ഇന്നുച്ചയ്ക്കു് തുരുമ്പിച്ച ഗേറ്റിനു മുന്നിലേക്കു് വിയർത്ത മുഖത്തോടെ നിങ്ങൾ വന്നുനിന്നപ്പോൾ ഞാനെന്തുമാത്രം സന്തോഷിച്ചു എന്നറിയാമോ. നിങ്ങളുടെ അമ്പരന്ന മുഖത്തു് വീടിതുതന്നെയാണോ എന്ന സംശയവും ആശങ്കയുമുണ്ടെന്നു് പെട്ടെന്നുതന്നെ ഞാൻ കണ്ടെത്തി. പരിസരപ്രദേശങ്ങൾ അത്രയ്ക്കു മാറിപ്പോയിട്ടുണ്ടല്ലോ. നാവോ കൈകാലുകളോ ഉണ്ടായിരുന്നെങ്കിൽ അവ അനക്കിക്കൊണ്ടു് വരൂ എന്നു ഞാൻ വിളിച്ചുകൂവുമായിരുന്നു. എന്നെ തിരിച്ചറിയാതെ നിങ്ങൾ മടങ്ങിപ്പോകരുതേ എന്നുമാത്രമാണു് ആ നിമിഷങ്ങളിൽ ഞാൻ വിചാരിച്ചതു്.
ഒന്നാലോചിച്ചാൽ നിങ്ങളുടെ ഈ മടങ്ങിവരവു് എല്ലാക്കാലത്തും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതാണു്. പ്രത്യേകിച്ചും ഞാൻ. ഓരോരുത്തരായി ഇവിടെനിന്നും പോയതിനുശേഷവും എന്നെങ്കിലും ഒരിക്കൽ നിങ്ങൾ അന്വേഷിച്ചു വരുമെന്നുതന്നെ ഞാൻ കരുതി. ഇപ്പോൾ മുറ്റമാകെ കാടു മൂടിയെങ്കിലും ചുമരുകളിൽ പായലുകളും സസ്യങ്ങളും വളർന്നെങ്കിലും ഭിത്തികളുടെ നിറം മാറിയെങ്കിലും കിണറിന്റെ ആൾമറ ഇടിഞ്ഞെങ്കിലും കുളം നികന്നെങ്കിലും എന്നെ നിങ്ങൾ തിരിച്ചറിയാതിരിക്കില്ലെന്നു് അറിയാം. ഒട്ടേറെ കാലം താങ്കൾ ഇരിക്കുകയും നടക്കുകയും ജീവിതം തന്നെ പങ്കുവയ്ക്കുകയും ചെയ്ത സ്ഥലമാണല്ലോ ഇതു്. ഞാൻ മനസ്സിൽ വിചാരിക്കുന്നതു് നിങ്ങൾക്കു കേൾക്കാനാവുന്നില്ലെന്നു് നിങ്ങളുടെ പരുങ്ങിനിൽപ്പു കണ്ടാലറിയാം. പഴയതൊന്നും ഓർത്തു പരിഭ്രമിക്കേണ്ട. നേരെ ഉള്ളിലേക്കു കയറിവരൂ. ഇതു് ആ പഴയ വാര്യം തന്നെയാണു്. ആ തുരുമ്പിച്ച ഗേറ്റിനു പൂട്ടില്ലെന്നു മനസ്സിലായില്ല അല്ലേ. ഒന്നു തള്ളിനോക്കൂ. തുറന്നാലും മുറ്റത്തെ പുല്ലിലൂടെ വീടിനുനേർക്കു വരാൻ പ്രയാസമാവും. എന്നിട്ടു് നിങ്ങൾ പണ്ടു വരുമ്പോൾ പതിവായിരിക്കാറുള്ള ഈ വരാന്തയിൽ ഇരിക്കൂ. ഈശ്വരി വാരസ്യാർ നിങ്ങൾക്കുള്ള സംഭാരമോ നറുനീണ്ടിസത്തു ചേർത്ത കിണർ വെള്ളമോ എടുത്തു് കതകിനടുത്തു നിൽക്കുന്നതു് അകക്കണ്ണാലേ കാണാൻ ശ്രമിക്കൂ.
വായനക്കാരോടു്: ജാതിവാലും സവർണ ഹൈന്ദവ ജീവിതപരിസരങ്ങളും മനപ്പൂർവ്വം ചേർത്തതല്ല. ഇതു് പത്തുമുപ്പതാണ്ടു മുമ്പത്തെ കേരളത്തിലെ ഒരു കഥയായതിനാൽ യഥാതഥമായി പറയുകയാണു്. തന്നെയുമല്ല, മനുഷ്യരുടെ ചിത്തവൃത്തികളും ആചാരശീലങ്ങളും സമൂഹത്തിന്റെ പൊതുനിയമങ്ങളോടു ബന്ധിക്കപ്പെട്ടതായിരുന്നല്ലോ. അക്കൂട്ടത്തിൽ ചിലതുകൂടി പറയട്ടെ. ഈശ്വരിയുടെ മകൾക്കു് ഇത്തരം വാലുകളൊന്നുമില്ല. എം. കെ. നിഷ എന്നാണു് പത്താം ക്ലാസ് മുതൽ അവളുപയോഗിച്ചുവരുന്നതു്. അവളുടെ ഭർത്താവും കിരൺ കുമാർ എന്ന പേരാണുപയോഗിക്കുന്നതു്. കോർപ്പറേഷൻ രേഖകളിൽ അവരുടെ ഫ്ലാറ്റിന്റെ പേരു് ‘റോസ് കോട്ടേജ്’ എന്നും. റോസ് എന്നതു് നിഷയുടെയും കിരണിന്റെയും മകളുടെ പേരാണു്. അതായതു് ഈശ്വരിയുടെ പേരക്കുട്ടി. അമ്മയെയും അമ്മമ്മയെയും പോലെ അമ്പലത്തിലെ അടിച്ചുതളിയൊന്നുമല്ല നിഷയുടെ ഉദ്യോഗം. ഇൻകം ടാക്സ് ഓഫീസ് ഇൻസ്പെക്ടറാണു്. കഥ തുടരാം.
നിങ്ങളിങ്ങനെ എല്ലാം മറന്നു് എന്നെ നോക്കിനിൽക്കുമ്പോൾ ഞാൻ പഴയതെല്ലാം ഓർമ്മിക്കുകയാണു്. ഒരു മീനമാസമായിരുന്നു അതു്. നല്ല ചൂടിൽ വിയർത്തൊലിച്ചു് ഏകദേശം പന്ത്രണ്ടു മണിയോടെയാണു് നിങ്ങളെത്തിയതു്. കൈയിൽ ചുവന്ന തുണി സഞ്ചിയുണ്ടായിരുന്നു. നിങ്ങളുടെ കഴുത്തും പുറവും ആകെ വിയർത്തിരുന്നു. ഇന്നത്തെപ്പോലെ പരുങ്ങിയും സംശയിച്ചും നിങ്ങളന്നു ഗേറ്റിനടുത്തു നിന്നു. അന്നു മുറ്റത്തെ മുല്ലയും ചെമ്പരത്തിയും പിച്ചകവും വീടിനുമീതെ വളർന്നുനിൽക്കുന്നുണ്ടു്.
ഉമ്മറത്തു തൂക്കിയിട്ടിട്ടുള്ള ഭസ്മക്കൊട്ടയിലേക്കും ചങ്ങലവട്ടയിൽ കിടക്കുന്ന പിച്ചള വിളക്കിലേക്കും നിങ്ങൾ മാറിമാറി നോക്കി. എന്നിട്ടു് പഴയകാല സമ്പ്രദായത്തിൽ ‘ഇവിടെ ആരുമില്ലേ’ എന്നു വിളിച്ചു ചോദിച്ചു. ഇതാരപ്പാ ഈ നേരത്തു് എന്ന സംശയത്തോടെ ഈശ്വരി കതകു തുറന്നു് മുറ്റത്തേക്കു നോക്കി. മുറ്റത്തു നിങ്ങളെ കണ്ടപ്പോൾ ഈശ്വരിയുടെ മനസ്സിലൂടെ പലവിധ ചിന്തകൾ ഓടിപ്പോയി. വഴി തെറ്റി ഒരപരിചിതൻ വന്നുപെടാനിടയില്ലാത്ത കുഗ്രാമമായിരുന്നല്ലോ അന്നു്. അതിനാൽ പാതി കതകിനു മറഞ്ഞു് പേടിയോടെയാണു് അവർ നിങ്ങളെ നോക്കിയതു്.

അപ്പോൾ നിങ്ങൾ കിണറിനെ ശ്രദ്ധിച്ചു് ‘ഇത്തിരി വെള്ളം കുടിച്ചോട്ടെ?’ എന്നു ചോദിച്ചു. ഇന്നാലോചിക്കുമ്പോൾ രസകരമായി തോന്നുന്ന ഒരു കാര്യം അപ്പോൾ സംഭവിച്ചിട്ടുണ്ടു്. ഈശ്വരി ഒന്നു വല്ലാതായതാണു് അതു്. ജാതിയേതെന്നറിയാതെ നിങ്ങളെ എങ്ങനെ വീട്ടിലേക്കു കയറ്റുമെന്നും വെള്ളം നൽകുമെന്നും അവർ സംശയിച്ചുപോയതാണു് കാരണം. വൈകുന്നേരം അമ്പലത്തിൽ കഴകത്തിനു പോകാനുള്ളതാണല്ലോ അവർക്കു്. അന്നു് അമ്പലത്തിലെ ശാന്തി നോക്കിയിരുന്നതു് വേളി ശരിയാകാതെ നിൽക്കുന്ന ഒരു ഉണക്ക നമ്പൂതിരിയായിരുന്നു. അയാൾക്കു് ശുദ്ധവും വൃത്തിയും കൂടും. തൊഴാൻ വരുന്നവരെപ്പോലും കണ്ണിനുനേരെ കണ്ടാൽ ദേഷ്യത്തോടെയേ നോക്കൂ. ഈശ്വരിക്കു് അയാളെ നല്ലപോലെ പേടിയായിരുന്നു.
