സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2001-05-25-ൽ പ്രസിദ്ധീകരിച്ചതു്)

ഇറാക്കിലെ പട്ടണമായ ബാഗ്ദാദിൽ ഒരു കച്ചവടക്കാരന്റെ പരിചാരകൻ ചന്തയിൽ പോയി ആവശ്യമുള്ളവയെല്ലാം വാങ്ങാനായി. അല്പം കഴിഞ്ഞു് അയാൾ നിറംകെട്ടു് വിറച്ചുകൊണ്ടു് വീട്ടിലെത്തി. ഗൃഹനായികയോടു പറഞ്ഞു. “ഞാൻ ചന്തയിലായിരുന്നപ്പോൾ ഒരു സ്ത്രീ എന്നെ തള്ളിമാറ്റി. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ തള്ളിമാറ്റിയ സ്ത്രീ മരണമാണെന്നു കണ്ടു. അവൾ എന്നെ നോക്കി ഭീഷണിപ്പെടുത്തുന്ന ഒരംഗവിക്ഷേപം നടത്തി. അതുകൊണ്ടു് അങ്ങയുടെ കുതിരയെ എനിക്കു തരൂ. വിധി ഒഴിവാക്കാനായി ഞാൻ ഈ പട്ടണത്തിൽ നിന്നു പോകട്ടെ. ഞാൻ സമാരയിലേക്കു പോയി മരണത്തിൽ നിന്നു രക്ഷപ്പെടാം.” കച്ചവടക്കാരൻ കൊടുത്ത കുതിരയിൽ കയറി അയാൾ കുതിച്ചു. കച്ചവടക്കാരൻ ചന്തസ്ഥലത്തു ചെന്നു മരണത്തെക്കണ്ടു ചോദിച്ചു; “കാലത്തു നിങ്ങൾ എന്റെ വേലക്കാരനെ കണ്ടപ്പോൾ എന്തിനാണു് ഭീഷണിപ്പെടുത്തുന്ന ആംഗ്യം കാണിച്ചതു?” മരണം മറുപടി നൽകി: “അതു് ഭീഷണിയുടെ ആംഗ്യമല്ലായിരുന്നു. അദ്ഭുതത്തിന്റെ ആരംഭം മാത്രം. ബാഗ്ദാദിൽ അയാളെ കണ്ടപ്പോൾ എനിക്കു് അദ്ഭുതം തോന്നി. ഇന്നു രാത്രി സമാരയിൽ വച്ചു് എനിക്കു് അയാളുമായി കൂടിക്കാഴ്ച നടത്തേണ്ടിയിരുന്നു.” കെട്ടുകഥയാണിതു്. എങ്കിലും ഇതിൽ ഒരു തരത്തിലുള്ള യുക്തിയുണ്ടു്. വിശ്വാസ്യതയുടെ അതിരു ലംഘിച്ചു് ഇക്കഥ അവിശ്വാസ്യതയിലേക്കു പോകുന്നില്ല. ഇതു ശതാബ്ദങ്ങളോളം പഴക്കമുള്ള കഥ.

images/rimbaud.jpg
റങ്ങ്ബോ

തികച്ചും ആധുനികമായ ഒരു ചെറുകഥയെ നമുക്കു നോക്കാം. ഓസ്റ്റ്രേലിയൻ നോവലെഴുത്തുകാരനായ പീറ്റർ കരിയുടെ ചെറുകഥയാണതു്. നീന്തൽക്കുളത്തിൽ വീണു മരണം സംഭവിക്കാതിരിക്കാൻ കുതിരകളെ സംരക്ഷിക്കുന്ന ജോലിയാണു് അയാൾക്ക്. അയാളുടെ കാമുകി മേരി. “Every time I fuck Marie I kill a horse” എന്നു് കുതിരസൂക്ഷിപ്പുകാരൻ പറഞ്ഞു. ഫലമോ? ധ്വജഭംഗം. കാമുകന്റെ ആ അശക്തി കണ്ടു് കാമുകി അയാളെ ഉപേക്ഷിച്ചു പോയി. നിരാശതയിൽ വീണ സൂക്ഷിപ്പുകാരൻ ശേഷമുള്ള എല്ലാക്കുതിരകളെയും കുളത്തിൽ മുങ്ങി മരിക്കാൻ അനുവദിച്ചു. അപ്പോഴാണു് ട്രക്കു് വരുന്നതു്. അതിൽ നിറച്ചു കുതിരകൾ. അവയെ സൂക്ഷിക്കാൻ വയ്യെന്നു പറഞ്ഞു് അയാൾ ട്രക്കു് ഓടിക്കുന്നവർക്കു് റ്റെലിവിഷൻ സെറ്റ് കൈക്കൂലിയായി കൊടുക്കാമെന്നു് അറിയിച്ചു. അതു കമ്പനിയുടെ സെറ്റല്ലേ എന്നുപറഞ്ഞു് വണ്ടി ഓടിക്കുന്നവർ അയാളെ പരിഹസിച്ചു. പേടിസ്വപ്നത്തിന്റെ അന്തരീക്ഷമുള്ള ഈ ചെറുകഥയിലും യുക്തിയുണ്ടു്.

ഫ്രഞ്ച് കാവ്യങ്ങളുടെ ഇംഗ്ലീഷ് തർജ്ജമകൾ ഞാനേറെ വായിച്ചിട്ടുണ്ടു്. ബോദലേറിനെപ്പോലും അതിശയിക്കുന്ന കവിയാണു് റങ്ബോ എന്നെനിക്കു തോന്നിയിട്ടുണ്ടു് താനും. ഇരുപതാമത്തെ വയസ്സിനു മുൻപു് അന്യാദൃശങ്ങളായ കാവ്യങ്ങൾ രചിച്ച കവിയാണു് റങ്ങ്ബോ (Arthur Rimbaud, 1854–1891). അദ്ദേഹത്തിന്റെ ഒരു കാവ്യത്തിലെ ചില വരികൾ കുറിക്കട്ടെ.

