SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2002-07-12-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

പി. കേ​ശ​വ​ദേ​വ് ആത്മ​കഥ എഴു​തി​ക്കൊ​ണ്ടി​രു​ന്ന കാലം. അദ്ദേ​ഹം ഒരി​ക്കൽ എന്നോ​ടു ചോ​ദി​ച്ചു—“Revolt എന്ന വാ​ക്കു് എങ്ങ​നെ തർ​ജ്ജമ ചെ​യ്യാം?” “വി​പ്ല​വം, ലഹള, കലഹം എന്നൊ​ക്കെ​യാ​വാം” എന്നു എന്റെ മറു​പ​ടി. “ഛേ അതൊ​ന്നും പോര. എന്റെ ആശയം convey ചെ​യ്യു​ന്നി​ല്ല ആ വാ​ക്കു​കൾ. ആട്ടെ, ഞാൻ ആലോ​ചി​ക്കാം” എന്നു കേ​ശ​വ​ദേ​വ് പറ​ഞ്ഞു. അര​മ​ണി​ക്കൂർ കഴി​ഞ്ഞു് അദ്ദേ​ഹം കി​ട്ടി​പ്പോ​യി വാ​ക്കു്, എതിർ​പ്പു്. എന്റെ കഥ ഞാൻ എഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണു്. എതിർ​പ്പു് എന്നാ​യി​രി​ക്കാം അതി​ന്റെ പേരു്” എന്നു് ഉത്സാ​ഹ​ത്തോ​ടെ അറി​യി​ച്ചു ഞാൻ പി​ന്നീ​ടൊ​ന്നും മി​ണ്ടി​യി​ല്ല.

ന്യൂ​ന​പ​ക്ഷം മറ്റു​ള്ള​വ​രെ ഉപ​ദ്ര​വി​ക്കു​ന്ന​താ​ണു് കേ​ര​ള​ത്തി​ന്റെ സവി​ശേ​ഷത സാ​ഹി​ത്യ​ര​ചന നി​സ്സം​ഗ​മായ പ്ര​ക്രി​യ​യാ​ണ​ല്ലോ. അവി​ടെ​യും ന്യൂ​ന​പ​ക്ഷം ആക്ര​മ​ണം നട​ത്തി വി​പ്ല​വ​മു​ണ്ടാ​ക്കു​ന്നു.

“വീ​ടു​വ​ച്ചു. അതി​ന്റെ പേരു് എന്താ​വ​ണം? എനി​ക്കു പെൺ​കു​ഞ്ഞു് ഉണ്ടാ​യി​രി​ക്കു​ന്നു. അതിനു ഇടാൻ ഒരു പേരു പറ​ഞ്ഞു തരൂ” എന്നു പലരും നമ്മോ​ടു് ആവ​ശ്യ​പ്പെ​ടും. നമ്മൾ തല​പു​ക​ഞ്ഞു് ആലോ​ചി​ച്ചു് പേരു കണ്ടു​പി​ടി​ച്ചു് പറ​ഞ്ഞു​കൊ​ടു​ക്കു​ന്നു. പക്ഷേ, ആവ​ശ്യ​പ്പെ​ട്ട​യാൾ നമ്മൾ പറ​യു​ന്ന പേരു സ്വീ​ക​രി​ക്കി​ല്ല. അതു പോലെ ചല​ചി​ത്ര​സം​വി​ധാ​യ​കർ​ക്കു് വൃ​ത്തി​കെ​ട്ട പണി​യു​ണ്ടു്. നമ്മെ​ക്ക​ണ്ടാ​ലു​ടൻ “ഒരു കഥ വേണം ചല​ച്ചി​ത്ര​മാ​ക്കാൻ. കഥ ഏതെ​ന്നു് അറി​യി​ക്കൂ” എന്നു പറയും. നമ്മൾ ആ നി​മി​ഷം തൊ​ട്ടു കഥ അന്വേ​ഷി​ക്കും ഒരാ​ഴ്ച​ത്തെ പ്ര​യ​ത്നം. കഥ​യേ​തെ​ന്നു് സം​വി​ധാ​യ​ക​നെ റ്റെ​ലി​ഫോ​ണിൽ വി​ളി​ച്ച​റി​യി​ക്കു​ന്നു. വല്ല ഫല​വു​മു​ണ്ടോ? ഇന്നു​വ​രെ ഞാൻ പറഞ്ഞ ഒരു കഥയും ചല​ച്ചി​ത്ര​മാ​ക്കി​യി​ട്ടി​ല്ല സം​വി​ധാ​യ​കർ. അതി​നാൽ കു​ഞ്ഞു്, കെ​ട്ടി​ടം ഇവ​യ്ക്കു പേ​രു​കൾ പറ​ഞ്ഞു​കൊ​ടു​ക്ക​രു​തു്. തർ​ജ്ജ​മ​യും പറ​യ​രു​തെ​ന്നു് കേ​ശ​വ​ദേ​വ് ഗ്ര​ഹി​പ്പി​ച്ചു തന്നു. നമ്മു​ടെ ഊർ​ജ്ജ​വും സമ​യ​വും എന്തി​നു് പാ​ഴാ​ക്കി​ക്ക​ള​യ​ണം?

