സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2001-12-28-ൽ പ്രസിദ്ധീകരിച്ചതു്)

images/Wordsworth.jpg
വേഡ്സ്വർത്

ഇംഗ്ലീഷ് കവി വേഡ്സ്വർത് (Wordsworth 1770–1850) മരിച്ചപ്പോൾ ‘ഡെമക്രറ്റിക് റിവ്യൂ’ എന്ന ജേണലിന്റെ എഡിറ്റർ അനുശോചനം രേഖപ്പെടുത്തിയതു് ഇങ്ങനെയാണു്. വേഡ്സ്വർത് എന്ന കവി എൺപതാമത്തെ വയസ്സിൽ ഏപ്രിൽ 23-ആം തീയതി മരിച്ചു. ഈ മരണം അറിയിക്കുമ്പോൾ ഞങ്ങൾക്കു വലിയ ദുഃഖത്തിന്റെ ബോധം ഉണ്ടെന്നു പറഞ്ഞുകൂടാ. കാരണം ബേൺസ്, ബൈറൻ, ഷെല്ലി ഇവരെപ്പോലെയുള്ള കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തെ ഞങ്ങൾക്കു് ഉൾപ്പെടുത്താൻ സാധിക്കുകയില്ല എന്നതാണു്. ആ കവികൾ സ്വാതന്ത്രത്തിനുവേണ്ടിയുള്ള ആത്മപ്രചോദകങ്ങളായ പ്രാർത്ഥനകൾ കൊണ്ടും അതിനെ ലക്ഷ്യമാക്കിയുള്ള ശാശ്വതങ്ങളായ അഭിലാഷങ്ങൾകൊണ്ടും ജനതയുടെ എല്ലാക്കാലത്തേക്കുമുള്ള ആരാധനയ്ക്കു പാത്രമായവരാണു്. പ്രഭുവർഗ്ഗത്തിന്റെ പ്രതിഫലം പറ്റുന്ന അടിമയ്ക്കും രാജവാഴ്ചയുടെ ഇത്തിൾക്കണ്ണിക്കും—പെൻഷൻപറ്റിയ ഇത്തിൾക്കണ്ണിക്കും-വേണ്ടി ചൊരിയാൻ അവർക്കു കണ്ണീരില്ല.

വേഡ്സ്വർത് ഈ രീതിയിൽ ആക്ഷേപിക്കപ്പെടണോ എന്ന ചോദ്യമിരിക്കട്ടെ. ഇതു പ്രസിദ്ധപ്പെടുത്തിയ എഡിറ്ററുടെ ധൈര്യം അന്യാദൃശ്യമല്ലേ? എത്രയോ വായനക്കാരെ ഇതുകൊണ്ടു് അദ്ദേഹം മുറിവേല്പിക്കും? വായനക്കാർ ജേണലിനെ എല്ലാക്കാലത്തേക്കുമായി ഉപേക്ഷിക്കുകയല്ലേ? എന്ന വിചാരമൊന്നും എഡിറ്റർക്കില്ല. തനിക്കു ശരിയെന്നു തോന്നുന്നതു് അദ്ദേഹം എഴുതുന്നു. പ്രസിദ്ധപ്പെടുത്തുന്നു. ഇതാണു് ധൈര്യം. ഈ ധീരത നമ്മുടെ ദിനപത്രങ്ങളും കാണിക്കണമെന്നു് എനിക്കു് വിനയാന്വിതമായ നിർദ്ദേശമുണ്ടു്. ഒരുപക്ഷേ, നമ്മുടെ എഡിറ്റർമാർ മഹാമനസ്കതയുള്ളവയായിരിക്കും.

മലയാളത്തിൽ ഉണ്ടാകുന്ന കഥകൾ മാത്രം വായിച്ചു കൊണ്ടിരുന്നാൽ ‘മെന്റൽ ഡിപ്രെഷൻ’ ഉണ്ടാകും.

തങ്ങളെ പുലഭ്യം പറഞ്ഞ ആളുകൾ മരിക്കുമ്പോൾ അവർ നീരസം മറന്നു് വലിയ അക്ഷരത്തിൽ ചരമവാർത്ത പ്രസിദ്ധപ്പെടുത്താറുണ്ടു്. അതു് പത്രത്തിന്റെയും അതിന്റെ അധിപരുടെയും സംസ്കാരവിശേഷമായി കാണാവുന്നതാണു്. എങ്കിലും ഇംഗ്ലണ്ടിലെ ജേണൽ കാണിച്ച ആ ധീരതയാണു് എനിക്കേറെ ഇഷ്ടം. ധീരത വരുമ്പോൾ ഭാഷയ്ക്കു് ശക്തിവരും. ആ ശക്തിയാണു് അമേരിക്കൻ സാഹിത്യകാരിയായ സിന്തിയ ഓസിക്കിന്റെ രചനകളിൽ (Cynthia Ozick, 1928) ഉള്ളതു്. അവരുടെ ‘The Shawl’ എന്ന കൊച്ചുകഥ സുന്ദരമാണു്, ശക്തമാണു്. റോസയും അവളുടെ കുഞ്ഞു് മാഗ്ദയും റോഡിലൂടെ പോകുകയാണു്. റോസ പതിനാലു വയസ്സുള്ള കനംകുറഞ്ഞ പെൺകുട്ടിയാണു്. തീരെ കനംകുറഞ്ഞ മുലകൾ. മാഗ്ദയെ കൊടുംതണുപ്പിൽനിന്നും രക്ഷിക്കാനായി അമ്മ അതിനെ പുതപ്പുകൊണ്ടു് മൂടിയിട്ടുണ്ടു്. മാഗ്ദ അമ്മയുടെ മുലക്കണ്ണു വായിലാക്കി. പാലില്ല. ചിലപ്പോൾ മാഗ്ദ വായുവായിരിക്കും ഉള്ളിലേക്കു വലിച്ചെടുക്കുക. അപ്പോൾ അതു നിലവിളിക്കും. കുഞ്ഞിനു് അമ്മയുടെ ഛായയില്ല. വട്ടമുഖം. അതു വേറൊരു മുഖമാണു്. പക്ഷേ, അതിനു് നീലക്കണ്ണുകളുണ്ടു്.

