സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-05-10-ൽ പ്രസിദ്ധീകരിച്ചതു്)

images/Francis_Fukuyama.jpg
Francis Fukuyama

പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നിക്കുന്ന ചില സംഭവങ്ങളും അറിയാതെ നാക്കിൽ നിന്നു് വീഴുന്ന വാക്കുകളും സങ്കല്പിക്കാനാവാത്ത വിധത്തിൽ ഗൗരവമാർജ്ജിക്കും. അതു നമ്മുടെ ജീവിതത്തെ വല്ലാതെ ഉലച്ചുകളയുകയും ചെയ്യും. സർക്കാർ സെക്രട്ടേറിയറ്റിൽ ജോലിനോക്കിയിരുന്ന എനിക്കുണ്ടായ ഭാഗ്യക്കേടിനെക്കുറിച്ചു് പറയട്ടെ. അസിസ്റ്റന്റ് സെക്രട്ടറിയായി ഒരു വേലുപ്പിള്ള വേറൊരു ഡിപാർട്മെന്റിൽ നിന്നു മാറിവന്നു് ചാർജ്ജെടുത്തു. അല്പം കഴിഞ്ഞപ്പോൾ ഞാനെഴുതിയ ഒരു ഡ്രാഫ്റ്റിന്റെ ‘അപ്രൂവൽ’ വാങ്ങുന്നതിനു് എനിക്കു് അദ്ദേഹത്തിനെ കാണേണ്ടതായി വന്നു. ഞാൻ എഴുതിയവച്ച ഡ്രാഫ്റ്റ് അദ്ദേഹം വായിച്ചു നെറ്റി ചുളിച്ചു. എന്നിട്ടു് ചില തിരുത്തലുകൾ വരുത്തി ഫയൽ തിരിച്ചു തന്നു. ഞാനതു നോക്കിയപ്പോൾ എന്റെ നെറ്റിയും ചുളിഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറിയുടെ തിരുത്തലിൽ ഇംഗ്ലീഷ് വ്യാകരണത്തിന്റെ സമ്മതം കിട്ടാത്ത double passive ഉണ്ടായിരുന്നു. No action was decided to be taken എന്നു് അദ്ദേഹം എന്റെ വാക്യം വെട്ടിക്കളഞ്ഞിട്ടു് എഴുതിയിരുന്നു. അതു തെറ്റാണെന്നു പറയാതെ ചൂണ്ടുവിരൽ ആ വാക്യത്തിൽ തൊട്ടു ഞാൻ അദ്ദേഹത്തിന്റെ കണ്ണിന്റെ മുൻപിലേക്കു ഫയൽ നീട്ടി. ‘എന്താ വേണ്ടതു്?’ എന്നു് അസിസ്റ്റന്റ് സെക്രട്ടറി നീരസത്തോടെ എന്നോടു ചോദിച്ചു. ഞാൻ വൈമനസ്യത്തോടെ പറഞ്ഞു. ‘സർ, ഡബ്ൾ പാസ്സീവ്. അദ്ദേഹം അങ്ങനെയൊരു വ്യാകരണവിധി കേട്ടിട്ടില്ല. ‘തെളിച്ചു പറയൂ’ എന്നായി ഓഫീസർ. അപ്പോൾ ഞാൻ തെളിച്ചുതന്നെ പറഞ്ഞു. ‘സർ ഇംഗ്ലീഷ് വ്യാകരണമനുസരിച്ചു് ഡബ്ൾ പാസ്സീവ് പ്രയോഗിച്ചുകൂടാ. ‘No action was taken’ എന്നാവാം സർ. അസിസ്റ്റന്റ് സെക്രട്ടറിയുടെ കറുത്ത മൂക്കു് ചുവന്നു ഗൗരവഭാവം. ‘ഞാൻ എഴുതിയതു റ്റൈപ് ചെയ്തു കൊണ്ടുവരു. Are you correcting my English?’ എന്നു മൊഴിയാടി. ഞാൻ തിരിച്ചുപോയി. അരമണിക്കൂർ കഴിഞ്ഞപ്പോൾ എനിക്കൊരു കല്പന കിട്ടി. ‘M. Krishnan Nair is transferred to the Translation Section’ പിന്നെ സെക്രട്ടേറിയറ്റിൽ നിന്നു കോളേജിലേക്കു മാറ്റം കിട്ടുന്നതുവരെ ഞാൻ തർജ്ജമവിഭാഗത്തിൽത്തന്നെ ജോലി നോക്കി. വ്യാകരണത്തെറ്റു് ചൂണ്ടിക്കാണിച്ചതുകൊണ്ടുണ്ടായ ദൗർഭാഗ്യം!

