സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2001-12-07-ൽ പ്രസിദ്ധീകരിച്ചതു്)

എതാണ്ടു് പത്തു വർഷം മുൻപു് ഞാൻ മസ്കററിലേക്കു പോയപ്പോൾ കേരള സമാജത്തിന്റെ പ്രവർത്തകരും അതിന്റെ പ്രസിഡന്റായ സി. എൻ. പി. നമ്പൂതിരിയും എനിക്കു് ഏർപ്പാടു ചെയ്തുതന്നതു് വലിയ ഹോട്ടലായിരുന്നു. ആ ഹോട്ടലിലെ വലിയ മുറി. എല്ലാ സൗകര്യങ്ങളുമുണ്ടു്. മദ്യപനാണു് താമസക്കാരനെങ്കിൽ ഷെൽഫിലേയ്ക്കു് ഒന്നു നോക്കുകയേ വേണ്ടൂ. വില കൂടിയ എല്ലാ മദ്യങ്ങളുമുണ്ടു്. ഷീവാസ് റീഗൽ, സ്കോച്ച് വിസ്കി, അങ്ങനെ പലതും. എങ്കിലും പ്രാതലിനു് പ്രാധാന്യമില്ല ഹോട്ടലിൽ.

ചില കവികൾക്കു് ഒരു പരിധി വിട്ടു് അപ്പുറം പോകാനൊക്കുകയില്ല. അങ്ങനെയൊരു കവിയാണു് ഒ.എൻ.വി.

കാലത്തു ചെന്നാൽ കോൺഫ്ലേക്സ് പാലിലിട്ടു തരും. അല്ലാതെ വേറൊന്നുമില്ല. ഗത്യന്തരമില്ലാതെ ഈ കോൺഫ്ലേക്സും പാലും ഒരാഴ്ചയോളം രാവിലെ ഞാൻ അകത്താക്കി. ഞാൻ ഭക്ഷണമുറിയിൽ ചെല്ലുമ്പോൾ ഒരമേരിക്കക്കാരനും എത്തും. ഞങ്ങൾ തമ്മിൽ ആദ്യമായി കാണുകയാണു്. എങ്കിലും സായ്പ് വിനയത്തോടെ തലകുനിക്കും. ആകർഷകമായ രീതിയിൽ പുഞ്ചിരി പൊഴിക്കും. എന്നുമുണ്ടാവും ഈ തലകുനിക്കലും പുഞ്ചിരിയിടലും. അതു കാണുമ്പാൾ സായ്പിന്റെ സംസ്കാരസവിശേഷത എന്റെ സമീപത്തെത്തും. അതിന്റെ ഊഷ്മളതയിൽ ഞാൻ ആഹ്ലാദിക്കും. സായ്പ് തലകുനിക്കുകയും മന്ദസ്മിതം പൊഴിക്കുകയും ചെയ്യുന്നുവെന്നു് കരുതി അറബികളും അങ്ങനെ പ്രവർത്തിക്കുന്നുവെന്നു കരുതരുതു്. അവർ നമ്മെ നോക്കുക പോലുമില്ല. നോക്കിയാൽത്തന്നെ ദേഷ്യഭാവത്തോടെയായിരിക്കും അതനുഷ്ഠിക്കുക. പെൺപിള്ളേരുടെ കാര്യം പറയാനുമില്ല. ഒരുത്തിയും നമ്മളെ അംഗീകരിക്കില്ല. പരിഗണിക്കില്ല. എന്നാൽ നേരെമറിച്ചാണു് നമ്മുടെ കേരളത്തിലെ സ്ഥിതി. അവർ മന്ദസ്മിതം പൊഴിക്കും. മരുന്നു കടയിലെ പടികൾ കയറാൻ ഞാൻ പ്രയാസപ്പെടുമ്പോൾ ബസ് കാത്തു നില്ക്കുന്ന എത്രയെത്ര പെൺകുട്ടികളാണു് എനിക്കു സഹായം നല്കുന്നതു്. എന്റെ പേരക്കുട്ടികളോളം പ്രായമുള്ള അവർക്കു് ഞാൻ നന്ദി പറയും. അവരുടെ ബഹുമാനവും സ്നേഹവും എന്നെ വളരെനേരം ആവരണം ചെയ്യും. മഴക്കാലമാണെങ്കിൽ ആ വികാരങ്ങളുടെ ഊഷ്മളതയിൽ എന്റെ ശൈത്യം മാറും. ഇമ്മട്ടിൽ ചൂടു പകരുന്നതാണു് നല്ല കവിതകളും. ഇടപ്പളളി രാഘവൻ പിളളയുടെ കവിതകളാകെ വായിക്കൂ. അവ ഉൽപ്പാദിപ്പിക്കുന്ന സവിശേഷതയാർന്ന ലോകത്തിന്റെ ഒരു ഭാഗമായിത്തീരും നമ്മളെല്ലാം; എന്നെ സഹായിക്കുന്ന കുട്ടികൾ എന്റെ പേരക്കുട്ടികളാകുന്നതുപോലെ.

