SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2002-08-02-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Isaac_Babel.jpg
ഇസാക് ബാബിൽ

ചി​ര​ന്ത​ന​മൂ​ല്യ​മു​ള്ള​തെ​ന്നും അത്യു​ജ്ജ്വ​ല​മെ​ന്നും വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഒരു ഗ്ര​ന്ഥം വാ​യി​ച്ചു് ഉദാ​ത്ത​മ​ണ്ഡ​ല​ത്തി​ലെ​ത്തിയ ഞാൻ തി​ക​ഞ്ഞ സന്തോ​ഷ​ത്തോ​ടും ചാ​രി​താർ​ത്ഥ്യ​ത്തോ​ടും കൂ​ടി​യാ​ണു് ഈ വരികൾ കു​റി​ക്കു​ന്ന​തു്. ഗ്ര​ന്ഥം റഷ്യൻ സാ​ഹി​ത്യ​കാ​ര​നായ ഇസാക് ബാ​ബി​ലി ന്റെ (Isaac Babel, 1894–1940) സമ്പൂർ​ണ്ണ കൃ​തി​കൾ (The Complete Works of Isaac Babel. pp. 1072. Translated by Peter Constanline. W W Norton and Company). ഇപ്പു​സ്ത​ക​ത്തി​നു് അവ​താ​രിക എഴു​തി​യ​തു് അമേ​രി​ക്കൻ ധി​ഷ​ണാ​ശാ​ലി​നി​യായ സൂസൻ സാൻ​റ്റാ​ഗാ​ണു് (Susan Sontag, B. 1933. സാൻ​റ്റാ​ഗ് എന്നു് ശരി​യായ ഉച്ചാ​ര​ണം) സാൻ​റ്റാ​ഗി​ന്റെ അവ​താ​രിക തു​ട​ങ്ങു​ന്ന​തി​ങ്ങ​നെ—

On May, 1939, Isaac Babel, a writer whose distinction had earned him the Soviet privilege of a dacha in the country, was arrested at Peredelkino and taken to Moscow’s Lubyanka prison, headquarters of the secret police. His papers were confiscated and destroyed. among them half-​completed stories, plays, film scripts, translations. Six months later, after three days and nights of hellish interrogation, he confessed to a false charge of espionage. The following year, a clandestine trial was briefly held in the dying hours of January 26; Babel recanted his confession, appealed to his innocence and at 1:40 next morning was summarily shot by a firing squad. He was fortyfive. His final plea was not for himself but for the power and truth of literature. ‘Let me finish my work’

ഈ സമാ​ഹ​ര​ഗ്ര​ന്ഥ​ത്തി​നു് മു​ഖ​വുര എഴു​തി​യ​തു് ബാ​ബി​ലി​ന്റെ മകൾ Nathalie Babel ആണു്. അവർ അതിൽ ബാബിൽ പറ​ഞ്ഞ​തു സമ്പൂർ​ണ്ണ​മാ​യും നല്കു​ന്നു. ഹൃദയം ദ്ര​വി​പ്പി​ക്കു​ന്ന ആ വാ​ക്യ​ങ്ങൾ കേ​ട്ടാ​ലും.

“ഞാൻ ഒര​പ​രാ​ധ​വും ചെ​യ്യാ​ത്ത​വ​നാ​ണു്. ഞാൻ ഒരി​ക്ക​ലും ചാ​ര​നാ​യി പ്ര​വർ​ത്തി​ച്ചി​ട്ടി​ല്ല. സോ​വി​യ​റ്റ് യൂ​ണി​യ​നു് എതി​രായ ഒരു പ്ര​വൃ​ത്തി​യ്ക്കും ഞാൻ അനു​മ​തി നല്കി​യി​ട്ടി​ല്ല. ഞാൻ വ്യാ​ജ​മാ​യി എന്നെ​ത്ത​ന്നെ കു​റ്റ​പ്പെ​ടു​ത്തി​യ​താ​ണു്. എന്നെ​ക്കു​റി​ച്ചും മറ്റു​ള്ള​വ​രെ​ക്കു​റി​ച്ചും കള്ള​മാ​യി ആരോ​പ​ണ​ങ്ങൾ നട​ത്താൻ ഞാൻ നിർ​ബ​ന്ധി​ക്ക​പ്പെ​ട്ടു. ഞാൻ ഒരു കാ​ര്യ​മേ ചോ​ദി​ക്കു​ന്നു​ള്ളു. എന്റെ ജോലി പൂർ​ണ്ണ​മാ​ക്കാൻ അനു​വ​ദി​ക്കൂ”

ഈ ഗ്ര​ന്ഥ​ത്തെ തൊ​ടു​മ്പോൾ നി​ങ്ങൾ ഒരു മഹാനെ തൊ​ടു​ന്നു എന്നു് ആരോ പറ​ഞ്ഞി​ല്ലേ?ബാ​ബി​ലി​ന്റെ ഗ്ര​ന്ഥ​ത്തെ സ്പർ​ശി​ക്കു​മ്പോൾ ഞാൻ മഹാ​ന്മാ​രിൽ മഹാ​നായ ഒരു സാ​ഹി​ത്യ​കാ​ര​നെ​യാ​ണു് സ്പർ​ശി​ക്കു​ന്ന​തു്.