“എന്താണാവോ പേരു്…?”
ഈശ്വരി അന്നു പതിയെ ചോദിച്ചതു് ഓർമ്മയില്ലേ. നിങ്ങളപ്പോൾ അവരെ സാകൂതം നോക്കി. എന്നിട്ടു നേർത്ത ചിരിയോടെ ‘കൃഷ്ണക്കുറുപ്പു്’ എന്നു പറഞ്ഞു.
കൃഷ്ണക്കുറുപ്പു് എന്നു കേട്ടതോടെ കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ ഈശ്വരി സമ്മതിച്ചു. ‘പാളയുണ്ടു്’ എന്നായിരുന്നു അവരുടെ അനുവാദം. അങ്ങനെയാണു് നിങ്ങളാദ്യം ഈ മുറ്റത്തേക്കു കയറുന്നതു്. നിങ്ങൾ തുണിസഞ്ചി വെയിലേറ്റു തറഞ്ഞ മുറ്റത്തേക്കു വെച്ചു. എന്നിട്ടു് പാള കിണറ്റിലേക്കിട്ടു് വെള്ളം കോരി മതിവരുവോളം കുടിച്ചു. ആ നേരം ഈശ്വരിക്കു് തോന്നിയതെന്താണെന്നു് എനിക്കറിയാം. ‘ഇദ്ദേഹം പ്രാതൽ കഴിച്ചിട്ടുണ്ടാവില്ലാന്നു് തോന്നുന്നൂല്ലോ’ എന്നായിരുന്നു അതു്.
അതു നേരായിരുന്നു. നിങ്ങളന്നു് വളരെ ദൂരത്തുനിന്നും വരികയായിരുന്നു. ബസ് സ്റ്റാന്റിലെ കടയിൽ നിന്നും പാലൊഴിച്ച ഒരു ചായ കുടിച്ചതൊഴിച്ചാൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. മീനത്തിലെ വെയിലും വിശപ്പും കൂടിയായപ്പോൾ നിങ്ങൾ വല്ലാതെ തളർന്നുപോയി. വെള്ളം കുടിച്ചു് ബാക്കി വെള്ളമുപയോഗിച്ചു നിങ്ങൾ കാലും കൈയും മുഖവും കഴുകി. ക്ഷൗരം ചെയ്തിട്ടു നാലഞ്ചു നാളുകളായതിനാൽ മുഖത്തെ കറുത്തരോമങ്ങളിൽ ജലകണങ്ങളിരുന്നു തിളങ്ങി. നിങ്ങൾക്കു സമൃദ്ധമായ ചുരുൾമുടിയുണ്ടായിരുന്നു.
“ഒന്നും തോന്നരുതു്. ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ. നല്ല വെയിലു്.”
കൂവളത്തിന്റെയും തുളസിയുടെയും മന്ദാരത്തിന്റെയും തണലിലേക്കു നോക്കി നിങ്ങൾ ആരോടെന്നില്ലാതെ പറഞ്ഞു.
“ഇരുന്നോളൂ…”
ഈശ്വരി പറഞ്ഞു. ചോറു വെച്ചു വാർത്തിട്ടിരുന്നു. കൂട്ടാനായി കുമ്പളങ്ങ മുറിക്കുമ്പോളാണു് നിങ്ങൾ വന്നതു്. ഇത്തിരി ഉപ്പും മഞ്ഞളും രണ്ടു പച്ചമുളകും ഇട്ടു വേവിച്ച കുമ്പളങ്ങയിൽ മോരൊഴിച്ചു് തിളപ്പിച്ചെടുക്കുന്നതായിരുന്നു ഈശ്വരിയുടെ കൂട്ടാൻ.
നിങ്ങൾ മുറ്റത്തു് ഇരിക്കാൻ പോയപ്പോൾ, “അയ്യോ. ഇങ്ങോട്ടിരിക്കാം. ചെമ്മണ്ണു മുണ്ടിൽ പറ്റിയാൽ പോകില്ല.” ഈശ്വരി പറഞ്ഞു.
നിങ്ങൾ അതനുസരിച്ചു് വരാന്തയിലിരുന്നു. അന്നു വരാന്ത മറച്ചിട്ടില്ല. നിങ്ങളാണു് വർഷങ്ങൾ കഴിഞ്ഞു് മുൻകൈയെടുത്തു് തിണ്ണയ്ക്കു് അരമതിലു കെട്ടി മുകളിലേക്കു കമ്പിയഴിയിട്ടതു്. അന്നു് വരാന്തയിൽ നിങ്ങളിരിക്കുമ്പോൾ നിങ്ങളുടെ നിറമുള്ള മുഖത്തേക്കും ദേഹത്തേക്കും കണ്ണയച്ചു് തറവാടിത്തം മനസ്സിലാക്കാനെന്നതുപോലെ ഈശ്വരി ചോദിച്ചു.
“എവിടുന്നാണാവോ?”
നിങ്ങൾ ഈശ്വരിയെ നോക്കി. കരിങ്കറുപ്പു മുടിയും രക്തമയം പാടെ നഷ്ടപ്പെട്ട ചർമ്മവും ഉടുത്തിരുന്ന മുണ്ടിന്റെയും നേര്യതിന്റെയും വെൺമയെക്കാളും വെൺമ തോന്നിച്ച കൈവെള്ളയുമായി ഈശ്വരി നിൽക്കുന്നതു് നിങ്ങൾ കണ്ടു. അക്കാലത്തെ കവിടിപ്പിഞ്ഞാണങ്ങളുടെ വക്കുകളുടെ നീലനിറമുള്ള ബ്ലൗസായിരുന്നു ഈശ്വരിയുടെ വേഷം. നല്ല ഭംഗിയുണ്ടായിരുന്നു അവരെ കാണാൻ. ഒരുതരം ലാളിത്യവും. “പറഞ്ഞാൽ അറിയില്ല. വരുന്നതു് തത്തിത്തിമിറ്റം ഭാഗത്തുനിന്നാണു്. മഠത്തിൽ കുറുപ്പെന്നു് പറഞ്ഞാൽ അവിടുള്ളോരെല്ലാം അറിയും.”
ഈശ്വരി തലയാട്ടി കേട്ടു. അവർക്കു ചിരട്ടയും തെങ്ങിൻ മടലും ചെറിയ വിറകുകമ്പുകളും അടുപ്പിൽ കിടന്നു വെറുതെ കത്തുന്നതിന്റെ വേവലാതിയുണ്ടായിരുന്നു. ആഗതനെ അവിടെയിരുത്തി കറി വയ്ക്കാൻ പോകുന്നതെങ്ങനെ എന്നു് ഈശ്വരി ശങ്കിച്ചു നിന്നപ്പോൾ നിങ്ങൾ പറഞ്ഞു.
“എന്താ ജോലിയെന്നുവച്ചാൽ അതു ചെയ്തോളൂ. എന്നെ കാക്കണ്ട. ക്ഷീണം മാറിയാ ഞാൻ പോകും.”
ഈശ്വരി തലയാട്ടി. എന്നിട്ടു് ഉപചാരത്തിനു പറഞ്ഞു.
“ധൃതിയൊന്നുമില്ല. ഇപ്പോ നടന്നാ എന്തായാലും തളരും.”
നിങ്ങൾ തളരാൻ പാടില്ല എന്നു് ഈശ്വരി എന്തുകൊണ്ടോ ആഗ്രഹിച്ചിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അവർ കതകിനടുത്തു നിന്നു് നിങ്ങളെ ശ്രദ്ധിക്കുമ്പോൾ ഇങ്ങനെ നോക്കുന്നതെന്തിനാണു് എന്നു് അവർ അവരോടു ചോദിക്കുന്നതു് ഞാൻ കേട്ടിരുന്നു. വാസ്തവത്തിൽ നിങ്ങൾക്കും പെട്ടെന്നൊരു തണൽ കിട്ടിയതിന്റെ കുളിർമ്മ അനുഭവപ്പെടാതിരുന്നില്ല. ആരോടെന്നില്ലാതെ നിങ്ങൾ പറഞ്ഞു.
“ഒരു കള്ളനെപ്പിടിക്കാൻ ഇറങ്ങീതാ…”
അതുകേട്ടപ്പോൾ ഈശ്വരി അമ്പരന്നു. മുപ്പതാണ്ടു ജീവിച്ചിട്ടും പരിചയിച്ചിട്ടില്ലാത്ത വിശേഷങ്ങളിലൊന്നായി അതു് ഈശ്വരിയുടെ കർണങ്ങളെ തേടിവരികയായിരുന്നു.
“കള്ളൻന്നു് വച്ചാൽ…”
“കള്ളൻന്നു് വച്ചാൽ കള്ളൻ തന്നെ. അവന്റെ കൈയീന്നു് എന്റെ കാശു തിരിച്ചു മേടിക്കാതെ മടങ്ങിപ്പോകാൻ സാധിക്കില്ല.”
നിങ്ങൾ രോഷാകുലനായി മുറ്റത്തേക്കു നോക്കിയിരുന്നു. കൂവളത്തിൽ വന്നിരുന്ന ചെറുകിളികൾ പോലും ആ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നി.