images/Kinghenry.jpg
Henry VI

പക്ഷേ, ഒ.എൻ.വി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘അമേരിക്കയ്ക്കു് സസ്നേഹം’ എന്ന കവിത നമുക്കു ഊഷ്മളത പകരുന്നില്ല. സായ്പിന്റെ മന്ദസ്മിതം എന്നെ അദ്ദേഹത്തിന്റെ സഹോദരനാക്കി മാറ്റുന്നതു പോലെ ഇക്കവിത എനിക്കു പരിവർത്തനം വരുത്തുന്നില്ല. എന്താണു് ഇതിനു കാരണം? അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്യുന്ന അമേരിക്കയെ പ്രത്യക്ഷമായും പരോക്ഷമായും നിന്ദിക്കുന്ന ഈ രചന ദുർബ്ബലമാണു്. സർവസാധാരണങ്ങളായ (common place) ആയ ചിന്തകളേ എല്ലാ വരികളിലുമുളളു. അവയെ വ്യഞ്ജനശൂന്യതയിൽ നിന്നു് ധ്വന്യാത്മകതയിലേക്കു് ഉയർത്തുന്ന കല്പനകൾ ഇവിടെയില്ല. കവി തന്നെ പ്രയോഗിച്ചു പ്രയോഗിച്ചു ക്ലീഷേയായിത്തീർന്ന ‘ഗോതമ്പും’ ‘പൊന്നാര്യനും’ ‘കുങ്കുമപ്പൂവും’ ‘തൊടിയിലെ പൂക്കളും’ മാത്രമേ അനുവാചകന്റെ വൈരസ്യം വർദ്ധിപ്പിക്കാൻ ഇവിടെയുളളു. ആവർത്തനം ആയുർവ്വേദത്തിലെ ചില ഔഷധങ്ങൾക്കു കൊളളാം. ക്ഷീരബല നൂറ്റൊന്നു തവണ ആവർത്തിച്ചതു് എന്നു് പത്രത്തിൽ കണ്ടാൽ ആളുകൾ ഓടിച്ചെന്നു് അതു വാങ്ങും. പക്ഷേ, ‘സ്വച്ഛനീലാകാശ’മെന്നു കേട്ടാൽ അവർ പിന്തിരിഞ്ഞു് ഓടുകയേയുളളു. ഞാൻ ഇനിയുമെഴുതുന്നില്ല. ചില കവികൾക്കു് ഒരു പരിധി വിട്ടു് അപ്പുറം പോകാനൊക്കുകയില്ല. അങ്ങനെയൊരു കവിയാണു് ഒ.എൻ.വി. സുഗതകുമാരി നാല്പതു കൊല്ലത്തിലേറെയായി ‘കൃഷ്ണാ നീയെന്നെ അറിയില്ല’ എന്നു നിലവിളിക്കുന്നു. അതുപോലെ ഇമേജറിയുടെയും ആശയങ്ങളുടെയും ആവർത്തനങ്ങൾ ഒ.എൻ.വിയുടെ കവിതകളിലും കാണാം. അദ്ദേഹത്തിന്റെ ഉറവയും വററിക്കാണും.

വിവരക്കേടു്

കമുകറയുടെ പാട്ടു് ചിട്ടപ്പടിയുള്ളതു്. ആചാര്യൻ പഠിപ്പിക്കുന്നതു പോലെ അദ്ദേഹം പാടുന്നു. യേശുദാസിന്റെ ഗാനം ഭാവനയുടെ സന്തതി.

റോമൻ ചക്രവർത്തിയായിരുന്ന ഹെൻട്രി ആറാമൻ വല്ലാത്ത ദുഷ്ടനായിരുന്നു. യുദ്ധത്തിൽ തോറ്റ രാജാവിനെ അയാൾ ഇരുമ്പു് സിംഹാസനത്തിൽ ഇരുത്തും. എന്നിട്ടു് തീ കൊണ്ടു് ആ സിംഹാസനം പഴുപ്പിക്കും. അതേസമയം ഇരുമ്പുകൊണ്ടുള്ള കിരീടവും അയാൾ red hot ആക്കും. ആ കിരീടം ഹെൻട്രി പ്രതിയോഗിയുടെ തലയിൽ വച്ചുകൊടുക്കും. സിസിലിയിലെ രാജ്ഞിയായിരുന്ന സിബിലയെ അയാൾ കാരാഗൃഹത്തിലാക്കി. അവരുടെ എട്ടു വയസ്സായ മകനെ വൃഷണച്ഛേദം ചെയ്തു. കണ്ണു പൊട്ടിച്ചു. ഇതിനെയാണു് ഇംഗ്ലീഷിൽ sadistic cruelty എന്നു പറയുന്നതു്. ചരിത്രഗ്രന്ഥത്തിൽ പണ്ടെങ്ങോ ഞാൻ വായിച്ച ഈ സംഭവം ഇപ്പോൾ ഓർമ്മിച്ചതു് എ. എം. മുഹമ്മദിന്റെ ‘തകഴിയിലെ വെള്ളപ്പൊക്കത്തിൽ ഒഴുകി ഒഴുകി ഒരു മനസ്സു്’ എന്ന റബ്ബിഷ് വായിച്ചതു കൊണ്ടാണു്. മുഹമ്മദ് സ്വന്തം വീട്ടിന്റെ മുൻവശത്തുള്ള റോഡിൽ കാലത്തിറങ്ങി നിൽക്കുന്നു. പലരെയും നോക്കുന്നു താല്പര്യത്തോടെ. വരുന്നവരൊക്കെ എട്ടു രൂപ ചെലവാക്കാൻ മടിയുള്ളവർ. എട്ടു രൂപ കൊടുത്തു് ചീരയോ പാവയ്ക്കയോ വാങ്ങിക്കൂടേ എന്നാണു് അവരുടെയെല്ലാം വിചാരം. കൂട്ടാൻ വച്ചു ചോറിനോടൊപ്പം കഴിച്ചാൽ ആരോഗ്യം കൂടും. ആ സംഖ്യ പറട്ടക്കഥകളുള്ള ആഴ്ചപ്പതിപ്പിനു വേണ്ടി എന്തിനു ചെലവാക്കണം. മുഹമ്മദ് വളരെ നേരം നിൽക്കുമ്പോൾ ഒരു ഹതഭാഗ്യൻ വരുന്നു. മുഹമ്മദ് തനിത്തിരുവനന്തപുരത്തുകാരനായി മാറുന്നു; “എന്തരടേ അവിടെ പേയുറിഞ്ചിയപോലെ നിൽക്കണു്. എട്ടു രൂപാ കൊടുത്തു് ഒരാഴ്ചപ്പതിപ്പു് വാങ്ങിക്കൊണ്ടു വാ. അതിലെ 42 പുറത്തു തുടങ്ങുന്ന കഥ വായിക്കു്. തലവേദന വരാതിരിക്കാൻ രണ്ടു് നോവൽജിൻ ഗുളിക കൂടി വാങ്ങി നേരത്തെ കഴിച്ചോ.” ഗുളികയും ആഴ്ചപ്പതിപ്പുമായി വരുന്ന ഭാഗ്യം കെട്ടവനെ ആഴ്ചപ്പതിപ്പെന്ന ഇരുമ്പു സിംഹാസനത്തിൽ മുഹമ്മദ് ബലാൽക്കാരം ചെയ്തു് ഇരുത്തുന്നു. സിംഹാസനം പഴുപ്പിക്കുന്നു. കിരീടവും താപരക്തമാക്കുന്നു. അല്ലെങ്കിൽ രക്തതപ്തമാക്കുന്നു (red hot). വായനക്കാരൻ കരിക്കട്ടയായി കിരീടവും ചൂടിയിരിക്കുന്നു സിംഹാസനത്തിൽ.