പരി​പൂർ​ണ്ണ​മാ​ക്കാൻ പ്ര​തി​യോ​ഗി​കൾ അനു​വ​ദി​ച്ചി​ല്ല. എങ്കി​ലും ആയി​ര​ത്തി​ല​ധി​കം പു​റ​ങ്ങ​ളിൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന രചനകൾ ബാബിൽ മഹാ​നായ സാ​ഹി​ത്യ​കാ​ര​നാ​ണു് എന്നു് ഉദ്ഘോ​ഷി​ക്കു​ന്നു. മകൾ എഴു​തിയ ദീർ​ഘ​മായ afterword ഹൃ​ദ​യ​ഭേ​ദ​ക​മാ​ണു്. Where one could find another father like my father! എന്നൊ​രു കഥാ​പാ​ത്രം ചോ​ദി​ക്കു​ന്നു​ണ്ടു്. ബാ​ബി​ലി​ന്റെ മകളും അതേ ചോ​ദ്യം ചോ​ദി​ക്കു​ന്ന​തു് ഈ ഉത്ത​രോ​പാ​ഖ്യാ​ന​ത്തിൽ നി​പു​ണ​ശ്രോ​താ​ക്കൾ​ക്കു കേൾ​ക്കാം. ആ കഥാ​പാ​ത്രം അങ്ങ​നെ ചോ​ദി​ക്കു​ന്ന കഥ​യു​ടെ സം​ഗ്ര​ഹം തന്നെ നല്കാം. യൂ​ക്രേ​നി​യ​യി​ലെ സെ​ബ്രു​ച് (Zbruch) നദി കട​ക്കു​ക​യാ​ണു് സൈ​ന്യം. ഓറ​ഞ്ച് സൂ​ര്യൻ ഛേ​ദി​ക്ക​പ്പെ​ട്ട ശി​ര​സ്സു​പോ​ലെ അന്ത​രീ​ക്ഷ​ത്തിൽ ഉരു​ളു​ക​യാ​ണു്. സാ​യാ​ഹ്ന​ത്തി​ലെ തണു​പ്പിൽ ഇന്ന​ല​ത്തെ ചോ​ര​യു​ടെ​യും കൊ​ല്ല​പ്പെ​ട്ട കു​തി​ര​ക​ളു​ടേ​യും നാ​റ്റം ഇറ്റി​റ്റു വീ​ഴു​ന്നു. കറു​ത്ത സെ​ബ്രു​ച് നദി ഗർ​ജ്ജി​ക്കു​ന്നു വള​ഞ്ഞു പു​ള​യു​ന്നു. സൈ​ന്യം നോ​വ​ഗ്രാ​ദി​ലെ​ത്തി കഥ പറ​യു​ന്ന ആളി​നു് (ബാബിൽ തന്നെ) നല്കിയ വീ​ട്ടിൽ ഒരു ഗർ​ഭി​ണി​യും ചു​വ​ന്ന തല​മു​ടി​യു​ള്ള രണ്ടു ജൂ​ത​ന്മാ​രു​മു​ണ്ടു്. മൂ​ന്നാ​മ​ത്തെ ജൂതൻ ചു​വ​രി​ലേ​ക്കു മുഖം തി​രി​ച്ചു് തലവഴി കരി​മ്പ​ടം വലി​ച്ചി​ട്ടു് ഉറ​ങ്ങു​ക​യാ​ണു്. തറ​യി​ലാ​കെ മനു​ഷ്യ​മ​ലം. ബാബിൽ ഉറ​ങ്ങി അദ്ദേ​ഹം ഭയ​ങ്ക​ര​മായ ഒരു സ്വ​പ്നം കണ്ടു. കമാൻ​ഡർ, ബ്രി​ഗേ​ഡ് കമാൻ​ഡ​റു​ടെ കണ്ണു​ക​ളിൽ വെ​ടി​വ​യ്ക്കു​ന്ന​താ​യി. ബാബിൽ ഉണർ​ന്നു; ഗർ​ഭി​ണി അദ്ദേ​ഹ​ത്തി​ന്റെ മു​ഖ​ത്തു തട്ടി​യ​തു​കൊ​ണ്ടു് അവർ പറ​ഞ്ഞു പാൻ, (സർ, മി​സ്റ്റർ എന്ന പോ​ളി​ഷ് പദം) നി​ങ്ങൾ ഉറ​ക്ക​ത്തിൽ നി​ല​വി​ളി​ക്കു​ക​യാ​ണു് തി​രി​ഞ്ഞും മറി​ഞ്ഞും കി​ട​ക്കു​ക​യാ​ണു്. നി​ങ്ങൾ എന്റെ അച്ഛ​നെ ചവി​ട്ടു​ന്നു. അതു​കൊ​ണ്ടു് നി​ങ്ങ​ളു​ടെ കി​ട​ക്ക വേ​റൊ​രു മൂ​ല​യിൽ വയ്ക്കാം. അവർ ഉറ​ങ്ങു​ന്ന ആളി​ന്റെ കരി​മ്പ​ടം വലി​ച്ചു​മാ​റ്റി മരി​ച്ച ഒരു വൃ​ദ്ധൻ മലർ​ന്നു കി​ട​ക്കു​ന്നു. അയാ​ളു​ടെ അന്ന​നാ​ളം മു​റി​ച്ച നി​ല​യിൽ മുഖം രണ്ടാ​യി കീ​റി​യി​രി​ക്കു​ന്നു. കറു​ത്ത ചോര താ​ടി​രോ​മ​ങ്ങ​ളിൽ ജൂ​ത​സ്ത്രീ വി​റ​ച്ചു​കൊ​ണ്ടു​പ​റ​ഞ്ഞു. പാൻ പോ​ളി​ഷ് ഭട​ന്മാർ അദ്ദേ​ഹ​ത്തെ കൊ​ല്ലാ​നാ​യി വെ​ട്ടി​നു​റു​ക്കു​ക​യാ​യി​രു​ന്നു. അദ്ദേ​ഹം തു​ട​രെ​ത്തു​ട​രെ അവ​രോ​ടു യാ​ചി​ച്ചു. “പി​റ​കു​വ​ശ​ത്തു​വ​ച്ചു് എന്നെ കൊ​ല്ലൂ. എന്റെ മകൾ ഞാൻ മരി​ക്കു​ന്ന​തു കാ​ണാ​തി​രി​ക്ക​ട്ടെ”. പക്ഷേ, അവർ​ക്കു അസൗ​ക​ര്യ​മു​ള്ള​തൊ​ന്നും ചെ​യ്യു​ക​യി​ല്ല. എന്നെ വി​ചാ​രി​ച്ചു​കൊ​ണ്ടു് ഈ മു​റി​യിൽ വച്ചു​ത​ന്നെ അദ്ദേ​ഹം മരി​ച്ചു. അതി​ഭ​യ​ങ്ക​ര​മായ ശക്തി​യോ​ടെ ആ സ്ത്രീ എന്നോ​ടു പറ​ഞ്ഞു, “പറയൂ ഈ ലോ​ക​ത്തു് എന്റെ അച്ഛ​നെ​പ്പോ​ലെ വേ​റൊ​രു അച്ഛ​നെ കാണാൻ കഴി​യു​മോ?” നമ്മെ പ്ര​ക​മ്പ​നം​കൊ​ള്ളി​ക്കു​ന്ന കഥ​യാ​ണി​തു്. വെറും ആഖ്യാ​ന​മ​ല്ല. ഇക്ക​ഥ​യിൽ കാണുക. വി​ചാ​ര​വും ബിം​ബ​വും വേർ​തി​രി​ക്കാ​നാ​വാ​ത്ത രീ​തി​യിൽ ഒന്നാ​യി​ത്തീർ​ന്നി​രി​ക്കു​ന്നു. അസാ​ധാ​ര​ണ​വും മൗ​ലി​ക​വു​മായ ആഖ്യാ​ന​രീ​തി​യാ​ണി​തു്. ഭാ​വ​സാ​ന്ദ്ര​ത​യാ​ണു് ഇതി​ന്റെ സവി​ശേ​ഷത.

