സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-03-22-ൽ പ്രസിദ്ധീകരിച്ചതു്)

images/Victor_Hugo.jpg
വിക്തോർ യൂഗോ

വടക്കൊരു സമ്മേളനത്തിനു പോയിട്ടു് ഞങ്ങൾ തിരുവനന്തപുരത്തേക്കു പോരികയായിരുന്നു. കാർ നീണ്ടകരപ്പാലം കഴിഞ്ഞയുടനെ കേടായി. ഡ്രൈവർ വർക്ക്ഷോപ്പ് അന്വേഷിച്ചു പോയപ്പോൾ ഞാൻ സിഗററ്റ് കത്തിച്ചുകൊണ്ടു് പാലത്തിൽ കയറി നിന്നു. വലിക്കാവുന്നിടത്തോളം വലിച്ചു. സിഗററ്റ് കുറ്റിയായി മാറിയപ്പോൾ ഞാൻ ചൂണ്ടുവിരൽ കൊണ്ടു് അതു തെന്നിച്ചു് കായലിലേക്കു് എറിഞ്ഞു. കടലിൽ നിന്നോ കായലിൽ നിന്നോ വീശുന്ന കാറ്റേറ്റു് കൂടുതൽ തിളക്കമാർന്ന അഗ്നിരേഖ ഉളവാക്കിക്കൊണ്ടു് അതു ജലത്തിൽ വീണു. ജലാതചക്രത്തിന്റെ അഗ്നിരേഖ വൃത്താകൃതിയാണു്. സിഗററ്റ് കുറ്റിയുടേതു് വൃത്താംശം—arc—മാത്രമത്രേ ഛേദനവക്ര രേഖയോടു കൂടി അതിന്റെ പതനം എനിക്കു മറക്കാൻ കഴിയുന്നില്ല. കൂടെക്കൂടെ അതു് എന്റെ അന്തരംഗത്തെ തിളക്കും. പ്രിയപ്പെട്ട വായനക്കാർക്കും ഇതേ രീതിയിൽ അനുഭവങ്ങൾ കാണുമായിരിക്കും. ചില സാഹിത്യഗ്രന്ഥങ്ങളിലെ സംഭവങ്ങൾ ഇമ്മട്ടിലാണു്. അതു മനസ്സിൽ ആവർത്തിച്ചു വന്നുകൊണ്ടിരിക്കും. വിക്തോർ യൂഗോ യുടെ “ലേ മീസറബ്ൽ” (Les Miserables, ഫ്രാൻസിൽ പ്രസാധനം, 1862-ൽ) എന്ന നോവലിൽ രാത്രിവേളയിൽ, കോസത്തു് എന്ന ബാലികയ്ക്കു് എടുത്തുകൊണ്ടു് നടക്കാൻ വയ്യാത്ത ജലം നിറഞ്ഞ ബക്കറ്റ് അവൾ എടുത്തു വേച്ചുവച്ചു് നട്രക്കുമ്പോൾ പിറകേ വന്ന ഒരാളിന്റെ അദൃശ്യഹസ്തം—ഷാങ്ങ് വൽ ഷാങ്ങിന്റെ കൈയ്—അതു വാങ്ങുന്നതിന്റെ ചിത്രം എനിക്കു മറക്കാൻ കഴിയുന്നില്ല. വിസ്മരിക്കാനാവുന്നില്ല എന്നു മാത്രമല്ല, അതു് ഓർമ്മിക്കുമ്പോൾ കണ്ണുകൾ നിറയുകയും ചെയ്യുന്നു. ഐറിസ് മർഡോക്ക് എന്ന നോവലെഴുത്തുകാരിയുടെ ഒരു നോവലിലെ ഒരു സംഭവവും എന്റെ സ്മരണദർപ്പണത്തിലെ മായാത്ത പ്രതിഫലനമാണു് (നോവൽ ബെൽ എന്നാണു് എന്റെ ഓർമ്മ). നായിക സ്വന്തം നാട്ടിലേക്കു തീവണ്ടിയിൽ തിരിച്ചു പോരികയാണു്. തീവണ്ടിയാപ്പീസിൽ അവളുടെ ഭർത്താവു കാത്തു നില്ക്കുന്നുണ്ടു്. സ്റ്റെയ്ഷൻ അടുക്കാറായപ്പോൾ അവൾ വണ്ടിക്കകത്തു് പാറിപ്പറക്കുന്ന ഒരു ചിത്രശലഭത്തെ കണ്ടു. അവൾക്കു് എതിരേ ഇരുന്ന ഒരാളിന്റെ ബൂട്ട്സിട്ട കാലുകൾക്കിടയിലായി അതു്. അയാൾ വിചാരിക്കാതെ കാലൊന്നു ചലിപ്പിച്ചാൽ മതി ചിത്രശലഭം തകർന്നു പോകും. അവൾ അതുകണ്ടു് സംഭ്രമത്തോടെ ചിത്രശലഭത്തെ രണ്ടു കൈകൊണ്ടും ഉയർത്തി എടുത്തു. എടുത്തതും തീവണ്ടി സ്റ്റെയ്ഷനിൽ വന്നു നിന്നതും ഒരുമിച്ചു കഴിഞ്ഞു. പാനപാത്രം പോലാക്കിയ കൈകളിൽ ശലഭത്തെ വച്ചുകൊണ്ടു് അവൾ പ്ലാറ്റ്ഫോമിലേക്കു ഇറങ്ങി ഭർത്താവിന്റെ അടുത്തേക്കു ചെന്നു. ചിത്രശലഭം അവളുടെ കൈകളിൽ നിന്നു് പറന്നുയർന്നു് തീവണ്ടിപ്പുകയിലേക്കു മറഞ്ഞു. ഭർത്താവു് ഭാര്യയെക്കണ്ട ഹർഷത്തോടെ ചോദിച്ചു: നിന്റെ ലഗിജ് എവിടെ” അപ്പോഴാണു് അവൾക്കു് അതിനെക്കുറിച്ചു് ഓർമ്മയുണ്ടായതു്. ചിത്രശലഭത്തെ സംരക്ഷിച്ചു് കൈകൾക്കുള്ളിലാക്കിക്കൊണ്ടു് ഇറങ്ങുന്ന വേളയിൽ അവൾ പെട്ടിയെടുക്കാൻ മറന്നു പോയി. തീവണ്ടി ചൂളം വിളിച്ചുകൊണ്ടു് വേഗത്തിൽ പോകുകയും ചെയ്തു.

