പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ റോട്ടിൽ
ഒരു കാക്കയുടെ അവശിഷ്ടങ്ങൾ കണ്ടു.
വൈദ്യുതകമ്പിയിൽ കുരുങ്ങി വീണതാവാം,
ബസ്സുമുട്ടി മരിച്ചതാകാം,
ആത്മഹത്യതന്നെയാകാം—അവശിഷ്ടങ്ങൾ കിട്ടി.
നടക്കാനിറങ്ങിയപ്പോൾ റോട്ടിൽ
ഒരു ഭ്രാന്തനിരുന്നുണ്ണുന്നതു കണ്ടു.
ഒരു കലാകാരനായ എനിക്കവ കൗതുകം ജനിപ്പിച്ചു
കൗതുകവുംകൊണ്ടു് ഞാൻ നടന്നു:
ഭാരം കയറ്റിപ്പോകുന്ന ഒരു കാളവണ്ടി കണ്ടു!
മുറുക്കാൻകടയുടെ മുമ്പിൽ ആൾക്കാർ
കൂടിനില്ക്കുന്നതു കണ്ടു!
ചാത്തൻസേവാമഠത്തിലേക്കുള്ള ബോർഡു കണ്ടു!
പണികഴിഞ്ഞു മടങ്ങുന്ന
ഓട്ടുകമ്പനിത്തൊഴിലാളികളെ കണ്ടു!
എല്ലാറ്റിനും പുറമേ റോഡു കണ്ടു—അതെ; കണ്ടു:
—കറുത്തു നീണ്ടുകിടക്കുന്നു!
ഒരു കലാകാരനായ എനിക്കവ കൗതുകം ജനിപ്പിച്ചു.
ആ കൗതുകത്തിലും എനിക്കു കൗതുകം ജനിച്ചു!
കൗതുകവുംകൊണ്ടു ഞാൻ നടന്നു…
(… രക്തസാക്ഷികളെക്കുറിച്ചു് ഞാനിതുവരെ കവിതയെഴുതിയിട്ടില്ല.
മരിച്ചുപോയവരെ മാന്യമായാദരിക്കുന്ന ഈ നാട്ടിൽ
എന്റെ സാമൂഹ്യബോധത്തിന്റെ കാര്യം കഷ്ടംതന്നെ!
സനിൽദാസ്, സുബ്രഹ്മണ്യദാസ്, സുഗതൻ,
ലൂയീസ്, വർഗ്ഗീസ്, രാജൻ, ഹഷ്മി,
നെരൂദാ, കിംചിഹായ്,
മയക്കോവ്സ്കി, ഹോചിമിൻ, പോൾ സെലാൻ…
കെ. വേണു മരിച്ചിട്ടില്ല, മരിക്കും.
—പൊള്ളുന്ന പനിക്കിടക്കയിൽ കിടന്നു്…)
കാക്കയുടെ മൃതദേഹം…
എന്റെ നടത്തം പതുക്കെയായി,
പിന്നെയും പതുക്കെയായി
നിന്നു
തിരിച്ചു നടന്നു.
ഭ്രാന്തനിപ്പോഴവിടെയില്ല.
കാക്കയുടെ അവശിഷ്ടവും അപ്രത്യക്ഷമായിരിക്കുന്നു!
1994.
സഞ്ചിയും തൂക്കി നടപ്പു ഞാൻ
കങ്കാരുവമ്മച്ചിയെപ്പോലെ
എന്താണിതിനുള്ളിലെന്നു ചോദിക്കേണ്ട;
—‘സഞ്ചിതസംസ്കാര’മെന്നില്ലേ!
സഞ്ചാരിയാണു ഞാനെന്നാളും
സമ്പാദ്യമൊന്നുമില്ലിന്നോളം
സമ്പാതിയെപ്പോൽ കരിഞ്ഞ ചിറകുകൾ
വമ്പൊഴിഞ്ഞോർമയിൽ പാറുന്നു.
ദുഃഖം പറയുവാൻ പാടില്ല
സന്തോഷമെന്തെന്നറിയില്ല.
സന്തോഷെന്നാണെന്റെ നാമ,മതിട്ടവൻ
തന്തയ്ക്കുണ്ടായവനാവില്ല.
ഇച്ഛക്കുരുക്കൾ മുളച്ചില്ല
കച്ചവാങ്ങാനൊരാൾ വന്നില്ല.
മൂടി ഞാനെന്തിനു വെക്കണ,മെൻ തല-
യോടിലെ രേഖകൾ നന്നല്ല.
‘മണ്ടത്തരങ്ങളേ ചെയ്തുള്ളൂ’
—വീണ്ടുവിചാരം വിധിക്കുന്നു
പണ്ടത്തെ നക്സലൈറ്റെന്നു വിളിച്ചെന്നെ
കൊണ്ടാടി നാറ്റരുതാരോരും.
ഇഷ്ടം വരുന്നില്ലൊരാളോടും
കുഷ്ഠം മനസ്സിനും ബാധിക്കും
ചാരായംപോലും നിരോധിച്ചൊരീ നാട്ടിൽ
കാരാലയംതന്നെ സ്വാതന്ത്യം!
ആർത്തിപ്പകക്കലി ബാധിച്ചു്
സ്വാർത്ഥ കാർക്കോടകക്കൊത്തേറ്റു്
ചത്തു ഞാനെന്നു വിചാരിച്ച നേരത്തു്
സഞ്ചികണ്ടെൻ തോളി,ലാശ്വാസം!
സഞ്ചിയും തൂക്കിയെഴുന്നേറ്റു
മൂരിനിവർന്നു നടന്നു ഞാൻ
ചാരക്കുഴിയിൽ കിടക്കുന്ന കുക്കുരം
ദൂരെയൊരെല്ലു കണ്ടെന്നോണം.
ഓരോന്നു ഞാൻ വിചാരിക്കുന്നു
നേരേയെതിരു ഭവിക്കുന്നു
സഞ്ചി തുറന്നു ഞാൻ കാരണമോരുന്നു:
—‘സംഗതി’യങ്ങനെയാണല്ലേ!
ദേശാന്തരങ്ങളിൽ ജോലിക്കായ്
ആശാരി പോകുമ്പോലന്തസ്സിൽ
എല്ലാമടങ്ങിയൊരെൻ സഞ്ചി പേറി ഞാ-
നെല്ലായിടത്തുമിന്നെത്തുന്നു.
ഏപ്പു് ചേർക്കാനുമടർത്താനും
ആപ്പടിക്കാനും മുറിക്കാനും
എത്രയെളുപ്പമാണാവിധം കൃത്യമായ്
കുത്തിത്തുളയ്ക്കാനറുക്കാനും!
എന്തിനുമിപ്പോഴുണ്ടാവേശം
സന്ദേഹം തോന്നുന്നില്ലെള്ളോളം
എല്ലാമീ സഞ്ചിതന്നുള്ളിലിരിക്കുന്ന
‘കൊള്ളക്കൊടുക്ക’ തൻ സാമർത്ഥ്യം!
എല്ലാ കളിയിലും ചേരുന്നു
വല്ലതുമൊക്കെ ജയിക്കുന്നു
പത്രാധിപന്മാർക്കയച്ച കവിതകൾ
പ്രത്യക്ഷമാവുന്നതുപോലെ.
നൈരാശ്യം തോന്നുന്നില്ലെന്നാലും
വൈരാഗ്യം പാടില്ലൊരാളോടും
‘പട്ടിക്കുമുണ്ടാമൊരുദിന’മെന്നൊരു
പ്രത്യാശക്കാരനാണിപ്പോൾ ഞാൻ
കുത്തിത്തിരുപ്പെങ്ങു കണ്ടാലും
കൂട്ടത്തിൽ കൂടുന്നു മിണ്ടാതെ
കല്ലേറു വന്നാൽ മറച്ചു ഞാൻ സഞ്ചിയാൽ
മുഞ്ഞി സംരക്ഷിച്ചു പോരുന്നു!
എത്രയോ ജീവിതായോധന മണ്ഡല
ദർശനങ്ങൾ തരുന്നീ സഞ്ചി!
നിന്നെത്തൊഴുന്നു ഞാനെൻ സഞ്ചീ
എന്നെ ഞാനാക്കുന്നു നീ സഞ്ചീ
ഒന്നായതൊക്കെ നീ തന്നെ, നിൻ വായിലു-
ണ്ടീരേഴു ലോകവും കാണുന്നു!
ഓലത്തുരുമ്പിലും നീ തുരുമ്പിക്കാതെ
കാലത്തിനൊപ്പം കളിക്കുന്നു!
‘സംഭവാമി യുഗേ’യെന്നല്ലേ
—സഞ്ചി പഴയതാവുന്നില്ല!
സ്തംഭം പിളർന്നു വരുന്നൊരീ ശക്തിയെ
നമ്പാതിരിക്കുവാനാവില്ല!
ഭാഷാപോഷിണി, 1998.
എന്റെ മനസ്സിൽ വിടരുന്നതില്ല പൂ
പീലി വിരിച്ചാടി നില്പീല കേകികൾ,
കൃഷ്ണകഥാഗീതി നിർഝരിക്കുന്നില്ല
കഷ്ടം-വസന്തമിടിമുഴക്കുന്നില്ല!
അഷ്ടിക്കു നിത്യവും കൂലിപ്പണി ചെയ്തു
കുഷ്ഠം മറച്ചുവെച്ചാണെന്റെ ജീവിതം
സന്ധ്യയ്ക്കു് കള്ളുകുടിക്കെക്കിടച്ചിടു-
മുന്മാദമാണന്റെയർത്ഥമനർത്ഥവും
ചിന്തിക്കുവാൻ ശീലമില്ലെനിക്കാകയാ-
ലന്ധകൂപത്തിലെ മണ്ഡൂകമത്രെ ഞാൻ!
ചത്താലളിയുമളിയനു,മായതിൽ
കാവ്യാർത്ഥമുണ്ടോ—മനസ്സിലാവുന്നില്ല!
—ചോറിനൂണെന്നു് പറഞ്ഞാൽ തിരിഞ്ഞിടും!