images/Susan_Sontag.jpg
സൂസൻ സാൻ​റ്റാ​ഗ്

ബാ​ബി​ലി​ന്റെ സ്പ​ഷ്ട​വും സവി​ശേ​ഷ​വു​മായ ഭാ​വ​ന​യു​ടെ മൗ​ലി​ക​ത​യു​ടെ സ്വ​ഭാ​വ​മ​റി​യ​ണ​മെ​ങ്കിൽ അദ്ദേ​ഹ​ത്തി​ന്റെ സാ​ഹി​ത്യ​ജീ​വി​തം തു​ട​ങ്ങിയ കാ​ല​ത്തെ​ഴു​തിയ Line and Colour—രേ​ഖ​യും വർ​ണ്ണ​വും—എന്ന കഥ വാ​യി​ക്ക​ണം. കഥ പറ​യു​ന്ന​യാൾ കൈ​റൻ​സ്കി​യെ കണ്ട​തു് 1916 ഡി​സം​ബർ 20-ആം തി​യ​തി​യാ​ണു് (റഷ്യൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോൾ ബോൾ​ഷെ​വി​ക് വി​പ്ല​വം അദ്ദേ​ഹ​ത്തെ സ്ഥാ​ന​ഭൃ​ഷ്ട​നാ​ക്കി—ലേഖകൻ) ഒരു ഫി​നി​ഷ് സാ​നി​റ്റേ​റി​യ​ത്തിൽ അവർ രണ്ടു​പേ​രും മറ്റു​ചി​ല​രും ഇരി​ക്കു​ക​യാ​ണു്. പൈൻ​മ​ര​ങ്ങ​ളു​ടേ​യും ഒരു പ്ര​ഭു​പ​ത്നി​യു​ടെ തണു​ത്ത മു​ല​ക​ളു​ടേ​യും ബ്രി​ട്ടീ​ഷ് ഉദ്യോ​ഗ​സ്ഥ​രു​ടെ പട്ടു അടി​വ​സ്ത്ര​ങ്ങ​ളു​ടേ​യും സൗ​ര​ഭ്യം മു​റി​യിൽ തങ്ങി​നി​ന്നു. കൈ​റൻ​സ്കി​യും കഥ​പ​റ​യു​ന്ന ആളും നട​ക്കാൻ പോയി. ഒരു സു​ന്ദ​രി അവരെ കട​ന്നു​പോ​യി. “ആരാ​ണ​തു് ?”. കൈ​റൻ​സ്കി വീ​ണ്ടും ചോ​ദി​ച്ചു. അതി​നും ഉത്ത​രം കി​ട്ടി. “എനി​ക്കു് ഇവി​ടെ​യു​ള്ള​വ​രെ​യൊ​ക്കെ അറി​യാം” “പക്ഷേ, എനി​ക്കു് ആരെ​യും കാണാൻ കഴി​യു​ന്നി​ല്ല” എന്നു് കൈ​റൻ​സ്കി പരി​ദേ​വ​നം നട​ത്തി

“അങ്ങ​യ്ക്കു ഹ്ര​സ്വ​ദൃ​ഷ്ടി (near sighted) ഉണ്ടോ?”

“അതേ ഞാൻ near sighted ആണു്”

“മൂ​ക്കു കണ്ണട വേണം അങ്ങ​യ്ക്കു്”

“ഒരി​ക്ക​ലും വേണ്ട” എന്നു കൈ​റൻ​സ്കി

കഥ പറ​യു​ന്ന ആൾ ഉദ്ഘോ​ഷി​ച്ചു, ‘രേഖ—ഐശ്വ​ര​മായ സവി​ശേ​ഷത, ലോ​ക​ത്തി​ന്റെ രാ​ജ്ഞി. അവി​ടു​ത്തേ​ക്കു് എല്ലാ​കാ​ല​ത്തേ​ക്കു​മാ​യി നഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ റോസ് നി​റ​മാർ​ന്ന അരി​കു​കൾ കാണാൻ വയ്യ. വെ​ള്ള​ച്ചാ​ട്ട​ത്തിൽ ചാരിയ അരളി—ആ ജാ​പ്പ​നി​സ് സൗ​ന്ദ​ര്യം—അവി​ടു​ത്തേ​ക്കു അദർ​ശ​നീ​യം. മഞ്ഞു​മൂ​ടിയ പൈൻ​മ​ര​ത്തി​ന്റെ ചു​വ​ന്ന തടി കാണാൻ വയ്യ. ലേ​യോ​നാർ​ദോ​യു​ടെ രേ​ഖ​പോ​ലെ മര​ങ്ങ​ളു​ടെ തരം​ഗി​ത​മായ ഉപ​രി​ത​ല​രേഖ അദൃ​ശ്യം. ആ സു​ന്ദ​രി​യു​ടെ വണ്ണം കൂ​ടി​വ​രു​ന്ന കാ​ലു​ക​ളു​ടെ രേഖ കണ്ടു​കൂ​ടാ. കൈ​റൻ​സ്കി അവി​ടു​ത്തേ​ക്കു കണ്ണട വേണം’

കൈ​റൻ​സ്കി ഉത്ത​രം പറ​ഞ്ഞു—“വെ​റു​പ്പി​ക്കു​ന്ന വാ​സ്ത​വി​ക​ത​യോ​ടു​കൂ​ടിയ ആ രേഖ നി​ങ്ങൾ​ക്കി​രി​ക്ക​ട്ടെ. അധ​മ​ജീ​വി​തം നയി​ക്കു​ന്ന ട്രി​ഗ്നൊ​മെ​ട്രി അധ്യാ​പ​ക​ന്റെ ജീ​വി​ത​മാ​ണു് നി​ങ്ങ​ളു​ടേ​തു് ഞാനോ? മഹാ​ദ്ഭു​ത​ങ്ങൾ എന്നെ പൊ​തി​യു​ന്നു. സു​ന്ദ​രി​യെ​ക്കു​റി​ച്ചു് എനി​ക്കു് എല്ലാം സങ്ക​ല്പി​ക്കാൻ കഴി​യും. ഫി​ന്നി​ഷ് അന്ത​രീ​ക്ഷ​ത്തി​ലെ മേ​ഘ​ങ്ങൾ​കൊ​ണ്ടു് എനി​ക്കെ​ന്തു് ആവ​ശ്യ​കത? സ്വ​പ്ന​സ​ദൃ​ശ​മായ സമു​ദ്രം എന്റെ തല​യ്ക്കു മു​ക​ളിൽ ഇല്ലേ? നി​റ​ങ്ങ​ളു​ള്ള​പ്പോൾ എനി​ക്കു വരകൾ കൊ​ണ്ടു് എന്താ​വ​ശ്യം? ജൂ​ലി​യ​റ്റി​ന്റെ ശോ​ണ​വർ​ണ്ണ​മാർ​ന്ന നീ​രാ​ളം ഞാൻ കാ​ണു​ന്നു. റോ​മി​യോ​യു​ടെ നീ​ല​ലോ​ഹി​ത​മായ സിൽ​ക്ക് ഞാൻ കാ​ണു​ന്നു.”

ആറു​മാ​സം കഴി​ഞ്ഞു് കഥ​പ​റ​യു​ന്ന​യാൾ കൈ​റൻ​സ്കി​യെ വീ​ണ്ടും കണ്ടു. ജന​ക്കൂ​ട്ടം ഉത്ക​ട​വി​കാ​രം​കൊ​ണ്ടു് അദ്ദേ​ഹ​ത്തെ ആവരണം ചെ​യ്തോ. അയാൾ​ക്ക​റി​ഞ്ഞു​കൂ​ടാ കൈ​റൻ​സ്കി​യു​ടെ പ്ര​സം​ഗം കഴി​ഞ്ഞു് ട്രൊ​ഡ്സ്കി വേ​ദി​യിൽ വന്നു. “സഖാ​ക്ക​ളേ, സഹോ​ദ​ര​ന്മാ​രേ” എന്നു് അദ്ദേ​ഹം അഭി​സം​ബോ​ധന ചെ​യ്തു.

നിറം ഭാ​വ​ന​യു​ടെ കൊ​ടു​ങ്കാ​റ്റാ​ണെ​ന്നു് ബാബിൽ പറ​യു​ന്നു​ണ്ടു്. അതിനെ രേ​ഖ​കൊ​ണ്ടു്—വര​കൊ​ണ്ടു്—നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന​താ​ണു് ബാ​ബി​ലി​ന്റെ സൗ​ന്ദ​ര്യ​ശാ​സ്ത്രം എന്തൊ​രു ചേ​തോ​ഹ​ര​മായ സങ്ക​ല്പം!

