും. അടി​സ്ഥാ​ന​പ​ര​മായ ഈ വ്യ​ത്യാ​സം അപ്പൻ കാ​ണാ​ത്ത​തു് ഖേ​ദ​ജ​ന​ക​മാ​യി​രി​ക്കു​ന്നു.

ഗ്ര​ന്ഥാ​ലോ​ക​ത്തി​ന്റെ 52—പു​റ​ത്തു് പത്മ എന്നു​ക​ണ്ടു. പദ്മ എന്ന​താ​ണു് ശരി.

‘ലാ​വ​ണ്യ​വാ​ദ​വും നി​രൂ​പ​ണ​വും’ എന്ന പേരിൽ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ ലേ​ഖ​ന​മെ​ഴു​തിയ ശ്രീ. ടി. ടി. ശ്രീ​കു​മാർ അതു് ആരം​ഭി​ക്കു​ന്ന​തി​ങ്ങ​നെ:

“ലാ​വ​ണ്യ​വാ​ദ​ത്തി​ലെ സമ​കാ​ലിക സമീ​പ​ന​ങ്ങൾ​ക്കു് അടി​സ്ഥാ​ന​മി​ട്ട ഒരു കൃ​തി​യാ​ണു് ഫ്രാൻ​സ്യോ ല്യോ​താർ​ഡി​ന്റെ… Jean Francois Lyotard എന്ന ഫ്ര​ഞ്ച് ദാർ​ശ​നി​ക​നെ​യാ​ണു് ലേഖകൻ ലക്ഷ്യ​മാ​ക്കു​ന്ന​തെ​ങ്കിൽ ഷാങ്-​ഫ്രാങ്സ്വ ല്യോ​താർ എന്നു വേണം. ഞാ​നെ​ഴു​തി​ക്കാ​ണി​ച്ച ഈ ഉച്ചാ​ര​ണ​വും ശരി​യായ ഫ്ര​ഞ്ചു​ച്ചാ​ര​ണ​ത്തി​ന്റെ അടു​ത്തെ​ത്തു​ന്ന​തേ​യു​ള്ളൂ. ഫ്ര​ഞ്ചു​ച്ചാ​ര​ണം മലയാള ലി​പി​യിൽ എഴു​തി​ക്കാ​ണി​ക്കാ​നാ​വി​ല്ല. എങ്കി​ലും ഫ്രാ​ങ്സ്വ എന്ന​തി​നെ ഫ്രാൻ​സ്യോ ആക്കു​ന്ന​തു് കു​റ​ച്ചി​ലാ​ണു്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഭാ​ഷ​യി​ലാ​ണെ​ങ്കിൽ ‘അയ്യേ പങ്കം! പങ്കം!’ ഈ ലേ​ഖ​ന​മാ​കെ അച്ച​ടി​ത്തെ​റ്റു​ക​ളാൽ മലീ​മ​സ​മാ​ണു്. അതും ‘പങ്കം’ തന്നെ.

“ദൈ​വ​വ​ഴി​ക​ളെ​പ്പോ​ലും വെ​ല്ലു​വി​ളി​ക്കാൻ തയ്യാ​റായ ജോസെ സാ​ര​മാ​ഗോ”—എന്നു മിനി ചന്ദ്രൻ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ. ഷൂസെ സാ​റാ​മാ​ഗൂ എന്നു് ശരി​യായ ഉച്ചാ​ര​ണം. പോർ​ത്യു​ഗീ​സിൽ വാ​ക്കു​ക​ളു​ടെ അവ​സാ​ന​ത്തു് ‘ഒ’ വന്നാൽ അതി​ന്റെ ഉച്ചാ​ര​ണം ഊ എന്നാ​കും. ജോസെ എന്ന​തും തെ​റ്റു്. ഷൂസെ ശരി. ‘റി​കാർ​ഡോ റൈസു്’ എന്നു് മിനി ചന്ദ്ര​ന്റെ പ്ര​യോ​ഗം. Ricardo Reis എന്ന പേ​രി​ന്റെ ശരി​യായ ഉച്ചാ​ര​ണം റീ​കാർ​ദൂ റേസു് എന്നു്. ‘ഫെർ​ണാ​ണ്ടോ പെസ്വ’ എന്നു് തി​രു​ത്തി​യെ​ഴു​ത​ണം. ‘ദൈ​വ​വ​ഴി​ക​ളെ​പ്പോ​ലും’ എന്നു് വാ​ക്യാ​രം​ഭം. ഈശ്വ​രൻ എന്ന അർ​ത്ഥ​ത്തിൽ ദൈ​വ​മെ​ന്നു് പ്ര​യോ​ഗി​ക്കു​ന്ന​തു് അത്ര ശരി​യ​ല്ല.

നാടകം

നോ​ബൽ​സ്സ​മ്മാ​നം ദാ​ര്യോ ഫോ​ക്കു് കൊ​ടു​ത്ത​പ്പോൾ അതു മലി​ന​മാ​യി. ഷീമസ് ഹീ​നി​ക്കും പേൾ​ബ​ക്കി​നും അതു കി​ട്ടി​യ​പ്പോ​ഴും സ്ഥി​തി അതു​ത​ന്നെ. സാ​റാ​മാ​ഗു​വി​നു് അതു നൽ​കി​യ​പ്പോൾ ആ സമ്മാ​നം വി​ശു​ദ്ധ​മാ​യി മാറി.

