സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-04-26-ൽ പ്രസിദ്ധീകരിച്ചതു്)

വടക്കേയമേരിക്കയുടെയും തെക്കേയമേരിക്കയുടെയും ഇടയ്ക്കുള്ള ദീപസമൂഹമായ വെസ്റ്റിൻഡീസിലെ പ്രധാനപ്പെട്ട ഭാഗമാണു് ഡമനിക്കൻ റിപ്പബ്ലിക്. അതിന്റെ പ്രസിഡന്റായിരുന്ന ഒറസ്യോ വാസ്കേസിനെ (Horacio Vasquez—1860–1936) അവിടത്തെ പട്ടാളത്തലവനായ ത്രൂഹീയോ മോലീനാ (Trujiillo Molina 1891–1961) എണ്ണമറ്റ കലാപകാരികളോടു ചേർന്നു് അധികാരഭ്രഷ്ടനാക്കി. എന്നിട്ടു് അയാൾ ഡിക്ടേറ്ററായി. ഭീകരപ്രവർത്തനങ്ങളിലൂടെ ബഹുജനത്തേയും സഹപ്രവർത്തകരേയും വിറപ്പിച്ച സ്വേച്ഛാധികാരിയായിരുന്ന ത്രൂഹീയോ തൊട്ടടുത്ത പ്രദേശമായ ഹേറ്റിയെ (Haiti) ആക്രമിച്ചു് 15,000 ഹേറ്റിയൻ ജനതയെ അയാൾ കൊന്നൊടുക്കി. ത്രൂഹീയോയെ നിശിതമായി വിമർശിച്ച ഒരു സർവകലാശാലാദ്ധ്യാപകനെ പെട്ടെന്നു് കാണാതെയായി. കൊളമ്പിയ സർവകലാശാലയിലെ ലക്ചറർ ആയിരുന്ന അയാളുടെ തിരോധാനത്തിനു് കാരണക്കാരൻ ത്രൂഹീയോ ആയിരുന്നുവെന്നാണു് അഭ്യൂഹം. ജനങ്ങൾ ഏറെസ്സഹിച്ചു. ഗത്യന്തരമില്ലാതെ അവർ ത്രൂഹീയോയെ കൊന്നു. 1961-ലാണു് ഈ വധം.

19-ആം ശതാംബ്ദത്തിലാണു് ലാറ്റിൻ അമേരിക്കയിൽ ഡിക്ടേറ്റർഷിപ്പുകൾ ഒരുപാടുണ്ടായതു്. ഒന്നാം ലോകമഹായുദ്ധം ജനിപ്പിച്ച സവിശേഷ പരിതഃസ്ഥിതികൾ നിമിത്തം ലോകമെമ്പാടും ഈ കുത്സിതഭരണമുണ്ടായി. ഹിറ്റ്ലർ, മുസ്സോലിനി, ഫ്രാങ്കോ, സലസർ ഇവർ വലതുപക്ഷ ഡിക്ടേറ്റന്മാർ ആയിരുന്നു. സ്റ്റാലിൻ ഇടതുപക്ഷ ഡിക്ടേറ്റർ. അടുത്ത കാലത്തു് ചിലിയിലും റുമേനിയയിലും രണ്ടു സ്വേച്ഛാധിപതികൾ നിരപരാധരെ മർദ്ദിച്ചതു് നമ്മുടെ സ്മൃതിപഥത്തിൽ നിന്നു മാഞ്ഞുപോയിട്ടില്ല. ആ രീതിയിലുള്ള മറ്റൊരു മനുഷ്യഹന്താവിനെ “The Feast of the Goat” എന്ന നോവലിലൂടെ പ്രദർശിപ്പിക്കുകയാണു് വർഗാസ് യോസ എന്ന പെറൂവ്യൻ നോവലിസ്റ്റ്. മനുഷ്യവധത്തിൽ മാത്രമല്ല അയാൾ ക്രൂരത കാണിച്ചതു്. നിരപരാധകളായ ഏറെ സ്ത്രീകളെ അയാൾ നശിപ്പിച്ചു. ചൈനയിലെ രാജ്യതന്ത്രജ്ഞൻ മൗദ് സേ ദുങ് (Mao Tse Tung, 1983–1976) പറഞ്ഞു തോക്കിൻ കുഴലിലൂടെയാണു് അധികാരം വരുന്നതെന്നു്. കമ്മ്യൂണിസ്റ്റായിരുന്നില്ലെങ്കിലും അമേരിക്കയുടെ ചട്ടുകമായിരുന്ന ത്രൂഹീയോ ജനനേന്ദ്രിയത്തിലൂടെയും അധികാരം വരുമെന്നു തെളിയിച്ചു. “The ritual penetration of female flesh is the mystical basis of his rule” എന്നൊരു നിരൂപകൻ.

images/VargasLlosa.jpg
വർഗാസ് യോസ

“അധികാരം മാർഗ്ഗമല്ല, ലക്ഷ്യമാണു്. വിപ്ലവത്തെ രക്ഷിക്കുന്നതിനു വേണ്ടിയല്ല ഡിക്ടേറ്റർഷിപ്പ് ഉണ്ടാക്കുന്നതു്. വിപ്ലവം ഉണ്ടാക്കുന്നതു് ഡിക്ടേറ്റർഷിപ്പ് സ്ഥാപിക്കുവാനാണു്. പീഡനത്തിന്റെ ലക്ഷ്യം പീഡനം. അധികാരത്തിന്റെ ലക്ഷ്യം അധികാരം” എന്നു ഓർവെൽ എഴുതിയിട്ടുണ്ടു്. അധികാരം എന്ന ലക്ഷ്യത്തോടുകൂടി സ്വേച്ഛാധികാരി പ്രവർത്തിക്കുമ്പോൾ അനുചരന്മാർ വേണം. ത്രൂഹീയോയുടെ പ്രധാനപ്പെട്ട അനുചരൻ കേണൽ ഗാർസിയാ ആയിരുന്നു. അയാളുടെ ക്രൂരകൃത്യങ്ങൾ നോവലിൽ വർണ്ണിച്ചിട്ടുള്ളതു് വായിക്കുന്നവർ ഞെട്ടും.