And my mother

whose night dress had a bitter smell,

Frayed at the hem and yellowed a rotting fruit,

Would get to bed with strange sounds

…This daughter of the soil

…her full thigh

Enormous loins… where

damp linen caught in cracks

And gave me fevers I never told…

More crude, but calmer, was the shame I felt

When my little sister coming home from class,

The muddy boots worn down by sharp ice,

Went out to piss and watched the

delicate urine spurt

Over the rosy lower fold of flesh…

Father, forgive me!

(pp. 147, Complete Works Arthur Rimbaud, Translated by Paul Schmidt, Total pp. 357, Perennial Classics, Rs. 588.90)

അമ്മയെയും അനിയത്തിയെയും കുറിച്ചുള്ള ഈ വർണ്ണന പ്രാകൃതികാവസ്ഥ കാണിക്കുന്നു. എങ്കിലും വിവിധ ഭാഗങ്ങൾ തമ്മിൽ യുക്തിപരമായ ബന്ധമുണ്ടു്. വികാരത്തിന്റെ യുക്തിയും ഇവിടെയുണ്ടു്. അശ്ലീലതയുണ്ടെങ്കിലും ഇതു സത്യദർശനമാണു്. ഈ യുക്തി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉത്കൃഷ്ടമായ എട്ടു പുറങ്ങൾ കവർന്നെടുക്കുന്ന “അവസ്ഥാന്തരം” എന്ന ചെറുകഥയിൽ കാണാനില്ല (എസ്. മഹാദേവൻ തമ്പി എഴുതിയതു്). ദേവൻ മേനോൻ കഥയാരംഭിക്കുന്ന കാലത്തു് പെൻഷൻ പറ്റിയ ലഫ്. കേണലാണു്. അയാളുടെ ഭാര്യ മരിച്ചു. മകളും ഭർത്താവും കൂടെയുണ്ടു്. ദേവൻ മേനോൻ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ വിദ്യാർത്ഥിനിയായ കല്യാണിയെക്കണ്ടു രാഗവിവശനായി. പക്ഷേ, അയാളുടെ പ്രേമാഭ്യർത്ഥന അവൾ കളിയാക്കലിലൂടെ നിരാകരിച്ചു കളഞ്ഞു.

ഉദ്ഗ്രഥിതമായ ഭാവനാശക്തി കൊണ്ടു് അനുഭവഖണ്ഡങ്ങളെ സംയോജിപ്പിക്കാൻ നമ്മുടെ എഴുത്തുകാർക്കറിഞ്ഞുകൂടാ.

മേനോൻ ഭാവിജീവിതത്തിൽ അവളെ മറന്നുപോവുകയും ചെയ്തു. പിന്നീടു് വിവാഹിതനായ അയാൾക്കു ദൗർഭാഗ്യം കൊണ്ടു് അസൂയയേറെയുള്ള ഭാര്യയെയാണു് കിട്ടിയതു്. അന്യസ്ത്രീകൾ ഭർത്താവിനെ റ്റെലിഫോണിൽ വിളിച്ചാൽ അവർ കോപിക്കും. ദു:ഖിക്കും. ആ കോപത്തോടെ, ദു:ഖത്തോടെ അവർ ഈ ലോകം വിട്ടുപോകുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞു. ദേവൻ മേനോനു് ഒരു റ്റെലഫോൺ കോൾ. കല്ലുവിൽ നിന്നു്. ഈ കല്ലു പഴയ കല്യാണിയാണെന്നു് അയാൾക്കു ഗ്രഹിക്കാനായില്ല. കല്യാണി കാറ് കൊടുത്തയച്ചതു കൊണ്ടു് അയാൾ അതിൽക്കയറി അവളുടെ വീട്ടിൽ ചെന്നു. കല്യാണത്തിനുള്ള എല്ലാം ഒരുക്കിയിരുന്നു അവൾ. ഒരു മാല അവൾ കൈയിലെടുത്തു, അതണിയിക്കാൻ അവൾ അഭ്യർത്ഥിച്ചു. താലി കെട്ടാനും. മേനോനു് സംശയം. അയാൾ എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ മരിച്ചുപോയ ഭാര്യ പറയാറുള്ളതു്—ഞാനും ഒരു സ്ത്രീയല്ലേ എന്നതു്—കല്യാണിയും പറഞ്ഞു. മേനോൻ ഇറങ്ങിയോടി. അപ്പോൾ അവൾ ‘ഞാൻ കല്ലുവാണു്, കല്യാണി. കല്യാണി മേനോൻ’ എന്നു പറഞ്ഞു പോലും. ഇതോടെ കഥ പര്യവസാനത്തിലെത്തി. കഥയിലെ അസ്വാഭാവികതയ്ക്കു് നീതിമത്കരണമുണ്ടെങ്കിലും ആ അസ്വാഭാവികത ഇത്രത്തോളം ജുഗുപ്സാവഹമായിത്തീരാമോ? ഏതു വെള്ളരിക്കാപ്പട്ടണത്തിലാണു് ഇമ്മാതിരി കഥ നടക്കുന്നതു് എന്നു് ചോദിക്കാൻ തോന്നിപ്പോകുന്നു. വായനക്കാരന്റെ വിശ്വാസത്തെ ദൃഢീകരിക്കുന്ന വിധത്തിൽ വേണം കഥയെഴുതാൻ. ഇതിവൃത്തം നിവേശിപ്പിക്കാൻ. മാർക് റ്റ്വൈനല്ലേ പറഞ്ഞതു് അവൾ ആക്രന്ദനം ചെയ്തുവെന്നു് എഴുതിയാൽ മാത്രം പോരാ. അവളെ അനുവാചകരുടെ മുൻപിൽ കൊണ്ടുവന്നു് ആക്രന്ദനം ചെയ്യിപ്പിക്കണമെന്നു്. ഭാഗ്യക്കേടുകൊണ്ടു് മഹാദേവൻ തമ്പിക്കു് അതിനുവേണ്ട പ്രതിഭയില്ല.

