images/tkn-jeevitham-cover.jpg
Lars Tiller painting, a painting by Lars Tiller (1924–1994).
രംഗം 1
ഒരു ഇടത്തരം വീടിന്റെ മുൻഭാഗം. വരാന്തയും അകത്തുനിന്നു വരാന്തയിലേക്കു കടക്കാനുള്ള ഒരു വാതിലും കാണാം. വാതിലിന്റെ ഒരു വശത്തു ചുമരിനു സമീപമായി പഴയ ഒരു ചൂടിക്കട്ടിലുണ്ടു്; കട്ടിലിന്റെ കുറച്ചകലത്തായി ഒരു ബഞ്ചും. കർട്ടൻ പൊന്തി കുറച്ചു കഴിയുമ്പോൾ ഗീതയും മോഹനനും—രണ്ടു സ്കൂൾ കുട്ടികൾ—ഒരു വശത്തൂടെ കടന്നുവരുന്നു. മോഹനനു പതിനാലും ഗീതയ്ക്കു പന്ത്രണ്ടും വയസ്സു പ്രായം തോന്നും. നല്ല വസ്ത്രങ്ങളാണു് അണിഞ്ഞിട്ടുള്ളതു്. ഗീത മുൻകടന്നു നടന്നു വാതിലിലൂടെ അകത്തേക്കു തലയിട്ടു പാളിനോക്കുന്നു. എന്നിട്ടു് തിരിഞ്ഞുനിന്നു മോഹനനോടു മിണ്ടരുതെന്നു് ആംഗ്യം കാണിക്കുന്നു. രണ്ടുപേരും വാതിലിന്റെ രണ്ടു വശത്തായി മാറിനില്ക്കുന്നു.

ഗീത:
(ശബ്ദം മാറ്റി) അമ്മാ, തായേ! (എന്നു വിളിക്കുന്നു.)
മോഹനൻ:
(കാര്യം മനസ്സിലാക്കി അതു് അനുകരിക്കുന്നു.) അമ്മാ,തായേ!
ഗീത:
ധർമം തരണേ തായേ!
മോഹനൻ:
പശിക്കിതേ, അമ്മാ!
രണ്ടുപേരുംകൂടി:
അമ്മാ… തായേ… ധർമം തരണേ, അമ്മാ!
രണ്ടുപേരും ചിരി അടക്കിപ്പിടിച്ചു ചെവിയോർക്കുന്നു. അകത്തുനിന്നു കാൽപ്പെരുമാറ്റം കേട്ടു പരിഭ്രമിക്കുന്നു. എന്തു ചെയ്യേണമെന്നറിയാതെ പരുങ്ങുന്ന മോഹനനേയും വലിച്ചിഴച്ചു് ഗീത കട്ടിലിനു സമീപത്തേക്കു നീങ്ങുന്നു. രണ്ടുപേരും ഒപ്പം കട്ടിലിനു കീഴിൽ ഒളിഞ്ഞിരിക്കുന്നു. കൈയിൽ ഒരുപിടി അരിയുമെടുത്തുകൊണ്ടു് രാധ കടന്നുവരുന്നു. പ്രായം ഇരുപതിനും ഇരുപത്തഞ്ചിനുമിടയിൽ. ഒത്ത തടിയും നീളവും. ഇരുനിറം. ശാന്തവും കുലീനവുമായ മുഖം. നാലു ഭാഗവും ഉത്കണ്ഠയോടെ നോക്കുന്നു.

രാധ:
കഷ്ടം! ഇത്ര വേഗത്തിലവർ തിരിച്ചുപോവുമെന്നു വിചാരിച്ചില്ല ഒന്നോ രണ്ടോ വളിക്കുമ്പോഴേക്കും ഞാനെത്തിയിരിക്കുന്നു. വിധിച്ചിട്ടില്ല അതുതന്നെ. (വീണ്ടും ഒന്നു ചുറ്റും കണ്ണോടിച്ചു തിരിച്ചു പോകുന്നു.)
കാൽപെരുമാറ്റം നിലച്ചപ്പോൾ ഗീതയും മോഹനനും കട്ടിലിനടിയിൽനിന്നു് എഴുന്നേറ്റു പഴയ സ്ഥാനങ്ങളിൽ ചെന്നുനിന്നു് വീണ്ടും വിളിക്കുന്നു. വായ പൊത്തി, ചിരിയമർത്തി കാൽവിരലുകൾ മാത്രം നിലത്തുന്നീട്ടാണു് രണ്ടുപേരും നടന്നതു്.

ഗീത:
(സ്വരം മാറ്റി) അമ്മാ, തായേ?
മോഹനൻ:
ധർമം തരണേ തായേ;
വീണ്ടും രണ്ടുപേരും ചെവിടോർക്കുന്നു. കാൽപെരുമാറ്റം കേട്ടു് അമ്പരന്നോടി കട്ടിലിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നു. രാധ പെട്ടെന്നു കടന്നുവന്നു് ഗീതയെ കണ്ടെത്തുന്നു.

രാധ:
(തള്ളിവരുന്ന ചിരിയടക്കിക്കൊണ്ടു്) ഓ… ഹോ. നിങ്ങളാണല്ലേ! ധർമം തന്നേയ്ക്കാം (ഗീതയെ സമീപിച്ചു് ചെവിപിടിക്കുന്നു. ചെവി പതുക്കെ ഇളക്കിക്കൊണ്ടു്) ഇതു പോരേ ധർമം, പോരേ?… പോരേ?… എന്താ മിണ്ടാത്തതു്?
ഗീത:
(കുലുങ്ങിക്കുലുങ്ങിച്ചിരിച്ചിട്ട്) പോരാ, ടീച്ചർ, പോരാ, ഇനീം വേണം.
രാധ:
മുഴുവൻ നിനക്കുതന്നെ തന്നാൽ പോരാ. ഒരു കൂട്ടുകാരൻ കൂടിയില്ലേ? (കട്ടിലിനടിയിലേക്കു നോക്കുന്നു. മോഹനൻ അനങ്ങുന്നില്ല. രാധ അടുത്തേക്കു ചെന്നു ചാഞ്ഞുനോക്കീട്ടു്) ഗുഡ്മോർണിംഗ് മിസ്റ്റർ! എന്താ, ധർമ്മം വേണ്ടേ? ഇങ്ങട്ട് എഴുന്നേറ്റു വരൂ. ധർമത്തിനു വന്നവർ എന്തിനാ ഇങ്ങനെ ഒളിക്കുന്നതു്? ഉം, വരൂ.
മോഹനൻ ഒരിളിഭ്യച്ചിരിയോടെ കട്ടിലിനടിയിൽനിന്നു് എഴുന്നേറ്റുവരുന്നു. ഗീത പൊട്ടിച്ചിരിക്കുന്നു.