ത്രൂഹീയോയുടെ ജീവിതാസ്തമയകാലമാണു് നോവൽ ആവിഷ്കരിക്കുന്നതു്. പ്രകൃതിക്കു് വലിപ്പച്ചെറുപ്പത്തെക്കുറിച്ചു് അറിവില്ലല്ലോ. തെരുവിലെ തെണ്ടിയുടെ ശ്വാസകോശത്തെ ആക്രമിക്കുന്ന ക്ഷയരോഗാണു തന്നെ പ്രതിഭാശാലിയായ കീറ്റ്സിന്റെ ശ്വാസകോശത്തെയും ആക്രമിക്കുന്നതെന്നു് ഒരു ചിന്തകൻ പറഞ്ഞതു് ഞാൻ ഈ കോളത്തിൽ എഴുതിയിരുന്നു. ഇരുപതാം ശതാബ്ദത്തിലെ സമുന്നതനായ തത്ത്വചിന്തകൻ സാർത്ര് വാർദ്ധക്യകാലത്തു് ട്രൗസേഴ്സ് മൂത്രം കൊണ്ടു് നനയ്ക്കുമായിരുന്നു (സീമോന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചു് ഓർമ്മയിൽ നിന്നു്). ലോകസംസ്കാരത്തെ വികസിപ്പിച്ച ആ മഹാത്മാവിന്റെ ആ ദൗർബല്യം തന്നെ വധകർത്താവായ ത്രൂഹീയോക്കും വന്നു. പ്രോസ്റ്റേറ്റ് ഗ്ലാൻഡിൽ കാൻസർ വന്ന ആ ജനദ്രോഹിക്കു് അറിയാതെ മൂത്രം ഒഴുകുന്നതു യോസ വർണ്ണിക്കുന്നതു കാണുക: “His blood froze; urine was coming out. He felt it, he thought he could see the yellow liquid pouring out of his bladder without asking permission of that useless valve, that dead prostrate incapable of containing it, then moving toward his urethra, running merrily through it and coming out in search of air and light, through his underwear, his fly, the crotch of his trousers. He felt faint.” അറിയാതെ മൂത്രം പോയിട്ടും ത്രൂഹീയോയുടെ ലൈംഗികവികാരം ആളിക്കത്തുന്നു. അയാൾ പ്രഖ്യാപിക്കുന്നു: “Tonight, in Mahogany House, I’ll make a girl cry out, the way I did twenty years ago” യോസ പറയുന്നു: “It seemed to him that his testicles were coming to a boil and his penis beginning to stiffen.”

images/George_Orwell.jpg
ഓർവെൽ

മൂത്രമൊഴുകുന്നതിന്റെ വർണ്ണന വായിയ്ക്കുമ്പോൾ അതാർക്കുമെഴുതാമെന്നു തോന്നും. ഒന്നു ശ്രമിച്ചു നോക്കൂ. സാധിക്കില്ല. വിദഗ്ദ്ധശില്പിക്കേ ശൈലിയിലൂടെയുള്ള നിർമ്മതിക്കു കഴിയൂ. രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട മനസ്സുള്ള അനുവാചകനു് ഈ നോവൽ ലിറ്റററി മാസ്റ്റർപീസാണെന്നു തോന്നാതിരിക്കില്ല. പക്ഷേ, ഒന്നു ചൂണ്ടിക്കാണിക്കേണ്ടതുണ്ടു്. നോവലിന്റെ കവറിൽ ഒരു നിരൂപകന്റെ ഒരു വാക്യം കാണുന്നു. “The Feast of Goat will stand out as the great emblematic novel of Latin America’s twentieth century and removes ‘One Hunded Years of Solitude’ of that title.” വിവരമില്ലാത്ത ആരോ എഴുതിയതാണു് ഇതെന്നു കരുതിയാൽ മാത്രം മതി. യോസയുടെ നോവലിനെ മാർകേസിന്റെ മാസ്റ്റർപീസിനോടല്ല താരതമ്യപ്പെടുത്തേണ്ടതു്. അദ്ദേഹത്തിന്റെ “The Autum of the Patriarch” എന്ന ഡിക്ടേറ്റർ നോവലിനോടു് തട്ടിച്ചു നോക്കുന്നതാണു് യുക്തതരം. ആ തട്ടിച്ചു നോക്കലും ശരിയല്ല. ഓരോ നോവലും അതിന്റേതായ സവിശേഷത പ്രദർശിപ്പിക്കുന്നു. ഒന്നു മറ്റൊന്നിനെക്കാൾ മെച്ചമെന്നോ മോശമെന്നോ പറയാവുന്നതല്ല. ഒരു ക്രൂരന്റെ ഭരണക്രമത്തെ അപഗ്രഥിച്ചു് ഡിക്ടേറ്റർഷിപ്പിനെ നിന്ദിക്കുകയാണു് യോസ. മാർകേസാകട്ടെ ഒരു രാജ്യത്തിന്റേയുെം ആന്തരമായ പൊളിറ്റിക്സിലേക്കു കടക്കാതെ അതിനെ മിത്താക്കി മാറ്റുകയാണു്.