images/Byron.jpg
ബൈറൻ

തടങ്കൽപ്പാളയത്തിലേക്കു് നാസ്തികൾ റോസയെയും മറ്റുള്ളവരെയും കൊണ്ടുപോവുകയാണു്. മാർഗ്ഗമധ്യേ ഏതെങ്കിലും സ്ത്രീയുടെ കൈയിലേക്കു് മാഗ്ദയെ വച്ചുകൊടുക്കണമെന്നുണ്ടു് റോസയ്ക്കു്. പക്ഷേ, വരിയിൽനിന്നു മാറിയാൽ അവർ അവളെ വെടിവച്ചുകൊല്ലും. നല്ല കുഞ്ഞാണു് മാഗ്ദ. അതു കരയുന്നതേയില്ല. പാലില്ലാത്ത മുലക്കണ്ണു് ഉപേക്ഷിച്ചു് കുഞ്ഞു് പുതപ്പിന്റെ ഒരു അറ്റം വലിച്ചുകുടിച്ചുതുടങ്ങി. നൂലുകൾ നനച്ചു് അതു് വലിച്ചുകുടിച്ചു. വലിച്ചുകുടിച്ചു. പുതപ്പിനു മാന്ത്രികത്വമുണ്ടോ? മൂന്നു പകലും മൂന്നു രാത്രിയും അതിനു ശിശുവിനെ പാലുകുടിപ്പിക്കാൻ കഴിയും. റോസയുടെ കൂടെ നടക്കുന്ന സ്റ്റെല്ല കുഞ്ഞിനെ നോക്കി ‘ആര്യൻ’ എന്നു രണ്ടുതവണ പറഞ്ഞു.

റോസയ്ക്കു് അറിയാം മാഗ്ദ വളരെവേഗം മരിക്കുമെന്നു്. അവർ പട്ടാളത്താവളത്തിൽ എത്തി. മാഗ്ദ ശബ്ദിക്കില്ല. പക്ഷേ, അതിന്റെ കണ്ണുകൾ ഭയജനകമായ വിധത്തിലത്രേ. അതു് പുതപ്പിനെ സംരക്ഷിച്ചു. അമ്മയല്ലാതെ വേറെ ആരും അതു തൊടാൻ പാടില്ല. ആ താവളത്തിൽ ‘റോൾ കോൾ’ ഉണ്ടു്. പുതപ്പിൽ കുഞ്ഞിനെ ഒളിച്ചുവച്ചു് റോസ ഹാജർ വിളിക്കുന്നിടത്തുചെന്നു നില്ക്കും. മുലക്കണ്ണു വരണ്ടതിനുശേഷം കുഞ്ഞു് മിണ്ടിയിട്ടില്ല. ഒരു ദിവസം “അമ്മേ… ” എന്നു് നിലവിളിച്ചു. പുതപ്പു് പട്ടാളത്താവളത്തിൽ ആയിപ്പോയി. അതു കുടിക്കാൻ കിട്ടാതെയാണു് കുഞ്ഞു് നിലവിളിച്ചതു്. റോസ ഓടിച്ചെന്നു് അതെടുത്തു കൊണ്ടുവന്നു.

ഹാജർ വിളിക്കുന്നിടത്തു് ഉരുക്കുവേലിയുണ്ടു്. അതിൽ വിദ്യുച്ഛക്തി പ്രവഹിക്കുന്നുണ്ടു്. വായു മാത്രമുള്ള വയറോടുകൂടി മാഗ്ദ പുതപ്പിനുവേണ്ടി കൈ ഉയർത്തി. പക്ഷേ, കുഞ്ഞു് ആരുടെയോ തോളിൽ ചലനംകൊള്ളുകയാണു്. ആ തോളിനുമുകളിൽ പട്ടാളക്കാരൻ ധരിക്കുന്ന ലോഹത്തൊപ്പി. ആ തൊപ്പിക്കു് താഴെ കറുത്ത ശരീരം. താഴെയായി കറുത്ത ബൂട്ട്സ്. വിദ്യുച്ഛക്തി ശബ്ദങ്ങൾ അനിയന്ത്രിതമായി “അമ്മേ… ” എന്നു വിളിക്കാൻ തുടങ്ങി. പൊടുന്നനെ പതിനഞ്ചു മാസം പ്രായമുള്ള മാഗ്ദ വായുവിലൂടെ നീന്തി. വെള്ളിമുന്തിരിച്ചെടിയെ തൊടാൻ പോകുന്ന ചിത്രശലഭംപോലെ കാണപ്പെട്ട മാഗ്ദ. ആ കുഞ്ഞിനെ ഉരുണ്ട തലയും പെൻസിൽ കാലുകളും ബലൂൺ പോലെയുള്ള വയറും ഉരുക്കുവേലിയിൽ തെന്നിതെറിച്ചു. വിദ്യുച്ഛക്തി പ്രവഹിക്കുന്ന വേലിയ്ക്കടുത്തു് മാഗ്ദ വീണിടത്തു് റോസയ്ക്കു ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. അവൾ ഓടിച്ചെന്നാൽ. കമ്പുപോലെയുള്ള മാഗ്ദയുടെ ശരീരമെടുത്താൽ അവർ വെടിവയ്ക്കും. റോസ അനങ്ങിയില്ല. പുതപ്പു് അവൾ വായിലേക്കു് തിരുകി. വായിലേക്കു് തിരുകിക്കയറ്റി നിലവിളി അങ്ങനെ അവൾ വിഴുങ്ങി. മാഗ്ദയുടെ തുപ്പൽ പുരണ്ട പുതപ്പു് ഉണങ്ങുന്നതുവരെ അവൾ വലിച്ചുകടിച്ചു.

എന്റെ ഈ കഥാസംഗ്രഹം കലാകൊലപാതകമായിപ്പോയി എന്നു് എനിക്കറിയാം. അതുകൊണ്ടു് വായനക്കാർ ഇംഗ്ലീഷ് കഥതന്നെ വായിക്കണമെന്നാണു് എന്റെ അഭ്യർത്ഥന. വായിച്ചാൽ അവർ സന്ത്രാസത്തിനു വിധേയരാകും. കലയുടെ ശക്തിയും സൗന്ദര്യവും കണ്ടു് അത്ഭുതപ്പെടും.