‘ഫാ​സി​നേ​റ്റി​ങ്’ എന്ന പദം​കൊ​ണ്ടു് വി​ശേ​ഷി​പ്പി​ക്കേ​ണ്ട Roaming Stars എന്ന ‘സ്ക്രീൻ പ്ലേ’ (ആകെ നാലു സ്ക്രീൻ പ്ലേ​സ്) Sunset, Maria ഈ നാ​ട​ക​ങ്ങൾ. 1920-ലെ ഡയറി. കലാ​സു​ന്ദ​ര​ങ്ങ​ളായ പ്ര​ബ​ന്ധ​ങ്ങൾ ഇങ്ങ​നെ പലതും ഈ ഗ്ര​ന്ഥ​ത​ല്ല​ജ​ത്തി​ലു​ണ്ടു് സ്ഥ​ല​പ​രി​മി​തി​കൊ​ണ്ടു് അവ​യെ​ക്കു​റി​ച്ചു് എഴു​താൻ വയ്യ.

images/Joseph_Roth.jpg
ജോസഫ് റോ​റ്റ്

പ്ര​സാ​ധ​ന​ക​ല​യ്ക്കു് എത്ര​ത്തോ​ളം ഉയ​രാ​മെ​ന്ന​തി​നും നി​ദർ​ശ​ക​മാ​ണു് ഈ ഗ്ര​ന്ഥം. അതു സ്പർ​ശി​ച്ചു് അഴു​ക്കു പറ്റി​ക്കാൻ എനി​ക്കാ​ദ്യം തോ​ന്നി​യി​ല്ല. ജോസഫ് റോ​റ്റി ന്റെ The Legend of the Holy Drinker എന്ന മാ​സ്റ്റർ​പീ​സ് ഭാ​ഷാ​ന്ത​രീ​ക​ര​ണം ചെയ്ത അത്തി​പ്പൊ​റ്റ വാ​രി​യ​ത്തു് ഗോ​പാ​ല​കൃ​ഷ്ണൻ ഹോ​ങ്കോ​ങ്ങിൽ നി​ന്നു് എനി​ക്കു് ഈ പു​സ്ത​കം അയ​ച്ചു​ത​ന്നു. അദ്ദേ​ഹ​ത്തോ​ടു് എനി​ക്കു് നി​സ്സീ​മ​മായ കൃ​ത​ജ്ഞ​ത​യു​ണ്ടു്. ഈ ഗ്ര​ന്ഥ​ത്തെ തൊ​ടു​മ്പോൾ നി​ങ്ങൾ ഒരു മഹാനെ തൊ​ടു​ന്നു എന്നു് ആരോ പറ​ഞ്ഞി​ല്ലേ? ബാ​ബി​ലി​ന്റെ ഗ്ര​ന്ഥ​ത്തെ സ്പർ​ശി​ക്കു​മ്പോൾ ഞാൻ മഹാ​ന്മാ​രിൽ മഹാ​നായ ഒരു സാ​ഹി​ത്യ​കാ​ര​നെ​യാ​ണു് സ്പർ​ശി​ക്കു​ന്ന​തു്. ആ സ്പർ​ശ​ത്തി​നു് സൗ​ജ​ന്യ​മാ​ധു​ര്യ​ത്തോ​ടെ സന്ദർ​ഭം നല്കിയ ഗോ​പാ​ല​കൃ​ഷ്ണ​നു വീ​ണ്ടും നന്ദി പറ​യു​ന്നു.

ആലും തണൽ തന്നെ

ഈ ബാ​ല്യ​കാല ദൗർ​ബ​ല്യ​ത്തെ​ക്കു​റി​ച്ചു് ഞാൻ ഒരി​ക്കൽ എഴു​തി​യി​രു​ന്നു. ആവർ​ത്ത​ന​മ​ല്ലാ​തെ ജീ​വി​ത​ത്തിൽ ഒന്നു​മി​ല്ല എന്ന​തു​കൊ​ണ്ടു് അതു വീ​ണ്ടും എഴു​തു​ന്നു. വാ​യി​ച്ച​വർ സദയം ക്ഷ​മി​ക്ക​ണം.

ഞാൻ കു​ട്ടി​യാ​യി​രി​ക്കു​മ്പോൾ കു​ന്നും​പു​റം എന്ന സ്ഥ​ല​ത്താ​ണു് താ​മ​സി​ച്ച​തു്. തി​രു​വ​ന​ന്ത​പു​ര​ത്തെ ആയുർ​വ്വേ​ദാ​ശു​പ​ത്രി​യിൽ​നി​ന്നു് നേരെ പടി​ഞ്ഞാ​റോ​ട്ടു ഒരു ഫർ​ലോ​ങ് പോയാൽ കു​ന്നും​പു​റ​മാ​യി. വീ​ട്ടി​ന്റെ ഗെ​യ്റ്റി​ന​രി​കെ കാ​ല​ത്തു ഒൻപതു മണി​ക്കു ഞാൻ ചെ​ന്നു നിൽ​ക്കും. അപ്പോൾ കറു​പ്പു​നി​റ​മാ​ണെ​ങ്കി​ലും സു​ന്ദ​രി​യായ ഒരു ബാലിക സ്ക്കൂ​ളിൽ പോകാൻ ആ വഴി വരും. ഞാൻ ചങ്ങ​മ്പു​ഴ​ക്ക​വിത ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന​തി​നു മുൻ​പു് തൈ​ക്കാ​ട്ടു ചന്ദ്ര​ശേ​ഖ​രൻ നാ​യ​രു​ടെ കവി​ത​ക​ളാ​ണു് ഹൃ​ദി​സ്ഥ​മാ​ക്കി​യ​തു്. അദ്ദേ​ഹ​ത്തി​ന്റെ

അവ​ളെ​ക്ക​റു​മ്പി കറു​മ്പി​യെ​ന്നാ

ണവിടെ പ്പ​ല​രും വി​ളി​ച്ചു കേൾ​പ്പൂ

കുവലയ മൊ​ട്ട​വ​ളെ​ന്റെ ഹൃ​ത്താം

നറു​മ​ലർ​പ്പൊ​യ്ക കൊ​തി​ച്ച പു​ഷ്പം

എം. എം. ബഷീർ ഹീ​റോ​വേർ​ഷി​പ്പു​കാ​ര​നാ​ണു്. വൈ​ക്കം മു​ഹ​മ്മ​ദു് ബഷീർ അദ്ദേ​ഹ​ത്തി​ന്റെ ഹീറോ. അദ്ദേ​ഹ​ത്തിൽ​ത്തു​ട​ങ്ങി എം. എം. ബഷീ​റി​നു് എണ്ണ​മ​റ്റ ഹീ​റോ​ക​ളു​ണ്ടു്. ഇപ്പോ​ഴ​ത്തെ ഹീറോ അയ്യ​പ്പ​പ്പ​ണി​ക്കർ…