images/FeastOfGoat.jpg

വള്ളിപ്പന്നയ്ക്കു് (ivy എന്നു് ഇംഗ്ലീഷ്) ചിറകുകളില്ലെങ്കിലും അതു് ഒളിച്ചുകയറും, വള്ളിപന്ന മതിലുകളിലൂടെ കയറുന്നതുപോലെ തൂലിക കടലാസ്സിലൂടെ സഞ്ചരിക്കണം (Vincent Van Gogh സഹോദരനു് അയച്ച കത്തു്. No. 95) ക്രൂരതയുടെ ലോകമാണു് നോവലിൽ. അതിൽ മറ്റുള്ളവർ അറിയാതെ സഞ്ചരിക്കുന്ന മറ്റൊരു കഥയുണ്ടു് ഇതിൽ. യുറേനിയ എന്നൊരു സുന്ദരി മുപ്പതു വർഷം മുമ്പു് ഡമനിക്കൽ റിപ്പബ്ളിക് വിട്ടുപോയി. അവൾ നോവലിന്റെ കഥ തുടങ്ങുമ്പോൾ, രോഗിയായിക്കിടക്കുന്ന അച്ഛനെ കാണാൻ വരുന്നു. ലൈംഗികപീഡനത്തിനു് നേരത്തെ വിധേയയായിപ്പോയ അവളുടെ ആത്മനിവേദനം നോവലിന്റെ മർമ്മസ്പൃക്കായ സംഭവമാണു്. അശ്ലീലതയാർന്ന സെക്സിന്റെ സ്വഭാവമറിയണമെങ്കിൽ ഈ നോവൽ വായിക്കണം. രാഷ്ട്രവ്യവഹാരത്തിന്റെ അധമതമമായ സ്ഥിതി വിശേഷം അറിയണമെങ്കിൽ ഈ നോവൽ വായിക്കണം. കാവ്യാത്മകമായ ഗുരുത്വത്തോടുകൂടി ഒരു നോവൽ വിരാജിക്കുന്നതു് കാണണമെങ്കിൽ ഇതു വായിക്കണം. (The Feast of the Goat, Mario Vargas Llosa, Translated from the Spanish by Edith Grossman—Faber and Faber, £ 6.50).

ചോദ്യം, ഉത്തരം

ചോദ്യം: സാമൂഹ്യ പരിഷ്കർത്താവായാൽ നിങ്ങൾ ഏതു പരിപാടിയെ പരിഷ്കരിക്കും?

ഉത്തരം: വിവാഹസദ്യയെ. പന്തലിലേക്കു് ആളുകളെ കയറ്റി വിടുന്നതു തൊട്ടു് അപമാനനം നടക്കുന്നു. ഇനി സ്ഥലമില്ല എന്ന മട്ടിൽ പ്രവേശനസ്ഥലത്തു് ബലിഷ്ഠമായ കൈയെടുത്തുവച്ചു് ഒന്നോ രണ്ടോ പേർ നിന്നെന്നുവരും. സദ്യക്കു് ഇരിക്കാൻ പോകുന്നവൻ അപ്പോൾത്തന്നെ അപമാനിതനാകും. സദ്യയോ? ഇഞ്ചിക്കറി, മാങ്ങാക്കറി, ഇങ്ങനെ ഏറെക്കറികൾ കാക്ക കാഷ്ഠിച്ച മട്ടിൽ വിളമ്പും. ആരും അതു കൈകൊണ്ടു തൊടില്ല. പിന്നെ അവിയലുണ്ടു്. അതു കാക്കക്കാഷ്ഠത്തെക്കാൾ വലിപ്പം കുറഞ്ഞമട്ടിലേ വിളമ്പൂ. രണ്ടാമതു് അതു ചോദിക്കാൻ അഭിമാനം സമ്മതിക്കില്ല. വധുവിന്റെ അച്ഛനു് നടത്തമുണ്ടു് ഉണ്ണുന്നവരുടെ ഇടയിൽക്കൂടി. അതും സഹിക്കാൻ വയ്യ (സമൂഹ പരിഷ്കർത്താവു് എന്നേ പറയാവൂ).

ചോദ്യം: രോഗം ഭേദമാക്കുന്ന ഡോക്ടറോടു് നിങ്ങൾക്കു നന്ദിയുണ്ടോ?

ഉത്തരം: ഉണ്ടു്. നന്ദി മാത്രമല്ല. സ്നേഹമുണ്ടു്. പക്ഷേ, എനിക്കുണ്ടായിരുന്ന രോഗം തന്നെ വേറൊരാളിനു ഉണ്ടായിരുന്നാൽ അതു ചികിത്സിച്ചു മാറ്റുന്ന ഡോക്ടറോടു് എനിക്കു് അബോധാത്മകമായ ശത്രുത വരും (എനിക്കു് എന്ന പദത്തിൽ സാഹിത്യവാരഫലക്കാരനെ പ്രതിഷ്ഠിക്കരുതേ, സാമാന്യപ്രസ്താവം നിർവഹിക്കുകയാണു് ഞാൻ).

ചോദ്യം: ഗ്രയ്റ്റ്നെസ്—മഹത്ത്വം—ഉള്ള ഒരാധുനിക മലയാള നോവലിന്റെ പേരു്?

ഉത്തരം: പാറപ്പുറത്തിന്റെ ‘അരനാഴികനേരം’ എന്ന നോവലിൽ മഹത്വത്തിന്റെ അംശങ്ങൾ ഏറെയുണ്ടു്. മുകുന്ദനെയും മറ്റും വാഴ്ത്തുന്ന തൽപരകക്ഷികൾക്കു് ആ മഹത്ത്വാംശങ്ങൾ കാണാൻ കഴിവില്ല. പാറപ്പുറത്തിനെതന്നെ നമ്മൾ വിസ്മരിച്ചുകഴിഞ്ഞു.

ചോദ്യം: നിങ്ങളുടെ മരണശേഷം സാഹിത്യവാരഫലത്തിന്റെ സ്ഥിതിയെന്താകും?