ആരാണെഴുത്തച്ഛൻ? എന്റെ ഭാഷാപിതാ-
വദ്ദേഹമാണെന്നു സാക്ഷരതാ ക്ലാസ്സി-
ലദ്ധ്യാപകൻ തീർച്ചചൊന്നു!—ക്ഷമിച്ചു ഞാൻ!
—അധ്യാത്മരാമായണമല്ലേ ജീവിതം!
ഉപ്പു നോക്കാൻ പോലുമാനന്ദമില്ലാത്തൊ-
രിപ്പാപി കൂലിക്കു പേശുന്ന ഭാഷയ്ക്കു-
മപ്പനുണ്ടെന്നു പറയുന്ന കോവിദാ,
അല്പത്വമിത്രയ്ക്കു് മൂത്താൽ ചിതം വരാ!
നന്നായിണങ്ങും പിണങ്ങുമതിൽക്കവി-
ഞ്ഞീയാൾക്കു വേറെയൊന്നില്ലാ പഠിക്കുവാൻ!
കാനനത്തിൽ പുല്ലു മേയ്ക്കും പശുക്കളെ
കാണിക്ക നൽകുകയില്ലാ പുലിക്കു ഞാൻ!
വമ്പൻ സനന്ദന പണ്ഡിതൻ തന്നുടെ
വമ്പിനൊരൂക്കൻ പ്രഹരമാകുംവിധം
വ്യാധൻ വിളിച്ചതു കേട്ടു പുരാ, നര-
ക്കോളരീരൂപമാർന്നെത്തിയ വിഷ്ണുവും
കല്പാന്തകാലം വരേക്കനന്തന്റെ മേൽ
കെല്പെഴാതെക്കിടപ്പാണിപ്പൊഴെങ്കി,ലീ-
യപ്പിതൂറാൻപോലുമാവാത്ത നിങ്ങളോ
ഇപ്പാരിലിന്നെന്നെ ഭാഷയാൽ മീളുവാൻ!
പൂർവ(വ)സൂരി പ്രിയങ്കരരേ, നവ
സംസ്കാര-രാഷ്ട്രീയ പുംഗവ വങ്കരേ,
ഈയെനിക്കാസ്വദിക്കാൻ കഴിയില്ലെങ്കിൽ
നീയൊക്കെ കാവ്യമെഴുതുന്നതെന്തിനാ?
ഈയെനിക്കാശ്വാസമേകുകയില്ലെങ്കിൽ
നിന്റെ പ്രതിരോധപാഠങ്ങളെന്തിനാ?
ഇത്തിരിപോലും ‘കുഴപ്പ’ങ്ങളില്ലാത്ത
വൃത്തിയെഴും പ്രമേയത്തിൽ പ്രചോദനം
കൊണ്ടാ,ർക്കുമോക്കാനമുണ്ടായിടും വിധം
പണ്ടാരമുണ്ടാക്കിവെക്കുമെഴുത്തുകാർ-
മുല്പാടുമിങ്ങനെത്തന്നെയോ സാഹിത്യം?
മാതൃഭൂമി വാർഷികപ്പതിപ്പു്, 1998.
പണ്ടാരമെന്തോന്നു ചൊല്ലുവാനാണെടോ
വല്ല വിധത്തിലും ജീവിച്ചു പോകുന്നു;
കണ്ടാൽ ‘സുഖംതന്നെ’യെന്നു മൊഴിഞ്ഞിടും
എന്നാലസുഖമാണെല്ലാ വിധത്തിലും!
‘ചത്താൽ മതി’യെന്ന തോന്നലിനോടു ഞാൻ
ചാർച്ചയായേറ്റവുമാകയാൽ ചത്തിടാ;
പൊട്ടശീലങ്ങളേ ചൊട്ടയിലേ മുള-
പൊട്ടി ചുടലവരേക്കും വളർന്നിടൂ!
രാപ്പകലില്ലാതെ കള്ളും കുടിച്ചു ഞാൻ
വ്യാപകമായലയുന്നൂ തെരുക്കളിൽ;
ബോധമില്ലാതെ നടക്കുമവസ്ഥയ്ക്കു
മീതെയായ് സംയമമെന്തുണ്ടു് ഭൂമിയിൽ?
ഉവ്വുവ്വെഴുത്തൊക്കെയുണ്ടിപ്പൊഴും, കഥ-
യില്ലാത്തവർക്കു വേറെന്താണെടോ പണി?
കുത്തിയിരുന്നങ്ങെഴുതും ദിവസവും
ഞെക്കിപ്പിഴിഞ്ഞു കവിത വരുത്തുവാൻ
ആദ്യത്തെ വായനയ്ക്കാരും വമിച്ചിടും
മട്ടായിരിക്കാമെഴുതുന്നതത്രയും
—എന്തെങ്കിലുമായിടട്ടെ തപഃഫലം
സാധനയില്ലാതെ ‘സാധനം’ ലഭ്യമോ?