images/Posthuman_future.jpg

ഡോക്ടർ ഗോദവർമ്മയോടു് സ്വാതന്ത്ര്യത്തോടെ വിദ്യാർത്ഥികൾക്കു് എന്തും ചോദിക്കാം. അദ്ദേഹം വിനയത്തോടെ മറുപടി പറയും. ഒരു ദിവസം ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “സർ, …ലിനു് ബുദ്ധികൂടുമല്ലോ ഏതധ്യാപകനെക്കാളും. പാണ്ഡിത്യത്തിലുമങ്ങനെതന്നെ …ൽ എഴുതുന്ന ലേഖനങ്ങൾക്കു അടുത്തെത്തുന്ന ലേഖനങ്ങൾ അദ്ദേഹത്തിനെ പഠിപ്പിച്ചവർക്കു് എഴുതാൻ പറ്റില്ല. എന്നിട്ടും അദ്ദേഹത്തിനു് ഫസ്റ്റ് ക്ലാസ് കിട്ടിയില്ലല്ലോ. സെക്കൻഡ് ക്ലാസല്ലേ കിട്ടിയതു്? എന്താണു് കാരണം സാർ?” എന്റെ ചോദ്യം കേട്ടയുടനെ സാർ കസേരയിൽ നിന്നു് എഴുന്നേറ്റു. മുറിയുടെ പുറത്തേക്കു പോയി. തിരിച്ചുവന്നതു് മലർന്നുപിടിച്ച മട്ടിലാണു്. കാലുകൾ നീട്ടിവച്ചു് നടന്നു് കസേരയിൽ പിറകുവശം പൊക്കത്തിൽ നിന്നു വീഴ്ത്തി കാലുകൾ വളരെ നീട്ടിക്കൊണ്ടു് ഇരുന്നു. സാറ് പറഞ്ഞു: “ഇങ്ങനെയായിരുന്നു അയാളുടെ വരവു് വൈവാവോസിക്കു്. എന്നിട്ടു പുച്ഛത്തോടു കൂടി ഞങ്ങളെയൊക്കെ നോക്കി. നീയൊക്കെ എന്നെപ്പരീക്ഷിക്കാൻ ആരെടാ എന്ന ഭാവം. പരീക്ഷയ്ക്കു വരുന്നവർക്കു ഇരിക്കാൻ ഞങ്ങളുടെ മുൻപിൽ കസേരയിട്ടിട്ടുണ്ടു്. അതിൽ ഞങ്ങളിരിക്കാൻ പറഞ്ഞാലേ ഇരിക്കാവൂ. അയാൾ ചെയ്തതു് അതല്ല. പൃഷ്ഠഭാഗം കസേരയുടെ അറ്റത്തു അമർത്തി കാലുകൾ നീട്ടിയുള്ള ആ ഇരിപ്പു് ഉണ്ടല്ലോ. അതു് objectionable ആയിരുന്നു. ആ മര്യാദകേടു കണ്ടിട്ടാണു് ഞങ്ങൾ അയാൾക്കു ഫസ്റ്റ് ക്ലാസ് കൊടുക്കാത്തതു്”. പില്കാലത്തു് ആ വിദ്യാർത്ഥി കോളേജ് ലക്‍ചറർ ആയി. പക്ഷേ, തന്നെക്കാൾ ജൂനിയറായ പലരും അദ്ദേഹത്തിന്റെ സീനിയറായി ജോലി നോക്കുമ്പോഴാണു് ലക്‍ചററായി അദ്ദേഹം കോളേജിൽ വന്നതു്. അതിന്റെ ദൗർഭാഗ്യങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായി. വയസ്സുകൊണ്ടു് ഞാൻ ജൂനിയർ. അദ്ദേഹം വൈകി വന്നതു കാരണം സർവീസിൽ ജൂനിയർ. അതിനാൽ പരീക്ഷയ്ക്കുള്ള ബോർഡിന്റെ ചെയർമാൻ ഞാൻ. അദ്ദേഹം വെറും എക്സാമിനർ. ചീഫ് എക്സാമിനർ പോലുമായില്ല. ഒരു നടത്തവും ഇരിപ്പും വരുത്തിവച്ച വിന.

ഒരു സംഭവത്തെയും വസ്തുവിനെയും ക്ഷുദ്രമായി കരുതരുതു്. അനവധാനതയോടെ ചുണ്ടിൽ നിന്നെടുത്തു വലിച്ചെറിഞ്ഞ സിഗ്ററ്റ് കുറ്റിയുടെ അറ്റത്തുണ്ടായിരുന്ന സ്വല്പമായ തീ ഒരു നഗരത്തെയാകെ ഭസ്മമാക്കിയ യഥാർത്ഥസംഭവം ഞാൻ കുട്ടിയായിരിക്കുമ്പോൾ പത്രത്തിൽ വായിച്ച ഓർമ്മയുണ്ടു്. വസ്തുവിലും സംഭവത്തിലുമുള്ള ക്ഷുദ്രത്വാരോപം വിപത്തു് ഉണ്ടാക്കും.

അതുപോലെ വലിയ കണ്ടുപിടുത്തങ്ങളും ആപത്തുണ്ടാക്കിയേക്കാം. “The End of History” എന്ന പുസ്തകമെഴുതി വിശ്വപ്രശസ്തി നേടിയ Francis Fukuyama-യുടെ പുതിയ പുസ്തകമായ “Our Posthuman Future ” ഞാൻ വായിച്ചു. അതിൽ അദ്ദേഹം പറയുന്നു: “People’s relationship to death will change as well. Death may come to be seen not as a natural and inevitable aspect of life, but a preventable evil like polio or the measles”. മരണം പോളിയോ പോലെ, അഞ്ചാംപനി പോലെ ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗമായി മാറിയാൽ നമ്മളെല്ലാം എന്തു ചെയ്യും? അഞ്ഞൂറു വയസ്സുള്ള മുത്തച്ഛൻ കുഞ്ഞായിട്ടിരിക്കുകില്ലേ?

സമയോചിതം പിള്ള

കമിഴ്‌ന്നു് വീണിട്ടും മീശയിൽ മണ്ണു പറ്റിയില്ല എന്ന മട്ടിലുള്ള മറുപടി വായിച്ചു. ആരുടെ മറുപടി? സച്ചിദാനന്ദൻ ‘സമാഹാരത്തെപ്പറ്റി’ എന്ന തലക്കെട്ടിൽ മലയാളം വാരികയിലെഴുതിയ മറുപടി. സച്ചിദാനന്ദൻ എന്ന പേരിനെക്കാളും അദ്ദേഹത്തിനു യോജിക്കുന്നതു് ‘സമയോചിതം പിള്ള’ എന്ന പേരാണു്. തന്റെ പ്രവൃത്തികൾ കൊണ്ടു് ആ പേരിനാണു് തനിക്കർഹത എന്നു് അദ്ദേഹം തെളിയിച്ചുകഴിഞ്ഞിരിക്കുകയാണല്ലോ. നക്സലൈറ്റ്, പിന്നീടു് മാർക്സിസ്റ്റ്, അതിനുശേഷം മാറി മാറി വരുന്ന സർക്കാരുകളുടെ പാദസേവനം ഇപ്പോൾ അദ്ദേഹം ബി. ജെ. പി. സർക്കാരിന്റെ പാദസേവനം അനുഷ്ഠിക്കുന്നു. What a fall! എന്നുപറയാൻ തോന്നിപ്പോകുന്നു. അതിരിക്കട്ടെ. ഓരോ വ്യക്തിയുടെയും മാനസികനില അവലംബിച്ചുള്ള പെരുമാറ്റമായി, ച്യുതിയായി എനിക്കതു കണ്ടാൽ മതി. പക്ഷേ, സാമാന്യജനതയെ സ്പർശിക്കുന്ന, അവർക്കു മാർഗ്ഗഭ്രംശം വരുത്തുന്ന പ്രക്രിയയുണ്ടാകുമ്പോൾ അതിനു സമാധാനം ചോദിക്കേണ്ടതായി വരുന്നു.

