സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-07-19-ൽ പ്രസിദ്ധീകരിച്ചതു്)

സെർബിയൻ കവി വസ്കോ പോപ യുടെ (Vasco Popa, 1922–1991) ഒരു കൊച്ചു കവിതയുടെ തർജ്ജമ:

“നിന്റെ കടാക്ഷങ്ങളുടെ തെരുവുകൾക്കു് അവസാനമില്ല

നിന്റെ കണ്ണുകളിൽ നിന്നുള്ള മീവൽപ്പക്ഷികൾ

തെക്കോട്ടേക്കു ദേശാന്തരഗമനം നടത്തുന്നില്ല

നിന്റെ മുലകളിലെ അസ്പൻ മരങ്ങളിൽ നിന്നു്

ഇലകൾ വീഴുന്നില്ല

നിന്റെ വാക്കുകളാകുന്ന സ്വർഗ്ഗത്തിൽ

സൂര്യൻ അസ്തമിക്കുന്നില്ല”

images/Vasko_Popa.jpg
വസ്കോ പോപ

പ്രേമകവിതയാണു് ഇതെങ്കിലും വാക്കുകളാകുന്ന സ്വർഗ്ഗത്തിൽ സൂര്യൻ അസ്തമിക്കുന്നില്ല എന്ന പ്രസ്താവത്തിൽ ഭാഷയുടെ സവിശേഷത കൂടി പോപ ചൂണ്ടിക്കാണിക്കുന്നുണ്ടു്. വാക്കുകൾക്കു യാഥാതഥ്യത്തെ സുശക്തമായി ആവിഷ്കരിക്കാനാവുമെന്നു് വിശ്വസിച്ച കവിയാണു് പോപ. (യുഗോസ്ലാവിയയിലെ മഹാനായ സാഹിത്യകാരൻ David Albahari-യുടെ അത്യുജ്ജ്വലമായ കഥാസമാഹാരത്തിനു് തദനന്തര പ്രബന്ധമെഴുതിയ Torrislav Longinovic-ന്റെ ഒരാശയത്തോടു് സാദൃശ്യമുണ്ടു് ഇതിനു്.) പോപയുടെ അനന്തരഗാമിയാണു് മഹായശസ്സാർജ്ജിച്ച ദാനീലോകീഷ് എന്ന യുഗോസ്ലാവ്യൻ സാഹിത്യകാരൻ. കീഷിന്റെ പിന്തുടർച്ചക്കാരൻ ആൽബഹാരിയും. ഇവർ മൂന്നുപേരും യാഥാതഥ്യവും വാക്കുകളും തമ്മിലുള്ള സുദൃഢബന്ധത്തിന്റെ ഉദ്ഘോഷകരാണു്. അവരുടെ ഈ സാഹിത്യചിന്തയെ linguistic realism എന്നു പറയുന്നു. എന്റെ വീട്ടിനടുത്തു് അമ്പലമുണ്ടു്. അവിടെ വർഷംതോറും ഉത്സവവും. അതൊന്നും ഞാൻ കാണാറില്ല. എങ്കിലും എഴുന്നള്ളിപ്പിനെക്കുറിച്ചു് ഞാൻ വർണ്ണനം എഴുതിയാൽ അവ തമ്മിൽ അദ്ഭുതാവഹമായ സാദൃശ്യം കാണും. വാക്കുകളുടെ ശക്തിയാണു് ഈ സാദൃശ്യത്തിനു കാരണം. അതുപോലെ വാക്കുകൾകൊണ്ടു് യാഥാതഥ്യത്തെ അന്യാദൃശമായ രീതിയിൽ ആലേഖനം ചെയ്യുന്നു ആൽബഹാരിയും. അദ്ദേഹത്തിന്റെ “ജറുസലം” എന്ന കഥ നോക്കുക.

images/David_Albahari.jpg
ആൽബഹാരി

“എനിക്കു പതിനൊന്നു വയസ്സ് ഉണ്ടായിരുന്നപ്പോഴാണു് ആദ്യമായി ‘ജറുസലം’ എന്നു പറഞ്ഞതു്. ഭക്ഷണം കഴിക്കാനുള്ള വലിയ മുറിയിലെ മേശയ്ക്കു ചുറ്റുമിരുന്നു് ഞങ്ങൾ അച്ഛന്റെ ചൂണ്ടുവിരൽ ബാൽക്കൻസ് ചിത്രത്തിലൂടെ നീങ്ങുന്നതു കാണുകയായിരുന്നു. ബെൽ ഗ്രാദ്, നിഷ് (Nis), സ്കൊപ്യെ (Skopie) എന്നൊക്കെ പറഞ്ഞിട്ടു് അച്ഛൻ അവ വാസ്തവികങ്ങളാണെന്ന മട്ടിൽ അതിർത്തിയിൽ നിന്നു് ചൂണ്ടുവിരൽ എടുത്തു. സലാനിക (Salonika), ഏതൻസ്, പൈറിയസ് (Piraeus) എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂണ്ടുവിരലിന്റെ അറ്റംകൊണ്ടു് പൈറിയസിനെ തട്ടിക്കൊണ്ടു് അദ്ദേഹം പറഞ്ഞു. “ഇവിടെ നിന്നു നമ്മൾ കപ്പലിൽ കയറും. പിന്നീടു്…” അമ്മയെയും എന്റെ സഹോദരിയെയും സൂക്ഷിച്ചു നോക്കിക്കൊണ്ടു് അദ്ദേഹം ഉദ്ഘോഷിച്ചു “ഈശ്വരൻ അനുഗ്രഹിച്ചാൽ നമ്മൾ ജറുസലം കാണും.” അവസാനത്തെ വാക്കു് ഉടുപ്പെന്ന രീതിയിൽ എന്നെ പൊതിഞ്ഞു. ആ വാക്കു് ആവർത്തിക്കണമെന്നു് എനിക്കു തോന്നി. ഞാൻ പറഞ്ഞു: “ജറുസലം”. അതിനിടയ്ക്കു അച്ഛന്റെ മുഖം വികൃതമായി. തകർന്നു. കൈകളിൽ ചാരിക്കൊണ്ടു്—ശരീരത്തിന്റെ ഭാരംകൊണ്ടു് അവ വെളുത്തു—അദ്ദേഹം കരഞ്ഞു.” ഇതാണു് ഭാഷാപരമായ യാഥാതഥ്യം. ജറുസലം അച്ഛനും അമ്മയും മക്കളും കണ്ടിട്ടില്ല പക്ഷേ, അച്ഛന്റെ കണ്ണീരൊഴുകത്തക്കവിധത്തിൽ അതിനു് യാഥാതഥ്യം വരുന്നു. പദങ്ങളുടെ മാന്ത്രികത്വം!