“Missy, let me lift

Your dress and see you

Open in my ancient fingers

the blue rose of your womb”

എന്ന ലൊർകയുടെ വരികളിൽ കാണുന്ന യുക്തി—സറിയലിസ്റ്റിക്കായ കാവ്യത്തിലെ യുക്തി—യഥാതഥമായ കഥയിൽ കാണുന്നില്ലെങ്കിലോ? സാമാന്യമായ അനുഭവത്തെയും സവിശേഷമായ കലാത്മകമായ അനുഭവത്തെയും എഴുത്തുകാരനു് വേർതിരിക്കാനറിഞ്ഞുകൂടാ എന്നല്ലേ നാം കരുതേണ്ടതു?

ഞാൻ ആലപ്പുഴ തത്തംപള്ളിയിൽ താമസിക്കുന്ന കാലം. എന്റെ വീട്ടിനു് തൊട്ടടുത്തു താമസിച്ചിരുന്ന ആൾ കോപിഷ്ഠനായിരുന്നു. എവിടെയോ പോയിട്ടു് തിരിച്ചെത്തിയ അയാൾ ഭാര്യയോടു് കലഹിച്ചു് കളിമൺ പാത്രങ്ങൾ മുറ്റത്തേക്കു് എറിഞ്ഞു് പൊട്ടിച്ചു. അന്നത്തെ വിലയ്ക്കു് നൂറു രൂപയോളം വില വരുന്ന പാത്രങ്ങളായിരുന്നു അവ. എറിയുമ്പോൾ നല്ല മഴ. എറിഞ്ഞ പാത്രങ്ങളിൽ ഒന്നു് പൊട്ടിയില്ല. അയാൾ കുടയെടുത്തു നിവർത്തിപ്പിടിച്ചു് കമ്പു കൊണ്ടു് അതു തല്ലിത്തകർത്തു. മുണ്ടു മടക്കിക്കുത്തിയ അയാൾ കുനിഞ്ഞു നിന്നു കമ്പുകൊണ്ടു് പാത്രം തല്ലിയുടയ്ക്കുന്നതു് കാണേണ്ട കാഴ്ചയായിരുന്നു. വൃഷണങ്ങളുടെ വൈപുല്യം!

images/goethe.jpg
ഗെറ്റെ

പണ്ടു് ജർമ്മനിയിൽ നടന്നതാണിതു്. കളിമൺ പാത്രങ്ങൾ ഒരാൾ എറിഞ്ഞു പൊട്ടിക്കുന്നു. ആ ശബ്ദം കേട്ടു് അയൽക്കാർ ഓടിക്കൂടി. “ഇനിയും എറിയൂ” എന്നു് അവർ പ്രോത്സാഹിപ്പിച്ചു. കെറ്റിലുകൾ, കപ്പുകൾ, പ്ലെയ്റ്റുകൾ ഇവ തകർന്നു. അവ ജന്നലിലൂടെ പറന്നു വന്നു് താഴെ വീണു ശബ്ദത്തോടെ പൊട്ടിച്ചിതറി. വളരെനേരം കളിമൺ പാത്രങ്ങൾ എറിഞ്ഞുടച്ചതുകൊണ്ടു് കഷണങ്ങൾ കൂമ്പാരമായി മാറി. പിൽക്കാലത്തു് വിശ്വമഹാകവിയായി മാറിയ ഗെറ്റെയാണു് ഏറുകാരൻ. പാത്രങ്ങൾ എറിഞ്ഞുടച്ചെങ്കിലും അദ്ദേഹം കവിയായപ്പോൾ അനുഭവങ്ങളെ കൂട്ടിച്ചേർത്തു. ഉദ്ഗ്രഥിതമായ ഭാവനാശക്തികൊണ്ടു് അനുഭവഖണ്ഡങ്ങളെ സംയോജിപ്പിക്കാൻ നമ്മുടെ എഴുത്തുകാർക്കറിഞ്ഞുകൂടാ.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങളുടെ കോളം ശത്രുക്കളെ നിർമ്മിക്കുന്നില്ലേ?

ഉത്തരം: അതേ. രണ്ടുതരം ശത്രുക്കൾ. കോളത്തിൽ എഴുതപ്പെടുന്നവർ; എഴുതപ്പെടാത്തവർ.

ചോദ്യം: ഈ ലോകത്തു് ഏറ്റവും വലിയ ത്യാഗം ചെയ്യുന്ന ആളാരു്?