images/Ayyappapanikkar.jpg
അയ്യപ്പപ്പണിക്കർ

ഡോക്ടർ അയ്യപ്പപ്പണിക്കരു ടെയും ഒ. എൻ. വി യുടെയും രചനകൾ ഉൾക്കൊള്ളിക്കാതെ സച്ചിദാനന്ദന്റെയും സുഗതകുമാരിയുടെയും ഈരണ്ടു കവിതകൾ ചേർത്തു “At Home in the World” എന്ന സമാഹാരഗ്രന്ഥം പ്രസാധനം ചെയ്തതു് അധാർമ്മികമായിപ്പോയി എന്നു് ഞാൻ പറഞ്ഞതിനു് അദ്ദേഹം നല്കുന്ന സമാധാനം ദുർബ്ബലമാണു്. ഗ്രാമ്യശൈലിയിൽ പറഞ്ഞാൽ തടിതപ്പലാണു്. തനിക്കു തിരഞ്ഞെടുപ്പിൽ ഒരു പങ്കുമില്ല, ICCR-ഉം അവർ നിയമിച്ച എഡിറ്റോറിയൽ ബോർഡുമാണു് ഉത്തരവാദികൾ എന്നത്രേ സച്ചിദാനന്ദന്റെ വാദം. ഇതൊരു വിതണ്ഡതാവാദമാണു്. എഡിറ്റോറിയൽ ബോർഡും ICCR-ഉം തെറ്റു ചെയ്തു എന്നു തനിക്കു തോന്നിയാൽ സച്ചിദാനന്ദൻ പറയേണ്ടതില്ലേ അതു തെറ്റാണെന്നു്. അതു പറഞ്ഞില്ലെന്നു മാത്രമല്ല. സമാഹാരഗ്രന്ഥത്തിൽ Compiled and Edited by K. Satchidanandan എന്നു വലിയ അക്ഷരത്തിൽ അച്ചടിക്കാൻ അദ്ദേഹം അനുമതി നല്കുകയും ചെയ്തു. ഈ പ്രസ്താവം കൊണ്ടുമാത്രം തെളിയുന്നു സച്ചിദാനന്ദൻ സാപരാധനാണെന്നു്. മറുപടിയിലെ ഉപകാരക മനോഭാവം തികച്ചും പരിഹാസജനകമായിരിക്കുന്നു. ഈ സമാഹാരഗ്രന്ഥത്തിൽ അയ്യപ്പപ്പണിക്കരെയും ഒ. എൻ. വിയെയും വിട്ടുകളഞ്ഞെങ്കിലും താൻ അവർക്കു് വാരിക്കോരി കൊടുത്തിട്ടുണ്ടു് പണ്ടു് എന്ന മട്ടിലാണു് സച്ചിദാനന്ദൻ എഴുതിയിരിക്കുന്നതു്. അതിലെ Patronising attitude നിന്ദ്യം. മുതിർന്ന ഭാഷാകവിയായി അയ്യപ്പപ്പണിക്കരെ കാണുന്ന സച്ചിദാനന്ദൻ ഒ. എൻ. വിയെ പ്രമുഖ എവുത്തുകാരനായേ ദർശിക്കുന്നുള്ളൂ. കരുതിക്കൂട്ടിയാണു് ആ പ്രയോഗങ്ങൾ. “I have the right to answer all accusations against me with an eternal ‘That’s me’” എന്നുപറഞ്ഞ നെപ്പോളിയന്റെ മട്ടുണ്ടു് സച്ചിദാനന്ദനു്. നെപ്പോളിയൻ മഹാനായിരുന്നതുകൊണ്ടു് ജനത അതു സമ്മതിച്ചു കൊടുത്തു. പക്ഷേ, ഒ. എൻ. വിക്കും അയ്യപ്പപ്പണിക്കർക്കും ചില സ്ഥാനമാനങ്ങൾ നല്കിയതുകൊണ്ടു് അവരെക്കാൾ സമുന്നതസ്ഥാനം തനിക്കാണെന്നു സച്ചിദാനന്ദൻ ഭാവിക്കുന്നതു് മിതമായ ഭാഷയിൽ പറഞ്ഞാൽ foolishness ആണു്.

മറുപടി നോക്കുക. എന്റെ പേരു് സച്ചിദാനന്ദൻ എഴുതിയിട്ടില്ല. കോളമിസ്റ്റ് എന്നേ പറഞ്ഞിട്ടുള്ളു. എന്നെ പുച്ഛമാണു് അദ്ദേഹത്തിനു്. പക്ഷേ, എനിക്കു് സച്ചിദാനന്ദനോടു തോന്നുന്ന പുച്ഛം അദ്ദേഹത്തിനു് എന്നെക്കുറിച്ചു് ഉണ്ടാവാൻ ഇടയില്ല.

images/Onv.jpg
ഒ. എൻ. വി.

ഞാൻ താമസിക്കുന്ന ശാസ്തമംഗലത്തുതന്നെ ആകെ മൂന്നു് എം. കൃഷ്ണൻനായരുണ്ടു്. 1. ക്യാൻസർ സ്പെഷലിസ്റ്റ് എം. കൃഷ്ണൻനായർ 2. ലോക്കോളേജ് പ്രിൻസിപ്പലായിരുന്ന എം. കൃഷ്ണൻനായർ 3. സാഹിത്യവാരഫലമെഴുതുന്ന എം. കൃഷ്ണൻനായർ. ചിലപ്പോൾ എന്നെ വടക്കൻ പ്രദേശങ്ങളിൽ നിന്നു വിളിച്ചു് ചിലർ പറയും: “ഡോക്ടർ, എന്റെ ബന്ധുവിനെ അങ്ങോട്ടയയ്ക്കുന്നു. കുടലിലെ ക്യാൻസറാണു് അയാൾക്കു്. ഡോക്ടർ ആ രോഗം ഭേദമാക്കിത്തരണം. “ഒരു ദിവസം പൂനയിൽ നിന്നു് ഒരാൾ എന്നെ വിളിച്ചു് ഞാൻ എഴുതിയ ലോപ്പുസ്തകം എവിടെക്കിട്ടുമെന്നു ചോദിച്ചു. സാഹിത്യവാരഫലത്തിന്റെ പേരിൽ ലോക്കോളേജ് പ്രിൻസിപ്പലായിരുന്ന എം. കൃഷ്ണൻനായരോടു് തട്ടിക്കയറുന്നവർ കാണുമായിരിക്കും. ഒരമേരിക്കൻ സ്ഥാപനം ഞാൻ വാങ്ങിച്ച ക്യാൻസറിനുള്ള ഔഷധങ്ങളെക്കുറിച്ചു ചോദിച്ചു. ഇത്രയൊക്കെയേ ഉള്ളു വ്യക്തിത്വമെന്നതു്. സച്ചിദാനന്ദൻ എന്ന പേരുള്ള ആയിരക്കണക്കിനു് ആളുകൾ ഡൽഹിയിൽത്തന്നെ കാണും. ഭാരതമാകെ നോക്കിയാൽ ലക്ഷം സച്ചിദാനന്ദന്മാർ ഉണ്ടായിരിക്കും. ഔന്നത്യത്തിന്റെ മായയ്ക്കു വിധേയനായി താൻ കേമനാണെന്നു് ആരും തെറ്റിദ്ധരിക്കരുതു്. ഓരോ വ്യക്തിക്കും സ്വത്വമുണ്ടു്. അവർ അതു പരിപാലിച്ചു ജീവിക്കുന്നു. ആരും ആരെക്കാളും കേമനല്ല. ‘ഒരുദിനം നിന്റെ കണ്ണൊന്നടയുകിലതുമതി നിന്നെ ലോകം മറക്കുവാൻ’ എന്നു കവി.