images/NarendraPrasad.jpg
നരേന്ദ്ര പ്രസാദ്

ചെറുകഥ എന്നു രചനയുടെ തലക്കെട്ടിനു മുകളിൽ അച്ചടിച്ചിട്ടുണ്ടെങ്കിലും ഇതിൽ കഥയൊന്നുമില്ല. ആകെയുള്ളതു് അന്യോന്യബന്ധമില്ലാത്ത കുറെ സംഭവങ്ങളാണു്. ആ സംഭവങ്ങളിൽ കരുതിക്കൂട്ടി തിരുകുന്ന തകഴി ശിവശങ്കരപിള്ള യുടെ ചില വാക്യങ്ങളുണ്ടു്. ഒടുവിൽ ശിവശങ്കരപിള്ള ഒരു പയ്യന്റെ കൈയിൽ മാമ്പഴം വച്ചു കൊടുക്കുന്നതു വർണ്ണിച്ചുകൊണ്ടു് രചന അവസാനിപ്പിക്കുന്നു രചയിതാവു്. ഇങ്ങനെ വായന പീഡിപ്പിക്കുന്ന രചയിതാവിന്റെ നൃശംസതയ്ക്കു് കാരണം കാണേണ്ടതു് പേരു് അച്ചടിച്ചു കാണാനുള്ള അദ്ദേഹത്തിന്റെ കൗതുകത്തിലല്ല, തകഴിയെ ഒരു സ്ഥലത്തു് ‘മഹാപ്രതിഭ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ആ വിവരക്കേടിൽ കാരണം കാണുക പ്രിയപ്പെട്ട വായനക്കാർ.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങളുടെ വലിയ ആഗ്രഹമെന്തു്?

ഉത്തരം: കഥാകാരൻ ടി ആറിനെപ്പോലെ (ടി. രാമചന്ദ്രൻ) ബുദ്ധിമാനാകണം. അദ്ദേഹത്തെപ്പോലെ ശുദ്ധമനസ്കനും പരോപകാര തല്പരനുമാകണം. ഞാൻ അതൊന്നും അല്ലാത്തതുകൊണ്ടു് ജീവിച്ചിരിക്കുന്നു ദീർഘകാലമായിട്ടും. ടി ആർ ബുദ്ധിമാനും ശുദ്ധമനസ്കനും പരോപകാര തല്പരനുമായതുകൊണ്ടു് നേരത്തെ ഇവിടം വിട്ടുപോയി.

ചോദ്യം: നിങ്ങൾ ബഹുമാനിക്കുന്ന മലയാള സാഹിത്യനിരൂപകനാരു്?

ഉത്തരം: നരേന്ദ്രപ്രസാദ്. നിരൂപണത്തിൽ സത്യസന്ധത പുലർത്തുന്നു അദ്ദേഹം.

ചോദ്യം: ഇയാഗോ ഒതല്ലോയെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയെയും ചതിക്കുന്നതിനു മുൻപു് ആരായിരുന്നു?

ഉത്തരം: മലയാള സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ വാങ്ങി പബ്ലിഷ് ചെയ്യുന്ന പ്രസാധകനായിരുന്നു.

ചോദ്യം: Twinkle, twinkle little star എന്നു തുടങ്ങുന്ന നേഴ്സറി റൈം എഴുതിയതാരു്?

ഉത്തരം: Jane Taylor

ചോദ്യം: സി.വി. രാമൻ പിള്ളയും ചന്തു മേനോനും—നിങ്ങൾ എന്തു പറയുന്നു?

ഉത്തരം: സി.വി. രാമൻ പിള്ളയുടെ പ്രതിഭ ചന്തു മേനോനു് ഇല്ല, പക്ഷേ, ഒരു വ്യത്യാസം. ചന്തു മേനോന്റെ കഥാപാത്രങ്ങൾക്കു് ജീവനുണ്ടു്. സി.വി. കഥാപാത്രങ്ങൾക്കു് ജീവൻ ഊതിക്കയറ്റുകയാണു്.

ചോദ്യം: കമുകറയുടെയും യേശുദാസിന്റെയും പാട്ടുകൾക്കുള്ള വ്യത്യാസമെന്തു?