തല്ലിപ്പഴുപ്പിച്ചതാം പഴം തിന്നുവാൻ
കൊള്ളില്ല തീരെയെന്നുള്ളതസത്യമാം;
പഞ്ചാഗ്നിമധ്യേ തപസ്സു ചെയ്തുണ്ടായ
ഗംഗാധരൻ പാർവതിക്കുതകീലയോ?
കിട്ടും ഗുണമെങ്കിലില്ലെന്നു വന്നാലും
ദുഷ്ടരാകാൻ മടിയില്ലാ ജനത്തിനു്;
മർത്യർക്കൊരേപോലെയാണുപോലും തറ-
യ്ക്കാനും വലിച്ചെടുക്കാനുമിപ്പോൾ സുഖം!
പൊക്കുവാനാളുകളുണ്ടെങ്കിലാർക്കുമു-
ണ്ടല്പേതരസ്ഥാനമേതു രംഗത്തിലും
അല്പം വിഭവവുമുണ്ടെങ്കിലത്ഭുതം-
ഉത്പന്നമാം മഹാ ഭാഗധേയംവരെ!
എങ്കിലോ കാലു നക്കാനും പഠിക്കണം
മത്സരാദ്യം വെടിഞ്ഞാലില്ല ജീവിതം
സത്വോപദേശങ്ങളെല്ലാമുപേക്ഷിച്ചു
സത്വരം ഭോഗം നടത്തുകയേ വേണ്ടു.
ചത്താലളിയുമേതാളുമസംശയം
ഒക്കുകയില്ലാ പുനർജന്മമാകയാൽ;
ആത്മാവിനേക്കാൾ പരമാർത്ഥമായുള്ള-
തുപ്പുമാവാണെന്നറിക സഹോദരാ.
ദൃശ്യമായുള്ളതേ സത്യ,മജ്ഞാനികൾ
ചിത്തേ മറിച്ചു നിരൂപിച്ചിടറുന്നു.
ഇല്ലാത്തതാണു് നശിക്കാത്തതെന്നുള്ള
തത്ത്വം പരാഭവത്തിന്റെ ഫലോദയം
സന്തതം ശാന്തിയുണ്ടാവില്ല ചേതസി
സങ്കടംതന്നെ സുഖമെന്നു് നണ്ണിയാൽ
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടുള്ളതാണദ്വൈതദർശനം!
തൃഷ്ണതാൻ സുസ്ഥിരമേറ്റം സനാതനം
മോക്ഷമെന്നാൽ നൃണാം സംസാരബന്ധനം
ക്രോധമൂലം ഭുവി കർമ്മമുണ്ടാകുന്നു.
കർമ്മമൂലം ചലിപ്പു ഭൂതകോടികൾ
ജീർണവസ്ത്രം നീക്കിയമ്പോടു ടിവിയിൽ
ലോകൈകസുന്ദരീനാഭിപ്രദർശനം,
ക്രിക്കറ്റു്, കമ്പോള, മേകലോകക്രമ-
മൊക്കെയും ദേഹാഭിമാനമുണ്ടാക്കുന്നു.
താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്കൃതം
അന്യരനുഭവിച്ചീടുകെന്നേ വരൂ!
ഇന്നലെയോളവുമെന്തെന്നറിഞ്ഞീല
നാളെയെന്താണെന്നറിയുകയും വേണ്ട
എത്രകാലം വാഴുമെന്നുമറിയേണ്ട
ഉണ്ണിയുണ്ടായി വേൾപ്പിച്ചിട്ടതിലൊരു
ഉണ്ണിയുണ്ടായിട്ടു് പിന്നെയുമുണ്ടായി…
—ചാത്തമൂട്ടാനൊരാൾ വേണമെന്നുമില്ല!
എപ്പോൾ പിടഞ്ഞു വീണാലും വിരോധമി-
ല്ലെന്നാൽ ശരി, പിന്നെ കാണാം, സുഖംതന്നെ
—എല്ലാവരോടും പറകയന്വേഷണം.
മാതൃഭൂമി ആഴ്ചപ്പതിപ്പു്, 1998.
ഏകാന്തതയുടെ ഭാരം താങ്ങാ-
നാകാതൊടുവിലണഞ്ഞൂ ബാറിൽ
വേദാന്തംകൊണ്ടെന്തുപകാരം?
—വേവും മനസ്സിനു വേണ്ടേ ശാന്തി!
വേറെയുമുണ്ടെന്നെപ്പോലാളുകൾ
വേപഥു പൂണ്ടവരായണയുന്നു
വേഗ‘മൊരെണ്ണ’മകത്താക്കീടിൽ
വേദനയൊക്കെ മറക്കാമെന്നായി.
സായംസന്ധ്യാസമയം, തീരേ
കായബലം തോന്നാത്തൊരു ദിവസം
വായനയില്ലാത്തോർക്കുമിതറിയാം:
സായന[1] മല്ലപ്പോളഭികാമ്യം!
ബാറിന്നുള്ളിൽ തിരക്കാണേതോ
പൂരം നടമാടുന്നതുപോലെ
സീറ്റുകിടയ്ക്കാനില്ലൊരു മാർഗം
നാട്ടിൽ ബാറിതുമാത്രം പോരാ!