“കേട്ടിട്ടെനിക്കു് ഉള്ളം കാലൊക്കെ വിറയ്ക്കുന്നു. എവിടെയാ കള്ളൻ പാർക്കുന്നതു്, ഈ നാട്ടിലാണോ…?”
ഈശ്വരി ചോദിച്ചപ്പോൾ നിങ്ങളവരെ അനുതാപത്തോടെ നോക്കി. പിന്നെ അവരെ പേടിപ്പിച്ചല്ലോ എന്ന കുറ്റബോധത്തോടെ പറഞ്ഞു.
“ഈ നാട്ടിലാണോന്നു ചോദിച്ചാൽ… അവനീ നാടിന്റെ പേരാ പറഞ്ഞതു്.”
“ഈശ്വരാ… ഇവിടേം കള്ളൻമാരുണ്ടോ… എന്തിരുന്നിട്ടാ ഇവിടെ…”
അതും പറഞ്ഞു് ഈശ്വരി ചുറ്റും പാടും നോക്കി. എന്നിട്ടു് എന്നെയും നോക്കി. എനിക്കറിയാമല്ലോ. അഞ്ചു മുറികളും അടുക്കളയും രണ്ടു വരാന്തയും ഒരു ഇറയവുമാണു് എനിക്കുള്ളതെന്നു്. രണ്ടു മുറികൾക്കു നല്ല മരത്തിന്റെ മച്ചോ ഉറപ്പുള്ള പലകകളോ ഇല്ല. ഓടാണെങ്കിൽ പഴയതുമാണു്. അതുതന്നെ ചിലയിടങ്ങളിൽ പൊട്ടി മഴക്കാലത്തു് ചോരുന്നുണ്ടു്.
ഈശ്വരിയുടെ മുറിയിലെ അലമാരയിൽ ഒരു അളുക്കിൽ പൊട്ടിയ രണ്ടു കമ്മലുകളും ഒരു ഞാത്തിന്റെ കഷണവും നിഷ കുഞ്ഞായിരുന്നപ്പോൾ കാലിലിട്ടിരുന്ന രണ്ടു വെള്ളത്തളകളുമുണ്ടു്. നിഷയുടെ കാതിൽ രണ്ടു മൊട്ടു കമ്മലുകളും കഴുത്തിൽ അരപ്പവനിൽ താഴെ വരുന്ന ഒരു മാലയും കഴിച്ചാൽ വേറൊന്നുമില്ല സ്വർണമായിട്ടു്. ഈശ്വരിക്കു് ആകെയുള്ളതു് പച്ചക്കല്ലുവെച്ച രണ്ടു കമ്മലുകളും കഴുത്തിലെ ചരടിൽ കോർത്ത ഒരു ഏലസുമാണു്. മോതിരം ഇടണമെന്നതു് ഈശ്വരിയുടെ എക്കാലത്തെയും വലിയ മോഹമായിരുന്നെങ്കിലും ഒരിക്കലും നടന്നിട്ടില്ലെന്നുമാത്രം.
നിങ്ങൾക്കു് അവരുടെ പരിഭ്രമം മനസ്സിലായി.
“പേടിക്കണ്ട. അവനീ നാട്ടുകാരനായിരിക്കില്ല. എന്നെ കബളിപ്പിക്കാൻ വായിൽ വന്ന സ്ഥലപ്പേരു് പറഞ്ഞതാവും.”
ഈശ്വരിയുടെ ശ്വാസഗതി സാവധാനത്തിലേക്കു മാറി. നിങ്ങൾ തുടർന്നു.
“മണ്ഡലക്കാലത്തു് വിരി വെച്ചോട്ടെ എന്നു ചോദിച്ചു് വീട്ടിൽവന്നതാ. മലയ്ക്കു പോകുന്നവരു് അവിടെ വിരി വെയ്ക്കുന്ന പതിവുണ്ടു്. റോഡ് സൈഡായതുകൊണ്ടു് പറ്റില്ലാന്നു പറയാനും വയ്യ. പറ്റില്ലാന്നു പറയേണ്ട കാര്യവും ഇല്ലല്ലോ. അയ്യപ്പസ്വാമിയെ കാണാൻ പോകുന്നവരെ സംരക്ഷിക്കേണ്ടതു് നമ്മുടെ കൂടെ കടമയല്ലേ. പിന്നെ മിക്കവാറും ഗുരുസ്വാമിമാരെയൊക്കെ ഞങ്ങൾക്കു പരിചയവുമാണു്. അല്ലെങ്കിലും വ്രതമെടുത്തു കഴിയുന്ന അയ്യപ്പൻമാരെ എന്തു പേടിക്കാൻ.”
“എന്നിട്ടു്…?”
ഈശ്വരി അടുപ്പിൽ അനാഥമായി വിറകു് കത്തുന്നതു മറന്നു് ചോദിച്ചു.
“അതൊരു കള്ളസംഘമായിരുന്നു. അയ്യപ്പവേഷം കെട്ടി കൊള്ളാവുന്ന വീടുകളിൽ വിരി വെച്ചു് മോഷണം നടത്തുന്ന സംഘം.”
“ഈശ്വരാ. ഇങ്ങനേമുണ്ടോ ലോകം.”
“ഉണ്ടെന്നു് ഇപ്പോ മനസ്സിലായില്ലേ.”
“എന്നിട്ടു് എന്താ ഉണ്ടായേ…?”
“രാത്രി ഭജനയുണ്ടായിരുന്നു. ഗഞ്ചിറയൊക്കെ കൊട്ടിക്കൊണ്ടുള്ള… ഞങ്ങളൊക്കെ കുറേനേരം അതുകേട്ടുകൊണ്ടിരുന്നു. പിന്നെ ഉറങ്ങാൻ പോയി. അപ്പോഴും ഭജന നടക്കുന്നുണ്ടായിരുന്നു.”
ഈശ്വരി തലയാട്ടി. അവർ എന്റെ ദേഹത്തിൽ നിന്നകന്നു് കുറേക്കൂടി പുറത്തേക്കു വന്നുനിന്നു. നീല ബ്ലൗസ് പുതിയതാണെന്നു നിങ്ങൾക്കു മനസ്സിലായി. നെറ്റിയിലെ ഭസ്മം രാവിലെ വരച്ചതാണെന്നും ചന്ദനക്കുറി അമ്പലത്തിൽനിന്നും കിട്ടിയതാണെന്നും. നീണ്ടു വിളറിയ വിരലുകൾക്കു പൂവോളം പോന്ന മൃദുത്വമുണ്ടെന്നും നിങ്ങളൂഹിച്ചു. ഇടം കാലിലെ പെരുവിരൽ നഖം കറുത്തുനീലിച്ചു കിടക്കുന്നതുകണ്ടപ്പോൾ ഭാരമുള്ള ഉരുളി കാലിൽ വീണിട്ടുണ്ടാകാമെന്നും നിങ്ങൾക്കു മനസ്സിലായി. അമ്പലത്തിലും വീട്ടിലും ഒരുപാടു കഷ്ടപ്പാടു് അവർക്കുണ്ടെന്നു പറയാതെ പറയുന്നതായിരുന്നു അതെല്ലാം. നിങ്ങൾ കഥ തുടർന്നു. “രാവിലെ എണീറ്റപ്പോൾ അയ്യപ്പ സംഘമില്ല. അങ്ങനെ പതിവുണ്ടു്. അവരുണ്ടാക്കിയ അടുപ്പു് കെട്ടു കിടക്കുന്നുണ്ടാവും. അവർക്കു കത്തിക്കാൻ കൊടുത്ത ഓലക്കണ്ണിയും ചകിരിയും അടുത്തുതന്നെ കാണും. അതിരാവിലെ എണീറ്റു പോകുന്ന കാര്യം തലേന്നെ പലരും പറഞ്ഞിട്ടുണ്ടാകും. ചിലരു് പറയാതേം പോകും. അന്നു് അകത്തെ വരാന്തയിൽ കഴുകി കമഴ്ത്തി വച്ചിരുന്ന നാലു പിച്ചളക്കുടങ്ങളും ഏഴു നിലവിളക്കുകളും കാണാതെ പോയി. മേശവലിപ്പിലുണ്ടായിരുന്ന നൂറ്റമ്പതു് ഉറുപ്പികയും.”
“എന്റെ തേവരേ…”
അപരിചിതന്റെ മുന്നിലാണെന്നോർക്കാതെ ഈശ്വരി നിലവിളിച്ചു. വായും കാതും പൊത്തി പരിഭ്രമത്തോടെ നിന്നു.
“അങ്ങനൊരു അയ്യപ്പസംഘം ഇവിടെനിന്നും പോയിട്ടില്ലെന്നാണു് അന്വേഷിച്ചപ്പോൾ ഈ നാട്ടുകാർ പറയുന്നതു്. എനിക്കു് കൂട്ടത്തിലുള്ളോരെ കണ്ടാൽ തിരിച്ചറിയാം. അതാ ഞാനിതിലെ കറങ്ങുന്നതു്. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനെ കിട്ടിയാൽ മതി. ബാക്കി ഞാൻ പിടിച്ചോളാം.”
അതുപറയുമ്പോൾ നിങ്ങളുടെ മുഖം തുടുത്തു. ശരീരം ശക്തി കയറി വിറച്ചു. രണ്ടാം മുണ്ടെടുത്തു് നിങ്ങൾ കഴുത്തും മുഖവും തുടച്ചു.
“ഇരിക്കൂട്ടോ.”