images/EMS.jpg
ഇ. എം. എസ്സ്

ആറു ദശലക്ഷം യൂറോപ്യൻ ജൂതന്മാരെ കൊന്നൊടുക്കിയതിനെയാണു് ഹോലകൊസ്റ്റ് (Holocaust) എന്നു പറയുന്നതു്. എണ്ണമറ്റ ആ വധങ്ങൾ ജനിപ്പിച്ച വിഷാദവും ഞെട്ടലും ഈ ചെറിയ കഥ ജനിപ്പിക്കുന്നുണ്ടു്. നാത്സി തടങ്കൽപ്പാളയത്തിലേക്കു ജൂതരെ കൊണ്ടുപോകുന്നതു് വർണ്ണിക്കുകയാണു് ജൂതവംശജരായ സിന്തിയ ഓസിക്. പതിന്നാലുവയസ്സേയുള്ളു റോസയ്ക്കു്. എങ്കിലും അവൾ അമ്മയായി. ഏതെങ്കിലും നാത്സി അവളെ ബലാത്സംഗം ചെയ്തിരിക്കും. റോസയുടെ കൂടെയുള്ള സ്റ്റെല്ല കുഞ്ഞിനെ നോക്കി ആര്യൻ എന്നു രണ്ടുതവണ വിളിച്ചതു് ഇതു ലക്ഷ്യമാക്കിയാണു്. അച്ഛനാരായാലും പെറ്റ സ്ത്രീയ്ക്കു കുഞ്ഞിനോടു അതിരറ്റ സ്നേഹമാണല്ലോ. അതിനു് ആപത്തു വരാതിരിക്കാൻ വേണ്ടി പുതപ്പിൽ പൊതിഞ്ഞു വക്ഷസ്സിൽ ഒളിച്ചുവയ്ക്കുന്ന റോസ. ചിലപ്പോൾ കുഞ്ഞു കരയാൻ തുടങ്ങിയാൽ അവൾ പുതപ്പുകൊണ്ടുതന്നെ അതിന്റെ വായ് പൊത്തിപ്പിടിക്കും.

മാഗ്ദ പുതപ്പു കിട്ടാതെ കരഞ്ഞതാണു് ദുരന്തത്തിന്റെ കാരണം. കുഞ്ഞിന്റെ വാ പൊത്തിപ്പിടിച്ചു് നിശ്ശബ്ദത ഉണ്ടാക്കുന്നു റോസ. ഒരു ശബ്ദവും ഒരിടത്തുനിന്നും ഉയരുന്നില്ല. ആ നിശ്ശബ്ദത ഭഞ്ജിക്കപ്പെട്ടപ്പോൾ മരണമുണ്ടായി. ജൂതന്മാർ ശബ്ദമുയർത്തിയാൽ മരണത്തിനു് അഭിമുഖീഭവിക്കാൻ നിർബ്ബദ്ധരാകും എന്നാവാം സിന്തിയ ഓസിസ് പറയുന്നതു്. ഇതുപോലെ majestic ആയ കഥകളാണു് പ്രിയപ്പെട്ട വായനക്കാർ വായിക്കേണ്ടതു്. മലയാളത്തിൽ ഉണ്ടാകുന്ന കഥകൾ മാത്രം വായിച്ചുകൊണ്ടിരുന്നാൽ ‘മെന്റൽ ഡിപ്രെഷൻ’ ഉണ്ടാകും.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങളുടെ വീട്ടിൽ ഹോട്ട്പ്ലെയ്റ്റ് ഉണ്ടോ? കംപ്യൂട്ടറുണ്ടോ? ഇന്റർനെറ്റ് പ്രിന്റ് ഔട്ട് എടുക്കാൻ സൗകര്യമുണ്ടോ? നിങ്ങളുടെ വീട്ടിൽ AC Rooms ഉണ്ടോ? നിങ്ങൾക്കു കാറുണ്ടോ?

ഉത്തരം: ഇത്തരം വൾഗർ മാറ്റേഴ്സിൽ എനിക്കു താൽപര്യമില്ല. പാവ്ലോ നേറൂദായുടെയും പെസ്സോയുടെയും റ്റ്സോലാന്റെയും കവിതകളുണ്ടു് എന്റെ വീട്ടിൽ.

ചോദ്യം: നിങ്ങൾക്കു മരണം ഞെട്ടലുണ്ടാക്കിയിട്ടുണ്ടോ?

ഉത്തരം: ഞാൻ ചിറ്റൂർക്കോളേജിൽ, അദ്ധ്യാപകനായിരിക്കുമ്പോൾ ബി. എസ്. സി. ക്ലാസ്സിൽ ഉഷ എന്നൊരു പെൺകുട്ടി പഠിച്ചിരുന്നു. കോളേജ് ബ്യൂട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ കുട്ടി എന്റെ മകളുടെ ക്ലാസ്സ് മെയ്റ്റായിരുന്നു. പാലക്കാട്ടു് ചെർപ്ലശ്ശേരി പനങ്ങാട്ടുവീട്ടിൽ പി. ജി. മേനോന്റെ മകൾ. എല്ലാ സിദ്ധികളുമുണ്ടായിരുന്നു ആ കുട്ടിക്കു്. പാടും, നൃത്തം ചെയ്യും. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങും. ഉഷ കൂട്ടുകാരികളുമായി ചിറ്റൂരിൽ ഞാൻ താമസിച്ച വീടിൽ പലതവണ വന്നിട്ടുണ്ടു്. എന്റെ മകളുമായി സംസാരിക്കാൻ. ഒരു വർഷം മുമ്പു് എനിക്കു് ഉഷയുടെ കത്തു് കിട്ടി. താൻ ഒരു സ്ക്കൂളിന്റെ ഹെഡ്മിസ്റ്റ്രസാണെന്നു് അറിയിച്ചുകൊണ്ടു്. ഈ മാസം ആദ്യത്തെ ആഴ്ചയിൽ ഉഷയുടെ മകന്റെ വിവാഹമാണെന്നു് അറിയിക്കുന്ന കത്തു കിട്ടി. അവരുടെ ഭർത്താവു് പി. കെ. വേണുഗോപാൽ അയച്ച കത്തു്. അതിൽ Son of late Smt. Usha എന്നു കണ്ടു ഞാൻ നടുങ്ങിപ്പോയി. ആ നടുക്കത്തോടെയാണു് ഞാൻ ഈ വരികൾ കുറിക്കുന്നതു്. നന്മയുള്ളവർ വേഗം പോകുന്നു. നന്മയില്ലാത്ത ഞാൻ ജീവിച്ചിരിക്കുന്നു.

ചോദ്യം: ചങ്ങമ്പുഴസ്തുതി നിങ്ങൾ അവസാനിപ്പിച്ചോ?

ഉത്തരം: നിങ്ങൾക്കു അറിയാൻ പാടില്ലാത്തതിനു് എനിക്കു് എന്തുചെയ്യാം? വിശ്വസാഹിത്യത്തിലാണു് ചങ്ങമ്പുഴയുടെ സ്ഥാനം. പോൾ വെർലേൻ പോലും ചങ്ങമ്പുഴയുടെ ഒരു രോമത്തിനു് വിലപിടിക്കില്ല. ഇവിടെ കുറെ വിവരം കെട്ടവർ ചങ്ങമ്പുഴയെക്കാൾ വയലാർ രാമവർമ്മയാണു് വലിയ കവി എന്നു പറഞ്ഞു നടക്കുന്നു. ഏഭ്യത്തരം.