ഈ കവിത ഞാൻ അവൾ കേൾ​ക്ക​ത്ത​ക്ക​വി​ധ​ത്തിൽ ഉറ​ക്കെ​ച്ചൊ​ല്ലും. മന്ദ​ഹാ​സ​ത്തോ​ടെ അവൾ അതു​കേ​ട്ടു് പോകും. പ്ര​കാ​ശ​മു​ണ്ടെ​ങ്കിൽ ഇരു​ട്ടു​ണ്ടു്. ആഹ്ലാ​ദ​മു​ണ്ടെ​ങ്കിൽ വി​ഷാ​ദ​മു​ണ്ടു്. സൗ​ര​ഭ്യ​മു​ണ്ടെ​ങ്കിൽ നാ​റ്റ​വും. സൗ​ര​ഭ്യം പ്ര​സ​രി​പ്പി​ച്ചു് ബാലിക പോയി കഴി​യു​മ്പോൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ചവ​റു​വ​ണ്ടി വരും. പി​ന്നെ കു​റെ​നേ​ര​ത്തേ​ക്കു പൂ​തി​ഗ​ന്ധ​മാ​ണു് അന്ത​രീ​ക്ഷ​ത്തി​ലാ​കെ, എന്തെ​ല്ലാം മാ​ലി​ന്യ​ങ്ങ​ളാ​ണു് വണ്ടി​ക്ക​ക​ത്തു്! അക്കാ​ല​ത്തു് കു​ഞ്ഞു​ങ്ങൾ റോ​ഡി​ലേ മല​വി​സർ​ജ്ജ​നം ചെ​യ്യൂ. രാ​ത്രി​യാ​യാൽ പു​രു​ഷ​ന്മാ​രും. വണ്ടി​ക്കാ​രൻ ഒരു പാ​ട്ട​ക്ക​ഷ​ണം വച്ചു് വഴി​യ​രി​കി​ലെ ചപ്പും ചവറും മറ്റു മാ​ലി​ന്യ​ങ്ങ​ളും കോ​രി​യെ​ടു​ക്കു​മ്പോൾ കു​ട്ടി​ക​ളു​ടെ​യും പ്രാ​യ​മാ​യ​വ​രു​ടെ​യും പു​രീ​ഷ​വും കോ​രി​യെ​ടു​ക്കും. അതു വണ്ടി​ക്ക​ക​ത്തു നി​ക്ഷേ​പി​ക്കും. ആളു​ക​ളു​ടെ നാ​സാ​ര​ന്ധ്ര​ങ്ങ​ളെ ആക്ര​മി​ക്കു​ന്ന ദുർ​ഗ​ന്ധ​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി വണ്ടി വരു​ന്ന​തു കണ്ടാൽ അവർ വല്ല സ്ഥ​ല​ത്തേ​ക്കും ഓടി​പ്പോ​കും; ഞാൻ വീ​ട്ടി​ന​ക​ത്തേ​ക്കും. കാലം കഴി​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി കോർ​പൊ​റെ​യ്ഷ​നാ​യി ചവ​റു​വ​ണ്ടി​ക്കു​പ​ക​രം ലോ​റി​യാ​യി. ചവ​റു​വ​ണ്ടി അങ്ങു അപ്ര​ത്യ​ക്ഷ​മാ​യി​യെ​ന്നു പറ​യാ​മോ? പാ​ടി​ല്ല. അതു പു​സ്ത​ക​ത്തി​ന്റെ രൂ​പ​മാർ​ന്നു് ഇക്കാ​ല​ത്തു് പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. അയ്യ​പ്പ​പ്പ​ണി​ക്കർ എഡി​റ്റ​റാ​യും എം. എം. ബഷീർ പ്ര​സാ​ധ​ക​നാ​യും “കേ​ര​ള​ക​വിത 2002” എന്നൊ​രു ഗ്ര​ന്ഥം കറ​ന്റ് ബു​ക്ക്സ്, കോ​ട്ട​യം പ്ര​സാ​ധ​നം ചെ​യ്തി​രി​ക്കു​ന്നു. രണ്ടു ഭാ​ഗ​ങ്ങ​ളു​ണ്ടു് ഈ കാ​വ്യ​ഗ്ര​ന്ഥ​ത്തി​നു്. ഒന്നാം​ഭാ​ഗം ലോ​ക​ക​വി​ത​യാ​ണു്. ഇന്നു​വ​രെ ഞാൻ കേ​ട്ടി​ട്ടി​ല്ലാ​ത്ത (കു​റ്റം എന്റേ​തു്) പല കവി​ക​ളു​ടേ​യും കാ​വ്യ​ങ്ങൾ മലയാള ലി​പി​യിൽ വന്നി​രി​ക്കു​ന്നു. ഓരോ​ന്നും വിരസം. ലയ​മി​ല്ല. താ​ള​മി​ല്ല. ഉള്ള​തു് ബലാ​ത്കാ​ര​മാ​യി നി​വേ​ശി​പ്പി​ക്കു​ന്ന ഇമേ​ജ​റി മാ​ത്രം. ദുർ​ഗ്ര​ഹ​ത​യാ​ണു് ഓരോ രച​ന​യു​ടേ​യും മുദ്ര. രണ്ടാം​ഭാ​ഗ​ത്തിൽ കേ​ര​ള​ത്തി​ലെ കവി​ക​ളു​ടെ രചനകൾ. Degeneration സാ​ഹി​ത്യ​ത്തിൽ വരു​ന്ന​തെ​ങ്ങ​നെ​യെ​ന്നു് ഗ്ര​ഹി​ക്ക​ണ​മെ​ങ്കിൽ ഇപ്പു​സ്ത​ക​ത്തി​ന്റെ ഏതു പു​റ​വും നോ​ക്കി​യാൽ മതി. നോ​ക്കേ​ണ്ട​തി​ല്ല. വാ​യ​ന​ക്കാർ​ക്കു personal degeneration ഉണ്ടാ​കും. സ്ഥാ​ലീ​പു​ലാ​ക​ന്യാ​യ​മ​നു​സ​രി​ച്ചു് മഹാ​ക​വി കൊ​ന്ന​മൂ​ടു് വി​ജു​വി​ന്റെ ഒരു കവി​ത​യു​ടെ ഏതാ​നും വരികൾ എടു​ത്തെ​ഴു​താം.

ഇല​ക്ഷൻ

അമ്മ വോ​ട്ടു് നി​ര​സി​ച്ചു

കാരണം അറി​യി​ക്കാ​തെ മകൻ;

ചെ​റു​നേ​താ​വു്

ഉപ​ദേ​ശം

“വോ​ട്ടു മൗ​ലി​കാ​വ​കാ​ശം” (വി​ഡ്ഢി)

അമ്മ; (പുറം 166)

