SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2002-03-29-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Joseph_Brodsky.jpg
യോ​സി​ഫ് ബ്രൊ​ഡ്സ്കി

പ്ര​ശ​സ്ത​നായ കവി ആല​പ്പുഴ നി​ന്നു് എറ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്ന ബോ​ട്ടി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു. ബോ​ട്ട് തണ്ണീർ​മു​ക്ക​ത്തു് എത്തി​യ​പ്പോൾ കാണാൻ കൊ​ള്ളാ​വു​ന്ന ഒരു സ്ത്രീ അവ​രു​ടെ കു​ഞ്ഞു​മാ​യി അതിൽ കയറി. കു​ഞ്ഞു് മൂ​ക്കള ഒലി​പ്പി​ച്ചു കര​പ്പ​ന്റെ വേദന സഹി​ക്കാൻ വയ്യാ​തെ നി​ര​ന്ത​രം കര​യു​ന്ന സത്വം. അതി​നെ​ക്ക​ണ്ട​യു​ട​നെ എനി​ക്കു വെ​റു​പ്പു് ഉണ്ടാ​യി. പക്ഷേ, കവി​ക്കു് അതി​നോ​ടു വാ​ത്സ​ല്യ​വും. അദ്ദേ​ഹം ആ കൊ​ച്ചി​നെ അമ്മ​യു​ടെ കൈയിൽ നി​ന്നു വാ​ങ്ങി​ച്ചു ലാ​ളി​ച്ചു തു​ട​ങ്ങി. ഒരു മി​നി​റ്റ് കഴി​ഞ്ഞു് അതിനെ ആ യു​വ​തി​യു​ടെ കൈയിൽ തി​രി​ച്ചു കൊ​ടു​ത്തു. ഒരു സെ​ക്കൻ​ഡി​നു​ശേ​ഷം വീ​ണ്ടും വാ​ങ്ങി. ഇങ്ങ​നെ കു​ഞ്ഞി​നെ വാ​ങ്ങി​ക്ക​ലും തി​രി​ച്ചു കൊ​ടു​ക്ക​ലും നി​ര​ന്തര പ്ര​ക്രി​യ​യാ​യി. അമ്മ​യ്ക്കു സം​ശ​യ​മാ​യി തു​ട​ങ്ങി. ശി​ശു​വി​നോ​ടു​ള്ള വാ​ത്സ​ല്യം കൊ​ണ്ട​ല്ല കവി അതിനെ വാ​ങ്ങു​ന്ന​തും തി​രി​ച്ചു കൊ​ടു​ക്കു​ന്ന​തും എന്നു് അവൾ ഗ്ര​ഹി​ച്ചു. അവൾ സീ​റ്റിൽ ചന്തി തി​രി​ച്ചി​രു​ന്നു് കാ​യ​ലി​ലേ​ക്കു നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. കവി​യു​ണ്ടോ അവ​സാ​നി​പ്പി​ക്കാൻ പോ​കു​ന്നു. അദ്ദേ​ഹം താ​ക്കോ​ലു​കൾ ഇട്ട വളയം പോ​ക്ക​റ്റിൽ നി​ന്നെ​ടു​ത്തു ചൂ​ണ്ടു​വി​ര​ലിൽ കട​ത്തി കറ​ക്കി ‘ങ്ഹും ങ്ഹും’ എന്നു ശബ്ദം തൊ​ണ്ട​കൊ​ണ്ടു് കേൾ​പ്പി​ച്ചു​കൊ​ണ്ടു് ശി​ശു​വി​ന്റെ അടു​ത്തേ​ക്കു പല തവണ പോയി. കവി​യു​ടെ ഉപ​ദ്ര​വം സഹി​ക്കു​ന്നി​ല്ലെ​ന്നു് മു​ഖ​ഭാ​വം കൊ​ണ്ടു് വ്യ​ക്ത​മാ​ക്കി അവൾ ഒന്നു​കൂ​ടെ തി​രി​ഞ്ഞി​രു​ന്നു. പി​ന്നീ​ടു് നി​രാ​ശ​ത​യോ​ടെ സ്വ​ന്തം ഇരി​പ്പി​ട​ത്തിൽ ഇരു​ന്നു് അവ​ളു​ടെ സൗ​ന്ദ​ര്യം സ്വ​ന്തം കണ്ണു​കൾ കൊ​ണ്ടു് പാനം ചെ​യ്തു കവി.

images/Changampuzha.jpg
ചങ്ങ​മ്പുഴ

കളി​ക​ഴി​ഞ്ഞു്, പട്ടു​ടു​പ്പു ധരി​ച്ചു്, ‘നവ​നീ​ത​ത്തി​നു നാ​ണ​മ​ണ​യ്ക്കും തനുലത’യുടെ മൃ​ദു​ത്വ​ത്തോ​ടു​കൂ​ടി കു​ഞ്ഞു് കൈ​കാ​ലു​കൾ ഇള​ക്കി ശയി​ക്കു​ന്ന​തു കണ്ടാൽ അതി​നെ​യെ​ടു​ത്തു് നെ​ഞ്ചോ​ട​ണ​യ്ക്കാൻ ആർ​ക്കും താൽ​പ​ര്യ​മു​ണ്ടാ​കും. അല്ലാ​തെ അന്ധ​കാ​ര​ത്തിൽ നി​ന്നു് അതാ​ഗ​മി​ച്ചു. കു​റെ​ക്കാ​ലം ഇവിടെ കഷ്ട​പ്പാ​ടു​ക​ളോ​ടു ജീ​വി​ച്ചു. മര​ണ​മെ​ന്ന അന്ധ​കാ​ര​ത്തി​ലേ​ക്കു പോകും എന്നാ​രും വി​ചാ​രി​ക്കി​ല്ല. അങ്ങ​നെ​യു​ള്ള ശി​ശു​വി​നെ ലാ​ളി​ക്കാൻ അതി​ന്റെ സു​ന്ദ​രി​യായ അമ്മ​യു​ടെ സാ​ന്നി​ദ്ധ്യം സു​നി​യ​ത​മായ മാ​ന​സി​ക​നി​ല​യു​ള്ള​വർ​ക്കു് വേ​ണ്ട​തി​ല്ല. ആ വി​ധ​ത്തിൽ സു​ന്ദ​ര​മായ ഒരു ഗ്ര​ന്ഥ​ശി​ശു എന്റെ മുൻ​പിൽ കി​ട​ക്കു​ന്നു. അഴു​ക്കു പു​ര​ണ്ട കൈകൾ കൊ​ണ്ടു് അതെ​ടു​ക്കാൻ എന്റെ മന​സ്സു് സമ്മ​തി​ക്കു​ന്നി​ല്ല. ഞാൻ സോ​പ്പ് തേ​ച്ചു് കൈ​ക​ഴു​കി​ക്കൊ​ണ്ടു​വ​ര​ട്ടെ. ഏതു ഗ്ര​ന്ഥ​ശി​ശു? പോ​ള​ണ്ടി​ലെ കവി ചെ​സ്ലോ​ഫ് മീ​വോ​ഷ് 1931 തൊ​ട്ടു് 2001 വരെ​യു​ള്ള കാ​ല​യ​ള​വിൽ എഴു​തിയ കവി​ത​ക​ളു​ടെ സമാ​ഹാ​ര​മാ​ണി​തു്. ഒര​ത്യു​ക്തി​യു​മി​ല്ല. മാ​ലി​ന്യ​മു​ള്ള കൈ​യോ​ടു കൂടി ഈ ഗ്ര​ന്ഥ​ത്തെ സ്പർ​ശി​ക്കാൻ ഒരു സഹൃ​ദ​യ​നും തോ​ന്നു​കി​ല്ല.

യദൃ​ച്ഛ​യാ ഈ ഗ്ര​ന്ഥം തു​റ​ന്ന​പ്പോൾ കണ്ട വരികൾ ഇവ​യാ​ണു്:

We were riding through frozen

fields in a wagon at dawn

A red wing rose in the darkness.