ഉത്തരം: സാഹിത്യവാരഫലം കൃഷ്ണൻനായരുടെ സൃഷ്ടിയല്ല. എസ്. കെ. നായരും വി. ബി. സി. നായരും പറഞ്ഞിട്ടല്ല അയാളതു് എഴുതിത്തുടങ്ങിയതു്. സാഹിത്യവാരഫലത്തിലെ ആശയങ്ങൾ അന്തരീക്ഷത്തിലുണ്ടു്. കൃഷ്ണൻ നായരെത്തേടി അവ വന്നുവെന്നേയുള്ളു. അയാൾ മരിച്ചാൽ മറ്റൊരാളെ ആ ആശയങ്ങൾ തേടിക്കൊള്ളും. “നിങ്ങളുടെ മരണത്തിന്നു ശേഷം” എന്നെഴുതണം. നിങ്ങളുടെ മരണശേഷം എന്നു പറഞ്ഞാൽ ‘നിങ്ങളുടെ’ എന്ന പ്രയോഗം അന്വയിക്കുന്നതു് ‘ശേഷം’ എന്ന പ്രയോഗത്തിലായിരിക്കും. ശൂരനാട്ടു കുഞ്ഞൻപിള്ളസ്സാറിനോടു് ഞാൻ ഇതിനെക്കുറിച്ചു് ചോദിച്ചു. അദ്ദേഹം എന്റെ മതം ശരിയാണെന്നു പറഞ്ഞു.

ചോദ്യം: സിഗററ്റ് വലിക്കുന്നതു് നിറുത്തണമെന്നു് പല സ്നേഹിതന്മാരും എന്നോടു് പറയുന്നു. ഞാൻ എന്തു ചെയ്യണം?

ഉത്തരം: NO എന്നു് വലിയ അക്ഷരങ്ങളിൽ എഴുതി പോക്കറ്റിൽ ഇട്ടുകൊള്ളണം. ഉപദേശിക്കാൻ വരുന്നവർക്കു് ആ തുണ്ടെടുത്തു് കാണിച്ചുകൊടുക്കണം. സിഗററ്റ് വലിക്കുന്നതു് ഒരു Innocent pleasure മാത്രമാണു്. എണ്ണം കൂടാതിരുന്നാൽ മതി.

ചോദ്യം: മലയാളം സിനിമകൾ വടക്കേയിന്ത്യയിലും വിദേശങ്ങളിലും പ്രദർശിപ്പിക്കാത്തതെന്തു്?

ഉത്തരം: വടക്കേയിന്ത്യയിൽ പല സ്ഥലങ്ങളിലും വച്ചു് ഞാൻ മലയാള സിനിമകൾ കണ്ടിട്ടുണ്ടു്. കാട്ടുപ്രദേശമായ ചാന്ദയിൽ ഒരു സിനിമാശാലയിൽ ഞാൻ ചെന്നുകയറിയപ്പോൾ മലയാള ചലചിത്രം പ്രദർശിപ്പിക്കാൻ തുടങ്ങുന്നു. ഞാൻ അന്നു് പ്രണാനും കൊണ്ടോടി. Fabrication അതു ഉണ്ടാകുന്ന സ്ഥലത്തു് മാത്രം ഒതുങ്ങി നില്ക്കുകില്ല. പല പ്രദേശങ്ങളിലും ചെന്നെത്തും.

ചോദ്യം: കുട്ടിക്കൃഷ്ണമാരാർ, എസ്. ഗുപ്തൻനായർ, ആഷാമേനോൻ ഇവരുടെ നിരൂപണരീതികൾ വിശദമാക്കാമോ?

ഉത്തരം: കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive. ഗുപ്തൻനായരുടേതു് defensive. ആഷാമേനോന്റെ നിരൂപണത്തെക്കുറിച്ചു് എനിക്കു പറയാനാവില്ല. മനുഷ്യനു് മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാവൂ.

വേഗം

പതിന്നാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾ കെട്ടുവള്ളത്തിൽ വൈക്കത്തു നിന്നു് കൊല്ലം വരെ കായലിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യക്കേടു് എനിക്കുണ്ടായി. ഏതോ കള്ളുഷാപ്പുകാരന്റെ കെട്ടുവള്ളം കൊല്ലം വരെ പോകുന്നു. അതിൽ കയറ്റി അയച്ചു എന്നെ എക്സൈസ് ഇൻസ്പെക്ടറായ പിതാവു്. ബോട്ടുകൂലി രണ്ടുരൂപ അങ്ങനെ ലാഭിച്ചു. ഈ ലോകത്തു് ഞാൻ ഏറ്റവും വെറുക്കുന്നതു് ബാർബർ ഷോപ്പാണു്. അവിടത്തെ സവിശേഷമായ വാടയും കത്തിരി ചലിപ്പിക്കുന്നതിൽ നിന്നുണ്ടാകുന്ന ഒച്ചയും ഷേവ് ചെയ്യാനുള്ള കത്തി തോൽത്തുണ്ടിൽ തിരിച്ചും മറിച്ചും തേക്കുന്നതിൽ നിന്നു ജനിക്കുന്ന ശബ്ദവും ലൈംഗികരോഗം പിടിച്ചവനെ പുതപ്പിക്കുന്ന പുതപ്പെടുത്തു് ക്ഷുരകൻ എന്നെ മൂടുന്നതിൽ നിന്നുണ്ടാകുന്ന വെറുപ്പും എനിക്കു് ആലോചിക്കാൻ പോലും വയ്യ. ബാർബർ ഷോപ്പിനെക്കാൾ ഞാൻ വെറുക്കുന്നതു് കെട്ടുവള്ളത്തിന്റെ ഉൾവശമാണു്. ഈർപ്പം, വൃത്തികേടു്, വള്ളമൂന്നുന്നവരുടെ സവിശേഷ ഭാഷ, ദുസ്സഹമായ വാട ഇവയൊക്കെ എനിക്കു് ഇഴജന്തുവിനെ കണ്ടാലുണ്ടാകുന്ന ജൂഗുപ്സ ഉളവാക്കും. കാലത്തു് വള്ളമൂന്നുന്നവർ ചുട്ടെടുക്കുന്ന ദോശ രണ്ടെണ്ണം എനിക്കു തരും. കുറച്ചു കട്ടൻകാപ്പിയും. കായലിൽ നിന്നു് പിടിച്ചെടുക്കുന്ന മീൻ തൊലി കളയാതെ കുടമ്പുളി ചേർത്തു വള്ളക്കാർ വയ്ക്കും. അതു കഴിച്ചാൽ ചെറുകടലല്ല, വൻകടലും വായിൽക്കൂടെ പുറത്തേക്കു പോരും. വള്ളക്കാരന്മാർ പ്രാകിക്കൊണ്ടു തരുന്ന ആ ഭക്ഷണമൊക്കെ എനിക്കു കഴിക്കേണ്ടി വന്നു. ഞാൻ പിതാവിനെ ദ്രോഹി എന്നു പല തവണ ഉറക്കെ വിളിച്ചു. എത്ര ദിവസം കൊണ്ടാണെന്നറിയില്ല, വള്ളം കൊല്ലം ജെട്ടിയിലടുത്തപ്പോൾ വള്ളക്കാരന്മാരോടു യാത്രപോലും പറയാതെ ഞാൻ ബസ് സ്റ്റേയ്ഷനിലേക്കു ഓടി. ഭാഗ്യം കൊണ്ടു് കൊല്ലത്തുനിന്നു് തിരുവനന്തപുരം വരെ എത്താനുള്ള ബസ് ചാർജ്ജ് അമ്മ തന്നിരുന്നു. എനിക്കു് പിതാവിനോടു വെറുപ്പു തോന്നിയില്ല. ഒരു എക്സൈസ് ഇൻസ്പെക്ടർ മഹാത്മാഗാന്ധിയെപ്പോലെ പെരുമാറണമെന്നു് ഞാൻ വിചാരിക്കുമോ? വിചാരിച്ചാൽ ഞാനല്ലേ ആനമണ്ടൻ?