images/Cartoonist_Kutty.jpg
ശങ്ക​രൻ​കു​ട്ടി

കേ​ശ​വ​ദേ​വ് എതിർ​പ്പു് തത്ത്വ​ചി​ന്ത​യാ​യി അം​ഗീ​ക​രി​ച്ച ആളാ​ണു്. ആത്മ​ക​ഥ​യി​ലാ​കെ എതിർ​പ്പു് കാണാം. നോ​വ​ലു​ക​ളി​ലും ചെ​റു​ക​ഥ​ക​ളി​ലും പ്ര​ധാ​ന​വി​ഷ​യം എതിർ​പ്പു​ത​ന്നെ. ‘ഓടയിൽ നി​ന്നു്’ എന്ന കൊ​ച്ചു നോ​വ​ലി​ന്റെ ആരം​ഭ​ത്തിൽ പപ്പു എതിർ​പ്പു് പ്ര​ക​ടി​പ്പി​ക്കു​ന്നു. വ്യ​ക്തി​ക​ളോ​ടു് എതിർ​പ്പു്. അധി​കാ​ര​മു​ള്ള ഉദ്യോ​ഗ​സ്ഥ​നോ​ടു എതിർ​പ്പു്. കു​റെ​ക്കാ​ലം ആകാ​ശ​വാ​ണി​യിൽ അദ്ദേ​ഹം ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ല്ലോ. അവി​ട​ത്തെ ഡയ​റക്‍ട​റോ​ടു് എതിർ​പ്പു് കാ​ണി​ച്ചു് അദ്ദേ​ഹ​ത്തി​ന്റെ മു​റി​യിൽ ഓടി​ച്ചെ​ന്നു ഹാഫ് ഡോർ ബല​മാ​യി തു​റ​ന്നു് അല്പ​നേ​രം അദ്ദേ​ഹ​ത്തെ തു​റി​ച്ചു​നോ​ക്കി​ക്കൊ​ണ്ടു നി​ന്ന​തു് ഞാൻ കണ്ട​താ​ണു്. പ്ര​സം​ഗി​ക്കാൻ പോ​കു​മ്പോൾ സദ​സ്സി​നോ​ടു് എതിർ​പ്പു കാ​ണി​ക്കും. ശ്രീ​നാ​രാ​യണ കോ​ളേ​ജിൽ (കൊ​ല്ലം) അദ്ദേ​ഹ​വും കാർ​ട്ടൂ​ണി​സ്റ്റ് ശങ്ക​രൻ​കു​ട്ടി യും ഞാനും ഒരി​ക്കൽ പോയി. എന്നെ​യും ശങ്ക​രൻ​കു​ട്ടി​യെ​യും കു​ട്ടി​കൾ പ്രോ​ത്സാ​ഹി​പ്പി​ച്ച​തേ​യു​ള്ളു. കേ​ശ​വ​ദേ​വ് എഴു​ന്നേ​റ്റ​യു​ടൻ അവർ കൂവി. പക​ര​മാ​യി ദേവ് മൈ​ക്കി​ന്റെ മുൻ​പിൽ ചെ​ന്നു​നി​ന്നു് പത്തു മി​നി​റ്റോ​ളം കൂവി. ‘ഓടയിൽ നി​ന്നു് എന്ന നോ​വ​ലി​ലെ കഥാ​പാ​ത്ര​മായ പപ്പു വി​ദ്യാ​ല​യ​ത്തോ​ടു് എതിർ​പ്പു കാ​ണി​ച്ച​തു​പോ​ലെ ദേവും പള്ളി​ക്കൂ​ട​ത്തോ​ടു് എതിർ​പ്പു കാ​ണി​ച്ചി​രി​ക്ക​ണം. ഞാൻ വി​ചാ​രി​ക്കാ​റു​ണ്ടു് ദേവ് ആന​പ്പു​റ​ത്തു കയ​റി​യെ​ന്നു കരുതൂ. അദ്ദേ​ഹം ആന​യു​ടെ ചന്തി​യിൽ നോ​ക്ക​ത്ത​ക്ക​വ​ണ്ണം തി​രി​ഞ്ഞേ ഇരി​ക്കു. ആന​ക്കാ​രൻ ഇരി​ക്കു​ന്ന​തു​പോ​ലെ മുൻ​വ​ശ​ത്തേ​ക്കു നോ​ക്കി​ക്കൊ​ണ്ടി​രു​ന്നാൽ എതിർ​പ്പാ​കു​മോ? ദേ​വി​നെ​പ്പോ​ലെ അനി​യ​ത​ത്വ​മു​ള്ള എതിർ​പ്പു് ഏതി​നോ​ടും കാ​ണി​ച്ച ഒരു ജാ​പ്പ​നീ​സ് കവി​യു​ണ്ടാ​യി​രു​ന്നു. അദ്ദേ​ഹം കു​തി​ര​പ്പു​റ​ത്തു കയ​റി​യാൽ ആ മൃ​ഗ​ത്തി​ന്റെ ചന്തി​യിൽ നോ​ക്ക​ത്ത​ക്ക​വി​ധ​ത്തിൽ തി​രി​ഞ്ഞേ​യി​രി​ക്കു. എതിർ​ക്കു​ന്ന​താ​ണു് ജീ​വി​ത​മെ​ന്നു് കരു​തിയ ആ കവി ഇപ്പോ​ഴു​മു​ണ്ടോ എന്നെ​നി​ക്ക​റി​ഞ്ഞു​കൂ​ടാ.

കമ്യൂ​വി​നു് എതിർ​പ്പാ​കാ​മെ​ങ്കിൽ കേ​ശ​വ​ദേ​വി​നു് എതിർ​പ്പാ​യി​ക്കൂ​ടേ എന്നു് പ്ര​ഫെ​സർ ജി. എൻ. പണി​ക്കർ ചോ​ദി​ച്ചേ​ക്കും. രണ്ടും വി​ഭി​ന്ന​ങ്ങ​ള​ത്രേ എന്നാ​ണു് എനി​ക്കു പറ​യാ​നു​ള്ള​തു്. ജീ​വി​ത​ത്തി​ലെ പൊ​രു​ത്ത​ക്കേ​ടു് (absurd) കണ്ടു് അതിനെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണു് വേ​ണ്ട​തെ​ന്നു് ആ ഫ്ര​ഞ്ചെ​ഴു​ത്തു​കാ​രൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഈ വെ​ല്ലു​വി​ളി​യെ​യാ​ണു് അദ്ദേ​ഹം revolt എന്നു വി​ളി​ക്കു​ന്ന​തു്. ഇതു തത്ത്വ​ചി​ന്താ​ത്മ​ക​മായ പ്ര​സ്താ​വം. വൾ​ഗാ​രി​റ്റി​യാ​ണു് കേ​ശ​വ​ദേ​വി​ന്റെ എതിർ​പ്പു്.