ധൈ​ഷ​ണി​ക​മാ​യി വ്യ​ക്തി ഔന്ന​ത്യം പ്രാ​പി​ച്ചി​രി​ക്കും. ആ വ്യ​ക്തി​ക്കു് എൺ​പ​ത്തി​യ​ഞ്ചു വയ​സ്സും കാ​ണു​മാ​യി​രി​ക്കും. പക്ഷേ സെ​ക്സി​ന്റെ കാ​ര്യ​ത്തിൽ അയാൾ/അവൾ അതി​ന്റെ അടി​മ​യാ​ണെ​ന്ന​തിൽ സം​ശ​യ​മി​ല്ല. അതി​നാ​ലാ​ണു് സമു​ന്ന​തർ പോലും ലൈം​ഗി​ക​ത്വ​ത്തിൽ ചാ​പ​ല്യ​മു​ള്ള​വ​രാ​യി പ്ര​ത്യ​ക്ഷ​രാ​കു​ന്ന​തു്. ബർ​ട്രൻ​ഡ് റസ്സൽ മഹാ​നായ ചി​ന്ത​ക​നാ​യി​രു​ന്ന​ല്ലോ. അദ്ദേ​ഹം കി​ഴ​വ​നാ​യി​ട്ടും ഇരു​പ​തോ ഇരു​പ​ത്തി​യ​ഞ്ചോ വയ​സ്സു​ള്ള​വ​നെ​പ്പോ​ലെ​യാ​ണു് കാ​മ​കേ​ളി​കൾ ആടി​യി​രു​ന്ന​തു്. ധി​ഷ​ണാ​ശ​ക്തി​യിൽ ജി​ദ്ദു കൃ​ഷ്ണ​മൂർ​ത്തി യെ അതി​ശ​യി​ച്ച​വ​നാ​രു​ണ്ടു്. പക്ഷേ അദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു് നാലോ അഞ്ചോ കൊ​ല്ല​ത്തി​നു​മുൻ​പു​ണ്ടായ പു​സ്ത​കം വാ​യി​ച്ചാൽ നമ്മൾ ഞെ​ട്ടും. ഐൻ​സ്റൈ​ന്റെ ‘പ്രൈ​വ​റ്റ് ലൈഫി’നെ വി​വ​രി​ക്കു​ന്ന ഗ്ര​ന്ഥ​വും അദ്ദേ​ഹ​ത്തി​ന്റെ നേർ​ക്കു് നമു​ക്കു് അനാ​ദ​ര​മു​ള​വാ​ക്കും. വി​സ്മ​യി​ക്കാ​നി​ല്ല. മഹാ​ന്മാർ വൃ​ദ്ധ​രാ​യാ​ലും അവ​രു​ടെ മാ​ന​സി​ക​നില ചെ​റു​പ്പ​ക്കാ​രു​ടേ​തു​ത​ന്നെ.

ലൈം​ഗി​ക​ത്വം നാ​ട​ക​മാ​ണു്. കലാ​നി​ല​യ​ത്തി​ന്റെ ഒരു നാടകം തന്നെ—കാ​യം​കു​ളം കൊ​ച്ചു​ണ്ണി എന്ന നാടകം തന്നെ—ആണ്ടിൽ മു​ന്നൂ​റ്റി​യ​റു​പ​ത്തി​യ​ഞ്ചു​ദി​വ​സ​വും ആവർ​ത്തി​ച്ചു് അഭി​ന​യി​ക്ക​പ്പെ​ടു​ന്ന​തു പോലെ സെ​ക്സ് എന്ന നാടകം ലോ​ക​വേ​ദി​യിൽ അഭി​ന​യി​ക്ക​പ്പെ​ടു​ന്നു. ഈ സത്യ​മാ​ണു് ‘മി​ഠാ​യി​ത്തെ​രു’ എന്ന കഥയിൽ ശ്രീ. അക്ബർ കക്ക​ട്ടി​ലും ‘നേ​ര​ദൂ​ര​ങ്ങൾ’ എന്ന കഥയിൽ ശ്രീ. എ. ജയ​കു​മാ​റും പ്ര​ത്യ​ക്ഷീ​ക​രി​ക്കു​ന്ന​തു്. (കഥകൾ മല​യാ​ളം വാ​രി​ക​യിൽ).

മാർഷൽ

ദേ​വാ​ല​യ​ത്തി​ലെ പൂ​ന്തോ​ട്ട​ത്തിൽ​നി​ന്നു​കൊ​ണ്ടു് ഒരു പു​രോ​ഹി​തൻ നീളം കൂടിയ ഒരു മുള ശൂ​ന്യാ​കാ​ശ​ത്തു ചലി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വേ​റൊ​രു പു​രോ​ഹി​തൻ ആ വഴി​ക്കു​വ​ന്നു. അയാൾ ചോ​ദി​ച്ചു: ‘എന്താ​ണു് ചെ​യ്യു​ന്ന​തു?’ മുള ചലി​പ്പി​ക്കു​ന്ന പു​രോ​ഹി​തൻ മറു​പ​ടി നൽകി: ‘നക്ഷ​ത്ര​ങ്ങ​ളിൽ ഒന്നി​നെ ഞാൻ അടർ​ത്തി​യി​ടാൻ ശ്ര​മി​ക്കു​ക​യാ​ണു്’ അതു​കേ​ട്ടു് രണ്ടാ​മ​ത്തെ പു​രോ​ഹി​തൻ പറ​ഞ്ഞു: ‘നി​ങ്ങൾ എന്തൊ​രു മണ്ട​നാ​ണ് ! മു​ള​യ്ക്കു നീളം പോരാ. മട്ടു​പ്പാ​വിൽ കയ​റി​നി​ന്നു് നക്ഷ​ത്ര​ത്തെ കു​ത്തി​യി​ടൂ’—ഇതു് ജപ്പാ​നി​ലെ ഒരു നേ​ര​മ്പോ​ക്കു്.

ഒരു ദരി​ദ്ര​ന്റെ വീ​ട്ടിൽ കള്ളൻ കയറി. അവി​ട​മൊ​ക്കെ പരി​ശോ​ധി​ച്ചി​ട്ടും കള്ള​നൊ​ന്നും കി​ട്ടി​യി​ല്ല. നി​രാ​ശ​നാ​യി അവൻ പു​റ​ത്തേ​ക്കു് പോകാൻ ഭാ​വി​ച്ച​പ്പോൾ കട്ടി​ലിൽ കി​ട​ന്ന വീ​ട്ടു​ട​മ​സ്ഥൻ കള്ള​നോ​ടു് പറ​ഞ്ഞു: ‘വാതിൽ അട​ച്ചി​ട്ടു പോകൂ’. പു​ച്ഛ​ത്തോ​ടെ കള്ളൻ അറി​യി​ച്ചു: ‘വാ​തി​ല​ട​യ്ക്ക​ണ്ട ഒരു കാ​ര്യ​വു​മി​ല്ല’—ഇതു് ചൈ​ന​യി​ലെ നേ​ര​മ്പോ​ക്കു്.