images/Edward_Verrall_Lucas.jpg
ഈ. വി. ലൂകാസ്

പന്തളം കെ. പി. രാമൻപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ള യും ചങ്ങമ്പുഴ കൃഷ്ണപിള്ള യും ഒരുമിച്ചുകൂടി വർത്തമാനത്തിൽ രസിച്ചു ഇരിക്കുകയായിരുന്നു. രാഘവൻപിള്ള നേരമ്പോക്കിനു വേണ്ടി പറഞ്ഞു: “ചങ്ങമ്പുഴയ്ക്കു മനോഹരങ്ങളായ പദങ്ങളൊടു വലിയ കമ്പമാണു്. കാശി കുളിക്കടവിൽ ഒരു മധുരപദമിരിക്കുന്നുവെന്നു് അറിഞ്ഞാൽ ചങ്ങമ്പുഴ അതെടുത്തു കൊണ്ടുവരാൻ അങ്ങോട്ടേയ്ക്കു പോകും.” ഇടപ്പള്ളി രാഘവൻപിള്ള പറഞ്ഞതു് സത്യമാണു്. കേൾക്കാനുള്ള സുഖത്തെക്കരുതി എത്രയെത്ര അർത്ഥരഹിതങ്ങളായ വാക്കുകളാണു്—മധുരപദങ്ങളാണു്—ചങ്ങമ്പുഴ പ്രയോഗിച്ചതു്! ഓരോ വ്യക്തിക്കും സ്വന്തമായ പ്രവർത്തനപഥമുണ്ടു്. അതിനോടു യോജിച്ച വാക്കുകളേ അയാളിൽ നിന്നുണ്ടാകൂ. മൂന്നുപേരും നല്ല കവികൾ. ഒരു കവി വേറൊരു കവിയെ പരിഹസിക്കുന്നതു് തനിക്കു വശമുള്ള ഭാഷയിലൂടെ. ഞാൻ തിരുവനന്തപുരത്തെ സയൻസ് കോളേജിൽ പഠിക്കുന്ന കാലത്തു് കെമിസ്ത്രി ക്ലാസ്സിൽ ഒരു കൃഷ്ണൻകുട്ടിനായരും പില്ക്കാലത്തു് ചീഫ് സെക്രട്ടറിയായ എസ്. അന്തകൃഷ്ണനും അടുത്തടുത്തു് ഇരിക്കും. സാറ് കെമിക്കൽ റിയാക്‍ഷൻ പഠിപ്പിക്കുകയാരിക്കും. H + O −→ H O എന്നു പറഞ്ഞു് വിശദീകരണം നടത്തുമ്പോൾ ഞങ്ങൾ മൂന്നുപേരും മറ്റു കാര്യങ്ങളെക്കുറിച്ചു് സംസാരിക്കുകയായിരിക്കും. അപ്പോൾ സാറ് “എന്താണു് മൂന്നുപേർക്കും കെമിക്കൽ ബോണ്ട് ? ” എന്നു ചോദിക്കും. നേരെ മറിച്ചു് ഫിസിക്സ് അധ്യാപകൻ “What is the force acting on you?” എന്നാവും ചോദിക്കുക. സാഹിത്യത്തിൽ തൽപരനായ എനിക്കു സ്വാഭാവികമായും പ്രകൃതിദൃശ്യങ്ങളിലാവും കൌതുകം. അതുകൊണ്ടു് അലൈനിൽ നിന്നു കൂട്ടുകാരോടൊരുമിച്ചു് ആബുദാബിയിലേക്കു ഞാൻ പോയപ്പോൾ മണൽക്കാട്ടിൽ ഒട്ടകം നീങ്ങുന്നതു കണ്ടു് ഇംഗ്ലീഷ് കവി George Sandys-നോടൊപ്പം What a majestic ship of the desert എ​ന്നു ഞാൻ പറഞ്ഞു പോയി (Camels. There are ships of Arabia, their seas are the desert—George Sandys). എനിക്കു പകരം ജന്തുശാസ്ത്രജ്ഞനാണു് ഒട്ടകത്തെ കണ്ടതെങ്കിൽ Camelus dromedarius എന്നു പറഞ്ഞേനേ. അതിസുന്ദരമായി ഇംഗ്ലീഷ് ഗദ്യമെഴുതുന്ന ഈ. വി. ലൂകാസി ന്റെ ‘ഫെലോ ട്രാവലർ’ എന്ന പ്രബന്ധം വായിച്ച ഓർമ്മയുണ്ടെനിക്കു്. 1939-ൽ ഞാൻ വായിച്ച ആ ‘എസേ’യിൽ എല്ലാ ആപ്പീസുകളിലും നിന്നു് യാത്ര തുടരുന്ന തീവണ്ടിയെ infinitely leisurely train എന്നു വിശേഷിപ്പിച്ചിട്ടുണ്ടു് (ഓർമ്മ). അങ്ങനെയുള്ള കാറിലോ തീവണ്ടിയിലോ എനിക്കു സഞ്ചരിക്കേണ്ടി വന്നാൽ ഇതു തന്നെയാണു് ‘ഇറ്റേണിറ്റി’ (നിത്യത) എന്നു് ഞാൻ പറയും. പക്ഷേ, അലൈനിൽ നിന്നു് ആബുദാബിയിലേക്കുള്ള യാത്ര പറക്കുന്നതുപോലെയായിരുന്നു. ഒരുപാടു് ദൂരമുണ്ടു് ആബുദാബിയിലേക്കു്. അതുകൊണ്ടു ഒരു ചേതവുമില്ല. മണിക്കൂറിൽ കുറഞ്ഞതു് നൂറുമൈൽ വേഗത്തിൽ കാറിൽ സഞ്ചരിച്ച ഞങ്ങൾ ഹ്രസ്വസമയം കൊണ്ടു് ആ നഗരത്തിലെത്തി.