എതി​രി​ടൽ ഇല്ലാ​തെ, പ്ര​തി​ക്രിയ ഇല്ലാ​തെ, വൈ​പ​രീ​ത്യം ഇല്ലാ​തെ ജീ​വി​ത​മി​ല്ല. വല​തു​പ​ക്ഷ​മു​ണ്ടെ​ങ്കിൽ ഇട​തു​പ​ക്ഷ​വു​മു​ണ്ടു്. ദക്ഷി​ണ​ധ്രു​വ​മു​ണ്ടെ​ങ്കിൽ ഉത്ത​ര​ധ്രു​വ​വും ഉണ്ടു്. പ്ര​സാ​ദാ​ത്മ​ക​ത​യോ? വി​ഷാ​ദാ​ത്മ​ക​ത​യെ ഒഴി​വാ​ക്കാൻ വയ്യ. അതു​കൊ​ണ്ടു് എതിർ​പ്പിൽ ന്യൂ​ന​ത​യൊ​ന്നും ഇല്ല. പക്ഷേ, എതിർ​പ്പേ​യു​ള്ളു ഈ ലോ​ക​ത്തു് എന്നു കരുതി അതിനെ രോ​ഗാ​വ​സ്ഥ​യി​ലെ​ത്തി​ക്കു​മ്പോൾ ആപ​ത്തു​ണ്ടാ​കും. അന്ത​സ്സു​കെ​ട്ട വി​ചാ​ര​ഗ​തി​യാ​വും അതു്. ഡി​ഗ്നി​റ്റി ഇല്ലാ​ത്ത ഒരു സംഭവം പറ​യ​ട്ടെ. വളരെ വർ​ഷ​ങ്ങൾ​ക്കു മുൻ​പു​ണ്ടാ​യ​താ​ണു് ഇതു്. ആകാ​ശ​വാ​ണി പു​രോ​ഗ​മ​ന​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു് ചർച്ച നട​ത്താൻ തീ​രു​മാ​നി​ച്ചു. ചങ്ങ​നാ​ശ്ശേ​രി​യി​ലെ ഒരു പ്ര​ഫെ​സ​റെ അതി​ന്റെ നാ​യ​ക​ത്വം വഹി​ക്കാൻ അവർ ക്ഷ​ണി​ച്ചു. വയലാർ രാ​മ​വർ​മ്മ​യും കൂ​ടി​യു​ണ്ടാ​യി​രു​ന്നു അതിൽ പങ്കെ​ടു​ക്കാൻ. പ്ര​ഫെ​സർ​ക്കു പു​രോ​ഗ​മ​ന​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു് ഒന്നു​മ​റി​ഞ്ഞു​കൂ​ടാ. അതി​നാൽ കാ​ര്യ​ങ്ങൾ മന​സ്സി​ലാ​ക്കാൻ വേ​ണ്ടി മാ​ത്രം അദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു കവി​യു​ടെ വീ​ട്ടിൽ​ച്ചെ​ന്നു. തനി​ക്കൊ​ന്നു​മ​റി​ഞ്ഞു​കൂ​ടെ​ന്ന സത്യം പ്ര​ഫെ​സർ കവിയെ അറി​യി​ച്ചി​ല്ല. Let us have a discussion on the matter എന്ന മട്ടാ​ണു് അദ്ദേ​ഹ​ത്തി​നു്. കവി ബു​ദ്ധി​മാ​നാ​യ​തു​കൊ​ണ്ടു് പ്ര​ഫെ​സ​റു​ടെ അജ്ഞത മന​സ്സി​ലാ​ക്കി. എങ്കി​ലും അദ്ദേ​ഹ​ത്തി​ന്റെ ആ ദൗർ​ബ​ല്യം താൻ ഗ്ര​ഹി​ച്ചി​ട്ടി​ല്ല എന്ന രീ​തി​യിൽ കവി പു​രോ​ഗ​മ​ന​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു് പലതും പറ​ഞ്ഞു. കവി​യിൽ നി​ന്നു വേ​ണ്ടി​ട​ത്തോ​ളം അറിവു നേടിയ പ്ര​ഫെ​സർ സാ​ഹി​ത്യ​ത്തി​ലെ പു​രോ​ഗ​മ​ന​ത്തെ​ക്കു​റി​ച്ചു് അനു​കൂ​ല​മാ​യി പ്ര​സം​ഗി​ക്കാൻ തീ​രു​മാ​നി​ച്ചു. അപ്പോൾ അദ്ദേ​ഹ​ത്തി​നു് സംശയം. വയലാർ രാ​മ​വർ​മ്മ പു​രോ​ഗ​മ​ന​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു് എന്തു പറ​യു​മെ​ന്നു്. കവി അറി​യി​ച്ചു. “പു​രോ​ഗ​മ​ന​സാ​ഹി​ത്യം വേ​ണ​മെ​ന്ന പക്ഷ​ക്കാ​ര​നാ​യി​രി​ക്കും വയലാർ”. “അയാൾ കമ്മ്യൂ​ണി​സ്റ്റ​ല്ലേ?” എന്നു പ്ര​ഫെ​സർ കവി​യോ​ടു ചോ​ദി​ച്ചു. “അതെ” എന്നു് അദ്ദേ​ഹ​ത്തി​ന്റെ ഉത്ത​രം. പ്ര​ഫെ​സ​റു​ടെ മട്ടു മാറി. അദ്ദേ​ഹം ഇട​തു​കൈ​യി​ലെ വി​ര​ലു​കൾ മട​ക്കി. വല​തു​കൈ​യി​ലെ വി​ര​ലു​കൾ കൊ​ണ്ടു് അവയെ തട്ടി​ക്കൊ​ണ്ടു് പറ​യു​ക​യാ​യി. “കമ്മ്യൂ​ണി​സ്റ്റായ വയലാർ രാ​മ​വർ​മ്മ പു​രോ​ഗ​മ​ന​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു് അനു​കൂ​ല​മാ​യി സം​സാ​രി​ച്ചാൽ എനി​ക്കു് എതിർ​ക്കാ​തി​രി​ക്കാൻ വയ്യ. ഞാൻ പു​രോ​ഗ​മന സാ​ഹി​ത്യം പ്ര​തി​ലോ​മ​ചി​ന്താ​ഗ​തി​യിൽ പെ​ട്ട​താ​ണെ​ന്നു പറയും” പി​ന്നെ പ്ര​ഫെ​സർ കവി​യു​ടെ വീ​ട്ടിൽ ഇരു​ന്നി​ല്ല. യാ​ത്ര​പ​റ​ഞ്ഞു് റോ​ഡി​ലേ​ക്കു് ഇറ​ങ്ങി. ചങ്ങ​നാ​ശ്ശേ​രി​ക്കോ​ളേ​ജി​ലെ ഈ അധ്യാ​പ​ക​ന്റെ പ്ര​വൃ​ത്തി​ക്കു് ഡി​ഗ്നി​റ്റി ഇല്ല. കൂ​ടെ​യു​ള്ള പ്ര​ഭാ​ഷ​കൻ കമ്മ്യൂ​ണി​സ്റ്റാ​ണെ​ന്ന​റി​ഞ്ഞ നി​മി​ഷ​ത്തിൽ​ത്ത​ന്നെ അദ്ദേ​ഹം എതിർ​പ്പു പ്ര​ക​ടി​പ്പി​ച്ചു. അഭി​പ്രാ​യം മാ​റ്റു​ക​യും ചെ​യ്തു. കേ​ശ​വ​ദേ​വി​ന്റെ എതിർ​പ്പെ​ന്ന സി​ദ്ധാ​ന്തം shallow (ഉത്താ​നം) ആയി​രു​ന്നു. അനി​യ​ത​മായ സി​ദ്ധാ​ന്തം മനു​ഷ്യ​നെ ഭരി​ക്കാൻ തു​ട​ങ്ങി​യാൽ പി​രി​മു​റു​ക്ക​മു​ണ്ടാ​കും. ആ പി​രി​മു​റു​ക്ക​മാ​ണു് കേ​ശ​വ​ദേ​വി​ന്റെ പ്ര​വൃ​ത്തി​കൾ​ക്കു നീ​തി​മ​ത്ക​ര​ണ​മി​ല്ലാ​താ​ക്കി​യ​തു്. “You are ill-​educated and ill-​mannered. That is why you oppose everything” എന്നു കെ. ബാ​ല​കൃ​ഷ്ണൻ ദേ​വി​നോ​ടു് പറ​ഞ്ഞ​തു് ഞാൻ കേ​ട്ടു.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: കേ​ര​ള​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​യി നി​ങ്ങൾ​ക്കു് എന്തെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ണി​ക്കാ​നു​ണ്ടോ?

ഉത്ത​രം: ന്യൂ​ന​പ​ക്ഷം മറ്റു​ള്ള​വ​രെ ഉപ​ദ്ര​വി​ക്കു​ന്ന​താ​ണു് കേ​ര​ള​ത്തി​ന്റെ സവി​ശേ​ഷത. സാ​ഹി​ത്യ​ര​ചന നി​സ്സം​ഗ​മായ പ്ര​ക്രി​യ​യാ​ണ​ല്ലോ. അവി​ടെ​യും ന്യൂ​ന​പ​ക്ഷം ആക്ര​മ​ണം നട​ത്തി വി​പ്ല​വ​മു​ണ്ടാ​ക്കു​ന്നു.

ചോ​ദ്യം: മി​റ​ക്കിൾ​സിൽ നി​ങ്ങൾ വി​ശ്വ​സി​ക്കു​ന്നോ?

ഉത്ത​രം: ഈ ജീ​വി​ത​ത്തിൽ ഏതും, അതി​മാ​നു​ഷ​കർ​മ്മ​മാ​ണു്. മരി​ക്കു​ന്ന​ത​ല്ല മി​റ​ക്കിൾ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​ണു് എന്നു് അർ​ത്ഥ​ത്തിൽ ഒരു സം​സ്കൃത ശ്ലോ​ക​മു​ണ്ടു്. ഞാനതു മറ​ന്നു​പോ​യി.

ചോ​ദ്യം: ബ്രി​ട്ടീ​ഷ് ഭര​ണ​ത്തി​ന്റെ കെ​ടു​തി​ക​ളിൽ ഏറ്റ​വും വലിയ കെ​ടു​തി​യേ​താ​ണു്?

ഉത്ത​രം: പാ​ര​ത​ന്ത്ര്യ​മ​ല്ല. അവർ ഇൻ​ഡ്യാ​ക്കാ​രെ ഇം​ഗ്ലീ​ഷ് ഭാഷ പഠി​പ്പി​ച്ചു. അതു​കൊ​ണ്ടു് ചിലർ ഇം​ഗ്ലീ​ഷിൽ നോ​വ​ലു​കൾ എഴു​തു​ന്നു. അതി​നെ​ക്കാൾ വലിയ കെ​ടു​തി വേ​റെ​യെ​ന്തു​ണ്ടു്?

ചോ​ദ്യം: ഉണ്ണാ​യി​വാ​രി​യർ വലിയ കവി​യാ​ണു്. പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ രണ്ടു​വ​രി​യെ​ങ്കി​ലും ആരും ഹൃ​ദി​സ്ഥ​മാ​ക്ക​ത്ത​തെ​ന്തു്?