“രേഖകൾ പരിശോധിച്ചാൾ അച്ഛൻ രണ്ടോ മൂന്നോ മാസത്തിനകം മരിച്ചുവെന്നു തോന്നും. ഓർമ്മയെ അവലംബിച്ചു് നോക്കിയാൽ അദ്ദേഹത്തിന്റെ മരണം വിദൂരതയിൽ നിന്നു വന്നെന്ന പ്രതീതി; മന്ദഗതിയിലുള്ള കുതിരയുടെ പുറത്തു കയറി വരുന്നവനെപ്പോലെ. കഥ പറയുന്നതുപോലെയുള്ള സങ്കീർണ്ണഘടനകൾ പ്രയോഗിച്ചു് മരണം പോലെയുള്ള അസങ്കീർണ്ണമായ കാര്യങ്ങൾ ദുർബ്ബലപ്പെടുത്താമെന്നതുകൊണ്ടാണു് ഞാനിതു പറയുന്നതു്. ലാളിത്യമെന്നതു് ഏതു സങ്കീർണ്ണതയെക്കാളും ചുരുളുകൾ ഉള്ളതാണെന്നു് ഞാൻ നേരത്തേ മനസ്സിലാക്കേണ്ടിയിരുന്നു. ഒരേ നദിയുടെ കരയിലുള്ള രണ്ടു പട്ടണങ്ങളെ കൂട്ടിച്ചേർക്കുന്ന നേർവരയ്ക്കുള്ള പിരിവോ വക്രതയോ ഒരു നൂലാമാലയ്ക്കും (labyrinth) ഇല്ല.”

“അച്ഛൻ മരിച്ചു. ഞാൻ ജറുസലമിൽ പതിവായി പോയി. വെള്ളച്ചുമരുകളുള്ള പള്ളിയിൽ പോകുമായിരുന്നു ഞാൻ. അൾത്താരയ്ക്കു മുകളിൽ യേശുവിന്റെ രൂപം. അവിടെ ഇരുണ്ട ഒരു വൃത്തം.

ആ രാത്രിയിൽ അച്ഛനു് മസ്തിഷ്കാഘാതം. അച്ഛന്റെ കിടക്കവിരിപ്പു് പറക്കുന്ന പരവതാനിപോലെ അന്തരീക്ഷത്തിൽ. രാത്രിയിലേക്കു നേരേ, ജറുസലമിലേക്കു നേരേ, ആ പരവതാനിയിൽ കയറി പറന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നെനിക്കു തോന്നി. ഔന്നത്യങ്ങളിൽ നിന്നു് ജറുസലമിനെ കാണാൻ എനിക്കെപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ബൽഗ്രാദിലെ ഒരാതുരാലയത്തിൽ വച്ചു് അച്ഛൻ മരിച്ചു. എനിക്കു ഭയജനകമായ വിധത്തിൽ കനക്കുറവു വന്നു. പറക്കുമെന്നു് തോന്നി എനിക്കു്. ആരോ ഫോണിൽ വിളിച്ചുപറഞ്ഞു അദ്ദേഹം മരിച്ചെന്നു്. വാക്കുകൾക്കു് അതോടെ കഴമ്പില്ലായ്മ വരികയും ചെയ്തു.”

പ്രമേയവും ഇതിവൃത്തവും ഹൃദയവും രക്തപ്രവാഹവും പോലെ ഏകകാലികമായില്ലെങ്കിൽ അതിനെ കലാഭാസമായേ—സ്യൂഡോ ആർടായേ—പരിഗണിക്കാനാവൂ.

ഈ സംഗ്രഹത്തിന്റെ അവസാനത്തെ വാക്യത്തിൽ വായനക്കാർ മനസ്സിരുത്തണമെന്നു് എന്റെ അഭ്യർത്ഥന. വാക്കുകൾ കൊണ്ടു് കഥാകാരൻ ജറുസലമിനെയും പിതാവിനെയും സൃഷ്ടിക്കുന്നു. പിതാവു് മരിക്കുമ്പോൾ ആ വാക്കുകൾതന്നെ pointless ആയി—കഴമ്പില്ലാത്തവയായി—മാറുന്നു. ഭാഷ വാക്കുകൾ കൊണ്ടു യാഥാതഥ്യത്തെ സൃഷ്ടിക്കുന്നു. അതു അപ്രത്യക്ഷമാകുമ്പോൾ വാക്കുകളും നിഷ്പ്രയോജനങ്ങളായി മാറുന്നു. സത്യമെന്നതു് വിശ്വാസ്യതയാണു്. ഈ സത്യത്തെ അല്ലെങ്കിൽ വിശ്വാസ്യതയെ കഥാകാരൻ വാക്കുകൾ കൊണ്ടു് സൃഷ്ടിക്കുന്നു. ഒടുവിൽ സത്യം അപ്രത്യക്ഷമാകുമ്പോൾ വാക്കുകളും മറയുന്നു.

പ്രിയപ്പെട്ട വായനക്കാരേ, ഇമ്മട്ടിലാണു് പടിഞ്ഞാറുള്ളവർ സാഹിത്യം സൃഷ്ടിക്കുന്നതു്. ഷൗവറിന്റെ താഴെ നഗ്നയായി നില്ക്കുന്ന പെണ്ണിനെയും അവളോടൊത്തു കുളിക്കുന്ന നഗ്നനായ ആണിനെയും അവർ നടത്തുന്ന സംഭോഗത്തെയും നമുക്കു് ഇവിടെയുള്ള എഴുത്തുകാരികൾ കാണിച്ചു തരുമ്പോൾ പടിഞ്ഞാറുള്ള പ്രതിഭാശാലികൾ നമ്മളെ ഉദാത്തമണ്ഡലങ്ങളിൽ കൊണ്ടു ചെല്ലുന്നു. നമ്മുടെ കഥകൾ അശ്ലീലത കൊണ്ടു് വായനക്കാർക്കു മനംമറിപ്പു് ഉണ്ടാക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: അക്ഷരം പഠിച്ചവർ വരുത്താത്ത തെറ്റുകൾ സാങ്കല്പികമായി എഴുതിച്ചേർത്തു് അവയെ തിരുത്തിക്കാണിക്കുന്ന ചില വൈയാകരണന്മാരെക്കുറിച്ചു് നിങ്ങളെന്തു പറയുന്നു?