ഈശ്വരി അകത്തേക്കു പോയി. നിങ്ങൾ പരിസരമെല്ലാം പഠിച്ചു. മുന്നിലും വശങ്ങളിലും പാടങ്ങളാണു്. ഒരു ഭാഗത്തു് കമുകും തെങ്ങുകളും പല ജാതി മരങ്ങളുമുള്ള പറമ്പു്. ഒരുതരം ഇരുട്ടാണു് ആ ഭാഗത്തിനു്. പാടത്തിന്റെ ദിക്കിൽ നിറയെ പ്രകാശമുണ്ടു്. തത്തകളുടെ ഒരു ബാലസംഘം പാടത്തിനുമീതെ പറക്കുന്നതുകണ്ടു. ഒരു ഭാഗത്തെ വയലുകൾ ചക്രവാളത്തെ ചെന്നുമുട്ടുമ്പോൾ മറുഭാഗത്തെ വയലുകൾ തെങ്ങും പ്ലാവും മാവും വളർന്നു മുറ്റി നിൽക്കുന്ന പറമ്പിനോടു ചെന്നുചേരുന്നു. ഒറ്റപ്പെട്ട വീടാണതെന്നു നിങ്ങൾക്കു് മനസ്സിലായി.
“ഇതാ… കുടിച്ചോളൂ…”
ക്ലാവു പിടിക്കാത്ത പിച്ചള ലോട്ടയിൽ ഈശ്വരി സംഭാരം നീട്ടി. നല്ല തണുപ്പും വെണ്ണരുചിയുമുള്ള സംഭാരം നിങ്ങൾ ഒറ്റ വീർപ്പിനു കുടിച്ചു. കൃതജ്ഞതയോടെ അവരെ നോക്കി. എന്നിട്ടു് ഇറങ്ങാൻ ഭാവിച്ചു.
“എവിടേയ്ക്കാ ഇനി…?”
“അറിയില്ല. ഒന്നുകൂടി പരതട്ടെ.”
നിങ്ങൾ പടിയിലേക്കു നടന്നു. എന്നിട്ടു തിരിഞ്ഞുനിന്നിട്ടു് എന്നെ നോക്കി. എനിക്കുള്ള അഭിനന്ദനം തരാനും നിങ്ങൾ മറന്നില്ല.
“ഏതു തിളയ്ക്കുന്ന മനസ്സിനെയും ശാന്തമാക്കുന്ന ഐശ്വര്യമുള്ള വീടാണിതു്. ആ ഐശ്വര്യവും കൈപ്പുണ്യവും നിങ്ങൾക്കുമുണ്ടു്. ജഗദീശ്വരൻ കാക്കട്ടെ.”
നിങ്ങൾ പടി കടന്നു നടന്നപ്പോൾ ഈശ്വരിക്കു് തൊണ്ടക്കുഴിയിൽ സങ്കടം കുത്തിയതു് എനിക്കു മനസ്സിലായി. ആരോ പ്രിയപ്പെട്ടൊരാൾ യാത്ര പറഞ്ഞു പോയതുപോലെ ഈശ്വരി വേദനിച്ചു. ഉള്ളതുപറഞ്ഞാൽ നിങ്ങൾക്കാ ആകർഷണവും ശക്തിയുമുണ്ടായിരുന്നല്ലോ. നിങ്ങൾ വെറും മനുഷ്യനായിരുന്നില്ല. വേണ്ടത്ര ലോകബോധവും ക്ഷമയും പാകതയും സ്നേഹവുമുള്ള ഒരു മനുഷ്യൻ. അങ്ങനെയുള്ള ആണുങ്ങളോടു പെണ്ണുങ്ങൾക്കു തോന്നുന്ന അതേ ആകർഷണമാണു് നിന്ന നിൽപ്പിൽ ഈശ്വരിക്കുമുണ്ടായതു്. പിച്ചള ലോട്ടയും കൈയിലേന്തി നിങ്ങൾ പോയ വഴിയിലേക്കു നോക്കി അവർ എന്നെച്ചാരി തറഞ്ഞുനിന്നു. തോന്നാൻ പാടില്ലെന്നു് അവർ അവരോടു വിലക്കിയിരുന്നതെല്ലാം അവർക്കു തോന്നിപ്പോയി.
പിറ്റേന്നുമുതൽ രാവിലെ നാലരയ്ക്കുണർന്നു് കുളിച്ചു് വിളക്കു കത്തിച്ചു ചായയുണ്ടാക്കിവെച്ചു് അമ്പലത്തിലേക്കു നടക്കുമ്പോളും അമ്പലത്തിൽ തൊഴാൻ വരുന്നവരെ കാണുമ്പോഴും അമ്പലം അടച്ചു വാര്യത്തെത്തി ഓരോരോ ജോലികളിൽ ഏർപ്പെടുമ്പോഴും ഈശ്വരി നിങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരുന്നു. നഷ്ടപ്പെട്ട പണവും വിളക്കും തേടി അലയുന്ന ഒരു രൂപം അവരെ അത്രമാത്രം അസ്വസ്ഥമാക്കുമെന്നു അവർ വിചാരിച്ചിരുന്നില്ല.
പതിവില്ലാതെ നടയ്ക്കൽ പണം വെച്ചു ഈശ്വരി പ്രാർത്ഥിക്കുന്നതു കണ്ടപ്പോൾ സ്വതേ കോപിഷ്ഠനായി കാണപ്പെടാറുള്ള നമ്പൂതിരി പോലും ആർദ്രമായി ചോദിച്ചു.
“ഈയിടെയായി വാരസ്യാർക്കു് എന്താ ഒരു വ്യസനം?”
ഈശ്വരി പെട്ടെന്നു് പുരോഹിതനുമുന്നിൽ തേങ്ങിക്കരഞ്ഞു.
“നോക്കൂ… കരഞ്ഞിട്ടു കാര്യമില്ല. ഇവിടെ പറയാൻ പറ്റുന്നതു് ഇവിടെ പറയൂ. അല്ലാത്തതു് എന്നോടു പറയൂ. അതുമല്ലാത്തതു് അവനവനോടു പറയൂ. അതിനും കഴിയാത്തതാണു പ്രശ്നമെങ്കിൽ അതു പരിഹരിക്കാൻ ആ പ്രശ്നമുണ്ടാക്കിയ ആൾക്കുമാത്രമേ സാധിക്കൂ.”
ഈശ്വരി എന്തോ പുതിയതായി കേട്ട മട്ടിൽ നമ്പൂതിരിയെ നോക്കി. വേളി തരമാവാത്തതിന്റെയും ഒരേ മട്ടിലുള്ള ജീവിതത്തിന്റെയും കളഭവും മഞ്ഞളും കരിയും കുഴഞ്ഞ മുഷിവു് അയാളുടെ ദേഹത്തും വസ്ത്രത്തിലുമുണ്ടായിരുന്നു. കലശം കഴിച്ചു് സപ്തമാതൃക്കളെ സങ്കൽപ്പിച്ചു് ബലിക്കല്ലുകളിൽ തളിക്കുന്നതു് അടിച്ചു വാരാൻ മുറവും ചൂലുമായി നമ്പൂതിരിക്കു പിന്നാലെ നടക്കുമ്പോൾ ഈശ്വരി തന്നെത്താൻ ചോദിച്ചു.
‘വരുമോ…?’
ആ ചോദ്യം ഈശ്വരി എന്നോടും ചോദിച്ചിട്ടുണ്ടു്. ഇരുളിൽ ഉറക്കം കിട്ടാതെ എന്നിലേക്കു തിരിഞ്ഞു കിടക്കുമ്പോൾ അവർ ചോദിക്കും.
‘വരുമോ ഒരിക്കൽക്കൂടി…?’
ഒന്നുകൂടി കണ്ടാൽ കുറേക്കൂടി വിശേഷങ്ങൾ ചോദിച്ചറിയാമായിരുന്നു എന്ന ആ മനസ്സു് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പിന്നീടു് നിങ്ങളെ കാത്തിരുന്നതു ഞാനും കൂടിയാണു്. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ നിങ്ങൾ വന്നു. ഇത്തവണയും ഉച്ചയ്ക്കു്. നെറ്റിയിൽ നീളത്തിൽ ഒരു ചന്ദനക്കുറിയുണ്ടായിരുന്നു. വേഷം മല്ലുമുണ്ടും അരക്കയ്യൻ കുപ്പായവും രണ്ടാംമുണ്ടും തന്നെ. ഗേറ്റിൽ പിടിച്ചിട്ടു് ‘അകത്താളുണ്ടോ?’ എന്നു നിങ്ങൾ ചോദിച്ചു.
അടുപ്പൂതുകയായിരുന്ന ഈശ്വരി ‘തേവരേ’ എന്ന മൗനവിളിയോടെ പുറത്തേക്കു പാഞ്ഞുവന്നു. അവരുടെ മനസ്സു് പെട്ടെന്നു് ഒരു കൊച്ചുപെൺകുട്ടിയുടെ മനസ്സുപോലെയായി. അവർ നിങ്ങളെ ആവേശത്തോടെ നോക്കി. നിങ്ങൾ കുറേക്കൂടി തെളിച്ചത്തോടെ ഗേറ്റ് പിടിച്ചു് നിൽക്കുകയായിരുന്നു. ഈശ്വരി ആദ്യം പറഞ്ഞതെന്താണെന്നു് എനിക്കു് ഇന്നും നല്ല ഓർമ്മയുണ്ടു്.
“നൂറായുസ്സാ.”
“ഇപ്പോ ഓർക്കാനെന്താ വിശേഷിച്ചു്…?”
“വിശേഷിച്ചൊന്നുമില്ല. ഓർത്തു… ആട്ടെ, കള്ളനെ കിട്ടിയോ?”
“ഇല്ല. പഠിച്ച കള്ളനെ പിടിക്കാൻ ആർക്കു പറ്റും.”
