
രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള മെക്സിക്കൻ നോവലിസ്റ്റാണു് കാർലോസ് ഫ്വേൻതേസ് (Carlos Fuentes b 1928). അദ്ദേഹത്തിന്റെ പുതിയ നോവൽ പ്രസിദ്ധപ്പെടുത്തിയെന്നു് അറിഞ്ഞാൽ സഹൃദയർ അതിനുവേണ്ടി പരക്കം പായുന്നു. എന്തു വിലകൊടുത്തും അതു വാങ്ങുന്നു; വായിക്കുന്നു. പക്ഷേ, ഈ ലേഖനമെഴുതുന്ന ആളിനു് ഫ്വേൻതേസിന്റെ ചെറുകഥകളും നോവലുകളും ഇഷ്ടമല്ല. സാഹിത്യാഭിരുചിയുടെ സാർവ്വലൗകികസ്വഭാവം—കത്തലിസിറ്റി—ഇല്ലാത്തതാണോ ആ ഇഷ്ടക്കേടിനു കാരണമെന്നു് ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ടു്. അതല്ല. സാരാമാഗൂവിന്റെ നോവലുകൾ വായിച്ചു രസിക്കുന്ന എനിക്കു് അഭിരുചിയുടെ സങ്കുചിതത്വമില്ല; സാർവ്വലൗകികസ്വഭാവമുണ്ടു് താനും. ആ ചിന്തയോടെ ഞാൻ ഫ്വേൻതേസിന്റെ നോവലുകൾ വീണ്ടും നോക്കി. അദ്ദേഹത്തിന്റെ കാലത്തിന്റെയും സ്ഥലത്തിന്റെ ‘ഔറ’ എന്ന നീണ്ടകഥ നോക്കുക. ഫ്രാൻസിൽ വച്ചു മരിച്ച ഒരു മെക്സിക്കൻ ജനറലിന്റെ ജീവചരിത്രം സമ്പൂർണ്ണമാക്കാൻ അയാളുടെ ഭാര്യക്കു് ഒരെഴുത്തുകാരനെ വേണം. പരസ്യം കണ്ടു് അയാൾ എത്തി. ആ വീട്ടിൽ ജനറലിന്റെ ഭാര്യക്കുപുറമേ ഔറ എന്ന സുന്ദരിയായ ചെറുപ്പക്കാരിയുമുണ്ടു്. എഴുത്തുകാരനും അവളും നിശാവേളകളിൽ ഒരുമിച്ചു കിടന്നു. ഒടുവിൽ എഴുത്തുകാരൻ മനസ്സിലാക്കി വൃദ്ധയുടെ ചെറുപ്പത്തിലെ രൂപമാണു് ഔറയെന്നു്. താൻ ജനറലാണെന്നും. കഥ മുഴുവൻ ഞാൻ എഴുതുന്നില്ല. വൃദ്ധയുടെ ചുക്കിച്ചുളിഞ്ഞ കവിളിൽ എഴുത്തുകാരൻ ചുംബിക്കുമ്പോൾ കഥ അവസാനിക്കുന്നു. വിശ്വാസ്യത ഇല്ലാത്ത ഒരു ഭ്രമകല്പനയാണിതു്. ഫ്വേൻതേസിന്റെ മറ്റു നോവലുകൾക്കും ഈ തദ്ദേശപരിധികളെ ലംഘിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ പുതിയ നോവലായ “The Years with Lawra Diaz” എന്നതിനും ഈ ദോഷമുണ്ടു്.
സങ്കീർണ്ണവും ഭീകരവുമായ മെക്സിക്കൻ ചരിത്രത്തെ ലോറ ദിയാസ് (Lawra Diaz) എന്ന സ്ത്രീയിലൂടെ ചിത്രീകരിക്കാനാണു് ഫ്വേൻതേസിന്റെ യത്നം. അന്തസ്സു്, അഭിമാനം ഇവയൊക്കെ ഉള്ളവളാണു് ലോറ. അതു് പാരമ്പര്യസിദ്ധവുമാണു്. ലോറയുടെ മുത്തശ്ശി മെക്സിക്കോ സിറ്റിയിലേക്കു കുതിരവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു 1860-നോടു് അടുപ്പിച്ചു്. ഒരു കൂട്ടം കവർച്ചക്കാർ അവരുടെ മുൻപിലെത്തി. അവരുടെ നേതാവു് മുത്തശ്ശിയോടു പറഞ്ഞു. “നിങ്ങളുടെ മോതിരങ്ങൾ എനിക്കു തരൂ” അവരുടെ മറുപടി: “വിരലുകൾ മുറിച്ചെടുക്കു അവവേണമെങ്കിൽ” നേതാവിന്റെ കത്തികൊണ്ടു് ഒറ്റ വെട്ടു്. ആ സ്ത്രീയുടെ നാലുവിരലുകൾ അറ്റുപോയി. അതും വലതു കൈയുടെ വിരലുകൾ. അവർ ഇമ ചിമ്മിയതുപോലുമില്ല. കൊള്ളക്കാരൻ തലയിൽ കെട്ടിയിരുന്ന ചുവന്ന തുണി അഴിച്ചുകൊടുത്തു ആ മുറിവു് കെട്ടാനായി. അയാൾ അവരുടെ നാലു വിരലുകളും തൊപ്പിക്കകത്തു് ഇട്ടു. പിന്നീടു് അയാൾ തൊപ്പി തലയിൽ വച്ചപ്പോൾ മുഖത്തിലൂടെ രക്തമൊഴികി. ഈ സംഭവം അറിഞ്ഞ ലോറ സ്വന്തം കുഞ്ഞിക്കൈകളിലേക്കു് നോക്കി. അവൾ പിന്നീടു് അവ ഉടുപ്പിനകത്തു് ഒളിച്ചുവച്ചു അവിശ്വസനീയമായ സംഭവം. ഇതു റിയലിസമല്ല, മാജിക് റിയലിസമല്ല. ഏതോ ട്രിക്കിലൂടെ ഫ്വേൻതേസ് വായനക്കാരെ മലർത്തിയടിക്കുകയാണു്.