ഉത്തരം: എനിക്കൊന്നും പറയാനില്ല. ഒരു ഫ്രഞ്ചെഴുത്തുകാരൻ പറഞ്ഞതു് ഞാൻ ഓർമ്മിക്കും അത്തരം ലേഖനങ്ങൾ കാണുമ്പോൾ. രണ്ടു കോളേജ് അധ്യാപകർ റോഡിലൂടെ പോകുകയായിരുന്നു. ഒരുമിച്ചല്ല. അര ഫർലോങ് ദൂരമുണ്ടു്. ഒരധ്യാപകനും മറ്റേ അധ്യാപകനും തമ്മിൽ. ആദ്യം പോയ അധ്യാപകനോടു് വഴിയിൽ നിന്ന ഒരു സുഹൃത്തു ചോദിച്ചു: ‘താങ്കളുടെ പിറകേ വരുന്ന ആ ജന്റിൽമാൻ ആരു്?’ അധ്യാപകൻ മറുപടി നല്കി. ‘അയാൾ ജന്റിൽമാൻ ഒന്നുമല്ല, വ്യാകരണ പണ്ഡിതനാണു്.’

ചോദ്യം: ആനന്ദിന്റെ നോവലുകൾ അർത്ഥസാന്ദ്രങ്ങളല്ലേ?

ഉത്തരം: ധൈഷണികത്വത്തിനു് അതിപ്രസരം വരുത്തി അദ്ദേഹം ആശയങ്ങൾക്കു മൂല്യശോഷണം—devaluation—വരുത്തുന്നു. ധൈഷണികത്വം വളരെക്കൂടിയ ഉമ്പർടോ എകോ യുടെ നോവലുകൾക്കു് ഈ ന്യൂനത ഇല്ലതാനും.

ചോദ്യം: സ്നേഹിതൻ മന്ത്രിയായാൽ?

ഉത്തരം: ആ സ്നേഹിതൻ സ്നേഹിതനല്ലാതാവും.

ചോദ്യം: നിങ്ങൾ തിരുവനന്തപുരത്തുകാരുടെ പ്രത്യേകത എന്തു്?

ഉത്തരം: ഞങ്ങൾക്കു അടുത്ത വീട്ടുകാരെ ഉപദ്രവിക്കുന്നതാണു് ജോലി. ഒരയൽവീട്ടുകാരനെയെങ്കിലും ദ്രോഹിച്ചില്ലെങ്കിൽ തിരുവനന്തപുരത്തുകാരനു് അന്നു രാത്രി ഉറക്കം വരില്ല.

ചോദ്യം: നമ്മുടെ വർത്തമാനപ്പത്രങ്ങളെക്കുറിച്ചു് എന്താണഭിപ്രായം?

ഉത്തരം: വാർത്തകൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയല്ല നമ്മുടെ ദിനപത്രങ്ങൾ. കർണ്ണരന്ധ്രം പിളർന്നുപോകാത്തക്കവിധത്തിൽ ‘ഷ്രീക്ക് (Shriek)’ ചെയ്യുകയാണു് അവ.

ചോദ്യം: ഗ്രന്ഥകാരന്മാർ നിങ്ങളെക്കാണുമ്പോൾ ചിരിക്കാറുണ്ടോ?

ഉത്തരം: ഉണ്ടു്. അവർ ചിരിക്കാതിരിക്കണം എന്ന ആഗ്രഹമേ എനിക്കുള്ളു. അവരുടെ ചിരി അവരുടെ ഗ്രന്ഥങ്ങളുടെ നിരൂപണത്തിൽ എത്തും. അവ വായിക്കാനോ അവയെക്കുറിച്ചു് എഴുതാനോ എനിക്കു് സമയമില്ല. സമയം കണ്ടെത്തിയാൽ ഈ കോളം മുടങ്ങും.

ചോദ്യം: നന്മ ആപത്തിലെത്തുമോ?

ഉത്തരം: എനിക്കു മഴ നനയുന്നതു് ഇഷ്ടമാണു്. പക്ഷേ, ഈ പ്രായത്തിൽ നനഞ്ഞാൽ ന്യൂമോണിയ വരും തൈക്കാട്ടേക്കു് അന്ത്യയാത്ര നടത്തേണ്ടതായി വരും. നന്മ മരണത്തിൽ കലാശിക്കുമെന്നതുകൊണ്ടു് എപ്പോഴും നന്മയെ ആദരിക്കുരുതു് അസംസ്കൃതമായ വികാരത്തിന്റെ ബഹിഃപ്രകാശനം കലയാവില്ല. ‘നിങ്ങളുടെ സ്നേഹിതൻ കാറ് തട്ടി മരിച്ചുപോയി’ എന്നു് ആരെങ്കിലും എന്നോടു പറഞ്ഞാൽ കലാപ്രക്രിയ നടക്കുന്നില്ല. വികാരം ജീവിതാവബോധം ഉളവാകുമാറ് ആവിഷ്കരിക്കപ്പെടുമ്പോൾ മാത്രമേ കലയുടെ പ്രവർത്തനം നടക്കു. അഖിലന്റെ ‘ഇതൾ തെറ്റിയ പൈങ്കിളി’ എന്ന കഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) അസംസ്കൃതമായ വികാരം പോലുമില്ല. ‘പിന്നല്ലേ’ ജീവിതാവബോധം. വാക്കും അർത്ഥവും പോലെ ശരീരവും മനസ്സും പോലെ പ്രമേയവും ഇതിവൃത്തവും ഒരുമിച്ചു ചേരണം ചെറുകഥയിൽ. ആധുനികമാവട്ടെ കലാസൃഷ്ടി അല്ലെങ്കിൽ ഉത്തരാധുനികമാവട്ടെ അതു്. പ്രമേയവും ഇതിവൃത്തവും ഹൃദയവും രക്തപ്രവാഹവും പോലെ ഏകകാലികമായില്ലെങ്കിൽ അതിനെ കലാഭാസമായേ—സ്യൂഡോ ആർടായേ—പരിഗണിക്കാനാവൂ. അഖിലന്റെ രചന സ്യൂഡോ ആർടാണു്. അതു വായിക്കുന്നവൻ വൈരസ്യത്തിൽ പതിക്കും. ഇതുപോലെയുള്ള പരമ ബോറൻ കഥകൾ വായിച്ചു് ഞാൻ മരണത്തിലേക്കു കൂടുതൽ വേഗത്തിൽ അടുക്കുന്നു. കപടസാഹിത്യത്തിനു് മാരകസ്വഭാവമുണ്ടു്. കഥയെഴുതുന്നവൻ—സ്യൂഡോ ആർട് നിർമ്മിക്കുന്നവർ—ലേശം കരുണ കാണിക്കണം വായനക്കാരോടു്.