ലയം
images/Thakazhi.jpg
തകഴി

എം. എസ്. സുബ്ബലക്ഷ്മി യുടെ പാട്ടുകേട്ടുകൊണ്ടിരുന്ന ജവാഹർലാൽ നെഹ്റു ഗാനമവസാനിച്ചപ്പോൾ ഓടി അവരുടെ അടുത്തു ചെന്നു് പറഞ്ഞു: “You are the queen of music. Who am I? A mere prime minister.” നെഹ്റുവിനെ ഇതു പറയിച്ചതു് സുബ്ബലക്ഷ്മിയുടെ പാട്ടിന്റെ ആധ്യാത്മികത്വവും അവരെയും നെഹ്റുവിനെയും മറ്റു ശ്രോതാക്കളെയും ഒറ്റക്കെട്ടാക്കിയ ലയവുമാണു്. ഈ ലയത്തിന്റെ അഭാവത്തിൽ ഐക്യമില്ല. സമാനതാൽപര്യങ്ങൾ ജനിപ്പിക്കുന്ന ദാർഢ്യമില്ല. സമീകരിച്ചു പറയുകയാണെന്നു് തെറ്റിദ്ധരിക്കരുതു വായനക്കാർ. ‘മലയാളനാടു് എഡിറ്റർ എസ്. കെ. നായരുടെ അമ്മയുടെ ശതാഭിഷേകവേളയിൽ സുകുമാരി നരേന്ദ്രമേനോന്റെ പാട്ടുകച്ചേരിയുണ്ടായിരുന്നു. മുൻനിരയിൽ ഇരുന്ന ഞാൻ ശ്രീമതിയുടെ ഗാനമാധുര്യം ആസ്വദിച്ചു് തലയാട്ടിപ്പോയി. ഉത്തരക്ഷണത്തിൽ ‘ഞാനാരു്? ഒരനുഗൃഹീതയുടെ പാട്ടുകേട്ടു് തലയാട്ടാൻ?’ എന്നു എനിക്കു തോന്നി. അറിയാതെയുള്ള ആ തലയാട്ടലുണ്ടല്ലോ അതു് ഗായികയും ഞാനും മറ്റു ശ്രോതാക്കളും ലയത്താൽ ബന്ധനസ്ഥരായതു കൊണ്ടുണ്ടായതാണു്.

ലയം കൊണ്ടുള്ള ഈ ബന്ധനം മഹാകവിത്രയത്തിന്റെ കാര്യത്തിലുമുണ്ടായിരുന്നു. അവരുടെ കാവ്യങ്ങൾ വിഭിന്നങ്ങൾ. പക്ഷേ, മൂന്നുപേരും ഒന്നാണെന്നു നമുക്കു തോന്നൽ, തകഴി, ദേവ്, ബഷീർ ഇവരുടെ കഥകളിലെ പ്രതിപാദ്യവിഷയങ്ങൾ വൈവിധ്യവും വൈജാത്യവുമുള്ളവ. പക്ഷേ, അവരെ വിഭിന്നരായി കാണാൻ ആവുമായിരുന്നില്ല നമുക്കു്. ലയത്തിന്റെ ഫലം ‘പാട്ടുകേൾക്കുമ്പോൾ പാദം കൊണ്ടു താളം പിടിക്കുന്നതുപോലെ ആ മൂന്നു കഥാകാരന്മാരുടെയും രചനകളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ഹൃദയം കൊണ്ടു താളം പിടിച്ചിരുന്നു.

അതില്ല നവീനകവികളുടെ പദ്യങ്ങൾ വായിക്കുമ്പോൾ. കഥാകാരന്മാരുടെ രചനകൾ പാരായണം ചെയ്യുമ്പോഴും അതില്ല. ജേക്കബ് എബ്രഹാമിന്റെ ‘പിതാക്കന്മാരും പുത്രന്മാരും’ എന്ന കഥയിൽ (മലയാളം വാരിക) യുവതലമുറയുടെ ജീർണ്ണതയുണ്ടു്. പഴയ തലമുറയുടെ സംസ്കാരസ്നേഹമുണ്ടു്. പക്ഷേ, കഥ വിശ്വസനീയമായി ഭവിക്കുന്നില്ല. കാരണം സ്പഷ്ടം. ലയത്തിന്റെ ഇല്ലായ്മ കുറെ വാക്യങ്ങളെഴുതി സമാഹരിച്ചാൽ കഥയാവുമോ? കലാശില്പമാവുമോ? ആകുമെന്നു് ജേക്കബ് എബ്രഹാം. പല വിശിഷ്ടങ്ങളായ ചെറുകഥകളും വായിച്ച എനിക്കു് അദ്ദേഹത്തോടു യോജിക്കാൻ വയ്യ.

ചോദ്യം, ഉത്തരം

ചോദ്യം: സ്ത്രീകൾ കരയുന്നതു കണ്ടാലെന്തു തോന്നും?