നിന്നു കഴിക്കേണ്ടെന്നു നിനച്ചാ-
ലിന്നുകഴിക്കാനൊക്കുകയില്ല.
‘കൗണ്ടറി’ലാകെത്തിക്കും തള്ളും
കൗതുകമല്പം കാണാൻ കൊള്ളാം!
‘തിക്കിത്തിരുകിക്കയറുകതന്നെ’
—നിശ്ചയമെന്റെ ചലിക്കാറില്ല
ഇത്തരമവസരമതിജീവിക്കാൻ
ഗുസ്തി പഠിച്ചതു നന്നായ് പണ്ടേ!
കുടിയന്മാരുടെ തർക്കം കേട്ടാൽ
കുറയാതറിയാം ജീവിതസത്യം
ചുളളിക്കാടുമഴീക്കോടും നേർ-
ത്തുള്ളതു വെളിയിൽ ചാടുമ്പോലെ!
മദ്യമകത്തുകടന്നാലാരാ-
ണിംഗ്ലീഷ് ഭാഷ നശിപ്പിക്കുന്നു:
മറുനാടുകളിൽ വച്ചായാലും
മലയാളികളറിയപ്പെടുമിത്ഥം!
പീറപ്പുസ്തക ഭുക്തിനിമിത്ത, മ-
ജീർണം വന്നൊരു ചോരക്കണ്ണൻ
യൂറോ കേന്ദ്രിതമായ വിഭാവന
കൂടെയിരിപ്പവനോടലറുന്നു.
ഭാവിതുലഞ്ഞാരു പാവമെലുമ്പൻ
ആടിനടന്നൊരു മൂലയിലെത്തി
മങ്ങൂഴത്തിലിതാരും കാണി-
ല്ലെന്നു നിനച്ചു വമിച്ചീടുന്നു
പാനി കുടിച്ചൊരു പരുവം വന്നോൻ
പാണിതലത്തിൽ തലയും താങ്ങി:
ബാധയിയന്നതുപോലൊരു വേഷം
ഭാവിച്ചെന്തോ മന്ത്രിക്കുന്നു.
പാടുകയാണൊരു താടിക്കാരൻ
പാറയിൽ പാറയുരയ്ക്കുമ്പോലെ
നാശം—താളമിടുന്നതു കണ്ടാൽ
മേശയിടിച്ചു പൊളിക്കുമ്പോലെ!
കുമ്പ ചുമന്നൊരു ദിക്കിലൊരുത്തൻ
കമ്പംകയറിക്കഥകളിയാട്ടം
നേരു പറഞ്ഞാൽ മദ്യപരല്ലേ
നേരെത്താത്ത കലാകാരന്മാർ!
ജീവിതനിർവഹണം കലയാക്കാൻ
ശ്രീശ്രീ രവിശങ്കറിനെപ്പോലെ
ആളുകളെപ്പുണരും പണിമാത്രം
ആളുകൾ ചെയ്തതുനടന്നാൽ മതിയോ!
ഇളകും കുറ്റികണക്കിവിടത്തിൽ
നിലകൊണ്ടിട്ടൊരുപാടായ് നേരം
പുകവലിയുണ്ടിടതടവില്ലാതെ
കുടിയുടെ കൂട്ടിതൊഴിഞ്ഞെന്തുള്ളു.
മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടു്
പോയാൽ പോകും സ്ഥലമെന്നുണ്ടു്
മന്നിതിലിങ്ങനെ മായാരൂപാ
മറ്റാർക്കും വിധിനൽകരുതേ നീ!
സർവനിനാദിതമെങ്കിലുമീ ബാ-
റുർവിയിലുള്ളാരു സ്വർഗ്ഗംതന്നെ
സാദനിവൃത്തി ലഭിച്ചു മനുഷ്യർ
സ്വാതന്ത്യം വേറെങ്ങറിയുന്നു.
മദ്യനിരോധനമെന്നും ചൊന്നു്
മഹാശയരുണ്ടുനടപ്പൂ നാട്ടിൽ
വന്നിതുനോക്കിയവർക്കൊരു മാറ്റം
വന്നാലായതിലത്ഭുതമില്ല!
വന്ദ്യവയോധികനായ കുമാര-
പ്പിള്ളസ്സാറേ മാപ്പുതരല്ലേ,
കണ്ണീർക്കുടമേ സുഗതകുമാരീ
കണ്ണക്കവിതകളെഴുതുന്നോരെ!
ഉണ്ണാൻ കാശില്ലാത്തോർപോലും
എണ്ണിത്തുക മുമ്പേറു് കൊടുത്തു്
തണ്ണിയടിക്കാൻ തയ്യാറാവുക
വിണ്ണിലെഴുന്ന വിചിത്രതയാവാം
സംവരണം പാലിക്കേണ്ടാത്തീ
സംസ്കൃതി ലക്ഷണമായൊരു നാടേ
ദൈവത്തിൻ നിജനാട,ല്ലാതെ
കേരളമെന്നതു് വേറിട്ടില്ല!
‘ദേശമെഴുത്ത’തുകൊണ്ടു തികച്ചും
മോശപ്പെട്ട പൃഥക്കരണം താൻ.
