സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2001-09-14-ൽ പ്രസിദ്ധീകരിച്ചതു്)

വീട്ടിലെ പരിചാരികയെ ഗർഭിണിയാക്കുകയും സിഫിലിസ് എന്ന രോഗം മകനു് പകർന്നു കൊടുക്കുകയും ചെയ്ത അൽവിങ് മരിച്ചു കഴിഞ്ഞു ഇബ്സന്റെ ‘പ്രേതങ്ങൾ’ എന്ന നാടകത്തിലെ കഥ ആരംഭിക്കുന്നതിനു മുൻപു്. മകൻ ഒസ്വാൽ (Oswald, ഡി ഉച്ചരിക്കാറില്ല) പാരീസിൽനിന്നു് തിരിച്ചു വരികയാണു്, പടിഞ്ഞാറൻ നോർവെയിലുള്ള സ്വന്തം വീട്ടിൽ.

images/charliechaplin.jpg
ചാർലി ചാപ്ലിൻ

തനിക്കു് അതിഭയങ്കരമായ രോഗമാണെന്നും അതിന്റെ ഫലമായി തലച്ചോറു് ശിഥിലാവസ്ഥയിൽ ചെല്ലുന്നുവെന്നും ഒസ്വാൽ അമ്മയെ അറിയിച്ചു. അതുകൊണ്ടു് രോഗത്തിന്റെ ആക്രമണം ഉണ്ടാകുമ്പോൾ അമ്മ മാരകമായ വിഷം തനിക്കു് തരണമെന്നാണു് മകന്റെ അഭ്യർത്ഥന. പെട്ടെന്നു് ഒസ്വാൽ ബോധം നശിച്ചു് “അമ്മേ എനിക്കു് സൂര്യനെ തരൂ, സൂര്യനെ തരൂ” എന്നുപറഞ്ഞു. അപ്പോൾ അമ്മ തകർന്നു് “Where Is it? Where is it?” എന്നു് വിഷം പോക്കറ്റിൽ അന്വേഷിക്കുമ്പോൾ ‘പ്രേതങ്ങൾ’ എന്ന നാടകം അവസാനിക്കുന്നു. അമ്മ മകനു് വിഷം കൊടുത്തിരിക്കാം. പക്ഷേ കൊടുക്കുന്നതായി നാടകത്തിൽ കാണുന്നില്ല. നാടകകർത്താവായ ഇബ്സനോടു് ആരോ ചോദിച്ചു, അമ്മ മകനു് വിഷം കൊടുത്തുവോ എന്നു്. “അതു് മിസിസ് അൽവിങ്ങിനോടു തന്നെ ചോദിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ സന്ദിഗ്ദ്ധത മിക്ക സാഹിത്യകൃതികളുടെയും സവിശേഷതയാണു്. ഞാൻ ഈയിടെ വായിച്ച ചാർലി ചാപ്ലിന്റെ ജീവചരിത്രത്തിൽ അദ്ദേഹം സംവിധാനം ചെയ്ത ‘City Lights’ എന്ന ഫിലിമിന്റെ കഥാസംഗ്രഹമുണ്ടു്. ജീവിക്കാൻവേണ്ടി പൂക്കൾ വിൽക്കുന്ന ഒരന്ധയായ പെൺകുട്ടിയെ ഒരു ട്രാംപ് (അലഞ്ഞു തിരിയുന്നവൻ) സ്നേഹിക്കുന്നതിന്റെ കഥയാണതു്. ഒരു കോടീശ്വരൻ അവനെ പണം കൊടുത്തു സഹായിക്കുന്നു. പെൺകുട്ടിയുടെ കാഴ്ച വീണ്ടെടുക്കാൻ വേണ്ടി അവൻ പണം ചെലവാക്കി ശസ്ത്രക്രിയ ചെയ്യിക്കുന്നു. ശസ്ത്രക്രിയക്കു ശേഷം അവൻ മോഷണക്കുറ്റത്തിനുവേണ്ടി അറസ്റ്റ് ചെയ്യപ്പെടുന്നു. ജയിൽ ശിക്ഷ അനുഭവിച്ചശേഷം അവൻ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞപ്പോൾ കാഴ്ച ലഭിച്ച കാമുകിയെ കാണുന്നു. അവൾ തന്റെ ഉപകർത്താവായ കാമുകനെ കാണാൻ കാത്തിരിക്കുകയാണു്. പൂവു് വാങ്ങാൻ വരുന്ന ഓരോ ചെറുപ്പക്കാരനെയും അവൾ സൂക്ഷിച്ചു നോക്കുന്നു. അവന്റെ ശബ്ദം കേട്ടാൽ അറിയാം അവൾക്ക്. അവന്റെ സ്പർശനമുണ്ടായാൽ ആ വ്യക്തി ആരാണെന്നും അവൾക്കറിയാം. യാദൃശ്ചികമായി അവന്റെ സ്പർശം അവൾക്കുണ്ടായി. പൂക്കാരിപ്പെൺകുട്ടി വികാരാധീനയായി “നീയോ” എന്നു ചോദിച്ചു. അവൻ അവളുടെ കണ്ണുകളിൽ ചൂണ്ടി “നിനക്കിപ്പോൾ കാണാമോ?” എന്നു ചോദിച്ചു. അവനു സംശയം തന്നെ ഈ സുന്ദരിപ്പെൺകുട്ടി തുടർന്നു സ്നേഹിക്കുമോ എന്നു്. “എനിക്കിപ്പോൾ കാണാം” എന്നു് അവൾ മറുപടി പറഞ്ഞതു് അവനെ കൂടുതൽ സംശയിപ്പിച്ചു. അലഞ്ഞു തിരിയുന്നവനല്ലേ നീ എന്നാണോ അതിന്റെ അർത്ഥം? അതോ “എന്റെ കാമുകനെ ഞാൻ കാണുന്നു”വെന്നോ? സംശയത്തിന്റെ ഈ രണ്ടു മുഖങ്ങൾ കാണിച്ചു കൊണ്ടു് ചലച്ചിത്രം വിരാജിക്കുന്നു. ജീവിതത്തിൽ ഒന്നിനും നിശ്ചയമില്ലല്ലോ. ആ സന്ദിഗ്ദ്ധത സൃഷ്ടിക്കുന്നതിലാണു് ഈ ചലച്ചിത്രത്തിന്റെ വിജയമിരിക്കുന്നതു്.