കൃ​ഷി​ക്കാർ റോ​ഡി​ന്റെ ഒരു വശ​ത്തു നി​ന്നു് കണ്ണീ​രൊ​ഴു​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മ​ത്തിൽ​നി​ന്നു് അവർ പത്തു​പേർ തി​രി​ച്ച​താ​യി​രു​ന്നു. ഒരു സ്ഥ​ല​ത്തു​വ​ച്ചു് എല്ലാ​വ​രും തങ്ങ​ളെ​ത്ത​ന്നെ എണ്ണി​നോ​ക്കി​യ​പ്പോൾ ഒൻപതു പേരേ ഉണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊ​ണ്ടു് മാർ​ഗ്ഗ​മ​ധ്യേ ഒരാളെ നഷ്ട​പ്പെ​ട്ടു​പോ​യി​യെ​ന്നു് അവർ വി​ചാ​രി​ച്ചു. കര​യു​ന്ന അവ​രെ​നോ​ക്കി അതിലേ പോയ ഒരു നാ​ഗ​രി​കൻ ചോ​ദി​ച്ചു “എന്താ കാരണം?” കൃ​ഷി​ക്കാ​രിൽ ഒരു​ത്തൻ പറ​ഞ്ഞു: “സർ, ഞങ്ങൾ പത്തു​പേ​രാ​ണു് ഗ്രാ​മ​ത്തിൽ നി​ന്നു് തി​രി​ച്ച​തു്. ഇപ്പോൾ ഒൻ​പ​താ​ളു​ക​ളേ​യു​ള്ളൂ. ഒരാൾ നഷ്ട​മാ​യി​പ്പോ​യി.”

​​

ലൈം​ഗി​ക​ത്വം നാ​ട​ക​മാ​ണു്. കലാ​നി​ല​യ​ത്തി​ന്റെ ഒരു നാടകം തന്നെ—കാ​യം​കു​ളം കൊ​ച്ചു​ണ്ണി എന്ന നാടകം തന്നെ—ആണ്ടിൽ മു​ന്നൂ​റ്റി​യ​റു​പ​ത്തി​യ​ഞ്ചു​ദി​വ​സ​വും ആവർ​ത്തി​ച്ചു് അഭി​ന​യി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ സെ​ക്സ് എന്ന നാടകം ലോ​ക​വേ​ദി​യിൽ അഭി​ന​യി​ക്ക​പ്പെ​ടു​ന്നു.

അവ​രെ​ത്ര മണ്ട​ന്മാ​രെ​ന്നു് പട്ട​ണ​വാ​സി ഉടനെ മന​സ്സി​ലാ​ക്കി. എണ്ണു​ന്ന ആൾ തന്നെ വി​ട്ടി​ട്ടാ​ണു് മറ്റു​ള്ള​വ​രു​ടെ സംഖ്യ നിർ​ണ്ണ​യി​ച്ച​തു്. “നി​ങ്ങ​ളു​ടെ തൊ​പ്പി​ക​ളെ​ല്ലാം താഴെ വയ്ക്കൂ” എന്നു അയാൾ ആജ്ഞാ​പി​ച്ചു. തൊ​പ്പി​കൾ താ​ഴെ​വ​ച്ചു് എണ്ണി​യ​പ്പോൾ പത്തു്. അതോടെ കൃ​ഷി​ക്കാർ​ക്കു് ആശ്വാ​സ​മാ​യി. പക്ഷേ അതെ​ങ്ങ​നെ സം​ഭ​വി​ച്ചു എന്നാ​ലോ​ചി​ച്ചു് ഓരോ ആളി​നും അദ്ഭു​തം.—ഇതു വട​ക്കേ​യിൻ​ഡ്യ​യി​ലെ നേ​ര​മ്പോ​ക്കു്.

സ്ക്കൂൾ ഇൻ​സ്പെ​ക്ടർ പരി​ശോ​ധ​ന​യ്ക്കു് വരു​ന്നു​വെ​ന്ന​റി​ഞ്ഞു് ഹെഡ് മാ​സ്റ്റർ എല്ലാ സ്ഥ​ല​വും വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ ആരോ കട​ലാ​സ് തു​ണ്ടു​തു​ണ്ടാ​യി കീ​റി​യി​ട്ടു പറ​മ്പിൽ. അതു​ക​ണ്ട ഹെഡ് മാ​സ്റ്റർ ഉടനെ കല്പി​ച്ചു. “അതൊ​ക്കെ വാ​രി​ക്ക​ള​യൂ, ഇൻ​സ്പെ​ക്ടർ കണ്ടാൽ തി​ന്നും”—ഇതു കേ​ര​ള​ത്തി​ലെ നേ​ര​മ്പോ​ക്കു്, ശ്രീ കു​ഞ്ഞു​ണ്ണി പറ​ഞ്ഞ​തു്.

ഓരോ പ്ര​ദേ​ശ​ത്തി​ന്റേ​തെ​ന്നു് ചൂ​ണ്ടി​ക്കാ​ണി​ച്ചു് ഞാൻ നേ​ര​മ്പോ​ക്കു​കൾ എടു​ത്തെ​ഴു​തി​യെ​ങ്കി​ലും ആ രാ​ജ്യ​ങ്ങ​ളു​ടെ സവി​ശേ​ഷ​ത​കൾ അവയിൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടോ? ഉണ്ടെ​ന്നു പറയാൻ എനി​ക്കു ധൈ​ര്യ​മി​ല്ല. ജപ്പാ​നി​ലെ നേ​ര​മ്പോ​ക്കു് ചൈ​ന​യ്ക്കും ചേരും. മറി​ച്ചും. ഒരു സമാ​ന​ഘ​ട​ക​മു​ണ്ടു് ഈ ഹാ​സ്യോ​ക്തി​കൾ​ക്കു്. ആ ഘടകം സ്ഥൂ​ലീ​ക​ര​ണം അല്ലെ​ങ്കിൽ അത്യു​ക്തി തന്നെ. പക്ഷേ ബ്രി​ട്ടീ​ഷ് ഫലി​ത​ത്തിൽ ഈ അത്യു​ക്തി​യി​ല്ല. കട​ക്ക​ണ്ണിൽ പു​ഞ്ചി​രി​യോ​ടെ നമ്മ​ളെ നോ​ക്കു​ന്ന​തേ​യു​ള്ളൂ, ഡി​ക്കിൻ​സ്. കു​ഞ്ഞു​ണ്ണി പൊ​ട്ടി​ച്ചി​രി​ക്കു​ന്നു. രണ്ടും ഹൃ​ദ്യ​ങ്ങൾ.