ലോറ യുവതിയായി രാഷ്ട്രവ്യവഹാര മണ്ഡലത്തിൽ പ്രവർത്തിക്കുമ്പോൾ പൊർഫീർയോ ദീആസ് (Porfirio Diaz) ആയിരുന്നു മെക്സിക്കോയിലെ പ്രമുഖ രാജ്യതന്ത്രജ്ഞൻ. അയാൾ ഭരണാധികാരിയായി. അഴിമതി നിറഞ്ഞ ഭരണം. അതിനെതിരായി വിപ്ലവമുണ്ടായി. വിപ്ലവത്തിന്റെ നേതാവായി വന്നതു് ഫ്രാൻസീസ്കോ മാദേറോ (Francesco Madero) അയാൾ 1911 തൊട്ടു് 1913 വരെ പ്രസിഡന്റായിരുന്നു. മാദേറോയെ പ്രതിയോഗികൾ 1913-ൽ വെടിവച്ചുകൊന്നു. പൊർഫീർയോ ദീആസിന്റെ ഡിക്റ്റേറ്റർഷിപ്പ് അവസാനിക്കാറായപ്പോൾ ലോറയുടെ അച്ഛന്റെ ആദ്യഭാര്യയിലെ മകൻ സാൻത്യാഗോ (Santiago) മാദേറോയുടെ അനുചരന്മാരാൽ വെടിവച്ചു കൊല്ലപ്പെട്ടു.

ലോറ, ഒർലാൻദോയുടെ ഭാര്യയായി. വിരസമായ ദാമ്പത്യജീവിതമായിരുന്നു അവരുടേതു്. ഒർലാൻദോക്കു് ശേഷം വിപ്ലവകാരിയായ ഹ്വാൻ ഫ്രാൻസീസ്കോയെ ലോറ ഭർത്താവായി സ്വീകരിച്ചു. ഭർത്താവുണ്ടെങ്കിലും ലോറയ്ക്കു് റിപ്പബ്ളിക്കനായ മോറയുമായി ലൈംഗികബന്ധം. ലോറയ്ക്കു് അറുപതു് വയസ്സായി. അവൾ ഫോട്ടോഗ്രാഫിയിൽ യശസ്സാർജ്ജിക്കാൻ ശ്രമിക്കുമ്പോൾ ഫ്വേൻതേസിന്റെ വിരസമായ നോവൽ അവസാനിക്കുന്നു. എന്തുകൊണ്ടു് വിരസം? ചരിത്രത്തിന്റെയും വിപ്ലവത്തിന്റെയും പ്രതിനിധികളായ കഥാപാത്രങ്ങൾ സാമൂഹികവും ചരിത്രപരവും പരിവർത്തനപരവുമായ അംശങ്ങൾ പ്രത്യക്ഷമാക്കി അനുവാചകരെ മറ്റൊരു ലോകത്തേക്കു ആനയിച്ചാലേ നോവൽ കലാപരമായ വിജയം കൈവരിക്കു. ഫ്വേൻതേസ് ചരിത്രാംശങ്ങളെയും വിപ്ലവാംശങ്ങളെയും കൃതഹസ്തതയോടെ ആവിഷ്കരിക്കുന്നു. പക്ഷേ, പ്രധാന കഥാപാത്രമായ ലോറയ്ക്കു അവയിൽ ആമഗ്നമാകാൻ കഴിയുന്നില്ല.
നാലുവിരലുകൾ മുറിക്കാൻ അനുമതി നല്കുന്നതിന്റെയും അവ മുറിച്ചെടുത്തു് തൊപ്പിയിൽ ഇടുന്നതിന്റെയും അവിശ്വാസ്യതയിലാണു് ഫ്വേൻതേസ് അഭിരമിക്കുന്നതു്. “ഔറ”യിൽ അതുണ്ടു്. അദ്ദേഹത്തിന്റെ മറ്റുള്ള നോവലുകളിലും അതു കാണാം. ഈ ലേഖകന്റെ ദൃഷ്ടിയിൽ ഈ നോവലിസ്റ്റ് ഇൻഫിരീയർ ആർടിസ്റ്റാണു്. ലാറ്റിനമേരിക്കൻ നോവലെന്നു് കേട്ടാൽ ചുവപ്പുകണ്ട നാടൻ കാളയെപ്പോലെ വിരണ്ടോടുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ടു്. അവർക്കു ഞാൻ പറയുന്നതിനോടു യോജിക്കാൻ കഴിഞ്ഞില്ലെന്നു വരാം. സാരമില്ല. തോന്നുന്നതു പറയുന്നതിലാണല്ലോ വായനക്കാരന്റെ സത്യസന്ധതയിരിക്കുന്നതു്. (The Years with Lawra Diaz, Carlos Fuentes, Translated from the Spanish by Alfred Mac Adam, Bloomsbury, pp. 516, Indian price £4.99 (Rs. 372.25))
“കലാശൂന്യം എന്നു നിങ്ങൾക്കു തോന്നുന്ന രചനകളെ മാന്യമല്ലാത്ത ഭാഷയിൽ വിമർശിക്കുന്നതു ശരിയാണോ?” എന്നൊരു വായനക്കാരൻ ബോംബെയിൽ നിന്നു് എഴുതിച്ചോദിച്ചിരിക്കുന്നു. മാന്യന്മാർ എഴുതുന്ന കത്തുകൾക്കുപോലും മറുപടിയെഴുതാൻ എനിക്കു സമയമില്ല. അതിനാൽ മറുപടി എഴുതാറുമില്ല. അവരെ അപമാനിക്കുകയാണു് ഞാൻ. എങ്കിലും വേറെ മാർഗ്ഗമില്ല. മറുപടി എഴുതാൻ തുടങ്ങിയാൽ അതിനേ സമയം കാണുകയുള്ളൂ. കോളം മുടങ്ങുകയും ചെയ്യും. ബോംബെയിലെ എഴുത്തുകാരൻ മലയാളസാഹിത്യം മാത്രം വായിക്കുകയും മലയാള സിനിമ മാത്രം കാണുകയും ചെയ്യുന്ന ആളാണു് എന്നതു വ്യക്തം. അതുകൊണ്ടു കൂടിയാണു് ഞാൻ ആ മനുഷ്യന്റെ എഴുത്തു കീറി ചവറ്റുകുട്ടയിലിട്ടതു്. അദ്ദേഹം വിട്ടില്ല. പിന്നെയും കത്തയച്ചു. അത്യന്താധുനികർ ന്യൂനപക്ഷമല്ലേ? ന്യൂനപക്ഷഭർത്സനം മര്യാദകേടല്ലേ എന്നൊക്കെയാണു് കത്തിലെ ചോദ്യങ്ങൾ. ആ കത്തിനും മറുപടി അയയ്ക്കാതെ ഞാൻ എന്നോടുതന്നെ ചോദിച്ചു. സമുദായത്തിൽ ആഭാസന്മാർ, കൊലപാതകികൾ ഇവരൊക്കെയുണ്ടു്. അവർ ന്യൂനപക്ഷമാണു്. ന്യൂനപക്ഷമായതുകൊണ്ടു് നമുക്കു അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയുമോ? സാഹിത്യത്തിലെ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയായിട്ടാണു് ഈ കോളമിസ്റ്റ് എഴുതുന്നതു്. ആധുനികതയെ പരിലാളിക്കുന്നവർ ന്യൂനപക്ഷമാണു്. അതിനെക്കുറിച്ചു് ഒരു നല്ല വാക്കെങ്കിലും പറയാൻ പറ്റില്ല. പറഞ്ഞാൽ അതു് ധർമ്മമാർഗ്ഗത്തിൽ നിന്നുള്ള വ്യതിചലനമായി വരും. ഈ ന്യൂനപക്ഷത്തിൽത്തന്നെ അതിന്റെ തത്ത്വചിന്തയോടു യോജിക്കാതെ ഒരു വിഭാഗം എഴുത്തുകാരുണ്ടു്. അവരുടെ ജോലി പച്ചത്തെറി എഴുതുകയാണു് എന്നതത്രേ. ആ വിഭാഗത്തിൽ പെടുന്നു മലയാളം വാരികയിൽ ‘പാഠഭേദം’ എന്ന രചനയിലൂടെ കലാഹിംസ നടത്തിയ എസ്. ശ്രീകുമാർ. മനുഷ്യന്റെ ഉൽപാദന പ്രക്രിയ ക്ലാസ്സിൽ പഠിപ്പിച്ചു്, പഠിപ്പിച്ചു് ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്ന ഒരധ്യാപകനെക്കുറിച്ചാണു് ഈ dreadful rubbish. ഭയജനകമായ ഇത്തരം മാലിന്യം പതിവായി വായിച്ചാൽ വായിക്കുന്നവന്റെ മനുഷ്യത്വം നശിക്കും. അയാൾ മൃഗമായിത്തീരും. ഉച്ഛിഷ്ടങ്ങളും മലമുൾപ്പെടെയുള്ള കുത്സിതവസ്തുക്കളും ഇടാൻ നഗരത്തിൽ നഗരസഭ ചില പെട്ടികൾ വച്ചിട്ടുണ്ടു്. മൂക്കു പൊത്തിക്കൊണ്ടാണു് ഞാൻ അവയുടെ അടുത്തുകൂടെ നടക്കുന്നതു്. മലയാളം വാരികയിലെ ഈ “ചെറുകഥ” ഞാൻ മൂക്കുപൊത്തിക്കൊണ്ടാണു് വായിച്ചുതീർത്തതു്.
ചോദ്യം: ഏതു മനുഷ്യസ്വഭാവമാണു് ഏറ്റവും ഗർഹണീയം?
ഉത്തരം: സൗജന്യം എന്ന രീതിയിൽ സ്ത്രീയ്ക്കും പുരുഷനും കൗതുകപ്രദങ്ങളായ വസ്തുക്കൾ കൊടുത്തു നോക്കുക. അവർ പിന്നീടു് തങ്ങൾക്കവ അവകാശപ്പെട്ടതാണു് എന്നു വിചാരിക്കും. ഒരു തവണ കൊടുത്തില്ലെങ്കിൽ നീരസം കാണിക്കും, ദേഷ്യപ്പെടും ചിലപ്പോൾ തെറി പറഞ്ഞെന്നും വരും (അവകാശമെന്നു പ്രയോഗിച്ചതു് മലയാളത്തിൽ പ്രയോഗിക്കുന്ന രീതിയിൽ).
ചോദ്യം: വിപ്ലവകാരിയുടെ അന്ത്യം?
ഉത്തരം: ഏതു വിപ്ലവകാരിയും ഒടുവിൽ സ്വേച്ഛാധികാരിയായി മാറും.
ചോദ്യം: ചുംബനം?
ഉത്തരം: ഒരധമ പ്രക്രിയ. സ്ത്രീയെ പുരുഷൻ ചുംബിക്കുമ്പോൾ അയാൾക്കു തുപ്പലിന്റെ നാറ്റം സഹിച്ചാൽ മതി. പുരുഷൻ പുരുഷനെ ചുംബിക്കുന്നതു അധമാധമ പ്രക്രിയ. താടിരോമങ്ങൾ കുത്തിക്കയറും ചുംബിക്കുന്നവന്റെ മുഖത്തു്. താടി വളർത്തിയ നേതാവിനെ വേറൊരു രാജ്യത്തെ നേതാവു് കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കുന്നതിന്റെ ദൃശ്യം എന്നിൽ അറപ്പും വെറുപ്പും ഉണ്ടാക്കും.