ഭാവനയില്ല

കുട്ടിക്കൃഷ്ണമാരാർ മല്ലിനാഥന്റെ വ്യാഖ്യാനങ്ങൾ മലയാള ലിപിയിലാക്കിയ ആളെന്നതിൽ ക്കവിഞ്ഞു് ആരുമല്ല. സംസ്കൃതത്തിലും പരിനിഷ്ഠിതമായ അറിവു് അദ്ദേഹത്തിനില്ലായിരുന്നു.

ഇവിടെയെങ്ങുമല്ല, അങ്ങു് ദൂരെ. ദൂരെയെന്നു പറഞ്ഞാലോ? വളരെ ദൂരെ. ദൂരത സ്ഥലത്തെസ്സംബന്ധിക്കുന്നതു മാത്രമല്ല, കാലത്തിന്റെ ദൂരതയുമുണ്ടു്. (ദൂരം എന്നേ ആകാവൂ ദൂരത തെറ്റാണെന്നു് മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രികൾ എന്നോടു പറഞ്ഞു. ‘ഈ വിദർഭവിഷയമെന്നാൽ എനിക്കെന്തു് ദൂരത’ എന്നു ഉണ്ണായിവാരിയർ പ്രയോഗിച്ചിട്ടുണ്ടല്ലോ സാർ എന്നു ഞാൻ മറുപടി നല്കി. സാറ് പിന്നീടൊന്നും പറഞ്ഞില്ല.) അക്കാലത്തു് ഞാൻ താമസിച്ച വീട്ടിന്റെ അടുത്തു മാന്യനായ ഒരുദ്യോഗസ്ഥൻ പാർത്തിരുന്നു. അദ്ദേഹത്തിന്റെ രണ്ടാൺമക്കൾ—കൊച്ചുകുട്ടികൾ—കാലത്തു് കളിക്കാനിറങ്ങും റോഡിലേക്കു് കളി എന്താണെന്നോ? എവിടെ നിന്നെങ്കിലും പൂച്ചക്കുട്ടികളെ പിടിച്ചുകൊണ്ടുവരും ആ പിള്ളേർ. പൂച്ചക്കുട്ടികളെ കഴുത്തിൽ കയറുകെട്ടി റോഡിന്റെ ഒരു വശത്തു ഒഴുകുന്ന വലിയ തോട്ടിൽ താഴ്ത്തും അവ ശ്വാസം മുട്ടി മരിക്കുന്നതു കാണാൻ അവർക്കു രസം. ഇങ്ങനെ ദിവസവും പൂച്ചക്കുട്ടികളെ കൊല്ലുന്നതുകണ്ടു് ഞാൻ അവരോടു് അതരുതു് എന്നു പറഞ്ഞു ഫലമില്ല. പിള്ളേരുടെ തന്തയോടു പറഞ്ഞു അതും ഫലപ്പെട്ടില്ല. തന്തയും മക്കളും അനുഭവിച്ചുകൊള്ളും എന്നു മനസ്സിൽപ്പറഞ്ഞു് ഞാൻ ആശ്വസിച്ചു. വർഷങ്ങൾ കഴിഞ്ഞു മൂത്ത പയ്യൻ എഞ്ചിനിയറായി. ഇളയവൻ ഡോക്ടർ. രണ്ടുപേരെയും ഞാൻ കണ്ടു. അഭിനന്ദനവചനങ്ങൾ പറഞ്ഞിട്ടു് “ഇപ്പോഴും പൂച്ചക്കുട്ടികളെ പുഴയിൽ മുക്കി ശ്വാസംമുട്ടിച്ചു കൊല്ലാറുണ്ടോ നിങ്ങൾ?” എന്നു ഞാൻ ചിരിച്ചുകൊണ്ടു് അവരോടു ചോദിച്ചു. ആകൃതിസൗഭഗമാർന്ന ആ രണ്ടു യുവാക്കന്മാരും വിനയപൂർവ്വം ചിരിച്ചു, സി. എസ്. ചന്ദ്രിക ‘മാധ്യമം’ വാരികയിലെഴുതിയ ‘അമ്മ’ എന്ന കഥാരാക്ഷസീയത വായിച്ചപ്പോൾ ഞാൻ ആ കുട്ടികളുടെ ദീപ്താക്ഷ ശാബകവധത്തെക്കുറിച്ചു് ഓർമ്മിച്ചുപോയി. (ദീപ്താക്ഷം = പൂച്ച, ശാബകം = അതിന്റെ കുട്ടി) കഥാമാർജ്ജാരസന്തതിയെ പിടികൂടുന്നു ചന്ദ്രിക. അതിന്റെ കഴുത്തിൽ കയർകെട്ടി മാധ്യമസ്രോതസ്വിനിയിൽ മുക്കുന്നു. അതു ശ്വാസംമുട്ടി മരിക്കുന്നതു കണ്ടു രസിക്കുന്നു. സങ്കീർണ്ണതയുള്ള ഒരു കുടുംബത്തെയാണു് ചന്ദ്രിക ചിത്രീകരിക്കുന്നതു്. ഒരമ്മ അവരുടെ മക്കൾ, മരുമക്കൾ. ഇവരെക്കൊണ്ടു് സംസാരിപ്പിക്കുന്നു. പ്രവർത്തിപ്പിക്കുന്നു. എന്തിനു്? ഉത്തരം ആർക്കും പറയാൻ കഴിയില്ല. ചന്ദ്രികയ്ക്കും കഴിയില്ല. കാരണം ഗാർഹിക സംഭവങ്ങളെ അതേപടി പകർത്തിവയ്ക്കുകയാണു് എഴുത്തുകാരി എന്നതത്രേ. നാടകം നടക്കുന്നിടത്തു് പ്രേക്ഷകനിരിക്കാൻ കസേരയിട്ടിട്ടിണ്ടു്. ആ കസേരയ്ക്കു സവിശേഷതയില്ല എന്നാൽ അതെടുത്തു് നാടകവേദിയിൽ ഇട്ടാൽ കസേരയുടെ സ്വഭാവം മാറും. അതപ്പോൾ theatrical chair ആയി മാറും. (പേറ്റർ ഹന്റ്കേയുടെ ആശയം) എത്രയോ പൂക്കൾ താഴെവീണു കിടക്കുന്നു അവ മണ്ണടിഞ്ഞുപോകും. അവയിൽ ഒരു പൂവെടുത്തു കുമാരനാശാൻ കവിതയിൽ പ്രതിഷ്ഠിച്ചപ്പോൾ അതു കാലത്തിനു ഹനിക്കാൻ വയ്യാത്തതായി. അതുപോലെ ഏതു ക്ഷുദ്രവസ്തുവിനും കലാലോകത്തു് ചിരസ്ഥായിത്വം ഉണ്ടാകും. ഒരു കരിങ്കൽക്കഷണത്തിനുപോലും ശാശ്വത സ്വഭാവമുണ്ടാക്കാം കലയിൽ. പ്രതിഭ വേണം ആ മാറ്റം വരുത്താൻ. സി. എസ്. ചന്ദ്രികയ്ക്കു ഇല്ലാത്തതു് അതാണു്. ശ്രീമതി ബ്ലോട്ടിങ് പേപ്പർ കൊണ്ടു് മഷി കൂടുതലായിപ്പോയ അക്ഷരങ്ങളെ ഒപ്പിയെടുക്കുന്നതുപോലെ ഒരു കുടുംബത്തിലെ കാര്യങ്ങൾ ഒപ്പിയെടുത്തു നമ്മുടെ മുൻപിൽ വയ്ക്കുന്നു. ഭാവനാത്മകമായ രചനയല്ല ചന്ദ്രികയുടേതു്. ശ്രീമതി എത്ര യത്നിച്ചാലും അതിൽ വിജയം പ്രാപിക്കുമെന്നു തോന്നുന്നുമില്ല.