ഉത്ത​രം: മഹ​നീ​യ​മായ കവിത അങ്ങ​നെ ഹൃ​ദി​സ്ഥ​മാ​ക്കാൻ വഴ​ങ്ങി​ത്ത​രി​ല്ല.

ചോ​ദ്യം: സന്താ​ന​ങ്ങൾ നന്നാ​വു​മ്പോൾ കു​ടും​ബം നന്നാ​കും. ശരി​യ​ല്ലേ?

ഉത്ത​രം: ശരി​യ​ല്ല. കു​ടും​ബ​ത്തി​ലെ അഞ്ചു് ആൺ​മ​ക്കൾ പ്ര​തി​മാ​സം മൂ​ന്നു​ല​ക്ഷം രൂപ വീതം അമേ​രി​ക്ക​യിൽ​ച്ചെ​ന്നു ശംബളം വാ​ങ്ങു​ന്നു​വെ​ന്നി​രി​ക്ക​ട്ടെ. ആ അഞ്ചു​പേ​രും അന്യോ​ന്യം അക​ന്നു​പോ​കും. നേ​രെ​മ​റി​ച്ചു് ദാ​രി​ദ്ര്യ​മാ​ണു് അവർ​ക്കു് അനു​ഭ​വി​ക്കാ​നു​ള്ള​തെ​ങ്കിൽ അവർ ഒരു​മി​ച്ചു​കൂ​ടും. സഹോ​ദ​ര​സ്നേ​ഹം കാ​ണി​ക്കും. സമ്പ​ന്ന​മായ കു​ടും​ബ​ത്തിൽ നി​ന്നു് വി​വാ​ഹം കഴി​ക്കു​ന്ന​വ​നും അച്ഛ​ന​മ്മ​മാ​രെ അവ​ഗ​ണി​ക്കും ധനാർ​ജ്ജ​നം വ്യ​ക്തി​ക​ളെ അക​റ്റു​ന്നു. ദാ​രി​ദ്ര്യം ഒരു​മി​പ്പി​ക്കു​ന്നു.

ചോ​ദ്യം: ഭാ​ഷ​യിൽ നി​ന്നു നി​ഷ്കാ​സ​നം ചെ​യ്യേ​ണ്ട വാ​ക്കു​ക​ളു​ണ്ടോ?

ഉത്ത​രം: ഉണ്ടു്. വിധവ എന്ന​തു് ഒരു പദം. സതി അനു​ഷ്ഠി​ച്ചി​ല്ലെ​ങ്കി​ലും ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​മ​ത്ര​യും ആ പേ​രി​നാൽ അറി​യ​പ്പെ​ടു​ന്ന​വൾ നീ​റി​നീ​റി മരി​ക്കും ഇം​ഗ്ലീ​ഷിൽ നി​ന്നു നി​ഷ്കാ​സ​നം ചെ​യ്യേ​ണ്ട വാ​ക്കു് shit എന്ന​തു്. ആ വാ​ക്കു പ്ര​യോ​ഗി​ക്കാ​ത്ത സാ​യ്പ് എഴു​ത്തു​കാ​ര​നി​ല്ല.

ചോ​ദ്യം: നി​ങ്ങൾ​ക്കു് ആരോ​ടെ​ങ്കി​ലും സം​സാ​രി​ക്കാൻ വൈ​ഷ​മ്യം തോ​ന്നി​യി​ട്ടു​ണ്ടോ?

ഉത്ത​രം: ഉണ്ടു്. വേളൂർ കൃ​ഷ്ണൻ​കു​ട്ടി​യോ​ടു സം​സാ​രി​ക്കാൻ വൈ​ഷ​മ്യ​മു​ണ്ടു്. രണ്ടു കാ​ര​ണ​ങ്ങൾ. 1. വേഗം. അദ്ദേ​ഹം പറ​യു​ന്ന​തൊ​ക്കെ അമി​ത​വേ​ഗ​ത്തി​ലാ​ണു്. 2. നമ്മൾ പറ​യു​ന്ന വാ​ക്കു​ക​ളെ​ല്ലാം വ്യാ​ക​ര​ണ​ത്തി​നു് സമ്മ​ത​മ​ല്ലെ​ന്നു അദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കും.

സ്പ​ഷ്ടത

ഭാ​ഷ​യു​ടെ ലക്ഷ്യം ആശയം പകർ​ന്നു കൊ​ടു​ക്ക​ലാ​ണു്. അതു നട​ക്കു​ന്നി​ല്ലെ​ങ്കിൽ ഭാഷാ പ്ര​യോ​ഗ​മെ​ന്തി​നു്? സാ​ഹി​ത്യ​ത്തി​ലും ദുർ​ഗ്ര​ഹത പാ​ടി​ല്ല. ദുർ​ഗ്ര​ഹ​ത​യു​ണ്ടെ​ങ്കിൽ ആസ്വാ​ദ​നം നട​ക്കി​ല്ല എന്ന​താ​ണു് ഹേതു.

കൊ​ട്ടാ​ര​ക്കര അഞ്ച​ലാ​ഫീ​സിൽ കൂ​ടെ​ക്കൂ​ടെ ഇടി​വീ​ഴു​മാ​യി​രു​ന്നു. ഒരി​ക്കൽ മി​ന്നൽ​പ്ര​വാ​ഹ​മു​ണ്ടാ​യ​പ്പോൾ അഞ്ച​ലാ​ഫീ​സി​ലെ സ്റ്റാ​ഫാ​കെ ചാ​ര​മാ​യി​പ്പോ​യി. അതി​ന്റെ റി​പ്പോർ​ട്ട് സർ​ക്കാ​രി​നു കി​ട്ടി​യ​പ്പോൾ ദി​വാ​നാ​യി​രു​ന്ന സർ. സി. പി. A very sad affair എന്നെ​ഴു​തി​യി​ട്ടു് Consult C. V. Raman എന്നും കൂടെ കു​റി​ച്ചി​രു​ന്നു. But let me see the draft എന്ന നിർ​ദ്ദേ​ശ​വും അതി​ലു​ണ്ട്. സി. വി. രാ​മ​നു​ള്ള കത്തി​ന്റെ ഡ്രാ​ഫ്റ്റ് ഭക്തി​വി​ലാ​സ​ത്തേ​ക്കു അയ​ച്ചു. സർ സി. പി. ഏതു ഫയലും ഉടനെ തി​രി​ച്ച​യ​യ്ക്കും. പത്തു​മി​നി​റ്റ് കഴി​ഞ്ഞു് ഫയൽ സെ​ക്ഷ​നിൽ എത്തി. Well drafted. This is the kind of draft that I want എന്നു് അതിൽ ദിവാൻ എഴു​തി​യി​രു​ന്നു. എം. സി. തോ​മ​സി​നെ​ക്കാൾ വി​ദ​ഗ്ദ്ധ​നായ ഓഫീ​സ​റെ ഞാ​നി​തു​വ​രെ കണ്ടി​ട്ടി​ല്ല. അദ്ദേ​ഹ​മാ​ണു് എന്നെ clarity-​യോടുകൂടി എഴു​താൻ പഠി​പ്പി​ച്ച​തു്. എന്റെ മൂ​ല്യ​നിർ​ണ്ണ​യ​ങ്ങ​ളോ​ടു മാ​ന്യ​വാ​യ​ന​ക്കാർ യോ​ജി​ച്ചി​ല്ലെ​ന്നു വരും. പക്ഷേ, മന​സ്സി​ലാ​കാ​യ്ക എന്ന ദോഷം ഈ കോ​ള​ത്തിൽ ഇല്ല. ആ സു​ഗ്ര​ഹത എന്ന ഗു​ണ​മു​ണ്ടെ​ങ്കിൽ അതിനു കാ​ര​ണ​ക്കാ​രൻ അഭി​വ​ന്ദ്യ​നായ എം. സി. തോ​മ​സാ​ണു്. ഭാ​ഷ​യു​ടെ ലക്ഷ്യം ആശയം പകർ​ന്നു​കൊ​ടു​ക്ക​ലാ​ണു്. അതു നട​ക്കു​ന്നി​ല്ലെ​ങ്കിൽ ഭാ​ഷാ​പ്ര​യോ​ഗ​മെ​ന്തി​നു്? സാ​ഹി​ത്യ​ത്തി​ലും ദുർ​ഗ്ര​ഹത പാ​ടി​ല്ല. ദുർ​ഗ്ര​ഹ​ത​യു​ണ്ടെ​ങ്കിൽ ആസ്വാ​ദ​നം നട​ക്കി​ല്ല എന്ന​താ​ണു് ഹേതു. ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ കെ. എസ്. അനിയൻ എഴു​തിയ ‘ആഭ​യു​ടെ അച്ഛൻ’ എന്ന കഥയും ജയ​ച​ന്ദ്രൻ എഴു​തിയ ‘കപ്പൽ’ എന്ന കഥയും ആഖ്യാ​ന​ത്തി​ന്റെ സങ്കീർ​ണ്ണ​ത​യാൽ ദുർ​ഗ്ര​ഹ​മാ​യി​രി​ക്കു​ന്നു. രണ്ടു രച​ന​ക​ളി​ലും കഥാ​പാ​ത്ര​ങ്ങ​ളു​ണ്ടു്. അവയെ സ്വ​ത​ന്ത്ര​മാ​യി പെ​രു​മാ​റാൻ രച​യി​താ​ക്കൾ സമ്മ​തി​ക്കു​ന്നി​ല്ല. നേ​ര​ത്തെ പറഞ്ഞ സങ്കീർ​ണ്ണത എന്ന കാ​രാ​ഗൃ​ഹ​ത്തിൽ അവയെ കഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ചു തള്ളു​ന്ന പ്ര​തീ​തി അനു​വാ​ച​ക​നു്. അതി​നാൽ രണ്ടു​ക​ഥ​ക​ളും അനു​ഭൂ​തി​ജ​ന​ക​മ​ല്ല. കഥാ​ര​ച​ന​യു​ടെ പ്രാ​ഥ​മിക പാ​ഠ​ങ്ങൾ അനി​യ​നും ജയ​ച​ന്ദ്ര​നും അഭ്യ​സി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇപ്പോ​ഴ​ത്തെ നി​ല​യിൽ രണ്ടു കഥ​കൾ​ക്കു​മു​ള്ള​തു് സന്ദി​ഗ്ദ്ധ​ത​യാ​ണു്. കൊ​ല്ലു​ന്ന സന്ദി​ഗ്ദ്ധത.