ഉത്തരം: കണ്ണീരിന്റെ ഉറവിടം ദുഃഖമല്ല എന്നു തോന്നും.

ചോദ്യം: നിങ്ങൾ ഗ്രന്ഥവിമർശനം കൂടി നടത്താത്തതെന്തു് പതിവായി?

ഉത്തരം: കഴിയുന്നിടത്തോളം സത്യമേ പറയാവൂ എന്നു ഞാൻ തീരുമാനിച്ചിരിക്കുന്നതുകൊണ്ടാണു് ഗ്രന്ഥവിമർശം ഒഴിവാക്കിയതു്.

ചോദ്യം: പെട്ടെന്നു പ്രസംഗിക്കുന്നവർ മിടുക്കന്മാരല്ലേ?

ഉത്തരം: അതേ. കുറഞ്ഞതു് ഒരു മാസം വേണം അതു് ഹൃദിസ്ഥമാക്കാൻ കണ്ണാടിയുടെ മുൻപിൽ നിന്നു് റിഹേഴ്സൽ നടത്താനും സമയം ഏറെയെടുത്തിരിക്കും.

ചോദ്യം: സ്ത്രീകളെക്കാൾ അസൂയയുള്ളവർ ആരെങ്കിലുമുണ്ടോ?

ഉത്തരം: കവിതയെഴുതുന്ന പുരുഷന്മാരോളം അസൂയ സ്ത്രീകൾക്കില്ല. ഒരു കവി നല്ല കവിതയെഴുതിയാൽ വേറൊരു കവിക്കു ഉറക്കം വരില്ല അസൂയയാൽ.

ചോദ്യം: ആരുടെ വിരോധമാണു് ഭീതിദം?

ഉത്തരം: ശിഷ്യനു് ഗുരുവിനോടു വിരോധം വരുമ്പോൾ അതു ഭയം ജനിപ്പിക്കുന്ന തരത്തിലാവും.

ചോദ്യം: സമയനിഷ്ഠയുള്ളവരുണ്ടോ?

ഉത്തരം: ജർമ്മൻ തത്ത്വചിന്തകൻ കാന്റ് കൃത്യം എട്ടുമണിക്കു് റോഡിൽ പ്രത്യക്ഷനാകുമായിരുന്നു. അതനുസരിച്ചു്, നിന്നുപോയ റിസ്റ്റ് വാച്ച് ആളുകൾ തിരുത്തിയിരുന്നു. സൂര്യൻ പോലും കാന്റിനെ പേടിച്ചിരിക്കണം. ആറുമണിക്കു തെറ്റാതെ ഉദിക്കാൻ അയാൾക്കു പ്രേരണ നല്കിയതു കാന്റ് ആണെന്നാണു് എന്റെ വിചാരം.

ചോദ്യം: എഴുപതു വയസ്സുകഴിഞ്ഞ പുരുഷനു് ഇരുപതു വയസ്സുള്ള പെണ്ണിനോടു പ്രേമമുണ്ടായാൽ?

ഉത്തരം: അതിനെ മഹാരോഗമായി കരുതണം. കഷ്ഠം, പ്ലേഗ്, കോളറ ഇവയെക്കാൾ വലിയ രോഗമാണു് ആ പ്രേമം.

കലാഭാസം

തിരുവനന്തപുരത്തെ ഒരു പ്രമുഖ ബുക്ക് സ്റ്റാളിന്റെ മാനേജർ എന്നോടൊരിക്കൽ ചോദിച്ചു. ‘സാറ് എപ്പോഴെങ്കിലും കൂവിയിട്ടുണ്ടോ പ്രതിഷേധം അറിയിക്കാനായി?’ ‘ഇല്ല’ എന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം അറിയിച്ചു—‘ഞാനും ജീവിതത്തിൽ കൂവിയിട്ടില്ല. പക്ഷേ, കഴിഞ്ഞയാഴ്ച കൂവിപ്പോയി. അത്രയ്ക്കു പ്രതിഷേധം എനിക്കുണ്ടായി. ശുദ്ധ തെമ്മാടിത്തരം’ ഞാൻ സംഭവമെന്താണെന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ ഒരു മീറ്റിങ്ങിനു പോയി. മന്ത്രി അധ്യക്ഷ. ഞാൻ ഹോളിൽ ചെന്നു കയറിയപ്പോൾ ഒരു സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചു. അടുത്ത പ്രഭാഷകന്റെ പേരു വിളിച്ചു. അയാൾ ആടിയാടി മൈക്കിന്റെ മുൻപിൽ വന്നു. എന്നിട്ടു പറഞ്ഞു: “എനിക്കു പ്രസംഗിക്കാൻ അറിയാം. പക്ഷേ, ഇപ്പോൾ വയ്യ. കാരണമുണ്ടു്. എനിക്കു തൂറാൻ മുട്ടുന്നു” കേരളത്തിലെന്നല്ല ഈ പ്രദേശത്തിനു പുറത്തും അറിയപ്പെടുന്ന ഒരു ചലച്ചിത്ര സംവിധായകനാണു് ആ മനുഷ്യൻ. സദസ്സു് ചിരിച്ചു. മന്ത്രി (സ്ത്രീ) ചിരിച്ചു. അവർ ചിരിക്കുന്നതുകണ്ടു് പ്രഭാഷകൻ ചോദിച്ചു—“എന്താ ചിരിക്കുന്നതു്? നിങ്ങൾ തൂറാറില്ലേ?” സദസ്സാകെ ഇളകി ഞാൻ എന്റെ അടുത്തിരുന്ന മാന്യനോടു ചോദിച്ചു. “കൂവിയിട്ടുണ്ടോ താങ്കൾ?” “ഇല്ല” എന്നു മറുപടി. “കൂവാമോ?” എന്നു് എന്റെ ചോദ്യം. “വയ്യ” എന്നു മറുപടി. “എന്നാൽ ഞാൻ കൂവാൻ പോകുന്നു. ജീവിതത്തിൽ ഇന്നുവരെ ചെയ്തിട്ടില്ലാത്ത പ്രവൃത്തി. ഞാൻ വലതു കൈകൊണ്ടു് ചുണ്ടുകളുടെ ഒരു വശം മറച്ചു. എന്നിട്ടു് നിരന്തരം കൂവി. അതുകേട്ടു മറ്റുള്ളവരും കൂവി. സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചു് കസേരയിൽ ചെന്നു് ഇരുന്നു. പ്രസംഗം അവസാനിപ്പിച്ചിട്ടും കൂവൽ തുടർന്നുകൊണ്ടിരുന്നു. മീറ്റിങ് അലങ്കോലപ്പെടുന്നതുകണ്ടു് മന്ത്രി എഴുന്നേറ്റുപോയി. സദസ്സും പിരിഞ്ഞു” ബുക്ക് സ്റ്റാളിന്റെ മാനേജർ എഞ്ചിനീയറിങ് ഡിഗ്രിയുള്ളയാളാണു്. ആധുനിക യൂറോപ്യൻ സാഹിത്യത്തിൽ അവഗാഹമുള്ള വ്യക്തിയാണു്. മലയാറ്റൂർ രാമകൃഷ്ണന്റെ കൂട്ടുകാരനായിരുന്നു. എന്നിട്ടും വേണ്ടിവന്നപ്പോൾ അദ്ദേഹം കൂവി. വ്യക്തികൾ ഒരുമിച്ചുകൂടി mob ആകുമ്പോൾ ആ സമൂഹത്തിൽ നിന്നു് ഒരുതരം വിഷമുണ്ടാകുമെന്നു് ആൽഡസ് ഹക്സിലി Brave New World Revisited എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. ആ വിഷം മനസ്സാകെ വ്യാപിച്ചപ്പോഴാണു് ഫിലിം സംവിധായകന്റെ നേർക്കു ഓരിയിടൽ നടത്തിയതു്. മാന്യരിൽ മാന്യനാണു് അദ്ദേഹം (കൂവിയ ആൾ) എങ്കിലും mob ജനിപ്പിക്കുന്ന വിഷം അദ്ദേഹത്തെ ഓരിയിടലിനു പ്രേരിപ്പിച്ചു.