രാധ:
വരു, അടുത്തുവരൂ! മോഹനു ധർമം വേണ്ടേ?
ഗീത:
കൊടുക്കണം, ടീച്ചർ എനിക്കു തന്നത്രതന്നെ കൊടുക്കണം.
രാധ:
വേണ്ടാ, മോഹൻ നല്ല കുട്ടിയാണു്.
ഗീത:
അതു പറ്റില്ല, ടീച്ചർ, മോഹനും കൊടുക്കണം.
രാധ:
ഗീതയ്ക്കു അത്ര നിർബന്ധമാണെങ്കിൽ ഞാൻ തന്നതിൽ പാതി മോഹനു കൊടുത്തേയ്ക്കൂ.
ഗീത:
ഓ, സമ്മതം! മുഴുവനും കൊടുക്കാം, ടീച്ചർ. (മോഹന്റെ ചെവി പിടിക്കാൻ ഓടിച്ചെല്ലുന്നു.)
രാധ:
വേണ്ട, വേണ്ടാ. ഇവിടെ വരു, (രാധ കട്ടിലിൽ ഇരിക്കുന്നു. രണ്ടുപേരേയും പിടിച്ചു് രണ്ടു ഭാഗത്തായി ഇരുത്തുന്നു.) എന്തേ, രണ്ടാളും രാവിലെ ഇങ്ങട്ടു് ഓടിപ്പോണതു്?
ഗീത:
വെറുതെ പോന്നു, ടീച്ചർ.
രാധ:
കുസൃതി കാണിക്കാൻമാത്രം പോന്നതാണോ? അതേയോ, മോഹൻ?
മോഹനൻ:
ഞങ്ങൾ വെറുതേ പോന്നതാ, ടീച്ചർ.
രാധ:
രാവിലെ പഠിക്കാനൊന്നുമില്ലേ?
ഗീത:
പഠിക്കേണ്ടതൊക്കെ പഠിച്ചുവെച്ചു. ജോലിയൊന്നും കാണാഞ്ഞപ്പഴ് ഇങ്ങട്ട് പോന്നു.
രാധ:
ഇവിടെ വന്നു് എന്നെയൊന്നു് കളിപ്പിക്കാമെന്നു വിചാരിച്ചു; അച്ഛനില്ലേ അവിടെ?
ഗീത:
ഇല്ല.
രാധ:
എവിടെപ്പോയി?
മോഹനൻ:
അമ്മാമൻ കാലത്തെ വണ്ടിക്കു് എങ്ങട്ടോ പോയതാണു്.
രാധ:
പിന്നെ വീട്ടിലാരെ പേടിക്കാൻ? വേണുവേട്ടനില്ലേ വീട്ടിൽ?
ഗീത:
രാധടീച്ചറുടെ വീട്ടിൽ വന്നൂന്നു് പറഞ്ഞാൽ വേണുവേട്ടൻ ഒന്നും പറയില്ല.
രാധ:
ആട്ടെ കാര്യം മനസ്സിലായി. അച്ഛനില്ലാത്ത തക്കംനോക്കി ഗീത മോഹനേയും കൂട്ടി സർക്കീട്ടിനു പുറപ്പെട്ടതാണു്, അല്ലേ?
അകത്തുനിന്നു് അവശസ്വരത്തിൽ ഒരു വൃദ്ധൻ വിളിക്കുന്നു. “രാധേ… രാധേ?”

രാധ:
അച്ഛൻ വിളിക്കുന്നുണ്ടു്.
ഗീത:
(എഴുന്നേറ്റു് ഒരു വശത്തേക്കു് ചൂണ്ടി) അതാ, അമ്മാമ, ഇങ്ങട്ടു വരുന്നുണ്ടു്.
മോഹനനും രാധയും ഒപ്പം എഴുന്നേല്ക്കുന്നു. രാമൻകുട്ടിനായർ—രാധയുടെ അച്ഛൻ—ഒരു വടിയും കുത്തിപ്പിടിച്ചു പതുക്കെ നടന്നുവരുന്നു. രോഗംകൊണ്ടു് അവശമായ ശരീരം. ഒരു മുണ്ടും ബനിയനുമാണു് ധരിച്ചിട്ടുള്ളതു്. നടക്കുമ്പോൾ ശരീരത്തിനൊരു വിറയലും അല്പാല്പം കിതപ്പുമുണ്ടു്. കിതപ്പു വർധിക്കുമ്പോൾ അവിടവിടെ കുറച്ചു നിന്നും തളർച്ച തീർത്തും വളരെ സാവകാശത്തിലാണു് വരുന്നതു്.

രാമൻകുട്ടിനായർ:
രാധേ, ഇവിടെ ഇപ്പഴ് ധർമക്കാരു വന്ന്വോ, മോളേ? (ഗീതയും മോഹനും പരസ്പരം നോക്കുന്നു.) നിന്നെ ഒരു പണിയെടുക്കാനും ഈ ധർമക്കാരു സമ്മതിക്കില്ല. എന്റെ ചെറുപ്പകാലത്തു ധർമക്കാരും കൊതും ഈ നാട്ടിൻപുറത്തൊന്നും ഉണ്ടാവാറില്ല. അതൊക്കെ പട്ടണത്തിലുണ്ടെന്നു കേട്ടതു മാത്രം. എന്നാൽ ഇപ്പഴ് അതു രണ്ടും ഇവിടേം വന്നു, കണക്കില്ലാണ്ടു്. (കുറച്ചു സമീപത്തേക്കു വന്നു് എല്ലാവരേയും സൂക്ഷിച്ചുനോക്കുന്നു.) അല്ലാ ഇതാരാ? ഇരിക്കീൻ, കുട്ട്യോളേ… രാധേ… (രാധയെ നോക്കുന്നു.)
രാധ:
എന്താ, അച്ഛാ.
രാമൻകുട്ടിനായർ:
(കുട്ടികളെ ചൂണ്ടി) ഇവരെപ്പഴാ വന്നതു്?
രാധ:
ഇപ്പഴ് വന്നേയുള്ളൂ.
രാമൻകുട്ടിനായർ കട്ടിലിൽ ഇരുന്നു് അല്പാല്പമായി കിതയ്ക്കുന്നു.