മലയാള സാഹിത്യത്തെസ്സംബന്ധിച്ചിടത്തോളം സുപ്രധാനനായ നോവലിസ്റ്റാണു് സി വി രാമൻപിള്ള. പക്ഷേ വിശ്വസാഹിത്യത്തിൽ അദ്ദേഹം ഉൾപ്പെടുകയില്ല.

കമലാദാസ് മലയാളത്തിലെഴുതിയ ‘നീർമാതളത്തിന്റെ പൂക്കൾ’ എന്ന മനോഹരമായ ചെറുകഥ ഗീത കൃഷ്ണൻകുട്ടി സുന്ദരമായ ഇംഗ്ലീഷ് ഭാഷയിലാക്കിയതു് ജൂലൈ–ഓഗസ്റ്റു് ലക്കം ‘The little magazine’-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. പ്രണയബദ്ധരായ അയാളും അവളും നടക്കുകയാണു്. അവൾ കൃതജ്ഞതാഭരിതമായ കണ്ണുകളോടെ അയാളെ നോക്കി. കലാസൗന്ദര്യത്തിനു കിരീടം വയ്ക്കുന്നുവെന്നു് പറയാറില്ലേ? അതുപോലെ മകുടം ചാർത്തിക്കൊണ്ടു് കഥ അവസാനിക്കുന്നു.

“Do you know what that tree is called?” She asked

He shook his head

“The Neermathalam”

They walked on.

“It’s a beautiful tree” he said

“As a child when I got up in the morning and went into the yard, the ground would be covered with the flowers that had fallen down and they would be wet with dew. I…”

“You would pick them up and smell them. When you realized they had no fragrance, you would throw them on the ground”

“How did you know that?”

He looked into her eyes and smiled but said nothing.

സന്ദിഗ്ദ്ധത ഈ പര്യവസാനത്തിൽ. അസന്ദിഗ്ദ്ധതയുണ്ടുതാനും. അതിലൂടെ അവരുടെ വിഷാദാത്മകമായ ദാമ്പത്യജീവിതത്തെ കമലാദാസ് അഭിവ്യഞ്ജിപ്പിക്കുന്നു. City Lights എന്ന ചലച്ചിത്രത്തിൽ സന്ദിഗ്ദ്ധത ഗുണം. ഇവിടെ അസന്ദിഗ്ദ്ധതയാണു് മേന്മയ്ക്കു് കാരണം. രണ്ടിനുമുള്ള സാമാന്യമായ ഘടകം നോട്ടമാണു്. അയാൾ അവളുടെ കണ്ണുകളിൽ നോക്കുന്നു. അർത്ഥസാന്ദ്രമായ നോട്ടമാണതു്. കാഴ്ച കിട്ടിയ പെൺകുട്ടിയുടെ നോട്ടത്തിനു് പല അർത്ഥങ്ങൾ. glance-നു് പരമപ്രധാനമുണ്ടു് ചാപ്ലിന്റെ സിനിമയിൽ.

അതേ പ്രാധാന്യം കമലാദാസിന്റെ കഥയിലും. ഇതുകൊണ്ടാണു് കമലാദാസിന്റെ കഥകൾ വിശ്വസാഹിത്യത്തിൽ ഉൾപ്പെടുന്നുവെന്നു് ഞാൻ വർഷങ്ങൾക്കു മുൻപു് പറഞ്ഞതു്. (അമർത്യ സെന്നിന്റെ മകൾ എഡിറ്റ് ചെയ്യുന്ന ഈ മാസിക ഏതു പടിഞ്ഞാറൻ മാസികയോടും തുല്യത ആവഹിക്കുന്നു.)

ഭർത്സനമരുത്

വർഷം 1944 അല്ലെങ്കിൽ 1945. ഞാൻ അന്നു തിരുവല്ലയിൽ താമസിക്കുകയായിരുന്നു. വൈകുന്നേരമാകുമ്പോൾ ഞാൻ കൂട്ടുകാരോടുകൂടി എസ്. സി. ജങ്ഷനിൽ നിന്നു് മുത്തൂറ്റേക്കു് നടക്കും. ഒരു ദിവസം അങ്ങനെ നടക്കുമ്പോൾ ചങ്ങനാശ്ശേരിയിൽ നിന്നു് പാഞ്ഞു വന്ന ട്രാൻസ്പോർട് ബസ്സിന്റെ മുൻപിലേക്കു് ഒരു ചെറുപ്പക്കാരൻ ‘എടുത്തുചാടി’. ഡ്രൈവർ വിദഗ്ദ്ധൻ.

images/slavoi.jpg
സ്ലേവോയി ഷീഷെക്ക്

അയാൾ ബസ്സ് വെട്ടിച്ചൊഴിച്ചു് ആ യുവാവിനെ മരണത്തിൽ നിന്നു് രക്ഷിച്ചു. ബസ്സ് നിറുത്തി. ഡ്രൈവർ തല വെളിയിലേക്കിട്ടു് വാഹനത്തിന്റെ മുൻപിലേക്കു് ചാടിയവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. “നിനക്കു് എന്നായാലും മരണമാണെടാ”. ആ സംഭവത്തിന്റെ ഗൗരവം മറന്നു് ഞങ്ങളെല്ലാവരും ഡ്രൈവറുടെ വാക്കുകൾ കേട്ടു പൊട്ടിച്ചിരിച്ചു. ഇങ്ങനെ അനവഹിതനായി റോഡിൽ നടന്നാൽ മറ്റൊരു ബസ്സ് കയറി അയാൾ മരിക്കുമെന്നാണു് ഡ്രൈവർ ഉദ്ദേശിച്ചതു്. പക്ഷേ അതു് മനുഷ്യർക്കു് അനിവാര്യമായ അന്ത്യത്തെയും സൂചിപ്പിച്ചു. ഈ വൈരുദ്ധ്യമാണു് ഞങ്ങളുടെ പൊട്ടിച്ചിരിക്കു് ഹേതു. ഡ്രൈവർ രണ്ടാമത്തെ അർത്ഥം മനസ്സിൽ കണ്ടില്ലെങ്കിലും അതു് ശാശ്വതസത്യമല്ലേ? നമ്മളെയെല്ലാവരെയും കൊല്ലാനുള്ള ബസ്സ് എവിടെ നിന്നോ സ്റ്റാർട് ചെയ്തു കഴിഞ്ഞു. നമ്മൾ അതിനു കുറുകെ ചാടിയെന്നു വരും. അല്ലെങ്കിൽ റോഡിന്റെ അരികുപറ്റി സൂക്ഷിച്ചു പോകുന്ന നമ്മളെ അതു് ഇടിച്ചിടും. അതിന്റെ ചക്രം കയറി നമ്മൾ അന്ത്യയാത്ര നിർവഹിക്കും.