ചോദ്യം: നിങ്ങൾ ചിരിക്കാറില്ല എന്നു കെ. ആർ. ഗൗരി എറണാകുളത്തു് കൂടിയ ഒരു സമ്മേളനത്തിൽ പറയുന്നതു കേട്ടു ശരിയാണോ?
ഉത്തരം: കേരളം നരകമാണു്. നരകത്തിൽ ചിരിക്കാനൊക്കുമോ? ശ്രീമതി പറഞ്ഞതു ശരിയാണു്.
ചോദ്യം: നിങ്ങൾ പ്രാർത്ഥനയിൽ വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല, ഒരുത്തനെ ചതിച്ചിട്ടു് ഈശ്വരനോടു് മാപ്പുചോദിക്കുന്നതിൽ അർത്ഥമില്ല. ചതിച്ചാൽ അതിന്റെ reaction ഉണ്ടാകും. Every action has its reaction എന്നു ന്യൂട്ടൻ പറഞ്ഞതു ശരി. പ്രാർത്ഥനയും പശ്ചാത്താപവും റിയാക്‍ഷൻ ഇല്ലാതാക്കില്ല. കർമ്മസിദ്ധാന്തത്തിലാണു് എന്റെ വിശ്വാസം.
ചോദ്യം: റെയിൽവേ സവാരിയെക്കുറിച്ചു് എന്താണു് അഭിപ്രായം?
ഉത്തരം: നാലുപേർ ഇരിക്കാവുന്ന സീറ്റിൽ എട്ടും ഒൻപതും ആളുകൾ ഇരിക്കേണ്ടിവരുന്ന രീതിയിൽ തീവണ്ടികൾ ഓടിക്കാനായി സംവിധാനം ഉണ്ടാക്കുന്നവർ പുരുഷന്മാർക്കു വൃഷണങ്ങൾ ഉണ്ടെന്നു് ഓർമ്മിക്കുന്നില്ല. തിരുവനന്തപുരത്തുനിന്നു കൊല്ലം വരെ യാത്ര ചെയ്യുന്നവന്റെ വൃഷണങ്ങൾ ഉടഞ്ഞുപോകും.
ചോദ്യം: നിങ്ങൾ പാടുമോ?
ഉത്തരം: പാടും. പക്ഷേ, കോളേജുകളിൽ മ്യൂസിക് പ്രഫെസർമാർ പാടുന്നതുപോലെയിരിക്കും അതു്. കാളകളേ അതു് ആസ്വദിക്കുകയുള്ളു.
ചോദ്യം: കേരളത്തിന്റെ ശാപമെന്താണു്?
ഉത്തരം: ജ്യോത്സ്യന്മാർ കൂടിക്കൂടി വരുന്നു. ഒരു വിവാഹവും അവർ നടത്താൻ സമ്മതിക്കില്ല ഇത്ര വയസ്സിൽ മരിക്കുമെന്നു് പറഞ്ഞു് ആളുകളെ പേടിപ്പിക്കുന്നു അവർ. കരിച്ചൽ കേശവൻ എന്ന വലിയ ജ്യോത്സ്യനാണു് എന്റെ ജാതകമെഴുതിയതു്. അതിൽ അറുപതാമത്തെ വയസ്സിൽ ഞാൻ മരിക്കുമെന്നു് അസന്ദിഗ്ദ്ധമായി പറഞ്ഞിരുന്നു. അറുപതു വയസ്സു കഴിഞ്ഞയുടനെ ഞാൻ ആ ജാതകം തീയിലേക്കു എറിഞ്ഞു. എനിക്കു ഇപ്പോൾ എൺപതു വയസ്സായി. ജ്യോത്സ്യം demoralization ഉണ്ടാക്കുന്നു.

“Work expands so as to fill the time available for its completion” എന്ന പാർക്കിൻസൺ നിയമം പ്രഖ്യാതമാണു്. നിങ്ങൾക്കു വീട്ടിൽ പുസ്തകങ്ങൾ അടുക്കി അലമാരിയിൽ വയ്ക്കണമെങ്കിൽ അരമണിക്കൂർ കൊണ്ടു് അതു ചെയ്യാം. ഒരു മാസം കൊണ്ടും അതു ചെയ്യാം. സമയത്തിൽ ഒതുങ്ങത്തക്കവിധത്തിൽ ജോലി വികസിക്കും. ഈജിപ്തിലെ അംബാസഡർ സർദാർ കെ. എം. പണിക്കരോടു ഞാൻ ചോദിച്ചു. “അങ്ങു് അംബാസഡർ, എത്ര ‘ബിസി’ ആയിരിക്കും അങ്ങെന്നു് എനിക്കറിയാം. എങ്കിലും ജിജ്ഞാസയാൽ ചോദിക്കുകയാണു്. സാഹിത്യപ്രവർത്തനങ്ങളുമുണ്ടല്ലോ അങ്ങയ്ക്കു്. ഇതിനു സമയം കണ്ടെത്തുന്നതു് എങ്ങനെ?” ‘The busiest man has time to spare’ എന്നു അദ്ദേഹം മറുപടി നല്കി. എന്നിട്ടു് അദ്ദേഹം എന്നോടു് ഒരു ചോദ്യം ചോദിച്ചു. “നിങ്ങൾക്കു് ഈശ്വരവിശ്വാസമുണ്ടോ?” എന്റെ ഉത്തരത്തിനു കാത്തുനില്ക്കാതെ അദ്ദേഹം തുടർന്നുപറഞ്ഞു. “ഞാൻ ദേവീക്ഷേത്രത്തിൽ പോയി ധ്യാനനിരതനായി കുറെനേരം നില്ക്കും. അതു mental concentration എനിക്കു നല്കും. അമ്പലത്തിൽ പോകാൻ വയ്യെങ്കിൽ ചുവരിൽ ഒരു വൃത്തം വരച്ചു് അതിന്റെ നടുവിൽ ഒരു കത്തിട്ടു് അതിനെ കുറെനേരം നോക്കിക്കൊണ്ടു നിന്നാൽ മതി. ആ ഏകാഗ്രത നിങ്ങൾക്കു് ഗുണം ചെയ്യും. എനിക്കു് ഈ ഏകാഗ്രതയുണ്ടു്. അതുകൊണ്ടാണു് ഞാൻ അംബാസഡർ ജോലി നോക്കുന്നതും സാഹിത്യ കൃതികൾ എഴുതുന്നതും.”