images/Nalapat_Narayana_Menon.jpg
നാ​ല​പ്പാ​ട്ടു നാ​രാ​യ​ണ​മേ​നോൻ

അയ്യ​പ്പ​പ്പ​ണി​ക്ക​രും ബഷീ​റും ഇതിനെ majestic poetry എന്നു വി​ളി​ച്ചേ​ക്കും. എം. രാ​ഘ​വ​നു് ഫ്ര​ഞ്ച് ഭാഷ അറി​യാ​മെ​ന്നാ​യി​രു​ന്നു എന്റെ ധാരണ. അറി​ഞ്ഞു​കൂ​ടാ എന്നു് ഇപ്പോൾ മന​സ്സി​ലാ​യി. ഫ്ര​ഞ്ച് ഫെ​മി​നി​സ്റ്റ് ക്രി​ട്ടി​ക്കും നോ​വ​ലി​സ്റ്റു​മായ ഏലൻ സീ​സ്സു​വി​നെ (Helene Cixous) അദ്ദേ​ഹം ഹെലേൻ സി​ക്സു എന്നാ​ക്കി​യി​രി​ക്കു​ന്നു (പുറം 236) ഇമ്മാ​തി​രി​പ്പു​സ്ത​ക​ങ്ങൾ ഒന്നോ രണ്ടോ പ്ര​തി​ക​ളേ അച്ച​ടി​ക്കാ​വൂ. ഇതു് രണ്ടു കോ​പ്പി​കൾ അച്ച​ടി​ക്കാം. അയ്യ​പ്പ​പ്പ​ണി​ക്കർ​ക്കു് ഒന്നു്. ബഷീ​റി​നു് ഒന്നു്. പണി​ക്കർ​ക്കു് ദി​വ​സം​തോ​റും ഇതു തു​റ​ന്നു നോ​ക്കി താൻ എത്ര കവി​ശി​ങ്കി​ടി​ക​ളെ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു​വെ​ന്നു മന​സ്സി​ലാ​ക്കി പു​ള​ക​പ്ര​സ​രം അനു​ഭ​വി​ക്കാം. എം. എം. ബഷീർ ഹീ​റോ​വേർ​ഷി​പ്പു​കാ​ര​നാ​ണു്. വൈ​ക്കം മു​ഹ​മ്മ​ദ് ബഷീർ അദ്ദേ​ഹ​ത്തി​ന്റെ ഹീറോ. അദ്ദേ​ഹ​ത്തിൽ തു​ട​ങ്ങി എം. എം. ബഷീ​റി​നു് എണ്ണ​മ​റ്റ ഹീ​റോ​ക​ളു​ണ്ടു്. ഇപ്പോ​ഴ​ത്തെ ഹീറോ അയ്യ​പ്പ​പ്പ​ണി​ക്കർ. തന്റെ ഹീ​റോ​ക്കു് ആഹ്ലാ​ദ​മ​രു​ളാൻ ഇപ്പു​സ്ത​കം താൻ പ്ര​സാ​ധ​നം ചെ​യ്ത​ല്ലോ എന്നു​ക​ണ്ടു് ബഷീ​റി​നു് ആഹ്ലാ​ദ​ത്തിൽ നീ​ന്തി​ത്തു​ടി​ക്കാം. നാ​ണം​കെ​ട്ട​വ​ന്റെ എവി​ടെ​യോ ആലു​കി​ളിർ​ത്താൽ അതും ഒരു തണൽ എന്നാ​ണ​ല്ലോ മഹ​ദ്വ​ച​നം. (Hero എന്ന വാ​ക്കി​ന്റെ ശരി​യായ ഉച്ചാ​ര​ണം ഹി​യ്റോ എന്ന​ത്രേ. ആളു​കൾ​ക്കു മന​സ്സി​ലാ​ക്കാൻ വേ​ണ്ടി ഹീറോ എന്നു ഞാ​നെ​ഴു​തി​യെ​ന്നേ​യു​ള്ളൂ.)

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: മല​യാ​ള​നോ​വ​ലു​ക​ളി​ലെ ഏതു കഥാ​പാ​ത്ര​ത്തെ നി​ങ്ങൾ ‘ഫൂൾ’ എന്നു വി​ളി​ക്കും?

ഉത്ത​രം: ചെ​മ്മീൻ എന്ന നോ​വ​ലി​ലെ കഥാ​പാ​ത്ര​മായ പരീ​ക്കു​ട്ടി​യെ He is a silly fool എന്നാ​വും ഞാൻ പറയുക

ചോ​ദ്യം: നാ​ല​പ്പാ​ട്ടു നാ​രാ​യ​ണ​മേ​നോ​ന്റെ ‘കണ്ണു​നീർ​ത്തു​ള്ളി’ ഒന്നാം​ത​രം കവി​ത​യ​ല്ലേ?

ഉത്ത​രം: അതേ. ടെ​നി​സൺ എന്ന കവി​യു​ടെ ‘ഇൻ മെ​മ്മോ​റിയ’വും നല്ല കാ​വ്യം.

ചോ​ദ്യം: പു​രു​ഷ​നു് ക്ഷമ കൂ​ടു​മ​ല്ലേ?

ഉത്ത​രം: ഭാര്യ പറ​യു​ന്ന​തൊ​ക്കെ മന​സ്സി​രു​ത്തി കേൾ​ക്കു​ന്ന ഒരു പു​രു​ഷ​നും ഇന്നു​വ​രെ ഉണ്ടാ​യി​ട്ടി​ല്ല.

ചോ​ദ്യം: പു​രു​ഷ​നു് സ്ത്രീ സ്വാ​ത​ന്ത്ര്യം കൊ​ടു​ത്താൽ?

ഉത്ത​രം: അയാൾ സ്ത്രീ​യു​ടെ ശരീ​ര​ത്തിൽ തടവാൻ വരും.

ചോ​ദ്യം: “ബോ​റ​നാ​രു്?”

ഉത്ത​രം: ഭാ​ര്യ​ക്കു് ഭർ​ത്താ​വു് ബോർ. ഭർ​ത്താ​വി​നു ഭാര്യ ബോർ.

ഉത്ത​രം: എനി​ക്കു ഒന്നി​ലും വി​ശ്വാ​സ​മി​ല്ല. വി​ദ്യു​ച്ഛ​ക്തി, കു​ടി​വെ​ള്ളം ഇവ​യിൽ​പ്പോ​ലും വി​ശ്വാ​സ​മി​ല്ല. രാ​ത്രി എഴു​തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ വി​ദ്യു​ച്ഛ​ക്തി പോകും. കു​ളി​ച്ചു​കൊ​ണ്ടു നി​ല്ക്കു​മ്പോൾ ജലം ഇല്ലാ​തെ​യാ​കും.

ചോ​ദ്യം: “ആളു​ക​ളെ സു​പ്പീ​രി​യർ, ഇൻ​ഫീ​രി​യർ എന്നു മന​സ്സി​ലാ​ക്കു​ന്ന​തെ​ങ്ങ​നെ?”

ഉത്ത​രം: സു​പ്പീ​രി​യർ വ്യ​ക്തി നമ്മു​ടെ വീ​ട്ടിൽ വന്നാൽ പത്തു​മി​നി​റ്റിൽ കൂ​ടു​തൽ ഇരി​ക്കി​ല്ല. ഇൻ​ഫീ​രി​യർ വ്യ​ക്തി രണ്ടു​മ​ണി​ക്കൂർ ഇരി​ക്കും. നമ്മൾ കോ​ട്ടു​വാ​യി​ട്ടാ​ലും വാ​ച്ച് നോ​ക്കി​യാ​ലും പോ​കി​ല്ല. ചു​വ​രി​ലി​രി​ക്കു​ന്ന ചങ്ങ​മ്പു​ഴ​യു​ടെ പടം നോ​ക്കി ‘ഇതെ​വി​ടെ​നി​ന്നു കി​ട്ടി’ എന്നു ചോ​ദി​ക്കും. അതിനു മറു​പ​ടി കൊ​ടു​ത്താൽ വേ​റൊ​രു സ്റ്റു​പി​ഡായ ചോ​ദ്യ​മെ​റി​യും.

അവിയൽ

എൻ. ഗോ​പാ​ല​പി​ള്ള​യു​ടെ ഹാ​സ്യോ​ക്തി​കൾ ചി​ല​പ്പോൾ വ്യ​ക്തി​ശ​ത്രുത കാ​ണി​ക്കു​ന്ന​വ​യാ​ണെ​ങ്കി​ലും രസ​പ്ര​ദ​ങ്ങ​ളാ​ണു്. ബു​ദ്ധി​മാൻ ആയി​രു​ന്ന​തു​കൊ​ണ്ടു് പ്ര​ശം​സി​ച്ചു പാ​ട്ടി​ലാ​ക്കാൻ പ്ര​യാ​സ​മാ​യി​രു​ന്നു അദ്ദേ​ഹ​ത്തെ.