ഇമ്മട്ടിലാണു് യൂഗോസ്ലാവിയയിലെ നോവലിസ്റ്റും കഥാകാരനുമായ ദാനീലോ കീഷി ന്റെ (Danilo Kis, 1935–1989) Hourglass എന്ന നോവലും Encyclopedia of the Dead എന്ന കഥാസമാഹാരവും എന്നിൽ നിത്യഗമന സ്ഥാനം കണ്ടെത്തുക (haunt).

images/Angela_Carter.jpg
Angela Carter

കീഷിന്റെ കഥയുടെ സ്വഭാവം കാണിക്കാൻ ഒരെണ്ണത്തിന്റെ സംഗ്രഹം നല്കട്ടെ. പത്തു വർഷം മുൻപു് ഞാനതു ഈ കോളത്തിൽത്തന്നെ എഴുതിയതാണു്. ഈ ലേഖനത്തിന്റെ അവിരുദ്ധത നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അതാവർത്തിക്കുകയാണു്. “To Die for One’s Country is Glorious” എന്നാണു് കഥയുടെ പേരു്. ചക്രവർത്തിക്കെതിരായി ബഹുജനം ഇളകി ജാഥ നടത്തിയപ്പോൾ ഒരു പ്രഭുകുമാരൻ കൂടി അതിൽ പങ്കെടുത്തു ആയുധമേന്തിക്കൊണ്ടു്. അയാൾ കാരാഗൃഹത്തിലായി. ചക്രവർത്തിയുടെ ഉദ്യോഗസ്ഥൻ തടവറയിൽ കടന്നു ചെന്നു് വിധി വായിച്ചു. ആ യുവാവിനെ തൂക്കിക്കൊല്ലുമെന്നാണു് ചക്രവർത്തിയുടെ വിധി. പ്രഭുകുമാരന്റെ അമ്മ കാരാഗൃഹത്തിലെത്തി അയാളുടെ മുൻപിൽ നിന്നു. “ഞാൻ ചക്രവർത്തിയുടെ കാല്ക്കൽ വീണു് നിനക്കിന്നു മാപ്പു വാങ്ങിത്തരും.” അയാളെ വധസ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ താൻ വെള്ളവസ്ത്രം ധരിച്ചു ബാൽക്കണിയിൽ നിന്നാൽ ചക്രവർത്തി അയാൾക്കു മാപ്പു നല്കിയെന്നു വിചാരിക്കണമെന്നു് അമ്മ പറഞ്ഞു. “അപേക്ഷ ഫലിച്ചില്ലെങ്കിൽ അമ്മ കറുത്ത വസ്ത്രം ധരിച്ചു നില്ക്കുമല്ലേ.” എന്ന മകൻ ചോദിച്ചു. കുറെക്കഴിഞ്ഞു് അയാളെ വധസ്ഥലത്തേക്കു കൊണ്ടുപോയി. ബാൽക്കണിയിൽ അമ്മ ലില്ലിപുഷ്പത്തിന്റെ ധവളാഭ കലർന്ന വസ്ത്രങ്ങൾ ധരിച്ചു നില്ക്കുന്നതു പ്രഭുകുമാരൻ കണ്ടു. വെറും തസ്കരനെപ്പോലെ തന്നെ തൂക്കിക്കൊല്ലാൻ ഒക്കുകയില്ല എന്നു് അഭിമാനപൂർവം വിചാരിച്ചു് അയാൾ നിവർന്നു നടന്നു. തൂക്കുമരത്തിന്റെ താഴെ പ്രഭുകുമാരൻ നിന്നു. തന്റെ കാലുകളിൽ നിന്നു് സ്റ്റൂൾ മാറ്റിയപ്പോഴും മഹാത്ഭുതം സംഭവിക്കുമെന്നു വിചാരിച്ചു അയാൾ. കയറിന്റെ അറ്റത്തു അയാൾ പിടഞ്ഞു. കണ്ണുകൾ തുറിച്ചു് വെളിയിലേക്കു ഉന്തി. രണ്ടു് അനുമാനങ്ങൾക്കേ ഇവിടെ സാദ്ധ്യതയുള്ളൂ. പ്രഭുകുമാരൻ ധീരമായി മരണം വരിച്ചിരിക്കാം. അഭിമാനിയായ അമ്മ ബുദ്ധിപൂർവ്വം ഒരു നാടകാഭിനയം നടത്തിയിരിക്കാം. ചരിത്രമെഴുതുന്നവർ അതെഴുതുന്നു. ജനങ്ങൾ കെട്ടുകഥകൾ ഉണ്ടാക്കുന്നു. എഴുത്തുകാർ ഫാന്റസിയിൽ, വ്യാപരിക്കുന്നു. മരണം മാത്രമേ സുനിശ്ചിതമായുള്ളൂ. ഇക്കഥ ഉൾക്കൊള്ളുന്ന “The Encyclopedia of Dead” റെവ്യൂ ചെയ്യുന്ന വേളയിൽ Angela Carter എന്ന വിശ്വവിഖ്യാതയായ എഴുത്തുകാരി പറഞ്ഞു: “He (Kis) is wise, grave, clever and complex. His is a book on the side of angels” വായിക്കൂ, കാർട്ടർ പറഞ്ഞതിൽ അത്യുക്തിയില്ലെന്നു ഗ്രഹിക്കാം.