ഈ ഏകാഗ്രതയുടെ കുറവുകൊണ്ടാണു് ഗൗതമൻ ദീർഘങ്ങളായ കഥകൾ രചിക്കുന്നതു്. ഡോക്ടർ ലീലാവതി സുദീർഘങ്ങളായ പ്രബന്ധങ്ങൾ എഴുതുന്നതു്. രണ്ടുപേർക്കും മിതം ച സാരം ച വചോ ഹി വാഗ്മിതാ എന്ന സാരസ്വതരഹസ്യം അറിഞ്ഞുകൂടാ. ഗൗതമൻ ‘ഭാഷാപോഷിണി’യിലെഴുതിയ ‘സുഭദ്രമാർ’ എന്ന കഥ വായിക്കുക. ഹ്രാസത്തിന്റെ ചാരുതയുണ്ടായിരുന്നെങ്കിൽ അതു ഉത്കൃഷ്ടമായ കഥയാകുമായിരുന്നു. ഭർത്താവിനെ അന്വേഷിച്ചു പോകുന്ന സ്ത്രീയെ സഹായിക്കാൻ ഒരാൾക്കു കഴിയാതെ വരുന്ന സംഭവം ഈ ദീർഘതയിലും നമ്മളെ സ്പർശിക്കുന്നു. വേണ്ടാത്ത വർണ്ണനകളും സംഭാഷണങ്ങളും ഒഴിവാക്കി പ്രതിപാദ്യവിഷയത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി, ഏകാഗ്രതയോടെ ആഖ്യാനം നിർവഹിച്ചിരുന്നെങ്കിൽ വായനക്കാരന്റെ മനസ്സിൽ ഉത്കണ്ഠ സൃഷ്ടിക്കാമായിരുന്നു ഗൗതമനു്. ഇപ്പോഴത്തെ നിലയിൽ അദ്ദേഹം വാവദൂകതയിൽ അഭിരമിക്കുന്നു എന്നേ പറയാനുള്ളൂ. ജി. ശങ്കരക്കുറുപ്പി ന്റെ കോസ്മിക് വിഷനെക്കുറിച്ചു് എഴുതിയാലും സച്ചിദാനന്ദന്റെ കുത്സിതമായ പദ്യത്തെക്കുറിച്ചെഴുതിയാലും ഡോക്ടർ ലീലാവതി വളരെപ്പറയുന്ന ശീലം കാണിക്കുന്നു. ശങ്കരക്കുറുപ്പിനെ വാഴ്ത്തുന്ന തൂലിക എങ്ങനെയാണു് സച്ചിദാനന്ദനെയും വാഴ്ത്തുന്നതു് എന്നു വായനക്കാരനായ എനിക്കു് അമ്പരപ്പു്. രണ്ടും Sincere അല്ല എന്ന തോന്നൽ വായനക്കാരനുണ്ടായാൽ അയാളെ കുറ്റപ്പെടുത്തേണ്ടതില്ല. തെങ്ങിൽക്കയറുന്നവൻ ഓലയുടെ മധ്യഭാഗത്തുനിന്നു് ഒരുഭാഗം ഉരിച്ചെടുത്തു് വട്ടത്തിലാക്കി കാലിലിട്ടുകൊണ്ടു് കയറുമല്ലോ. അതിനെ തിരുവനന്തപുരത്തു ത്ലായ്പ്പു് എന്നുപറയും. അതു തന്നെ ഇട്ടുകൊണ്ടു് കമുകിൽ കയറാൻ ഒക്കുകില്ല. ശങ്കരക്കുറുപ്പിനും സച്ചിദാനന്ദനും അയ്യപ്പപ്പണിക്കർക്കും സുഗതകുമാരിക്കും ഒരേ ത്ലായ്പ്പു് ലീലാവതി ഉപയോഗിക്കരുതു്. ഹിമാലയത്തെക്കുറിച്ചെഴുതുമ്പോൾ ശ്രീമതി പത്തു പുറം എഴുതുന്നതു് മനസ്സിലാക്കാം. മൊട്ടുസൂചിയെക്കുറിച്ചെഴുതുമ്പോഴും പത്തു പുറമോ അതിൽക്കൂടുതലോ എഴുതുന്നതു് മനസ്സിലാക്കുന്നതെങ്ങനെ? “കലയിലെ വൈരൂപ്യത്തെക്കുറിച്ചു് എഴുതാൻ ഒരുപാടു് ആളുകൾ ഉണ്ടു്. ഞാൻ അവയിലെ നന്മയെക്കുറിച്ചു് മാത്രം എഴുതുന്നു” എന്നു ലീലാവതി പലപ്പോഴും പറയാറുണ്ടു്. ലോകത്തിൽ സുന്ദരികൾ കുറവു്. വൈരൂപ്യമുള്ള സ്ത്രീകളാണു് കൂടുതലും. അതു പോലെ രചനകളിൽ വൈരൂപ്യം മുന്നിട്ടു നില്ക്കുന്നു. സൗന്ദര്യം ന്യൂനപക്ഷത്തിനാണുള്ളതു്. വസ്തുത അങ്ങനെയിരിക്കെ ഞാൻ എല്ലാക്കൃതികളിലെയും നന്മയെ വാഴ്ത്തുന്നു എന്നു പറയുന്നതു് ഹിപൊക്രസി അല്ലേ?