And suddenly a hare ran across the road

One of us pointed to it with his hand

That was long ago. Today neither of them is alive,

Nor the hare, nor the man who made the gesture,

O my lover, where are they, where are they going

The flash of a hand, streak of movement, rustle of pebbles

I ask not out of sorrow, but in wonder

images/Stevie_Smith.jpg
Stevie Smith

കവി​യും കൂ​ട്ടു​കാ​രും മഞ്ഞു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ പ്ര​ഭാ​ത​ത്തിൽ വണ്ടി​യിൽ പോ​കു​ക​യാ​യി​രു​ന്നു. പൊ​ടു​ന്ന​നെ ഒരു മുയൽ റോ​ഡി​ലൂ​ടെ ഓടി. ആരോ ഒരാൾ അതു ചൂ​ണ്ടി​ക്കാ​ണി​ച്ചു. വള​രെ​ക്കാ​ലം മുൻ​പാ​ണി​തു്. ഇന്നു് മു​യ​ലു​മി​ല്ല അതു ചൂ​ണ്ടി​ക്കാ​ണി​ച്ച ആളു​മി​ല്ല. പ്രി​യ​ത​മേ, അവർ എവി​ടെ​യാ​ണു്? ദുഃഖം കൊ​ണ്ട​ല്ല ഞാ​നി​തു ചോ​ദി​ക്കു​ന്ന​തു്. അത്ഭു​ത​ത്താ​ലാ​ണു് തനി​ക്കു 25 വയ​സ്സു മാ​ത്ര​മു​ള്ള കാ​ല​ത്തു് മീ​വോ​ഷ് എഴു​തിയ ഈ കവി​ത​യിൽ ജീ​വി​ത​ത്തി​ന്റെ ക്ഷ​ണി​ക​ത​യും സം​ഭ​വ​ങ്ങ​ളി​ലും പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളി​ലും ഉൾ​ക്കൊ​ള്ളു​ന്ന വി​സ്മ​യ​വും അട​ങ്ങി​യി​രി​ക്കു​ന്നു. ഇം​ഗ്ലീ​ഷ് തർ​ജ്ജമ വാ​യി​ക്കു​മ്പോ​ഴും അതി​ന്റെ ലയം നമ്മ​ളെ നി​ര​ന്ത​രം പി​ന്തു​ട​രു​ന്നു. മീ​വോ​ഷ് വി​വ​ര​ണാ​ത്മ​ക​ങ്ങ​ളായ കവി​ത​കൾ രചി​ക്കു​ന്ന കവി​യാ​ണു്. ഭാ​വാ​ത്മ​ക​ത​യിൽ അദ്ദേ​ഹം അത്ര​ക​ണ്ടു മന​സ്സു് ഇരു​ത്താ​റി​ല്ല. എങ്കി​ലും ഈ വരി​ക​ളി​ലെ ഭാ​വാ​ത്മ​കത സഹൃ​ദ​യൻ കണ്ട​റി​യു​ന്നു.

images/MT_VASUDEVAN_NAIR.jpg
എം. ടി.

ഈ മാ​ന​സി​ക​നില താൽ​കാ​ലി​ക​മാ​യി​രു​ന്നു കവി​ക്കു്. അദ്ദേ​ഹം പെ​ട്ടെ​ന്നു ചി​ന്ത​ക​ളെ വ്യ​വ​ച്ഛേ​ദി​ക്കു​ക​യും സ്വ​ത്വ​ശ​ക്തി​യെ​യും വ്യ​ക്തി​ത്വ​ശ​ക്തി​യെ​യും പ്ര​ദർ​ശി​പ്പി​ക്കു​മാ​റു് കാ​വ്യ​ങ്ങൾ രചി​ക്കു​ക​യും ചെ​യ്തു. മീ​വോ​ഷി​ന്റെ “Dedication” എന്ന കാ​വ്യം ഇതിനു നി​ദർ​ശ​ക​മാ​ണു്. അദ്ദേ​ഹം അസ​ന്ദി​ഗ്ദ്ധ​മായ ഭാ​ഷ​യിൽ ചോ​ദി​ക്കു​ന്നു.

“രാ​ഷ്ട്ര​ങ്ങ​ളെ​യും ജന​ത​യെ​യും രക്ഷി​ക്കാ​ത്ത കവിത എന്തു മാ​തി​രി കവി​ത​യാ​ണു്? ആധി​കാ​രിക ലോ​ക​ത്തി​ന്റെ കള്ള​ങ്ങ​ളോ​ടു​കൂ​ടി ഒറ്റു​ചേ​രൽ നട​ത്തു​ന്ന​താ​ണ​തു്. മദ്യ​പ​ന്മാ​രു​ടെ ഗാ​ന​മ​ത്രേ ആ കവിത.”

ഭാ​ര​ത​ത്തി​നു് അമ്മ​യി​ല്ല. അമ്മ വളർ​ത്തി​യാ​ലേ സന്ത​തി നല്ല നി​ല​യി​ലെ​ത്തൂ. ഭാ​ര​ത​ത്തി​ന്റെ ഇന്ന​ത്തെ ദോ​ഷ​ങ്ങൾ​ക്കെ​ല്ലാം കാരണം അമ്മ അതിനെ വളർ​ത്തി​യി​ല്ല എന്ന​താ​ണു്.

കവി​ത​യെ​സ്സം​ബ​ന്ധി​ച്ച ഈ പരി​വർ​ത്ത​നം അദ്ദേ​ഹ​ത്തെ പ്ര​തി​ബ​ദ്ധ​സാ​ഹി​ത്യ​ത്തി​ന്റെ സ്തോ​താ​വാ​ക്കി മാ​റ്റി. എങ്കി​ലും കവി​ത​യു​ടെ കലാ​ത്മ​ക​ത​യെ നി​ന്ദി​ക്കാ​തെ​യാ​ണു് അദ്ദേ​ഹം അതിൽ വ്യാ​പ​രി​ച്ച​തു്. അതി​ശ​ക്ത​മായ ‘Child of Europe’ എന്ന കാ​വ്യ​ത്തി​ലെ ചില വരികൾ വാ​യി​ക്കുക:

Love no country: countries soon disappear

Love no city: cities are soon rubble.

………

Do not love people: people soon perish

Do not gaze into the pools of the past

Their corroded surface will mirror

A face different from the one you expected

ഇതിനു ശേ​ഷ​മു​ള്ള വരികൾ ഇതി​നെ​ക്കാൾ ഊർ​ജ്ജം പ്ര​സ​രി​പ്പി​ക്കു​ന്ന​വ​യാ​ണു്.

He who invoke history is always secure

The dead will not rise to witness against him.

You can accuse them of any deeds you like

Their reply will always be silence

images/EzhacheryDSC.jpg
ഏഴാ​ച്ചേ​രി രാ​മ​ച​ന്ദ്രൻ

ഈ വരികൾ എനി​ക്കു ഞെ​ട്ട​ലു​ണ്ടാ​ക്കി. Literary present എന്ന തത്ത്വ​മ​നു​സ​രി​ച്ചു് അന്ത​രി​ച്ച സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ കൃ​തി​ക​ളെ വി​മർ​ശി​ക്കാ​മെ​ങ്കി​ലും ചില സന്ദർ​ഭ​ങ്ങ​ളി​ലെ അർ​ത്ഥ​ന​കൾ​ക്കു് അനു​രൂ​പ​മാ​യി അവ​രു​ടെ സ്വ​ഭാ​വ​ത്തി​ലെ ന്യൂ​ന​ത​ക​ളെ ഞാൻ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ടു്. അതു ശരി​യ​ല്ല എന്നാ​ണു് മീ​വോ​ഷ് എന്നോ​ടു പറ​യു​ന്ന​തു്. ഞാൻ അതം​ഗീ​ക​രി​ക്കു​ന്നു. അങ്ങ​നെ വൈ​യ​ക്തി​ക​മാ​യി എനി​ക്കേ​റെ പ്ര​യോ​ജ​നം ചെ​യ്തു മീ​വോ​ഷി​ന്റെ കവി​ത​കൾ. എഴു​ന്നൂ​റ്റ​മ്പ​തു പു​റ​ങ്ങ​ളിൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഈ ഉജ്ജ്വ​ല​കാ​വ്യ​ങ്ങ​ളെ​ക്കു​റി​ച്ചു് അന​തി​വി​സ്ത​ര​മാ​യി​ട്ടു​പോ​ലും എന്തെ​ങ്കി​ലും പറയാൻ കഴി​യു​ക​യി​ല്ല. പക്ഷേ, ഒരംശം ചൂ​ണ്ടി​ക്കാ​ണി​ക്കാൻ എനി​ക്കു തൽ​പ​ര​ത്വ​മു​ണ്ടു് ഇം​ഗ്ലീ​ഷിൽ erotic imagination എന്നു പറ​യു​ന്ന കാ​മോ​ത്സു​ക​മായ ഭാ​വ​ന​യിൽ വി​ഹ​രി​ക്കാൻ മീ​വോ​ഷി​നു കൗ​തു​കം ഏറെ​യു​ണ്ടു്.