നിരീക്ഷണങ്ങൾ
images/Umberto_Eco.jpg
ഉമ്പർടോ എകോ

വിവേകമുള്ള ഒരു നിരൂപകൻ (അദ്ദേഹം ഒരു സർക്കാർ കോളേജിലെ ഇംഗ്ലീഷധ്യാപകനാണു്) എന്നോടു റ്റെലിഫോണിൽ പറഞ്ഞു: “നമ്മുടെ നിരൂപകർക്കു മനസ്സിന്റെ വിശാലതയില്ല”. നിത്യജീവിതത്തിലെ വിശാലതയല്ല അദ്ദേഹം ലക്ഷ്യമാക്കിയതു്. സാഹിത്യത്തിലേതാണു്. അദ്ദേഹത്തിന്റെ ധർമ്മരോഷം കലർന്ന ശബ്ദം റ്റെലിഫോൺ കമ്പിയിലൂടെ എന്റെ ശ്രോത്രങ്ങളിൽ വീണു. അതു് ആന്തരശ്രോത്രവും കേട്ടു “ഡോക്‍ടർ ലീലാവതിയെ നോക്കൂ. എപ്പോഴും കുട്ടിക്കൃഷ്ണമാരാർ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. മനസ്സിനു് ഒരു വികാസവുമില്ല” ശരിയാണു് അദ്ദേഹം പറഞ്ഞതു്. ഏതു പറട്ടക്കവിതയ്ക്കും പറട്ടനോവലിനും കാളമൂത്രസദൃശമായ അവതാരിക എഴുതിക്കൊടുക്കുന്നു ശ്രീമതി. വളരെക്കാലം ജി. ശങ്കരക്കുറുപ്പു്, ജി. ശങ്കരക്കുറുപ്പു് എന്നു പറഞ്ഞു നടന്നു. പിന്നെ വൈലോപ്പിള്ളിയുടെ “കുടിയൊഴിക്ക”ലിനെക്കുറിച്ചായി ആവർത്തനാത്മകമായ പ്രപഞ്ചനം. വിശാലമായ കാഴ്ചപ്പാടുള്ളവർക്കു കുട്ടിക്കൃഷ്ണമാരാർ എന്നു പറഞ്ഞുകൊണ്ടിരിക്കാൻ കഴിയുമോ? ആർജ്ജവമില്ലാത്ത ഇത്തരം നിരൂപണങ്ങളെ നമ്മൾ വർജ്ജിക്കേണ്ടതാണു്.

ആസ്വാദനത്തിന്റെ ഈ വൈകല്യവും മാനസിക ചക്രവാളത്തിന്റെ ഹ്രാസവും തോമസ് മാത്യുവിന്റെ നിരൂപണങ്ങളുടെ സവിശേഷതകൾ തന്നെ. അദ്ദേഹം റ്റി. പദ്മനാഭന്റെ കഥകളെക്കുറിച്ചു് ഗ്രന്ഥമെഴുതി. പദ്മനാഭനു് അതിനുള്ള യോഗ്യതയുണ്ടോ? ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന സെന്റിമെന്റൽ കഥയും ‘മഖൻ സിങ്ങിന്റെ മരണം’ എന്ന ഭേദപ്പെട്ട കഥയുമല്ലാതെ പദ്മനാഭന്റെ സംഭാവനയായി (സംഭാവന എന്നതു് മലയാളത്തിൽ പ്രയോഗിക്കുന്ന രീതിയിൽ) എന്തുണ്ടു്? അദ്ദേഹത്തിന്റെ എല്ലാ രചനകളും ‘മീഡിയോക്കർ’ എന്ന വിഭാഗത്തിൽ പെടുന്നു. ആ രീതിയിലുള്ള എഴുത്തുകാരനെക്കുറിച്ചു് ഗ്രന്ഥമെഴുതുന്നയാൾ തന്റെ മനസ്സിന്റെ സങ്കുചിതത്വത്തെ എടുത്തു നാലാൾ കാണുന്ന മട്ടിൽ പുറത്തേക്കു് ഇടുകയാണു്.