തിരുവനന്തപുരത്തു് ക്രൂരനായ ഒരുദ്യോഗസ്ഥനുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ ഓഫീസിൽ കൻറ്റിൻജൻസി (Contingency) പണമുണ്ടു്. ആകസ്മികമായി വരുന്ന ചെലവുകൾക്കു് ആ പണമെടുത്തു കൊടുക്കാൻ ഉദ്യോഗസ്ഥനു് അധികാരമുണ്ടു്. ആ കൊടുക്കലിൽ സർക്കാർ ഇടപെടുകയില്ല. നൃശംസതയുടെ പ്രതീകമായ ഉദ്യോഗസ്ഥൻ വീട്ടിലെ അഴുക്കുവസ്ത്രങ്ങൾ നനച്ചു വെളുപ്പിക്കാൻ അന്തസ്സുള്ള ഒരു യുവാവിനെ നിയമിച്ചു. അയാളുടെ ശമ്പളം കൻറ്റിൻജൻസിയിൽ നിന്നു്.

ഒരു ദിവസം കൊച്ചമ്മയ്ക്കു്—ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കു്—വസ്ത്രങ്ങൾ വെളുത്തില്ല എന്ന തോന്നലുണ്ടായി അവർ വസ്ത്രങ്ങളെടുത്തു ദൂരെയെറിഞ്ഞു് അട്ടഹസിച്ചു. ‘വെളുത്തില്ല മുണ്ടുകളും മറ്റും. ഒന്നുകൂടെ അടിച്ചു നനച്ചു കൊണ്ടുവരു’ (അലക്കുക എന്ന അർത്ഥത്തിൽ തിരുവനന്തപുരത്തുകാർ പറയുന്നതു് അടിച്ചുനനയ്ക്കുക എന്നാണു്). ആ ‘മറ്റും’ പ്രയോഗത്തിൽ ഉദ്യോഗസ്ഥന്റെ വീതിയാർന്ന കോണകവും ഉൾപ്പെടും. കൻറ്റിൻജൻസി പ്യൂൺ വിനയത്തോടെ അറിയിച്ചു. “കൊച്ചമ്മ, എന്നാലാവും വിധം ഞാൻ വെളുപ്പിക്കാൻ ശ്രമിച്ചു. ഇത്രയേ വെളുക്കു.” ഭാവിദിവാൻ കേശവദാസ് അരത്തമ്മപ്പിള്ളത്തങ്കച്ചിയുടെ പരിചാരകനായി അവരുടെ വീട്ടിൽ നില്ക്കുകയായിരുന്നു (ധർമ്മരാജാ എന്ന നോവൽ). കൈയിലിരുന്ന തവികൊണ്ടു് ബാലനായ പരിചാരകന്റെ തലയിൽ അവർ ആഞ്ഞടിച്ചിട്ടു് വീട്ടിനകത്തേക്കു കയറിപ്പോയി. തവി കൈയിലില്ലായിരുന്നു ഉദ്യോഗസ്ഥഭാര്യക്കു്, അവർ അതിനാൽ കോപത്തോടുകൂടി കൈകൾ വീശി വീട്ടിനകത്തേക്കു തിടുക്കത്തിൽ നടന്നുപോയി. വൈകുന്നേരം ഭർത്താവു വന്നപ്പോൾ അവർ പൊടിപ്പും തൊങ്ങലും വച്ചു് അയാളോടു പരാതി പറഞ്ഞു. “അവനെ വിളിക്കു്” എന്നായി അങ്ങേർ. പഞ്ചപുച്ഛമടക്കി പ്യൂൺ വന്നുനിന്നു. “നീ നാളെ മുതൽ വരണ്ട. ഡിസ്മിസ് ചെയ്തിരിക്കുന്നു നിന്നെ” എന്നു് തൊണ്ട പൊട്ടുമാറു് ഉദ്യോഗസ്ഥൻ ആക്രോശിച്ചു. പാവം പ്യൂൺ പേരൂർക്കട ജങ്ഷനിലിരുന്നു തെണ്ടാൻ തുടങ്ങി. ഞാൻ അയാൾക്കു രൂപ കൊടുക്കാനായി പേരൂർക്കടയിൽ പോകുമായിരുന്നു. ഒടുവിൽ പുണ്ണുകൾ വന്നു അയാളുടെ ശരീരത്തിലാകെ അതിഭയങ്കരമായ നാറ്റവും. ശ്വാസമെടുക്കാതെ ഞാൻ കറൻസിനോട്ടു് അയാളുടെ മുൻപിൽ കനിഞ്ഞു് ഇടുമായിരുന്നു. ചില ദിവസങ്ങൾ കഴിഞ്ഞു് അയാളെ കാണാതെയായി, മരിച്ചിരിക്കാം.
വീട്ടുകാരി അഭിലഷിച്ച വെൺമ വസ്ത്രങ്ങൾക്കു വരാത്തതുകൊണ്ടു് പ്യൂണിനെ മരണത്തിലേക്കു നയിച്ച ഉദ്യോഗസ്ഥനെപ്പോലെ ‘പച്ചക്കുതിര’ എന്ന പേരിൽ ക്യാൻസർ പിടിച്ച പ്രസാധനത്തിന്റെ അധിപർ അതിനെ അംഗീകരിക്കാത്തവരെ ശകാരിക്കുന്നു. “മാധ്യമപ്രതികരണങ്ങളായി വന്നതു് നിർഭാഗ്യവശാൽ ചില വ്യക്തികളുടെ വിദ്വേഷപ്രകടനങ്ങൾ മാത്രമായിരുന്നു” എന്നു് അദ്ദേഹത്തിന്റെ ഉപാലംഭം (ഭാഗ്യക്കേടു് എന്ന അർത്ഥത്തിൽ ദൗർഭാഗ്യം എന്നു പ്രയോഗിക്കണം—ലേഖകൻ). രചനകൾ കലാത്മകങ്ങളല്ല എന്നു പരോക്ഷമായിപ്പറഞ്ഞാൽ അതിനെ വിദ്വേഷപ്രകടനമായി കാണുന്നതു് എഡിറ്ററുടെ വിദ്വേഷപ്രകടനമല്ലേ?