images/Vatalar_Ramavarma.jpg
വയലാർ രാ​മ​വർ​മ്മ

എനി​ക്കു് എപ്പോ​ഴും തക​ഴി​യു​ടെ ‘വെ​ള്ള​പ്പൊ​ക്ക​ത്തിൽ’ എന്ന കഥ​യെ​ക്കു​റി​ച്ചു പറ​യാ​നേ ആവൂ. അതിൽ കു​ട്ട​നാ​ട്ടെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ വർ​ണ്ണ​ന​യു​ണ്ടു്. അതി​ല​ക​പ്പെ​ട്ട നായ് ചി​ത്രം പോലെ കാ​ണ​പ്പെ​ടു​ന്നു. ഇതാ​ണു് അക്ക​ഥ​യി​ലെ ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന യഥാർ​ത്ഥ ലോകം. ആ യഥാർ​ത്ഥ ലോ​ക​ത്തി​ലൂ​ടെ നമ്മൾ കാ​ണു​ന്ന​തു്, അനു​ഭ​വി​ക്കു​ന്ന​തു് വാ​ക്കു​കൾ​ക്കു് അതീ​ത​മായ മറ്റൊ​രു ലോ​ക​മാ​ണു്. രണ്ടു ലോ​ക​ങ്ങ​ളും വേർ​തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത മട്ടിൽ ഒന്നാ​യി പരി​ണ​മി​ച്ചി​രി​ക്കു​ന്നു. അങ്ങ​നെ​യാ​ണു് കഥ കലാ​സൃ​ഷ്ടി​യാ​യി മാ​റു​ന്ന​തു്. ദേ​ശാ​ഭി​മാ​നി വാ​രി​ക​യി​ലെ കഥാ​കാ​ര​ന്മാർ​ക്കു് രണ്ടു ലോ​ക​ങ്ങ​ളും ആലേ​ഖ​നം ചെ​യ്യാ​ന​റി​ഞ്ഞു​കൂ​ടാ.

ചങ്ങ​മ്പു​ഴ​യു​ടെ ‘വാ​ഴ​ക്കുല’ എന്ന കാ​വ്യ​ത്തി​ലും കു​മാ​ര​നാ​ശാ​ന്റെ ‘ദു​ര​വ​സ്ഥ’ എന്ന കാ​വ്യ​ത്തി​ലും സാ​മൂ​ഹി​കാം​ശ​ങ്ങൾ പരി​വർ​ത്ത​ന​മൊ​ന്നും കൂ​ടാ​തെ നി​വേ​ശി​ച്ചി​രി​ക്കു​ന്നു. അതി​നാൽ വി​ശു​ദ്ധ​മായ കല​യ​ല്ല രണ്ടും ‘ആ പൂമാല’ എന്ന ചങ്ങ​മ്പു​ഴ​ക്ക​വി​ത​യി​ലും ലീ​ലാ​കാ​വ്യ​ത്തി​ലും (ആശാ​ന്റെ) സാ​മൂ​ഹി​കാം​ശ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ളേ​യു​ള്ളൂ. അവ അക്കാ​ര​ണ​ത്താൽ വി​ശു​ദ്ധി​യാർ​ജ്ജി​ച്ചി​രി​ക്കു​ന്നു. കു​മാ​ര​നാ​ശാ​ന്റെ ‘ദു​ര​വ​സ്ഥ’യാണു് ഉത്കൃ​ഷ്ട​മായ കാ​വ്യ​മെ​ന്നു് തി​രു​ന​ല്ലൂർ കരു​ണാ​ക​രൻ പറ​ഞ്ഞ​തു് ചി​ന്ത​നീ​യ​മാ​യി​രി​ക്കു​ന്നു.