ഞാൻ ഇത്രയും എഴുതിയതു് ഇതുവരെ എനിക്കു കിട്ടാതിരുന്ന കീഷിന്റെ, “A Tomb for Boris Davidovich” എന്ന പുസ്തകം ഇപ്പോൾ വായിച്ചു തീർന്നതിനാലാണു്. ഞാൻ പുസ്തകത്തിലേക്കു കടക്കുന്നില്ല. നോബൽ ലോറിയിറ്റായ യോസിഫ് ബ്രൊഡ്സ്കി യാണു് ഈ ഗ്രന്ഥത്തിനു് അത്യുജ്ജ്വലമായ അവതാരിക എഴുതിയതു്. അദ്ദേഹത്തിന്റെ മതങ്ങൾക്കപ്പുറത്തായി അല്പജ്ഞാതനായ എനിക്കെന്തു് ആവിഷ്കരിക്കാൻ കഴിയും? മഹത്വമാർന്നതു് എന്നു് പരോക്ഷപ്രസ്താവത്തോടെ ബ്രൊഡ്സ്കി പറയുന്നു. റഷ്യയിലെ 1930-നോടു് അടുപ്പിച്ച Great Terror-ൽ മരിച്ച എണ്ണമറ്റ ആളുകളുടെ ഭവിതഭവ്യതയാണു് ഈ ഗ്രന്ഥത്തിലുള്ളതു്. ഈ കാലയളവിന്റെ റഷ്യൻ ചരിത്രം നമ്മുടെ പരിഷ്കാരത്തിന്റെ നൂതന ‘മിതോളജി’ ആക്കിയിരിക്കുന്നു ദാനീലോ കീഷ്. ഇതിലെ സംഭവ വിവരണങ്ങളെ തനിക്കവിതയായി അംഗീകരിക്കാം. ഗ്രന്ഥം അതിന്റെ സാകാല്യാവസ്ഥയിൽ ഒരു നാടകീയ കാവ്യമാണു്. ഏറ്റവും ഉത്കൃഷ്ടമായ കാവ്യം ഏതു ഫലമാണോ ഉണ്ടാക്കുന്നതു് ആ ഫലം തന്നെ കീഷിന്റെ ഈ ഗ്രന്ഥവും ഉളവാക്കുന്നു. മനുഷ്യനെ സംബന്ധിക്കുന്ന യാഥാർത്ഥ്യം കലയായി മാറുന്നു ഇപ്പുസ്തകത്തിൽ. (A Tomb for Boris Davidovich, Danilo Kis, Dalkey Archive Press, pp. 145, $ 11.95, translated by Duska Mikie-Mitchel.)

ദാനീലോ കീഷീനെക്കുറിച്ചു് എനിക്കു പുസ്തകത്തിൽ നിന്നു കിട്ടിയ അറിവുകൾ വായനക്കാർക്കു വേണ്ടി സമർപ്പിക്കട്ടെ:

യൂഗോസ്ലാവീയയുടെ വടക്കുകിഴക്കു ഭാഗത്തു ഹംഗറി രാജ്യത്തിന്റെ അതിർത്തിയോടു് അടുപ്പിച്ചുള്ള സൂബതീസ (Subotica) എന്ന സ്ഥലത്താണു് കീഷ് 1935-ൽ ജനിച്ചതു്. ജൂതനായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. അദ്ദേഹത്തെയും മറ്റു കുടുംബാംഗങ്ങളെയും നാസ്തികൾ കൊന്നു കളഞ്ഞു. യുദ്ധത്തിനു ശേഷം കീഷിന്റെ അമ്മ യൂഗോസ്ലാവിയയുടെ തെക്കുകിഴക്കു ഭാഗത്തുള്ള റ്റ്സെറ്റ്ൻയാ (Cetinje) പട്ടണത്തിൽ മകനോടുകൂടി താമസമായി. സാർവ്വജനീനത്വത്തിൽ (Cosmopolitanism) വിശ്വസിച്ച കീഷിനു് തദ്ദേശഭരണാധികാരികളോടു് ഇടയാൻ പ്രയാസമൊന്നുമുണ്ടായില്ല. അതുകൊണ്ടു് അദ്ദേഹത്തിനു് അവിടം വിട്ടു പോകേണ്ടതായി വന്നു. സാന്മാർഗ്ഗികവും കലാപരവുമായ കാര്യങ്ങളിലും സാർവ്വജനീനത്വം പുലർത്തിയ മഹാനായ സാഹിത്യകാരനായിരുന്നു കീഷ്. എഴുത്തുകാരന്റെ ഉത്തരവാദിത്വം ഭാഷയോടും കലയോടുമാണെന്നു വിശ്വസിച്ച അദ്ദേഹം ദേശത്തോടും അതിന്റെ അധികാരികളോടും ചേർന്നു നിന്നില്ല.

images/Joseph_Brodsky.jpg
യോസിഫ് ബ്രൊഡ്സ്കി

ഫ്രഞ്ചെഴുത്തുകാരൻ റബ്ലേ യായിരുന്നു (Rableais, 1494–1553) കീഷിനു് അഭിമതൻ. പക്ഷേ, ഈ കാലയളവിൽ ഫ്രാന്റസിക്കു് കലയിൽ സ്ഥാനമില്ലെന്നു് അദ്ദേഹം വിശ്വസിച്ചു. ദിനംപ്രതിയുള്ള ജീവിതമേ കലാകാരൻ ആവിഷ്കരിക്കുന്നുള്ളൂ എന്നായിരുന്നു കീഷ് കരുതിയതു്. “The Encyclopedia of the Death” എന്ന ചെറുകഥ എഴുതിയിട്ടുണ്ടു് അദ്ദേഹം അതെഴുതി. ഈശ്വരനോടു മത്സരിച്ചതു കൊണ്ടാണു തനിക്കു കാൻസർ വന്നതെന്നു് കീഷ് വിശ്വസിച്ചു. ആ കഥയെഴുതുന്ന വേളയിലാണു് അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നു് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറഞ്ഞതാവാം ഈ വിശ്വാസത്തിനു ഹേതു. മുകളിൽപ്പറഞ്ഞ കഥയിൽ നിത്യതയിൽ എല്ലാ ഈശ്വരസൃഷ്ടികൾക്കും തുല്യത കല്പിച്ച അദ്ദേഹം ദൈനംദിന ജീവിതത്തിൽ പ്രാധാന്യം കണ്ട കീഷ് ശുദ്ധമായ പരികല്പനത്തിൽ (Invention) തൽപരത്വം കാണിച്ചപ്പോൾ ജനിച്ചതാണു് അക്കഥ. മരണത്തോടുള്ള സമരമായി കലയെ കണ്ട കീഷിനു തുല്യനായി വേറൊരു സാഹിത്യകാരൻ യൂറോപ്പിലില്ല.

ചോദ്യം, ഉത്തരം

ചോദ്യം: സൂര്യാസ്തമനം മനോഹരമല്ലേ?