ഭേദവിചാരാസ്ഥിതമാം സാഹിതി
കാതലെഴാത്ത സമത്വനിഷേധം.
കാടി പുളിച്ചതു കാലി കുടിക്കും
ആടു നടന്നു കടിക്കും ചെടികൾ
നല്ലതു് തീയതു് ശരി തെറ്റെന്നീ
ദ്വന്ദ്വവിചാരമവയ്ക്കില്ലൊട്ടും.
ആധുനികോത്തര കാഴ്ചപ്പാടാ-
ണാലോചിച്ചാൽ ദ്വന്ദ്വനിരാസം
ഞാനാരാണീവക ചിന്തിക്കാൻ
കാഞ്ചിമഠാധിപ സ്വാമികളാണോ?
പോറ്റിയെനിക്കില്ലാത്തതുകൊണ്ടെൻ
തോറ്റ(ം)പാട്ടിൽ പലതും പറയും
തത്രകവിത്വം കളവായ്ത്തീരാ-
ത്തത്രമതി ധ്വനിയെന്നിക്കാലം!
പെഗ്ഗുകഴിച്ചുമടങ്ങാമെന്നു
നിനച്ചിട്ടൊമ്പതു പെഗ്ഗുകഴിഞ്ഞു.
തീനരകത്തെക്കാളും ദുരിതം
താവിന ബോധമെനിക്കു തണുത്തു
ഏകാന്തതയുടെ ഭാരം മാറി,
ചാകുമ്പോലൊരു സുഖമുണ്ടായി
ഈയനുഭൂതി ലഭിച്ചവരാരും
ജീവിതകാലമെതിർക്കാ മദ്യം!
മുപ്പത്തഞ്ചു വയസ്സിനുള്ളിൽ
ശമ്പളവർധന പത്തുരു നേടീ-
ട്ടസ്തിത്വവ്യഥ പറയുന്നോർക്കീ-
യനുഭൂതികളുടെയർഥം തെളിയാ!
ആണ്ടവരും കൈവിട്ട മനുഷ്യർ
പാണ്ഡവർപോലെ തുരത്തപ്പെട്ടോർ
വേണ്ടിവരും—ഭ്രാന്തുണ്ടാകായ്വാൻ
വേണ്ടി—അവർക്കു കുടിക്കുക നിത്യം!
ഗാന്ധിജി തന്റെയിടത്തു കരത്താ-
ലേന്തി നടന്നൊരു വടിയേ സത്യം:
ഒമ്പതുപെഗ്ഗൊരു നില്പിനു തീർക്കാം,
—എന്നെക്കൊണ്ടതിനെങ്കിലുമാകും!
[1] മോരു്.
ഭാഷാപോഷിണി, 1999.
ചത്തതു ഞാനല്ലല്ലോയെന്നൊരു സ്ഥായീഭാവം,
മെത്തയിലൊന്നുംകൂടിയമർന്നു ചിന്താരൂഢം,
ജനലിൽക്കൂടിക്കാണാം: തൊട്ടയലത്തെ വീട്ടിൽ
ചാവടക്കിനു വേണ്ടിയാളുകൾ കൂടീടുന്നു.
മുപ്പതു വയസ്സായ പുരുഷൻ പൊടുന്നനെ
തണ്ടൊടിഞ്ഞൊരു കാ
പോൽ നിപതിക്കുകയെന്നോ!
നല്ലൊരു മനുഷ്യനായിരുന്നുവത്രേ, തെല്ലും
സംഭവബഹുലമായിരുന്നില്ലജ്ജീവിതം
ഇരുത്തമിത്രത്തോളമിച്ചെറുപ്രായത്തിലേ
കരസ്ഥമാക്കീട്ടുള്ള വേറൊരാളുണ്ടാവില്ല.
എനിക്കും ബഹുമാന്യനാണയാളെന്നാൽ തമ്മിൽ
പൊരുത്തം തോന്നീട്ടില്ല, ഞങ്ങൾക്കു വിരോധവും
സമപ്രായക്കാരാണു ഞങ്ങളെന്നിരിക്കവേ
സംഗതിയെന്തോ മരണപ്പെടാനയ്യാൾ മാത്രം!
രോഗിയായ് കിടന്നിട്ടു മരിച്ചതല്ലാ,യിത്ര-
യ്ക്കാർജ്ജവമാരോടാണു മൃത്യുകാട്ടിയിട്ടുള്ളൂ!
മാനസാന്തരപ്പെട്ടു കുമ്പസാരിക്കാനാവാം
ജീവിതകാലം നീട്ടിത്തരുന്നതെനിക്കീശൻ
ഓശാന പാടിക്കൊണ്ടു ജീവിച്ചില്ലിതേവരെ
ഓമനിക്കുവാനൊരു ദുഃഖത്തെപ്പോറ്റീട്ടില്ല
പൂശേണ്ട നേരത്തതു ചെയ്തിട്ടുണ്ടതിൽപരം
ഈശനും ചെയ്യാൻ കഴിവില്ലെന്നതാണെൻ നേരു്.