ഈ വേഗം എനിക്കു് അനുഭവപ്പെടുത്തിത്തരുന്നു. ടി. എൻ. ഗോപകുമാർ മലയാളം വാരികയിലെഴുതിയ “ഗുജറാത്തു് 2002” എന്ന കഥ. കാറിന്റെ വേഗത്തെയും അതിശയിക്കുന്ന വേഗമുണ്ടു് ഇതിന്റെ ആഖ്യാനത്തിനു്. ഗുജറാത്തിൽ കലാപമുണ്ടായപ്പോൾ ഒരു പെൺകുട്ടി ബലാസംഗം ചെയ്യപ്പെട്ടു. പലരും ചേർന്നാണു് ആ കൃത്യം നടത്തിയതു്. തീവണ്ടിയിൽ കയറിയ അവൾ റ്റിക്കറ്റില്ലാത്തതുകാണ്ടാവണം അതിൽ നിന്നു ഗളഹസ്തം ചെയ്യപ്പെട്ടു. പിന്നീടു് നമ്മൾ അവളെക്കാണുന്നതു് ഒരു പൊലിസ് സ്റ്റേഷനിലാണു്. ഇൻസ്പെക്ടർ അവളോടു കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കിയിട്ടു് അവളെ ആശുപത്രിയിൽ കൊണ്ടുപോയി. തയ്യലുകളിട്ടു. അന്നുരാത്രി ഇൻസ്പെക്ടർ ജോലി രാജിവയ്ക്കുവാൻ തീരുമാനിച്ചു. നേരം വെളുത്തപ്പോൾ തീരുമാനം മാറ്റി, ജോലിക്കു പോയി. ആഖ്യാനത്തിന്റെ വേഗം കൊണ്ടു് കഥാകാരൻ ബലാത്സംഗത്തിന്റെ ക്രൂരതയും യുവതിയുടെ ദയനീയതയും അഭിവ്യഞ്ജിപ്പിക്കുന്നുണ്ടെങ്കിലും, പിരിമുറുക്കം അനുവാചകനെക്കൊണ്ടു് അനുഭവിപ്പിക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ സർവ്വസാധാരണത്വം കഥയ്ക്കു ഒറിജിനാലിറ്റി നല്കുന്നില്ല. പ്രധാന കഥാപാത്രത്തിന്റെ മാനസികസ്ഥിതിക്കു് അനുരൂപമായിരിക്കുന്നില്ല കഥയുടെ പര്യവസാനം. തയ്യലുകളിട്ടു് അവൾ കുറെദിവസം ആശുപത്രിയിൽ കിടക്കുമായിരിക്കും. ഡോക്ടർ ഒരു ദിവസം അവളെ ഡിസ്ചാർജ്ജ് ചെയ്യുമായിരിക്കും. അവൾ വളരെക്കാലം ആശുപത്രിയിൽ കിടന്നാലും ഉടനെ ഡിസ്ചാർജ്ജ് വാങ്ങിപ്പോയാലും വായനക്കാരനു് ഒന്നുമില്ല. അതുപോലെയാണു് കഥയുടെ പര്യവസാനം അലൈനിൽ നിന്നു് വേഗത്തിൽ പോയതു് ആബുദാബിയിൽ എത്താനാണു്. ഇക്കഥയുടെ വേഗം ഒരു പ്രയോജനവും ചെയ്യുന്നില്ല. ശൂന്യസ്ഥലത്തു് ചെന്നുനില്ക്കുന്നു വായനക്കാരൻ. മണൽക്കാട്ടിലൂടെ യാത്രചെയ്തപ്പോൾ അതിന്റെ മധ്യത്തിൽ ഒരു ഷെഡ് കണ്ടു. ചായക്കട. കയറി. ഉടമസ്ഥനോടു് ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു: “Please let me have a cup of tea”. ഉടനെ അയാൾ “കൃഷ്ണൻനായർ സാറേ, എന്നോടെന്തിനു് സായ്പിന്റെ ഭാഷ. സാറിനെ ഞാൻ അറിയില്ലേ?” എന്നു് ചോദിച്ചു. അപ്രതീക്ഷിതമായതു് കണ്ടാൽ അത്ഭുതമുണ്ടാകും. ഒട്ടകവും മണൽക്കാടും ചായക്കടയും മലയാളമറിയാവുന്ന ഉടമസ്ഥനും എല്ലാം അപ്രതീക്ഷിതങ്ങൾ. ഇതുപോലെ അപ്രതീക്ഷിതമായവ കഥകളിൽ നിന്നുണ്ടാവണം. അല്ലെങ്കിൽ അവ കഥകളല്ല. ഗോപകുമാറിന്റെ രചന സാഹിത്യമല്ല.