images/Yeats_Boughton.jpg
ഡബ്ൾ​യൂ. ബി. യേ​റ്റ്സ്

ഒരു വി​മാ​ന​ത്താ​വ​ള​ത്തിൽ തൊ​ണ്ണൂ​റു വയ​സ്സായ മീ​വോ​ഷ് ഒരു ഗ്ലാ​സ് വി​സ്കി​യു​മാ​യി ഇരി​ക്കു​ക​യാ​ണു്. സം​ഭാ​ഷ​ണ​ങ്ങൾ കു​റ​ച്ചു​കു​റ​ച്ചാ​യേ അദ്ദേ​ഹ​ത്തി​ന്റെ ചെ​വി​കൾ പി​ടി​ച്ചെ​ടു​ക്കു​ന്നു​ള്ളൂ. അദ്ദേ​ഹ​ത്തി​ന്റെ കണ്ണു​കൾ ദുർ​ബ്ബ​ല​ങ്ങ​ളാ​യി​പ്പോ​യി എങ്കി​ലും അവയെ തൃ​പ്തി​പ്പെ​ടു​ത്താൻ സാ​ദ്ധ്യ​മ​ല്ല. മി​നി​സ്കേർ​ട്ടു​ക​ളിൽ, സ്ലാ​ക്കു​ക​ളിൽ ഞൊ​റി​യു​ള്ള വസ്ത്ര​ങ്ങ​ളിൽ അദ്ദേ​ഹം അവ​രു​ടെ കാ​ലു​കൾ കാ​ണു​ന്നു. ഓരോ​ന്നും വേർ​തി​രി​ച്ചു് അദ്ദേ​ഹം ഒളി​ഞ്ഞു​നോ​ക്കു​ന്നു. അവ​രു​ടെ നി​തം​ബ​ങ്ങ​ളിൽ തു​ട​ക​ളിൽ ആ നോ​ട്ട​ങ്ങൾ ചെ​ന്നു​വീ​ഴു​ന്നു. വി​ഷ​യാ​സ​ക്ത​നായ ഈ കി​ഴ​വ​നു് ശ്മ​ശാ​ന​ത്തിൽ പോ​കാ​നു​ള്ള സമ​യ​മാ​യി. യൗ​വ​ന​കാ​ല​ത്തെ വി​നോ​ദ​ങ്ങ​ളും ആഹ്ലാ​ദ​ങ്ങ​ളും ഇനി അയാൾ​ക്കു വേണ്ട. കാ​മോ​ത്സു​ക​ത​യാർ​ന്ന ഭാവന കൊ​ണ്ടു് മീ​വോ​ഷ് ഈ ഭൂ​മി​യി​ലെ രം​ഗ​ങ്ങൾ ആവി​ഷ്ക​രി​ക്കു​ക​യാ​ണു്. ഈ ജീ​വി​ക​ളെ (പെൺ​പി​ള്ളേ​രെ) അദ്ദേ​ഹം ആഗ്ര​ഹി​ക്കു​ന്നു എന്ന​ല്ല ഇതി​നർ​ത്ഥം. അദ്ദേ​ഹം എല്ലാം അഭി​ല​ഷി​ക്കു​ന്നു. അതു ഹർ​ഷോ​ന്മാ​ദ​മായ ഐക്യ​ത്തി​ന്റെ അട​യാ​ളം പോ​ലെ​യാ​ണു്. ഒരു ദിവസം കവി സ്വർ​ഗ്ഗ​ത്തു ചെ​ല്ലു​ക​യാ​ണെ​ങ്കിൽ ഇവി​ടെ​യു​ള്ള​തെ​ല്ലാം അവി​ടെ​യും വേണം അദ്ദേ​ഹി​ത്തി​നു്! ധി​ഷ​ണാ​വി​ലാ​സം കവി​ത​യിൽ കാ​ണി​ക്കു​ന്ന കവി ഇവിടെ വൈ​ഷ​യി​ക​ത്വ​ത്തി​ലേ​ക്കു ചെ​യ്യു​ന്നു. മീ​വോ​ഷി​ന്റെ കവിത ധി​ഷ​ണാ​പ​ര​മാ​ണു്. ധി​ഷ​ണാ​പ​ര​ങ്ങ​ളായ കവി​ത​കൾ​ക്കു ദുർ​ഗ്ര​ഹത കാണും. പക്ഷേ, മീ​വോ​ഷി​ന്റെ കവി​ത​കൾ​ക്കു ആ ദോ​ഷ​മി​ല്ല. ധി​ഷ​ണ​യിൽ വൈ​ഷ​യി​ക​ത്വം കൂടി കലർ​ത്തു​ന്ന​തു കൊ​ണ്ടാ​വ​ണം ആ സ്പ​ഷ്ടത വരു​ന്ന​തു്. ചി​ല​പ്പോൾ ആ കവിത അമൂർ​ത്ത​മാ​ണു്. മറ്റു ചി​ല​പ്പോൾ മൂർ​ത്ത​വും. യോ​സി​ഫ് ബ്രൊ​ഡ്സ്കി—റഷ്യൻ കവി, നോബൽ ലോ​റി​യി​റ്റ്—പറ​ഞ്ഞു മീ​വോ​ഷി​നെ​ക്കു​റി​ച്ചു്: One of the greatest poets of our time, perhaps the greatest. ഇതു സത്യ​മാ​ണെ​ന്നു് ഈ കാ​വ്യ​ഗ്ര​ന്ഥം വാ​യി​ക്കു​ന്ന​വർ സമ്മ​തി​ക്കും (New and collected Poems, 1931–2001, Czeslaw Milosz, Allen Lane, The Penguin Press, pp. 776).

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: മഹാ​ത്മാ​ഗാ​ന്ധി രാ​ഷ്ട്ര​പി​താ​വു് എന്ന​റി​യ​പ്പെ​ടു​ന്നു. സന്താ​നം മാ​താ​വി​ല്ലാ​തെ ഉണ്ടാ​കി​ല്ല​ല്ലോ? അപ്പോൾ രാ​ഷ്ട്ര​മാ​താ​വാ​രു്?

ഉത്ത​രം: ഭാ​ര​ത​ത്തി​നു് അമ്മ​യി​ല്ല. അമ്മ വളർ​ത്തി​യാ​ലേ സന്ത​തി നല്ല നി​ല​യി​ലെ​ത്തൂ. ഭാ​ര​ത​ത്തി​ന്റെ ഇന്ന​ത്തെ ദോ​ഷ​ങ്ങൾ​ക്കെ​ല്ലാം കാരണം അമ്മ അതിനെ വളർ​ത്തി​യി​ല്ല എന്ന​താ​ണു്.

ചോ​ദ്യം: മീ​റ്റി​ങ്ങു​കൾ കൊ​ണ്ടു് വല്ല പ്ര​യോ​ജ​ന​വു​മു​ണ്ടോ?

ഉത്ത​രം: പ്ര​യോ​ജ​ന​മു​ണ്ടു് കൈ​നി​ക്കര കു​മാ​ര​പി​ള്ള എന്നോ​ടു പറ​ഞ്ഞു. ഗാ​ന്ധി, ഗാ​ന്ധി എന്നു പ്ര​ഭാ​ഷ​ണ​ത്തിൽ പത്തു തവണ പറ​ഞ്ഞാൽ പത്തു പേ​രു​ടെ മന​സ്സിൽ ആ പേരു് ചെ​ന്നു​ക​യ​റു​മെ​ന്നു്. ശബ്ദ​ത്തി​നു മാ​ന്ത്രി​ക​ശ​ക്തി​യു​ണ്ടു്. ഞാൻ എസ്. രാ​ധാ​കൃ​ഷ്ണ​ന്റെ പല പ്ര​ഭാ​ഷ​ണ​ങ്ങ​ളും കേ​ട്ടി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ പു​സ്ത​ക​ങ്ങൾ വാ​യി​ച്ചി​ട്ടു​ണ്ടു്. പു​സ്ത​ക​ങ്ങ​ളി​ലെ ആശ​യ​ങ്ങൾ ഞാൻ മറ​ന്നു പോ​യി​രി​ക്കു​ന്നു. പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലെ ആശ​യ​ങ്ങൾ ഇപ്പോ​ഴും ഓർ​മ്മ​യു​ണ്ടു് ശബ്ദ​ത്തി​ന്റെ ശക്തി കൊ​ണ്ടാ​ണ​തു്.

ചോ​ദ്യം: ചങ്ങ​മ്പുഴ ക്ക​വി​ത​യു​ടെ മാ​റ്റൊ​ലി​യാ​യി നി​ങ്ങൾ വയ​ലാർ​ക്ക​വി​ത​യെ കാ​ണു​ന്നു. മാ​റ്റൊ​ലി​യാ​ണെ​ങ്കിൽ അതി​നി​ത്ര ഭംഗി ഉണ്ടാ​യ​തെ​ങ്ങ​നെ?