എൻ. ഗോ​പാ​ല​പി​ള്ള​യു​ടെ ഹാ​സ്യോ​ക്തി​കൾ ചി​ല​പ്പോൾ വ്യ​ക്തി​ശ​ത്രുത കാ​ണി​ക്കു​ന്ന​വ​യാ​ണെ​ങ്കി​ലും രസ​പ്ര​ദ​ങ്ങ​ളാ​ണു്. ബു​ദ്ധി​മാൻ ആയി​രു​ന്ന​തു​കൊ​ണ്ടു് പ്ര​ശം​സി​ച്ചു പാ​ട്ടി​ലാ​ക്കാൻ പ്ര​യാ​സ​മാ​യി​രു​ന്നു അദ്ദേ​ഹ​ത്തെ. എങ്കി​ലും മു​ഖ​സ്തു​തി​യിൽ വീ​ഴാ​ത്ത​താ​രു്? പ്ര​ശം​സ​യിൽ വീ​ഴു​ന്നി​ല്ലെ​ന്നു കാ​ണി​ച്ചു​കൊ​ണ്ടു് അവർ ഉള്ളിൽ സന്തോ​ഷി​ക്കും. എങ്കി​ലും അങ്ങു് ചന്ദ്ര​നാ​ണു്. ഇന്ദ്ര​നാ​ണു് എന്നു പറ​ഞ്ഞു് മു​ഖ​സ്തു​തി​യിൽ വ്യാ​പ​രി​ച്ചാൽ അദ്ദേ​ഹം ഹൃദയം പി​ളർ​ന്നു പോ​ക​ത്ത​ക്ക​വി​ധ​ത്തിൽ സം​സാ​രി​ക്കും. അതു​കേ​ട്ടാൽ ജീ​വി​ച്ചി​രി​ക്ക​ണ​മെ​ന്നു് പി​ന്നെ തോ​ന്നു​ക​യേ​യി​ല്ല. സം​സ്കൃത കോ​ളേ​ജി​ലെ ഏതോ ഒരു അസോ​സി​യേ​ഷൻ ഉദ്ഘാ​ട​നം ചെ​യ്യു​ന്ന വേ​ള​യിൽ സ്വാ​ഗ​ത​പ്ര​ഭാ​ഷ​കൻ വ്യാ​ജ​സ്തു​തി നട​ത്തി. ഗോ​പാ​ല​പി​ള്ള​യു​ടെ നർ​മ്മ​ബോ​ധ​ത്തേ​യും നർ​മ്മോ​ക്തി​ക്കു​ള്ള പാ​ട​വ​ത്തെ​യും അയാൾ മു​ഖ​സ്തു​തി പ്രാ​യ​മാ​ക്കി സം​സാ​രി​ച്ചു. ഗോ​പാ​ല​പി​ള്ള​സ്സാ​റി​നു് അതു രസി​ച്ചി​ല്ല. അദ്ധ്യ​ക്ഷ​പ്ര​സം​ഗം നട​ത്തു​ന്ന സന്ദർ​ഭ​ത്തിൽ അദ്ദേ​ഹം പറ​ഞ്ഞു “എന്റെ ഹാ​സ്യോ​ക്തി​ക​ളെ സ്വാ​ഗ​ത​പ്ര​ഭാ​ഷ​കൻ കണ​ക്ക​റ്റു് വാ​ഴ്ത്തി. ഉക്തി​യി​ലു​ള്ള ഹാ​സ്യം കൊ​ണ്ട​ല്ല ശ്രോ​താ​ക്കൾ ചി​രി​ക്കു​ന്ന​തു്. പി​ന്നെ​യോ? ഞാൻ പ്ര​സം​ഗി​ക്കു​ന്ന വേ​ള​യിൽ മുഖം കൊ​ണ്ടു് ചില ഗോ​ഷ്ടി​കൾ കാ​ണി​ക്കും. മു​ഖ​ത്തെ മാം​സ​പേ​ശി​കൾ വക്രി​പ്പി​ക്കും. അപ്പോൾ വൈ​രൂ​പ്യ​മു​ണ്ടാ​കും. ആ വൈ​രൂ​പ്യ​മാ​ണു് ശ്രോ​താ​ക്ക​ളു​ടെ ചി​രി​ക്കു് ആസ്പ​ദം.”

ഇപ്പോ​ഴി​തു് ഓർ​മ്മി​ക്കാൻ കാ​ര​ണ​മു​ണ്ടു്. ഇ. സന്തോ​ഷ്കു​മാർ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ “വി​ല​പി​ക്കു​ന്ന ബു​ദ്ധൻ” എന്ന ചെ​റു​കഥ വാ​യി​ച്ചു് എന്റെ മുഖം കോ​ടി​പ്പോ​യി​രി​ക്കു​ന്നു. എന്റെ കോ​ള​ത്തി​ലെ പ്ര​യോ​ഗ​ങ്ങൾ ശക്ത​ങ്ങ​ളാ​ണെ​ങ്കി​ലും ഞാൻ ശാ​ന്ത​സ്വ​ഭാ​വ​ക്കാ​ര​നാ​ണു്. എന്റെ മു​ഖ​ത്തെ പ്ര​ശാ​ന്ത​ത​യും ഇക്ക​ഥ​യു​ടെ പാ​രാ​യ​ണ​ത്തി​നു​ശേ​ഷം ഇല്ലാ​തെ​യാ​യി​രി​ക്കു​ന്നു. സു​ദീർ​ഘ​മായ ഇക്ക​ഥ​യി​ലെ വാ​ക്യ​വർ​ഷം ഗലീ​ലി​യോ​യെ പള്ളി​യ​ധി​കാ​രി​കൾ കാ​ണി​ച്ചു പേ​ടി​പ്പി​ച്ച മർ​ദ്ദ​നോ​പ​ക​ര​ണ​ങ്ങ​ളേ​ക്കാൾ അസ​ഹ്യ​മാ​യി​രി​ക്കു​ന്നു.