മുണ്ടശ്ശേരി ക്കു കണ്ണിനു കണ്ടുകൂടായിരുന്നു ഹിന്ദുസംസ്കാരം. അതുകൊണ്ടാണു് അദ്ദേഹം ആ സംസ്കാരത്തെ സ്തുതിക്കുന്ന വള്ളത്തോളി നെയും ഉള്ളൂരി നെയും നിന്ദിച്ചതു്. ബുദ്ധമതസംസ്കാരത്തെ പ്രകീർത്തിച്ച കുമാരനാശാനെ ആവശ്യകതയിൽക്കവിഞ്ഞു വാഴ്ത്തിയതു്. തോമസ് മാത്യു മുണ്ടശ്ശേരിയുടെ ശിഷ്യനാണു്. (ക്ലാസ്സിൽ ഇരുന്നു പഠിച്ചു എന്ന അർത്ഥത്തിലല്ല) അദ്ദേഹമതുകൊണ്ടു് ഹിന്ദുസംസ്കാരത്തെ നിന്ദിച്ച കുട്ടിക്കൃഷ്ണമാരാരെക്കുറിച്ചു് ഗ്രന്ഥമെഴുതുന്നു. നിഷ്പക്ഷ ചിന്താഗതി പ്രദർശിപ്പിച്ച നിരൂപകൻ എം. ആർ. നായരുടെ ഏഴയലത്തു പോലും വരില്ല കുട്ടിക്കൃഷ്ണമാരാർ. അദ്ദേഹത്തിനു് (മാരാർക്കു) സഹൃദയത്വവുമില്ല. അതിന്റെ കണികയുണ്ടായിരുന്നെങ്കിൽ നാലപ്പാടനെ ജീനിയസ്സായ ചങ്ങമ്പുഴയുടെ മുകളിൽ പ്രതിഷ്ഠിക്കുമായിരുന്നോ? ടോൾസ്റ്റോയി യുടെ മുകളിൽ പ്രതിഷ്ഠിക്കുമായിരുന്നോ? ടോൾസ്റ്റോയിയുടെ War and Peace എന്ന കലാശില്പം മോശമാണെന്നു പറയുമോ? കുമാരനാശാന്റെ ലീലാകാവ്യത്തിലെ നായിക ഭർത്താവിനെ കഴുത്തു ഞെക്കിക്കൊന്നു എന്നു എഴുതുമോ? കുഞ്ചൻ നമ്പിയാർ കവിയല്ലെന്നു പറയുമോ? കുട്ടിക്കൃഷ്ണമാരാർ മല്ലിനാഥന്റെ വ്യാഖ്യാനങ്ങൾ മലയാളലിപിയിലാക്കിയ ആളെന്നതിൽക്കവിഞ്ഞു് ആരുമല്ല. സംസ്കൃതത്തിലും പരിനിഷ്ഠിതമായ അറിവു് അദ്ദേഹത്തിനില്ലായിരുന്നു. ഈ രീതിയിൽ സാഹിത്യത്തിലെ ഹ്രസ്വകായനായ മാരാരെ ഭീമാകാരനാക്കി ഗ്രന്ഥമെഴുതാൻ തീരുമാനിച്ചതു് തോമസ് മാത്യുവിന്റെ സാഹിത്യാഭിരുചി വികലമാണെന്നു് സ്ഥാപിക്കാനേ പ്രയോജനപ്പെടൂ. ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ ഇല്ലാത്ത ഗ്രന്ഥത്തെ മലയാളത്തിലേക്കു തർജ്ജമ ചെയ്യാൻ പറ്റുമോ? ഇല്ലാത്ത ഗ്രന്ഥത്തെ ഭാഷാന്തരീകരണം ചെയ്യുകയാണു് തോമസ് മാത്യു മുകളിൽപ്പറഞ്ഞ ഗ്രന്ഥങ്ങളുടെ രചനയിലൂടെ.

യൂസഫലി കേച്ചേരി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മൃത്യുദർശനം’ എന്ന “കാവ്യം” ആരംഭിക്കുന്നു.

“മരണം മനുഷ്യനെ കൊണ്ടുപോയീടുമ്പോൾ

മൃതനുള്ളതൊക്കെയും മണ്ണിൽ വെടിഞ്ഞിടും

ഉയിരും നരൻ നേടും വിദ്യയും മറ്റാർക്കു

മുപകരിക്കാറില്ല, പിന്നെയോ സർവവും-

അവനെയവനായ്ത്തിരിച്ചറിഞ്ഞീടുവാ-

നനുപേക്ഷണീയമാം ഗാത്രവും പത്തായം…”

ഗദ്യമെഴുതി—വിരസമായ ഗദ്യമെഴുതി—സ്കെയിൽ അപ്പുറവും ഇപ്പുറവും വച്ചു് മുറിച്ചെടുത്തു് അതിനു് കവിതയെന്ന പേരിട്ടു് എന്തിനിങ്ങനെ യൂസഫലി മനുഷ്യനെ പീഡിപ്പിക്കുന്നു? “അറിയാഞ്ഞിട്ടു ചോദിച്ചേൻ അരിശമുണ്ടാക വേണ്ട” മനുഷ്യരെ പേടിപ്പിക്കുന്നതു മരണമാണെന്നായിരുന്നു എന്റെ ഇത്രയും കാലത്തെ വിചാരം. ആ വിചാരം തെറ്റു്. യൂസഫലിയുടെ “കവിത” മരണത്തെക്കാൾ ഭയജനകമാണു്.