ഉത്ത​രം: താ​ങ്കൾ പേ​ച്ചി​പ്പാറ അണ​യിൽ​ച്ചെ​ന്നു് ഉറ​ക്കെ എന്തെ​ങ്കി​ലും പറയു. നി​ങ്ങൾ പറ​യു​ന്ന​തു് പ്ര​തി​ധ്വ​നി​യാ​യി കേൾ​ക്കും. ആ പ്ര​തി​ധ്വ​നി​ക്കു്, മാ​റ്റൊ​ലി​ക്കു് നി​ങ്ങൾ പറ​ഞ്ഞ​തി​നെ​ക്കാൾ ഭം​ഗി​യു​ണ്ടാ​യി​രി​ക്കും.

ചോ​ദ്യം: വാ​രി​ക​ക​ളി​ലെ ഗ്ര​ന്ഥ​നി​രൂ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു് എന്തു പറ​യു​ന്നു?

ഉത്ത​രം: വി​ദ​ഗ്ദ്ധ​ന്മാ​രു​ടെ പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു് അവി​ദ​ഗ്ദ്ധ​ന്മാർ അഭി​പ്രാ​യം പറ​യു​ന്നു. ഡോ​ക്ടർ കെ. ഭാ​സ്ക​രൻ നായർ തന്റെ ഒരു പു​സ്ത​ക​വും റെ​വ്യു​വി​നു് അയ​യ്ക്കു​മാ​യി​രു​ന്നി​ല്ല പത്രാ​ധി​പർ​ക്കു്.

ചോ​ദ്യം: പെൻഷൻ പറ്റി​യ​വർ​ക്കു് സ്വ​സ്ഥ​ത​യു​ണ്ടോ?

ഉത്ത​രം: പെൻഷൻ പറ്റി​യാൽ ശരീരം നന്നാ​കും. ആരോ​ഗ്യ​മു​ണ്ടാ​ക​ണ​മെ​ങ്കിൽ വേഗം പെൻഷൻ വാ​ങ്ങു.

ചോ​ദ്യം: മദാ​മ്മ​യും കേ​ര​ള​ത്തി​ലെ സ്ത്രീ​യും തമ്മിൽ ആന്ത​രി​ക​മാ​യി എന്തെ​ങ്കി​ലും വ്യ​ത്യാ​സ​മു​ണ്ടോ?

ഉത്ത​രം: ആന്ത​ര​മാ​യി ഒരു വ്യ​ത്യാ​സ​വു​മി​ല്ല. ഏതു സ്ഥ​ല​ത്താ​യാ​ലും സ്ത്രീ സ്ത്രീ തന്നെ. പി​ന്നെ ബാ​ഹ്യ​മാ​യി വ്യ​ത്യാ​സ​മു​ണ്ടു്. ബ്രി​ട്ടീ​ഷ് കവി (സ്ത്രീ) Stevie Smith പറ​ഞ്ഞു: The English woman is so refined she has no bosom and no behind. കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ അങ്ങ​നെ​യ​ല്ല. രണ്ടും കൂ​ടു​ത​ലാ​ണെ​ന്നേ​യു​ള്ളു.

ചോ​ദ്യം: ഇം​ഗ്ലീ​ഷ് ഉച്ചാ​ര​ണം ശരി​യാ​യി മന​സ്സി​ലാ​ക്ക​ണ​മെ​ങ്കിൽ ഡാ​നി​യൽ ജോൺ​സി​ന്റെ ഡിക്‍ഷ​ന​റി​യ​ല്ലേ നല്ല​തു്?

ഉത്ത​രം: ആ നി​ഘ​ണ്ടു​വി​ന്റെ കാലം കഴി​ഞ്ഞു. ‘Oxford Dictionary of Pronuciation for Current English’ എന്ന നി​ഘ​ണ്ടു നോ​ക്കു. വില രൂപ 1,275.00.

ചോ​ദ്യം: പബ്ളി​സി​റ്റി​യെ ആക്ഷേ​പി​ക്കു​ന്ന നി​ങ്ങൾ​ക്കു് സമഗ്ര സം​ഭാ​വ​ന​യ്ക്കു് സാ​ഹി​ത്യ അക്കാ​ഡ​മി സമ്മാ​നം നല്കി​യ​പ്പോൾ ജന​ക്കൂ​ട്ട​ത്തിൽ വച്ചു് അതു സ്വീ​ക​രി​ച്ചു് പബ്ളി​സി​റ്റി നട​ത്തു​ക​യാ​യി​രു​ന്നി​ല്ലേ?

ഉത്ത​രം: വീ​ട്ടിൽ ആ സമ്മാ​നം കൊ​ണ്ടു തന്നാൽ മതി എന്നാ​ണു് ഞാൻ പറ​ഞ്ഞ​തു്. ഞാൻ സ്നേ​ഹി​ക്കു​ക​യും ബഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന എം. ടി. വാ​സു​ദേ​വൻ​നാ​യർ അതു പോ​രെ​ന്നു് നി​ശ്ച​യി​ച്ച​തു കൊ​ണ്ടാ​ണു് ഞാൻ പബ്ളി​ക് ഫങ്ഷ​നു് സമ്മ​തി​ച്ച​തു് പി​ന്നെ ജന​ക്കൂ​ട്ടം എം. ടി. പ്ര​സം​ഗി​ക്കു​ന്നി​ട​ത്തൊ​ക്കെ ബഹു​ജ​നം കൂടും എന്നെ​ക്ക​രു​തി​യ​ല്ല ആളുകൾ അത്ര​യേ​റെ വന്നെ​ത്തി​യ​തു് എം. ടി.യെ കാ​ണാ​നും അദ്ദേ​ഹം പറ​യു​ന്ന​തു കേൾ​ക്കാ​നു​മാ​ണു് അവ​രെ​ത്തി​യ​തു് എന്റെ അഭി​വ​ന്ദ്യ സു​ഹൃ​ത്തു് ഏഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്റെ പ്ര​യ​ത്നം കൊ​ണ്ടും സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ജീ​വ​ന​ക്കാർ മീ​റ്റി​ങ്ങി​നു് എത്തി. Sincerity വള​രെ​ക്കൂ​ടു​ത​ലാ​ണു് ഏഴാ​ച്ചേ​രി​ക്കു്. മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ന്റെ 46-ആം പുറം നോ​ക്കുക “ഡബ്ലു. ബി. യേ​റ്റ്സ് ” എന്നു കാണാം. “W” എന്ന​തു് ഡബ്ൾ​യൂ എന്നാ​ണു് ഉച്ച​രി​ക്കേ​ണ്ട​തു്. കു​റ്റം പറ​യാ​നി​ല്ല. ഒരു ഇം​ഗ്ലീ​ഷ് പ്രെ​ഫ​സർ മേ​ലാ​റ്റൂർ രാ​ധാ​കൃ​ഷ്ണ​നെ​പ്പോ​ലെ ഡബ്ൾ​യൂ എന്നാ​ണു് ഉച്ച​രി​ക്കേ​ണ്ട​തു് കു​റ്റം പറ​യാ​നി​ല്ല. ഒരു ഇം​ഗ്ലീ​ഷ് പ്രെ​ഫ​സർ മേ​ലാ​റ്റൂർ രാ​ധാ​കൃ​ഷ്ണ​നെ​പ്പോ​ലെ ഡബ്ലി​യൂ എന്നു പറ​യു​ന്ന​തു് ഞാൻ ഒരു​ത​വ​ണ​യ​ല്ല കേ​ട്ട​തു്.

ചെ​റു​ക​ഥ​യും വൈ​രൂ​പ്യ​വും

പു​സ്ത​ക​ങ്ങ​ളി​ലെ ആശ​യ​ങ്ങൾ ഞാൻ മറ​ന്നു പോ​യി​രി​ക്കു​ന്നു. പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലെ ആശ​യ​ങ്ങൾ ഇപ്പോ​ഴും ഓർ​മ്മ​യു​ണ്ടു്. ശബ്ദ​ത്തി​ന്റെ ശക്തി കൊ​ണ്ടാ​ണ​തു്.