ആധുനികരായ തത്ത്വചിന്തകരെ എനിക്കു് ബഹുമാനമില്ലെങ്കിലും സ്ലേവോയി ഷീഷെക്കിനെ (Slavoi Zizek) ഞാൻ ആദരത്തോടെയാണു് വീക്ഷിക്കുന്നതു്. കാരണമുണ്ടു്. അദ്ദേഹത്തിന്റെ ഏതു രചനയും എനിക്കു് സ്ഫുരിതാവസ്ഥ (thrill) ഉളവാക്കുന്നു എന്നതാണു്. ബഹുജനവും അദ്ദേഹത്തെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. 1998-ൽ ഒരമേരിക്കൻ സർവകലാശാലയിൽ പ്രസംഗിക്കാൻ ചെന്ന ഷീഷെക്കിനോടുള്ള ബഹുമാനത്താൽ ജനങ്ങൾ അദ്ദേഹം പറയുന്നതു കേൾക്കാൻ കൂട്ടം കൂടി ബഹളം വച്ചെന്നും അവരെ പിരിച്ചു വിടാൻ അധികാരികൾക്കു് പോലീസിനെ വിളിക്കേണ്ടിവന്നുവെന്നും ഞാൻ ‘Predictions’ എന്ന പുസ്തകത്തിൽ കണ്ടു (Oxford Publications, pages 312, 313). ഷീഷെക്കിന്റെ ഒരു പ്രബന്ധത്തിൽ സ ൽമാൻ റഷ്ദിയെ വധിക്കാൻ ഖൊമൈനി കല്പന പുറപ്പെടുവിച്ചപ്പോൾ ഇറേനിയൻ പ്രസിഡന്റു് പറഞ്ഞു പോലും “ഒന്നും വധകൃത്യത്തെ തടസ്സപ്പെടുത്തില്ല. വെടിയുണ്ട തിരിച്ചു കഴിഞ്ഞു.

അതു ലക്ഷ്യത്തിൽ തറയ്ക്കും”. റഷ്ദിയുടെ മാത്രമല്ല, ഓരോ വ്യക്തിയുടെയും അവസ്ഥ ഇതാണു്. ആ വ്യക്തികളെ ലക്ഷ്യമാക്കി വെടിയുണ്ട തിരിച്ചു കഴിഞ്ഞു. ഇതെഴുതുന്ന എന്റെ നെഞ്ചിലും അതു തറയ്ക്കും. ഇതു് വായിക്കുന്ന ഓരോ ആളിന്റെയും. തറയ്ക്കുന്നതു് പല തരത്തിലാണെന്നേയുള്ളൂ. തൾസ്തോയിയെ അതിശയിച്ച സാഹിത്യകാരനുണ്ടോ? അദ്ദേഹം ‘അന്നാ കരേനിന’ എഴുതുന്നതിനു വളരെ മുൻപു്—സൂക്ഷ്മമായി പറഞ്ഞാൽ 1828 സെപ്റ്റംബർ 9 നു (ജനന ദിവസം) അതു് യാത്ര തുടങ്ങി. 1910 നവംബർ 20-നു (മരണദിവസം) ആ വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചുപിളർന്നു് അകത്തേക്കു് കയറി. 1889-ൽ ‘ഉയിർത്തെഴുന്നേൽപ്പു്’ എന്ന നോവൽ തൾസ്തോയി എഴുതിയപ്പോൾ ആ ബുള്ളറ്റ് അദ്ദേഹത്തിന്റെ അടുത്തെത്തിക്കഴിഞ്ഞു. അങ്ങനെ അതു സമീപത്തെത്തിയതു കൊണ്ടാണു് ‘ഉയിർത്തെഴുന്നേല്പു്’ മോശപ്പെട്ട നോവലായതു്. മറ്റൊരു തരത്തിൽ പറയാം. തുടക്കത്തിലേ ജീർണ്ണത തുടങ്ങും. അതിന്റെ പരകോടി കലാകാരന്മാർ നേരത്തേ കണ്ടു് തന്റെ പ്രക്രിയകളിൽ നിന്നു് പിന്മാറണം. വള്ളത്തോൾ അതു് ചെയ്തില്ല. അതിനാലാണു് അദ്ദേഹത്തിനു് സ്റ്റാലിനെക്കുറിച്ചു് കവിതയെഴുതേണ്ടി വന്നതു്. തകഴി, കേശവദേവു്, പൊറ്റെക്കാട്ടു് ഇവർ അതു മനസ്സിലാക്കിയില്ല. ബഷീർ മാത്രം ആ സത്യം ഗ്രഹിച്ചു പിന്മാറി. പത്രാധിപർ ആവശ്യപ്പെട്ടാൽ ഒരെഴുത്തു് അയച്ചു കൊടുത്തു് അദ്ദേഹത്തെ ബഷീർ സംതൃപ്തനാക്കി.