ചോദ്യം: പി. കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവൽ മാസ്റ്റർപീസല്ലേ?

ഉത്തരം: എട്ടരക്കട്ടയിലുള്ള നിലവിളിയാണു് ആ നോവൽ. ചവറാണതു്.

ചോദ്യം: കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തെക്കുറിച്ചു് നിങ്ങൾക്കുള്ള അഭിപ്രായം വേറെ ആർക്കെങ്കിലുമുണ്ടോ?

ഉത്തരം: വ്യക്തിവിവേകകാരന്റെ ശിഷ്യനാണു് കുട്ടികൃഷ്ണമാരാർ. അദ്ദേഹത്തിന്റെ വഴിപിഴച്ച യുക്തിയാണു് മാരാർക്കുമുള്ളതു്. ‘ഭാരതപര്യടന’ത്തെ ആയിരംകൊണ്ടു ഗുണിച്ചാൽ ‘വ്യക്തിവിവേകം’ ഉണ്ടാകും. ധിഷണാശാലിയായ ബാലചന്ദ്രൻ ചുള്ളിക്കാടു് എന്നോടു പറഞ്ഞു. വാല്മീകിയാരെന്നും വ്യാസൻ ആരെന്നും കുട്ടികൃഷ്ണമാരാർക്കു് അറിഞ്ഞുകൂടെന്നു്. സത്യം. ഇന്നത്തെ സംസ്കൃതപണ്ഡിതന്മാരിൽ (ഇന്ത്യയിലെ പണ്ഡിതന്മാരെയാണു് ഞാൻ ഉദ്ദേശിക്കുന്നതു്) അദ്വീതയനാണു് എം. എച്ച്. ശാസ്ത്രികൾ. അദ്ദേഹം പറയും. മാരാർ ധർമ്മത്തെയാകെ അധർമ്മമായി കണ്ടുവെന്നു്. അധർമ്മമെല്ലാം മാരാർക്കു ധർമ്മമാണെന്നു ഞാനും പറയും. പലരും ധരിച്ചിരിക്കുന്നു അദ്ദേഹം സംസ്കൃതപണ്ഡിതനാണെന്നു്. അതു ശരിയല്ല. സാഹിത്യനിരൂപണത്തിൽ എം. ആർ. നായർ കാണിക്കുന്ന പ്രഗല്ഭത മാരാർക്കില്ല. റ്റാഗോറിന്റെ മൃത്യുബോധത്തെക്കുറിച്ചു് അദ്ദേഹമെഴുതിയ ‘മൃത്യുശ്ച’ എന്ന പ്രബന്ധംപോലെ ഒരു പ്രബന്ധം കുട്ടികൃഷ്ണമാരാർക്കു എഴുതാനാവില്ല. മൂല്യനിർണ്ണയത്തിൽ ഭാവസംദൃബ്ധതയിൽ (Sensibility) മുണ്ടശ്ശേരി എത്രയോ ഉയർന്നുനില്ക്കുന്നു മാരാരെക്കാൾ. പലപ്പോഴും ഞാൻ പറഞ്ഞ ഇക്കാര്യം ഇനി ആവർത്തിക്കില്ല.

ചോദ്യം: ശാകുന്തളം നാടകത്തിലെ ‘ക്ഷാമക്ഷാമകപോലെ മനനമുരഃ കാഠിന്യമുക്തകസ്തനം’ എന്ന ശ്ലോകത്തിലെ ക്ഷാമക്ഷാമ പ്രയോഗത്തിനു് അതിക്ഷാമമെന്നല്ല. അർത്ഥമെന്നും ക്ഷാമപ്രായം (ഏതാണ്ടു ക്ഷാമം) എന്ന അർത്ഥമേയുള്ളുവെന്നും നിങ്ങൾ പറഞ്ഞു. ഇതിനു് വ്യാകരണസമ്മതമുണ്ടോ?

ഉത്തരം: M. R. Kale പറയുന്നു: Technically this means ഈഷത്ക്ഷാമ, somewhat emaciated, the doubling of the attribute is by the sutra പ്രകാരേഗുണവചനസ്യ… ക്ഷാമ ക്ഷാമമെന്നതു് അതിക്ഷാമമെന്നു് വ്യാഖ്യാനിക്കുന്നവരുണ്ടു്. അപ്പോൾ ശകുന്തളയുടെ കവിൾ സോഡാക്കുപ്പിപ്പോലെ ഒട്ടിപ്പോയെന്നു വരും. അങ്ങനെ കവിളൊട്ടിയ ശകുന്തള ആലംബനവിഭാവമാണെന്നു് ഓർക്കണം. അവളെക്കണ്ടാൽ ദുഷ്യന്തന്റെ രതി എന്ന സ്ഥായിഭാവത്തിനു് ഉദ്ദീപനം ഉണ്ടാവുകയില്ല. അതു് ശൃംഗാരരസമായിത്തീരുകയില്ല. അതിനാൽ ‘ഒട്ടീ ഹന്ത കവിൾത്തടം’ എന്ന തർജ്ജമ അബദ്ധമാണു്. മന്ദമന്ദം = അതിമന്ദമെന്ന അർത്ഥമല്ല. ഏതാണ്ടു് മന്ദം എന്നാണു്. ശുക്ലശുക്ലം = അതിയായി വെളുത്തതു് എന്ന അർത്ഥമല്ല. ശുക്ലപ്രായം = ഏതാണ്ടു് വെളുത്തതു് എന്നേ അർത്ഥം പറയാനാവൂ.

ഭൃലോങ്

നിന്ദനവും അപമാനനവും ക്ഷതമേല്പിക്കലും ഉണ്ടാകുമെന്നു് മുൻകൂട്ടി അറിഞ്ഞാലും അന്യർക്കു് ഉപകാരം ചെയ്യണം നമ്മൾ.