‘ജപ്പാ​നി​ലു​ള്ള​വർ അറു​പ​തു വയ​സ്സാ​കു​മ്പോൾ ‘ഹര​കി​റി’ (കത്തി​കൊ​ണ്ടു് വയറു കീറി ആത്മ​ഹ​ത്യ ചെ​യ്യൽ) നിർ​വ്വ​ഹി​ക്കു​ന്ന​തു പോലെ ഇവിടെ ആ പ്ര​വൃ​ത്തി പ്ര​ചാ​ര​ത്തിൽ വന്നി​ട്ടി​ല്ല എന്ന​തു് വി​ചി​ത്രം തന്നെ. പക്ഷേ, പ്ര​കൃ​തി നി​ങ്ങ​ളു​ടെ പല്ലു​കൾ ഇള​ക്കി​യെ​ടു​ക്കു​ന്നു​ണ്ടു്. തല​മു​ടി പി​ച്ചി​ച്ചീ​ന്തി​യെ​ടു​ക്കു​ന്നു. കാ​ഴ്ച​യെ മോ​ഷ്ടി​ക്കു​ന്നു. വി​രൂ​പ​മായ മു​ഖാ​വ​ര​ണ​ത്തി​നു സദൃ​ശ​മായ രീ​തി​യിൽ നി​ങ്ങ​ളു​ടെ മു​ഖ​ത്തെ വക്രി​പ്പി​ക്കു​ന്നു. പ്ര​കൃ​തി നി​ങ്ങൾ​ക്കു ചു​റ്റും അത്ഭു​ത​ജ​ന​ക​മായ സു​ന്ദ​ര​രൂ​പ​ങ്ങ​ളെ സൃ​ഷ്ടി​ച്ചു് നി​ങ്ങ​ളു​ടെ ദയ​നീ​യാ​വ​സ്ഥ​യെ കൂ​ടു​തൽ ദയ​നീ​യ​മാ​ക്കു​ന്നു.’ ഏതാ​ണ്ട് ഇമ്മ​ട്ടിൽ എമേ​ഴ്സൺ പറ​ഞ്ഞി​ട്ടു​ണ്ടു്. നമ്മു​ടെ ചെ​റു​ക​ഥാ സാ​ഹി​ത്യ​ത്തി​നും ഇതു ചേരും. ചെ​റു​ക​ഥ​യു​ടെ പല്ലു​കൾ അടി​ച്ചു കൊ​ഴി​ക്കു​ന്നു രച​യി​താ​ക്കൾ. തല​മു​ടി പറി​ച്ചെ​ടു​ത്തു കഷ​ണ്ടി​യാ​ക്കു​ന്നു തല​യോ​ടി​നെ. കാ​ഴ്ച​യി​ല്ലാ​താ​ക്കു​ന്നു. മു​ഖ​ത്തി​നു വൈ​രൂ​പ്യം നല്കു​ന്നു. എന്നാൽ മറ്റു സു​ന്ദ​ര​രൂ​പ​ങ്ങൾ സൃ​ഷ്ടി​ക്കു​ന്നു​മി​ല്ല. ഇങ്ങ​നെ പ്ര​വർ​ത്തി​ക്കു​ന്ന​വ​രിൽ ഉൾ​പ്പെ​ടു​ന്നു ടി. എൻ. പ്ര​കാ​ശ് അദ്ദേ​ഹ​ത്തി​ന്റെ ‘താപം’ എന്ന ചെ​റു​കഥ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ വാ​യി​ച്ച എനി​ക്കു് ഇങ്ങ​നെ​യൊ​ക്കെ എഴു​താ​നാ​ണു് തോ​ന്നി​യ​തു്.

ചെ​യ്യു​ന്ന​തെ​ന്തും ‘ഗ്രെ​യ്സ്ഫുൾ’ ആയി ചെ​യ്യ​ണം എന്നു് മല​യാ​ള​നാ​ടു് പത്രാ​ധി​പർ എസ്. കെ. നായർ എന്നോ​ടു പല​പ്പോ​ഴും പറ​ഞ്ഞി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ ബന്ധു​വായ കാ​ഷ്യു എക്സ്പോർ​ട്ടർ ജനാർ​ദ്ദ​നൻ പിള്ള നല്കിയ ഉപ​ദേ​ശ​മാ​ണു് ഇതു്. ഒരാൾ ആയിരം രൂപ കടം ചോ​ദി​ച്ചെ​ന്നി​രി​ക്ക​ട്ടെ. ഉണ്ടെ​ങ്കിൽ അപ്പോൾ​ത്ത​ന്നെ അതു കൊ​ടു​ക്ക​ണം. അല്ലാ​തെ അടു​ത്ത​യാ​ഴ്ച​യാ​ക​ട്ടെ, രണ്ടാ​ഴ്ച കഴി​യ​ട്ടെ എന്നു പറ​യ​രു​തു്. ബന്ധു​വി​ന്റെ ഈ ഉപ​ദേ​ശം അനു​സ​രി​ച്ചു പ്ര​വർ​ത്തി​ച്ചി​രു​ന്നു എസ്. കെ. നായർ. ഞാൻ പല​പ്പോ​ഴും അദ്ദേ​ഹ​ത്തോ​ടു രൂപ ചോ​ദി​ച്ചി​ട്ടു​ണ്ടു്. ഒരു സന്ദർ​ഭ​ത്തിൽ​പ്പോ​ലും ‘ഇല്ല’ എന്നു പറ​ഞ്ഞി​ട്ടി​ല്ല. ഒരു ദിവസം എനി​ക്കു് അത്യാ​വ​ശ്യ​മാ​യി രണ്ടാ​യി​രം രൂപ വേണം. ഞാൻ ആവ​ശ്യ​കത കാ​ണി​ച്ചു് എസ്. കെ.യ്ക്കു് കത്തെ​ഴു​തി ഒര​ക​ന്ന ബന്ധു​വി​നെ ഏല്പി​ച്ചു. എസ്.കെ​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വഴി​യും പറ​ഞ്ഞു കൊ​ടു​ത്തു. ശ്രീ​നാ​രാ​യണ കോ​ളേ​ജ് ബസ് സ്റ്റോ​പ്പിൽ ഇറ​ങ്ങ​ണം. പാളം മു​റി​ച്ചു കട​ന്നാൽ ഒരു ചെറിയ ലേ​യ്നു​ണ്ടു്. അതി​ലൂ​ടെ മൂ​ന്നു ഫർ​ലോ​ങ് പോകണം. ആരോടു ചോ​ദി​ച്ചാ​ലും അദ്ദേ​ഹ​ത്തി​ന്റെ വീടു് കാ​ണി​ച്ചു തരും ‘ശരി’യെ​ന്നു പറ​ഞ്ഞു് ബന്ധു​പോ​യി രാ​ത്രി പത്തു മണി​യോ​ടു് അടു​പ്പി​ച്ചു് അയാൾ തി​രി​ച്ചെ​ത്തി “രൂപ കി​ട്ടി​യോ?” എന്നു് എന്റെ ഉത്ക​ണ്ഠ കലർ​ന്ന ചോ​ദ്യം “പറയാം” എന്നു് അയാ​ളു​ടെ മറു​പ​ടി എന്നി​ട്ടു് യാ​ത്ര​യു​ടെ വൈ​ഷ​മ്യ​ങ്ങൾ—ഒരു മണി​ക്കൂർ നേരം ബസ് കേ​ടാ​യി കി​ട​ന്ന​തു് ഇവ​യൊ​ക്കെ വർ​ണ്ണി​ച്ചു തു​ട​ങ്ങി ഞാൻ എസ്. കെ.യുടെ പാർ​പ്പി​ടം പറ​ഞ്ഞു കൊ​ടു​ത്ത​തു് അയാൾ മറ​ന്നു. തീ​വ​ണ്ടി​യാ​പ്പീ​സി​ന​ടു​ത്തു ഇറ​ങ്ങി പല​രോ​ടും വീടു് എവി​ടെ​യെ​ന്നു് അന്വേ​ഷി​ച്ച​തു് ഇവ​യൊ​ക്കെ വർ​ണ്ണി​ച്ചു. “ആട്ടെ രൂപ കി​ട്ടി​യോ?” എന്നു് എന്റെ ക്ഷമ കെട്ട ചോ​ദ്യം “വര​ട്ടെ പറയാം” എന്ന മറു​പ​ടി “ഒരു വി​ധ​ത്തിൽ ഞാൻ അദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി ഗെ​യ്റ്റിൽ ഒരു ഗുർഖ നി​ല്ക്കു​ന്നു. അയാൾ എന്നെ അക​ത്തേ​യ്ക്കു കട​ത്തി വി​ട്ടി​ല്ല” എന്റെ കോപം മൂർ​ദ്ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി. ഞാൻ അലറി “രൂപ കി​ട്ടി​യോ​ടാ, അതു പറ” അപ്പോൾ മറു​പ​ടി​യു​ണ്ടാ​യി. “അദ്ദേ​ഹം മദ്രാ​സിൽ പോയി ഒരാ​ഴ്ച കഴി​ഞ്ഞേ എത്തൂ.”