ഉത്തരം: ഞാൻ ശംഖുമുഖം കടപ്പുറത്തു ചെന്നു നിന്നു് പല സൂര്യാസ്തമയങ്ങളും കണ്ടിട്ടുണ്ടു്. വലിയ വൃത്തമാർന്ന ചുവന്ന നിറത്തോടെ സൂര്യൻ അസ്തമിക്കുന്നതു കണ്ടു് ഞാൻ എപ്പോഴും പേടിച്ചിട്ടുണ്ടു്. കഴിഞ്ഞ നാല്പതു കൊല്ലമായി ഞാൻ കടപ്പുറത്തു പോകാറില്ല. സൂര്യാസ്തമയം കണ്ടാലുണ്ടാകുന്ന പേടി ഒഴിവാക്കാനാണതു്. അസ്തമനം എന്ന വാക്കു് സംസ്കൃത നിഘണ്ടുക്കളിൽ കാണാം. എങ്കിലും അസ്തമയം എന്നു പ്രയോഗിക്കുകയാണു് നല്ലതു്. ‘പ്രഭാ പ്രരോഹാസ്തമയം രജാംസി’ എന്നു കാളിദാസൻ (രഘുവംശം, ആറാം സർഗ്ഗം, ശ്ലോകം 33).

ചോദ്യം: പ്രസാദാത്മകതയോ വിഷാദാത്മകത്വമോ ശ്രേഷ്ഠം?

ഉത്തരം: ധിഷണയുടെ വിലാസം കാണിക്കുന്നവൻ വിഷാദാത്മകത്വത്തെയാണു് അംഗീകരിക്കുക.

ചോദ്യം: നിങ്ങൾ ഇത്ര സുഖമായി ജീവിക്കുന്നതെങ്ങനെ?

ഉത്തരം: ആരെന്തു കള്ളം പറഞ്ഞാലും ഞാനതു വിശ്വസിക്കും. കേട്ടതു സത്യമല്ലല്ലോ എന്നു തോന്നിയാൽ ക്ഷോഭമുണ്ടാകും. അതിനാൽ കള്ളം കേട്ടു വിശ്വസിക്കൂ. ജീവിതം സുഖപ്രദമായിരിക്കും.

ചോദ്യം: നിങ്ങളെ എഴുത്തുകാരനെന്ന നിലയിൽ ഞാൻ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഒന്നു സംസാരിച്ചാൽ കൊള്ളാം വരട്ടോ?

ഉത്തരം: വേണ്ട, നിങ്ങളുടെ ബഹുമാനവും സ്നേഹവും പോകും. ഒരെഴുത്തുകാരന്റേയും അടുത്തു പോകരുതു്. അവരെഴുതുന്നതു് വായിച്ചുരസിച്ചാൽ മതി.

ചോദ്യം: aphrodisiac നല്ലതു് ഏതാണു്?

ഉത്തരം: കാമാഗ്നിദീപനൗഷധം എന്നല്ലേ താങ്കൾ ഉദ്ദേശിച്ചതു്? ചങ്ങമ്പുഴ നല്ല aphrodisiac ആയിരുന്നു. യുവതികൾക്കു് അത്യാന്താധുനിക കവികൾ സ്ത്രീകളുടെ കാമാഗ്നിയെ കെടുത്തിക്കളയും. സൂക്ഷിക്കണം.

ചോദ്യം: താൻ ചാകാറായില്ലേ? (ഉത്തരേന്ത്യയിൽ ജോലിയുള്ള ഒരു കഥാകാരന്റെ ചോദ്യം.)

ഉത്തരം: ആയി. നമ്മൾക്കു ഒരുമിച്ചു് അതു നടത്താം.

ചോദ്യം: ബുദ്ധിശാലിയോ സുന്ദരിയോ?

ഉത്തരം: ബുദ്ധിശാലിയ്ക്കു് പുരുഷനിലുള്ള സ്വാധീനത കുറവാണു്. സുന്ദരി ബുദ്ധിരഹിതയാണെങ്കിലും പുരുഷനെ ചൊല്പടിക്കു നിറുത്തും.

സൗന്ദര്യമോ, വൈരൂപ്യമോ?

ബുദ്ധിശാലിയ്ക്കു് പുരുഷനിലുള്ള സ്വാധീനത കുറവാണു്. സുന്ദരി ബുദ്ധിരഹിതയാണെങ്കിലും പുരുഷനെ ചൊല്പടിക്കു നിറുത്തും.

എന്നെക്കാണാൻ പ്രസിദ്ധയായ ചലച്ചിത്രതാരം കാവ്യാ മാധവൻ വന്നിരുന്നു. പാവാടയും ബ്ലൗസ്സും ധരിച്ചു് കൊച്ചുകുട്ടിയായിട്ടാണു് കാവ്യാ മാധവന്റെ വരവു്. എന്റെ പേരക്കുട്ടിയെക്കാൾ പ്രായം കുറവാണു് ആ ബാലികയ്ക്ക്. അനുഗ്രഹം തേടിയാണു് ആഗമനം. ഞാനാരു് അനുഗ്രഹിക്കാൻ? എങ്കിലും എന്റെ കാലുകളിൽ തൊട്ടു് സ്വന്തം കണ്ണിൽ വയ്ക്കാൻ ആ കുട്ടിക്കു് അനുമതി നല്കി. അങ്ങനെ നിഷ്കളങ്കയായ ബാലിക അത്രയ്ക്കൊന്നും പാവനത്വമില്ലാത്ത എന്റെ കാലുകളെ സ്പർശിച്ചു് കൈകൾ നേത്രങ്ങളിലേക്കു കൊണ്ടു ചെന്നു. അനർഹമായി ഞാൻ ആദരിക്കപ്പെടുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായി. കാവ്യാ മാധവൻ വരുന്നതിനു് ആറു മാസം മുന്പു് പ്രശസ്തയായ വേറൊരു ചലച്ചിത്രതാരവും എന്റെ വീട്ടിൽ വന്നു. യുവതി, അതിസുന്ദരി, അവരുടെ പേരെഴുതുന്നതു ശരിയല്ല. അതുകൊണ്ടു് വായനക്കാരോടു മാപ്പു ചോദിച്ചുകൊണ്ടു് ഞാൻ അതു മറച്ചുവയ്ക്കുന്നു. കാല്പനികമായ ഹർഷോന്മാദം ഏതു ദ്രഷ്ടാവിനുമുളവാക്കും. അവരുടെ ദർശനം സൗന്ദര്യം ഒഴുകിയിരുന്നതുപോലെ അവരുടെ വസ്ത്രവിശേഷങ്ങളും ഫാനിന്റെ കാറ്റിൽ ഒഴുകി. പതിനഞ്ചു മിനിറ്റ് സംസാരിച്ചതിനു ശേഷം ആ ചലച്ചിത്രതാരം കാറിൽക്കയറി കൈ വീശിക്കൊണ്ടു യാത്രയായി. കാറിന്റെ ഗ്ലാസ് ഷട്ടർ താഴ്ത്തിയ ജാലകത്തിലൂടെ അവരുടെ കഞ്ചുകത്തിന്റെ ഒരു ഭാഗം പറന്നുകൊണ്ടിരുന്നു. വിശേഷിച്ചു് ഒരിംപ്രഷനും എനിക്കുണ്ടായില്ല. എന്റെ വീടാകുന്ന നരകത്തിൽ വിടർന്നു നിന്ന റോസാപ്പൂവായിരുന്നു അവർ. എങ്കിലും അവരുടെ പരിമളവും സൗന്ദര്യതരംഗവും എന്റെ സമീപത്തുപോലും എത്തിയില്ല. ആ സുന്ദരി പോയിട്ടു് പതിനഞ്ചു മിനിറ്റ് കഴിഞ്ഞിരിക്കില്ല. വേറൊരു സ്ത്രീ കാണാൻ വന്നിരിക്കുന്നു എന്നറിവു കിട്ടി. ഞാൻ ചെന്നു. മധ്യവയസ്ക. മുഷിഞ്ഞ വേഷം. ചെറുപ്പകാലത്തുപോലും സൗന്ദര്യം ഉണ്ടായിരുന്നതായി തോന്നില്ല. ‘എന്തു വേണം?’ എന്നു ഞാൻ ചോദിച്ചു. മറുപടി “മകളുടെ വിവാഹം നടത്താൻ പണമില്ല. എന്തെങ്കിലും സഹായം ചെയ്യണം.” കള്ളമായിരിക്കാം. ചിലപ്പോൾ സത്യമായിരിക്കാം. ഇങ്ങനെയുള്ള അഭ്യർത്ഥനകൾ ഉണ്ടാകുമ്പോൾ ഞാൻ കൂടിവന്നാൽ അഞ്ചു രൂപയേ കൊടുക്കൂ. പക്ഷേ, അന്നു് ഞാൻ അവരുടെ വാക്കുകൾ കേട്ടു് ഞാൻ ഇരുപത്തിയഞ്ചു രൂപ കൊടുത്തു. സംഖ്യ അന്നു് ഉയർന്നതിനു് കാരണമുണ്ടു്. വിഷാദവും ജീവിതത്തിന്റെ യാതനയും നിറഞ്ഞ അവരുടെ മുഖത്തിൽ നിന്നു് ഉണ്ടായ വാക്കുകൾക്കു സത്യത്തിന്റെ നാദമുണ്ടായിരുന്നു എന്നതുതന്നെ ഹേതു. അവ എന്റെ അന്തരംഗത്തിലേക്കു തുളച്ചുകയറി.