(എഡിറ്ററുടെ മറ്റു തെറ്റുകൾ: ബെൻയാമിൻ തെറ്റു്, ബെൻയാമീൻ ശരി. ഈറ്റാലോ കാൽവിനോ തെറ്റു്. ഈ താലോ കൽവിനോ ശരി. രൂപീകരിക്കപ്പെടുക മുട്ടൻ തെറ്റു്, രൂപവത്കരിക്കുക ശരി—ലേഖകൻ.)
സ്വന്തമായ മുഴക്കോൽ വച്ചു് സാഹിത്യത്തെ അളക്കുന്ന എഡിറ്റർ monstrous mistake-ൽ പെട്ടിരിക്കുന്നു. നേരേ ചൊവ്വേ എഴുതുന്നവർ ഒഴിച്ചാൽ (സക്കറിയ അങ്ങനെയുള്ള ഒരെഴുത്തുകാരൻ) ശേഷമുള്ളവർ എല്ലാവരും ഫെയ്ക്കുകളാണു്.
കരച്ചിൽ
അവൻ മരിച്ചു, അവൾ കരഞ്ഞില്ല
അവൻ മരിച്ചു, എങ്കിലും അവൾ കരഞ്ഞില്ല
അവൻ മരിച്ചു, പക്ഷെ അവൾ കരഞ്ഞില്ല
അവൾ എന്തിനു കരയണം?
എന്നു് ഒരു കവിത!! ‘പച്ചക്കുതിര’യുടെ പതിന്നാലാം പുറത്തു്. ഈ monstrosity രാവണന്റെ ലങ്കയിൽപ്പോലും കവിതയായി അംഗീകരിക്കപ്പെടുമോ? സാഹിത്യത്തെ സ്നേഹിക്കുന്നവർ, അക്ഷരമറിയാവുന്നവർ, അക്ഷരശൂന്യന്മാർ ഇവരിൽ ആരെങ്കിലും ഈ വരികളെ കവിതയായി സ്വീകരിക്കുമോ? ‘പച്ചക്കുതിര’ എന്ന പ്രസാധനാഭാസം കണ്ടു ഞാൻ തേങ്ങുന്നു. ശപിക്കുന്നു. മലയാള സാഹിത്യത്തെ വ്യഭിചരിക്കുന്ന ഒരു പ്രസാധനമാണിതു് (പക്ഷെ എന്നതു ‘കവി’യുടെ തെറ്റാകാം. അച്ചടിത്തെറ്റുമാകാം. ‘പക്ഷേ,’ എന്നുവേണം. പക്ഷേ, എന്നതു് സംസ്കൃതപ്രയോഗമാണു്. പക്ഷത്തിൽ എന്നു് അതിനർത്ഥം. സംസ്കൃത ഭാഷയിൽ ഹ്രസ്വമായ ‘എ’ ഇല്ല).
- ഇതു വേനൽക്കാലമോ മഴക്കാലമോ? ഏതു കാലമായാലും വലിയ മഴ പെയ്യുമ്പോൾ തുറന്നിട്ട ജനലിലൂടെ കറുത്ത വണ്ടു് ഞാനിരിക്കുന്ന മുറിയിൽ കടന്നുവന്നു ശബ്ദമുണ്ടാക്കും. തറയിൽ കൈ കൊണ്ടടിച്ചു് അതിനെ ഞാൻ താഴെ വീഴ്ത്തും. അപ്പോൾ ആയിരം കാലുകൾ മോല്പോട്ടാക്കി അവ ചലിപ്പിച്ചു വണ്ടുകിടക്കും. പുറംതിരിഞ്ഞുള്ള ആ കിടപ്പിൽ നിന്നു മാറി പഴയ രീതിയിലാകാൻ വണ്ടു് ശ്രമിക്കാറുണ്ടു്. ഏതു ശ്രമവും നിഷ്ഫലം. പക്ഷേ, എനിക്കതിനെ ചവിട്ടിക്കൊല്ലാൻ മനസ്സു് സമ്മതം തരാറില്ല. ശബ്ദം അസഹനീയമാണെങ്കിൽ റ്റംബ്ളർ എടുത്തു ഞാൻ അതിനെ മൂടിവയ്ക്കും കാലത്തു് ജോലിക്കാരൻ അടിച്ചുവാരാൻ വരുമ്പോൾ വണ്ടിനെ തൂത്തെറിയും. നിസ്സഹായത കണ്ടാൽ അതിന്റെ പേരിൽ നമ്മളാരും തന്നെ വധം നടത്താറില്ല. പക്ഷേ, വണ്ടിനെ പരിഗണിക്കാറുമില്ല. വീട്ടിലൊരു രോഗിയുണ്ടെങ്കിൽ, ആ രോഗം ഭേദമാകില്ലെങ്കിൽ ദയാവധം എന്നൊരാശയം പോലും നമ്മളിൽ ഉണ്ടാവില്ല. വണ്ടിനെയെന്ന പോലെ terminal രോഗമുള്ള ആളിനെ പരിഗണിച്ചില്ലെന്നു വരും. അതുതന്നെ ക്രൂരതയല്ലേ? അതേ കാഫ്കായുടെ ഒരു കഥയിൽ ഒരുത്തൻ ഷഡ്പദമായി മാറുന്നതായി പ്രസ്താവം. ആദ്യമൊക്കെ അതിനോടു സഹതാപം. ആ വികാരം ക്രമേണ ഇല്ലാതാവുന്നു. ആപ്ൾ എടുത്തു് ഗൃഹനായകൻ അതിന്റെ പുറത്തെറിഞ്ഞു് ക്ഷതം വരുത്തുന്നു. മനുഷ്യന്റെ ക്രൂരത ഒരു പരിധി കഴിഞ്ഞാൽ പ്രകടീഭവിക്കും.