images/Leo_Tolstoy.jpg
ടോൾ​സ്റ്റോ​യി

ഫർസാന എന്ന പെൺ​കു​ട്ടി സു​ന്ദ​രി. അവ​ളോ​ടു ഹർഷ എന്ന പെൺ​കു​ട്ടി​ക്കു് ലെ​സ്ബി​യൻ ലൗ​വി​നോ​ടു അടു​ത്ത സ്നേ​ഹം. റ്റീ​ച്ചേ​ഴ്സി​നും അതേ വി​കാ​രം. ഈ അറു പഴ​ഞ്ചൻ വിഷയം സ്പ​ഷ്ട​മാ​യി പ്ര​തി​പാ​ദി​ച്ച​തി​നു ശേഷം എമേ​ഴ്സ​ന്റെ പ്ര​കൃ​തി​യെ​പ്പോ​ലെ ക്രൂ​രത കാ​ണി​ച്ചും എന്റെ ബന്ധു​വി​നെ​പ്പോ​ലെ അവ​സാ​ന​ത്തിൽ കു​ട​മി​ട്ടു് ഉട​ച്ചും വാ​യ​ന​ക്കാ​രെ കഷ്ട​ത്തി​ലാ​ക്കു​ന്നു പ്ര​കാ​ശ്. പാ​കി​സ്ഥാൻ നമ്മു​ടെ ദേ​ശ​ത്തി​ന്റെ അതി​രു​ക​ളെ ലം​ഘി​ക്കാൻ ശ്ര​മി​ക്കു​ന്ന​തു പോലെ പ്ര​കാ​ശ് സാ​ഹി​ത്യ​ത്തി​ന്റെ അതിർ​ത്തി​യെ ലം​ഘി​ച്ചു് ദുർ​ഗ്ര​ഹ​ത​യിൽ അഭി​ര​മി​ക്കു​ന്നു. അതി​നാൽ ഹൃ​ദ​യ​സം​വാ​ദ​മു​ണ്ടാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ന്റെ ആന്റി ഡി​ലൂ​വ്യൻ സ്ഥി​തി​യും പര്യ​വ​സാ​ന​ത്തി​ന്റെ ദുർ​ഗ്ര​ഹ​ത​യും കൊ​ണ്ടു് ഇതി​ന്റെ പാ​രാ​യ​ണം ക്ലേ​ശ​പ്ര​ദ​മാ​യി ഭവി​ക്കു​ന്നു വാ​യ​ന​ക്കാ​ര​നായ എനി​ക്കു്.

തല​മു​ടി പ്രേ​മം

ടോൾ​സ്റ്റോ​യി, ചെ​ക്കോ​വ്, മോ​പ​സാ​ങ് ഇവ​രു​ടെ കഥകൾ നോ​ക്കുക. ഒരു വാ​ക്യം പോലും മന​സ്സി​ലാ​കാ​തി​രി​ക്കി​ല്ല. ലളി​ത​മാ​യി, സങ്കീർ​ണ്ണ​ത​യി​ല്ലാ​തെ എഴുതി നോ​ക്കൂ. വജ്രം കൊ​ണ്ടു് കണ്ണാ​ടി​യിൽ എഴു​തി​യ​തു പോ​ലെ​യി​രി​ക്കും.

മകളെ അമ്മ​യോ​ടു മാ​ന​സി​ക​മാ​യി ബന്ധി​പ്പി​ച്ച​തു് അമ്മ​യു​ടെ നീ​ണ്ടു​ചു​രു​ണ്ട തല​മു​ടി​യാ​ണു്. തല​മു​ടി കഴുകി ഏറി​യ​കൂ​റും ഉണ​ങ്ങി​ക്ക​ഴി​യു​മ്പോൾ അമ്മ​യെ മകൾ ആടു​ന്ന കസേ​ര​യി​ലി​രു​ത്തി ചീ​പ്പു് കൊ​ണ്ടു് ആ പ്ര​വാ​ഹ​ത്തെ കോ​തി​യൊ​തു​ക്കും. മാം​സ​വും രക്ത​വു​മാ​ണു് അവരെ യോ​ജി​പ്പി​ക്കു​ന്ന​തു്. അതു​പോ​ലെ അമ്മ​യു​ടെ തല​മു​ടി​യും. മകൾ അതു ചീകും, പി​ന്നും, കൂ​ട്ടി​വ​യ്ക്കും, പരീ​ക്ഷ​ണ​ങ്ങൾ നട​ത്തും. മാ​ന്യ​യെ​പ്പോ​ലെ അമ്മ ജീ​വി​ച്ചു്. മരി​ച്ചു മര​ണ​ത്തി​നു ശേഷം വെ​ള്ള​ത്ത​ല​യ​ണ​യിൽ വി​ടർ​ത്തി​യി​ട്ട തല​മു​ടി​യോ​ടു​കൂ​ടി അമ്മ കി​ട​ന്ന​തു മക​ളു​ടെ മാ​യാ​ത്ത ഓർ​മ്മ​യാ​ണു്. അങ്ങ​നെ​യി​രി​ക്കെ അറു​പ​തു വയ​സ്സായ ഒരു പദ​യാ​ത്ര​ക്കാ​രൻ ഇരു​പ​തു വയ​സ്സു​ള്ള ഒരു യു​വ​തി​യു​മാ​യി അവി​ടെ​യെ​ത്തി. അവ​ളു​ടെ സമൃ​ദ്ധ​മായ തല​മു​ടി അമ്മ നഷ്ട​പ്പെ​ട്ട മകളെ വല്ലാ​തെ ആകർ​ഷി​ച്ചു. തന്റെ തല​മു​ടി​യെ​ക്കാൾ അമ്മ​യു​ടെ തല​മു​ടി​യെ​ക്കാൾ അവ​ളു​ടേ​തു നന്നു്. അവർ രണ്ടു​പേ​രും അച്ഛ​നും മോളും കൂടി നട​ത്തു​ന്ന ഭക്ഷ​ണ​ശാ​ല​യിൽ വന്നി​രു​ന്നു് വേ​ണ്ടു​വോ​ളം കു​ടി​ക്കും. ഒരു ദിവസം മഞ്ഞു​റ​ഞ്ഞ ദി​ന​ത്തിൽ പദ​യാ​ത്ര​ക്കാ​രൻ അവ​ളു​ടെ അടു​ത്തെ​ത്തി. പേ​നാ​ക്ക​ത്തി​യോ കത്തി​രി​യോ വേ​ണ​മെ​ന്നു് പറ​ഞ്ഞു. സം​ശ​യ​ത്തോ​ടെ​യാ​ണെ​ങ്കി​ലും അവൾ അയാൾ​ക്കു തയ്യൽ​ക്കാ​രൻ ഉപ​യോ​ഗി​ക്കു​ന്ന കത്തി​രി കൊ​ടു​ത്തു. അവൾ നോ​ക്കി​യ​പ്പോൾ അയാൾ കത്തി​രി​യോ​ടെ ഒരു സ്ത്രീ​യു​ടെ അടു​ത്തു് കു​നി​ഞ്ഞി​രി​ക്കു​ന്ന​തു കണ്ടു. ‘പാ​ടി​ല്ല, പാ​ടി​ല്ല’ എന്നു ഉറ​ക്കെ​പ്പ​റ​ഞ്ഞു​കൊ​ണ്ടു് അവൾ അയാ​ളു​ടെ അടു​ത്തേ​ക്കു് ഓടി​ച്ചെ​ന്നു. തെ​റ്റി​ദ്ധാ​ര​ണ​യാ​യി​രു​ന്നു അവ​ളു​ടേ​തു്. ഉറഞ്ഞ മഞ്ഞിൽ പെ​ട്ടു​പോയ തല​മു​ടി മു​റി​ച്ചെ​ടു​ത്തു ചെ​റു​പ്പ​ക്കാ​രി​യെ രക്ഷി​ക്കാ​നാ​യി​രു​ന്നു അയാ​ളു​ടെ ശ്രമം. അവൾ കത്തി​രി അയാ​ളു​ടെ കൈയിൽ നി​ന്നു് പി​ടി​ച്ചു വാ​ങ്ങി​ച്ചു് രണ്ട​റ്റ​ങ്ങ​ളും ഒന്നാ​ക്കി മഞ്ഞു് മു​ക​ളി​ലേ​ക്കു ഉയർ​ത്തി അതു​കൊ​ണ്ടു്. അവൾ ചെ​റു​പ്പ​ക്കാ​രി​യെ രക്ഷി​ച്ചു അങ്ങ​നെ. അവൾ യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു പോയി ചൂടു വെ​ള്ള​ത്തിൽ കു​ളി​പ്പി​ച്ചു. കെ​ട്ടു​വീണ തല​മു​ടി ചീകി ശരി​പ്പെ​ടു​ത്തി. അതു​ണ​ങ്ങു​ന്ന​തു​വ​രെ അവൾ കോതി. തി​ള​ക്ക​മാർ​ന്ന ആ തല​മു​ടി അര​ക്കെ​ട്ടു​വ​രെ പ്ര​വ​ഹി​ച്ചു. അവ​ളു​ടെ തുടകൾ അമ്മ​യി​ല്ലാ​ത്ത ആ സ്ത്രീ​യു​ടെ നി​തം​ബ​പ്ര​ദേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്തു. അവ​ളു​ടെ ചു​ണ്ടു​കൾ യു​വ​തി​യു​ടെ മു​ല​ക്ക​ണ്ണു​ക​ളെ സ്പർ​ശി​ച്ചു. ആ മദോ​ന്മ​ത്ത​ത​യിൽ പദ​യാ​ത്ര​ക്കാ​ര​നും അച്ഛ​നും തെ​ല്ല​ക​ലെ നി​ല്ക്കു​ന്ന​തു് അവർ കാ​ര്യ​മാ​ക്കി​യി​ല്ല. മന​സ്സി​ലാ​ക്കാ​തെ നോ​ട്ട​ത്തോ​ടു​കൂ​ടി ആ പു​രു​ഷ​ന്മാർ ഭക്ഷ​ണ​ശാ​ല​യു​ടെ അക​ത്തേ​ക്കു പോയി. സ്ത്രീ​ത്വം പങ്കു​വ​യ്ക്കു​ന്ന അവരെ അതിനു വി​ട്ടു​കൊ​ണ്ടു്.