പു​ഞ്ചി​രി​യി​ടാ​തെ. പൊ​ട്ടി​ച്ചി​രി​ക്കാ​തെ നമ്മ​ളെ രസി​പ്പി​ക്കു​ന്നു മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ ‘ഉച്ചു​ണ്ഡൻ’ എന്ന കഥ​യെ​ഴു​തിയ മാർഷൽ. സമൂ​ഹ​വി​മർ​ശ​നം സറ്റ​യ​റി​ലൂ​ടെ, നേരിയ ഹാ​സ്യ​ത്തി​ലൂ​ടെ​യാ​കാം എന്നു് തെ​ളി​യി​ക്കു​ക​യാ​ണു് അദ്ദേ​ഹം കഥ ഞാൻ സം​ഗ്ര​ഹി​ച്ചെ​ഴു​തു​ന്നി​ല്ല. അതു് കഥ വാ​യി​ക്കാ​ത്ത​വ​രു​ടെ പാ​രാ​യണ കൗ​തു​ക​ത്തെ ഹനി​ക്കും. മാർ​ഷ​ലി​ന്റെ കഥ​യു​ടെ രാ​മ​ണീ​യ​കം കാണാം വാ​യ​ന​ക്കാ​രെ ക്ഷ​ണി​ച്ചു​കൊ​ണ്ടു് ഞാൻ പി​ന്മാ​റി​ക്കൊ​ള്ള​ട്ടെ.

സത്യം മാ​ത്രം
images/Changampuzha.jpg
ചങ്ങ​മ്പുഴ

മല​യാ​ളം മുൻ​ഷി​യാ​യി​രു​ന്ന ഞാൻ നാ​ല്പ​ത്തി​യെ​ട്ടു വർ​ഷ​ങ്ങൾ​ക്കു​മുൻ​പു പറ​ഞ്ഞു വയലാർ രാ​മ​വർ​മ്മ, ഒ. എൻ. വി. കു​റു​പ്പ്, പി. ഭാ​സ്ക​രൻ ഇവർ മാ​റ്റൊ​ലി​ക്ക​വി​ക​ളാ​ണെ​ന്നു്. അതി​നു​ശേ​ഷം എ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ ഞാൻ കണ്ട​പ്പോൾ അദ്ദേ​ഹം ഞാൻ ചോ​ദി​ക്കാ​തെ തന്നെ എന്നെ അറി​യി​ച്ചു എന്റെ ആ അഭി​പ്രാ​യം ശരി​യാ​ണെ​ന്നു്. ഒ. എൻ. വി. കു​റു​പ്പി​നു ബു​ദ്ധി​വി​ലാ​സം കൂ​ടി​യ​തു​കൊ​ണ്ടു് അദ്ദേ​ഹം ചങ്ങ​മ്പു​ഴ​ശ്ശൈ​ലി​യിൽ​നി​ന്നു സ്വാ​ത​ന്ത്ര്യം നേടി. മറ്റു​ള്ള​വർ​ക്കു് ആ പര​ത​ന്ത്ര്യം ഉപേ​ക്ഷി​ക്കാൻ കഴി​ഞ്ഞ​തു​മി​ല്ല. ഇപ്പോൾ മല​യാ​ളം മുൻ​ഷി​യാ​യി​രി​ക്കു​ന്ന ഒരാൾ വയലാർ രാ​മ​വർ​മ്മ മാ​റ്റൊ​ലി​ക്ക​വി​യാ​ണെ​ന്ന വാദം തെ​റ്റാ​ണെ​ന്നു പറ​ഞ്ഞ​താ​യി പത്ര​ത്തിൽ ഞാൻ കണ്ടു. ഈ നവീന മല​യാ​ളം മുൻ​ഷി​ക്കു് അദ്ദേ​ഹ​ത്തി​ന്റെ​തായ യു​ക്തി​കൾ കാണും. സാ​ഹി​ത്യ​ത്തിൽ ആർ​ക്കും എന്ത​ഭി​പ്രാ​യ​വും ആകാ​മ​ല്ലോ. പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാർ താ​ഴെ​ക്കൊ​ടു​ക്കു​ന്ന വരികൾ സദയം നോ​ക്ക​ട്ടെ. എന്നി​ട്ടു് സ്വ​കീ​യ​ങ്ങ​ളായ മത​ങ്ങ​ളിൽ ചെ​ന്നു ചേ​ര​ട്ടെ. രണ്ടു മല​യാ​ളം മുൻ​ഷി​മാ​രും പറ​യു​ന്ന​തു് അവർ വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ല.

യു​ദ്ധം കഴി​ഞ്ഞു: പട​ക്ക​ള​ത്തി​ങ്ക​ലീ

ത്ത​പ്താ​ശ്രു​വും തൂകി നി​ല്പ​വ​ളാ​രു നീ? (ചങ്ങ​മ്പുഴ)

യു​ദ്ധം കഴി​ഞ്ഞു: കബ​ന്ധ​ങ്ങ​ളു​ന്മാദ

നൃ​ത്തം ചവി​ട്ടി​ക്കു​ഴ​ച്ചു രണാ​ങ്ക​ണം (രാ​മ​വർ​മ്മ)

അന്തി​ക്കു​രു​തി കഴി​ഞ്ഞ​താ കൂ​രി​രുൾ

ചി​ന്തി​ക്ക​റു​ത്തു തു​ട​ങ്ങു​ന്നു ദി​ങ്മു​ഖം (ചങ്ങ​മ്പുഴ)

രക്ത​മൊ​ഴു​കി​ത്ത​ളം​കെ​ട്ടി നിന്ന മൺ

മെ​ത്ത​യിൽ കാൽ​തെ​റ്റി വീണു നി​ഴ​ലു​കൾ (രാ​മ​വർ​മ്മ)

അന്തി​മ​ശ്വാ​സം വലി​ച്ചു മു​റി​പ്പെ​ട്ടു

നൊ​ന്തു​കി​ട​ന്നു പി​ട​ഞ്ഞ സമീ​ര​ണൻ (ചങ്ങ​മ്പുഴ)

തെ​ന്നൽ മരണം മണം പി​ടി​ക്കും​പോ​ലെ

തെ​ന്നി നട​ന്നു പട​കു​ടീ​ര​ങ്ങ​ളിൽ (രാ​മ​വർ​മ്മ)

നി​ങ്ങ​ളി​ന്നോ​ള​വും ശവം തീ​നി​ക്ക​ഴു​കു​കൾ (ചങ്ങ​മ്പുഴ)

ഇന്ദ്ര​ജി​ത്തിൻ ശവം തിന്ന കാലൻ കഴു​കു​കൾ (രാ​മ​വർ​മ്മ)

സ്ഥ​ല​മി​ല്ല, ഉണ്ടെ​ങ്കിൽ ഒരേ ‘ഡി​ക്ഷ്’നിൽ ഒരേ ‘ഇമേജി’ൽ ഉള്ള ഇത്ത​രം വരികൾ എത്ര വേ​ണ​മെ​ങ്കി​ലും എടു​ത്തു​കാ​ണി​ക്കാ​മാ​യി​രു​ന്നു.