2002-ലെ പു​സ്ത​കം

നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ രചനകൾ കൊ​ണ്ടു പി​ടി​ച്ചു​കു​ലു​ക്കു​ക​യും കാണാൻ സാ​ധി​ച്ചാൽ പാ​ദ​ങ്ങ​ളിൽ തൊ​ട്ടു കണ്ണിൽ വയ്ക്കാൻ തോ​ന്നു​ക​യും ചെ​യ്യു​ന്ന ഏതെ​ങ്കി​ലും എഴു​ത്തു​കാ​രൻ ഇരു​പ​താം ശതാ​ബ്ദ​ത്തി​ലു​ണ്ടോ എന്നു് ആരെ​ങ്കി​ലും എന്നോ​ടു ചോ​ദി​ച്ചാൽ ഉടനെ ഞാൻ ഉത്ത​രം പറയും. “ഉണ്ടു്. പ്രി​മോ ലേവി—Primo Levi” ഉത്ത​രം ഈ വി​ധ​ത്തി​ലാ​യി​രി​ക്കു​മെ​ങ്കി​ലും മഹാ​നായ അദ്ദേ​ഹ​ത്തെ എനി​ക്കു കാ​ണാ​നൊ​ക്കു​ക​യി​ല്ല. 1987 ഏപ്രിൽ 11-നു് അദ്ദേ​ഹം നാ​ലു​നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ‘സ്റ്റെ​യർ​വെ​ല്ലി’ന്റെ താ​ഴ്ച​യി​ലേ​ക്കു ചാടി ആത്മ​ഹ​ത്യ ചെ​യ്തു. 1919-ൽ ഇറ്റ​ലി​യി​ലെ റ്റ്യൂ​റിൻ പട്ട​ണ​ത്തി​ലാ​ണു് ലേവി ജനി​ച്ച​തു്. ജൂ​ത​വം​ശ​ജ​നായ അദ്ദേ​ഹം ചെ​റു​പ്പ​ത്തി​ലേ കാ​രാ​ഗൃ​ഹ​ത്തി​ലാ​യി. 1944-ൽ പോ​ള​ണ്ടി​ലെ നാത് സി തട​ങ്കൽ​പ്പാ​ള​യം ഔഷ്വി​റ്റ്സി ന്റെ (Auschwitz) ഉപ​പ​ദ​വി​യു​ള്ള വേ​റൊ​രു തട​ങ്കൽ​പ്പാ​ള​യ​ത്തി​ലേ​ക്കാ​ണു് അദ്ദേ​ഹ​ത്തെ ബന്ധ​ന​സ്ഥ​നാ​ക്കി​പ്പാർ​പ്പി​ച്ച​തു്. കെ​മി​സ്റ്റായ ലേ​വി​യു​ടെ സേവനം പ്ര​യോ​ജ​ന​പ്പെ​ടു​ത്താൻ വേ​ണ്ടി നാത് സികൾ അദ്ദേ​ഹ​ത്തെ കൊ​ന്നി​ല്ല. 1945-ൽ റഷൻ സൈ​ന്യം അദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ച്ചു. നാ​ട്ടിൽ തി​രി​ച്ചെ​ത്തിയ ലേവി ഒരു കെ​മി​ക്കൽ ഫാ​ക്ട​റി​യു​ടെ മാ​നേ​ജ​റാ​യി. 1977-​തൊട്ടു് സർ​ഗ്ഗാ​ത്മക പ്ര​വൃ​ത്തി​ക​ളിൽ മു​ഴു​കി. 1987-ൽ ആത്മ​ഹ​ന​നം നട​ത്തു​ക​യും ചെ​യ്തു.

images/Unnayi_Warrier.jpg
ഉണ്ണാ​യി​വാ​രി​യർ

ലേവി കവി​യും കഥാ​കൃ​ത്തും പ്ര​ബ​ന്ധ​കാ​ര​നു​മൊ​ക്കെ​യാ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ Agave എന്ന കവിത നോ​ക്കുക. അഗേവ് ചെ​ടി​യാ​ണു്. (അഗേ​വി​യെ​ന്നും ഉച്ചാ​ര​ണം) “ഞാൻ പ്ര​യോ​ജ​ന​മു​ള്ള ചെ​ടി​യ​ല്ല. സു​ന്ദ​ര​വു​മ​ല്ല. ഇമ്പ​മ​രു​ളു​ന്ന വർ​ണ്ണ​ങ്ങ​ളോ സു​ഗ​ന്ധ​ങ്ങ​ളോ എനി​ക്കി​ല്ല. സി​മെ​ന്റിൽ എന്റെ വേ​രു​കൾ താ​ഴ്‌​ന്നി​റ​ങ്ങു​ന്നു. മു​ള്ളു​ക​ളു​ള്ള, വാ​ളി​ന്റെ മൂർ​ച്ച​യു​ള്ള എന്റെ ഇലകൾ എന്നെ രക്ഷി​ക്കു​ന്നു. ഞാൻ നി​ശ്ശ​ബ്ദത പാ​ലി​ക്കു​ന്നു. സസ്യ​ത്തി​ന്റെ ഭാ​ഷ​യി​ലാ​ണു് എന്റെ സം​സാ​രം. നി​ങ്ങൾ മനു​ഷ്യർ​ക്കു് മന​സ്സി​ലാ​കാ​ത്ത പഴയ ഭാ​ഷ​യാ​ണ​തു്. വൈ​ദേ​ശി​കം. ക്രൂ​ര​മായ ഒരു രാ​ജ്യ​ത്തു നി​ന്നു് ഞാൻ വന്നു. വി​ഷ​മ​യം. അഗ്നി​പർ​വ്വ​ത​ങ്ങ​ളും കാ​റ്റു​മു​ള്ള രാ​ജ്യം. നൈ​രാ​ശ്യ​ദ്യോ​ത​ക​മായ, ഗോ​പു​ര​സ​ദൃ​ശ​മായ എന്റെ പു​ഷ്പ​ത്തെ മു​ക​ളി​ലേ​ക്കു അയ​യ്ക്കാൻ ഞാൻ അനേക സം​വ​ത്സ​ര​ങ്ങൾ കാ​ത്തു​നി​ന്നു. വി​രൂ​പം, ദാ​രു​മ​യം, ആ പൂവു്. പക്ഷേ, ആകാ​ശ​ത്തേ​ക്കു് അതു ഉയ​രു​ന്നു. ഉച്ച​ത്തിൽ പറ​യാ​നു​ള്ള ഞങ്ങ​ളു​ടെ മാർ​ഗ്ഗ​മാ​ണ​തു്. ഞാൻ നാളെ മരി​ക്കും. ഇപ്പോൾ മന​സ്സി​ലാ​യോ?” ആത്മ​ക​ഥാ​പ​ര​മാ​ണു് ഈ കവിത. വി​ന​യ​ന്വി​ത​മാ​യി ആദ്യ​ത്തെ ചില പ്ര​സ്താ​വ​ങ്ങൾ. ചെടി മു​ക​ളി​ലേ​ക്കു് അയ​യ്ക്കു​ന്ന പു​ഷ്പം ലേ​വി​യു​ടെ കൃ​തി​ത​ന്നെ. അതു് ഉയർ​ത്താൻ അദ്ദേ​ഹ​ത്തി​നു് പല സം​വ​ത്സ​ര​ങ്ങൾ വേ​ണ്ടി​വ​ന്നു എന്ന​തും സത്യം. ലേവി പ്രാ​യ​മേ​റെ​ച്ചെ​ന്ന​തി​നു​ശേ​ഷ​മാ​ണു് സർ​ഗ്ഗാ​ത്മക പ്ര​ക്രി​യ​ക​ളിൽ വ്യാ​പ​രി​ച്ച​തു്. ആ പു​ഷ്പ​ത്തെ വി​രൂ​പ​മെ​ന്നു് കവി വി​ശേ​ഷി​പ്പി​ച്ച​തു് വിനയം കൊ​ണ്ടാ​ണെ​ന്നു് ഗ്ര​ഹി​ച്ചാൽ മതി നമ്മൾ. പക്ഷേ, അതി​ന്റെ ശക്തി​യിൽ ലേ​വി​ക്കു വി​ശ്വാ​സ​മു​ണ്ടു്. നമു​ക്കും.

അപ്ര​മേയ പ്ര​ഭാ​വ​നായ ലേ​വി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അറി​യ​ണ​മെ​ങ്കിൽ, ഗോ​പു​ര​സ​ദൃ​ശ​ങ്ങ​ളായ അദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ളു​ടെ ഉദാ​ത്ത​സ്വ​ഭാ​വ​മ​റി​യ​ണ​മെ​ങ്കിൽ 2002-ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തിയ “The Double Bond, Premo Levi” എന്ന ജീ​വ​ച​രി​ത്രം വാ​യി​ക്ക​ണം. 898 പു​റ​ങ്ങ​ളു​ള്ള മഹാ​ഗ്ര​ന്ഥ​മാ​ണി​തു്. Caroline Angier എഴു​തി​യ​തു് (Penguin Books).