images/Rabelais.jpg
റബ്ലേ

എന്നെക്കാണാൻ വന്ന യുവതിയായ ചലച്ചിത്രതാരത്തെപ്പോലെയാണു് മുണ്ടൂർ സേതുമാധവന്റെ ‘ഹേമന്തം’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു്). ആകർഷകത്വമെല്ലാമുണ്ടു്. കഥാകാരന്റെ മലയാളം നന്നു്. ആഖ്യാനത്തിനു സവിശേഷതയുണ്ടു്. പക്ഷേ, വിഷയത്തിനു് നൂതനത്വമില്ല. അന്തർവീക്ഷണമില്ല. മകന്റെ ജന്മദിനമാഘോഷിക്കാൻ വാശിക്കാരിയായ അമ്മ പ്രഖ്യാതമായ അമ്പലമുള്ളിടത്തു് എത്തിയിരിക്കുന്നു. പക്ഷേ, മകൻ വരുന്നില്ല. അവന്റെ അഭാവത്തിന്റെ തീക്ഷണത കൂട്ടാനായി മറ്റൊരു കുടുംബത്തെ കഥാകാരൻ വർണ്ണിക്കുന്നു. അവർ വന്നതു് പേരക്കുട്ടിക്കു ചോറുകൊടുക്കാനാണു്. മകനെ കാണാൻ കഴിയാതെ അമ്മ അവന്റെ ജോലിസ്ഥത്തു പോകുമ്പോൾ കഥ അവസാനിക്കുന്നു. രചന, സംഭവത്തിന്റെ ട്രാജിക് അംശം എടുത്തു കാണിച്ചാലേ ഇത്തരം കഥകൾ വിജയിക്കൂ. സേതുമാധവൻ ബാഹ്യശോഭയിൽ സത്തശ്രദ്ധനായി തികച്ചും ബഹിർഭാഗസ്ഥമായ, ചിരപരിചിതമായ കഥയെഴുതിയിരിക്കുന്നു. എതു സംഭവത്തിന്റെയും ദുഃഖാത്മകത്വം അദ്ഭുതം അനുവാചകനു് ഉളവാക്കിക്കൊണ്ടു് പുനർജ്ജനിക്കണം. സേതുമാധവൻ അതിൽ അവിദഗ്ദ്ധമാണു്.

ഗുസ്തി

മലയാള ചെറുകഥയിൽ പദങ്ങൾ പക്ഷങ്ങൾ വീശിപ്പോകുന്നതു കാണണമെങ്കിൽ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വായിക്കണം.

പണ്ടു പർവ്വതങ്ങൾക്കു ചിറകുകൾ ഉണ്ടായിരുന്നുപോലും. അവ ദേവേന്ദ്രൻ അറുത്തു കളഞ്ഞതിനു ശേഷമാണു് പർവ്വതങ്ങൾ ഒരിടത്തു സ്ഥിരതയാർന്നു കിടക്കുന്നതു്. ദേവേന്ദ്രനെ ബഹുമാനിക്കാതിരിക്കാൻ വയ്യ. സഹ്യപർവ്വതം നമ്മുടെ ശൂന്യാകാശം വഴി പറക്കുന്നതൊന്നു സങ്കല്പിച്ചു നോക്കു. എന്തു ഭയങ്കരമായിരിക്കും. സഹ്യൻ പോകട്ടെ. മൈനർ പർവ്വതം. മെയ്ജർ പർവ്വതമായ ഹിമാലയം പറക്കാൻ തുടങ്ങിയാൽ ഭാരതമാകെ ഇരുട്ടിൽ വന്നില്ലേ? ഔചിത്യപൂർവ്വമാണു് മനുഷ്യസ്നേഹമുള്ള ദേവേന്ദ്രൻ കത്തികൊണ്ടു് പർവ്വതങ്ങളുടെ ചിറകുകൾ അരിഞ്ഞു കളഞ്ഞതു്.