ജി. ശങ്ക​ര​ക്കു​റു​പ്പ് വള്ള​ത്തോ​ളി​നെ​ക്കാൾ ഉന്ന​ത​നായ കവി​യാ​ണെ​ന്നു് ഒരാൾ പറ​ഞ്ഞ​താ​യി പത്ര​ത്തിൽ കണ്ടു. ഇതു യു​ക്തി​ക്കു​ചേ​രു​ന്ന അഭി​പ്രാ​യ​മ​ല്ല. വസ്തു​ത​കൾ​ക്കു് വി​രു​ദ്ധ​വു​മാ​ണ​തു്. ജി. ശങ്ക​ര​ക്കു​റു​പ്പ് ‘കോ​സ്മി​കു് വിഷനു’ള്ള—ജഗ​ത്തി​നെ സം​ബ​ന്ധി​ച്ച അഭി​വീ​ക്ഷ​ണ​മു​ള്ള—കവി​യാ​ണു്. അക്കാ​ര്യ​ത്തിൽ അദ്ദേ​ഹം നി​സ്തു​ല​നു​മ​ത്രേ. പക്ഷേ കവി​യെ​ന്ന നി​ല​യിൽ അദ്ദേ​ഹ​ത്തി​നു് വള്ള​ത്തോ​ളി​ന്റെ അടു​ത്തു​വ​രാൻ സാ​ധി​ക്കി​ല്ല. ‘മഗ്ദ​ല​ന​മ​റിയ’ത്തെ​പ്പോ​ലെ​യൊ​രു​കാ​വ്യം ശങ്ക​ര​ക്കു​റു​പ്പു് പതി​നാ​യി​രം ജന്മം ജനി​ച്ചാൽ എഴു​തു​ക​യു​മി​ല്ല. കാ​വ്യ​ക​വി​യാ​ണു് വള്ള​ത്തോൾ. ധി​ഷ​ണാ​പ​ര​ത്വ​മേ​റിയ ശങ്ക​ര​ക്കു​റു​പ്പ് ആഭ്യാ​സി​ക​നാ​ണു്. ‘മദ്ഗ​ല​ന​മ​റി​യം’ എന്ന കാ​വ്യ​ത്തി​ന്റെ തു​ട​ക്ക​ത്തി​ലെ നാ​ലു​വ​രി​കൾ നോ​ക്കുക. എന്നി​ട്ടു് ജി. ശങ്ക​ര​ക്കു​റു​പ്പി​ന്റെ ‘ഇന്നു ഞാൻ നാളെ നീ’ എന്ന കാ​വ്യ​ത്തി​ന്റെ തു​ട​ക്ക​വും നോ​ക്കുക. കാ​വ്യ​ക​വി​യാ​രു്; ആഭ്യാ​സി​ക​നാ​രു് എന്ന​തു് അവ സ്പ​ഷ്ട​മാ​ക്കി​ത്ത​രും.

ശങ്ക​ര​ക്കു​റു​പ്പി​ന്റെ കവി​ത​യു​ടെ അടി​സ്ഥാ​ന​ഘ​ട​കം രൂ​പ​ക​മാ​ണു്. അതു് അദ്ദേ​ഹ​ത്തി​ന്റെ രച​ന​ക​ളിൽ പടർ​ന്നു​പ​ന്ത​ലി​ക്കു​ന്നു. സാവയവ രൂ​പ​ക​ത്തി​ന്റെ കളി​യാ​ണു് ‘ഇന്നു ഞാൻ നാളെ നീ’ എന്ന കാ​വ്യ​ത്തി​ലാ​കെ. ‘ആ സന്ധ്യ’ എന്ന കാ​വ്യ​ത്തി​ലും അങ്ങ​നെ​ത​ന്നെ. (പേരു ശരിയോ എന്തോ? ‘ആരെയോ വി​ചാ​രി​ക്കെ’ എന്നു തു​ട​ങ്ങു​ന്ന കാ​വ്യം) വള്ള​ത്തോൾ​ക്ക​വി​ത​യു​ടെ അടി​സ്ഥാ​നം സൗ​ന്ദ​ര്യ​മാ​ണു്; രൂ​പ​ക​മ​ല്ല. ശങ്ക​ര​ക്കു​റു​പ്പി​ന്റെ കവിത വാ​യി​ക്കു​മ്പോൾ ഭാഷ ഭാ​ഷ​യാ​യി​ത്ത​ന്നെ നമു​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു. വള്ള​ത്തോൾ​ക്ക​വിത വാ​യി​ക്കു​ന്ന വേ​ള​യിൽ വാ​ക്കു​കൾ ആത്മ​മാർ​ജ്ജ​ന​ത്തി​ലൂ​ടെ നമ്മ​ളെ സൗ​ന്ദ​ര്യ​ത്തി​ന്റെ മണ്ഡ​ല​ത്തിൽ എത്തി​ക്കു​ന്ന​തു് നമ്മ​ള​റി​യു​ന്നു. അപ്പോൾ നമ്മൾ പദ​ങ്ങ​ളെ വി​സ്മ​രി​ക്കു​ക​യാ​ണു്. ഈ വി​സ്മൃ​തി ഉണ്ടാ​കു​ന്നി​ല്ല ശങ്ക​ര​ക്കു​റു​പ്പി​ന്റെ കാ​വ്യ​ങ്ങൾ വാ​യി​ക്കു​മ്പോൾ. വള്ള​ത്തോൾ ശങ്ക​ര​ക്കു​റു​പ്പി​നെ​ക്കാൾ മോ​ശ​പ്പെ​ട്ട കവിയോ? ഭോ​ഷ്ക്കി​നും അതി​രി​ല്ലേ?