ആത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തോ​ടു​കൂ​ടി അദ്ദേ​ഹം വാ​തി​ലി​നു പു​റ​ത്തേ​ക്കു പോ​ന്ന​പ്പോൾ മു​റി​യിൽ റ്റെ​ലി​ഫോ​ണി​ന്റെ മണി ശബ്ദി​ച്ചു. അതു​കേ​ട്ടു് ശാ​ന്ത​ത​യോ​ടെ നേ​ഴ്സി​നെ വി​ളി​ച്ചു് റി​സീ​വർ എടു​ക്കാൻ പറ​ഞ്ഞി​ട്ടാ​ണു് അദ്ദേ​ഹം ആത്മ​ഹ​ത്യ ചെ​യ്ത​തു്. ക്ഷോ​ഭ​ര​ഹി​ത​മാ​യി​രു​ന്നു ആ മന​സ്സു്. ഈ ക്ഷോ​ഭ​രാ​ഹി​ത്യം നി​ത്യ​ജീ​വി​ത​ത്തിൽ മാ​ത്ര​മ​ല്ല സ്വ​ന്തം കലാ​സൃ​ഷ്ടി​ക​ളി​ലും അദ്ദേ​ഹം പ്ര​ദർ​ശി​പ്പി​ച്ചു.

ഗ്ര​ന്ഥ​കർ​ത്ത്രി അതി​ക്ലേ​ശം സഹി​ച്ചാ​ണു് ഈ വി​ശി​ഷ്ട​മായ ജീ​വ​ച​രി​ത്രം എഴു​തി​യ​തു്. ലേ​വി​യു​ടെ സഹ​ധർ​മ്മി​ണി അവ​രോ​ടു സം​സാ​രി​ക്കാൻ കൂ​ട്ടാ​ക്കി​യി​ല്ല. പ്രാ​യ​മായ രണ്ടു കു​ട്ടി​ക​ളു​ണ്ടു് ലേ​വി​ക്കു്. അവരും മൗനം അവ​ലം​ബി​ച്ചു. ലേ​വി​യു​ടെ രച​ന​ക​ളും രേ​ഖ​ക​ളും വലിയ പൂ​ട്ടി​ട്ടു്” പൂ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണു്. അവ കാണാൻ കഴി​ഞ്ഞി​ല്ല ജീ​വ​ച​രി​ത്ര​കാ​രി​ക്കു്. (ഇതു സ്റ്റു​പി​ഡി​റ്റി​യാ​യി ഞാൻ കരു​തു​ന്നു. ഇന്ന​ല്ലെ​ങ്കിൽ നാളെ എല്ലാം പ്ര​കാ​ശം കാ​ണു​കി​ല്ലേ? സമീ​ക​രി​ച്ചു പറ​യു​ക​യ​ല്ല ഞാൻ. രാ​ജ​ല​ക്ഷ്മി​യു​ടെ പു​സ്ത​ക​ങ്ങൾ വീ​ണ്ടും അച്ച​ടി​ക്കാൻ അവ​രു​ടെ ബന്ധു​ക്കൾ കു​റെ​ക്കാ​ലം സമ്മ​തി​ച്ചി​ല്ല​ത്രേ. ഭർ​ത്താ​വു് മരി​ച്ചാൽ കു​റേ​ക്കാ​ല​ത്തേ​ക്കു ഭാര്യ possessive instinct-​ന്റെ പേരിൽ ഒരു രേ​ഖ​യും കാ​ണി​ക്കി​ല്ല. അന്യ​രെ. അവർ ഈ ലോ​ക​ത്തു് നി​ന്നു യാ​ത്ര​യാ​യാൽ പൂ​ട്ടു് കു​ത്തി​പ്പൊ​ളി​ക്കു​മാ​ളു​കൾ. എല്ലാ രഹ​സ്യ​ങ്ങ​ളും ബഹു​ജ​ന​മ​റി​യും. ഇനി​യു​മു​ള്ള​വ​രെ​ങ്കി​ലും ഈ ബു​ദ്ധി​ശൂ​ന്യത കാ​ണി​ക്കാ​തി​രി​ക്ക​ണം.)

ഗ്ര​ന്ഥ​കർ​ത്ത്രി പു​സ്ത​ക​ത്തി​നു് നല്കിയ പേരു് Double Bond എന്നാ​ണു്. അതു് അന്വർ​ത്ഥം തന്നെ. ലേ​വി​യു​ടെ തു​റ​ന്ന ജീ​വി​ത​ത്തി​ന്റെ നാ​നാ​വ​ശ​ങ്ങൾ അവർ ആവി​ഷ്ക​രി​ക്കു​ന്നു. അതേ സമയം ആ ജീ​വി​ത​ത്തിൽ മറ​ഞ്ഞി​രി​ക്കു​ന്ന ആന്ത​ര​ജീ​വി​ത​വും അവർ ആലേ​ഖ​നം ചെ​യ്യു​ന്നു. ഈ രണ്ടാ​മ​ത്തെ ജീ​വി​തം വി​ശ്വാ​സ്യ​മാ​യി പ്ര​തി​പാ​ദി​ക്കാൻ കഴി​ഞ്ഞു എന്ന​തി​ലാ​ണു് ഈ ജീ​വ​ച​രി​ത്ര​ത്തി​ന്റെ മഹ​ത്വ​മി​രി​ക്കു​ന്ന​തു്. ഗോ​പു​രം പോ​ലെ​യു​ള്ള പു​ഷ്പ​ങ്ങ​ളാ​ണു് ലേ​വി​യു​ടെ കൃ​തി​കൾ. അവ​യു​ടെ കർ​ത്താ​വു് ഗോ​പു​ര​ത്തി​ന്റെ ഔന്നി​ത്യ​മാർ​ജ്ജി​ച്ചു് നി​ല്ക്കു​ന്ന​തു കാണാൻ ആഗ്ര​ഹ​മു​ള്ള​വർ ഈ ജീ​വ​ച​രി​ത്രം വാ​യി​ക്ക​ണം.