അന്ത്യശുശ്രൂഷയ്ക്കായി പരിവാരത്തോടൊപ്പം
അച്ചനും സഹചാരി കപ്യാരുമെത്തിപ്പോയി
ചരമപ്രസംഗത്തിനൊടുവിൽ പുരോഹിതൻ
കൈയൊഴിഞ്ഞതുപോലെ ചുറ്റിലും നോക്കീടുന്നു.
ഉടനെ ശവമഞ്ചമെടുക്കാനെത്തീ ചിലർ,
അന്ത്യചുംബനത്തിനായുറ്റവർ തിരക്കുന്നു.
മുളകീറും പോൽ പൊട്ടിക്കരച്ചിൽ വിലാപത്തോ-
ടിണചേർന്നുളവായി മൗനഗർഭിതം ഘോഷം
ഒരുവനേറ്റം മുന്നിൽ മണിയുമടിച്ചുകൊ-
ണ്ടിരുവർ മെഴുതിരിക്കാലുമായ് പിറകിലും
നടുവിൽ സ്വർണ്ണക്കുരിശ്ശേന്തി മറ്റൊരുവനും.
രണ്ടണിയായി പിന്നിൽ നാട്ടുകാർ, ബന്ധുക്കളും
ചന്ദനത്തിരിപ്പുകഗന്ധമേളിതമായ
പൂക്കളാലലങ്കരിച്ചുള്ളതാം ശവമഞ്ചം
കേറ്റിയ കൈവണ്ടിക്കു പിറകിൽ ധൂപക്കുറ്റി
വീശുന്ന ശുശ്രൂഷികൾ, വിളക്കു പേറുന്നോരും
പാതിരിയുടെ ഗാനനിർഝരി കേട്ടുംകൊണ്ടു
പാതിയും ശവമായിത്തീർന്നപോൽ പെണ്ണുങ്ങളും
ഒടുവിൽ സന്ദർഭത്തിൻ ബോറടി സഹിക്കാഞ്ഞു
കുടിച്ചുവന്നിട്ടുള്ള കുറച്ചു മാന്യന്മാരും
—ഇങ്ങനെ ശവഘോഷയാത്ര നീങ്ങുന്നു മന്ദം
രാക്ഷസേശ്വരനുടെയുദ്യാനപ്രവേശംപോൽ!
ചിന്തയീവിധം കളം മാറുവാനൊരുങ്ങുമ്പോൾ
നൊന്തുവോ മനം?—എങ്കിൽ ‘കരുണം’ രസിച്ചു ഞാൻ.
എഴുന്നേറ്റുടൻ വസ്ത്രം മാറി, കാശെടുത്തിട്ടു
വഴിയിലിറങ്ങി ഞാൻ യാത്രയിലണി ചേർന്നു.
പള്ളിയിലെത്തി പിന്നെ ‘ബീഭത്സ’മിളിക്കുന്ന
‘എല്ലിടാംകുഴി’ ചേരും സെമിത്തേരിയിങ്കലും:
കല്ലറ നിരകൾക്കു മുകളിലോടിക്കളി-
ക്കുന്ന കൈശോരങ്ങളെ നോക്കി‘യത്ഭുത’പ്പെട്ടു.
കുഴിവെട്ടുകാരനെ കൃത‘വീര്യ’നായ് വിയർ-
പ്പൊഴുകും ശരീരത്തിൽ കണ്ടു കൺകുളിർപ്പിച്ചു
പള്ളിമേടതൻ മട്ടുപ്പാവിൽ രണ്ടിണപ്രാക്കൾ
കൊക്കുരുമ്മുമ്പോൾ കുറുകുന്ന ‘ശൃംഗാരം’ കേട്ടു
ചായയും ബിസ്കറ്റുമൊട്ടകലെയണികൾക്കു
സാദമാറ്റുവാൻ നൽകുന്നതി‘ലൗചിത്യം’ പൂണ്ടു
പാതിരി പറഞ്ഞതുതന്നെ ഹാ! പറഞ്ഞിട്ടു
പിന്തിരിഞ്ഞതു കണ്ടു സംസ്കാര ‘ധ്വനി’യാർന്നു
മണ്ണെടുത്തൊരുപിടി കുന്തിരിക്കവും ചേർത്തു
മഞ്ചമേലെറിഞ്ഞു ഞാൻ മടങ്ങീ ‘ശാന്ത’ത്തോടെ.
ഒല്ലൂർപള്ളി പെരുന്നാളിനു് പ്ലമേനമ്മായിയും മക്കളും
നെടുപുഴയിൽനിന്നു് സ്വന്തം വഞ്ചിയിൽ പുറപ്പെടും.
വഞ്ചി കുത്താൻ പൊട്ടനുണ്ടു്.
വഴിക്കു് തിന്നാൻ അച്ചപ്പവും കുഴിയപ്പവും
കൊഴലപ്പവും അവലോസുണ്ടയും പൊടിയും
പല ടിന്നിലാക്കിയെടുക്കും.
ഉച്ചക്കു് ചിയ്യാരത്തെത്തുന്നതോടെ
അമ്മായിയുടെ വിധം മാറും.