images/Aldous_Huxley.png
ആൽഡസ് ഹക്സിലി

സാഹിത്യത്തെക്കുറിച്ചു് നിഷ്പക്ഷമായി അഭിപ്രായം പറയുന്നവർ ഏറെയുണ്ടു് ഭാരതത്തിൽ. അവരോടു ശശിതരൂർ, വിക്രം സേത്ത്, പങ്കജ് മിശ്ര, അനിതാ ദേശായി, അനിതാ നായർ ഇവരുടെ രചനകളെക്കുറിച്ചു ചോദിച്ചു നോക്കൂ. ‘ബോറിങ് എന്ന മറുപടിയേ’കിട്ടൂ. പക്ഷേ, അവരോടു പത്രപ്രതിനിധികൾ സംഭാഷണത്തിനു ചെന്നാൽ മോബിലെ (mob) വ്യക്തികളായി മാറും. ജനക്കൂട്ടത്തിൽ നിന്നു ഉത്പാദിപ്പിക്കപ്പെടുന്ന വിഷം കുടിച്ചു് അവർ ഈ എഴുത്തുകാരെക്കുറിച്ചു പ്രശംസാവചനങ്ങൾ ഉതിർക്കും. ഞാനിതെഴുതിയതു് ‘കലാകൗമുദി’യിൽ എസ്. ബിജൂരാജ്, അനിതാനായരെക്കുറിച്ചു് എഴുതിയ ഗുണോത്കീർത്തനം വായിച്ചുപോയതുകൊണ്ടാണു്, അനിതാനായരുടെ ഒരു കഥയുടെ—പറട്ടക്കഥയുടെ—തർജ്ജമ വായിച്ചുപോയതുകൊണ്ടാണു്. പ്രായക്കൂടുതലുണ്ടെങ്കിലും ചെറുപ്പക്കാരിയുടെ രതിയെ വർണ്ണിക്കുന്ന ഇക്കഥ ലേശം പോലും കലാത്മകമല്ല. ഒരു വിചാരത്തെയും അതു സുനിശ്ചിതത്വത്തോടുകൂടി അനുവാചകനു പകർന്നു കൊടുക്കുന്നില്ല. കഥയെഴുതുന്നവർ ബോധമണ്ഡലം കൊണ്ടാണു് വിചാരവികാരങ്ങൾ അനുവാചകർക്കു് പകർന്നുകൊടുക്കുന്നതു്. വാക്കുകൾ കൊണ്ടല്ല ആ പ്രക്രിയ നടത്തുക. ബോധമണ്ഡലം പകരുമ്പോൾ വാക്കുകൾ അപ്രത്യക്ഷങ്ങളാവും. അനിതാ നായരുടെ കഥയിൽ പരുക്കൻ വാക്കുകൾ മുഴച്ചു നില്ക്കുന്നു. ഇതു കലയല്ല, കലാഭാസമാണു്. പ്രശാന്തിന്റെ തർജ്ജമയും വികലം. ഒരുതരം heavy മലയാളത്തിലാണു് അദ്ദേഹം ഭാഷാന്തരീകരണം നടത്തുന്നതു്.

ദാന്തേ യുടെ ഡിവൈൻ കോമഡിയിലെ ഒരു ഭാഗം. ദാന്തേയും വെർജിലും നരകത്തിലൂടെ സഞ്ചരിച്ചു് ഏഴാമത്തെ വലയത്തിലെത്തി. അവിടെ അനേകം മരങ്ങൾ. വെർജിൽ ദാന്തയോടു പറഞ്ഞു: “ഈ മരങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നു് ഒരു ചെറിയ ഭാഗമെങ്കിലും അടർത്തിയെടുത്താൽ താങ്കളുടെ ചിന്തകൾ ന്യൂനതയുള്ളതാവും. ഇതുകേട്ടു് ദാന്തെ ഒരു മരത്തിൽ നിന്നു ഒരു ചെറിയ ശാഖ പൊട്ടിച്ചെടുത്തു. ഉടനെ മരം നിലവിളിച്ചു. “എന്നെ മുറിവേല്പിക്കുന്നതു് എന്തിനു്?” ചോരകൊണ്ടു് അതാകെ ഇരുണ്ടപ്പോൾ വീണ്ടും പരിദേവനം. “താങ്കൾ എന്തിനാണു് എന്നെ കീറുന്നതു്? ദയയില്ലേ താങ്കൾക്കു്? ഞങ്ങൾ മനുഷ്യരായിരുന്നു. ഇപ്പോൾ മരങ്ങളായി മാറിയിരിക്കുന്നു. താങ്കളുടെ കൈ ദയയോടുകൂടി പ്രവർത്തിക്കണം” രക്തവും വാക്കുകളും മരത്തിന്റെ ക്ഷതമേറ്റ ഭാഗത്തുനിന്നു വന്നു. ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യനെഴുത്തുകാർ എന്നാണു് നരകത്തിലെ മരങ്ങളായി മാറുക?