പല കാര്യങ്ങൾ

ഫ്രേയാ സ്റ്റാർക്കി ന്റെ (Freya Stark) യാത്രാവിവരണങ്ങളും ആത്മകഥയും നിസ്തുലങ്ങളാണു്. അവ വായിച്ചിട്ടില്ലാത്തവർ സാഹിത്യത്തിന്റെ ഭംഗി സമ്പൂർണ്ണമായി കണ്ടവരല്ല. നാലു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ അവരുടെ ആത്മകഥയിൽ ഇങ്ങനെയൊരു പ്രസ്താവം:

images/Freya_Madeline_Stark.jpg
ഫ്രേയാ സ്റ്റാർക്ക്

ബേനേദേതാ ക്രോചെ (Benedetto Croce 1866–1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകൻ പറഞ്ഞു: ഫാസിസ്റ്റുകൾക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാൻ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ടു് (intellect). അതിനോടു ചേർന്ന വിശുദ്ധിയും. എന്നാൽ ഇനിപ്പറയുന്ന സംഭവത്തിൽ ധിഷണാവിലാസമുണ്ടെങ്കിലും വിശുദ്ധിയില്ല. വിഖ്യാതനായ ഒരു വ്യക്തിയോടുകൂടി ഞാൻ വടക്കൊരു സമ്മേളനത്തിനു പോയി. ആ വ്യക്തിയെ അല്പമെങ്കിലും നീരസപ്പെടുത്തിയാൽ അതു ചെയ്യുന്ന ആളിനെ അദ്ദേഹം കൊല്ലാക്കൊല ചെയ്തുകളയും. നീരസപ്പെടുത്തിയില്ലെങ്കിൽ പ്രശംസയുടെ മട്ടിൽ എന്തെങ്കിലും പറയുകയേയുള്ളു. സമ്മേളനത്തിന്റെ സ്വാഗത പ്രഭാഷകൻ എങ്ങനെയോ നാട്ടുകാരുടെ തല്ലു് മേടിച്ചു. സ്വാഗതമാശംസിക്കുന്ന വേളയിൽ അയാൾ ഞാൻ പറഞ്ഞ വ്യക്തിയെ അല്പമൊന്നു നോവിച്ചു. ആ പ്രഭാഷകൻ സംസ്കൃതത്തിലെ തതു് ശബ്ദത്തെ തൽ എന്നാക്കിപ്പറഞ്ഞു. ഒരിക്കലല്ല പല തവണ അതുണ്ടായി. ഉപസംഹാരപ്രഭാഷണത്തിനു് ഞാൻ പറഞ്ഞ വ്യക്തി എഴുന്നേറ്റു. കൃഷ്ണപിള്ള തതു് ശബ്ദത്തെ തൽ എന്നാക്കിയതു് നിങ്ങളൊക്കെ കേട്ടിരിക്കുമല്ലോ. അദ്ദേഹത്തിനു് ഈ തല്ലു് എവിടെനിന്നു് കിട്ടിയെന്നതു എനിക്കറിഞ്ഞുകൂടാ. സദസ്സിന്റെ കരഘോഷം. പൊട്ടിച്ചിരി. സ്വാഗതപ്രഭാഷകൻ ബോധം കെട്ടില്ല എന്നേയുള്ളു. ഇവിടെ പ്രത്യുൽപ്പന്നമതിത്വമുണ്ടു്. പക്ഷേ, വിശുദ്ധിയില്ല. പ്രത്യുൽപ്പന്നമതിത്വം വിശുദ്ധിയോടു കലർന്നു വന്നാലേ നല്ലയാളുകളുടെ ആദരം നേടൂ.

images/JoseOrtegayGasset.jpg
ഒർടേഗ ഈ ഗാസറ്റ്

ഭൂമിയിലെ അവസാന ദിവസത്തെ Last Judgement day എന്നു വിളിക്കുന്നു. ആ ദിവസത്തെക്കുറിച്ചു് വിശുദ്ധ നബിയോടു ചില മുസ്ലീങ്ങൾ ചോദിച്ചതിനെക്കുറിച്ചു് ഫ്രേയാ സ്റ്റാർക്ക് ആത്മകഥയിൽ പറയുന്നുണ്ടു്. Day of judgement അടുത്തോ എന്നു് അങ്ങനെ അറിയാമെന്നു് അവർ പ്രവാചകനോടു ചോദിച്ചു. “By the fact that the reins of government are in the hands of the lowest of the low” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ പ്രസ്താവത്തെ അവലംബിച്ചു് നമുക്കു അസന്ദിഗ്ദ്ധമായി പറയാം ഇന്ത്യയിലെ പല സ്റ്റെയ്റ്റുകളിലും Day of Judgement വരാറായിയെന്നു്.