ഉത്തരം: അമ്മ. മകനെ കഷ്ടപ്പെട്ടു വളർത്തുന്നു. അവൻ പഠിക്കാറാവുമ്പോൾ സ്വന്തം ആഭരണങ്ങൾ പണയം വച്ചും വിറ്റും പഠിപ്പിക്കുന്നു. മകൻ രാത്രി മദ്യത്തിന്റെ ദുർഗന്ധം പരത്തികൊണ്ടു് വീട്ടിൽ കയറി വരുന്നു. വിവാഹം കഴിച്ചാൽ സ്വഭാവം മാറുമെന്നു കരുതി അവനെ വിവാഹബന്ധത്തിൽ ഉൾപ്പെടുത്തുന്നു. പിന്നെ അവനും ഭാര്യയും ചേർന്നു് അവരെ ഹിംസിക്കുന്നു. എങ്കിലും അവർ മിണ്ടുന്നില്ല. ത്യാഗത്തിന്റെ ശാശ്വതപ്രതീകമാണു് അമ്മ.

ചോദ്യം: എല്ലാ വാരികകളും നിങ്ങൾക്കു ഫ്രീയായി കിട്ടാറുണ്ടോ?

ഉത്തരം: ഉണ്ടു്. പക്ഷേ, പ്രയോജനമില്ല. പോസ്റ്റൽ ഡിപ്പാർട്മെന്റ് തുറന്നു നോക്കരുതെന്നു കരുതി പത്രമാപ്പീസുകാർ റാപ്പറിൽ പശതേച്ചു് വാരികയോടു ഒട്ടിക്കും. അതുകൊണ്ടു വാരികയുടെ കടലാസ്സുകൾ തന്നെ ഒട്ടിയിരിക്കും. വേർതിരിച്ചു് വായിക്കാൻ ഒക്കുകയില്ല. മംഗളം, കുങ്കുമം വാരികകൾ ഇങ്ങനെ പ്രയോജനമില്ലാതെ ആയിപ്പോകുന്നു. എങ്കിലും അവ അയച്ചുതരുന്ന പത്രാധിപന്മാർക്കു നന്ദി.

ചോദ്യം: പ്രശംസ?

ഉത്തരം: കാപട്യം.

ചോദ്യം: വ്യാജ ഡോക്ടറും യഥാർത്ഥ ഡോക്ടറും തമ്മിലുള്ള വ്യത്യാസമെന്തു്? രണ്ടുപേരും മരുന്നല്ലേ കൊടുക്കുന്നതു്?

ഉത്തരം: വ്യാജ ഡോക്ടർ രോഗിയെ കൊല്ലുന്നു. യഥാർത്ഥ ഡോക്ടർ രോഗിയെ മരിക്കാൻ അനുവദിക്കുന്നു എന്നു് ഒരു ഫ്രഞ്ച് ചിന്തകൻ പറഞ്ഞിട്ടുണ്ടു്.

ചോദ്യം: മൃഗശാലകൾ പട്ടണത്തിൽ വേണോ?

ഉത്തരം: അവയില്ലെങ്കിൽ മൃഗങ്ങൾക്കു അവയെക്കാൾ അധ:പതിച്ച നമ്മളെ കാണാനൊക്കുമോ?

ചോദ്യം: മുക്തഛന്ദസ്സു് എന്നു പറഞ്ഞാൽ എന്താണു സാറേ?

ഉത്തരം: ഏതൊരാളിനും കവിയായി വാരികകളിൽ വിലസാൻ ഉപകരിക്കുന്ന ഒരേർപ്പാടു്.

​​

രാക്ഷസൻ നടക്കുന്നു

എന്റെ കുട്ടിക്കാലത്തു് ഏതു പുസ്തകത്തിന്റെയും പ്രസാധനം മഹനീയമായ സംഭവമായിരുന്നു. ചങ്ങമ്പുഴയുടെ “ബാഷ്പാഞ്ജലി” പ്രസിദ്ധപ്പെടുത്തിയ അന്നു തന്നെ പി. കെ. വിക്രമൻ നായർ അതിന്റെ ഒരു പ്രതിയുമായി എന്റെ വീട്ടിലെത്തി. കാരണവർ അന്നില്ല. സാഹിത്യത്തിൽ താല്പര്യമുള്ള കാരണവരുടെ ഭാര്യ ആട്ടുകസേരയിലിരുന്നു് ആടിക്കൊണ്ടു ചങ്ങമ്പുഴക്കവിത വിക്രമൻ നായർ വായിക്കുന്നതു് ആദരത്തോടെ കേട്ടുകൊണ്ടിരുന്നു. പിന്നീടുള്ള ഓരോ പുസ്തകത്തിന്റെ പ്രസാധനവും ഓരോ സംഭവമായിരുന്നു. ഇടപ്പള്ളിയുടെ ‘നവസൗരഭം’ ആദ്യമായും ‘തുഷാരഹാരം’ രണ്ടാമതായും പ്രസിദ്ധപ്പെടുത്തിയപ്പോൾ എന്തൊരു സെൻസേഷനാണു് അവ ജനിപ്പിച്ചത്!കൊല്ലത്തെ ശ്രീരാമവിലാസം പ്രസ്സ് അച്ചടിച്ച ‘ഉദ്യാനലക്ഷ്മി’ (ചങ്ങമ്പുഴയുടേതു്) ആ ദിവസം തന്നെ ഞാൻ വാങ്ങിച്ചു വായിച്ചു. തേൻ കുടിക്കുന്ന അനുഭവം!

പ്രചോദനം എന്ന ഓമനപ്പേരു് എത്രയെത്ര മോഷണങ്ങളെയാണു് ഒളിച്ചുവയ്ക്കുന്നതു് !