ഉത്തരം: കമുകറയുടെ പാട്ടു് ചിട്ടപ്പടിയുള്ളതു്. ആചാര്യൻ പഠിപ്പിക്കുന്നതു പോലെ അദ്ദേഹം പാടുന്നു. യേശുദാസിന്റെ ഗാനം ഭാവനയുടെ സന്തതി. The golden voice of this century എന്നു യേശുദാസിന്റെ ശബ്ദത്തെ വിശേഷിപ്പിക്കാം.

ചോദ്യം: അധാർമ്മികത്വം കണ്ടാൽ പ്രതിഷേധിക്കേണ്ടേ സാഹിത്യകാരൻ?

ഉത്തരം: പോളണ്ടിൽ കൽക്കരിക്കു ക്ഷാമം വന്നപ്പോൾ എല്ലാ കവികളും അതിനെക്കുറിച്ചു് കവിതകളെഴുതി. കൽക്കരിയെക്കാൾ കറുത്ത കവിതകൾ ഏറെയുണ്ടായി. ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ ഇവിടെയുള്ള കവികൾ ആ ആക്രമണത്തെ നിന്ദിച്ചു കവിതകൾ രചിച്ചു. അവ ചൈനീസ് ആക്രമണത്തെക്കാൾ നിന്ദ്യങ്ങളായിരുന്നു. അമേരിക്കൻ യുദ്ധത്തെ വേണമെങ്കിൽ നിന്ദിക്കൂ. പക്ഷേ, യുദ്ധത്തെക്കാൾ നിന്ദ്യമായിരിക്കരുതു് കവിത.

പുതിയ പുസ്തകം

പലകകൾ ചേർത്തു വച്ചു് താൽകാലികമായി ഉണ്ടാക്കുന്ന കടയ്ക്കു് ബങ്ക് എന്നു പേരു്. തിരുവനന്തപുരത്തെ പാളയം എന്ന സ്ഥലത്തു് അങ്ങനെയൊരു ബങ്ക് കടയുണ്ടായിരുന്നു. അതിൽ പഴയ പുസ്തകങ്ങൾ. ഓരോ പുസ്തകവും രത്നമാണു്. ഞാൻ ആ കടയുടെ മുൻപിൽച്ചെന്നു് വളരെ നേരം നോക്കിക്കൊണ്ടു നിൽക്കും. പലതും വാങ്ങുകയും ചെയ്യും. ഒരുദിവസം The Banquet Years എന്ന പുസ്തകം അവിടെയിരിക്കുന്നതു കണ്ടു. താല്പര്യം ഒട്ടുമില്ലെന്നു് അഭിനയിച്ചു് (ആ അഭിനയം കടയുടമസ്ഥനായ ശിവശങ്കരൻ നായരെ പറ്റിക്കാനായിരുന്നു) അതെടുത്തു് നോക്കി. Roger Shattuck എന്ന പ്രെഫസർ എഴുതിയതു്. ഞാൻ ബഹുമാനിക്കുന്ന ഹെർബർട്ട് റീഡി ന്റെ അഭിപ്രായം കവറിൽ അച്ചടിച്ചിരിക്കുന്നു. A book which searches very deeply into the social and philosophic foundations of modern art and presents a theory that is at once comprehensive and convincing എന്നു് റീഡ് പറയുന്നതു് വായിച്ചപ്പോൾത്തന്നെ തീരുമാനിച്ചു ആ പുസ്തകം അതിൽ പെൻസിൽ കൊണ്ടെഴുതിയ 21 രൂപ 30 പൈസയ്ക്കു് വാങ്ങണമെന്നു്. പരസ്യത്തിനു വേണ്ടി പ്രശംസിക്കുന്നവനല്ല റീഡ് എന്നെനിക്കു് അറിയാമായിരുന്നു. പക്ഷേ, പുസ്തകത്തിലുള്ള താല്പര്യം പുറത്തു കാണിച്ചില്ല. അതു തിരിച്ചു വച്ചിട്ടു വേറെ പലതും നോക്കി. അവസാനത്തിൽ ‘ഞാൻ പോകുന്നു ശിവശങ്കരൻ നായരേ’ എന്നു പറഞ്ഞു. അദ്ദേഹം ‘ശരി’ എന്നു മറുപടിയും തന്നു. എനിക്കു് പുസ്തകം വാങ്ങാതെ വരാനൊക്കുമോ? അതുകൊണ്ടു് ‘ഇത്രയും നിന്നതല്ലേ. എന്തെങ്കിലും വാങ്ങിക്കളയാം’ എന്നു് ഉറക്കെപ്പറഞ്ഞിട്ടു് പുസ്തകമെടുത്തു. ‘എന്തുവേണം വില?’ എന്നു് എന്റെ ചോദ്യം ശിവശങ്കരൻ നായരോടു്. അദ്ദേഹം എന്നെക്കാൾ ബുദ്ധിയുള്ളയാൾ. ശിവശങ്കരൻ നായർ പറഞ്ഞു: “സാറിനു് ആ പുസ്തകം ആവശ്യമുണ്ടെന്നു് എനിക്കറിയാം. അതിൽ എഴുതിയിരിക്കുന്ന 21 രൂപ 30 പൈസ തന്നാൽ പുസ്തകം കൊണ്ടു പോകാം. ഒരു പൈസ പോലും കുറച്ചുതരില്ല.” ഞാൻ ആ വിലകൊടുത്തു് പുസ്തകം വാങ്ങി. അതിലെ 360 പുറങ്ങളും രണ്ടു ദിവസം കൊണ്ടു് വായിച്ചു. ‘ഉജ്ജ്വലം’ എന്നു് പുസ്തകത്തിന്റെ അവസാനത്തെ താളിൽ എഴുതുകയും ചെയ്തു. പിന്നീടു് ആ ഗ്രന്ഥകാരന്റെ മറ്റു പുസ്തകങ്ങൾ തേടി നടന്നു ഞാൻ. അദ്ദേഹത്തിന്റെ ‘Proust’s Binoculars’, നേഷനൽ ബുക്ക് എവോർഡ് കിട്ടിയ ‘Marcel Proust’, ഇവ കരഗതങ്ങളായി. കഴിഞ്ഞ വർഷം ഷട്ടക്കിന്റെ ‘Candor and Perversion’ എന്നതു കിട്ടി. ‘അത്യുജ്ജ്വലം’ എന്നാണു് അതിന്റെ അവസാനത്തെ 389-ാമത്തെ പുറത്തിൽ എഴുതിയതു്. വായിക്കുക. നോബൽ ലോറിയിറ്റായ നേഡീൽ ഗോർഡിമർ “Roger Shattuck’s erudition is enviable and the brilliance of his discourse persuasive” എന്നു പറഞ്ഞതു് “എത്ര ശരി”യെന്നു് നിങ്ങളിൽ ഓരോ വ്യക്തിയും പറയും എന്നു് എനിക്കുറപ്പുണ്ടു്.