images/B_Croce.jpg
ബേനേദേതാ ക്രോചെ

ഒർടേഗ ഈ ഗാസറ്റി ന്റെ Dehumanization of Art എന്ന പ്രബന്ധം ഓർമ്മയിലെത്തുന്നു. ജന്നലിലെ കണ്ണാടിയിലൂടെ നോക്കിയാൽ തൊട്ടപ്പുറത്തുള്ള പൂന്തോട്ടം കാണാം. കണ്ണിലെ ലെൻസിനു് ഒരഡ്ജസ്റ്റ്മെന്റ് വരുത്തിയാൽ ജന്നലിലെ കണ്ണാടി മാത്രമേ കാണൂ. അതുപോലെ ഏതു് കലാസൃഷ്ടിയും ആസ്വദിക്കാം ആസ്വദിക്കാതിരിക്കാം. അഭിരുചിയെന്ന ലെൻസിന്റെ അഡ്ജസ്റ്റ്മെന്റിനെ ആശ്രയിച്ചിരിക്കും അതു്. എന്നാൽ അല്പം വിഭിന്നമായി പറയുന്നു ഒസ്കർ വൈൽഡ്. നല്ല ഗദ്യം ജന്നലിലെ കണ്ണാടിപോലെയാണു്. അതിലൂടെ നോക്കിയാൽ സത്യം മാത്രം കാണാം. സത്യമല്ലാതെ വേറൊന്നും കാണുകയുമില്ല. ഏതു് സം‌വിധാനം നേത്രകാചത്തിനു് വരുത്തിയാലും ശോഭാ വാര്യർ ദേശാഭിമാനി വാരികയിലെഴുതിയ ‘ചിത്രശലഭം’ എന്നതു് കഥയുമല്ല, സാഹിത്യവുമല്ല. നല്ല ഗദ്യം പോലുമല്ല. സുൽഫി എന്നൊരു പെണ്ണിനെയും അവളുടെ കമല മുത്തശ്ശിയെയും കഥയിൽ കൊണ്ടുവന്നിട്ടു് കൃത്രിമമായി എന്തോ പറയുന്നു ശോഭാ വാര്യർ. തന്നെ അഭിസംബോധന ചെയ്തുകൊണ്ടു് പെണ്ണു് പ്രസ്താവിക്കുന്നു. താൻ ചിത്രശലഭമാണെന്നു്. ദുർഗ്രഹതയേറിയ രചന. അർത്ഥരഹിതമായ രചനയെന്നും പറയാം.

വർഷങ്ങൾക്കുമുൻപ് മാധവിക്കുട്ടി എന്നോടു ചോദിച്ചു ശോഭയുടെ കഥകളെക്കുറിച്ചു് പ്രതികൂലമായി എഴുതുന്നതെന്തിനെന്നു്. ശ്രീമതിയോടുള്ള ബഹുമാനം കൊണ്ടു് ഞാൻ ഒരു വാക്യം പോലും മറുപടിയായി പറഞ്ഞില്ല. മാധവിക്കുട്ടി ശോഭാ വാരിയരുടെ ഈ രചനാവൈരൂപ്യത്തിൽ ഒന്നു കണ്ണോടിക്കട്ടെ. ഇതെഴുതുന്ന ആൾ എന്തിനു് പ്രതികൂലമായി എഴുതുന്നുവെന്ന സത്യം മനസ്സിലാക്കാം.

images/Oscar_Wilde.jpg
ഒസ്കർ വൈൽഡ്

തിരുവനന്തപുരത്തു് ചിലർ വീടുകൾ നിർമ്മിച്ചു് ജന്നലുകളിൽ കണ്ണാടിയിടും. വീട്ടിനകത്തു നിന്നു നോക്കിയാൽ വീട്ടിനു് പുറത്തുള്ളവയെല്ലാം സ്പഷ്ടമായി കാണാം. പുറത്തുള്ളവർക്കു് ആ ജന്നൽ ക്കണ്ണാടിയിലൂടെ വീട്ടിനകത്തുള്ളതൊന്നും കാണാൻ പറ്റില്ല. അതുപോലെ ശോഭാ വാരിയർ ഞാൻ ഈ രചനകൊണ്ടു് ഇതാണുദ്ദേശിച്ചതെന്നു് പറയുമായിരിക്കും. പക്ഷേ, കണ്ണാടിയുടെ അർദ്ധസുതാര്യാവസ്ഥകൊണ്ടു് അനുവാചകർക്കു് ഒന്നും കാണാൻ കഴിയുന്നില്ലെന്നു നമുക്കു് പറയാനേ പറ്റൂ.

ഒന്നിലും ക്ഷോഭിക്കാത്ത ആളാണു് ഡോക്ടർ കെ. എം. ജോർജ്ജ്. അദ്ദേഹം വിമർശിക്കുമ്പോഴും സംസ്കാരഭദ്രമായ ഭാഷയേ പ്രയോഗിക്കു. വർഷങ്ങൾക്കുമുൻപു് അദ്ദേഹം, വിഷ്ണുനാരായണൻ നമ്പൂതിരി, വേറെ ചിലർ ഇവരോടു ഒരുമിച്ചു് ഞാൻ വെട്ടൂർ രാമൻനായരുടെ അഭ്യർത്ഥനയനുസരിച്ചു് പാലായിൽ ഒരു വായശാലയുടെ വാർഷികാഘോഷത്തിനു പോയി. തിരിച്ചു പോരുമ്പോൾ കൊട്ടാരക്കരയിൽ ചായ കുടിക്കാനിറങ്ങി. വീണ്ടും കാറിൽ കയറിയപ്പോൾ പിറകിലത്തെ സീറ്റിലിരുന്ന ഞങ്ങൾക്കു ഞെരുക്കം. കെ. എം. ജോർജ്ജ് മന്ദസ്മിതത്തോടുകൂടിപ്പറഞ്ഞു. ചായ കുടിച്ചതിനുശേഷം നമ്മുടെ കൃഷ്ണൻ നായർക്കു ലേശം വണ്ണം കൂടിയെന്നു തോന്നുന്നു. ഞാൻ ഒതുങ്ങിയിരുന്നു. ഇതാണു് കെ. എം. ജോർജ്ജിന്റെ രീതിയും സംഭാഷണവും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-04-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 10, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.