കാലം മാറിക്കഴിഞ്ഞു. സാഹിത്യമേന്മയുള്ള പുസ്തകത്തിന്റെ ആവിർഭാവം ഇന്നൊരു സംഭവമേയല്ല. നല്ല നല്ല കാവ്യങ്ങളും കഥകളും ഒരുപക്ഷേ, വാരികകളിൽ അച്ചടിച്ചു വന്നാൽ അവ ആരും വായിക്കുന്നില്ല. എൻട്രൻസ് പരീക്ഷ ജയിച്ചു് എഞ്ചിനീയറോ ഡോക്ടറോ ആകാനാണു് ഓരോ കുട്ടിയും ആഗ്രഹിക്കുന്നതു്. അച്ഛനമ്മമാരും ആ ആഗ്രഹത്തിനു് അനുസരിച്ചു് പ്രവർത്തിക്കുന്നു. വിവേകം അപ്രത്യക്ഷമായിരിക്കുന്നു. ഇന്റർനെറ്റിലാണു് ഏവർക്കും താല്പര്യം. കവിയെയും കഥാകൃത്തിനെയും ഇന്നു് ആർക്കും വേണ്ട. ‘ഒരുപക്ഷേ, നല്ല കാവ്യങ്ങളും കഥകളും വാരികകളിൽ അച്ചടിച്ചു വന്നാൽ’ എന്നു ഞാനെഴുതിയതു് തെറ്റു്. അങ്ങനെ സാഹിത്യത്തെസ്സംബന്ധിച്ചുള്ള മേന്മ പ്രകടിപ്പിക്കുന്ന ഒരു രചനയും വരാറില്ല. വരുന്നതു് രക്ഷസനാണു്. ആ രാക്ഷസനാണു് ദേശാഭിമാനി വാരികയിൽ ‘കുറ്റവും ശിക്ഷയും’ എന്ന പേരിൽ കഥയായി വന്നിരിക്കുന്നതു് (ഇ. വി. റെജി എഴുതിയതു്). ഏതു രചനയും ഭാവനാത്മകമായിരിക്കണമെന്നു് എഴുതി ഞാൻ ഈ വിചാരം അവസാനിപ്പിക്കട്ടെ.

ചിന്തകൾ

1. മറ്റുള്ള പ്രദേശങ്ങളിലെ ജനതയെക്കാൾ തിരുവനന്തപുരത്തെ ജനതയ്ക്കു ആധ്യാത്മിക ചിന്ത കൂടുതലാണു്. അതുകൊണ്ടു് സന്ന്യാസിമാർക്കു് ഈ രാജധാനിയിൽ പ്രിയമേറും. സന്ന്യാസി മുണ്ടുടുക്കാതെ കൗപീനം മാത്രം ഉടുത്തു് പദ്മതീർത്ഥക്കരയിൽ വന്നിരുന്നാൽ സ്ത്രീപുരുഷന്മാർ ലക്ഷക്കണക്കിനു വന്നു് അയാളുടെ കാലു് പിതുക്കിയിട്ടു് തൊഴുതു പോകും. ഞാൻ അവരെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല. ഈ നഗരത്തിലെ വസിക്കൽ ഏറ്റവും അസഹനീയമാണു്. അതുകൊണ്ടു് അടുത്ത ജന്മത്തിലെങ്കിലും ഒരു ഗതി കിട്ടുമോ എന്നാണു് ഓരോ വ്യക്തിയുടെയും നോട്ടം. അടുത്ത ജന്മത്തിലേക്കു ആളുകളെ നയിക്കാനുള്ളവരാണു് സന്ന്യാസിമാർ. അതുകൊണ്ടു് “കൗപീനമാത്രധാരികൾ” വിജയം പ്രാപിക്കുന്നു. അവർക്കു കാലിലെ പിതുക്കൽ ധാരാളം കിട്ടുന്നു.

2. ചങ്ങമ്പുഴയുടെ ‘മയക്കത്തിൽ’ എന്ന കാവ്യം നോക്കുക:

“മഞ്ഞിൽ നീന്തും മൃദുലശിലേഖാ

മഞ്ജിമതൻ കനമ ശലാകാ

ശിഞ്ജിതോന്മുഖ നൂപുര രേഖാ

‘ഞ്ജ’ നില്പൂ വിലാസ പതാക!

… … …

പാലൊളിപ്പൂനിലാവിൽ മയങ്ങും

പാതിരാപ്പൂവിൻ പുഞ്ചിരിപോലെ

വന്നു, വാതിൽ മറഞ്ഞ മൃതാംഗി

‘ന്ദ’ നിൽക്കുന്നു നാണം കുണുങ്ങി!

… … …

മംഗളത്തിൻ കളിച്ചെണ്ടുമേന്തി

‘ങ്ഗ’ നില്പു കവചകാന്തി!

മണ്ഡിതോദ്യൽപ്പുളകപ്രസന്ന.

‘ണ്ഡ’ നില്പു കലാജലകന്യ

ചുംബനത്തിനു ചുണ്ടുവിടർത്തി

‘മ്ബ’ നില്പു തരളത ചാർത്തി!”

ചങ്ങമ്പുഴയുടെ പ്രതിഭയ്ക്കു നിർദർശകമായി ഇതു പലരും എടുത്തു കാണിക്കാറുണ്ടു്. പക്ഷേ, വ്യാപരിച്ചതു് അദ്ദേഹത്തിന്റെ പ്രതിഭയോ അതോ റങ്ബോയുടെ പ്രതിഭയോ? ആ ഫ്രഞ്ച് കവിയുടെ കാവ്യം കണ്ടാലും:

Black A, white E, red I, green U, blue O-vowels,

Some day I will open your silent pregnancies;

A, black belt, hairy with bursting flies

Bumbling and buzzing over stinking cruelties,

Pits of night; E candor of sand and pavilions

High glacial spears, white Kings, trembling:: Queen Anne’s lace;

I, bloody spittle, laughter dribbling from a face

In wild denial or in anger, vermilions;

U,…divine movement of viridian seas

Peace of pasture animal-strewn, peace of calm lines

Drawn on foreheads worn with heavy alchemies

O, supreme Trumpet, harsh with strange stridencies

Silence traced in angels and astral designs

O… OMEGA… the violet light of His eyes!