രചനകൾ രണ്ടുവിധത്തിൽ

മലയാളത്തിലെ ചെറുകഥകളെ അധികൃത കുത്സിതത്വമെന്നും അനധികൃത കുത്സിതത്വമെന്നും വിഭജിക്കാം. അധികൃതമെന്നാൽ authorized എന്നർത്ഥം. പത്രാധിപർ നീലപ്പെൻസിൽ കൊണ്ടു് publish എന്നെഴുതുകയും അദ്ദേഹത്തിന്റെ കീഴ്ജീവനക്കാർ അച്ചുനിരത്തുകയും ചെയ്യുന്നതു അധികൃത കുത്സിതത്വം. അനധികൃത കുത്സിതത്വം പത്രാധിപർ തിരിച്ചയച്ച രചനകളാണു്. അവ വായിക്കേണ്ടതു് ഞാനും എന്നെപ്പോലെ കോളമെഴുതുന്നവരുമാണു്. കാലത്തു് ഏഴുമണിക്കേ ഞാൻ ഉണർന്നെഴുന്നേല്ക്കുകയുള്ളു ആറുമണിക്കേ ഒരുത്തൻ ഡോർബെല്ലടിക്കുന്നു. അതുകേട്ടു് അനങ്ങാതെ കിടക്കുന്ന എന്നെ അടുക്കളയിൽ ജോലി ആരംഭിച്ചുകഴിഞ്ഞ സഹധർമ്മിണി അറിയിക്കുന്നു: “ഒരാൾ കാണാൻ വന്നിരിക്കുന്നു.” മര്യാദ ലംഘിക്കരുതല്ലോ എന്നു വിചാരിച്ചു് തിടുക്കത്തിൽ കോണിപ്പടികൾ ഇറങ്ങിച്ചെല്ലുന്നു മുൻവശത്തേക്കു്. പണ്ടത്തെപ്പോലെ അനായാസമായി പടികൾ ഇറങ്ങാൻ വയ്യെനിക്കു്. എൺപതു വയസ്സായി. പലപ്പോഴും വീഴും. വീഴുന്ന ശബ്ദം കേട്ടു് വീട്ടുകാർ ‘അയ്യോ’ എന്നു വിളിച്ചുകൊണ്ടു് ഓടിയെത്തും. എന്നെ പിടിച്ചെഴുന്നേല്പിക്കും. മുട്ടിടിച്ചാണു് വീഴുക. ക്ഷതം പറ്റിയ മുട്ടു തടവിക്കൊണ്ടു് മുൻവശത്തേക്കു ചെല്ലുമ്പോൾ ഒരു ബാഗ് നിറയെ കൈയെഴുത്തുപ്രതികളുമായി ഒരുത്തൻ കസേരയിൽ ഇരിക്കുന്നു. എന്നെക്കണ്ടയുടനെ ചന്തി ഒന്നുയർത്തി എഴുന്നേല്ക്കാൻ പോകുന്ന മട്ടു കാണിക്കുന്നു. ഞാൻ ഒട്ടും സത്യസന്ധതയില്ലാതെ, ആർജ്ജവമില്ലാതെ (Sincerity) ‘ഇരിക്കു, ഇരിക്കു്’ എന്നു പറയുന്നു. വന്നയാൾ ഭീമമായ കടലാസ്സുകെട്ടു വലിച്ചെടുത്തിട്ടു്’ എന്റെ കഥകൾ. ഇവയൊന്നു വായിച്ചുനോക്കിയിട്ടു് സാർ അഭിപ്രായം പറയണം. എസ്. ജയചന്ദ്രൻനായരോടു ശുപാർശ ചെയ്തു ഓരോന്നായി വാരികയിൽ ഇടീക്കണം. ‘ഉറക്കം മതിയാകാത്ത ദേഷ്യവും പലതവണ ഡോർബെല്ല് കേൾപ്പിച്ചതുകൊണ്ടു് ഈയർ ഡ്രമ്മിനുണ്ടായ വേദനയും അടക്കിക്കൊണ്ടു്’ വായിക്കാം. പത്രാധിപരോടു് പറയാം എന്നു മുഴുക്കള്ളം ഞാൻ പറയുന്നു. വഴങ്ങുന്നു എന്നു കണ്ടാലുടൻ ആഗതൻ പന്ത്രണ്ടു പുറമുള്ള കൈയെഴുത്തുപ്രതി മെല്ലെയെടുത്തു് ‘ഞാൻ വായിക്കാം. സാറൊന്നു കേൾക്കണം’ എന്നറിയിക്കുന്നു. സാക്ഷാൽ ടോൾസ്റ്റോയി കഥയെഴുതിക്കൊണ്ടുവന്നു വായിച്ചുകേൾപ്പിക്കാൻ തുടങ്ങിയാൽ ‘നിറുത്തു ഹേ’ എന്നു് പറയുന്നവനാണു് ഞാൻ. മര്യാദയുടെ പേരിൽ ‘ഞാൻതന്നെ വായിക്കാം. മുഴുവൻ കഥകളും ഇങ്ങു തന്നേക്കു’ എന്നുപറഞ്ഞു വാങ്ങിവയ്ക്കുന്നു. ഒരുമാസം കഴിഞ്ഞു കഥാകാരൻ വരുമ്പോൾ ‘ഒന്നാന്തരം കഥകൾ’ എന്നുപറഞ്ഞു് ആ കെട്ടു തിരിച്ചെടുത്തു കൊടുക്കുന്നു. ‘സാർ പബ്ളിഷ് ചെയ്യിക്കാമെന്നു പറഞ്ഞല്ലോ’ എന്നാഗതൻ. ‘താങ്കൾതന്നെ ഓരോന്നായി അയച്ചുകൊടുക്കു പത്രാധിപർക്കു്. അച്ചടിച്ചു വന്നില്ലെങ്കിൽ അപ്പോൾ പത്രാധിപരോടു് ഞാൻ ശുപാർശ ചെയ്യാം. ആദ്യമേ ശുപാർശ ചെയ്താൽ താങ്കൾക്കു കഴിവില്ലെന്നു് അദ്ദേഹം തെറ്റിദ്ധരിക്കില്ലേ” ആഗതനു സമാധാനമായി. അദ്ദേഹം അല്പം കൂടെയിരിക്കുന്നു. അതിനകം ഞാൻ പത്തു കോട്ടുവായിടുന്നു. കോട്ടുവാ പകരും. പക്ഷേ, കഥാകാരനു് അതു പകരുന്ന ലക്ഷണമില്ല. അദ്ദേഹം നിരപരാധരെ കൊല്ലാൻ ഇറങ്ങിത്തിരിച്ചവനല്ലേ. ഒരുവിധത്തിൽ അയാളെ പറഞ്ഞയച്ചശേഷം ഞാൻ കോട്ടുവായിട്ടുകൊണ്ടു് കോണിപ്പടികൾ കയറുന്നു. ഒച്ചയോടുകൂടി വീഴുന്നു. ‘ഓരോരുത്തന്മാർ നേരം വെളുക്കുന്നതിനു മുൻപു് കഥകളുമായി വന്നുകയറും. ശല്യങ്ങൾ’ എന്നു് എന്റെ അടുക്കലെത്തിയ സഹധർമ്മിണി ധർമ്മരോഷം പ്രകടിപ്പിക്കുന്നു. ‘അയാൾ കേൾക്കും പതുക്കെപ്പറ’ എന്നു് ഞാൻ ഏഴാമെടത്തിനു് മുന്നറിയിപ്പു് നല്കുന്നു. ഇതു അനധികൃത രചയിതാക്കളുടെ രീതി. അധികൃത രചയിതാക്കൾ പലതവണ വാരികകളിൽ പേരച്ചടിച്ചുവന്നതിന്റെ പേരിൽ പത്രാധിപർക്കു കഥാസാഹസിക്യം അയച്ചുകൊടുക്കുന്നു. പത്രാധിപർക്കു് കഥ ട്രാഷാണെന്നറിയാം. എങ്കിലും ടി. കെ. ശങ്കരനാരായണൻ എഴുതിയതല്ലേ. അച്ചടിക്കാതിരിക്കുന്നതെങ്ങനെ? പ്രസിദ്ധനല്ലേ ഈ കഥാകാരൻ എന്നൊക്കെ വിചാരിച്ചു് ബ്ലൂ പെൻസിൽ കൊണ്ടു publish എന്നു് കീഴ്ജീവനക്കാരനു് നിർദ്ദേശം നല്കുന്നു. അങ്ങനെ മാതൃഭൂമിയിൽ വന്ന അധികൃത രചനയാണു് ‘ഭയം കൊണ്ടുള്ള ലാഭങ്ങൾ’ എന്ന വൈരൂപ്യം. കഥയെന്താണെന്നു് ഞാൻ പറയുന്നില്ല. ഈ കോളത്തിനു് വിശുദ്ധിയുണ്ടു്. അതിൽ മാലിന്യം കോരിയെറിയാൻ എന്റെ മനസ്സു് സമ്മതിക്കുന്നില്ല.