ഗ്രാമപ്രദേശത്തുചെന്നു് ആരുടെയെങ്കിലും വീടു് എവിടെയാണെന്നു ചോദിച്ചിട്ടുണ്ടോ എന്റെ വായനക്കാർ? ചോദിച്ചാൽ പട്ടണത്തിലെ പൗരനോടു ചോദിച്ചാൽ കിട്ടുന്ന മറുപടിയല്ല കിട്ടുന്നതു്. നഗരത്തിൽ കഴിഞ്ഞുകൂടുന്നവൻ ‘ആ അറിയില്ല’ എന്നു പറയും. ഗ്രാമീണർ അങ്ങനെയല്ല. ഉടനെ അനുകൂലമായ മറുപടി നല്കും. “ഈ റോഡിലൂടെ അര ഭൃലോങ് പോകണം. ആ അരഭൃലോങ് അവസാനിക്കുന്നിടത്തു് വലത്തോട്ടു് ഒരു ചെറിയ പാത കാണാം. അതിൽ കാൽ ഭൃലോങ് പോയി ഇടത്തോട്ടു് തിരിഞ്ഞാൽ അഞ്ചാമത്തെ വീടാണതു്.” (ഫർലോങ്ങാണു് ഗ്രാമവാസികളുടെ ഭൃലോങ്) കൃതജ്ഞതാഭരിതമായ നേത്രങ്ങൾകൊണ്ടു് അയാളെ ഒന്നു നോക്കിയിട്ടു് നമ്മൾ നടക്കുന്നു. നടത്തം അനവരതമാണു്. പകുതി ഭൃലോങ് അല്ല. രണ്ടു മൈൽ നടന്നാലേ ആ വലത്തോട്ടുള്ള വഴി കാണൂ. (ഗ്രാമപ്രദേശത്തു പാർക്കുന്നവർക്കെല്ലാം രണ്ടു മൈൽ അരഭൃലോങ് ആണു്) കാൽ ഭൃലോങ് എന്നു പറഞ്ഞതു് ഒരു മൈലാണെന്ന സത്യം നടക്കുമ്പോൾ ബോധപ്പെടും. നടന്നുചെല്ലൂ. ഒരു വീടുപോലും അവിടെയെങ്ങും കാണില്ല. മാത്രമല്ല, Dead end-ലാണു് നമ്മൾ എത്തിയതെന്നും മനസ്സിലാക്കും. (റോഡ് അവസാനിക്കുന്നിടം dead end. പിന്നീടു് മുന്നോട്ടുപോകാൻ വയ്യ.) ചന്ദ്രമതി ഭാഷാപോഷിണിയിൽ എഴുതിയ ‘തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ’ ഇതുപോലെയൊരു ‘ഡെഡ് എൻഡിൽ’ വായനക്കാരെ കൊണ്ടുചെല്ലുന്നു. മത്തായിച്ചൻ രാവിലെ നടക്കുമ്പോൾ മാടൻ വിഗ്രഹത്തെ കാണുന്നു. മാടന്റെ അടുത്തു ദേവിയുടെ വിഗ്രഹം. അല്പംകഴിഞ്ഞു അയാൾ തിരിച്ചുവരുമ്പോൾ വിഗ്രഹങ്ങൾ കാണാനില്ല. (അതോ നേരെമറിച്ചോ?) അങ്ങോട്ടു പോകുമ്പോൾ വിഗ്രഹങ്ങളില്ല. തിരിച്ചുവരുമ്പോൾ അവ സ്റ്റെഡിയായി നില്ക്കുന്നു. ശരിയേതെന്നു കണ്ടുപിടിക്കാൻ മാർഗ്ഗമില്ല. ചന്ദ്രമതിയുടെ കഥ വായിച്ചതിനുശേഷം മാസിക നഷ്ടപ്പെട്ടുപോയി.) ഗ്രാമീണരുടെ ഇടയിൽ ബഹളം. അവർ മാടനെയും ദേവിയെയും കെട്ടിടത്തിനുള്ളിലാക്കി. അപ്പോഴും അപ്രത്യക്ഷമാകലിനും പ്രത്യക്ഷമാകലിനും മാറ്റമില്ല. ഇങ്ങനെ കഥ അവസാനിക്കുന്നു. സി. വി. രാമൻപിള്ള പറഞ്ഞപോലെ ‘അന്തവും കുന്ത’വുമില്ലാതെയുള്ള പര്യവസാനം വിഗ്രഹത്തിന്റെ പ്രത്യക്ഷസ്വഭാവത്തിനും അപ്രത്യക്ഷസ്വഭാവത്തിനും എന്തേ അർത്ഥം? സൂചകപദങ്ങൾപോലുമില്ല അതു മനസ്സിലാക്കാൻ. വായിൽവന്നതു കോതയ്ക്കു പാട്ടു് എന്ന മട്ടിലാണു് ചന്ദ്രമതി കഥയെഴുതുന്നതു്. കേന്ദ്രത്തിൽ നില്ക്കുന്ന പ്രമേയമില്ല. വേണ്ടാത്തതൊക്കെ വിരസമായി വർണ്ണിച്ചു് ശ്രീമതി കഥയുടെ ദൈർഘ്യം കൂട്ടുന്നു. ഈ സാഹസിക്യത്തെ സാഹിത്യമെന്നു് വിളിക്കുന്നതെങ്ങനെ? ഇന്നത്തെ (11-12-01) ഇൻഡ്യൻ എക്സ്പ്രസ് പത്രത്തിൽ കെ. ഇ. മാമ്മൻ ഹർത്താലും ബന്ദും ഒരുപോലെ ജനദ്രോഹം എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു നില്ക്കുന്ന പടമുണ്ടു്. ‘ഹർത്താലും ബന്ദും ചന്ദ്രമതിയുടെ കഥയും ജനദ്രോഹം’ എന്നു് അതു് മാറ്റിയെഴുതേണ്ടിയിരുന്നു ഈ സ്വാതന്ത്യസംരക്ഷകൻ.