നി​സർ​ഗ്ഗ​തോ നിർ​ഗ്ഗു​ണ​മു​ക്തി ഗുംഫം

സമർ​ത്ഥ​യ​ന്തേ സഗുണം ബലാ​ദ്യേ

തേ കഞ്ചു​ളീ സന്ന​ഹ​നോ​ന്ന​തേന

ലംബ സ്ത​നോ​പി​മു​ദ്രം ലഭ​ന്തേ

(സ്വതേ ഗു​ണ​ര​ഹി​ത​മായ വാ​ക്കു് ഗു​ണ​മു​ള്ള​താ​യി സമർ​ത്ഥി​ക്കു​ന്ന​വർ ബ്രാ കൊ​ണ്ടു് പൊ​ക്കി​വ​ച്ച മുല കണ്ടു് ആഹ്ലാ​ദി​ക്കു​ന്ന​വ​രാ​ണു്.)

ഘട​ന​യും ആഖ്യാ​ന​വു​മി​ല്ലാ​തെ സാ​ഹി​ത്യാ​സ്വാ​ദ​നം സാ​ദ്ധ്യ​മ​ല്ല. പുതിയ രീ​തി​യി​ലു​ള്ള ചെ​റു​ക​ഥ​ക​ളും നോ​വ​ലു​ക​ളും ആസ്വാ​ദ​ന​ക്ഷ​മ​ങ്ങ​ള​ല്ലാ​തെ​യാ​വു​ന്ന​തു് ഘട​ന​യു​ടെ അല്ലെ​ങ്കിൽ ആഖ്യാ​ന​ത്തി​ന്റെ അഭാവം കൊ​ണ്ടാ​ണു്.

ആകെ​യു​ള്ള—സാ​ക​ല്യാ​വ​സ്ഥ​യി​ലു​ള്ള—ഘട​ന​യാ​ണു് ചെ​റു​ക​ഥ​കൾ​ക്കും നോ​വ​ലു​കൾ​ക്കും ഉള്ള​തു്. ഇതു് ബന്ധ​ദാർ​ഢ്യ​മു​ള്ള ആഖ്യാ​നം കൊ​ണ്ടു് ജനി​ക്കു​ന്ന​താ​ണു്. ആഖ്യാ​നം തന്നെ​യാ​ണോ ഘട​ന​യു​ള​വാ​ക്കു​ന്ന​തു? അതോ ഘട​ന​കൊ​ണ്ടു് ആഖ്യാ​നം ഉണ്ടാ​കു​ന്നോ? എനി​ക്ക​റി​യാൻ പാ​ടി​ല്ല. മു​ട്ട​യാ​ണോ ആദ്യ​മു​ണ്ടാ​യ​തു് അതോ കോ​ഴി​യാ​ണോ എന്ന ചോ​ദ്യ​ത്തി​നു ഉത്ത​രം നൽകാൻ ആവാ​ത്ത​തു​പോ​ലെ ഇച്ചോ​ദ്യ​ത്തി​നും ഉത്ത​രം പറയാൻ വയ്യ. അതെ​ന്താ​യാ​ലും ഘട​ന​യും ആഖ്യാ​ന​വു​മി​ല്ലാ​തെ സാ​ഹി​ത്യാ​സ്വാ​ദ​നം സാ​ദ്ധ്യ​മ​ല്ല. പുതിയ രീ​തി​യി​ലു​ള്ള ചെ​റു​ക​ഥ​ക​ളും നോ​വ​ലു​ക​ളും ആസ്വാ​ദ​ന​ക്ഷ​മ​ങ്ങ​ള​ല്ലാ​തെ​യാ​വു​ന്ന​തു് ഘട​ന​യു​ടെ അല്ലെ​ങ്കിൽ ആഖ്യാ​ന​ത്തി​ന്റെ അഭാവം കൊ​ണ്ടാ​ണു്.

നബ​ക്കോ​ഫി​ന്റെ ചെ​റു​ക​ഥ​കൾ
images/Vladimir_Nabokov.jpg
നബ​ക്കോ​ഫ്

മഹാ​രാ​ഷ്ട്ര​യി​ലെ ഒരാ​ര​ണ്യ പ്ര​ദേ​ശ​ത്തു് കു​റെ​ക്കാ​ലം എനി​ക്കു താ​മ​സി​ക്കേ​ണ്ട​താ​യി വന്നു. അവിടെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ഒരു​പോ​ലെ​യാ​ണു്. ഏതാ​ണു് ഞാൻ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് എന്ന​തു് പകൽ സമ​യ​ത്തും തി​രി​ച്ച​റി​യാൻ പ്ര​യാ​സം. രാ​ത്രി​സ​മ​യ​ത്തെ​ക്കാ​ര്യം പി​ന്നെ​പ്പ​റ​യാ​നു​മി​ല്ല. ഒരു ദിവസം അടു​ത്തു​ള്ള പട്ട​ണ​ത്തിൽ പോ​യി​ട്ടു് രാ​ത്രി ഒൻ​പ​തു​മ​ണി​യോ​ടു അടു​പ്പി​ച്ചു് ഞാൻ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു വന്നു ബസ്സിൽ നി​ന്നി​റ​ങ്ങി. തെ​ല്ലു പരി​ച​യ​മു​ള്ള റോ​ഡു​ക​ളി​ലൂ​ടെ അര​മ​ണി​ക്കൂർ നേരം നട​ന്നി​ട്ടു് എന്റെ താ​മ​സ​സ്ഥ​ലം തന്നെ എന്ന ഉറ​പ്പോ​ടു​കൂ​ടി ഒരു കെ​ട്ടി​ട​ത്തി​ന്റെ പടികൾ ചവി​ട്ടി​ക്ക​യ​റി വാ​തി​ലിൽ തട്ടി. തു​റ​ക്കു​ന്നി​ല്ലെ​ന്നു കണ്ടു് ശക്തി​യോ​ടെ ഇടി​ച്ചു ദേ​ഷ്യം വന്നു്. അപ്പോൾ അക​ത്തു​നി​ന്നു് സ്ത്രീ​ശ​ബ്ദം കേൾ​ക്കു​ക​യാ​യി: ‘കോനേ’. ആരു് എന്ന അർ​ത്ഥം വരു​ന്ന ആ ബീ​ഭ​ത്സ ഹി​ന്ദി​ശ​ബ്ദം കേ​ട്ട​പ്പോ​ഴാ​ണു് എന്റെ വീ​ട​ല്ല അതെ​ന്നും വീ​ടു​ക​ളു​ടെ സാ​ദൃ​ശ്യം എന്നെ ചതി​ച്ചെ​ന്നും ഞാൻ മന​സ്സി​ലാ​ക്കി​യ​തു്. പേ​ടി​ച്ചു് ഞാൻ അവിടെ നി​ന്നു് ഇറ​ങ്ങി​യോ​ടി. ആ സമയം കൊ​ണ്ടു് സ്ത്രീ വാതിൽ തു​റ​ന്നു് മു​റ​വി​ളി കൂ​ട്ടി. അവരെ കൊ​ല്ലാൻ വന്ന കള്ള​നാ​ണു് വാ​തി​ലിൽ ഇടി​ച്ച​തെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച്. അടു​ത്ത വീ​ട്ടു​കാർ അവ​രു​ടെ നി​ല​വി​ളി​കേ​ട്ടു് വന്നെ​ത്തു​ന്ന​തി​നു മുൻ​പു് ഞാൻ ഓടി രക്ഷ​പ്പെ​ട്ടു. അല്ലെ​ങ്കിൽ ഈ ലേ​ഖ​ന​മെ​ഴു​താൻ എന്റെ കൈ കാ​ണു​മാ​യി​രു​ന്നി​ല്ല. സാ​ദൃ​ശ്യം സം​ഭ​വി​പ്പി​ക്കു​ന്ന ദൗർ​ഭാ​ഗ്യം നോ​ക്കുക.