രാമൻകുട്ടിനായർ:
(തലപൊക്കി) ആവൂ… വല്ലാത്ത ക്ഷീണം. ഒരിത്ര നടക്കാൻ വയ്യാ. അപ്പഴേയ്ക്കും കിതപ്പു്. രക്തം ക്ഷയിച്ചിടാണു്.
രാധ:
അച്ഛനിപ്പഴെന്തിനേ എഴുന്നേറ്റു വന്നതു്?
രാമൻകുട്ടിനായർ:
എത്രയാ ഒരു സ്ഥലത്തു കിടക്ക്വാ? (ഗീതയേയും മോഹനനേയും നോക്കി) ഇരിക്കീൻ, കുട്ട്യോളേ, ഇരിക്കീൻ. (കൈകൊണ്ടു് ആംഗ്യം കാണിക്കുന്നു. വടി കട്ടിലിൽ ചാരിവെക്കുന്നു.)
ഗീത:
വേണ്ടമ്മാമാ, ഇവിടെ നിന്നാൽ മതി
രാമൻകുട്ടിനായർ:
എന്തിനാ, രാധേ, കുട്ട്യോളു വന്നതു്?
രാധ:
വെറുതെ വന്നതാണനത്രേ.
രാമൻകുട്ടിനായർ:
നിന്നെ കാണാൻ വന്നതാവും. ഇവർക്കു് നിന്നോടെന്താ ഇത്ര വല്യ ഇഷ്ടം? (കുട്ടികളെ മാറി മാറി നോക്കുന്നു. ഗീതയുടെ പുറത്തു തട്ടീട്ട്) നല്ലപോലെ പഠിക്കുന്നില്ലേ?
ഗീത:
(അല്പം നാണിച്ചുകൊണ്ടു്) ഉണ്ടമ്മാമാ.
രാമൻകുട്ടിനായർ:
ഇവനോ? (മോഹനനെ നോക്കുന്നു.)
(മോഹനൻ മിണ്ടുന്നില്ല.)

രാധ:
അച്ഛാ, ഈ മോഹൻ മഹാ പോക്കിരിയാണു്. കുട്ടികളുടെ നേതാവാണു്.
രാമൻകുട്ടിനായർ:
മിടുക്കൻ, കുട്ടികളായാൽ കുറച്ചു് ഉശിരൊക്കെ വേണം. അല്ലാതെ മന്തന്മാരെപോലെ ആവരുതു്. ഇത്തിരീശ്ശ വികൃതീം കാണിക്കണം.
രാധ:
‘കുരങ്ങനു് ഏണീന്നു’ കേട്ടിട്ടില്ലേ? വികൃതി കാണിക്കാൻ എനി അച്ഛന്റെ ഒരു ഉപദേശോം കുടിയേ ഇവനു വേണ്ടൂ.
രാമൻകുട്ടിനായർ:
അവൻ മിടുക്കനാണു്.
ഗീത:
ഞങ്ങൾ പോട്ടേ ടീച്ചർ?
രാധ:
അവിടെ നില്ക്കു, ഗീതേ, കുറച്ചു ചായ കഴിച്ചിട്ടു് പോകാം.
ഗീത:
വേണ്ടാ, ടീച്ചർ. ഞങ്ങൾ ഇപ്പഴ് ചായ കഴിച്ചിട്ടു വന്നതേയുള്ളൂ. ഇനി ചെന്നാൽ ഉടനെ ഉണ്ടിട്ടു സ്കൂളിലേക്കു് പുറപ്പെടണം.
രാമൻകുട്ടിനായർ:
കുട്ടിക്കു് വേണ്ടെങ്കിൽ വേണ്ടാ. ഇവനു കുറച്ചു ചായ കൊടുക്കണം, രാധേ (മോഹനനെ നോക്കുന്നു.)
മോഹനൻ:
വേണ്ടമ്മാമാ… ഗീതേ നമുക്കു പൂവ്വാ.
ഗീത:
നടക്കൂ.
രാധ:
ഓ, പേടിക്കേണ്ട. ഇവിട്യാരും നിങ്ങളെ നിർബന്ധിച്ചു ചായ കുടിപ്പിക്കാൻ വിചാരിച്ചിട്ടില്ല.
ഗീത:
അതല്ല, ടീച്ചർ. പോയിട്ടു വേണ്ടേ സ്കൂളിലേയ്ക്കു് പുറപ്പെടാൻ.
രാധ:
എന്നാൽ ഒരു മിനിട്ട് അവിടെ നില്ക്കൂ. രണ്ടു പുസ്തകങ്ങൾ സ്കൂളിലേക്കു് എടുക്കേണ്ടതുണ്ടു്.
മോഹനൻ:
അ. ടീച്ചർ (തല കുലുക്കുന്നു.)
രാധ:
ഇതാ, ഇപ്പോൾത്തന്നെ കൊണ്ടുവരാം. (അകത്തേക്കു പോകുന്നു.)
രാമൻകുട്ടിനായർ:
(മോഹനനോടു്) കുട്ടി എത്രാം ക്ലാസ്സിലാ പഠിക്കുന്നതു്?
മോഹനൻ:
ഏഴാം ക്ലാസ്സിൽ.
രാമൻകുട്ടിനായർ:
(ഗീതയെ നോക്കി) കുട്ടിയോ?
ഗീത:
ഞാനും ഏഴാം ക്ലാസ്സിൽ.
രാമൻകുട്ടിനായർ:
(പ്രയാസപ്പെട്ടു ചിരിക്കുന്നു) ഹ, ഹ, ഹ. മഹാ വഷള് തന്നെ. മോഹൻ! ഗീത മോഹന്റെ ഒപ്പാണോ പഠിക്കുന്നതു്.
മോഹനൻ:
കഴിഞ്ഞകൊല്ലം ഗീത എന്റെ താഴെ ക്ലാസ്സിലായിരുന്നു, അമ്മാമാ. കഴിഞ്ഞ കൊല്ലപരീക്ഷയ്ക്കു് പനിയായതുകൊണ്ടു് എനിക്കു് പോകാൻ കഴിഞ്ഞില്ല;
രാമൻകുട്ടിനായർ:
(മുഖത്തു കലശലായ വിഷാദച്ഛായ പരക്കുന്നു.) രോഗം വന്നാൽപ്പിന്നെ തോറ്റു, കുട്ടീ. (ആരോടെന്നില്ലാതെ) പരീക്ഷേലും സ്കൂളിലും വീട്ടിലും എവിടെം പിന്നെ തോല്വി തന്നെ. (വീണ്ടും കുട്ടികളോടു്) അമ്മാമയെ കണ്ടില്ലേ ഇങ്ങനെയൊരു തോൽവി തോല്ക്കാനില്ല (മുഖം താഴ്ത്തി മൗനമായിരിക്കുന്നു)
രാധ രണ്ടുമൂന്നു പുസ്തകങ്ങളുമായി കടന്നുവരുന്നു. അതു മോഹനനെ ഏല്പിക്കുന്നു.