നാട്യം, നാട്യം സർവ്വത്ര
images/Milan_Kundera.jpg
മീലാൻ കുന്ദേര

ഒരിക്കൽ കെ. ബാലകൃഷ്ണൻ ബിയറിൽ മധുരദ്രാവകം ചേർത്തു തന്നതു് ഞാൻ കുടിച്ചിട്ടുണ്ടു്. എറണാകുളത്തു ജോലിയായിരുന്നപ്പോൾ കഥാകാരൻ ടി. ആറിന്റെ നിർബ്ബന്ധം കൊണ്ടു് മൂന്നോ നാലോ തവണ ഓരോ സ്മാൾ ബ്രാൻഡി കഴിച്ചിട്ടുണ്ടു്. തൊണ്ട പൊള്ളിപ്പോകുമ്പോലെ തോന്നും മദ്യസ്പർശത്തിൽ. പിന്നീടു് ഞാൻ ഒരു തുള്ളിപോലും കുടിക്കാതെ കുടിക്കുന്നുവെന്നു് ഭാവിച്ചിട്ടുണ്ടു്. മുണ്ടശ്ശേരിയുടെ ഷഷ്ടിപൂർത്തി തൃശ്ശൂരിൽ വച്ചു് ആഘോഷിക്കുന്ന കാലം. മീറ്റിങ് കഴിഞ്ഞു് മദ്യപാനം തകഴി. കേശവദേവ്. കെ. ബാലകൃഷ്ണൻ. പ്രാക്കളം ഭാസി ഇവരെല്ലാമുണ്ടു്. മുണ്ടശ്ശേരി ദൂരെയിരുന്നു് ശരിയായി കുടിക്കുന്നു. എന്റെ മുൻപിൽ ഒരൊഴിഞ്ഞ ഗ്ലാസ് കൊണ്ടുവച്ച ഒരു കൊച്ചു പെൺകുട്ടി അതു നിറയെ വിസ്കിയോ ജിന്നോ ഒഴിച്ചു. എല്ലാവരും മോന്തുകയാണു്. എനിക്കതു വേണ്ടേ വേണ്ട. പക്ഷേ, കുടിക്കുന്നുവെന്നു ഭാവിച്ചു് ഗ്ലാസ്സെടുത്തു ചുണ്ടിൽ വയ്ക്കും. അതുപോലെ താഴെ വയ്ക്കുകയും ചെയ്യും. ഈ നാട്യം തകഴി കണ്ടുപിടിച്ചു ‘എടാ ഇവൻ കുടിക്കുന്നില്ല’ എന്നു് അദ്ദേഹം ഉറക്കെപ്പറഞ്ഞു. അതു കേട്ടയുടനെ പ്രാക്കുളം ഭാസിയും കേശവദേവും തകഴിയും എന്നെ തറയിൽ പിടിച്ചുകിടത്തി വായ് ബലപ്പിച്ചു തുറന്നു് ഗ്ലാസ്സിലെ മദ്യം ഒഴിച്ചു. അവരങ്ങു പോയപ്പോൾ ഞാനതു തുപ്പിക്കളഞ്ഞു. നാട്യം ചിലപ്പോൾ ജയിക്കും. ചിലപ്പോൾ പരാജയപ്പെടും.

images/Slavoj_Zizek.jpg
ഷിഷെക്

മീലാൻ കുന്ദേര യുടെ ഒരു നോവലിൽ ലൈംഗികവേഴ്ചടെ നാട്യമുള്ളതായി സ്ലോവേനിയയിലെ തത്ത്വചിന്തകൻ ഷിഷെക് നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ടു്. ഒരു ഹോട്ടലിലെ ജലാശത്തിനരികെ ചിലർ അനിയത സെക്സിൽ വ്യാപരിക്കുന്നു. മുകളിലുള്ള മുറികളിലെ അതിഥികൾ അതു നോക്കിക്കൊണ്ടിരിക്കുന്നു. ആഹ്ലാദനിർഭരങ്ങളായ നിലവിളികൾ സ്ത്രീയും പുരുഷനും കേൾപ്പിക്കുന്നുണ്ടു്. പക്ഷേ, യഥാർത്ഥ വേഴ്ചയില്ല. എല്ലാം നാട്യം. കംബോഡിയയിൽ ഇതിനു തുല്യമായ സംഭവമുണ്ടായി. പട്ടിണികൊണ്ടും ജനനിർമ്മാർജ്ജനം കൊണ്ടും രാജ്യത്തു് ആളുകൾ കുറഞ്ഞപ്പോൾ സർക്കാർ ലൈംഗികവേഴ്ചയുണ്ടായേ തീരൂ എന്നു നിയമമുണ്ടാക്കി. ഒന്നും പത്തും ഇരുപതും തീയതികളിൽ ആണും പെണ്ണും വേഴ്ച നടത്തണമെന്നായിരുന്നു നിയമം. പട്ടാളക്കാർ, സംഭോഗം നടക്കുന്നുണ്ടോ എന്നു നോക്കിക്കൊണ്ടു് അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. അതു കാര്യക്ഷമമായി നടത്താത്തവരെ സർക്കാർ ശിക്ഷിച്ചിരുന്നു. പതിന്നാലു മണിക്കൂർ ജോലിചെയ്ത ആണിനും പെണ്ണിനും സെക്സ് വയ്യ. അതുകൊണ്ടു് അവർ പട്ടാളക്കാരെ വഞ്ചിക്കാൻ ചേഷ്ടകൾ വ്യാജമായി കാണിച്ചു. രതിഹർഷത്തിന്റെ ഫലമായി ഉണ്ടാകുന്ന ശബ്ദങ്ങൾ കൃത്രിമമായി കേൾപ്പിച്ചു. ഷീഷെക്കിന്റെ Enjoy Your Symptom എന്ന പുസ്തകത്തിന്റെ 202-ആം പുറം നോക്കുക. (Routledge New Yourk and London Rs. 984.90, pp. 238.)

നമ്മുടെ എഴുത്തുകാരിൽ ചിലർ കഥാകാരന്മാരാണു് തങ്ങൾ എന്ന നാട്യം കാണിക്കുന്നു. അവരിൽ പെടുന്ന ഒരാളാണു് ദേശാഭിമാനി വാരികയിൽ ‘തറവാടു്’ എന്ന കഥയെഴുതിയ ഇലിപ്പക്കുളം രവീന്ദ്രൻ. കഥയുടെ സംഗ്രഹമൊന്നും ഞാൻ നല്കുന്നില്ല. ക്ഷുദ്രമായ ഒരു കഥയുടെ ചുരുക്കം നല്കി ഞാനെന്തിനു് വായനക്കാരെ ഉപദ്രവിക്കണം? ഞാൻ ഉപദ്രവം സഹിക്കാൻ വിധിക്കപ്പെട്ടവൻ. എന്റെ ഈ കോളം നിലനിറുത്താൻ സഹായിക്കുന്ന വായനക്കാരെ ഞാൻ പീഡിപ്പിക്കരുതല്ലോ.

മാനേജറുടെ കാര്യക്ഷമത

ഇടപ്പള്ളി രാഘവൻപിള്ളയുടെ കവിത അല്ലെങ്കിൽ ചങ്ങമ്പുഴയുടെ കവിത വായിക്കൂ. കവിതയിലാകെ കവികൾ നിറഞ്ഞു നില്ക്കുന്നുണ്ടു്. പക്ഷേ, അവരുടെ സാന്നിദ്ധ്യം നമ്മൾ അറിയുന്നില്ല. ചെയ്യേണ്ടതു ചെയ്തിട്ടു് അവർ പ്രച്ഛന്നരായി വർത്തിക്കുന്നു.