പർവ്വതങ്ങളുടെ പറക്കൽ ഭയാനകം. അതുപോലെ വാക്കുകളും പറക്കും. അക്കാഴ്ച രമണീയം. കുഞ്ചൻ നമ്പ്യാരുടെ, പുനം നമ്പൂതിരിയുടെ വാക്കുകൾ. പക്ഷവീജനം നടത്തുന്നവയാണു് ചെക്കോവിന്റെ ‘ഡാർലിങ്ങ്’ എന്ന കഥയിൽ. ‘കിസ്’ എന്ന കഥയിൽ വാക്കുകൾ പറക്കുകയാണു്. മലയാള ചെറുകഥയിൽ പദങ്ങൾ പക്ഷങ്ങൾ വീശിപ്പോകുന്നതു കാണണമെങ്കിൽ ഉറൂബി ന്റെ ‘രാച്ചിയമ്മ’ എന്ന കഥ വായിക്കണം. സ്കൂൾകുട്ടികൾ എഴുതുന്നതു പോലെ രാജേന്ദ്രൻ കാറ്റാടി ദേശാഭിമാനി വാരികയിൽ ‘നേട്ടങ്ങളുടെ ഏടുകൾ’ എന്ന ഒരു കഥയെഴുതിയിരിക്കുന്നു. സ്കൂൾമാഷായി ജീവിതം നയിച്ച ഒരുത്തൻ Blade കമ്പനി നടത്തുന്നതിനെ വർണ്ണിക്കുന്ന ഈ കഥയിൽ വാക്കുകൾ പറയുന്നില്ലെന്നു മാത്രമല്ല പറയേണ്ടതു്. രാജേന്ദ്രന്റെ വീട്ടിൽ ഇടികല്ലും കുഴവിയും കാണും. ഓരോ വാക്കെടുത്തു് ഇടികല്ലിന്റെ കുഴിയിൽ ഇട്ടിട്ടു കുഴവികൊണ്ടു് വളരെനേരം ഇടിക്കുന്നു അദ്ദേഹം. അങ്ങനെ ചതഞ്ഞു ചതഞ്ഞു രൂപം മാറിയ വാക്കുകളെടുത്തു ഒരു കഥ നിർമ്മിക്കുകയാണു് രാജേന്ദ്രൻ.

images/Uroob.jpg
ഉറൂബ്

ഈ ലോകത്തെ ഏറ്റവും ദുസ്സഹമായ കാഴ്ച ശക്തനായ പുരുഷൻ ദുർബ്ബലയായ സ്ത്രീയുമായി ഗുസ്തി പിടിക്കുന്നതാണു്. താൻ അക്കാഴ്ച പലതവണ കണ്ടിട്ടുമുണ്ടു്. എന്റെ മുത്തച്ഛൻ ഗുസ്തിക്കാരനായിരുന്നു. അദ്ദേഹം രണ്ടാമതു വിവാഹം കഴിച്ചതു് പാച്ചിയമ്മ എന്ന സ്ത്രീയെയാണു്. അവരുമായി മുത്തച്ഛൻ ഗോദായിലിറങ്ങി ഗുസ്തി പിടിക്കുന്നതു് ഞാൻ എത്ര തവണയാണു് കണ്ടത്! ഭാഷായോഷയുമായി രാജേന്ദ്രൻ ഗുസ്തി പിടിക്കുന്നു എന്നു വേണമെങ്കിലും പറയാം. ഇതൊക്കെ വായനക്കാർക്കു എങ്ങനെ സഹിക്കാനൊക്കും?