രാധ:
ഇതു് എന്റെ ക്ലാസ്സിലെ മേശപ്പുറത്തു വെയ്ക്കണം, കേട്ടൊ.
മോഹനൻ ആവാം എന്നർത്ഥത്തിൽ തലകുലുക്കുന്നു.

ഗീത:
ഞങ്ങൾ പോട്ടേ, ടീച്ചർ?
രാധ തലകുലുക്കുന്നു. ഗീതയും മോഹനും തിരിഞ്ഞുനടക്കുന്നു. അല്പം കഴിഞ്ഞു് രാധയെ തിരിഞ്ഞുനോക്കി.

ഗീത:
നമസ്തേ, ടീച്ചർ.
മോഹനൻ:
നമസ്തേ, ടീച്ചർ.
രാധ:
നമസ്തേ.
രണ്ടു കുട്ടികളും പോകുന്നു. രാമൻകുട്ടിനായർ അപ്പോഴും തലതാഴ്ത്തിയിരുന്നു നെടുവീർപ്പിടുകയാണു്. രാധ കുട്ടികൾ പോയവഴിയെത്തന്നെ നോക്കിക്കൊണ്ടു നില്ക്കുന്നു. അല്പം കഴിഞ്ഞു് രാമൻകുട്ടിനായർ മുഖമുയർത്തി രാധയെ നോക്കുന്നു. ആ മുഖം ദുഃഖംകൊണ്ടു് കൂടുതൽ കറുത്തിരുണ്ടിട്ടുണ്ടു്. കണ്ണുകൾ അസാരം നനഞ്ഞിട്ടുമുണ്ടു്.

രാമൻകുട്ടിനായർ:
എന്താമോളേ, മോളേ, നീയിങ്ങമെ നോക്കിനില്ക്കുന്നതു്?
രാധ:
(അല്പമൊന്നു ഞെട്ടി മുഖത്തെ ഭാവങ്ങൾ ആവുന്നതും മറച്ചുവെച്ചു് അച്ഛനെ നോക്കുന്നു. എന്നിട്ടു ശാന്തവും അലസവുമായ സ്വരത്തിൽ) ഒന്നുമില്ലച്ഛാ.
രാമൻകുട്ടിനായർ:
എത്ര നല്ല കുട്ടികൾ നിന്നോടെന്തൊരു സ്നേഹമാണവർക്കു്!
രാധ:
(വിചാരമഗ്നയായി മുളുന്നു) ഉം.
രാമൻകുട്ടിനായർ:
അല്ലെങ്കിൽ നമ്മുടെ വീട്ടിലൊക്കെ വരേണ്ടുന്ന സ്ഥിതിയാണോ അവർക്കു്? എന്നിട്ടും സൗകര്യം കിട്ടിയാൽ നിന്നെ കാണാനവർ ഓടിവരും.
രാധ:
സ്കൂളിൽനിന്നു് ഒരു നിമിഷം ഒഴിവുകിട്ടിയാൽ രണ്ടാളും എന്റെ അരികത്തേക്കു് ഓടിവരും. എന്നിട്ടു് എന്നെ ചുറ്റിപ്പറ്റി നില്ക്കും.
രാമൻകുട്ടിനായർ:
(അകലത്തു നോക്കി വിരൽ കടിച്ചമർത്തി ഉള്ളിൽനിന്നു തേട്ടിവരുന്ന ദുഃഖത്തെ പുഴ്ത്തിവെയ്ക്കാൻ ശ്രമിക്കുന്നു.) ഈ കുട്ടികളെയൊക്കെ ഇങ്ങനെ കാണുമ്പോൾ എന്റെ നെഞ്ചു പൊട്ടുകയാണു്. എന്റെ മോളേ, ഒരുകാലത്തു് എന്റെ ചുറ്റും ഇങ്ങനെ എത കുട്ടികളുണ്ടായിരുന്നു! ഒക്കെ പോയി… അല്ല, കൊണ്ടുപോയി (തൊണ്ടവിറയോടെ) എല്ലാം കഴിഞ്ഞു നീയും ഞാനും ബാക്കിയായി.
രാധ:
അച്ഛാ. അച്ഛനെപ്പോഴും എന്തിനാ ഇതൊക്കെ വിചാരിക്കുന്നതു്?
രാമൻകുട്ടിനായർ:
കുടുംബം ഇല്ലഞ്ഞാലും വർധിച്ചാലും ദുഖമാണു്, മോളേ!
രാധ:
ഇനിയതിനു ദുഃഖിച്ചിട്ടെന്താണച്ഛാ? നമ്മുടെ വിധിയല്ലേ?
രാമൻകുട്ടിനായർ:
വിധി, വിധി! ഇങ്ങനെയൊരു വിധിയുണ്ടോ? മരണംവരെ വിട്ടുമാറാത്ത വിധി. മോളേ, നിനക്കു് ഏട്ടനും, ഏടത്തിയും, അനിയനും, അന്തിയത്തിയും… എല്ലാമുണ്ടായിരുന്നു. എന്നിട്ടും നീയിന്നു തനിച്ചായില്ലേ? വാത്സല്യത്തോടെ ഒരു മുഖത്തു നോക്കേണമെങ്കിൽ അതു് ആരാന്റെ കുട്ടികളുടെ മുഖത്തു വേണ്ടെന്നുവന്നു.
രാധ:
കുട്ടികളെസ്സംബന്ധിച്ചു് ആരാന്റേതും അവനവന്റേതുമെന്ന വ്യത്യാസമില്ലച്ഛാ.
രാമൻകുട്ടിനായർ:
ആവൂ. പുറത്തുനിന്നു വല്ലാത്തൊരു വേദന.
രാധ:
ഞാനുഴിഞ്ഞുതരാം. (പുറം പതുക്കെ തടവുന്നു.) അച്ഛൻ വേണ്ടാത്തതൊന്നും വിചാരിക്കരുതു്. അച്ഛനു കൂട്ടായിട്ടു ഞാനില്ലേ? എനിക്കാണെങ്കിൽ എന്റെ ഉടപ്പിറപ്പുകളെ തട്ടിയെടുത്തതിനു് എത്രയോ അധികം കുട്ടികളെ ദൈവം തന്നിരിക്കുന്നു. കുട്ടികൾ പൊതുസ്വത്താണച്ഛാ… ആർക്കും അവരെ സ്നേഹിക്കാം. അവരൊക്കെ എന്റെ അനിയന്മാരും അനിയത്തികളുമാണു്. ഞാനവരെ മതിമറന്നു് സ്നേഹിക്കുന്നു; അവരെന്നെയും. എനിക്കതു മതി.
രാമൻകുട്ടിനായർ:
നിനക്കതുമതി എന്നാലെനിക്കോ? എന്തൊരേകാന്തതയാണു്, മോളേ ഇവിടെ? നീ സ്കൂളിൽ പോയിട്ടു് തിരിച്ചു വരുന്നതുവരെ നിന്റെ അച്ഛൻ മനുഷ്യന്റെ ശബ്ദത്തിനു വേണ്ടി ദാഹിക്കുകയാണു്. (കഴുത്തിന്റെ പിൻപുറം തൊട്ടു കാണിച്ചു) ഇദാ, ഇവിടെ ഉഴിയൂ (രാധ കഴുത്തിന്റെ പിറകിൽ ഉഴിയുന്നു. കൂടുതൽ വ്യസനത്തോടുകൂടി രാമൻകുട്ടിനായർ തുടരുന്നു.) ചിലപ്പോൾ കാക്ക കരയുന്നതും നായ കുരയ്ക്കുന്നതുംകൂടി എനിക്കിഷ്ടമാണു്. അതും ശബ്ദമല്ലേ? അതു കേൾക്കുമ്പോൾ എനിക്കു തോന്നും ഞാനീ ഭുമിയിൽ തനിച്ചല്ലെന്നു്. (കണ്ണു് തുടയ്ക്കുന്നു)
രാധ:
അച്ഛൻ കരയുകയാണോ?
രാമൻകുട്ടിനായർ:
(കണ്ണു തുടച്ചുകൊണ്ടു്) അല്ല, മോളേ. അച്ഛനു കരയാൻ കണ്ണീരില്ല.
രാധ:
(മുൻപിൽ വന്നുനിന്നു്) അച്ഛാ, അച്ഛന്റെ മുഖത്തു നോക്കൂ. എന്തിനാ അച്ഛനിങ്ങനെ ദുഃഖിക്കുന്നതു്? അച്ഛനെ ഈ നിലയിൽ തനിച്ചാക്കി എങ്ങു പോകാനും എനിക്കു് മനസ്സില്ല… ഞാൻ ജോലിക്കു പോയില്ലെങ്കിൽ… നമ്മുടെ സ്ഥിതിയെന്താവും?
രാമൻകുട്ടിനായർ അസ്വസ്ഥതയോടെ എഴുന്നേല്ക്കാൻ ഭാവിക്കുന്നു.