images/cvramanpillai.png
സി വി രാമൻ പിള്ള

നമ്മുടെ കഥാകാരൻ ടി. പദ്മനാഭന്റെ സർഗ്ഗാത്മകത നശിച്ചിട്ടു് ഏറെക്കാലമായി. അദ്ദേഹം അതു് മനസ്സിലാക്കാതെ പറട്ടക്കഥകൾ വാരികകളിലും അവയുടെ വിശേഷാൽപ്പതിപ്പുകളിലും എഴുതിക്കൊണ്ടിരിക്കുന്നു. മലയാളമനോരമയുടെ വാർഷികപ്പതിപ്പിൽ അദ്ദേഹമെഴുതിയ “അച്ഛൻ” എന്ന കഥ പറട്ടകളിൽ പറട്ടയാണു്. ക്രമേണ വർദ്ധിച്ചുവരുന്ന സെനിലിറ്റി കൊണ്ടു് (വൃദ്ധാവസ്ഥ) സ്വയം കഷ്ടപ്പെടുകയും അന്യരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു കഥാപാത്രമാണു് ഇതിലുള്ളതു്. ഗൾഫിൽ ജോലിയുണ്ടായിരുന്ന മരുമകൻ (son-in-law) അതുപേക്ഷിച്ചു് നാട്ടിലെത്തി. അയാളെ വീണ്ടും അങ്ങോട്ടേക്കു് അയയ്ക്കാൻ പരോക്ഷ പ്രേരണ നടത്തുന്നു വൃദ്ധൻ. മരുമകനു് ജോലി കിട്ടിയാലെന്തു്? ഇല്ലെങ്കിലെന്തു്? അയാൾ സ്വന്തം പട്ടിയുടെ ശരീരത്തിലെ ചെള്ളുകൾ പെറുക്കിയാലെന്തു്? കുതിരപ്പുറത്തു കയറി യോദ്ധാവിനെപ്പോലെ സഞ്ചരിച്ചാലെന്തു്? വായനക്കാരിൽ നിന്നു് ഒരു പ്രതികരണവും ഉളവാകുകയില്ല. അത്രയ്ക്കു് വിരസമാണു് ഈ രചന. പദ്മനാഭന്റെ ഉറവ വറ്റി. അദ്ദേഹം വായനക്കാരെ മെനക്കെടുത്താതിരുന്നാൽ മതി. സത്യം പറയുന്നവരെ അദ്ദേഹം ഭർത്സിക്കരുതു്.

ചോദ്യം, ഉത്തരം

ചോദ്യം: എന്റെ അഭിപ്രായത്തിൽ സി. വി. രാമൻ പിള്ള വിശ്വസാഹിത്യകാരനാണു്. താങ്കൾ യോജിക്കുന്നുണ്ടോ?

ഉത്തരം: മലയാള സാഹിത്യത്തെസ്സംബന്ധിച്ചിടത്തോളം സുപ്രധാനനായ നോവലിസ്റ്റാണു് സി. വി. രാമൻ പിള്ള. പക്ഷേ വിശ്വസാഹിത്യത്തിൽ അദ്ദേഹം ഉൾപ്പെടുകയില്ല. മാർത്താണ്ഡവർമ്മ ഒഴിച്ചുള്ള കൃതികൾ — ധർമ്മരാജാ, രാമരാജബഹദൂർ, പ്രേമാമൃതം ഇവ — affectation-ന്റെ സന്തതികളാണു്. അതുകൊണ്ടു് അസത്യമായി അവ അനുഭവപ്പെടും, പാരായണവേളയിൽ. എന്നാൽ ‘ബ്രദേഴ്സ് കാരമാസോവ്’ നോക്കുക. ഒരു വാക്യത്തിൽ പോലും affectation—വ്യാജം — ഇല്ല. “The Bridge in the river Drina” എന്ന നോവലിൽ നിന്നു് വ്യാജസന്തതിയായ ഒരു വാക്യമെങ്കിലും നിങ്ങൾക്കു് എടുത്തു കാണിക്കാനൊക്കുമോ? അതുപോലെ “അന്ന കരേനീനയിൽ” നിന്നും.

ചോദ്യം: മഹാത്മാഗാന്ധി, നെഹ്രു ഇവരെ നമ്മൾ അവഗണിച്ചു് സംസ്കാരദാരിദ്ര്യം കാണിക്കുന്നില്ലേ?

ഉത്തരം: അവഗണിക്കൽ അത്രയ്ക്കു് അപരാധമല്ല. അവരെ സ്റ്റാമ്പുകളാക്കി പോസ്റ്റൽ ഡിപ്പാർട്മെന്റുകാർ മുദ്ര അവയിൽ ആഞ്ഞു കുത്തുന്നതാണു് മഹാപരാധം.

ചോദ്യം: സംസ്കാരദാരിദ്ര്യം കാണിക്കുന്നതെന്തിനു മനുഷ്യർ?

ഉത്തരം: സംസ്കാരസമ്പന്നതയും സംസ്കാരലോപവും ഒരേസമയത്തു് കാണിക്കുന്നവനാണു് മനുഷ്യൻ. വിവാഹസദ്യയ്ക്കു് ഇടിച്ചു കയറുന്നു അയാൾ. ഇരിപ്പിടത്തിൽ ആയാൽ അടുത്തിരിക്കുന്നവനു് സ്ഥലം കൊടുക്കാൻ വേണ്ടി ഒതുങ്ങിയിരിക്കുന്നു. അടുത്തിരിക്കുന്നവനു് വെള്ളം ആവശ്യമുണ്ടെങ്കിൽ വെള്ളം ഒഴിച്ചു കൊടുക്കുന്നവനെ വിളിച്ചു് അതു കൊടുക്കാൻ ഏർപ്പാടുചെയ്യുന്നു. സദ്യ കഴിഞ്ഞാൽ കൈ കഴുകുന്നതിനു വേണ്ടി അടുത്തു നിൽക്കുന്നവനെ ഇടിച്ചു മാറ്റുന്നു അയാൾ തന്നെ.

ചോദ്യം: മൃഗീയത കൂടുതലാർക്ക്?

ഉത്തരം: കറക്റ്റായി ജീവിക്കുന്നവർക്ക്. അവർ തെറ്റായി ഒന്നും ചെയ്യുകയില്ല. കള്ളം പറയുകയില്ല. പക്ഷേ സ്വഭാവം മൃഗീയമായിരിക്കും.

ചോദ്യം: നിങ്ങൾ ഇഷ്ടപ്പെടാത്ത ഇംഗ്ലീഷ് കവയിത്രിയാരാണു്?