വഞ്ചി കടവിലടുക്കുന്നതും അമ്മായി എഴുന്നേറ്റു്
‘എന്റെ മാലാഖേ’ എന്നും വിളിച്ചു് ഒരോട്ടമാണു്,
പടിഞ്ഞാറങ്ങാടിയിലൂടെ പള്ളിയിലേയ്ക്കു്!
ആർക്കും തടുക്കാനാവില്ല!
അമ്മായിക്കു് എന്തോ ബാധകേറുകയാണു്;
പള്ളിയിലെത്തി തുള്ളണം!
നാനാദേശത്തുനിന്നും തുള്ളക്കാരെത്തും!
പള്ളിയിൽ മാലാഖയുടെ രൂപക്കൂടു്
രണ്ടാൾപൊക്കത്തിൽ എഴുന്നള്ളിച്ചുവെച്ചിരിക്കും.
അതിനടുത്തു് നിറയെ മെഴുതിരി കത്തുന്നുണ്ടാവും.
ഈ മെഴുതിരി ഊതിക്കെടുത്താനാകുംവരെ
തുള്ളക്കാരെ മാലാഖ ചാട്ടയ്ക്കു് തല്ലിക്കൊണ്ടിരിക്കും!
തല്ലുകൊണ്ടു് ‘എന്റെ മാലാഖേ’ എന്നു്
ബാധ ചാടിത്തുള്ളി നിലവിളിക്കും;
ഒടുവിൽ അതു് തോൽവി സമ്മതിച്ചു്
രണ്ടാളുയരത്തിൽ ചാടി,
മെഴുതിരി ഊതിക്കെടുത്തി,
ദേഹം വിട്ടുപോകും.
അതോടെ തുള്ളക്കാരി/കാരൻ ബോധംകെട്ടുവിഴും
(മെഴുതിരി കെടുന്ന മുറയ്ക്കു് കത്തിച്ചുവെക്കാൻ
പ്രത്യേകം വളണ്ടിയർമാരുണ്ടു്)
ബോധം വന്നു് കുറേ വിശ്രമിച്ചശേഷം
പള്ളി കൗണ്ടറിൽനിന്നു് പുത്തൻപാന
പള്ളിമൈതാനത്തു് നിരന്നിരിക്കുന്ന
കടകളിൽനിന്നു് മാല, വള, പേൻചീർപ്പു്;
തെരുവോരത്തെ കച്ചവടക്കാരിൽനിന്നു് കരിമ്പു്,
ഹൽവ, പൊരി, ഈന്തപ്പഴം
തുടങ്ങിയവയെല്ലാം വാങ്ങി,
അമ്മായിയും മക്കളും മടങ്ങും.
ചിയ്യാരത്തെത്തുന്നതുവരെ അമ്മായി
ഒരു ശവംപോലെയായിരിക്കും
—ഒന്നിലും താല്പര്യമുണ്ടാവില്ല.
എന്നാൽ വഞ്ചികയറിയാലുടൻ
അമ്മായി പഴയ ആളാവും!
വിട്ടുപോയ ബാധ അങ്ങനെയൊന്നും
എന്നേക്കുമായി ആരെയും വിട്ടുപോവില്ലത്രേ!
താൻ വിട്ടുപോന്ന ദേഹത്തെയും കാത്തു്
പള്ളിമണി കേൾക്കാത്തിടത്തെവിടെയെങ്കിലും
—വഴിയോരത്തോ വഞ്ചിക്കൊമ്പത്തോ
—അതു് നിൽക്കുന്നുണ്ടാവുമത്രേ!
വീണ്ടും അതു കൂടുന്നതുകൊണ്ടാണു്
അമ്മായി പഴയ ആളാവുന്നതത്രേ!
ഓരോരുത്തരും ഓരോ ഒഴിയാബാധകൊണ്ടു്
ജീവിക്കുന്നു!
ജീവിക്കുന്നതുകൊണ്ടു് വെളിച്ചപ്പെടുന്നു!
ഒരു ബാധയുമില്ലാത്തവരെ എന്തിനുകൊള്ളാം!
ജനനം: 1964-ൽ തൃശൂരിലെ നെടുപുഴയിൽ. മാതാപിതാക്കൾ: വി. എൽ. റപ്പായ്, സി. എ. മേരി. വിദ്യാഭ്യാസം: MA, M.Phil., Ph.D. ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, ന്യൂഡൽഹിയിലെ നാഷണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നു് പബ്ലിക്കേഷൻ ട്രെയിനിങ് കോഴ്സ് പാസായി. 7 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. പോരെഴുത്തു് എന്ന പേരിൽ ഒരു ലേഖന സമാഹാരവും. കവിതക്കു് വൈലോപ്പിള്ളി അവാർഡ്, കനകശ്രീ അവാർഡ്, അയനം എ അയ്യപ്പൻ അവാർഡ്, വി. ടി. കുമാരൻ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, പ്രഥമ ശ്രീ കേരളവർമ്മ പുരസ്കാരം എന്നിവ ലഭിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാള വിഭാഗത്തിൽ അസി. പ്രൊഫസർ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