രാധ:
അച്ഛനോടു ചേർന്നുനിന്നു പുറം തലോടിക്കൊണ്ടു അച്ഛനെവിടേയ്ക്കാ പുറപ്പെടുന്നതു്?
ശബ്ദിക്കാൻ പ്രയാസമുള്ളതുകൊണ്ടു് രാമൻകുട്ടിനായർ എങ്ങോട്ടുമില്ല എന്ന അർത്ഥത്തിൽ തലയാട്ടുന്നു.

രാധ:
അവിടെ ഇരിക്കൂ, അച്ഛാ. വയ്യാതെ എഴുന്നേറ്റു നടക്കരുതു്.
രാമൻകുട്ടിനായർ കലശലായ അസ്വസ്ഥതയോടെ ഇരിക്കുന്നു. രാധയുടെ കൈ പിടിച്ചു തടവുന്നു. കൈപ്പടംകൊണ്ടു തന്റെ കണ്ണീരൊപ്പുന്നു. ഇടത്തുകൈ കൊണ്ടു സാരിത്തുമ്പുയർത്തി രാധയും തന്റെ കണ്ണു തുടയ്ക്കുന്നു. അല്പനിമിഷം രണ്ടുപേരും നിശ്ശബ്ദരാവുന്നു.

രാധ:
(തൊണ്ടയിടറിക്കൊണ്ടു്) അച്ഛാ, അച്ഛാ!
രാമൻകുട്ടിനായർ:
എന്താ മോളേ! (രാധയുടെ കൈത്തണ്ട തടവിക്കൊണ്ടു്) രാധേ, നീയെത്ര മെലിഞ്ഞുപോയി! വീട്ടുജോലിയും എന്റെ ശുശ്രൂഷയും സ്കൂൾജോലിയും എല്ലാംപാടെ നിന്നെ തകർത്തിക്കളഞ്ഞു. ചെറുപ്പത്തിൽ തടിച്ചു കൊഴുത്തു പനിനീർപ്പൂവിന്റെ നിറത്തിൽ എന്തൊരോമനത്തമുള്ള മോളായിരുന്നു നീ! (വീണ്ടും കണ്ണു തുടയ്ക്കുന്നു…) നിന്റെ അച്ഛൻ ഒന്നിനും കൊള്ളാത്തോനാണു്, മോളേ. നിന്നെ ഈ സ്ഥിതിയിലാക്കിയതു നിന്റെ അച്ഛനാണു്.
രാധ:
(അച്ഛന്റെ തോളിലെ മുണ്ടെടുത്തു് അച്ഛന്റെ മുഖം തുടപ്പിച്ചു്) അച്ഛാ… അച്ഛൻ എന്തെക്കെയാണീപ്പറയുന്നതു്? എനിക്കൊരു ബുദ്ധിമുട്ടുമില്ല. ജോലിചെയ്യുന്നതു് എനിക്കു് സന്തോഷമാണു്. എനിക്കെന്റെ അച്ഛന്റെ രോഗത്തെക്കുറിച്ചാണു് വ്യസനം. ഇതൊന്നു മാറിക്കിട്ടിയാൽ നമുക്കു സുഖമാണച്ഛാ.
രാമൻകുട്ടിനായർ:
സുഖം… സുഖം! ഇനി ഈ ജന്മം എനിക്കുണ്ടോ, മോളേ സുഖം? (ദൂരെ നോക്കി) ആരാ, മോളേ, ആ വരുന്നതു്?
രാധ:
വേണു. (അല്പം പരുങ്ങുന്നു) അയ്യേ, അച്ഛാ, അച്ഛനെ ഈ ദുഃഖിച്ച നിലയിൽ വേണു കാണരുതു്.
രാമൻകുട്ടിനായർ ആകപ്പാടെ പുതിയ ഒരു ഭാവം കൈക്കൊള്ളാൻ ബദ്ധപ്പെടുന്നു. രണ്ടാംമുണ്ടുകൊണ്ടു് മുഖം തുടച്ചു നിവർന്നിരിക്കുന്നു. വേണു—കോമളനായൊരു യുവാവു്. ഇരുപത്തഞ്ചിനും മുപ്പതിനും മധ്യേ പ്രായം. അന്തസ്സുള്ള ഭാവം. മാന്യത സൂചിപ്പിക്കുന്ന വേഷം. സ്നേഹാർദ്രമായ നോട്ടവും ചിരിയും.