ഉത്തരം: ഇലിസബത്തു് ബാരറ്റ് ബ്രൗണിങ്ങ്. അവരുടെ ‘Aurora Leigh’എന്ന പദ്യനോവലിനേക്കാൾ വിരസമായി വേറൊന്നും ഞാൻ കണ്ടിട്ടില്ല.

ചോദ്യം: കവിതയെഴുതുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരുടെ മാനസികനില എന്തായിരിക്കും?

ഉത്തരം: ഇഷ്ടക്കേടു്. പക്ഷേ അതു് പുറത്തു കാണിക്കില്ല. കാണിച്ചാൽ അവൾ വകവയ്ക്കില്ലെന്നു് അയാൾക്കറിയാം.

ചോദ്യം: എന്റെ ഭർത്താവു് ബോറനാണു്. എനിക്കു് എന്തുചെയ്യാൻ സാധിക്കും?

ഉത്തരം: അയാൾ അതുമിതും പുലമ്പിക്കൊണ്ടിരിക്കും. അല്ലേ? അതുകേട്ടതായി ഭാവിക്കരുതു്. നിങ്ങൾക്കു് ചെയ്യാനുള്ളതു് ചെയ്യൂ. അയാളെ അവഗണിക്കൂ.

അയ്യോ!

ഒരിക്കൽ തിടുക്കത്തിൽ ഊണു കഴിച്ചപ്പോൾ എന്റെ ഒരു പല്ലു് ചുണ്ടിൽ കൊണ്ടു് അവിടം മുറിഞ്ഞു. മുറിഞ്ഞ സ്ഥലത്തു് ഒരു മുഴയുണ്ടായി. നാലു ദിവസമായിട്ടും അതു പോകാത്തതുകൊണ്ടു് ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു ഞാൻ. അക്കാലത്തു് ഞാൻ ഒരുപാടു് സിഗരറ്റ് വലിക്കുമായിരുന്നു. ആപത്തുണ്ടാകുമെന്നു് എപ്പോഴും സംശയിക്കുന്നവനാണു് മനുഷ്യൻ. അതുകൊണ്ടാണു് ഞാൻ ഡോക്ടറെ കാണാൻ പോയതു്. അദ്ദേഹം എന്നെ കസേരയിലിരുത്തി ചുണ്ടിലെ വീർത്തഭാഗം രണ്ടു വിരൽ കൊണ്ടു് പ്രസ് ചെയ്തു. എന്നിട്ടു് മെല്ലെ വിരലുകൾ എടുത്തിട്ടു് വീർത്ത ഭാഗം പഴയ രീതിയിൽ ആകുമോ എന്നു നോക്കി. ആയില്ലെങ്കിൽ കാൻസർ എന്ന വിചാരമായിരിക്കാം അദ്ദേഹത്തിനു്. “സിഗരറ്റ് എത്ര വലിക്കും?” എന്നു ഡോക്ടർ ചോദിച്ചു എന്നോടു്. ഞാൻ അക്കാലത്തു് ദിവസവും ഇരുപതു് സിഗരറ്റ് വലിക്കുമായിരുന്നു. എങ്കിലും ഡോക്ടറോടു് കള്ളം പറഞ്ഞു.

images/annakareneena.jpg
അന്ന കരേനീന

“ആറു് സിഗരറ്റ്” ഉടനെ ഒരു ഉത്ക്രോശം അദ്ദേഹത്തിൽ നിന്നുണ്ടായി: ‘അയ്യോ’. ഞാൻ ഞെട്ടി. തുടർന്നുണ്ടായ രണ്ടു “അയ്യോ” വിളികൾക്കു ശേഷം അദ്ദേഹം പറഞ്ഞു ‘ബയോപ്സി എടുക്കണം’. ‘ശരി ഡോക്ടർ’ എന്നു മറുപടി നൽകിയിട്ടു് ഞാൻ ഇറങ്ങിപ്പോന്നു. അടുത്ത ദിവസം ചുണ്ടിലെ വീർപ്പു് ഇല്ലാതെയായി. ചില ദിവസം കഴിഞ്ഞു. എന്റെ ഒരു ബന്ധുവിനെയും കൂട്ടി ആ ഡോക്ടറുടെ അടുത്തെത്തി. അദ്ദേഹം പരിശോധന നടത്തിയിട്ടു് “അയ്യോ” എന്നു നിലവിളിച്ചു. ഉപകരണം മാറ്റിവച്ചിട്ടു് one twenty over eighty എന്നു് അദ്ദേഹം പറഞ്ഞെന്നാണു് എന്റെ ഓർമ്മ. തുടർന്നുണ്ടായ “അയ്യോ അയ്യോ” വിളികൾ കാരണം ബ്ലഡ് പ്രഷർ എത്രയാണെന്നു് എനിക്കു് കേൾക്കാനായില്ല. വേറൊരു പ്രമേഹരോഗിണിയെയും കൊണ്ടു് ഞാൻ മറ്റൊരു ദിവസം അതേ ഡോക്ടറെ കാണാൻ പോയി. രക്തം പരിശോധിച്ചതിന്റെ രേഖ ഞാൻ ഡോക്ടറുടെ മുൻപിൽ വച്ചിട്ടു് diabetes ആണു ഡോക്ടർ എന്നു പറഞ്ഞു. പരിശോധനയുടെ റിസൽട്ടിൽ 120 തൊട്ടു 140 mg-മിൽ ഒരു സംഖ്യയായിരുന്നു എന്നാണു് ഓർമ്മ. ഡോക്ടർ “അയ്യോ, അയ്യോ, അയ്യോ” എന്നു മൂന്നു തവണ വിളിച്ചു. ആ വിളികേട്ടു് രോഗിണി തളർന്നു. താൻ മരിച്ചു പോകുമെന്നു് അവളങ്ങു തീരുമാനിച്ചു. പക്ഷേ ഇന്നും നല്ല ആരോഗ്യത്തോടെ അവൾ ജീവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തെ വ്യാക്ഷേപക ഡോക്ടർ — doctor of interjection — എന്നു വിളിക്കുന്നു. Injection എന്നല്ല interjection എന്നാണു്. നമ്മളൊക്കെ സംസാരിക്കുന്ന ഭാഷയല്ലാത്ത വ്യാക്ഷേപകഭാഷ മാത്രമുള്ള ലോകത്തായിരിക്കും അദ്ദേഹം വസിക്കുന്നതു്. രോഗികൾ വ്യാക്ഷേപക ശബ്ദത്തിന്റെ സ്വഭാവം നല്ലപോലെ മനസ്സിലാക്കുകയും ചെയ്തിരിക്കണം.