ഈശ്വരിയുടെ മുഖം മങ്ങിയെങ്കിലും നിങ്ങളെ കണ്ട സന്തോഷത്തിൽ അതു മറന്നു.
“വരൂ… വെയിലത്തു നിൽക്കണ്ട.”
നിങ്ങൾ വന്നു് അനുവാദം ചോദിക്കാൻ നിൽക്കാതെ കിണറ്റുകരയിൽ പോയി വെള്ളമെടുത്തു് കാലും കൈയും തേച്ചു കഴുകി. കുറച്ചുവെള്ളം കഴുത്തിലും നെഞ്ചിലും തളിച്ചു. മിച്ചമുള്ളതു് കുടിക്കാതെ കാലിലൊഴിച്ചിട്ടു് വരാന്തയിൽ വന്നിരുന്നു.
“അന്നത്തെപ്പോലെ ലേശം സംഭാരം കിട്ടിയാൽ തരക്കേടില്ല.”
നിങ്ങളുടെ ആദ്യത്തെ വരവിനുശേഷം ഒരാൾക്കുള്ള സംഭാരമുണ്ടാക്കി ഈശ്വരി എന്നും സൂക്ഷിച്ചിരുന്നു എന്നു് എനിക്കല്ലേ അറിയൂ. ഇത്തവണ നാരകത്തിന്റെ ഇല കൂടി കീറിയിട്ട സംഭാരം നൽകുമ്പോൾ ഈശ്വരി മടിക്കാതെ പറഞ്ഞു.
“ഇടയ്ക്കൊക്കെ വിചാരിക്കാറുണ്ടായിരുന്നു.”
തൃപ്തിയോടെ സംഭാരം കുടിക്കുന്നതിനിടയിൽ നിങ്ങൾ തലയാട്ടി. മേൽച്ചുണ്ടു നാവു നീട്ടി തുടച്ചു് നിങ്ങൾ ലോട്ട അടുത്തുവച്ചു.
“പറയാതെ വയ്യ. ഈ വീട്ടിലിരുന്നാൽ എന്തൊരു കുളിർമ്മയാ. വയലും തൊടിയും ഇങ്ങനെ അടുത്തുള്ളതുകൊണ്ടാവും.”
ഈശ്വരിക്കു് ലജ്ജ തോന്നി. എന്നെക്കുറിച്ചോർത്തിട്ടായിരുന്നു അതു്.
“വീടു്… ഉള്ളതു പറഞ്ഞാ പഴയതായി തുടങ്ങി, ഒരുറപ്പുമില്ല. ഇങ്ങനെ നിൽക്കുന്നൂന്നുമാത്രം.”
നിങ്ങൾ ഈശ്വരിയുടെ നേർക്കു് ശരീരം തിരിച്ചുവെച്ചിട്ടു നോക്കി. പച്ച നിറമുള്ള ബ്ലൗസായിരുന്നു ഈശ്വരിക്കു്. മുണ്ടും നേര്യതും പാവാടയുമെല്ലാം വെളുത്തതു്. ഞരമ്പെഴുന്നു നിൽക്കുന്ന കൈത്തണ്ടയിലെ ഓട്ടുവളകളെയും കഴുത്തിലെ ഏലസിനെയും നിങ്ങൾ ശ്രദ്ധിച്ചു.
“എപ്പോഴും ഇവിടെ ഒറ്റയ്ക്കാണോ…?”
“അല്ല, മകളുണ്ടു്. സ്കൂളിൽ പോയി…”
“എത്രയിലാ?”
“ഏഴിലു്…”
“അപ്പോ കുട്ടിയുടെ അച്ഛൻ…?”
“ഇല്ല, മരിച്ചുപോയി.”
നിങ്ങൾ മൗനത്തിലിരുന്നു. ഈശ്വരിയും കുറേ നേരത്തേക്കു് ഒന്നും പറഞ്ഞില്ല. പിന്നെ നിങ്ങളുടെ അഭിപ്രായത്തെ ഖണ്ഡിക്കാനുള്ള വൈമനസ്യത്തോടെ അറിയിച്ചു.
“ശാപം കിട്ടിയ വീടാ ഇതു്… പുറമേന്നു വരുന്ന ഒരാൾക്കാ തണുപ്പും ശാന്തിയുമൊക്കെ തോന്ന്വാ… ഇവിടെ ജീവിക്കുന്നോർക്കു് ഇതൊരു ചൂളയാ… ചൂള.”
പറഞ്ഞതെന്താണെന്നു നിങ്ങൾക്കു് മനസ്സിലായില്ല. എനിക്കും വിഷമം തോന്നി. മനുഷ്യരുടെ കർമ്മബന്ധങ്ങൾക്കും ജന്മവിധികൾക്കും കല്ലും മരവും തമ്മിൽച്ചേർന്ന ഒരു വീടെന്തു പിഴച്ചു. എനിക്കറിയാമായിരുന്നു ഒരുനാൾ കുറ്റം എന്റെ നിറുകയിലും വീഴുമെന്നു്. എങ്കിലും ഞാൻ നിങ്ങളുടെ ആകാംക്ഷയ്ക്കു കാതോർത്തു.
“ഇവിടെ… കുട്ടീടെ അച്ഛൻ മാത്രമല്ല…”
അത്രയും പറഞ്ഞിട്ടു് ഈശ്വരി നിർത്തി. നിങ്ങൾ ദുരൂഹത ചുവയ്ക്കുന്ന എന്തോ കടിച്ചതുപോലെ ഈശ്വരിയെ നോക്കി. അറച്ചറച്ചു് ഈശ്വരി വെളിപ്പെടുത്തി.
“പറഞ്ഞാൽ പേടിക്കുമോന്നറിയില്ല… പേടിച്ചു് ഇനിയിങ്ങോട്ടു വരുമോന്നും.”
നിങ്ങൾ ഈശ്വരിയുടെ നേരെ നല്ലതുപോലെ തിരിഞ്ഞിരുന്നു. അവരുടെ ദേഹത്തിനുനേരെ ആണൊരാൾ അങ്ങനെ മുഖം തിരിച്ചിരുന്നപ്പോൾ അവർക്കു വല്ലാത്ത പ്രയാസം തോന്നി. പക്ഷേ, അതു നിങ്ങളല്ലേ എന്നു് അവർ സ്വയം സമാധാനപ്പെടുത്തി. നിങ്ങൾ നിർബന്ധിച്ചപ്പോൾ ഈശ്വരി പാടങ്ങൾക്കിടയിലേക്കെങ്ങോ നോക്കി പതിയെ പറഞ്ഞു.
“ഒരുപിടി അകാലമരണങ്ങൾ…”
“അകാലമരണങ്ങളോ…?”
“കുറെ ആത്മഹത്യകൾ…”
“ആത്മഹത്യകളോ…?”
“കൊലപാതകങ്ങളും…”
“കൊലപാതകങ്ങളോ… എന്തൊക്കെയാ ഈ പറയുന്നതു്…?”
“സത്യം മാത്രം.”
“എന്നുവച്ചാൽ…?”
“ഇപ്പോഴീ വാര്യത്തു് രണ്ടുപേരേ ഉള്ളൂ. ഞാനും എന്റെ മോളും. അവൾക്കു് എന്നെയോ എനിക്കു് അവളെയോ കൊല്ലാൻ തോന്നുന്നതുവരെ ഞങ്ങൾ രണ്ടാളും ഇവിടെ ജീവിക്കും. അല്ലെങ്കിൽ ഞങ്ങൾക്കു് ആത്മഹത്യ ചെയ്യാൻ തോന്നും വരെ.”
നിങ്ങൾ വീണ്ടും പഴയപടി ഗേറ്റിലേക്കും നോക്കി ഇരുന്നു. രണ്ടാം മുണ്ടെടുത്തു് തലയും കഴുത്തും തുടച്ചു. എന്നിട്ടു് ഈശ്വരിക്കുനേരെ തിരിഞ്ഞു.
“ഒരു മോളേയുള്ളോ…?”
“അല്ല, ഒരാൺകുട്ടി കൂടി ഉണ്ടായിരുന്നു.”
“എന്നിട്ടു്…?”
“അവനെയും കൊന്നിട്ടാണു് കുട്ടികളുടെ അച്ഛൻ…”
ഈശ്വരി മറ്റാരുടെയോ വിശേഷം പറയുന്നതുപോലെ പാടത്തേക്കു കണ്ണയച്ചു കരയാതെ നിന്നു.
“എനിക്കു് ഒന്നും മനസ്സിലാകുന്നില്ല. എല്ലാമൊന്നു തെളിച്ചു പറയൂ.”
ഈശ്വരി മുറ്റത്തരികിലേക്കു നോക്കി. തെങ്ങിൻ ചുവട്ടിലായി മാല കെട്ടിയതിന്റെ അവശിഷ്ടങ്ങളായ ഈർക്കിലും പച്ചോലയും പൂഞെട്ടുകളും പൂവിതളുകളും പൂന്തണ്ടുകളും കിടന്നിരുന്നു.
“പണ്ടേതോ തലമുറയിൽ പേവിഷബാധയേറ്റു രണ്ടുപേർ ചത്തിട്ടുണ്ടത്രേ. കഴിഞ്ഞ തലമുറയിൽ ആദ്യം മരിച്ചതു കുട്ടികളുടെ അച്ഛന്റെ അച്ഛനും അമ്മയുമായിരുന്നു. അമ്മയ്ക്കു് വിഷം കൊടുത്തിട്ടു് അച്ഛൻ തൂങ്ങി മരിക്കുകയായിരുന്നു. അതു വർഷങ്ങൾക്കു മുമ്പാണു്. പിന്നീടാണു് എന്നെ വിവാഹം കഴിച്ചു് ഇങ്ങോട്ടു കൊണ്ടുവന്നതു്. മോളുണ്ടായതിനു പിന്നാലെ അദ്ദേഹത്തിന്റെ ഏട്ടൻ കാരണമൊന്നുമില്ലാതെ വിഷം കഴിച്ചു മരിച്ചു. അതും ഇവിടെവെച്ചു്… അതോടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും ഇവിടെക്കഴിയാൻ പേടിയായി. ഒടുക്കം അവരുടെ വീട്ടിലേക്കു് അവർ മടങ്ങിപ്പോയി.”