images/Andre_Comte-Sponville.jpg
Andre Comte-Sponville

അടുത്തകാലത്തു് ഞാൻ വായിച്ച നല്ല പുസ്തകങ്ങളിൽ ഒന്നാണ് Andre Comte-Sponville എഴുതിയ “A Short Treatise On The Great Virtue” എന്നതു്. (Translated by Catherine Temerson—William Heinmann London—9.60 (Indian price) ഇരുപത്തിനാലു ഭാഷകളിലേക്കു അതു തർജ്ജമ ചെയ്തുകഴിഞ്ഞു. പ്രഫെസറാണു് ഗ്രന്ഥകാരൻ. നന്മ—virtue—എന്താണെന്നു ചോദിച്ചിട്ടു് അദ്ദേഹം തന്നെ മറുപടി പറയുന്നു. ഫലപ്രാപ്തി ഉണ്ടാക്കുന്ന ശക്തിയാണു് നന്മ. നല്ല പേനാക്കത്തി മുറിക്കുന്നതിൽ സവിശേഷത കാണിക്കണം. നല്ല മരുന്നു് രോഗമില്ലാതെയാക്കണം. നല്ല വിഷം കൊല്ലണം. കൊലപാതകിയുടെ കൈയിൽ ഇരിക്കുന്ന കത്തിക്കു് പാചകക്കാരന്റെ കൈയിലെ കത്തിയെക്കാൾ നന്മ കുറവൊന്നുമില്ല. രോഗം ഭേദമാക്കുന്ന സസ്യത്തിനു് വിഷമയമായ സസ്യത്തെക്കാൾ കൂടുതൽ നന്മയില്ല.

Politeness, Fidelity, Prudence, Temperance, Courage, Justice, Generosity, Compassion, Mercy, Gratitude, Humility, Simplicity, Tolerance, Purity, Gentleness, Good faith, Humour, Love ഈ പതിനെട്ടു നന്മകളെക്കുറിച്ചു് ഗ്രന്ഥകാരൻ ഉപന്യസിക്കുന്നു. ഓരോ പ്രബന്ധവും മൗലികങ്ങളായ ആശയങ്ങളാൽ സമ്പൂർണ്ണം. പാരമ്പര്യത്താൽ, യഥാസ്ഥിതികത്വത്താൽ ബന്ധനസ്ഥനല്ല ഗ്രന്ഥകാരൻ. അദ്ദേഹത്തിന്റെ ഒരു സ്നേഹിതൻ വിവാഹമോചനം നേടിയ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അദ്ദേഹത്തെ അറിയിച്ചുപോലും. ഒരർത്ഥത്തിൽ അവൾ ആദ്യത്തെ ഭർത്താവിനോടു faithful ആണെന്നു്. “I mean to our life together, to our history, our love. I do not want to disown all that” എന്നാണു് അവൾ ഗ്രന്ഥകാരന്റെ സുഹൃത്തിനോടു പറഞ്ഞതു് (pp. 28) നന്മയുടെ സ്വഭാവമെന്തെന്നു ഗ്രഹിച്ചു് അതു സ്വന്തം ജീവിതത്തിൽ പകർത്താൻ കൊതിയുള്ളവർ ഇപ്പുസ്തകം വായിക്കണം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-05-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 10, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.