പല കാര്യങ്ങൾ
  1. If the son misbehaves, slap the face of his father—മകൻ മര്യാദയില്ലാതെ പെരുമാറുന്നെങ്കിൽ അവന്റെ അച്ഛന്റെ കരണക്കുറ്റിയിൽ അടിക്കുക—എന്നൊരു പഴഞ്ചൊല്ലുണ്ടു്, ഇംഗ്ലീഷിൽ. ഇപ്പോൾ ഓരോ വീട്ടിലും സന്താനങ്ങൾ അപമര്യാദയായി പെരുമാറുന്നു. കുറ്റം കുട്ടികളുടേതല്ല. അച്ഛനമ്മമാരുടേതാണു്. പണിമുടക്കു കാരണം ഓരോ ഭവനത്തിലും ഉണ്ടായിരുന്ന ലയം ഭഞ്ജിക്കപ്പെട്ടിരിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിൽ എപ്പോഴും ശണ്ഠ കൂടുന്നു. വീട്ടിലെ ദിനം പ്രതിയുള്ള ചെലവുകൾക്കു പണമില്ല. അതു ഭർത്താവിന്റെ കുറ്റമല്ലെന്നു ഭാര്യയ്ക്കറിയാം. പക്ഷേ, ചായയിടാൻ പോലും തേയിലയില്ല, പഞ്ചാരയില്ല എന്നു വരുമ്പോൾ സ്വാഭാവികമായും ഭാര്യയ്ക്കു ദേഷ്യമുണ്ടാകും. അവൾ പാവപ്പെട്ട ഭർത്താവിൽ പഴിചാരുന്നു. അവർ തമ്മിൽ ശണ്ഠ കൂടുന്നു. സമ്പന്നമായ ചില കുടുംബങ്ങളൊഴിച്ചാൽ ശേഷമുള്ളവയിലെല്ലാം സമാധാനഭംഗമാണു്. കേരളത്തിലെ ശാന്തതയാർന്ന കുടുംബങ്ങൾ ഇപ്പോൾ അസ്വസ്ഥങ്ങളാണു്. അവ തകർന്നു കഴിഞ്ഞു.
  2. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ കാലത്തു് സർക്കാർ ജീവനക്കാരുടെ പണിമുടക്കുണ്ടായി. അനുരഞ്ജനസംഭാഷണം കൊണ്ടു് ഒരു പ്രയോജനവുമുണ്ടായില്ല. അതിനാൽ മുഖ്യമന്ത്രി ഒരു മാർഗ്ഗം കണ്ടുപിടിച്ചു. പ്രഭാഷണവേദിയിൽ കയറിയാൽ കുറഞ്ഞതു ഒന്നരമണിക്കൂർ നേരം അവിടെ നിന്നിറങ്ങാതെ വിരസമായി പ്രസംഗിക്കുന്ന ഒരു സംസ്കൃത പണ്ഡിതൻ ഈ നഗരത്തിലുണ്ടായിരുന്നു. അച്യുതമേനോൻ പണിമുടക്കിയവരോടു പറഞ്ഞു സ്റ്റ്രൈക്ക് അവസാനിപ്പിച്ചില്ലെങ്കിൽ ആ പണ്ഡിതനെക്കൊണ്ടു് പ്രസംഗിപ്പിച്ചു് അവരെ കേൾപ്പിക്കുമെന്നു്. പണിമുടക്കുകാർ അതു കേൾക്കാത്ത താമസം പ്രാണനും കൊണ്ടോടി ഓഫീസുകളിൽ കയറിയിരുന്നു ജോലി ചെയ്തു തുടങ്ങി. ഇപ്പോൾ ഈ പണിമുടക്കു് അവസാനിപ്പിക്കാൻ എനിക്കൊരു നിർദ്ദേശമുണ്ടു്. മുഖ്യമന്ത്രി ജീവനക്കാരെ വിളിച്ചുകൂട്ടി പറയണം. അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ, ആറ്റൂർ രവിവർമ്മ ഇവരെഴുതിയ കാവ്യങ്ങൾ ഞാൻ നിങ്ങളെ വായിച്ചു കേൾപ്പിക്കും. അതു വേണ്ടെന്നുണ്ടെങ്കിൽ ഉടനെ സ്റ്റ്രൈക്ക് അവസാനിപ്പിച്ചു് ഓഫീസുകളിൽ കയറി ജോലിചെയ്തു കൊള്ളണം. ഇതു കേട്ടതുപാതി, കേൾക്കാത്തതു പാതി ജീവനക്കാർ ഓടി ഓഫീസുകളിൽ കയറി ജോലി ചെയ്തു തുടങ്ങും. മുഖ്യമന്ത്രി ഇതൊന്നു ‘ട്രൈ’ ചെയ്യണമെന്നാണു് എന്റെ അഭ്യർത്ഥന. ഒന്നോ രണ്ടോ പേർ കസേരയിലിരുന്നു് അസ്വസ്ഥത കാണിക്കുകയാണെങ്കിൽ അതു നേരിടാനും മാർഗ്ഗമുണ്ടു്. സർക്കാർ ആഷാ മേനോന്റെ ഗദ്യഖണ്ഡം ഫോട്ടോസ്റ്റാറ്റെടുത്തു സെക്ഷൻ ഓഫീസറെ നേരത്തെ ഏല്പിച്ചിരിക്കണം. ആകുലത കാണിക്കുന്ന ജീവനക്കാരന്റെ അടുത്തേക്കു സെക്ഷൻ ഓഫീസർ ഈ ഗദ്യഖണ്ഡം കൊണ്ടുപോകണം. രണ്ടു വാക്യം അതിൽ നിന്നു് വായിച്ചു കേൾപ്പിച്ചാൽ മതി ‘എവരിതിങ്ങ് വിൽ ബികം ആൾ റൈറ്റ്,’ ആഷാ മേനോന്റെ ഗദ്യവും കവികളുടെ പദ്യവും ചെറിയ ഡോസിലേ കൊടുക്കാവൂ. കൂടുതലായാൽ ജീവനക്കാർ ബോധംകെട്ടു വീഴും. പിന്നീടു് പൊലീസിനു് അവരെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതായി വരും. എന്തിനു് പൊല്ലാപ്പു് ഉണ്ടാക്കുന്നു? (ശനിയാഴ്ച സമരം തീർന്നു. ഇതെഴുതിയതു് മുൻപാണു്. എങ്കിലും മാറ്റി എഴുതേണ്ടതില്ല. ഭാവികാലത്തേക്കും ഈ നിർദ്ദേശങ്ങൾക്കു സാംഗത്യമുണ്ടു്.)
  3. ഞാൻ സെക്രട്ടറിയേറ്റിൽ ജോലി ചെയ്തിരുന്ന കാലത്തു് എന്റെ സഹപ്രവർത്തകനായി ഒരു ‘ഇഡിയറ്റ് ഉണ്ടായിരുന്നു. പക്ഷേ, അയാളുടെ വിചാരം താൻ ഐൻസ്റ്റെയിനെക്കാൾ ബുദ്ധിയുള്ളവനാണു് എന്നായിരുന്നു. ഇഡിയസിക്ക് മകുടം ചാർത്തുന്ന വൈരൂപ്യം ബുദ്ധിശൂന്യതയും വിവാഹപ്രായമായി വീട്ടിൽ നില്ക്കുന്ന പെണ്ണിന്റെ തന്തയ്ക്ക്. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ “പ്രശ്ന”മല്ല. ഒരുപാടു തന്തമാർ എന്റെ ആ സഹപ്രവർത്തകനെ അന്വേഷിച്ചെത്തി. ശുപാർശകൾ നടത്തി. പക്ഷേ, യുവാവു് വീണില്ല. ആ മുപ്പതു രൂപ ശമ്പളക്കാരനു് പിടിവാശി. ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥന്റെ മകളെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നു്. അങ്ങനെയിരിക്കെ ചവറയിലെ ഒരു ധനികൻ എന്റെ അടുത്തു ശുപാർശയുമായി എത്തി; യുവാവിനെക്കൊണ്ടു് അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യിക്കണമെന്നു്. തന്തയോടു സംസാരിക്കാനായി എന്നെക്കൂടെ ധനികൻ വിളിച്ചു. എന്റെ പിതാവും പറഞ്ഞു. “കൂടെപ്പോ”. ഞാൻ ധനികന്റെ പുതിയ കാറിൽ കയറി സഹപ്രവർത്തകന്റെ വീട്ടിലെത്തി. അയാളുടെ അച്ഛനെക്കണ്ടു സംസാരിച്ചു. അദ്ദേഹത്തിനു പരമസമ്മതം. കാറ് കൊടുക്കും. ലക്ഷണക്കണക്കിനു രൂപയ്ക്കുള്ള സ്വത്തും. പെൺകുട്ടി അതിസുന്ദരിയാണെന്നു് ധനികന്റെ കൂടെവന്ന എന്റെ ഒരു പരിചയക്കാരൻ പറഞ്ഞു. സംഭാഷണത്തിനുശേഷം എന്റെ സഹപ്രവർത്തകനെ തന്ത വിളിച്ചു് കാര്യം പറഞ്ഞു. ഉടനെ അയാൾ മറുപടി ഇംഗ്ലീഷിൽ നല്കി. “മൈൻഡ് യൂ ഫാദർ, ഐ വിൽ മാരി ദ് ഡോട്ടർ ഒഫ് ആൻ ഐ. എ. എസ്. ഓഫീസർ ഒൻലി” എന്നുപറഞ്ഞു് നെഞ്ചു് കുലുക്കിക്കൊണ്ടു് അയാൾ അകത്തേക്കു പോയി. ഞാൻ അയാളുടെ വക്ഷസ്സുകണ്ടു വിചാരിച്ചു. വീട്ടിൽ നില്ക്കുമ്പോൾ ‘ബ്രാ’ ഇട്ടുകൊണ്ടു് നില്ക്കാത്തതെന്തു് ഇയാൾ? ധനികനു് വിഷാദം. ‘എന്തു ചെയ്യാൻ’ എന്നു് അദ്ദേഹം എന്നോടു ചോദിച്ചു. “ഈ ബന്ധം ഇല്ലാതിരിക്കുകയാണു് നല്ലതെന്നു് ഞാൻ മറുപടി പറഞ്ഞു. ധനികൻ പോയതിനുശേഷം ഞാൻ എന്റെ കൂടെയുണ്ടായിരുന്ന ഒരാളോടു ഒരു നിർദ്ദേശം വച്ചു. “ ആ ധനികനെ ഐ. എ. എസ്. പരീക്ഷയ്ക്കു് അയയ്ക്കണം. ജയിക്കാതിരിക്കില്ല. അദ്ദേഹം ജയിച്ചുവന്നാൽ നമുക്കു വിവാഹം നടത്താം.”
  4. ഒരു ദിവസം ഞാൻ നോവലിസ്റ്റു് കെ. സുരേന്ദ്രനോടൊരുമിച്ചു് വഴുതയ്ക്കാട്ടു നിന്നു വെള്ളയമ്പലത്തിലേക്കു നടക്കുകയായിരുന്നു. അപ്പോൾ ഞങ്ങൾക്കു് എതിരായി ഒരാന വന്നു. ഞാൻ പേടിച്ചു് റോഡരുകിൽ ഒതുങ്ങി. ആന പോയപ്പോൾ ഞാൻ സുരേന്ദ്രനോടു ചോദിച്ചു. “അതിനു് ആനയാണെന്ന വസ്തുത അറിയാമോ?” സുരേന്ദ്രൻ പൊടുന്നനെ ഉത്തരം പറഞ്ഞു: “അറിയാം” വഴിവക്കിലെ ഒരു ചെടിയെ ചൂണ്ടിക്കാണിച്ചുകൊണ്ടു് അദ്ദേഹം വീണ്ടും അറിയിച്ചു. “ഈ ചെടിക്കുപോലും അറിയാം അതു് ചെടിയാണെന്നു്. നമ്മൾ മനുഷ്യരാണെന്നു്” എനിക്കതു് അത്ര വിശ്വാസമായില്ല. പക്ഷേ, ചിലപ്പോൾ ചെടികളുടെയും മരങ്ങളുടെയും രീതി കണ്ടാൽ അവയ്ക്കു ബോധമണ്ഡലമുണ്ടെന്നു തോന്നും. പനിനീർച്ചെടിയുടെ അഗ്രഭാഗത്തു് നില്ക്കുന്ന പൂ പറിക്കാൻ ആ ചില്ല ഒന്നു പിടിച്ചു വളച്ചു നോക്കു. ചില്ല പിറകോട്ടു പോകും. അതു പുഷ്പമിറുക്കുന്ന കൃത്യത്തിൽനിന്നു് മനുഷ്യനെ പിന്തിരിപ്പിക്കാനാണു്.