വേണു:
(നടന്നു സമീപിക്കുമ്പോൾ) ഇന്നെന്താണു് അച്ഛനും മകളും കാലത്തെ കഥ പറയാനിരുന്നതു്?
രാമൻകുട്ടിനായർ:
(ചിരിക്കാൻ ശ്രമിച്ചുകൊണ്ടു്) ഇവിടെ കുട്ടികൾ വന്നിരുന്നു. അവരിപ്പഴങ്ങട്ടു പോയതേയുള്ളു. അവരെക്കുറിച്ചു് ഓരോന്നു് പറയുമ്പോഴേയ്ക്കു വേണുവും വന്നു.
വേണു:
ഗീതയും മോഹനും ഇപ്പഴിവിടെ വന്നോ?
രാധ:
ഇപ്പഴ് ഇവിടെനിന്നു പോയതേയുള്ളു.
വേണു:
ഈ രാധയും അവരുമായി എന്തോ ചില കൂട്ടുകെട്ടുണ്ടു്. ചെറിയൊരു സൗകര്യം കിട്ടിയാൽ രണ്ടുപേരും ഇങ്ങോട്ടോടും.
രാമൻകുട്ടിനായർ:
അതുപോലെ രാധയ്ക്കും അവരെ ജീവനാ. ഒരു ദിവസേങ്കിലും കാണാതിരുന്നുകൂടാ.
വേണു:
അതതേ. ശനിയാഴ്ചയും ഞായറാഴ്ചയും അച്ഛനവിടെയുളള ദിവസമാണെങ്കിൽ രണ്ടു പേരിക്കും എന്തൊരു വെപ്രാളാണെന്നോ!
രാധ:
എനിക്കിങ്ങനെ കഥ പറഞ്ഞു നിന്നാൽ പറ്റില്ല!
വേണു:
അവിടെ ഇരുന്നോളൂ.
രാധ:
ഇനി ഇരിക്കുന്നതു സ്കൂളിൽ ചെന്നിട്ടു്. ഇന്നു സമയം പോയതറിഞ്ഞില്ല. വേണു അച്ഛനോടു് കഥ പറഞ്ഞിരിക്കൂ. അകത്തെ ജോലി തീർന്നിട്ടില്ല.
വേണു:
ജോലി തീരാത്തവർക്കു് അതു ചെയ്യാം. മറ്റുളളവർക്കു് ജോലി നിർദ്ദേശിക്കരുതു്.
രാധ:
എനിക്കു് തർക്കിക്കാൻ സമയമില്ല. (വേഗത്തിൽ അകത്തേക്കു പോകുന്നു.)
വേണു:
രാധയ്ക്കു് ഒന്നിനും ഒരിക്കലും സമയമുണ്ടാവാറില്ലല്ലോ. (രാമൻകുട്ടിനായരോടു്) ഇന്നെന്താ പുറത്തു വന്നിരുന്നതു്?
രാമൻകുട്ടിനായർ:
കുട്ടികൾ വന്നപ്പോൾ ഇങ്ങട്ടു പോന്നു.
വേണു:
തനിച്ചു് നടക്കാൻ കഴിയ്വോ?
രാമൻകുട്ടിനായർ:
കഷ്ടിച്ചു്, ഇന്നാദ്യായിട്ടു് ഒന്നു പരീക്ഷിച്ചുനോക്കി
വേണു:
പരീക്ഷിക്കാറായിട്ടില്ല. ക്ഷീണം ഇനീ മാറീട്ടില്ല. മാറീട്ടേ തനിച്ചു് നടക്കാവൂ.
രാമൻകുട്ടിനായർ:
വേണു വീട്ടിൽനിന്നാണോ?
വേണു:
ഇരുന്നു മടുത്തപ്പോൾ ഒന്നിങ്ങോട്ടിറങ്ങി.
രാമൻകുട്ടിനായർ:
(വിചാരാധീനനായി മൂളുന്നു) ഉം…
വേണു:
ഒരു ജോലിയും ചെയ്യാതെ വീട്ടിലിരിക്കുന്നതു് ആർക്കായാലും ശല്യാ. അച്ഛനാണെങ്കിൽ ചെറിയ ജോലിക്കൊന്നും പോകാനനുവമദിക്കുന്നുമില്ല.
രാമൻകുട്ടിനായർ:
അച്ഛൻ പറയുന്നതു് ശരിയല്ലേ? നിങ്ങളൊക്കെ അവനവന്റെ അന്തസ്സിനു നിരക്കാത്ത ജോലിക്കു് പോകാൻ പാടുണ്ടോ?
വേണു:
ഈ അന്തസ്സും അന്തസ്സുകേടുമൊക്കെ കുറച്ചു് സ്വത്തുള്ളതുകൊണ്ടു് തോന്നുന്നതല്ലേ? അതില്ലെങ്കിൽ…
രാമൻകുട്ടിനായർ:
അതില്ലെങ്കിൽ അഭിമാനവും അന്തസ്സും ഒന്നുമില്ല; (നിർത്തി പറയുന്നു) പിന്നെ ആർക്കും എന്തും ചെയ്യാന്നാവും… ജീവിക്കണ്ടേ?
വേണു:
വേണം. അതൊരു പ്രശ്നമല്ലാത്തവർക്കു് ആഭിജാത്യവും അന്തസ്സുമൊക്കെ നോക്കുന്നതു് ഒരു രസമാണു്.
ശങ്കു—സ്കൂൾമാനേജരുടെ കാര്യസ്ഥൻ. കാഴ്ചയിലൊരു പരബ്രഹ്മം. കീറിപ്പൊളിഞ്ഞ ഒരു ബനിയനും മുഷിഞ്ഞ മുണ്ടുമാണു് വേഷം. കുത്തനെ നില്ക്കുന്ന തലമുടി. അവിടവിടെ മാത്രം നീണ്ടുനില്ക്കുന്ന താടിരോമം. പുഴുക്കടിയുടെ ശല്യം താടിയിലും തലയിലും അല്പാല്പം ബാധിച്ചിട്ടുണ്ടു്—കടന്നുവരുന്നു. രാമൻകുട്ടി നായരുടെ മുൻപിൽനിന്നു വലത്തുകൈകൊണ്ടു് പിൻകഴുത്തു് ഉഴിയുന്നു.