1977–78 ഈ കാലയളവിൽ ഞാൻ എറണാകുളത്തു ലൂസിയ ഹോട്ടലിൽ താമസിച്ചിരുന്നു. ജോലി മഹാരാജാസ് കോളേജിൽ. ഹോട്ടലിൽ താമസക്കാരനെങ്കിലും അതിന്റെ മാനേജറെ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. സംസാരിച്ചിട്ടില്ല. ഒരു നിമിഷത്തെ കാഴ്ച. അത്രമാത്രം. ഒരു ദിവസം എനിക്കു പനിയായി. വൈകുന്നേരം അതുകൂടി ബോധംകെട്ടു. ബോധം വീണ്ടുകിട്ടിയപ്പോൾ ഡോക്ടർ വന്നെന്നും എന്നെ പരിശോധിച്ചെന്നും മരുന്നു കുത്തിവച്ചെന്നും മനസ്സിലായി. കഴിക്കാനുള്ള ഗുളികകൾ മേശപ്പുറത്തു വച്ചിരിക്കുന്നു. അതെടുത്തു തരാൻ ഹോട്ടലിലെ പയ്യൻ കൂടെക്കൂടെ വരും. മാനേജർ എന്റെ രോഗമറിഞ്ഞു് എല്ലാം ചെയ്തതാണു്. ഇതാണു് managerial efficiency and compassion. മാനേജറുടെ സാന്നിദ്ധ്യമില്ല. എങ്കിലും സാന്നിദ്ധ്യമുള്ളതുപോലെ എല്ലാം നടന്നിരിക്കുന്നു. രോഗം ഭേദമായി. എല്ലാംകൂടി ചെലവു് എന്തായിയെന്നു ചോദിച്ചിട്ടു് റിസപ്ഷെനിസ്റ്റ് സി. എ. സെബാസ്റ്റിൻ മൗനം അവലംബിച്ചതേയുള്ളു. നിർബ്ബന്ധിച്ചപ്പോൾ ആ യുവാവു പറഞ്ഞു സാറിന്റെ കൈയിൽ നിന്നു് ഒന്നും വാങ്ങരുതെന്നാണു് മാനേജറുടെ കല്പനയെന്നു്. സ്വന്തം സാന്നിദ്ധ്യമറിയിക്കാതെയുള്ള ഹോട്ടൽ ഭരണമാണിതു്. കാര്യക്ഷമമായ ഭരണം. ഇടപ്പള്ളി രാഘവൻപിള്ള യുടെ കവിത അല്ലെങ്കിൽ ചങ്ങമ്പുഴ യുടെ കവിത വായിക്കു. കവിതയിലാകെ കവികൾ നിറഞ്ഞുനില്ക്കുന്നുണ്ടു്. പക്ഷേ, അവരുടെ സാന്നിദ്ധ്യം നമ്മൾ അറിയുന്നില്ല. ചെയ്യേണ്ടതു ചെയ്തിട്ടു് അവർ പ്രച്ഛന്നരായി വർത്തിക്കുന്നു.

ഇതല്ല വൈലോപ്പിള്ളി ക്കവിതയുടെ രീതി. ഒരു വരിയെഴുതി ആ കവി എന്നു വിചാരിക്കു. അതിലും വൈലോപ്പിള്ളിയുടെ സാന്നിദ്ധ്യം കാണാം. ജി. ശങ്കരപ്പുറുപ്പി ന്റെ കവിതയിൽ ശങ്കരക്കുറുപ്പു് എന്ന മാനേജർ കീഴ്ജീവനക്കാർക്കു ഓർഡറുകൾ നല്കി ഹോട്ടലിൽ എപ്പോഴും നടക്കുന്ന പ്രതീതി. അദ്ദേഹം ഓരോ മുറിയിലും കയറിയിറങ്ങി താമസിക്കുന്നവരോടു് (വായനക്കാരോടു്) വാടക ചോദിക്കുന്നു. അതു വൈകിയാൽ. ദേഷ്യപ്പെടുന്നു.

കവികൾ സാന്നിദ്ധ്യമറിയിക്കരുതു് അനുവാചകരെ. അറിയിച്ചാൽ ഒരളവുവരെ ഉദ്വേഗജനകമായി ഭവിക്കുമതു്.

ശ്രീദേവി ചങ്ങമ്പുഴ

ഞാൻ ശ്രീദേവി ചങ്ങമ്പുഴയെ കാണാൻ അവരുടെ വീട്ടിൽച്ചെന്നപ്പോൾ ശ്രീമതി മുറ്റത്തെ ചെടികൾക്കു് വെള്ളമൊഴിക്കുകയായിരുന്നു. “എം കൃഷ്ണൻനായർ” എന്നു പരിചയപ്പെടുത്തിയപ്പോൾ “മഹാരാജാസ് കോളേജിലെയോ?” എന്നു് അവർ ചോദിച്ചു. “അതേ” എന്നു പറഞ്ഞ എന്നെ അവർ വീട്ടിനകത്തേയ്ക്കു ക്ഷണിച്ചു. ചങ്ങമ്പുഴയുടെ വലിയ പടം ഒരു തൂണിൽ തൂക്കിയിട്ടിരുന്നു. ആ പടം നോക്കിക്കൊണ്ടു് ഞാൻ പറഞ്ഞു: “വലിയ കവിയായിരുന്നു”. ശ്രീദേവി വല്ലാതെ കരഞ്ഞു. “എന്തു ചെയ്യാം” എന്നു് അവർ രോദനത്തിനിടയിൽ പറഞ്ഞു. അതിഥി സൽക്കാരത്തിനു് അവർ ഭാവിച്ചെങ്കിലും ഞാൻ യാത്രപറഞ്ഞു. ഒരു മഹാകവിയോടുകൂടി അദ്ദേഹത്തിന്റെ ഭാഗ്യദൗർഭാഗ്യങ്ങളിൽ പങ്കുകൊണ്ടു് ജീവിച്ച ആ മനസ്വിനി ഇന്നില്ല. മനുഷ്യജീവിതം ഇങ്ങനെയൊക്കെയാണല്ലോ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-07-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 8, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.