ആഭാ​സ​ത്ത​രം

ഇറ്റ​ലി​യി​ലെ കു​പ്ര​സി​ദ്ധ​നായ സ്ത്രീ​ജി​തൻ ജോ​വാ​ന്നീ യാ​കോ​പോ കാ​സാ​നോവ (Giovanni Japcopo Casanova 1725–98) ആത്മ​ക​ഥ​യിൽ പറ​ഞ്ഞു: “I saw, as so many times before that when the lamp is taken away all women are alike” (വി​ള​ക്കെ​ടു​ത്തു മാ​റ്റി​യാൽ എല്ലാ സ്ത്രീ​ക​ളും ഒരു​പോ​ലെ എന്നു് ഞാൻ പലതവണ മന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടു്) വി​ള​ക്കു​ണ്ടെ​ങ്കി​ലും ഇല്ലെ​ങ്കി​ലും അശ്ലീ​ല​ര​ച​ന​കൾ എപ്പോ​ഴും ഒരേ രീ​തി​യി​ലി​രി​ക്കും. Pornography-​യുടെ സ്വ​ഭാ​വം മന​സ്സി​ലാ​ക്കാ​നാ​യി ഞാൻ ആ വി​ഭാ​ഗ​ത്തിൽ പെ​ടു​ന്ന ഒരു​പാ​ടു് കൃ​തി​കൾ വാ​യി​ച്ചി​ട്ടു​ണ്ടു്. ഒന്നും വേ​റൊ​ന്നിൽ നി​ന്നു വി​ഭി​ന്ന​മാ​യി കണ്ടി​ട്ടി​ല്ല. സി. എസ്. ചന്ദ്രി​ക​യു​ടെ “പ്രെ​ണോ​യ് ” എന്ന കഥ (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പു്) അശ്ലീ​ല​ര​ചന എന്ന വി​ഭാ​ഗ​ത്തിൽ പെ​ടു​ന്നു. ഒന്നേ വ്യ​ത്യാ​സ​മാ​യു​ള്ളു. പടി​ഞ്ഞാ​റൻ അശ്ലീ​ല​ര​ച​യി​താ​ക്കൾ ബു​ദ്ധി​സാ​മർ​ത്ഥ്യം കൊ​ണ്ടു് രച​ന​യ്ക്കു് ഉജ്ജ്വ​ലത നല്കും. ചന്ദ്രി​ക​യു​ടെ ‘ഒബ്സീ​നി​റ്റി​യിൽ ധിഷണ നല്കു​ന്ന ചാ​രു​ത​യി​ല്ല. പച്ച​വെ​ള്ളം കു​ടി​ച്ചാൽ, ഉമി​ക്ക​രി ചവ​ച്ചാൽ എങ്ങ​നെ​യി​രി​ക്കും? എങ്ങ​നെ​യി​രി​ക്കു​മോ അങ്ങ​നെ​ത​ന്നെ​യി​രി​ക്കു​ന്നു ഇക്കഥ. ആഴ്ച​പ്പ​തി​പ്പി​ന്റെ 37-ആം പു​റ​ത്തു് മദനൻ വരച്ച ചി​ത്ര​മു​ണ്ടു്. സ്റ്റോ​പീ​ജി​യ​യു​ള്ള സ്ത്രീ (Steatopygia = abnormal accumulation of fat on the buttocks) പു​രു​ഷ​ന്റെ ശരീ​ര​ത്തോ​ടു് ഒട്ടി​ക്കി​ട​ക്കു​ന്നു. അവ​ളു​ടെ നെ​ഞ്ചു് അവ​ന്റെ വയ​റ്റി​ല​മർ​ത്തി​യി​രി​ക്കു​ന്നു. കഥ​യ്ക്കു് ആക്കം കൂ​ട്ടു​ന്നു മദ​ന​ന്റെ ഈ അശ്ലീ​ല​ചി​ത്രം. ചന്ദ്ര​നും ജാ​ന​കി​യും കഥ​യി​ലെ പാ​ത്ര​ങ്ങൾ. ചന്ദ്രൻ ഭർ​ത്താ​വു്. ജാനകി ഭാര്യ. സ്ത്രീ​സ​ഹ​ജ​മായ അസൂ​യ​യും സം​ശ​യ​വും കൂടിയ സ്ത്രീ​യാ​ണു് ജാനകി. അവ​രു​ടെ വേ​ഴ്ച​യെ അനു​വാ​ച​ക​ന്റെ കാ​മാ​സ​ക്തി​യെ വളർ​ത്തു​മാ​റു്. കഥാ​കാ​രി വർ​ണ്ണി​ക്കു​ന്നു​ണ്ടു്. ജാനകി ഷവ​റി​ന്റെ താഴെ പരി​പൂർ​ണ്ണ നഗ്ന​യാ​യി കു​ളി​ക്കു​ന്നു. അപ്പോ​ഴാ​ണു് ഭർ​ത്താ​വു് എന്ന ഏഭ്യ​ന്റെ വരവു്. അയാളെ അവൾ ക്ഷ​ണി​ച്ചു. പരി​പൂർ​ണ്ണ നഗ്ന​നാ​യി അയാ​ളും ജല​ധാ​ര​യു​ടെ ഉള്ളിൽ നി​ന്ന​ത്രേ. അവർ അവിടെ നി​ന്നു് ദശാ​വ​താ​ര​ങ്ങൾ ആടി പോലും. നി​ത്യ​ജീ​വി​ത​ത്തി​ലോ കലാ​ലോ​ക​ത്തോ സം​ഭ​വി​ക്കാൻ ഇട​യി​ല്ലാ​ത്ത ഈ ‘നഗ്ന​സ്നാ​നം’ മീശ മു​ള​യ്ക്കാ​ത്ത ആൺ​പി​ള്ളാ​രെ​യും പ്ര​ഥ​മാർ​ത്ത​വം ആകാ​ത്ത പെൺ​പി​ള്ളേ​രെ​യും രസി​പ്പി​ക്കും. വി​വേ​ക​മു​ള്ള, സം​സ്ക്കാ​ര​മു​ള്ള ഓരോ വാ​യ​ന​ക്കാ​ര​നും ഇതു വാ​യി​ച്ചു് “ഛേ” എന്നാ​ട്ടു​ക​യേ​യു​ള്ളു. ജാനകി ദി​ല്ലി​യിൽ പോ​കു​ന്നു നാടകം പഠി​ക്കാ​നാ​യി അവിടെ ഒരു ഡോ​ക്ട​റെ​ക്ക​ണ്ടു് അനി​യ​ത​വി​കാ​ര​ത്തിൽ നീ​ന്തി​ത്തു​ടി​ക്കു​ന്നു.

കഥ​യെ​ന്നാൽ എന്തെ​ന്നു് സി. എസ്. ചന്ദ്രി​ക​യ്ക്കു അറി​ഞ്ഞു​കൂ​ടാ. ഒബ്സീ​നി​റ്റി രച​ന​ക​ളിൽ കൊ​ണ്ടു​വ​രാൻ മാ​ത്ര​മ​റി​യാം. നമ്മു​ടെ സം​സ്കാ​ര​ലോ​പ​ത്തെ കാ​ണി​ക്കു​ന്നു. ഈ അസ​ഭ്യ​മായ കഥ. ആഭാ​സ​ത്ത​ര​മാ​ണി​തു്.

കാ​മാ​സ​ക്തി

ചങ്ങ​മ്പു​ഴ​യു​ടെ ‘വാ​ഴ​ക്കുല’ എന്ന കാ​വ്യ​ത്തി​ലും കു​മാ​ര​നാ​ശാ​ന്റെ ‘ദു​ര​വ​സ്ഥ’ എന്ന കാ​വ്യ​ത്തി​ലും സാ​മൂ​ഹി​കാം​ശ​ങ്ങൾ പരി​വർ​ത്ത​ന​മൊ​ന്നും കൂ​ടാ​തെ നി​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. അതി​നാൽ വി​ശു​ദ്ധ​മായ കല​യ​ല്ല രണ്ടും.

അനി​യ​സ് നിൻ (Anais Nin, 1903–1977) എന്ന അമേ​രി​ക്കൻ എഴു​ത്തു​കാ​രി റോഡിൽ വച്ചോ ഭക്ഷ​ണ​ശാ​ല​യിൽ വച്ചോ വണ്ണം കൂടിയ തൊ​ഴി​ലാ​ളി​ക​ളെ കണ്ടാൽ കാ​മ​വി​വ​ശ​യാ​കും. അവർ പറ​യു​ന്നു: “The female in me trembles and is fascinated. A desire to feel the brutality of a man, the force which can violate. To be violated is perhaps a need in women, a secret erotic need” (നി​നി​ന്റെ ഡയ​റി​യിൽ നി​ന്നു്) നി​യ​ത​മായ മാ​ന​സി​കാ​വ​സ്ഥ​യു​ള്ള ഒരു സ്ത്രീ​യും പു​രു​ഷൻ ബലാ​ത്കാര വേഴ്ച നട​ത്ത​ണ​മെ​ന്നു് ആഗ്ര​ഹി​ക്കി​ല്ല. ആഗ്ര​ഹ​മ​ല്ല ആ വി​ചാ​രം പോലും അവർ​ക്കു​ണ്ടാ​കി​ല്ല. ആഭാ​സ​ജീ​വി​തം നയി​ച്ച നി​നി​നു് ഇതു തോ​ന്നും. ആ തോ​ന്ന​ലി​നു് സാ​മാ​ന്യ​ക​ര​ണം നല്കി​യ​തു് ശരി​യാ​യി​ല്ല. തന്നെ​പ്പോ​ലെ​യാ​ണു് മറ്റു സ്ത്രീ​ക​ളും എന്ന വി​ചാ​ര​മാ​ണു് ഈ പ്ര​സ്താ​വ​ത്തി​നു് ആസ്പ​ദം.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-07-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 8, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.