വിനു എബ്രഹാം
images/koya.jpg
സി. എച്ച്. മുഹമ്മദ്കോയ

അച്ഛനും മക്കളും അമ്മയും മക്കളും സഹോദരനും സഹോദരിയും ഇവർ തമ്മിലുള്ള ബന്ധത്തെ രക്തബന്ധം എന്നു പറയാം. ഇത്തരത്തിൽ ബന്ധമുണ്ടു് വ്യക്തിയും ജന്മദേശവും തമ്മിൽ. അതുകൊണ്ടാണു് ജന്മദേശത്തു് ജോലി നോക്കുന്നവനെ മറ്റൊരു സ്ഥലത്തേക്കു മാറ്റുമ്പോൾ അയാൾക്കു് (ജോലിയുള്ളവനു്) അതിക്ലേശം ഉണ്ടാകുന്നതു്. തിരുവനന്തപുരത്തു് വളരെക്കാലം ജോലി നോക്കിയിരുന്ന എന്നെ ഒരു ഉദ്യോഗസ്ഥൻ ചിറ്റൂരേക്കു മാറ്റി. നല്ലയാളുകൾ. കോളേജ് നന്നു്. വിദ്യാർത്ഥികൾ യോഗ്യർ. പക്ഷേ, എനിക്കു് അസ്വസ്ഥത. ഇതു് ഞാനും ജന്മദേശവും തമ്മിലുള്ള ബന്ധത്തിനു ഭംഗം വന്നതിനാലായിരുന്നു. എന്റെ ദൗർഭാഗ്യാവസ്ഥ കണ്ടു് മാവേലിക്കര അച്യുതൻ കാരുണ്യത്തോടെ പ്രഫെസർ ജോസഫ് മുണ്ടശ്ശേരിയെ വസ്തുതകൾ ധരിപ്പിച്ചു. മുണ്ടശ്ശേരി ഞാൻ അഭ്യർത്ഥിക്കാതെ തന്നെ ഇ. എം. എസ്സിനോടു പറഞ്ഞു. അദ്ദേഹം വിദ്യാഭ്യാസമന്ത്രി സി. എച്ച്. മുഹമ്മദ്കോയയോടു സംസാരിച്ചു് എന്നെ തിരിച്ചു തിരുവനന്തപുരത്തേക്കു മാറ്റിച്ചു. മുണ്ടശ്ശേരിയെ ഞാൻ വാക്കുകൾകൊണ്ടു് എറ്റിയിട്ടേയുള്ളു. എങ്കിലും മഹാമനസ്കനായ അദ്ദേഹം എന്നെ സഹായിച്ചു. ഞാൻ വാക്കുകൾകൊണ്ടു പുഷ്പാർച്ചന നടത്തുന്ന ജി. ശങ്കരക്കുറുപ്പു് സഹായിച്ചില്ല. തിരുവനന്തപുരത്തു് എത്തിയ ഞാൻ ജീവൻ വീണ്ടെടുത്തു സുഖമായി കഴിഞ്ഞുകൂടി. മാവേലിക്കര അച്യുതൻ, മുണ്ടശ്ശേരി, ഇം. എം. എസ്സു്. ഇവരോടു് എനിക്കു കടപ്പാടുണ്ടു്. ഭൂവിഭാഗങ്ങളിലും ശീതോഷ്ണാവസ്ഥകളും വിഭിന്നദേശങ്ങളിൽ ഒന്നാകാം. എങ്കിലും ജന്മദേശത്തോടുള്ള ബന്ധം രക്തബന്ധംപോലെ ദൃഢതയാർന്നതാണു്. സത്യസന്ധമാണു്. ഒരു പുഴയോടു ബന്ധപ്പെടുത്തി ഒരു വൃദ്ധയുടെ ജീവിതം ആവിഷ്കരിക്കുന്ന വിനു എബ്രഹാമിന്റെ ‘രണ്ടു കൂട്ടുകാർ’ എന്ന കഥ ഹൃദ്യമായതു് (മാധ്യമം വാരിക) ആ ബന്ധത്തിന്റെ ശാശ്വതാവസ്ഥയും ചൈതന്യവും ചിത്രീകരിച്ചതിനാലാണു്. വീടു മാറിപ്പോകുന്ന വൃദ്ധ ആ ബഹളത്തിലൊന്നും പങ്കുകൊള്ളാതെ വീട്ടിനടുത്തുള്ള പുഴയുടെ തീരത്തു് ചെന്നു് ഇരിക്കുന്നു. കഥാകാരൻ ഗതാവലോകന കലാസങ്കേതത്തിലൂടെ വൃദ്ധയെയും പുഴയെയും കൂട്ടിയിണക്കുന്നു. പുഴയിൽ ഷീലയും പ്രേംനസീറും നീന്തിത്തുടിച്ചു് അഭിനയിക്കുന്നതുമൊക്കെ വിനു എബ്രഹാം ആലേഖനം ചെയ്യുന്നുണ്ടു്. അദ്ദേഹം വിദഗ്ദ്ധമായി ആ ചലച്ചിത്രതാരങ്ങളെ വൃദ്ധയുടെയും അവരുടെ ഭർത്താവിന്റെയും യൗവ്വനകാലവുമായി ബന്ധിപ്പിക്കുന്നു. വൃദ്ധ പുഴയുടെ തീരത്തു് വളരെനേരമിരുന്നു് അതുമായി (പുഴയുമായി) താദാത്മ്യം പ്രാപിക്കുന്നു. പ്രകൃതിയെയും മനുഷ്യാത്മാവിനെയും ഒന്നാക്കുന്ന നല്ല കഥയാണിതു്. വൃദ്ധയുടെ സ്വഭാവത്തിനു് സാർവലൗകികാംശമുണ്ടു്. പുഴയ്ക്കും അതുണ്ടു്. അവ രണ്ടിനെയുമാണു് കഥാകാരൻ ഒന്നാക്കുന്നതു്. നാടൻശൈലിയിലാണു് ആഖ്യാനം. അതും നന്നായി.

പല കാര്യങ്ങൾ
images/Changampuzha.jpg
ചങ്ങപുഴ

ഇപ്പോൾ എനിക്കു കുപ്രസിദ്ധിയെങ്കിലുമുണ്ടു്. ഇതുപോലുമില്ലാതിരുന്ന കാലയളവിൽ ഒരാൾ എന്റെ തൂലികാചിത്രം എഴുതാൻ വന്നു. വന്നയാളിനെക്കൂറിച്ചു് അപവാദമുണ്ടായിരുന്നു. അദ്ദേഹം ആരുടെ തൂലികാചിത്രമെഴുതുന്നുവോ ആ ആൾ ഒരാഴ്ചയ്ക്കകം മരിക്കും. എനിക്കു അന്ധവിശ്വാസമേയില്ല. പക്ഷേ, എന്റെ വീട്ടുകാർ അന്ധവിശാസികളാണു് തൂലികാചിത്രമെഴുതുന്ന ആൾ വന്നപ്പോൾ സഹധർമ്മിണിയും കുട്ടികളും ഒറ്റക്കെട്ടായി എതിർത്തു. വന്നയാളിനോടു കുട്ടികൾതന്നെ പറഞ്ഞു: “അച്ഛൻ പോയാൽ ഞങ്ങൾക്കു കഞ്ഞിവെള്ളം കുടിച്ചു കിടക്കാൻ ഒക്കുകയില്ല. അതുകൊണ്ടു് തൂലികാചിത്രമെഴുതാൻ ഞങ്ങൾ സമ്മതിക്കില്ല.” ആഗതൻ ചിരിച്ചുകൊണ്ടു് തിരിച്ചുപോയി. അദ്ദേഹം എഴുതിയാൽ മരണമുണ്ടാകുമെങ്കിലും എനിക്കു് ആ മനുഷ്യനെ വലിയ ഇഷ്ടമായിരുന്നു. ചിരിച്ച മുഖം എപ്പോഴും അതിനു് ആകർഷകത്വമുണ്ടു്. ഒരിക്കലും ഒരു പരുക്കൻവാക്കും ആ എഴുത്തുകാരന്റെ നാവിൽ നിന്നും വരില്ല. കുലീനതയുള്ള മനുഷ്യൻ അദ്ദേഹം കുട്ടികളുടെ വാക്കുകേട്ടു വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ എനിക്കു സങ്കടമുണ്ടായി. ഈ എഴുത്തുകാരൻ എൽ. എ. രവിവർമ്മയെ കാണാൻ ചെന്നു. (പണ്ഡിതൻ, ഭാഷാശാസ്ത്രജ്ഞൻ, കണ്ണുഡോക്ടർ) തൂലികാചിത്രമെഴുതാൻ ചെന്നിരിക്കുകയാണു് അദ്ദേഹമെന്നു് മനസ്സിലാക്കി എൽ. എ. രവിവർമ്മ പറഞ്ഞു “നിങ്ങൾ വരാൻ സമയമായില്ല. ആറുമാസം കഴിഞ്ഞു വന്നോളു. അപ്പോൾ എഴുതാം.” ആറുമാസം കഴിഞ്ഞു് എഴുത്തുകാരൻ രവിവർമ്മയുടെ വീട്ടിലെത്തി. അദ്ദേഹം തന്നെസ്സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു. തൂലികാചിത്രം ഒരാഴ്ചപ്പതിപ്പിൽ വന്നു. മൂന്നു ദിവസം കഴിഞ്ഞില്ല. അതിനുമുൻപു് എൽ. എ. രവിവർമ്മ മരിച്ചു.