images/thebanquetyears.jpg

സാഹിത്യകൃതിയെക്കുറിച്ചു് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാൽ, അതിനു ശേഷം പുതുതായി ഒന്നും പറയാനില്ലെന്നു വന്നാൽ ആ സാഹിത്യകൃതി മരണമടഞ്ഞുവെന്നു് കരുതിക്കൊള്ളണമെന്നു് ആരോ എഴുതിയിട്ടുണ്ടു്. അതു് സത്യമാണെങ്കിൽ സി വി രാമൻ പിള്ളയുടെ നോവലുകളും ചന്തു മേനോന്റെ നോവലുകളും മരിച്ചു എന്നു തീരുമാനിക്കാം. തകഴി ശിവശങ്കര പിള്ളയുടെയും പി കേശവദേവിന്റെയും നോവലുകളും ചെറുകഥകളും വൈദ്യുതി ശ്മശാനത്തിൽ എരിഞ്ഞു ചാമ്പലായിട്ടു് കാലമെത്ര കഴിഞ്ഞു! വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പ് ഈ കവികളുടെ കൃതികളും മുകളിൽ പറഞ്ഞ മതമനുസരിച്ചു് മരിച്ചവയായി പരിഗണിക്കാം. ഉള്ളൂരിന്റെ ‘ഉമാകേരള’മെടുത്തു വച്ചു് നൂതനമായി എന്തെങ്കിലും എഴുതാൻ പറ്റുമോ? അതു് മനസ്സിലാക്കിയിട്ടാണു് എൻ. വി. കൃഷ്ണവാരിയർ വള്ളത്തോൾ കവിതയെ ‘സ്റ്റൈലിസ്റ്റിക്സ് ടെക്നിക്കി’ലൂടെ അപഗ്രഥിക്കാൻ ശ്രമിച്ചതു്. ആ യത്നം പരാജയപ്പെടുകയും ചെയ്തു. നിരൂപണം കൊണ്ടും വിമർശനം കൊണ്ടും ഉള്ളിലുള്ളതെല്ലാം വലിച്ചെടുക്കപ്പെട്ട വള്ളത്തോൾ കവിത സ്റ്റൈലിസ്റ്റിക്സ് കൊണ്ടു് വീണ്ടും ഉള്ളടക്കമുള്ളതാകുമോ? എൻ. വി. കൃഷ്ണവാരിയരുടെ കളി മണ്ടൻ കളിയാണെന്നു് അക്കാലത്തു് ശൂരനാട്ടു കുഞ്ഞൻ പിള്ള എന്നോടു് പറഞ്ഞു. എന്നാൽ എത്ര കോരിയെടുത്താലും ജലം മുകളിലേയ്ക്കു് ചാടുന്ന നീരുറവകളുണ്ടു്. തോമാസ് മന്നിന്റെ ‘മാജിക് മൗണ്ടൻ’, മെർവിലിന്റെ ‘മോബിഡിക്’ ഇവ അത്തരം നീരുറവകളാണു്. പ്രൂസ്തിന്റെ ‘In Search of Lost Time’ എന്ന മാസ്റ്റർപീസ് വേറൊരു നീരുറവയാണു്. അതിനാലാണു് പ്രൂസ്തിന്റെ നോവലിനെക്കുറിച്ചു് ആയിരത്തിലധികം നിരൂപണ ഗ്രന്ഥങ്ങളുണ്ടായിട്ടും ഷട്ടക്ക് ‘Proust’s Way’ എന്ന പുസ്തകം കൂടി എഴുതിയതു്. കഴിഞ്ഞ വർഷമാണു് (2000-ൽ) അതു് പ്രസിദ്ധപ്പെടുത്തിയതു്. ഞാനതു് കഴിഞ്ഞയാഴ്ച വായിച്ചു തീർത്തു. മഹനീയമായ അനുഭവമായി ഞാൻ അതിനെ കാണുന്നു.

ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ ഇവിടെയുള്ള കവികൾ ആ ആക്രമണത്തെ നിന്ദിച്ചു കവിതകൾ രചിച്ചു. അവ ചൈനീസു് ആക്രമണത്തെക്കാൾ നിന്ദ്യങ്ങളായിരുന്നു.