images/Anton_Chekhov.jpg
ചെ​ക്കോ​വ്

ഇതു് ഒരു ഐറിഷ് കഥ​യു​ടെ ചു​രു​ക്ക​മാ​ണു്—Bryan MacMahon എഴു​തിയ A woman’s Hair എന്ന ചെ​റു​ക​ഥ​യു​ടെ സം​ഗ്ര​ഹം. മാ​തൃ​രൂ​പം എന്ന ജന്മ​വാ​സ​ന​യെ പ്ര​കാ​ശി​പ്പി​ക്കു​ന്നു ഇതു്. അമ്മ​യു​ടെ തല​മു​ടി മകളെ അവ​രു​മാ​യി കൂ​ട്ടി​യി​ണ​ക്കി. അമ്മ മരി​ച്ച​പ്പോൾ വേ​റൊ​രു സ്ത്രീ​യു​ടെ മനോ​ഹ​ര​മായ തല​മു​ടി​യു​ടെ ദർശനം പൂർ​വ്വ​കാല സ്മ​ര​ണ​ക​ളെ ഉദ്ദീ​പി​പ്പി​ക്കു​ക​യും മാ​തൃ​സ്നേ​ഹം എന്ന ജന്മ​വാ​സ​ന​യ്ക്കു ജ്വ​ല​ന​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. മുല കടി​ക്കു​ന്ന​തു സെ​ക്സ​ല്ല. മാ​തൃ​ത്വം എന്ന ജന്മ​വാ​സ​ന​യാ​ലാ​ണു്. ഈ കഥ സഹൃ​ദ​യ​നെ രസി​പ്പി​ക്കു​ന്ന​തു് എന്തു​കൊ​ണ്ടാ​ണു്? സ്ത്രീ​ക​ളെ​സ്സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്രാ​ധാ​ന്യ​മാർ​ജ്ജി​ച്ച​തു് മാ​തൃ​ത്വ​മാ​ണു് എന്ന ആശ​യ​ത്തിൽ വി​കാ​ര​വും വേ​ദ​ന​ങ്ങ​ളും കലർ​ത്തി അതിനെ കഥാ​കാ​രി ബിം​ബ​മാ​ക്കി​യി​രി​ക്കു​ന്നു. സാ​ഹി​ത്യം ശൂ​ഷ്ക​മായ ആശ​യ​നി​വേ​ദ​ന​മ​ല്ല നട​ത്തു​ന്ന​തു്. ബിം​ബ​ങ്ങ​ളി​ല്ലാ​ത്ത രചന സാ​ഹി​ത്യ​മേ​യ​ല്ല. അഷിത ഭാ​ഷാ​പോ​ഷി​ണി​യിൽ എഴു​തിയ ‘പകരം ഒരാൾ’, എന്ന കഥ ദൗർ​ഭാ​ഗ്യം കൊ​ണ്ടു് സാ​ഹി​ത്യ​മെ​ന്ന വി​ഭാ​ഗ​ത്തിൽ പെ​ടു​ന്നി​ല്ല. സന്ദി​ഗ്ദ്ധാർ​ത്ഥ​ത​യോ​ടെ ചില വാ​ക്യ​ങ്ങൾ ശ്രീ​മ​തി എഴുതി വയ്ക്കു​ന്നു എന്നേ പറ​യാ​നു​ള്ളു. പ്ര​തി​പാ​ദി​ക്കാ​നു​ള്ള​തു് വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചാൽ അതു സാ​ഹി​ത്യ​മ​ല്ലാ​താ​വും എന്നു നമ്മു​ടെ ചില എഴു​ത്തു​കാർ​ക്കു വി​ചാ​ര​മു​ണ്ടു്. അവ​രു​ടെ കൂ​ട്ട​ത്തി​ലാ​ണു് അഷിത. ടോൾ​സ്റ്റോ​യി, ചെ​ക്കോ​വ്, മോ​പ​സാ​ങ് ഇവ​രു​ടെ കഥകൾ നോ​ക്കുക. ഒരു വാ​ക്യം പോലും മന​സ്സി​ലാ​കാ​തി​രി​ക്കി​ല്ല. ലളി​ത​മാ​യി, സങ്കീർ​ണ്ണ​ത​യി​ല്ലാ​തെ എഴുതി നോ​ക്കൂ. വജ്രം കൊ​ണ്ടു് കണ്ണാ​ടി​യിൽ എഴു​തി​യ​തു പോ​ലെ​യി​രി​ക്കും. തക​ഴി​യും കൂ​ട്ടു​കാ​രും എഴു​തി​യ​തി​ന്റെ ക്വാ​ളി​റ്റി എന്തു​മാ​ക​ട്ടെ. അഷി​ത​യെ​പ്പോ​ലെ disgusting ആയി അവ​രൊ​ന്നും രചന നട​ത്തി​യി​ട്ടി​ല്ല. മന​സ്സി​ന്റെ ത്രി​ഭുജ കാ​ച​ത്തി​ലൂ​ടെ റി​യാ​ലി​റ്റി കട​ക്കു​മ്പോൾ ഉണ്ടാ​കു​ന്ന​താ​ണു് സ്റ്റൈ​ലെ​ന്നു് ഒരു സോ​വി​യ​റ്റ് കഥാ​കാ​രൻ പറ​ഞ്ഞ​തു് എനി​ക്കു ഓർ​മ്മ​യി​ലെ​ത്തു​ന്നു. അഷി​ത​യ്ക്കു മന​സ്സും ഇല്ല. അതു ത്രി​ഭു​ജ​കാ​ച​വു​മ​ല്ല. അതു​കൊ​ണ്ടാ​ണു് നി​ത്യ​ചൈ​ത​ന്യ​യ​തി കു​ഞ്ഞു​ങ്ങൾ​ക്കു വേ​ണ്ടി തനി​ക്കൊ​ന്നും എഴു​താൻ കഴി​ഞ്ഞി​ല്ല എന്നു് പശ്ചാ​ത്താ​പ​ത്തോ​ടെ പറ​ഞ്ഞ​പ്പോൾ ‘അതിനു താ​നു​ണ്ടു്’ എന്നു് അഷിത അദ്ദേ​ഹ​ത്തെ അറി​യി​ച്ച​തു്. അന​ന്ത​വി​സ്തൃ​ത​മായ സാ​ഹി​ത്യ​സ​മു​ദ്ര​ത്തി​ലെ ഒരു കൊ​ച്ചു​നീർ​പ്പോ​ള​യാ​കാൻ പോലും അഷി​ത​യ്ക്കു യോ​ഗ്യ​ത​യി​ല്ല. ശ്രീ​മ​തി​ക്കു സദൃ​ശ​രാ​യി കേ​ര​ള​ത്തിൽ പല എഴു​ത്തു​കാ​രി​ക​ളു​മു​ണ്ടു്. അവ​രു​ടെ അഹ​ങ്കാര ജല്പ​ന​ങ്ങൾ അസ​ഹ​നീ​യ​ങ്ങ​ള​ത്രേ.