വിശ്വസാഹിത്യത്തിലാണു് ചങ്ങപുഴയുടെ സ്ഥാനം. പോൾ വെർലേൻ പോലും ചങ്ങമ്പുഴയുടെ ഒരു രോമത്തിനു് വിലപിടിക്കില്ല.

ഒരു ചെക്കസ്ലൊവാക്യൻ കഥയുണ്ടു്. ‘Vampire’എന്ന പേരിൽ. അതു ഞാൻ വായിച്ചിട്ടുണ്ടു്. ചങ്ങമ്പുഴ ‘രക്തരക്ഷസ്സു് ’ എന്ന പേരിൽ അതു തർജ്ജമ ചെയ്തു. ആ ഭാഷാന്തരീകരണവും ഞാൻ വായിച്ചു. രക്തരക്ഷസ്സു് ചിത്രകാരനാണു്. അയാൾ ആരുടെ പടം വരച്ചാലും ആ ആൾ ഉടനെ മരിക്കും. രോഗംപിടിച്ച ഒരു പെൺകുട്ടിയുമായി ബന്ധുക്കൾ ഒരിടത്തു് എത്തുന്നു. അവർ പെൺകുട്ടിയെ കാറ്റുകൊള്ളിക്കാൻ ഒരു കുന്നിൽ ചെന്നിരിക്കുമ്പോൾ ദൂരെ ആ ചിത്രകാരൻ ഇരുന്നു പടം വരയ്ക്കുകയാണു്. അയാളോടു പെൺകുട്ടിയുടെ ബന്ധു ശണ്ഠകൂടി. ചിത്രകാരൻ കുന്നിൻ പുറത്തു് മലർന്നുവീണു. അയാളുടെ അടുത്തു വരച്ചുകൊണ്ടിരുന്ന ചിത്രം വീണുകിടക്കുന്നുണ്ടായിരുന്നു. അവർ നോക്കിയപ്പോൾ രോഗിണിയായ ആ പെൺകുട്ടിയുടെ ചിത്രമായിരുന്നു അതു്.

images/paul.png
പോൾ വെർലേൻ

ചിലരിങ്ങനെയാണു്. അവരുടെ സാന്നിദ്ധ്യം മതി. മറ്റുള്ള നിരപരാധർക്കും ആപത്തു സംഭവിക്കും. ഞാൻ കെ. ബാലരാമപ്പണിക്കർസ്സാറുമായി വടക്കൊരിടത്തു് മീറ്റിങ്ങിനു പോവുകയായിരുന്നു. പേട്ടയിൽനിന്നു് പണിക്കർസ്സാറ് കാറിൽ കയറി. വണ്ടി നീങ്ങിയയുടനെ സംസ്കൃത കോളേജിൽ ഞങ്ങളുടെ രണ്ടുപേരുടെയും ശിഷ്യനായ ഒരാൾ കൈകാണിച്ചുകൊണ്ടു് ഓടിയെത്തി. ഡ്രൈവർ കാറു് നിറുത്തിയപ്പോൾ മുൻവശത്തെ ഡോർ തുറന്നു് അയാൾ കയറിയിരുന്നു. പണിക്കർസ്സാറു് എന്റെ കാതിൽ പ്പറഞ്ഞു “നമുക്കു് ഇന്നു് ആപത്തുണ്ടാകും. ഇയാളുടെ സാന്നിദ്ധ്യമാണു് വിപത്തിനു കാരണമാകുന്നതു്.” സാറു് പറഞ്ഞതുപോലെ സംഭവിച്ചു. ആറ്റിങ്ങൽകഴിഞ്ഞു് ഒരു മൈൽ പോയതേയുള്ളു. ഒരു പെൺകുട്ടി (അഞ്ചു വയസ്സു വരും) കാറിന്റെ മുൻവശത്തു് ചാടി. ഡ്രൈവർ ബ്രെയ്ക് ഇട്ടിട്ടും പ്രയോജനമുണ്ടായില്ല. കുട്ടി മരിച്ചില്ല. എങ്കിലും അതിന്റെ മുതുകിലെ തൊലി പാളിയായി ഇളകിപ്പോയി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കണ്ണടച്ചു തുറക്കുന്നതിനുമുൻപു് ലക്ഷക്കണക്കിനു് ഇസ്ലാം മതത്തിൽപെട്ടവർ ഞങ്ങളെ വളഞ്ഞു അടിക്കാനായി. അപ്പോൾ ഭാഗ്യംകൊണ്ടു് എന്റെ കൂട്ടുകാരനായ അബ്ദുൾഖാദർ ഞങ്ങളുടെ രക്ഷയ്ക്കു് എത്തി. ‘കൃഷ്ണൻനായർ എന്റെ സുഹൃത്താണു്. തൊടരുതു്’ എന്നു് അദ്ദേഹം ഉറക്കെപ്പറഞ്ഞു. ഞങ്ങൾ രക്ഷപ്പെട്ടു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. കുറച്ചു രൂപയും കുട്ടിയുടെ അച്ഛനമ്മമാർക്കും ഞങ്ങൾ കൊടുത്തു.