ബഹുമാനം അർഹിക്കാത്ത, പൂജ അർഹിക്കാത്ത ഗ്രന്ഥങ്ങളും വിശേഷാൽപതിപ്പുകളും മലവെള്ളപ്പാച്ചിൽ പോലെ ബുക്ക്സ്റ്റാളുകളെ ആക്രമിക്കുന്നു.

ഞാൻ ക്ലാസ്സിൽ ‘ഉത്തരരാമചരിതം’ പഠിപ്പിക്കുകയായിരുന്നു. മലയാളം തർജമ വായിച്ചാൽ പലപ്പോഴും സംശയം ഉണ്ടാകും. സംസ്കൃതം മൂലഗ്രന്ഥം നോക്കിയാൽ ആ സംശയം തീരും. അങ്ങനെ ഒരു ശ്ലോകത്തിന്റെ ഒറിജിനലും അതിന്റെ ഇംഗ്ലീഷ് വ്യാഖ്യാനവും നോക്കാനിടയായി. വ്യാഖ്യാതാവു് Rama wept എന്നതു് വെണ്ടയ്ക്ക അക്ഷരത്തിൽ അച്ചടിച്ചിരിക്കുന്നു. രാമന്റെ രോദനത്തിനു് ഊന്നൽ നൽകാനും വിലാപം വളരെക്കൂടുതലായിരുന്നു എന്നു വ്യക്തമാക്കാനുമായിരുന്നു വ്യാഖ്യാതാവിന്റെ ആ വെണ്ടയ്ക്ക പ്രയോഗം. ചിരി സഹിക്കാനാവതെ ഞാൻ ആ വ്യാഖ്യാനവും കൊണ്ടു് കൃഷ്ണപിള്ള സാറിന്റെ അടുക്കലേക്കു് ഓടിച്ചെന്നു. എൻ. കൃഷ്ണപിള്ളയ്ക്കു് ചിരിക്കാൻ കൂടുതലായൊന്നും വേണ്ട. അദ്ദേഹം വളരെനേരം ചിരിച്ചു.

വ്യാക്ഷേപത്തിന്റെ ലോകവും വെണ്ടയ്ക്കാ പ്രയോഗത്തിന്റെ ലോകവും നമ്മൾ കണ്ടു. ചാർലി ചാപ്ലിന്റെ ജീവചരിത്രത്തിൽ അദ്ദേഹം മൂകചിത്രങ്ങളെയാണു് കൂടുതലിഷ്ടപ്പെട്ടിരുന്നതെന്നു് രേഖപ്പെടുത്തിയിരിക്കുന്നു. സാഹിത്യത്തിനു് വ്യാക്ഷേപകലോകം വേണ്ട, വെണ്ടയ്ക്കാ പ്രയോഗത്തിന്റെ ലോകവും വേണ്ട. നിശ്ശബ്ദചിത്രത്തിന്റെ ലോകവും വേണ്ടേ വേണ്ട. അതു് സാരള ്യത്തിന്റെ ലോകമാണു്. ആ ലോകം കാണണോ വായനക്കാർക്ക്? കാണണമെങ്കിൽ മലയാളം വാരികയുടെ ഓണപ്പതിപ്പിൽ ഇ. ഹരികുമാർ എഴുതിയ ‘ഇങ്ങനെയും ഒരു ജീവിതം’ എന്ന ഹൃദ്യമായ കഥ വായിച്ചാൽ മതി. ഒരു ഫ്ലാറ്റിൽ ജോലിയൊന്നുമില്ലാതെ അലസജീവിതം നയിക്കുന്ന ഒരു യുവാവിനെ ആ ഫ്ലാറ്റിലെ സുന്ദരിയായ പരിചാരിക സ്നേഹിക്കുന്നു. സ്നേഹിക്കുന്നുവെന്നു് വാച്യമായി വ്യക്തമാക്കാതെ അയാൾക്കു് അവൾ ആഹാരം കൊടുക്കുന്നു, വാടക കുടിശ്ശിക നൽകുന്നു. അയാൾ അകന്നു പോകുമ്പോൾ അവൾ ദുഃഖിക്കുന്നു. ആ ദുഃഖത്തിൽ നമ്മളും പങ്കുകൊള്ളത്തക്ക വിധത്തിൽ ഹരികുമാർ കഥ പറഞ്ഞിട്ടുണ്ടു്. ആ പെൺകുട്ടി നമ്മൾ കഴിഞ്ഞു കൂടുന്ന ഈ ലോകത്തു തന്നെ താമസിക്കുന്നവളാണെന്നു് വായനക്കാർക്കു് തോന്നുന്നു. ആ പരിചാരികയെ എന്റെ പേരക്കുട്ടിയുടെ സ്ഥാനത്തു് പ്രതിഷ്ഠിച്ചു് നമ്പൂതിരി വരച്ച നല്ല ചിത്രങ്ങളിലൂടെ ഞാൻ അനവരതം അവളെ കാണുന്നു.