ചങ്ങമ്പുഴയുടെ കാവ്യം റങ്ബോയുടെ കാവ്യത്തിന്റെ മോഷണമാണെന്നതിൽ എനിക്കു് സംശയമൊന്നുമില്ല. റങ്ബോ ഓരോ സ്വരത്തിനും നിറം നൽകുന്നു. ചങ്ങമ്പുഴ അക്ഷരങ്ങൾക്കു കൊടുക്കുന്ന വിശേഷണങ്ങൾ വർണ്ണോജ്ജ്വലത കൊടുക്കുന്നു. സ്വരങ്ങളെ കാമോത്സുകതയുടെ പ്രതീകങ്ങളാക്കുന്നു റങ്ബോ. ചങ്ങമ്പുഴയുടെ പ്രക്രിയയും വിഭിന്നമല്ല. ഫ്രഞ്ച് കവിയുടെ അവസാനത്തെ വരി O I omega rayon violet de ses Yeux എന്നാണു്. അതു ഇംഗ്ലീഷ് തർജ്ജമക്കാരൻ O OMEGA the violet light of His eyes എന്നാക്കിയിരിക്കുന്നു. ഇതു തെറ്റു്. O the Omega violet ray of the eyes എന്നേ വരൂ. സ്ത്രീയുടെ ശക്തിയാണു് ആ വരിയിൽ ആവിഷ്കരിക്കുന്നതു കവി. ചങ്ങമ്പുഴയും സ്ത്രീയുടെ ശക്തി—കാമോത്സുകമായ ശക്തി—തന്റെ കാവ്യത്തിലൂടെ പ്രകാശിപ്പിക്കുന്നു. മോഷണമാകാം. റങ്ബോയുടെ Vowels എന്ന കാവ്യം വായിച്ചപ്പോൾ ഉണ്ടായ പ്രചോദനത്തിൽ നിന്നു് എന്നെങ്കിലും എഴുതാമായിരുന്നു മലയാളകവിക്ക്. പ്രചോദനം എന്ന ഓമനപ്പേരു് എത്രയെത്ര മോഷണങ്ങളെയാണു് ഒളിച്ചു വയ്ക്കുന്നതു്!

3. ആരും ഇഷ്ടപ്പെടുന്ന ചരിത്രകാരനാണു് Eric Hobsbawn. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ “Uncommon People” ഞാൻ വായിച്ചു. അതിലെ ഒരദ്ധ്യായത്തിൽ Political Shoemakers എന്നതിൽ ഒരു കാവ്യശകലം ഉദ്ധരിച്ചിട്ടുണ്ടു്.

“A cobbler once in days of yore

Sat musing at his cottage door

He liked to read books, he said

And then to ponder what he’d read.”

മാക്സിം ഗോർക്കി എന്ന റഷ്യൻ സാഹിത്യകാരന്റെ ഒരു കഥാപാത്രം ‘മറ്റുള്ള ഷൂ നിർമ്മാതാക്കളെപ്പോലെ പുസ്തകത്താൽ എളുപ്പം ആകർഷിക്കപ്പെടുമായിരുന്നു’ എന്നും ഈ ഗ്രന്ഥത്തിൽ ഉണ്ടു്. ജനസമ്മതി നേടിയ തത്ത്വചിന്തകനാണു് ഷൂ നിർമ്മാതാവെന്നും ഗ്രന്ഥകാരൻ പറയുന്നു. ഇത്രയും വ്യക്തമാക്കിയിട്ടു് അദ്ദേഹം അയാളുടെ രാഷ്ട്രവ്യവഹാരസംബന്ധിയായ ഉല്പതിഷ്ണുത്വത്തിലേക്കു പോകുന്നു. വിദ്വജ്ജനോചിതമായ പോക്കാണതു്. ഞാൻ ഇനിപ്പറയാൻ പോകുന്ന വിഷയത്തിനു് ഷൂനിർമ്മാതാവിന്റെ ഗ്രന്ഥപാരായണാസക്തിയുമായി ഒരു ബന്ധവുമില്ല.

ഒരാൾ അയാൾക്കു പറയാനുള്ളതു പറഞ്ഞിട്ടു വേദിയിൽ ഇരുന്നാൽ പിന്നീടു് പ്രസംഗിക്കുന്നവൻ അതിനെക്കുറിച്ചു് ഒരഭിപ്രായവും പറയരുതു്. അതു സംസ്കാരശൂന്യമായ പ്രവൃത്തിയാണു്.