- ഞാൻ മലയാളനാടു വാരികയിൽ എഴുതിക്കൊണ്ടിരുന്ന കാലം. അതിൽ അച്ചടിച്ചുവന്ന ഒരത്യന്താധുനിക കവിതയുടെ അർത്ഥം എനിക്കു തീരെ മനസ്സിലായില്ല. പത്രാധിപരോടു ചോദിച്ചു് (വി. ബി. സി. നായരല്ല ആ പത്രാധിപർ) മനസ്സിലാക്കാമെന്നു തീരുമാനിച്ചു് അദ്ദേഹത്തെ റ്റെലിഫോണിൽ വിളിച്ചു. ‘I don’t understand it myself’ എന്നായിരുന്നു മറുപടി. അത്രയും സത്യസന്ധത അദ്ദേഹം കാണിച്ചു. വാരികകളിൽ വരുന്ന എല്ലാ അത്യന്താധുനിക കവിതകളുടെയും സ്ഥിതി ഇതാണു്. പത്രാധിപർക്കു മനസ്സിലായിട്ടല്ല അദ്ദേഹമവ പ്രസിദ്ധപ്പെടുത്തുന്നതു്. നിരൂപകർ അത്തരം കവിതകൾ അപഗ്രഥിച്ചു പ്രബന്ധങ്ങൾ എഴുതുന്നതു് പിന്നെങ്ങനെ എന്ന ചോദ്യമുണ്ടാകാം. നിരൂപകൻ കവിയോടുതന്നെ ചോദിക്കും കവിതയുടെ അർത്ഥമെന്തെന്നു്. കവി അതു വിശദീകരിക്കും. അതു പകർത്തിവയ്ക്കുകയാണു് നിരൂപകൻ. അങ്ങനെയുമുണ്ടു് സാഹിത്യത്തിലെ ഹിപൊക്രസി.
- ബാലചന്ദ്രൻ ചുള്ളിക്കാടി ന്റെ ബുദ്ധിശക്തിയെ ഞാൻ ആദരിക്കുന്നു. ഞാൻ അതുകൊണ്ടു് അദ്ദേഹവുമായി റ്റെലിഫോണിൽ സംസാരിക്കാറുണ്ടു്. ഏതു വിഷയത്തെക്കുറിച്ചു പറഞ്ഞാലും ബാലചന്ദ്രനു് ഒറിജിനൽ ആശയങ്ങൾ കാണും ആവിഷ്കരിക്കാൻ. അവ എനിക്കു് ആഹ്ലാദമരുളും.

രണ്ടു ദിവസം മുൻപു് ഞാൻ അദ്ദേഹത്തോടു റ്റെലിഫോണിൽ സംസാരിച്ചു. അപ്പോൾ അദ്ദേഹം ഒരു യഥാർത്ഥസംഭവത്തെക്കുറിച്ചു പറഞ്ഞു. ഹിമാലയപർവ്വതത്തിന്റെ അടുത്തുനിന്നു് ബാലചന്ദ്രൻ കപിലവാസ്തുവിലേക്കു നടക്കുകയായിരുന്നു. മാർഗ്ഗമധ്യേ അദ്ദേഹത്തിനു് അഭ്യസ്തവിദ്യനായ ഒരു കൂട്ടുകാരനെ കിട്ടി. സംസാരിച്ചു രസിച്ചു് അവർ നടന്നപ്പോൾ ബാലചന്ദ്രനു വല്ലാത്ത ദാഹം. വഴിവക്കിൽ ജീർണ്ണിച്ച കുടിൽ. അവർ അതിന്റെ മുൻപിൽ നിന്നു. ബാലചന്ദ്രന്റെ കൂട്ടുകാരൻ ഏതോ ഭാഷയിൽ വെള്ളം ചോദിച്ചു മറുപടി അതേ ഭാഷയിലുണ്ടായി. ‘വെള്ളമില്ല’ എന്നു പറഞ്ഞു് കൂട്ടുകാരൻ നടന്നു. ബാലചന്ദ്രനും. ബാലചന്ദ്രൻ നീരസത്തോടെ പറഞ്ഞു. “കുറച്ചു വെള്ളം ചോദിച്ചിട്ടു് ഇല്ല എന്നു പറഞ്ഞു ആ സ്ത്രീ, ഇതെന്തൊരു നാടു്!” കൂട്ടുകാരൻ ബാലചന്ദ്രനെ അറിയിച്ചു. “അവർ വെള്ളമില്ല എന്നല്ല പറഞ്ഞതു്. വസ്ത്രമില്ലാത്തതുകൊണ്ടു് കുടിലിനു പുറത്തേക്കു വരാൻ ഒക്കുകില്ലെന്നാണു്.”
ലക്ഷക്കണക്കിനു രൂപ ചെലവാക്കി താമസസ്ഥലങ്ങൾ മോടി പിടിപ്പിക്കുകയും പുതിയ കാറുകൾ വാങ്ങി സഞ്ചരിക്കുകയും ചെയ്യുന്നവർ ഈ സംഭവത്തെക്കുറിച്ചു് ഒന്നാലോചിച്ചു നോക്കണമെന്നാണു് എന്റെ അഭ്യർത്ഥന.