നിങ്ങൾ അവരുടെ വിളറിയ ചുണ്ടുകളുടെ അനക്കത്തിലേക്കു് മിഴിനട്ടു സ്തബ്ധനായി ഇരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാനും.
“ഒരു ദിവസം ഞങ്ങൾ മൂന്നാൾക്കും വിഷം തന്നിട്ടു് അദ്ദേഹം നടുമുറിയിൽ തൂങ്ങിമരിച്ചു. ആയുസ്സിന്റെ ശേഷി കൊണ്ടോ പുറംലോകത്തോടു് ഇതു പറയാനായിട്ടോ എന്തോ ഞാനും മോളും മാത്രം അവശേഷിച്ചു.”
നിങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നു. ഏറ്റവും വിഷമം എനിക്കായിരുന്നു. നല്ല വീടെന്നു് അഭിപ്രായപ്പെട്ട നിങ്ങൾക്കുമുന്നിൽ എന്റെ ചരിത്രം മോശപ്പെട്ട നിലയിൽ വെളിവായതിലാണു് ഞാൻ പ്രയാസപ്പെട്ടതു്.
“മോൾടെ അച്ഛനൊരു സഹോദരി കൂടിയുണ്ടു്. അവർ മൂന്നു മക്കളായിരുന്നു. അവൾ അതിൽപ്പിന്നീടു് ഇങ്ങോട്ടു വന്നിട്ടില്ല. ഭർത്താവിന്റെയും മക്കളുടെയും കൂടെ അന്യനഗരത്തിലാണു് ജീവിതം. മറ്റു ബന്ധുക്കളും വരാറില്ല…”
നിങ്ങൾ പാടത്തിനുമീതെ പരക്കുന്ന വെയിലിനെ നോക്കിയിരുന്നു. രണ്ടു കർഷകർ തോളിൽ കലപ്പ വെച്ചു് അകലെക്കൂടി നടന്നുപോയി.
“ആശ്രിത നിയമനമായി അമ്പലത്തിലെ ഈ ജോലി കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും മോളും…”
അരുതെന്ന മട്ടിൽ നിങ്ങൾ ഈശ്വരിയെ നോക്കി. കുറേനേരം നിശ്ശബ്ദയായി നിന്നിട്ടു് ഈശ്വരി അന്വേഷിച്ചു. “പേടിച്ചോ…?”
അതു കേട്ടപ്പോൾ നിങ്ങൾ ചിരിക്കാൻ ശ്രമിച്ചു.
“പേടിച്ചുകാണും. എന്നോടു വെറുപ്പും വന്നുകാണും. ഞാനിതൊന്നും പറയേണ്ടായിരുന്നു അല്ലേ…?”
“കൊല്ലും കൊലയും ലോകാരംഭം മുതലുള്ളതല്ലേ. അതങ്ങനെ നടക്കും.”
നിങ്ങൾ അലസമായി പറഞ്ഞു.
“ഇതൊക്കെ പറയണമെന്നു കരുതിയല്ല. അറിയാതെ മനസ്സഴിഞ്ഞുപോയി. ഇതിലെ പോകുമ്പോൾ ദയവായി ഇങ്ങോട്ടു കയറാതിരിക്കരുതു്.”
ഈശ്വരി ഇരുകൈയും കൂപ്പി അപേക്ഷിക്കും മട്ടിൽ എന്നെച്ചാരി നിന്നു. ഞാനാകട്ടെ നിങ്ങളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. നിങ്ങൾ വിഷമിക്കരുതെന്നു് അവരോടു പറഞ്ഞു. അപ്പോൾ നിങ്ങളെയും നടുക്കാൻ പോന്ന ഒരാധി ഈശ്വരി നിങ്ങളോടു് പങ്കുവച്ചു.
“ഓരോ രാത്രിയും മകളുടെ കൂടെയുറങ്ങുമ്പോൾ ഞാൻ പ്രാർത്ഥിക്കും. അവൾക്കെന്നെയോ എനിക്കവളെയോ കൊല്ലാൻ തോന്നരുതേ എന്നു്… അതൊന്നു് അവസാനിച്ചു കിട്ടിയാ മതിയായിരുന്നു.”
“ഹേയ്… അങ്ങനെയൊന്നും വരില്ല.”
നിങ്ങൾ സമാധാനിപ്പിച്ചപ്പോൾ ഈശ്വരി അകത്തേക്കു പോയി. എനിക്കറിയാമല്ലോ ആ പോക്കു് എങ്ങോട്ടാണെന്നു്. അവർ സ്വന്തം മുറിയിലെത്തി കുറച്ചുനേരം ചിന്തിച്ചു നിന്നിട്ടു് കട്ടിലിനോടു ചേർത്തുവച്ചിരുന്ന ഒരു കാൽപ്പെട്ടി തുറന്നു. അതിൽ നിന്നും മടക്കിവച്ചിരുന്ന ഒരു മുണ്ടെടുത്തു് പിന്നെയും ആലോചിച്ചശേഷം വീണ്ടും നിങ്ങളുടെ മുന്നിലേക്കു തന്നെ വന്നു. നിങ്ങൾ സ്വന്തം കാൽപ്പടങ്ങളിലേക്കു നോക്കി തല താഴ്ത്തിയിട്ടു് ഇരിക്കുകയായിരുന്നു. അവർ ആ മുണ്ടു് വിടർത്തിപ്പിടിച്ചു.
“ഇതിലാണു കുട്ടികളുടെ അച്ഛൻ തൂങ്ങിയതു്…”
ഞെട്ടലോടെ നിങ്ങൾ മുഖമുയർത്തി. ഈശ്വരി നിവർത്തിയ മുണ്ടിന്റെ ഒരു ഭാഗം ആരോ അരിഞ്ഞെടുത്തതുപോലെ മുറിഞ്ഞിരുന്നു. പൊലീസുകാരോ ശവം ആദ്യം കണ്ടവരോ ജഡത്തിൽനിന്നും അറുത്തുമാറ്റിയതാവാം അതെന്നു നിങ്ങളൂഹിച്ചു.
“ഇതെന്തിനാണു സൂക്ഷിക്കുന്നതു്…?”
“അയാളിനി തിരികെ വരാതിരിക്കാൻ…”
ഒന്നുനിർത്തിയിട്ടു് അവർ തുടർന്നു.
“സത്യത്തിൽ മോളും ഞാനും പേടിക്കാതെ ഇവിടെ കഴിയുന്നതുതന്നെ ഇത്രയേറെ ദുർമ്മരണം നടന്ന ഈ വീടിനോടുള്ള നാട്ടുകാരുടെ പേടി കാരണമാണു്. പക്ഷേ, അന്യനാട്ടീന്നൊരാൾ വന്നാൽ… അയാൾക്കീ കഥകളൊന്നും അറിയില്ലല്ലോ…”
നിങ്ങൾക്കു് ആ സ്ത്രീയുടെ സ്വയംകരുതൽ മനസ്സിലായി. ഈശ്വരി അകത്തേക്കു പോയി മുണ്ടു് തിരികെ വെച്ചിട്ടുവന്നു.
“കൈ കഴുകി വന്നോളൂ… ഊണു കഴിക്കാം.”
നിങ്ങൾ നല്ലതുപോലെ വിശന്നിരിക്കുകയായിരുന്നെങ്കിലും വേണ്ട എന്നു് ഉപചാരം പറഞ്ഞു. ഈശ്വരി സമ്മതിച്ചില്ല. നിങ്ങൾ കിണറ്റുകരയിൽ നിൽക്കുമ്പോൾ കുറച്ചുമാറി കുളവും കുളപ്പുരയും കണ്ടു. അവിടെനിന്നിട്ടു് എന്നെ ആകെപ്പാടെ ഒന്നുനോക്കി. ഒരുപാടു പൂജാപൂക്കൾക്കും വാഴകൾക്കുമിടയിൽ നിൽക്കുന്ന ഞാൻ യാതൊരു ദുരൂഹതയും അവശേഷിപ്പിക്കുന്നില്ലെന്നു നിങ്ങൾക്കു തോന്നി. ചില ഓടുകൾ മാറ്റി, വരാന്ത മറച്ചു, ചായം പൂശിയാൽ എന്നെ കാണാൻ ചന്തവും ബലവും തോന്നുമെന്നു നിങ്ങൾ മനസ്സിലോർത്തു.
“എന്താ ആലോചിച്ചുനിൽക്കുന്നതു്. വരൂ…”
ഈശ്വരി വരാന്തയിൽ ഇലയിട്ടു. അതിൽ പച്ചരിച്ചോറും മുളകൂഷ്യവും പയറിന്റെ ഉപ്പേരിയും വിളമ്പി. ഉപദംശമായിട്ടു് കടുമാങ്ങയും. അരികിൽ ഒരു പാത്രത്തിൽ തൈരും എടുത്തുവച്ചു.
“അവിടുത്തെ പതിവെങ്ങനെയാണെന്നു് അറിയില്ല. ഇവിടെ ഇതൊക്കെയേ ഉണ്ടാവൂ…”
“ഇവിടെ എങ്ങനെയോ അങ്ങനെ മതി.”