കേരളത്തിലെ ശാന്തതയാർന്ന കുടുംബങ്ങൾ ഇപ്പോൾ അസ്വസ്ഥങ്ങളാണു്. അവ തകർന്നുകഴിഞ്ഞു.

എന്റെ വീട്ടിന്റെ മുറ്റത്തു് ഒരു തെങ്ങ് വീട്ടിലേക്കു ചാഞ്ഞു നിന്നു. കമ്പികൊണ്ടു കെട്ടിയിട്ടും കാറ്റടിക്കുമ്പോൾ അതു ഭയജനകമാകും വിധത്തിൽ വളയും. അതിനാൽ അതു മുറിച്ചുകളയാൻ ഞാൻ തീരുമാനിച്ചു. മൂന്നുപേരാണു് വൃക്ഷഹന്താക്കളായി എത്തിയതു്. ഒരാൾ തെങ്ങിൽ കയറി അഗ്രഭാഗം വെട്ടി ശരിപ്പെടുത്തി. ക്രമേണ കഷണം കഷണമായി അതു മുറിച്ചു. ഒടുവിൽ ഒരു കുറ്റിത്തടി. കോടാലികൊണ്ടു് ആഞ്ഞാഞ്ഞു വെട്ടുതന്നെ. വടംകൊണ്ടു് തലയ്ക്കൽ കെട്ടുകെssട്ടി വലിക്കാൻ തുടങ്ങി. മരം അതിനു വഴങ്ങാതെ മുന്നോട്ടേയ്ക്കു് ആഞ്ഞുനിന്നു. എങ്കിലും മരത്തിന്റെ വധകർത്താക്കൾ വിട്ടില്ല. ഫ്രഞ്ച് വിപ്ലവത്തിൽ ലൂയിചക്രവർത്തിയെ തലവെട്ടിക്കളഞ്ഞവന്റെ പരാക്രമത്തോടെ, റുമേനിയയിൽ ചൗഷസ്കൂവിനെ വധിച്ച ആളുകളുടെ പരാക്രമത്തോടെ കേരവൃക്ഷത്തെ അവർ അറ്റാക്ക് ചെയ്തു. ഒടുവിൽ ഒരു ഭയങ്കര ശബ്ദത്തോടെ തെങ്ങിൻതടി താഴെ വീണു. വീഴ്ത്തിയവർ ആഹ്ലാദിച്ചു. ഈ വധോദ്യതരുടെ വാശിയും വീറും കാണിച്ചാണു് പി. ദാമോദരൻ പിള്ള എന്ന നിരൂപകൻ കുമാരനാശാൻ എന്ന വന്മരത്തെ വീഴ്ത്താൻ ശ്രമിച്ചതു്. പക്ഷേ, ഫലപ്പെട്ടില്ല. ഒരു പോറൽ പോലും ആ മഹാവൃക്ഷത്തിലുണ്ടാക്കാൻ ദാമോദരൻപിള്ളയ്ക്കു കഴിഞ്ഞില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-03-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 10, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.