ഇത്തരം പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ സംഗ്രഹം നൽകാനാവില്ല. അപ്രധാനമായി ഒരു ഖണ്ഡിക പോലും കാണില്ല. അപ്പോൾ പിന്നെങ്ങനെ സംക്ഷേപിക്കും? കാലമാണു് പ്രൂസ്തിന്റെ പ്രധാനപ്പെട്ട വിഷയം. അതിനെക്കുറിച്ചു് ഷട്ടക്ക് പറയുന്നതു് എടുത്തെഴുതിക്കൊണ്ടു് ഞാൻ ഈ പ്രതിപാദനം അവസാനിപ്പിക്കാം.

“It conveys above all a sense of time deeply penetrated and linked to itself in wide loops of recall and recognition. This approach lends weight to the order and pacing of events and endorses the conception of a story as basically linear, or perhaps circular like time itself. In recent years, however, a number of critics have taken up their cudgels to make the opposite case. When one has finished the novel, they contend, when one can hold its parts in the mind, its true character reveals itself as that of a single whole which stands free of temporal order and lies spread out before us in space, like a painting.”

ചിത്രം പോലെ നോവൽ ശൂന്യപ്രദേശത്തു് പരന്നു കിടക്കുന്നതു് കാണാൻ പ്രൂസ്തിന്റെ നോവൽ വായിക്കുക. ആ കാഴ്ചക്കു് സഹായിക്കും ഷട്ടക്കിന്റെ ഉത്കൃഷ്ടമായ നിരൂപണഗ്രന്ഥം. (Proust’s Way, A field guide to In Search of Lost Time, Roger Shattuck, Allen Lane, The Penguin Press, pages 290.)

ധീരത വേണം
images/rebeccawest.jpg
റെബേക്ക വെസ്റ്റ്

റെബേക്ക വെസ്റ്റ് (Rebecca West, 1892–1983) സീമോൻ ദെ ബോവ്വാറി നെപ്പോലെ (Simone de Beauvoir, 1908–1986) ഫിലോസഫർ അല്ലായിരിക്കാം. എങ്കിലും എനിക്കിഷ്ടം റെബെക്കാ വെസ്റ്റിന്റെ രചനകളാണു്. അവരുടെ “Black Lamb and Grey Falcon” എന്ന ഗ്രന്ഥം ഞാൻ എത്ര പരിവൃത്തി വായിച്ചിട്ടുണ്ടെന്നു് പറയാൻ വയ്യ. അതുപോലെ Nuremberg trials നെക്കുറിച്ചുള്ള അവരുടെ “A Train of Powder” എന്ന പുസ്തകവും ഞാൻ എത്രയോതവണ വായിച്ചിട്ടുണ്ടു്. ഇരുപതാം ശതാബ്ദത്തിലെ സുശക്തങ്ങളായ പുസ്തകങ്ങളാണു് ഇവ. World’s No. 1 woman writer എന്നാണു് അവരെ വിളിച്ചിരുന്നതു്. പക്ഷേ, സ്വഭാവവൈകല്യം അവരെ കുപ്രസിദ്ധയാക്കി. മകൻ പോലും അവരെ വെറുത്തു. മരിക്കുന്ന വേളയിൽ അവരെ ആരും തിരിഞ്ഞു നോക്കിയില്ല. ഇതുപോലെ ചീത്ത സ്ത്രീയായിരുന്ന ജോർജ്ജ് എല്യറ്റ് എന്ന പ്രതിഭാശാലിനി. അച്ഛനെ അവർ ധിക്കരിച്ചു. കാമുകനോടു കൂടി (അയാൾക്കു് വേറെ ഭാര്യയുണ്ടായിരുന്നു) വളരെക്കാലം താമസിച്ചു. ഒടുവിൽ തന്നെക്കാൾ ഇരുപതു വയസ്സു കുറഞ്ഞ ഒരു യുവാവിനോടായി അവരുടെ ലൈംഗികബന്ധം. ഏതു് ദാമ്പത്യജീവിതവും തകർക്കാൻ ജോർജ്ജ് എല്യറ്റിനു് മടിയില്ലായിരുന്നു. അടുത്ത വീട്ടുകാർക്കു് ശല്യമുണ്ടാകുന്ന രീതിയിൽ അവർ സ്വന്തം വീട്ടിൽക്കിടന്നു നിലവിളിക്കുമായിരുന്നു (ജോർജ്ജ് എല്യറ്റിന്റെ ജീവചരിത്രങ്ങൾ വായിച്ച ഓർമ്മയിൽ നിന്നു്). റെബേക്ക വെസ്റ്റും ജോർജ്ജ് എല്യറ്റും സുനിയതങ്ങളായ സാന്മാർഗ്ഗിക നിയമങ്ങൾ ലംഘിച്ചു് പെരുമാറിയെങ്കിലും എനിക്കു് അവരോടു് ഒരു തരത്തിലുള്ള ബഹുമാനമുണ്ടു്. അതു് അവരുടെ ധീരത കണ്ടിട്ടാണു്. നേരെ മറിച്ചാണു് എന്റെ സ്ഥിതി. ഭീരുത്വമാണു് എന്റെ സ്വഭാവത്തിന്റെ സവിശേഷത. എന്നോടു് അപരാധം ചെയ്ത ആളിനോടു പോലും ഞാൻ മാപ്പു ചോദിക്കും.