വിമാനം തകർന്നു് 250 ആളുകൾ മരിക്കുന്നു. ഈ ഇരുന്നൂറ്റിയമ്പതു പേരും പാപം ചെയ്തവരോ? അല്ല. അതിനു് അരവിന്ദഘോഷിന്റെ ഒരു ശിഷ്യൻ സമാധാനം പറഞ്ഞിട്ടുണ്ടു്. ഇരുന്നൂറ്റിയമ്പതു പേരിൽ ഒരാൾ കാണും ദുർവിധിക്കാറ്റു തട്ടിയവനായി. അയാൾ മരിക്കുന്നതിന്റെ കൂടെ മറ്റുള്ളവരും മരിക്കുന്നു. ഈ അഭിപ്രായം അത്രത്തോളം ശരിയോ എന്നു് എനിക്കു സംശയം.

images/Isak.jpg
ഈസാക് ദീനസൻ

ഡാനിഷ്[1] എഴുത്തുകാരി ഈസാക് ദീനസൻ (Isak Dinesen, 1885–1962) ഉജ്ജ്വല പ്രതിഭയാൽ അനുഗ്രഹീതയാണു്. അവരുടെ കഥകൾക്കും നോവലുകൾക്കും അന്യാദൃശ്യസ്വഭാവമുണ്ടു്. ‘Out of Africa’ എന്ന ആത്മകഥ അതിഗംഭീരമാണു്. ദീനസിന്റെ പ്രഖ്യാത ചെറുകഥയാണു്. ‘The Sailor Boy’s Tale’ എന്നതു്. കപ്പൽ പോകുമ്പോൾ ഒരു പക്ഷി പാമരത്തിലെ നൂലിൽ കാലു കുരുങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതു് സൈമൺ എന്ന യുവനാവികൻ കണ്ടു. പണ്ടു് തന്റെ വീട്ടിനടുത്തുള്ള കല്ലിൽ ഇതുപൊലെയൊരു പക്ഷി ഇരുന്നതു് ആ ബാലൻ കണ്ടിട്ടുണ്ടായിരുന്നു. അതു പൊടുന്നനെ പറന്നുയർന്നു. ഇപ്പോൾ പാമരത്തിൽ കഷ്ടപ്പെടുന്ന പക്ഷിയും അന്നു പറന്നുയർന്ന പക്ഷിയും ഒന്നാണെന്നു സൈമൺ വിചാരിച്ചു. അയാൾ പാമരത്തിൽ പ്രയാസപ്പെട്ടു കയറി. കയറിച്ചെന്നപ്പോൾ കോപം നിറഞ്ഞ മഞ്ഞക്കണ്ണുകൾകൊണ്ടു് ആ പക്ഷി അവനെ നോക്കി. നാവികൻ പേനാക്കത്തിയെടുത്തു നൂലുകൾ മുറിച്ചു് പക്ഷിയെ രക്ഷപ്പെടുത്തി. പക്ഷേ, അതു് അവന്റെ തള്ളവിരൽ കൊത്തിമുറിച്ചു രക്തം ഒഴുകാൻ തുടങ്ങി. പരോപകാരത്തിന്റെ കയ്പുള്ള ഫലമാണിതു്. നമ്മൾ ആർക്കു് ഉപകാരം ചെയ്താലും ആ വ്യക്തി തിരിഞ്ഞുകുത്താതിരിക്കില്ല. ഈസാക് ദീനസൻ ഇതു് ഒരു കഥാസംഭവത്തിലൂടെ വ്യക്തമാക്കിത്തരുന്നു നമുക്കു്. ഇതുകൊണ്ടു് ആർക്കും ഉപകാരം ചെയ്യരുതെന്നു പറയുകയല്ല ഞാൻ. ഉപകാരം ചെയ്താൽ ഇങ്ങോട്ടു ക്ഷതമേല്പിക്കും. ഉപകാരം സ്വീകരിച്ചവൻ എന്ന ലോകതത്ത്വം മാത്രമേ ഞാൻ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുള്ളു. നിന്ദനവും അപമാനനവും ക്ഷതമേല്പിക്കലും ഉണ്ടാകുമെന്നു് മുൻകൂട്ടി അറിഞ്ഞാലും അന്യർക്കു് ഉപകാരം ചെയ്യണം നമ്മൾ. അതു് നമ്മൾക്കു് ആഹ്ലാദം നല്കും.

കുറിപ്പുകൾ

[1] വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠയുള്ള പല വ്യക്തികളും പി. എച്ച്. ഡി., ഡിലിറ്റ് ഈ ബിരുദങ്ങളുള്ളവരാണു്. പക്ഷേ, അവരിൽ ആരുംതന്നെ പേരിന്റെ ആദ്യം ‘ഡ്റ്’ (Dr) എന്നു വയ്ക്കാറില്ല. നമ്മുടെ അല്പന്മാരും അക്ഷരങ്ങൾ മുഴുവനും അറിഞ്ഞുകൂടാത്തവരുമായ ആളുകൾ ‘ഡ്റ്’ കൂടാതെ പേരെഴുതുകയില്ല. മാത്രമല്ല റ്റെലിഫോണിൽ ‘കൃഷ്ണൻനായർ സംസാരിക്കുന്നു’ എന്നു ഞാൻ അങ്ങോട്ടു പറഞ്ഞാൽ ‘Yes Dr Parameswaran Nampoothiri is speaking’ എന്നു പറയും. എന്നോടു് എന്റെ ഒരു പൂർവ്വ ശിഷ്യൻ പറഞ്ഞതാണിതു്. (പരമേശ്വരൻ എന്നതു് മാറ്റിയെഴുതിയ പേരാണു്) ഇതു ലജ്ജാവഹം. വയറു പിഴയ്ക്കാൻ എം. എ. കഴിഞ്ഞു് Ph. D. എടുത്തുകൊള്ളട്ടെ. അവർ അതെന്തിനു് മറ്റുള്ളവരെ അടിച്ചേല്പിക്കുന്നു? പണ്ടു് ഇതിലും ജുഗുപ്സാവഹമായി പെരുമാറിയിരുന്നു ചിലർ. ഡോക്ടർ മാവേലിക്കര രാഘവൻ എന്നെഴുതിയിട്ടു് MA (ഇംഗ്ലീഷ്), MA (സംസ്കൃതം), MA (മലയാളം), MA (ഹിന്ദി), MA (തമിഴ്) എന്നും മറ്റും കാച്ചിവിടും. Inferiority Complex-ൽ നിന്നു ജനിക്കുന്നതാണു് ഇതു്. ഞാനിതുകൊണ്ടാണു് പേരിന്റെ ആദ്യം പ്രഫെസർ എന്നെഴുതാത്തതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-12-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: S Sreeja; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.