നിങ്ങൾ തൃപ്തിയോടെ ആഹാരം കഴിക്കുന്നതുനോക്കി ഈശ്വരി പറഞ്ഞു.
“ഒരുപാടു നാളുകൂടിയാ അന്യനൊരാൾക്കു വിളമ്പുന്നതു്. എന്റെ അമ്മ ജീവിച്ചിരുന്ന കാലം വരെ ഇങ്ങോട്ടു വരുമായിരുന്നു. പിന്നെ ആരും വരാതായി.”
അതും പറഞ്ഞു് ഈശ്വരി അകലേക്കു നോക്കിനിന്നു. നിങ്ങൾ വീണ്ടും ചോറു ചോദിച്ചു. ഈശ്വരി വിളമ്പിയതു് ഇല വടിച്ചു കഴിച്ചു. അതിനിടയിൽ ഈശ്വരിക്കും മകൾക്കും കഴിക്കാനുള്ളതു് മിച്ചമുണ്ടോന്നും ചോദിച്ചിരുന്നു. നിങ്ങളന്നു വരാന്തയിലിരിക്കുമ്പോൾ അകത്തിരുന്നു ചോറു കഴിച്ച ഈശ്വരിയിൽ നിന്നും വിതുമ്പലിന്റെയും തേങ്ങലിന്റെയും ചീളുകൾ പുറത്തേക്കു വന്നിരുന്നു.
ഇപ്പോൾ നിങ്ങൾ എന്നെ നോക്കിനിൽക്കുമ്പോൾ ഞാൻ നിങ്ങളുടെ പുതിയ രൂപമാണു് കാണുന്നതു്. മുടി നീങ്ങി കഷണ്ടി തെളിഞ്ഞ ശിരസ്സു്. ബലം നഷ്ടപ്പെട്ട ശരീരം. വെള്ളമുണ്ടും അരക്കൈയൻ കുപ്പായവും തന്നെയാണു് വേഷമെങ്കിലും രണ്ടാം മുണ്ടില്ല തോളിൽ. കൈയിൽ കുടയും കറുത്ത തുകൽ സഞ്ചിയുമുണ്ടു്. നിങ്ങൾക്കു് എന്നെ മനസ്സിലായെന്നു് എനിക്കു് ഉറപ്പായിക്കഴിഞ്ഞു.

എങ്കിലും പറയട്ടെ. ചുറ്റിനും കണ്ണയക്കേണ്ട കാര്യമില്ല. ഇപ്പോൾ പരിസരത്തൊന്നും പഴയ വയലുകളില്ല. അതെല്ലാം നികന്നു് ചെറിയ ചെറിയ വീടുകളായി. നിങ്ങൾ വന്നു നിൽക്കുന്നതുപോലും ടാറിട്ട നിരത്തിലാണു്. ഹരിത നഗർ എന്നു പേരിട്ട ഈ ഭാഗത്തു് ഇപ്പോൾ അപരിചിതരെ കണ്ടാൽ അന്വേഷണമുണ്ടാകും. എല്ലായിടത്തും ക്യാമറകളുമുണ്ടു്. പൊലീസ് നേരിട്ടു വന്നെന്നുവരും. അമ്പലവും പരിസരവും അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും അതിനുചുറ്റും സാധാരണ വേഷധാരികളായ ധാരാളം കാവൽക്കാരുണ്ടല്ലോ. ശാന്തിക്കാരനും കഴകക്കാരനും അമ്പലത്തിലേക്കു് ഇപ്പോൾ വരുന്നതു് അവരവരുടെ വാഹനങ്ങളിലാണു്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും മറ്റു ഗൃഹോപകരണങ്ങളും ഒക്കെ കിട്ടുന്ന പതിന്നാലു കടകളുണ്ടു് എനിക്കു ചുറ്റിനുമായിട്ടു്. സൈക്കിളിൽ ചുറ്റിനടക്കുന്ന ചെറിയ കുട്ടികളും. അതുകൊണ്ടാണു് നിങ്ങളോടു് അകത്തേക്കു വരാൻ അപേക്ഷിക്കുന്നതു്.
എന്റെ അഭ്യർത്ഥന കൈക്കൊണ്ടതുപോലെ നിങ്ങൾ ഗേറ്റിൽ തൊട്ടു. ചുറ്റിനും നോക്കിയിട്ടു് അകത്തേക്കു കാൽവെച്ചു. ആരെങ്കിലും ചോദിച്ചാൽ നിഷയുടെ അമ്മാവനാണെന്നു പറയാമല്ലോ. പണ്ടു പറഞ്ഞിരുന്നതും അങ്ങനെയായിരുന്നല്ലോ.
ആ പഴയകാല സംഭവങ്ങളുടെ വഴിത്തിരിവായ സംഭാഷണത്തിലേക്കു ഞാൻ വരികയാണു്. എന്റെ ദേഹത്തു കൈയൂന്നി നിങ്ങളിപ്പോൾ നിൽക്കുമ്പോൾ മറ്റെന്താണു ഞാനോർക്കേണ്ടതു്…?
മൂന്നാമതും നാലാമതും വന്നുപോയശേഷം നിങ്ങൾ എനിക്കും നിഷയ്ക്കും ഈശ്വരിക്കും അപരിചിതനല്ലാതായി. അമ്മയും മകളും നിങ്ങളോടു് ഇവിടെ താമസിക്കാൻ അപേക്ഷിച്ചു. ആരും വരാനില്ലാതെ കിടന്ന വീട്ടിലേക്കു ധൈര്യസമേതം വന്ന നിങ്ങളെ അവർ രണ്ടാളും സ്നേഹിക്കുകയും ചെയ്തു. നിങ്ങൾ വന്നപ്പോളെല്ലാം രാത്രി വൈകുവോളം നിങ്ങൾ മൂവരും സംസാരിച്ചിരുന്നു. അവർ മുറിക്കുള്ളിൽ കയറിക്കഴിഞ്ഞാൽ നിങ്ങൾ വരാന്തയിൽ പായ നിവർത്തും. വയലിലെ കാറ്റേറ്റു സുഖമായി കിടന്നുറങ്ങും.
അങ്ങനെ പലവുരു വന്നശേഷമാണു നിങ്ങൾ ഈശ്വരിയോടു പറഞ്ഞതു്.
“കുറുപ്പിനു് വാരസ്യാരുമായി സംബന്ധം പറ്റില്ലെന്നറിയാം. എന്നാലും ഒരു മുണ്ടു് തരാതെ തൊടാൻ മനസ്സു വരുന്നില്ല. രണ്ടാം ഭാര്യ എന്നു പറയുന്നതു് വിഷമമാവില്ലെങ്കിൽ ഞാനുള്ളിൽ കിടക്കാം.”
ഈശ്വരി പെട്ടെന്നു് കരയുകയാണുണ്ടായതു്. സന്തോഷം വന്നാലും സന്താപം വന്നാലും കരച്ചിലിലൂടെ സംവദിക്കാനുള്ള ഭാഷ കൈവശമുള്ളതു് സ്ത്രീകൾക്കാണല്ലോ.
നീലയും പച്ചയും ചുവപ്പും മഞ്ഞയും കറുപ്പും ബ്ലൗസുകൾ മാറി മാറിയണിഞ്ഞും കേടുവന്ന നഖങ്ങൾ വെട്ടി വെടിപ്പാക്കിയും പച്ചമഞ്ഞളരച്ചു തേച്ചു കുളിച്ചും ഈശ്വരി എന്നോ മാറിക്കഴിഞ്ഞിരുന്നു. നിങ്ങൾ വരാന്തയിലുറങ്ങുമ്പോൾ എത്രയോ രാത്രികളിൽ ഈശ്വരി കതകിനു മറഞ്ഞു് നിങ്ങളെ നോക്കിനിന്നിട്ടുണ്ടു്. കുളക്കരയിൽ കുളിച്ചു് ഈറനോടെ ഇരുളുപറ്റി വീട്ടിലേക്കു വരുമ്പോൾ നിങ്ങൾ ഉണരാതിരിക്കാൻ പാദങ്ങൾ പതുക്കെ വച്ചിട്ടുണ്ടു്. അമ്പലത്തിലെ പായസവും നേദ്യവും കൊണ്ടുവന്നു തന്നിട്ടുണ്ടു്. പക്ഷേ, കാലം മുന്നോട്ടു പോയപ്പോഴും നിങ്ങൾ ഒന്നും പറഞ്ഞില്ല. അതുകൊണ്ടുതന്നെ ഈശ്വരിയും ഒന്നും പറഞ്ഞില്ല. അന്നു നിങ്ങൾ മനസ്സു് തുറന്നപ്പോൾ… ഒന്നും പറയാതെ അവർ തേങ്ങി നിന്നെങ്കിലും നിങ്ങൾ കൈയിലുണ്ടായിരുന്ന മുണ്ടും നേര്യതും അവർക്കു നീട്ടി.
പിറ്റേന്നു പുലർച്ചെ ഈശ്വരിയുടെ മുറിയിലേക്കു നിങ്ങൾ കയറിച്ചെന്നു. നല്ല ഇരുട്ടായിരുന്നു അവിടെ. നിങ്ങൾ ആദ്യമായി കെട്ടിപ്പിടിച്ചതും തഴുകിയതും പരസ്പരം കണ്ടുകൊണ്ടായിരുന്നില്ല. എങ്കിലും ഇരുട്ടു് വെളിച്ചം പോലെയാണു നിങ്ങൾക്കനുഭവപ്പെട്ടതു്. അതുകാരണം നിങ്ങൾ സ്പർശങ്ങളിലൂടെ നല്ലതുപോലെ കണ്ടു. ഈശ്വരി ഇരുട്ടിലും നിങ്ങളോടു നിർദ്ദേശങ്ങൾ തന്നുകൊണ്ടിരുന്നു. അവിടെ കാൽപ്പെട്ടിയുണ്ടു്. ഇവിടെ കട്ടിലാണു്. അവിടെ വിളക്കുണ്ടു്… എന്നിങ്ങനെ.