കാക്കനാടൻ

ഇന്നു് തമിഴ്‌നാട്ടിൽ ഉൾപെട്ട തക്കല എന്ന സ്ഥലം തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കാലയളവിൽ ഞാൻ അവിടെ താമസിച്ചിട്ടുണ്ടു്. ഒരു ദിവസം കാലത്തു് അറിഞ്ഞു ആളുകൾ കൂട്ടത്തോടെ മരിക്കുന്നുവെന്നു്. കോളറ തക്കലെയെ ഗ്രസിച്ചിരിക്കുകയായിരുന്നു.

images/Kakkanadan.jpg
കാക്കനാടൻ

ഈ സ്പർശസഞ്ചാരിയായ രോഗം (പകരുന്ന രോഗം) ക്ലാത്തി എന്ന മീനിൽ നിന്നാണു് ഉണ്ടാകുന്നതെന്നു് തെറ്റായോ ശരിയായോ ധരിച്ച ജനത കോപാകുലരായി മത്സ്യവില്പനക്കാരിൽ നിന്നു് അതു് പിടിച്ചെടുത്തു് കുട്ടക്കണക്കിനു് കുഴിച്ചുമൂടി. ഞാൻ താമസിച്ച വീടിന്റെ തൊട്ടു പിറകിലുള്ള പറമ്പിൽ കോളറ വന്നു മരിച്ചവരുടെ ജഡങ്ങൾ കുഴിച്ചു താഴ്ത്തുന്ന ശബ്ദം കേട്ടുകേട്ടു് രാത്രി ഉറക്കം വന്നില്ല. നേരം വെളുത്തപ്പോൾ വീട്ടുകാരും ഞാനും ആദ്യത്തെ ബസ്സിൽ തിരുവനന്തപുരത്തേക്കു വന്നു. കോളറ പടർന്നു പിടിച്ചതു് ഭീതിദമായ സംഭവമായിരുന്നു. അതിനു് തുല്യമോ അതിനെക്കാൾ ഭയങ്കരമോ ആയ സംഭവം കേരളത്തിലുണ്ടാകുന്നു. അതു് ഗ്രന്ഥങ്ങളുടെ ആവിർഭാവത്തിനു് ജനങ്ങൾ പുല്ലുവില കല്പിക്കുന്നില്ല എന്നതാണു്. ഞാൻ പലപ്പോഴും ഈ കോളത്തിൽ എഴുതിയതാണു്, എന്റെ കുട്ടിക്കാലത്തു് ഗ്രന്ഥങ്ങളുടെ ആവിർഭാവങ്ങൾ വലിയ സംഭവങ്ങളായി ജനത കരുതിയിരുന്നുവെന്നു്. ഇടപ്പള്ളി രാഘവൻപിള്ളയുടെ ‘തുഷാരഹാര’ത്തിന്റെ പ്രസാധനം അക്കാലത്തെ മഹാസംഭവമായിരുന്നു. പൊറ്റക്കാട്ടിന്റെ കഥാസമാഹാരമിറങ്ങിയാൽ അതുവാങ്ങാൻ ആളുകൾ വരിവരിയായി പുസ്തകക്കടയുടെ മുൻപിൽ നിന്നു. എന്നാൽ ഇന്നു് ആ സാഹിത്യകാരന്മാർ ജീവിച്ചിരിക്കുന്നുവെന്നു് വിചാരിക്കൂ. അവർ കൃതികൾ പ്രസിദ്ധപ്പെടുത്തിയാൽ ആരെടാ ഈ ഇടപ്പള്ളി രാഘവൻ പിള്ള? ആരെടാ ഈ പൊറ്റക്കാട്ടു്? എന്നു ചോദിക്കും. അവരുടെ പുസ്തകങ്ങൾ ആരും വാങ്ങുകയും ഇല്ല. പുസ്തകങ്ങളുടെ കാര്യം പോകട്ടെ. വർത്തമാനപത്രത്തിന്റെ ദിനം പ്രതിയുള്ള ആഗമനവും സംഭവമായി അന്നു കരുതിയിരുന്നു, ആളുകൾ. ഇന്നു് അവ അങ്ങനെയല്ല. വിദ്യാഭ്യാസമന്ത്രി ധാർമ്മികതയില്ലാതെ കണ്ണന്താനത്തോടു് വല്ലതും പറഞ്ഞോ? കണ്ണന്താനം അതു ബോംബായി കൊണ്ടുനടന്നുവോ? എന്നൊക്കെ അറിഞ്ഞതുകൊണ്ടു് എനിക്കെന്തു പ്രയോജനം? അവയൊക്കെ പത്രത്തിൽ വായിച്ചു് മനസ്സിന്റെ സമനില തെറ്റിക്കുന്നതു് എന്തിനാണു് ഞാൻ? ആ സമയംകൊണ്ടു് ഷെയ്ക്സ്പിയറിന്റെ ഒരു നാടകം വായിച്ചാൽ, അതു ടൊൽഫ്തു് നൈറ്റ് പോലെ ഒരു സില്ലി നാടകമാണെങ്കിലും എനിക്കു പ്രയോജനപ്പെടും. അതുകൊണ്ടു് പട്ടം താണുപിള്ള പണ്ടു പറഞ്ഞതു പോലെ ദിനപത്രങ്ങളെ വെറും കടലാസുതുണ്ടുകളായേ എനിക്കു് കാണാൻ കഴിയുന്നുള്ളൂ.

ഇതുപോലെ തന്നെയാണു് വാരികകളുടെ വിശേഷാൽപ്പതിപ്പുകളുടെ പ്രസാധനങ്ങളും. പണ്ടു് മാതൃഭൂമിയുടെ വാർഷികപ്പതിപ്പു വരും. ആർടു് പെയ്പ്പറിലുള്ള മനോഹരമായ അച്ചടി. അല്പം ഓവർസൈസാണെങ്കിലും അന്നത്തെ പ്രമുഖരുടെ രചനകൾ ആ വലിപ്പത്തിന്റെ അസുഖദായകത്വം വളരെക്കുറച്ചിരുന്നു. ആ വാർഷികപ്പതിപ്പു് വാങ്ങാനായി ഞാൻ ആറുമാസം മുൻപു് പണം ശേഖരിച്ചുതുടങ്ങുമായിരുന്നു. ഇന്നു് അതാണോ സ്ഥിതി. എല്ലാ കവറുകളിലും പെൺപിള്ളേരുടെ പടങ്ങൾ. ഉള്ളടക്കം ഒരേ എഴുത്തുകാരുടേതു്. ഉറവ വറ്റിയവരുടെ രചനകൾ. വിരസങ്ങളായ ഹാസ്യചിത്രങ്ങൾ. ഇവയുടെ സമാഹാരമാണു് ഓരോ വിശേഷാൽപ്രതിയും. മടുത്തു. നന്നേ മടുത്തു. ബഹുമാനം അർഹിക്കാത്ത, പൂജ അർഹിക്കാത്ത ഗ്രന്ഥങ്ങളും വിശേഷാൽപതിപ്പുകളും മലവെള്ളപ്പാച്ചിൽ പോലെ ബുക്ക്സ്റ്റാളുകളെ ആക്രമിക്കുന്നു. ജനസംഖ്യ വർദ്ധിച്ചു. വായനക്കാർ വർദ്ധിച്ചു. സാമ്പത്തികശാസ്ത്രത്തിലെ നിയമം ഓർമ്മിക്കുക. ഡിമാന്റ് അനുസരിച്ചുള്ള സപ്ലൈ. അതിനാൽ പ്രതിഭാധനന്മാർ രചനകളുമായി ഇടിച്ചു കയറുന്നു ട്രാൻസ്പോർട് ബസ്സിലെന്ന പോലെ. അതിനാൽ കുറ്റം പറയരുതു് എഡിറ്റേഴ്സിനെ. തലച്ചോറിന്റെ ശക്തി വല്ലാത്ത ശക്തിയാണു്. അതു് ഇന്നു് ഒരിടത്തും കാണാനില്ല.