മഹായശസ്കനായ ഒരു ചരിത്രകാരൻ ഒരു പുതിയ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നു എന്നു വായനക്കാരെ അറിയിക്കാനുള്ള കൗതുകമേയുള്ളൂ ഈ പ്രസ്താവനയുടെ പിറകിൽ എനിക്കു പറയാനുള്ളതു്. ഷൂ നിർമ്മാതാക്കൾ പുസ്തകങ്ങൾ വായിക്കുന്നതുപോലെ മൊയ്തു കണ്ണങ്കണ്ടിയുടെ “പത്രം” എന്ന കഥയിലെ കഥാപാത്രം ദിനപത്രം വായിക്കുന്നു. കുഞ്ഞായിരിക്കുമ്പോൾ തുടങ്ങിയ ആ പത്ര വായന ജീവിതാന്ത്യം വരെ തുടർന്നു പോകുന്നു. സ്വന്തം ജീവിതത്തിന്റെ സംസ്കാരത്തെ അയാൾ വ്യാഖ്യാനിക്കുന്നില്ല. പത്രത്തിനു സംസ്കാരവുമായി ബന്ധമുണ്ടെങ്കിൽ അതും അയാൾ ഗ്രഹിക്കാൻ ശ്രമിക്കുന്നില്ല. രണ്ടിലും—സ്വന്തം ജീവിതത്തിലും പത്രത്തിലും—ഒരുതരം പ്രാകൃതികത്വമാണു് അയാൾ കാണുന്നതു്. ജീവിതം നിഷ്പ്രയോജനം; പത്രപാരായണവും നിഷ്പ്രയോജനം. സമകാലിക മനുഷ്യന്റെ അവസ്ഥാവിശേഷത്തെ അസ്സലായി മൊയ്തു ചിത്രീകരിക്കുന്നു. പിന്നെ ചെറുകഥകളുടെ എല്ലാ അർത്ഥനകളും ഈ രചനയിലുണ്ടോ എന്ന സംശയം ഉന്നയിച്ചുകൊണ്ടു് ഈ രചനാവൈഭവത്തെ ഞാൻ പ്രശംസിക്കുന്നു.

4. മുൻപു് പ്രഭാഷണം നിർവഹിച്ചവന്റെ അഭിപ്രായങ്ങളെ രൂപപരിവർത്തനം വരുത്തി സദസ്യർക്കു നൽകിയിട്ടു് അതിനെ പരിഹസിക്കുക എന്ന ഏർപ്പാടു് എൻ. ഗോപാലപിള്ളയുടേതായിരുന്നു. ഉദാഹരണം നൽകാം. തിരുവനന്തപുരത്തെ ട്രയിനിങ്ങ് കോളേജ്. അവിടെയൊരു സമ്മേളനം. അധ്യക്ഷൻ എൻ. ഗോപാലപിള്ള. പ്രഭാഷകരിൽ ഒരാൾ പാലാ നാരായണൻ നായർ. അനുഗൃഹീതനായ കവിയാണു് പാലാ നാരായണൻ നായർ. അദ്ദേഹം തന്റെ കാലയളവിലെ കവിതയെക്കുറിച്ചു് പറഞ്ഞിട്ടു് ‘ചോര’ എന്ന വാക്കിന്റെ അതിപ്രസരം അതിൽ വരുന്നതു് അനഭിലഷണീയമാണെന്നു അഭിപ്രായപ്പെട്ടു. അതിൽ പ്രതിഷേധാർഹമായി വല്ലതുമുണ്ടോ? എങ്കിലും പാലാ നാരായണൻ നായരെ ഇഷ്ടമല്ലാത്ത എൻ. ഗോപാലപിള്ള അദ്ദേഹത്തിന്റെ മതങ്ങളെ വളച്ചൊടിച്ചു് ആവിഷ്കരിച്ചിട്ടു് ‘ചോരപോക്കു് പെണ്ണിനായാലും ആണിനായാലും നന്നല്ല’ എന്നുപറഞ്ഞു. അപ്പോൾ ശ്രോതാക്കളിൽ സംസ്കാരം കുറഞ്ഞവർ സംസ്കാരലോപം കാണിക്കുന്ന ആ നേരമ്പോക്കു കേട്ടു് ദീർഘനേരം കൈയടിച്ചു. പാലാ നാരായണൻ നായർ വ്യഷ്ടിയെ സമഷ്ടിയാക്കുകയും സമഷ്ടിയെ വ്യഷ്ടിയാക്കുകയും ചെയ്യുന്നതു കലയുടെ സ്വഭാവമാണെന്നു പറഞ്ഞു. അവിടെയും അഭിപ്രായവ്യത്യാസം വരേണ്ടതില്ല. പക്ഷേ, ഗോപാലപിള്ളയ്ക്കു കവിയെ ഹിംസിക്കണം. അതുകൊണ്ടു് അദ്ദേഹം ആ മതത്തിനു രൂപാന്തരം വരുത്തിയിട്ടു് പറഞ്ഞു. “വ്യഷ്ടിയെ സമഷ്ടിയാക്കണം പോലും. കിറുക്ക്. സമഷ്ടി വ്യഷ്ടിയാകും പോലും. അതും കിറുക്ക്.” സാക്ഷരത കുറഞ്ഞ ചില ശ്രോതാക്കൾ തലതല്ലി ചിരിക്കുന്നതു ഞാൻ കണ്ടു ആ ഫലിതപ്രയോഗത്തിൽ. ഒരാൾ അയാൾക്കു പറയാനുള്ളതു പറഞ്ഞിട്ടു വേദിയിൽ ഇരുന്നാൽ പിന്നീടു് പ്രസംഗിക്കുന്നവൻ അതിനെക്കുറിച്ചു് ഒരഭിപ്രായവും പറയരുതു്. അതു സംസ്കാരശൂന്യമായ പ്രവൃത്തിയാണു്.