മഹാ​നായ സാ​ഹി​ത്യ​കാ​രൻ നബ​ക്കോ​ഫി ന്റെ അറു​പ​ത്തി​യ​ഞ്ചു ചെ​റു​ക​ഥ​കൾ സമാ​ഹ​രി​ച്ചു് ഒറ്റ​പ്പു​സ്ത​ക​മാ​ക്കി Vintage Books പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇതിൽ പതി​നൊ​ന്നു കഥകൾ ആദ്യ​മാ​യി ഇം​ഗ്ലീ​ഷി​ലേ​ക്കു് തർ​ജ്ജമ ചെ​യ്ത​താ​ണു്. “An authentic literary event” എന്നാ​ണു് അമേ​രി​ക്ക​യി​ലെ Time മാ​ഗ​സിൻ ഇതിനെ വി​ശേ​ഷി​പ്പി​ച്ച​തു്. “What startling beauty of phrase, twists of thought, depths of sorrow and bursts of wit!… it was Nabokov’s gift to bring paradise wherever he alighted” എന്നു് പ്ര​ശ​സ്ത​നായ ജോൺ അപ്ഡൈ​ക്കും ഈ കഥകളെ വാ​ഴ്ത്തു​ന്നു. നബ​ക്കോ​ഫി​ന്റെ കഥ​ക​ളിൽ ഇവ​യെ​ല്ലാ​മു​ണ്ടു്. ശൈ​ലി​യു​ടെ മനോ​ഹാ​രി​ത​യു​ണ്ടു്. ചി​ന്ത​ക​ളു​ണ്ടു്. ബു​ദ്ധി​ശ​ക്തി​യു​ടെ പ്ര​ക​ട​ന​മു​ണ്ടു്. എങ്കി​ലും ചെ​ക്കോ​വി​ന്റെ​യോ മോ​പ​സാ​ങ്ങി​ന്റെ​യോ ഷ്നി​റ്റ്സ്ല​റു​ടെ​യോ കഥകൾ വാ​യി​ച്ചാ​ലു​ണ്ടാ​കു​ന്ന അനു​ഭൂ​തി ഇക്ക​ഥ​കൾ പ്ര​ദാ​നം ചെ​യ്യു​ന്നി​ല്ല. തി​ക​ച്ചും ധൈ​ഷ​ണി​ക​ങ്ങ​ളായ കഥ​ക​ളാ​ണു് ദാ​നീ​ലോ കീ​ഷി​ന്റേ​ത്. അവ നൽ​കു​ന്ന ധൈ​ഷ​ണി​കാ​ഹ്ലാ​ദം നൽകാൻ നബ​ക്കോ​ഫി​ന്റെ കഥകൾ അസ​മർ​ത്ഥ​ങ്ങ​ളാ​ണു്.