ഞാനിത്രയും എഴുതിയതു് കേരളകൗമുദിയുടെ ഓണപ്പതിപ്പിൽ കാക്കനാടൻ എഴുതിയ ‘മറുപടി ഇല്ലാതെ’ എന്ന കഥാചേഷ്ടിതം വായിച്ചുപോയതു കൊണ്ടാണു്. ലസ്ബിയനിസം എന്ന അറുപഴഞ്ചൻ വിഷയമാണു് കാക്കനാടൻ പ്രതിപാദിക്കുന്നതു്. സ്വവർഗ്ഗരതി നടത്തുന്നതിനു് സഹായിച്ചിരുന്ന കൂട്ടുകാരി പോയതിന്റെ ദുഃഖം മറ്റേക്കൂട്ടുകാരിയുടെതായി കാക്കനാടൻ വിവരിക്കുന്നു.

കാക്കനാടന്റെ കഥകളെ വിമർശിക്കാം. അദ്ദേഹം പകരം പറയുന്നതു് ‘വൈരാഗ്യം പിള്ള’ ‘വൈരാഗ്യം പ്രെഫെസർ’ എന്നോ മറ്റോ ആകുകയുള്ളൂ.

സ്വവർഗ്ഗരാഗം കഥയിലൂടെ, കവിതയിലൂടെ പ്രതിപാദിക്കുന്നതിനു് ഞാൻ എതിരല്ല. അതു് കലയാവണം. കഥയെ സ്വീകരിക്കാൻ സന്നദ്ധരായ അനുവാചകർക്കു് അതു് മസ്തിഷ്കത്തെസ്സംബന്ധിക്കുന്നതോ ഹൃദയത്തെസ്സംബന്ധിക്കുന്നതോ ആയ അനുഭവ വർണ്ണനമായി തോന്നണം. കലയുടെ തിളക്കമാർന്ന ആ വർണ്ണന നിർവഹിക്കാൻ കാക്കനാടനു ശക്തിയില്ല. അതിനാൽ അദ്ദേഹത്തിന്റെ രചന വെറും literal statement ആയി തരം താഴുന്നു. (കാക്കനാടന്റെ കഥകളെ വിമർശിക്കാം. അദ്ദേഹം പകരം പറയുന്നതു് ‘വൈരാഗ്യം പിള്ള’ ‘വൈരാഗ്യം പ്രെഫെസർ’ എന്നോ മറ്റോ ആകുകയുള്ളൂ.)

വ്യക്തിശത്രുത

എറണാകുളം മഹാരാജാസ് കോളേജിൽ ഞാൻ പ്രഫെസറായിരിക്കുന്ന കാലത്തു് അവിടത്തെ ഒരധ്യാപകൻ എന്റെ മുറിയിൽ വന്നു പറഞ്ഞു: “സാർ, ഒരു വിദ്യാർത്ഥി സങ്കരക്കുറുപ്പു് എന്നു് പല തവണ കടലാസ്സിൽ എഴുതിയിരിക്കുന്നു. സത്യം കണ്ടറിഞ്ഞ വിദ്യാർത്ഥിയല്ലേ അയാൾ. ശങ്കരക്കുറുപ്പിന്റെ കവിതയെ എത്ര നിഷ്പക്ഷമായി അയാൾ വിലയിരുത്തിയിരിക്കുന്നു!” ശങ്കരക്കുറുപ്പിന്റെ കവിതയെ ബഹുമാനിക്കുന്ന എന്നെ വിമർശിക്കുകയായിരുന്നു ആ അധ്യാപകനെന്നു് എനിക്കു് മനസ്സിലായി. എങ്കിലും ഞാൻ ചിരിച്ചതേയുള്ളൂ. ഇതിനുശേഷം രണ്ടുതവണകൂടി അദ്ദേഹം ഇതു് ആവർത്തിച്ചു. എന്റെ മുറിയിൽ വന്നു്. ഡോക്ടർ ലീലാവതി ഞാനിരുന്ന മുറിയിലാണു് ഇരുന്നതു്. ശ്രീമതി ഇല്ലാത്ത സമയം നോക്കിയാണു് മൂന്നു തവണയും അദ്ദേഹം എന്നെയും പ്രതിഭാശാലിയായ കവിയെയും അപമാനിച്ചതു്. ജി. ശങ്കരക്കുറുപ്പിനു് എതിരായി ക്ലിക്ക് മഹാരാജാ കോളേജിൽ പ്രവർത്തിച്ചിരുന്നു. അവരുടെ നേതാവോ ഉപനേതാവോ ആയിരുന്നു അധ്യാപകൻ. വ്യക്തിശത്രുതയുണ്ടെങ്കിൽ അതു് യോഗ്യതയെ നിന്ദിച്ചിട്ടാവരുതു് പ്രദർശിപ്പിക്കാൻ. സൂര്യനെ ഇഷ്ടമല്ലെങ്കിൽ You can deal with the Sun direct. അല്ലാതെ “സൂര്യനാണോ ഇതു്? വെറും കരിക്കട്ട!” എന്നുപറയരുതു്. പറഞ്ഞാൽ ബഹുജനം പുച്ഛിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-09-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.