പിന്നീടു് ഈ ദേശത്തേക്കു വരുമ്പോളൊക്കെ കർഷകരും അമ്പലത്തിലേക്കു പോകുന്ന ഭക്തരും നിങ്ങളെ അന്നാട്ടുകാരനായി തിരിച്ചറിഞ്ഞുതുടങ്ങി. നിങ്ങൾ കൃഷ്ണക്കുറുപ്പാണെന്നു് ആരോടും പറഞ്ഞില്ല. കൃഷ്ണൻ വാര്യരാണെന്നേ പറഞ്ഞുള്ളൂ. അമ്പലത്തിലെ ദേഷ്യക്കാരൻ നമ്പൂതിരി ശാന്തിപ്പണി നിർത്തി ഒരു ഈഴവ യുവതിയെ വിവാഹം കഴിച്ചു നാട്ടിൽ പലചരക്കുകട നടത്താൻ തുടങ്ങി. നിഷ കൂടുതൽ നന്നായി പഠിക്കുകയും പെട്ടെന്നു് വലുതാകുകയും ആൺമക്കൾ മാത്രമുള്ള നിങ്ങൾക്കു മകളാകുകയും ചെയ്തു.
എന്നെയും നിങ്ങൾ നല്ലതുപോലെ നോക്കി. ഞാൻ മുമ്പു് ഓർത്തതുപോലെ, വരാന്തയും അടുക്കളയും പുറത്തുള്ള കക്കൂസും നിങ്ങൾ നന്നാക്കി. കഴുക്കോലുകൾ പുതുക്കി. ഓടുകൾ മാറ്റി. അടുക്കളയിൽ വിറകിനു പകരം പാചകവാതകം കൊണ്ടുവന്നു. ഈശ്വരി അങ്ങേയറ്റം സംതൃപ്തയായിരുന്നു. സപത്നിയാണെങ്കിലും അതു തെല്ലുപോലും ഭാവിക്കാതെയായിരുന്നല്ലോ നിങ്ങളുടെ ജീവിതം.
അങ്ങനെ നിഷ കോളജിൽ പഠിക്കാനായി നഗരത്തിലേക്കു വണ്ടി കയറിക്കഴിഞ്ഞുള്ള ദിവസം. ഈശ്വരിയും നിങ്ങളും കെട്ടി മറച്ച വരാന്തയിൽ ഇരിക്കുകയായിരുന്നു. അങ്ങിങ്ങു് കൃഷി നിർത്തിത്തുടങ്ങിയ പാടത്തുനിന്നും പിശുക്കി കയറിവരുന്ന കാറ്റിനൊപ്പം പുറത്തു തലയാട്ടുന്ന മുല്ലവള്ളിയും ചെമ്പരത്തിയും കൂവളവും ചെത്തിയും പിച്ചകവും നന്ത്യാർവട്ടവും പാരിജാതവും.
“ഈശ്വരി എന്നോടു് ക്ഷമിക്കണം.”
നിങ്ങൾ പറഞ്ഞുതുടങ്ങി.
“എന്താണു കൃഷ്ണേട്ടാ…”
“ഇതുവരെ ഞാൻ പറഞ്ഞതെല്ലാം കളവായിരുന്നു.”
ഈശ്വരി ദേഹമുലച്ചു് നിങ്ങൾക്കഭിമുഖമായി. നേര്യതു മാറിൽനിന്നും ഇടറിവീണു. നിങ്ങൾ അതൊന്നും കാണാതെ പറഞ്ഞു.
“പണ്ടു ഞാൻ അന്വേഷിച്ചുവന്ന കള്ളൻ ഞാൻ തന്നെയായിരുന്നു.”
ഈശ്വരി നേര്യതു മാറിലേക്കു വലിച്ചിട്ടു.
“എന്നുവച്ചാൽ…”
“ഞാനൊരു അഹിന്ദുവാണു്.”
ഈശ്വരി ചെറിയ കിതപ്പോടെ നിങ്ങളെ നോക്കി. ഞാനും വല്ലാതായി തുടങ്ങിയിരുന്നു.
“അപ്പോ കള്ളനാന്നു പറഞ്ഞതു്…?”
“അതു മയപ്പെടുത്തി പറഞ്ഞതാണു്. കള്ളനല്ല, പൊലീസ് തിരയുന്ന കൊലപാതകിയാണു്. ജീവപര്യന്തം തടവീന്നു ചാടിയ പ്രതി എന്നു തെളിച്ചുപറയാം.”
ഇത്തവണ വിറച്ചുതുള്ളിയതു ഞാനാണു്. ഈശ്വരി നിങ്ങളുടെ ഇരുതോളിലും ശരണമർപ്പിച്ചു. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലുള്ള സ്വരത്തിൽ അവർ വിലപിച്ചതു് വ്യക്തമായും ഞാൻ കേട്ടു.
“കൃഷ്ണേട്ടാ… എനിക്കു വേറാരുമില്ല. നിങ്ങളെ വേറൊന്നും വിളിക്കാനും എനിക്കാവില്ല. എന്നോടു നുണ പറയല്ലേ…”
“അങ്ങനെ പറയല്ലേ ഈശ്വരീ… ഒരാളെക്കൂടി വകവരുത്താനുണ്ടു്. അവനിതുവരെ ജയിലിലായിരുന്നു. ഇന്നലെ പരോളിലിറങ്ങി. ഞാൻ കാത്തിരുന്നതു് ഈ തക്കത്തിനാണു്.”
“കൊല്ലണമെന്നു നിർബന്ധമാണോ…?”
“അതെ… മൂർച്ച പോകാതെ രാകി വച്ച പകയാണു്. തീർത്തേ പറ്റൂ…”
“അതിനുമുമ്പു് എന്നെയും കൂടി… അവസാനിപ്പിക്കാമോ…?”
നിങ്ങൾ പതറിപ്പോയി. പിന്നെ ഈശ്വരിയെ ചേർത്തുപിടിച്ചു് നിങ്ങൾക്കതിനു് ഒരിക്കലും സാധിക്കില്ലെന്നു പറഞ്ഞു. ഈശ്വരി ഉറക്കെയുറക്കെ കരഞ്ഞു. നിങ്ങൾ അവരുടെ ദേഹം തലോടിക്കൊണ്ടിരുന്നു. ഒടുക്കം അവർ ആ ചോദ്യം നിങ്ങളോടു ചോദിച്ചു.
“ആരെയൊക്കെയാണു നിങ്ങൾ കൊന്നതു്…?”
ഒന്നാലോചിച്ചിട്ടു് നിങ്ങൾ വെളിപ്പെടുത്തി.
“ജാരന്മാർ… ഭാര്യയുടെ… അമ്മയുടെ… പിന്നെ മകളുടെ…”
“അപ്പോൾ നിങ്ങളാരാണു്… ?”
ജ്വലിക്കുന്ന നോട്ടത്തോടെ ഈശ്വരി ചോദിച്ചപ്പോൾ നിങ്ങൾ മന്ത്രിച്ചു.
“മറ്റൊരു ജാരൻ.”
ഈശ്വരി കുറേനേരം ശ്വസിച്ചുകൊണ്ടിരുന്നു. പിന്നെ, മുടി വാരിക്കെട്ടിവച്ചു് എഴുന്നേറ്റു. പാടത്തിനുമീതെ ചന്ദ്രൻ മറയാൻ പോകുന്നു. നക്ഷത്രങ്ങളും.
“പിടികൊടുത്താൽ എല്ലാംകൂടി എത്രകാലം ശിക്ഷ കിട്ടുമെന്നറിയില്ല. എപ്പോളെങ്കിലും ഞാൻ വരും. വരുന്നതു ജാരനായിട്ടായിരിക്കില്ല. അതുവരെ നിഷമോൾ ഒന്നുമറിയേണ്ട. ഇതൊരു അപേക്ഷയാണു്.”
ഈശ്വരി പൊട്ടിക്കരഞ്ഞില്ല. മണിക്കൂറുകളോളം അനക്കമറ്റു് ഇരുന്നു. നിങ്ങൾ അന്നിറങ്ങിപ്പോയതാണു്. ഇന്നു് വർഷങ്ങളുടെ അകലത്തിൽ വീണ്ടുമെത്തുമ്പോൾ ഇവിടെ നിങ്ങളെ സ്വീകരിക്കാൻ ഈശ്വരിയില്ല. ആരുമില്ല. ഞാൻ മാത്രം.
നിങ്ങൾ അകത്തെ മുറികളിലൂടെ കയറിയിറങ്ങി പുറത്തേക്കു പോകുകയാണു്. വീണ്ടും മുറ്റത്തിറങ്ങി തിരിഞ്ഞുനോക്കുന്നു. പിന്നെയും ഗേറ്റിൽ പിടിച്ചു നോക്കുന്നു. നിങ്ങൾ അകലുകയാണു്. അകലേക്കെങ്ങോ.

1977 ഏപ്രിൽ ഒന്നിനു് ജനനം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്കാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ. കഥകൾക്കു് പരിഭാഷകളും പാഠപുസ്തകപ്പതിപ്പുകളും ഉണ്ടായിട്ടുണ്ടു്. ടി. കെ. പത്മിനിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരിൽ 2016-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇപ്പോൾ കൊൽക്കത്തയിൽ താമസം.