images/Arthur_Schnitzler.jpg
ഷ്നി​റ്റ്സ്ലർ

ഇതിനു ഹേതു ഇക്ക​ഥ​ക​ളിൽ കഥകൾ ഇല്ല എന്ന​തു​ത​ന്നെ. ഒരാ​ശ​യ​ത്തി​ന്റെ കാ​വ്യാ​ത്മ​ക​മായ ആവി​ഷ്കാ​ര​മാ​ണു് നബ​ക്കോ​ഫി​ന്റെ രചന. ആ കാ​വ്യാ​ത്മ​ക​ത്വം സമു​ന്നത സത്യ​ത്തി​ലേ​ക്കു് വാ​യ​ന​ക്കാ​രെ കൊ​ണ്ടു​ചെ​ല്ലു​ന്നു​മി​ല്ല. ഉത്കൃ​ഷ്ട സത്യ​മി​ല്ലെ​ങ്കിൽ വേണ്ട. ലോ​കാ​ഭി​വീ​ക്ഷ​ണ​മു​ണ്ടോ നബ​ക്കോ​ഫി​നു്? അതു​മി​ല്ല. പരാ​ജ​യ​ങ്ങ​ളാ​ണോ അദ്ദേ​ഹ​ത്തി​ന്റെ കഥകൾ? അല്ല. വി​ജ​യ​ങ്ങ​ളാ​ണോ അല്ല. അതി​നാൽ ഇവ​യു​ടെ പാ​രാ​യ​ണം കൊ​ണ്ടു് നമ്മൾ ഒന്നും നേ​ടു​ന്നി​ല്ല. അപൂർ​വം ചില കഥ​ക​ളിൽ ഇതി​വൃ​ത്ത​ങ്ങൾ ഉണ്ടു​താ​നും. അവയിൽ ഒന്നാ​ണു് ‘The Razor’ എന്ന കഥ. സൈനിക സേവനം കഴി​ഞ്ഞു് നാ​ട്ടി​ലെ​ത്തിയ ഒരു​ത്തൻ ബാർ​ബ​റാ​യി ജോലി ചെ​യ്യു​ക​യാ​ണു്. ഒരു ദിവസം അവിടെ മു​ഖ​ക്ഷൗ​ര​ത്തി​നു എത്തിയ ഒരു​ത്തൻ തന്നെ പീ​ഡി​പ്പി​ച്ച ഉദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു് ക്ഷു​ര​കൻ മന​സ്സി​ലാ​ക്കു​ന്നു. എങ്കി​ലും ആഗതനെ മന​സ്സി​ലാ​ക്കി​യി​ല്ലെ​ന്ന രീ​തി​യിൽ അയാൾ ക്ഷൗ​ര​കർ​മ്മം അനു​ഷ്ഠി​ക്കു​ന്നു. സോ​പ്പ് തേ​ച്ചു് പത​യു​ണ്ടാ​ക്കിയ അയാ​ളു​ടെ ഗള​നാ​ള​ത്തിൽ കത്തി വയ്ക്കു​മ്പോൾ ബാർബർ ചോ​ദി​ച്ചു: “വധ​ശി​ക്ഷ നൽ​ക​പ്പെ​ട്ട​വ​നെ​യും ഷേവ് ചെ​യ്യാ​റു​ണ്ടു്. ഇപ്പോൾ ഞാൻ നി​ങ്ങ​ളെ ഷേവ് ചെ​യ്യു​ന്നു അടു​ത്ത​താ​യി എന്തു​ണ്ടാ​കാൻ പോ​കു​ന്നു​വെ​ന്നു് നി​ങ്ങൾ​ക്ക​റി​യാ​മോ?” ആഗതൻ തളർ​ന്നു. പക്ഷേ ബാർബർ ഒന്നും ചെ​യ്തി​ല്ല. പേ​ടി​പ്പി​ച്ച​തു​ത​ന്നെ മതി​യായ ശി​ക്ഷ​യാ​ണെ​ന്നു കരുതി അയാൾ ആ പഴയ മി​ലി​റ്റ​റി ഓഫീ​സ​റെ പറ​ഞ്ഞ​യ​ച്ചു. “…with the glazed eyes of a Greek statue, he was gone” മുഖം വടി​ക്കാ​നെ​ത്തി​യ​വ​നു് ആശ്വാ​സം. വാ​യ​ന​ക്കാ​രായ നമു​ക്കും ആശ്വാ​സം. നമു​ക്കു് അതു​ണ്ടാ​ക​ണ​മെ​ങ്കിൽ അതിനു യോ​ജി​ച്ച വി​ധ​ത്തിൽ സം​ഭ​വ​ങ്ങൾ ആലേ​ഖ​നം ചെ​യ്യ​ണ​മ​ല്ലോ. അതു് വി​ദ​ഗ്ദ്ധ​മാ​യി അനു​ഷ്ഠി​ച്ചി​ട്ടു​ണ്ടു് നബ​ക്കോ​ഫ്. രണ്ടു കണ്ണു​കൊ​ണ്ടു് പല സ്ഥ​ല​ങ്ങൾ കാ​ണു​ക​യ​ല്ല. ആ കണ്ണു​കൊ​ണ്ടു് ഒരേ​സ്ഥ​ലം പല രീ​തി​യിൽ കാ​ണു​ക​യെ​ന്ന​താ​ണു് വേ​ണ്ട​തെ​ന്നു് പറ​ഞ്ഞ​തു് പ്രൂ​സ്താ​ണു്. നബ​ക്കോ​ഫ് ജീ​വി​ത​മെ​ന്ന ഒറ്റ​സ്ഥ​ല​ത്തെ കലാ​കാ​ര​ന്റെ രണ്ടു കണ്ണു​കൊ​ണ്ടു് പല രീ​തി​യിൽ കാ​ണു​ന്നു​ണ്ടോ എന്നു് ചി​ന്തി​ക്കേ​ണ്ട​താ​ണു്.

images/TheStoriesofNabokov.jpg

ഒഗ​സ്റ്റിൻ പു​ണ്യാ​ളൻ (Confessions എഴു​തിയ ഒഗ​സ്റ്റിൻ പു​ണ്യാ​ള​ന​ല്ല. അദ്ദേ​ഹം A.D. 430-​ലാണു് മരി​ച്ച​തു്. 604-ൽ മരി​ച്ച ഒഗ​സ്റ്റി​നാ​ണു് ഇദ്ദേ​ഹം) പ്ര​പ​ഞ്ച​ത്തി​ന്റെ മഹാ​ദ്ഭു​ത​ത്തെ​ക്കു​റി​ച്ചു് ഗ്ര​ന്ഥ​മെ​ഴു​താൻ ആലോ​ചി​ക്കു​ക​യാ​യി​രു​ന്നു. ഒരു ദിവസം അദ്ദേ​ഹം കട​പ്പു​റ​ത്തു​ന​ട​ന്ന​പ്പോൾ ഒരു കൊ​ച്ചു​കു​ട്ടി ഒരി​ഞ്ചു് താ​ഴ്ച​യിൽ മണലിൽ ഒരു കു​ഴി​യു​ണ്ടാ​ക്കി കടൽ​വെ​ള്ള​മെ​ടു​ത്തു​കൊ​ണ്ടു വന്നു് അതി​ലൊ​ഴി​ക്കു​ന്ന​തു കണ്ടു. കു​ട്ടി എന്താ​ണു് ചെ​യ്യു​ന്ന​തെ​ന്നു് ഒഗ​സ്റ്റിൻ ചോ​ദി​ച്ച​പ്പോൾ അവൻ പറ​ഞ്ഞു കടൽ വെ​ള്ള​മാ​കെ ആ കു​ഴി​യി​ലാ​ക്കാൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു്. ‘അസാ​ദ്ധ്യം’ എന്നു പു​ണ്യാ​ളൻ പറ​ഞ്ഞു. ഉടനെ കു​ട്ടി പറു​പ​ടി നൽകി: “അങ്ങു് പ്ര​പ​ഞ്ച​ത്തി​ന്റെ മഹാ​ദ്ഭു​തം കണ്ടു​പി​ടി​ച്ചു് ഗ്ര​ന്ഥ​ത്തി​ലൂ​ടെ ആവി​ഷ്ക​രി​ക്കാൻ ശ്ര​മി​ക്കു​ന്ന​തി​നെ​ക്കാൾ അസാ​ദ്ധ്യ​മ​ല്ല എന്റെ പ്ര​വൃ​ത്തി.” കലാ​കാ​ര​ന്മാർ കൊ​ച്ചു​കു​ഴി​യു​ണ്ടാ​ക്കി അതിൽ കടൽ വെ​ള്ള​മാ​കെ നി​റ​യ്ക്കാൻ—പര​മ​സ​ത്യം സാ​ക്ഷാ​ത്ക​രി​ക്കാൻ—ശ്ര​മി​ക്കു​ന്നു.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-11-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.