images/maxim.jpg
മാക്സിം ഗോർക്കി

5. മുപ്പതു കൊല്ലം മുൻപു് യുവാവായിരുന്ന കെ. പി. ശങ്കരൻ കോട്ടയത്തുവച്ചു് എന്റെ ചില അഭിപ്രായങ്ങളെ വിമർശിച്ചു. ഞാൻ ആദ്യം പ്രസംഗിച്ചു. രണ്ടാമതു് എഴുന്നേറ്റ ശങ്കരൻ ഞാൻ പറഞ്ഞതൊക്കെ തെറ്റാണെന്നു് മാന്യമായ ഭാഷയിൽ പറഞ്ഞു. ഭാഷയ്ക്കു് മാന്യത വന്നാലും പൂർവപ്രഭാഷകനെ സദസ്സിന്റെ മുൻപിൽ വച്ചു് വിമർശിക്കുന്നതു് സംസ്കാരഭദ്രമായ രീതിയല്ല. ഞാനതു ചെയ്തിട്ടില്ല. ഇനിയൊട്ടു ചെയ്യുകയുമില്ല. അന്നു മുതൽ ഞാൻ ശങ്കരനെ avoid ചെയ്തു പോന്നു. സാഹിത്യത്തിൽ അങ്ങനെ നിസ്സന്ദേഹാവസ്ഥ വല്ലതുമുണ്ടോ? ഞാൻ പറയുന്നതു മുഴുവൻ തെറ്റാണെന്നു ശങ്കരനു യുക്തിയോടെ പറയാം ശങ്കരൻ പറഞ്ഞതു മുഴുവൻ തെറ്റാണെന്നു് എനിക്കും പറയാം. രണ്ടും കേട്ടു് സദസ്യർ കൈയടിക്കും. ശങ്കരനെ ഒഴിവാക്കിയതു് പരസ്പരം കണ്ടുമുട്ടലിലല്ല. അദ്ദേഹം ഏതു വാരികയിലെഴുതിയതു കണ്ടാലും ഞാൻ ആ പുറത്തിനു്—പെയ്ജിനു്—ശക്തി കലർന്ന അടി കൊടുത്തിട്ടു് അടുത്ത പുറത്തേക്കു പോകും. ഈ ആഴ്ചത്തെ മാതൃഭൂമിയിൽ കെ. പി. ശങ്കരന്റെ ഒരു ലേഖനം കണ്ടു. വെള്ളത്താളിനു കരഘാതമേറ്റു. മറിക്കുന്നതിനിടയിൽ എന്റെ അഭിവന്ദ്യസുഹൃത്തും നല്ല കവിയുമായ തിരുനെല്ലൂർ കരുണാകരന്റെ പടം കണ്ടു. ശങ്കരൻ അദ്ദേഹത്തെക്കുറിച്ചെഴുതിയതു് ഞാൻ വായിച്ചു. പെരിനാട്ടുകാരനാണെങ്കിലും ഒരു നല്ല കവിയെ ശങ്കരൻ നിഷ്പക്ഷതയോടെ വീക്ഷിച്ചല്ലോ എന്നു കണ്ടു് അദ്ദേഹമെഴുതിയതു് സമ്പൂർണ്ണമായും വായിച്ചു. I sincerely believe that the best criticism is that which is amusing and poetic; not that cold and algebraic kind which, under pretext of explaining everything, displays neither hate nor love. Thus the best account of a painting can well be sonnet or an elegy എന്നു ബോദലേർ പറഞ്ഞതു് ഓർമ്മിക്കുകയും ചെയ്തു. ഒരറുപഴഞ്ചൻ വിഷയമാണു് ശങ്കരൻ കൈകാര്യം ചെയ്യുന്നതു്. കേരളവർമ്മയുടെ ശാകുന്തളം തർജ്ജമയുടെ വൈരൂപ്യത്തെക്കുറിച്ചു് വീണ്ടും പറഞ്ഞിട്ടെന്തു പ്രയോജനം? “വെള്ളത്തുള്ളികളാൽ തണുത്ത മൃദുവാം കാറ്റാൽ ശരീരാർത്തിയെ തള്ളും പങ്കജപത്രമാം വിശറിയാൽ പൂമേനി വീശട്ടെയോ?” എന്നും മറ്റുമുള്ള തർജ്ജമകളിരിക്കെ കേരളവർമ്മയുടെ കടിച്ചാൽ പൊട്ടാത്ത തർജ്ജമയ്ക്കു് എന്തു സ്ഥാനമിരിക്കുന്നു? അതു് ആളുകൾ ശതാബ്ദങ്ങളായി പറയുന്നതല്ലേ? ചർവ്വിതചർവ്വണമെന്തിനു്? പഴയ വിഷയം പ്രതിപാദിച്ചാൽ അതിനെ നൂതനപ്രകാശത്തിൽ നിറുത്തേണ്ടതല്ലേ? കൂടുതൽ കൂടുതൽ ശബ്ദമുണ്ടാകുന്നു ഈ ലോകത്തു്. എന്റെ ചെറുപ്പകാലത്തു് നഗരവും ഗ്രാമവും നിശ്ശബ്ദത ആവഹിച്ചിരുന്നു. ഇന്നു ശബ്ദം കൊണ്ടു് ആളുകൾക്കിരിക്കാൻ മേലാ എന്നായിട്ടുണ്ടു്. അതിനാൽ നിരൂപകന്റെ, വിമർശകന്റെ ശബ്ദവും നമ്മൾ സഹിക്കുന്നു. മൃതദേഹം അച്ഛന്റെതാണെങ്കിലും എന്നും, എപ്പോഴും അതു എടുത്തുകൊണ്ടു നടക്കാൻ വയ്യ എന്നാരോ പറഞ്ഞിട്ടുണ്ടു്. മറ്റു മൃതശരീരങ്ങളിൽ അതുമിടണം. കേരളവർമ്മയുടെ ശാകുന്തളം തർജ്ജമ മൃതശരീരമാണു്. അതു ദൂരെയെറിയൂ, ശങ്കരൻ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-05-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.