രാമൻകുട്ടിനായർ:
എന്താ ശങ്കു?
ശങ്കു:
മിറ്റ്റസിനു് ഒരു കത്തുണ്ടു്.
രാമൻകുട്ടിനായർ:
ആരുടെ?
ശങ്കു:
മൂപ്പരുടെ.
വേണു:
ഹെഡ്മാസ്റ്റരുടെ കത്താണോ?
രാമൻകുട്ടിനായർ:
മാനേജരുടേതാവും.
ശങ്കു:
അതേ, മൂപ്പരു തന്നതാണു്.
വേണു:
ഇവൻ മാനേജരുടെ കാര്യസ്ഥനാണോ?
രാമൻകുട്ടിനായർ:
അതേ. (അകത്തേയ്ക്കു നോക്കി) രാധേ… രാധേ.
രാധ:
(അകത്തുനിന്നു്) എന്താണച്ഛാ?
രാമൻകുട്ടിനായർ:
ഇതാ, നിന്നെ അന്വേഷിച്ചു ശങ്കു വന്നിരിക്കുന്നു.
രാധ:
തലമുടി അഴിച്ചു പിന്നിലിട്ടു് കൈയിലൊരു ചീർപ്പും പിടിച്ചുകൊണ്ടു ബദ്ധപ്പെട്ടു വരുന്നു. എന്താ ശങ്കൂ?
ശങ്കു:
(കത്തു നീട്ടിപ്പിടിച്ചു്) മൂപ്പരൊരു കത്തു തന്നിരിക്കുന്നു.
രാധ:
(വാങ്ങി ധൃതിയിൽ വായിച്ചുനോക്കുന്നു.) ഓ, ഇന്നു് ഇൻസ്പെക്ടർ വരുന്നുണ്ടത്രേ. ഒന്നു നേരത്തെ ചെല്ലാൻ (കത്തു് അലക്ഷ്യമായി ഒരു വശത്തേക്കെറിയുന്നു). ശങ്കു, നീ പൊയ്ക്കോളൂ. ഞാൻ ക്ഷണത്തിൽ എത്തിക്കൊള്ളാം.
ശങ്കു:
ശങ്കൂനു തിരക്കൊന്നൂല്ല;
രാധ:
എന്നാലവിടെ നില്ക്കൂ. നമുക്കൊരുമിച്ചു പോകാം. (അകത്തേക്കു വീണ്ടും പോകുന്നു)
രാമൻകുട്ടിനായർ:
എപ്പഴാ ശങ്കൂ, ഇൻസ്പെക്ടർ വരുന്നതു്?
ശങ്കു:
മൂപ്പരവിടെത്തന്നെയുണ്ടു്.
രാമൻകുട്ടിനായർ:
മാനേജരെക്കുറിച്ചല്ല ചോദിച്ചതു്. ഇൻസ്പെക്ടറെപ്പഴാ വരുന്നതു്?
ശങ്കു:
മറ്റേമൂപ്പരും അവിടെയുണ്ടു്. ഇന്നലെ രാത്രി വല്യ സദ്യവട്ടായിരുന്നു.
വേണു:
ഈ വിദ്വാനു് എല്ലാവരും മൂപ്പരാണു്, അല്ലേ?
രാമൻകുട്ടിനായർ:
പാവം! വിശ്വസ്തനാണു്. വയറ്റുപ്പിഴപ്പിനുവേണ്ടി കിടന്നു നരകിക്ക്യാണു്. അവിടെ ഇവനു പിടിപ്പതു ജോലി ചെയ്യണം. എന്നാലോ തരംകിട്ടിയാൽ ഇവിടെവെന്നു ഞങ്ങളെ വല്ലതും സഹായിക്കും,
വേണു:
സ്കൂളിൽ എല്ലാവരും സമയത്തിനു ചെല്ലേണമെന്നു നിർബന്ധമില്ലേ? പിന്നെ എന്തിനാ ഇങ്ങനെയൊരു കത്തു്?
രാമൻകുട്ടിനായർ:
ഇയ്യിടെയായിട്ടു രാധയ്ക്കു സമയത്തിനൊന്നും പോവാൻ കഴിയാറില്ല. എന്റെ ഈ രോഗം നിമിത്തം അവളാണു് കഷ്ടപ്പെടുന്നതു്.
രാധ തിരക്കിട്ടു കടന്നുവരുന്നു. കൈയിൽ ഒരു കുടയുണ്ടു്. ഒരു ഗ്ലാസ്സിൽ മരുന്നുമുണ്ടു്. മരുന്നു രാമൻകുട്ടിനായർക്കു കൊടുക്കുന്നു.

രാധ:
അച്ഛൻ മരുന്നു കുടിച്ചോളു. രാമൻകുട്ടിനായർ മരുന്നു വാങ്ങി കുടിക്കുന്നു.
രാധ:
അച്ഛൻ അകത്തേക്കു് പോകുന്നില്ലേ?
രാമൻകുട്ടിനായർ:
ഇല്ല, മോളേ. കുറച്ചു കഴിഞ്ഞിട്ടു് പോകാം.
രാധ:
അച്ഛനു തനിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിലോ?
വേണു:
രാധ പൊയ്ക്കോളൂ. അച്ഛൻ പോകുന്നതുവരെ ഞാനിവിടെ ഇരുന്നോളാം.
രാധ:
(ആരോടെന്നില്ലാതെ) ഞാൻ പോട്ടെ. (വേണുവിനെ നോക്കി ധൃതിയിൽ നടക്കുന്നു.) വരൂ ശങ്കു. (ശങ്കുവും ഒരുമിച്ചു പോകുന്നു.)
വേണു മുഖവും താഴ്ത്തിയിരിക്കുന്നു. രാമൻകുട്ടിനായർ രാധ പോയ വഴിയിലേക്കുതന്നെ ഇമവെട്ടാതെ നോക്കുന്നു.