ഈ ഭീരുത്വം കാണിച്ചുകൊണ്ടു് ഞാൻ പ്രഭാഷണവേദിയിൽ കയറി നിന്നു് ‘ക്ഷുദ്രം ഹൃദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ’ എന്ന ഗീതാശ്ലോകം ചൊല്ലുകയും ചെയ്യും. വീട്ടിൽ വന്നിരുന്നു്, ഒരു ദിവസമേ ജീവിക്കുന്നുള്ളുവെങ്കിലും ധീരതയോടെ ജീവിക്കണം എന്നു് വിചാരിക്കും. ‘മലയാളനാട്ടി’ൽ ഈ കോളമെഴുതിക്കൊണ്ടിരുന്ന വേളയിൽ എസ്. കെ. നായരോടു് പിണങ്ങി പലപ്പോഴും ‘ഞാൻ ഇനി എഴുതുകയില്ല’ എന്നു പറഞ്ഞിട്ടുണ്ടു്. അദ്ദേഹം ഉടനെ കൊല്ലത്തു നിന്നു് ഒന്നര മണിക്കൂർ കൊണ്ടു് തിരുവനന്തപുരത്തെത്തി എന്നോടു് അപേക്ഷിക്കും, കോളം മുടക്കരുതെന്നു്. ഞാൻ പരുക്കനായി പെരുമാറിയതു് ശരിയായില്ല എന്നു പറഞ്ഞ് എസ്. കെ യോടു് മാപ്പു ചോദിക്കും. കോളം മുടങ്ങാതെ എഴുതിക്കൊടുക്കുകയും ചെയ്യും. എന്റെ ഈ ഭീരുത്വം കണ്ടു് എന്റെ മകൻ ഒരിക്കൽ എന്നെ ഉപദേശിച്ചു. “അച്ഛനു് പണം വേണമെങ്കിൽ അപമാനം സഹിച്ചും എഴുതൂ. അല്ലാതെ ‘നിറുത്തിയിരിക്കുന്നു കോളം’ എന്നു പറഞ്ഞിട്ടു് വീണ്ടും എഴുതരുതു്. കോളം നിറുത്തിയെന്നു് മലയാളനാട്ടുകാരോടു് പറഞ്ഞാൽ പിന്നെ ജന്മകാലം എഴുതരുതു്.” മകന്റെ ഈ ഉപദേശമനുസരിച്ചു് എനിക്കു് ധീരതയോടെ കഴിയാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇനിയും ഞാൻ എന്നെ അപമാനിക്കുന്നവരോടു്, അസഭ്യം പറയുന്നവരോടു് മര്യാദയോടെ പെരുമാറും. വേണ്ടാത്ത സന്ദർഭത്തിൽ ആ കശ്മലന്മാരോടു് മാപ്പു ചോദിക്കുകയും ചെയ്യും. റെബേക്ക വെസ്റ്റും ജോർജ്ജ് എല്യറ്റും ധീരവനിതകളായിരുന്നു. ആ ധീരത മലയാളം വാരികയിൽ ‘വ്യതിയാനങ്ങൾ’ എന്ന കഥയെഴുതിയ എൻ. കെ. കണ്ണൻ മേനോൻ കാണിച്ചെങ്കിൽ എന്നാണു് എന്റെ ആഗ്രഹം. കഥയെഴുതാൻ പ്രേരണയുണ്ടാകുമ്പോൾ കണ്ണൻ മേനോനു് ആ പ്രേരണയോടു് പറയാം. ‘എനിക്കതിനു കഴിവില്ല, പ്രേരണേ അടങ്ങൂ’ എന്നു്. മലയാളം വാരികയിലെ ഇക്കഥയ്ക്കു് ‘ആന്റിഡിലൂവിയൻ’ സ്വഭാവമാണുള്ളതു്. അച്ഛനമ്മമാരെ പണത്തിനു വേണ്ടി പീഡിപ്പിക്കുന്ന മകൻ ആത്മഹനനം നടത്തിപോലും. പ്ലോട്ട് ആന്റിഡിലൂവിയൻ, ആവിഷ്കാരരീതി ആന്റിഡീലൂവിയൻ (മഹാപ്രളയത്തിനുമുൻപുള്ളതു്). ആത്മാവിന്റെ അഗാധതന്ത്രികളെ സ്പർശിക്കുന്നതാണു് സാഹിത്യം. അതു് സൃഷ്ടിക്കാൻ കണ്ണൻ മേനോനു് കഴിയുന്നില്ല.

നിരീക്ഷണങ്ങൾ
images/georgeeliot.jpg
ജോർജ്ജ് എല്യറ്റ്

1. സാഹിത്യജീവിതം ആരംഭിക്കുമ്പോൾ അസാധാരണമായ പ്രകാശം പ്രസരിപ്പിക്കുന്നവർ നേരത്തെ മരിക്കും. കീറ്റ്സ് 26-ാമത്തെ വയസ്സിൽ മരിച്ചു. ഷെല്ലി മുപ്പതാമത്തെ വയസ്സിലും. ആൻ ബ്രൊൻറ്റേയ് (ബ്രൊന്റി എന്നും) ഇരുപത്തിയൊൻപതാമത്തെ വയസ്സിലും. അവരുടെ സഹോദരിമാരായ ഷാർലറ്റ്, എമിലി ഇവർ യഥാക്രമം 39 വയസ്സിലും 30 വയസ്സിലും ചരമമടഞ്ഞു. എഡ്ഗർ അലൻപോ നാല്പതാമത്തെ വയസ്സിലാണു് മരിച്ചതു്. നമ്മുടെ ചങ്ങമ്പുഴ കൃഷ്ണപിള്ള യുവാവായിരിക്കെത്തന്നെ അന്തരിച്ചു. ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തില്ലെങ്കിലും നേരത്തെ പോകുമായിരുന്നെന്നു് എനിക്കു് തോന്നുന്നു. പ്രകൃതി നൽകുന്ന തേജസ്സു് ഇവരൊക്കെ ലോകത്തിനു് ഉപകാരപ്രദമായ വിധത്തിൽ പ്രദർശിപ്പിക്കുന്നു. പിന്നെ അവരെക്കൊണ്ടു് പ്രയോജനമില്ല. പ്രകൃതി അവരെ തിരിച്ചു വിളിക്കുന്നു. അത്രേയുള്ളൂ. നമ്മൾ അകാലചരമം എന്നുപറഞ്ഞ് ദുഃഖിക്കുന്നു.