മര​ച്ചീ​നി​പ്പി​ട്ടു്
images/Maupassant.jpg
മോ​പ​സാ​ങ്

പാ​ലോ​ട്ടു് ഒരു സ്ഥാ​പ​ന​ത്തി​ന്റെ വാർ​ഷി​കാ​ഘോ​ഷ​ത്തിൽ പങ്കു​കൊ​ള്ളാൻ ഞങ്ങൾ പോയി. സമ്മേ​ള​ന​ത്തിൽ ആധ്യ​ക്ഷ്യം വഹി​ക്ക​ണം. പ്ര​സം​ഗി​ക്ക​ണം. ഞങ്ങ​ളു​ടെ കൂ​ട്ട​ത്തിൽ പ്രാ​യം​കൂ​ടിയ കാർ​ത്തി​കേ​യൻ (പൊ​തു​ജ​നം പത്രാ​ധി​പർ) അധ്യ​ക്ഷൻ, പ്ര​ഭാ​ഷ​ക​രാ​യി ജഗദി വേ​ലാ​യു​ധൻ നായർ, ഞാൻ. പി​ന്നെ ഒരാ​ളും കൂ​ടി​യു​ണ്ടു്. ആരെ​ന്നു് ഓർ​മ്മ​യി​ല്ല. മീ​റ്റി​ങ് കഴി​ഞ്ഞു. കാ​പ്പി​കു​ടി​ക്കാൻ സം​ഘാ​ട​കർ ക്ഷ​ണി​ച്ചു. വല്ലാ​ത്ത വി​ശ​പ്പു്. പക്ഷേ, മര​ച്ചീ​നി​പ്പി​ട്ടു മാ​ത്ര​മേ കഴി​ക്കാ​നു​ള്ളു. ഞാൻ അതു തി​ന്നു​ക​യി​ല്ല. എങ്കി​ലും ഗതി​കെ​ട്ടാൽ പുലി പു​ല്ലും തി​ന്നു​മ​ല്ലോ. അതു​കൊ​ണ്ടു് വി​ശ​പ്പു് തീ​രു​ന്ന​തു വരെ ആ പരു​ക്കൻ സാധനം ഉള്ളി​ലാ​ക്കി. ചായയോ, കാ​പ്പി​യോ, ഓട​വെ​ള്ള​മോ എന്നു മന​സ്സി​ലാ​ക്കാൻ കഴി​യാ​ത്ത ഒരു തരം ഒട്ടു​ന്ന ദ്രാ​വ​കം വൃ​ത്തി​കെ​ട്ട ഗ്ലാ​സ്സിൽ കൊ​ണ്ടു വച്ചു. മര​ച്ചീ​നി​പ്പി​ട്ടു് തൊ​ണ്ട​യി​ലി​രി​ക്കു​ന്ന​തു​കൊ​ണ്ടു് അതെ​ടു​ത്തു കു​ടി​ച്ചു. കാ​പ്പി​കു​ടി കഴി​ഞ്ഞു് യാത്ര തി​രി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു്. എനി​ക്കു ഓക്കാ​ന​മു​ണ്ടാ​യി. അഞ്ചു മി​നി​റ്റ് കഴി​ഞ്ഞ​പ്പോൾ ‘കാ​റൊ​ന്നു നി​റു​ത്ത​ണേ’ എന്നു ഞാൻ നി​ല​വി​ളി​ച്ചു. കാർ നി​ന്നു. ‘ഓ’ എന്നു ശബ്ദ​മു​ണ്ടാ​ക്കി​കൊ​ണ്ടു് ഞാൻ ഛർ​ദ്ദി​ച്ചു റോ​ഡി​ലേ​ക്കു്. “നി​ങ്ങൾ​ക്കു് ഇതൊ​ന്നും ശീ​ല​മി​ല്ല. ഞാൻ തി​രു​വ​ന​ന്ത​പു​ര​ത്തു് എത്തു​ന്ന​തു വരെ ഛർ​ദ്ദി​ക്കി​ല്ല” എന്നു ജഗദി വേ​ലാ​യു​ധൻ നായർ പറ​ഞ്ഞു. പക്ഷേ, കാർ നെ​ടു​മ​ങ്ങാ​ട്ടു് എത്തി​യ​പ്പോൾ അദ്ദേ​ഹം ‘ബ്രേ​ക്ക് പി​ടി​ക്ക​ണേ’ എന്നു വി​ളി​ച്ചു. പി​ടി​ച്ചു ഘോ​രാ​ട്ട​ഹാ​സ​ത്തോ​ടു​കൂ​ടി അദ്ദേ​ഹം ഛർ​ദ്ദി​ച്ചു. അവ​ശ​നാ​യി കാറിൽ ചാ​ഞ്ഞു കി​ട​ന്നു. അര ഫർ​ലോ​ങ് കൂടി കാറ് പോ​യ​പ്പോൾ ഞാൻ പേരു മറ​ന്നു പോയ ആളും പി​ട്ടും ദ്രാ​വ​ക​വും വായു് വഴി പു​റ​ത്താ​ക്കി. പൊ​തു​ജ​നം കാർ​ത്തി​കേ​യൻ ഈ പരാ​ക്ര​മ​മെ​ല്ലാം കണ്ടു പറ​ഞ്ഞു: “നി​ങ്ങൾ സമു​ദാ​യ​ത്തി​ലെ’ എലീ​റ്റ് വി​ഭാ​ഗ​ത്തിൽ പെ​ടു​ന്ന​വ​രാ​ണു്. മര​ച്ചീ​നി​പ്പി​ട്ടും മറ്റും കഴി​ച്ചി​ട്ടി​ല്ല. ഞാൻ പ്രോ​ലി​റ്റേ​റി​യ​നാ​ണു്. ഇതും ഇതി​ന​പ്പു​റ​വും ഞാൻ കഴി​ക്കും. എനി​ക്കൊ​ന്നും വരി​ല്ല. നോ​ക്കി​ക്കോ​ളു.” കാറ് സ്പീ​ഡിൽ പോ​കു​ക​യാ​ണു്. “ഭാ​ഗ്യം കൊ​ണ്ടു് ഞാനതു കഴി​ച്ചി​ല്ല” എന്നു ഡ്രൈ​വർ പറ​ഞ്ഞു. കാറ് പേ​രൂർ​ക്കട എന്ന സ്ഥ​ല​ത്തെ​ത്തി. പൊ​ടു​ന്ന​നെ ആക്രോ​ശം: “ബ്രേ​ക്ക് പി​ടി​ക്ക​ണേ” കാർ​ത്തി​കേ​യ​നാ​ണു്, പ്രോ​ലി​റ്റേ​റി​യ​നാ​ണു് അങ്ങ​നെ ആക്രോ​ശി​ച്ച​തു്. കാർ സഡൻ ബ്രെ​യ്ക്കി​ട്ടു നി​റു​ത്തി ഡ്രൈ​വർ. കാർ​ത്തി​കേ​യൻ ഡോർ തു​റ​ക്കാ​തെ ഷട്ടർ ഇടാ​ത്ത ഭാഗം വഴി ഘോ​ര​ഘോ​ര​മാ​യി ഛർ​ദ്ദി​ച്ചു. ഞാൻ വീ​ട്ടി​ലെ​ത്തി. കാർ​മി​നേ​റ്റീ​വ് മിക്‍സ്ചർ വാ​ങ്ങി വച്ചി​ട്ടു​ണ്ടു്. അതെ​ടു​ത്തു ഡബ്ൾ ഡോസ് അടി​ച്ചു. ഒന്നാ​ന്ത​രം മരു​ന്നാ​ണു് അതു്. മീ​റ്റി​ങ്ങി​നു പോ​കു​ന്ന​വർ​ക്കു ഇതു വാ​ങ്ങി വയ്ക്കാം. പത്തു മി​നി​റ്റ് കഴി​ഞ്ഞ​പ്പോൾ ഞാൻ നോർമൽ കണ്ടി​ഷ​നി​ലാ​യി. കാർ​ത്തി​കേ​യ​നെ​യും ജഗദി വേ​ലാ​യു​ധൻ നാ​യ​രെ​യും റ്റെ​ലി​ഫോ​ണിൽ വി​ളി​ച്ചു ഞാൻ. ഫോ​ണി​ന്റെ ബല്ല​ടി​ക്കു​ന്ന ശബ്ദം മാ​ത്ര​മേ​യു​ള്ളു. മനു​ഷ്യ​ശ​ബ്ദ​മി​ല്ല. അവർ രണ്ടു​പേ​രും ആശു​പ​ത്രി​യിൽ പോ​യി​രി​ക്കു​മെ​ന്നു് ഞാൻ വി​ചാ​രി​ച്ചു.

അന്നു ഞാൻ പ്ര​സം​ഗ​ത്തി​നു പോ​ക്കു നി​റു​ത്തി​യ​താ​ണു്. പി​ന്നീ​ടു് ഇതു​വ​രെ ഒരു മീ​റ്റി​ങ്ങി​നും പോ​യി​ട്ടി​ല്ല.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-03-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 10, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.