images/Pierre_Loti.jpg
പ്യേർ ലോതീ

അവിയൽ പരു​വ​ത്തി​ലാ​ണു് ഇതിലെ കഥ. ഗർ​ഭി​ണി കു​ങ്കു​മ​പ്പൂ​ക്ക​ളി​ട്ടു പാൽ കു​ടി​ക്കു​ന്നു. കു​ഞ്ഞു് സൗ​ന്ദ​ര്യ​മു​ള്ള​താ​കാൻ​വേ​ണ്ടി. ഞാൻ പത്ര​വാർ​ത്ത മറ​ന്നു​പോ​യി. അഫ്ഗാ​നി​സ്ഥാ​നി​ല​ല്ലേ ബു​ദ്ധ​പ്ര​തി​മ​കൾ തകർ​ത്ത​തു്. അതി​ന്റെ കഷ​ണ​ങ്ങൾ ഗർ​ഭി​ണി​യു​ടെ ഭർ​ത്താ​വു് വാ​ങ്ങി​ക്കൊ​ണ്ടു​വ​രു​ന്നു. വീ​ട്ടിൽ വച്ച ആ കഷ​ണ​ങ്ങ​ളിൽ നി​ന്നു് ബു​ദ്ധ​ന്റെ വി​ലാ​പ​മു​യ​രു​ന്നു. അവ ദൂ​രെ​യെ​റി​ഞ്ഞി​ട്ടും വി​ലാ​പ​ത്തി​നു് കു​റ​വി​ല്ല. ഒടു​വിൽ ആ സ്ത്രീ പെ​റ്റു. അവ​ളു​ടെ കു​ഞ്ഞു് വെ​ളി​യി​ലേ​യ്ക്കു് പോ​ന്ന​പ്പോൾ കര​ഞ്ഞോ എന്നു ചി​ലർ​ക്കു സംശയം. കു​ഞ്ഞു് കര​ഞ്ഞെ​ന്നു് ഡോ​ക്ടർ ഉറ​പ്പി​ച്ചു് പറ​യു​മ്പോൾ കഥ അവ​സാ​നി​ക്കു​ന്നു. അയ​ഥാർ​ത്ഥീ​ക​ര​ണ​മാ​ണു് ഈ മെ​ന​ക്കെ​ട്ട കഥ​യു​ടെ മുദ്ര. ബു​ദ്ധൻ കര​ഞ്ഞെ​ന്നു പറ​യു​ന്ന​തേ അബ​ദ്ധം. സാ​ക്ഷാൽ ബു​ദ്ധൻ കര​ഞ്ഞ​വ​ന​ല്ല. അതു പോ​ക​ട്ടെ ബു​ദ്ധ​നാ​ണു് കഥ​യി​ലെ കേ​ന്ദ്ര​ബി​ന്ദു അതു് അനു​വാ​ച​ക​നെ സ്പർ​ശി​ക്കു​ന്ന വി​ധ​ത്തിൽ കഥാ​കാ​രൻ ചി​ത്രീ​ക​രി​ച്ചി​ട്ടി​ല്ല. അഫ്ഗാ​നി​കൾ കരയാൻ വൈ​കു​ന്ന​വ​രാ​ണെ​ന്നു് കഥ​യി​ലെ പ്ര​സ്താ​വം. അതു് ഭാ​ര​തീ​യ​രി​ലേ​ക്കും സം​ക്ര​മി​പ്പി​ക്കു​ന്നു. തു​ച്ഛ​മാ​യി​രു​ന്നാ​ലും മതി ജീ​വി​ത​ത്തി​ന്റെ ബഹിഃ​പ്ര​കാ​ശം കഥ​ക​ളിൽ വേണം. അതു് ഇതിൽ ഇല്ലേ​യി​ല്ല. ഒര​വി​യൽ രീ​തി​യിൽ എല്ലാം കൊ​ണ്ടു​വ​രു​ന്നു കഥാ​കാ​രൻ. അവിയൽ എന്നും ചോ​റി​നോ​ടൊ​രു​മി​ച്ചു് ഉപ​യോ​ഗി​ക്ക​ണ​മെ​ന്നു് ഒരു മഹാ​വൈ​ദ്യൻ പി. കെ പര​മേ​ശ്വ​രൻ​നാ​യ​രോ​ടും എന്നോ​ടും പറ​ഞ്ഞു. ഉപ​ദം​ശം എന്ന നി​ല​യിൽ അവിയൽ നന്നു് കഥ അവി​യ​ലി​നെ​പ്പോ​ലി​രു​ന്നാൽ ദൂ​രെ​യെ​റി​യാ​നേ പറ്റൂ.

തൃ​ശ്ശൂ​രെ സു​ന്ദ​രി​കൾ

പ്യേർ ലോതീ (Pierre Loti, 1850–1923) എന്ന ഫ്ര​ഞ്ചെ​ഴു​ത്തു​കാ​ര​ന്റെ വി​ശ്വ​വി​ഖ്യാ​ത​മായ കൃ​തി​യാ​ണു് “An Iceland Fisherman” നമ്മു​ടെ തകഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ‘ചെ​മ്മീൻ’ എന്ന നോവൽ ലോ​തീ​യു​ടെ ഈ നോ​വ​ലി​ന്റെ അടു​ത്തെ​ങ്ങും ചെ​ല്ലു​കി​ല്ല. വൈ​ഷ​യി​ക​ജീ​വി​ത​ത്തെ അത്ര​യ്ക്കു സു​ന്ദ​ര​മാ​യി​ട്ടാ​ണു് ഈ ഫ്ര​ഞ്ചെ​ഴു​ത്തു​കാ​രൻ പ്ര​തി​പാ​ദി​ക്കു​ന്ന​തു് ലോതീ ‘India’ എന്നൊ​രു “യാ​ത്രാ​വി​വ​ര​ണം” എഴു​തി​യി​ട്ടു​ണ്ടു്. അതിൽ അദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തു വന്ന​തും തി​രു​വി​താം​കൂർ മഹാ​രാ​ജാ​വി​ന്റെ അതി​ഥി​യാ​യി താ​മ​സി​ച്ച​തും മറ്റും രമ​ണീ​യ​മാ​യി വർ​ണ്ണി​ച്ചി​ട്ടു​ണ്ടു്. Maharajah of Travancore എന്ന സു​ദീർ​ഘ​മായ അധ്യാ​യ​ത്തിൽ ഇതൊ​ക്കെ വാ​യി​ക്കാം. തി​രു​വി​താം​കൂ​റിൽ​നി​ന്നു് ലോതീ തൃ​ശ്ശൂ​രി​ലേ​ക്കു പോയി. തൃ​ശ്ശൂ​രി​ലെ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യം ഈ ഫ്ര​ഞ്ച് സാ​ഹി​ത്യ നാ​യ​ക​നെ​യും ആകർ​ഷി​ക്കു​ന്നു. സ്ത്രീ​ക​ളെ അദ്ദേ​ഹം വർ​ണ്ണി​ക്കു​ന്ന​തു കാണുക:

One of their swelling breasts is hidden by muslin, but the other, the right one is always left uncovered, their young bosoms are more developed than those of European races, and seem almost out of proportion with their delicate waists; yet the outlines are matchless and have served as models for those stone and bronze torsos that Hindoo sculpture have given to their goddesses from the remotest ages, torsos in which feminine charms seems purposely heightened.

അവ​രു​ടെ കടാ​ക്ഷ​ങ്ങ​ളെ ലോതീ അന്യാ​ദൃ​ശ​മായ രീ​തി​യിൽ ആവി​ഷ്ക​രി​ക്കു​ന്നു:

“As I pass these women on the road, their glance meet mine almost stealthily, it is very tender but indifferent and far away—an unintentional caress of the flaming black eyes—than their eyelids droop.”

നൂ​റു​കൊ​ല്ലം മുൻ​പു​ള്ള തൃ​ശ്ശൂർ സു​ന്ദ​രി​കൾ എത്ര ഭാ​ഗ്യ​വ​തി​കൾ! (India, Pierre Loti, Translated from the French by George A. F. Inman, Rupa & Co., Rs. 195, pp. 274.)[1]

കു​റി​പ്പു​കൾ

[1] വില പു​സ്ത​ക​ത്തിൽ കൊ​ടു​ത്തി​ട്ടി​ല്ല. അമേ​രി​ക്ക​യിൽ റ്റെ​ലി​ഫോ​ണിൽ വി​ളി​ച്ചു ചോ​ദി​ച്ച​പ്പോൾ നാ​ല്പ​തു ഡോ​ള​റാ​ണെ​ന്നു് അറി​ഞ്ഞു.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-08-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 7, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.