2. പാൽകുളങ്ങര സരസ്വതിയമ്മ ഒരിക്കലും നല്ല കഥാകാരിയായി പ്രത്യക്ഷയായിട്ടില്ല, അവരുടെ വിരസങ്ങളായ രചനകളെല്ലാം സമാഹരിച്ചു് പത്തായത്തിന്റെ മട്ടിൽ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ചു, ഏതാനും മാസങ്ങൾക്കു മുൻപു്. പുസ്തകത്തിന്റെ ‘കോർപ്യൂലൻസും’ (തടിച്ച അവസ്ഥ) സരസ്വതിയമ്മയുടെ പ്രതിഭയും തമ്മിൽ ഒരു ബന്ധവുമില്ല.

3. ഫുട്ബോളിന്റെ വലിപ്പമുള്ള ഓറഞ്ച് വാങ്ങി തോടു് പൊളിച്ചു നോക്കുമ്പോൾ ഒരു മില്ലീമീറ്റർ നീളത്തിൽ പുളിച്ച സാധനം ഇതളെന്ന പേരിൽ അകത്തു കണ്ടാൽ നമുക്കു് എന്തു തോന്നും? എന്തു തോന്നുമോ അതുതന്നെയാണു് അവരുടെ പുസ്തകം കണ്ടപ്പോൾ എനിക്കും തോന്നിയതു്. ഇപ്പോൾ കുറെ ഫെമിനിസ്റ്റുകൾ അവരെ പൊക്കിക്കൊണ്ടു് നടക്കുന്നു. അതിലും കഥയില്ല. സരസ്വതിയമ്മ പുരോഗമനക്കാരിയായ ഫെമിനിസ്റ്റ് ആയിരുന്നില്ല.

4. പഞ്ഞിക്കെട്ടിൽ തീപിടിച്ചപോലെ അഗ്നിശോഭ പ്രസരിപ്പിക്കുന്ന മനസ്സു്, കലാസൃഷ്ടിയുടെ ആന്തരതലത്തിലേക്കു് കടക്കാനുള്ള വൈദഗ്ദ്ധ്യം, വിശ്വസാഹിത്യകൃതികളുടെ പാരായണം കൊണ്ടു് സംസ്കാരമാർജ്ജിച്ച ചിത്തവൃത്തികൾ ഇവയുള്ളവനേ നല്ല നിരൂപകനാകാൻ കഴിയൂ. നമ്മുടെ നിരൂപകന്മാരിൽ ഒന്നോ രണ്ടോ പേരൊഴിച്ചാൽ ശേഷമുള്ളവർക്കെല്ലാം ഈ മൂന്നുതലങ്ങളിലും ശൂന്യതയാണുള്ളതു്. എങ്കിലും അവർ പത്രങ്ങളുടെയും വാരികകളുടെയും താളുകൾ മെനക്കെടുത്തിക്കൊണ്ടിരിക്കുന്നു. കുറച്ചു കാലം മുൻപു് ‘കാളിദാസൻ തൊട്ടു് നീലമ്പേരൂർ മധുസൂദനൻ നായർ വരെ’ എന്നൊരു കാഴ്ച്ച ഞാൻ കണ്ടതായി ഓർമ്മ. ഇവിടെ ലിറ്ററേച്ചർ ലവ് അല്ല, ഫ്രന്റ് ലവിനാണു് പ്രാധാന്യം. ഈ ഫ്രന്റ് ലവിനെ അദ്ദേഹം ആഴ്ചതോറും പരിപോഷിപ്പിക്കുന്നു. പരിപോഷിപ്പിക്കട്ടെ. എന്നെങ്കിലും എഡിറ്റർ ഇതറിയാതിരിക്കില്ല.

5. നമ്മുടെ താൽക്കാലികമായ വൈകാരികാവസ്ഥയോടു് ബന്ധപ്പെട്ടിട്ടാണു് പ്രബന്ധങ്ങൾ (essays) ആസ്വദിക്കപ്പെടുക. എന്നാൽ സമുന്നതങ്ങളായ പ്രബന്ധങ്ങളുടെ ആസ്വാദനത്തിനു് ഈ വൈകരികാവസ്ഥ വേണ്ട. മനസ്സു് ഏതു നിലയിലും ഇരിക്കട്ടെ.ആൽഡസ് ഹക്സിലി, ബർട്രൻഡ് റസ്സൽ, വാർഗാസ് യോസ, ഇവരുടെ രചനകളുടെ മഹത്വം നമ്മൾ കണ്ടറിയുന്നതിൽ മനസ്സിന്റെ വൈകാരികാവസ്ഥയ്ക്കു് ഒരു പങ്കുമില്ല. Maurice Blanchot എന്ന നിരൂപകന്റെ നിരൂപണ ഗ്രന്ഥങ്ങൾ ഞാൻ ഏറെ വായിച്ചിട്ടുണ്ടു്. ഓരോന്നും നിസ്തുലം, അന്യാദൃശം എന്നേ പറഞ്ഞുകൂടൂ. ഇവരെപ്പോലെ എഴുതുന്നവർ ആരുണ്ടു് കേരളത്തിൽ?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-12-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: S Sreeja; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.