രാമൻകുട്ടിനായർ:
(അർത്ഥഗർഭമായി മൂളുന്നു) ഉം, ഉം, ഉം.
വേണു:
എന്താ മൂളുന്നതു്?
രാമൻകുട്ടിനായർ:
ഒന്നൂല്ല്യ. ആ കുട്ടീടെ ഒരു നരകം വിചാരിക്യാണു് ഞാൻ, മര്യാദയ്ക്കു കുളിക്കാറില്ല ഉണ്ണാറില; ഉറങ്ങാറില്ല അച്ഛൻ, ജോലി… ഈ രണ്ടു വിചാരമേ അവൾക്കൂള്ളൂ.
വേണു:
രാധ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടു്.
രാമൻകുട്ടിനായർ:
എങ്ങനെ ക്ഷീണിക്കാതിരിക്കും? രാവിലെ ഒരു ദിവസവും ആഹാരം കഴിക്കാൻ നേരം കിട്ടാറില്ല. ഉച്ചയ്ക്കു കഴിക്കാറുണ്ടെന്നു് അവൾ പറയുന്നു. ആരു കണ്ടു?
വേണു എഴുന്നേറ്റു് അസ്വസ്ഥനായി അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.

രാമൻകുട്ടിനായർ:
വേണു, ഇവളുടെ മൂത്തതു് രണ്ടാൺകുട്ടികളായിരുന്നു. അവരിന്നുണ്ടെങ്കിൽ ഈ പ്രായം തികഞ്ഞ പെണ്‍കുട്ടിയെ ഇങ്ങനെ ജോലിക്കു പറഞ്ഞയയ്ക്കേണ്ടീരുന്നോ? ഇനിയവൾ തിരിച്ചു വരുന്നതുവരെ എന്റെ മനസ്സിൽ തീയാണു്. (എന്തോ കാര്യമായി പറയാനുണ്ടെന്ന ഭാവത്തിൽ അടുത്തു ചെല്ലുന്നു.) പിന്നെ…
രാമൻകുട്ടിനായർ:
എന്താ?
വേണു:
ഒന്നുമില്ല (വീണ്ടും അസ്വസ്ഥനായി നടക്കുന്നു.)
രാമൻകുട്ടിനായർ:
(തൊണ്ടയിടറി) ഞാനിതിൽ എത്ര സഹിക്കുന്നുണ്ടെന്നോ ഞാനിങ്ങനെ രോഗംകൊണ്ടു വലഞ്ഞുപോയില്ലെങ്കിൽ ഈ പടിക്കു താഴെ അവളിറങ്ങേണ്ടി വരില്ലായിരുന്നു. എന്റെ അഭിമാനവും നിലയും സ്ഥിതിയും എന്തിനു്… ജീവിതം തന്നെയും… തകർന്നുപോയ്… (കണ്ണു തുടയ്ക്കുന്നു)
വേണു വീണ്ടും എന്തോ പറയാനെന്നപോലെ തിരിച്ചു വരുന്നു. പെട്ടെന്നു് അതു് ഉള്ളിലൊതുക്കുന്നു. തിരിഞ്ഞു നടന്നു വീണ്ടും രാമൻകുട്ടിനായരെ സമീപിക്കുന്നു. എന്നിട്ടു് അടുത്തു കട്ടിലിൽ ചെന്നിരിക്കുന്നു. രാമൻകുട്ടിനായരുടെ ശോഷിച്ച കൈ പിടിച്ചു മടിയിൽവെച്ചു പതുക്കെ തടവുന്നു. രാമൻകുട്ടിനായർ ഒന്നും സംസാരിക്കാതെ അകലത്തേക്കു നോക്കുന്നു. ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്നു.

വേണു:
(വികാരപാരവശ്യത്തോടെ) ഇങ്ങനെ കരയരുതു്.
രാമൻകുട്ടിനായർ:
അവളുള്ളപ്പോൾ ഞാൻ കരയാറില്ല; എന്റെ കണ്ണീരു് അവളെ വേദനിപ്പിക്കും. ആരോടെങ്കിലും ഇതൊക്കെയൊന്നു് പറഞ്ഞു തീർക്കണ്ടേ, വേണൂ?
വേണു:
സാരമില്ല. എന്തും ദുഖമായിട്ടൊരു ജീവിതമില്ല.
രാമൻകുട്ടിനായർ:
എന്തോ?
വേണു:
എന്നെ വിശ്വസ്സിക്കൂ. ഞാനാണു് പറയുന്നതു്. ഈ ദുഖം ദീർഘകാലം നില്ക്കില്ല, ഇതിന്നൊരു വഴിയുണ്ടാവും.
രാമൻകുട്ടിനായർ:
എന്തു വഴി? ആരുണ്ടാക്കാൻ?
വേണു:
ഞാൻ പറഞ്ഞില്ലലേ, ഞാനാണു് പറയുന്നതെന്നു്. എന്നെ വിശ്വസിക്കൂ; ഒരു മകനെപ്ലോലെ! ഞാനിതിന്നു വഴിയുണ്ടാക്കും.
രാമൻകുട്ടിനായർ:
(വേണുവിനെയൊന്നു നിവർന്നിരുന്നു നല്ലപോലെ നോക്കുന്നു. നിറഞ്ഞ കണ്ണു് കൈവിരൽകൊണ്ടു തുടയ്ക്കുന്നു. വികാരത്തള്ളലോടെ വിളിക്കുന്നു) മോനേ! (എന്നിട്ടു തല വേണുവിന്റെ മാറിടത്തിലേക്കു ചായ്ക്കുന്നു. വേണു പതുക്കെ കിതപ്പുകൊണ്ടു് ഉയരുകയും താഴുകയും ചെയ്യുന്ന വാരിഭാഗത്തു് തടവിക്കൊടുക്കുന്നു.)
വേണു:
(നെറ്റിയും നെഞ്ചിലും തൊട്ടുനോക്കി) അല്ലാ കുറേശ്ശെ പനിക്കുന്നുണ്ടല്ലോ.
രാമൻകുട്ടിനായർ:
(തലയുയർത്തി) ഉണ്ടോ?
വേണു:
(വീണ്ടും തൊട്ടുനോക്കി) ചൂടുണ്ടു്. നമുക്കകത്തേയ്ക്കു പോവാം. ഈ തണുപ്പു കാറ്റു് നന്നല്ല.
രാമൻകുട്ടിനായർ വടിയെടുത്തു് ഊന്നി എഴുന്നേല്ക്കാൻ ശ്രമിക്കുന്നു. വേണു സഹായിക്കുന്നു.

—യവനിക—

Colophon

Title: Jīvitam (ml: ജീവിതം).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, ജീവിതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P Pushpakumari. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Lars Tiller painting, a painting by Lars Tiller (1924–1994). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.